Wednesday, February 17, 2010

സുഗുണന്റെ സങ്കടങ്ങള്‍

"എടാ സുഗുണാ നീ ഇങ്ങിനെ ദെവസോം കള്ളും കുടിച്ചേച്ച് വീട്ടിച്ചെന്ന്‍ വഴക്കുണ്ടാക്കുന്നതെന്തിനാ.ഇന്നലേയും വലിയ ബഹളമായിരുന്നല്ലോ.നിനക്കിതൊന്നു നിര്‍ത്തിക്കൂടെ."

"എന്റെ പൊന്നു മനോഹരാ.നിനക്ക് എന്തറിയാം.എന്റെ വെഷമം മാറാനാടാ ഞാനടിയ്ക്കുന്നതു.ഇന്നലെ മേടിച്ച പൈന്റില്‍ അവളുടെ ക്വാട്ട കൊറഞ്ഞുപോയെന്നും പറഞ്ഞവളുണ്ടാക്കിയ ബഹളമായിരുന്നത്.മുമ്പ് അരഗ്ലാസ്സ് മാത്രമടിച്ചിരുന്ന അവളിപ്പം അരക്കുപ്പി അടിക്കുമെടേ.ഇക്കണക്കിനുപോവുകയാണെങ്കി ഞാന്‍ ദെവസോം ഒരു ഫുള്ളു മേടിക്കേണ്ടി വരുമെന്നാ തോന്നുന്നത്.ഭാഗ്യത്തിനു ചെക്കന്‍ തൊടങ്ങാറായിട്ടില്ല."

"കൊള്ളാം നല്ല ഫാമിലി തന്നെ .എടാ നിനക്കു കള്ളുകുടിക്കുന്ന പൈസയ്ക്കു വല്ല പാലോ മറ്റോ വാങ്ങിക്കുടിച്ചുകൂടെ.ശരീരത്തിനെങ്കിലും പിടിക്കുമല്ലോ"

"ഹും ഡെയ്ലി നൂറ്റിപത്തുരൂപയുടെ പാലുവേടിച്ചു കുടിച്ചിട്ടുവേണം ഞാന്‍ വയറെളക്കം പിടിച്ചു ആശൂത്രീന്നെറങ്ങാതെ കെടക്കാന്‍. നീ ആളു കൊള്ളാമല്ലോടാ".

"അല്ല ഇപ്പോ എങോട്ടു പോകുവാ നീ."

"വക്കീലിനെ കാണാന്‍ .പതിനാറിന് കേസല്ലേ.പോയി കണ്ടുകളയാം.ഇനി ആ പടയ്ക്ക് എത്ര കാണിക്കയിടണമോ ആവോ"

"ഏതു കേസിന്റെ കാര്യമാ സുഗുണാ നീയിപ്പറയുന്നതു.വീണ്ടും വല്ല അടിപിടിയുമുണ്ടാക്കിയോ"

"ശ്ഛേ..നാണമില്ലേടെ നെനക്കെന്നോടിങ്ങനെ ചോയിക്കാന്‍.അടിപിടിപോലും.മൊത്തത്തില്‍ മൂന്നാല് കേസുണ്ട്.ചാവുന്നതിനുമുമ്പ് വിധി വന്നാ മതിയായിരുന്നു."

"അതിനു തക്ക എന്തു കേസാടാ നീ ഉണ്ടാക്കിയത്"

"ഞാനോ.എടാ എന്റെ അരപ്പാതിയുണ്ടാക്കിയതാ.ഒരുദിവസം ഞാനുമായി വഴക്കുകൂടിയിട്ട് ഇപ്പം കാണിച്ചുതരാമെന്നു പറഞ്ഞിട്ടവള്‍ ട്രയിനിനുമുമ്പീച്ചാടി.ഒരു മെനക്കെടുത്തൊഴിവാകട്ടെയെന്നു കരുതി ഞാന്‍ തടയാനൊന്നും പോയില്ല.അതിന്റെ ഭലമാണ് ഞാനിപ്പോ അനുപവിക്കുന്നത്".

"വണ്ടി തട്ടി നല്ല പരിക്കുപറ്റിക്കാണുമല്ലേ"

"പറ്റും പറ്റും ആ വണ്ടി അവട മേത്തെങ്ങാനും മുട്ടിയിരുന്നെങ്കി.ഹൊ.എന്റെ കഷ്ടകാലത്തിനു ആ ഡ്രൈവര്‍ തെണ്ടികണ്ടു വണ്ടി ബ്രേക്കിട്ടു നിര്‍ത്തി.നമുക്കോരോന്നാഗ്രഹിക്കാനല്ലേ പറ്റൂ".

"എന്നിട്ട് "


"എന്നിട്ടെന്താവാന്‍ .വൈകുന്നേരത്തിനുള്ളില്‍ മൊത്തം നാലു കേസു നിലവില്‍ വന്നു.ഒന്ന്‍ റെയിപ്പാളം കയ്യേറിയെന്നും പറഞ്ഞ്.മറ്റൊന്നു ട്രയിന്‍ തടഞ്ഞെന്നും പറഞ്ഞ്.മൂന്നാമത്തേത് ആത്മഹത്യാശ്രമത്തിനു.ആത്മഹത്യാപ്രേരണഎന്നും പറഞ്ഞ് എനിക്കുമൊരെണ്ണം . ഇപ്പം മാസത്തില്‍ പകുതി ദെവസോം കോടതിയില്‍ തന്നെ പൊന്നപ്പീ.ഇതീക്കൂടുതല്‍ ഇനി എന്തു പറ്റാന്‍.സംസാരിച്ചു നിക്കാന്‍ സമയമില്ല. പോയിട്ടുവന്നുവേണം വൈകുന്നേരത്തേയ്ക്കുള്ളതിന് വഴികാണുവാന്‍.അല്ലെങ്കി ഇന്നും പൂരമായിരിക്കും......"......

4 comments:

 1. "പറ്റും പറ്റും ആ വണ്ടി അവട മേത്തെങ്ങാനും മുട്ടിയിരുന്നെങ്കി.ഹൊ.എന്റെ കഷ്ടകാലത്തിനു ആ ഡ്രൈവര്‍ തെണ്ടികണ്ടു വണ്ടി ബ്രേക്കിട്ടു നിര്‍ത്തി.നമുക്കോരോന്നാഗ്രഹിക്കാനല്ലേ പറ്റൂ".
  കൊള്ളാം മാഷെ :)

  ReplyDelete
 2. സുഗുണന്മ്മാര്‍ നാട്ടില്‍ ധാരളമുണ്ട്.
  ഇനി എന്തു പറ്റാന്‍.സംസാരിച്ചു നിക്കാന്‍ സമയമില്ല
  നന്നയിട്ടുണ്ട്.

  ReplyDelete
 3. ഈ സുഗുണനിൽ ഒരു ശ്രീകുട്ടൻ ടച്ച്‌ ഉണ്ടോ എന്ന് ഒരു സംശയം....ഉണ്ടോ

  ReplyDelete
 4. എന്റെ എറക്കാടന്‍ ചേട്ടാ,

  നിങ്ങളിങ്ങനെ പബ്ലികായി വിളിച്ചു പറഞ്ഞെന്നെ മാനം കെടുത്താതെ.സത്യമായും ഞാനല്ല സുഗുണന്‍.

  അഭിപ്രായമറിയിച്ച രഞ്ജിത്തിനും ടോംസിനും നന്ദി

  ReplyDelete