Wednesday, December 30, 2009

ഹാപ്പി ന്യൂ ഇയര്‍"വരുമാ നല്ല നാളിനേക്കായി കാതോര്‍ത്തുകാത്തിരിക്കാം..."പിറന്ന നാടിനെ സ്വന്തം പെറ്റമ്മയെപ്പോലെ കരുതുന്ന..

പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന..

ഇതരമതങ്ങളേയും അവരുടെ വിശ്വാസാചാരങ്ങളെ ആദരവോടും ബഹുമാനത്തോടും നോക്കിക്കാണുന്ന....

തന്റെ ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന അതേ വേദന തന്നെ അന്യനുമുണ്ടാവുന്നതെന്നു മനസ്സിലാക്കി സഹജീവികളോട് സഹാനുഭൂതിയോടുകൂടി പെരുമാറുന്ന....

അമ്മയേയും പെങ്ങളേയും എപ്പോഴും തിരിച്ചറിയാന്‍ കഴിയുന്ന.......

പരസ്പരമിഷ്ടപ്പെടുന്നതില്‍ പോലും ജിഹാദ് കണ്ടെത്താന്‍ ശ്രമിക്കുന്ന നാറിയ സാമൂഹ്യസേവകമ്മാരെ ഒറ്റപ്പെടുത്താന്‍ കഴിയുന്ന......

മദ്യവും മദിരാക്ഷിയും പണവും മാത്രമല്ല ജീവിതമെന്നു മനസ്സിലാക്കുന്ന...

ഒരു പുതിയ തലമുറക്കായി നമുക്കു പ്രാര്‍ഥിക്കാം.


എല്ലാ ബൂലോകവാസികള്‍ക്കും സ്നേഹത്തിന്റേയും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരു പുതുവര്‍ഷം ആശംസിച്ചുകൊള്ളുന്നു.


ഹാപ്പി ന്യൂ ഇയര്‍

Wednesday, December 16, 2009

നരകത്തിലേക്ക് ചില ഉരുപ്പടികള്‍

നാട്ടിലെ അറിയപ്പെടുന്ന മാന്യമ്മാരായാ മൂന്നു സുഹൃത്തുക്കള്‍.

സല്‍സ്വഭാവികള്‍.

എല്ലാ പെണ്‍കുട്ടികളും തങ്ങളുടെ സഹോദരിമാരാണെന്നു മാത്രം വിശ്വസിക്കുന്ന പച്ചപ്പാവങ്ങള്‍.

അന്യന്റെ മുതല്‍ നോക്കുകപോലും ചെയ്യാത്ത ഹരിശ്ചന്ദ്രന്മാര്‍.

ഒരപകടത്തില്‍ മൂന്നും ഒരുമിച്ചു വടിയായി.

നാട്ടിലാകെ ജനങ്ങള്‍ അത് ഉത്സവം പോലെ കൊണ്ടാടി.

ചിത്രഗുപ്തന്‍ തന്റെ കണക്കുപുസ്തകമെടുത്ത് മൂന്നിന്റേയും ഇത്രയും നാളത്തെ ലീലാവിലാസങ്ങള്‍ ആകെ ഒന്നു പരിശോധിച്ചു.

നോക്കുന്തോറും നെറ്റിയില്‍ ഊറിവരുന്ന വിയര്‍പ്പ് കണങ്ങള്‍ അദ്ദേഹം ടവ്വലുപയോഗിച്ചു തുടച്ചുകൊണ്ടിരുന്നു.

എന്താ ചെയ്യുക. മൂന്നിനേയും നരകത്തില്‍ പോലും അക്കോമ്മഡേറ്റു ചെയ്യാനൊക്കില്ല. അത്രക്കു നല്ല ഉരുപ്പടികള്‍.ഇപ്പോള്‍ തന്നെ തനിക്ക് ആവശ്യത്തില്‍കൂടുതല്‍ ടെന്‍ഷനുണ്ട്.ഇവമ്മാരെ നരകത്തിലോട്ടു വിട്ടാല്‍ അവിടെയുള്ളവമ്മരെല്ലാപേരും കൂടി തന്നെ മൈതാനമാക്കും.അല്ലെങ്കില്‍ തന്നെ ആവശ്യത്തിനു കുഴപ്പക്കാര്‍ ഇപ്പോള്‍ തന്നെ അവിടെയുണ്ട്.

ചിത്രഗുപ്തന്റെ മുഖഭാവം കണ്ടപ്പോള്‍ തന്നെ കാര്യം പന്തിയല്ലെന്നു തോന്നിയ മൂവരും വളരെയേറെ താഴ്മയോടുകൂടി തങ്ങളെ നരകത്തിലേക്കയക്കരുതേയെന്ന്‍ അഭ്യര്‍ഥിച്ചു.

അല്‍പ്പമൊന്നാലോചിച്ചിട്ട് സാക്ഷാല്‍ യമധര്‍‍മ്മമഹാരാജാവുമായി ഒരു ടെലികോണ്‍ഫറന്‍സുനടത്തിയശേഷം ചിത്രഗുപ്തന്‍ നമ്മുടെ കഥാനായകമ്മാരോടിപ്രകാരം അരുളിചെയ്തു.

"അല്ലയോ മഹാരഥമ്മാരേ, നിങ്ങളുടെ മഹത്വം ഇവിടം മുഴുവന്‍ പ്രസിദ്ധമായതിനാല്‍ മറ്റാര്‍ക്കും നല്‍കാത്ത ഒരു ആനുകൂല്യം നിങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം
സന്തോഷത്തോടികൂടി നാമറിയിക്കുന്നു.ഇവിടെ നിങ്ങള്‍ക്കായി മൂന്നു മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.ഇഷ്ടപ്പെട്ട മുറികള്‍ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു മുറിക്കകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍പിന്നെ പുറത്തിറങാന്‍ പറ്റത്തില്ല.അതുകൊണ്ട് തൃപ്തരാകുക"

ഈ വാക്കുകള്‍ കേട്ട സുഹൃത്തുക്കള്‍ വളരെയേറെ സന്തോഷിച്ചു.

ഒന്നാമത്തെ മുറിയുടെ ഉള്ളിലേക്കു തലയിട്ടു നോക്കിയ മൂവരും അന്തം വിട്ടുപോയി.

അതികഠിനമായ ജോലികള്‍ ചെയ്യുന്ന നിരവധിപേര്‍.ജോലിചെയ്യാത്തവരെ ചാട്ടകൊണ്ടടിക്കുന്ന യമകിങ്കരമ്മാര്‍.രാക്ഷ്ട്രീയത്തടവുകാരായിരിക്കണം ആ മുറിക്കകത്തു.

എന്തായാലും ഈ മുറി വേണ്ടേ വേണ്ട എന്നു പറഞ്ഞുകൊണ്ടവര്‍ രണ്ടാമത്തെ മുറിയില്‍ തലയിട്ടുനോക്കി.

ആത്മാക്കളെ എണ്ണയിലും മറ്റും പൊരിക്കുമെന്ന്‍ കേട്ടിട്ടേയുണ്ടായിരുന്നുള്ളു.നേരിട്ട് കണ്ടപ്പോള്‍ മൂവര്‍ക്കും തല ചുറ്റുന്നതുപോലെ തോന്നി.ഒരു നിമിഷം പാഴാക്കാതെ അവര്‍ മൂന്നാമത്തെ മുറിക്കുമുമ്പിലെത്തി.

ഹാ എത്ര നയനമനോഹരമായ കാഴ്ച.നിരവധിപേര്‍ കൂടിനിന്നു ചായയും പരിപ്പുവടയും കഴിക്കുന്നു.മറ്റുചിലര്‍ സിഗററ്റ് വലിച്ചുകൊണ്ട് കൊച്ചുവര്‍ത്തമാനം പറയുന്നു.

"മതി ഇതുമതി".

ആര്‍പ്പുവിളിച്ചുകൊണ്ടവര്‍ മൂന്നുപേരും മുറിക്കുള്ളിലേക്കു കയറി.ഉടന്‍ അവര്‍ക്കും അവരാവശ്യപ്പെട്ട ചായയും മറ്റെല്ലാം കിട്ടി. ഒരഞ്ച് മിനിട്ട് കഴിഞ്ഞില്ല.ഒരു വലിയ ശബ്ദത്തോടെ

സൈറണ്‍ മുഴങി.

പെട്ടന്ന്‍ അവിടെ കൂടി നിന്നവര്‍ പലവഴിക്കായി പരക്കം പാഞ്ഞുതുടങി.

ഓടുന്ന ഒരാളെ തടഞ്ഞുനിര്‍ത്തി എന്തിനാണീ സൈറണ്‍ എന്നു ചോദിച്ചപ്പോള്‍ അയാളുടെ മറുപടി ഇതായിരുന്നു.

"ഇപ്പോള്‍ ചായകുടി സമയമായിരുന്നു.അതു തീര്‍ന്നതറിയിക്കാനാണീ സൈറണ്‍.ഇനി നാളെ നേരം വെളുക്കുന്നതുവരെ ചെളിയില്‍ തലയും കുത്തിനില്‍ക്കണം"

Sunday, December 13, 2009

മരണം വരെ നിരാഹാരം

നടക്കട്ടങ്ങനെ നടക്കട്ടെ....

ആന്ദ്രാപ്രദേശ് മാത്രമാക്കാതെ ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളും ചെറുകഷണങ്ങളായി മുറിക്കപ്പെടട്ടെ.

ഗൂര്‍ഖകളും മായാവതിമാരും ഓരോ സംസ്ഥാനത്തും ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ.

ആള്‍ക്കാരുടെ നിറവും ജാതിയും നോക്കി ഓരോ സംസ്ഥാനവും വിഭജിക്കപെടട്ടെ.


കാര്യങ്ങളിത്രയൊക്കെയായ സ്ഥിതിക്ക് നമ്മളും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

കേരളത്തെ ഒരു എട്ടു ചെറുസംസ്ഥാനമെങ്കിലുമാക്കണമെന്നാണ് ഈയുള്ളവന്റെ അഭ്യര്‍ഥന.

തള്ളേ പുള്ളേ എന്നു വിളിക്കുന്നവര്‍ക്കായി ഒരു സംസ്ഥാനം.പേര് ആരെങ്കിലും നിര്‍ദ്ദേശിക്കുക.

നാട്ടിനും നാട്ടാര്‍ക്കും വേണ്ടി നല്ലകാര്യങ്ങള്‍ മാത്രം ചെയ്യുന്ന തീവ്രവാദി സുഹൃത്തുക്കള്‍ക്കായും വേണം ഒരു സംസ്ഥാനം.

അമേരിക്കയ്ക്ക് ഇടപെടുന്നതിനുവേണ്ടി ഒരെണ്ണം എന്തായാലും ഉണ്ടാക്കിയേ പറ്റൂ.

ഇടതിനും വലതിനും ഓരോന്നുവീതം

നിലവിലുള്ള മറ്റു വലുതും ചെറുതുമായ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഓരോന്നുവീതം കൊടുത്തില്ലെങ്കിലും അഡ്ജസ്റ്റ് ചെയ്ത് കൊടുക്കണം.

കള്ളമ്മാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും കൊട്ടേഷന്‍ സംഘങ്ങള്‍ക്കുമായി കോടതികളും പോലീസ് സ്റ്റേഷനുകളുമില്ലാത്ത ഒരെണ്ണം തീര്‍ച്ചയായും വേണം.

ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ റിലേനിരാഹാരം കിടക്കുവാന്‍ (പകലുമാത്രം)താല്‍പ്പര്യമുള്ളവര്‍ എത്രയും പെട്ടന്ന്‍ മുന്നോട്ടുവരിക.


അധികാരത്തിലെത്തുന്നതിനും അത് നിലനിര്‍ത്തുന്നതിനും വേണ്ടി രാഷ്ട്രീയ കോമരങ്ങള്‍ കാട്ടുന്ന പേക്കൂത്തുകള്‍ക്ക്

ജയ് വിളിക്കുവാന്‍ ബാധ്യസ്ഥരായ എല്ലാ നല്ലവരായ അണികള്‍ക്കും.

അഭിവാദ്യങ്ങള്‍........

Saturday, December 12, 2009

എന്റെ ഗ്രാമത്തിന്റെ കഥ-തുടര്‍ച്ച
(ഏലാപുറത്തിന്റെ ഐശ്വര്യമായ മാറുവീട് ശിവപാര്‍വതിക്ഷേത്രം-മൊബൈലില്‍ എടുത്ത ഫോട്ടോകളാണ്)ഞാന്‍ തുടരുകയാണു.....

ഒരു നാട്ടില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുക അവിടത്തെ കുടിയമ്മാരണല്ലോ.ഏലാപ്പുറത്തുമുണ്ട് ചില അവാര്‍ഡ് വിന്നിംഗ് കുടിയമ്മാര്‍.ഹെന്റമ്മേ എന്തൊക്കെ പുകിലുകളാണവരുണ്ടാക്കുന്നതെന്നറിയാമോ.ഏലാപ്പുറത്തെ ആസ്ഥാനകുടിയന്‍പട്ടം കിട്ടിയ രണ്ടുപേരാണ് സുകുപിള്ളയും ഗോപിയാശാനും.രണ്ടും ബന്ധുക്കളാണ്.ഇവര്‍ രണ്ടുപേരില്‍ ആരാണ് ഏറ്റവും കൂടുതല്‍ കുടിക്കുന്നതെന്ന്‍ ചോദിച്ചാല്‍ വിഷമിച്ചുപോകുകയേയുള്ളു.അത്ര നല്ല വീശുകാരാണ്.ജോലിയൊക്കെ കഴിഞ്ഞ് ഒരു മൂന്നുമണിയോടുകൂടി രണ്ടും ഒരുമിച്ചൊരു പോക്കുണ്ട്.തിരിച്ചുള്ള വരവ് ഒന്നു കാണേണ്ടതുതന്നെയാണ്.ജംഗ്ഷ്നില്‍ നിന്നും ആരംഭിക്കുന്ന ഭരണം എവിടെയെങ്കിലും മറിയുന്നതുവരെ തുടരും. വഴിയില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍,കൊച്ചുപിള്ളേര്‍ ഇവരെയെല്ലാമാണു ഭരിക്കുന്നതു. രണ്ടുപേര്‍ക്കും പോലിസുകാരെ വലിയ ഭയമാണ്.മുന്‍പൊരിക്കല്‍ റോഡില്‍ ട്രാഫിക്ക് നിയന്ത്രിച്ചതിനു ഏമാമ്മാരുടെ കയ്യില്‍നിന്നും ചെറിയ ഒരു തലോടല്‍ കിട്ടിയതില്‍ പിന്നെയാണ് ഈ പേടിയുണ്ടായത്.

ഒരുദിവസം വൈകിട്ട് രണ്ടും കുടിച്ച് കുന്തംമറിഞ്ഞു വരുകയാണ്. വീഴാതിരിക്കുവാന്‍ രണ്ടും പരമാവധി ശ്രമിക്കുന്നുണ്ട്. എവിദെ. ദേ കിടക്കുന്നു ഒരെണ്ണം വയലില്‍.പാവം സുകുപിള്ളയാണ്. കണ്ട്രോള്‍ തെറ്റി വീണുപോയതാ. ഗോപിയാശാന്‍ വളരെയേറെ കഷ്ടപ്പെട്ട് പുള്ളിയെ വയലില്‍ നിന്നും വലിച്ചെടുത്തു. എടാ കുടിച്ചാല്‍ വയറ്റില്‍ കിടക്കണം.നാണമില്ലേ നിനക്കു വയലിലും തോട്ടിലുമെല്ലാം വീഴാന്‍, സ്റ്റെഡിക്ക് നടക്ക് എന്നെല്ലാം കുറേ ഉപദേശവും നല്‍കി വീണ്ടും നടത്തമാരംഭിച്ചു.അമ്പലത്തിനടുത്തെ വാഴപ്പണയെത്തിയപ്പോഴേക്കും സുകുപിള്ള വണ്ടി മറിഞ്ഞു. ആശാനെയെശുന്നേല്‍പ്പിക്കാന്‍ കുറെ നേരം ശ്രമിച്ച് മടുത്ത ശേഷം ഗോപിയാശാന്‍ വീട്ടിലേക്കു നടന്നു.അപ്പുപ്പങ്കാവില്‍ ആരോ വച്ച അല്‍പ്പം സൊയ്യമ്പനുമടിച്ച് അവിടെനിന്നുതന്നെ ഒരു ഹാരവുമെടുത്ത് കഴുത്തിലണിഞ്ഞാണ് പോക്ക്. സമയം സന്ധ്യകഴിഞ്ഞതേയുള്ളു.കുറച്ചുസമയം കഴിഞ്ഞ് ഒരു വല്ലാത്ത ശബ്ദം കേട്ട് അമ്പലത്തില്‍ തൊഴാന്‍ വന്ന ആരോ പോയിനോക്കി.അയാളുടെ ഒച്ചകേട്ട് അമ്പലത്തിനടുത്തുണ്ടായിരുന്ന നാലഞ്ച് പയ്യമ്മാര്‍‍ ഓടിചെന്നു.നമ്മുടെ ഗോപിയാശാനുണ്ട് അടുത്തുള്ള പൊട്ടക്കിണറ്റില്‍ വീണുകിടക്കുന്നു. എല്ലാപേരും കൂടി വളെരെനേരം പരിശ്രമിച്ച് ഒടുവിലാശാനെ പുറത്തെടുത്തു.ധാരാളം കുപ്പിച്ചില്ലുകളും മരക്കുറ്റിയുമൊക്കെ ഉണ്ടായിരുന്ന ആ കിണറ്റില്‍ വീണിട്ടും ഭാഗ്യത്തിനു ആശാനു വലിയ പരുക്കൊന്നുമില്ലായിരുന്നു.ബോധമൊന്നു പോയി അത്ര തന്നെ.അത് അല്ലേലും വളരെ കുറവാണല്ലോ.ബോധം വന്ന ശേഷമുണ്ടായ ആശാന്റെ ആദ്യ അരുളപ്പാടിതായിരുന്നു.

"ഏതു നായിന്റെ മോനാടാ ഇവിടെ ഇന്നു കിണര്‍ കുഴിച്ചത്".

ഈ പുകിലുകളൊന്നുമറിയാതെ ഒരു പാവം കക്ഷി അപ്പോഴും സുഖനിദ്രയിലായിരുന്നു.


നിങ്ങളനുവദിച്ചാല്‍ തുടരും.....


വാല്‍ക്കഷ്ണം: ഈ രണ്ടുരുപ്പടികളും ഇന്നും ഒരു കുഴപ്പവുമില്ലാതെ തങ്ങളുടെ പതിവ് കലാപരിപാടികളുമായി ഏലാപ്പുറത്തു വിലസുന്നു.ഈശ്വരാ അവര്‍ക്കൊരു കുഴപ്പവും വരുത്തരുതേ.കാരണം ഒന്നെന്റെ അഛനും മറ്റേതെന്റെ മാമനുമായിപ്പോയില്ലേ..............

Thursday, December 10, 2009

ഏന്റെ ഗ്രാമത്തിന്റെ കഥ

ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ സ്വന്തം നാടിനേയും നാട്ടുകാരേയും നിങ്ങള്‍ക്കുമുമ്പില്‍ പരിചയപ്പെടുത്തുന്നു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങള്‍ പട്ടണത്തില്‍ നിന്നും ഏകദേശം നാലരകിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകുമ്പോല്‍ വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായ സ്ഥലം.അതാണു ഏലാപ്പുറം എന്ന കൊച്ചു ഗ്രാമം.അതെ ഞാന്‍ ജനിച്ച സ്ഥലം.സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഏലാപ്പുറംകാരുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തി തന്നെ.കൃഷിചെയ്യുന്നതിനുള്ള ചിലവ് അധികരിച്ചതിനാലും വിളവെടുപ്പിനാളെക്കിട്ടാത്തതിനാലും വലിയൊരു ശതമാനം വയലുകള്‍ നികത്തി കപ്പയും വാഴയുമെല്ലാം നടുവാനാരംഭിച്ചിട്ടുണ്ട്.വയലിനെ കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.

പ്രാധനജംഗ്ഷനില്‍ ബ്രിട്ടീഷുകാരുടെ കാലത്തുപണിതതുപോലുള്ള മൂന്നുനാലുമുറിക്കടകളുണ്ട്.എപ്പോഴാണതു നിലം പൊത്തുന്നതെന്നു പറയാനാകില്ല.ഒന്നാമത്‍ അശോകണ്ണന്റെ ചായക്കടയാണു.പുള്ളിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.വെറുതെ ഒരു രസത്തിനും സമയമ്പോക്കിനുമായിട്ടാണ് നടത്തുന്നതെന്നാണ് പുള്ളിയുടെ പറച്ചില്‍.പിന്നെയുള്ളത് ബാര്‍ബര്‍ ഷോപ്പ്.നമ്മുടെ ബാലകൃഷ്ണന്റെ പറുദീസ. പണ്ടത്തെ മദാലസ നടിമാരുടെ അര്‍ദ്ധനഗ്നചിത്രങ്ങളുമായി ബാര്‍ബര്‍ഷോപ്പിനെ അലങ്കരിക്കുന്ന മാറാലപിടിച്ച ചുമരുകള്‍.ഒരു കണ്ണാടിയും പിന്നെ കുറച്ചു സാധനങ്ങളും തീര്‍ന്നു.അത്ര തന്നെ.ബാര്‍ബര്‍ ബാലനെ പോലെ കറങ്ങുന്ന ഒരു കസേരയും ആധുനികതയുമൊന്നും വേണമെന്ന്‍ ബാലകൃഷ്ണനാഗ്രഹമില്ല.ഒള്ളതുകൊണ്ടോണം പോലെ.അതണിഷ്ടന്റെ ലൈന്‍.അടുത്തകട ശശിയണ്ണന്റേതാണു.ഒരു മിനി ഫാന്‍സിസ്റ്റോര്‍.അവിടെ മോഷണം തുടര്‍ക്കഥയായപ്പോള്‍ പുള്ളിക്കാരന്‍ കട മതിയാക്കുകയും ഇപ്പോള്‍ പുതുതായി പണിത അടച്ചുറപ്പുള്ള ഷോറൂമിലേക്കു കട മാറ്റുകയും ചെയ്തു. പിന്നെ ആകെ നല്ല കച്ചവടമുള്ളതു വിക്രമന്‍ ചേട്ടന്റെ റ്റീ സ്റ്റാളിലാണു.വീട്ടില്‍ നിന്നും രാവിലെ ചായകുടിച്ചിട്ടിറങ്ങുന്നവരും പുള്ളിക്കാരന്റെ ഒരു ചായ കുടിക്കുവാന്‍ മറക്കാറില്ല. അല്‍പ്പം മാറി ആനന്ദന മാമന്റെ മുറുക്കാന്‍ കട, സരോജിനിഅമ്മയുടെ സ്റ്റേഷനറിക്കട, ഒരു റേഷന്‍ കട, മില്‍മയുടെ ഒരു ബൂത്ത് എന്നിവയുണ്ട്.മറന്നുപോയി.പുതുതായി ഒരു സര്‍വീസ് സഹകരണ സംഘവും തുറന്നിട്ടുണ്ട്.

റോഡിനെതിര്‍വശത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍. നാലോ അഞ്ചൊ ക്ലാസ്സുകളുള്ളതില്‍ വളരെകുറച്ചു മാത്രം കുട്ടികള്‍. യാതൊരുവിധ വികസനവുമില്ലാതെ അതങ്ങുനടന്നുപോകുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഏലാപ്പുറത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണു പഞ്ചായത്തുവെയിറ്റിംഗ് ഷെഡ്.രാവിലെ മുതല്‍ സ്കൂളിലും കോളേജിലും പോകാന്‍ വരുന്ന എല്ലാ പെണ്‍കൊടിമാരേയും ഉത്തരവാദിത്വത്തൊടുകൂടി യാത്രയയപ്പിക്കുന്നതിനായി ചുള്ളന്മാരുടെ ഒരു പ്രത്യേക ടീം തന്നെയുണ്ട്.അവര്‍ വളരെ രാവിലെ തന്നെ താന്താങ്ങളുടെ ഏരിയയില്‍ നിലയുറപ്പിക്കും.എല്ലാ പെണ്മണിമാരെയും യാത്ര അയച്ചശേഷം വൈകുന്നേരത്തെ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകും.(അവശ കാമുകന്മാരേ നിങ്ങളെന്നോടു ക്ഷമിക്കണം കേട്ടൊ.എഴുതുമ്പോള്‍ എല്ലാമെഴുതണമല്ലോ.അതുകൊണ്ടാ.ആരെങ്കിലും ഇതു വായിച്ചിട്ട് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കു പണി തരരുതു.പ്ലീസ്).

ജംഗ്ഷനില്‍ നിന്നും ഒരു പത്തുമിനിട്ട് നടന്നാല്‍ മാറുവീട് ശിവപാര്‍വ്വതിക്ഷേത്രത്തിലെത്താം.മുന്‍പ് ശോചനീയാവസ്ഥയിലായിരുന്ന ഈ അമ്പലം ഇപ്പോള്‍ കുടുംബക്കാരെല്ലാപേരും കൂടി ചേര്‍ന്നു പുതുക്കിപ്പണിതു ഒരു വലിയ അമ്പലമാക്കി മാറ്റി.ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.ക്ഷേത്രത്തിലേക്കെത്തുന്നതിനായി നാട്ടുകാരുടെ ശ്രമഫലമായി വയലിന്റെ മധ്യത്തുകൂടി ഒരു റോഡുണ്ടാക്കിയിട്ടുണ്ട്.കുംഭമാസത്തിലെ പുണര്‍തം നാളിലാണിവിടത്തെ ഉത്സവം.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളുണ്ടായിരിക്കും. അഞ്ചാംദിവസം രാവിലെ സമൂഹപൊങ്കാലയും ഉച്ചക്കു സമൂഹസദ്യയുമുണ്ടായിരിക്കും. വൈകിട്ട് ഉറിയടി,ബാലികമാരുടെ താലപ്പൊലി,ആന എഴുന്നള്ളത്ത്, തെയ്യം, ചെണ്ടമേളം എന്നിവയോടുകൂടി വിപുലമായ ഘോഷയാത്രയും,പിന്നെ രാത്രി കൊടിയിറക്കവും.

ക്ഷേത്രം പുരോഗമിച്ചതോടുകൂടി അതിനടുത്തായി ചില കടകള്‍ ഉണ്ടായിട്ടുണ്ട്.നമ്മുടെ ഡ്രൈവര്‍ ബാബുവണ്ണന്റെ ചായക്കടയാണൊന്ന്‍.പുള്ളി ഡ്രൈവറൊന്നുമല്ല. ചിലകുരുത്തംകെട്ടപുള്ളേര്‍ ഇട്ട വട്ടപ്പേരാണത്.ഇത്രയും രുചികരമായി എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്ന മറ്റാരും ഏലാപ്പുറത്തില്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരനു നല്ല കച്ചവടവുമുണ്ട്.

അടുത്തത് പൊടിയണ്ണന്റെ കുഞ്ഞുസ്റ്റേഷനറിക്കടയാണു.പേരുപോലെതന്നെ ആളൊരു പൊടിയാണു.കഷ്ടിച്ചു നാലടിമാത്രമേയുള്ളു പൊക്കം.അതിന്റെ ഒരു അഹംഭാവവും ആശാനില്ല.പിന്നെയൊന്നുള്ളതു പ്രസാദണ്ണന്റെ ശില്‍പ്പശാല.ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളുണ്ടാക്കുന്ന കക്ഷിക്ക് എപ്പോഴും തിരക്കാണു.

വയലിനു കുറുകേയുള്ള തോട്ടില്‍ ഒരു കൊച്ചുപാലമുണ്ട്.അതിനിവിടെ പ്രധാനപ്പെട്ടസ്ഥാനമാണുള്ളത്.വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരുടെ ഇരിപ്പിടമാണവിടെ.രാത്രിയില്‍ ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങും.വയല്‍ക്കാറ്റേറ്റുറങ്ങാനെന്തു സുഖമാണെന്നോ.ഞാനും പലപ്പോഴും ആ സുഖമനുഭവിച്ചിട്ടുണ്ട്.

ഏലാപ്പുറത്തെ ചില പ്രധാന വ്യക്തികളെ പരിചയപ്പെടേണ്ടതുണ്ട്.അവരെക്കുറിച്ച് എഴുതിയാലും എഴുതിയാലും തീരില്ല.അത് സമയം കിട്ടുന്ന മുറയ്ക്കെഴുതാം.വാല്‍ക്കഷ്ണം: കുറച്ചുഫോട്ടോകള്‍ ചേര്‍ക്കണമെന്നുണ്ടായിരുന്നു.അതിനെക്കുറിച്ച് അത്രവലിയപിടിയില്ലാത്തതുകൊണ്ട് ചെയ്തില്ല.ഞാനൊരു തുടക്കക്കാരനായതുകൊണ്ടാണ്.ആരെങ്കിലും ഒന്നു സഹായിച്ചാല്‍ വലിയ ഉപകാരമായിരിക്കും.

Sunday, December 6, 2009

രാമേട്ടന്റെ ദുഃഖം, പ്രകാശന്റേയും

തങ്ങളുടേതായ എല്ലാ സുഖങ്ങളും സന്തോഷങ്ങളും വേണ്ടന്നു വച്ച് സ്വന്തം മക്കള്‍ക്കു വേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കളെ ഒരു നിമിഷം കൊണ്ട് തള്ളിപ്പറഞ്ഞുകൊണ്ട് കുറച്ചുമുമ്പ് മാത്രം കണ്ടുമുട്ടിയ ഒരുവനൊപ്പം ഇറങിപ്പുറപ്പെട്ടുപോകുന്ന ഇന്നിന്റെ പെണ്‍കൊടികള്‍ക്കായി സമര്‍പ്പിക്കുന്നു."എന്തായി രാമേട്ടാ കാര്യങ്ങള്‍".ആ മുഖത്തുനോക്കി ഒന്നും ചോദിക്കണ്ട എന്നു കരുതിയെങ്കിലും ചോദിക്കാതിരിക്കാന്‍ പ്രകാശനു കഴിഞ്ഞില്ല.

'എന്താവാനാ പ്രകാശാ,പത്ത് പതിനെട്ട് വയസ്സുവരെ കഷ്ടപ്പടെന്തെന്നറിയിക്കാതെ വളര്‍ത്തിവലുതാക്കിയതിന്റെ ശിക്ഷ. ഞങ്ങള്‍ ഒരുനിമിഷംകൊണ്ട് അവള്‍ക്കാരുമല്ലാതായില്ലെ. നാട്ടുകാരുടെ പരിഹാസവാക്കുകള്‍ കേട്ടു മടുത്തു.പോയജന്മം എന്തെങ്കിലും പാപം ചെയ്തിരിക്കും അനുഭവിക്കതന്നെ.'

'രാമേട്ടന്‍ വിഷമിക്കണ്ട.നാട്ടുകാരോടുപോകാന്‍ പറ.അന്യന്റെ സങ്കടങ്ങള്‍ ആഘോഷമാക്കുന്ന ചെറ്റകള്‍.അവനവന്റെ നേരില്‍ വരുമ്പോഴേ അതിന്റെ ദെണ്ണമറിയു.ഇതെല്ലാം കുറച്ചുദിവസങ്ങള്‍ കൊണ്ടു തീരും. ചേച്ചി എന്തു ചെയ്യുന്നു.'

"കിടപ്പുതന്നെ.അവള്‍ക്ക് വിശ്വസിക്കാനായിട്ടില്ലിപ്പോഴും.അത്രക്കു മോളെ സ്നേഹിച്ചിരുന്നതല്ലേ.ഒരു വിഷമവുമവളെയറിയിച്ചിരുന്നില്ല.എന്നിട്ടുമവള്‍ക്കിങ്ങനെ ചെയ്യാന്‍ തോന്നിയല്ലോടാ."

"പോട്ടെ രാമേട്ടാ.ഇപ്പോഴത്തെ കുട്ടികള്‍ക്ക് സ്നേഹത്തിന്റേയും കടപ്പാടുകളുടേയുമൊന്നും വിലയറിയില്ല.മറ്റുള്ളവരുടെ കണ്ണുനീരും വിഷമങ്ങളുമൊന്നും അവര്‍ക്കു വിഷയമേയല്ല.സ്വന്തം സുഖം മാത്രം നോക്കുക.മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളതെത്ര ശരിയാ."

"ഞാന്‍ പോട്ടെ പ്രകാശാ,അവളവിടെ തനിച്ചേയുള്ളൂ.എനിക്കിനി അവള്‍ മാത്രമല്ലേയുള്ളൂ." നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് ആ മനുഷ്യന്‍ നടന്നുപോകുന്നത് വേദനയോടെ പ്രകാശന്‍

നോക്കിനിന്നു.

"അച്ഛാ അമ്മ വിളിക്കണൂ....."

തന്റെ ഏഴുവയസ്സുകാരി മകളുടെ വിളിയാണ് പ്രകാശനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.

തന്നെ തന്നെ നോക്കിനില്‍ക്കുന്ന മകളുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കുന്തോറും തന്റെയുള്ളില്‍ അകാരണമായൊരു ഭയം വളരുന്നതയാളറിഞ്ഞു

ഈശ്വരാ നാളെ ഞാനും................