Saturday, May 15, 2010

ഉദയപുരാണം വീണ്ടും

തങ്കപ്പന്‍ നായര്‍, നാരായണിച്ചേച്ചി, മൂത്തമകള്‍ സുനന്ദ (19 വയസ്സ്) ,ഇളയത് സുമ (14 വയസ്സ്). സന്തുഷ്ടകുടുംബമാണോയെന്നു ചോദിച്ചാല്‍ ആ വീട്ടില്‍ നിന്നും തങ്കപ്പന്‍ അവര്‍കളുടെ ഒച്ചയൊന്നും പുറത്ത് കേള്‍ക്കാത്തതിനാല്‍ ആണെന്നു തന്നെ പറയാം. നാരായണി ചേച്ചിയെകുറിച്ച് എന്തെങ്കിലും പറയുന്നത് വളരെയേറെ സൂക്ഷിച്ചായിരിക്കണം. ഇരുതലമൂര്‍ച്ചയുള്ള വാളാണ് ചേച്ചി. ആരെങ്കിലും ഒന്നു തൊട്ടാല്‍ എപ്പോള്‍ മുറിഞ്ഞെന്നു ചോദിച്ചാല്‍ മതി. ഒരു മാസം ഉറക്കം പോലും നഷ്ടപ്പെട്ടുപോകുന്ന തരത്തിലുള്ള മുട്ടന്‍ തെറികള്‍ കിട്ടിയിട്ടുള്ള പലരും നാട്ടിലുണ്ട്. അതുകൊണ്ട് തന്നെ അറിഞ്ഞുകൊണ്ടാരും അവരുടെ വായില്‍ തല വയ്ക്കാറില്ല. സുനന്ദയെ വട്ടമിട്ടുപറന്ന ചെല കോമളകളേബരമ്മാരെ ചേച്ചി ഒന്നു ഉപദേശിച്ചതിനുശേഷം ആ ഭാഗം അടൂര്‍ സാറിന്റെ സിനിമ പോലെ പൂര്‍ണ്ണ നിശബ്ദതയിലാണു. പാവം സുനന്ദ. അവളുടെ ദുഃഖമാരറിയുന്നു.

സുമതിയമ്മയും വിശ്വന്‍ പിള്ളയുമാണ് നാരായണിചേച്ചിയുടെ അയള്‍ക്കാര്‍. പൊതുവേ ശാന്തമായ ഒരു കുടുംബം.ഒരേയൊരു മകന്‍ പട്ടണത്തിലെ കോളേജില്‍ പഠിക്കുന്നു. മാസത്തിലൊരിക്കലോ മറ്റോ മാത്രമേ വരാറുള്ളു. നാരായണിയുമായി നല്ല ലോഹ്യത്തിലായിരുന്നു. പക്ഷേ ആ ലോഹ്യം ഒരു കൊടും ശത്രുതയിലേക്കു മാറിയത് വളരെപെട്ടന്നായിരുന്നു.അതിനു കാരണക്കാരനായതോ നാരായണി ചേച്ചിയുടെ പുരയടത്തില്‍ നില്‍ക്കുന്ന ഒരു പറങ്കി മാവും.ഈ പറങ്കി മാവ് രണ്ട്പേരുടേയും പുരയിടത്തിന്റെ അതിരിനോടു ചേര്‍ന്നാണു നില്‍ക്കുന്നത്. രാവിലെ ഉണര്‍ന്നെഴുന്നേറ്റു കരിയില തൂത്തുകളയാനേ സുമതിയമ്മക്കു നേരമുള്ളു. കിണറ്റിന്റെ ഭാഗത്തേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന കൊമ്പുകളെങ്കിലും മുറിച്ചുമാറ്റാന്‍ നിരവധി പ്രാവശ്യം നാരായണിയോടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നല്ല കായ്ഫലമുള്ള ആ പറങ്കിമാവിന്റെ ഒരു കമ്പു പോലും മുറിക്കാന്‍ നാരായണി ചേച്ചി
തയ്യാറായിരുന്നില്ല.

ഒരു ദിവസം അടുക്കളയില്‍ നിന്നും എന്തോ സാധനമെടുക്കാനായി പുറത്തേയ്ക്കിറങ്ങിയ സുമതിയമ്മ ആ കാഴ്ചകണ്ടു ശരിക്കും ഞെട്ടി. തന്റെ മകന്റെ കരവലയത്തില്‍ അമര്‍ന്നുനില്‍ക്കുന്ന സുനന്ദ. ഈ രീതിയില്‍ പോവുകയാണെങ്കില്‍ സുനന്ദയുടെ ഡെലിവറിയുടനെയുണ്ടാകുമെന്ന്‍ മനസ്സിലാക്കിയ സുമതിയമ്മ മകനെ പിറ്റേന്നു തന്നെ ഹോസ്റ്റലിലേയ്ക്കു നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയും വീടിനുചുറ്റും ഒരു മതില്‍ കെട്ടുന്നതിനെപ്പറ്റി കണവനുമായി സംസാരിച്ചു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു.

യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരംഭിക്കുന്നതു ഇനി മുതലാണ്.

മതിലുകെട്ടുന്നതിനായി അസ്ഥിവാരമിടാനായി തോണ്ടിയപ്പോഴാണു പറങ്കിമാവ് ഒരു വില്ലന്റെ രൂപം കൈക്കൊണ്ട് വഴി തടഞ്ഞത്. പുള്ളിക്കാരന്റെ അണ്ടെര്‍ഭാഗങ്ങള്‍ സുമതിയമ്മയുടെ പുരയിടത്തിലേയ്ക്കു കയ്യേറ്റം നടത്തിയിരിക്കുകയാണു. പറങ്കിമാവ് മുറിക്കാതെ മതില്‍ കെട്ടാന്‍ പറ്റില്ല. മാവ് മുറിക്കുന്ന കാര്യമാലോചിക്കുവാന്‍ നാരായണിയുടെ ചെന്ന വിശ്വന്‍ പിള്ള ഈ ജീവിതത്തിലിന്നേവരെ കേട്ടിട്ടില്ലാത്ത പൂരം പോലത്തെ തെറി കേട്ടതിന്റെ ഷോക്കില്‍ നിന്നും ഇതേവരെ മോചിതനായിട്ടില്ല. അതിനെതുടര്‍ന്ന്‍ സുമതിയമ്മ യുദ്ധരംഗത്തേയ്ക്കിറങ്ങുകയും കുറച്ചു സമയം ആ പ്രദേശം ഇന്‍ഡൊ പാക്ക് യുദ്ധഭൂമിക്കു സമമാകുകയും ചെയ്തു. അരമണിക്കൂര്‍ നേരത്തെ ആക്രമണത്തിനുശേഷം ഉച്ചഭക്ഷണത്തിനായി യുദ്ധം നിര്‍ത്തിവച്ചു.

"എന്റെ നാരായണീ നീ എന്തിനാടി ഇങ്ങനെ വഴക്കുണ്ടാക്കുന്നതു.നമുക്കാ മാവു മുറിച്ചുകൊടുക്കാം.ഒന്നുമില്ലേലും അവര്‍ ഒരുപാടുകാശുമൊടക്കി മതില്‍ ഇത്രയുമാക്കിയതല്ലേ".ഒരു അനുരഞ്ജനഭാഷയില്‍ മിസ്റ്റ്ര്‍ തങ്കപ്പന്‍ നായര്‍ വാമഭാഗത്തോടു പറഞ്ഞു.

"ത്ഫ....

ആ പഞ്ചായത്തുപോലും അത്തരത്തിലുള്ള ഒച്ചയില്‍ ഒരാട്ട് കേട്ടിട്ടുണ്ടായിരുന്നില്ല.

രണ്ടുദിവസമായി തുടരുന്ന യുദ്ധസമാനാമായ അന്തരീക്ഷത്തില്‍ വെടിനിര്‍ത്തല്‍ ദൌത്യവുമായി പഞ്ചായത്തുമെമ്പര്‍ സ്ഥാനാര്‍ത്ഥി സഹദേവന്‍ നായര്‍ രംഗത്തെത്തി.

"നാരായണീ നിങ്ങളിങ്ങനെ വഴക്കും ബഹളവുമൊക്കെയായി കഴിഞ്ഞാല്‍ അയല്വക്കത്ത് താമസിക്കുന്ന മറ്റുള്ളവര്‍‍ക്കു ശല്യമാവില്ലേ. ആ പറങ്കിമാവ് മുറിക്കുന്നതാണു നിനക്കും നല്ലതു.ഇപ്പോത്തന്നെ അത് നിന്റെ വീട്ടിന്റെ പുറത്തേയ്ക്കു ചാഞ്ഞാണു നില്‍ക്കുന്നതു. വല്ല ശക്തിയായ മഴയോ കാറ്റോ വന്നാല്‍ നിന്റെ വീടും കൊണ്ടേ അവന്‍ പോകൂ. പിന്നെ ഞാന്‍ കൊറച്ച് രൂപ വിശ്വന്‍പിള്ളയുടെ കയ്യില്‍ നിന്നും മേടിച്ചുതരാം. അതുകൊണ്ട് വഴക്കൊക്കെ അവസാനിപ്പിച്ച് അതു മുറിക്കാമെന്നു സമ്മതിച്ചോ. അവരു മതിലുകെട്ടട്ടേ". വളരെ താഴ്മയോടുള്ള മെമ്പറുടെ വാക്കുകള്‍ കേട്ടു അല്‍പ്പമൊന്നാലോചിച്ചശേഷം നാരായണി പറഞ്ഞു.

"ശരി മെമ്പറേ.ഞാനായിട്ടിനി വഴക്കിനൊന്നും നിക്കുന്നില്ല. മുറിച്ചേക്കാം. പക്ഷേ ആളിനെ നിര്‍ത്തി അവളുമുറിപ്പിച്ചുതരണം.അതും എന്റെ വീടിനൊരു കൊഴപ്പവും വരുത്താതെ"

"ഇത്രയേയൊള്ളോ അതു ശരിയാക്കാം". ആശ്വാസത്തോടെ പറഞ്ഞുകൊണ്ട് നായര്‍ ജേതാവിനെപോലെ പുറത്തിറങ്ങി പിള്ളയുടെ വീട്ടിലേയ്ക്കു നടന്നു.

"എന്റെ പിള്ളേച്ചാ ഒരു വിധത്തീപ്പറഞ്ഞു സമ്മതിപ്പിച്ചു. പിന്നെ ആരെയെങ്കിലും ഒടനെ ഏര്‍പ്പാടാക്കി അതു മുറിക്കണം. ഒരു കാര്യം ചെയ്യാം നമ്മുടെ ചെക്കനുണ്ട്.അവനെ ഞാന്‍ തന്നെ പോയി വിളിച്ചുകൊണ്ട് വരാം.ശടപടേന്ന്‍ കാര്യം കാണണമല്ലോ. അപ്പം ഞാനെറങ്ങട്ടേ". തലചൊറിഞ്ഞുകൊണ്ട് മെമ്പര്‍ നിന്നു ചുറ്റിത്തിരിയുന്നതുകണ്ട വിശ്വന്‍ പിള്ള കൊറച്ച് രൂപ നായരുടെ കയ്യില്‍ കൊടുത്തു.

"അപ്പം ശരി ഞാന്‍ രാവിലെ അവനുമായി എത്തും". പറഞ്ഞുകൊണ്ട് മെമ്പര്‍ പുറത്തേയ്ക്കിറങ്ങി.

.....................

"എടാ ഉദയാ പറഞ്ഞതെല്ലാമോര്‍മ്മയുണ്ടല്ലോ. കാശ് ഒട്ടും കൊറച്ച് പറയണ്ട.അവര്‍ക്കത്യാവശ്യമായത് കൊണ്ട് ചോദിക്കുന്നത് കിട്ടും.പിന്നെ എന്നെ മറന്നു കളയരുതു".

"ഇല്ല മെമ്പറേ. ഞാനങ്ങിനെ ചെയ്യുമോ.എന്നെ നന്നായിട്ടറിഞ്ഞുകൂടേ". വേഗത്തില്‍ നടന്നുകൊണ്ട് ഉദയന്‍ പറഞ്ഞു.

"നിന്നെയെനിക്കു നന്നായിട്ടറിയാം മോനേ. അതുകൊണ്ട് പറഞ്ഞതാ. നീ ആ ശിവദാസനു റബ്ബറുനടാന്‍ കുഴിയെടുത്തിട്ട് അവനെ വലിപ്പിച്ചതെന്തിനാടാ.വേറെ ആള്‍ക്കാരെ നിര്‍ത്തി അവന്‍ ഒന്നേന്നു കുഴിയെടുപ്പിച്ചു. ആ സമയത്തെങ്ങാനും നിന്നെ അവന്റെ കയ്യീകിട്ടിയിരുന്നെങ്കില്‍"

"ഹും എന്നെയോ. കിട്ടും കിട്ടും.ഇതീന്നും വലിയവമ്മാരു വിചാരിച്ചിട്ടു നടന്നിട്ടില്ല.ഞാനാരാ മോന്‍."

"അതൊക്കെപോട്ടെ. സഹായത്തിനു ഒന്നു രണ്ടുപേരെയും വിളിച്ച് ഞാന്‍ വരാം. നീ പോയി കയറും കോടാലിയുമൊക്കെ എടുത്തുകൊണ്ട് വാ".

"ശരി ചേട്ടാ".

ആദ്യമേ തന്നെ ഉദയന്‍ സുമതിയമ്മയുമായി സംസാരിച്ച് പണത്തിന്റെ കാര്യമെല്ലാം ഇടപാടാക്കി. അല്ലേലും അവസാനം പണം വാങ്ങുന്നത് നടപ്പല്ലെന്നു ഉദയനു തന്നെയറിയാം. പിന്നെയെല്ലാം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു. ഉദയന്റെ സഹായി വേലപ്പന്‍ പറങ്കിമാവില്‍ കയറി ചെറു കമ്പുകളും മറ്റും കൊത്തിയിട്ടു. അതെല്ലാം വാരിമാറ്റുന്നതിനായി സുനന്ദയും സുമയും രംഗത്തിറങ്ങി. മൂത്ത തക്കാളിയെ നോക്കി കൊതിയൂറിക്കൊണ്ട് ഉദയന്‍ വേലപ്പനു നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് മെമ്പര്‍ സ്ഥാനാര്‍ത്ഥി നായര്‍ തെക്കുവടക്കു നടക്കുന്നുണ്ടായിരുന്നു. ഇതിനിടയ്ക്കു സുനന്ദയുടെ മിഴികളുമായി ഉദയന്റെ കണ്ണുകള്‍ അങ്കം തുടങ്ങിക്കഴിഞ്ഞിരുന്നു. ശിഖരങ്ങള്‍ ഒരുവിധം മുറിച്ചുമാറ്റി വടം പറങ്കിമാവില്‍ കെട്ടി. ഉദയനും മറ്റു രണ്ടുമൂന്നുപേരും അതില്‍ പിടിച്ചു. നാരായണിചേച്ചിയുടെ വീട്ടില്‍ വീഴാതെ സൂക്ഷിക്കണമല്ലോ. വേലപ്പന്‍ പറങ്കിമാവിന്റെ മൂട് മുറിക്കുവാനായാരംഭിച്ചു. വടം പിടിക്കുന്നുണ്ടായിരുന്നെങ്കിലും ഉദയന്റെ കണ്ണുകള്‍ സുനന്ദയുടെ നേര്‍ക്കായിരുന്നു. അവളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഇടയ്ക്കിടയ്ക്ക് ഉച്ചത്തില്‍ വേലപ്പനോടു ആ കടയ്ക്ക് വെട്ടു കേറ്റി വെട്ട് എന്നെല്ലാം ആശാന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മരം ഏകദേശം വീഴാറായി. എല്ലാപെരും ഒത്തുപിടിച്ചോളണേയെന്നു പറഞ്ഞുകൊണ്ട് വേലപ്പന്‍ ആഞ്ഞുവെട്ടി. സുനന്ദയുമായി കണ്ണുകള്‍ കൊണ്ട് കഥപറഞ്ഞുകൊണ്ടിരുന്ന ഉദയന്‍ താന്‍ കാലുറപ്പിച്ചുചവിട്ടിയിരുന്ന മണ്‍കട്ട ഇളകുന്നതറിഞ്ഞില്ല. പിന്നെയെല്ലാം വളരെപ്പെട്ടന്നായിരുന്നു. മണ്‍കട്ടയുടഞ്ഞതും പുറകില്‍ നിന്നു വടം പിടിച്ചുകൊണ്ടിരുന്നവന്റെ പള്ളയ്ക്ക് തന്റെ കൈമുട്ടിടിച്ചതുമൂലം അവന്‍ വടത്തില്‍ നിന്നു പിടിവിട്ടതും ആരും പിടിക്കാനില്ലാത്ത പറങ്കിമാവ് അതിന്റെ സ്വന്തം ഇഷ്ടപ്രകാരം നാരായണിചേച്ചിയുടെ വീടിന്റെ ഒരു വശത്തുമ്മവച്ചുതകര്‍ത്തുകൊണ്ട് മെമ്പര്‍ നിന്നിരുന്ന ഭാഗത്തേയ്ക്കു വീണതും ചില നിലവിളികളുയര്‍ന്നതുമെല്ലാം വളരെപ്പെട്ടന്നായിരുന്നു.


മരം വീഴുന്നതുകണ്ട് പുറകിലോട്ട് ഓടിമാറാന്‍ നോക്കിയ മെംബര്‍ മതിലുകെട്ടാന്‍ വച്ചിരുന്ന സിമന്റു ബ്ലോക്കിന്റെ പുറത്തേയ്ക്കു കമിഴ്ന്നുവീണു.വീഴ്ചയില്‍ തന്നെ മറ്റൊന്നും പറയാതെ ആശാന്റെ രണ്ടു പല്ലുകള്‍ കല്ലില്‍ പറ്റിയിരുന്നു.പിന്നെ മുറിഞ്ഞുവാരിയതു വേറെയും. മെംബറേയും തൂക്കിയെടുത്തിട്ട് കരുണന്റെ ആട്ടോറിക്ഷ ആശുപത്രിയിലേയ്ക്കു കുതിച്ചു. ഒരു ഭാഗം തകര്‍ന്ന വീടിനുമുമ്പില്‍ നിന്നും നാരായണിച്ചേച്ചി പാരായണമാരംഭിച്ചു. ആശുപത്രിച്ചെലവും വീടു നന്നാക്കിക്കൊടുക്കുന്നതിനും മറ്റുമായി എത്ര രൂപയാകുമെന്നു വേവലാതിപ്പെട്ട് സുമതിയമ്മ താടിക്കു കയ്യും കൊടുത്തിരുന്നു. ഇനിയെന്തുചെയ്യണമെന്നു ആലോചിച്ചു വിഷണ്ണനായിക്കൊണ്ട് വേലപ്പന്‍ ഒരു ബീഡിയെടുത്തു കൊളുത്തി.ഉദയന്‍ ഈ സമയം കുമാരന്റെ ചായക്കടയിലെത്തി ഒരു ചായ പറഞ്ഞുകഴിഞ്ഞിരുന്നു.

"എന്താ ഉദയാ പറങ്കിമാവു ഇത്രപെട്ടന്നു മുറിച്ചുതീര്‍ന്നോ". ചായ മുമ്പില്‍ കൊണ്ട് വച്ചുകൊണ്ട് കുമാരന്‍ ചോദിച്ചു.

"നമുക്കിതിനൊക്കെ വലിയ സമയം വേണോ കുമാരാ".ചായമൊത്തിക്കുടിച്ചുകൊണ്ട് ഉദയന്‍ പറഞ്ഞു.

"ഭയങ്കരക്ഷീണം.കുളിച്ചിട്ടൊന്നുറങ്ങട്ടെ". ചായയുടെ കാശ് കൊടുത്ത് ഒരു ബീഡി കൊളുത്തിവലിച്ചിട്ട് ഒരു മൂളിപ്പാട്ടും പാടി ഉദയന്‍ വീട്ടിലേയ്ക്കു നടന്നു.

7 comments:

 1. ഉദയന്റെ സാഹസങ്ങളുടെ ഒരു ചെറിയ പതിപ്പുകൂടി. ഇത് നര്‍മ്മമാണോ കര്‍മ്മമാണോ എന്നെല്ലാം നിങ്ങള്‍ തീരുമാനിക്കൂ.

  ReplyDelete
 2. ((((((ഠേ))))))))))
  തേങ്ങാ എന്റെ വക!

  ശ്രീക്കുട്ടാ നന്നായിട്ടുണ്ട്!

  ReplyDelete
 3. കൊള്ളാം, ഉദയന്റെ സാഹസം...
  മനോഹരമായി....

  ReplyDelete
 4. ബലേ ഭേഷ്!!!! നന്നായിട്ടുണ്ട്!!!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. നന്നായിട്ടുണ്ട്

  ReplyDelete
 7. ഉദയന്‍ പിന്നേം ആവഴി വന്നോ .. കഥ മുഴുവന്‍ പറഞ്ഞില്ലല്ലോ, കണ്ണുകൊണ്ടുള്ള !

  ReplyDelete