Monday, November 30, 2009

മരണം

അയാളുടെ മുഖത്തപ്പോഴും ശാന്തത കളിയാടുകയായിരുന്നു.

തന്റെ ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും അയാളെ ഒട്ടും തന്നെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നില്ല.

തന്റെ ശരീരത്തില്‍ ആരെല്ലാമോ എന്തൊക്കെയോ അടുക്കിവക്കുന്നത് അറിഞ്ഞിട്ടും അവരോടയാള്‍ ദേഷ്യപ്പെട്ടില്ല.

അല്ലെങ്കിലും ആരോടുമയാള്‍ ദേഷ്യപ്പെടാറില്ലായിരുന്നു.

ദേഷ്യം തോന്നണമായിരുന്നെങ്കില്‍.......

ഓമനിച്ചുവളര്‍ത്തിയിരുന്ന ഒരേയൊരു മകള്‍ ഒരന്യജാതിക്കാരണൊപ്പമിറങ്ങിപ്പോയപ്പോഴും അയാളാരോടും ദേഷ്യപ്പെട്ടില്ല.

വറുതിയുടെ നാളുകളില്‍ എപ്പോഴും കുത്തുവാക്കുകള്‍ പറയുന്ന ഭാര്യയോടുമയാള്‍ക്ക് ദേഷ്യം തോന്നിയിട്ടില്ല.

താന്‍ കയ്യയച്ചു സഹായിച്ച ബന്ധുജനങ്ങള്‍ തനിക്കു നേരെ മുഖം തിരിച്ചപ്പോഴും അയാള്‍ക്കാരോടും ദേഷ്യം തോന്നിയില്ല.

തന്റെ അനുവാദമില്ലാതെ തന്റെ ശരീരം നക്കിതുടങ്ങിയ തീജ്വാലകളോടും അയാള്‍ പരിഭവിച്ചില്ല.

എന്തിനായിരുന്നു തന്റെ ജന്മമെന്നോര്‍ത്ത് തന്നോട് തന്നെ ആദ്യമായി ദേഷ്യം തോന്നിയപ്പോഴേക്കും അയാളുടെ ശരീരമാകെ അഗ്നി വിഴുങ്ങിക്കഴിഞ്ഞിരുന്നു.

Wednesday, November 25, 2009

ഓര്‍ക്കാപ്പുറത്തൊരു കല്യാണം

സമയം ആറുമണികഴിഞ്ഞു.ഇപ്പോഴും തനിക്കു ചുറ്റും എന്താണു നടക്കുന്നതെന്നു മനുവിനു ഇപ്പോഴും മനസ്സിലായിട്ടില്ല.അല്ലെങ്കിലും രാവിലെ 9.45 മുതല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഓരോ
കാര്യവും താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്നതാണല്ലോ. രാവിലെ കൂട്ടുകാരോടൊത്ത് വിമന്‍സ്കോളേജിന്റെ മുന്‍പില്‍ നിന്ന്‍ സുന്ദരിമണിമാരെ നോക്കി വെള്ളമിറക്കിനില്‍ക്കുമ്പോളായിരുന്നു ആ കാള്‍ വന്നതു.നാശം ഫോണടിക്കാന്‍ കണ്ട സമയം എന്നു പിറുപിറുത്തുകൊണ്ട് നോക്കിയപ്പോള്‍ അഛനാണ് ലൈനില്‍.എത്രയും പെട്ടന്ന്‍ വിനായകാ കല്യാണമണ്ഡപത്തിലെത്തണമെന്ന്‍ കേട്ടപ്പോള്‍ ആകെ ഒരത്ഭുതം.ആപത്ത്.സുനിലിന്റെ ബൈക്കിനുപുറകിലിരുന്നു കല്യാണമണ്ഡപത്തിളേക്കു പായുമ്പോള്‍ ആകെ കണ്‍ഫ്യൂഷനായിരുന്നു.അഛനെന്തിനായിരിക്കും എന്നെ അവിടെ വരാന്‍ പറഞ്ഞത്.എന്തെങ്കിലും ആപകടമുണ്ടായിക്കാണുമോ..ദൂരെവച്ചേ കണ്ടു അഛനും അമ്മയും വാതില്‍ക്കള്‍ അക്ഷമയോടുകൂടി നില്‍ക്കുന്നു.ഭാഗ്യം കുഴപ്പമൊന്നുമില്ല.തന്നെ ഒഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി അഛന്‍ പറഞ്ഞ കാര്യം ആദ്യം വിശ്വസിക്കാനായില്ല.എന്നെ കല്യാണം കഴിപ്പിക്കാന്‍ പോകുവാണത്രേ.അഛന്റെ ഏറ്റവും അടുത്ത സ്നേഹിതന്റെ മകളുടെ കല്യാണമാണിന്നവിടെ വച്ചു നടക്കേണ്ടിയിരുന്നത്.മുഹൂര്‍ത്തത്തിനു അല്‍പ്പം മുമ്പാണറിയുന്നത് ഗുണ്ടാ​ ആക്റ്റ് പ്രകാരം ചെക്കനെ തലേന്നു രാത്രി തന്നെ പോലീസ് പൊക്കിയെന്നു.മരണവീടുപോലായ കല്യാണമണ്ഡപത്തില്‍ തളര്‍ന്നിരുന്ന സ്നേഹിതനെ ആശ്വസിപ്പിച്ചുകൊണ്ട് നിന്റെ മോളെ എന്റെ മോന്‍ കെട്ടുമെന്ന്‍ അഛന്‍ അയാള്‍ക്കു വാക്കുകൊടുത്തു.10.10 നുള്ള ശുഭമുഹൂര്‍ത്തത്തില്‍(?)തന്റെ കല്യാണം കഴിഞ്ഞു.ആകെ വെപ്രാളപ്പെട്ടു എന്തുചെയ്യണമെന്നറിയാതെ നിന്ന തനിക്കു പെണ്ണിനെ ഒന്നു നോക്കുവാനുള്ള ധൈര്യം കൂടിയില്ലായിരുന്നു.താലികെട്ടിയപ്പോള്‍ ഒരു മിന്നായം പോലെ കണ്ടു അത്രതന്നെ.എന്താണവളുടെ പേര്,വെളുത്തനിറമാണോ ധാരാളം തലമുടിയുണ്ടോ മെലിഞ്ഞിട്ടാണോ ഒന്നുമറിയില്ല.ഇതെല്ലാമായിരുന്നല്ലോ തന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. വിരുന്നുമെല്ലാം കഴിഞ്ഞു ഓരൊരുത്തരായി പിരിയാന്‍ തുടങ്ങി.എന്തായാലും കുറച്ചുമുല്ലപ്പൂവും പഴവര്‍ഗ്ഗങ്ങളും വാങ്ങിക്കുവാന്‍ കാശും കൊടുത്തയച്ചിരുന്ന സജീവന്‍ വന്നുൊരു പായ്ക്കറ്റ് തന്നേച്ചുപോയി.നിര്‍ണ്ണായകമായ തന്റെ ആദ്യരാത്രിയല്ലേ.ഒരുഗ്ലാസ്സ് പാലുമായി അണിഞ്ഞൊരുങ്ങിവരുന്ന എന്റെ പ്രീയതമക്കായി ആദ്യമേ തന്നെ മണിയറ ഒരുക്കിക്കളയാമെന്നു കരുതി സജീവന്‍ കൊണ്ടു വന്ന പൊതിഅഴിച്ചുനോക്കിയപ്പോല്‍ ശരിക്കും ഞെട്ടി. 2 ആപ്പിളും ഒരു 5 രൂപയുടെ മുന്തിരിയും മാത്രം. പ്രധാന ഇനമായ പൂവില്ല. സജീവനെ വിളിച്ചപ്പോള്‍ അവന്റെ മറുപടികേട്ട് ചിരിക്കണോ കരയണൊ എന്നറിയാതെ താന്‍ കുഴങ്ങി.ഫുള്ളിന് പ്രതീക്ഷിച്ചതിനേക്കാലും വെലയായത്രേ. ആപ്പിളും മുന്തിരിയും ടച്ചിംഗ്സിന്റെ ബാക്കിയാണത്രേ.പൂവു നാളെ വാങ്ങിക്കാമെന്ന്‍.വണ്ടി പിടിച്ചു ചെന്നു ഒരു തൊഴി വച്ചുകൊടുക്കാന്‍ തോന്നി.അതാ കാല്‍പ്പെരുമാറ്റം.തനിക്കു പരവേശം കൂടുന്നുണ്ടോ. രണ്ടു ഗ്ലാസ്സുപാലും കൈയ്യില്‍ പിടിച്ച് ഒരു മാക്സിയുമിട്ട് തടിച്ച് ഒരു ആനക്കുട്ടിയെപ്പോലുള്ള ആ രൂപം ഒന്നേ നോക്കിയുള്ളു.."ചേട്ടാ പാല്." ഒരു ഗുഹയില്‍ നിന്നും വരുന്നതുപോലുള്ള ആ വാക്കുകള്‍ കേട്ട് തന്റെ ബോധം ചെറുതായി മറയുന്നത് മാത്രം അവനോര്‍മ്മയുണ്ടായിരുന്നു.

Tuesday, November 24, 2009

പ്രഭാകരപുരാണം

" അല്ല. ഇതാര് അപ്പുവേട്ടനോ.. കണ്ടിട്ട് കുറച്ചു നാളായല്ലോ.കുടിക്കാന്‍ ചായയെടുക്കട്ടെ."

'വേണ്ട പ്രഭാകരാ,ഇപ്പോള്‍ കുടിച്ചതേയുള്ളു.നീയെന്താ ഈ ഫോട്ടൊയും തൂക്കിപ്പിടിച്ച്..

'ചുളുവിലക്കു കിട്ടിയപ്പോള്‍ മേടിച്ചതാ ചേട്ടാ.നമ്മുടെ ഉമ്മറത്ത് തൂക്കാമെന്നു കരുതി..മോനേ ഉണ്ണീ..നീ അപ്പുറത്ത് വാസുമാമന്റെ വീട്ടില്‍ പോയി ചുറ്റിക ഒന്നു മേടിച്ചുകൊണ്ടു വന്നേ..
പിന്നെ പറ അപ്പുവേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..'

ഓ..എന്തു വിശേഷങ്ങള്‍. ഇങ്ങനെയങ്ങട്ട് പോകുന്നു.അല്ല ഉണ്ണിയെന്താ കൈയ്യും വീശി വരുന്നത് ചുറ്റിക കിട്ടിയില്ലേ..'

'അച്ഛാ ഇവിടെ ചുറ്റികയില്ലെന്നു വാസുമാമന്‍ പറഞ്ഞു.വേണമെങ്കില്‍ കാശുകൊടുത്തുമേടിക്കുവാന്‍ പറഞ്ഞു..'

'കണ്ടോ അപ്പുവേട്ടാ ഇതാണാള്‍ക്കാര്. അവിടെ ചുറ്റികയുണ്ട്.എനിക്കതറിയാം.അതൊന്നു തന്നെന്ന്‍ വച്ചെന്താ.തേഞ്ഞുപോകുന്നതൊന്നുമല്ലല്ലൊ.മനുഷ്യന്‍ ഇത്രക്കു കൊതിയനാവാമോ..'

'പോട്ടെ പ്രഭാകരാ.ആള്‍ക്കാര് പലതരത്തിലല്ലേ.നീ വല്ല കല്ലോ മറ്റോ വച്ച് ആണി തറയ്ക്കാന്‍ നോക്ക്..'

'മോനേ ഉണ്ണിയേ...നീ അകത്തുവച്ചിരിക്കുന്ന നമ്മുടെ ചുറ്റിക എടുത്തുകൊണ്ട് വന്നേ. അച്ഛനീ ആണി ഒന്നടിയ്ക്കട്ടെ............

ഒരു മുടിഞ്ഞ കത്ത്

എന്റെ പ്രീയപ്പെട്ടവള്‍ക്ക്, നിനക്കു സുഖമാണെന്നു വിശ്വസിക്കുന്നു.ആഹാരമെല്ലാം നന്നായി കഴിക്കുന്നുണ്ടല്ലോ അല്ലേ..ശരീരം നന്നായി സൂക്ഷിക്കണം കേട്ടോ. പിന്നെ സീരിയലുകള്‍ എല്ലാം തന്നെ വിടാതെ കാണുന്നുണ്ടെന്നു വിശ്വസിക്കുന്നു.നീ അതൊന്നും‍‍ കണ്ട് കരഞ്ഞ് തളരരുത് ട്ടോ.നീ സങ്കടപ്പെടുന്നത് എനിക്കു സഹിക്കാന്‍ പറ്റില്ല.അതോണ്ടാ.ഐഡിയാ സ്റ്റാര്‍ സിംഗര്‍ കണ്ട് ഇപ്പൊഴും എസ്.എം.എസ്സ് അയക്കുന്നുണ്ടാവും എന്നു വിശ്വസിക്കുന്നു.അതിനു ഒരു മുടക്കവും വരുത്തരുത്.ആരും ഔട്ട് ആകാതിരിക്കാനായി അമ്പലത്തിലും മറ്റും വലിയ നേര്‍ച്ചകളൊന്നും നേര്‍ന്നേക്കരുത്.എനിക്കു പണ്ടത്തെപോലെ ഉരുളാനും കാവടിയെടുക്കാനും പട്ടിണി കിടക്കാനുമൊന്നും വയ്യ പൊന്നേ അതുകൊണ്ടാ.മാനസപുത്രിയും പാരിജാതവും ഏതുവരെയായി.സോഫി പ്രസവിച്ചോ.രണ്ടുകൊല്ലമായി ഗര്‍ഭിണിയായിട്ട്.അതുകൊണ്ട് ചോദിച്ചതാ.പിന്നെ ദേവീമാഹാത്മ്യവും,അല്‍ഫോണ്‍സാമ്മയും കാണാന്‍ മറക്കരുത്.അല്ല നീ മറക്കില്ല എന്നെനിക്കറിയാം.അയ്യപ്പന്‍ പുലിപ്പാലു കറന്നെടുത്തുകൊണ്ട് വന്നുകാണുമെന്നു കരുതുന്നു.ഇല്ലെങ്കില്‍ പേടിക്കേണ്ട അടുത്ത സീസണില്‍ എന്തായാലും കൊണ്ടുവന്നിരിക്കും. പിന്നെ ഇതിനെടെക്ക് എപ്പോഴെങ്കിലും സമയം കിട്ടുമെങ്കില്‍ അല്‍പ്പം പുസ്തകം വായിക്കണം.ബി.എ അവസാനവര്‍ഷമല്ലെ.പരീക്ഷ എഴുതേണ്ടേ.അല്ല എഴുതിയില്ലെങ്കിലും കുഴപ്പമില്ല.എന്തിനാ പേപ്പര്‍ നോക്കുന്ന സാറമ്മാരെകൊണ്ട് ചിരിപ്പിക്കുന്നത്.എനിക്കിപ്പോഴും അത്ഭുതമാണ്.നീ 10 ജയിച്ചോ. പിന്നെ ഏതുവഴിക്കു ഡിഗ്രിക്കു......പോട്ടെ.എനിക്കു നീ കത്തയക്കുമോ.എനിക്കു മിസ്സ്കാള്‍ അടിക്കാന്‍ മറക്കരുതു കേട്ടോ.പിന്നെ ഞാന്‍ ഇത്ര ദൂരെയായതുകൊണ്ടും നിനക്ക് എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല എന്നതുകൊണ്ടും ധൈര്യത്തോടുകൂടി താഴെപ്പറയുന്ന കാര്യങള്‍ എഴുതുന്നു.
1. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് എന്റെ ഫോട്ടോയില്‍ ഒരുമ്മയെങ്കിലും വയ്ക്കണം.അതെനിക്കിവിടെ കിട്ടിക്കൊള്ളും.
2. മറക്കാതെ എന്നും എനിക്കു മിസ്സ്കാളടിക്കണം.
3. രണ്ടു ദിവസത്തിലൊരിക്കല്‍ മെസ്സേജയക്കണം.
4. രാത്രികിടക്കുമ്പോള്‍ എന്നെ മാത്രമേ ഓര്‍ക്കാവു.
5. സ്വപ്നം കാണുന്നത് എന്നെ മാത്രമായിരിക്കണം.
6. ആഴ്ചയിലൊരിക്കലെങ്കിലും എന്നെ വിളിക്കണം.ഇല്ലെങ്കില്‍ ഞാന്‍ വിളിക്കാം.
7. എന്റെ കണ്ട്രോളു പോകുന്നവിധത്തില്‍ സംസാരിക്കരുത്.
8. എന്നെ വിഷമിപ്പിക്കാതെ പൊന്നുപോലെ നോക്കുമെന്നു എനിക്കു സത്യം ചെയ്തു തരണം.
9. എനിക്കു നല്ല കറികളും ചോറും വച്ചു തരണം. എനിക്കു പാചകമൊന്നും അറിയില്ല. താമസിയാതെ പടിച്ചുകൊള്ളാം.
10. പിന്നെ അവസാനമായി എന്നെ ഒന്നും ചെയ്യില്ലെന്നു(അടി, പിച്ച്, മാന്ത്,നുള്ളല്‍,തെറിവിളി)എനിക്കുറപ്പ് തരണം. ഇതൊന്നും നീ അനുസരിക്കില്ലെങ്കില്‍ ഞാന്‍ ദുബായില്‍ നിന്നും നാട്ടിലേക്കു വരില്ല. വല്ല തമിഴ്നാട്ടിലും പോയി ചുമടെടുത്തു ജീവിക്കും.ആഹാ കളി എന്നോടോ...
സ്നേഹപൂര്‍വ്വംനിന്റെ വിനീതവിധേയനായ..........