Sunday, March 21, 2010

മനുവിന്റെ ആദ്യ ചുംബനം

ബീച്ചിലെ ഒഴിഞ്ഞ കോണിലെ മണല്‍ത്തിട്ടയിലിരിക്കുമ്പോള്‍ മനു ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താനും ഒരു പെണ്‍കുട്ടിയുമായി ബീച്ചിലിങ്ങനെയിരുന്നു വര്‍ത്തമാനം പറയുന്നത് പരിചയത്തിലോ ബന്ധത്തിലോ ഉള്ള ആരെങ്കിലും കണ്ടാല്‍പ്പിന്നെ ചത്തുകളഞ്ഞാല്‍മതി. ഓര്‍ക്കുമ്പോല്‍ തന്നെ ശരീരമാകെ വിറയ്ക്കുന്നു. അച്ഛനെ പിന്നേം സഹിക്കാം. പക്ഷേ ചേട്ടന്‍..തന്നെ തല്ലിക്കൊല്ലും. ഇപ്പോല്‍ത്തന്നെ താന്‍ പഠിക്കാതെ കറങ്ങിനടക്കുകയാണെന്നു പറഞ്ഞു കൊല്ലാതെ കൊല്ലുന്നുണ്ട്.

"മനുവെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നത്?".

നിഷയുടെ ചോദ്യമാണ് മനുവിനെ ചിന്തകളില്‍നിന്നുണര്‍ത്തിയത്.
ഥേ

"ഹേയ് ഒന്നുമില്ല. ഞാന്‍ വെറുതേ എന്തൊക്കെയോ ആലോചിച്ചിരുന്നുപോയി".

"മനുവിനു പേടിയുണ്ടോ?".

"എന്തിന്?"

"അല്ല ഒരു പെണ്‍കുട്ടിയുമായി ബീച്ചിലും മറ്റും കറങ്ങിനടക്കുന്നത് ആരെങ്കിലും കാണുകയോ മറ്റോ ചെയ്താലോയെന്ന പേടി"

"അങ്ങിനെയൊന്നുമില്ല. പിന്നെ ചേട്ടനറിഞ്ഞാല്‍ ഇച്ചിരി കുഴപ്പമാ.അതോര്‍ക്കുമ്പോള്‍ ഒരു ടെന്‍ഷന്‍. അത്രേയുള്ളു".

"മനു ഇത്ര പാവമായിപ്പോയല്ലോ. ഇങ്ങനെ പേടിയ്ക്കാമോ. എന്നെ നോക്കു.ഞാന്‍ എത്ര കൂളായിരിക്കുന്നു"

"അതുപിന്നെ ഞാനാദ്യമായിട്ടാണിങ്ങനെ. അതിന്റെ ഒരു ഇതാ"

"മനു പറയൂ. എപ്പോഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയേ?"

"കൂട്ടുകാരികള്‍ക്കൊപ്പം സംസാരിച്ചുകൊണ്ട് സ്റ്റെയര്‍കെയ്സിറങ്ങി വരുമ്പോഴാണ് ഞാന്‍ ആദ്യമായി നിഷയെ ശ്രദ്ധിച്ചത്. അന്നു താന്‍ ധരിച്ചിരുന്ന ആ ഇളം മഞ്ഞ ചുരീദാര്‍ എന്റെ ഇഷ്ട നിറം കൂടിയായിരുന്നു. എന്നെക്കടന്നുപോയപ്പോള്‍ തലമുടി പാറി എന്റെ മുഖത്തൊന്നു തട്ടി. ആ നിമിഷംതന്നെ ഞാന്‍ തന്നെക്കൊതിച്ചുപോയി. പിന്നെപ്പിന്നെ കോളേജില്‍ വരുന്നതുപോലും തന്നെക്കാണുവാന്‍ വേണ്ടിമാത്രമായിരുന്നു. നിഷക്കെന്നോട് എപ്പോഴാണിഷ്ടം തോന്നിയത്?"

"എനിക്കറിയില്ല മനു. എന്നെത്തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകളെ ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ എനിക്കെന്തോ പോലെയാണ് ആദ്യം തോന്നിയത്. ആദ്യമവഗണിച്ചെങ്കിലും പിന്നെപ്പിന്നെ ആ കണ്ണുകള്‍ക്കുടമയെ ഞാനും തേടാനാരംഭിച്ചു. എപ്പോഴോ എന്റെ മനസ്സിലും നോട്ടം പതിഞ്ഞുപോയി. ഒടുവില്‍ ദേ ഇപ്പോള്‍ ഈ വിശാലമായ മണല്‍പ്പരപ്പില്‍ ഞാനാ കണ്ണുകള്‍ക്കുടമയുമായി സല്ലപിക്കുന്നു."

"താന്‍ മനോഹരമായി സംസാരിക്കുന്നു".

"മനുവും"

എന്തെല്ലാമോ പറയണമെന്നുണ്ട്.പക്ഷേ ഒന്നും പുറത്തേയ്ക്കു വരുന്നില്ല. മനു അസ്വസ്ഥതയോടെ ചുറ്റുംനോക്കി.തങ്ങളിരിക്കുന്നതിനടുത്തൊന്നുമാരുമില്ല.അവന്‍ തിരിഞ്ഞു നിഷയെ നോക്കി.കാറ്റത്തുപാറിപ്പറക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കുന്ന അവളെ അവന്‍ സാകൂതത്തോടെ നോക്കി.ഈ ലോകത്തുള്ള ഏറ്റവും സുന്ദരി നിഷയാണെന്നവനു തോന്നി.അവളുടെ അടുത്തു ചേര്‍ന്നിരിയ്ക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിയുടെ ലോകത്തേയ്ക്കുയര്‍ത്തപ്പെടുന്നതായി മനുവിനനുഭവപ്പെട്ടു. നിഷ നോക്കുമ്പോള്‍ തന്നെത്തന്നെ നിര്‍ന്നിമേഷനായി നോക്കിയിരിക്കുന്ന മനുവിനെയാണു കണ്ടതു.അവന്റെ വലതുകൈ മണലിലൂടെ അരിച്ചരിച്ചെത്തി തന്റെ കൈകളില്‍ മുറുകെപിടിച്ചപ്പോല്‍ ശരീരത്തിലൂടെ ഒരു വൈദ്യുതതരംഗം കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. നാണത്തില്‍ കുതിര്‍ന്ന അവളുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് അവനവളുടെ മിഴികളിലേയ്ക്കു സൂക്ഷിച്ചുനോക്കി.ആ നോട്ടം നേരിടാനാവാതെ നിഷ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.പെട്ടന്നു മനു നിഷയുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ അമര്‍ത്തിയൊരുമ്മ വച്ചുകൊണ്ടവളെ തന്റെ ശരീരത്തോടു ചേര്‍ത്തുകെട്ടിപ്പിടിച്ചു.

ആകെ തളര്‍ന്ന നിഷ ആ ചുംബനമേറ്റുവാങ്ങിക്കൊണ്ട് ഒന്നു കുതറുകപോലുംചെയ്യാതെ അവന്റെ ദേഹത്തോടൊട്ടിചേര്‍ന്നിരുന്നു.ആ സുഖലഹരിയില്‍ മനു തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

......................

വല്ലാത്ത ബഹളം കേട്ട് മനു കണ്ണുതുറന്നുനോക്കി.ക്രൂദ്ധമായ മിഴികളുമായി വളരെ വലിയ ഒച്ചയില്‍ സംസാരിക്കുന്ന ചേട്ടനെകണ്ടവന്‍ ഒന്നു ഞെട്ടി.

"ആദ്യമവനെന്റെ കൈകള്‍പിടിച്ചുഞെരിച്ചു.പിന്നെ.ഞാനെങ്ങനെ അമ്മയോടുപറയും.കണ്ട പെണ്ണുങ്ങളേയുമോര്‍മ്മിച്ചുകിടന്നു അവനിന്നെന്റെ ചുണ്ടു കടിച്ചുമുറിച്ചു. നാളെയിനിയെന്തുചെയ്യില്ല എന്നാരുകണ്ടു.ഞാനിനിയെങ്ങനെ ഇവന്റെ കൂടെ ഒരു കട്ടിലില്‍ കിടക്കും".

ബഹളം കേട്ടോടിവന്ന അമ്മയോടായി ചേട്ടന്‍ പറയുന്നതുകേട്ട് ആ നിമിഷം ഉടലോടുകൂടി ഭൂമിയിലേയ്ക്കാഴ്ന്നുപോയെങ്കിലെന്നു ആത്മാര്‍ഥമായും മനു ആഗ്രഹിച്ചുപോയി.

ശുഭം


ശ്രീ

4 comments:

 1. പാവം മനു,
  സോറി
  പാവം ചേട്ടന്‍.
  :)

  ReplyDelete
 2. അനുഭവം ഗുരു

  ReplyDelete
 3. സ്വപ്നങ്ങള്‍,
  സ്വപ്നങ്ങളേ നിങ്ങള്‍
  സ്വര്‍ഗകുമാരികളല്ലോ !

  ReplyDelete
 4. പാവം ചേട്ടൻ...ഇതാണ് ..ഒരു സമയം കഴിഞ്ഞാ ഒറ്റക്കു കിടത്തണം..:))

  ReplyDelete