Thursday, March 18, 2010

കോളിളക്കമുണ്ടാക്കിയേക്കാമായിരുന്ന ഒരു കൊലപാതകം

"കള്ള നായീന്റമോനേ നൊണ പറയുന്നോടാ. നിന്നെ കൊണ്ട് സത്യം പറയിപ്പിക്കാമോയെന്നു ഞാനൊന്നു നോക്കട്ടേ.നീയല്ലേ രമണിയെ ബലാത്സംഘം ചെയ്തു കൊന്നതു".

"സാര്‍....ഞാനവളെ ഒന്നും ചെയ്തിട്ടില്ല."

"പൂ.#..#.മോനെ നിനക്കു കിട്ടിയതൊന്നും പോരല്ലേ.ഒറ്റയ്ക്കു താമസിച്ചിരുന്ന മാദകത്തിടമ്പായ രമണി നിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.തക്കവും തരവും കിട്ടിയപ്പോള്‍ നീ അവളെ കീഴ്പ്പെടുത്താന്‍ നോക്കി.ബലാത്സംഘശ്രമത്തിനിടയില്‍ അവള്‍ ചത്തു. ഇതല്ലേടാ സത്യം ".

"എന്റെ പൊന്നേമ്മാന്നേ ഇനി എന്നെ തല്ലിയാ ഞാന്‍ ചത്തുപോവും.ഞാന്‍ എന്തു വേണമെങ്കിലും സമ്മതിക്കാം".

"കണ്ടോ കണ്ടോ കിട്ടേണ്ടതു കിട്ടിയപ്പം അവന്‍ തത്ത പറയുന്നതുപോലെ സത്യം പറയുന്നതുകണ്ടോ.ഇനി പറ.എന്താണുണ്ടായതു".

ക്രൂരമായ മര്‍ദ്ദനം താങ്ങാനാവാതെ അയാള്‍ മനസ്സില്‍ തോന്നിയതുപോലെയെല്ലാം എസ് ഐയോടു പറഞ്ഞു.

"അങ്ങനെ വഴിക്കു വാ.വല്ല ആവശ്യവുമുണ്ടായിരുന്നോ ഈ അടി മേടിച്ചുകൂട്ടാന്‍.നീ പേടിക്കേണ്ട.വലിയ കേസൊന്നുമുണ്ടാവില്ല.ഞാന്‍ പറയുന്നതുപോലെ വക്കീലുചോദിക്കുമ്പം പറഞ്ഞാമതി.കോടതിയില്‍ കേസു തള്ളിപ്പോകുന്ന തരത്തില്‍ ഞാന്‍ റിപ്പോര്‍ട്ട് ഒണ്ടാക്കിക്കൊള്ളാം.പക്ഷേ എന്നെ കാണേണ്ടപോലെ കാണണം. മനസ്സിലായോ".

"ഉവ്വേമാനേ".

ആകെയുള്ള നാലുസെന്റ് കിടപ്പാടത്തിന്റെ പ്രമാണം മനസ്സിലോര്‍ത്തുകൊണ്ട് പ്രതി സമ്മതിച്ചു.കടവായിലൂടെ ഒലിച്ചിറങ്ങിയ ചോര തുടച്ചുകൊണ്ടയാള്‍ ലോക്കപ്പിന്റെ മൂലയില്‍ ചുരുണ്ടുകൂടി കിടന്നു.


"ഹലോ വിക്രമന്‍ മൊതലാളിയല്ലേ.ഇതു ഞാനാ എസ്.ഐ ..... .അതേയതെ.ഒന്നുകൊണ്ടും പേടിക്കേണ്ട.ഞാനൊരുകാര്യം ഏറ്റാല്‍ അതു മൊടങ്ങുമോ.പിന്നെ എന്റെ കാര്യം മറന്നുകളയരുതു.നാളെത്തന്നെ കിട്ടണം.ശരി മൊതലാളി.അപ്പം എല്ലാം പറഞ്ഞപോലെ.നാളെക്കാണാം."

കോളിളക്കമുണ്ടാക്കിയേക്കാമായിരുന്ന ഒരു കൊലക്കേസ് മൂന്നുദിവസത്തിനുള്ളില്‍ തെളിയിച്ച ആശ്വാസത്തോടെ നെറ്റിയിലെ വിയര്‍പ്പു തുടച്ചുകൊണ്ട് എസ്.ഐ തന്റെ സീറ്റിലേയ്ക്കമര്‍ന്നിരുന്നു.

പുറത്തു തൂക്കിയിട്ടിരിയ്ക്കുന്ന മാതൃകാപോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് നാണിച്ചു ചൂളംകുത്തിനില്‍ക്കുകയായിരുന്നു ആ സമയം.

5 comments:

  1. മാതൃകാപോലീസ് സ്റ്റേഷന്‍ :)

    ReplyDelete
  2. നാട്ടില്‍ നടക്കുന്ന ഒരു കാര്യം തന്നെ. കഥ നന്നായിട്ടുണ്ട്

    ReplyDelete
  3. അതാണല്ലോ ഈ മാതൃകാ പോലീസ് സ്റ്റേഷന്‍...

    കൊള്ളാം

    ReplyDelete
  4. Nothing special dude!!!

    Cheers,
    Deepu

    ReplyDelete