Thursday, February 11, 2010

നാട്ടിന്‍പുറം ........കളാല്‍ സമൃദ്ധം

"എടീ ജാനു നീയറിഞ്ഞില്ലേ നമ്മുടെ ശാന്തയുടെ മോളെ കാണാനില്ലെന്നു.ഇന്നലെ എന്തോ പരീക്ഷ എഴുതാനെന്നും പറഞ്ഞു പോയതാ.ഇന്നിതേവരെ വന്നിട്ടില്ല.".

"ഒള്ളതാണോ ചേച്ചി.ആരുടെ കൂടെയെങ്കിലും പോയതായിരിക്കും.എന്തായാലും അവളുടെ അഹങ്കാരം ഇതോടെ തീരുമല്ലോ.അല്ലെങ്കിലും ചാന്തയ്ക്കിതുതന്നെ വരണം.എന്തായിരുന്നു
പൊങ്ങല്.തറേവയ്ക്കാതെ കൊണ്ടു നടന്നതല്ലേ അനുപവിയ്ക്കട്ട്".

"ആ പെണ്ണിനു നമ്മട സരോജിനീട മോനുമായിട്ടെന്തോ ചുറ്റിക്കളിയുണ്ടായിരുന്നു.ഞാന്‍ പലപ്പോഴും കണ്ടിട്ടൊണ്ടെന്നേ.രണ്ടും കൂടി ഒരുമിച്ചു സംസാരിച്ചും ചിരിച്ചും വരുന്നത്".

"ഹും കണ്ടാ പറയ്യോ.ഒരു പഞ്ചപ്പാവം.കയ്യിലിരുപ്പ് ആര്‍ക്കറിയാം.ആട്ടെ ആ ചെക്കനിവിടൊണ്ടോ"

"അതല്ലേ രസം അവനിന്നലെ ഒരു കൂട്ടുകാരന്റെ വീട്ടിപ്പോണെന്നും പറഞ്ഞുപോയത്രേ.രണ്ടുംകൂടെ വച്ചുനോക്കുമ്പം എനിയ്ക്കു തോന്നുന്നത് അവര് കുടുംബം തൊടങ്ങിക്കാണുമെന്നാ"

"ഹൊ.ഒന്നിനെ എറക്കിവിടണകാര്യം അങ്ങിനെ ചാന്തയ്ക്കു ലാഭമായി".ഇനിയൊന്നുണ്ടല്ലോ.ഒരു ചുന്ദരിക്കോത.അവളും വല്ലവനേം നോക്കിവച്ചിട്ടുണ്ടാവും."

"നമ്മുടെ പഞ്ചായത്തുമെംബറും രണ്ടുമൂന്നുപേരും കൂടി പട്ടണത്തില്‍ തെരക്കാനെന്നും പറഞ്ഞ് പോയിട്ടുണ്ട്."

"ഹോ എന്റെ ചേച്ചി ഇനി തെരക്കിപ്പോവാത്ത കൊറവേയുള്ളു. കൊറച്ചുദിവസം കഴിയുമ്പം അവരു തിരിച്ചുവരും.അത്ര തന്നെ"

"എടി ജാനു നിന്റെ മോള് ഇപ്പോഴും തയ്യലു പഠിയ്ക്കാന്‍ പോകുന്നുണ്ടോ.ഒരു കണ്ണു വച്ചോ.ഇപ്പോഴത്തെ പുള്ളേരെയൊന്നും വിശ്വസിക്കന്‍ പറ്റില്ല".

"അതെന്താ വസന്തേച്ചി അതിന്റെടയ്ക്കൊരു കുത്ത്.എന്റെ മോളെ ഞാന്‍ മര്യാദയ്ക്കാ വളര്‍ത്തുന്നത്".

"നീ പെണങ്ങാതെടീ ഞാന്‍ ചുമ്മാ പറഞ്ഞതാ.നീ വാ നമുക്ക് ചാന്തയുടെ വീടുവരെ ഒന്നു പോകാം.അല്ലെങ്കി അവളെന്തുവിചാരിയ്ക്കും"

"ഓ ഞാനില്ല.എനിക്കു കൊറച്ചു പണിയുണ്ട്.കൊറച്ചുകഴിഞ്ഞ് ഒന്നു പോവാം.ഇപ്പം ചേച്ചിപോയേച്ചുവാ"
................................

"നീ വെഷമിയ്ക്കണ്ട ചാന്തേ.അവള് വരും. എന്തായാലും നമ്മുടെ മെംബറും മറ്റുമൊക്കെ തെരക്കിപ്പോയിരിക്കുവല്ലേ.അവരു വരട്ടെ ആദ്യം."

"എന്നാലും വസന്തേച്ചീ സമയമിത്രയായില്ലേ"

"അവളെവിടെ പോവാനാ.പരീക്ഷകഴിഞ്ഞിട്ട് വണ്ടികിട്ടിക്കാണത്തില്ല.രാവിലെ ഇങ്ങുവരും. അതൊന്നും നീ കാര്യമാക്കണ്ട.എന്തായാലും മെംബറും മറ്റും വരട്ടെ എന്നിട്ടു തീരുമാനിക്കാം.നീ വെഷമിച്ചിരിക്കാതെ വല്ലതും കുടിയ്ക്കാന്‍ നോക്ക്.എന്നാപ്പിന്നെ ഞാനെറങ്ങുവാണ്.രാവിലെ വീട്ടീന്നെറങ്ങിയതാ.പിന്നെ വരാം".

.............

"അല്ല ഇതാരു ജാനുവോ.നീ ഈ രാവിലെ ഇതെവിടെപോയിട്ട് വരേണ്".

"ഒന്നും പറയണ്ട ശാരദേ.നമ്മുടെ ചാന്തേട വീടുവരെ ഒന്നുപോയി.അവട മോള് ഇന്നലെ പോയിട്ട് ഇതേവരെ വന്നിട്ടില്ല.ആരാന്റെകൂടെ ഒളിച്ചോടിയെന്നൊക്കെ പറയുന്നുണ്ട്".

"ങ്ഹേ..സത്യമാണോ.ശ്ശോ കഷ്ടമായിപ്പോയല്ലോ.ആ കൊച്ച് ഒത്തിരി നല്ല കൂട്ടത്തിലാണെന്നാണല്ലോ കരുതിയിരുന്നത്.എന്നിട്ട്.."

"ഇപ്പഴത്തെ പുള്ളെരെപ്പറ്റി ഒന്നും വലിയ കിനാവുകാണണ്ട.തരം കിട്ടിയാ വേലിചാടും. ഹൊ സംസാരിച്ചു നിക്കാന്‍ സമയമില്ല.രാവിലെ വീട്ടീന്നെറങ്ങിയതാ.പെണ്ണിനിന്നു

ക്ലാസ്സൊണ്ട്.ഞാനങോട്ട് ചെല്ലട്ട്".

...............

"അല്ല ഇതാര് മെംബറോ.എന്തായി വല്ല വെവരോം കിട്ടിയാ"

കിട്ടി കിട്ടി. പെണ്ണ്‍ ആശൂത്രിയില്‍ കെടക്കുവാ.ഇന്നലെ പരീ​ക്ഷകഴിഞ്ഞുവരുമ്പം ഒരു കാറു മേത്തുമുട്ടി.ചെറിയ പരിക്കേയുള്ളു.ഇന്നു തന്നെ ഡിസ്ചാര്‍ജാക്കാമെന്നാ ഡോക്ടര്‍

പറഞ്ഞത്.ഞാന്‍ ശാന്തയെ അറിയിക്കട്ടേ.അവളു പേടിച്ചിരിക്കുവായിരിക്കും".

അതേയതെ.എന്നാലും ഈ നാട്ടുകാരുടെ ഒരു കാര്യം.അതിനെടയ്ക്കു എന്തെല്ലാം പറഞ്ഞൊണ്ടാക്കി.ഒളിച്ചൊടിയെന്നോ നാടുവിട്ടെന്നോ.ഹൊ ഒന്നും പറയണ്ട.ഞാനപ്പോഴേ പറഞ്ഞു.ആ

കൊച്ച് അങ്ങിനെയുള്ളവളല്ല.ചാന്ത നല്ല അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്തുന്നതാണെന്നൊക്കെ.ആരു കേക്കാന്‍.എന്നാപ്പിന്നെ ഞാനങോട്ടു ചെല്ലട്ടെ മെംബറേ.രാവിലെ വീട്ടീന്നെറങ്ങിയതാ."

...........

"എടീ മായേ. ഈ നശിച്ചവളെവിടെപ്പോയികെടക്കേണു രാവിലെ.ഇന്നു ക്ലാസ്സൊണ്ടെന്നു പറഞ്ഞതല്ലേ.എന്നിട്ടു രാവിലെ തന്നെ തെണ്ടാന്‍ പോയോ.അയ്യോ ഇതെന്താ ഈ അലമാര

തൊറന്നുകെടക്കണത്.ങ്ഹേ.ഇതിലിരുന്ന സ്വര്‍ണ്ണോം പണവുമൊക്കെ.ചതിച്ചോ ദൈവമേ...............

പ്തോം....വെട്ടിയിട്ടപോലെ ജാനു നിലത്തേയ്ക്കുവീണു.

മേശപ്പുറത്തപ്പോഴും ഒരു കഷണം കടലാസ് വായിക്കപ്പെടുന്നതിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.


ശുഭം..............

7 comments:

  1. നാട്ടിന്‍പുറത്തെ ഒരു പരദൂഷണക്കഥയാണുദ്ദേശിച്ചത്.ഇതിപ്പംഎന്തു പണ്ടാരമായി മാറിയെന്ന്‍ തമ്പുരാനു മാത്രമേയറിയൂ.എന്നെക്കൊണ്ടൊക്കുന്നതല്ലേ ചെയ്യാന്‍പറ്റൂ....

    ReplyDelete
  2. ശരിയ്ക്കും ഒരു പരദൂഷണം തന്നെ.

    ReplyDelete
  3. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു !!

    ReplyDelete