Monday, February 8, 2010

ജയന്റെ വീരകൃത്യങ്ങള്‍-ആരംഭകാണ്ഡം

ജയനെക്കുറിച്ചെഴുതുവാന്‍ തുടങ്ങി‍യാല്‍ അതിനൊരു അന്തമുണ്ടാവില്ല എന്നതു സത്യമാണു.അവന്റെ കഥ അത്രപെട്ടെന്നൊന്നും പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല.അതു മഹാഭാരതം പോലെ നീണ്ടു നിവര്‍ന്നു കിടക്കുവാണു.എന്നെക്കാളും നാലഞ്ച് വയസ്സിനു മൂത്തതാണു ജയന്‍.അവിവാഹിതന്‍ കാണാനും പൊടിയ്ക്കു സുന്ദരന്‍.അല്‍പ്പസൊല്‍പ്പം പാട്ടും മറ്റുമൊക്കെയുണ്ട്.നല്ല ഒന്നാന്തരം ഡ്രൈവറാണാശാന്‍.പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.തരികിട മാത്രമേ പുള്ളിക്കാരന്റെ കയ്യിലുള്ളു.‍ വെള്ളമടിയില്‍ ഉസ്താദും ആരെയും പറ്റിയ്ക്കുന്നതില്‍ അസാമാന്യ വിരുതനുമായ ജയന് എടയ്ക്കെടയ്ക്കു നല്ല പെട കിട്ടാറുമുണ്ട്.പക്ഷേ എന്താണെന്നറിയില്ല നാട്ടിലെല്ലാപേര്‍ക്കുമവനോടു ഒരിഷ്ടമുണ്ടായിരുന്നു.ആരെയും പറഞ്ഞുവിശ്വസിപ്പിക്കുന്നതിന് ഒരു പ്രത്യേക കഴിവുതന്നെയുണ്ടവനു.ആരെങ്കിലും എന്തെങ്കിലും കാര്യത്തിനു ജയനെ ഇന്നു സമീപിച്ചാല്‍ നാളെമുതല്‍ അവനെ തല്ലുവാന്‍ തിരഞ്ഞു നടക്കും.അത്രയ്ക്കു തങ്കപ്പെട്ട ജയന്റെ ചില വീരകൃത്യങ്ങളാവട്ടെ ഇപ്രാവശ്യം.

എന്റെ അടുത്ത കൂട്ടുകാരനായ രാജുവിന്റെ അണ്ണന്റെ കല്യാണം. വളരെമുമ്പേ തന്നെ ഞങ്ങളെല്ലാം പ്ലാന്‍ ചെയ്തു.ഞങ്ങളെന്നു വച്ചാല്‍ ഞാന്‍,രാജു,കൊച്ചനി,ബാബു,വിനോദ് പിന്നെ മറ്റു രണ്ടു സുഹൃത്തുക്കളും.നേതാവ് ജയന്‍ തന്നെ.അതില്‍ മാറ്റമില്ല. ഞങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം മുതിര്‍ന്നതു അവന്‍ മാത്രമേയുള്ളു.കല്യാണത്തിന്റെ തലേദിവസം എല്ലാകാര്യങ്ങള്‍ക്കും മുന്‍പില്‍ ഞങ്ങളുണ്ടായിരുന്നു.സന്ധ്യമയങ്ങിത്തുടങ്ങിയപ്പോഴേ ജയന്‍ സ്ഥലം വിട്ടു.മറ്റൊന്നിനുമല്ല."മറ്റവനെ" ഒപ്പിക്കുവാന്‍.അതിനുള്ള കാശ് വളരെ കഷ്ടപ്പെട്ട് നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു.ജയന്‍ വരാന്‍ താമസിക്കുംതോറും ടെന്‍ഷന്‍ തുടങ്ങി.രാത്രി എട്ടുമണിയോടുകൂടി ജയന്‍ മടങ്ങിയെത്തി.സാധനം ഭദ്രമായിട്ടുണ്ട് എന്ന സിഗ്നല്‍ കിട്ടിയപ്പോഴാണാശ്വാസമായതു.പതിയെ ഞങ്ങളോരോരുത്തരായി സ്കൂട്ടായി അമ്പലത്തിനടുത്തേയ്ക്കുപോയി.അമ്പലത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരി രണ്ടുമൂന്നു പ്ലാസ്റ്റിക് ഗ്ലാസ്സുകളിലായി ചെറുതായി പിടിപ്പിക്കാനാരംഭിച്ചു.നിര്‍ദ്ദേശങ്ങള്‍ തരുവാനും ഒഴിക്കുവാനും മുന്‍പില്‍ ജയന്‍ തന്നെ.പുള്ളി രണ്ട് വട്ടമടിയ്ക്കുമ്പോല്‍ നമ്മള്‍ ഒരുവട്ടം.ഏകദേശം ഒരുകുപ്പി തീരാറായപ്പോള്‍ ജയനെഴുന്നേറ്റു.കൂടെ രണ്ടുപേരും.

ഭാസ്ക്കരന്‍ മാമന്റെ പണയില്‍ തലേദിവസം തന്നെ കണ്ടുവച്ചിരുന്ന ഒരു കുല കരിക്കടക്കുവാനുള്ള പോക്കാണു.അല്ലേലും രണ്ടു കരിക്ക് കുടിയ്ക്കുന്നത് നമ്മുടെ പതിവാണു.അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ വെടിച്ചില്ലുപോലെ പാഞ്ഞുവരുന്ന ജയനെയും കൂട്ടരേയും കണ്ട് ബാക്കിയുള്ളവര്‍ ചാടിയെഴുന്നേറ്റു.

ദൂരെനിന്നേ ജയനലറി "ഓടിയ്ക്കോടാ".പിന്നത്തെ കാര്യം പറയണ്ട.പകലുപോലും ഇത്ര സ്പീഡില്‍ ആരും ഓടില്ല.ആരെല്ലാം ഏതെല്ലാം വഴിയ്ക്കോടിയെന്നു ദൈവത്തിനുമാത്രമേയറിയൂ. എന്തായാലും കുറച്ചുസമയത്തിനുശേഷം ഒന്നൊന്നായി പഴയസ്ഥലത്തെത്താന്‍ തുടങ്ങി.

ഒരു ഗ്ലാസ്സ് നിറച്ചൊഴിച്ച് ഒറ്റവലിയ്ക്കകത്താക്കിയശേഷം ജയന്‍ പുല്ലില്‍ കമിഴ്ന്നുകിടന്നുകൊണ്ട് രാജുവിനോടു പറഞ്ഞു.

"മുതുകിലൊന്നു നോക്കിയേടാ.എന്റമ്മേ എന്തൊരു വേദന.

"നല്ല നീളത്തില്‍ തിണര്‍ത്തുകിടക്കുന്ന ഒരു പാട്.

സംഭവമെന്താണു.

കല്യാണം പ്രമാണിച്ചു തന്റെ കരിക്കിന്‍കുലകള്‍ അടിച്ചുകൊണ്ട് പോകുമെന്നു മുന്‍കൂട്ടികണ്ട ഭാസ്ക്കരന്‍ മാമന്‍ ഒരു വടിയുമായി പണയില്‍ ഒളിച്ചിരുന്നു.ഇതറിയാതെ ചെന്ന ജയന്‍ തെങ്ങില്‍ പിടിച്ചതും അടിവീണതും ഒരുമിച്ചായിരുന്നു.അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഒന്നു പകച്ചെങ്കിലും ആളിനെ പിടികൊടുക്കാതെ ജയന്‍ പറപറന്നു.കൂടെയുള്ളവരും.

"ഭാഗ്യത്തിനാണു പിടിയ്ക്കപ്പെടാതിരുന്നത്.സാരമില്ല കെളവനു ഞാന്‍ പണികൊടുക്കുന്നുണ്ട്".പിറുപിറുത്തുകൊണ്ട് ജയന്‍ എഴുന്നേറ്റിരുന്നു.

വീണ്ടും ഗ്ലാസ്സുകല്‍ നിറയാന്‍ തുടങ്ങി.

മൂഡായപ്പോള്‍ രാജു താമസമെന്തെ പാടുവാന്‍ തുടങ്ങി.അവന്റെ ഫേവറിറ്റാണത്.ജയനും ഞാനും എല്ലാം കൂടെകൂടി.

പെട്ടന്ന്‍ ജയനെഴുന്നേറ്റു.ആശാന്‍ ചെറുതായി ആടുന്നുണ്ട്.

"മതി മതി എഴുന്നേറ്റേ.ഇനി നമുക്കു കല്യാണവീട്ടിലോട്ടുപോകാം.അവിടത്തെ കാര്യമെല്ലാം കഴിഞ്ഞശേഷം ബാക്കി പിന്നീട്.പിന്നൊരു കാര്യം.നമ്മളു കള്ളുകുടിച്ചിട്ടുണ്ടെന്നു അവിടെ ആര്‍ക്കും മനസ്സിലാവരുതു.ചെന്നു എന്തെങ്കിലും അലമ്പുണ്ടാക്കിയാല്‍ എല്ലാമെന്റെ കയ്യില്‍ നിന്ന്‍ മേടിയ്ക്കും.നമ്മള്‍ ഡീസന്റായിരിക്കണം.ഓ.കേ."

എല്ലാപേരും വരിവച്ച് വീണ്ടും കല്യാണവീട്ടിലേയ്ക്കു നടന്നു.അവിടെ ഊണ് നടക്കുകയാണ്.വീണ്ടും ഞങ്ങള്‍ സഹായികളുടെ റോള്‍ ഏറ്റെടുത്തു.

അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പന്തലിനുള്ളില്‍ ഒരു ബഹളവും എന്തൊക്കെയോ മറിഞ്ഞുവീഴുന്നതിന്റെ ഒച്ചയുമുയര്‍ന്നു.

മറ്റുള്ളവരോടൊപ്പം അവിടേയ്ക്കു ഓടിയെത്തിയ ഞങ്ങള്‍ കണ്ട കാഴ്ച....

സാമ്പാറും ചോറുമെല്ലാം തട്ടിമറിച്ച് നല്ല മനോഹരമായ ഒരു വാളും വച്ച് അതിന്റെ പുറത്ത് ചുരുണ്ട് കിടക്കുന്ന നമ്മുടെ കഥാനായകന്‍.അതി ദയനീയഭാവത്തോടെ നില്‍ക്കുന്ന രാജു.ദേക്ഷ്യം നിറഞ്ഞ മുഖവുമായി നില്‍ക്കുന്ന രാജുവിന്റെ അണ്ണന്‍,മാത്രമോ ശരീരം മുഴുവന്‍ വാളിന്റെ അവശിഷ്ടവുമായി ഒച്ചവയ്ക്കുന്ന ഭാസ്ക്കരന്‍ മാമന്‍.

തലച്ചുമടായി എടുത്ത്കൊണ്ട്പോയി തോട്ടിലെ വെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍ ജയനൊന്നുതലകുടഞ്ഞുകൊണ്ടുപറഞ്ഞു.

"ആരെടാ ഇവിടെ പാക്കരന്‍.....................ജയന്റെ കഥകള്‍ അവസാനിക്കുന്നില്ല.ചിലപ്പോള്‍ തുടര്‍ന്നേയ്ക്കും

4 comments:

  1. ജയന്‍ അങ്ങനെയെങ്കിലും ഭാസ്കര മാമന് പണി കൊടുത്തല്ലോ.

    ReplyDelete
  2. ജയന്റെ വീരകൃത്യങ്ങൾകൊള്ളാം..

    ReplyDelete