Tuesday, March 16, 2010

നഷ്ടപ്പെടുത്തിക്കളഞ്ഞ മാണിക്യം

മോള്‍ക്കു കുറച്ചു ബിസ്കറ്റും മറ്റും വാങ്ങുന്നതിനുവേണ്ടിയാണ് ഹരി ആ ബേക്കറിയില്‍ കയറിയതു.ക്ഷീണം കലശലായി തോന്നിയതുമൂലം ഒരു ചായ ഓര്‍ഡര്‍ ചെയ്തശേഷം ഹരി അടുത്തുകണ്ട സീറ്റിലിരുന്നു.ചൂടു ചായ മൊത്തിക്കുടിയ്ക്കുന്നതിനിടയിലെപ്പോഴോ തലയുയര്‍ത്തിനോക്കിയപ്പോളാണു തന്റെ എതിര്‍വശത്തെ കസേരയിലിരിക്കുന്ന യുവതിയെ അയാള്‍ കണ്ടതു.കൂടെ അതിസുന്ദരിയായൊരു കൊച്ചുപെണ്‍കുട്ടിയും.ആ മുഖം കണ്ടതും ഒരു നിമിഷം ഹരി പതറിപ്പോയി.ഹരിയെ കണ്ട ആ യുവതിയും ഒരു നിമിഷം വല്ലാതായി.അവള്‍ പെട്ടന്നു തന്നെ എഴുന്നേറ്റു കൂടെയുണ്ടായിരുന്ന കുട്ടിയുമായി പുറത്തേയ്ക്കു നടന്നു.കുടിച്ചുകൊണ്ടിരുന്ന ചായ മേശമേല്‍ വച്ചു ഒരു നിമിഷം ഹരി ഓര്‍മ്മകളിലേയ്ക്കൂളിയിട്ടു.

.............................

പ്രീയ.അതായിരുന്നു അവളുടെ പേര്.അച്ഛനുമമ്മയ്ക്കും ഒറ്റ മകള്‍.കാണുവാന്‍ അതിസുന്ദരി.നഗരത്തിലെ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്നു.താനോ. സാമ്പത്തികമായി വളെരെയേറെ അവശതയനുഭവിക്കുന്ന ഒരു വീട്ടിലെ മൂന്നു മക്കളില്‍ മൂത്തവന്‍. ഉണ്ടായിരുന്ന വസ്തുവകകളെല്ലാം ഉത്സവം നടത്തുന്നതിനും പൊങ്ങച്ചം കാണിക്കുന്നതിനും വേണ്ടി വിറ്റുതൊലച്ച ഒരു യാഥാസ്തിഥിക കുടുംബം. പഠിയ്ക്കുവാന്‍ മിടുക്കനായതുമൂലം വളരെയേറെ ഞെരുങ്ങിയിട്ടാണെങ്കിലും തന്നെ പഠിപ്പിയ്ക്കുന്നു.തന്റെ പഠനം പൂര്‍ത്തിയായി ഒരു ജോലി കിട്ടുമ്പോള്‍ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്നു അമ്മ എപ്പോഴും പറയും.പ്രീയ പഠിയ്ക്കുന്ന അതെ കോളേജില്‍ തന്നെയാണു താനും. എപ്പോഴാണെന്നറിയില്ല തന്റെ മനസ്സില്‍ പ്രീയ കയറിക്കൂടിയതു.തന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ അവള്‍ മാത്രമായിരുന്നു.മനസ്സിലുള്ള ഇഷ്ടം അവളോടു തുറന്നുപറയുവാന്‍ താന്‍ ഒരുപാടു പ്രാവശ്യം ശ്രമിച്ചെങ്കിലും അതൊന്നും തന്നെ ശരിയായില്ല. പിന്നീടെപ്പോഴൊക്കെയോ അവളും തന്നെ ശ്രദ്ധിക്കുന്നതായി തോന്നിതുടങ്ങി.ഒടുവില്‍ ഒരു ദിവസം പ്രീയ തന്നെ അവളുടെ ഇഷ്ടം തന്നെ അറിയിച്ചപ്പോള്‍ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ താനാണെന്നു ഉറക്കെ വിളിച്ചുകൂവുവാന്‍ തോന്നി.പിന്നെ താന്‍ ഓരോ പകലുകള്‍ക്കുമായി കാത്തിരിയ്ക്കുകയായിരുന്നു.ജീവിതത്തിലെ ഏറ്റവും മധുരതരമായ ആ പ്രണയദിനങ്ങളില്‍ പ്രീയയില്ലാതെ ഒരു നിമിഷം പോലും തനിയ്ക്കു ജീവിയ്ക്കാനൊക്കില്ല എന്ന സത്യം താന്‍ മനസ്സിലാക്കുകയായിരുന്നു.ഈ ഭൂമിയില്‍ ഒരു ജീവിതമുണ്ടെങ്കില്‍ അതു ഒരുമിച്ചായിരിക്കുമെന്നു നിരവധി തവണ ശപഥമെടുത്തു തങ്ങള്‍.

അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ മരണം നടന്നതു.അതോടുകൂടി വീട്ടില്‍ ദാരിദ്ര്യം വളരെ കൂടുതലായി. എന്നേയും അനിയനേയും അനിയത്തിയേയും ഒരുമിച്ചു പഠിപ്പിയ്ക്കുന്നതിനായി അമ്മ വളരെയേറെ കഷ്ടപ്പെടുവാന്‍ തുടങ്ങി.പല ദിവസങ്ങളിലും ഒരുനേരം മാത്രമായി ഭക്ഷണം.പഠണം പൂര്‍ത്തിയാവുന്നതിനുമുമ്പ് തന്നെ ഒരു ജോലി കണ്ടുപിടിയ്ക്കേണ്ടതു അത്യാവശ്യമായി തീര്‍ന്നു.എല്ലാ പ്രയാസങ്ങളിലും ഒരു തണലായി പ്രീയ തന്നോടൊപ്പം ഉണ്ടായിരുന്നു.പലപ്പോഴും അവള്‍ സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുമുണ്ട്.വളരെയേറെ പരിശ്രമങ്ങള്‍ക്കുശേഷം തനിക്കൊരു ജോലി ലഭിച്ചപ്പോള്‍ പ്രീയയും വളരെയേറെ സന്തോഷിച്ചു.എത്രനാള്‍ വേണമെങ്കിലും അവള്‍ തനിക്കായി കാത്തിരിയ്ക്കുമെന്ന വിശ്വാസത്തോടെ താന്‍ ദൂരെയുള്ള തന്റെ ജോലിസ്ഥലത്തേയ്ക്കു യാത്രയായി.ഒരുദിവസം പോലും മുടങ്ങാതെ അവള്‍‍ ഫോണ്‍ ചെയ്യുമായിരുന്നു.ജോലിയുടെ ഭാരവും മറ്റുമായി പിന്നെ പിന്നെ തനിയ്ക്കു പ്രീയയോടു കൂടുതല്‍ നേരം സംസാരിയ്ക്കുന്നതിനു സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒരുദിവസമവള്‍ വിളിച്ചപ്പോള്‍ തനിക്കു കല്യാണോലോചനകള്‍ തകൃതിയായി നടക്കുന്നുണ്ടെന്നും എത്രയും പെട്ടന്നു വന്നവളെ കൂട്ടിക്കൊണ്ടുവരണമെന്നും തന്നോടു കരഞ്ഞുകൊണ്ടു പറഞ്ഞിരുന്നു.എന്നാല്‍ ഒരു വിവാഹത്തെക്കുറിച്ചാലോചിക്കുവാന്‍ പോലും തനിയ്ക്കപ്പോള്‍ പറ്റുമായിരുന്നില്ല.പിന്നീടും പലപ്രാവശ്യം പ്രീയവിളിച്ചിരുന്നു.പിന്നെ പിന്നെ ആ വിളികളുടെ ഇടവേളകള്‍ കൂടുവാന്‍ തുടങ്ങി.പതിയെപതിയെ താന്‍ അവളെ മറക്കുവാന്‍ തുടങ്ങിയെന്നതാണു സത്യം.പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അനുവിനെ താന്‍ വിവാഹം കഴിയ്ക്കുമ്പോള്‍ പ്രീയ എന്നൊരു പേരുപോലും തന്റെ ഓര്‍മ്മയിലെങ്ങുമുണ്ടായിരുന്നില്ല.

തന്റെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നുവോ.താന്‍ പണ്ടാഗ്രഹിച്ചിരുന്ന ഒരു ജീവിതമാണോ തനിയ്ക്കു കിട്ടിയതു.അല്ലേയല്ല.ഒരിയ്ക്കലും തന്റെയും അനുവിന്റേയും ഇഷ്ടങ്ങള്‍ പൊരുത്തപ്പെട്ടിരുന്നില്ല.എന്നിട്ടും താന്‍ അഡ്ജസ്റ്റ് ചെയ്തു പോകുന്നു.സമ്പന്നരായ മാതാപിതാക്കളുടെ മകളായി നഗരജീവിതത്തിന്റെ പുളപ്പില്‍ വളര്‍ന്ന അനുവിനെ പലപ്പോഴും താന്‍ സഹിക്കുകയായിരുന്നു.പ്രീയയായിരുന്നെങ്കില്‍.ഛെ.നഷ്ടപ്പെടുത്തിയതിനെക്കുറിച്ചോര്‍ത്തു ഇനി സങ്കടപ്പെട്ടിട്ടെന്തു കാര്യം .എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ അവളോടൊരു സോറി പറയണം. ഇപ്പോള്‍ തന്റെ മകള്‍ പ്രീയക്കുട്ടി മാത്രമാണൊരാശ്വാസം.അവളുടെ കളിയിലും ചിരിയിലും താന്‍ എല്ലാ ദുഃഖവും മറക്കുന്നു.

"സാര്‍ ഇനിയെന്തെങ്കിലും വേണമോ".

ബെയററുടെ ചോദ്യമാണു ഹരിയെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.പെട്ടന്നുതന്നെ ബില്ല് കൊടുത്തുതീര്‍ത്തശേഷം പുറത്തേയ്ക്കിറങ്ങി അയാള്‍ ചുറ്റുപാടും നോക്കി.പ്രീയയും ആ കുട്ടിയും ബസ് സ്റ്റാന്‍ഡിലേയ്ക്കു കയറുന്നതു ഒരു മിന്നായം പോലെ ഹരി കണ്ടു.ധൃതിയില്‍ അവരുടെ അടുത്തേയ്ക്കു നടക്കുമ്പോള്‍ എന്തു പറയണമെന്നു ഹരിയ്ക്കൊരൂഹവുമില്ലായിരുന്നു.ഹരിയെ വീണ്ടും കണ്ടപ്പോള്‍ പ്രീയയുടെ മുഖഭാവമാകെ മാറി.അവള്‍ അകലെയെങോ മിഴികളുറപ്പിച്ചുനിന്നു.

ഒടുവില്‍ വളരെനേരത്തെ നിശബ്ദതയ്ക്കുശേഷം ഹരി പ്രീയയോടു സംസാരിക്കാനാരംഭിച്ചു.

"പ്രീയാ സുഖം തന്നെയല്ലേ".ഒരു മുഖവുരപോലെ അയാള്‍ ചോദിച്ചു.

ഒരു വല്ലാത്ത നോട്ടമായിരുന്നതിനു മറുപടി.

"എന്നോടു ക്ഷമിക്കണം എന്നു പറയാന്‍ എനിക്കര്‍ഹതയില്ല.എന്നിരുന്നാലും എന്നോടു ക്ഷമിക്കണം.സാഹചര്യങ്ങള്‍ മൂലം എനിക്ക് നിന്നെ മറന്നു മറ്റൊരു ജീവിതമുണ്ടാക്കേണ്ടി വന്നു.അതിനു ഞാന്‍ ഇപ്പോള്‍ വലിയ വില നല്‍കുന്നുണ്ട്".

"അതിനു ഞാന്‍ ഒരിയ്ക്കലും ഹരിയെ വെറുത്തിരുന്നില്ല.ഹരിയുടെ അവസ്ഥ എനിയ്ക്കു മനസ്സിലാകും.പിന്നെ ഹരി മറ്റൊരാളിന്റേതായിയെന്നറിഞ്ഞപ്പോള്‍ ആദ്യം വലിയ വിഷമമൊക്കെ തോന്നി.പിന്നെ ഹരി എന്തുകൊണ്ടതിനു തയ്യാറായി എന്നു ചിന്തിച്ചപ്പോള്‍ ആ വിഷമം കുറയാന്‍ തുടങ്ങി.സാരമില്ല.നമ്മളൊരുമിക്കുവാന്‍ വിധിയില്ലായിരുന്നു.അത്രയേ ഞാന്‍ കരുതിയിട്ടുള്ളു.നമ്മളാഗ്രഹിക്കുന്നതു മുഴുവന്‍ സാധിക്കണമെന്നില്ലല്ലോ. ശരി എന്റെ വണ്ടി വരുന്നു.ഭാര്യയെ എന്റെ അന്യോഷണമറിയിച്ചേക്കണം".കൈവീശികാട്ടിക്കൊണ്ട് അവള്‍ ആ കുഞ്ഞുമായി ബസ്സില്‍ കയറി മറഞ്ഞപ്പോള്‍ ഹരി നിശ്ചലം നില്‍ക്കുകയായിരുന്നു.നഷ്ടപ്പെടുത്തിക്കളഞ്ഞത് എത്രയോ വിലപിടിപ്പുള്ളതായിരുന്നുവെന്നോര്‍ത്ത് അയാളുടെ ഉള്ളം പിടയുന്നുണ്ടായിരുന്നപ്പോള്‍.

7 comments:

  1. സർവസാധാരണമായ കഥ.

    കൂടുതൽ പുതുമയുള്ളവ പോരട്ടേ!

    ReplyDelete
  2. സ്ഥിരം ശൈലിയില്‍ നിന്നും മാറിയത് നന്നായി ഇനിയും വ്യത്യസ്ഥമായത് ശ്രീയില്‍ നിന്നും പ്രതീക്ഷിക്കാമല്ലോ അല്ലെ?

    ReplyDelete
  3. ഫുള്‍സ്റ്റോപ്പിനു ശേഷം ഒരു സ്പെയിസ് ഇട് എന്നാലേ വായിക്കാന്‍ പറ്റൂ

    ReplyDelete
  4. കഥ മോശമായില്ല

    ReplyDelete
  5. വായിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ ശ്രീക്കുട്ടാ..?? നല്ല കഥ.

    ReplyDelete
  6. ശ്രീകുട്ടന്റെ കയ്യിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷികുന്നുവോ ..അതു കിട്ടി

    ReplyDelete
  7. """'Rashford reveals his players are serious so they help them win.>> UEFA Champions League group stage"" "

    ReplyDelete