Tuesday, July 27, 2010

പാപിയായൊരു മകന്‍

അസ്തമയസൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിലേയ്ക്കു മെല്ലെമെല്ലെ അടുത്തുകൊണ്ടിരുന്നു. ഇളം ചുവപ്പു നിറം പടര്‍ന്ന ആകാശത്തിലേയ്ക്ക് ഒരു കൊച്ചുകുട്ടിയുടെ കൌതുകത്തോടെ അയാള്‍ കുറേനേരം നോക്കി നിന്നു. പിന്നെ തന്റെ നീണ്ട താടിയില്‍ തടവിക്കൊണ്ട് ജുബ്ബയുടെ പോക്കറ്റില്‍ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചുകൊണ്ട് നീണ്ടു പരന്നുകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ പാതയില്‍ കൂടി അയാള്‍ പതിയെ നടന്നു. എത്ര വര്‍ഷങ്ങള്‍‍ക്കുശേഷമാണ് ഇതേപോലെ നടക്കുന്നത്. നിറഞ്ഞൊഴുകുന്ന തോട്ടിലെ വെള്ളത്തില്‍ കുത്തിമറിയുന്ന കുട്ടികളെ കണ്ടപ്പോള്‍ അയാളുടെ ഉള്ളിലെ കുസൃതിക്കാരനായ കുട്ടിയുമുണരുന്നുണ്ടായിരുന്നു.വെള്ളത്തില്‍ കിടന്നു മറിയുന്ന രണ്ടു പേരെ നോക്കി ശുണ്ഠിയെടുത്ത് ഒച്ച വയ്ക്കുകയും കയ്യിലിരിക്കുന്ന ചെറിയ കമ്പ് ഉയര്‍ത്തിക്കാണിച്ച് പേടിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖം അയാളുടെ മനോമുകുരത്തില്‍ ഒരു നിമിഷം മിന്നിത്തെളിഞ്ഞു. ആ വെള്ളത്തില്‍ അവര്‍ക്കൊപ്പം കരണം മറിയാനും നീന്തിത്തുടിയ്ക്കാനും മനസ്സാവേശം കൊണ്ടെങ്കിലും അതടക്കിക്കൊണ്ടയാള്‍ മുന്നോട്ടു നടന്നു.

"ഒന്നു തീ തരുമോ"

ആ ചോദ്യമാണ് അയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.പശുവിനേയും പിടിച്ചുകൊണ്ട് ഒരു ബീഡിയും ചുണ്ടിലാക്കി നില്‍ക്കുന്ന ആളിനെ അയാള്‍ സൂക്ഷിച്ചുനോക്കി.നാരായണേട്ടന്‍ തന്നെയത്.പ്രായത്തിന്റെ ചില്ലറ അഴിച്ചുപണികള്‍ ശരീരത്തിലുണ്ടായിട്ടുള്ളതല്ലാതെ വലിയ മാറ്റമൊന്നും വന്നിട്ടില്ല.പോക്കറ്റില്‍ നിന്നും ലൈറ്ററെടുത്ത് നീട്ടിയിട്ട് അയാള്‍ നാരായണേട്ടനെ തന്നെ നോക്കിനിന്നു.

"അല്ല മനസ്സിലായില്ലല്ലോ.എവിടെ പോകുവാനാ"

ബീഡി കത്തിച്ചിട്ട് ലൈറ്റര്‍ തിരികെകൊടുത്തുകൊണ്ട് നാരായണേട്ടന്‍ അയാളോട് ചോദിച്ചു.

"ഞാന്‍..അത്..പിന്നെ വാക്കുകള്‍ കിട്ടാതെ ഒന്നുഴറിയ അയാള്‍ തൊണ്ടയില്‍ ഒന്നു പിടിച്ചു.

"കൊറച്ചു ദൂരേന്നാ.എത്തിയപ്പോള്‍ സന്ധ്യയാവാറായി" പറഞ്ഞിട്ടയാള്‍ നടത്തമാരംഭിച്ചു.

"ഇവിടെ ആരെ കാണാനാ" പശുവിനേയും പിടിച്ച് കൂടെ നടന്നുകൊണ്ട് നാരായണേട്ടന്‍ വീണ്ടും ചോദിച്ചു.

"ഈ പാട്ട് കേള്‍‍ക്കുന്നതെവിടെ നിന്നാ". അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന ഭക്തിഗാനം കേട്ടിട്ട് വിഷയം മാറ്റാനെന്നവണ്ണം അയാള്‍ നാരായണേട്ടനോടു ചോദിച്ചു.

"അതോ.അത് ശിവന്റമ്പലത്തീന്നാ. മംഗലത്തെ ശ്രീധരന്നായര് കഴിഞ്ഞ വര്‍ഷം ഒരു മൈക്ക് സെറ്റ് അമ്പലത്തിനു സംഭാവനയായി മേടിച്ചു നല്‍കി.അതോണ്ടു ഇത്തിരി പാട്ടും ഒച്ചേം കേക്കാം.അമ്പലം പുതുക്കിപ്പണിയാമ്പോവേണ്.അതിന്നായി കമ്മറ്റിയൊക്കെ ഒണ്ടാക്കിക്കഴിഞ്ഞു". ഉത്സാഹത്തോടെ പറഞ്ഞിട്ട് നാരായണേട്ടന്‍ പശുവിന്റെ കയറിമ്മേല്‍ പിടിച്ചു വലിച്ചുകൊണ്ട് നടന്നു.

"അമ്പലത്തിന്റെ അടുത്ത താമസിച്ചിരുന്ന ദേവകിയമ്മയ്ക്കിപ്പോളെങ്ങിനെയുണ്ട്".അയാള്‍ മടിച്ചുമടിച്ച് നാരായണേട്ടനോട് ചോദിച്ചു.

നടന്നുകൊണ്ടിരുന്ന നാരായണേട്ടന്‍ പെട്ടന്ന്‍ നിന്നു.

"വടക്കേലെ ദേവകിയുടെ കാര്യമാണോ നിങ്ങള്‍ ചോദിയ്ക്കുന്നത്.കഷ്ടം ആരും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയും രോഗോമൊക്കെയായി നരകിച്ചു നരകിച്ചാ പാവം മരിച്ചത്.ഒന്നൊന്നരകൊല്ലായി.രണ്ടു മക്കളൊണ്ടായിരുന്നെന്ന്‍ പറഞ്ഞിട്ടെന്താ കാര്യം.അനാഥപ്രേതത്തിനെപ്പോലെ കുഴിച്ചിടുകയായിരുന്നു.ഒരു ആണ്‍ചെറുക്കനൊണ്ടായിരുന്നത് പത്തുപതിനഞ്ച് കൊല്ലം മുമ്പ് നാടുവിട്ടുപോയതാ.ചത്തോ ജീവിച്ചിരിക്കുന്നോ എന്നുപോലും ആര്‍ക്കുമറിയില്ല.പിന്നെയൊള്ള മോള്.അത് പറയാതിരിക്കുകയാ ഭേദം.അല്ല ഇതൊക്കെ ചോദിക്കുവാന്‍ നിങ്ങളാരാ.അവരുടെ ബന്ധുവോ മറ്റോ ആണോ"

നടവഴിയില്‍ ഒരു പ്രതിമകണക്കേ നിശ്ചലം നിന്ന അയാളുടെ തോളില്‍ പിടിച്ചു കുലുക്കിക്കൊണ്ട് നാരായണേട്ടന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു.കണ്ണുകളില്‍ ഉറഞ്ഞുകൂടിയ നീര്‍മണികള്‍ നാരായണേട്ടന്‍ കാണാതെ തുടച്ചുകൊണ്ടയാള്‍ മെല്ലെ നടത്തം തുടര്‍ന്നു.

"കാര്യം ദേവകി പെഴയൊക്കെതന്നേരുന്നു.രണ്ടു മക്കളേം ഒണ്ടാക്കിയിട്ട് കള്ളുകുടിച്ച് അടിയുമൊണ്ടാക്കിനടന്ന ദിവാരന് വീട്ടുകാര്യം നോക്കാനെങ്ങാനും സമയോണ്ടാരുന്നോ.ഒടുവില്‍ പാടത്തിട്ട് ആരൊ കുത്തിക്കൊല്ലുകാര്‍ന്നു.ആറേഴു കുത്തൊണ്ടായിരുന്നു മേത്ത്.മക്കളെ വളത്താനായി മറ്റൊരു വഴീമില്ലാണ്ടായപ്പോ ദേവകി പിഴച്ചു.അതിനവളെ കുറ്റം പറയാനൊക്കോ.പത്തു പതിനാലു വയസ്സുവരെ കഷ്ടപ്പെട്ട് വളര്‍ത്തിയപ്പോ ആ ചെക്കന്‍ ഒരു ദെവസം കേറിയെടഞ്ഞേക്കണ്. തള്ളേടെ തൊഴിലുമൂലം അവനു മാനക്കേട് സഹിക്കാന്‍ പറ്റണില്ലാത്രേ. അല്ല അവനേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെക്കന്‍ വലുതായപ്പോ അവനു മനസ്സിലാവൂല്ലേ എല്ലാം.ഒടുവീ ഒരീസം വീട്ടിലെ കലോം ചട്ടീമൊക്കെ വാരിവലിച്ചുപൊട്ടിച്ചിട്ട് ചെക്കനെങ്ങാണ്ടോടിപ്പോയി. പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ.അതീപ്പിന്നെ ദേവകി അപ്പണി നിര്‍ത്തി. വീടുകളിലൊക്കെപ്പോയി കൊച്ചുകൊച്ചു ജോലിയൊക്കെചെയ്ത് ആ പെങ്കൊച്ചിനെ വളര്‍ത്തി.പറഞ്ഞിട്ടെന്താ കാര്യം തള്ളേടല്ലേ മോള്. ഹെയ്..ഹെ നില്ല് പശൂ. ഇതെവിടെ ഓടേണ്".പെട്ടന്ന്‍ കയറും വലിച്ചുകൊണ്ട് വയലിലെയ്ക്കോടിയെറങ്ങിയ പശൂന്റെ പിറകേ നാരായണേട്ടന്‍ വയലിലേയ്ക്കു ചാടി.

വയല്‍വരമ്പേ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ ബലം നഷ്ടപ്പെട്ടതുപൊലെ വിറയ്ക്കുന്നുണ്ടായിരുന്നു.എവിടെയെങ്കിലും ഒന്നിരിയ്ക്കാന്‍ അയാള്‍ കൊതിച്ചു.അമ്പലത്തിനടുത്തെ കൊച്ചു ചായക്കടയിലെ ബെഞ്ചിലായി തളര്‍ന്നിരുന്ന അയാള്‍ ഒരു ചായ പറഞ്ഞശേഷം മേശമേലിരുന്ന ജഗ്ഗിലെ മുഴുവന്‍ വെള്ളവും കുടിച്ചു തീര്‍ത്തു.വിറയാര്‍ന്ന കൈകളാലൊരു സിഗററ്റെടുത്ത് ചുണ്ടില്‍ വച്ചു കൊളുത്തിയശേഷം അയാള്‍ ചുറ്റുമൊന്നു നോക്കി.കടയിലിരിക്കുന്ന രണ്ടുമൂന്നുപേര്‍ തന്നെ തന്നെ ഉറ്റു നോക്കുന്നു.കടക്കാരന്‍ നീട്ടിയ ചായമേടിച്ചുകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പശുവിനെ ഒരു തെങ്ങില്‍ കെട്ടിയിട്ട് നാരായണേട്ടനുമെത്തി.ചായ കുടിച്ചുകഴിഞ്ഞ് കാശും കൊടുത്തിട്ട് അയാള്‍ പെട്ടന്ന്‍ അവിടെ നിന്നുമെഴുന്നേറ്റ് നടക്കാനാരംഭിച്ചു.

"അല്ല ആരാണെന്ന്‍ പറഞ്ഞില്ലല്ലോ".

പുറകില്‍ നിന്നും നാരായണേട്ടന്‍ വിളിച്ചു ചോദിക്കുന്നത് അയാള്‍ കേട്ട ഭാവം നടിച്ചില്ല. സന്ധ്യ മയങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. വീതിയേറിയ ആ വരമ്പിന്റെ തലയ്ക്കല്‍ നിന്നുകൊണ്ട് അയാള്‍ പ്രേതഭവനം പോലെ വാഴപ്പണകള്‍ക്കിടയില്‍ നില്‍ക്കുന്ന ആ കൊച്ചുമാടത്തിലേയ്ക്കു സൂക്ഷിച്ചു നോക്കി. മെല്ലെ വരമ്പിലൂടെ നടന്നയാള്‍ ആ മുറ്റത്തെത്തി. ചിതലുകേറി ഏകദേശം നിലം പൊത്താറായിരിക്കുന്ന ആ കൂരയുടെ മുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാള്‍ നിന്നു.മുറ്റം നിറയെ കാടുപിടിച്ചുകിടക്കുന്നു. ഇരുട്ടിനു കട്ടി കൂടിക്കൂടി വരുന്നു. എല്ലാം നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീയുടെ ദയനീയമായ തേങ്ങല്‍ അയാളുടെ കാതില്‍ അലയടിക്കുന്നുണ്ടായിരുന്നു.പൊട്ടിപ്പൊളിഞ്ഞ ആ തിണ്ണയില്‍ ഇരുട്ടിനെ സാക്ഷിയാക്കി അയാളിരുന്നു.

"എടാ ശിവാ മോളു വീഴാതെ പിടിച്ചോടാ"

വളരെയകലെനിന്നെങ്ങോ കേള്‍ക്കുന്നതുപോലെയുള്ള സ്വരം കേട്ട് ഒരു കുഞ്ഞിക്കയ്യില്‍ മുറുക്കെപിടിക്കാനെന്നവണ്ണം ഇരുളിലേയ്ക്ക് അയാള്‍ കൈകള്‍ നീട്ടി.

"പത്തു പതിനഞ്ച് വയസ്സായ അവന് വല്ല കൂലിപ്പണിയ്ക്കും പോയി അമ്മയെം പെങ്ങളേം നോക്കിക്കൂടാരുന്നോ".

തന്നോടു നാരായണേട്ടന്‍ പറഞ്ഞ വാചകങ്ങള്‍ അവന്റെ ഉള്ളത്തിലിരുന്നു പൊള്ളിക്കൊണ്ടിരുന്നു.ആ അഴുക്കു നിറഞ്ഞ തറയില്‍ മലര്‍ന്നുകിടന്ന അയാളുടെ കവിളുകളിലൂടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകിക്കൊണ്ടിരുന്നു.എന്തിനായിരുന്നിരിയ്ക്കാം താനന്ന്‍ ഓടിപ്പോയത്.അറിയില്ല.എന്നിട്ടു താനെന്തുനേടി.അതുമറിയില്ല.ഇപ്പോള്‍ ഇത്രയും കാലത്തിനുശേഷം താനെന്തിനായിട്ടാണ് തിരിച്ചു വന്നത്.തന്റെ പാവം അമ്മ പട്ടിണികിടന്ന്‍ ആരും നോക്കാനില്ലാതെ നരകിച്ചു മരിച്ചവാര്‍ത്ത കേള്‍ക്കാനോ.അതോ അമ്മയുടെ വഴി സ്വീകരിച്ച് ആരുടേയോകൂടെ പോയ പെങ്ങളെക്കുറിച്ചറിയാനോ.താനന്ന്‍ എന്തെലും കൂലിപ്പണിയ്ക്കൊക്കെപ്പോയി വീടു നോക്കിയിരുന്നെങ്കില്‍.....ഇരുട്ടിലിരുന്ന്‍ വിതുമ്പുന്ന ഒരു രൂപത്തിനുനേരെ കൈകളുയര്‍ത്തി കൂപ്പിക്കൊണ്ടയാള്‍ ഉറക്കെയുറക്കെ കരഞ്ഞു.അതിനൊട്ടും ശബ്ദമില്ലായിരുന്നു.നെഞ്ചിന്‍ കൂടിനകത്ത് അതിശക്തമായൊരു വേദന ഉടലെടുത്തുവൊ.അയാള്‍ തന്റെ കണ്ണുകള്‍ മെല്ലെപൂട്ടി.ശുഷ്കിച്ച രണ്ടു കൈത്തലങ്ങള്‍ തന്റെ കവിളില്‍ തലോടി തന്നെയാശ്വസിപ്പിക്കുന്നതായി അയാള്‍‍ക്കു തോന്നി.കണ്ണുതുറക്കാതെ ആ തലോടലിന്റെ സുഖവും പേറി അയാള്‍ തന്റെ ഉറക്കമാരംഭിച്ചു.ഒരിക്കലും ഉണരാത്ത ഉറക്കം......




ശ്രീക്കുട്ടന്‍

Monday, July 26, 2010

അവന്റെ ആദ്യത്തെ തിരുമുറിവ്

1986 ലെ ഒരു വേനല്‍ദിനം.സമയമേകദേശം വൈകിട്ടു നാലുമണികഴിഞ്ഞിരിക്കുന്നു.പരവതാനി വിരിച്ചതുപോലെ നീണ്ടുനിവര്‍ന്നു ആലസ്യം പൂണ്ടതുപോലെകിടക്കുന്ന പാടശേഖരത്തിനു നടുവിലൂടെയുള്ള ചെറിയ തോട്ടുവരമ്പേ കയ്യിലൊരു ചോറ്റുപാത്രവും തൂക്കിപ്പിടിച്ച് അവനങ്ങിനെ ആടിക്കുണുങ്ങി വരുകയാണു.മറ്റാരുമല്ല. നമ്മുടെ കഥാനായകന്‍ തന്നെ.ഇഷ്ടന്റെ ചുണ്ടത്ത് ഒരു പാട്ട് തത്തിക്കളിക്കുന്നുണ്ട്.പാട്ട് കുട്ടിയിലേ വളരെയിഷ്ടമായിരുന്നാശാന്.സംഗീതം പഠിക്കണമെന്ന കടുത്ത ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതവന്‍ പുറത്ത് പ്രകടിപ്പിച്ചിരുന്നില്ല.വീട്ടിലെ ദാരിദ്ര്യത്തിന്റെ ദയനീയത ഏകദേശം മനസ്സിലാക്കാവുന്ന പ്രായമൊക്കെ അവനുണ്ടായിരുന്നു.

ഗ്രാമത്തെ രണ്ടായിപകുത്തുമാറ്റുന്നതുപോലെയാണ് വയലേലകളുടെ കിടപ്പ്.വയലിനെ കൃത്യമായി കീറിമുറിച്ചുകൊണ്ട് ഒരു ചെറുതോടൊഴുകുന്നുണ്ട്.മഴക്കാലത്ത് ഈ തോട്ടില്‍ നിറയെ വെള്ളമുണ്ടാകും.എല്ലാപേരുടേയും കുളിയും നനയുമൊക്കെ അതില്‍ തന്നെയാണ്.മാനത്തുകണ്ണികളും സിലോപ്പി മീനും വരാലും ഒക്കെ ഇഷ്ടമ്പോലെ നീന്തിത്തുടിക്കുന്ന ആ തോട്ടിലാണ് നമ്മുടെ നായകനും അതേ കൊലയിലുള്ള അനിയന്‍ കുട്ടിയും പിന്നെ ഗ്രാമത്തിലെ മറ്റു മാക്രിപ്പിള്ളേരും ഒക്കെ അര്‍മ്മാദിക്കുന്നത്.മഴക്കാലം കഴിഞ്ഞ് വേനല്‍ തുടങ്ങുന്നതോടെ വയലുകള്‍ക്കൊപ്പം തോടും വറ്റി വരളും.സ്കൂളടച്ചുകഴിഞ്ഞാല്‍ പിന്നെ കളി മുഴുവന്‍ വയലിലായിരിക്കും.അത്രയ്ക്കു വിശാലമായ പ്ലേഗ്രൌണ്ട് വേറെവിടെകിട്ടും.

പറഞ്ഞുപറഞ്ഞ് ഞാന്‍ സംഭവത്തില്‍ നിന്നും അകന്നുപോയി.നമ്മുടെ നായകന്‍ തോട്ടുവരമ്പേ വരികയാണു.കയ്യിലുള്ള ചോറ്റുപാത്രത്തില്‍ ഉള്ളത് കൊറച്ച് പായസമാണു.ആശാന്റെ ഒരേയൊരു പുണ്യമാമാശ്രീയുടെ വീട്ടില്‍ നിന്നും കൊടുത്തയച്ചതാണത്.മാമാശ്രീയും കുടുംബവും താമസിക്കുന്നത് അല്‍പ്പം ദൂരെയാണ്.ഒരു അരമണിക്കൂര്‍ നടന്നുപോകുവാനുള്ള ദൂരമേയുള്ളു കേട്ടോ.അവിടെ നിന്നും കൊടുത്തയച്ച ആ പായസവുമായി രണ്ടുമണികഴിഞ്ഞപ്പോഴേ
തിരിച്ചതാണു.തോട്ടിലും വയലിലുമൊക്കെ മറിഞ്ഞു മറിഞ്ഞു ആശാന്‍ വീട്ടിനടുത്തെത്താറായപ്പോഴേയ്ക്കാണ് ആ ദുരന്തം സംഭവിച്ചത്. വയലിന്റെ നടുക്കായിരുന്ന ഒരു കൊക്കിനെ നോക്കിക്കൊണ്ട് നടന്ന പുള്ളിക്കാരന്‍ വര‍മ്പിനുകുറുകേയുണ്ടായിരുന്ന മട ശ്രദ്ധിച്ചില്ല.അതില്‍ കാലുമടങ്ങി ദേ കിടക്കുന്നു ഉണങ്ങിവരണ്ടു കിടക്കുന്ന തോട്ടിനുള്ളില്‍.
പാറപോലെ ഉറച്ചുകിടക്കുന്ന തറയില്‍ വീണ ആശാന്റെ ബോധം അപ്പോഴേ പോയി.

മുഖത്ത് തണുത്ത വെള്ളം വീണപ്പോള്‍ അവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.താഴത്തെ വീട്ടിലെ പങ്കജാക്ഷിയമ്മയാണു.ആദ്യം അവന്‍ നോക്കിയത് തൊട്ടടുത്തിരുന്ന ചോറ്റുപാത്രത്തിലേയ്ക്കായിരുന്നു.വലതുകൈകൊണ്ട് അതെത്തിയെടുത്തപ്പോള്‍ അവനു സങ്കടം സഹിക്കാനായില്ല. അതിലുണ്ടായിരുന്ന പായസംമുഴുവന്‍ ചരിഞ്ഞുപോയായിരുന്നു.പായസം തിന്നാനായി കൊതിയോടെ കാത്തിരിക്കുന്ന തന്റെ അനിയന്റേയും കുഞ്ഞനുജത്തിയുടേയും മുഖങ്ങള്‍ ഒരു നിമിഷം അവന്റെ മനസ്സിലൂടെ കടന്നുപോയി.ഇടതുകൈകുത്തിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ച അവന്‍ ഒരു നിലവിളിയോടെ തറയിലേയ്ക്ക് മറിഞ്ഞു.ഇടതുകൈ മുട്ടിന്റവിടെവച്ച് ഒടിഞ്ഞിരിക്കുകയാണ്.വേലയ്ക്കു പോയിരിക്കുന്ന അമ്മ മടങ്ങിവന്നിട്ടുവേണം ആശുപത്രിയില്‍ കൊണ്ടുപോകാന്‍.ഒരു ചെറിയ തോര്‍ത്തുകൊണ്ട് കയ്യ് കഴുത്തില്‍ കെട്ടിതൂക്കിയിട്ടിട്ട് അവനെ വീട്ടിലേയ്ക്കു കൊണ്ടുപോയി.തൊട്ടടുത്ത വീട്ടിലെ പിള്ളെരുമായി കളിച്ചുകൊണ്ടിരുന്ന അനുജന്‍ ഓടി വന്നു.കൂടെ തെറിച്ച് തെറിച്ച് അനുജത്തിയും.വേദനിച്ചു കരഞ്ഞുകൊണ്ടിരിക്കുന്ന ചേട്ടനെകണ്ടപ്പോള്‍ അവരും കൂടെകൂടി.

കൂലിപ്പണി കഴിഞ്ഞ് മുഷിഞ്ഞുനാറിയ വേഷവുമായി വന്ന അവന്റെ അമ്മ ഒടിഞ്ഞുകെട്ടിതൂക്കിയിട്ടിരിക്കുന്ന കയ്യുമായി നില്‍ക്കുന്ന മകനെക്കണ്ട് ആദ്യമൊന്നമ്പരന്നു.പങ്കജാക്ഷിയമ്മ അവരെ സമാധാനിപ്പിച്ചു.ആകെ പരവശയായി തിണ്ണയില്‍ തളര്‍ന്നിരുന്ന അവര്‍ മടിയില്‍ തിരുകി വച്ചിരുന്ന രണ്ടുമൂന്ന്‍ നോട്ടുകളെടുത്ത് നോക്കിയശേഷം മൂക്കുതുടച്ചിട്ട് അയയില്‍ നിന്നും കഴുകിയിട്ടിരുന്ന ഒരു തോര്‍ത്തെടുത്ത് മാറത്തിട്ടിട്ട് അയല്‍പക്കത്തെ വീട്ടിലേയ്ക്കു നടന്നു.കുറച്ചുകഴിഞ്ഞ് അവിടെ നിന്നും മടങ്ങിവന്ന അമ്മ കയ്യും കാലുമൊക്കെ കഴുകിയിട്ട് വേഷം മാറി അനുജത്തിയേയുമെടുത്ത് അനുജനെ തൊട്ടടുത്ത വീട്ടില്‍ നിര്‍ത്തിയിട്ട് നമ്മുടെ നായകനുമായി ആശുപത്രിയിലേയ്ക്കു തിരിച്ചു.

വേദനിക്കുന്ന കയ്യുമായി ബസ്സില്‍ അമ്മയുടെ അടുത്തായിരിക്കുമ്പോള്‍ അവന്‍ ഏറുകണ്ണിട്ട് അവരെയൊന്നു നോക്കി.ആ മുഖത്തപ്പോഴെന്തായിരുന്നു.അമ്മയുടെ മിഴികളില്‍ നിന്നും ചെറുതായി പൊടിയുന്ന കണ്ണീരില്‍ നിന്നും അമ്മ ശബ്ദമില്ലാതെ കരയുകയാണെന്നു മനസ്സിലായപ്പോള്‍ അവ്ന്റേയും കണ്ണുകള്‍ നിറഞ്ഞു.താലൂക്കാശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ കിടക്കുമ്പോള്‍ അവന്‍ വേദനയാല്‍ പുളയുന്നുണ്ടായിരുന്നു.ഓര്‍ത്തോ ഡോക്ടര്‍ രാവിലെ മാത്രമേ വരുകയൊള്ളൂ.അതിനുശേഷമേ പ്ലാസ്റ്ററിടാനാവൂ.കയ്യിലാണെങ്കില്‍ നീരു വന്നു തുടങ്ങി.ഒപ്പം വേദനയും കൂടിക്കൂടി വരുന്നു.അടുത്തുകിടത്തിയിരിക്കുന്ന അനുജത്തിയേയും തലോടിക്കൊണ്ട് ക്ഷീണിച്ചു തളര്‍ന്നിരിയ്ക്കുന്ന അമ്മയേയും നോക്കിനോക്കിയിരിന്നെപ്പോഴോ അവനുറങ്ങിപ്പോയി.

രാവിലെ ഉണര്‍ന്ന അവന്‍ കണ്ടത് കരഞ്ഞും കൊണ്ടിരിക്കുന്ന അമ്മയെയാണു.അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നും പ്ലാസ്റ്ററിടാനായി വച്ചിരുന്ന 150 രൂപ രാത്രി ആരോ മോഷ്ടിച്ചുകൊണ്ടുപോയി എന്നവനു മനസ്സിലായി.പലരും പലാഭിപ്രായങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഡോക്ടര്‍ വന്നപ്പോള്‍ തൊട്ടടുത്ത് ബെഡ്ഡില്‍ കിടക്കുന്നയാള്‍ കാര്യം പറഞ്ഞു.ദയനീയമായ മുഖഭാവത്തോടെയിരിക്കുന്ന അമ്മയെ നോക്കിയശേഷം ഒന്നും പറയാതെ അദ്ദേഹം അടുത്ത കട്ടിലിനരികിലേയ്ക്കു നടന്നു.അല്‍പ്പസമയത്തിനുശേഷം അടുത്ത ബെഡ്ഡില്‍കിടക്കുന്നയാളോട് തന്നെ നോക്കിക്കൊള്ളണമെന്നു പറഞ്ഞിട്ട് അമ്മ അനുജത്തിയേയുമെടുത്ത് പുറത്തേയ്ക്കിറങ്ങി.കൊറച്ചുകഴിഞ്ഞ് മടങ്ങിവന്ന അമ്മയുടെ കയ്യില്‍ പ്ലാസ്റ്ററിടാനുള്ള പൈസയുണ്ടായിരുന്നു.പക്ഷേ അനുജത്തിയുടെ കാതില്‍ കിടന്ന പൊട്ടു കമ്മല്‍ കാണാനുണ്ടായിരുന്നില്ല. പ്ലാസ്റ്ററിടുന്നതിനായുള്ള കാശ് അടച്ചശേഷം പ്ലാസ്റ്ററെല്ലാമിട്ട് അന്നു തന്നെ ഡിസ്ച്ചാര്‍ജ്ജായി വീട്ടിലേയ്ക്കു വന്നു.

സ്കൂളടച്ച സമയമായിരുന്നതിനാല്‍ ക്ലാസ്സുകളൊന്നും നഷ്ടമായില്ല.കൂട്ടുകാരോടൊത്ത് വയലില്‍ കളിച്ചുമറിയാന്‍ പറ്റാതിരുന്ന ദു:ഖത്താല്‍ നമ്മുടെ നായകന്‍ അവരുടെ കളികളും നോക്കി പാടവര‍മ്പത്ത് തണലത്തായിട്ടിരിക്കും.കൂടെ അവന്റെ അനുജത്തിയും.കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അനിയന്‍ കുട്ടി ഇടയ്ക്കിടയ്ക്ക് വന്നു നോക്കും.ഒടുവില്‍ പത്തു നാള്‍പ്പതുദിവസങ്ങള്‍ക്കു ശേഷം കയ്യിലെ പ്ലാസ്റ്ററെടുത്തപ്പോഴാണ് മനസ്സിലായത്.കൈക്ക് സാമാന്യം തെറ്റില്ലാത്ത ഒരു വളവുണ്ട്. അവന്റെ കയ്യിലേയ്ക്കു നോക്കിയ അമ്മ ഇനിയുമാശുപത്രിയില്‍ എത്ര രൂപയാകുമെന്റെ ദൈവമേ എന്നു വിലപിച്ചുകൊണ്ട് പ്ലാസറ്ററിട്ടവനേയും ഡോക്ടറേയുമെല്ലാം മനസ്സറിഞ്ഞു പ്രാകി.മഴ തുടങ്ങിയതിനാല്‍ കൂലിപ്പണിയൊക്കെ കുറവാണു.മുന്‍പ് ആസുപത്രിയില്‍ പോകാനായി മേടിച്ച കാശ് മുഴുവനും കൊടുത്തുതീര്‍ത്തിട്ടില്ല.അമ്മ വീണ്ടും അയല്‍പക്കത്തേയ്ക്കു നടന്നു.

പ്ലാസ്റ്ററിടാന്‍ വൈകിയതുമൂലം നീരുവരികയും കൈ ഇരുന്ന അതെ രീതിയില്‍ വച്ച് അശ്രദ്ധമായി പ്ലാസ്റ്ററിട്ടതും മൂലമുണ്ടായ വളവ് മാറണമെങ്കില്‍ കൈ ഒരിക്കല്‍ക്കൂടി ഒടിച്ചു പ്ലാസ്റ്ററിടണമെന്നു കൈ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതുകേട്ട് അമ്മയും അവനും ഒരേപോലെ ഭയന്നു.അതിനായിട്ടാവുന്ന കാശിനെക്കുറിച്ചായിരുന്നു അമ്മയ്ക്കു വേവലാതിയെങ്കില്‍ വീണ്ടും പ്ലാസ്റ്ററുമിട്ട് അനങ്ങാണ്ട് ഒരിടത്തു തന്നെയിരിക്കേണ്ടതോര്‍ത്തായിരുന്നു അവന്റെ വിഷമം. ആ കൈക്ക് ഒരു വളവുണ്ടെന്നല്ലാതെ മറ്റു കൊഴപ്പമൊന്നുമില്ലാതിരുന്നതിനാള്‍ രണ്ടാമതും ഒടിച്ചു പ്ലാസ്റ്ററിടാനൊന്നും പിന്നെ പോയില്ല. ഒരു പക്ഷെ അമ്മയുടെ കയ്യില്‍ കാശില്ലാതിരുന്നതിനാലാവണം.


ശ്രീക്കുട്ടന്‍

Wednesday, July 21, 2010

സുനന്ദയുടെ അമ്മ

"എടീ സുനന്ദേ...എന്തൊരുറക്കമാടീയിത്.എത്രനെരംകൊണ്ട് വിളിക്കേണ് നിന്നെ.സമയമെത്രയായീന്ന്‍ വല്ല വിചാരോമൊണ്ടോ.ആ ചായപ്പാത്രമെടുത്ത് ഒത്തിരി വെള്ളമനത്തണോന്നോ മറ്റോ വല്ല വിചാരോമൊണ്ടോ.നാളെയേതെങ്കിലും വീട്ടീച്ചെന്നുകേറുമ്പം അവര് എന്നെയായിരിക്കുമല്ലോ ദൈവമേ തെറിവിളിക്കുക"

പതിവുപോലെതന്നെ മാധവി ഒച്ചയെടുത്തുകൊണ്ട് പാത്രം തേച്ചുകഴുകല്‍ തുടര്‍ന്നു.

പൊതച്ചിരുന്ന കൈലി എടുത്തുമാറ്റിയിട്ട് കൈകാലുകള്‍ ഒന്നു നിവര്‍ത്തിക്കൊണ്ട് സുനന്ദ പായില്‍ എഴുന്നേറ്റിരുന്നു.

"ഈ അമ്മച്ചിക്ക് എന്തിന്റെ കേടാ.ഒന്നൊറങ്ങാനും കൂടി സമ്മതിക്കുകേലല്ലോ.നേരം വെളുക്കും മുമ്പേ എണീറ്റിട്ട് കളക്ടറുദ്യോഗത്തിനൊന്നും പോകേണ്ടതല്ലല്ലോ. സുധാകരന്‍ സാറിന്റെ വീട്ടില് അടിച്ചുവാരാനും കഴുവാനായിട്ടും തന്നല്ലോ പോണത്"

ചായപ്പാത്രം കഴുകി വെള്ളമെടുക്കാനായി പുറത്തേയ്ക്കു വന്ന സുനന്ദ തലചൊറിഞ്ഞുകൊണ്ട് മാധവിയോട് പറഞ്ഞു.

"എന്താടീ ഒരു കൊറച്ചില് പോലെ. നിന്നെ ഇത്രേം വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ആ വീട്ടില് തൂത്തു തൊടച്ചിട്ടു തന്നാ. അല്ലാതെ മൂന്നാം വയസ്സില് നിന്നേം കളഞ്ഞേച്ച് എന്നേം വിട്ടു പോയ നിന്റെ അച്ഛന്‍ സുകുമാരന്‍ ആണോ ചെലവിനു തന്നുകൊണ്ടിരുന്നത്.മര്യാദയ്ക്കു പോയി ചായയിടെടീ.ഒത്തിരി ചൂടുവെള്ളം കുടിച്ചേച്ചു വേണം പോകാന്‍.ഇന്ന് ഒത്തിരി നേരത്തേ ചെല്ലണമെന്ന്‍ സൌദാമിനി ചേച്ചി പറഞ്ഞിട്ടൊണ്ട്.അവിടുത്തെ കൊച്ചിനെ ഇന്നു കാണാനാരാണ്ടൊരുകൂട്ടര് വരുന്നുണ്ടത്രേ"

സുനന്ദയോടായി പറഞ്ഞിട്ട് മാധവി പാത്രം കഴുകല്‍ തുടര്‍ന്നു.

ചായ തിളപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സുനന്ദ അവളുടെ അച്ഛനെക്കുറിച്ചോര്‍ത്തു.ഇടയ്ക്കു ചിലപ്പോഴൊക്കെ അച്ഛന്‍ തന്നെ രഹസ്യമായി സ്കൂളില്‍ വന്നു കാണാറുണ്ട്. അമ്മയോട് ഇതേവരെയത് പറഞ്ഞിട്ടില്ല.പലപ്പോഴും പോകാന്‍ നേരം കയ്യില് കൊറച്ച് കാശുവച്ചുതരും. പക്ഷേ താനത് ഇതേവരെ മേടിച്ചിട്ടില്ല.തന്നേയും അമ്മയെയും ഉപേക്ഷിച്ചുപോയതെന്തിനാണെന്നു പലവുരു താന്‍ അച്ഛനോടു ചോദിക്കണമെന്നു കരുതിയിട്ടുണ്ട്.പക്ഷെ എന്തുകൊണ്ടോ തനിക്കതിനു കഴിഞ്ഞിട്ടില്ല. അച്ഛന്റെ കണ്ണുകളില്‍ പലപ്പോഴും നീര്‍മണികള്‍ ഉരുണ്ടുകൂടുന്നത് താന്‍ കണ്ടിട്ടുണ്ട്.

"എടീ മൂധേവീ.നീ ഇതെന്നാ സ്വപ്നം കാണുവാ ചായ തെളച്ചു കളയുന്നത് കണ്ടില്ലേ"

പാത്രങ്ങളുമായി അകത്തെയ്ക്കു വന്ന മാധവി സുനന്ദയെ ശകാരിച്ചിട്ട് പെട്ടന്ന്‍ ചായപ്പാത്രം വാങ്ങിവച്ചു.

"അമ്മേ ഞാനൊരു കാര്യം ചോദിച്ചാല്‍ അമ്മ മറുപടി പറയുമോ"

ഗ്ലാസ്സിലേയ്ക്കു പകര്‍ന്ന ചായയെടുത്തുകൊണ്ട് മാധവി മകളുടെ മുഖത്തേയ്ക്കു നോക്കി.

"അച്ഛന്‍ മടങ്ങിവന്നാല്‍ അമ്മ ഇനി ഈ വീട്ടില്‍ കേറ്റുമോ"

കയ്യിലെടുത്ത ചായഗ്ലാസ്സ് അതേപോലെ താഴെവച്ചിട്ട് മാധവി തന്റെ മുഷിഞ്ഞ വേഷം മാറാനാരംഭിച്ചു.

"പറയമ്മെ.വീട്ടില്‍ കേറ്റുമോ".

"നിനക്ക് പിച്ചവയ്ക്കാറാകും മുമ്പ് ഇവിടുന്ന്‍ പോയ മനുഷ്യനാണ്.ഞാനെന്തു തെറ്റു ചെയ്തിട്ടാ.ഒരു ജോലിയ്ക്കും പോകാതെ കള്ളും കുടിച്ച് ചീട്ടും കളിച്ചു മാത്രം നടന്ന അങേര് ഒരിക്കലും എന്നെ സ്നേഹത്തോടെയൊന്നു നോക്കീട്ടു കൂടിയില്ല. ഒണ്ടായിരുന്നതെല്ലാം വിറ്റുതൊലച്ച് നിന്നേം തന്നിട്ട് ഒരു ദെവസം എറങ്ങിയെങ്ങോട്ടോ പോയി. സുധാകരന്‍ സാറിന്റെ വീട്ടിലെ അടുക്കളപ്പണി കിട്ടിയത്കൊണ്ട് പട്ടിണി കിടന്നു ചത്തില്ല"

മൂക്കുപിഴിഞ്ഞുകൊണ്ട് മാധവി തുടര്‍ന്നു

"ഭര്‍ത്താവില്ലാതെ കൂട്ടിനാരുമില്ലാതെ ഒരു ചെറുപ്പക്കാരി ഒറ്റയ്ക്ക് കഴിയുന്നതില്‍ വിഷമം പൂണ്ട പല നല്ലവരും സഹായം നീട്ടിക്കൊണ്ട് വന്നിട്ടൊണ്ട്.എല്ലാം അതിജീവിച്ച് നിന്നെ പതിനഞ്ച് വയസ്സുവരെ വളര്‍ത്താന്‍ ഞാന്‍ പെട്ട പാട്.അതെനിക്കേയറിയൂ.ഇത്രേം നാളില്ലാതിരുന്ന ഒരു ഭര്‍ത്താവിനെ എനിക്കിനി വേണ്ട". തലമുടി വാരിക്കെട്ടിക്കൊണ്ട് തോര്‍ത്തെടുത്തു തോളിലിട്ടിട്ട് മാധവി പുറത്തേയ്ക്കിറങ്ങി.

"പക്ഷേ എനിക്കൊരച്ഛനെ വേണം"

അകത്തു നിന്നും ഉറക്കെ സുനന്ദയുടെ വാക്കുകള്‍ കേട്ട മാധവി ഒരു നിമിഷം നിശ്ഛലമായി നിന്നു. നിറഞ്ഞ മിഴികള്‍ തുടച്ചുകൊണ്ട് മാധവി നടന്നു.പാവം തന്റെ മകള്‍ പല കുത്തുവാക്കുകളും കേള്‍ക്കുന്നുണ്ടായിരിക്കും.അവള്‍ വല്യ കുട്ടിയായില്ലേ.എന്നിരുന്നാലും ആ മനുഷ്യന്‍ എന്തിനാണു തന്നെയും മകളേയും പെരുവഴിയില്‍ ഉപെക്ഷിച്ചുപോയത്.ഇനി ജീവിതത്തിലൊരിക്കലും ആ മുഖം തന്റെ കണ്മുമ്പില്‍ കാണാനിടവരുത്തരുതേ. മാടന്‍ നടയുടെ മുമ്പിലെത്തിയ മാധവി മനമുരുകി പ്രാര്‍ഥിച്ചു.

.....................................................................................

തന്റെ കയ്യും പിടിച്ചു സ്നേഹത്തോടെ തന്നെ നോക്കുന്ന അച്ഛനെ സുനന്ദ ഒരു നിമിഷം ശ്രദ്ധിച്ചു.ആകെ കോലം കെട്ടപോലുണ്ട്.കഴിഞ്ഞ തവണ കണ്ടതിനെക്കാളും തളര്‍ന്നിരിക്കുന്നു.

"അച്ഛനെന്താ വീട്ടിലേയ്ക്കു വരാത്തത്"

അയാള്‍ തന്റെ മകളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി.

"അമ്മയ്ക്ക് സുഖമാണോ മോളേ"

ആദ്യമായി അച്ഛന്‍ അമ്മയുടെ കാര്യം ചോദിച്ചപ്പോള്‍ സുനന്ദ ഒന്നമ്പരന്നു.

"അതെയച്ഛാ"

"വെറുപ്പായിരിക്കുമല്ലേ എന്നോടിപ്പോഴും.ഞാനതര്‍ഹിക്കുന്നു.സാരമില്ല.എന്നെങ്കിലും നീ നിന്റമ്മയോടു പറയണം ഈ പാപി മാപ്പു ചോദിച്ചിരുന്നുവെന്നു.അമ്മയെ മോളൊരിക്കലും വിഷമിപ്പിക്കരുതു കേട്ടോ"

"അമ്മയ്ക്ക് വെറുപ്പൊന്നും കാണില്ലച്ഛാ.അച്ഛന്‍ വീട്ടിലേയ്ക്ക് വരണം.അമ്മ പാവമാണ്"

"മോളു ചെല്ല് ക്ലാസ്സു തൊടങ്ങാറായി."അവളുടെ തലയില്‍ സ്നേഹപൂര്‍വ്വം തലോടിയിട്ട് അയാള്‍ പറഞ്ഞു.അവള്‍ സ്കൂളിനകത്തേയ്ക്കു നടന്നുപോകുന്നത് നോക്കി കുറേനേരം നിന്നശേഷമയാള്‍ തിരിഞ്ഞു നടന്നു.

..................................................................................

പതിവുപോലെ അമ്മയുടെ ശകാരം കേട്ടാണ് സുനന്ദ അന്നുമുണര്‍ന്നത്.സമയം ആറായി.മഴ പെയ്യുന്നുണ്‍റ്റെന്നു തോന്നുന്നു.പെട്ടന്നെഴുന്നേറ്റ അവള്‍ ചായപ്പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പത്തു വച്ചു.ചായ തയ്യാറാക്കി വാങ്ങിവച്ചപ്പോഴേയ്ക്കും മാധവി പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി അടുക്കളയിലേയ്ക്കു വന്നു.ഇന്നവര്‍ക്ക് കൊറച്ചു താമസിച്ചു പോയാല്‍ മതി.സുധാകരന്‍ സാറും കുടുംബവും ഉച്ചയാകുമ്പോഴേയ്ക്കെ എത്തൂ. പുറത്ത് മഴ ചെറുതായി ശക്തിപ്രാപിച്ചുത്തുടങ്ങിയിരുന്നു.ചായകുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണു മുറ്റത്താരുടേയോ ഒച്ച കേട്ടതുപോലെ തോന്നിയത്.

"ഒന്നു പോയി നോക്കിയേടി ആരാണെന്ന്‍" മാധവി മകളോടായി പറഞ്ഞു.

"എനിക്കു മേലാ അമ്മ പോയി നോക്ക്".മുഖം ചുളിച്ച്പറഞ്ഞുകൊണ്ട് അവള്‍ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു.

"നീ ഇതേപ്പോലെ കേറിച്ചെല്ലുന്നേടത്ത് കാട്ടിയാ വെവരമറിയും" ദേക്ഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് മാധവി ഇറയത്തെയ്ക്കു ചെന്നു.

"വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍....."

ചായകുടിച്ചശേഷം സുനന്ദ തന്റെ ഇഷ്ടഗാനം പാടിക്കൊണ്ട് ചോറുവയ്ക്കാനായിട്ട് വെള്ളമടുപ്പില്‍ വച്ചു കത്തിച്ചു.അല്‍പ്പനേരം കഴിഞ്ഞിട്ടും അമ്മയെക്കാണാത്തത് കൊണ്ട് അവള്‍ ഇറയത്തേയ്ക്കു ചെന്നു. തന്റെ മുമ്പിലെ കാഴ്ച കണ്ട സുനന്ദ അത്ഭുതസ്തബ്ധയായി ഒരു നിമിഷം നിന്നു.അവള്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.ഇറയത്ത് ബെഞ്ചിലിരിക്കുന്ന അച്ഛന്റെ മടിയില്‍ തലവയ്ച്ച് മയങ്ങിയിരിക്കുന്ന അമ്മയെ അവള്‍ കണ്ണെടുക്കാതെ നൊക്കി നിന്നു.അമ്മയുടെ കവിളുകളില്‍ കൂടി കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.ശബ്ദമില്ലാതെ അമ്മ കരയുകയാണ്.അച്ഛന്റെ കൈകള്‍ അമ്മയെ ചേര്‍ത്തുപിടിച്ചിരിയ്ക്കുന്നു.അച്ഛനോടുള്ള എല്ലാ പിണക്കങ്ങളും ഒറ്റ നിമിഷം കൊണ്ട് മറന്നപോലെ അമ്മ ആ കൈകള്‍ക്കുള്ളിലേയ്ക്കു ചുരുണ്ടുകൂടിയിരിയ്ക്കുന്നു.ആ നിമിഷത്തിനു സാക്ഷിയെന്നോണം മഴ തിമിര്‍ത്തുപെയ്യുകയാണു.ആ സ്വര്‍ഗ്ഗത്തില്‍ നിന്നും ശബ്ദമുണ്ടാക്കാതെ സുനന്ദ മെല്ലെ അടുക്കളയിലേയ്ക്കു മടങ്ങി.
കെടാറായ അടുപ്പിലെ തീ അവള്‍ ഊതിക്കത്തിയ്ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.അത് അടുപ്പിലെ പുക കണ്ണിലടിച്ചതുകൊണ്ടായിരുന്നില്ല.


ശ്രീക്കുട്ടന്‍

Sunday, July 18, 2010

അച്ഛന്‍

"അച്ഛാ അപ്പുറത്തെ കണ്ണനെന്നെ ചീത്തവിളിച്ചു".

"സാരമില്ല കുട്ടാ.അവനത്രയ്ക്കുള്ള വിവരമേയുള്ളു.എന്റെ മോന്‍ ചീത്തയൊന്നും പറയരുതുകേട്ടോ. അഴുക്കകുട്ടികളാണു ചീത്തയൊക്കെപറയുന്നത്.അല്ലേലും അവനെപ്പറഞ്ഞിട്ടു കാര്യമില്ല.മക്കളെ മര്യാദയ്ക്കു വളര്‍ത്താത്ത അവന്റെ അപ്പനെ പറഞ്ഞാല്‍ മതിയല്ലോ.ആട്ടെ അവന്‍ എന്താ പറഞ്ഞത്"

"അത് നിന്റച്ഛന്‍ ഒരു കള്ളനും കൈക്കൂലിക്കാരനുമാണെന്ന്‍ അവന്‍ പറഞ്ഞു.പിന്നെ അഛനെ എന്തൊക്കെയോ ചീത്തയും വിളിച്ചു"

"ങ്ഹേ..ആ പട്ടിക്കഴുവര്‍ട മോന്‍ അങ്ങിനെപറഞ്ഞോ.ഇന്നു അവന്റെ അച്ഛനോടു ചോദിച്ചിട്ടുതന്നെ മേക്കാര്യം.നിന്റപ്പനെ ചീത്തവിളിച്ചതും കേട്ടിട്ട് നീയൊന്നും തിരിച്ചു പറയാതെ വന്നല്ലേ.നെനക്കൊക്കെ ഞാനെന്തിനാണു തീറ്റ തരുന്നത് നായിന്റ മോനേ. പ്ടോ...".

ശ്രീ​ക്കുട്ടന്‍

Tuesday, July 13, 2010

കൂട്ടിക്കൊടുപ്പുകാരന്‍

"എടാ രഘുവേ നിന്നെക്കണ്ടിട്ട് എത്ര നാളായി.എവിടെയാണിപ്പോള്‍.നമ്മളെയൊക്കെ മറന്നോ"

കടുത്ത ആലോചനയില്‍ മുഴുകി പരിസരബോധമില്ലാതെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന രഘു ആ വാക്കുകള്‍ കേട്ട് നിന്നു.തന്റെ മുമ്പില്‍ ബീഡിയും വലിച്ചുകൊണ്ട് നില്‍ക്കുന്ന ആളിനെ കണ്ട അവന്‍ ആദ്യമൊന്ന്‍ ഞെട്ടി.കണക്റ്റിംഗ് കുഞ്ഞുമോനാണ്.നഗരത്തിലെ അറിയപ്പെടുന്ന കൂട്ടിക്കൊടുപ്പുകാരന്‍.ആര്‍ക്ക് എപ്പോള്‍ എതുതരക്കാരെവേണമെന്നു പറഞ്ഞാലും കുഞ്ഞുമോന്റെ കയ്യില്‍ റെഡിയായിരിക്കും.പറയുന്ന സ്ഥലത്ത് ആളിനെയെത്തിച്ചിരിക്കും.നാലഞ്ചുകൊല്ലം മുമ്പ് താന്‍ ജോലിതേടി ഈ നഗരത്തില്‍ വന്നപ്പോള്‍ എങ്ങിനേയോ ഇവന്റെ കൂടെകൂടിപ്പോയി.ആദ്യമൊന്നും ഇവന്റെ പരിപാടി എന്തായിരുന്നെന്നു തനിക്കൊരു പിടിയുമില്ലായിരുന്നു.കയ്യിലൊരു പൈസയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് ജോലിക്കായി അലഞ്ഞുകൊണ്ടിരുന്ന തനിക്ക് ഭക്ഷണവും താമസവുമൊക്കെ ഒരുക്കിത്തന്ന കുഞ്ഞുമോനെക്കുറിച്ച് താന്‍ മറ്റൊന്നും തിരക്കിയില്ല.പിന്നെ കുറേ നാള്‍ കഴിഞ്ഞാണ് കുഞ്ഞുമോന്റെ ഇടപാടെന്താണെന്നൊക്കെ മനസ്സിലായത്. അന്ന്‍ അവനുമൊത്തുള്ള സഹവാസം മതിയാക്കണമെന്നു കരുതിയതാണു.

പത്താം ക്ലാസ്സ് പരീക്ഷയെഴുതി നില്‍ക്കുന്ന രജനിയുടെ തുടര്‍പഠനവും വയ്യാത്ത അമ്മയുടെ കാര്യവുമെല്ലാമാലോചിച്ചപ്പോള്‍ അതിനു തോന്നിയില്ല.തന്റെ ദാരിദ്ര്യവും കുടുംബകാര്യവുമൊന്നും അവനോടു പറഞ്ഞിട്ടില്ല. ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നെ താനും കുഞ്ഞുമോനോടുകൂടിചേര്‍ന്നു.എത്തിപ്പെട്ട പുതിയലോകവുമായി ഒന്നു പരിചയപ്പെടാന്‍ കുറച്ചു ദിവസമെടുത്തു. ഒരു വല്ലാത്ത ലോകം തന്നെ.നമ്മള്‍ കാണുന്ന എത്രയെത്ര പൊയ്മുഖങ്ങള്‍.അറിയാവുന്ന ആരെയും ഒരിയ്ക്കലും കണ്ടുമുട്ടരുതേയെന്നു മാത്രമായിരുന്നു പ്രാര്‍ഥന. എന്തായാലും കിട്ടുന്ന കാശില്‍ പകുതി കുഞ്ഞുമോന്‍ തനിയ്ക്കും കൃത്യമായി തന്നിട്ടൊണ്ട്.പട്ടണത്തിലെ കോളേജില്‍ ചേര്‍ത്തപ്പോള്‍ രജനിയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം ഇപ്പോഴുമോര്‍മ്മയുണ്ട്.പിന്നെ തനിയ്ക്കൊരു ജോലി തരപ്പെട്ടപ്പോള്‍ താന്‍ പതിയെ കുഞ്ഞുമോനില്‍ നിന്നും അകന്നു.ഇപ്പോള്‍ അവനെ കണ്ടിട്ട് ഒന്നുരണ്ടുകൊല്ലമായിക്കാണും.ഇടയ്ക്കൊക്കെ വിളിയ്ക്കും അത്ര തന്നെ.അല്ലേലും ഇപ്പോഴത്തെ സ്ഥിതിയില്‍ കുഞ്ഞുമോനെപ്പോലൊരാളുമായി അടുപ്പമുണ്ടെന്ന്‍ മറ്റാരുമറിയുന്നത് താനിഷ്ടപ്പെട്ടിരുന്നില്ല എന്നതാണു സത്യം.

"എന്താടാ അളിയാ ഒന്നും മിണ്ടാത്തത്"

കുഞ്ഞുമോന്റെ ശബ്ദം രഘുവിനെ ഓര്‍മ്മകളില്‍ നിന്നുമുണര്‍ത്തി.അവന്‍ പാതയുടെ ഓരം ചേര്‍ന്നു നിന്നു.

"ഹേയ് ഒന്നുമില്ല.നിനക്കു സുഖമാണോ.വരൂ നമുക്ക് മാറിനിന്നു സംസാരിക്കാം".പരിചയക്കാരാരെങ്കിലുമുണ്ടോയെന്നു ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് രഘു പറഞ്ഞു.

"പിന്നല്ലാതെ.എല്ലാ ദെവസോം ഹാപ്പിയായി പോകുന്നു" നടന്നുകൊണ്ട് കുഞ്ഞുമോന്‍ മറുപടി പറഞ്ഞു.

"നീയിപ്പഴും......" രഘു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി

കുഞ്ഞുമോന്‍ രഘുവിന്റെ മുഖത്തെയ്ക്കൊരുനിമിഷം സൂക്ഷിച്ചുനോക്കി.


കോഫീഷോപ്പിലെ ഒഴിഞ്ഞ മൂലയ്ക്കായി കസേരയിലിരുന്നുകൊണ്ട് കുഞ്ഞുമോന്‍ രഘുവിനോടു സംസാരിക്കാനാരംഭിച്ചു.

"സംശയിക്കണ്ട രഘു പഴയജോലി തന്നെ.അത്രപെട്ടന്നൊന്നും അതില്‍ നിന്നും മാറാന്‍ പറ്റില്ല.എന്റെ കാര്യങ്ങളൊന്നും നിന്നോടു പറഞ്ഞിട്ടില്ലല്ലോ.ഇപ്പം കൊറച്ച് ടൈറ്റിലാ.കഴിഞ്ഞ മാസമായിരുന്നു രണ്ടാമത്തെ പെങ്ങളുടെ കല്യാണം.ഇനിയുമൊരെണ്ണം കൂടിയൊണ്ട്.അതും കൂടൊന്നു കഴിയട്ടെ. ദിവസവും എത്രയെങ്കിലും പേരുടെ കണ്ണീരും പ്രാക്കും കിട്ടുന്ന ഈ ജോലിയില്‍ നിന്നും ഒഴിഞ്ഞ് മറ്റെന്തെങ്കിലും നോക്കണം.എനിയ്ക്കും മടുത്തു രഘു."

"ഞാന്‍ കുഞ്ഞുമോനെ ഒന്നു കാണണമെന്നു കരുതിയിരിക്കുകയായിരുന്നു.നിനക്കറിയില്ല.ഞാനും ശരിയ്ക്കു പ്രശ്നങ്ങളുടെ നടുവിലാ.രജനിയ്ക്ക് ഫീസിനായി തന്നെ നല്ലൊരുതുക വേണം.പിന്നെ അമ്മയുടെ അസുഖം ചികിത്സ പിന്നെന്റെ ചിലവ്.കിട്ടുന്ന നക്കാപ്പിച്ച ഒന്നിനും തികയത്തില്ലെന്റെ കുഞ്ഞുമോനേ".

"അപ്പോള്‍ നീ വീണ്ടും ഈ ഫീല്‍ഡിലേയ്ക്കു വരാന്‍ തീരുമാനിച്ചോ"

"ഹേയ് അതൊന്നുമല്ല.എന്റെ ബോസ്സ് പെണ്ണുകേസില്‍ അല്‍പ്പം വീക്ക്നെസ്സ് ഉള്ളയാളാണ്.നല്ല ഒരു സാധനത്തെ അയാള്‍ക്കൊന്നു എര്‍പ്പെടുത്തിക്കൊടുത്താല്‍ എന്റെ ശമ്പളം ഒന്നു കൂട്ടിത്തരും.അയാളെ ഒന്നു കയ്യിലെടുക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.അതിനു നീ എന്നെയൊന്നു സഹായിക്കണം.ഞാന്‍ ബോസ്സുമായി ഒന്നു സംസാരിച്ചു ഓകെയാക്കി വച്ചിട്ടൊണ്ട്. ഒക്കുമെങ്കില്‍ ഈ ഞായറാഴ്ചതന്നെ കാര്യം നടത്തണം.നിന്റെ അറിവില്‍ നല്ല കൊച്ചുപുള്ളേരൊക്കെയുള്ളതല്ലേ.എന്നെ ഒന്നു സഹായിക്കു.എനിക്ക് നേരിട്ട് ഇത് അറേഞ്ച് ചെയ്യാന്‍ പറ്റില്ലെന്നു നിനക്കറിയാമല്ലോ"

പറഞ്ഞു നിര്‍ത്തിയിട്ട് രഘു തന്റെ കോഫി കയ്യിലെടുത്തു ഒരു കവിള്‍ കുടിച്ചിറക്കി.

"സാധനമൊക്കെ ധാരാളമൊണ്ട്.കോളെജില്‍ പഠിച്ചുകൊണ്ടിരിയ്ക്കുന്ന നല്ല മണിമണിപോലുള്ള പെമ്പിള്ളേര് റെഡിയാണ്.കറങ്ങാനും അടിച്ചുപൊളിയ്ക്കാനുമുള്ള കാശൊപ്പിക്കുവാനായി എന്തുചെയ്യുവാനും തയ്യാറൊള്ള പുള്ളേരെത്രവേണമെങ്കിലുമൊണ്ട്. നിനക്കു വേണമെങ്കില്‍ ഫോട്ടൊകള്‍ കാണിച്ചുതരാം.എല്ലാം വലിയ ഡെവലപ്പായിപ്പോയളിയാ"

കയ്യിലിരുന്ന ചെറിയ ബാഗ് തൊറന്ന്‍ കുഞ്ഞുമോന്‍ ഒരുപിടി ഫോട്ടോകള്‍ പുറത്തെടുത്തു.

"ഇതങ്ങിനെ എല്ലാപേരെയുമൊന്നും കാട്ടാറില്ല.ചെലപ്പോള്‍ പാരയാകും.അളിയന്‍ ഇതേലേതിനെ അറേഞ്ചു ചെയ്യണമെന്നു പറ"

ഫോട്ടോകള്‍ ചീട്ടുപിടിച്ചിരിക്കുന്നതുപോലെ വിടര്‍ത്തിക്കാണിച്ചിട്ട് കുഞ്ഞുമോന്‍ രഘുവിനെ നോക്കി.മിക്കതും നല്ല സുന്ദരികുട്ടികള്‍ തന്നെ.

"ഇതൊന്നും എനിയ്ക്കു കാണണ്ട. നീ ഏറ്റവും നന്നായിട്ടൊള്ള ഒന്നിനെ ഞായറാഴ്ചത്തേയ്ക്ക് അറേഞ്ച് ചെയ്യ്.പിന്നെ അവളോടു പ്രത്യേകം പറയണം ബോസ്സിനെ പിണക്കരുതെന്നു.നല്ല പൂത്ത കാശൊള്ളയാളാ.അവള്‍ക്കും നല്ലത് തടയും.അവളുടെ കയ്യിലാണെന്റെ ഭാവി.നിന്റെ ചിലവ് ഞാന്‍ പിന്നെ തീര്‍ക്കാം".

"അതൊക്കെ ഞാനേറ്റു.നീ ധൈര്യമായിപൊയ്ക്കോ.നിന്റെ ശമ്പളം എപ്പോള്‍ കൂടിയെന്നു ചോദിച്ചാല്‍ മതി.പിന്നെ ഇതിനു നീ എനിക്ക് ഒരു ചിലവും നടത്തണ്ട.എന്റെ സുഹൃത്തിനെ ഞാനൊന്നു സഹായിക്കുന്നു.അത്രമാത്രം".

"എങ്കില്‍ പറഞ്ഞതുപോലെ.ഞാന്‍ വിളിയ്ക്കാം.അപ്പോള്‍ പിന്നെക്കാണാം".കുഞ്ഞുമോനോടു വിടപറഞ്ഞിട്ട് രഘു തന്റെ റൂമിലേയ്ക്കു നടന്നു.മനസ്സിലൊരു കുറ്റബോധം ഉദിക്കുന്നതായി രഘുവിനു തോന്നി.പക്ഷേ മറ്റുകാര്യങ്ങളോര്‍മ്മിച്ചപ്പോള്‍ അത് പതിയെ അലിഞ്ഞലിഞ്ഞില്ലാതാവുന്നത് അവനറിഞ്ഞു.

.................................................................................

"ഹലോ കുഞ്ഞുമോനേ. ഞാന്‍ രക്ഷപ്പെട്ടടാ.ഒറ്റയടിയ്ക്ക് 2000 രൂപയാ എനിയ്ക്കു ശമ്പളത്തില്‍ ബോസ്സ് കൂട്ടിതന്നത്.എന്തായാലും നീ അയച്ച പെണ്ണ്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.ബോസ്സ് അവള്‍ക്കും നല്ല കാശ് കൊടുത്ത ലക്ഷണമുണ്ട്.അവളെ പെട്ടന്നൊന്നും നീ കൈവിട്ടുകളയണ്ട കേട്ടോ.അവളെ വരുന്ന ഞായറാഴ്ച ഒന്നുകൂടി സെറ്റപ്പ് ചെയ്യാന്‍ ബോസ്സ് പറഞ്ഞിട്ടൊണ്ട്.നീ അറേഞ്ച് ചെയ്യ് .നാളെത്തന്നെ ഞാന്‍ ഒരു തകര്‍പ്പന്‍ പാര്‍ട്ടി നിനക്കു തരുന്നുണ്ട്.നാളെ വൈകിട്ട് നമുക്ക് കാണാം".

ഫോണ്‍ വച്ചിട്ട് രഘു തൊട്ടടുത്തുള്ള പോസ്റ്റാഫീസില്‍ കയറി കയ്യിലൊണ്ടായിരുന്ന കാശ് രജനിയുടെ പേരില്‍ അയച്ചിട്ട് പുറത്തേയ്ക്കിറങ്ങി.പാവം തന്റെ അനുജത്തി.സമയത്ത് ഹോസ്റ്റല്‍ ഫീസൊന്നും കൊടുക്കാനാവാതെ അവള്‍ ശരിക്കും വിഷമിക്കുന്നുണ്ട്.തന്നെയൊന്നുമറിയിക്കുന്നില്ലയെന്നേയുള്ളു.എന്തായാലും ഇനി അവള്‍ വിഷമിക്കാനിടവരില്ല.കാശയച്ച കാര്യം പറയുന്നതിനായി രഘു രജനിയെ ഫോണില്‍ വിളിച്ചു. നമ്പര്‍ ബിസിയാണ്.അവന്‍ അല്‍പ്പസമയം കാത്തുനിന്നിട്ട് ഒരിക്കള്‍ക്കൂടി അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.കുഞ്ഞുമോനുമായി ഞായറാഴ്ചത്തെ കാര്യമുറപ്പിച്ചുകൊണ്ടിരുന്ന രജനിയുടെ ഫോണപ്പോഴും ബിസിയായിരുന്നു.


ശ്രീക്കുട്ടന്‍

Monday, July 12, 2010

കലക്കന്‍ ശിക്ഷ

ചിരി ആരോഗ്യത്തിനു അത്യുത്തമനാണെന്ന്‍ പൊതുവേ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണല്ലോ.അതില്‍ ആര്‍ക്കും ഒരു എതിരഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല. ചിലസമയത്ത് ബോറടിച്ച് പ്രാന്തെടുത്തിരിക്കുമ്പോള്‍ നല്ല ഒരു തമാശ കേള്‍ക്കുകയോ കാണുകയോ ചെയ്താല്‍ ആരായാലും ചിരിച്ചുപോകും.ഇന്നു രാവിലെ നിങ്ങള്‍ അത്തരം ഒരു ബോറടിയുടെ സ്റ്റേജിലാണോ. ദേ ഇതൊന്നു നോക്കിയേ .ചിലപ്പോള്‍ ഒന്നു പൊട്ടിച്ചിരിക്കുവാനുള്ള സ്കോപ്പ് കിട്ടിയേക്കാം.സംഭവം നടന്നിരിക്കുന്നത് കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ സര്‍ക്കിളിനുള്ളിലാണെന്നു തോന്നുന്നു.ഇനിയെങ്കിലും നമ്മുടെ ശുദ്ധരായ പോലീസുകാരെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന തെറ്റിദ്ധാരണകള്‍ മാറുമല്ലോ അല്ലേ.അടിയില്ല ചവിട്ടില്ല ഗരുഡന്‍ തൂക്കമില്ല എസ് കത്തിയുമില്ല.പാവം മാലാഖമാര്‍...

Wednesday, July 7, 2010

ഭക്തശിരോമണി കനകനും ഭക്തവത്സലനായ ഭഗവാനും

"എന്റെ ഭഗവാനെ.അവിടുന്ന്‍ ഉഗ്രരൂപിയും ക്ഷിപ്രകോപിയും അതേസമയം തന്നെ ഭക്തവത്സലനും വിളിച്ചാല്‍ വിളി കേള്‍ക്കുന്നവനുമാണെന്ന്‍ എനിക്ക് അറിവുള്ളതു തന്നെ.പക്ഷേ ഞാന്‍ എത്രയോ നാളായി അവിടുത്തെ മുമ്പില്‍ തൊഴുതുകുമ്പിടുന്നു.ഒരു മേല്‍ഗ‍തിയുണ്ടാക്കിത്തരുവാനായി പ്രാര്‍ത്ഥിക്കുന്നു.അങ്ങതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല.എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ കുളിച്ചുതൊഴുതു വന്ന്‍ അങ്ങയുടെ മുമ്പില്‍ സാക്ഷ്ടാംഗം പ്രണമിക്കുന്നു.ദീപാരാധനയും മറ്റും കഴിഞ്ഞ് അമ്പലമടച്ചതിനുശേഷവും ഞാനൊരു കാവല്‍ക്കാരനെപ്പോലെ ഇവിടെത്തന്നെ കഴിഞ്ഞുകൂടിയിട്ടില്ലേ.അങ്ങയുടെ കൃപാകടാക്ഷം ഒരു ദിവസം എന്റെ നേരെ ചൊരിയപ്പെടും എന്ന ഉത്തമവിശ്വാസം എനിയ്ക്കുണ്ടായിരുന്നു.അതിനുവേണ്ടി അച്ഛന്റെ പോക്കറ്റില്‍ നിന്നും അടിച്ചുമാറ്റിയ രൂപകൊണ്ടു മേടിച്ച എത്രകൂട് ചന്ദനത്തിരികളാണു ഞാന്‍ അങ്ങയുടെ മുമ്പില്‍ കത്തിച്ചുവച്ചത്.ആ തിരികളെല്ലാം എന്റെ മുമ്പില്‍ കത്തിത്തീര്‍ന്ന്‍ ചാരവളയങ്ങളായ് അന്തരീക്ഷത്തില്‍ പടര്‍ന്നുമറയുന്നതുവരെ ഞാന്‍ ധ്യാനനിമഗ്നനായി നിന്നിട്ടില്ലേ.

ശരീരമിളക്കി വലിയ ജോലിയൊന്നും ചെയ്തുകൂടാത്തതുകൊണ്ട് ഞാന്‍ ഈ അമ്പലത്തിലെ പൊങ്കാലയും മറ്റു നിവേദ്യവുമൊക്കെ തിന്നല്ലേ കഴിയുന്നത്.ജോലിയ്ക്കൊന്നും പോകാതെ ഇങ്ങനെ അമ്പലച്ചോറുണ്ട് ജീവിയ്ക്കാന്‍ നാണമില്ലേന്ന്‍ ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട്. സത്യത്തില്‍ എന്റെ അച്ഛനുമമ്മയും കൂടി ചോദിച്ചിട്ടുണ്ട്.പക്ഷേ അവര്‍ക്കറിയില്ലല്ലോ എന്റെ മനസ്സില്‍ നിറഞ്ഞൊഴുകുന്ന ഭക്തി.അവിടുത്തേയ്ക്ക് എപ്പോഴാണ് എന്നില്‍ അലിവുതോന്നി പ്രസാദിക്കുന്നതെന്നറിയാത്തതുകൊണ്ടാണു ഫുള്‍‍ടൈം ഞാന്‍ അമ്പലത്തില്‍ കഴിഞ്ഞതെന്ന്‍ അവരോടൊക്കെ പറയാന്‍ പറ്റുമോ.

ഇന്നലെവരെ എനിക്ക് അങ്ങയില്‍‍ വലിയ വിശ്വാസമായിരുന്നു.ഒരു ദെവസം പോലും അമ്പലത്തില്‍ വരുകയോ ക്ഷേത്രസംബന്ധമായ ഏതെങ്കിലും കാര്യത്തില്‍ പങ്കുകൊള്ളുകയോ ചെയ്തിട്ടില്ലാത്ത ആ പലിശനാണുനായര്‍ക്ക് ഇന്നലെ ഒരു കോടി രൂപ ലോട്ടറിയടിച്ചിരിക്കുന്നു.ഇപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി അങ്ങു ഒരിക്കലും എന്നെപ്പോലുള്ള ഭക്തമ്മാരെ കണ്ണുതുറന്ന്‍ നോക്കില്ല.അല്ലെങ്കില്‍ ആ നാണുനായര്‍ക്ക് ലോട്ടറിയടിക്കുമായിരുന്നോ.ഞാനെടുത്ത ലോട്ടറിടിക്കറ്റുകളുടേം മേടിച്ച ചന്ദനത്തിരികളുടേയും കാശ് ചേര്‍ത്തുവച്ചിരുന്നെങ്കില്‍ എനിക്കിപ്പം ഒരഞ്ചുസെന്റ് സ്ഥലം മേടിക്കാമായിരുന്നു.അതൊന്നും പറഞ്ഞിട്ടിനി കാര്യമില്ല.

അതുകൊണ്ട് തന്നെ അവസാനമായി ഞാനൊരു കടുത്ത തീരുമാനമെടുത്തു. അങ്ങയോടല്ലാതെ മറ്റാരോടാണെനിയ്ക്കു ആലോചിക്കുവാനുള്ളത്.ഈ പാതിരാത്രി തന്നെ ഞാന്‍ വന്നു ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. ഈ നാട്ടില്‍ നിന്നാലിനിയൊരു രക്ഷയുമില്ലയെന്നെനിക്കു മനസ്സിലായി. നാടുവിട്ട് മറ്റേതെങ്കിലും സ്ഥലത്തേയ്ക്കു പോവുക തന്നെ.അതിലേക്കായി വഴിച്ചിലവിന് അച്ഛനോട് കൊറച്ചു കാശ് ചോദിച്ചതിന് എന്നെ തച്ചില്ലേന്നേയുള്ളു.നിന്റെ ഭഗവാനോട് ചോദിക്കാനാ അച്ഛന്‍ പറഞ്ഞത്.ആലോചിച്ചപ്പോള്‍ അതും ശരിയാ.എന്റെ ഇത്രയും കാലം ഞാന്‍ അവിടുത്തേയ്ക്കു വേണ്ടിയല്ലേ ജീവിച്ചുതീര്‍ത്തത്. അപ്പോള്‍ ഇനിയുള്ള കാലം ഒരു നല്ല നിലയിലെത്തുന്നതിനുവേണ്ടി എന്നെ സഹായിക്കേണ്ടതും അവിടുന്നു തന്നെ.എനിക്ക് യാത്രാച്ചിലവിനായി എന്തായാലും കൊറച്ച് കാശുവേണം.അങ്ങയുടെ കയ്യില്‍ കാശായിട്ടൊന്നുമില്ലെന്നെനിക്കറിയാം.ചുമ്മാ ഇവിടെയിങ്ങനെയിരിക്കുന്ന അങേയ്ക്കെന്തിനാണു സ്വര്‍ണ്ണമാലയും കിരീടവുമെല്ലാം.ഞാനിതെല്ലാമെടുക്കുന്നു.ഇതാര്‍ക്കെങ്കിലും വിറ്റുകിട്ടുന്ന കാശുകൊണ്ട് വേണം ഇനിയൊന്നു പച്ചപിടിയ്ക്കാന്‍.രക്ഷപിടിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മടങ്ങിവന്ന്‍ അവിടുത്തെ തിരുമുമ്പില്‍ നൂറുകൂട് ചന്ദനത്തിരികള്‍ കത്തിക്കുന്നതായിരിക്കും"

അത്രയും നേരം വളരെ രസകരമായി കനകന്റെ വര്‍ത്തമാനവും കേട്ട് രസിച്ചിരുന്ന ഭഗവാനൊന്നു ഞെട്ടി.അപ്പോള്‍ ഇവന്‍ തന്റെ മുതലുകള്‍ മോഷ്ടിക്കാനായി വന്നിരിക്കുകയാണോ.ഈ നട്ടപ്പാതിരാത്രി ഒറ്റയ്ക്ക് താനെന്തുചെയ്യും. തന്റെ ഉരുപ്പടികള്‍ സംരക്ഷിക്കാനായി താനാരെവിളിച്ച് സഹായം തേടും.ഭഗവാനാകെ ചിന്താകുഴപ്പത്തിലായി.

വളരെ ദീര്‍ഘമായ പറച്ചിലിനും പ്രാര്‍ഥനയ്ക്കും ശേഷം കനകന്‍ ഭഗവാനെ ഒന്നു തൊഴുത് ദേവന്റെ കിരീടവും മറ്റു തിരുവാഭരണങ്ങളുമെല്ലാം എടുത്ത് തന്റെ തോല്‍സഞ്ചിയ്ക്കുള്ളില്‍ വച്ചശേഷം ബാഗില്‍ നിന്നും ഒരു കൂട് ചന്ദനത്തിരിയെടുത്ത് ഭഗവാന്റെ മുമ്പില്‍ കത്തിച്ചുവച്ചു.തന്റെ മുതലുകളെല്ലാം തിരിച്ചുവയ്ക്കിവിടെയെന്ന്‍ വിളിച്ചു പറയണമെന്നുണ്ടായിരുന്നു ഭഗവാനു.പക്ഷേ അദ്ദേഹത്തിന്റെ നാവുകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു.പോകുന്ന പോക്കില്‍ കാണിയ്ക്കവഞ്ചിയും കൂടി കനകനെടുക്കുന്നത് കണ്ട ഭഗവാന്‍ ശ്രീകോവിലിനുള്ളില്‍ നിന്നും പുറത്തേയ്ക്കു കുതിച്ച് അവനെ തടഞ്ഞുനിര്‍ത്താന്‍ വെമ്പല്‍കൊണ്ടു.പക്ഷേ പീഠത്തില്‍ അനങ്ങാനാവാതെ ഒരു ശിലയായി ബന്ധിക്കപ്പെട്ടിരിക്കുന്ന തന്റെ അവസ്ഥയൊര്‍ത്ത് ഭഗവാനു സങ്കടം സഹിക്കാനായില്ല. തന്റെ ചങ്കില്‍ നാലഞ്ചിടിയിടിച്ചു പൊട്ടിപ്പൊട്ടിക്കരയണമെന്നുണ്ടായിരുന്ന ഭഗവാന്‍ അതിനും പാങ്ങില്ലാതെ നിശ്ചലനായി കനകന്‍ പോയ ഇരുളിലേയ്ക്കു നോക്കി വെറുതേയിരുന്നു.

ശുഭം.

ശ്രീ​ക്കുട്ടന്‍

Sunday, July 4, 2010

"ഭ്രാന്തമ്മാരുടെ സ്വന്തം നാട്"

അധ്യാപകന്റെ കൈ വെട്ടിമാറ്റി.......................

അത്യന്തം ഞെട്ടലോടെയാണ് ഈ വാര്‍ത്ത വായിച്ചത്.തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസ്സര്‍ ടി.ജെ.ജോസഫിനെ ഇന്നു രാവിലെയാണ് ചില തന്തയ്ക്കു പിറക്കാത്ത തെമ്മാടികള്‍ അതിധാരുണമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വലതുകൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തത്.പ്രവാചകനെ അധിക്ഷേപിക്കുന്ന തര്‍ത്തില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ അന്യോഷണം നേരിടുന്ന ഈ അധ്യാപകനു മുന്‍പും വധഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു.ഇനി അതു പറഞ്ഞിട്ടെന്തു ഫലം.ഈ സംഭവത്തിന്റെ പിന്നാമ്പുറത്ത് ആരു തന്നെയായിരുന്നാലും അവരെ തിരഞ്ഞുപിടിച്ച് കടുത്ത ശിക്ഷ നല്‍കുക തന്നെ വേണം. ഇതിന്റെ പേരില്‍ ഇനി ഒരു വിളവെടുപ്പിനായി തയ്യാറെടുക്കുന്ന സാമൂഹ്യദ്രോഹികളെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം.ഓരൊരുത്തരും അവരവരുടേതായ രീതിയില്‍ ശിക്ഷ നടപ്പാക്കാന്‍ തുടങ്ങിയാല്‍ ഇവിടെ കൊട്ടിഘോഷിയ്ക്കുന്ന ഒരു നിയമസംവിധാനവും കോടതിയും പോലീസുമെല്ലാമെന്തിനാണ്. സത്യത്തില്‍ ഈ പോക്കെങ്ങോട്ടേയ്ക്കാണ്. ശാന്തമായി കഴിയുന്ന ഒരു ജനവിഭാഗത്തില്‍ തന്തയില്ലായ്മയുടെ താലിബാനിസം കൊണ്ടുവരാനുള്ള നീക്കം എന്തു വിലകൊടുത്തും അടിച്ചമര്‍ത്തേണ്ടതാണു.വോട്ടും പ്രീണനവും മാത്രമല്ല ജന നന്മയ്ക്കായിക്കൂടി എന്തെങ്കിലും ചെയ്യണമെന്ന്‍ അല്‍പ്പമെങ്കിലും ആഗ്രഹിക്കുന്ന ഓരോ രാഷ്ട്രീയക്കാരനും കൊടിയുടെ നിറം മറന്ന്‍ ഇതുപോലുള്ള തന്തയില്ലായ്മകള്‍ ഇനിയുമാവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടിയെങ്കിലും മുന്നോട്ടുവരണമെന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.ഇല്ലെങ്കില്‍ പണ്ട് വിവേകാനന്ദന്‍ നമ്മുടെ നാടിനെ ഭ്രാന്താലയമെന്നു വിളിച്ചത് അന്വര്‍ത്ഥമാകും.പാവം ഇന്നാണു ജീവിച്ചിരുന്നെങ്കില്‍ കേരളത്തെ വിശേഷിപ്പിക്കുന്നതിനായി പറ്റിയൊരു പേരിനുവേണ്ടി ഡിക്ഷ്ണറികള്‍ നോക്കി മടുത്തേനെ.....


ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പേടികൂടാതെ കഴിയണമെന്നാഗ്രഹിക്കുന്ന ഒരു പാവത്തിന്റെ ശക്തമായ പ്രതിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

ശ്രീക്കുട്ടന്‍