Tuesday, March 30, 2010

വ്യത്യസ്തനാമൊരു ബാലന്‍

എല്ലാത്തരത്തിലും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളായിരുന്നു ബാലന്‍. വയസ്സു 23. നല്ല തടിയും പൊക്കവും. ബാലന്‍ ചെയ്യുന്ന ഓരോ കാര്യവും നാട്ടുകാരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബാലന്റെ വേലത്തരങ്ങള്‍ മൂലം നാട്ടുകാര്‍ സഹികെട്ട് പലപ്പോഴും ശരിയ്ക്കും പൂശിയിട്ടുമുണ്ട്. സത്യത്തില്‍ ബാലനു തല്ലുകൊടുക്കാത്തവരായിട്ട് ആ നാട്ടിലാരെങ്കിലുമുണ്ടെങ്കില്‍ അത് കുഴിമാടത്തിനുള്ളില്‍ വിശ്രമിക്കുന്ന പാവം ശവങ്ങള്‍ മാത്രമായിരുന്നു .എന്നുമുതലാണ് ബാലന്‍ വ്യത്യസ്തനായിചിന്തിക്കുവാന്‍ തുടങ്ങിയെന്നതിനെക്കുറിച്ച് പൊതുസമൂഹത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതെല്ലാം നമുക്കൊഴിവാക്കാം. ബാലന്റെ ഒരേയൊരു വീക്ക്നെസ്സ് സുധാമണിച്ചേച്ചിയുടെ മകള്‍ സരിതയാണു.ഗ്രാമത്തിലെ ഒരേയൊരു സുന്ദരിയെന്നു സ്വയം വിശ്വസിക്കുന്ന മധുര പതിനേഴുകാരി. പത്താംക്ലാസ്സില്‍ നാലാംവട്ടവും പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന കോമളാംഗി. മുന്‍പൊരിക്കല്‍ ഫാഷന്‍ ഫ്രൂട്ട് പറിച്ചുകൊടുത്തപ്പോള്‍ അവള്‍ ബാലനെനോക്കി ഒരു ചിരിചിരിച്ചു. അത് ബാലന്റെ ചങ്കില്‍ തറച്ചു.അന്നുതൊട്ടേ ആ ചിരി മാത്രമാണു ബാലന്റെ മനസ്സില്‍. താന്‍ കല്യാണം കഴിക്കുമെങ്കില്‍ അതു സരിതയെമാത്രമായിരിക്കുമെന്നാണ് ആശാന്‍ പറയുന്നതു. നാട്ടിലെല്ലാപേര്‍ക്കുമിക്കാര്യമറിയാം. സരിതയ്ക്കും സുധാമണിചേച്ചിയ്ക്കുമൊഴിച്ച്. അവരിതറിഞ്ഞാല്‍ എന്താകുമെന്നു ഒടേതമ്പുരാനുപോലുമറിയില്ല. സുധാമണിചേച്ചിയെ സോപ്പിടുന്നതിനായി അവരുടെപേരില്‍ ഒരു L.I.C പോളിസി ബാലന്‍ ആരഭിച്ചിട്ടുണ്ട്.ബാലനെ കുറിച്ച് ഒരു ഏകദേശധാരണയായല്ലോ അല്ലേ.



ബാലന്റെ പ്രധാന വിനോദമെന്നതു ആരെയെങ്കിലും അമ്പരപ്പിക്കുക ആവശ്യത്തിനടി മേടിയ്ക്കുക എന്നതായിരുന്നു.അതിനായി എത്ര റിസ്ക്കെടുക്കുന്നതിനും ബാലനു മടിയില്ല. അന്നൊരു ശനിയാഴ്ചയായിരുന്നു.രാവിലെ തന്നെ ബാലന്‍ വാഴപ്പണകളിലെല്ലാം കയറിയിറങ്ങി ഉണങ്ങിയ വാഴയിലകളും മറ്റും ധാരാളമായി ശേഖരിച്ചു. കൂട്ടിനു കുട്ടനേയും വിളിച്ചു. ബാലന്റെ അടുത്ത ചങ്ങാതിയാണിഷ്ടന്‍. സ്വഭാവത്തില്‍ ബാലനേക്കാളും ഒരു രണ്ടുവയസ്സിന്റെ കുറവുമാത്രമേ കുട്ടനുമുള്ളു. ബാലന്റെ തല്ലുകൊള്ളിത്തരങ്ങളുടെ പങ്ക് കുട്ടനും കിട്ടാറുണ്ട്. രണ്ടും കൂടി ശേഖരിച്ച വാഴയിലയുമായിവരുമ്പോള്‍ സ്ഥലത്തെ ആസ്ഥാനനൊണപറച്ചില്‍ ഏരിയയായ കുമാരന്റെ കടയിലിരുന്നു ചായകുടിച്ചുകൊണ്ടിരുന്ന കണാരേട്ടന്‍ ബാലനോടായി ചോദിച്ചു.

"ആരെ പറ്റിയ്ക്കാനാടാ ഇതെല്ലാമായിട്ട്".

"മാടങ്കാവിലെ ഉത്സവമല്ലേ വരുന്നതു. എഴുന്നള്ളത്തിന്റെ കൂടെയുള്ള കുതിരയെ ഉണ്ടാക്കുന്നതിനായിട്ടാ രാമേട്ടാ. പണിയ്ക്കരുമാമന്‍ പറഞ്ഞു".വളരെ ഡീസന്റായി ബാലന്‍ ഉത്തരം നല്‍കി.ഈ വക കാര്യങ്ങളില്‍ പുള്ളിക്കാരനു വലിയ താല്‍പ്പര്യമാണ്.

"എങ്കി ഇത്തവണ കുതിര ഒണ്ടായതു തന്നെ".പൊട്ടിച്ചിരിച്ചുകൊണ്ട് കുമാരന്‍ പറഞ്ഞു.

"എന്താടാ ബാലാ ഇപ്പോ നീ മര്യാദക്കാരനായെന്നു തോന്നുന്നല്ലോ. നല്ലതുപോലെ നടന്നാല്‍ നിനക്കു കൊള്ളാം. ഇല്ലെങ്കി നാട്ടാരുടെ കയ്യീന്നു മേടിച്ചു ക്ഷയം പിടിച്ചു ചാകും". ഒരുപദേശിയുടെ മട്ടില്‍ കണാരേട്ടന്‍ പറഞ്ഞു.

ബാലനൊന്നും മിണ്ടാതെ നടന്നു പോയി.

നിങ്ങളു നോക്കിക്കോ.ഇതാരെയോ വലിപ്പിക്കാനായിട്ടുള്ള പൊറപ്പാടാ".

കുമാരന്‍ കൊറച്ചുറക്കെപ്പറഞ്ഞു. അല്ലേലും കുമാരനു ബാലനെ കണ്ണെടുത്താല്‍ കണ്ടുകൂട. മുന്‍പൊരിക്കല്‍ കുട്ടന്‍ നായരുടെ മരച്ചീനിതോട്ടത്തില്‍ നിന്നും മരച്ചീനി അടിച്ചുമാറ്റുമ്പോള്‍ കുമാരനെ ബാലന്റെ നേതൃത്വത്തില്‍ പൊക്കിയിരുന്നു. അതിന്റെ പകരമായി കുമാരന്‍ ബാലനെ തല്ലിപ്പിച്ചിട്ടുമുണ്ട്. ഒരവസരം വരുമ്പോള്‍ തിരിച്ചു പണിയാന്‍ കാത്തിരിയ്ക്കുകയാണു ബാലന്‍.

സമയം രാത്രി പതിനൊന്നരയായി. വൈകിട്ട് പട്ടാളം കേശുവിന്റെ നേതൃത്വത്തില്‍ നടന്ന വെള്ളമടി കഴിഞ്ഞ് ഓരോരുത്തരായി പിരിയാന്‍ തുടങ്ങി.ഒടുവില്‍ കുമാരനും കരുണേട്ടനും മാത്രമായി.കടയടച്ചു രണ്ടും കൂടി വീട്ടിലേയ്ക്കു തിരിച്ചു. അപ്പിക്കാട് എന്നറിയപ്പെടുന്ന റബ്ബറെസ്റ്റേറ്റു വഴിയാണു രണ്ടിനും പോകേണ്ടത്. വളരെ മങ്ങിയ നിലാവെളിച്ചത്തില്‍ ബീഡിയും വലിച്ച് പരസ്പ്പരം വര്‍ത്തമാനവും പറഞ്ഞ് ആടിയാടി അങ്ങനെ നടക്കുകയാണു രണ്ടും. മുട്ടുശാന്തിക്കാ​യി തൊടിയിലെ നാരായണിയുടെ അടുത്തൊന്നു പോയാല്‍ കൊള്ളാമെന്നുണ്ട് കുമാരനു. വയറ്റിലെ പട്ടാളസാധനത്തിന്റെ പവര്‍. പക്ഷേ കരുണേട്ടന്‍ കൂടെയുണ്ട്. അയാളറിഞ്ഞാല്‍ എന്തു വിചാരിക്കുമെന്നോര്‍ത്തു കുമാരന്‍ ആ ആഗ്രഹം മനസ്സിലടക്കി. ഇനിയും ദിവസമുണ്ടല്ലോ. കരുണേട്ടനും അപ്പോള്‍ ഇതു തന്നെയായിരുന്നു മനസ്സിലോര്‍ത്തുകൊണ്ടിരുന്നതു. കരുണേട്ടന്റെ വീട്ടിനുമുമ്പിലെത്താറായപ്പോള്‍ ഒരു ബീഡികൂടി കൊളുത്തിക്കൊണ്ട് സലാം പറഞ്ഞു കുമാരന്‍ തന്റെ വീട്ടിലേയ്ക്കുള്ള വഴിയില്‍ പ്രവേശിച്ചു. പെട്ടന്ന്‍ എന്തിലോ ഇടിച്ചു ബ്രേക്കിട്ട വണ്ടിപോലെ കുമാരന്‍ നിന്നു. സത്യമാണു മുന്നില്‍ വഴിമുടക്കി എന്തോ ഉണ്ട്. ഇരുട്ടുമൂലം നേരെ കാണാന്മേല. തീപ്പെട്ടിയുരച്ച് നോക്കിയ കുമാരന്‍ ആ രാത്രി ഉറങ്ങിക്കിടക്കുന്നവരേയും ഉറങ്ങാന്‍ തയ്യാറെടുക്കുന്നവരേയും ആകെ ഞെട്ടിപ്പിച്ചുകൊണ്ട് അത്യുച്ചത്തില്‍ ഒന്നലറിവിളിച്ചു. ശേഷം വെട്ടിയിട്ട വാഴപോലെ പുറകിലേയ്ക്കു മലര്‍ന്നു വീണു.

വീട്ടിനുള്ളിലേയ്ക്കു കയറാനൊരുങ്ങിയ കണാരേട്ടന്‍ കുമാരന്റെ അലര്‍ച്ചകേട്ട് വഴിയിലേയ്ക്ക് ഓടിവന്നു.പെട്ടന്നു തന്നെ ഗ്രാമവാസികള്‍ അടുത്ത അലര്‍ച്ചയും കേട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ധാരാളം പേര്‍ വെട്ടവും മറ്റുമായി അവിടേയ്ക്കോടിയെത്തി. മുന്നിലെ കാഴ്ച കണ്ട് പലരും ഒന്നു ഞെട്ടി. വളരെ വലിപ്പമുള്ള ഒരു ഭീകരരൂപം രണ്ടു കൈകളും ആട്ടിക്കൊണ്ട് വഴിയുടെ മധ്യത്തില്‍ നില്‍ക്കുന്നു. കുമാരനും കറുണേട്ടനും രണ്ട് ശവങ്ങള്‍ മാതിരി വഴിയില്‍ വിലങ്ങനെ കിടപ്പുണ്ട്. വാഴക്കരിയിലയും മറ്റും കൊണ്ടുണ്ടാക്കിയ ഒരു കോലമാണു ഭീകരരൂപത്തില്‍ നില്‍ക്കുന്നതെന്നു കണ്ടെത്തിയതു നത്തു വാസുവാണു. അതിന്റെ രണ്ടു കൈകളിലുമായി ബന്ധിച്ചിരിക്കുന്ന ഒരു കറുത്ത ചരട് അടുത്ത പറമ്പിലേയ്ക്കു പോയിരിക്കുന്നതും വാസു കണ്ടെത്തി. ചരടിന്റെ അറ്റമന്യോഷിച്ചു ചെന്നവര്‍ കണ്ടത് ചരടും കയ്യില്‍പിടിച്ച് സുഖമായിരുന്നുറങ്ങുന്ന ബാലനേയും കുട്ടനേയുമാണ്. ഉറക്കത്തില്‍ കയ്യോ മറ്റോ അനക്കുമ്പോള്‍ കോലത്തിന്റെ കയ്യും അനങ്ങും. പിന്നെ അവിടെ നടന്നതൊന്നും പുറത്തുപറയാന്‍ കൊള്ളില്ല. സത്യം.....

Monday, March 29, 2010

നൂറു രൂപയുടെ വില

"കെളവീ പൈസ തരുന്നോ അതോ ഇല്ലയോ".അവസാനവാക്കെന്നോണം മണിയന്‍ ലക്ഷ്മിയമ്മയോടു ചോദിച്ചു.

"എന്റെ കയ്യില്‍ അഞ്ച് പൈസയുമില്ല.അഥവാ ഒണ്ടെങ്കി തന്നെ തരാനൊട്ട് ഉദ്ദേശിച്ചിട്ടുമില്ല".അറുത്തുമുറിച്ച് ലക്ഷ്മിയമ്മ പറഞ്ഞു.

നാട്ടില്‍ അല്ലറചില്ലറ പലിശക്കു പണം കൊടുപ്പും മറ്റുമാണ് ലക്ഷ്മിയമ്മയുടെ ജോലി. ഭര്‍ത്താവ് വളരെമുന്‍പേ മരിച്ചുപോയി.പിന്നെ ആകെയുള്ളതു ഒരു മകന്‍ മാത്രം. ശ്രീമാന്‍ മണിയന്‍. ലക്ഷ്മിയമ്മ പലിശക്കു കൊടുത്തും ചിട്ടികെട്ടിയും മറ്റും ഉണ്ടാക്കുന്ന കാശു മുഴുവന്‍ ധൂര്‍ത്തടിക്കുവാന്‍ യാതൊരു മടിയുമില്ലാത്ത അരുമസന്താനം. ജോലിയ്ക്കു വല്ലതും പോകുക എന്നതു കേള്‍‍ക്കുന്നതേ ഇഷ്ടനു ചൊറിച്ചിലുണ്ടാക്കുന്ന ഒന്നാണു. രാവിലെ പത്തുമണിവരെ കിടന്നുറങ്ങുക. പിന്നെ എഴുന്നേറ്റു വല്ലതും കഴിച്ചശേഷം പുറത്തേയ്ക്കിറങ്ങുന്ന ആശാന്‍ രാത്രിയെപ്പോഴെങ്കിലും മടങ്ങിവന്നാലായി. മിക്കവാറും ദിവസങ്ങളില്‍ നാരായണന്റെ ഷാപ്പില്‍ തന്നെ അന്തിയുറങ്ങും. കള്ളുകുടിയ്ക്കാനുള്ള കാശ് എങ്ങിനെയെങ്കിലും മണിയനൊപ്പിച്ചിരിക്കും. മിക്കവാറും ലക്ഷ്മിയമ്മയുടെ പണപ്പെട്ടിയില്‍ നിന്നും അടിച്ചുമാറ്റുന്നതായിരിക്കും. പക്ഷേ അടുത്ത കാലത്തായി അവര്‍ കൊറച്ചു വിജിലന്റായതുകാരണം മണിയനു കാര്യമായൊന്നും തടയുന്നില്ല.

മണിയന്‍ ആകെ ചിന്താകൊഴപ്പത്തിലായി. സമയം വൈകുന്തോറും ശരീരം ആകെ വലിഞ്ഞുമുറുകുന്നതുപോലെ.ഒരു അരയടിക്കാനുള്ള കാശൊണ്ടാക്കാനെന്താണു വഴി. ഷാപ്പീന്നാണേല്‍ ഇനി കടം തരത്തില്ല. ഇപ്പോ തന്നെ നാലഞ്ചുദിവസത്തെ പറ്റുണ്ട്.ഇന്നലെ കാലുപിടിച്ചുപറഞ്ഞിട്ടാണ് ഒരര നാരായണന്‍ തന്നതു. തള്ളയുടെ കയ്യില്‍ ഇഷ്ടം പോലെ കാശൊണ്ട്.പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. പണപ്പെട്ടി നല്ല താഴിട്ടുപൂട്ടി താക്കോല്‍ ഫുല്‍ടൈം കയ്യില്‍പിടിച്ചോണ്ടല്ലേ നടപ്പ്.എന്തു ചെയ്യുമിനി.മറ്റൊന്നും തലയിലുദിക്കാതെ മണിയന്‍ ഷാപ്പു ലക്ഷ്യമാക്കി നടന്നു.

എന്തോ വീഴുന്ന ഒച്ച കേട്ട ലക്ഷ്മിയമ്മ വീടിന്റെ പിന് വശത്തേയ്ക്കോടി ചെന്നു. കിണറിന്റെ മുന്‍പില്‍ നില്‍ക്കുന്ന മണിയനെ കണ്ട് അവരാദ്യമൊന്നമ്പരന്നു. കിണറ്റിങ്കരയിലിരുന്ന ചരുവവും ബക്കറ്റും അവിടെയുണ്ടായിരുന്നില്ല.

"എടാ കാലാ നീയിതെന്തുഭാവിച്ചാ.എവിടേടാ എന്റെ ചരുവോം ബക്കറ്റും".

"പന്നത്തള്ളേ.നിങ്ങടെയൊരു ചരുവോം ബക്കറ്റും. സ്വന്തം മോനു ഒരമ്പതുരൂപതരാത്ത പിശുക്കിത്തള്ള. ദേ കെണറ്റിക്കെടപ്പൊണ്ട് നിങ്ങടെ ചരുവം"

"നീ കൊണം പിടിയ്ക്കത്തില്ലെടാ".

"വേണ്ട. മര്യാദയ്ക്കു എനിക്കൊരു നൂറുരൂപ താ. ഇല്ലെങ്കി ഞാനീ കെണറ്റിലെടുത്തു ചാടും".ഭീഷണിയുടെ സ്വരത്തില്‍ മണിയന്‍ ലക്ഷ്മിയമ്മയോടു പറഞ്ഞു.

'നീ ചാവെടാ. അതാ നല്ലതു ശല്യമെങ്കിലുമൊഴിയുമല്ലോ' മണിയന്റെ ഭീഷണി തെല്ലും വകവയ്ക്കാതെ ലക്ഷ്മിയമ്മ തിരിഞ്ഞു നടന്നു.അല്ലെങ്കി തന്നെ ഇതെത്ര പ്രാവശ്യം കേട്ടിരിക്കുന്നു അവര്‍.

'ദേ ഞാനവസാനമായിട്ടൊരിയ്ക്കല്‍ കൂടി പറയുകയാണ്.പൈസ തരാന്‍ പറ്റുവോ ഇല്ലയോ'

"മലായാളത്തിലല്ലേടാ ഞാമ്പറഞ്ഞതു പറ്റില്ലെന്നു'

"എങ്കി ഇപ്പോക്കാണിച്ചുതരാം". പറഞ്ഞുകഴിഞ്ഞതും മണിയന്‍ കിണറിന്റെ കൈവരിയില്‍ ചാടിക്കയറി. രണ്ടുചുവടതിനുമുകളില്‍ കൂടി നടന്നു. അതുകണ്ട ലക്ഷ്മിയമ്മയുടെയുള്ളില്‍ ചെറിയ ഭയം നാമ്പിട്ടു. മണിയന്‍ അടുത്ത ചുവടു നടക്കാനായി കാലുയര്‍ത്തിയതും സ്ലിപ്പായി കിണറ്റിനുള്ളിലേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. തള്ളയെ പേടിപ്പിച്ചു നൂറുരൂപ കൈക്കലാക്കുവാന്‍ ശ്രമിച്ച മണിയന്‍ പ്രതീക്ഷിക്കാത്തതായിരുന്നു ആ വീഴ്ച.

"അയ്യോ ആരെങ്കിലും ഓടിവരണേ. എന്റെമോന്‍ കെണറ്റിവീണേ".

ലക്ഷ്മിയമ്മ വലിയവായില്‍ നിലവിളിച്ചു. നിലവിളികേട്ട് അടുത്തവീടുകളില്‍ നിന്നും മൂന്നാലുപേര്‍ ഓടിയെത്തി. കിണറിനുള്ളിലേയ്ക്കു നോക്കിയപ്പോള്‍ തൊടിയില്‍ പിടിച്ചുകൊണ്ട് വെള്ളത്തിനുമുകളില്‍ കിടക്കുന്ന മണിയനെയാണവര്‍ കണ്ടതു.പെട്ടന്നുതന്നെ അവര്‍ ഒരു കയര്‍ കിണറ്റിലേയ്ക്കിറക്കിക്കൊടുത്തു. ഒരാള്‍ കിണറ്റിലിറങ്ങി കയര്‍ മണിയന്റെ അരയില്‍ ബന്ധിച്ചു. ഭാഗ്യത്തിനു പരിക്കൊന്നുമുണ്ടായിരുന്നില്ല.ബാക്കിയുള്ളവര്‍ കയര്‍ പിടിച്ചു മണിയനെ പുറത്തേയ്ക്കെടുക്കുവാനാരംഭിച്ചു.ഏകദേശം മുകളിലെത്താറായതും കയര്‍ കെട്ടിയിരുന്ന കിണറിന്റെ ഫില്ലര്‍ ഇളകുകയും എല്ലാം കൂടി വീണ്ടും കിണറിനുള്ളിലേയ്ക്കു തന്നെ പോകുകയും ചെയ്തു.

നിലവിളികള്‍ വീണ്ടുമുയര്‍ന്നു. എങ്ങിനെയൊക്കെയോ മണിയനേയും രക്ഷിക്കാനിറങ്ങിയ രണ്ടാമനേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.ഒരു കയ്യും കാലുമൊടിഞ്ഞ മണിയന്‍ ആശുപത്രി വിട്ടത് പതിനാലാം ദിവസമാണ്. ഒരുമാസം ബെഡ് റെസ്റ്റ് എടുക്കേണ്ടിയും വന്നു. രണ്ടാമനു വലിയ പരിക്കുകള്‍ പറ്റാതിരുന്നതുമൂലം മൂന്നിന്റന്നു ഡിസ്ചാര്‍ജ്ജായി.

എന്തിനേറെ പറയുന്നു. ആശുപത്രിച്ചെലവും കിണര്‍ ശരിയാക്കിയതുമെല്ലാം കൂടി 7630 രൂപയോളം ലക്ഷ്മിയമ്മയ്ക്കു ചിലവായി. അത്ര തന്നെ. മകന്‍ ചോദിച്ച നൂറു രൂപ കൊടുക്കാതിരുന്നതിന്റെ ശിക്ഷ.

Sunday, March 21, 2010

വാസുവിന്റെ ജീവനപകടത്തിലാണു...രക്ഷിക്കൂ..

പഴയ എന്തു സാധനവും ചുളുവിനു വാങ്ങി മറിച്ചുവില്‍ക്കുന്നതാണു ആക്രി വാസുവിന്റെ തൊഴില്‍.ആക്രിക്കച്ചവടം ചെയ്തതുമൂലം വീണുകിട്ടിയ വട്ടപ്പേരാണു ആക്രിവാസുവെന്നു. വീടുവീടാന്തിരം കയറിയിറങ്ങി തകരപ്പാട്ടകളും കുപ്പികളും അലുമിനിയവും എല്ലാം ശേഖരിച്ചു ദൂരെ പട്ടണത്തിലെ വലിയ ആക്രിക്കടയില്‍ കൊണ്ടു വില്‍ക്കും.വലിയ മുടക്കുമുതലില്ലാത്തതിനാല്‍ തെറ്റില്ലാത്ത വരുമാനമുണ്ടാശാനു.വാസുവിന്റെ പ്രധാന കയ്യാള്‍ പൊടിയന്‍ പാക്കരനാണു.ആളു പൊടിയാണെങ്കിലും കയ്യിലിരുപ്പ് വളരെ വലുതാണ്.ഏതു വീട്ടില്‍ നിന്നും അലുമിനിയം കലങ്ങളും മറ്റും അടിച്ചുമാറ്റുന്നതിനുമൊരു പ്രത്യേക വൈദഗ്ദ്ധ്യം തന്നെയുണ്ടവനു.ചില സ്ഥലങ്ങളില്‍ നിന്നും പൊതിരെകിട്ടിയിട്ടുമുണ്ട് ആശാനും ശിഷ്യനും.ഓരോ ആഴ്ചയും ഏരിയമാറ്റിമാറ്റി അടിച്ചുമാറ്റലും മറ്റുമായി അവരങ്ങനെ കഴിഞ്ഞുവരവെയാണു താഴേ മനയില്‍ ചില പഴയ സാധനങ്ങള്‍ വില്‍ക്കാനുണ്ടെന്നു വാസുവറിഞ്ഞതു.വളരെ പുരാതനമായ ഒരു മനയാണതു. പണ്ട് ദുര്‍മന്ത്രവാദത്തിനും ആഭിചാരക്രീയകള്‍ക്കും പേരുകേട്ടിരുന്ന ആ മനയിലിപ്പോള്‍ വയസ്സായ ഒരു അന്തര്‍ജ്ജനം മാത്രമേയുള്ളു. ദുഷ്ടമൂര്‍ത്തികളേയും മറ്റും ഒരുപാടാവാഹിച്ചുകൊണ്ടു വച്ചിട്ടുള്ള ആ മനയില്‍ പകലുവെട്ടത്തുപോലും ആരുമങ്ങിനെ ചെല്ലാറില്ല. ഒരു ഭയാനകമായ അന്തരീക്ഷമാണവിടെയുള്ളതെന്നു അവിടെയെത്തുന്ന ആര്‍ക്കും തോന്നും. എന്നാല്‍ ഭൂതത്തിലും പ്രേതത്തിലും ഒന്നും തന്നെ തരിമ്പും വിശ്വാസമില്ലാത്ത വാസു എന്തായാലും മനയില്‍ പോകാനും ഒക്കുമെങ്കില്‍ സാധനങ്ങള്‍ വാങ്ങാനും തന്നെ തീരുമാനിച്ചു.

തന്റെ മുന്‍പില്‍ കുന്നുകൂടികിടക്കുന്ന ഓട്ടുരുളികളും ചെമ്പുപാത്രങ്ങളും വിളക്കുകളും കിണ്ടികളും മറ്റും കണ്ട് വാസുവിന്റെ കണ്ണു മഞ്ഞളിച്ചു.ഈ പൊട്ടത്തള്ളയെ പറ്റിച്ചു ഒക്കുന്നിടത്തോളം ഒപ്പിക്കണമെന്നു വാസു തീര്‍ച്ചയാക്കി.

"വാസു ദാ ഇത്രേം സാധനങ്ങള്‍ എടുത്തിട്ട് അതിന്റെ വെല തന്നോളൂ.നല്ല വെലപിടിപ്പുള്ളതാണേ"

കാര്യസ്ഥന്‍ കുട്ടന്‍ നായര്‍ നാലഞ്ചു ഉരുളികളും ചെമ്പു പാത്രവും കൊണ്ടുവച്ചിട്ട് വാസുവിനോടു പറഞ്ഞു.

"ഇപ്പം പഴയ സാധനങ്ങക്കൊക്കെ വെല വളരെകുറവാണു.ആരും വാങ്ങാനാ.പിന്നെ ഇവിടെ ബുദ്ധിമുട്ടാണെന്നറിഞ്ഞതുകൊണ്ട് ഞാന്‍ മേടിക്കുന്നെന്നേയുള്ളു.ഇനി യും എന്തെങ്കിലും
വില്‍ക്കാനുണ്ടെങ്കി എന്നെ അറിയിക്കണം കേട്ടോ". പണം എണ്ണിക്കൊടുത്തുകൊണ്ട് വാസു പറഞ്ഞു.

ആ സാധനങ്ങള്‍ തലച്ചുമടാക്കി ആശാനും ശിഷ്യനും വീട്ടിലേയ്ക്കു തിരിച്ചു. വഴിയില്‍ ചുമടിറക്കിവച്ചു ഷാപ്പില്‍ നിന്നും മേടിച്ച നാടന്‍ രണ്ടുകവിള്‍ കുടിച്ചപ്പോഴാണു വാസു പാക്കരന്റെ മടിശ്ശീല ശ്രദ്ധിച്ചതു.

"എന്താടാ പാക്കരാ നിന്റെ മടിയില്‍.ഞാനറിയാതെ എന്തോ അടിച്ചുമാറ്റിക്കൊണ്ടുപോവേണല്ലേ.എടുക്കടാ ഇവിടെ"

വാസുവിന്റെ ദേക്ഷ്യപ്പെടലില്‍ പേടിച്ച പാക്കരന്‍ മടിശ്ശീലയിലൊളിപ്പിച്ചിരുന്ന സാധനമെടുത്തു ആശാനു നീട്ടി.

അതിമനോഹരമായ ചിത്രപ്പണികള്‍ ചെയ്ത ഒരു ചെറിയ പേടകമായിരുന്നതു.നിരവധി മുത്തുകളും മറ്റും അതില്‍ പിടിപ്പിച്ചിട്ടുണ്ടായിരുന്നു.

"ഇതു കൊള്ളാമല്ലോടാ. നല്ല വെലകിട്ടുമിതിനു"

ചെറുതായി അതൊന്നു കുലുക്കിക്കൊണ്ട് വാസു പറഞ്ഞു. അതിനുള്ളില്‍ എന്തോ ഉള്ളതായി വാസുവിനു തോന്നി.അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ ആ പേടകം തുറക്കുന്നതില്‍ വാസു വിജയിച്ചു.അതിനകത്തു സൂക്ഷിച്ചുനോക്കിയിട്ടും വാസുവിനൊന്നും കണ്ടെത്താനായില്ല.

"ഛേയ് മെനക്കെട്ടതു തന്നെ മിച്ചം".പിറുപിറുത്തുകൊണ്ട് വാസു കുപ്പി വായിലേയ്ക്കു കമിഴ്ത്തി.പെട്ടന്നാണതു സംഭവിച്ചതു.ആ കൊച്ചുപേടകത്തിനുള്ളില്‍ നിന്നും കുമുകുമാ പുകച്ചുരുളുകളുയരാന്‍ തുടങ്ങി.സംഭവിക്കുന്നതെന്താണെന്നു മനസ്സിലാവാതെ വാസുവും പാക്കരനും അന്തം വിട്ടിരുന്നു.അല്‍പ്പസമയം കഴിഞ്ഞപ്പോല്‍ തങ്ങളുടെ മുമ്പില്‍ നില്‍ക്കുന്ന രൂപം കണ്ട് അവര്‍ കിടുകിടെ വിറച്ചു.വാസു കുടിച്ചതുമുഴുവന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആവിയായിപ്പോയി.പാക്കരന്‍ ഒന്നേ നോക്കിയുള്ളു.

ധിം.ദേ കിടക്കുന്നു വെട്ടിയിട്ടപോലെ താഴെ.

അതിഭീകരരൂപിയായൊരു ഭൂതമായിരുന്നതു.

തന്റെ മുമ്പില്‍ വാ പിളര്‍ന്നു നില്‍ക്കുന്ന ആ രൂപത്തെ നോക്കുന്തോറും വാസുവിന്റെ മുട്ടുകള്‍ കൂട്ടിയിടിയ്ക്കുവാന്‍ തുടങ്ങി.

"ഹ..ഹ...ഹാ.അഞ്ഞൂറു വര്‍ഷമായി ഒന്നു പുറംലോകം കണ്ടിട്ട്.എന്നെ ആ ദുഷ്ടന്‍ മന്ത്രവാദി തടവിലിട്ടിരിക്കുകയല്ലായിരുന്നൊ ഇത്രയും കാലം. ആദ്യത്തെ നൂറുവര്‍ഷത്തിനുള്ളില്‍ എന്നെ രക്ഷപ്പെടുത്തുന്നതാരായാലും അവനെ ഞാന്‍ ഏറ്റവും വലിയ കോടീശ്വരനാക്കും എന്നു ശപഥം ചെയ്തു.അതുകഴിഞ്ഞ് അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ എന്നെ രക്ഷപ്പെടുത്തുന്നതാരായാലും അവനു ഈ ഭൂമിയിലെ സകലമാന സുന്ദരികളെയും നല്‍കുമെന്നു ഞാന്‍ തീരുമാനിച്ചു.മൂന്നാമത്തെ നൂറ്റാണ്ടില്‍ എന്നെ രക്ഷപ്പെടുത്തുന്നവന് ഈ ലോകത്തുള്ള മുഴുവന്‍ നിധികളും നല്‍കുമെന്നു ഞാന്‍ ഉറപ്പിച്ചു.നാലാം നൂറ്റാണ്ടായപ്പോള്‍ എന്നെ രക്ഷപ്പെടുത്തുന്നവനെ ഭൂലോകത്തിന്റെ ചക്രവര്‍ത്തിയാക്കുമെന്നു ഞാന്‍ തീരുമാനിച്ചു.എന്നാല്‍ എന്നെ ആരും രക്ഷപ്പെടുത്തിയില്ല.ഒടുവില്‍ ഈ നൂറ്റാണ്ടില്‍ ആരെന്നെ രക്ഷിച്ചാലും അവനെ ഞാന്‍ അപ്പോല്‍തന്നെ കൊന്നുതിന്നുമെന്നു ശപഥം ചെയ്തു.ഇപ്പോള്‍ നീ എന്നെ രക്ഷിച്ചു.നിന്നെ ഞാന്‍ കൊന്നു തിന്നും".

ഭൂതത്തിന്റെ വാക്കുകള്‍ ഒരു വെള്ളിടിപോലാണു വാസുവിന്റെ കാതുകളില്‍ പതിച്ചതു.തന്നെ ഒന്നും ചെയ്യരുതേയെന്നു പറഞ്ഞു വാസു അലമുറയിട്ടുകരയുവാന്‍ തുടങ്ങി.അല്‍പ്പനേരമാലോചിച്ചശേഷം ഭൂതം വാസുവിനോടു പറഞ്ഞു.

"ശരി നിനക്കു ഞാന്‍ ഒരവസരം നല്‍കാം.എന്നോടു ഈ ഭൂമിയില്‍ ആരുവിചാരിച്ചാലും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത മൂന്നു ചോദ്യങ്ങള്‍ നീ ചോദിക്കണം.ഏതിനെങ്കിലും ഞാന്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ നീന്നെ ജീവനോടെ വിടാമെന്നു മാത്രമല്ല ഞാന്‍ മുമ്പ് നാലു നൂറ്റാണ്ടുകളിലും തീരുമാനിച്ച എല്ലാ സൌഭാഗ്യങ്ങളും നിനക്കു നല്‍കുകയും ചെയ്യും.മാത്രമല്ല ഞാന്‍ നിന്റെ അടിമയായിരുന്നുകൊള്ളുകയും ചെയ്യാം.പക്ഷേ..എല്ലാത്തിനും ഞാന്‍ ഉത്തരം പറയുകയാണെങ്കില്‍ നിന്നെ ഞാന്‍ കൊന്നു തിന്നിരിക്കും.പെട്ടന്നു ചോദ്യങ്ങള്‍ ചോദിയ്ക്കൂ".

എന്തുചെയ്യണമെന്നു നിശ്ചയമില്ലാതിരുന്ന വാസു ദൈവത്തെ മനസ്സിലോര്‍ത്തുകൊണ്ട് ആദ്യത്തെ ചോദ്യം ഭൂതത്തിനോടായി ചോദിച്ചു.

"ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ട്".

"പതിനെട്ടേമുക്കാല്‍ക്കോടി ലക്ഷം നക്ഷത്രങ്ങളുണ്ട്".ഒരു ചിരിയോടെ ഭൂതം ഉത്തരം പറഞ്ഞു.

പകുതി ചത്തനിലയില്‍ വാസു രണ്ടാമത്തെ ചോദ്യം ചോദിച്ചു.

"കടലില്‍ എത്ര തിരയുണ്ട്".

"ഹ...ഹ..ഹ ഇത്തരം നിസ്സാരചോദ്യമാണോ എന്നോടു ചോദിക്കുന്നതു.തൊണ്ണൂറ്റിയേഴു ലക്ഷത്തി അറുപത്തിമൂന്നായിരത്തി പതിനേഴ് കോടി തിരകളാണുള്ളതു".

തന്റെ രണ്ട് കടിച്ചാല്‍പൊട്ടാത്ത ചോദ്യങ്ങള്‍ക്കും മണിമണിയായി ഭൂതം ഉത്തരം തന്നതുകണ്ട് വാസുവിന്റെ ജീവന്‍ മുക്കാലും പോകാറായി.എന്തായാലും തന്റെ ജീവന്‍ പോക്കു തന്നെ എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് വാസു തന്റെ ജീവന്റെ നിലനില്‍പ്പിനാധാരമായ മൂന്നാമത്തെ ചോദ്യം ഭൂതത്തിനോടായി ചോദിച്ചു.

"------------------------------------------.?".

വളരെനേരമാലോചിച്ചുനോക്കിയിട്ടും ഉത്തരം കണ്ടെത്താനാവാതെ വലഞ്ഞ ഭൂതം ഒടുവില്‍ തോള്‍വി സമ്മതിച്ചു.ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ വാസു അതി മനോഹരമായി ബോധം കെട്ടുവീണു. ഇപ്പോഴും വാസു ആക്രിക്കച്ചവടം തന്നെ ചെയ്യുന്നതു.പാക്കരനുപകരം ഇപ്പോ പാട്ടപെറുക്കാനും ചാക്കുചൊമക്കാനും കൂടെയുള്ളതു ഭൂതമാണെന്നു മാത്രം.

ശുഭം...

മനുവിന്റെ ആദ്യ ചുംബനം

ബീച്ചിലെ ഒഴിഞ്ഞ കോണിലെ മണല്‍ത്തിട്ടയിലിരിക്കുമ്പോള്‍ മനു ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താനും ഒരു പെണ്‍കുട്ടിയുമായി ബീച്ചിലിങ്ങനെയിരുന്നു വര്‍ത്തമാനം പറയുന്നത് പരിചയത്തിലോ ബന്ധത്തിലോ ഉള്ള ആരെങ്കിലും കണ്ടാല്‍പ്പിന്നെ ചത്തുകളഞ്ഞാല്‍മതി. ഓര്‍ക്കുമ്പോല്‍ തന്നെ ശരീരമാകെ വിറയ്ക്കുന്നു. അച്ഛനെ പിന്നേം സഹിക്കാം. പക്ഷേ ചേട്ടന്‍..തന്നെ തല്ലിക്കൊല്ലും. ഇപ്പോല്‍ത്തന്നെ താന്‍ പഠിക്കാതെ കറങ്ങിനടക്കുകയാണെന്നു പറഞ്ഞു കൊല്ലാതെ കൊല്ലുന്നുണ്ട്.

"മനുവെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നത്?".

നിഷയുടെ ചോദ്യമാണ് മനുവിനെ ചിന്തകളില്‍നിന്നുണര്‍ത്തിയത്.
ഥേ

"ഹേയ് ഒന്നുമില്ല. ഞാന്‍ വെറുതേ എന്തൊക്കെയോ ആലോചിച്ചിരുന്നുപോയി".

"മനുവിനു പേടിയുണ്ടോ?".

"എന്തിന്?"

"അല്ല ഒരു പെണ്‍കുട്ടിയുമായി ബീച്ചിലും മറ്റും കറങ്ങിനടക്കുന്നത് ആരെങ്കിലും കാണുകയോ മറ്റോ ചെയ്താലോയെന്ന പേടി"

"അങ്ങിനെയൊന്നുമില്ല. പിന്നെ ചേട്ടനറിഞ്ഞാല്‍ ഇച്ചിരി കുഴപ്പമാ.അതോര്‍ക്കുമ്പോള്‍ ഒരു ടെന്‍ഷന്‍. അത്രേയുള്ളു".

"മനു ഇത്ര പാവമായിപ്പോയല്ലോ. ഇങ്ങനെ പേടിയ്ക്കാമോ. എന്നെ നോക്കു.ഞാന്‍ എത്ര കൂളായിരിക്കുന്നു"

"അതുപിന്നെ ഞാനാദ്യമായിട്ടാണിങ്ങനെ. അതിന്റെ ഒരു ഇതാ"

"മനു പറയൂ. എപ്പോഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയേ?"

"കൂട്ടുകാരികള്‍ക്കൊപ്പം സംസാരിച്ചുകൊണ്ട് സ്റ്റെയര്‍കെയ്സിറങ്ങി വരുമ്പോഴാണ് ഞാന്‍ ആദ്യമായി നിഷയെ ശ്രദ്ധിച്ചത്. അന്നു താന്‍ ധരിച്ചിരുന്ന ആ ഇളം മഞ്ഞ ചുരീദാര്‍ എന്റെ ഇഷ്ട നിറം കൂടിയായിരുന്നു. എന്നെക്കടന്നുപോയപ്പോള്‍ തലമുടി പാറി എന്റെ മുഖത്തൊന്നു തട്ടി. ആ നിമിഷംതന്നെ ഞാന്‍ തന്നെക്കൊതിച്ചുപോയി. പിന്നെപ്പിന്നെ കോളേജില്‍ വരുന്നതുപോലും തന്നെക്കാണുവാന്‍ വേണ്ടിമാത്രമായിരുന്നു. നിഷക്കെന്നോട് എപ്പോഴാണിഷ്ടം തോന്നിയത്?"

"എനിക്കറിയില്ല മനു. എന്നെത്തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകളെ ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ എനിക്കെന്തോ പോലെയാണ് ആദ്യം തോന്നിയത്. ആദ്യമവഗണിച്ചെങ്കിലും പിന്നെപ്പിന്നെ ആ കണ്ണുകള്‍ക്കുടമയെ ഞാനും തേടാനാരംഭിച്ചു. എപ്പോഴോ എന്റെ മനസ്സിലും നോട്ടം പതിഞ്ഞുപോയി. ഒടുവില്‍ ദേ ഇപ്പോള്‍ ഈ വിശാലമായ മണല്‍പ്പരപ്പില്‍ ഞാനാ കണ്ണുകള്‍ക്കുടമയുമായി സല്ലപിക്കുന്നു."

"താന്‍ മനോഹരമായി സംസാരിക്കുന്നു".

"മനുവും"

എന്തെല്ലാമോ പറയണമെന്നുണ്ട്.പക്ഷേ ഒന്നും പുറത്തേയ്ക്കു വരുന്നില്ല. മനു അസ്വസ്ഥതയോടെ ചുറ്റുംനോക്കി.തങ്ങളിരിക്കുന്നതിനടുത്തൊന്നുമാരുമില്ല.അവന്‍ തിരിഞ്ഞു നിഷയെ നോക്കി.കാറ്റത്തുപാറിപ്പറക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കുന്ന അവളെ അവന്‍ സാകൂതത്തോടെ നോക്കി.ഈ ലോകത്തുള്ള ഏറ്റവും സുന്ദരി നിഷയാണെന്നവനു തോന്നി.അവളുടെ അടുത്തു ചേര്‍ന്നിരിയ്ക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിയുടെ ലോകത്തേയ്ക്കുയര്‍ത്തപ്പെടുന്നതായി മനുവിനനുഭവപ്പെട്ടു. നിഷ നോക്കുമ്പോള്‍ തന്നെത്തന്നെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുന്ന മനുവിനെയാണു കണ്ടതു.അവന്റെ വലതുകൈ മണലിലൂടെ അരിച്ചരിച്ചെത്തി തന്റെ കൈകളില്‍ മുറുകെപിടിച്ചപ്പോല്‍ ശരീരത്തിലൂടെ ഒരു വൈദ്യുതതരംഗം കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. നാണത്തില്‍ കുതിര്‍ന്ന അവളുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് അവനവളുടെ മിഴികളിലേയ്ക്കു സൂക്ഷിച്ചുനോക്കി.ആ നോട്ടം നേരിടാനാവാതെ നിഷ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.പെട്ടന്നു മനു നിഷയുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ അമര്‍ത്തിയൊരുമ്മ വച്ചുകൊണ്ടവളെ തന്റെ ശരീരത്തോടു ചേര്‍ത്തുകെട്ടിപ്പിടിച്ചു.

ആകെ തളര്‍ന്ന നിഷ ആ ചുംബനമേറ്റുവാങ്ങിക്കൊണ്ട് ഒന്നു കുതറുകപോലുംചെയ്യാതെ അവന്റെ ദേഹത്തോടൊട്ടിചേര്‍ന്നിരുന്നു.ആ സുഖലഹരിയില്‍ മനു തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

......................

വല്ലാത്ത ബഹളം കേട്ട് മനു കണ്ണുതുറന്നുനോക്കി.ക്രൂദ്ധമായ മിഴികളുമായി വളരെ വലിയ ഒച്ചയില്‍ സംസാരിക്കുന്ന ചേട്ടനെകണ്ടവന്‍ ഒന്നു ഞെട്ടി.

"ആദ്യമവനെന്റെ കൈകള്‍പിടിച്ചുഞെരിച്ചു.പിന്നെ.ഞാനെങ്ങനെ അമ്മയോടുപറയും.കണ്ട പെണ്ണുങ്ങളേയുമോര്‍മ്മിച്ചുകിടന്നു അവനിന്നെന്റെ ചുണ്ടു കടിച്ചുമുറിച്ചു. നാളെയിനിയെന്തുചെയ്യില്ല എന്നാരുകണ്ടു.ഞാനിനിയെങ്ങനെ ഇവന്റെ കൂടെ ഒരു കട്ടിലില്‍ കിടക്കും".

ബഹളം കേട്ടോടിവന്ന അമ്മയോടായി ചേട്ടന്‍ പറയുന്നതുകേട്ട് ആ നിമിഷം ഉടലോടുകൂടി ഭൂമിയിലേയ്ക്കാഴ്ന്നുപോയെങ്കിലെന്നു ആത്മാര്‍ഥമായും മനു ആഗ്രഹിച്ചുപോയി.

ശുഭം


ശ്രീ

Thursday, March 18, 2010

കോളിളക്കമുണ്ടാക്കിയേക്കാമായിരുന്ന ഒരു കൊലപാതകം

"കള്ള നായീന്റമോനേ നൊണ പറയുന്നോടാ. നിന്നെ കൊണ്ട് സത്യം പറയിപ്പിക്കാമോയെന്നു ഞാനൊന്നു നോക്കട്ടേ.നീയല്ലേ രമണിയെ ബലാത്സംഘം ചെയ്തു കൊന്നതു".

"സാര്‍....ഞാനവളെ ഒന്നും ചെയ്തിട്ടില്ല."

"പൂ.#..#.മോനെ നിനക്കു കിട്ടിയതൊന്നും പോരല്ലേ.ഒറ്റയ്ക്കു താമസിച്ചിരുന്ന മാദകത്തിടമ്പായ രമണി നിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.തക്കവും തരവും കിട്ടിയപ്പോള്‍ നീ അവളെ കീഴ്പ്പെടുത്താന്‍ നോക്കി.ബലാത്സംഘശ്രമത്തിനിടയില്‍ അവള്‍ ചത്തു. ഇതല്ലേടാ സത്യം ".

"എന്റെ പൊന്നേമ്മാന്നേ ഇനി എന്നെ തല്ലിയാ ഞാന്‍ ചത്തുപോവും.ഞാന്‍ എന്തു വേണമെങ്കിലും സമ്മതിക്കാം".

"കണ്ടോ കണ്ടോ കിട്ടേണ്ടതു കിട്ടിയപ്പം അവന്‍ തത്ത പറയുന്നതുപോലെ സത്യം പറയുന്നതുകണ്ടോ.ഇനി പറ.എന്താണുണ്ടായതു".

ക്രൂരമായ മര്‍ദ്ദനം താങ്ങാനാവാതെ അയാള്‍ മനസ്സില്‍ തോന്നിയതുപോലെയെല്ലാം എസ് ഐയോടു പറഞ്ഞു.

"അങ്ങനെ വഴിക്കു വാ.വല്ല ആവശ്യവുമുണ്ടായിരുന്നോ ഈ അടി മേടിച്ചുകൂട്ടാന്‍.നീ പേടിക്കേണ്ട.വലിയ കേസൊന്നുമുണ്ടാവില്ല.ഞാന്‍ പറയുന്നതുപോലെ വക്കീലുചോദിക്കുമ്പം പറഞ്ഞാമതി.കോടതിയില്‍ കേസു തള്ളിപ്പോകുന്ന തരത്തില്‍ ഞാന്‍ റിപ്പോര്‍ട്ട് ഒണ്ടാക്കിക്കൊള്ളാം.പക്ഷേ എന്നെ കാണേണ്ടപോലെ കാണണം. മനസ്സിലായോ".

"ഉവ്വേമാനേ".

ആകെയുള്ള നാലുസെന്റ് കിടപ്പാടത്തിന്റെ പ്രമാണം മനസ്സിലോര്‍ത്തുകൊണ്ട് പ്രതി സമ്മതിച്ചു.കടവായിലൂടെ ഒലിച്ചിറങ്ങിയ ചോര തുടച്ചുകൊണ്ടയാള്‍ ലോക്കപ്പിന്റെ മൂലയില്‍ ചുരുണ്ടുകൂടി കിടന്നു.


"ഹലോ വിക്രമന്‍ മൊതലാളിയല്ലേ.ഇതു ഞാനാ എസ്.ഐ ..... .അതേയതെ.ഒന്നുകൊണ്ടും പേടിക്കേണ്ട.ഞാനൊരുകാര്യം ഏറ്റാല്‍ അതു മൊടങ്ങുമോ.പിന്നെ എന്റെ കാര്യം മറന്നുകളയരുതു.നാളെത്തന്നെ കിട്ടണം.ശരി മൊതലാളി.അപ്പം എല്ലാം പറഞ്ഞപോലെ.നാളെക്കാണാം."

കോളിളക്കമുണ്ടാക്കിയേക്കാമായിരുന്ന ഒരു കൊലക്കേസ് മൂന്നുദിവസത്തിനുള്ളില്‍ തെളിയിച്ച ആശ്വാസത്തോടെ നെറ്റിയിലെ വിയര്‍പ്പു തുടച്ചുകൊണ്ട് എസ്.ഐ തന്റെ സീറ്റിലേയ്ക്കമര്‍ന്നിരുന്നു.

പുറത്തു തൂക്കിയിട്ടിരിയ്ക്കുന്ന മാതൃകാപോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് നാണിച്ചു ചൂളംകുത്തിനില്‍ക്കുകയായിരുന്നു ആ സമയം.

Wednesday, March 17, 2010

സൈന്‍ ഓഫ് സെവെന്‍

1995 97 കാലഘട്ടം.ഒരു പുതുവിദ്യാര്‍ത്ഥിയായി ആറ്റിങ്ങള്‍ ഗവണ്മെന്റ് ഐ.ടി.ഐ ല്‍ കാലുകുത്തുമ്പോള്‍ സത്യത്തില്‍ ഒരു പേടി ഇല്ലാതിരുന്നില്ല.കാരണം അത്ര നല്ല കഥകളാണു ഐ.ടി.ഐക്കാരെകുറിച്ചു പുറത്തു കേട്ടിട്ടുണ്ടായിരുന്നതു.ആദ്യദിവസങ്ങളില്‍ കുഴപ്പമൊന്നുമില്ലായിരുന്നു.ഇത്രയ്ക്കു മര്യാദക്കാരായ കുട്ടികളെയാണോ ഭീകരരായി ചിത്രീകരിച്ചിരുന്നതു. പക്ഷേ ഒന്നുരണ്ടു ദിവസം കൊണ്ട് ആ ധാരണ എല്ലാം എനിക്കു തിരുത്തേണ്ടി വന്നു.അടിയും സമരവും ആകെകൂടി ഒരു ഉത്സവമേളം തന്നെ എന്നും.MRAC.അതായിരുന്നു എന്റെ കോഴ്സ്.പെട്ടന്നു തന്നെ ധാരാളം സുഹൃത്തുക്കളെല്ലാമായി.അങ്ങനെ ഒന്നു രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഒരു പുതിയ ഐഡിയ ഉരുത്തിരിഞ്ഞുവന്നതു.ഒരു പുതിയ സൌഹൃദ സംഘടനയുണ്ടാക്കുക.അതിന്റെ ഉപജ്ഞാതാവ് ആരാണെന്നു കൃത്യമായി എനിക്കറിയില്ല.ഞാനായിരുന്നു എന്നെങ്ങാനും തട്ടിവിട്ടാല്‍ ഇതു വായിക്കുന്ന എന്റെ മറ്റു കൂട്ടുകാര്‍ വണ്ടിപിടിച്ചുവന്നെന്നെ തല്ലും.എന്തിനാ പുലിവാല്.സംഘടനയ്ക്കൊറു പേരു വേണമല്ലോ.സന്‍ജുവാണ് സൈന്‍ ഓഫ് സെവെന്‍ എന്ന പേരു നിര്‍ദ്ദേശിച്ചതു.പുള്ളിക്കാരന്‍ ഷെര്‍ ലോക് ഹോംസ് കഥകളുടെ അഡിക്ടായിരുന്നു.അതിലെ ഒരു കഥയുടെ പേരു പരിഷ്കരിച്ചാണു സൈന്‍ ഓഫ് സെവെന്‍ എന്നിട്ടതു.

കല്ലു എന്നു വിളിക്കപ്പെടുന്ന സുഷാദ്,മമ്മൂട്ടി എന്നറിയപ്പെടുന്ന സന്‍ജു,പിച്ചക്ക് എന്ന ബിജുകുമാര്‍,തടിയനാണെങ്കിലും ലോലഹൃദയനായ നിസാം,റോമേഷ്,ലൂക്കോസ് എന്നീ സ്റ്റൈല്‍ മന്നമ്മാര്‍ പിന്നെ വെറും പാവവും സര്‍വ്വോപരി നല്ലവനും മാത്രമായിരുന്ന ഞാനും ചേര്‍ന്നതായിരുന്നു സൈന്‍ ഓഫ് സെവെന്‍ എന്ന ഞങ്ങളുടെ സംഘടന.വര്‍ക്ക്ഷോപ്പിലിടുന്നതിനായി തന്ന യൂണീഫോം ഒരു പ്രത്യേകരീതിയില്‍ തയ്പ്പിച്ച് എല്ലാവരുടെയും പോക്കറ്റില്‍ ഒരു എംബ്ലവും വരച്ചുചേര്‍ത്തു ആകെകൂടി ജഗപൊകയായ ഒരു സംഘടന.ലെജാദാസ്, രാജേഷ് തുടങ്ങി ഒന്നു രണ്ടുപേര്‍‍കൂടിയുണ്ടായിരുന്നു.പക്ഷേ ആക്റ്റീവല്ലായിരുന്നു എന്നു മാത്രം. ഐ.ടി.ഐലെ മുടിചൂടാമന്നമ്മാരായിരുന്നു ഞങ്ങള്‍ എന്നു പറയുന്നതുകൊണ്ട് മറ്റൊന്നും കരുതരുത്.അതൊരു നഗ്നസത്യം മാത്രമായിരുന്നു.അല്ലെന്നാക്ഷേപമുള്ളവര്‍ ഇതു നുണയാണെന്നു കരുതി വായിക്കണ്ട.അത്ര തന്നെ.എന്തിനും ഏതിനും എപ്പോഴും യുദ്ധസന്നദ്ധര്‍.അതായിരുന്നു സൈന്‍ ഓഫ് സെവെന്‍.ഞങ്ങളുടെ നേതൃത്വത്തില്‍ എന്തെല്ലാം നടത്തിയിരിക്കുന്നു.ഇനി അതൊന്നും വിവരിക്കാനൊന്നും സമയമില്ല.അല്ലെങ്കിലും സ്വയം പുകഴ്ത്തിപ്പറയുന്നതു ഞങ്ങളുടെ സംഘടനയുടെ രീതികള്‍ക്കെതിരാണു.സോറി ജെന്റില്‍മെന്‍സ്.

ഒരാഴ്ചനീണ്ടുനില്‍ക്കുന്ന സേവനവാരകാലത്ത് കാടുപിടിച്ചുകിടന്ന ഐ ടി ഐ പരിസരം മുഴുവന്‍ സൈന്‍ ഓഫ് സെവെന്‍ മുന്‍ കയ്യെടുത്തു വൃത്തിയാക്കി കുട്ടപ്പനാക്കിയതോടെ ഐ ടി ഐ ല് ഞങ്ങള്‍ ഫേമസായി എന്നതാണു സത്യം.മുമ്പ് MRAC-ക്കാര്‍ എന്നു കേട്ടാലേ കലിപിടിച്ചിരുന്ന വൈസ് പ്രിന്‍സിപ്പാളും പിന്നെ മറ്റു ചില സാറമ്മാരും ഞങ്ങളെ കാണുമ്പോള്‍ ഒരു ചെറുപുഞ്ചിരി പൊഴിക്കുവാന്‍ തുടങ്ങി.അതു വളരെപെട്ടന്നു തന്നെ മാറുകയും ചെയ്തു.വളരെ വിശാലമായ പറമ്പുള്ള കാമ്പസ്സില്‍ ധാരാളം തെങ്ങുകളുണ്ടായിരുന്നു.അതിലെ ഇളനീരുകളെല്ലാം ഞങ്ങളുടെ ഇരയായിതീരുകയാണു പതിവ്.പിന്നെ തേങ്ങയും അടയ്ക്കയും അടത്തു അടുത്തുള്ള മാര്‍ക്കറ്റില്‍ കൊണ്ടുകൊടുക്കുന്ന ചില വിരുതമ്മാരും ഉണ്ടായിരുന്നു. അടിപിടികള്‍ക്കും സമരമുണ്ടാക്കുന്നതിനും എല്ലാം മുന്‍പന്തിയില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെ വളരെപെട്ടന്നു തന്നെ സൈന്‍ ഓഫ് സെവെന്‍ വി.പിയുടേയും മറ്റും കണ്ണിലെ കരടായി മാറി.നിരവധിപ്രാവശ്യം ഞങ്ങളില്‍ പലര്‍ക്കും വാര്‍ണിംഗ് കിട്ടി.പലപ്പോഴും ക്ലാസ്സില്‍ നിന്നും കാമ്പസ്സില്‍ നിന്നും ഒഅരാഴ്ചത്തേയ്ക്കും മറ്റും പുറത്താക്കുകയും ചെയ്തു. യാതൊരുവിധ കുഴപ്പവുമുണ്ടാക്കില്ല എന്നു ഉറപ്പുനല്‍കിയിട്ടാണ് പിന്നീട് ക്ലാസ്സില്‍ കയറിയതു.


അങ്ങിനെയിരിക്കേ ഒരു നാള്‍......


അടുത്ത ലക്കത്തില്‍ തുടരും...

Tuesday, March 16, 2010

നഷ്ടപ്പെടുത്തിക്കളഞ്ഞ മാണിക്യം

മോള്‍ക്കു കുറച്ചു ബിസ്കറ്റും മറ്റും വാങ്ങുന്നതിനുവേണ്ടിയാണ് ഹരി ആ ബേക്കറിയില്‍ കയറിയതു.ക്ഷീണം കലശലായി തോന്നിയതുമൂലം ഒരു ചായ ഓര്‍ഡര്‍ ചെയ്തശേഷം ഹരി അടുത്തുകണ്ട സീറ്റിലിരുന്നു.ചൂടു ചായ മൊത്തിക്കുടിയ്ക്കുന്നതിനിടയിലെപ്പോഴോ തലയുയര്‍ത്തിനോക്കിയപ്പോളാണു തന്റെ എതിര്‍വശത്തെ കസേരയിലിരിക്കുന്ന യുവതിയെ അയാള്‍ കണ്ടതു.കൂടെ അതിസുന്ദരിയായൊരു കൊച്ചുപെണ്‍കുട്ടിയും.ആ മുഖം കണ്ടതും ഒരു നിമിഷം ഹരി പതറിപ്പോയി.ഹരിയെ കണ്ട ആ യുവതിയും ഒരു നിമിഷം വല്ലാതായി.അവള്‍ പെട്ടന്നു തന്നെ എഴുന്നേറ്റു കൂടെയുണ്ടായിരുന്ന കുട്ടിയുമായി പുറത്തേയ്ക്കു നടന്നു.കുടിച്ചുകൊണ്ടിരുന്ന ചായ മേശമേല്‍ വച്ചു ഒരു നിമിഷം ഹരി ഓര്‍മ്മകളിലേയ്ക്കൂളിയിട്ടു.

.............................

പ്രീയ.അതായിരുന്നു അവളുടെ പേര്.അച്ഛനുമമ്മയ്ക്കും ഒറ്റ മകള്‍.കാണുവാന്‍ അതിസുന്ദരി.നഗരത്തിലെ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്നു.താനോ. സാമ്പത്തികമായി വളെരെയേറെ അവശതയനുഭവിക്കുന്ന ഒരു വീട്ടിലെ മൂന്നു മക്കളില്‍ മൂത്തവന്‍. ഉണ്ടായിരുന്ന വസ്തുവകകളെല്ലാം ഉത്സവം നടത്തുന്നതിനും പൊങ്ങച്ചം കാണിക്കുന്നതിനും വേണ്ടി വിറ്റുതൊലച്ച ഒരു യാഥാസ്തിഥിക കുടുംബം. പഠിയ്ക്കുവാന്‍ മിടുക്കനായതുമൂലം വളരെയേറെ ഞെരുങ്ങിയിട്ടാണെങ്കിലും തന്നെ പഠിപ്പിയ്ക്കുന്നു.തന്റെ പഠനം പൂര്‍ത്തിയായി ഒരു ജോലി കിട്ടുമ്പോള്‍ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്നു അമ്മ എപ്പോഴും പറയും.പ്രീയ പഠിയ്ക്കുന്ന അതെ കോളേജില്‍ തന്നെയാണു താനും. എപ്പോഴാണെന്നറിയില്ല തന്റെ മനസ്സില്‍ പ്രീയ കയറിക്കൂടിയതു.തന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ അവള്‍ മാത്രമായിരുന്നു.മനസ്സിലുള്ള ഇഷ്ടം അവളോടു തുറന്നുപറയുവാന്‍ താന്‍ ഒരുപാടു പ്രാവശ്യം ശ്രമിച്ചെങ്കിലും അതൊന്നും തന്നെ ശരിയായില്ല. പിന്നീടെപ്പോഴൊക്കെയോ അവളും തന്നെ ശ്രദ്ധിക്കുന്നതായി തോന്നിതുടങ്ങി.ഒടുവില്‍ ഒരു ദിവസം പ്രീയ തന്നെ അവളുടെ ഇഷ്ടം തന്നെ അറിയിച്ചപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ താനാണെന്നു ഉറക്കെ വിളിച്ചുകൂവുവാന്‍ തോന്നി.പിന്നെ താന്‍ ഓരോ പകലുകള്‍ക്കുമായി കാത്തിരിയ്ക്കുകയായിരുന്നു.ജീവിതത്തിലെ ഏറ്റവും മധുരതരമായ ആ പ്രണയദിനങ്ങളില്‍ പ്രീയയില്ലാതെ ഒരു നിമിഷം പോലും തനിയ്ക്കു ജീവിയ്ക്കാനൊക്കില്ല എന്ന സത്യം താന്‍ മനസ്സിലാക്കുകയായിരുന്നു.ഈ ഭൂമിയില്‍ ഒരു ജീവിതമുണ്ടെങ്കില്‍ അതു ഒരുമിച്ചായിരിക്കുമെന്നു നിരവധി തവണ ശപഥമെടുത്തു തങ്ങള്‍.

അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ മരണം നടന്നതു.അതോടുകൂടി വീട്ടില്‍ ദാരിദ്ര്യം വളരെ കൂടുതലായി. എന്നേയും അനിയനേയും അനിയത്തിയേയും ഒരുമിച്ചു പഠിപ്പിയ്ക്കുന്നതിനായി അമ്മ വളരെയേറെ കഷ്ടപ്പെടുവാന്‍ തുടങ്ങി.പല ദിവസങ്ങളിലും ഒരുനേരം മാത്രമായി ഭക്ഷണം.പഠണം പൂര്‍ത്തിയാവുന്നതിനുമുമ്പ് തന്നെ ഒരു ജോലി കണ്ടുപിടിയ്ക്കേണ്ടതു അത്യാവശ്യമായി തീര്‍ന്നു.എല്ലാ പ്രയാസങ്ങളിലും ഒരു തണലായി പ്രീയ തന്നോടൊപ്പം ഉണ്ടായിരുന്നു.പലപ്പോഴും അവള്‍ സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുമുണ്ട്.വളരെയേറെ പരിശ്രമങ്ങള്‍ക്കുശേഷം തനിക്കൊരു ജോലി ലഭിച്ചപ്പോള്‍ പ്രീയയും വളരെയേറെ സന്തോഷിച്ചു.എത്രനാള്‍ വേണമെങ്കിലും അവള്‍ തനിക്കായി കാത്തിരിയ്ക്കുമെന്ന വിശ്വാസത്തോടെ താന്‍ ദൂരെയുള്ള തന്റെ ജോലിസ്ഥലത്തേയ്ക്കു യാത്രയായി.ഒരുദിവസം പോലും മുടങ്ങാതെ അവള്‍‍ ഫോണ്‍ ചെയ്യുമായിരുന്നു.ജോലിയുടെ ഭാരവും മറ്റുമായി പിന്നെ പിന്നെ തനിയ്ക്കു പ്രീയയോടു കൂടുതല്‍ നേരം സംസാരിയ്ക്കുന്നതിനു സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒരുദിവസമവള്‍ വിളിച്ചപ്പോള്‍ തനിക്കു കല്യാണോലോചനകള്‍ തകൃതിയായി നടക്കുന്നുണ്ടെന്നും എത്രയും പെട്ടന്നു വന്നവളെ കൂട്ടിക്കൊണ്ടുവരണമെന്നും തന്നോടു കരഞ്ഞുകൊണ്ടു പറഞ്ഞിരുന്നു.എന്നാല്‍ ഒരു വിവാഹത്തെക്കുറിച്ചാലോചിക്കുവാന്‍ പോലും തനിയ്ക്കപ്പോള്‍ പറ്റുമായിരുന്നില്ല.പിന്നീടും പലപ്രാവശ്യം പ്രീയവിളിച്ചിരുന്നു.പിന്നെ പിന്നെ ആ വിളികളുടെ ഇടവേളകള്‍ കൂടുവാന്‍ തുടങ്ങി.പതിയെപതിയെ താന്‍ അവളെ മറക്കുവാന്‍ തുടങ്ങിയെന്നതാണു സത്യം.പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അനുവിനെ താന്‍ വിവാഹം കഴിയ്ക്കുമ്പോള്‍ പ്രീയ എന്നൊരു പേരുപോലും തന്റെ ഓര്‍മ്മയിലെങ്ങുമുണ്ടായിരുന്നില്ല.

തന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നുവോ.താന്‍ പണ്ടാഗ്രഹിച്ചിരുന്ന ഒരു ജീവിതമാണോ തനിയ്ക്കു കിട്ടിയതു.അല്ലേയല്ല.ഒരിയ്ക്കലും തന്റെയും അനുവിന്റേയും ഇഷ്ടങ്ങള്‍ പൊരുത്തപ്പെട്ടിരുന്നില്ല.എന്നിട്ടും താന്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നു.സമ്പന്നരായ മാതാപിതാക്കളുടെ മകളായി നഗരജീവിതത്തിന്റെ പുളപ്പില്‍ വളര്‍ന്ന അനുവിനെ പലപ്പോഴും താന്‍ സഹിക്കുകയായിരുന്നു.പ്രീയയായിരുന്നെങ്കില്‍.ഛെ.നഷ്ടപ്പെടുത്തിയതിനെക്കുറിച്ചോര്‍ത്തു ഇനി സങ്കടപ്പെട്ടിട്ടെന്തു കാര്യം .എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ അവളോടൊരു സോറി പറയണം. ഇപ്പോള്‍ തന്റെ മകള്‍ പ്രീയക്കുട്ടി മാത്രമാണൊരാശ്വാസം.അവളുടെ കളിയിലും ചിരിയിലും താന്‍ എല്ലാ ദുഃഖവും മറക്കുന്നു.

"സാര്‍ ഇനിയെന്തെങ്കിലും വേണമോ".

ബെയററുടെ ചോദ്യമാണു ഹരിയെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.പെട്ടന്നുതന്നെ ബില്ല് കൊടുത്തുതീര്‍ത്തശേഷം പുറത്തേയ്ക്കിറങ്ങി അയാള്‍ ചുറ്റുപാടും നോക്കി.പ്രീയയും ആ കുട്ടിയും ബസ് സ്റ്റാന്‍ഡിലേയ്ക്കു കയറുന്നതു ഒരു മിന്നായം പോലെ ഹരി കണ്ടു.ധൃതിയില്‍ അവരുടെ അടുത്തേയ്ക്കു നടക്കുമ്പോള്‍ എന്തു പറയണമെന്നു ഹരിയ്ക്കൊരൂഹവുമില്ലായിരുന്നു.ഹരിയെ വീണ്ടും കണ്ടപ്പോള്‍ പ്രീയയുടെ മുഖഭാവമാകെ മാറി.അവള്‍ അകലെയെങോ മിഴികളുറപ്പിച്ചുനിന്നു.

ഒടുവില്‍ വളരെനേരത്തെ നിശബ്ദതയ്ക്കുശേഷം ഹരി പ്രീയയോടു സംസാരിക്കാനാരംഭിച്ചു.

"പ്രീയാ സുഖം തന്നെയല്ലേ".ഒരു മുഖവുരപോലെ അയാള്‍ ചോദിച്ചു.

ഒരു വല്ലാത്ത നോട്ടമായിരുന്നതിനു മറുപടി.

"എന്നോടു ക്ഷമിക്കണം എന്നു പറയാന്‍ എനിക്കര്‍ഹതയില്ല.എന്നിരുന്നാലും എന്നോടു ക്ഷമിക്കണം.സാഹചര്യങ്ങള്‍ മൂലം എനിക്ക് നിന്നെ മറന്നു മറ്റൊരു ജീവിതമുണ്ടാക്കേണ്ടി വന്നു.അതിനു ഞാന്‍ ഇപ്പോള്‍ വലിയ വില നല്‍കുന്നുണ്ട്".

"അതിനു ഞാന്‍ ഒരിയ്ക്കലും ഹരിയെ വെറുത്തിരുന്നില്ല.ഹരിയുടെ അവസ്ഥ എനിയ്ക്കു മനസ്സിലാകും.പിന്നെ ഹരി മറ്റൊരാളിന്റേതായിയെന്നറിഞ്ഞപ്പോള്‍ ആദ്യം വലിയ വിഷമമൊക്കെ തോന്നി.പിന്നെ ഹരി എന്തുകൊണ്ടതിനു തയ്യാറായി എന്നു ചിന്തിച്ചപ്പോള്‍ ആ വിഷമം കുറയാന്‍ തുടങ്ങി.സാരമില്ല.നമ്മളൊരുമിക്കുവാന്‍ വിധിയില്ലായിരുന്നു.അത്രയേ ഞാന്‍ കരുതിയിട്ടുള്ളു.നമ്മളാഗ്രഹിക്കുന്നതു മുഴുവന്‍ സാധിക്കണമെന്നില്ലല്ലോ. ശരി എന്റെ വണ്ടി വരുന്നു.ഭാര്യയെ എന്റെ അന്യോഷണമറിയിച്ചേക്കണം".കൈവീശികാട്ടിക്കൊണ്ട് അവള്‍ ആ കുഞ്ഞുമായി ബസ്സില്‍ കയറി മറഞ്ഞപ്പോള്‍ ഹരി നിശ്ചലം നില്‍ക്കുകയായിരുന്നു.നഷ്ടപ്പെടുത്തിക്കളഞ്ഞത് എത്രയോ വിലപിടിപ്പുള്ളതായിരുന്നുവെന്നോര്‍ത്ത് അയാളുടെ ഉള്ളം പിടയുന്നുണ്ടായിരുന്നപ്പോള്‍.

Saturday, March 13, 2010

വെറുക്കപ്പെടേണ്ടൊരച്ഛന്‍

"എടാ രാജീവാ നീയറിഞ്ഞാ നമ്മുടെ സുനിലിന്റെ അച്ഛന്‍ മരിച്ചു".

ഉറക്കത്തില്‍നിന്നുമുണര്‍ന്ന രാജീവന്‍ എന്തോ വിശ്വസിക്കാനാവാത്തതുകേട്ടതുപോലെ വിജയനെ നോക്കി.

"സത്യമാടാ.അവനിപ്പോള്‍ ഫോണ്‍ വന്നതേയുള്ളു.എന്നോടു എന്റച്ഛന്‍ മരിച്ചുപോയിയെന്നു‍പറഞ്ഞിട്ടവന്‍ പുറത്തേയ്ക്കുപോയി.കുറച്ചുനേരമായി.നീ ഒന്നെണീറ്റേ.നമുക്കൊന്നുപോയിനോക്കാം".

പെട്ടന്നുതന്നെ രാജീവന്‍ മുഖമൊന്നു കഴുകിയശേഷം വിജയനൊപ്പം പുറത്തേയ്ക്കിറങ്ങി.

ആ മുറിയില്‍ ഇപ്പോള്‍ അവര്‍ മൂന്നുപേര്‍ മാത്രമേയുള്ളു.മുമ്പുണ്ടായിരുന്ന മൂന്നുപേര്‍ കഷ്ടപ്പാടുതാങ്ങാനാവാതെ മറ്റുജോലിയന്യോഷിച്ചുപോയി.ഇപ്പോള്‍ എവിടെയാണെന്നുപോലുമറിയില്ല.രാജീവനും സുനിലും വിജയനും എന്തുകൊണ്ടോ ആ കാലാവസ്ഥയുമായിപൊരുത്തപ്പെട്ടുപോയി.ഉള്ളതുകൊണ്ടവര്‍ തൃപ്തിപ്പെടുന്നു.അടുത്ത കൂട്ടുകാരാണെങ്കിലും മൂവര്‍ക്കും പരസ്പരം കൂടുതലായൊന്നുമറിയില്ല.മരുഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വന്തം പ്രയാസങ്ങള്‍ അറിയിച്ചു എന്തിനു ഒരാളെക്കൂടി വിഷമിപ്പിക്കണം എന്നു കരുതിക്കാണുമവര്‍.എന്നിരുന്നാലും അവര്‍ പുറമേ എന്നും സന്തോഷം നിറഞ്ഞ മുഖത്തോടെയാണു ജീവിച്ചിരുന്നതു.

പതിവായി തങ്ങള്‍ പോവാറുള്ള എല്ലാ സ്ഥലങ്ങളിലും അവര്‍ സുനിലിനെ തിരഞ്ഞു നടന്നു.

"ഇവനിതെവിടെപോയി.ഫോണാണെങ്കില്‍ സ്വിച്ചോഫും.ഒരുവേള അവന്‍ ബഷീറിക്കായുടെ അടുത്തുകാണുമോ.എന്തായാലും നീ വാ നമുക്കവിടെയൊന്നു നോക്കാം".നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വടിച്ചുകളഞ്ഞുകൊണ്ട് വിജയന്‍ രാജീവനോടായി പറഞ്ഞു.

എന്നാല്‍ ബഷീറിക്കായുടെ അടുത്തും സുനില്‍ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ അവരെ ബാധിക്കുവാന്‍ തുടങ്ങി.സമയം കടന്നുപോകുന്തോറും അതു കൂടിക്കൂടിവന്നു.

പെട്ടന്ന്‍ വിജയന്റെ ഫോണടിയ്ക്കുവാ​ന്‍ തുടങ്ങി.

"ദേ സുനിലാടാ രാജീവാ.ഹലോ നീയിതെവിടെയാ ങ്ഹേ റൂമിലുണ്ടെന്നൊ.ച്ഛേയ് നീയിതെന്തുപണിയാ കാട്ടിയതു.ഞങ്ങളിനി നിന്നെ തിരക്കാന്‍ സ്ഥലം ബാക്കിയില്ല.ഞങ്ങളിതാ വരുന്നു".

പെട്ടന്നു തന്നെ രാജീവനും വിജയനും റൂമിലേയ്ക്കു തിരിച്ചു.


റൂമിന്റെ വാതിക്കല്‍ തന്നെ സുനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

"നിങ്ങളെന്തിനാ എന്നെ തിരഞ്ഞുപോയതു.ഞാന്‍ സാധനം വാങ്ങാന്‍ പോയതല്ലായിരുന്നൊ.അവിടെയാണെങ്കി മൊബൈലിനു റെയിഞ്ചില്ല.അതുകൊണ്ടാ വിളിക്കാന്‍ പറ്റാതിരുന്നതു.
ശരി വന്നേ വന്നേ പെട്ടന്നാവട്ടേ.ഇന്നു ആഘോഷത്തിന്റെ ദിവസമാണെനിയ്ക്കു.നമുക്കിന്നടിച്ചുപൊളിയ്ക്കണം".നിറഞ്ഞ സന്തോഷത്തോടെ തങ്ങളോടു സംസാരിക്കുന്ന സുനിലിനെ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ അവര്‍ മിഴിച്ചുനോക്കി.

മുറിയ്ക്കകത്തേയ്ക്കു കയറിയ അവര്‍ ആകെ അന്തംവിട്ടുപോയി.രണ്ടു ഫുല്‍ബോട്ടില്‍ മദ്യവും ഒരു കെയ്സ് ബിയറും പിന്നെ കുറെ ആഹാര സാധന‍ങ്ങളും.

ഒന്നുമൊന്നും മനസ്സിലാകാതെ വിജയനും സുനിലും പരസ്സ്പരം നോക്കിനിന്നു.

സ്വന്തം അച്ഛന്‍ മരിച്ചുവെന്നിവന്‍ പറഞ്ഞതു കള്ളമാണോ.

മൂന്നു ഗ്ലാസ്സുകളിലായി മദ്യമൊഴിച്ച് ഓരോന്നെടുത്തവര്‍ക്കു നല്‍കിയ ശേഷം തന്റെ ഗ്ലാസ്സ് ഒറ്റവലിയ്ക്കു കലിയാക്കിവച്ച സുനിലിനെ അവര്‍ ഒരിക്കല്‍കൂടിനോക്കിയശേഷം തങ്ങളുടെ ഗ്ലാസ്സുകള്‍ ചുണ്ടോടു ചേര്‍ത്തു.

ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

"രാജീവാ.നീയറിഞ്ഞോ എന്റെ അച്ഛന്‍ മരിച്ചു.ഇന്നു രാവിലെ.ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്നു.എനിയ്ക്കിന്നാഘോഷിക്കണം".നിറഞ്ഞ ഗ്ലാസ്സെടുത്തുയര്‍ത്തിക്കൊണ്ട്.സുനില്‍ പറഞ്ഞു.

"എന്താടാ സുനിലേയിത്.നിന്റച്ഛനല്ലേ.അങ്ങിനെയൊന്നും പറയാന്‍ പാടില്ല.നീ നാട്ടില്‍ പോകുന്നുണ്ടോ.നമുക്കു മാനേജരുമായി ഒന്നു സംസാരിക്കാം".ഗ്ലാസ്സു താഴെവച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

"നാട്ടിലോ ഞാനോ എന്തിനു. അതിന്റെയൊന്നുമാവശ്യമില്ല.ഒരു മകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍. അതു കിട്ടാതെ ആ ആത്മാവ് അലഞ്ഞു തിരിഞ്ഞു ഗതിപിടിയ്ക്കാതെ നടക്കണം.ഹും അച്ഛന്‍.ആ വാക്കിനോടുപോലും വെറുപ്പാണെനിയ്ക്കു.രണ്ടു മക്കളെയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരാളെ അച്ഛനെന്നു വിളിക്കാമോ.എന്റെ അച്ഛന്‍ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിയ്ക്കുന്നതും ഉമ്മവയ്ക്കുന്നതുമെല്ലാം ഞാന്‍ കൊതിച്ചുപോയിട്ടുള്ളതാടാ.എന്റെ പാവം അമ്മയും പെങ്ങളും.ആ ദുഷ്ടനെ അങ്ങു കൊന്നുകളഞ്ഞാലോ എന്നു നിരവധിപ്രാവശ്യം ചിന്തിച്ചിട്ടൊള്ളതാ ഞാന്‍.നിങ്ങളോടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ലെന്റെ സ്വകാര്യദുഃഖങ്ങള്‍.ആ മരണം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്റെ പാവം അമ്മയെയായിരിക്കും.ഒരു മനുഷ്യായുസ്സുമുഴുവനനുഭവിയ്ക്കേണ്ടതെന്റെയമ്മ ഈ പ്രായത്തിനുള്ളില്‍ അനുഭവിച്ചുകഴിഞ്ഞു.ജീവിതത്തില്‍ ഇന്നേവരെ സമാധാനവും സന്തോഷവുമവരെന്താണെന്നറിഞ്ഞിട്ടില്ല".

നിറഞ്ഞ കണ്ണുകള്‍ ഒന്നു തുടച്ചുകൊണ്ട് ഒന്നും മനസ്സിലാവാതെ മുഖത്തോടുമുഖം നോക്കിയിരിയ്ക്കുന്ന തന്റെ കൂട്ടുകാരെ നോക്കി സുനില്‍ തുടര്‍ന്നു.

"എനിയ്ക്കു ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുകള്‍ തോര്‍ന്നതു ഞാന്‍ കണ്ടിട്ടില്ല.എന്നും മദ്യപിച്ചുവന്നു അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന എന്നെയും എന്റെ കുഞ്ഞുപെങ്ങളേയും നികൃഷ്ടമായികാണുന്ന ഒരാളെ ഞാന്‍ എങ്ങിനെ അച്ഛന്‍ എന്നു വിളിച്ചു ബഹുമാനിയ്ക്കും.മുതിര്‍ന്നപ്പോള്‍ പലപ്പോഴും എതിര്‍ക്കണമെന്നു തോന്നിയിട്ടുണ്ട്.പക്ഷേ എന്റമ്മ.ഒരിയ്ക്കല്‍ അമ്മയെ അടിയ്ക്കുന്നതിനു തടസ്സം പിടിയ്ക്കാന്‍ ചെന്ന എന്റെ പെങ്ങളെ ആ മനുഷ്യന്‍ തൊഴിച്ചെറിഞ്ഞതുമൂലം ഇന്നും അവള്‍ ഒരേ കിടപ്പിലാണു.അത്രയ്ക്കു ക്രൂരനായ ആ മനുഷ്യന്റെ മരണം ഞാനാഗ്രഹിച്ചിരുന്നു.പലവട്ടം.ഇനിയെന്റെ അമ്മയുടെ കണ്ണുകള്‍ ഒരിയ്ക്കലും നിറയാന്‍ ഞാനനുവദിയ്ക്കില്ല.ഞാന്‍ ഇപ്പോള്‍ ഈ ലോകത്തിലേറ്റവും സന്തോഷിക്കുന്ന വ്യക്തിയാണെടാ...".നിറഞ്ഞ ഗ്ലാസ്സെടുത്തുകൊണ്ട് സുനില്‍ ആടിയാടി പുറത്തേയ്ക്കു നടന്നു.

ഇത്രയും കാലം ഇത്രയേറെ സങ്കടങ്ങളുള്ളിലൊതുക്കിക്കൊണ്ടാണു തങ്ങളോടൊപ്പം സുനില്‍ കഴിഞ്ഞിരുന്നതെന്നവര്‍ മനസ്സിലാക്കിയിരുന്നില്ല.ആ പോക്ക് നോക്കിയിരിയ്ക്കുമ്പോള്‍ സ്വന്തം അച്ഛനാരാണെന്നു ഉറപ്പിച്ചുപറയുവാന്‍ കഴിയാത്ത ഒരമ്മയുടെ മകനായിജനിച്ചുപോയ ദുഃഖമൊരുനിമിഷം വിജയന്‍ മറന്നു.

താന്‍‍ വീടുവിട്ടുവരുമ്പോള്‍ എത്രയും പെട്ടന്നുമടങ്ങിവരണമെന്നു പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കണ്ണീര്‍വാര്‍ത്ത തന്റെ സ്നേഹനിധിയായ അച്ഛനെ മനസ്സിലോര്‍ത്തുകൊണ്ട് രാജീവന്‍ തറയിലേയ്ക്കു മലര്‍ന്നുകിടന്നു തന്റെ കണ്ണുകളടച്ചു.‍

Monday, March 1, 2010

ഒരു രക്തസാക്ഷിയുടെ ജനനം

ഒരു ബീഡികൂടിയെടുത്തു കൊളുത്തിക്കൊണ്ട് പരമേശ്വരന്‍സാര്‍ വിശ്വനോടു പറഞ്ഞു.

"എന്റെ വിശ്വാ നിനക്കു ഞാന്‍ പറഞ്ഞതു മനസ്സിലായല്ലോ.ഇപ്പോള്‍ തന്നെ മോളീന്നുള്ള വിളിമൂലം ഇരിയ്ക്കപ്പൊറുതിയില്ല".

"അല്ല സാറേ അതിപ്പം ആരെയെന്നുവച്ചാ.അല്ലെങ്കിത്തന്നെ ഒരു കാരണം വേണ്ടേ".

"എന്തു കാരണം.എടാ മണ്ടാ നീയിത്ര കഴുതയായിപ്പോയല്ലോടാ.കാരണമില്ലെങ്കില്‍ നമ്മളുണ്ടാക്കും.നമ്മുടെ പാര്‍ട്ടി എന്നു കേള്‍ക്കുമ്പോഴേ ആള്‍ക്കാര്‍‍ പേടിച്ചുവിറയ്ക്കണം.ജനങ്ങളുടെ മനസ്സില്‍ നമ്മളെക്കുറിച്ചുള്ള ഭയം നിലനില്ക്കുലന്നിടത്തോളം മാത്രമേ നമുക്കു നിലനില്പ്പൊള്ളു.ആ പേടി പോയിക്കഴിഞ്ഞാപ്പിന്നെ നമ്മളെ അവരു ബാക്കി വച്ചേക്കില്ല.രണ്ടാഴ്ചയായി പ്രശ്നങ്ങളൊന്നുമില്ലാത്തതുമൂലം എത്രപ്രാവശ്യം മോളീന്നു വിളിവന്നെന്നോ.അവരോടൊക്കെ സമാധാനം പറയേണ്ടതു ഞാനാ".

"നമ്മളിപ്പം എന്താചെയ്യേണ്ടതു.പരമേശ്വരന്‍ സാറതു പറ.ആരെവേണമെങ്കിലും തീര്‍ക്കാന്‍‍ നമ്മള്‍ റെഡി".

അല്പ്പനേരമാലോചിച്ചതിനുശേഷം പരമേശ്വരന്‍ സാര്‍ പറഞ്ഞു.

' ഒരു കാര്യം ചെയ്യാം. ആ സഹദേവനില്ലേ അവന്‍ തന്നെയാവട്ടെ ഇത്തവണത്തെ നമ്മുടെ ഇര.മുമ്പ് ചന്തപ്പിരിവിന്റെ പേരിലും കഴിഞ്ഞയാഴ്ച കമ്മറ്റിയില്‍ വച്ചും അവനെന്നോടിടഞ്ഞതാ".

അല്ല അതുപിന്നെ സഹദേവന്‍ നമ്മുടെ പാര്‍ട്ടിക്കാരനല്ലേ.അവനെയെങ്ങനെ"

"വിശ്വാ നീ കേട്ടിട്ടില്ലേ.പൊന്നു കായ്ക്കണ മരമായാലും പെരയ്ക്കു ചാഞ്ഞാല്‍ മുറിച്ചുമാറ്റണം.നേതാക്കമ്മാര്‍ പറയുന്നതനുസരിക്കുന്നവര്‍ മാത്രം മതി പാര്‍ട്ടിയ്ക്കു.അല്ലാത്തവമ്മാരൊക്കെ ചത്തുതൊലയേണ്ടവമ്മാരാ.ഇവനാവുമ്പോള്‍ രണ്ടുണ്ട് ഗുണം.ഒന്നു നമുക്ക് ഇവനെകൊണ്ടുള്ള ശല്യമൊഴിയുകയും പാര്‍ട്ടിയ്ക്കൊരു രക്തസാക്ഷിയെക്കൂടികിട്ടുകയും ചെയ്യും.രണ്ടാമത്തേത് ഇതിന്റെ പേരില്‍ നമ്മള്‍ ഹര്‍ത്താലും മറ്റും നടത്തി പാര്‍ട്ടിയുടെ ശക്തി തെളിയിക്കുകയും ഈ കൊലപാതകം മറ്റേ പാര്‍ട്ടിക്കാരില്‍ ചാര്‍ത്തി അവമ്മാരില്‍ രണ്ടുമൂന്നെണ്ണത്തിനെ തീര്‍ക്കുകയും ചെയ്യാം.പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ആരു കണ്ടാലും പേടിച്ചുപോകുന്ന രീതിയിലായിരിക്കണം സഹദേവനെ തീര്‍ക്കേണ്ടതു.എന്നാലേ ജനങ്ങള്‍‍ക്കു പേടിയുണ്ടാവൂ..

"അതൊക്കെ ഞങ്ങളേറ്റു. സാര്‍ ധൈര്യമായിട്ടിരി രണ്ടുദിവസത്തിനുള്ളില്‍ കാര്യം നടന്നിരിയ്ക്കും".

"ഒരു നിമിഷം.ഹലോ..അതെ..അതെ സാര്‍.അതു തന്നെയാണു സംസാരിച്ചുകൊണ്ടിരുന്നതു.രണ്ടുദിവസത്തിനുള്ളില്‍ നടക്കും.മറ്റെല്ലാം ഞാന്‍ നോക്കിക്കൊള്ളാം.ഓ.കെ സാര്‍.
ങ്ഹാ വിശ്വാ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ.പോകുംവഴി ആപ്പീസില്‍ നിന്നും ആവശ്യത്തിനൊള്ള കാശു മേടിച്ചോ.ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.പിന്നൊരു കാര്യം.എല്ലാം തീര്‍ന്നതിനുശേഷമേ നമ്മളിനി കാണൂ".

"ഓ.കെ സാര്‍"

ഒരു ബീഡികൂടിയെടുത്തു കൊളുത്തിക്കൊണ്ട് വിശ്വന്‍ പോകുന്നതു പരമേശ്വരന്‍ സാര്‍ നോക്കിനിന്നു.അയാളുടെ കണ്ണുകളില്‍ ആ സമയം വന്യമായൊരു തിളക്കമുണ്ടായിരുന്നു.

..............................


രണ്ടുദിവസം സഹദേവനെ പൂര്‍ണ്ണമായും വാച്ചുചെയ്തു അവന്റെ സഞ്ചാരവിഗതികള്‍ മനസ്സിലാക്കിയ വിശ്വനും കൂട്ടരും അന്നു രാത്രി അമ്പലത്തിനടുത്തുള്ള ഇടവഴിയില്‍ തങ്ങളുടെ ഇരയേയും പ്രതീക്ഷിച്ചു അക്ഷമയോടെ കാത്തിരുന്നു.വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും കറണ്ട് പോയതിനാല്‍ ആ പ്രദേശം മുഴുവന്‍ കനത്ത് ഇരുട്ട് മൂടികിടന്നിരുന്നു.
ഇടവഴിയുടെ അറ്റത്തായി ഒരു ബീഡിയെരിയുന്ന വെളിച്ചം കണ്ടതോടെ വിശ്വനും കൂട്ടരും തയ്യാറായി.സമീപത്തൊന്നും ആരുമില്ലെന്നുറപ്പുവരുത്തിയശേഷം അവര്‍ തങ്ങളുടെ ഇരയടുത്തെത്തുന്നതും പ്രതീക്ഷിച്ചു നിന്നു.രക്തദാഹത്താല്‍ അവരുടെ കയ്കളിലിരുന്ന വടിവാളുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.പരസ്പരം തിരിച്ചറിയാന്‍ പോലും കഴിയാതിരുന്ന ആ കൂരിരുട്ടില്‍ തങ്ങളുടെ ഇരയുടെ കണ്ഠത്തില്‍ നിന്നും ഒരു ചെറിയ ഒച്ചപോലുമുണ്ടാക്കാതെ അതിനെ കൊത്തിനുറുക്കിയശേഷം വിശ്വനും കൂട്ടരും ഇരുളിലേയ്ക്കു ലയിച്ചു.

തന്റെ മാത്രം സ്വകാര്യസുഖമായിരുന്ന ഭവാനിയുമൊത്തുള്ള കാമകേളികള്‍ അയവിറക്കിക്കൊണ്ട് അവളുടെ വീട്ടിലേയ്ക്കുപോകുവാന്‍ പതിവില്ലാതെ അന്ന്‍ ആ വഴിതെരഞ്ഞെടുത്ത സാക്ഷാല്‍ പരമേശ്വരന്‍ സാര്‍ നാല്‍പ്പതോളം കഷണങ്ങളായി ആ ഇടവഴിയില്‍ കിടക്കുമ്പോല്‍ കൂട്ടുകാരന്‍ കണാരനോടു വാതുവച്ച് മത്സരിച്ചുകുടിച്ചതുമൂലം തലപൊക്കാനാവാതെ പാടവരമ്പത്തുകിടന്നുറങ്ങുന്ന സഹദേവനപ്പോള്‍ ഉച്ചത്തില്‍ കൂര്‍ക്കം വലിയ്ക്കുകയായിരുന്നു