Tuesday, March 30, 2010

വ്യത്യസ്തനാമൊരു ബാലന്‍

എല്ലാത്തരത്തിലും വ്യത്യസ്തമായി ചിന്തിക്കുന്ന ഒരാളായിരുന്നു ബാലന്‍. വയസ്സു 23. നല്ല തടിയും പൊക്കവും. ബാലന്‍ ചെയ്യുന്ന ഓരോ കാര്യവും നാട്ടുകാരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബാലന്റെ വേലത്തരങ്ങള്‍ മൂലം നാട്ടുകാര്‍ സഹികെട്ട് പലപ്പോഴും ശരിയ്ക്കും പൂശിയിട്ടുമുണ്ട്. സത്യത്തില്‍ ബാലനു തല്ലുകൊടുക്കാത്തവരായിട്ട് ആ നാട്ടിലാരെങ്കിലുമുണ്ടെങ്കില്‍ അത് കുഴിമാടത്തിനുള്ളില്‍ വിശ്രമിക്കുന്ന പാവം ശവങ്ങള്‍ മാത്രമായിരുന്നു .എന്നുമുതലാണ് ബാലന്‍ വ്യത്യസ്തനായിചിന്തിക്കുവാന്‍ തുടങ്ങിയെന്നതിനെക്കുറിച്ച് പൊതുസമൂഹത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതെല്ലാം നമുക്കൊഴിവാക്കാം. ബാലന്റെ ഒരേയൊരു വീക്ക്നെസ്സ് സുധാമണിച്ചേച്ചിയുടെ മകള്‍ സരിതയാണു.ഗ്രാമത്തിലെ ഒരേയൊരു സുന്ദരിയെന്നു സ്വയം വിശ്വസിക്കുന്ന മധുര പതിനേഴുകാരി. പത്താംക്ലാസ്സില്‍ നാലാംവട്ടവും പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന കോമളാംഗി. മുന്‍പൊരിക്കല്‍ ഫാഷന്‍ ഫ്രൂട്ട് പറിച്ചുകൊടുത്തപ്പോള്‍ അവള്‍ ബാലനെനോക്കി ഒരു ചിരിചിരിച്ചു. അത് ബാലന്റെ ചങ്കില്‍ തറച്ചു.അന്നുതൊട്ടേ ആ ചിരി മാത്രമാണു ബാലന്റെ മനസ്സില്‍. താന്‍ കല്യാണം കഴിക്കുമെങ്കില്‍ അതു സരിതയെമാത്രമായിരിക്കുമെന്നാണ് ആശാന്‍ പറയുന്നതു. നാട്ടിലെല്ലാപേര്‍ക്കുമിക്കാര്യമറിയാം. സരിതയ്ക്കും സുധാമണിചേച്ചിയ്ക്കുമൊഴിച്ച്. അവരിതറിഞ്ഞാല്‍ എന്താകുമെന്നു ഒടേതമ്പുരാനുപോലുമറിയില്ല. സുധാമണിചേച്ചിയെ സോപ്പിടുന്നതിനായി അവരുടെപേരില്‍ ഒരു L.I.C പോളിസി ബാലന്‍ ആരഭിച്ചിട്ടുണ്ട്.ബാലനെ കുറിച്ച് ഒരു ഏകദേശധാരണയായല്ലോ അല്ലേ.ബാലന്റെ പ്രധാന വിനോദമെന്നതു ആരെയെങ്കിലും അമ്പരപ്പിക്കുക ആവശ്യത്തിനടി മേടിയ്ക്കുക എന്നതായിരുന്നു.അതിനായി എത്ര റിസ്ക്കെടുക്കുന്നതിനും ബാലനു മടിയില്ല. അന്നൊരു ശനിയാഴ്ചയായിരുന്നു.രാവിലെ തന്നെ ബാലന്‍ വാഴപ്പണകളിലെല്ലാം കയറിയിറങ്ങി ഉണങ്ങിയ വാഴയിലകളും മറ്റും ധാരാളമായി ശേഖരിച്ചു. കൂട്ടിനു കുട്ടനേയും വിളിച്ചു. ബാലന്റെ അടുത്ത ചങ്ങാതിയാണിഷ്ടന്‍. സ്വഭാവത്തില്‍ ബാലനേക്കാളും ഒരു രണ്ടുവയസ്സിന്റെ കുറവുമാത്രമേ കുട്ടനുമുള്ളു. ബാലന്റെ തല്ലുകൊള്ളിത്തരങ്ങളുടെ പങ്ക് കുട്ടനും കിട്ടാറുണ്ട്. രണ്ടും കൂടി ശേഖരിച്ച വാഴയിലയുമായിവരുമ്പോള്‍ സ്ഥലത്തെ ആസ്ഥാനനൊണപറച്ചില്‍ ഏരിയയായ കുമാരന്റെ കടയിലിരുന്നു ചായകുടിച്ചുകൊണ്ടിരുന്ന കണാരേട്ടന്‍ ബാലനോടായി ചോദിച്ചു.

"ആരെ പറ്റിയ്ക്കാനാടാ ഇതെല്ലാമായിട്ട്".

"മാടങ്കാവിലെ ഉത്സവമല്ലേ വരുന്നതു. എഴുന്നള്ളത്തിന്റെ കൂടെയുള്ള കുതിരയെ ഉണ്ടാക്കുന്നതിനായിട്ടാ രാമേട്ടാ. പണിയ്ക്കരുമാമന്‍ പറഞ്ഞു".വളരെ ഡീസന്റായി ബാലന്‍ ഉത്തരം നല്‍കി.ഈ വക കാര്യങ്ങളില്‍ പുള്ളിക്കാരനു വലിയ താല്‍പ്പര്യമാണ്.

"എങ്കി ഇത്തവണ കുതിര ഒണ്ടായതു തന്നെ".പൊട്ടിച്ചിരിച്ചുകൊണ്ട് കുമാരന്‍ പറഞ്ഞു.

"എന്താടാ ബാലാ ഇപ്പോ നീ മര്യാദക്കാരനായെന്നു തോന്നുന്നല്ലോ. നല്ലതുപോലെ നടന്നാല്‍ നിനക്കു കൊള്ളാം. ഇല്ലെങ്കി നാട്ടാരുടെ കയ്യീന്നു മേടിച്ചു ക്ഷയം പിടിച്ചു ചാകും". ഒരുപദേശിയുടെ മട്ടില്‍ കണാരേട്ടന്‍ പറഞ്ഞു.

ബാലനൊന്നും മിണ്ടാതെ നടന്നു പോയി.

നിങ്ങളു നോക്കിക്കോ.ഇതാരെയോ വലിപ്പിക്കാനായിട്ടുള്ള പൊറപ്പാടാ".

കുമാരന്‍ കൊറച്ചുറക്കെപ്പറഞ്ഞു. അല്ലേലും കുമാരനു ബാലനെ കണ്ണെടുത്താല്‍ കണ്ടുകൂട. മുന്‍പൊരിക്കല്‍ കുട്ടന്‍ നായരുടെ മരച്ചീനിതോട്ടത്തില്‍ നിന്നും മരച്ചീനി അടിച്ചുമാറ്റുമ്പോള്‍ കുമാരനെ ബാലന്റെ നേതൃത്വത്തില്‍ പൊക്കിയിരുന്നു. അതിന്റെ പകരമായി കുമാരന്‍ ബാലനെ തല്ലിപ്പിച്ചിട്ടുമുണ്ട്. ഒരവസരം വരുമ്പോള്‍ തിരിച്ചു പണിയാന്‍ കാത്തിരിയ്ക്കുകയാണു ബാലന്‍.

സമയം രാത്രി പതിനൊന്നരയായി. വൈകിട്ട് പട്ടാളം കേശുവിന്റെ നേതൃത്വത്തില്‍ നടന്ന വെള്ളമടി കഴിഞ്ഞ് ഓരോരുത്തരായി പിരിയാന്‍ തുടങ്ങി.ഒടുവില്‍ കുമാരനും കരുണേട്ടനും മാത്രമായി.കടയടച്ചു രണ്ടും കൂടി വീട്ടിലേയ്ക്കു തിരിച്ചു. അപ്പിക്കാട് എന്നറിയപ്പെടുന്ന റബ്ബറെസ്റ്റേറ്റു വഴിയാണു രണ്ടിനും പോകേണ്ടത്. വളരെ മങ്ങിയ നിലാവെളിച്ചത്തില്‍ ബീഡിയും വലിച്ച് പരസ്പ്പരം വര്‍ത്തമാനവും പറഞ്ഞ് ആടിയാടി അങ്ങനെ നടക്കുകയാണു രണ്ടും. മുട്ടുശാന്തിക്കാ​യി തൊടിയിലെ നാരായണിയുടെ അടുത്തൊന്നു പോയാല്‍ കൊള്ളാമെന്നുണ്ട് കുമാരനു. വയറ്റിലെ പട്ടാളസാധനത്തിന്റെ പവര്‍. പക്ഷേ കരുണേട്ടന്‍ കൂടെയുണ്ട്. അയാളറിഞ്ഞാല്‍ എന്തു വിചാരിക്കുമെന്നോര്‍ത്തു കുമാരന്‍ ആ ആഗ്രഹം മനസ്സിലടക്കി. ഇനിയും ദിവസമുണ്ടല്ലോ. കരുണേട്ടനും അപ്പോള്‍ ഇതു തന്നെയായിരുന്നു മനസ്സിലോര്‍ത്തുകൊണ്ടിരുന്നതു. കരുണേട്ടന്റെ വീട്ടിനുമുമ്പിലെത്താറായപ്പോള്‍ ഒരു ബീഡികൂടി കൊളുത്തിക്കൊണ്ട് സലാം പറഞ്ഞു കുമാരന്‍ തന്റെ വീട്ടിലേയ്ക്കുള്ള വഴിയില്‍ പ്രവേശിച്ചു. പെട്ടന്ന്‍ എന്തിലോ ഇടിച്ചു ബ്രേക്കിട്ട വണ്ടിപോലെ കുമാരന്‍ നിന്നു. സത്യമാണു മുന്നില്‍ വഴിമുടക്കി എന്തോ ഉണ്ട്. ഇരുട്ടുമൂലം നേരെ കാണാന്മേല. തീപ്പെട്ടിയുരച്ച് നോക്കിയ കുമാരന്‍ ആ രാത്രി ഉറങ്ങിക്കിടക്കുന്നവരേയും ഉറങ്ങാന്‍ തയ്യാറെടുക്കുന്നവരേയും ആകെ ഞെട്ടിപ്പിച്ചുകൊണ്ട് അത്യുച്ചത്തില്‍ ഒന്നലറിവിളിച്ചു. ശേഷം വെട്ടിയിട്ട വാഴപോലെ പുറകിലേയ്ക്കു മലര്‍ന്നു വീണു.

വീട്ടിനുള്ളിലേയ്ക്കു കയറാനൊരുങ്ങിയ കണാരേട്ടന്‍ കുമാരന്റെ അലര്‍ച്ചകേട്ട് വഴിയിലേയ്ക്ക് ഓടിവന്നു.പെട്ടന്നു തന്നെ ഗ്രാമവാസികള്‍ അടുത്ത അലര്‍ച്ചയും കേട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ധാരാളം പേര്‍ വെട്ടവും മറ്റുമായി അവിടേയ്ക്കോടിയെത്തി. മുന്നിലെ കാഴ്ച കണ്ട് പലരും ഒന്നു ഞെട്ടി. വളരെ വലിപ്പമുള്ള ഒരു ഭീകരരൂപം രണ്ടു കൈകളും ആട്ടിക്കൊണ്ട് വഴിയുടെ മധ്യത്തില്‍ നില്‍ക്കുന്നു. കുമാരനും കറുണേട്ടനും രണ്ട് ശവങ്ങള്‍ മാതിരി വഴിയില്‍ വിലങ്ങനെ കിടപ്പുണ്ട്. വാഴക്കരിയിലയും മറ്റും കൊണ്ടുണ്ടാക്കിയ ഒരു കോലമാണു ഭീകരരൂപത്തില്‍ നില്‍ക്കുന്നതെന്നു കണ്ടെത്തിയതു നത്തു വാസുവാണു. അതിന്റെ രണ്ടു കൈകളിലുമായി ബന്ധിച്ചിരിക്കുന്ന ഒരു കറുത്ത ചരട് അടുത്ത പറമ്പിലേയ്ക്കു പോയിരിക്കുന്നതും വാസു കണ്ടെത്തി. ചരടിന്റെ അറ്റമന്യോഷിച്ചു ചെന്നവര്‍ കണ്ടത് ചരടും കയ്യില്‍പിടിച്ച് സുഖമായിരുന്നുറങ്ങുന്ന ബാലനേയും കുട്ടനേയുമാണ്. ഉറക്കത്തില്‍ കയ്യോ മറ്റോ അനക്കുമ്പോള്‍ കോലത്തിന്റെ കയ്യും അനങ്ങും. പിന്നെ അവിടെ നടന്നതൊന്നും പുറത്തുപറയാന്‍ കൊള്ളില്ല. സത്യം.....

5 comments:

 1. ബലനു വീണ്ടും...........!!

  ReplyDelete
 2. ശ്രീക്കുട്ടാ,

  എന്തിനാ പാവം ബാലനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്‌.

  വെള്ളമടി കഴിഞ്ഞപ്പോൾ മറ്റോരു ടിസ്റ്റ്‌ പ്രതീക്ഷിച്ചു. വെറുതെ.

  കൊള്ളാം. ആശംസകൾ

  Sulthan | സുൽത്താൻ

  ReplyDelete
 3. നന്നായിരിക്കുന്നു. ആശംസകള്‍

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. പിന്നെയും കളിതോക്കോ?

  ReplyDelete