Wednesday, August 4, 2010

നാട്ടിലേയ്ക്കൊരു മടക്കം

പ്രവാസം എല്ലാ രീതിയിലും നമുക്ക് നഷ്ടപ്പെടലുകള്‍ മാത്രം സമ്മാനിക്കുന്ന ഒന്നാണ്.ഈ മണലാരണ്യത്തില്‍ കടുത്ത ചൂടിലും കൊടും ശൈത്യത്തിലും വിശ്രമമെന്തെന്നറിയാതെ പണിയെടുക്കുമ്പോള്‍,എന്തേലും അസുഖം പിടിപെട്ട് ആരും നോക്കാനില്ലാതെ കിടക്കുമ്പോള്‍ ,മനസ്സിനിഷ്ടപ്പെടാത്ത അരുചികരമായ ഭക്ഷണം കഴിക്കേണ്ടി വരുമ്പോള്‍,മേലാളമ്മാരുടെ തെറികള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ ഒക്കെ ആ നഷ്ടപ്പെടലുകളുടെ ആഴവും പരപ്പും നമുക്ക് വളരെയേറെ വ്യക്തമാകും.

പച്ചവിരിച്ച പാടശേഖരങ്ങളും പുഴയും തോടും അമ്പലവും ഉത്സവങ്ങളും പ്രീയപ്പെട്ട കൂട്ടുകാരും അച്ഛനുമമ്മയും കൂടപ്പിറപ്പുകളും എല്ലാം കയ്യെത്താദൂരത്താണെന്നു മനസ്സിലാവുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സു തളര്‍ന്നു പോവുക തന്നെ ചെയ്യും.എന്നിട്ടും ആരെയൊക്കെയോ തോല്‍പ്പിക്കാനെന്നവണ്ണം അല്ലെങ്കില്‍ എന്തൊക്കെയോ വെട്ടിപ്പിടിക്കാന്‍ വേണ്ടി ഈ മണലാരണ്യത്തിന്റെ ഭാഗമായി മാറുകയാണു ഓരോ പ്രവാസിയും.തങ്ങളുടേതായ എല്ലാ സുഖങ്ങളും തല്‍ക്കാലം മാറ്റിവെച്ചിട്ട് അല്ലെങ്കില്‍ മന:പൂര്‍വ്വം മറന്നുകൊണ്ട് ആര്‍ക്കൊക്കെയോ വേണ്ടിടാ​‍ആരോടൊക്കെയോ പട പൊരുതുന്നു.നഷ്ടപ്പെടലുകളുടെ വേദനയിലും അവര്‍ സന്തോഷം കണ്ടെത്തുന്നു.ഒടുവില്‍ വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം കടം മേടിച്ചും കയ്യിലുള്ളതുമെല്ലാം കൊണ്ട് പ്രീയപ്പെട്ടവര്‍ക്കു വേണ്ടതെല്ലാം മേടിച്ചുകൊണ്ട് നമ്മെ കാത്തിരിക്കുന്നവരുടെ അടുത്തേയ്ക്കു പോകുമ്പോള്‍, അവരുടെ മുഖത്ത് വിടരുന്ന സന്തോഷം നേരിട്ടു കാണുമ്പോള്‍ അനുഭവിക്കുന്ന സുഖം മാത്രമാണു അതേ വരെയുള്ള എല്ലാ കഷ്ടപ്പാടുകളും മറന്നു ഒന്നു ചിരിക്കുവാന്‍ ഒരു പ്രവാസിയ്ക്ക് സഹായകമാകുന്നത്.

അതേ. ഞാനും തിരിക്കുകയാണ്. എന്റെ സങ്കടങ്ങള്‍ക്കും വിഷമങ്ങള്‍ക്കുമെല്ലാം താല്‍ക്കാലിക വിട നല്‍കിക്കൊണ്ട് എന്റെ പ്രീയപ്പെട്ടവരുടെ അടുത്തേയ്ക്ക്. കൃത്യം 30 ദിവസത്തേയ്ക്കു മാത്രം അനുവദിക്കപ്പെട്ട ഒരു അവധിക്കാലമാഘോഷിക്കുവാന്‍ വേണ്ടി. എന്റെ മനസ്സു കിടന്നു തുള്ളുകയാണു.

ഓര്‍മ്മ വച്ചകാലം മുതല്‍ ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താതിരുന്ന മാറൂട് ക്ഷേത്രത്തിലെ ഉത്സവവും എഴുന്നള്ളത്തും താലപ്പൊലിയുംവിളക്കും പിന്നെ കീഴാറ്റിങ്ങള്‍ മുരുകന്‍ ക്ഷേത്രത്തിലെ തൈപ്പൂയകാവടി മഹോത്സവം, മാടന്‍ നടയിലേയും ഭജനമഠത്തിലേയും ഉത്സവങ്ങള്‍, വൃശ്ചികമാസത്തില്‍ മാലയിട്ട് ഭജനവും വിളക്കുമൊക്കെ നടത്തി ശബരിമലയ്ക്കു പോകുന്നത് പിന്നെ ഓണവും വിഷുവും ദീപാവലിയും പ്രീയപ്പെട്ടവരുടെ വിവാഹങ്ങള്‍....അങ്ങിനെയെത്രയെത്ര കാര്യങ്ങളാണ് പ്രവാസത്തിന്റെ ഈ നാലരക്കൊല്ലത്തിനുള്ളില്‍ എനിക്കു നഷ്ടമായത്.ഇതെല്ലാം ഈ ചുരുങ്ങിയ ഒരു മാസം കൊണ്ട് അനുഭവിക്കാന്‍ പറ്റില്ല.എന്നിരുന്നാലും ഇത്തവണത്തെ ഓണം അതെനിക്കാഘോഷിക്കുവാന്‍ പറ്റും.(അടുത്ത ബന്ധുക്കളാരുടെയെങ്കിലും വിളക്കൂതാതിരുന്നാല്‍). വീട്ടുകാരോടൊപ്പമിരുന്ന്‍ ഓണസദ്യയുണ്ണുവാന്‍ വേണ്ടി ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു.

ബ്ലോഗിംഗിന്റെ ഈ മാസ്മരലോകത്തില്‍ നിന്നും ഒരു മാസം വിട്ടുനില്‍‍ക്കുക എന്നതു സങ്കടകരമാണെങ്കിലും ഞാന്‍ അത് സൌകര്യപൂര്‍വ്വം മറക്കുന്നു. എന്റെ എല്ലാ പ്രീയപ്പെട്ട ബൂലോകത്തെ സുഹൃത്തുക്കള്‍ക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമ്പത്തും നിറഞ്ഞ അതി മനോഹരമായൊരു തിരുവോണം അഡ്വാന്‍സായി നേര്‍ന്നുകൊള്ളുന്നു.

അപ്പോള്‍ പിന്നെ എല്ലാപേരെയും ഒരു മാസം കഴിഞ്ഞു കാണാം.

വീണ്ടുമൊരിക്കല്‍ക്കൂടി എല്ലാപേര്‍ക്കും നന്മ നിറഞ്ഞ ഒരു പൊന്നോണം ആശംസിച്ചുകൊണ്ട്

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍

Monday, August 2, 2010

ഒരു ചീട്ടുകളിക്കാരന്‍

ഏലാപ്പുറത്തെ അറിയപ്പെടുന്ന ഒരു ചീട്ടുകളിഭ്രാന്തനാണ് രാമങ്കുട്ടി. ചീട്ടിനെ സ്വന്തം മക്കളെക്കാളുമധികം താന്‍ സ്നേഹിക്കുന്നു എന്നു പരസ്യമായി പ്രഖ്യാപിച്ച വിശുദ്ധരാമങ്കുട്ടിയെ മറ്റു ചീട്ടുകളിക്കാര്‍ക്കെല്ലാം വളരെയേറെയിഷ്ടമാണു.സുന്ദരനും അനിയും കുറുപ്പും ബാലനും ബാബുവും സുധാകരനും മറ്റുമടങ്ങുന്ന ചീട്ടുകളി സംഘത്തിന് രാമങ്കുട്ടി ഒരു ചാകരയാണ്.കാരണം ഇഷ്ടന് കളി നന്നായി അറിയത്തില്ല എന്നതു തന്നെ.ഒരു കളിയ്ക്ക് വെറും അഞ്ചുരൂപയാണ്. മിക്ക ദിവസവും രാമങ്കുട്ടി ഒര്‍രു പത്തുനൂറ്റന്‍പത് രൂപാ കളിച്ചു തോറ്റിരിക്കും.കയ്യിലുള്ള പൈസയെല്ലാം കളിച്ചുതോറ്റിട്ട് ഉണ്ണിപ്പിള്ളയുടെ ചീത്തമുഴുവന്‍ കേട്ടുകൊണ്ട് ഒരു ചായ കടം മേടിച്ചതും കുടിച്ചുകൊണ്ട് കളിയെക്കുറിച്ച് അഭിപ്രായവും പറഞ്ഞ് അവിടെത്തന്നെ നില്‍ക്കുന്ന രാമങ്കുട്ടി സത്യത്തില്‍ കാണുന്നവര്‍ക്കെല്ലാം ഒരു സംഭവം തന്നേരുന്നു.

രാമങ്കുട്ടിക്ക് ആകെ പേടിയുള്ളത് ശ്രീമതി സരളയെയാണ്.അത് മറ്റാരുമല്ല.രാമങ്കുട്ടിയുടെ ശ്രീമതി തന്നെ.കണവന്‍ ഫുല്‍ടൈം ചീട്ടുകളിച്ചുനടക്കുന്നതില്‍ കലിപൂണ്ട സരള പലപ്പോഴും കളിസ്ഥലത്ത് വന്ന്‍ അലമ്പുണ്ടാക്കിയിട്ടുണ്ട്.അവരുടെ കണ്ണുപൊട്ടിപ്പോകുന്ന ചീത്തവിളികേട്ട് ചിലദിവസങ്ങളില്‍ കളി തന്നെ നിര്‍ത്തിവച്ചിട്ടൊണ്ട്.സരളാമ്മയുടെകൂടെ ഒരനുസരണയുള്ള കുഞ്ഞാടിനെപ്പോലെ തലയും കുമ്പിട്ട് നടന്നുപോകുന്ന രാമങ്കുട്ടിയെകാണുമ്പോള്‍ അന്നത്തെ ചായകുടിക്കുള്ള വകുപ്പ് നഷ്ടമായല്ലോ എന്നോര്‍ത്ത് മറ്റു സതീര്‍ഥ്യമ്മാര്‍ക്ക് അപരിമിതമായ ദുഃഖമാണുണ്ടാവുക.കളിസ്ഥലത്ത് വന്ന്‍ തന്നെ മാനം കെടുത്തിയതില്‍ ശ്രീമതിയെ ഇടിച്ചുതവിടുപൊടിയാക്കണമെന്നൊക്കെ മനസ്സിലുറപ്പിച്ചാലും ആശാനതൊന്നും പുറത്തു കാട്ടാറില്ല.വെറുതേ വടികൊടുത്ത് അടിമേടിയ്ക്കുന്നത് അല്ലേലും സരളയെ കല്യാണം കഴിച്ച് കൊറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ രാമങ്കുട്ടി ഉപേക്ഷിച്ചിരുന്നു.

കൊപ്രാഫീല്‍ഡാണു രാമങ്കുട്ടിയുടെ വിളനിലം.ഉച്ചയാകുമ്പോഴേയ്ക്കും പത്തുമുന്നൂറുറുപ്പിക ആശാന്‍ ഉണ്ടാക്കിയിരിക്കും.ധൃതിപിടിച്ച് വീട്ടിലെത്തി വല്ലതും കഴിച്ചെന്നു വരുത്തി നൂറുറുപ്പിക മൂത്ത മോളുടെ കയ്യിമ്മേലേല്‍പ്പിച്ച് ഒരോട്ടമാണ് ചീട്ടുകളിസ്ഥലത്തേയ്ക്കു.പൈസ കൊടുത്തില്ലേല് വിവരമറിയുമെന്ന്‍ പുള്ളിക്കാരനറിഞ്ഞുകൂടേ.മറ്റുകളിക്കാരുടെ മുഖത്തൊരു വെട്ടം വരുന്നത് രാമങ്കുട്ടിയെ കാണുമ്പോഴാണു.അത്ഭുതസംഭവമെന്നോണം വല്ലപ്പോഴും ചീട്ട് ദേവത രാമങ്കുട്ടിയുടെ കൂടെയങ്ങുകൂടിക്കളയും.പിന്നന്നത്തെ കാര്യം പറയണ്ട.മറ്റു കളിക്കാര്‍ എല്ലാപേരും കൂടി ഷെയര്‍ ചേര്‍ന്നു കളിച്ചാലും പുള്ളിയെ പിടിച്ചാല്‍ കിട്ടില്ല. ഒരു നൂരുരൂപ തികച്ചു കളിച്ചുകിട്ടിയാള്‍ പിന്നെ അല്‍പ്പസമയം പോലും പാഴാക്കാതെ കളിനിര്‍ത്തി ആശാന്‍ കൊല്ലമ്പുഴ ഷാപ്പിലേയ്ക്കൊരു പോക്കാണ്.ഒന്നു മിനുങ്ങിയിട്ട് ചിലപ്പോല്‍ തിരിച്ചുവന്ന്‍ വീണ്ടും കളിതുടരും.കിട്ടിയതിന്റെ ഇരട്ടി കൊടുത്തേച്ചുപോവും.


പതിവുപോലെ ഒരുദിവസം പണി നേരത്തേ കഴിഞ്ഞു രാമങ്കുട്ടി ചീട്ടുകളിസ്ഥലത്തെത്തി.ഫുല്‍കോറം തികഞ്ഞുകളിക്കാരുണ്ട്.നിരാശനായ രാമങ്കുട്ടി മറ്റുള്ളവരുടെ കളിയും നോക്കി വെറുതേ നിന്നു.ക്ലാവറും ഇസ്പേഡും ഡൈമനുമെല്ലാം തന്നെ നോക്കി മാടിവിളിക്കുന്നതായി രാമങ്കുട്ടിക്ക് തോന്നി.കൈകള്‍ക്കൊക്കെ ഒരു വല്ലാത്ത് കിരുകിരിപ്പ്.ഉണ്ണിപ്പിള്ളയുടെ കാടിവെള്ളം പോലത്തെ ചായ രണ്ടെണ്ണം കുടിച്ചുതീര്‍ത്തു.കട്ടന്‍ബീഡി നാലോ അഞ്ചോ വലിച്ചുതീര്‍ത്തു.നോ രക്ഷ.ചീട്ടുകളിക്കോറം അപ്പോഴും ഫുല്‍ തന്നെ.ഇന്നിനി ചാന്‍സ് കിട്ടുമെന്ന്‍ തോന്നുന്നില്ല.നിരാശനായ രാമങ്കുട്ടി മെല്ലെ അവിടെ നിന്നുമെഴുന്നേറ്റ് വീട്ടിലേയ്ക്കു നടന്നു.പണിയില്ലാതെ അന്നു വീട്ടില്‍ തന്നെയുണ്ടായിരുന്ന സരളാമ്മ തന്റെ മിഴികള്‍ രണ്ടും നിരവധിപ്രാവശ്യം തിരുമ്മിത്തുടച്ചു.അവര്‍ക്ക് വിശ്വസിക്കാനായില്ല.അത്ഭുതങ്ങള്‍ സംഭവിക്കുന്നതോര്‍ത്ത് അപ്പോള്‍ തന്നെ അവര്‍ മാടന്‍ നടയിലെ അപ്പൂപ്പന്‍ ഒരു മുറുക്കാന്‍ നേര്‍ന്നു.

തിണ്ണയില്‍ വയല്‍ക്കാറ്റേറ്റിരുന്ന രാമങ്കുട്ടി ആകെ അസ്വസ്ഥനായിരുന്നു.മനസ്സില്‍ പീലിവിരിച്ചാടിനില്‍ക്കുന്ന 13 ചീട്ടുകള്‍.തലചൊറിഞ്ഞും ബീഡിവലിച്ചും കൊറേനേരമിരുന്ന ആശാന്‍ ഡ്രെസ്സ് മാറി ജംഗ്ഷനിലേയ്ക്കു നടന്നു.തങ്കമണിചേച്ചിയുടെ കടയില്‍ നിന്നും കടുപ്പത്തില്‍ ഒരു ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒന്നു കൊല്ലമ്പുഴവരെ പോയാലെന്തെന്ന്‍ രാമങ്കുട്ടിയ്ക്കൊരു തോന്നലുണ്ടായി.പിന്നെ അമാന്തിച്ചില്ല.ആദ്യം വന്ന വണ്ടിയില്‍ കയറി നേരെ ഷാപ്പിലേയ്ക്കു തിരിച്ചു.ഒരരക്കുപ്പി കള്ളുമായിരിക്കുമ്പോഴാണ് തൊട്ടടുത്ത് സിനിമാഷൂട്ടിംഗ് നടക്കുന്ന കാര്യം ആരോ പറഞ്ഞത് രാമങ്കുട്ടി കേട്ടത്. എന്നാപ്പിന്നെ അതൊന്നു കണ്ടിട്ടുതന്നെ മേക്കാര്യമെന്നോര്‍ത്ത് കുപ്പിയും കാലിയാക്കി പുള്ളികാരന്‍ ഷൂട്ടിംഗ് സ്ഥലത്തേയ്ക്കു നടന്നു.

മൈ ഡിയര്‍ കരടി എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്.നായകനടന്‍ ആറ്റില്‍നിന്നും നീന്തിക്കേറിവരുന്ന രംഗമഭിനയിച്ചുകൊണ്ടിരിക്കുമ്പോല്‍ പെട്ടന്ന്‍ വെള്ളത്തില്‍ ഒഴുകിപ്പോയ നായകനെ രക്ഷിക്കാനായി ആറ്റില്‍ ചാടിയ രണ്ടുപേരില്‍ ഒരാള്‍ നമ്മുടെ നായകന്‍ രാമങ്കുട്ടിയായിരുന്നു.എന്തായാലും കഷ്ടപ്പെട്ട് നായകനെ വലിച്ചു കരയ്ക്കു കയറ്റിയപ്പോഴേയ്ക്കും യൂണിറ്റംഗങ്ങളെല്ലാം ഓടിയെത്തി.ഒരു വീരനെപ്പോലെ തലയുയര്‍ത്തിനിന്ന രാമങ്കുട്ടിയ്ക്കും മറ്റേയാള്‍ക്കും നന്ദി പറഞ്ഞ നിര്‍മ്മാതാവ് സന്തോഷസൂചകമായി കൊറച്ച് രൂപ രണ്ടുപേര്‍ക്കും നല്‍കി. മാത്രമല്ല കരടിയെക്കണ്ട് ഭയന്നോടുന്ന ആള്‍ക്കാരുടെ ഭാഗം ചിത്രീകരിച്ചപ്പോല്‍ അവരെക്കൂടി അഭിനയിപ്പിക്കുകയും ചെയ്തു. ജീവിതത്തിലാദ്യമായി സിനിമയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തില്‍ രാമങ്കുട്ടി പട്ടണത്തിലേയ്ക്കു പോയി കൊറേ നല്ല മീനും മറ്റുമൊക്കെ വാങ്ങി വീട്ടിലേയ്ക്കു തിരിച്ചു.

വീട്ടിലെത്തി സാധനമെല്ലാം സരളയെ എല്‍പ്പിച്ച് ഒരു പനാമ കൊളുത്തിയപ്പോളാണ് ചീട്ടുകള്‍ വീണ്ടും രാമങ്കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞത്.പിന്നെയൊട്ടും അമാന്തിച്ചില്ല.നേരെ കളിസ്ഥലത്തെയ്ക്കു വച്ചടിച്ചു.സമയം ആറുമണി കഴിഞ്ഞു.ആളൊഴിവുണ്ട്.ആശ്വാസത്തോടെ തനിക്കിട്ട ചീട്ടെടുത്ത് പിരുത്തുകൊണ്ട് രാമങ്കുട്ടി താന്‍ സിനിമയിലഭിനയിച്ച കാര്യം എല്ലാപേരോടുമായി അനൌണ്‍സ് ചെയ്തു.മാത്രമല്ല എല്ലാപേര്‍ക്കും തന്റെ ചിലവില്‍ ചായയും പരിപ്പുവടയും കൊടുക്കാന്‍ ഉണ്ണിപ്പിള്ളയ്ക്കു ഓര്‍ഡറും നല്‍കി.പോക്കറ്റില്‍ നിന്നും കാശെടുത്ത് ഉടന്‍ തന്നെ നല്‍കുകയും ചെയ്തു.കളിച്ചുകൊണ്ടിരുന്ന ബാബുവും അനിയും കൂടി മുഖത്തോടുമുഖം നോക്കി.

"എന്തായാലും രാമങ്കുട്ടി സിനിമേലഭിനയിച്ചതല്ലേ.ഇന്നു ചെലവു ചെയ്യണം"

സുന്ദരന്റെ അഭിപ്രായത്തിനെ എല്ലാപേരും പിന്താങ്ങി. സമ്മതിച്ച രാമങ്കുട്ടി അപ്പോള്‍ത്തന്നെ കാശുകൊടുക്കുകയും ബാലന്‍ സാധനം മേടിക്കാനായിപോവുകയും ചെയ്തു.

"ബാലന്‍ വരാന്‍ കൊറച്ചുസമയമാകും.നമുക്ക് ഫ്ലാഷ് കളിച്ചാലോ". ബാബു എല്ലാപേരോടുമായി ചോദിച്ചു.അന്നു നല്ലതുപോലെ ചീട്ടുകളിക്കാന്‍ പറ്റാതിരുന്ന രാമങ്കുട്ടിയ്ക്ക് പെരുത്ത് സന്തോഷായി.മെഴുകുതിരി വെട്ടത്തില്‍ കളിയാരംഭിക്കാന്‍ ഒട്ടും സമയമെടുത്തില്ല.വാഴപ്പണയുടെ ഉള്ളിലായിരിക്കുന്നതുകൊണ്ട് മറ്റാരും കാണുകയുമില്ല. കളി മുറുകവേ ബാലന്‍ ചരക്കുമായെത്തി.നല്ല സൊയമ്പന്‍ വാറ്റ്സാധനം.അതു കാലിയായതു നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. വാറ്റിന്റെ പവറിനാല്‍ ക്ലാവറേത് ഡൈമനേത് ഇസ്പേഡേത് എന്നെല്ലാം രാമങ്കുട്ടിയ്ക്ക് കണ്‍ഫ്യൂഷനുണ്ടാവാന്‍ സമയമൊട്ടുമെടുത്തില്ല.പോക്കറ്റിലുണ്ടായിരുന്ന കാശ് തീര്‍ന്നുകൊണ്ടിരുന്നു.ഒടുവില്‍ മുഴുവന്‍ സ്വാഹയായപ്പോള്‍ മെല്ലെ ആശാനൊന്നെഴുന്നേറ്റു.കാലുകള്‍ക്ക് നല്ല ബലം പോരാത്തതുപോലെ.സരള ഇന്നു തന്നെ പള്ളിപ്പൊറമാക്കാന്‍ ചാന്‍സു വളരെക്കൂടുതലാണു.ഇവിടെയെവിടെയെങ്കിലും കിടന്നാലോ.നീര്‍ക്കോലികള്‍. വേണ്ട വേണ്ട.വീട്ടീപ്പോവാം.മെഴുകുതിരിവെട്ടത്തില്‍ നിന്നും മാറിയപ്പോല്‍ കണ്ണില്‍ കുത്തിയപോലുള്ള ഇരുട്ട്.വഴിയിലൊരു വലിയൊരു മടയുള്ളതറിയാം.പക്ഷേ എവിടെയാണത്.ഒന്നും തെരിയുന്നില്ല.

"എടാ ബാബു ആ മെഴുകുതിരി ഒന്നു കാണിച്ചു തന്നേടാ".വിനീതനായി രാമങ്കുട്ടി അഭ്യര്‍ത്ഥിച്ചു.കിട്ടിയ കാശെല്ലാമെടുത്ത് ഭദ്രമായി അണ്ടര്‍വെയറിന്റെ പോക്കറ്റിനുള്ളില്‍ വച്ചുകൊണ്ടിരുന്ന ബാബു അത് മൈന്‍ഡ് ചെയ്തില്ല.

"എടാ ബാബു ആ മെഴുകുതിരി ഒന്നു പൊക്കി കാണിച്ചേടാ" രാമങ്കുട്ടി വീണ്ടും ആവശ്യപ്പെട്ടു. ചീട്ട് കുത്തിയിട്ടിട്ട് ബാബു ഒരു സിഗററ്റ് കത്തിച്ചുപുകവിട്ടുകൊണ്ട് തന്റെ ചീട്ടെടുത്തു നോക്കി.ഉഗ്രന്‍ കൈ.സന്തോഷത്തോടെ ചീട്ട് കമഴ്ത്തിവച്ചിട്ടവന്‍ പോക്കറ്റില്‍ നിന്നും ഒരു അമ്പതുരൂപയെടുത്ത് തോര്‍ത്തിലേയ്ക്കിട്ടു.

ഒരല്‍പ്പം മുന്നോട്ടു നടന്ന രാമങ്കുട്ടി ഇരുട്ടിനെയും വഴിയിലെ മടയേയും പേടിച്ചു വീണ്ടും തിരിഞ്ഞു നിന്നു.

"എടാ ബാബു ഒന്നു പൊക്കി കാണിക്കെടാ".ഒരിക്കല്‍‍ക്കൂടി രാമങ്കുട്ടി ബാബുവിനോടു വിളിച്ചുപറഞ്ഞു.

അനിയുടെ പരീലു (ഒരേ ചീട്ട് മൂന്നെണ്ണം വരുന്നത്)മായി കോര്‍ത്ത് ഒറ്റയടിയ്ക്ക് മുന്നൂറുരൂപയോളം തോറ്റ ബാബു ആ ദേക്ഷ്യത്തിന് ചാടിയെഴുന്നേറ്റതും മുണ്ട് പൊക്കി തന്റെ വിശ്വരൂപം രാമങ്കുട്ടിയെ കാട്ടിയതും കുടിച്ച വാറ്റിന്റെ പ്രഭയെല്ലാം ഒറ്റയടിക്കപ്രത്യക്ഷമായതുപോലെ തോന്നിയ രാമങ്കുട്ടി തന്റെ വായില്‍ വന്നൊരു മുട്ടന്‍തെറി വിളിച്ചിട്ട് മുമ്പോട്ട് നടക്കുകയും കൃത്യം മടയ്ക്കകത്ത് എടുത്തുകിടത്തിയതുപോലെ വീണതും എല്ലാം ഒരേ സമയത്തായിരുന്നു.

വാല് : കള്ളുകുടിച്ച് ബോധം മറിഞ്ഞതുപോലെ മേലാസകലം ചെളിയുമായി വന്ന ഹസ്സിനെക്കണ്ട് വട്ടിളകിയ സരളാമ്മ ഒരു നാടന്‍ പ്രയോഗം നടത്തിയതുമൂലം കൊറച്ചുദെവസത്തെയ്ക്കു രാമങ്കുട്ടിയ്ക്കു ചീട്ടുമായി മല്‍പ്പിടുത്തം പിടിയ്ക്കേണ്ടിവന്നില്ല.
മൈ ഡിയര്‍ കരടി റിലീസായദെവസം തന്റെ അഭിനയം കാണിയ്ക്കാനായി രണ്ടു മക്കളേം കൊണ്ട് സിനിമയ്ക്കുപോയ രാമങ്കുട്ടിയ്ക്ക് ക്രൂരനും ദുഷ്ടനും വഞ്ചകനുമായ എഡിറ്ററെ മനസ്സില്‍ ചീത്തവിളിയ്ക്കാനേ കഴിഞ്ഞുള്ളു.
പിന്നെ ആകെയുണ്ടായ മെച്ചം കൊപ്രാരാമങ്കുട്ടി എന്ന പേരു മാറി കരടിരാമങ്കുട്ടി എന്നായതാണ്.

ശുഭം


ശ്രീക്കുട്ടന്‍