Tuesday, February 23, 2010

ഉദയനാണു താരം

സ്ഥലത്തെ പ്രധാന ഓട്ടോ ഡ്രൈവറായിരുന്ന ശ്രീമാന്‍ ഉദയനെക്കുറിച്ചാണീ കുറിപ്പ്.ആശാന്‍ ഒരു ചരിത്രപുരുഷനാണ്.ഏതു വകുപ്പില്ലാണു പുള്ളി ചരിത്രപുരുഷനായതെന്നു ചോദിച്ചാല്‍ ഞാന്‍ വിഷമിച്ചുപോകും. അതു സമര്‍ഥിക്കാനെനിക്കൊട്ടു കഴിവുമില്ല.ഒന്നെനിക്കറിയാം ഉദയന്‍ ഒരു ബല്യ സമ്പവം തന്നേര്‍ന്നു.

ഉദയന്‍.വയസ്സു 27 കഴിയുന്നു.അവിവാഹിതന്‍.മാത്രമല്ല ഒന്നാന്തരം ഓട്ടോക്കാരന്‍.‍ഈ ഭൂമിമലയാളത്തില്‍ ആശാനുപേടി പോലീസുകാരെ മാത്രമാണു.പല ഗഡുക്കളായി അവരില്‍ നിന്നും കിട്ടിയിട്ടുള്ള കനപ്പെട്ട സമ്മാനങ്ങള്‍ തന്നെ കാരണം. ആളു കാണാന്‍ സുന്ദരനാണോന്നു ചോദിച്ചാല്‍ എന്താപ്പോ പറയുക.തരക്കേടില്ല അത്ര തന്നെ. ആറടിപൊക്കത്തിനു ഒരു ശകലത്തിന്റെ കൊറവുമാത്രമേയുള്ളു.പക്ഷേ ആറില്‍ കൂടുതലടി പുള്ളി ഡെയ്ലി ആരില്‍ നിന്നെങ്കിലും മേടിക്കാറുണ്ട്.ശരീരമാണെങ്കിലോ നല്ല മുരിങ്ങക്കായപോലെ തടിച്ചുകൊഴുത്ത്.ചുണ്ടില്‍ എപ്പോഴും എരിയുന്ന ബീഡി.പാരമ്പര്യമായി താടിവളരാത്ത ഫാമിലിയില്‍ പെട്ടതായതുകൊണ്ട് ബാര്‍ബര്‍ ഷാപ്പ് സന്ദര്‍ശിക്കുന്നത് തലമുടി വെട്ടുന്നതിനു മാത്രമായി വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രം.കുളി നനപ്പ് തുടങ്ങിയ കര്‍മ്മങ്ങള്‍ സമയവും സൌകര്യവും ഒത്തുവന്നാല്‍ മാത്രം.പെണ്ണുകേസ്സില്‍ ഇതേവരെ പേരുദോഷം കേള്‍‍പ്പിച്ചിട്ടില്ല. മകന്‍ ഉന്നതവിദ്യാഭ്യാസം (കള്ളുകുടി,ചീട്ടുകളി,ബീഡിവലി മുതലായവ...)പൂര്‍ത്തിയാക്കിയെന്നു വീട്ടുകാരറിഞ്ഞതു അലമാരയിലും അരിക്കലത്തിലും ചായപ്പൊടി ഡിന്നിലുമൊക്കെ ഇട്ടുവച്ചിരുന്ന രൂപകള്‍ കാണാതായിതുടങ്ങിയപ്പോള്‍ മാത്രമാണു.വളരെവലിയ ദൈവവിശ്വാസിയായ നാരായണേട്ടനും മീനാക്ഷിയമ്മയും (ക്ഷമിക്കണം പരിചയപ്പെടുത്താന്‍ മറന്നുപോയി നമ്മുടെ ഉദയന്റെ ഫൌണ്ടര്‍ എഡിറ്റേര്‍സ്)ആകെയുള്ള അരുമസന്താനം നേരെയാവുന്നതിനുവേണ്ടി ശിവന്റെ അമ്പലത്തില്‍ ഒരുപാടുവഴിപാടുകള്‍ നേരുകയും അതൊന്നും തന്നെ യാതൊരു ഫലവുമില്ലാതായിതീരുകയും ചെയ്തതുമൂലം ഉദയനെ അവന്റെ വഴിയ്ക്കു തന്നെ വിട്ടു.

ഒരാഴ്ചയില്‍ കൂടുതല്‍ ഒരു ഓട്ടോയും ഉദയനോടിക്കുവാന്‍ കിട്ടാറില്ല.കയ്യിലിരുപ്പ് തന്നെ കാരണം.എത്രപ്രാവശ്യം അപകടത്തില്‍പെട്ടിട്ടുണ്ടെന്നു ഉദയനു തന്നെ നിശ്ചയമില്ല.സ്ഥലത്തെ ഒരുവിധമുള്ള എല്ലാ ഓട്ടോകളും ഉദയനോടിച്ചിട്ടുമുണ്ട് അതെല്ലാം ഷെഡ്ഡില്‍ കേറ്റിയിട്ടുമുണ്ട്.അവസാനമായി പണിയൊന്നുമില്ലാതെ കരഞ്ഞുംവിളിച്ചും നടന്നപ്പോള്‍ കഷ്ടംതോന്നി വിളിച്ചു വണ്ടിയേല്‍പ്പിച്ചതാണു വിജയേട്ടന്‍.ആദ്യത്തെ ഒരാഴ്ച കുഴപ്പമില്ലാതെ പോയി. ഒരുദിവസം ഉദയനല്‍പം മിനുങ്ങിയിട്ട് നല്ല സ്റ്റൈലായിട്ട് വണ്ടിയോടിച്ചുവന്നു പഞ്ചായത്തു വെയിറ്റിംഗ്ഷെഡ് തവിടുപൊടിയാക്കി.കൂടെ ആട്ടോയും.പാവം വിജയേട്ടന്‍.അതിന്റെ കേസിപ്പോഴും തീര്‍ന്നിട്ടില്ല.

ഈ സംഭവത്തോടെ ഉദയന്‍ ഓട്ടോ ഫീല്‍ഡ് ഉപേക്ഷിച്ചു.നാട്ടില്‍ തന്നെ അല്ലറചില്ലറ പണികള്‍ക്കുപോയിതുടങ്ങി.ഒരു പ്രാവശ്യം എന്തെങ്കിലും പണിചെയ്യുന്നതിനായി ഉദയനെ വിളിച്ചുകൊണ്ടുപോകുന്നവര്‍ പിന്നെ ഉദയനെ തിരക്കി മാത്രം നടക്കും.അതു പക്ഷേ തല്ലാന്‍ വേണ്ടിയായിരിക്കുമെന്നു മാത്രം.

എന്നിരുന്നാലും നാട്ടുകാര്‍ക്ക് ഉദയനോടു എന്തോ ഒരു ഇഷ്ടമുണ്ടായിരുന്നു.അത് ചിലപ്പോള്‍ നാരായണേട്ടനേയും മീനാക്ഷിയമ്മയേയും ഓര്‍ത്തായിരിക്കാം.

സ്ഥലത്തെ അറിയപ്പെടുന്ന പണക്കാരനും തറവാടിയും സര്‍വ്വോപരി പ്രമാണിയുമായ ശിവദാസേട്ടന്റെ പറമ്പില്‍ റബ്ബര്‍ തൈകള്‍ നടുന്നതിനു കുഴിയെടുക്കുന്ന ജോലി ഉദയനെയാണേല്‍പ്പിച്ചതു.അപ്പോള്‍ തന്നെ പലരും ശിവദാസേട്ടനോടു പറഞ്ഞു.

" എന്റെ ശിവാ നിനക്ക് കുഴിയെടുപ്പിക്കാനായി ഇവനെ മാത്രമേ കിട്ടിയൊള്ളോ.ഒള്ളകാര്യം ഇപ്പോഴേ പറഞ്ഞേക്കാം.നിന്റെ കാശ് പോയതു തന്നെ.നിനക്കു റബ്ബറുനടണമെന്നാഗ്രഹമൊണ്ടെങ്കി വേറെയാരെയെങ്കിലും പണിയേപ്പിക്ക്."

"എല്ലാപേരെയും പറ്റിയ്ക്കുന്നതുപോലെ അവന്‍ എന്നെ പറ്റിയ്ക്കാന്‍ വന്നാല്‍ വെവരമറിയും.അവന്റെ ഒരു തരികിടയും എന്റടുത്ത് നടക്കില്ല.നിങ്ങളു നോക്കിക്കോ".തന്നോടു പറഞ്ഞവരോടെല്ലാം ആത്മവിശ്വാസത്തോടെ ശിവേട്ടന്‍ മറുപടിപറഞ്ഞെങ്കിലും ഉള്ളില്‍ ഒരു വല്ലായ്മയില്ലാതിരുന്നില്ല.

"എടാ ഉദയാ നിന്റെ മറ്റേ തരികിടയൊന്നും എന്റടുത്തെടുക്കരുതു.ഒരു മീറ്റര്‍ സമചതുരത്തിനുള്ള കുഴിയെടുക്കണം.ദേ ഇതാണു അളുവുകോല്".ഒരു മീറ്റര്‍ നീളത്തില്‍ മുറിച്ച് വൃത്തിയാക്കിയ ഒരു മരച്ചീനികമ്പ് നീട്ടികൊണ്ട് ശിവേട്ടന്‍ പറഞ്ഞു.

"ഇല്ല ശിവേട്ടാ ഞാന്‍ ഒരു കൊഴപ്പവും കാണിയ്ക്കത്തില്ല.ചേട്ടന്‍ വൈകുന്നേരം വരുമ്പം 10 കുഴിയെങ്കിലും ഞാന്‍ എടുത്തിട്ടുണ്ടാവും".

"ങ്.ഹാ ആ വേല മനസ്സിലിരിക്കട്ടെ.ഞാനെങ്ങു0 പോകുന്നില്ല".

ഉദയന്റെ തരികിടകല്‍ക്കൊന്നുമിടകൊടുക്കാതെ ശിവേട്ടന്‍ അന്നു വൈകുന്നേരം വരെ അവിടെ തന്നെയിരുന്നു.കൃത്യം 6 കുഴികള്‍ അന്നെടുത്തു.

രണ്ടാം ദിവസം...

ഉച്ചയ്ക്കുള്ള ആഹാരമെല്ലാം കഴിച്ച് പണി വല്യമ്മാവന്‍ വിളിക്കുന്നു എന്നു മകളു വന്നു പറഞ്ഞതുമൂലം ശിവേട്ടനു വീട്ടിലേയ്ക്കു പോകേണ്ടി വന്നു.വൈകിട്ട് പരിശോധിച്ചപ്പോള്‍ അന്നു ഉദയന്‍ 8 കുഴികളെടുത്തിട്ടുണ്ട്.

മൂന്നാം ദിവസം....

പഞ്ചായത്തിലെ ചില കാര്യങ്ങള്‍ക്കായി പോകേണ്ടിവന്നതുകൊണ്ട് 3 മണിയ്ക്കുശേഷമാണു ശിവേട്ടനെത്താന്‍ പറ്റിയതു.അന്നു ഉദയന്‍ 12 കുഴികളെടുത്തിരിക്കുന്നതുകണ്ട് അത്ഭുതപ്പെട്ട പുള്ളിക്കാരന്‍ അളവുകോലുവച്ച് പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമാണെന്നുകണ്ട് ശരിക്കും വണ്ടറടിച്ചു.

എന്തിനേറെ പറയുന്നു.കൃത്യം അഞ്ചുദിവസം കൊണ്ട് ഉദയന്‍ 50 കുഴികള്‍ പൂര്‍ത്തിയാക്കുകയും ഒരു കുഴിയ്ക്കു 35 രൂപാ കണക്കില്‍ 1750 രൂപ ശിവേട്ടന്റെ കയ്യില്‍ നിന്നും എണ്ണി വാങ്ങുകയും ചെയ്തു.കള്ളത്തരമൊന്നും കാട്ടാതെ പെട്ടന്നു തന്നെ പണി പൂര്‍ത്തിയാക്കി തന്നതിനു ഒരു 50 രൂപ കൂടുതല്‍ കൊടുക്കുകയും ചെയ്തു.

.......

ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുവരുന്ന ശിവദാസനെ കണ്ടപ്പോഴേ ചായക്കടക്കാരന്‍ കുമാരന്‍ പറഞ്ഞു.എന്തോ കുഴപ്പമുണ്ട്.

"ആ ഉദയനെ കണ്ടോ" വന്നപാടേ ശിവേട്ടന്‍ കുമാരനോടായി ചോദിച്ചു.

"അവനിന്നിവിടെ വന്നില്ല.ഇനി ഒരാഴച അവനെ കണികാണാന്‍ കിട്ടില്ല.കയ്യിലുകാശുണ്ടല്ലോ.അല്ല എന്താ എന്തുപറ്റി"


"ഇനി എന്തു പറ്റാന്‍ ആ നായീന്റമോന്റെമോന്‍ എന്നെ.ഒരു മീറ്റര്‍ സമചതുരത്തില്‍ കുഴിയെടുക്കുന്നതിനായി ഞാനവനു അളവുകോലു ഉണ്ടാക്കിക്കൊടുത്തതാ.ആദ്യമെടുത്ത അഞ്ചെട്ടു കുഴികള്‍ കറക്ട് അളവിലൊണ്ട്.പിന്നെപിന്നെ അളവുകോലവനൊടിച്ചൊടിച്ച് അരമീറ്ററാക്കിയതു ഞാനറിഞ്ഞില്ല കുമാരാ.ഞാന്‍ നോക്കുമ്പോള്‍ അളവിനു കറക്ടായിരുന്നു കുഴികളെല്ലാം.അവനെ എന്റെ കയ്യിക്കിട്ടും".

ദേക്ഷ്യത്തോടെ പിറുപിറുത്തുകൊണ്ട് ശിവേട്ടന്‍ നടന്നുപോയപ്പോള്‍ അതിര്‍ത്തിയില്‍ ഒരു തര്‍ക്കവസ്തുവായി നിലകൊണ്ടുകൊണ്ട് നിരവധി വഴക്കുകള്‍ക്കു കാരണമായ ഒരു വലിയ പറങ്കിമാവു മുറിയ്ക്കുന്നതിനുള്ള കൊട്ടേഷനേറ്റെടുക്കുകയായിരുന്നു ഉദയനപ്പോള്‍.

Monday, February 22, 2010

ദശരഥന്റെ വില്ലൊടിച്ചതാര് ????

"ഡി.ഇ.ഓ ആണു വരുന്നതു.എന്റെ മക്കളേ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ.സാര്‍ എന്തെങ്കിലും ചോദിച്ചാല്‍ മണിമണിപോലെ ഉത്തരം പറയണം.എന്റെ പണി കളയിക്കരുതു".

കുട്ടികള്‍ എല്ലാം തലയാട്ടി.

ബാലന്‍ മാഷുടെ പേടിയപ്പോഴും മാറിയില്ല.ഹെഡ്മാസ്റ്ററാണെന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല.ഒറ്റയെണ്ണം ഒരു വക അനുസരിക്കത്തില്ല.സാറമ്മാരും കണക്കു തന്നെ പുള്ളേരും കണക്കു തന്നെ.എല്ലാ ക്ലാസ്സിലും കേറിയെറങ്ങി പറഞ്ഞിട്ടുണ്ട്. ക്ലാസ്സിലു വരാതിരുന്ന സകലതിനേയും വീടുകളില്‍ പോയി പിടിച്ചു കൊണ്ടുവന്നതാണു. ഹനുമാനേ കൊഴപ്പമൊന്നുമുണ്ടാകാതെ നോക്കിക്കോളണേ.ഒരു വസ്തുവും അറിഞ്ഞുകൂടാത്ത പിള്ളേരാണു.സാറെന്തെങ്കിലും ചോദിച്ചാല്‍ എന്തു തര്‍ക്കുത്തരമാണു പറയുന്നതെന്നു ഒടേതമ്പുരാനുമാത്രമേയറിയൂ.നീ തന്നെ തുണ.മാഷ് മനസ്സില്‍ ഹനുമാനെ നമിച്ചു.പുള്ളിയുടെ ഇഷ്ടദേവനാണു ഹനുമാന്‍.സാറും ഏകദേശം അതുപൊലെയൊക്കെതന്നെ.

............

ഓഫീസ്സിലേയ്ക്കു വരുന്ന ഡി.ഇ.ഓയുടെ മുഖം കണ്ടപ്പോള്‍ തന്നെ ബാലമ്മാഷിന്റെ പാതി ഉയിര്‍ പോയി.എന്തോ കുഴപ്പമൊണ്ട്.വന്നപാടേ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് ദേക്ഷ്യത്തോടുകൂടിയിട്ടശേഷം ഡി.ഇ.ഓ ബാലമ്മാഷിനോടായി ചൊദിച്ചു.

"എന്താ മാഷേ ഇതെല്ലാം.ഇങ്ങനെയാണോ കുട്ടികള്‍ക്കു ക്ലാസ്സെടുക്കുന്നത്.അഞ്ച് ബി യിലെ മാഷ് രാമന്റെ വനവാസത്തെക്കുറിച്ചു ക്ലാസ്സെടുക്കുകയായിരുന്നു. ദശരഥമഹാരാജാവിന്റെ കൊട്ടാരത്തിലുണ്ടായിരുന്ന വില്ല് ഒടിച്ചതാരാണെന്നു ഞാന്‍ ഒരു കുട്ടിയോടു ചോദിച്ചു.അതിനവന്‍ പറഞ്ഞതെന്തായിരുന്നെന്നോ.അവന്‍ ഒടിച്ചില്ല ചെലപ്പം സുരേഷായിരിക്കുമെന്നു.ഞാന്‍ ക്ലാസ്സെടുത്തുകൊണ്ടിരുന്ന മാഷിനോടു ചോദിച്ചപ്പോള്‍ അയാളു പറയുവാണു എന്റെ കുട്ടികളാരും അങ്ങിനെ ചെയ്യില്ല. അതു വേറെയാരെങ്കിലും ചെയ്തതായിരിക്കുമെന്നു.എന്താ ഇതിന്റെയൊക്കെയര്‍ഥം".


ഡി.ഇ.ഓയുടെ മുമ്പില്‍ ബാലന്‍ മാഷ് ഒന്നും മനസ്സിലാവാതെ നിന്നു.ഈശ്വരാ ഏതു കുരുത്തം കെട്ടവമ്മാരാരാണാവോ അതൊടിച്ചതു.എവമ്മാരെക്കൊണ്ട് തോറ്റല്ലോ.ഇനിയിപ്പം എന്തു ചെയ്യും.

"സാര്‍ ക്ഷമിയ്ക്കണം പുള്ളേര്‍ക്കാര്‍ക്കെങ്കിലും ഒര‍ബദ്ധം പറ്റിയതായിരിക്കും.ആരാണു വില്ലൊടിച്ചതെന്നിന്നു വൈകുന്നേരത്തിനുള്ളില്‍ കണ്ടുപിടിച്ചു അറിയിക്കാം". വിനീതവിധേയനെപോലെ താണുവണങ്ങിനിന്നുകൊണ്ട് ഹെഡ്മാസ്റ്റര്‍ പറയുന്നതുകേട്ട് ഡി.ഇ.ഓയുടെ തലകറങ്ങി.ദൈവമേ ഇതേപോലുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതിയെന്താവും.ഇതിനൊരു പരിഹാരം കണ്ടിട്ടേയുള്ളു മറ്റെന്തും.ഡി.ഇ.ഓ ഉടന്‍ തന്നെ ഫോണെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറെ കാര്യം ധരിപ്പിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ തന്നെ വകുപ്പുമന്ത്രിക്കു വിവരം കൈമാറി.

ഉറക്കപ്രാന്തിലായിരുന്ന മന്ത്രി വാര്‍ത്തകേട്ടതും പിടഞ്ഞെഴുന്നേറ്റു.എന്തു വില്ലൊടിച്ചെന്നോ ഇതങ്ങനെ വിട്ടാല്‍ പറ്റില്ല.പ്രതിപക്ഷക്കാര്‍ക്കെന്തെങ്കിലും കിട്ടാനായികാത്തിരിക്കുകയാണു.മന്ത്രി ഉടന്‍ തന്നെ ഡി.ജി.പിയെ വിളിച്ചു.

"എടോ ഡി.ജി.പി അറിയാമല്ലോ.ഇക്കാര്യമെങ്ങാനും പുറത്തറിഞ്ഞാല്‍ മന്ത്രിസഭയുടെ ഭാവി തകരും.അതുകൊണ്ട് ഇന്നിരുട്ടുന്നതിനുമുമ്പ് എനിക്കറിയണം ആരാണതു ചെയ്തതെന്നു.ഉടന്‍ തന്നെ അവനെ കണ്ടെത്തണം".

"ശരി സാര്‍.ഇന്നു തന്നെ അവനെ പൊക്കിയിരിക്കും.സാര്‍ ധൈര്യമായിട്ടിരിക്കണം.എന്തെങ്കിലും വെവരമൊണ്ടെങ്കില്‍ ഞാന്‍ വിളിക്കാം.ഓ.ക്കെ സാര്‍".ഫോണ്‍ വച്ച ഡി.ജി.പി ഉടന്‍ തന്നെ കേസന്യോഷിക്കാനായി സ്ഥലം സര്‍ക്കിളിനെ ചുമതലപ്പെടുത്തി.

"ഈ കേസ്സ് എന്റെ പ്രസ്റ്റീജിന്റെ പ്രശ്നമാണു.ഇന്നു വൈകിട്ട് കൃത്യം അഞ്ചുമണിയ്ക്കു താന്‍ എന്നെ വിളിച്ചിരിക്കണം".

ഡി.ജി.പി. യുടെ ആജ്ഞ കേട്ടു തലകുലുക്കിക്കൊണ്ട് ബഹുമാനപ്പെട്ട സര്‍ക്കില്‍ തന്റെ ഇന്‍വെസ്റ്റിഗേഷനാരംഭിച്ചു.

.......................

സമയം കൃത്യം അഞ്ചുമണി

ടെലിഫോണിനു മുമ്പില്‍ അക്ഷമനായിരുന്ന ഡി.ജി.പി. യുടെ മനസ്സു തണുപ്പിച്ചുകൊണ്ട് സര്‍ക്കിളിന്റെ വിളിയെത്തി.

"യേസ് സാര്‍.പിടിച്ചുസാര്‍.എന്റെ കയ്യില്‍ നിന്നവന്‍ രക്ഷപ്പെടുമോ.മറ്റാരുമല്ല സാര്‍.അഞ്ച് A യില്‍ പഠിക്കുന്ന ഒരുത്തനാണതു ചെയ്തതു.നല്ല രണ്ടു പെട കൊടുത്തപ്പം അവനാണൊടിച്ചതെന്നു സമ്മതിച്ചു സാര്‍.കക്ഷി ഇപ്പോല്‍ ലോക്കപ്പിലുണ്ട്".

അത്യന്തം ആശ്വാസത്തോടെ ഫോണ്‍ വച്ച ഡി.ജി.പി മന്ത്രിയെ വിവരം ധരിപ്പിക്കാനായി മൊബൈലെടുത്തു......


ശുഭം....

Sunday, February 21, 2010

ഉടനെ ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ....

തിലകവിവാദം ജോറാവുന്ന എല്ലാ ലക്ഷണവുമുണ്ട്.തിലകനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരെത്തിക്കഴിഞ്ഞു.ദേ ഒടുവില്‍ പ്രസംഗകലയുടെ ഉസ്താദും എത്തിക്കഴിഞ്ഞു.ഇപ്പോള്‍ തിലകന്‍ പ്രശ്നമെന്നതില്‍ നിന്നും കാര്യങ്ങള്‍ മറ്റൊരു തലത്തിലേയ്ക്കു വളരുകയാണു.നമ്മുടെ പ്രീയതാരം മോഹന്‍ ലാല്‍ കലയിലൂടെ ആര്‍ജ്ജിച്ച കഴിവിന്റേയും ജനപിന്തുണയുടേയും 50 ശതമാനം സ്വര്‍ണ്ണാഭരണശാലയുടെ വില്‍പ്പനച്ചരക്കാക്കുകയാണെന്നും മാത്രമല്ല ഈ പ്രായത്തില്‍ അദ്ധേഹം പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് അത്യന്തം അശ്ലീലവും അരോചകവുമാണെന്നും ശ്രീ സുകുമാര്‍ അഴീക്കോടു പറഞ്ഞിരിക്കുന്നു.മോഹന്‍ ലാല്‍ മമ്മൂട്ടിയെ സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചതില്‍ നിന്നും മമ്മൂട്ടി തിലകനെതിരെ എന്തോ ചെയ്തിട്ടുണ്ടെന്ന്‍ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും തിലകന്‍ വിവാദം അടുത്ത സൂര്യോദയത്തിനുമുമ്പായി ഒത്തുതീര്‍പ്പാക്കിക്കൊള്ളണമെന്നും ശക്തവും വ്യക്തവുമായ ഭാഷയില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

എന്നാല്‍ അഴീക്കോടിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നുപറഞ്ഞുകൊണ്ട് സംവിധായകന്‍ രണ്‍ജിത്ത് രംഗത്തെത്തിക്കഴിഞ്ഞു.ഇനിയും ഒരുപാടുപേര്‍ വരാനുണ്ട്.തെറിവിളിയും ഭീഷണിയും ഊമക്കത്തും ചെളിവാരിയെറിയലും..ഹ ഹ...നമുക്കു കാത്തിരിക്കാം.നല്ല രസകരമായ അനുഭവങ്ങള്‍ക്കായി.ഒക്കുമെങ്കില്‍ മലയാളസിനിമയുടെ പതിനാറടിയന്തിരത്തില്‍ വളരെ താമസിയാതെ പങ്കുകൊള്ളുകയും ചെയ്യാം.

Thursday, February 18, 2010

തിലകനെതിരെ

മലയാള സിനിമയിലെ പ്രശ്നങ്ങള്‍ അടുത്തകാലത്തൊന്നും അവസാനിക്കുന്ന മട്ടില്ല.ദേ ഒടുവില്‍ അമ്മയും ഫെഫ്കയും ചേര്‍ന്നു തിലകനെ പുറത്താക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.തിലകനെതിരെ അനന്തരനടപടികള്‍ സ്വീകരിക്കുന്നതിനായി അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ ഒരു അച്ചടക്കസമതിയുണ്ടാക്കിയിരിക്കുന്നു.ഇടവേള ബാബു,കുഞ്ചന്‍,ജനാര്‍ദ്ധനന്‍,ടി.പി മാധവന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.ഇവര്‍ എല്ലാപേരും കൂടി പ്രശ്നങ്ങള്‍ പഠിച്ച് അടുത്ത മഴക്കാലത്തിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിനുശേഷം ചിലപ്പോള്‍ തിലകനെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതുമായിരിക്കും.അമ്മയിലെ ചില പ്രധാനികളുടെ കാല്ക്കല്‍ വീണു സമസ്താപരാധങ്ങളും പൊറുത്ത് മാപ്പ് തരണമെന്നപേക്ഷിച്ചാല്‍ ശിക്ഷ ചിലപ്പോള്‍ ഇളവുചെയ്തു ജീവപര്യന്തമാക്കിയേക്കും എന്നുമറിയുന്നു.എന്നാല്‍ ഈ വെരട്ടൊന്നും തന്റടുത്തു നടക്കില്ലെന്നും താന്‍ മാപ്പും ഒരുകോപ്പും പറയാനുമുദ്ധേശിക്കുന്നില്ലെന്നും തിലകന്‍ പറഞ്ഞു.

അമ്മയും ഫെഫ്ക്കയും കൂടി കുറച്ചുകഴിയുമ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത നടമ്മാരുടെ സിനിമ കാണാന്‍ പോകുന്ന പാവം പ്രേക്ഷകരെ ഊരുവിലക്കുന്ന കാലം വരുമായിരിക്കും.അന്നിനി ആരുടെയൊക്കെ മുമ്പില്‍ കുമ്പിടണമെന്റെ ദൈവമേ.....

Wednesday, February 17, 2010

സുഗുണന്റെ സങ്കടങ്ങള്‍

"എടാ സുഗുണാ നീ ഇങ്ങിനെ ദെവസോം കള്ളും കുടിച്ചേച്ച് വീട്ടിച്ചെന്ന്‍ വഴക്കുണ്ടാക്കുന്നതെന്തിനാ.ഇന്നലേയും വലിയ ബഹളമായിരുന്നല്ലോ.നിനക്കിതൊന്നു നിര്‍ത്തിക്കൂടെ."

"എന്റെ പൊന്നു മനോഹരാ.നിനക്ക് എന്തറിയാം.എന്റെ വെഷമം മാറാനാടാ ഞാനടിയ്ക്കുന്നതു.ഇന്നലെ മേടിച്ച പൈന്റില്‍ അവളുടെ ക്വാട്ട കൊറഞ്ഞുപോയെന്നും പറഞ്ഞവളുണ്ടാക്കിയ ബഹളമായിരുന്നത്.മുമ്പ് അരഗ്ലാസ്സ് മാത്രമടിച്ചിരുന്ന അവളിപ്പം അരക്കുപ്പി അടിക്കുമെടേ.ഇക്കണക്കിനുപോവുകയാണെങ്കി ഞാന്‍ ദെവസോം ഒരു ഫുള്ളു മേടിക്കേണ്ടി വരുമെന്നാ തോന്നുന്നത്.ഭാഗ്യത്തിനു ചെക്കന്‍ തൊടങ്ങാറായിട്ടില്ല."

"കൊള്ളാം നല്ല ഫാമിലി തന്നെ .എടാ നിനക്കു കള്ളുകുടിക്കുന്ന പൈസയ്ക്കു വല്ല പാലോ മറ്റോ വാങ്ങിക്കുടിച്ചുകൂടെ.ശരീരത്തിനെങ്കിലും പിടിക്കുമല്ലോ"

"ഹും ഡെയ്ലി നൂറ്റിപത്തുരൂപയുടെ പാലുവേടിച്ചു കുടിച്ചിട്ടുവേണം ഞാന്‍ വയറെളക്കം പിടിച്ചു ആശൂത്രീന്നെറങ്ങാതെ കെടക്കാന്‍. നീ ആളു കൊള്ളാമല്ലോടാ".

"അല്ല ഇപ്പോ എങോട്ടു പോകുവാ നീ."

"വക്കീലിനെ കാണാന്‍ .പതിനാറിന് കേസല്ലേ.പോയി കണ്ടുകളയാം.ഇനി ആ പടയ്ക്ക് എത്ര കാണിക്കയിടണമോ ആവോ"

"ഏതു കേസിന്റെ കാര്യമാ സുഗുണാ നീയിപ്പറയുന്നതു.വീണ്ടും വല്ല അടിപിടിയുമുണ്ടാക്കിയോ"

"ശ്ഛേ..നാണമില്ലേടെ നെനക്കെന്നോടിങ്ങനെ ചോയിക്കാന്‍.അടിപിടിപോലും.മൊത്തത്തില്‍ മൂന്നാല് കേസുണ്ട്.ചാവുന്നതിനുമുമ്പ് വിധി വന്നാ മതിയായിരുന്നു."

"അതിനു തക്ക എന്തു കേസാടാ നീ ഉണ്ടാക്കിയത്"

"ഞാനോ.എടാ എന്റെ അരപ്പാതിയുണ്ടാക്കിയതാ.ഒരുദിവസം ഞാനുമായി വഴക്കുകൂടിയിട്ട് ഇപ്പം കാണിച്ചുതരാമെന്നു പറഞ്ഞിട്ടവള്‍ ട്രയിനിനുമുമ്പീച്ചാടി.ഒരു മെനക്കെടുത്തൊഴിവാകട്ടെയെന്നു കരുതി ഞാന്‍ തടയാനൊന്നും പോയില്ല.അതിന്റെ ഭലമാണ് ഞാനിപ്പോ അനുപവിക്കുന്നത്".

"വണ്ടി തട്ടി നല്ല പരിക്കുപറ്റിക്കാണുമല്ലേ"

"പറ്റും പറ്റും ആ വണ്ടി അവട മേത്തെങ്ങാനും മുട്ടിയിരുന്നെങ്കി.ഹൊ.എന്റെ കഷ്ടകാലത്തിനു ആ ഡ്രൈവര്‍ തെണ്ടികണ്ടു വണ്ടി ബ്രേക്കിട്ടു നിര്‍ത്തി.നമുക്കോരോന്നാഗ്രഹിക്കാനല്ലേ പറ്റൂ".

"എന്നിട്ട് "


"എന്നിട്ടെന്താവാന്‍ .വൈകുന്നേരത്തിനുള്ളില്‍ മൊത്തം നാലു കേസു നിലവില്‍ വന്നു.ഒന്ന്‍ റെയിപ്പാളം കയ്യേറിയെന്നും പറഞ്ഞ്.മറ്റൊന്നു ട്രയിന്‍ തടഞ്ഞെന്നും പറഞ്ഞ്.മൂന്നാമത്തേത് ആത്മഹത്യാശ്രമത്തിനു.ആത്മഹത്യാപ്രേരണഎന്നും പറഞ്ഞ് എനിക്കുമൊരെണ്ണം . ഇപ്പം മാസത്തില്‍ പകുതി ദെവസോം കോടതിയില്‍ തന്നെ പൊന്നപ്പീ.ഇതീക്കൂടുതല്‍ ഇനി എന്തു പറ്റാന്‍.സംസാരിച്ചു നിക്കാന്‍ സമയമില്ല. പോയിട്ടുവന്നുവേണം വൈകുന്നേരത്തേയ്ക്കുള്ളതിന് വഴികാണുവാന്‍.അല്ലെങ്കി ഇന്നും പൂരമായിരിക്കും......"......

Thursday, February 11, 2010

നാട്ടിന്‍പുറം ........കളാല്‍ സമൃദ്ധം

"എടീ ജാനു നീയറിഞ്ഞില്ലേ നമ്മുടെ ശാന്തയുടെ മോളെ കാണാനില്ലെന്നു.ഇന്നലെ എന്തോ പരീക്ഷ എഴുതാനെന്നും പറഞ്ഞു പോയതാ.ഇന്നിതേവരെ വന്നിട്ടില്ല.".

"ഒള്ളതാണോ ചേച്ചി.ആരുടെ കൂടെയെങ്കിലും പോയതായിരിക്കും.എന്തായാലും അവളുടെ അഹങ്കാരം ഇതോടെ തീരുമല്ലോ.അല്ലെങ്കിലും ചാന്തയ്ക്കിതുതന്നെ വരണം.എന്തായിരുന്നു
പൊങ്ങല്.തറേവയ്ക്കാതെ കൊണ്ടു നടന്നതല്ലേ അനുപവിയ്ക്കട്ട്".

"ആ പെണ്ണിനു നമ്മട സരോജിനീട മോനുമായിട്ടെന്തോ ചുറ്റിക്കളിയുണ്ടായിരുന്നു.ഞാന്‍ പലപ്പോഴും കണ്ടിട്ടൊണ്ടെന്നേ.രണ്ടും കൂടി ഒരുമിച്ചു സംസാരിച്ചും ചിരിച്ചും വരുന്നത്".

"ഹും കണ്ടാ പറയ്യോ.ഒരു പഞ്ചപ്പാവം.കയ്യിലിരുപ്പ് ആര്‍ക്കറിയാം.ആട്ടെ ആ ചെക്കനിവിടൊണ്ടോ"

"അതല്ലേ രസം അവനിന്നലെ ഒരു കൂട്ടുകാരന്റെ വീട്ടിപ്പോണെന്നും പറഞ്ഞുപോയത്രേ.രണ്ടുംകൂടെ വച്ചുനോക്കുമ്പം എനിയ്ക്കു തോന്നുന്നത് അവര് കുടുംബം തൊടങ്ങിക്കാണുമെന്നാ"

"ഹൊ.ഒന്നിനെ എറക്കിവിടണകാര്യം അങ്ങിനെ ചാന്തയ്ക്കു ലാഭമായി".ഇനിയൊന്നുണ്ടല്ലോ.ഒരു ചുന്ദരിക്കോത.അവളും വല്ലവനേം നോക്കിവച്ചിട്ടുണ്ടാവും."

"നമ്മുടെ പഞ്ചായത്തുമെംബറും രണ്ടുമൂന്നുപേരും കൂടി പട്ടണത്തില്‍ തെരക്കാനെന്നും പറഞ്ഞ് പോയിട്ടുണ്ട്."

"ഹോ എന്റെ ചേച്ചി ഇനി തെരക്കിപ്പോവാത്ത കൊറവേയുള്ളു. കൊറച്ചുദിവസം കഴിയുമ്പം അവരു തിരിച്ചുവരും.അത്ര തന്നെ"

"എടി ജാനു നിന്റെ മോള് ഇപ്പോഴും തയ്യലു പഠിയ്ക്കാന്‍ പോകുന്നുണ്ടോ.ഒരു കണ്ണു വച്ചോ.ഇപ്പോഴത്തെ പുള്ളേരെയൊന്നും വിശ്വസിക്കന്‍ പറ്റില്ല".

"അതെന്താ വസന്തേച്ചി അതിന്റെടയ്ക്കൊരു കുത്ത്.എന്റെ മോളെ ഞാന്‍ മര്യാദയ്ക്കാ വളര്‍ത്തുന്നത്".

"നീ പെണങ്ങാതെടീ ഞാന്‍ ചുമ്മാ പറഞ്ഞതാ.നീ വാ നമുക്ക് ചാന്തയുടെ വീടുവരെ ഒന്നു പോകാം.അല്ലെങ്കി അവളെന്തുവിചാരിയ്ക്കും"

"ഓ ഞാനില്ല.എനിക്കു കൊറച്ചു പണിയുണ്ട്.കൊറച്ചുകഴിഞ്ഞ് ഒന്നു പോവാം.ഇപ്പം ചേച്ചിപോയേച്ചുവാ"
................................

"നീ വെഷമിയ്ക്കണ്ട ചാന്തേ.അവള് വരും. എന്തായാലും നമ്മുടെ മെംബറും മറ്റുമൊക്കെ തെരക്കിപ്പോയിരിക്കുവല്ലേ.അവരു വരട്ടെ ആദ്യം."

"എന്നാലും വസന്തേച്ചീ സമയമിത്രയായില്ലേ"

"അവളെവിടെ പോവാനാ.പരീക്ഷകഴിഞ്ഞിട്ട് വണ്ടികിട്ടിക്കാണത്തില്ല.രാവിലെ ഇങ്ങുവരും. അതൊന്നും നീ കാര്യമാക്കണ്ട.എന്തായാലും മെംബറും മറ്റും വരട്ടെ എന്നിട്ടു തീരുമാനിക്കാം.നീ വെഷമിച്ചിരിക്കാതെ വല്ലതും കുടിയ്ക്കാന്‍ നോക്ക്.എന്നാപ്പിന്നെ ഞാനെറങ്ങുവാണ്.രാവിലെ വീട്ടീന്നെറങ്ങിയതാ.പിന്നെ വരാം".

.............

"അല്ല ഇതാരു ജാനുവോ.നീ ഈ രാവിലെ ഇതെവിടെപോയിട്ട് വരേണ്".

"ഒന്നും പറയണ്ട ശാരദേ.നമ്മുടെ ചാന്തേട വീടുവരെ ഒന്നുപോയി.അവട മോള് ഇന്നലെ പോയിട്ട് ഇതേവരെ വന്നിട്ടില്ല.ആരാന്റെകൂടെ ഒളിച്ചോടിയെന്നൊക്കെ പറയുന്നുണ്ട്".

"ങ്ഹേ..സത്യമാണോ.ശ്ശോ കഷ്ടമായിപ്പോയല്ലോ.ആ കൊച്ച് ഒത്തിരി നല്ല കൂട്ടത്തിലാണെന്നാണല്ലോ കരുതിയിരുന്നത്.എന്നിട്ട്.."

"ഇപ്പഴത്തെ പുള്ളെരെപ്പറ്റി ഒന്നും വലിയ കിനാവുകാണണ്ട.തരം കിട്ടിയാ വേലിചാടും. ഹൊ സംസാരിച്ചു നിക്കാന്‍ സമയമില്ല.രാവിലെ വീട്ടീന്നെറങ്ങിയതാ.പെണ്ണിനിന്നു

ക്ലാസ്സൊണ്ട്.ഞാനങോട്ട് ചെല്ലട്ട്".

...............

"അല്ല ഇതാര് മെംബറോ.എന്തായി വല്ല വെവരോം കിട്ടിയാ"

കിട്ടി കിട്ടി. പെണ്ണ്‍ ആശൂത്രിയില്‍ കെടക്കുവാ.ഇന്നലെ പരീ​ക്ഷകഴിഞ്ഞുവരുമ്പം ഒരു കാറു മേത്തുമുട്ടി.ചെറിയ പരിക്കേയുള്ളു.ഇന്നു തന്നെ ഡിസ്ചാര്‍ജാക്കാമെന്നാ ഡോക്ടര്‍

പറഞ്ഞത്.ഞാന്‍ ശാന്തയെ അറിയിക്കട്ടേ.അവളു പേടിച്ചിരിക്കുവായിരിക്കും".

അതേയതെ.എന്നാലും ഈ നാട്ടുകാരുടെ ഒരു കാര്യം.അതിനെടയ്ക്കു എന്തെല്ലാം പറഞ്ഞൊണ്ടാക്കി.ഒളിച്ചൊടിയെന്നോ നാടുവിട്ടെന്നോ.ഹൊ ഒന്നും പറയണ്ട.ഞാനപ്പോഴേ പറഞ്ഞു.ആ

കൊച്ച് അങ്ങിനെയുള്ളവളല്ല.ചാന്ത നല്ല അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്തുന്നതാണെന്നൊക്കെ.ആരു കേക്കാന്‍.എന്നാപ്പിന്നെ ഞാനങോട്ടു ചെല്ലട്ടെ മെംബറേ.രാവിലെ വീട്ടീന്നെറങ്ങിയതാ."

...........

"എടീ മായേ. ഈ നശിച്ചവളെവിടെപ്പോയികെടക്കേണു രാവിലെ.ഇന്നു ക്ലാസ്സൊണ്ടെന്നു പറഞ്ഞതല്ലേ.എന്നിട്ടു രാവിലെ തന്നെ തെണ്ടാന്‍ പോയോ.അയ്യോ ഇതെന്താ ഈ അലമാര

തൊറന്നുകെടക്കണത്.ങ്ഹേ.ഇതിലിരുന്ന സ്വര്‍ണ്ണോം പണവുമൊക്കെ.ചതിച്ചോ ദൈവമേ...............

പ്തോം....വെട്ടിയിട്ടപോലെ ജാനു നിലത്തേയ്ക്കുവീണു.

മേശപ്പുറത്തപ്പോഴും ഒരു കഷണം കടലാസ് വായിക്കപ്പെടുന്നതിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.


ശുഭം..............

Monday, February 8, 2010

ജയന്റെ വീരകൃത്യങ്ങള്‍-ആരംഭകാണ്ഡം

ജയനെക്കുറിച്ചെഴുതുവാന്‍ തുടങ്ങി‍യാല്‍ അതിനൊരു അന്തമുണ്ടാവില്ല എന്നതു സത്യമാണു.അവന്റെ കഥ അത്രപെട്ടെന്നൊന്നും പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല.അതു മഹാഭാരതം പോലെ നീണ്ടു നിവര്‍ന്നു കിടക്കുവാണു.എന്നെക്കാളും നാലഞ്ച് വയസ്സിനു മൂത്തതാണു ജയന്‍.അവിവാഹിതന്‍ കാണാനും പൊടിയ്ക്കു സുന്ദരന്‍.അല്‍പ്പസൊല്‍പ്പം പാട്ടും മറ്റുമൊക്കെയുണ്ട്.നല്ല ഒന്നാന്തരം ഡ്രൈവറാണാശാന്‍.പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.തരികിട മാത്രമേ പുള്ളിക്കാരന്റെ കയ്യിലുള്ളു.‍ വെള്ളമടിയില്‍ ഉസ്താദും ആരെയും പറ്റിയ്ക്കുന്നതില്‍ അസാമാന്യ വിരുതനുമായ ജയന് എടയ്ക്കെടയ്ക്കു നല്ല പെട കിട്ടാറുമുണ്ട്.പക്ഷേ എന്താണെന്നറിയില്ല നാട്ടിലെല്ലാപേര്‍ക്കുമവനോടു ഒരിഷ്ടമുണ്ടായിരുന്നു.ആരെയും പറഞ്ഞുവിശ്വസിപ്പിക്കുന്നതിന് ഒരു പ്രത്യേക കഴിവുതന്നെയുണ്ടവനു.ആരെങ്കിലും എന്തെങ്കിലും കാര്യത്തിനു ജയനെ ഇന്നു സമീപിച്ചാല്‍ നാളെമുതല്‍ അവനെ തല്ലുവാന്‍ തിരഞ്ഞു നടക്കും.അത്രയ്ക്കു തങ്കപ്പെട്ട ജയന്റെ ചില വീരകൃത്യങ്ങളാവട്ടെ ഇപ്രാവശ്യം.

എന്റെ അടുത്ത കൂട്ടുകാരനായ രാജുവിന്റെ അണ്ണന്റെ കല്യാണം. വളരെമുമ്പേ തന്നെ ഞങ്ങളെല്ലാം പ്ലാന്‍ ചെയ്തു.ഞങ്ങളെന്നു വച്ചാല്‍ ഞാന്‍,രാജു,കൊച്ചനി,ബാബു,വിനോദ് പിന്നെ മറ്റു രണ്ടു സുഹൃത്തുക്കളും.നേതാവ് ജയന്‍ തന്നെ.അതില്‍ മാറ്റമില്ല. ഞങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം മുതിര്‍ന്നതു അവന്‍ മാത്രമേയുള്ളു.കല്യാണത്തിന്റെ തലേദിവസം എല്ലാകാര്യങ്ങള്‍ക്കും മുന്‍പില്‍ ഞങ്ങളുണ്ടായിരുന്നു.സന്ധ്യമയങ്ങിത്തുടങ്ങിയപ്പോഴേ ജയന്‍ സ്ഥലം വിട്ടു.മറ്റൊന്നിനുമല്ല."മറ്റവനെ" ഒപ്പിക്കുവാന്‍.അതിനുള്ള കാശ് വളരെ കഷ്ടപ്പെട്ട് നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.ജയന്‍ വരാന്‍ താമസിക്കുംതോറും ടെന്‍ഷന്‍ തുടങ്ങി.രാത്രി എട്ടുമണിയോടുകൂടി ജയന്‍ മടങ്ങിയെത്തി.സാധനം ഭദ്രമായിട്ടുണ്ട് എന്ന സിഗ്നല്‍ കിട്ടിയപ്പോഴാണാശ്വാസമായതു.പതിയെ ഞങ്ങളോരോരുത്തരായി സ്കൂട്ടായി അമ്പലത്തിനടുത്തേയ്ക്കുപോയി.അമ്പലത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരി രണ്ടുമൂന്നു പ്ലാസ്റ്റിക് ഗ്ലാസ്സുകളിലായി ചെറുതായി പിടിപ്പിക്കാനാരംഭിച്ചു.നിര്‍ദ്ദേശങ്ങള്‍ തരുവാനും ഒഴിക്കുവാനും മുന്‍പില്‍ ജയന്‍ തന്നെ.പുള്ളി രണ്ട് വട്ടമടിയ്ക്കുമ്പോല്‍ നമ്മള്‍ ഒരുവട്ടം.ഏകദേശം ഒരുകുപ്പി തീരാറായപ്പോള്‍ ജയനെഴുന്നേറ്റു.കൂടെ രണ്ടുപേരും.

ഭാസ്ക്കരന്‍ മാമന്റെ പണയില്‍ തലേദിവസം തന്നെ കണ്ടുവച്ചിരുന്ന ഒരു കുല കരിക്കടക്കുവാനുള്ള പോക്കാണു.അല്ലേലും രണ്ടു കരിക്ക് കുടിയ്ക്കുന്നത് നമ്മുടെ പതിവാണു.അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ വെടിച്ചില്ലുപോലെ പാഞ്ഞുവരുന്ന ജയനെയും കൂട്ടരേയും കണ്ട് ബാക്കിയുള്ളവര്‍ ചാടിയെഴുന്നേറ്റു.

ദൂരെനിന്നേ ജയനലറി "ഓടിയ്ക്കോടാ".പിന്നത്തെ കാര്യം പറയണ്ട.പകലുപോലും ഇത്ര സ്പീഡില്‍ ആരും ഓടില്ല.ആരെല്ലാം ഏതെല്ലാം വഴിയ്ക്കോടിയെന്നു ദൈവത്തിനുമാത്രമേയറിയൂ. എന്തായാലും കുറച്ചുസമയത്തിനുശേഷം ഒന്നൊന്നായി പഴയസ്ഥലത്തെത്താന്‍ തുടങ്ങി.

ഒരു ഗ്ലാസ്സ് നിറച്ചൊഴിച്ച് ഒറ്റവലിയ്ക്കകത്താക്കിയശേഷം ജയന്‍ പുല്ലില്‍ കമിഴ്ന്നുകിടന്നുകൊണ്ട് രാജുവിനോടു പറഞ്ഞു.

"മുതുകിലൊന്നു നോക്കിയേടാ.എന്റമ്മേ എന്തൊരു വേദന.

"നല്ല നീളത്തില്‍ തിണര്‍ത്തുകിടക്കുന്ന ഒരു പാട്.

സംഭവമെന്താണു.

കല്യാണം പ്രമാണിച്ചു തന്റെ കരിക്കിന്‍കുലകള്‍ അടിച്ചുകൊണ്ട് പോകുമെന്നു മുന്‍കൂട്ടികണ്ട ഭാസ്ക്കരന്‍ മാമന്‍ ഒരു വടിയുമായി പണയില്‍ ഒളിച്ചിരുന്നു.ഇതറിയാതെ ചെന്ന ജയന്‍ തെങ്ങില്‍ പിടിച്ചതും അടിവീണതും ഒരുമിച്ചായിരുന്നു.അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഒന്നു പകച്ചെങ്കിലും ആളിനെ പിടികൊടുക്കാതെ ജയന്‍ പറപറന്നു.കൂടെയുള്ളവരും.

"ഭാഗ്യത്തിനാണു പിടിയ്ക്കപ്പെടാതിരുന്നത്.സാരമില്ല കെളവനു ഞാന്‍ പണികൊടുക്കുന്നുണ്ട്".പിറുപിറുത്തുകൊണ്ട് ജയന്‍ എഴുന്നേറ്റിരുന്നു.

വീണ്ടും ഗ്ലാസ്സുകല്‍ നിറയാന്‍ തുടങ്ങി.

മൂഡായപ്പോള്‍ രാജു താമസമെന്തെ പാടുവാന്‍ തുടങ്ങി.അവന്റെ ഫേവറിറ്റാണത്.ജയനും ഞാനും എല്ലാം കൂടെകൂടി.

പെട്ടന്ന്‍ ജയനെഴുന്നേറ്റു.ആശാന്‍ ചെറുതായി ആടുന്നുണ്ട്.

"മതി മതി എഴുന്നേറ്റേ.ഇനി നമുക്കു കല്യാണവീട്ടിലോട്ടുപോകാം.അവിടത്തെ കാര്യമെല്ലാം കഴിഞ്ഞശേഷം ബാക്കി പിന്നീട്.പിന്നൊരു കാര്യം.നമ്മളു കള്ളുകുടിച്ചിട്ടുണ്ടെന്നു അവിടെ ആര്‍ക്കും മനസ്സിലാവരുതു.ചെന്നു എന്തെങ്കിലും അലമ്പുണ്ടാക്കിയാല്‍ എല്ലാമെന്റെ കയ്യില്‍ നിന്ന്‍ മേടിയ്ക്കും.നമ്മള്‍ ഡീസന്റായിരിക്കണം.ഓ.കേ."

എല്ലാപേരും വരിവച്ച് വീണ്ടും കല്യാണവീട്ടിലേയ്ക്കു നടന്നു.അവിടെ ഊണ് നടക്കുകയാണ്.വീണ്ടും ഞങ്ങള്‍ സഹായികളുടെ റോള്‍ ഏറ്റെടുത്തു.

അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പന്തലിനുള്ളില്‍ ഒരു ബഹളവും എന്തൊക്കെയോ മറിഞ്ഞുവീഴുന്നതിന്റെ ഒച്ചയുമുയര്‍ന്നു.

മറ്റുള്ളവരോടൊപ്പം അവിടേയ്ക്കു ഓടിയെത്തിയ ഞങ്ങള്‍ കണ്ട കാഴ്ച....

സാമ്പാറും ചോറുമെല്ലാം തട്ടിമറിച്ച് നല്ല മനോഹരമായ ഒരു വാളും വച്ച് അതിന്റെ പുറത്ത് ചുരുണ്ട് കിടക്കുന്ന നമ്മുടെ കഥാനായകന്‍.അതി ദയനീയഭാവത്തോടെ നില്‍ക്കുന്ന രാജു.ദേക്ഷ്യം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന രാജുവിന്റെ അണ്ണന്‍,മാത്രമോ ശരീരം മുഴുവന്‍ വാളിന്റെ അവശിഷ്ടവുമായി ഒച്ചവയ്ക്കുന്ന ഭാസ്ക്കരന്‍ മാമന്‍.

തലച്ചുമടായി എടുത്ത്കൊണ്ട്പോയി തോട്ടിലെ വെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍ ജയനൊന്നുതലകുടഞ്ഞുകൊണ്ടുപറഞ്ഞു.

"ആരെടാ ഇവിടെ പാക്കരന്‍.....................ജയന്റെ കഥകള്‍ അവസാനിക്കുന്നില്ല.ചിലപ്പോള്‍ തുടര്‍ന്നേയ്ക്കും

Saturday, February 6, 2010

മകന്റെ സ്വന്തം അച്ഛന്‍

"എന്റെ മനുഷ്യനേ നിങ്ങളിങ്ങനെ അമ്പലോന്നും ഉത്സവോന്നും പറഞ്ഞ് നടന്നോ.ചെക്കന്റെ മാര്‍ക്കെത്രയാണെന്നു വല്ല വിവരവുമുണ്ടോ.ഞാന്‍ എത്ര ദെവസായി പറയുന്നു ആ സ്കൂളിപ്പോയി ഒന്നു തിരക്കാന്‍".

"എടീ നീ രാവിലെ വാളെടുക്കണ്ട.അവനേ എന്റെ മോനാ.അവന്‍ പഠിച്ചോളും.നീ രാവിലെ മെനക്കെടുത്തതെ ഒരു ചായകൂടിയിങെടുക്കു".

"ഞാന്‍ പറയേണ്ടതു പറഞ്ഞു.വടക്കേലെ ജയന്‍ അവനെ സിനിമാകൊട്ടകയില്‍ വച്ചു കണ്ടെന്നു പറഞ്ഞിട്ട് നിങ്ങളോടൊന്നു ചോദിക്കാന്‍ പറഞ്ഞിട്ട് നിങ്ങള്‍ ചോദിച്ചൊ.അതെങ്ങനെ കൊട്ടകേന്നെറങ്ങാന്‍ നിങ്ങക്ക് നേരമില്ലല്ലോ.നിങ്ങടെയല്ലേ മോന്‍.വിത്തുഗുണം".

"എടീ എന്റെ ചെറുപ്പത്തില്‍ എനിക്കു സിനിമയ്ക്കൊന്നും പോകാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ അതിനുള്ള സൗകര്യമുണ്ട് അതുകൊണ്ട് പോകുന്നു.എന്താ നീ വരുന്നോ.നമുക്കൊരുമിച്ചുപോകാമെടീ.നല്ല ഒരു പടം ഇന്നു റിലീസായിട്ടുണ്ട്".

"പിന്നേ എനിക്കു നൂറുകൂട്ടം ജോലിയുണ്ട്.സിനിമ.."


"എടീ ദീപനെവിടെ.ഒണര്‍ന്നില്ലേ ഇതേവരെ"

"ഒണരുമൊണരും.ചന്തിയില് വെയിലടിച്ചാലുമവനെഴുന്നേല്‍ക്കില്ല. പരീക്ഷ അടുത്തെത്തി.വല്ലോം പഠിക്കണമെന്ന ചിന്തയുണ്ടോന്നു നോക്കിയേ".പിറുപിറുത്തുകൊണ്ട് അമ്മിണിയമ്മ

അടുക്കളയിലേക്കു പോയി.

രാഘവേട്ടന്‍ പത്രത്തിലെ സിനിമാപരസ്യങ്ങളിലേയ്ക്കു വീണ്ടും കണ്ണോടിച്ചു."കാതര എത്ര നല്ലപേര്".

..............

"ഏടാ ദീപാ.പുതിയ ഒരു സിനിമ വന്നിട്ടുണ്ടെടാ.കാതര.എന്റമ്മച്ചീ ഹൊ പെരുകേ‍ക്കുമ്പം തന്നെ ഒരു കുളിര്. നമുക്കു പോണ്ടെ".

"എടാ പരീക്ഷ...

"എന്തു പരീക്ഷ.ഇന്നു തന്നെ പോയില്ലെങ്കില്‍ സീനുകളെല്ലം മുറിച്ചുകളയും.പിന്നെ കണ്ടിട്ടെന്തു കാര്യം.നീ പെട്ടന്നു വന്നേ.ഷോ തോടങ്ങാറായി".

...........................

സ്ക്രീനില്‍ മിന്നിമറയുന്ന രംഗങ്ങള്‍ക്കനുസരിച്ചു തിയേറ്ററിനുള്ളില്‍ നെടുവീര്‍പ്പുകളുയരാന്‍ തുടങ്ങി.

കയ്യിലിരുന്ന സിഗററ്റ് ആഞ്ഞുവലിച്ചുകൊണ്ട് ദീപന്‍ സ്ക്രീനില്‍ മിഴിനട്ടിരുന്നു.രേഷ്മയുടെ നോട്ടം തന്റെ ചങ്കിലാണു തറയ്ക്കുന്നതെന്നവനു തോന്നി.അവന്റെ ശ്വാസമിടിപ്പുയരുവാന്‍ തുടങ്ങി

"ഒന്നു തീ തന്നേ.പുറകില്‍ നിന്നും തോണ്ടിക്കൊണ്ട് ആരോ വിളിച്ചപ്പോള്‍ രസച്ചരട് പൊട്ടിയ ഈര്‍ഷ്യയോടെ കയ്യിലിരുന്ന സിഗരറ്റ് അവന്‍ പുറകിലേയ്ക്കു നീട്ടി.

തീ വാങ്ങുവാനായി മുഞ്ഞോട്ടാഞ്ഞ ആളിനെ കണ്ട് ദീപന്‍ ഒരു നിമിഷം ഞെട്ടി.ആ നിമിഷം ഭൂമി പിളര്‍ന്നു താന്‍ താഴേയ്ക്കുപോയെങ്കിലെന്ന്‍ അവനാഗ്രഹിച്ചു.

തീ വാങ്ങുവാന്‍ ശ്രമിച്ച ആളും..........................

Thursday, February 4, 2010

സ്നേഹനിധിയായ ഭാര്യ

കാലിയായ ഗ്ലാസ്സ് ടേബിളിലേയ്ക്കു വച്ചിട്ട് ശിവന്‍ സിഗററ്റ് ഒരിക്കല്‍ക്കൂടി ആഞ്ഞുവലിച്ചു.

എത്രകുടിച്ചിട്ടും മതിയാവുന്നില്ല.തന്റെ ബോധം ഒന്നു മറഞ്ഞിരിന്നുവെങ്കിലെന്ന്‍ ആത്മാര്‍ഥമായയാളാഗ്രഹിച്ചു പോയി.

പറന്നുയരുന്ന പുകവലയങ്ങളെ നോക്കി തന്റെ കസേരയില്‍ ചാഞ്ഞുകിടക്കുമ്പോള്‍ ശിവന്റെ മനസ്സാകെ എരിപൊരികൊള്ളുകയായിരുന്നു.


ഒരു ലാര്‍ജ്ജിനുകൂടി ഓര്‍ഡര്‍ നല്‍കിയിട്ടയാള്‍ കണ്ണടച്ചുകൊണ്ട് തന്റെ ചിന്തകളെ പുറകിലേക്കടിച്ചു.ഈ കല്യാണത്തോടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്‍ അമ്മ പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തനിക്കു തോന്നിയില്ല. അല്ലെങ്കിലും താന്‍ എതിര്‍ക്കുന്നതെങ്ങനെ.പുരനിറഞ്ഞുനില്‍ക്കുന്ന പെങ്ങമ്മാരെകാണുമ്പോള്‍,വയ്യാത്ത അമ്മയെ ഓര്‍ക്കുമ്പോള്‍ എതിര്‍ക്കുവാന്‍ തോന്നിയില്ല.വലിയ കാശുള്ള വീട്ടിലെ പെണ്ണിനെ കെട്ടിയാല്‍‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാവുമെന്ന്‍ അവര്‍ കരുതിക്കാണും.തന്റെ മനസ്സിലെ ആഗ്രഹങ്ങള്‍ സ്വന്തം പറമ്പില്‍ കുഴിച്ചുമൂടി ശ്യാമയെന്ന പണക്കാരി പെണ്ണിനെ കെട്ടുമ്പോള്‍ മനസ്സില്‍ ഒരു തരിമ്പും സ്നേഹം അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.

ആദ്യരാത്രിയിലെന്നല്ല തുടര്‍ന്നെല്ലാ ദിവസവും താന്‍ അവളെ അവഗണിയ്ക്കുകയായിരുന്നു.

ഒരു ജീവിതമുണ്ടെങ്കില്‍ അതു എന്റെ നീതുവിനൊപ്പമായിരിക്കുന്നുവെന്ന്‍ എത്രപ്രാവശ്യം താനവളുടെ കാതില്‍ പറഞ്ഞിരിക്കുന്നു.അവളുടെ സ്ഥാനത്ത് ശ്യാമയെ തനിക്കു സങ്കല്‍പ്പികാനാവുമായിരുന്നില്ല എന്നതാണു സത്യം. തന്റെ കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ നീതു ആത്മഹത്യക്കു ശ്രമിച്ചു എന്നറിഞ്ഞപ്പോള്‍ ശ്യാമയെ കാണുന്നതുപോലും തനിക്കു വെറുപ്പായി.പിന്നെ താന്‍ നീതുവിനെ തിരക്കിചെന്നെങ്കിലും അവളും അച്ഛനും കൂടി മറ്റേതോ നാട്ടിലേയ്ക്കു പോയിരുന്നു.

ഒരാഴ്ച്ചയ്ക്കുശേഷം പോസ്റ്റുമാന്‍ തനിക്കു കൊണ്ടുതന്ന ആ കത്തിലെ കയ്യക്ഷരം കണ്ടപ്പോള്‍ മനസ്സു പിടച്ചുപോയി.വിറയാര്‍ന്ന കയ്യാലതുപൊട്ടിച്ചുവായിച്ചതിപ്പോഴും താനോര്‍ക്കുന്നു.

"സ്നേഹമുള്ള എന്നുവിളിക്കുന്നതിലര്‍ത്ഥമില്ലല്ലോ.എന്തായാലും ഞാന്‍ പോകുന്നു.ഇനി മറ്റൊരാള്‍‍ക്കു നല്‍കാനെന്റെയുള്ളില്‍ തരിമ്പും സ്നേഹമവശേഷിച്ചിട്ടില്ലാത്തതിനാല്‍ ജീവിക്കണ്ടയെന്നു തീരുമാനിച്ചതാണു.പക്ഷേ....

ഇനിയൊരിക്കലും കാണാനിടയാവാതിരിയ്ക്കട്ടെ".


അതില്‍ പിന്നെ താന്‍ ഇന്നേവരെ മനസ്സമാധാനമെന്തന്നറിഞ്ഞിട്ടില്ല.

കഴിഞ്ഞ നാലുകൊല്ലത്തിനിടയില്‍ താന്‍ ഒരു ദിവസം പോലും ശ്യാംമയെ സ്നേഹിച്ചിട്ടില്ല.സ്നേഹമായിട്ടൊരു വാക്കോ നോട്ടമോ നല്‍കിയിട്ടില്ല.എന്നിട്ടുമവള്‍ എല്ലാം സഹിച്ചു.

എന്നെങ്കിലുമൊരിക്കള്‍ തന്റെ മനസ്സു മാറുമെന്നവള്‍ കരുതിക്കാണും.

അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടതാണോ.

അല്ലെങ്കില്‍ താനിന്നു വീണ്ടും നീതുവിനെ കണ്ടുമുട്ടില്ലായിരുന്നുവല്ലോ.

ഒരു സുമുഖനായ യുവാവിനൊപ്പം ഒരു രണ്ടുവയസ്സു തോന്നിക്കുന്ന കുട്ടിയുമായി നീതുവിനെ കണ്ടപ്പോള്‍ ശരിക്കും താനമ്പരന്നു. തന്നെ കണ്ടിട്ടവളൊന്നു പരിചയഭാവം പോലും കാട്ടിയില്ലല്ലോ എന്നോര്‍ത്തു അത്ഭുതപ്പെട്ടുനിന്നപ്പോള്‍ ഒരു പുച്ഛച്ചിരി തനിക്കു സമ്മാനിച്ചുകൊണ്ടവള്‍ അയാളുടെ കയ്യും പിടിച്ചു ലിഫ്റ്റിനുള്ളിലേയ്ക്കു കയറിപ്പോയി.

സത്യത്തില്‍ താന്‍ ആര്‍ക്കുവേണ്ടിയാണ് തന്റെ ജീവിതത്തിലെ വിലപ്പെട്ട നാലു വര്‍ഷങ്ങള്‍ പാഴാക്കിയത്. താനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡിയെന്നു വിളിച്ചുകൂവുവാന്‍ അയാള്‍ക്കു തോന്നി.

ഒഴിഞ്ഞ ഗ്ലാസ്സ് ടേബിളില്‍ വച്ച് എഴുന്നേല്‍ക്കുമ്പോള്‍ ശിവനൊരു തീരുമാനമെടുത്തിരുന്നു.താന്‍ ഇത്രയും നാളും നിഷേധിച്ച സ്നേഹം മുഴുവന്‍ ശ്യാമയ്ക്കു വാരിക്കോരി നല്‍‍കണം.

വീട്ടിലേയ്ക്കുള്ള യാത്രയില്‍ അയാളുടെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു.ചെന്നയുടനെ ശ്യാമയെ വാരിപ്പുണര്‍ന്ന്‍ ഉമ്മകള്‍ കൊണ്ടു പൊതിയണം.അവളുടെ മുഖത്തുണ്ടാകുന്ന അമ്പരപ്പ് നേരില്‍കാണുന്നതുപോലെ ശിവന്‍ ചെറുതായി ചിരിച്ചു.

"ഒന്നു പെട്ടന്ന്‍ പോട്ടെ"

അക്ഷമനായി ശിവന്‍ ടാക്സിക്കാരനോടു പറഞ്ഞു.

"സാറെ ഇതില്‍ക്കൂടുതല്‍ സ്പീഡില്‍ ഈ വണ്ടി പോകില്ല.സാറു വേണോങ്കി വല്ല വിമാനവും പിടിച്ചുപോ".

മുഷിച്ചിലോടെ അയാള്‍ പറയുന്നതുകേട്ട് ശിവനു ദേക്ഷ്യം വന്നു.

തന്റെ വീട്ടിലേയ്ക്കുള്ള ദൂരം കൂടിയതായി ശിവനുതോന്നി.തനിക്കു രണ്ടു ചിറകുകളുണ്ടായിരുന്നെങ്കിലെന്ന്‍ അയാള്‍ ആത്മാര്‍ഥമായുമാഗ്രഹിച്ചുപോയി.

തുടിക്കുന്ന മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് സീറ്റില്‍ ചാരിക്കിടക്കുമ്പോല്‍ അടുത്ത വളവില്‍ തനിക്കായി പല്ലിളിച്ചുകൊണ്ട് മരണം കാത്തിരിക്കുന്ന വിവരം ശിവനറിഞ്ഞിരുന്നില്ല.

ശ്യാമ അപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ഒരു പുഷ്പാഞ്ജലി കഴിപ്പിക്കുകയായിരുന്നു.....