Thursday, May 27, 2010

നാരായണേട്ടന്റെ ഈയാഴ്ചത്തെ വാരഫലം

നാരായണേട്ടന്റെ വാരഫലം

ആഴ്ചപ്പതിപ്പിലെ വാരഫലം പേജില്‍നിന്നു തന്റെ ആ ആഴ്ചത്തെ ഫലം വായിച്ച നാരായണേട്ടന്‍ താടിക്കു കൈയും കൊടുത്ത് ചിന്താവിഷ്ടനെപ്പോലെ ചാരുകസാലയില്‍ കുറച്ചുനേരം കിടന്നു. സുശീലേച്ചി കൊണ്ടുവച്ച ചായ തണുത്ത് പാടകെട്ടിത്തുടങ്ങിയിരുന്നു.

"എടീ സുശീലേ. നീയിങ്ങോട്ടൊന്ന്‍ വന്നേ".

നാരായണേട്ടന്‍ ഉച്ചത്തില്‍ തന്റെ മിസ്സിസ്സിനെ വിളിച്ചു.

"ഹൊ മനുഷ്യാ രാവിലെ തന്നെ നിങ്ങളിങ്ങനെ കെടന്നലറുന്നതെന്തിനാ?".

ഒച്ചയെടുത്തുകൊണ്ട് കൈയിലൊരു ചട്ടുകവുമായി മിസ്സിസ് നാരായണന്‍‍ അടുക്കളയില്‍നിന്നു പൂമുഖത്തേയ്ക്കെത്തി.

"എടിയേ നീ ഈഴാഴ്ചത്തെ എന്റെ വാരഫലം ഒന്നു നോക്ക്യേ. മൊത്തത്തില്‍ പ്രശ്നമാടീ. പൊതുവാള്‍ പ്രവചിച്ചാല്‍ അത് അച്ചട്ടാ. എന്റെ ജീവിതത്തില്‍ ഇതേവരെയുള്ള എല്ലാം നടന്നത് പൊതുവാളിന്റെ വാരഫലത്തില്‍ പറഞ്ഞിരുന്നതുപോലെയല്ലേ. ഇനിയിപ്പോ എന്തോചെയ്യുമെന്നാ ഞാനാലോചിക്കുന്നേ?".

ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് നാരായണേട്ടന്‍ വീക്കിലി ശ്രീമതിയുടെ നേരേ നീട്ടി.

"ഹൊ ഇതായിരുന്നോ? മനുഷ്യനെ മെനക്കെടുത്തിക്കാനായിട്ട്. അടുക്കളേലൊരു നൂറുകൂട്ടം കാര്യം കെടക്കുമ്പോളാ അങ്ങേരുടെ ഒരു പൊതുവാളും വാരഫലവും".

മുഖം വക്രിച്ചു പറഞ്ഞിട്ട് പുറത്തേക്കുവന്നതിനേക്കാളും സ്പീഡില്‍ തന്റെ വാമഭാഗം അടുക്കളയിലേയ്ക്ക് പാഞ്ഞതുകണ്ട് എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് നാരയണ്‍ ജി ഉമ്മറത്ത് രണ്ടു ചാല്‍ നടന്നു. കസാലയില്‍ വന്നിരുന്നിട്ട് മാഗസിനെടുത്ത് ചിത്തിരനക്ഷത്രത്തിന്റെ ഫലം ഒരിക്കല്‍ക്കൂടി വായിച്ചു.

"ചിത്തിരക്കാര്‍ക്ക് പൊതുവേ ഈ ആഴ്ച ഒട്ടും നന്നല്ല. ശാരീരികമായ പല വിഷമതകളും നേരിടേണ്ടി വരും.ആഴ്ചാവസാനം അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ മൂലം മാനഹാനിയുണ്ടാവാനിടയുണ്ട്. തീ, വെള്ളം എന്നിവയെ സൂക്ഷിക്കുക.കളത്രവുമായി കലഹമുണ്ടാകും. അവിചാരിതമായി ധനാഗമയോഗമുണ്ടാകും".

ശരിയാവൂല്ല. തന്റെ ഈ ആഴ്ച മിക്കവാറും പ്രശ്നബാധിതമായിരിക്കും. കസാലയില്‍നിന്നു വീണ്ടുമെഴുന്നേറ്റ് ഒരു വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്ന നാരായണേട്ടന്‍ തണുത്തുപാടകെട്ടിയ ചായയുമെടുത്ത് അടുക്കളയിലേയ്ക്കു നടന്നു. സുശീലേച്ചി ദോശയുണ്ടാക്കുന്ന തിരക്കിലാണ്. ചായപ്പാത്രത്തില്‍ ഇട്ടു വച്ചിരുന്ന ചായ ചൂടാക്കുന്നതിനായി സ്റ്റൌവില്‍ വച്ചിട്ട് നാരായണേട്ടന്‍ മിസ്സിസ്സിനോടായി പറഞ്ഞു.

"എന്നാലും എന്റെ ഈ ആഴ്ചയിലെ ഫലം വളരെ മോശമാണല്ലോടീ. നമുക്ക് ആ വാസുക്കണിയാന്റെയടുത്ത് പോയൊന്നു നോക്കിച്ചാലോ?".

"എന്റെ പൊന്നു മനുഷ്യാ. നിങ്ങളിത്രയ്ക്ക് അന്ധവിശ്വാസിയായിപ്പോയല്ലോ. വാരഫലമെന്നൊക്കെ പറഞ്ഞെഴുതിവിടുന്നത് അപ്പടി കള്ളമാണെന്നേ. കഴിഞ്ഞയാഴ്ച ഉത്രത്തിനെഴുതിയത് ഈയാഴ്ച അല്‍പ്പം മാറ്റം വരുത്തി പൂരത്തിനിടും. അടുത്തയാഴ്ച അത് ചിത്തിരയ്ക്കാവും. ഇത്രയേയുള്ളു. നിങ്ങളല്ലാതെ ആരെങ്കിലും ഇതെല്ലാം കാര്യമായിട്ടെടുക്കുമോ?".

ദോശ മറിച്ചിട്ടുകൊണ്ട് സുശീലേച്ചി പറഞ്ഞു.

"വേണ്ട വേണ്ട പൊതുവാളിന്റെ വാരഫലത്തെ കുറിച്ചു നീ കുറ്റം പറയണ്ട. അതേ പൊതുവാള്‍ ഒന്നു പറഞ്ഞാല്‍ അത് അച്ചട്ടാ. അല്ലെങ്കില്‍ തന്നെ ഏതാ നടക്കാതിരുന്നിട്ടൊള്ളത്. എനിക്കു ലോട്ടറിയടിക്കുമെന്ന്‍ വാരഫലത്തിലൊണ്ടായിരുന്നത് സംഭവിച്ചില്ലേ. വസ്തു വാങ്ങുമെന്നു പ്രവചിച്ചതും നടന്നില്ലേ. പിന്നെന്താ നിനക്കൊരു വിശ്വാസക്കുറവ്".

"പിന്നേ കൊട്ടക്കണക്കിനല്ലേ ലോട്ടറിയടിച്ചത്. ആകെ 500 കുലുവ അതും  അവസാനത്തെ മൂന്നക്കത്തിനു . അതിനുവേണ്ടി എത്ര രൂപേടെ ലോട്ടറിയാണെടുത്തതെന്ന്‍ നിങ്ങക്ക് വല്ല ഓര്‍മ്മയുമുണ്ടോ.  പിന്നെ പൊരയിടം സ്വന്തമാക്കിയത്. അത് എന്റെ അച്ഛന്‍ നിങ്ങള്‍ക്ക് സ്ത്രീധനമായിത്തരാമെന്ന്‍ പറഞ്ഞ വസ്തു എഴുതി തന്നതല്ലേ".

"അതെന്താടീ നീ അങ്ങനെ പറഞ്ഞേ. നിന്റച്ഛന്‍ എന്തോ തന്നെന്നാ. കല്യാണസമയത്ത് ഒരേക്കര്‍ നല്ല തെങ്ങുംപറമ്പ് തരാമെന്ന്‍ പറഞ്ഞിട്ട് 50 സെന്റ് കാട്ടുമ്പുറം തന്നല്ലേ തന്നത്. ആര്‍ക്കു വേണമാ ഓണം കേറാമൂലേല പൊരയിടം. പിന്നെ അതിങ്ങ് മേടിച്ചില്ലേ അതുംകൂടി പോകുമെന്നുള്ളോണ്ട് ഞാനങ്ങ് സമ്മതിച്ചതല്ലേ. മര്യാദയ്ക്ക് ബാക്കീം കൂടി തരാന്‍ പറയെടീ. ഒന്നുമില്ലേലും നിന്നേം നിന്റെ പുന്നാരമോനേം തീറ്റിപോറ്റണതിനുള്ള കൂലിയാവട്ടേ".

നാരായണേട്ടന്റെ ബി പി ചെറുതായി ഉയര്‍ന്നുകൊണ്ടിരുന്നു.

"നിങ്ങക്ക് മുഴുപ്രാന്താ. രാവിലെ മനുഷ്യനെ ഒരു വേല ചെയ്യാന്‍ സമ്മതിക്കത്തില്ല. നിങ്ങളിപ്പോ തന്നെപോയി ബാക്കി 50 കൂടി മേടിക്ക്".

ദോശ തിരിച്ചിട്ടുകൊണ്ട് സുശീലേച്ചി ഹസ്സിനെ രൂക്ഷമായൊന്നു നോക്കി.

"ദേ സുശീലേ നീ ഒരു മാതിരി മറ്റേടത്തെ വര്‍ത്തമാനം പറഞ്ഞാലൊണ്ടല്ലോ. എന്റെ തനിക്കൊണം നീ കാണും."

കൈ വീശിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞതും അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന ചായപ്പാത്രത്തില്‍ കൈ തട്ടി അത് കാലില്‍ക്കൂടി ചരിഞ്ഞതും ഒരുമിച്ചായിരുന്നു. തിളച്ചവെള്ളം കാലില്‍ വീണതും ഒരലര്‍ച്ചയോടെ നാരായണേട്ടന്‍ മുന്നോട്ടു ചാടി. അയ്യോ എന്നു വിളിച്ചുകൊണ്ട് സുശീലേച്ചി കണവനെ പിടിക്കാന്‍ ശ്രമിച്ചതും കയ്യിലിരുന്ന ചട്ടുകം ആശാന്റെ നെറ്റിയില്‍ ശക്തിയില്‍ മുട്ടിയതും എല്ലാം സെക്കന്റുകള്‍ക്കുള്ളിലായിരുന്നു.

കട്ടിലില്‍ ചാരിക്കിടന്നുകൊണ്ട് നാരായണേട്ടന്‍ ഒരു മൊന്ത വെള്ളം കുടിച്ചുതീര്‍ത്തു. തലയിലെ വച്ചുകെട്ടില്‍ മെല്ലെയൊന്നു തടവിനോക്കി. മൂന്നു സ്റ്റിച്ചുള്ളതാണ്. കാലിന്റെ ഒരു വശം നല്ല രീതിയില്‍ പൊള്ളിയിട്ടുണ്ടായിരുന്നു. ആശുപത്രിയില്‍നിന്നു നല്‍കിയ മരുന്ന്‍ അതില്‍ മെല്ലെ തേച്ചുകൊണ്ട് സുശീലേച്ചി ഭര്‍ത്താവിന്റെ അടുത്തു തന്നെയിരുന്നു.

"കണ്ടോടീ. പൊതുവാളിന്റെ പ്രവചനങ്ങള്‍ ഒരോന്നായി ഫലിക്കുന്നത്. ആദ്യദിവസമായതേയുള്ളു. ഇനിയും ആറു ദിവസം കിടക്കുന്നു. എന്തെല്ലാം അനുഭവിക്കേണ്ടി വരുമോ ആവോ".

മച്ചിലേയ്ക്കു നോക്കിക്കൊണ്ട് നാരായണേട്ടന്‍ ആവലാതിപ്പെട്ടു.

"അല്ല ഇതാരു വാസുവോ. കണ്ടിട്ട് കൊറച്ചുദെവസായല്ലോ. ഇരിക്ക്".

വാസുവിനു കസേരനീക്കിയിട്ടുകൊടുത്തിട്ട് നാരായണേട്ടന്‍ വെറ്റിലചെല്ലത്തില്‍നിന്നു ഒരു വെറ്റിലയെടുത്തു.

"പൊന്നു നാരായണേട്ടാ എന്നോടൊന്നും തോന്നരുത്. മേടിച്ച കാശ് സമയത്ത് തരാമ്പറ്റിയില്ല. ഇപ്പോഴാണ് അതൊത്തത്. ഇതങ്ങോട്ട് മേടിക്കണം. പലിശയില്‍ ഇച്ചിരിക്കുറവുണ്ട്. അത് ഞാന്‍ വഴിയേ കൊണ്ടുത്തന്നോളാം".

മടിയില്‍നിന്നു കാശുപൊതിയെടുത്ത് നാരായണേട്ടനു മുമ്പില്‍ വച്ച വാസുവിനെ ആശാനൊന്നു നോക്കി. കൂടെ തന്റെ ശ്രീമതിയേയും. കണ്ടില്ലേ വാരഫലത്തിന്റെ ഗുണം എന്ന മട്ടില്‍. വാമഭാഗം ഒന്നും കണ്ടില്ലെന്ന മട്ടില്‍ കുനിഞ്ഞു നിന്നു.

...................................................................................


സ്കൂളിലേയ്ക്കു നടക്കുമ്പോള്‍ നാരായണേട്ടന്‍ ചുറ്റുപാടും നന്നായി കണ്ണോടിക്കുന്നുണ്ടായിരുന്നു. അപകടം ഏതു വഴിയിലൂടെയാണു വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ. ഇനി മകന്‍ എന്തു പുലിവാലാണൊപ്പിച്ചു വച്ചിരിക്കുന്നതെന്ന്‍ സ്കൂളിലെത്തിയാലേ അറിയാന്‍ പറ്റൂ. നെറ്റിയിലെ മുറിവു വച്ചുകെട്ടാനും പോകേണ്ടതാണു. നാരായണേട്ടന്‍ ആഞ്ഞുനടന്നു.

"ഇതേപോലൊരു തലതെറിച്ച കൊച്ചിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇങ്ങിനെയാണോ പിള്ളേരെ വളര്‍ത്തിവച്ചിരിക്കുന്നത്. ഒന്നും പഠിക്കില്ലെന്നതോ പോട്ടെ സാറമ്മാരെ പുല്ലുവിലപോലും കല്‍പ്പിക്കില്ല. മാത്രമോ ഇന്നലെ അവന്‍ കൂടെപഠിക്കുന്ന ചെക്കന്റെ മൂക്കിനിട്ടിടിച്ച് പൊട്ടിച്ചു. ഇനി ഇതാവര്‍ത്തിച്ചാല്‍ മോനിവിടെ പഠിക്കില്ല. ഇതു പറയാനാ നിങ്ങളെ വിളിച്ചു വരുത്തിയത്".

കണ്ണാടി മൂക്കിലൊന്നുകൂടി ഉറപ്പിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ നാണുപിള്ള പറയുന്നതുകേട്ട് നാരായണേട്ടന്‍ അരിശത്തോടെ മകനെ നോക്കി. അവനാകട്ടെ ഇതൊന്നും തനിക്കു ബാധകമല്ലെന്നമട്ടില്‍ തലകുനിച്ചു നിന്നു.

"ക്ഷമിക്കണം സാര്‍. ഇനിയിങ്ങിനെയൊന്നുമുണ്ടാവാതെ ശ്രദ്ധിച്ചുകൊള്ളാം".

വിനീതനായി ഹെഡ്മാസ്റ്ററോടു പറഞ്ഞിട്ട് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ തന്നെ മാനം കെടുത്തിയ മകനെ കൊന്നു കുഴിച്ചുമൂടാനുള്ള ദേക്ഷ്യമുണ്ടായിരുന്നു നാരായണേട്ടന്. വൈകി ജനിച്ച മകനായോണ്ട് സുശീല കൊഞ്ചിച്ചുവഷളാക്കിവച്ചിരിക്കുവാണ് ചെറുക്കനെ. വൈകിട്ട് സ്കൂള്‍ വിട്ടുവരുമ്പോള്‍ ചന്തിയിലെ തോലുരിക്കുന്നുണ്ട്. മനസ്സില്‍കണക്കുകൂട്ടിക്കൊണ്ട് നാരയണേട്ടന്‍ ആശുപത്രിയിലേയ്ക്കു തിരിച്ചു

..................................................................

വീട്ടിനുമുമ്പില്‍ കാറുവന്നു നില്‍ക്കുന്ന ഒച്ചകേട്ട് സുശീലേച്ചി അടുക്കളയില്‍നിന്ന്‍ പുറത്തേയ്ക്കു വന്നുനോക്കിയപ്പോള്‍ നാലഞ്ചുപേര്‍ നാരായണേട്ടനെ കാറില്‍നിന്ന്‍ താങ്ങിയിറക്കുന്നതാണു കണ്ടത്.

"അയ്യോ ഇതെന്തോ പറ്റി?"

അലമുറയിട്ടുകൊണ്ട് സുശീലേച്ചി കാറിനടുത്തേയ്ക്കോടിചെന്നു.

"കുഴപ്പമൊന്നുമില്ല ചേച്ചി.ചെറിയൊരപകടം. അത്രേയുള്ളു"

നാരായണേട്ടനെ കസേരയില്‍ ചാരിയിരുത്തിക്കൊണ്ട് കൂടെവന്നതിലൊരാള്‍  പറഞ്ഞു.

"എന്താ ഉണ്ടായേ?"

ടാക്സിയുടെ കൂലികൊടുത്ത് അവരെ പറഞ്ഞയച്ചശേഷം സുശീലേച്ചി നാരായണേട്ടനോടായി ചോദിച്ചു.

"ഹൊ ഒന്നും പറയണ്ടെന്റെ ഭാര്യേ. സ്കൂളീന്ന്‍ തിരിച്ചു വരുന്നവഴി ആശൂത്രീക്കേറി തലേലെ വച്ചുകെട്ട് മാറ്റാമെന്നു കരുതി നടന്നുവരുവാരുന്നു. ദൂരെനിന്ന്‍ ആ ആട്ടോറിക്ഷ വരുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നി. എന്നെ അതു തവിടാക്കുമെന്ന്‍. അതുകൊണ്ട് ഞാന്‍ മാക്സിമം റോഡിന്റെ ഓരം പിടിച്ചു നടന്നു. ആട്ടോറിക്ഷനോക്കി നടന്നതുമൂലം മുമ്പിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബ് ഞാന്‍ കണ്ടില്ല. ഹൊ എന്തായാലും പൊതുവാളിന്റെ വാരഫലം അച്ചട്ടു തന്നെ. ഞാന്‍ പറഞ്ഞപ്പം നീ വിശ്വസിച്ചില്ലല്ലോ. വാരഫലത്തില്‍ പറഞ്ഞതെല്ലാമൊത്തില്ലേ. ഇപ്പോ എങ്ങിനെയുണ്ട്. ഇതിലൊതുങ്ങിയതു തന്നെ മഹാ ഭാഗ്യം".

പ്ലാസ്റ്ററിട്ടു കഴുത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന കൈ ഒന്നുകൂടി ഒതുക്കിവച്ചുകൊണ്ട് മുറിഞ്ഞുവാരിയ മറുവശം തട്ടാതെ നാരായണേട്ടന്‍ കസാലയില്‍ ഒരു വശം ചരിഞ്ഞു ചാരിക്കിടന്നു. താടിയ്ക്കു കൈകൊടുത്തുകൊണ്ട് ഇറയത്തെപ്പടിയില്‍ ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ സുശീലേച്ചിയുമിരുന്നു.


ശുഭം

ശ്രീ​ക്കുട്ടന്‍

Monday, May 24, 2010

പാരലല്‍ കോളേജിലെ പ്രണയലേഖനം

നഗരത്തിന്റെ ഹൃദയഭാഗത്തായാണ് വിശ്വപ്രഭാ പാരലല്‍ കോളേജ് എന്ന ആ മഹനീയസ്ഥാപനം നിലകൊള്ളുന്നതു. സംശയിക്കണ്ട ഫൌണ്ടറുടെ പേരു തന്നെയാണു സ്ഥാപനത്തിനും. ആളിപ്പോഴും ജീവിച്ചിരിപ്പൊണ്ട്. ആ പാരലല്‍ കോളേജിന്റെ ബഹുമാന്യനായ (?) പ്രിന്‍സിപ്പാള്‍ എന്ന പദവി വഹിക്കുന്നതു ശ്രീമാന്‍ തന്നെയാണെന്നതു സന്തോഷത്തോടെ ഞാനറിയിച്ചുകൊള്ളുന്നു. അവിടെ പഠിക്കുന്നതില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയായിരുന്നവിടെ. ആണ്‍കുട്ടികളുമായി സംസാരിക്കുന്നതിനും ഇടപഴകുന്നതിനും കര്‍ശന നിയന്ത്രണങ്ങളാണുണ്ടായിരുന്നത്. മാത്രമല്ല നല്ല റിസള്‍ട്ടും ഉണ്ടായിരുന്നു. അതുകൊണ്ട്തന്നെ രക്ഷിതാക്കള്‍ മറ്റൊരു ചോയ്സ് തപ്പാന്‍ മെനക്കെടാറില്ല. മുരളി എന്ന ചാരന്‍ (പ്യൂണ്‍)അവിടെ നടക്കുന്ന എല്ലാ ചലനങ്ങളും അപ്പോഴപ്പോള്‍ പ്രിന്‍സിയെ അറിയിച്ചുകൊണ്ടിരിക്കുമായിരുന്നു. നിയന്ത്രണങ്ങള്‍ തെറ്റിച്ചു പഞ്ചാരയാവാന്‍ ശ്രമിക്കുന്ന യുവഹൃദയങ്ങളെ യാതൊരു ദയയുമില്ലാതെ പ്രിന്‍സി എന്ന ആ കഠിനഹൃദയന്‍ ശിക്ഷിക്കുമായിരുന്നു. അവസാനമായി ലവ് ജിഹാദില്‍ പെട്ട പ്രീഡിഗ്രീ ഒന്നാം വര്‍ഷക്കാരന്‍ വിജേഷിനുണ്ടായ അനുഭവം ശിലാഹൃദയക്കാരെപ്പോലും കരയിക്കുന്നതായിരുന്നു.‍ ചുരുണ്ടമുടിക്കാരി സൈറയുമായി കണ്ണുകളിടഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ കൂട്ടുകാര്‍ ഉപദേശിച്ചതാണു പൊന്നുമോനേ വേണ്ടെന്നു. ആരു കേള്‍ക്കാന്‍. നൂറായിരം ചുംബനങ്ങളാല്‍ മൂടിയ ആ കത്ത് അവള്‍ക്കു കൊടുക്കുമ്പോള്‍ മുരളി എന്ന ഐ.എസ്.ഐ മാര്‍ക്കു ചാരനെ അവന്‍ ശ്രദ്ധിച്ചതേയില്ലായിരുന്നു. ഫലമോ എല്ലാ ക്ലാസ്സുകളിലും അവന്‍ ആ കത്ത്കൊണ്ടുപോയി ഉച്ചത്തില്‍ വായിച്ചുകേള്‍പ്പിക്കേണ്ടിവന്നു. സൈറ ആദ്യമേ തന്നെ സ്കൂട്ടായതിനാല്‍ അവള്‍ ഒഴിവാക്കപ്പെട്ടു. പാവം വിജേഷ്മോന്‍ തുടര്‍ച്ചയായ രണ്ടാഴ്ചയാണു നാണക്കേടുമൂലം ക്ലാസ്സില്‍ വരാതിരുന്നത്. അപ്പോ ഒരുവിധം പുടികിട്ടിയല്ലോ അല്ലേ. ചുരുക്കത്തില്‍ ഒരു വകുപ്പിനും സ്കോപ്പില്ലാത്ത ആ സംരംഭത്തിലേയ്ക്കാണു എസ് എസ് എല്‍സി പരീക്ഷ ആദ്യ വട്ടം കമ്പ്ലീറ്റ് എഴുതാന്‍ കഴിയാതിരുന്നതുമൂലം മനോഹരമായി തോറ്റ സതീഷിനെ അവന്റെ ക്രൂരനായ അച്ഛന്‍ വീണ്ടും എസ് എസ് എല്‍സി എഴുതിയെടുക്കുന്നതിനായി കൊണ്ടു വന്നത്.
.

വര്‍ഷം 1994-95.

കാണാന്‍ സുന്ദരനാണു സതീഷ്. തെറ്റില്ലാതെ പഠിക്കുകയും ചെയ്യുമായിരുന്നു. ആശാന്റെ ഒരേയൊരു വീക്നെസ്സ് സുന്ദരികളായ തരുണീമണികള്‍ മാത്രമാണ്. ബസ്സ്സ്റ്റോപ്പില്‍ നിന്നും മിക്കപ്പോഴും മിഴിമുനകൊണ്ട് ബല്ലേ ബല്ലേ കാട്ടുന്ന ആ തരുണിയുടെ മുമ്പില്‍ ആളാവുന്നതിനായി സൈക്കളില്‍ ഒരു ചെറിയ അഭ്യാസം കാട്ടിയതുമാത്രമേ സതീഷിനോര്‍മ്മയുണ്ടായിരുന്നുള്ളു. ബോധം വന്നപ്പോള്‍ കറങ്ങുന്ന ഫാനാണു കണ്ടത്. കാലില്‍ പ്ലാസ്റ്ററുണ്ടായിരുന്നു.ഒരേകിടപ്പ് ഒന്നരമാസം കിടന്നു. അതുകൊണ്ട് ആദ്യവര്‍ഷത്തെ എസ് എസ് എല്‍സി ഭാഗ്യത്തിനു മുഴുവനുമെഴുതേണ്ടി വന്നില്ല.

"ഇവിടെ ഒരു വെളച്ചിലും നടക്കത്തില്ല കേട്ടല്ലോ.മര്യാദക്കു പഠിച്ചില്ലെങ്കില്‍ ചന്തി ഞാന്‍ പൊളിക്കും". ഒരു ചൂരലെടുത്തുയര്‍ത്തിക്കൊണ്ട് പ്രിന്‍സിപ്പാല്‍ പറഞ്ഞതുകേട്ട് സതീഷ് മിണ്ടാതെ നിന്നു.തന്റെ മുമ്പില്‍ ഒരു കസേരമുഴുവന്‍ നിറഞ്ഞിരിക്കുന്ന ആ ദേഹത്തെ നോക്കിനിന്നപ്പോള്‍ നടന്‍ ബാലകൃഷ്ണന്റെ രൂപമാണ് സതീഷിനോര്‍മ്മ വന്നത്.

"നിങ്ങള്‍ പൊയ്ക്കോളൂ. ഞാന്‍ നോക്കിക്കൊള്ളാം. പിന്നെ എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പേ ഫീസിവിടെ കിട്ടിയിരിക്കണം".സതീഷിന്റച്ഛനോടായി പ്രിന്‍സിപ്പാള്‍ പറഞ്ഞു.

എല്ലാം തലകുലുക്കി സമ്മതിച്ചിട്ട് സതീഷിന്റച്ഛന്‍ അവനേയും കൂട്ടി പുറത്തേയ്ക്കു നടന്നു.

ക്ലാസ്സിലേക്കു മുരളിയുടെ ഒപ്പം നടക്കുമ്പോള്‍ സതീഷിന്റെ കണ്ണുകള്‍ ചുറ്റുപാടും ഓടിനടക്കുകയായിരുന്നു. സുന്ദരിമാരുടെ സംസ്ഥാനസമ്മേളനത്തിനിടയില്‍ ഏതിനെ നോക്കണമെന്നറിയാതെ അവന്റെ മിഴികള്‍ കുഴങ്ങി.

ഏതിനെയൊക്കെ നോക്കുമെന്റെ ഭഗവാനേ.എന്തായാലും തന്നെ ഇവിടെ തന്നെ ചേര്‍ത്ത അച്ഛനു മനസ്സാ അവന്‍ നന്ദി പറഞ്ഞു.

ക്ലാസ്സിലേയ്ക്കു കയറിയ സതീഷ് ശരിക്കുമൊന്നു ഞെട്ടി. ക്ലാസ്സു മുഴുവന്‍ ലേഡീസ് നിറഞ്ഞിരിക്കുന്നു. ഒരു ബെഞ്ചില്‍ മാത്രം മരുന്നിനായി എട്ടുപത്ത് തരുണമ്മാരും. നിറഞ്ഞ ഹൃദയത്തോടെ അവന്‍ ആണ്‍കുട്ടികളിരിക്കുന്ന ബെഞ്ചില്‍ ഒരറ്റത്തായിരുന്നു. ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് സാറിനെ അവന്‍ മൈന്‍ഡ് ചെയ്തതേയില്ല. ക്ലാസ്സിലാകെ ഒരു വിഹഗവീക്ഷണം നടത്തിയ അവന്‍ തൃപ്തനായി. എന്തായാലും തന്റെ ടൈം. മുമ്പിലിരിക്കുന്ന പെണ്‍കുട്ടി ഒന്നു തിരിഞ്ഞുനോക്കി ഒരു പാല്‍ചിരി ചിരിച്ചപ്പോള്‍ അവന്റെ മുഖം ഹൈവോള്‍ട്ടേജില്‍ പ്രകാശിക്കുന്ന ബള്‍ബുപോലെ തിളങ്ങി.

ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ വിചാരിച്ചതുപോലെ അത്ര നല്ല സുഖകരമായ അന്തരീക്ഷമല്ല വിശ്വപ്രഭയിലേതെന്നു സതീഷിനു മനസ്സിലായി. തന്റെ മുമ്പിലായിരിക്കുന്ന വെളുത്ത സുന്ദരി സിന്ധുവിന്റെ കയ്യില്‍ നിന്നും ഒരു പേന വാങ്ങിയതിനു ഹിസ്റ്ററി ടീച്ചര്‍ തന്നെ ശരിക്കും വഴക്കു പറഞ്ഞതും തൊട്ടടുത്ത പ്രീഡിഗ്രീ ക്ലാസ്സിലെ ചേച്ചിയെ ഒന്നു നോക്കിപ്പോയതിനു അന്നു ഉച്ചവരെ അവരുടെ മുമ്പില്‍ ഒരു പ്രദര്‍ശനവസ്തുവിനെയെന്നതുപോലെ ഒരു ബെഞ്ചിലിരുത്തിയിരുന്നതും അവനെ ഇരുത്തിചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. പലപ്പോഴും ഓഫീസ് മുറിക്കുമുമ്പില്‍ കുറ്റവാളികളെപ്പോലെ തലയും കുനിച്ചു നില്‍ക്കുന്ന യുവകാമുകമ്മാരെക്കാണുന്തോറും മറ്റൊരു പാരലല്‍ കോളേജിലേയ്ക്കു മാറിയാലോയെന്ന്‍ അവന്‍ അലോചിക്കാതിരുന്നില്ല. പക്ഷേ സിന്ധുവിന്റെ ആ പാല്‍പ്പുഞ്ചിരിയും പിന്നെ ബാക്ക് ബെഞ്ചിലിരിക്കുന്ന നിമ്മിയുടെ കണ്ണേറും അവനില്‍ പ്രതീക്ഷയുടെ തിരിനാളം തെളിയിക്കാന്‍ പര്യാപ്തമായിരുന്നു.

അങ്ങനെയിരിക്കേ ഒരു വെള്ളിയാഴ്ച ക്ലാസ്സു കട്ട് ചെയ്ത് സിനിമക്കു പോയ കുറ്റത്തിനു സതീഷിനും കൂട്ടുകാര്‍ക്കും (ഗോപാലകൃഷ്ണന്‍, വിനു പിന്നെ സുജനും) പ്രിന്‍സിപ്പാളിന്റെ കയ്യില്‍ നിന്നും ശരിക്കും കിട്ടി. മുരളിയെന്ന ചാരന്‍ നല്ല ഭംഗിയായി എല്ലാ പേരുകളും പ്രിന്‍സിക്കു കൈമാറിയിരുന്നു. കയ്യില്‍ കരുവാളിച്ചുകിടക്കുന്ന ചൂരല്‍പ്പാട് നോക്കുന്തോറും അവന് പ്രിന്‍സിയോടുള്ള ദേക്ഷ്യം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എന്തായാലും ഇതിനു പകരം വീട്ടണമെന്നു അവര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. ഉച്ചയ്ക്കുള്ള ഇന്റര്‍വെല്‍ ടൈമില്‍ പല പ്ലാനുകളും അവര്‍ ചര്‍ച്ച ചെയ്തെങ്കിലും ഒടുവില്‍ ഗോപാലകൃഷ്ണന്റെ ഐഡിയ അംഗീകരിക്കപ്പെട്ടു. പ്രിന്‍സിക്ക് ഒരു മുട്ടന്‍ തെറിക്കത്തയക്കുക. അത് വായിച്ച് പ്രിന്‍സിപ്പാള്‍ നാറണം. മുരളിയുടെ കാര്യം പിന്നെ നോക്കാം. തിങ്കളാഴ്ചതന്നെ സംഗതി പോസ്റ്റ് ചെയ്യുവാന്‍ അവര്‍ ഉറപ്പിച്ചു. കത്ത് തയ്യാറാക്കുവാന്‍ വിനുവിനെ ചുമതലപ്പെടുത്തി. നല്ല കട്ടതെറികള്‍ക്ക് ഹോല്‍സെയില്‍ ഡീലറാണാശാന്‍. മാത്രമല്ല നിരവധി സ്റ്റൈലില്‍ എഴുതുകയും ചെയ്യും.ഒരു കാരണവശാലും കയ്യക്ഷരം നോക്കി ആളെ പിടിക്കില്ല.

ഉച്ചക്കുശേഷമുള്ള ഹിസ്റ്ററി ക്ലാസ്സില്‍ മയങ്ങി മയങ്ങിയിരിക്കുമ്പോള്‍ എപ്പോഴോ ആണ് അവനതു ശ്രദ്ധിച്ചത്. തന്നെ തന്നെ നോക്കിയിരിക്കുന്ന നിമ്മി. പെട്ടന്നു തന്നെ അവന്റെ ഉറക്കമെല്ലാം പമ്പകടന്നു. കണ്ണുകള്‍ തമ്മില്‍ തമ്മില്‍ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സാറവിടെ തകര്‍ത്തു ക്ലാസ്സെടുക്കുകയായിരുന്നു. തന്നെ ഇടക്കിടയ്ക്കു നോക്കി ചിരിക്കുകയും നോട്ട്ബുക്കില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിമ്മിയില്‍ മാത്രമായിരുന്നു സതീഷിന്റെ ശ്രദ്ധ. അതുകൊണ്ട് തന്നെ പ്രസന്നന്‍ സാറിന്റെ ചോദ്യം അവന്‍ കേട്ടതേയില്ല. ഫലമോ വീണ്ടും ചൂരല്‍ക്കഷായം.കടുത്ത വേദന തോന്നിയെങ്കിലും അവന്‍ ഇതെല്ലാം തനിക്കു പുല്ലാണെന്ന മട്ടില്‍ നിമ്മിയെ നോക്കി മറ്റാരും കാണാതെ ഒരു ചിരി ചിരിച്ചു. വൈകിട്ട് ക്ലാസ്സ് കഴിഞ്ഞു പോകാന്‍ നേരം നിമ്മി രഹസ്യമായി ചുരുട്ടികൂട്ടിയ ഒരു കടലാസുകഷണം അവനു നല്‍കി. വീട്ടിലെത്തിയപാടേ പുസ്തകമെല്ലാം ഒരു മൂലയ്ക്കു വലിച്ചെറിഞ്ഞിട്ട് മിടിക്കുന്ന ഹൃദയത്തോടെ അവന്‍ പോക്കറ്റില്‍ നിന്നും ആ കടലാസെടുത്ത് നിവര്‍ത്തി വായിച്ചു.

"എന്റെ ഹൃദയം എപ്പോഴും മന്ത്രിക്കുന്നതു നിന്റെ പേരാണു"

തനിക്കാദ്യമായി ഒരു പെണ്‍കുട്ടി നല്‍കിയ പ്രണയലേഖനം. നൂറാവര്‍ത്തി അവന്‍ ആ വരികള്‍ വായിച്ചു. അപ്പോള്‍ തന്നെ നിമ്മിയെക്കാണണമെന്ന്‍ അവനു കലശലായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ചയാവാന്‍ അവന്‍ കാത്തിരുന്നു.ഉറക്കം വരാത്ത രാത്രിയില്‍ അവന്‍ അവള്‍ക്കായി അതിമനോഹരമായ ഒരു മറുപടി തയ്യാറാക്കി. നൂറാവര്‍ത്തി വായിച്ചും എഡിറ്റു ചെയ്തും മനോഹരമാക്കിയ ആ കത്ത് അവന്‍ തന്റെ നോട്ടുബുക്കിനുള്ളില്‍ ഭദ്രമായി വച്ചു. തിങ്കളാഴ്ച തന്നെ അതവള്‍ക്കു കൊടുക്കണം.

തിങ്കളാഴ്ച അവന്‍ നിറഞ്ഞ മനസ്സോടെയാണ് ക്ലാസ്സിലെത്തിയത്. തന്റെ കൂട്ടുകാരോടെല്ലാം അക്കാര്യം പറയാനവന്റെ മനസ്സു വെമ്പി. മലയാളം ക്ലാസ്സിലിരിക്കുമ്പോള്‍ അവന്റെ മനസ്സു പിടയ്ക്കുകയായിരുന്നു. ഏറുകണ്ണിട്ടവന്‍ നിമ്മിയെ നോക്കി. കത്തെടുത്ത് മറ്റാരും കാണാതെ അവളെ കാട്ടി. അവളുടെ മുഖത്ത് ചെറിയ നാണമുണ്ടോ. സൌകര്യം കിട്ടുമ്പോള്‍ അവള്‍ക്കു നല്‍കണം.

"അളിയാ ദാ സാധനം. ഇതു മതിയോ എന്നു നോക്കിയേ"

ഉച്ചയ്ക്കു ഉണ്ണാനിരിക്കുമ്പോള്‍ ഒരു മടക്കിയ പേപ്പര്‍ മറ്റാരും കാണാതെ എടുത്തുനീട്ടിക്കൊണ്ട് വിനു പറഞ്ഞു. തുറന്ന്‍ അതു വായിച്ച സതീഷിനെ തന്റെ കണ്ണു പൊടിഞ്ഞുപോകുന്നതുപോലെ തോന്നി. അവന്‍ അവിശ്വസനീയതയോടെ വിനുവിനെ നോക്കി. ആശാന്‍ ഒന്നും സംഭവിക്കാത്തതുപോലെയിരിക്കുവാണു. ആ കത്തുവായിച്ച മറ്റു കൂട്ടുകാരും ഒരേസ്വരത്തില്‍ പറഞ്ഞു.

"ഒത്തിരി കടുത്തുപോയളിയാ. ഇതു വായിച്ചാ പിന്നെ അയാള് കുറച്ചുനാളത്തേയ്ക്കു അടങ്ങിയിരുന്നുകൊള്ളും".

"ദേ ഇതുകൂടി അതിനകത്തു വച്ചയച്ചോ. ഒരു ഭംഗിക്കായിട്ടാ". ഏതോ മസാലമാസികയിലെ ഒരു ഭീകരപെണ്‍രൂപത്തിന്റെ നഗ്നചിത്രമായിരുന്നത്.

ആ ചിത്രം കത്തിനുള്ളില്‍ വച്ച് ഭദ്രമായിട്ടത് സതീഷ് തന്റെ നോട്ട് ബുക്കിനുള്ളില്‍ വച്ചു. വൈകുന്നേരം പോസ്റ്റാഫീസില്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്യണം.

അവസാനപിരീഡ് മലയാളമായിരുന്നു. എല്ലാപെരും "തുമ്പി" എന്നു ബഹുമാനപുരസ്സരം വിളിക്കുന്ന സദാശിവന്‍ സാര്‍ മേഘസന്ദേശം കാവ്യത്തെ വര്‍ണ്ണിച്ചുകൊണ്ട് തകര്‍ത്തുക്ലാസ്സെടുക്കുന്നു. ഒരു കൊല്ലമായി ആ ക്ലാസ്സിലിരിക്കുന്നതുപോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ബാക്കിയുള്ളവര്‍ കേട്ടിരിക്കുന്നു. സതീഷ് നിമ്മിയെനോക്കിക്കൊണ്ട് മറ്റാരും ശ്രദ്ധിക്കുന്നില്ലായെന്നുറപ്പു വരുത്തിയിട്ട് മെല്ലെ നോട്ട്ബുക്ക് തുറന്ന്‍ അവള്‍ക്കായി ഉറക്കമിളച്ച് തയ്യാറാക്കിയ പ്രണയലേഖനമെടുത്ത് ചുരുട്ടി അവളുടെ നേര്‍ക്കിട്ടുകൊടുത്തു. സതീഷിന്റെ നല്ല സമയമായിരുന്നതുകൊണ്ട് കൃത്യം ആ പേപ്പര്‍ നിമ്മിയുടെ തൊട്ടടുത്തിരുന്ന ബീനയുടെ മടിയിലാണു വീണതു. അവള്‍ അതെടുത്ത് നിവര്‍ത്തിനോക്കിയിട്ട് വായിക്കുന്നതും ആ മുഖം തേനീച്ച കുത്തിയതുപോലെ ഇരുളുന്നതും കണ്ട സതീഷിന്റെ പാതി ഉയിര്‍ പോയി. തന്നെ തന്നെ തറപ്പിച്ചു നോക്കിയ അവളുടെ നോട്ടം നേരിടാനാവാതെ സതീഷ് തലകുനിച്ചു.

പിന്നെ സംഭവിച്ചതെല്ലാം വിധിയുടെ വിളയാട്ടം മാത്രമായിരുന്നു.

നിമ്മിക്കെന്നും പറഞ്ഞ് ഇട്ടുകൊടുത്ത് കത്ത് സത്യത്തില്‍ പ്രിന്‍സിപ്പാളിനയക്കാന്‍ വേണ്ടിയെഴുതിയ പ്രണയലേഖനമായിപ്പോയതും ബീന കരഞ്ഞുംകൊണ്ട് ആ കത്ത് തുമ്പിയെ ഏല്‍പ്പിച്ചതും ആ കത്തു വായിച്ച് തുമ്പി കുറച്ചുനേരം അസ്ത്രപ്രജ്ഞനായി നിന്നതും പിന്നെ പ്രിന്‍സിപ്പാളിന്റെ മുമ്പില്‍ ഒരു കൊടിയ കുറ്റവാളിയെപ്പോലെ നിന്നതും തന്നെ അവിടെ നിന്നും പുറത്താക്കിയതും വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ തന്റെ ചന്തിയിലെ തോലുമുഴുവന്‍ പൊളിച്ചതും പിന്നെ കുറച്ചുദിവസത്തേയ്ക്കു മുറിവിട്ടു പുറത്തേയ്ക്കിറങ്ങാതിരുന്നതുമെല്ലാം അതിന്റെ ബാക്കി പത്രം മാത്രമായിരുന്നു.

Saturday, May 22, 2010

ആപത്ബാന്ധവന്‍

ആപത്ബാന്ധവന്‍ - ഒരു ക്ലീഷേ കഥ

"ഭഗവാനേ ഒരാപത്തും വരുത്താതെ കാത്തുകൊള്ളേണെ"

മായ കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു. നാലമ്പലത്തിനുചുറ്റും തൊഴുതുവലംവച്ചു ഒരിക്കള്‍ക്കൂടി ഭഗവാനെ നോക്കിത്തൊഴുതശേഷം അവള്‍ പുറത്തേയ്ക്കിറങ്ങി. പ്രഭ അവളെക്കാത്തു ആല്‍ത്തറയ്ക്കുമുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

"എന്താ മായേ ഇന്നും നീ ശരിക്കും പ്രാര്‍ത്ഥിച്ച മട്ടുണ്ടല്ലോ. പുള്ളിക്കാരനു ഒരു സ്വൈര്യവും കൊടുക്കില്ലല്ലേ.അല്ലേല്‍ത്തന്നെ ഇഷ്ടനു പിടിപ്പതു പണിയാ. നീ ഇങ്ങിനെ ദെവസോം ശല്യപ്പെടുത്തിയാല്‍...

"ദേ പ്രഭേ വേണ്ടാട്ടോ ഭഗവാനെക്കുറിച്ചു കളിയാക്കിയൊന്നും പറയണ്ട. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നതാ ഭഗവാന്‍".

"ഹൊ സമ്മതിച്ചു മോളെ.ആട്ടെ എന്തായിരുന്നു ഇന്നത്തെ പ്രാര്‍ത്ഥന. വിഷ്ണുവിനുവേണ്ടിതന്നെയായിരുന്നോ?".

"ഞാന്‍ പിന്നെ മറ്റാര്‍ക്കുവേണ്ടിയാ പ്രഭേ പ്രാര്‍ത്ഥിക്കുക".

നിറഞ്ഞ മിഴികള്‍ ദാവണിതുമ്പുയര്‍ത്തി തുടച്ചുകൊണ്ട് മായ നടന്നു.

"എന്റെ മായേ നീ ഒരു പൊട്ടിയാ. വിഷ്ണു നിന്റെ മുറച്ചെറുക്കനാണു. സമ്മതിച്ചു പക്ഷേ അവന്റെ പോക്കൊട്ടും ശരിയല്ല. എപ്പളും കള്ളുകുടീം തല്ലും മറ്റുമൊക്കെയായി നടക്കുന്ന അവനുവേണ്ടിയിങ്ങനെ പ്രാര്‍ത്ഥിക്കാനും കാത്തിരിക്കാനും നടക്കുന്ന നിന്നെ ഞാനെന്താ വിളിക്കുക. മാത്രമല്ല പട്ടണത്തിലെ ചില തല്ലിപ്പൊളി കൂട്ടരുമായാ അവന്റെ ഇപ്പോഴത്തെ സഹവാസം എന്നാ കേള്‍ക്കുന്നേ. നീ അവനെ മറക്കുന്നതായിരിക്കും നല്ലതു. അല്ലെങ്കില്‍ നീ ഒരുപാടു സങ്കടപ്പെടുന്നതു ഞാന്‍ കാണേണ്ടിവരും. .".
"ഇല്ല പ്രഭേ എനിക്കുറപ്പൊണ്ട്. എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കും. നീ നോക്കിക്കോ എന്റെ വിഷ്ണു നല്ല ആളാവും. ഇപ്പോള്‍ സമയദോഷമായതുകൊണ്ടാ അവനിങ്ങനെ.".

ഇങ്ങിനെയൊരു പാവം. മനസ്സിലോര്‍ത്തുകൊണ്ട് പ്രഭ മായയ്ക്കൊപ്പം നടന്നു.
...............................................................................

"ഇനി നിനക്കു ഒരവസരവുംകൂടി തരത്തില്ല. നീ ഞങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നല്ലേ. എത്ര കാശാണു എണ്ണിമേടിച്ചതെന്നു വല്ല ഓര്‍മ്മയുമുണ്ടോ നായേ".

പറഞ്ഞുതീര്‍ന്നതും സണ്ണി കാലുയര്‍ത്തി ഒരു തൊഴിയായിരുന്നു. വേദനയെടുത്തു പുളഞ്ഞ വിഷ്ണു അടിവയര്‍ പൊത്തിപ്പിടിച്ചുകൊണ്ട് തറയില്‍ കുത്തിയിരുന്നു.

"ഈ സണ്ണിയെ പറ്റിക്കാമെന്നു കരുതിയോടാ. ഞാന്‍ കാശു തന്നിട്ടൊണ്ടെങ്കില്‍ അതു മുതലാക്കാനുമെനിക്കറിയാം".

വിഷ്ണുവിന്റെ തലമുടിയില്‍ കുത്തിപ്പിടിച്ചുകൊണ്ട് സണ്ണി അവന്റെ മുഖം തന്റെനേരെയുയര്‍ത്തി.

"എന്റെ പൊന്നു സണ്ണിച്ചാ എന്നെ ഇനി ഒന്നും ചെയ്യരുതു. സ്വപ്നയുടെ അച്ഛന്‍ വളരെകൂടുതലായി ഹോസ്പിറ്റലിലായതുകൊണ്ടാണ് അവളെ കൊണ്ടുവരാന്‍ പറ്റാതിരുന്നതു. മറ്റന്നാള്‍ ഞാന്‍ എങ്ങിനെയെങ്കിലും അവളെകൊണ്ടുവന്നിരിക്കും.അല്ലെങ്കില്‍ മറ്റാരെയെങ്കിലും"

തൊഴുകൈകളോടെ അവന്‍ സണ്ണിക്കു മുമ്പില്‍ നിന്നു.

"എന്റെ സണ്ണിച്ചാ ഇവനെ വെറുതേ വിടരുതു. കള്ള നായീന്റമോന്‍ എത്ര ദെവസമായി നമ്മളെ പറഞ്ഞുപറ്റിക്കുന്നു. കാശു മേടിക്കാന്‍ സമയത്ത് എന്തൊരുത്സാഹമായിരുന്നു. ഇപ്പം പറയുന്നതു കേട്ടില്ലേ".

കൈ വീശിക്കൊണ്ട് മഹേഷ് വിഷ്ണുവിനടുത്തേയ്ക്കു വന്നു.

"വേണ്ടെടാ മഹീ. നമുക്കവനു ഒരു ചാന്‍സുകൂടിക്കൊടുക്കാം. ഒന്നുമില്ലേലും മുമ്പു പലപ്പോഴും അവന്‍ നമ്മളുടെ വിശപ്പു തീര്‍ത്തവനല്ലേ".

സണ്ണി ഒരു സിഗററ്റെടുത്തു കത്തിച്ചു.

"ശരി നീ ഇപ്പോള്‍ പൊയ്ക്കോ. നിന്റെ മുമ്പില്‍ രണ്ടു ദിവസമുണ്ട്. പിന്നെ നമ്മളെ പറ്റിച്ചിട്ട് മുങ്ങിക്കളയാമെന്നെങ്ങാനും കരുതിയാല്‍ നിനക്കു ശരിക്കറിയാമല്ലോ ഞങ്ങളെ".

ഒരു താക്കീതിന്റെ സ്വരത്തില്‍ മഹി അവനെ ഓര്‍മ്മിപ്പിച്ചു.

"സണ്ണീ ഇവന്‍ വീണ്ടും നമ്മളെ പറ്റിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ ഞാനിവനെ തീര്‍ത്തിരിക്കും".

വേച്ചുവേച്ചു നടക്കുമ്പോള്‍ മഹിയുടെ ശബ്ദം വിഷ്ണുവിന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

.................................................................................

"എന്താ വിഷ്ണുവേട്ടാ ഒരു വല്ലായ്കപോലെ"

നെറ്റിയില്‍ കൈവച്ചുകൊണ്ട് മായ അവനോടു ചോദിച്ചു.

"നാശം പിടിക്കാന്‍.മനുഷ്യനിവിടെ ഭ്രാന്തു പിടിച്ചിരിക്കുമ്പോഴാണ് അവടെയൊരു കിന്നാരം".

അവളുടെ കൈതട്ടിയെറിഞ്ഞുകൊണ്ട് അവന്‍ ആക്രോശിച്ചു.

"എന്താ വിഷ്ണുവേട്ടാ. എന്നെ ഒട്ടുമിഷ്ടമില്ലല്ലേ. ഞാന്‍ ഒരു ശല്യമായിതോന്നുന്നുണ്ടോ. എന്തു പ്രശ്നമുണ്ടെങ്കിലും എന്നോട് പറഞ്ഞുകൂടെ".

നനഞ്ഞ മിഴികളോടെ അവള്‍ അവനെ നോക്കി. അവളെത്തന്നെ സൂക്ഷിച്ചുനോക്കിയപ്പോള്‍ അവന്റെ മനസ്സില്‍ പെട്ടന്നൊരു വെളിച്ചം വീണു.

"ഞാനൊരു കാര്യം പറഞ്ഞാല്‍ മായക്കുട്ടി കേള്‍ക്കുമോ?"

ഒരു നിമിഷം മായ തരിച്ചുനിന്നു. എത്ര നാളുകള്‍ക്കുശേഷമാണു വിഷ്ണു തന്നെ അങ്ങനെ വിളിക്കുന്നതു. .

"എന്റെ വിഷ്ണുവേട്ടന്‍ പറയുന്നതെന്തും ഞാന്‍ അനുസരിക്കും".

ഒരു മോഹവലയത്തിലകപ്പെട്ടതുപോലെ മായ പറഞ്ഞു.

"എന്നാല്‍ നാളെ നമുക്കു രണ്ടുപേര്‍ക്കും കൂടി ഒരു സ്ഥലം വരെപോകണം.തല്‍ക്കാലം മറ്റാരുമറിയണ്ട. രാവിലെപോയാല്‍ ഉച്ചക്കുള്ളില്‍ മടങ്ങി വരാം.ഇനിയെനിക്കു ഒരു നല്ല ആളായി എന്റെ മായക്കുട്ടിയോടൊപ്പം കഴിയണം"

അവളെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"നമ്മളെവിടേയ്ക്കാ പോകുന്നത്".
0
"നീ ആ രസം കളഞ്ഞു. ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തല്‍ക്കാലം ഒരു രജിസ്റ്റര്‍ മാര്യേജ് നടത്താം. അപ്പോള്‍ പിന്നെ എനിക്കും ധൈര്യമായിരിക്കാമല്ലോ. നിന്നെ പിന്നെയെന്റെയമ്മാവന്‍ മറ്റാര്‍ക്കെങ്കിലും കെട്ടിച്ചുകൊടുക്കത്തില്ലല്ലോ"

"സത്യമാണോ ഇപ്പറയുന്നത്". വിശ്വാസം വരാത്തതുപോലെ അവള്‍ അവനെ മിഴിച്ചു നോക്കി. നാണം കൊണ്ടവളുടെ മുഖം കുതിര്‍ന്നിരുന്നു. അസ്തമയ സൂര്യനെ വെല്ലുന്ന ചുവപ്പുണ്ടായിരുന്നപ്പോള്‍ അവളുടെ മുഖത്ത്.
അവന്‍ ഒന്നും പറയാതെ അവളെ തന്നോടു കൂടുതല്‍ ചേര്‍ത്തുപിടിച്ചു ആ കവിളിലമര്‍ത്തിയൊരുമ്മ വച്ചു,തന്റെ ഇഷ്ടദേവനെ മനസ്സാ നമിച്ചുകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവള്‍ ആ കരവലയത്തിലൊതുങ്ങി നിന്നു.

............................................................................

"എന്താ മായേ നിന്റെ മുഖത്തിത്രയ്ക്കു സന്തോഷം".

വൈകുന്നേരം അമ്പലത്തിലേയ്ക്കു നടക്കുമ്പോള്‍ പ്രഭ അവളോടു ചോദിച്ചു.

"നീ എന്താ എന്നോടു പറഞ്ഞതു. എന്റെ വിഷ്ണു മാറില്ലന്നല്ലേ. മാറി പ്രഭേ മാറി. ഞാനാഗ്രഹിച്ചിരുന്ന എന്റെ വിഷ്ണുവിനെ ദൈവമെനിക്കിപ്പോള്‍ തന്നു. ഞാന്‍ സന്തോഷിക്കണ്ടേ അപ്പോള്‍".

ചിരിച്ചുകൊണ്ട് മായ മറുപടി നല്‍കി.

ഒന്നും മനസ്സിലാവാതെ പ്രഭ അവളെത്തന്നെനോക്കി.

"നീ ആരോടും പറയരുതു. ഞാന്‍ നാളെ വൈകുന്നേരം നിന്നോടെല്ലാം പറയാം. അതുവരെ ഒരു സസ്പെന്‍സ്".

പടിയില്‍ തൊട്ടുതൊഴുതുകൊണ്ടവള്‍ അമ്പലത്തിനുള്ളിലേയ്ക്കു കയറി.കൂടെ പ്രഭയും. രണ്ടുപേരും ശ്രീകോവിലിനുള്ളിലേയ്ക്കു നോക്കി ഭക്തിപൂര്‍വ്വം കണ്ണുകളടച്ചു നിന്നു.

ഈ സമയം വിഷ്ണു തന്റെ മൊബൈലെടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്യുകയായിരുന്നു

...................................................................................

"എന്തിനാ വിഷ്ണു നമ്മളിവിടെ വന്നതു. ഇതാരുടെ വീടാ?".

കൈയിലിരുന്ന പുസ്തകങ്ങള്‍ ടീപ്പോയില്‍ വച്ചുകൊണ്ട് മായ അവനോടു ചോദിച്ചു.

"ഇതെന്റെ കൂട്ടുകാരന്റെയാണു മോളേ. നമ്മുടെയൊരു കഷ്ടകാലം നോക്കണേ. ഇന്നു രജിസ്റ്റാര്‍‍ ഉച്ചക്കുശേഷമേ വരത്തൊള്ളൂ. ഇനിയിപ്പോല്‍ എന്തു ചെയ്യാനാ. എന്തായാലും ഇന്നു രജിസ്റ്റര്‍ ചെയ്തിട്ടേ നമ്മള്‍ പോകുന്നുള്ളു. നീ വേണമെങ്കില്‍ ആ റൂമില്‍ പോയി ഒന്നു ഫ്രെഷായിക്കോ. ബാത് റൂമുണ്ട്".

ഫാനിന്റെ സ്പീഡ് കൂട്ടിക്കൊണ്ട് വിഷ്ണു പറഞ്ഞു.

ഒരു നിമിഷം സംശയിച്ചുനിന്നിട്ട് മായ ആ മുറിയിലേയ്ക്കു കയറി വാതില്‍ചാരിയശേഷം ബാത്റൂമിനുള്ളില്‍ കയറി വാതിലടച്ചു. മുഖം കഴുകിയിട്ട് തലമുടി മാടിയൊതുക്കി ബാത്റൂമില്‍നിന്ന്‍ പുറത്തിറങ്ങിവള്‍ അടഞ്ഞ മുറിക്കുള്ളില്‍ തന്നെയും കാത്തെന്നവണ്ണം നിന്നിരുന്ന അപരിചിതമുഖം കണ്ടമ്പരന്നു. തന്റെ നേരെ നടന്നടുക്കുന്ന ആ രൂപത്തിനുമുമ്പില്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടവളെപ്പോലെ അവള്‍ പകച്ചു നിന്നു.

മഹി നല്‍കിയ നോട്ടുകെട്ടെടുത്ത് പാന്റിന്റെ പോക്കറ്റില്‍ താഴ്ത്തിയിട്ട് ഗ്ലാസ്സിലുണ്ടായിരുന്ന മദ്യം വിഷ്ണു തന്റെ ചുണ്ടോടു ചേര്‍ത്തു. മുറിയില്‍ മുഴങ്ങിക്കൊണ്ടിരുന്ന വെസ്റ്റേര്‍ണ്‍ മ്യൂസിക്കിന്റെ ഭ്രാന്തതാളത്തില്‍ മറ്റൊരു ശബ്ദവും കേള്‍ക്കാനുണ്ടായിരുന്നില്ല. മായയുടെ ദയനീയമായ നിലവിളിപോലും.

ആപത്ബാന്ധവനായ ദൈവമപ്പോള്‍ പൂജാരി പൂജാരി ബന്ധിച്ചിട്ടുപോയ ശ്രീകോവിലിനുള്ളില്‍ എപ്പോഴാണീ വാതിലുകള്‍ തുറക്കപ്പെടുന്നതെന്നോര്‍ത്തു നിസ്സഹായനായിരിക്കുന്നുണ്ടായിരുന്നു.

ശ്രീ...

Tuesday, May 18, 2010

ശിക്ഷാവിധി

ഒരൊഴിഞ്ഞ കോണിലായി അയാള്‍ തന്റെ ഇരിപ്പിടം കണ്ടെത്തി. അരണ്ടവെളിച്ചത്തില്‍ അയാള്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. പരിചയക്കാരാരെങ്കിലുമുണ്ടോ. പരിചയമുള്ള മുഖങ്ങളൊന്നുമയാള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒറ്റയ്ക്കിരുന്നു കഴിക്കുന്നതാണു നല്ലത്. ഇഷ്ടാനുസരണം കുടിക്കാമല്ലോ.ബെയറര്‍ കൊണ്ടുവച്ച മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി. എന്തോ ഒരു പേര്. അല്ലേലും പേരിലെന്തിരിക്കുന്നു. നല്ല തലക്കുപിടിക്കുന്ന സാധനമായിരിക്കണം അത്ര തന്നെ.

"ഇതു മുഴുവനുമടിച്ചാല്‍ ഞാന്‍ ബോധം കെടുമോ" ഗ്ലാസ്സും സോഡയുമായി വന്ന ബെയററോടായി അയാള്‍ ചോദിച്ചു.

"എനിക്കറിയില്ല സാറേ". ഒരു ചെറിയ ചിരിയോടെ ബെയറര്‍ അയാളെ നോക്കി പറഞ്ഞു.

"പക്ഷേ എനിക്കറിയാം ഞാന്‍ ഒറപ്പായിട്ടും ബോധം കെടുമെന്നു. നീ എനിക്കൊരു ഉപകാരം ചെയ്യണം. അഥവാ ഞാനിവിടെ വീണുപോയാല്‍ നീ എങ്ങിനെയെങ്കിലും എന്നെ എന്റെ വീട്ടിലെത്തിക്കണം. അതിനായിതാ ഇതു കയ്യില്‍ വച്ചോ" ഒരഞ്ഞൂറുരൂപാ നോട്ടെടുത്ത് അയാള്‍ ബെയറര്‍ക്കു നീട്ടി.

"സാര്‍ എനിക്കിവിടുന്ന്‍ വരാനൊന്നും പറ്റില്ല. സാറിന് ആവശ്യത്തിനു കുടിച്ചാപ്പോരെ. ബാക്കിയൊണ്ടെങ്കി വീട്ടിക്കൊണ്ട് പോകാമല്ലോ".

"എന്റെ ആവശ്യം അതു നിനക്കറിയില്ല. ഞാനിന്നു കുടിയ്ക്കും മതിവരെകുടിയ്ക്കും. ഇന്ന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണു. അതുകൊണ്ട് തന്നെ ലിമിറ്റ് വയ്ക്കാനൊന്നും പറ്റില്ല. നീ ഒരു കാര്യം ചെയ്യ് ഞാന്‍ ഓവറായിപ്പോയാല്‍ എന്നെ ഒരു വണ്ടിവിളിച്ചു കേറ്റി വിട്ടുതന്നാല്‍ മതി. അതു പറ്റുമോ"

"അത്..അത് പിന്നെ..ശരി സാര്‍ അങ്ങിനെ ചെയ്യാം". നീട്ടിപ്പിടിച്ചിരുന്ന ആ നോട്ട് മേടിച്ചു പോക്കറ്റില്‍ താഴ്ത്തിക്കൊണ്ട് ബെയറര്‍ പറഞ്ഞു.

"നീ ആളു മിടുക്കനാണ്. അതൊക്കെ പോട്ടെ ആദ്യമായി കുടിക്കുന്ന ഒരാള്‍ ഇത്ര ഒഴിച്ചാല്‍ മതിയോ" ഒരു ഗ്ലാസ്സില്‍ മുക്കാല്‍ഭാഗത്തോളം മദ്യമൊഴിച്ചശേഷം അയാളതുയര്‍ത്തി ബെയററോടു ചോദിച്ചു.

"അയ്യോ സാറാദ്യമായി കഴിക്കുവാണോ. ഇത്രയും ഒഴിക്കരുതു. ഇങ്ങനെയൊഴിച്ചുകുടിച്ചാ പെട്ടന്നുതന്നെ പോകേണ്ടിവരും".

"പോട്ടെടോ പോട്ട്. ആര്‍ക്കുവേണം.എന്നെ ആര്‍ക്കും വേണ്ട. നിനക്കുകൂടി ഒന്നൊഴിക്കട്ടെ. എനിക്കൊരു കമ്പനിയാവുമല്ലോ".ഒരു ഗ്ലാസ്സെടുത്തുകൊണ്ടയാള്‍ ബെയററോടു ചോദിച്ചു.

"വേണ്ട സാര്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്നും വാങ്ങിക്കഴിക്കാന്‍ പാടില്ലെന്നാ. കഴിച്ചെന്നെങ്ങാനുമറിഞ്ഞാല്‍ എന്റെ ജോലി തെറിക്കും. വീടു പട്ടിണിയായിപ്പോവും സാറേ. മറ്റൊന്നും വിചാരിക്കരുതു".

"ശരി വേണ്ടെങ്കി വേണ്ട. ഇതും ഞാന്‍ തന്നെ കുടിക്കാം" ആദ്യമൊഴിച്ചുവച്ച മദ്യമെടുത്ത് അയാള്‍ ഒറ്റവലിക്കകത്താക്കി. ആ മുഖം ചുളിയുന്നതും കണ്ണുകളടയുന്നതും ബെയറര്‍ കാണുന്നുണ്ടായിരുന്നു.

"ഹൊ എന്റച്ഛനെ ഞാന്‍ സമ്മതിച്ചുകൊടുത്തിരിക്കുന്നു. എത്രയേറെ കഷ്ടപ്പെട്ടാണ് ഈ സാധനം കുടിച്ചിരുന്നതെന്നു എനിക്കിപ്പോ മനസ്സിലായി".ചിറി തുടച്ചുകൊണ്ടയാള്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.

"സാറേ ഇനിയെന്തെങ്കിലും വേണമെങ്കി വിളിച്ചാ മതി. ഞാന്‍ പോകുന്നു".

"ഹാ നീയെവിടെ പോകുന്നു. ഞാനെന്തിനാ ഇന്നാദ്യമായിട്ട് കുടിച്ചതെന്നു നിനക്കറിയണ്ടേ".

'വേണ്ട സാറേ. എനിക്കൊരുപാടു പണിയൊണ്ട്. പിന്നീടൊരിക്കള്‍ കേള്‍ക്കാം.

"പോരാ നീ അറിയണം ഇന്നു തന്നെയറിയണം ഞാന്‍ പറയാം" പോകാന്‍ തുടങ്ങിയ ബെയററെ തടഞ്ഞിട്ട് രണ്ടാമത്തെ ഗ്ലാസും കാലിയാക്കി അയാള്‍ കയ്യിലിരുന്ന സിഗററ്റ് ആഞ്ഞൊന്നു വലിച്ചു.

"നിനക്കറിയുമോ .ഇന്നലെ വരെ എനിക്കെല്ലാരുമുണ്ടായിരുന്നു. പക്ഷേ ഇന്നൊ ഒറ്റക്കൊരു ഏകാന്തപഥികന്‍ അതെ ഇന്നു ഞാന്‍ ഒറ്റയ്ക്കാണു.യാതൊരു വിധ കെട്ടുപാടുകളുമില്ല. അല്ല ഒരു കണക്കിനതാണു നല്ലത്". വീണ്ടുമൊഴിച്ചുവച്ച ഗ്ലാസ്സയാള് ചുണ്ടോടു ചേര്‍ത്തു.

'ഹൊ ഇതൊരു തലവേദനയായല്ലോ". പിറുപിറുത്തുകൊണ്ട് ബെയറര്‍ തലചൊറിഞ്ഞു നിന്നു.

"എന്റെ ഭാര്യ അവളെനിക്കെല്ലാമായിരുന്നു. അവളെ സങ്കടപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അവള്‍ക്കുവേണ്ടി അമ്മയെപ്പോലും ഞാന്‍ വെറുപ്പിച്ചു. അവര്‍ പിണങ്ങി പെങ്ങളുടെ വീട്ടിപ്പോയപ്പോള്‍ എനിക്കു വേണമെങ്കില്‍ തടയാമായിരുന്നു. പക്ഷേ ഞാനതു ചെയ്തില്ല. അവള്‍ക്കു വേണ്ടി എന്റമ്മയെ ഞാന്‍ ഇറക്കിവിട്ടു എന്നു പറയുന്നതായിരിക്കും ശരി. അത്രക്കു ഞാനവളെ സ്നേഹിച്ചിരുന്നു.വിശ്വസിച്ചിരുന്നു. എന്നിട്ടോ. ഹ..ഹാ..ഹ " ഒരു വിഡ്ഡിയെപ്പോലെ ഉച്ചത്തില്‍ ചിരിക്കുന്ന അയാളെ ബെയറര്‍ മിഴിച്ചുനോക്കി.

പാതിയോളം തീര്‍ന്ന കുപ്പി ഉയര്‍ത്തിനോക്കിയിട്ടയാള്‍ ഒരിക്കള്‍ കൂടി ഗ്ലാസ്സ് നിറച്ചു.

ഒന്നും മനസ്സിലാവാതെ മിഴിച്ചുനില്‍ക്കുന്ന ബെയററോടായയാള്‍ തുടര്‍ന്നു

"ഈ ലോകത്ത് ഒരിക്കലും വിശ്വസിക്കാനാവാത്തത് ആരെയാണെന്നു നിനക്കറിയാമോ. പക്ഷേ എനിക്കറിയാം. ഞാനതറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു എന്നു മാത്രം. അപ്പോള്‍ പിന്നെയെന്തുചെയ്യും. നീ പറ .നിനക്കൊരു ഭാര്യയുണ്ടോ. ഉണ്ടെങ്കില്‍ അവളെ സ്നേഹിക്കരുത്. നമ്മുടെ കണ്ണില്‍ നോക്കിയിരുന്നുകൊണ്ട് ഇരുട്ടിന്റെ പുകമറ സൃഷ്ടിക്കാനവര്‍ക്കു കഴിയും.വിഡ്ഡികളായ നമ്മള്‍..ഹ ഹ ഹ്ഹ എന്തറിയുന്നു. "

"എന്റെ പൊന്നു സാറെ എനിക്കവിടെ ഒരുപാട് പണിയൊണ്ട്.സാര്‍ വീട്ടിപ്പോവാന്‍ നോക്ക്" അയാളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുവാന്നെന്നപോലെ ബെയറര്‍ മുമ്പോട്ടു നടന്നു.

"നീ ഇതുകൂടി മാത്രം കേട്ടിട്ടു പൊയ്ക്കോ". അവന്റെ കയ്യില്‍പിടിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.

"ഒരാളെ കൊല്ലാനുള്ള എളുപ്പവഴിയെന്താണ്. തൂക്കിക്കൊല്ലുന്നതാണോ വെഷം കൊടുത്തുകൊല്ലുന്നതാണോ അതോ കഴുത്തു ഞെരിച്ചുകൊല്ലുന്നതാണോ.എനിക്കിന്നൊരാളെ കൊല്ലാനാ".

ബെയറര്‍ അയാളെ തെല്ലു ഭയപ്പാടോടുകൂടി നോക്കി.

"തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവര്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.ഞാന്‍ തെറ്റു ചെയ്തു. ഇന്നു തന്നെ ശിക്ഷ നടപ്പാക്കണം" പിറുപിറുത്ത് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് കാലിയാക്കി അയാളെഴുന്നേറ്റു. കുറച്ചുകാശെടുത്ത് മേശപ്പുറത്തിട്ടിട്ട് ബാക്കിയുണ്ടായിരുന്ന മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ആടിയാടി പുറത്തേയ്ക്കു നടന്നു. പോകുന്ന പോക്കില്‍ അടുത്തുണ്ടായിരുന്ന മേശമേല്‍ തട്ടി മറിഞ്ഞ് രണ്ടുമൂന്നു ഗ്ലാസ്സുകള്‍ നിലത്തുവീണു തകര്‍ന്നു.

..................

രണ്ടാം ദിവസം വൈകുന്നേരം ബാറിലെ തിരക്കൊന്നു ശമിച്ചപ്പോള്‍ അന്നത്തെ പത്രമെടുത്തു വായിച്ചുകൊണ്ടിരുന്ന ബെയറര്‍ ആ ഫോട്ടോയും വാര്‍ത്തയും കണ്ടു ഒന്നു ഞെട്ടി. അതിപ്രകാരമായിരുന്നു.

നഗരത്തിലെ പ്രമുഖവ്യവസായിയായിരുന്ന ....ഇന്നലെ സ്വവസതിയില്‍ മരണമടഞ്ഞനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പോലീസിന്റെ അനുമാനം. ശക്തിയേറിയ വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചിരുന്നതായും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നതായും പോലീസ് പറഞ്ഞു. മുറിയില്‍ തന്നെ തൂങ്ങിമരിക്കുവാനായി ഒരു ശ്രമം നടത്തിയതായും അതു ഫലിക്കാതെ വന്നപ്പോഴായിരിക്കാം വിഷം കഴിച്ചതെന്നുമാണ് അന്യോഷണോദ്യോസ്ഥന്‍ പറഞ്ഞത്. ക്ലബ്ബില്‍ പോയിരുന്ന ഭാര്യ മടങ്ങിവന്നപ്പോഴാണു സംഭവം കണ്ടതു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വളരെമുമ്പു തന്നെ മരണം സംഭവിച്ചിരുന്നു...

പിന്നേയും കുറേയേറേയുണ്ടായിരുന്നു വാര്‍ത്ത. അതു മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ ബെയറര്‍ തന്നെ വിളിച്ച കസ്റ്റമറുടെ അടുത്തേയ്ക്കു നടന്നു. അയാളിരിന്നിരുന്ന ആ മേശയുടെ അടുത്ത് നിന്ന്‍ ഓര്‍ഡറെടുക്കുമ്പോള്‍ ഒഴിഞ്ഞകോണിലെ കസേരയിലിരുന്നു തന്നോട് ആരൊ വര്‍ത്തമാനം പറയുന്നതായി അവനനുഭവപ്പെടുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Monday, May 17, 2010

രമണിയുടെ ഹസ് കുമാരന്‍

"എടീ നാരായണീ നിനക്കൊരു കാര്യമറിയണൊ, ഇങ്ങടുത്തുവാ പരമ രഹസ്യമാ" കയ്യിലിരുന്ന ഗ്ലാസ്സിലെ ചൂടന്‍ ചായ ഊതിയാറ്റിക്കൊണ്ട് രമണി അയല്‍ വക്കത്തെ നാരായണിയെ വിളിച്ചു.

"എന്റെ ചേച്ചീ ദേ പുള്ളെര്‍ക്കൊള്ള കാപ്പിയൊണ്ടാക്കിക്കൊണ്ടിരിക്കുവാ. ഒരഞ്ചുമിനിട്ടേ". തലയൊന്നു പുറത്തേയ്ക്കു കാണിച്ചുകൊണ്ട് നാരായണി പറഞ്ഞു.

"ഇപ്പൊത്തന്നെ പോവാടീ. നീയിങ്ങുവന്നേ". രമണിയുടെ നിര്‍ബന്ധം മൂലം എന്തോ പിറുപിറുത്തുകൊണ്ട് നാരായണി അവരുടെയടുത്തേയ്ക്കു ചെന്നു.

"എന്തുവാ ചേച്ചി ഇത്ര വല്യ രഹസ്യം".

"ഞാനിതു പറഞ്ഞതായിട്ട് നീ ആരോടും പറയരുതു കേട്ടാ. നമ്മുടെ താഴേലെ വിജയയില്ലെ. ആ ആട്ടക്കാരിതന്നെ. അവളുടെ വീട്ടി ഇന്നലെ രാത്രി ആരോ കള്ളന്‍ കേറിയെന്നോ അവളുകെടന്ന്‍ നെലവിളിച്ചപ്പം ഓടിക്കളഞ്ഞെന്നോ ഒക്കെ പറേണ്. ചെലപ്പം അവളു വിളിച്ചിട്ടു വന്നോനായിരിക്കും. ആരെങ്കിലും കണ്ടപ്പം പതിവ്രത ചമഞ്ഞതാരിക്കും. സത്യമാണോ കള്ളമാണോന്ന്‍ ആര്‍ക്കറിയാം".

"ഒള്ളതാണോ ചേച്ചി. എന്നാലും അവളാളു കൊള്ളാമല്ലോ. പതിവ്രതേന്നും പറഞ്ഞാര്‍ന്നല്ലോ നടപ്പ്.അല്ല ആളാരാണെന്നു വല്ല പിടിം കിട്ടിയാ".

"എടീ നാരാണീ എനിക്കു തോന്നുന്നത് കള്ളനും കിള്ളനുമൊന്നുമല്ല നമ്മുടെ കറവക്കാരന്‍ നാണുനായരാണെന്നാ.അയാളെക്കാണുമ്പം അവക്ക് ഒത്തിരി എളക്കോം കുലുക്കോമൊക്കെയുള്ളതു ഞാന്‍ ശ്രദ്ധിച്ചിട്ടൊണ്ട്. രഹസ്യമായിട്ട് വിളിച്ചുകേറ്റീതായിരി‍ക്കും"

"ശരിയാ ചേച്ചീ. ഞാനും അത് കണ്ടിട്ടൊണ്ട്.ഹൊ എന്നാലും ഇതിത്തിരി കടുത്തുപോയി. മാപ്പിള നേരെത്തേ ചത്തുപോയെന്നും വച്ചു ആണുങ്ങളെ ചാക്കിട്ടുപിടിക്കാന്‍ ഓരോരുത്തികള് എറങ്ങിക്കൊള്ളും ത്ഫൂ....നമ്മടെയൊക്കെ വീട്ടിലും ആണുങ്ങളുള്ളതാണ്. എവളുമാര് ഇതേപ്പോലെ തൊടങ്ങിയാലെന്തു ചെയ്യും. ആണുങ്ങളെ വല്ലോം പറയാമ്പറ്റോ."

"അവടെ നോട്ടോം ചിരീം കണ്ട് മയങ്ങിപ്പോണ ആണുങ്ങളൊണ്ടാരിക്കും പക്ഷേ എന്റെ കുമാരന്‍ ചേട്ടനെ അതിനു കിട്ടത്തില്ല. ഞാനല്ലാതെ മറ്റൊരു പെണ്ണിന്റെ മൊകത്തു അയാള് നോക്കത്തില്ല. അതു നെനക്കറിയ്യൊ".

"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞ.അപ്പം എന്റെ കെട്ടിയോന്‍ പെണ്ണുങ്ങളേം നോക്കി നടക്കുവാണെന്നാണോ. എന്നെത്തന്നെ ഫുള്ള്‍ നോക്കീട്ടില്ല അതു ചേച്ചിക്കറിയോ ".


"എടീ ഞാന്‍ അങ്ങനെന്നും വിജാരിച്ചു പറഞ്ഞതല്ല. അവടെയൊരു മോളൊണ്ടല്ലോ ഒരു ശൃംഗാരിക്കോത. തള്ളേപ്പോലെ അവളും തൊടങ്ങാതിരുന്നാ മതിയാര്‍ന്നു. ചെലപ്പം അവളെക്കാണാനായി ഏവനെങ്കിലും വന്നതാവും. തള്ള കണ്ട് നെലവിളിച്ചതാവാനും വഴിയൊണ്ട്. നമുക്ക് ഒറപ്പിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ".

"അതു ശരിയാ ചേച്ചി.ചെലപ്പം അങ്ങനെയാവും. അല്ല കുമാരന്‍ ചേട്ടനെണീറ്റില്ലേ ഇതേവരെ".

"ഞാനെണീറ്റപ്പം അല്‍പ്പം താമസിച്ചു പോയി. കുമാരേട്ടന്‍ രാവിലെയെണീക്കും. ചായകുടിക്കാനായി കടേപോയതാരിക്കും.എണീറ്റൊടനെ ചായ കിട്ടീല്ലെങ്കി അയാക്കു പ്രാന്താ"

"അയ്യൊ എന്റെ ചേച്ചീ അടുപ്പത്തു ദോശകെടക്കുവാര്‍ന്നു.അതെന്തായായെന്തോ. പൊക്കളയല്ലേ ഞാനിതാ വരുന്നു ". പറഞ്ഞുകൊണ്ട് നാരായണി അടുക്കളയിലേയ്ക്കോടി.

കരിഞ്ഞ ദോശ മാറ്റി പുതിയ മാവൊഴിച്ചശേഷം നാരായണി പെട്ടന്നു മടങ്ങിവന്നു. രണ്ടുംകൂടി വീണ്ടും നുണകളും പറഞ്ഞു നില്‍ക്കുന്നതിനിടയിലാണു രമണിയതു കണ്ടത്. നാലഞ്ച്പേര്‍ ചേര്‍ന്ന്‍ ഒരാളെ താങ്ങിക്കൊണ്ട് വരുന്നു.

"അതാരാടീ നാരാണീ". രമണി ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നാരായണി സൂക്ഷിച്ചുനോക്കി.അപ്പോഴേയ്ക്കും അവര്‍ അടുത്തെത്തിയിരുന്നു. തലയില്‍ വലിയ ഒരു കെട്ടുകെട്ടിയിരിക്കുന്ന ആ രൂപത്തിലേയ്ക്കു സൂക്ഷിച്ചു നോക്കിയ രമണി ഒരലര്‍ച്ചയായിരുന്നു.

"എന്റെ കുമാരേട്ടാ.ഇതെന്തോ പറ്റി"

എന്നാല്‍ വാ തുറന്ന്‍ ഒരക്ഷരം സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല മിസ്റ്റര്‍ കുമാര്‍ജി. മുഖമാകെ നീരുവന്ന്‍ ഊതിയിരുന്ന ആശാനെ അകത്തേയ്ക്കു കിടത്തിയിട്ട് വന്നവരോടായി ആകാംഷയോടെ നാരായണി ചോദിച്ചു.

"എന്താ എന്തു പറ്റിയതാ"

"അറിയില്ല നാരാണീ. ആ താഴെ പണയില്‍ വീണുകിടക്കുവായിരുന്നു. രാവിലെ വെളിക്കിരിക്കാന്‍ പോയ പരമനാ കണ്ടത്. നോക്കിയപ്പോ നമ്മുടെ കുമാരന്‍. ബോധമൊന്നുമില്ലാരു‍ന്നു.എന്തു പറ്റിയെന്നു ഇനി ബോധം ശരിയാവുമ്പോഴേ അറിയാമ്പറ്റൂ.എന്തായാലും ഫ്രണ്ടിലെ മൂന്നു പല്ലു പോയിട്ടൊണ്ട്. അതിലൊരു സംശയവുമില്ല. സാധനം അവിടെ തന്നെ കെടപ്പൊണ്ട്".കൂട്ടത്തിലൊണ്ടായിരുന്ന ശിവന്‍ പറഞ്ഞു. അപ്പോഴും അകത്തു നിന്നും രമണിയുടെ അലമുറ മുഴങ്ങുന്നുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓരോരുത്തരായി അവിടേയ്ക്കു വന്നുകൊണ്ടിരുന്നു.

"എന്റെ നാരായണീ എന്തു പറ്റിയതാ കുമാരനു". നെലവിളികേട്ട് ഓടിവന്ന തൊട്ടടുത്ത വീട്ടിലെ രാധ ചോദിച്ചു.

"ഓ..ഒന്നുമറിയാമ്മേലെന്റെ രാധേ. എന്നാലും ആരെക്കെയോ ചേര്‍ന്ന്‍ തല്ലിയതാണെന്ന പറേണത്. മൂന്നാലു പല്ലും പോയത്രേ. എന്തായാലും വലിയ അക്രമമായിപ്പോയി" താടിക്കു കയ്യ് കൊടുത്തുകൊണ്ട് നാരായണി പറഞ്ഞു.

"കുമാരന് ഇന്നാട്ടിലാരാ ശത്രുക്കള്‍. ഇപ്പഴത്തെക്കാലമല്ലേ ഒന്നും പറയാന്‍ പറ്റില്ല" ആത്മഗതമെന്നപോലെ രാധ പറഞ്ഞു

വന്നവര്‍ വന്നവര്‍ കൂടി നിന്ന്‍ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടിരുന്നു. രമണി ഈ സമയം മുഴുവന്‍ നിര്‍ത്താതെ കരച്ചില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ പോയി സ്ഥലത്തെ പ്രധാന വൈദ്യശിരോമണിയായ കുട്ടപ്പന്‍ ചേട്ടനെ വിളിച്ചുകൊണ്ടു വന്നു. വൈദ്യന്റെ ചില പൊടിക്കൈകളും മറ്റും കൊണ്ട് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുമാരന്‍ മെല്ലെ കണ്ണു തുറന്നു. തലയിലെ മുറിവില്‍ വൈദ്യന്‍ ചില മരുന്നുകള്‍ വച്ചുകെട്ടി. മുഖം നീരുവന്നു വിങ്ങിയിരുന്നതിനാല്‍ കുമാരനു ഒരക്ഷരം സംസാരിക്കുവാന്‍ പറ്റുമായിരുന്നില്ല. കുറേ സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി.

"എന്റെ പൊന്നേ എന്തു പറ്റിയതാ​ണിത്. ആരാണിങ്ങനെ ചെയ്തതു". മൂക്കു പിഴിഞ്ഞുകൊണ്ട് രമണി കുമാരനോടായി ചോദിച്ചു.

തലേന്ന്‍ ഒരല്‍പ്പം അകത്താക്കിയതിന്റെ ധൈര്യത്തില്‍ രാത്രി രമണിയുറങ്ങിക്കഴിഞ്ഞ് തന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന വിജയേടെ വീട്ടിലൊന്നു കേറി മുട്ടിനോക്കാമെന്നു വച്ചതും വിജയയുടെ മകളുടെ മുമ്പിലറിയാതെ ചെന്നു പെട്ടതും അവള്‍ കയ്യിലിരുന്ന കിണ്ടിവച്ച് തന്റെ തലമണ്ട പൊളിച്ചതും ആളറിയാതിരിക്കാനായി പ്രാണരക്ഷാര്‍ദ്ധം പണ വഴി ഓടിയപ്പോള്‍ മുമ്പിലുണ്ടായിരുന്ന തെങ്ങില്‍ ചെന്നടിച്ചു പല്ലുകള്‍ കൊഴിഞ്ഞതും ബോധം കെട്ട് അവിടെ തന്നെ വീണതും മറ്റും തന്റെ ഭാര്യ അറിഞ്ഞാല്‍ ബാലന്‍സുള്ള പല്ലുകളും ഒടനെ കൊഴിയുമെന്നു ഉത്തമബോധ്യമുണ്ടായിരുന്ന മിസ്റ്റര്‍ കുമാര്‍ജി അവര്‍കള്‍ കടുത്ത വേദന താങ്ങാന്‍ പറ്റുന്നില്ലെന്നതുപോലെ തന്റെ രണ്ടു കണ്ണുകളും ചേര്‍ത്തടച്ചു.

ശുഭം

Saturday, May 15, 2010

ഉദയപുരാണം വീണ്ടും

തങ്കപ്പന്‍നായര്‍, നാരായണി ദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണ്. മൂത്തവള്‍‍ സുനന്ദ (19 വയസ്സ്) ,ഇളയത് സുമ (14 വയസ്സ്). നായര്‍ ഒരു പാവമാണ്. കെട്ട്യോളായ നാരായണിയെ ശരിക്കും ഭയപ്പെടുന്ന ഒരു പാവം ഹസ്. ആശാന്‍ ആരോടും വലിയ ലോഹ്യത്തിനൊന്നും പോകാന്‍ നില്‍ക്കാറില്ല. എന്നാല്‍ മിസ്സിസ് നായര്‍ ഇരുതലമൂര്‍ച്ചയുള്ള വാളാണ്. തന്നോട് കൊമ്പുകോര്‍ക്കാന്‍ വരുന്നതാരായിരുന്നാലും അവരെ ബാക്കിവച്ചേക്കത്തില്ല. ഒരു മാസം ഉറക്കംപോലും നഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള മുട്ടന്‍ തെറികള്‍ കിട്ടിയിട്ടുള്ള പലരും നാട്ടിലുണ്ട്. അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ടാരും നാരയണിച്ചേച്ചിയുടെ വായില്‍ തല വയ്ക്കാറില്ല. പത്തൊമ്പതുകാരിയായ സുനന്ദയെ വട്ടമിട്ടുപറന്ന ചില കോമളകളേബരമ്മാരെ ചേച്ചി ശരിക്കൊന്നുപദേശിക്കുകയുണ്ടായി. തത്ഫലമായി ആ ഭാഗം അടൂര്‍ സാറിന്റെ സിനിമപോലെ പൂര്‍ണ്ണ നിശബ്ദതയിലാണു. പാവം സുനന്ദ. അവളുടെ ദുഃഖമാരറിയുന്നു?.

സുമതിയമ്മയും വിശ്വന്‍ പിള്ളയുമാണ് നാരായണിചേച്ചിയുടെ അയല്‍‍ക്കാര്‍. പൊതുവേ ശാന്തമായ ഒരു കുടുംബം.ഒരേയൊരു മകന്‍ പട്ടണത്തിലെ കോളേജില്‍ പഠിക്കുന്നു. മാസത്തിലൊരിക്കലോ മറ്റോ മാത്രമേ വരാറുള്ളു. നാരായണിയുമായി നല്ല ലോഹ്യത്തിലായിരുന്നു സുമതിയമ്മ. പക്ഷേ ഇപ്പോള്‍ രണ്‍റ്റുപേരും പരസ്പ്പരം കടിച്ചുകീറാന്‍ നില്‍ക്കുന്നത്ര ബദ്ധശത്രുക്കളെപ്പോലെയാണ്. ആ ശത്രുതയുണ്ടാകാന്‍ മെയിന്‍ കാരണം നാരായണിചേച്ചിയുടെ പുരയിടത്തില്‍ നില്‍ക്കുന്ന ഒരു പറങ്കിമാവായിരുന്നു. ഈ പറങ്കിമാവ് രണ്ടുപേരുടേയും പുരയിടത്തിന്റെ അതിരിനോടു ചേര്‍ന്നാണു നില്‍ക്കുന്നത്. രാവിലെ ഉണര്‍ന്നെഴുന്നേറ്റു കരിയില തൂത്തുകളയാനേ സുമതിയമ്മയ്ക്ക് നേരമുള്ളു. കിണറ്റിന്റെ ഭാഗത്തേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന കൊമ്പുകളെങ്കിലും മുറിച്ചുമാറ്റാന്‍ നിരവധി പ്രാവശ്യം നാരായണിയോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല കായ്ഫലമുള്ള ആ പറങ്കിമാവിന്റെ ഒരു കമ്പുപോലും മുറിക്കാന്‍ നാരായണി തയ്യാറായിരുന്നില്ല.

ഒരു ദിവസം അടുക്കളജോലിക്കിടയില്‍ എന്തോ സാധനമെടുക്കാനായ്വടക്കുപുറത്തേയ്ക്കിറങ്ങിയ സുമതിയമ്മ ആ കാഴ്ചകണ്ടു ശരിക്കും ഞെട്ടി. തന്റെ ഏക മകന്റെയൊപ്പം ചിരിച്ചുകളിച്ചു പറങ്കിമാവിന്റെ ചുവട്ടില്‍ നില്‍ക്കുന്ന സുനന്ദ.രണ്ടുപേരും കൈവിരലുകള്‍ കോര്‍ത്തുപിടിച്ചിട്ടുമുണ്ട്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ താനുടന്‍ ഒരു അമ്മുമ്മയാകാന്‍ സാധ്യതയുണ്ടാകും എന്നുമനസ്സിലാക്കിയ  സുമതിയമ്മ മകനെ അന്നുതന്നെ ഹോസ്റ്റലിലേയ്ക്കു നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയും വീടിനുചുറ്റും ഒരു മതില്‍ കെട്ടുന്നതിനെപ്പറ്റി കണവനുമായി സംസാരിച്ചു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു.

യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരംഭിക്കുന്നതു ഇനി മുതലാണ്.

മതിലുകെട്ടുന്നതിനായി അസ്ഥിവാരമിടാനായി വാനംതോണ്ടിയപ്പോഴാണു പറങ്കിമാവ് ഒരു വില്ലന്റെ രൂപം കൈക്കൊണ്ട് വഴി തടഞ്ഞത്. പുള്ളിക്കാരന്റെ അണ്ടര്‍ഭാഗങ്ങള്‍ സുമതിയമ്മയുടെ പുരയിടത്തിലേയ്ക്കു കയ്യേറ്റം നടത്തിയിരിക്കുകയായിരുന്നു. മതിലുകെട്ടണമെങ്കില്‍ പറങ്കിമാവിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വലിയ വേരുകളെങ്കിലും മുറിയ്ക്കണം. അങ്ങിനെചെയ്താല്‍ ആ മാവ് മറിഞ്ഞു വീഴുകയും ചെയ്യും. പറങ്കിമാവ് മുറിക്കാതെ മതില്‍ കെട്ടാനും പറ്റില്ല. അതിനെപ്പറ്റി തങ്കപ്പന്‍നായരോട് സംസാരിക്കുവാന്‍‍ ചെന്ന വിശ്വന്‍ പിള്ളയോട് സംസാരിച്ചത് നാരായണിയായിരുന്നു. പറങ്കിമാവുമുറിച്ചുമാറ്റുന്ന പ്രശ്നമില്ലെന്ന്‍ നാരായണി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പരസ്പ്പരം വര്‍ത്തമാനം തുടരുകയും അതിന്റെ ഒച്ച ഉയരുകയും ചെയ്തപ്പോള്‍ കണവന്റെ സൈഡുചേര്‍ന്ന്‍ സുമതിയമ്മയും എത്തി. അതോടെ കുറച്ചുസമയം ആ പ്രദേശം ഇന്ത്യാ-പാക്ക് യുദ്ധഭൂമിക്കു സമമാകുകയും ചെയ്തു. അരമണിക്കൂര്‍ നേരത്തെ കടുത്ത ആക്രമണത്തിനുശേഷം ഇരുകൂട്ടരും ഉച്ചഭക്ഷണത്തിനായി യുദ്ധംവെടിനിറുത്തല്‍ക്കരാറില്‍ ഏര്‍പ്പെട്ടു.

"ന്റെ നാരായണീ നീ എന്തിനാടി ഇങ്ങനെ വഴക്കുണ്ടാക്കുന്നത്.നമുക്കാ മാവു മുറിച്ചുകൊടുക്കാം.ഒന്നുമില്ലേലും അവര്‍ ഒരുപാടുകാശുമൊടക്കി മതില്‍കെട്ടാനായി വാനമൊക്കെത്തോണ്ടി സാധനങ്ങളൊക്കെയിറക്കിയതല്ലേ. മതിലുകെട്ടിയാല്‍ നമ്മുടെ വീടിന്റെ ആ വശം അടച്ചൊറപ്പുള്ളതായിത്തീരുകയും ചെയ്യുമല്ലോ"? ഇത്രയുമാക്കിയതല്ലേ".

ഒരു അനുരഞ്ജനഭാഷയില്‍ തങ്കപ്പന്‍ നായര്‍ ഊണുകഴിച്ചുകൊണ്ടിരുന്നപ്പോള്‍ വാമഭാഗത്തോടു മെല്ലെപ്പറഞ്ഞു.

നാട്ടുകാര്‍ക്ക് പലര്‍ക്കും കിട്ടിയതിനേക്കാല്‍ മുഴുത്ത തെറിയായിരുന്നു നായര്‍ക്ക് അതിനു പകരമായി ഭാര്യയില്‍ നിന്നും കിട്ടിയത്. ഭാഗ്യത്തിനു ദൂരത്തുള്ളവര്‍ക്ക് കേള്‍ക്കാനാവാത്തത്ര ശബ്ദം കുറച്ചാണ് നാരായണി കെട്യോനെ മര്യാദ പഠിപ്പിച്ചത്.

രണ്ടുദിവസമായി തുടരുന്ന നാരായണീ - സുമതി മതിലുകെട്ട് വിഷയസംബന്ധിയായ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ദൌത്യവുമായി പഞ്ചായത്തുമെമ്പര്‍ സ്ഥാനാര്‍ത്ഥി സഹദേവന്‍നായര്‍ രംഗത്തെത്തി.

"നാരായണീ നിങ്ങളിങ്ങനെ എപ്പോഴും വഴക്കും ബഹളവുമൊക്കെയായി കഴിഞ്ഞാല്‍ അയല്‍പക്കത്ത് താമസിക്കുന്ന മറ്റുള്ളവര്‍‍ക്കു ശല്യമാവില്ലേ. ആ പറങ്കിമാവ് മുറിക്കുന്നതാണു നിനക്കും നല്ലതു. ഇപ്പോത്തന്നെ അത് നിന്റെ വീട്ടിന്റെ പുറത്തേയ്ക്കു ചാഞ്ഞാണു നില്‍ക്കുന്നതു. വല്ല ശക്തിയായ മഴയോ കാറ്റോ വന്നാല്‍ നിന്റെ വീടും കൊണ്ടേ അവന്‍ പോകൂ. പിന്നെ ഞാന്‍ കൊറച്ച് രൂപ വിശ്വന്‍പിള്ളയുടെ കൈയില്‍നിന്നു മേടിച്ചുതരാം. അതുകൊണ്ട് വഴക്കൊക്കെ അവസാനിപ്പിച്ച് അതു മുറിക്കാമെന്നു സമ്മതിച്ചോ. അല്ലാതെ വഴക്കും ബഹളവുമായി നിന്നിട്ട് കാര്യമൊന്നുമില്ല. ഒന്നുമില്ലേലും അവര്‍ ഒരുപാട് കാശുമൊടക്കിയതല്ലേ. അവരു മതിലുകെട്ടട്ടേ".

വളരെ താഴ്മയോടുള്ള മെമ്പറുടെ വാക്കുകള്‍ കേട്ടു അല്‍പ്പമൊന്നാലോചിച്ചശേഷം നാരായണി പറഞ്ഞു.

"ശരി മെമ്പറേ.ഞാനായിട്ടിനി വഴക്കിനൊന്നും നിക്കുന്നില്ല. മുറിച്ചേക്കാം. പക്ഷേ ആളിനെ നിര്‍ത്തി അവളുമുറിപ്പിച്ചുതരണം.അതും എന്റെ വീടിനൊരു കൊഴപ്പവും വരുത്താതെ. മാത്രമല്ല നഷ്ടപരിഹാരം കറക്ടായി മേടിച്ചുതരേം വേണം. ഓരോ കൊല്ലോം എത്രകിലോ പറങ്കിയണ്ടി വില്‍ക്കുന്നതാണെന്നോ?"

"ഇത്രയേയൊള്ളോ അതു ശരിയാക്കാം".

ആശ്വാസത്തോടെ പറഞ്ഞുകൊണ്ട് നായര്‍ ജേതാവിനെപോലെ പുറത്തിറങ്ങി പിള്ളയുടെ വീട്ടിലേയ്ക്കു നടന്നു.

"എന്റെ പിള്ളേച്ചാ ഒരു വിധത്തീപ്പറഞ്ഞു സമ്മതിപ്പിച്ചു. പിന്നെ ആരെയെങ്കിലും ഉടനെ ഏര്‍പ്പാടാക്കി അവരുടെ മനസ്സുമാറും മുന്നേ അതു മുറിക്കണം.  ഒരു കാര്യം ചെയ്യാം നമ്മുടെ ചെക്കനുണ്ട്. അവനെ ഞാന്‍ തന്നെ പോയി വിളിച്ചുകൊണ്ട് വരാം. ശടപടേന്ന്‍ കാര്യം കാണണമല്ലോ. അപ്പം ഞാനെറങ്ങട്ടേ. പിന്നെ പറങ്കിമാവിന്റെ നഷ്ടപരിഹാരമായി കൊടുക്കാമെന്നുപറഞ്ഞ കാശ് അവരുടെ കൈയില്‍ക്കൊടുക്കാനും മറക്കണ്ട".

തലചൊറിഞ്ഞുകൊണ്ട് മെമ്പര്‍ നിന്നു ചുറ്റിത്തിരിയുന്നതുകണ്ട വിശ്വന്‍ പിള്ള കുറച്ച് രൂപ നായരുടെ കൈയില്‍ വച്ചുകൊടുത്തു.

"അപ്പം ശരി ഞാന്‍ രാവിലെ മരം മുറിയ്ക്കാനുള്ള ആളുമായി എത്തും".

പറഞ്ഞുകൊണ്ട് മെമ്പര്‍ പുറത്തേയ്ക്കിറങ്ങി.

.....................

"എടാ ഉദയാ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ. കാശ് ഒട്ടും കൊറച്ച് പറയണ്ട.അവര്‍ക്കത്യാവശ്യമായത് കൊണ്ട് ചോദിക്കുന്നത് കിട്ടും.പിന്നെ കാശു മേടിക്കുമ്പം എന്നെ മറന്നു കളയരുതു".

"ഇല്ല മെമ്പറേ. ഞാനങ്ങിനെ ചെയ്യുമോ.എന്നെ നന്നായിട്ടറിഞ്ഞുകൂടേ".

വേഗത്തില്‍ നടന്നുകൊണ്ട് ഉദയന്‍ പറഞ്ഞു.

"നിന്നെയെനിക്കു നന്നായിട്ടറിയാം മോനേ. അതുകൊണ്ട് പറഞ്ഞതാ. നീ ആ ശിവദാസനു റബ്ബറുനടാന്‍ കുഴിയെടുത്തിട്ട് അവനെ വലിപ്പിച്ചതെന്തിനാടാ.വേറെ ആള്‍ക്കാരെ നിര്‍ത്തി അവന്‍ ഒന്നേന്നു കുഴിയെടുപ്പിച്ചു എന്നു കേട്ടല്ലോ. അവന്‍ നിന്നെത്തിരക്കിനടക്കുന്നുണ്ടായിരുന്നു.ആ സമയത്തെങ്ങാനും നിന്നെ അവന്റെ കായില്‍ക്കിട്ടിയിരുന്നെങ്കില്‍?"

"ഹും കിട്ടും കിട്ടും.ഇതീന്നും വലിയവമ്മാരു വിചാരിച്ചിട്ടു നടന്നിട്ടില്ല. പിന്നാ ഒരു ശിവദാസന്‍‍."

"അതൊക്കെപോട്ടെ. സഹായത്തിനു ഒന്നു രണ്ടുപേരെയും വിളിച്ച് ഞാന്‍ വരാം. നീ പോയി കയറും കോടാലിയുമൊക്കെ എടുത്തുകൊണ്ട് വാ".

"ശരി ചേട്ടാ".

സ്ഥലത്തെത്തിയ ഉദയന്‍ സുമതിയമ്മയുമായി സംസാരിച്ച് പണത്തിന്റെ കാര്യമെല്ലാം ഇടപാടാക്കി.പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. ഉദയന്റെ സഹായി വേലപ്പന്‍ പറങ്കിമാവില്‍ കയറി ചെറു കമ്പുകളും മറ്റും കൊത്തിയിട്ടു. അതെല്ലാം വാരിമാറ്റുന്നതിനായി സുനന്ദയും സുമയും രംഗത്തിറങ്ങി. മൂത്ത തക്കാളിയെ നോക്കി കൊതിയൂറിക്കൊണ്ട് ഉദയന്‍ വേലപ്പനു നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് മെമ്പര്‍ സ്ഥാനാര്‍ത്ഥി നായര്‍ തെക്കുവടക്കു നടക്കുന്നുണ്ടായിരുന്നു. ശിഖരങ്ങള്‍ ഒരുവിധം മുറിച്ചുമാറ്റി വടം പറങ്കിമാവില്‍ കെട്ടി. ഉദയനും മറ്റു രണ്ടുമൂന്നുപേരും അതില്‍ പിടിച്ചു. മരം വീഴുമ്പോള്‍ അത് നാരായണിചേച്ചിയുടെ വീട്ടിലേയ്ക്ക് വീഴാതെ സൂക്ഷിക്കണമല്ലോ. വേലപ്പന്‍ പറങ്കിമാവിന്റെ മൂട് മുറിക്കാനാരംഭിച്ചു. വടം പിടിക്കുന്നുണ്ടായിരുന്നെങ്കിലും ഉദയന്റെ കണ്ണുകള്‍ സുനന്ദയുടെ നേര്‍ക്കായിരുന്നു. അവളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഇടയ്ക്കിടയ്ക്ക് ഉച്ചത്തില്‍ വേലപ്പനോടു ആ കടയ്ക്ക് വെട്ടു കേറ്റി വെട്ട് എന്നെല്ലാം ആശാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മരം ഏകദേശം വീഴാറായി. എല്ലപേരും ഒത്തുപിടിച്ചോളണേയെന്നു പറഞ്ഞുകൊണ്ട് വേലപ്പന്‍ ആഞ്ഞുവെട്ടി. സുനന്ദയുമായി കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞുകൊണ്ടിരുന്ന ഉദയന്‍ താന്‍ കാലുറപ്പിച്ചുചവിട്ടിയിരുന്ന മണ്‍കട്ട ഇളകുന്നതറിഞ്ഞില്ല. പിന്നെയെല്ലാം വളരെപ്പെട്ടന്നായിരുന്നു. മണ്‍കട്ടയുടഞ്ഞതും പുറകില്‍നിന്നു വടം പിടിച്ചുകൊണ്ടിരുന്നവന്റെ പള്ളയ്ക്ക് തന്റെ കൈമുട്ടിടിച്ചതുമൂലം അവന്‍ വടത്തില്‍നിന്നു പിടിവിട്ടതും ആരും പിടിക്കാനില്ലാത്ത പറങ്കിമാവ് അതിന്റെ സ്വന്തം ഇഷ്ടപ്രകാരം നാരായണിചേച്ചിയുടെ വീടിന്റെ ഒരു വശം തച്ചുതകര്‍ത്തുകൊണ്ട് മെമ്പര്‍ നിന്നിരുന്ന ഭാഗത്തേയ്ക്കു വീണതും നിലവിളികളുയര്‍ന്നതുമെല്ലാം വളരെപ്പെട്ടന്നായിരുന്നു.


മരം വീഴുന്നതുകണ്ട് പുറകിലോട്ട് ഓടിമാറാന്‍ ശ്രമിച്ച മെംബര്‍ മതിലുകെട്ടാന്‍ വച്ചിരുന്ന സിമന്റു ബ്ലോക്കില്‍ കാല്‍തട്ടി അതിന്റെ പുറത്തേയ്ക്കു ‍കമിഴ്ന്നുവീണു. മുഖമടിച്ചുഌഅ വീഴ്ചയില്‍ രണ്ടു പല്ലുകള്‍ ആ കല്ലില്‍ പറ്റിയിരുന്നു. കാല്‍മുട്ടില്‍ സാമാന്യം നല്ലൊരു മുറിവുമുണ്ടായി. നിലവിളികേട്ട് പാഞ്ഞെത്തിയവര്‍ മെംബറെ പൊക്കിയെടുത്ത് റോഡിന്റെ സൈഡിലേക്ക് കൊണ്ടുവന്നു. വായില്‍നിന്നും കുടുകുടാ ചോരയൊഴുകിക്കൊണ്ടിരുന്ന മെംബറുടെ ബൊധം നസ്ഃറ്റമായിരുന്നു. കരുണന്റെ ആട്ടോറിക്ഷ മേംബറേയും വഹിച്ചുകൊണ്ട് ആശുപത്രിയിലേയ്ക്കു കുതിച്ചപ്പോള്‍ ഒരു ഭാഗം തകര്‍ന്ന വീടിനുമുമ്പില്‍നിന്നു നാരായണിച്ചേച്ചി ആ പഞ്ചായത്തുമുഴുവന്‍ കിടുങ്ങുന്ന തരത്തില്‍ പാരായണമാരംഭിച്ചു. ആശുപത്രിച്ചിലവിനും വീടു നന്നാക്കിക്കൊടുക്കുന്നതിനും മറ്റുമായി എത്ര രൂപയാകുമെന്നു വേവലാതിപ്പെട്ട് സുമതിയമ്മ താടിക്കു കൈയുംകൊടുത്ത് അടുക്കളവാതിക്കല്‍ വിഷണ്ണയായി നിന്നു. പറങ്കിമാവ് വാക്കല്ലാതെ വീണപ്പോള്‍ തന്നെ സ്കൂട്ടായ ഉദയന്‍ കുമാരന്റെ ചായക്കടയിലെത്തി ഒരു ചായ പറഞ്ഞിട്ട് ഒരു തെറുപ്പുബീഡിയെടുത്ത് ചുണ്ടത്തുവച്ച് തീപ്പറ്റിച്ചു.

"എന്താ ഉദയാ പറങ്കിമാവു ഇത്രപെട്ടന്നു മുറിച്ചുതീര്‍ന്നോ?".

ചായ നീട്ടിക്കൊണ്ട് കുമാരന്‍ ചോദിച്ചു.

"നമുക്കിതിനൊക്കെ വലിയ സമയം വേണോ കുമാരാ. ഒറ്റവെട്ട് ദേ കിടക്കണു രണ്‍റ്റു പാത്രമായി".

ചായമൊത്തിക്കുടിച്ചുകൊണ്ട് ഉദയന്‍ പറഞ്ഞു.

"ഭയങ്കരക്ഷീണം.കുളിച്ചിട്ടൊന്നുറങ്ങട്ടെ".

ചായയുടെ കാശ് കൊടുത്ത് ഒരു ബീഡി കൊളുത്തിവലിച്ചിട്ട് ഒരു മൂളിപ്പാട്ടും പാടി ഉദയന്‍ വീട്ടിലേയ്ക്കു നടന്നു.


ശുഭം

Tuesday, May 11, 2010

കുടിയിറക്കപ്പെടുന്നവര്‍

"എന്താ വാസുവേട്ടാ വിഷമിച്ചിരിക്കുന്നതു.എന്തു പറ്റി".

"ഹൊ ഇനി എന്നാ പറ്റാനാ എന്റെ വിജയാ.ഒരുവിധം ഇവിടവുമായി പൊരുത്തപ്പെട്ടുവന്നതായിരുന്നു. ഇനി ഇവിടുന്നും പോകണമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു വിഷമം. അത്രയേയുള്ളു".

"പോവുകയോ. എവിടെ"

"അപ്പം നീയൊന്നുമറിഞ്ഞില്ലേ. നമ്മുടെ ആ പഴയപഞ്ചായത്തുകെട്ടിടത്തിനടുത്തു കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് ഒരു വലിയ പട്ടിവളര്‍ത്തല്‍ കേന്ദ്രം വരാന്‍ പോണത്രേ"

"പട്ടിവളര്‍ത്തല്‍ കേന്ദ്രം വരുന്നതിനു നമുക്കെന്താ ചേട്ടാ.അതിനു ചേട്ടന്‍ വിഷമിക്കുന്നതെന്തിനാ"

"നിനക്കു മനസ്സിലാവാത്തതുകൊണ്ടാ വിജയാ. പട്ടിവളര്‍ത്തല്‍ കേന്ദ്രത്തിലേയ്ക്കു പട്ടികളെ കൊണ്ടുവരുന്നതിനായി അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കില്ലേ.റോഡ് വീതികൂട്ടി നാലോ ആറോ വരിപ്പാതയാക്കില്ലേ. പട്ടിയെക്കുളിപ്പിക്കാന്‍ ഒരു കൊളം കുഴിക്കില്ലേ. പട്ടികളെ കാണാന്‍ വരുന്ന വിദേശവിനോദസഞ്ചാരികള്‍ക്കു താമസിക്കാനായി മിനിമം ഒരു സ്റ്റാര്‍ ഹോട്ടെലെങ്കിലും കെട്ടണ്ടേ. പിന്നെ പട്ടികള്‍ക്കു വ്യായാമം ചെയ്യാനായി മൈതാനമുണ്ടാക്കണം.അങ്ങനെയെന്തെല്ലാം.ഇതിനെല്ലാം സ്ഥലം വേണ്ടേ. അതു നമ്മളെപ്പോലുള്ളവരുടെ കയ്യില്‍ നിന്നും പിടിച്ചുവാങ്ങിയാലല്ലേ നടക്കത്തൊള്ളു.മനുഷ്യനു പട്ടികളുടെയത്ര വിലപോലുമില്ലാത്ത നാട്.കഷ്ടമെന്നല്ലാതെ എന്തു പറയാന്‍. കലികാലം അനുഭവിക്ക തന്നെ അല്ലാതെന്തു ചെയ്യും".

"എന്റെ ദൈവമേ.അങ്ങിനെയൊക്കെയുണ്ടാവുമോ. ഹെയ് ചേട്ടന്‍ ചുമ്മാ ഓരോന്നു ആലോചിച്ചുണ്ടാക്കുന്നതാ. നമ്മുടെ സ്ഥലത്തുനിന്ന്‍ ആരെങ്കിലും നമ്മളെ ബലമായിട്ടിറക്കുമോ. അല്ലെങ്കിത്തന്നെ അങ്ങിനെ എറങ്ങാന്‍ പറഞ്ഞാ ആരെങ്കിലും എറങ്ങുമോ.അഥവാ അങ്ങിനെയുണ്ടായാള്‍ സര്‍ക്കാര്‍ നമുക്കു നഷ്ടപരിഹാരവും പകരം സ്ഥലവും തരത്തില്ലേ".

"എടാ മണ്ടന്‍ വിജയാ.നിനക്കറിയുമോ മുമ്പെനിക്ക് രണ്ടരയേക്കര്‍ ഭൂമിയുണ്ടായിരുന്നു. ആദ്യം റോഡു വികസനത്തിനെന്നും പറഞ്ഞ് പത്തുസെന്റോളം അങ്ങിനെ പോയി. പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തിനെന്നും പറഞ്ഞു ഒള്ള സ്ഥലത്തീന്നും പുറത്താക്കി. സര്‍ക്കാര്‍ പുതിയ ഭൂമി സൌജന്യമായിത്തരും ,ഒണ്ടായിരുന്ന സ്ഥലത്തിനു പൊന്നും വിലതരും എന്നൊക്കെയായിരുന്നു ഒഴിപ്പിക്കുന്ന സമയത്ത് പറഞ്ഞത്. എട്ടുമാസം അഭയാര്‍ത്ഥികളെക്കണക്കെ ഒരു സ്കൂളിലെ ഷെഡ്ഡില്‍ കിടന്നു.പിന്നെ ഒരുപാടു പരിദേവനങ്ങള്‍ക്കും മറ്റും ശേഷം പൊന്നും വിലയും കിട്ടി പട്ടിപോലും തിരിഞ്ഞുനോക്കാത്ത ഈ കാട്ടുമ്പുറത്ത് കൊറച്ചു സ്ഥലകും കിട്ടി. അതു തന്നെ ശരിയാക്കിയെടുക്കുന്നതിനായി മോളുടെ കാതീക്കെടന്ന പൊട്ടുകമ്മലുവരെ വില്‍ക്കേണ്ടിവന്നു. ഇവിടെ വന്നു വളരെയേറെ കഷ്ടപ്പെട്ടു ദേ ഈ പരുവമാക്കി.ഇനി ഇവിടുന്നെവിടേയ്ക്കാണാവോ"

"അപ്പം ചേട്ടന്‍ പറയുന്നതു നമ്മള്‍ ഇവിടുന്നെറങ്ങിക്കൊടുക്കേണ്ടി വരുമെന്നാണോ.ഈ നാട്ടില്‍ നീതിയും നെയമവുമൊന്നുമില്ലേ"

"എല്ലാ സംഭവവുമൊണ്ട്.പക്ഷേ നമ്മളെപ്പോലുള്ള പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതല്ലെന്നു മാത്രം"

"എന്റെ വാസുവേട്ടാ ഈ മണ്ണീന്നു ചത്താലും ഞാനെറങ്ങത്തില്ല"

"പോഴത്തരം പറയാതെടാ. പോലീസിന്റെ തല്ലുകൊണ്ട് ചാവണോ നിനക്കു. ആയുസ്സിന്റെ ബാക്കി ഭാഗം മുഴുവനും കേസ്സിനായി കോടതി വാരാന്തകേറിയെറങ്ങണോ. അതൊന്നും വേണ്ടന്നുണ്ടെങ്കി മര്യാദക്കു ഈ നാടുവിട്ടു പോകുന്നതായിരിക്കും നല്ലത്"

"നമ്മുടെ പാര്‍ട്ടിയാണല്ലോ ഭരിക്കുന്നത്. നമുക്ക് ആ സെക്രട്ടറിയെ ഒന്നു കണ്ടാലോ".

"നമ്മുടെ പാര്‍ട്ടിയെന്നതു പണ്ടായിരുന്നു മോനെ.ഇപ്പം പാവപ്പെട്ടവരെയൊന്നും അവര്‍ക്കും വേണ്ട. അതിന്റെ ആവശ്യമില്ല. ഈ നാട്ടില്‍ സമത്വമുണ്ടാക്കി പാലും തേനുമൊഴുക്കാമെന്നുള്ള മണ്ടന്‍ സിദ്ധാന്തമെല്ലാം അവരെന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. പിന്നെ ഒന്നു മനസ്സു വച്ചാല്‍ അവര്‍ രക്ഷപ്പെടും.അവരതു ചെയ്യുന്നു. അത്ര തന്നെ.അതിലവരെ കുറ്റം പറഞ്ഞിട്ടൊരു കാര്യവുമില്ല. നമ്മുടെ വിധി.അതു നമ്മള്‍ അനുഭവിച്ചു തീര്‍ക്കുക. അതിനാരെയും പഴി പറയണ്ട. പോലീസും പട്ടാളവുമൊക്കെ വന്നു തലമണ്ട അടിച്ചുപൊളിക്കുന്നതിനുമുമ്പേ ഞാന്‍ മറ്റേതെങ്കിലും കാട്ടുമ്പുറത്ത് ഒരു പത്തുസെന്റ് വാങ്ങാന്‍ പറ്റുമോയെന്നു നോക്കാന്‍ പോകുവാ. നീ വരുന്നെങ്കില്‍ വാ. ജനിച്ചുപോയില്ലേ. ഇനി എങ്ങിനെയെങ്കിലും ജീവിച്ചുതീര്‍ത്തല്ലേ പറ്റൂ".

"ഈ നാടിന്റെ പൊന്നോമനപുത്രന്‍ നാട്ടുകാരുടെ കണ്ണുലുണ്ണിയായ നമ്മുടെ പ്രീയങ്കരനായ നേതാവ് നാളെ വൈകുന്നേരം അഞ്ചുമണിക്ക് പട്ടിവളര്‍ത്തല്‍കേന്ദ്രത്തിനു തറക്കല്ലിടുന്നതിനായി ഇവിടെ എത്തിച്ചേരുന്ന വിവരം നല്ലവരായ എല്ലാ നാട്ടുകാരേയും സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ മഹരതമ്മാര്‍ പങ്കെടുക്കുന്നു. ഈ നാടിന്റെ മുഖച്ഛായ തന്നെ മാറ്റുവാന്‍ പോകുന്ന നിരവധി ആളുകള്‍ക്കു തൊഴില്‍ കിട്ടുവാനുതകുന്ന ഈ മഹനീയ സംരംഭം ഒരു വമ്പിച്ച വിജയമാക്കി തീര്‍ക്കുവാന്‍'.........

അകന്നകന്നു പോകുന്ന ആ അനൌണ്‍സ്മെന്റ് വാഹനം നോക്കി നില്‍ക്കുമ്പോള്‍ വാസുവിന്റെ മുഖത്ത് നിര്‍വികരതയായിരുന്നു.

"ത്ഫൂ................"

ആഞ്ഞൊന്നു കാറിത്തുപ്പിയശേഷം അയാള്‍ എവിടേയ്ക്കെന്നില്ലാതെ നടന്നു നീങ്ങി.