Monday, March 1, 2010

ഒരു രക്തസാക്ഷിയുടെ ജനനം

ഒരു ബീഡികൂടിയെടുത്തു കൊളുത്തിക്കൊണ്ട് പരമേശ്വരന്‍സാര്‍ വിശ്വനോടു പറഞ്ഞു.

"എന്റെ വിശ്വാ നിനക്കു ഞാന്‍ പറഞ്ഞതു മനസ്സിലായല്ലോ.ഇപ്പോള്‍ തന്നെ മോളീന്നുള്ള വിളിമൂലം ഇരിയ്ക്കപ്പൊറുതിയില്ല".

"അല്ല സാറേ അതിപ്പം ആരെയെന്നുവച്ചാ.അല്ലെങ്കിത്തന്നെ ഒരു കാരണം വേണ്ടേ".

"എന്തു കാരണം.എടാ മണ്ടാ നീയിത്ര കഴുതയായിപ്പോയല്ലോടാ.കാരണമില്ലെങ്കില്‍ നമ്മളുണ്ടാക്കും.നമ്മുടെ പാര്‍ട്ടി എന്നു കേള്‍ക്കുമ്പോഴേ ആള്‍ക്കാര്‍‍ പേടിച്ചുവിറയ്ക്കണം.ജനങ്ങളുടെ മനസ്സില്‍ നമ്മളെക്കുറിച്ചുള്ള ഭയം നിലനില്ക്കുലന്നിടത്തോളം മാത്രമേ നമുക്കു നിലനില്പ്പൊള്ളു.ആ പേടി പോയിക്കഴിഞ്ഞാപ്പിന്നെ നമ്മളെ അവരു ബാക്കി വച്ചേക്കില്ല.രണ്ടാഴ്ചയായി പ്രശ്നങ്ങളൊന്നുമില്ലാത്തതുമൂലം എത്രപ്രാവശ്യം മോളീന്നു വിളിവന്നെന്നോ.അവരോടൊക്കെ സമാധാനം പറയേണ്ടതു ഞാനാ".

"നമ്മളിപ്പം എന്താചെയ്യേണ്ടതു.പരമേശ്വരന്‍ സാറതു പറ.ആരെവേണമെങ്കിലും തീര്‍ക്കാന്‍‍ നമ്മള്‍ റെഡി".

അല്പ്പനേരമാലോചിച്ചതിനുശേഷം പരമേശ്വരന്‍ സാര്‍ പറഞ്ഞു.

' ഒരു കാര്യം ചെയ്യാം. ആ സഹദേവനില്ലേ അവന്‍ തന്നെയാവട്ടെ ഇത്തവണത്തെ നമ്മുടെ ഇര.മുമ്പ് ചന്തപ്പിരിവിന്റെ പേരിലും കഴിഞ്ഞയാഴ്ച കമ്മറ്റിയില്‍ വച്ചും അവനെന്നോടിടഞ്ഞതാ".

അല്ല അതുപിന്നെ സഹദേവന്‍ നമ്മുടെ പാര്‍ട്ടിക്കാരനല്ലേ.അവനെയെങ്ങനെ"

"വിശ്വാ നീ കേട്ടിട്ടില്ലേ.പൊന്നു കായ്ക്കണ മരമായാലും പെരയ്ക്കു ചാഞ്ഞാല്‍ മുറിച്ചുമാറ്റണം.നേതാക്കമ്മാര്‍ പറയുന്നതനുസരിക്കുന്നവര്‍ മാത്രം മതി പാര്‍ട്ടിയ്ക്കു.അല്ലാത്തവമ്മാരൊക്കെ ചത്തുതൊലയേണ്ടവമ്മാരാ.ഇവനാവുമ്പോള്‍ രണ്ടുണ്ട് ഗുണം.ഒന്നു നമുക്ക് ഇവനെകൊണ്ടുള്ള ശല്യമൊഴിയുകയും പാര്‍ട്ടിയ്ക്കൊരു രക്തസാക്ഷിയെക്കൂടികിട്ടുകയും ചെയ്യും.രണ്ടാമത്തേത് ഇതിന്റെ പേരില്‍ നമ്മള്‍ ഹര്‍ത്താലും മറ്റും നടത്തി പാര്‍ട്ടിയുടെ ശക്തി തെളിയിക്കുകയും ഈ കൊലപാതകം മറ്റേ പാര്‍ട്ടിക്കാരില്‍ ചാര്‍ത്തി അവമ്മാരില്‍ രണ്ടുമൂന്നെണ്ണത്തിനെ തീര്‍ക്കുകയും ചെയ്യാം.പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ആരു കണ്ടാലും പേടിച്ചുപോകുന്ന രീതിയിലായിരിക്കണം സഹദേവനെ തീര്‍ക്കേണ്ടതു.എന്നാലേ ജനങ്ങള്‍‍ക്കു പേടിയുണ്ടാവൂ..

"അതൊക്കെ ഞങ്ങളേറ്റു. സാര്‍ ധൈര്യമായിട്ടിരി രണ്ടുദിവസത്തിനുള്ളില്‍ കാര്യം നടന്നിരിയ്ക്കും".

"ഒരു നിമിഷം.ഹലോ..അതെ..അതെ സാര്‍.അതു തന്നെയാണു സംസാരിച്ചുകൊണ്ടിരുന്നതു.രണ്ടുദിവസത്തിനുള്ളില്‍ നടക്കും.മറ്റെല്ലാം ഞാന്‍ നോക്കിക്കൊള്ളാം.ഓ.കെ സാര്‍.
ങ്ഹാ വിശ്വാ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ.പോകുംവഴി ആപ്പീസില്‍ നിന്നും ആവശ്യത്തിനൊള്ള കാശു മേടിച്ചോ.ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.പിന്നൊരു കാര്യം.എല്ലാം തീര്‍ന്നതിനുശേഷമേ നമ്മളിനി കാണൂ".

"ഓ.കെ സാര്‍"

ഒരു ബീഡികൂടിയെടുത്തു കൊളുത്തിക്കൊണ്ട് വിശ്വന്‍ പോകുന്നതു പരമേശ്വരന്‍ സാര്‍ നോക്കിനിന്നു.അയാളുടെ കണ്ണുകളില്‍ ആ സമയം വന്യമായൊരു തിളക്കമുണ്ടായിരുന്നു.

..............................


രണ്ടുദിവസം സഹദേവനെ പൂര്‍ണ്ണമായും വാച്ചുചെയ്തു അവന്റെ സഞ്ചാരവിഗതികള്‍ മനസ്സിലാക്കിയ വിശ്വനും കൂട്ടരും അന്നു രാത്രി അമ്പലത്തിനടുത്തുള്ള ഇടവഴിയില്‍ തങ്ങളുടെ ഇരയേയും പ്രതീക്ഷിച്ചു അക്ഷമയോടെ കാത്തിരുന്നു.വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും കറണ്ട് പോയതിനാല്‍ ആ പ്രദേശം മുഴുവന്‍ കനത്ത് ഇരുട്ട് മൂടികിടന്നിരുന്നു.
ഇടവഴിയുടെ അറ്റത്തായി ഒരു ബീഡിയെരിയുന്ന വെളിച്ചം കണ്ടതോടെ വിശ്വനും കൂട്ടരും തയ്യാറായി.സമീപത്തൊന്നും ആരുമില്ലെന്നുറപ്പുവരുത്തിയശേഷം അവര്‍ തങ്ങളുടെ ഇരയടുത്തെത്തുന്നതും പ്രതീക്ഷിച്ചു നിന്നു.രക്തദാഹത്താല്‍ അവരുടെ കയ്കളിലിരുന്ന വടിവാളുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.പരസ്പരം തിരിച്ചറിയാന്‍ പോലും കഴിയാതിരുന്ന ആ കൂരിരുട്ടില്‍ തങ്ങളുടെ ഇരയുടെ കണ്ഠത്തില്‍ നിന്നും ഒരു ചെറിയ ഒച്ചപോലുമുണ്ടാക്കാതെ അതിനെ കൊത്തിനുറുക്കിയശേഷം വിശ്വനും കൂട്ടരും ഇരുളിലേയ്ക്കു ലയിച്ചു.

തന്റെ മാത്രം സ്വകാര്യസുഖമായിരുന്ന ഭവാനിയുമൊത്തുള്ള കാമകേളികള്‍ അയവിറക്കിക്കൊണ്ട് അവളുടെ വീട്ടിലേയ്ക്കുപോകുവാന്‍ പതിവില്ലാതെ അന്ന്‍ ആ വഴിതെരഞ്ഞെടുത്ത സാക്ഷാല്‍ പരമേശ്വരന്‍ സാര്‍ നാല്‍പ്പതോളം കഷണങ്ങളായി ആ ഇടവഴിയില്‍ കിടക്കുമ്പോല്‍ കൂട്ടുകാരന്‍ കണാരനോടു വാതുവച്ച് മത്സരിച്ചുകുടിച്ചതുമൂലം തലപൊക്കാനാവാതെ പാടവരമ്പത്തുകിടന്നുറങ്ങുന്ന സഹദേവനപ്പോള്‍ ഉച്ചത്തില്‍ കൂര്‍ക്കം വലിയ്ക്കുകയായിരുന്നു

6 comments:

  1. പാര്‍ട്ടിയ്ക്കുവേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന കഴുതകള്(രക്തസാക്ഷികള്‍)‍ക്കായി സമര്‍പ്പിക്കുന്നു.

    ReplyDelete
  2. ഒരു മനുഷ്യ ജീവന് ഇത്ര വിലയെ ഒള്ളൂ..
    പരമേശ്വരന്‍ കുഴിച്ച കുഴിയില്‍ പരമേശ്വരന്‍ തന്നെ വീണു.

    ReplyDelete
  3. അവനവന്‍ കുഴിച്ച കുഴിയില്‍......

    ReplyDelete