Sunday, May 9, 2010

പോക്കിരി രാജ-ഒരു സത്യസന്ധമായ റിവ്യൂ.


കുറച്ചുനാളുകളായി വിചാരിക്കുന്നതാണു ഒരു സിനിമകണ്ടിട്ട് അതിനെ ഒന്നു നിരൂവിക്കണമെന്ന്‍.സകലമാനപേരും സിനിമകളെ അളന്നുകീറിമുറിച്ച് കാലും അരയും ഒന്നരയും മാര്ക്കൊ ക്കെക്കൊടുത്ത് ലോകസംഭവങ്ങളായി വിഹരിക്കുന്ന ഈ ബൂലോകത്തു ഈ കുഞ്ഞാടും കൂടൊന്നു മാന്തിപ്പൊളിച്ചു നോക്കുവാണു. നിരൂവണം അത്ര എളുപ്പമല്ലെന്നറിയാം.അത് ആധികാരികമായി ചെയ്യുവാന്‍ പുലികളും സിംഹങ്ങളും ഒക്കെയുണ്ടെങ്കിലും നമ്മളും ഒന്നിനും പുറകിലല്ല എന്നു കാണിക്കണം എന്ന ഒരു തോന്നല്‍. അത്ര മാത്രം. അല്ലാണ്ട് ഇതൊക്കെ ചെയ്യുവാന്‍ എനിക്കെന്താ പ്രാന്തൊണ്ടാ.അല്ല പിന്നെ. എന്നാ പിന്നെ ഞാനങ്ങട്ട്....


ഈ സിനിമയെകുറിച്ച് പറയുന്നതിനുമുമ്പ് ഒരല്‍പ്പം ചരിത്രം.കുന്നത്തുതറവാട്ടിലെ മാധവന്‍ (‍നെടുമുടി) മാഷിന്റെ മക്കളായ രാജയും സൂര്യയും. ഒന്നും മമ്മൂട്ടിയും മറ്റേത് പൃഥ്വീരാജുമാണെന്നാണു സങ്കല്‍പ്പം. അല്ല അതു സത്യമാണു. രണ്ടും നല്ല വെളഞ്ഞ വിത്തുകളാണ്. അവിചാരിതമായുണ്ടായ ചില സംഭവങ്ങളുടെ പരിണിതഫലമായി മൂലം രാജ എന്ന മമ്മൂട്ടിക്ക് നാടുവിട്ടു മധുരയ്ക്കു പോകേണ്ടി വരുന്നു. ഏറ്റവും അടുത്ത സ്ഥലം മധുരയായിരുന്നു. അതുകൊണ്ട് അവിടേയ്ക്കുപോയി.അത്ര മാത്രം. പിന്നെ അവിടത്തെ വെവരമില്ലാത്ത ആള്‍ക്കാരുടെ നേതാവായി സസുഖം വാഴുന്നു. അപ്പോള്‍ പിന്നെ സൂര്യ എന്തു ചെയ്യുന്നു എന്നു നോക്കാം.

നാട്ടില്‍ നല്ല ഒന്നാന്തരം തല്ലും ബഹളവുമൊക്കെയായി നടക്കുന്ന ചെക്കനെ സഹിക്ക വയ്യാതെ അപ്പന്‍ സൂര്യയുടെ അളിയന്റെ അടുത്തേയ്ക്കയക്കുന്നു. സുരാജ് വെഞ്ഞാറമൂടെന്ന ജീവിയാണാ സാധനം. സൂര്യ അവിടെയെത്തിയപ്പോള്‍ കളി മാറുകയാണു. ഹൊ എന്റമ്മോ. കമ്മീഷണറുടെ മോളെ പ്രേമിക്കുന്നു. ആടുന്നു, പാടുന്നു എടുത്തുചാടി ഓടുന്നു.ഒന്നും പറയണ്ട പുള്ളേ.എന്തിനേറെ പറയുന്നു. സിദ്ദിഖ് എന്ന കമ്മീഷണര്‍ ആശാനെ കള്ളക്കേസില്‍ കുടുക്കുന്നു. അടി ഇടി ഗരുഡന്തൂക്കം ലോക്കപ്പ് മര്‍ദ്ദനം.അതിനെതിരെ ഇടതുപാര്‍ട്ടികളുടെ ഹര്‍ത്താലും വലതമ്മരുടെ വഴിതടയലും. വല്ല രക്ഷയുമൊണ്ടാ. സാക്ഷാല്‍ രാജ തന്നെ (മമ്മൂട്ടി) വരേണ്ടിവന്നു. അനിയനെ ആപത്തില്‍ നിന്നും രക്ഷിക്കാന്‍.പിന്നെ നടക്കുന്നതിനൊന്നും ഞാന്‍ ഉത്തരവാദിയല്ല. മമ്മൂട്ടി ഡാന്‍സുകളിച്ചെന്നോ ആരെയോ കണ്ണിറുക്കിക്കാണിച്ചെന്നോ. ആരുടെയൊക്കെയോ നെഞ്ചിങ്കൂടിടിച്ചിളക്കിയെന്നോ. ആകെ ബഹളമയമായിരുന്നു മക്കളേ. എന്റെ കയ്യിലൊരു കയറുണ്ടായിരുന്നെങ്കില്‍ ഞാന്‍ അടുത്തിരുന്ന നാറിയെ തിയേറ്ററിനകത്തു കെട്ടിതൂക്കിയേനെ.എന്നാ ബഹളമായിരുന്നെന്നേ.

ഇനി ഓരോ ഇനം തിരിച്ചു മാര്‍ക്കു കൊടുക്കാം.

രാജ എന്ന കഥാപാത്രമായി മമ്മൂട്ടി എന്തുചെയ്യുവാണെന്ന്‍ ആശാനുപോലുമറിയില്ല..പ്രായം കൂടിയിട്ടൊണ്ട്. പിന്നെ മീശ താഴേക്കു വളര്‍ത്തിയെറക്കിയിരിക്കുന്നതില്‍ ഒരു വശത്തിനു എറക്കം അര മില്ലി കൂടുതലുമാണ്. പൃഥ്വീരാജ് കുറച്ചുകൂടി സ്റ്റൈലായിട്ടൊണ്ട്. എന്നാലും ചില ആങ്കിളുകളില്‍ നിന്നും നോക്കുമ്പോല്‍ ഒരു രസമില്ലായ്മ. നായികയ്ക്കു ഇത്രയേറെ വസ്ത്രങ്ങള്‍ കൊടുത്തതുമൂലം അവരെ അപമാനിക്കുകയാണു സത്യത്തില്‍ ചെയ്തതു. പിന്നെ കൊറേയേറെ താരങ്ങള്‍ ഇതില്‍ അപിനയിച്ചിട്ടുണ്ടെന്നു കേട്ടു.ഞാന്‍ കണ്ടില്ല. എന്തഭിനയം. ആകെ രസമായിട്ടൊണ്ടായിരുന്നതു ഐറ്റം ഡാന്‍സുമാത്രമായിരുന്നു. എന്തോ കഥയാണിത്.എനിക്കൊന്നും മനസ്സിലായില്ല. എന്റടുത്തിരുന്നവന്‍ ആസ്വദിച്ചുകാണുന്നതു കണ്ടു. വിവരമില്ലാത്ത ശവി.എവര്‍ക്കാര്‍ക്കും ഒരു മാര്‍ക്കുമില്ല.വേറെ പണിയില്ലേ എനിക്കു.

ഒരു പുതുമുഖമായിരുന്നിട്ടുകൂടി വൈശാഖന്‍ പോക്കിരിരാജയെ കളര്‍ഫുള്ളായി അവതരിപ്പിച്ചതുകൊണ്ട് ഒരു രണ്ടേമുക്കാല്‍ മാര്‍ക്കു കൊടുക്കാം. എന്നാലും വലിയ പ്രതീക്ഷയില്ല.

ആയിരക്കണക്കിന് സിനിമകളെ കോര്‍ത്തെടുത്ത് ഒരു പുത്തന്‍ പടമുണ്ടാക്കിയ ആ രചനാവൈഭവത്തിനു മുമ്പില്‍ സാഷ്ടാങ്കം പ്രണമിച്ചുകൊണ്ട് സിബി ഉദയന്‍ ടീമിനു ഒമ്പതു മാര്‍ക്ക്.

പാട്ടുകള്‍ .പോര.പലയിടത്തും ശ്രുതി പോയി. ചരണം പാടുമ്പോള്‍ പല്ലവിക്ക് ഒച്ച കുറഞ്ഞുപോയി. മാര്‍ക്കുമില്ല. ഒരു കോപ്പുമില്ല.

ഷാജിയുടെ കാമറയുടെ കാര്യമാണെങ്കില്‍ പിന്നെ പറയണ്ട. മമ്മൂട്ടി കാറില്‍ നിന്നുമിറങ്ങുമ്പോള്‍ കാറിന്റെ ടയറിന്റെ നിഴലിനെ എടുത്തു കാണിച്ചത് അവിസ്മരണീയമായ ഒരു അനുഭവമായി തോന്നി. വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ടാണത്. മാര്‍ക്ക് ഒരു ഒന്നര.

പിന്നെ ചിത്ര സംയോജനം, ഡബ്ബിങ്, കലാസംവിധാനം, ഫൈറ്റ് എല്ലാത്തിനേയും എടുത്തെടുത്തു പറയണമെങ്കില്‍ ദെവസങ്ങളെടുക്കും.അതുകൊണ്ട് എല്ലാത്തിനും കൂടി ഒരു നാല് മാര്‍ക്കു.

മുളകുപാടം ഫിലിംസിനുവേണ്ടി ടോമിച്ചന്‍ മുളകുപാടം നാലഞ്ചുകോടി മുടക്കി നിര്‍മ്മിച്ച ഈ ചിത്രം ഒരു വലിയ വിജയമാകുമെന്നാണു പ്രതീക്ഷ. ഇല്ലെങ്കില്‍ ടോമിച്ചന്റെ കണ്ണില്‍ പാടത്തെ മൊളകുമുഴുവനരച്ചുതേച്ച അവസ്ഥയാകും.അല്ല ആവശ്യമില്ലാത്തതിനുപോയാ അങ്ങിനെയൊക്കെയുണ്ടായെന്നിരിക്കും.

ഇനി കൂടുതലൊന്നും പറയാനില്ല. ഞാന്‍ പെട്ടന്ന്‍ പോയി അടുത്ത സില്‍മയുടെ നിരൂവണം തയ്യാറാക്കട്ടെ.

സസ്നേഹം സ്വന്തം
വാസവന്‍ പാവറട്ടി(മലയാള സാഹിത്യ നിരൂവകന്‍ കം എഴുത്തുകാരന്‍)വാല്‍: ഈ സിനിമ എന്തായാലും ഒന്നു കാണണം. ചെലപ്പം നല്ലതാണെങ്കിലോ.

5 comments:

 1. നല്ല കലക്കൻ നിരൂവണം !! :)

  ReplyDelete
 2. നീ മോഹന്‍ലാലിന്‍റെ ആളാണ് അല്ലെ? ഇനി നീ ആശാന്റെ പടം നിരൂവിച്ചാല്‍ മതി മനസിലായോടാ കൂതറ......

  ReplyDelete
 3. മമ്മൂട്ടി കാറില്‍ നിന്നുമിറങ്ങുമ്പോള്‍ കാറിന്റെ ടയറിന്റെ നിഴലിനെ എടുത്തു കാണിച്ചത് അവിസ്മരണീയമായ ഒരു അനുഭവമായി തോന്നി. വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ടാണത്.ഈ നിരൂവണം നിരുവിച്ചത് നന്നായി...
  സിനിമകണ്ടിട്ട് നല്ലതു വല്ലതും ഉണ്ടങ്കില്‍ പറയണേ

  ReplyDelete