Thursday, February 4, 2010

സ്നേഹനിധിയായ ഭാര്യ

കാലിയായ ഗ്ലാസ്സ് ടേബിളിലേയ്ക്കു വച്ചിട്ട് ശിവന്‍ സിഗററ്റ് ഒരിക്കല്‍ക്കൂടി ആഞ്ഞുവലിച്ചു.

എത്രകുടിച്ചിട്ടും മതിയാവുന്നില്ല.തന്റെ ബോധം ഒന്നു മറഞ്ഞിരിന്നുവെങ്കിലെന്ന്‍ ആത്മാര്‍ഥമായയാളാഗ്രഹിച്ചു പോയി.

പറന്നുയരുന്ന പുകവലയങ്ങളെ നോക്കി തന്റെ കസേരയില്‍ ചാഞ്ഞുകിടക്കുമ്പോള്‍ ശിവന്റെ മനസ്സാകെ എരിപൊരികൊള്ളുകയായിരുന്നു.


ഒരു ലാര്‍ജ്ജിനുകൂടി ഓര്‍ഡര്‍ നല്‍കിയിട്ടയാള്‍ കണ്ണടച്ചുകൊണ്ട് തന്റെ ചിന്തകളെ പുറകിലേക്കടിച്ചു.ഈ കല്യാണത്തോടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന്‍ അമ്മ പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ തനിക്കു തോന്നിയില്ല. അല്ലെങ്കിലും താന്‍ എതിര്‍ക്കുന്നതെങ്ങനെ.പുരനിറഞ്ഞുനില്‍ക്കുന്ന പെങ്ങമ്മാരെകാണുമ്പോള്‍,വയ്യാത്ത അമ്മയെ ഓര്‍ക്കുമ്പോള്‍ എതിര്‍ക്കുവാന്‍ തോന്നിയില്ല.വലിയ കാശുള്ള വീട്ടിലെ പെണ്ണിനെ കെട്ടിയാല്‍‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാവുമെന്ന്‍ അവര്‍ കരുതിക്കാണും.തന്റെ മനസ്സിലെ ആഗ്രഹങ്ങള്‍ സ്വന്തം പറമ്പില്‍ കുഴിച്ചുമൂടി ശ്യാമയെന്ന പണക്കാരി പെണ്ണിനെ കെട്ടുമ്പോള്‍ മനസ്സില്‍ ഒരു തരിമ്പും സ്നേഹം അവശേഷിച്ചിട്ടുണ്ടായിരുന്നില്ല.

ആദ്യരാത്രിയിലെന്നല്ല തുടര്‍ന്നെല്ലാ ദിവസവും താന്‍ അവളെ അവഗണിയ്ക്കുകയായിരുന്നു.

ഒരു ജീവിതമുണ്ടെങ്കില്‍ അതു എന്റെ നീതുവിനൊപ്പമായിരിക്കുന്നുവെന്ന്‍ എത്രപ്രാവശ്യം താനവളുടെ കാതില്‍ പറഞ്ഞിരിക്കുന്നു.അവളുടെ സ്ഥാനത്ത് ശ്യാമയെ തനിക്കു സങ്കല്‍പ്പികാനാവുമായിരുന്നില്ല എന്നതാണു സത്യം. തന്റെ കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ നീതു ആത്മഹത്യക്കു ശ്രമിച്ചു എന്നറിഞ്ഞപ്പോള്‍ ശ്യാമയെ കാണുന്നതുപോലും തനിക്കു വെറുപ്പായി.പിന്നെ താന്‍ നീതുവിനെ തിരക്കിചെന്നെങ്കിലും അവളും അച്ഛനും കൂടി മറ്റേതോ നാട്ടിലേയ്ക്കു പോയിരുന്നു.

ഒരാഴ്ച്ചയ്ക്കുശേഷം പോസ്റ്റുമാന്‍ തനിക്കു കൊണ്ടുതന്ന ആ കത്തിലെ കയ്യക്ഷരം കണ്ടപ്പോള്‍ മനസ്സു പിടച്ചുപോയി.വിറയാര്‍ന്ന കയ്യാലതുപൊട്ടിച്ചുവായിച്ചതിപ്പോഴും താനോര്‍ക്കുന്നു.

"സ്നേഹമുള്ള എന്നുവിളിക്കുന്നതിലര്‍ത്ഥമില്ലല്ലോ.എന്തായാലും ഞാന്‍ പോകുന്നു.ഇനി മറ്റൊരാള്‍‍ക്കു നല്‍കാനെന്റെയുള്ളില്‍ തരിമ്പും സ്നേഹമവശേഷിച്ചിട്ടില്ലാത്തതിനാല്‍ ജീവിക്കണ്ടയെന്നു തീരുമാനിച്ചതാണു.പക്ഷേ....

ഇനിയൊരിക്കലും കാണാനിടയാവാതിരിയ്ക്കട്ടെ".


അതില്‍ പിന്നെ താന്‍ ഇന്നേവരെ മനസ്സമാധാനമെന്തന്നറിഞ്ഞിട്ടില്ല.

കഴിഞ്ഞ നാലുകൊല്ലത്തിനിടയില്‍ താന്‍ ഒരു ദിവസം പോലും ശ്യാംമയെ സ്നേഹിച്ചിട്ടില്ല.സ്നേഹമായിട്ടൊരു വാക്കോ നോട്ടമോ നല്‍കിയിട്ടില്ല.എന്നിട്ടുമവള്‍ എല്ലാം സഹിച്ചു.

എന്നെങ്കിലുമൊരിക്കള്‍ തന്റെ മനസ്സു മാറുമെന്നവള്‍ കരുതിക്കാണും.

അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടതാണോ.

അല്ലെങ്കില്‍ താനിന്നു വീണ്ടും നീതുവിനെ കണ്ടുമുട്ടില്ലായിരുന്നുവല്ലോ.

ഒരു സുമുഖനായ യുവാവിനൊപ്പം ഒരു രണ്ടുവയസ്സു തോന്നിക്കുന്ന കുട്ടിയുമായി നീതുവിനെ കണ്ടപ്പോള്‍ ശരിക്കും താനമ്പരന്നു. തന്നെ കണ്ടിട്ടവളൊന്നു പരിചയഭാവം പോലും കാട്ടിയില്ലല്ലോ എന്നോര്‍ത്തു അത്ഭുതപ്പെട്ടുനിന്നപ്പോള്‍ ഒരു പുച്ഛച്ചിരി തനിക്കു സമ്മാനിച്ചുകൊണ്ടവള്‍ അയാളുടെ കയ്യും പിടിച്ചു ലിഫ്റ്റിനുള്ളിലേയ്ക്കു കയറിപ്പോയി.

സത്യത്തില്‍ താന്‍ ആര്‍ക്കുവേണ്ടിയാണ് തന്റെ ജീവിതത്തിലെ വിലപ്പെട്ട നാലു വര്‍ഷങ്ങള്‍ പാഴാക്കിയത്. താനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡിയെന്നു വിളിച്ചുകൂവുവാന്‍ അയാള്‍ക്കു തോന്നി.

ഒഴിഞ്ഞ ഗ്ലാസ്സ് ടേബിളില്‍ വച്ച് എഴുന്നേല്‍ക്കുമ്പോള്‍ ശിവനൊരു തീരുമാനമെടുത്തിരുന്നു.താന്‍ ഇത്രയും നാളും നിഷേധിച്ച സ്നേഹം മുഴുവന്‍ ശ്യാമയ്ക്കു വാരിക്കോരി നല്‍‍കണം.

വീട്ടിലേയ്ക്കുള്ള യാത്രയില്‍ അയാളുടെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു.ചെന്നയുടനെ ശ്യാമയെ വാരിപ്പുണര്‍ന്ന്‍ ഉമ്മകള്‍ കൊണ്ടു പൊതിയണം.അവളുടെ മുഖത്തുണ്ടാകുന്ന അമ്പരപ്പ് നേരില്‍കാണുന്നതുപോലെ ശിവന്‍ ചെറുതായി ചിരിച്ചു.

"ഒന്നു പെട്ടന്ന്‍ പോട്ടെ"

അക്ഷമനായി ശിവന്‍ ടാക്സിക്കാരനോടു പറഞ്ഞു.

"സാറെ ഇതില്‍ക്കൂടുതല്‍ സ്പീഡില്‍ ഈ വണ്ടി പോകില്ല.സാറു വേണോങ്കി വല്ല വിമാനവും പിടിച്ചുപോ".

മുഷിച്ചിലോടെ അയാള്‍ പറയുന്നതുകേട്ട് ശിവനു ദേക്ഷ്യം വന്നു.

തന്റെ വീട്ടിലേയ്ക്കുള്ള ദൂരം കൂടിയതായി ശിവനുതോന്നി.തനിക്കു രണ്ടു ചിറകുകളുണ്ടായിരുന്നെങ്കിലെന്ന്‍ അയാള്‍ ആത്മാര്‍ഥമായുമാഗ്രഹിച്ചുപോയി.

തുടിക്കുന്ന മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് സീറ്റില്‍ ചാരിക്കിടക്കുമ്പോല്‍ അടുത്ത വളവില്‍ തനിക്കായി പല്ലിളിച്ചുകൊണ്ട് മരണം കാത്തിരിക്കുന്ന വിവരം ശിവനറിഞ്ഞിരുന്നില്ല.

ശ്യാമ അപ്പോള്‍ തന്റെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ഒരു പുഷ്പാഞ്ജലി കഴിപ്പിക്കുകയായിരുന്നു.....

7 comments:

 1. എഴുതുവാന്‍ വന്നതൊന്നു എഴുതിതീര്‍ന്നപ്പോള്‍ മറ്റൊന്നു.പിന്നെ മാറ്റാനൊന്നും നിന്നില്ല..

  ReplyDelete
 2. ശ്രീ,
  വായിച്ചു...നന്നയിട്ടൂണ്ട്.
  http://tomskonumadam.blogspot.com/

  ReplyDelete
 3. ചാവുമോ..അതോ പുഷ്പാഞ്ജലി ഫലിക്കുമോ....

  ReplyDelete
 4. പുഷ്പാഞ്ജലി ഫലിക്കുമോ....

  ReplyDelete
 5. iii sree kutta kollam adipoliyaaa

  ReplyDelete
 6. സത്യത്തില്‍ താന്‍ ആര്‍ക്കുവേണ്ടിയാണ് തന്റെ ജീവിതത്തിലെ വിലപ്പെട്ട നാലു വര്‍ഷങ്ങള്‍ പാഴാക്കിയത്.

  കൊള്ളാം.
  ഉള്ളടക്കം ഒന്നുകൂടി കാര്യഗൗരവമുള്ളത് ആയാല്‍
  കൂടുതല്‍ ഭംഗി ആവും.

  ആസംസകള്‍.

  ReplyDelete
 7. അഭിപ്രായമറിയിച്ച

  റ്റോംസ്,എറക്കാടന്,മനോരാജ്,ശിവപ്രസാദ്,റാംജി..

  എല്ലാപേര്‍ക്കും നന്ദി

  ReplyDelete