Monday, April 5, 2010

പട്ടാപ്പകലിലെ ബലാത്സംഘം

പതിവുപോലെ ഷാപ്പില്‍ നിന്നും ഒരു അരയും പിടിപ്പിച്ചു ചെറുതായി ആടിക്കൊണ്ട് കുമാരന്‍ വീട്ടിലേയ്ക്കു തിരിച്ചു. അല്ലെങ്കിലും ജോലിയൊക്കെ കഴിഞ്ഞു ഉച്ചക്കു ഒരരയടിച്ചില്ലെങ്കില്‍ കുമാരനൊരു എന്തോ പോലെയാണു. വീട്ടിലെത്തി നല്ലതുപോലെ ആഹാരവും കഴിച്ചിട്ട് ഒരുറക്കം.പിന്നെ വൈകുന്നേരമുണര്‍ന്നു വീണ്ടും ഷാപ്പിലേയ്ക്കു. ആശാന്റെ മുടക്കമില്ലാത്ത പതിവാണതു. വയലു മുറിച്ചുകടന്നു വീട്ടിലേയ്ക്കു തിരിയുന്നിടത്തെത്തിയപ്പോഴാണു കുമാരനതു കണ്ടതു.താഴെ പണയില്‍ ഒരാള്‍ എന്തോ ചെയ്യുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനയിലെ രാഘവനാണ്. ഇവനീ സമയത്തെന്തു പണയില്‍ എന്തു ചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടക്കുവാന്‍ തുടങ്ങിയ കുമാരനൊരു നിമിഷം നിന്നു. സംശയത്തോടെ താഴേക്കു നോക്കിയ ഒരിക്കല്‍ കൂടി നോക്കിയ കുമാരന്‍ ഒന്നു ഞെട്ടി. രാഘവനുമുമ്പില്‍ തറയിലായികിടക്കുന്നതു ഒരു പെണ്‍കുട്ടിയല്ലേ. അതേ തന്നെ .അപ്പോള്‍ രാഘവന്‍..കുടിച്ച കള്ളുമുഴുവന്‍ ഒരു നിമിഷം കൊണ്ട് ആവിയായിപോയി. ഒരു നിമിഷം ധൈര്യം സംഭരിച്ച കുമാരന്‍ ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ...പട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഘം ചെയ്തു കൊല്ലുന്നേ...."

ഒച്ചകേട്ട രാഘവന്‍ തലയുയര്‍ത്തിനോക്കി. വലിയവായില്‍ അലറിവിളിക്കുന്ന കുമാരനെകണ്ട് രാഘവനാകെ അന്തം വിട്ടു.

കുമാരന്റെ നിലവിളികേട്ട് വാഴപ്പണയില്‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേര്‍ ഓടിവന്നു.

"എന്താ കുമാരാ എന്താ പ്രശ്നം"

"ദേ അതു കണ്ടോ". കുമാരന്‍ ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നോക്കിയ അവരും ഞെട്ടി. തറയില്‍ കിടക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ആകെ പരിഭ്രമിച്ചു നില്‍ക്കുന്ന രാഘവന്‍. താഴേക്കോടിയിറങ്ങിയ അവര്‍ കണ്ടതു പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെയാണു. രാഘവന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പുതന്നെ അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നു രണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം തന്നെ രാഘവനു നേരെ തിരിഞ്ഞു. അടികൊണ്ടവശനായ രാഘവന്‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കയ്യിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാ പിന്നെ ഈ നായിന്റെ മോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."

ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഈ സമയമെല്ലാം തറയില്‍ ശബ്ദം നഷ്ടപ്പെട്ട് തളര്‍ന്നു ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു രാഘവന്‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തുകയും രാഘവനെ പൊക്കിയെടുത്തു വണ്ടിയിലിട്ടുകൊണ്ട് സ്റ്റേഷനിലേയ്ക്കു തിരിക്കുകയും ചെയ്തു. വണ്ടിയില്‍ വച്ചു പോലീസുകാരന്‍ ലാത്തിവച്ചു പള്ളയില്‍ കുത്തിയപ്പോള്‍ രാഘവന്‍ അലറിക്കരഞ്ഞുപോയി.

വിവരമറിഞ്ഞു ജോലിസ്ഥലത്തുനിന്നും കുട്ടപ്പന്‍ അവിടേയ്ക്കു പാഞ്ഞെത്തി. കുട്ടപ്പനു ഒരേയൊരു മകളാണുള്ളതു. തറയില്‍ തളര്‍ന്നിരുന്ന കുട്ടപ്പനെ ഒന്നു രണ്ടുപേര്‍ ആശ്വസിപ്പിക്കുകയും കുട്ടപ്പനേയും കൂട്ടി ആശുപത്രിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.. ആശുപത്രിയില്‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍....

പെട്ടന്ന്‍ വാതില്‍ തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. നല്ല വെഷമുള്ളയിനമാണു കടിച്ചതു.എന്തായാലും ഒരുദിവസമിവിടെ കിടക്കട്ടെ.നാളെ ഡിസ്ചാര്‍ജ്ജു ചെയ്യാം.ഈ മരുന്നുകള്‍ വേടിച്ചുകൊണ്ട് വരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നു മയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ അയാല്‍ പിന്‍ കൈകൊണ്ട് തുടച്ചു.


ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പ് മുറിയില്‍ പോലീസുകാരുടെ ക്രൂരമര്‍ദ്ദനങ്ങളേറ്റു ബോധം കെട്ടു ചുരുണ്ടുകിടക്കുകയായിരുന്നു രാഘവന്‍. പാടത്തെ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടതും കാലില്‍ നിന്നും ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറി വിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ രാഘവന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

7 comments:

 1. അയ്യോ.......
  ആ പാവം.....
  കൂതറ നാട്ടുകാര്

  ReplyDelete
 2. ഇക്കാലത്ത് പരോപകാരം ചെയ്താല്‍ ഇങ്ങനെയാണ് പ്രതിഫലം ലഭിക്കുക

  ReplyDelete
 3. പാവം രാഘവന്‍..

  ReplyDelete
 4. ആശുപത്രിയില്‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍....

  ReplyDelete
 5. Ohh My God....too sad!

  Evide okkeyo nammude nattin purathinte chila ormakal....

  I thought it was ending with a sad climax (The real incident which happend with Tailor Sukumaran's son...hope u remember that fellow...)

  Don't you?

  ReplyDelete
 6. കാള പെറ്റെന്നു കേട്ടാല്‍ ........

  ആരും ഒഴിവല്ല.
  കഥ നന്നായിട്ടുണ്ട്.

  ReplyDelete