Thursday, April 8, 2010

പിഴച്ചവള്‍

എരിഞ്ഞുതാഴുന്ന സൂര്യനെ നോക്കിയിരിക്കുമ്പോള്‍ ആ ചോദ്യം ലക്ഷ്മിയുടെ ഉള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു

"എവിടെയായിരുന്നു തനിക്കു പിഴച്ചത് ?

ഒരു ഇടത്തരം കുടുംബത്തില്‍ അഛനമ്മമാരുടെ അരുമയായി ഒരേയൊരു സഹോദരന്റെ ഓമനയായി കളിച്ചുവളര്‍ന്ന ലക്ഷ്മിയെന്ന അന്നത്തെ പെണ്ണെവിടെ. ഇന്നത്തെ ഈ ലക്ഷ്മി എവിടെ നില്‍ക്കുന്നു. അറിയാതെയവളുടെ കണ്ണുകളില്‍ നിന്നും ഒരുതുള്ളി കണ്ണുനീര്‍ അടര്‍ന്നുവീണു.
താന്‍ താന്‍ മാത്രമാണു തന്റെ അധ:പതനത്തിനു കാരണക്കാരി. അല്ലെങ്കില്‍ എല്ലാപേരും പറഞ്ഞിട്ടും തന്റെ മാത്രം നിര്‍ബന്ധമൊന്നുകൊണ്ട് മാത്രമാണു ഈ മഹാനഗരത്തിലെ കലാലയത്തില്‍ ചേര്‍ന്നതു. തന്നെ ഹോസ്റ്റലിലാക്കി മടങ്ങുന്നേരം അച്ഛന്റെ കണ്ണുകളില്‍ നീര്‍പൊടിഞ്ഞതു തന്നെ അല്‍പ്പമെങ്കിലും വിഷമിപ്പിച്ചോ. ഇല്ലായിരിക്കും.

പേരുപോലെ തന്നെ എല്ലാക്കാര്യത്തിലും ലക്ഷ്മിയായിരുന്നു താന്‍. പഠിത്തത്തിലും കലാരംഗത്തുമെല്ലാം എപ്പോഴും മുമ്പിലെത്തിയ തന്നെ മറ്റു പെണ്‍കുട്ടികള്‍ അസൂയയോടെ നോക്കുന്നതുകണ്ടപ്പോള്‍ തന്റെ മനസ്സ് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. കോളേജിലെ നിരവധി സുന്ദരമ്മാര്‍ തന്റെ പിന്നാലേ കൊതിയോടെ അലയുന്നത് കാണുമ്പോല്‍ താന്‍ സത്യത്തില്‍ ഹരം പിടിപ്പിക്കുകയായിരുന്നു. പട്ടണത്തിന്റേതായ പരിഷ്ക്കാരങ്ങള്‍ താന്‍ കൊതിയോടെ നോക്കിക്കാണുവാന്‍ തുടങ്ങിയതെപ്പോഴാണു. സൂസനും നിമ്മിയും അനിലയുമെല്ലാം കൂട്ടായികിട്ടിയപ്പോഴാണോ. അറിയില്ല.

തന്നെകാണാനായി അച്ഛനും ചേട്ടനും വന്നപ്പോള്‍ ഹൊ ശരിക്കും അവര്‍ എത്രയും പെട്ടന്നു മടങ്ങിപ്പോയെങ്കില്‍ എന്നു താനാഗ്രഹിച്ചില്ലേ. അല്ലെങ്കിലും ചത്ത കുറേ ഉപദേശങ്ങള്‍ ആര്‍ക്കു വേണം. ഇത്രയും വലിയ പട്ടണത്തില്‍ പഠിക്കുമ്പോല്‍ അതിന്റേതായ ചിലവുണ്ടെന്നും ഇപ്പോള്‍ തരുന്ന പണം ഫീസടയ്ക്കുവാന്‍ പോലും തികയത്തില്ലെന്നും താന്‍ ഒച്ചയുയര്‍ത്തിപ്പറഞ്ഞതു കേട്ട് അച്ഛന്‍ തന്നെ മിഴിച്ചുനോക്കിയതു ഇപ്പോഴും തന്റെ കണ്മുമ്പിലുണ്ട്. തന്റെ മാറ്റം ഉള്‍ക്കൊള്ളാനാവാതെയാണവര്‍‍ മടങ്ങിയതു. ​‍

നൂറായിരം കാര്യങ്ങളുള്ളപ്പോള്‍ നുള്ളിപ്പിടിച്ചപോലെ നക്കാപ്പിച്ചയും കൊണ്ടുവരുന്ന അച്ഛന്‍.പുശ്ഛമാണു തനിക്ക് തോന്നിയതു. തന്റെ കൂട്ടുകാരികള്‍ എത്ര ആര്‍ഭാടത്തോടെയാണു ജീവിക്കുന്നതു.കൊതിതോന്നുന്നു. ആകെ മൂഡിയായിരുന്ന തന്നെ അവര്‍ ആശ്വസിപ്പിച്ചു.അന്ന്‍ അവര്‍ തന്നെ പുറത്തെല്ലാം കൊണ്ടുപോകുകയും ധാരാളം സമയം ചുറ്റിയടിക്കുകയും ചെയ്തു. പണച്ചാക്കുകളായ അവരുടെ അച്ഛനമ്മമാര്‍ അയച്ചുകൊടുക്കുന്ന പണം ആവശ്യം പോലെയുണ്ടായിരുന്നല്ലോ.താനോ. ഒരു ധരിദ്രവാസിയുടെ മകള്‍.കൂട്ടുകാരുടെ ഉപദേശം കേട്ടാണ് തന്റെ തലമുടി മുറിച്ചത്. അതു മുറിച്ചുകളഞ്ഞതു തന്നെ നല്ലതു.തോര്‍ത്താനും മറ്റുമൊക്കെ എന്തൊരു മെനക്കേടാ. ബ്യൂട്ടീപാര്‍ലറില്‍ കണ്ണാടിയില്‍ നോക്കിനില്‍ക്കുമ്പോള്‍ തനിക്കു തന്നെ തന്റെ മാറ്റം വിശ്വസിക്കാനായില്ല. ഇത്രക്കു സുന്ദരിയോ താന്‍.

ഒരുദിവസം സൂസന്റെ പിറന്നാളിന്റെ വക പാര്‍ട്ടിക്കായിരുന്നു താന്‍ ആദ്യമായി വൈന്‍ കുടിച്ചതു.അന്നു ഒരു ഭാരമില്ലാത്ത പക്ഷികണക്കെ താനൊഴുകിയൊഴുകി നടക്കുകയായിരുന്നു. പിറ്റേന്നു തലയ്ക്കു നല്ല കനമനുഭവപ്പെട്ടെങ്കിലും ഒരു പ്രത്യേക അനുഭൂതി തന്നെയായിരുന്നത്.

പിന്നെ പിന്നെ ആഴ്ചയില്‍ ഒന്നും രണ്ടും പ്രാവശ്യം. രാഹുലും ജിത്തും നിത്യനും എല്ലാം തന്റേയും കമ്പനിയായി. ഇതിനിടയിലെപ്പോഴോ തനിക്കു വിലപ്പെട്ട പലതും നഷ്ടപ്പെടുന്നതു താന്‍ കാര്യമാക്കിയില്ല. ആരായിരുന്നു ആദ്യം അറിയില്ല. താന്‍ പോലുമറിഞ്ഞില്ല. ശരിക്കും തലക്കുപിടിച്ച ഒരു രാത്രിയില്‍. നിത്യനാണോ ജിത്തോ അതോ ഇനി മറ്റുവല്ലവരുമോ. ഒന്നുമറിയില്ല. ‍. ജീവിതം ആസ്വദിക്കേണ്ടതാണെന്ന തിരിച്ചറിവില്‍ അതു കാര്യമാക്കിയില്ല.

എല്ലാം കീഴ്മേല്‍ മറിഞ്ഞതു പെട്ടന്നായിരുന്നു. ഒരുദിവസം പാര്‍ട്ടികഴിഞ്ഞു മടങ്ങുമ്പോള്‍ തങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചു.വണ്ടിയോടിച്ചിരുന്ന സൂസന്‍ അപ്പോള്‍ തന്നെ .രണ്ടുദിവസം കഴിഞ്ഞപ്പോള്‍ നിമ്മിയും.പരിക്കുഭേദമായപ്പോള്‍ അനില അവളുടെ വീട്ടിലേയ്ക്കു മടങ്ങി. ഭാഗ്യത്തിനു വലിയ പരിക്കുകള്‍ പറ്റാതിരുന്ന താന്‍ ഒറ്റക്കായി.ഇത്രനാളും കഴിഞ്ഞിരുന്ന ആഡ്ംഭരത്തില്‍ നിന്നും പെട്ടന്ന്‍ പുറത്തുവന്നപ്പോള്‍ ആദ്യം അതുല്‍ക്കൊള്ളാനായില്ല. പണം തന്നെ വേണം. ഒരു ദിവസം ഒറ്റയ്ക്കു പാര്‍ക്കിലിരിക്കുമ്പോള്‍ അടുത്ത ബെഞ്ചിലിരുന്ന മധ്യവയസ്ക്കന്‍ കൊതിയോടെ തന്നെ നോക്കുന്നതു കണ്ടപ്പോള്‍ അറിയാതെ താനുമയാളെ നോക്കിച്ചിരിച്ചു. ഇയാള്‍ ഒരു ഇരയാണെന്ന്‍ എങ്ങിനെയാണു തനിക്കു തോന്നിയതു. അന്നു രാത്രി അയാള്‍ വച്ചുനീട്ടിയ ഒരു പിടി നോട്ടുകള്‍ കൈനീട്ടി വാങ്ങുമ്പോള്‍ കുറ്റബോധം തോന്നിയിരുന്നോ തനിക്ക്.ഇല്ല. ഈ ശരീരം കൊണ്ട് തനിക്കു പലതും നേടാന്‍ കഴിയും എന്ന ചിന്ത മാത്രമായിരുന്നപ്പോള്‍. അല്ലെങ്കില്‍ തന്നെ ഇതെല്ലം ഭദ്രമായിട്ട് കാത്തുസൂക്ഷിക്കുന്നതെന്തിനാണു. പിന്നെ പിന്നെ എത്രപ്രാവശ്യം. എത്ര പേര്‍. അറിയില്ല. ജീവിതം ആസ്വദിക്കുക എന്ന ചിന്ത മാത്രം.വികാരം വിവേകത്തെ കീഴടക്കി.

പണവുമായി ആ മാസം അച്ഛന്‍ വന്നപ്പോള്‍ തനിക്ക് ആ മുഖത്തുനോക്കുവാന്‍ യാതൊരു വിഷമവുമുണ്ടായില്ല. എന്തു വിഷമം. പതിവുപോലെ നന്നായിപഠിക്കണം എന്നെല്ലാം ഉപദേശങ്ങള്‍ തന്നിട്ട് അച്ഛന്‍ മടങ്ങിയപ്പോള്‍ തനിക്കു ചിരിയായിരുന്നു. പരീക്ഷ അടുത്തപ്പോള്‍ എന്തോ ഭാഗ്യത്തിനു എല്ലാത്തിനും വിരാമമിട്ട് പഠിയ്ക്കുവാന്‍ തോന്നി.അതുകൊണ്ട് തന്നെ നല്ല രീതിയില്‍ പരീക്ഷ എഴുതുവാന്‍ കഴിഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അമ്മ തന്റെ രൂപം കണ്ട് ശരിക്കും വഴക്കുപറഞ്ഞു. രണ്ടുമൂന്നാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മനസ്സാകെ അസ്വസ്ഥപ്പെടാന്‍ തുടങ്ങി.വീട്ടിലെ സ്വാതന്ത്ര്യമില്ലായ്മ. ആസ്വദിച്ചിരുന്ന സുഖങ്ങള്‍. ഭ്രാന്തെടുക്കുന്നതുപോലെ തോന്നി. ഒരു കൂട്ടുകാരിയെ കാണണമെന്നു പറഞ്ഞു പുറത്തെയ്ക്കിറങ്ങിയ ആ ദിവസമാണു ദത്തനെ കണ്ടുമുട്ടുന്നത്. അപ്രതീക്ഷിതമായ ഒരു പരിചയപ്പെടല്‍. തന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവു. എന്തുകൊണ്ടോ യഥാര്‍ഥപേരും മറ്റും പറഞ്ഞില്ല. ആ പരിചയപ്പെടല്‍ പിന്നെ തന്നെ പലതിലേയ്ക്കും നയിച്ചു. ദത്തന്‍ മൂലം തനിക്കൊരു ജോലി ശരിയായപ്പോള്‍ വീട്ടിലെല്ലാപേരും സന്തോഷിച്ചു. താനും. വീടെന്ന കാരാഗൃഹത്തില്‍നിന്നുമൊരു മോചനമാകുമല്ലോ. നഗരത്തിന്റെ തിരക്കില്‍ തന്റെയുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന പലതും തലപൊക്കുവാനാരംഭിച്ചു. ദത്തന്‍ ഒരു വഴികാട്ടിയായിരുന്നു.ചുരുക്കം ദിവസങ്ങള്‍ കൊണ്ട് താന്‍ നഗരത്തിലെ അറിയപ്പെടുന്ന ഒരു നക്ഷത്രമായി .പകലുകള്‍ പൊന്നുവിലയുള്ളവള്‍. ഓരോ പ്രാവശ്യവും പുതിയപുതിയ ആള്‍ക്കാരുമായി ദത്തന്‍ വന്നുകൊണ്ടിരുന്നു. താന്‍ ഒരിക്കല്‍പോലും ഒന്നും എതിര്‍ത്തില്ല. ആവശ്യത്തിനു പണവും സുഖവും. മറ്റെന്തുവേണം.

എതേവരെ പെണ്ണെന്നെന്തന്നറിഞ്ഞിട്ടില്ലാത്ത ഒരുവനാണു വരുന്നതെന്നു ദത്തന്‍ വിളിച്ചുപറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തനിക്കു തോന്നിയില്ല. അവന്റെ കൂട്ടുകാരനാണത്രേ. ഇതേപോലുള്ള എത്രനുണകള്‍ താന്‍ കേട്ടിരിക്കുന്നു. പക്ഷേ മുറിക്കകത്തേയ്ക്കു കടന്നുവന്ന ആളിനെകണ്ട് ജീവിതത്തിലാദ്യമായി താന്‍ തകര്‍‍ന്നുപോയി. തന്റെ തന്നെ കൂടപ്പിറപ്പിനെ ഒരിക്കലും താന്‍ പ്രതീക്ഷിച്ചിരുന്നില്ലല്ലോ. തന്റെ മുഖത്തേയ്ക്കു നോക്കിയതും പുറത്തേയ്ക്കുള്ള വാതിലിലേയ്ക്കവന്‍ പാഞ്ഞതും എല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ജീവിതത്തിലാദ്യമായി കുറ്റബോധം തോന്നിയ നിമിഷം.

ആളൊഴിഞ്ഞ കടല്‍ക്കരയില്‍ തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍ ലക്ഷ്മിയുടെ ഉള്ളം കത്തുകയായിരുന്നു.

"എവിടെയായിരുന്നു തനിക്കു പിഴച്ചതു"?

കടലിന്നഗാധതയിലേയ്ക്കു ഊളിയിട്ടിറങ്ങുന്ന സൂര്യനെ നോക്കുമ്പോള്‍ തനിക്ക് അതൊരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണെന്നവള്‍ക്കു തോന്നി. അതേ അസ്തമിക്കാമിനി തനിക്കും.സമയമായി. കയ്യില്‍ പറ്റിയിരുന്ന മണല്‍ത്തരികള്‍ തട്ടിതുടച്ചുകളഞ്ഞുകൊണ്ടവള്‍ തന്നെ കൊതിയോടെ നോക്കുന്ന കടലിനെ ലക്ഷ്യമാക്കി നടന്നു. തിരമാലകള്‍ അവളുടെ എല്ലാ പാപങ്ങളും കഴുകിക്കളയാനെന്നപോലെ അലയടിച്ചെത്തിക്കൊണ്ടിരുന്നു.

4 comments:

  1. എവിടെയോ കണ്ടു മറന്ന പോലെ തോന്നുന്നു എന്തായാലും നന്നായിട്ടുണ്ട് keep it up

    ReplyDelete
  2. മുൻപ് വായിച്ചിട്ടുണ്ട് ഇത്തരം കഥകൾ.
    പെട്ടെന്ന് അയ്യനേത്തിന്റെ ദുർഭഗ ഒർമവന്നു.

    എങ്കിലും പാരായണയോഗ്യം.

    ReplyDelete
  3. Poyi kidannu urangu manushyaaa!!!

    Just kidding dude...Go ahead with your awesome work!!!

    Just started reading your blogs and its really intersting.Hope to have some splendid works soon.

    Cheers
    Deepu

    ReplyDelete