Thursday, October 28, 2010

കുമാരനും അമ്മിണിയും പിന്നെ മീനാക്ഷിയും

"ങ്ഹാ ഞാന്‍ മതിയാക്കി.വീട്ടീപ്പോണം.സമയ്മൊരുപാടായി.ഇനീം താമസിച്ചാ ശരിയാവുകേലാ"

കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കിയിട്ട് എഴുന്നേറ്റു നിന്ന് ഒരു ബീഡിയെടുത്തു കൊളുത്തി പുക വലിച്ചുവിട്ടുകൊണ്ട് കുമാരന്‍ പറഞ്ഞു.

"ങ്ഹാ..പൊയ്ക്കോ..പൊയ്ക്കോ..ഇന്നു കൊറേ കിട്ടിയല്ലോ.പെട്ടന്ന് കൊണ്ട് പൊയ്ക്കോ.നാളേം ഇങ്ങോട്ടു തന്നെ വരാനൊള്ളത് തന്നല്ല്"

വേലു മൂപ്പിലു ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകൊണ്ട് മറ്റുള്ളവരെ നോക്കിക്കൊണ്ട് പറഞ്ഞു.

"കുമാരോ എന്താടാ ഇത്ര പെട്ടന്ന് പോണത്.ഷാപ്പു പൂട്ടിപ്പോവത്തില്ലെടാ.ബാ ഒരു രണ്ട് കൈ കൂടി നോക്കാം.നെനക്കൂടെ ഇടട്ടെ"

ബാക്കിയുള്ളവര്‍ക്ക് ചീട്ട് കുത്തിയിട്ടുകൊണ്ട് സുദേവന്‍ കുമാരനോടായിപ്പറഞ്ഞു.

"വേണ്ട സുദേവാ.എനിക്കു വേറൊരു സ്ഥലം വേരെ പോവാനൊണ്ട്.നാളെയാട്ടെ"

തോര്‍ത്തെടുത്ത് ഒന്നു മുഖം തൊടച്ചുകൊണ്ട് കുമാരന്‍ ഇടവഴിയിലെയ്ക്കു കയറി മുന്നോട്ടു നടന്നു.

"അവന്‍ സുഗുണന്റെ വീട്ടീപ്പോവുവാ.നല്ല സൊയമ്പന്‍ നാടന്‍ കിട്ടുമല്ലോ അവിടെ.കൂട്ടത്തീ ദേവകീനേം കാണാം.അവളെകാണുമ്പം തന്നെ ആരും ഫിറ്റാകുമല്ലോ.ഇന്നവന്റെ കയ്യിലൊള്ളതെല്ലാം അവിടെത്തന്നെ."

ഒരു ചിരിചിരിച്ചിട്ട് തനിക്കിട്ട ചീട്ടെടുത്ത് നോക്കിക്കൊണ്ട് ബാവച്ചി പറഞ്ഞു.

"എത്രയൊക്കെ താമസിച്ചാലും മൊടങ്ങാണ്ട് അമ്മിണീടെ നടുവിനു രണ്ടിടിയിടിച്ചില്ലെങ്കി കുമാരനൊറക്കം വരത്തില്ല.അയലോക്കക്കാരൊക്കെ എത്രവട്ടം പറഞ്ഞതാ.അവരും മടുത്തു"

"എന്റെ ചെല്ലപ്പണ്ണാ നിങ്ങ കണാകുണാ പറഞ്ഞോണ്ടിരിക്കാതെ അങ്ങോട്ട് കളിച്ചാണ്.നല്ലൊരു കൈ കേറിയപ്പോഴാണ് അയാക്കടെയൊരു.."

"സുദേവാ നീ ചൂടാവാതെടാ.ദേ കളിച്ചിരിക്കുന്നൊരമ്പത്"

പൈസയെടുത്ത് തോര്‍ത്തേലിട്ടിട്ട് ചെല്ലപ്പനവര്‍കള്‍ തലയുയര്‍ത്തി സുദേവനെ നോക്കി

.....................................................................................

നടേശന്‍ മൊതലാളീടെ തടിമില്ലിലെ ജോലിക്കാരനാണ് മിസ്റ്റര്‍ കുമാരന്‍.ഭാര്യ അമ്മിണി.ഒരേയൊരു മകള്‍ മധുരപ്പതിനേഴുകാരിയായ മീനാക്ഷി എന്ന മീനു.കുമാരന്റെ വീക്ക്നെസ്സാണ് മീനാക്ഷി.എത്ര അടിച്ചു കുന്തം മറിഞ്ഞുവന്നാലും മീനാക്ഷിയ്ക്കുള്ള പലഹാരങ്ങള്‍ മേടിച്ചുകൊണ്ട് വരാന്‍ കുമാര്‍ജി മറക്കാറില്ല.പക്ഷേ വാമഭാഗത്തിനോട് അത്ര മമത പുള്ളിക്കാരനില്ല എന്നതാണു സത്യം.കിടക്കുന്നതിനുമുമ്പ് ഒരു രണ്ടിടിയെങ്കിലും അമ്മിണിയ്ക്കു കൊടുക്കേം വേണം ഒരു നാലഞ്ചു ചട്ടീം കലോം പൊട്ടിയ്ക്കേം വേണം.മേലു നന്നായിട്ടു നോവുമ്പം അമ്മിണിയും തിരിച്ച് അള്ളുകേം മാന്തുകേമൊക്കെ ചെയ്യും.നല്ല മുട്ടന്‍ തെറീം വിളിക്കും.മില്ലിലെ പണിയൊക്കെക്കഴിഞ്ഞ് നാണുപിള്ളയുടെ പണയിലെ ചീട്ടുകളിഗോദായിലും വരവുവച്ച് ബാക്കി കയ്യിലെന്തേലുമൊണ്ടെങ്കി സുഗുണന്റെ വീട്ടീന്ന് കൊറച്ചു നാടനുമടിച്ച് വീട്ടിലേയ്ക്ക് നല്ല നാടന്‍ പാട്ടുമൊക്കെപ്പാടിയുള്ള ആ വരവ് ഒന്നു കാണേണ്ടതു തന്നെയാണു.ഈ വരവില്‍ ആരെങ്കിലും കുമാരനോടെന്തേലും ചോദിച്ചുപോയാള്‍ അവരുടെ സമയം അത്ര നന്നല്ലായിരുന്നു എന്നു കരുതിക്കോണ്ടാ മതി.ഒരുവിധമെല്ലാപേര്‍ക്കും കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് ആരും പോയി തലവച്ചുകൊടുക്കാറില്ല.

.....................................................................................

സുഗുണന്റെ വീട്ടിലേയ്ക്കുള്ള വഴിയെത്താറായപ്പോള്‍ കുമാരന്‍ ഒന്നു നിന്നു.കാലുകള്‍ ആ ഭാഗത്തേയ്ക്കു വലിയ്ക്കുന്നു.വേണ്ട.താന്‍ കുടി നിര്‍ത്തിയെന്ന് ശപഥം ചെയ്തതതാണു.ഇനി കുടിക്കത്തില്ല.ആരോടുമിതു പറഞ്ഞിട്ടില്ല.പറഞ്ഞാലുമാരും വിശ്വസിക്കില്ല.
അമ്മിണിയ്ക്കും മീനാക്ഷിക്കും ഇന്നിതൊരു അത്ഭുതമായിരിക്കും.തലവെട്ടിച്ചുകൊണ്ട് കുമാരന്‍ തന്റെ വീട്ടിലേയ്ക്കു വേഗത്തില്‍ നടന്നു.

വീട്ടിലേയ്ക്കു നടക്കുമ്പോള്‍ കുമാരന്റെ മനസ്സില്‍ വലിയ സംഘര്‍ഷം നടക്കുകയായിരുന്നു.തലേന്നു രാത്രിയിലത്തെ സംഭവങ്ങള്‍ മനസ്സിലേയ്ക്ക് അലയടിച്ചുവന്നുകൊണ്ടിരിക്കുന്നു.പതിവുപോലെ അടിച്ചുപൂക്കുറ്റിയായി താന്‍ വീട്ടിചെന്നതും ചെന്നപാടെ അമ്മിണിയ്ക്കുള്ള പതിവുകൊടുത്തിട്ട് അടുക്കളേക്കേറി കറിച്ചട്ടി എറിഞ്ഞുപൊട്ടിച്ചതും പിന്നെ ഇളിയില്‍ കരുതിയിരുന്ന ബാലന്‍സ് ചാരായം കുടിയ്ക്കാന്‍ എടുത്തപ്പോ മീനാക്ഷി വന്ന് അതു പിടിച്ചുവാങ്ങി അവളു കൊറച്ചുകുടിച്ചതും എല്ലാം ഒരു നാടകം പോലെ കുമാരനോര്‍മ്മിച്ചു.പിന്നെ എന്തൊക്കെ പുകിലുകളായിരുന്നു.എപ്പോഴാണുറങ്ങിയതെന്നറിയില്ല.രാവിലെ എഴുന്നേറ്റ് ചായകുടിച്ചുകൊണ്ടിരുന്നപ്പോള്‍ മകളുടെ മുഖത്തുനോക്കാന്‍ പോലും തനിയ്ക്കു തോന്നിയില്ല.അവളുടെ മുഖത്ത് പ്രത്യേകിച്ച് ഒന്നുമുണ്ടായ ലക്ഷണമില്ലായിരുന്നു.അപ്പോഴേ താന്‍ തീരുമാനിച്ചിരുന്നു.

തുണി കഴുകി വിരിച്ചിട്ട് തിരിഞ്ഞ അമ്മിണി ആ കാഴ്ച കണ്ട് വിശ്വസിക്കാനാവാതെ നിന്നുപോയി.എത്രയെങ്കിലും കാലത്തിനുശേഷം ആദ്യമായി തന്റെ കണവന്‍ സുബോധത്തോടെ തന്റെ മുമ്പില്‍ അതും സന്ധ്യയാവുന്നതിനുമുന്‍പേ വന്നു നില്‍ക്കുന്നു.ഒരു കയ്യില്‍ അഞ്ചെട്ട് മീനും മറ്റേ കയ്യില്‍ ഒരു വലിയ കവറും പിടിച്ചു തന്നെ തന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കുമാരനെ അവള്‍ അതിശയത്തോടെ നോക്കി.

"ഇന്നാടീ അമ്മിണീ.ഇതു നല്ല പൊഴമീനാ.ആ കരുണന്റെ കയ്യീന്നു മേടിച്ചതാ.നീ നല്ല കൊടമ്പുളിയൊക്കെയിട്ട് ഒന്നു കുറുക്കി വച്ചേ.ഈ കവറിലൊള്ളത് മീനുവിനൊരു ചുരിദാറും പിന്നെ നെനക്കൊരു സാരിയുമാണ്.കൊറച്ചു കാശിന്നുകിട്ടി.ഞാനൊന്നു കുളിക്കട്ടെ.ആ എണ്ണയൊന്നിങ്ങെടുത്തേ.ഞാനൊന്നു കുളിക്കട്ടെ"

അന്തം വിട്ടു നില്‍ക്കുന്ന അമ്മിണിയുടെ കയ്യില്‍ സാധനമെല്ലാമേല്‍പ്പിച്ചശേഷം കുമാരന്‍ ഇറയത്തേയ്ക്കു കയറി.ആദ്യത്തെ അമ്പരപ്പ് ഒന്നു മാറിയ അമ്മിണി അടുക്കളയില്‍ നിന്നും എണ്ണയെടുത്തുകൊണ്ടു വന്നു ഭര്‍ത്താവിനുകൊടുത്തു.എന്നിട്ട് മീന്‍ തയ്യാറാക്കാനായി അടുക്കളയിലേയ്ക്കു മടങ്ങി.

മീനാക്ഷിയും അമ്പരപ്പില്‍ തന്നെയായിരുന്നു.ഒറ്റദിവസം കൊണ്ട് അച്ഛനുണ്ടായ മാറ്റം അവള്‍ക്കും വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല.അവസാനകയ്യെന്ന നിലയ്ക്കു തലേന്നു കാട്ടിയത് ഫലവത്തായതില്‍ അവള്‍ ആഹ്ലാദഭരിതയായിരുന്നു.വളരെ നാളുകള്‍ക്കുശേഷം അന്നാ വീട്ടില്‍ മൂവരും ഒരുമിച്ച് ആഹാരം കഴിക്കുകയും നേരത്തേ വിളക്കണച്ചുറക്കമാവുകയും ചെയ്തു.

....................................................................................

"എടീ അമ്മിണ്യേ..നിന്റെ കെട്യോന്‍ നാലഞ്ചുദെവസായീട്ട് വഴക്കും ബഹളോമൊന്നുമില്ലല്ലോടീ.കുടിയൊക്കെ നിര്‍ത്തിയെന്നുകേട്ടു.ഒള്ളതാണോടീ...നീയുന്തു മന്ത്രവാ ചെയ്തേ"

അയല്‍ വക്കത്തെ ശ്യാമളയുടെ അമ്മ സുകുമാരിചേച്ചി അമ്മിണിയെക്കണ്ടപ്പോ മാറ്റിനിര്‍ത്തി ചോദിച്ചു.

"അതേ അമ്മച്ചി.ഇപ്പം കുടീമില്ല വഴക്കുമില്ല ഒരു ബഹളോമില്ല.വൈകുന്നേരത്തിനു മുമ്പേ വീട്ടിവരും.എന്റെ പ്രാര്‍ഥന ദൈവം കേട്ടതാ"

"ഹൊ എന്തോ പറഞ്ഞാലും ആ ചീത്തവിളീം ബഹളോം കേള്‍ക്കാനൊരു സൊകമൊണ്ടായിരുന്നു.അതു ഒരു ദെവസി കേട്ടില്ലെങ്കി എനിക്കൊരു എന്തോപോലായിരുന്നു. എന്റെ ഒറക്കം പോയെന്നു പറഞ്ഞാമതീല്ലോ"

അമ്മിണി അവരെ രൂക്ഷയൊന്നു നോക്കി.അതു കാണാത്തഭാവത്തില്‍ അവര്‍ തിരിഞ്ഞു നടന്നു.

"ഇപ്പോ ഇതെത്രദെവസായി.എപ്പോഴും ഇങ്ങനെ വീട്ടിത്തന്നെയിരിക്കുന്നു.നിങ്ങളൊന്നു പൊറത്തോട്ടൊക്കെയെറങ്ങാത്തതെന്താ"

രാത്രി കെടക്കാന്‍ നേരം അമ്മിണി കുമാരനോടു ചോദിച്ചു.

"ഹേയ് ഒന്നുമില്ല.എറങ്ങ്യാപിന്നെ കൂട്ടരെയൊക്കെകാണുമ്പം ചീട്ടുകളിക്കാനും കുടിയ്ക്കാനുമൊക്കെ തോന്നും.വേണ്ട".അലസനായി കുമാരന്‍ പറഞ്ഞു.

"ഒത്തിരി വല്ലപ്പോഴും കുടിക്കുന്നതുകൊണ്ട് കൊഴപ്പമില്ല.സത്യത്തില്‍ മുമ്പ് നിങ്ങള്‍ കുടിച്ചിട്ടു വന്ന് ഇവിടെ ബഹളമൊക്കെയുണ്ടാക്കുമ്പം ഒത്തിരി രസമൊക്കെയുണ്ടായിരുന്നു.ഇപ്പം വീടൊറങ്ങിപ്പോയെന്ന് എല്ലാരും പറേണ്.നിങള്‍ ഒരല്‍പ്പം കഴിച്ചിട്ടുവരുന്നതാ എനിക്കും സന്തോഷം.കൂടുതലു കുടിക്കാതിരുന്നാ മതി"

കുമാരന്റെ മാറില്‍ വിരലോടിച്ചുകൊണ്ട് അമ്മിണി പറഞ്ഞു.

"നിന്റെയിഷ്ടമാണെന്റെയിഷ്ടം പൊന്നേ". അവളെ ദേഹത്തോടു ചേര്‍ത്തുപിടിച്ചുകൊണ്ട് കുമാരന്‍ മെല്ലെപ്പറഞ്ഞു.
.....................................................................................

എടീ പട്ടിക്കഴുവര്‍ടമോളേ...നീ ഇതെവിടെപ്പോയിക്കെടക്കുവാണെടീ...നിന്റെയമ്മേടെയൊരു കൂമ്പാര്..

പ്..ടോ....ത്ച്ഛില്ല്‍...

എന്തോ വീണൊടയുന്ന ഒച്ചയും വലിയ ബഹളവും കേട്ട് അമ്മിണി ശ്യാമളയുടെ വീട്ടില്‍ നിന്നും തന്റെ വീട്ടിലേയ്ക്കോടിവന്നു.മുറ്റത്തുചിതറിക്കിടക്കുന്ന സാമ്പാറും കലത്തിന്റെ കഷണവും കണ്ട് ഞെട്ടിയ അവള്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ ആടിയാടിനിക്കുന്ന കുമാരനെയാണു കണ്ടത്.

"എടീ ഭാര്യേ..ഇത്രയും മതിയോ..ഞാന്‍ കുടിച്ചതു കൂടിപ്പോയൊന്നുമില്ലല്ലോ..പിന്നെ കലം ഞാന്‍ ഒന്നേ പൊട്ടിച്ചിട്ടൊള്ളു.നിന്നെ ഇടിയ്ക്കാനെനിക്കു മനസ്സുവരുന്നില്ലല്ലോ എന്റമ്മിണീ...പിന്നെ പ്രധാന്‍പ്പെട്ടൊരു കാര്യം.കയ്യിലൊണ്ടായിരുന്നതു കളിച്ചു തോറ്റപ്പം ആ സുദേവന്റടുത്ത് നമ്മുടെ ആടിനെ പണയം പറഞ്ഞു പൈസമേടിച്ചു പോയതു തിരിച്ചുപിടിയ്ക്കാന്‍ ശ്രമിച്ചു.അതും പോയടീ...പൊന്നുമോളേ..അവനാടിനെ അഴിച്ചോണ്ടുപൂവാനിപ്പോ വരും. നീ തല്ലരുതവനെ...പയങ്കരക്ഷീണ്മെന്റമ്മണീ...നീയാ പായൊന്നു വിരിച്ചിട്ടേ..ഞാനൊന്നു കെടക്കട്ടെ.നാളെ പോയ കാശെങ്ങിനെയെങ്കിലും പിടിയ്ക്കണ്മല്ലോ ദൈവമേ"

പിറുപിറുത്തുകൊണ്ട് അഴിഞ്ഞുപോയ കൈലിയും കയ്യീപ്പിടിച്ച് തപ്പി തപ്പി എറയത്തേയ്ക്കു കയറുന്ന കണവനെ അമ്മിണി കണ്ണിമയ്ക്കാതെ നോക്കി നിന്നു.

ശുഭം

ശ്രീക്കുട്ടന്‍

Saturday, October 23, 2010

പ്രതിരൂപം

ഉപദേശി

"ഇല്ല.എന്തു തന്നെയായാലും ഇക്കുറി‍ നീ പറയുന്നതു ഞാന്‍ കേള്‍ക്കില്ല"

തല വിലങ്ങനെയാട്ടിക്കൊണ്ട് ഹരീന്ദ്രന്‍ മേശമേല്‍ കയ്യൂന്നി നിന്നു. അവന്റെ മുഖമാകെ ചുവന്നുതുടുത്തിരുന്നു. അതേ നില്പ്പ് അല്പസമയം കൂടി തുടര്‍ന്നശേഷം അവന്‍ തിരിഞ്ഞു നോക്കി. തന്നെത്തന്നെ സാകൂതം നോക്കി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുകയാണവന്‍. എങ്ങനെ  ദേഷ്യം വരാതിരിക്കും. ഏതു കാര്യം ചെയ്യാനിറങ്ങുമ്പോഴും ഇടങ്കോലുമായി അവന്‍ മുമ്പില്‍ വരും. ചിലപ്പോഴൊക്കെ അവന്‍ തന്നിട്ടുള്ള മുന്നറിയിപ്പുകള്‍ കുഴപ്പങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുണ്ട് എന്നത് നേര് തന്നെ. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയില്ലേ.

"നിനക്കൊരു വിചാരമുണ്ട്. നീ പറയുന്നത് മാത്രമാണു ശരിയെന്ന്‍. ബാക്കിയുള്ളവര്‍ എല്ലാമങ്ങ് അനുസരിച്ചുകൊള്ളണമെന്ന്‍. എന്നാല്‍ അതത്ര ശരിയായ നടപടിയല്ല"

അപ്പോഴും ചിരിച്ചുകൊണ്ടുതന്നെ നില്‍ക്കുന്ന അവനുനേരെ നോക്കി ഹരീന്ദ്രന്‍ തുടര്‍ന്നു.

"എടാ ഞാന്‍ മുമ്പ് കുറിക്കമ്പനി തുടങ്ങിയപ്പോള്‍ നീ ഇതേപോലെ എന്നെത്തടഞ്ഞതാണ്. പരിചയമില്ലാ​ത്ത ഫീല്‍ഡില്‍ ആരുടേയും വാക്കു വിശ്വസിച്ച് പണമിറക്കരുതെന്ന്‍ നീ ഉപദേശിച്ചെങ്കിലും ഞാന്‍ അത് കേട്ടില്ല. കയ്യിലുണ്ടായിരുന്നതില്‍ നിന്നും നാലഞ്ചുലക്ഷം പോയപ്പോളാണ് നീ പറഞ്ഞതില്‍ കാര്യമുണ്ടെന്നു എനിക്ക് ബോധ്യമായത്. തെറ്റു മനസ്സിലായാല്‍ അതു തിരുത്തണം. അപ്പോള്‍ത്തന്നെ ഞാന്‍ കുറിക്കമ്പനി അടച്ചുപൂട്ടിയില്ലേ. അതുകൊണ്ട് ബാക്കിയുള്ള പണമെങ്കിലും സേവ് ചെയ്യാനെനിക്കു കഴിഞ്ഞു. ബുദ്ധിപരമായി അങ്ങനെ ഒരു തീരുമാനം ഞാനെടുത്തിട്ട് നീയെന്നെ ഒന്നഭിനന്ദിക്കുകയെങ്കിലും ചെയ്തോ?. ഇല്ലാ. അതാ ഞാന്‍ പറഞ്ഞത്  നിനക്ക് ഉപദേശിക്കുവാന്‍ മാത്രമേ കഴിയത്തൊള്ളു"

ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ഹരീന്ദ്രന്‍ മേശപ്പുറത്തിരുന്ന സിഗററ്റ് പായ്ക്കറ്റിനുള്ളില്‍ നിന്നും ഒരെണ്ണമെടുത്തുകൊളുത്തി. പുക ശക്തിയായി അകത്തേയ്ക്ക് വലിച്ചുകയറ്റിയിട്ട് അതേ പോലെതന്നെ അവന്‍ പുറത്തേയ്ക്കൂതിവിട്ടുകൊണ്ട് സംസാരം തുടര്‍ന്നു.

"ഒരു ഹോട്ടല്‍ ബിസിനസ്സ് ആരംഭിച്ചപ്പോഴും നീ കുറുക്കേ വന്നു. പിന്നെ പറയാനുണ്ടോ?. അത് പൊട്ടിപ്പൊളിഞ്ഞ് പാളീസായി. എങ്ങിനെ പൊളിയാണ്ടിരിക്കും. കരിനാക്ക് വളച്ച് നീ ആദ്യമേ പറഞ്ഞില്ലേ അതുവേണ്ടാ വേണ്ടായെന്നു. ആ ഹോട്ടല്‍ പിന്നെ പൂട്ടിപ്പോയില്ലെങ്കിലേയുള്ളു അത്ഭുതം.എടാ മനുഷ്യനായാല്‍ അല്‍പ്പം വകതിരിവു വേണം. എപ്പൊഴും ഇടങ്കോലിട്ട് പറഞ്ഞ് പിന്തിരിപ്പിക്കുകയല്ല ചെയ്യേണ്ടത്. വല്ലപ്പോഴുമൊക്കെ ധൈര്യം നല്‍കി മുന്നൊട്ടും മയിക്കണം. ഇതിങ്ങിനെ എല്ലായ്പ്പോയും കയ്യും കെട്ടി ചിരിച്ചുകൊണ്ട് നിന്ന്‍ ഉപദേശം സപ്ലൈ ചെയ്യാനായിട്ട്. ഭാഗ്യത്തിനാണ് ബസ്സ് സര്‍വീസ് ആരംഭിച്ചപ്പോള്‍ നീ ഉടക്ക് പറയാതിരുന്നത്. അതുകൊണ്ടായിരിക്കാം ദൈവം സഹായിച്ച് നല്ല രീതിയില്‍ അതിപ്പോഴും മുന്നോട്ടുപോകുന്നത്. ഒരെണ്ണത്തില്‍ തൊടങ്ങീത് ഇപ്പോള്‍‍ ആറെണ്ണമായി. ഇനിയുമത് വളരും. എനിക്കുറപ്പാ അല്ലെങ്കില്‍ നീ കണ്ടോ.

പിന്നെ നിര്‍മ്മലയുടെ കാര്യം. ഞാന്‍ നിര്‍മ്മലയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ നീ പതിവ് ഉടക്കുമായി വന്നു. അവളെ കല്യാണം കഴിച്ചാല്‍ കുഴപ്പമാകുമെന്നു പറഞ്ഞ് എന്തോരം ബഹളമായിരുന്നു. പുതുപ്പണക്കാരനായ ഞാന്‍ ഇത്രേം വല്യ ബന്ധം നേടാന്‍ ശ്രമിക്കണ്ടാ, നിന്റെ നാടന്‍ രീതികളുമായി അവളുടെ പരിഷ്ക്കാരരീതികള്‍ യോജിച്ചുപോകില്ല, നീ ഏതെങ്കിലും നാട്ടുമ്പുറത്തുകാരിപ്പെണ്ണിനെ കെട്ടുന്നതാണു നല്ലത് എന്നെല്ലാം ഒരുപാട് എതിര്‍പ്പ് പറഞ്ഞതല്ലേ. എന്നിട്ടെന്തായി. നിര്‍മ്മലയെ കെട്ടി ഞാന്‍ സന്തോഷമായി ജീവിക്കുന്നില്ലേ. പിന്നെ വല്യ വീട്ടിലെ പെണ്ണായി ജനിച്ച് പട്ടണത്തിലൊക്കെ പഠിച്ചുവളര്‍ന്ന അവള്‍ക്ക് എന്റെ നാട്ടുമ്പുറത്തിന്റെ നിര്‍ബന്ധങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നുണ്ടാവില്ലായിരിക്കാം. നമ്മളതെല്ലാം കൊറച്ച് അഡ്ജസ്റ്റ് ചെയ്യണ്ടേ. ചോറുവയ്ക്കാനും തുണികഴുകാനുമൊക്കെ ജോലിക്കാരെ വച്ചാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ അവസാനിക്കും. അല്ലെങ്കിലും ഇതൊക്കെ നിന്നോട് പറഞ്ഞിട്ടെന്തു കാര്യം. ചുമ്മാ ഇങ്ങനെ ഇളിച്ചോണ്ട് നില്‍ക്കാനല്ലേ നിന്നെക്കൊണ്ടാവൂ.

അവളു പറയുന്നതിനു ഒരക്ഷരം പോലും എതിര്‍ത്തു പറയാത്തതുകൊണ്ട് എനിക്കവളെ പേടിയാണെന്ന്‍ നിനക്കൊരു വിചാരമുണ്ട്. അത് തെറ്റാണ്. എനിക്കീ ലോകത്ത് ആകെ പേടിയുള്ളത് പോലീസിനേയും പിന്നെ പട്ടികളെയുമാണ്. അതിനു കാര്യോമൊണ്ട്. കുറിക്കമ്പനി പൂട്ടിയപ്രശ്നത്തില്‍ എനിക്കൊന്ന്‍ സ്റ്റേഷനില്‍ കേറേണ്ടിവന്നു. അന്നത്തോടെ പോലീസിനെ ഞാന്‍ വെറുത്തുപോയി.  കൊച്ചിലേ ഒരിക്കല്‍ പട്ടികടിച്ചുപിന്നിയതുമൂലം പൊക്കിളിനുചുറ്റും നല്ല ഒന്നാന്തരം പണികിട്ടിയതോണ്ടാ ആ വര്‍ഗ്ഗത്തെ പേടിയായത്. അല്ലാതെ എനിക്കു ഈ ഭൂമിയില്‍ മറ്റൊന്നിനേം പേടിയില്ല. നിര്‍മ്മലയ്ക്കു പട്ടികളെ വല്യ കാര്യമായിപ്പോയതുമൂലം എനിക്കും അവയെ സ്നേഹിക്കാതെ തരമില്ലാതായിരിക്കുന്നു. നീ ചിരിക്കണ്ട. നമ്മുടെ വീട്ടിലെ പട്ടികളെ കുളിപ്പിക്കുന്നതും അവയെ ഒത്തിരി നടത്താന്‍ കൊണ്ടുപോകുന്നതുമൊന്നും അത്ര വല്യ തെറ്റുള്ള കാര്യമൊന്നുമല്ല. ഉവ്വോ"

വാതിലിലൂടെ തലപുറത്തേയ്ക്കിട്ടു നോക്കിയിട്ട് ഹരീന്ദ്രന്‍ സിഗററ്റ്കുറ്റി ജനലിലൂടെ ദൂരേയ്ക്കു വലിച്ചെറിഞ്ഞു കൊണ്ട് വീണ്ടും പഴയസ്ഥലത്തേയ്ക്കു വന്നു.

"ഇപ്പോള്‍ നീ പറയുന്നു. ആണുങ്ങളായാള്‍ കൊറച്ചു ധൈര്യമൊക്കെ വേണ്ടേ. ഒരെണ്ണം അവളുടെ ചെപ്പക്കു കൊടുത്താല്‍ മര്യാദയ്ക്കു അവള്‍ നില്‍ക്കില്ലേ എന്നൊക്കെ. മുന്‍പ് നീ പറഞ്ഞ പല കാര്യങ്ങളും ശരിയായിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഞാനില്ല. നിന്റെ ഉപദേശം എനിക്കു കേള്‍ക്കുകയും വേണ്ട. ആകെയുണ്ടായിരുന്ന സമയം പോക്കായിരുന്ന ആ സുമതിയെ പറഞ്ഞുവിടണമെന്ന്‍ പറയുന്നുണ്ടവള്‍. അവളുടെ ജോലിയ്ക്ക് അത്ര വൃത്തിപോരാത്രെ. ഇനി മറ്റേതേലും കെളവിയെ വേലയ്ക്കു വയ്ക്കുന്നതുവരെ ഈ വീട്ടിലെ ജോലിയൊക്കെ ചത്തുപോയ അവടെ അപ്പന്‍ സുരേന്ദ്രന്‍പിള്ള വന്നു ചെയ്യുമെന്നാണവളുടെ വിചാരം. നീ പറഞ്ഞതുപോലെ അവളെ തല്ലാനോ വഴക്കുപറയാനോ മറ്റോ പോയാള്‍ ചിലപ്പോള്‍ വല്യ പ്രശ്നമാകും. ദേഷ്യം വന്നാല്‍ അവള്‍ക്ക് പ്രാന്താണ്. എന്തിനാണാവശ്യമില്ലാത്ത പുലിവാലൊക്കെ പിടിയ്ക്കുന്നത്. സന്തുഷ്ടമായ ദാമ്പത്യജീവിത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാവണം ഭര്‍ത്താക്കന്മാര്‍. എല്ലെങ്കിലും ഇതൊക്കെ നിന്നോട് പറയുന്ന എന്നെ തല്ലണം"

"സമയം ഒരുപാട് താമസിച്ചു. ഞാനല്‍പ്പസമയം കഴിഞ്ഞുവന്നിട്ട് ബാക്കി സംസാരിക്കാം. അതുവരെ നീ ഇങ്ങിനെ മസിലും പിടിച്ചു ഇളിച്ചോണ്ട് നിന്നോ. അടുക്കളയില്‍ ഇച്ചിരി പണിയൊണ്ട്. പിന്നെ അവളുടെ പൊമറേനിയനെ കുളിപ്പിക്കേണ്ട സമയവുമായി. അതൊക്കെ ഒന്നു തീര്‍ത്തിട്ടുവന്ന്‍ നിന്റെ ഉപദേശങ്ങള്‍ കേള്‍ക്കാം. അപ്പോള്‍ പറഞ്ഞപോലെ. ദേ ഇപ്പോ വരാം കേട്ടോ."

കണ്ണാടിയില്‍ ഒരിക്കല്‍ക്കൂടി ഹരീന്ദ്രന്‍ നോക്കി. തന്നെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുകയാണവന്‍. തന്റെ പ്രതിരൂപത്തിനുനേരെ നോക്കി ഒന്നു കൈവീശിക്കാണിച്ചശേഷം ഹരീന്ദ്രന്‍ തിടുക്കത്തില്‍ അടുക്കളയിലേയ്ക്കു നടന്നു.

ശ്രീക്കുട്ടന്‍

Wednesday, October 13, 2010

വിജയന്‍ മൊതലാളി

അയല്‍വക്കത്തെ വസുമതിചേച്ചിയുമായി തന്റെ വീട്ടിന്റെ ഗേറ്റിന്നുമുമ്പില്‍ പരദൂഷണവും പറഞ്ഞുനിന്ന സുലോചനാതങ്കപ്പന്‍ തങ്ങളുടെ തൊട്ടുമുന്‍പിലായി വന്നുനിന്ന ആ ആഡംബരക്കാറിലേയ്ക്കു സൂക്ഷിച്ചുനോക്കി. ഡ്രൈവര്‍സീറ്റില്‍ നിന്നും ചാടിയിറങ്ങിയ യുവാവ് കാറിന്റെ ബാക്ക് ഡോര്‍ തുറന്ന്‍ പിടിച്ച് ഭവ്യതയോടുകൂടി ഒതുങ്ങി നിന്നു. ബാക്ക്സീറ്റില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് ചുറ്റുപാടും ഒന്നു നോക്കിയിട്ട് സുലോചനേച്ചി നില്‍ക്കുന്നിടത്തേയ്ക്കു നടന്നു വന്നു. മനോഹരമായ കൂളിംഗ് ഗ്ലാസ്സും വച്ചു വിലകൂടിയ വാച്ചും ഡ്രെസ്സും മറ്റും അണിഞ്ഞ് തന്റെ നേരെ നടന്നടുക്കുന്ന ആ യുവാവിനെതന്നെ സുലോചന സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട നല്ല മുഖപരിചയം.പക്ഷേ ഓര്‍മ്മ വരുന്നില്ലല്ലോ.വസുമതിചേച്ചിയും ആകെ അന്തം വിട്ടപോലെ നില്‍പ്പാണ്.

"ഹലോ സുലുവമ്മായി.എന്നെ മനസ്സിലായില്ലേ."

തന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ യുവാവിനെ സുലോചന ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി.ദൈവമേ ഇത് പണ്ട് നാടുവിട്ടുപോയ വിജയനല്ലേ.തന്നെ. സംശയമൊന്നുമില്ല.വിജയന്‍ തന്നെ.

"എടാ വിജയാ നീ......."

അതിശയത്തോടെ വിളിച്ചുകൊണ്ട് സുലോചനേച്ചി അവന്റെ കയ്യില്‍ പിടിച്ചു.

"അതേ അമ്മായി ഞാന്‍ തന്നെ വിജയന്‍. പണ്ട് ജോലിയും കൂലിയുമൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന്‍ ആ പഴയ വിജയനല്ലിന്നു ഞാന്‍. ഒരു പാവം കോടീശ്വരന്‍. അതൊക്കെപ്പോട്ടെ.അമ്മവനും മറ്റും സുഖം തന്നെയല്ലേ". കൂളിംഗ് ഗ്ലാസ്സെടുത്ത് അതിനെ അരുമയായൊന്നു തുടച്ചുകൊണ്ട് വിജയന്‍ മെല്ലെ പറഞ്ഞു.

"വന്നകാലില്‍ തന്നെ നിക്കാതെ നീ അകത്തേയ്ക്കു വന്നേ. വിശേഷമൊക്കെ വല്ലതും കുടിച്ചേച്ചു പറയാം.അപ്പം വസുവേടത്തി ഒരല്‍പ്പം തിരക്കുണ്ട്, നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം.നീ വാ വിജയാ". വസുവേടത്തിയ്ക്ക് ടാറ്റ പറഞ്ഞുകൊണ്ട് സുലോചന വിജയന്റെ കൈപിടിച്ചു വീട്ടിലേയ്ക്കു നടന്നു.

"തങ്കേട്ടാ.ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ" സുലോചന തൊഴുത്തിലേയ്ക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

"ആരാടി" ഒരൊച്ച തൊഴുത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്കു വന്നു.

"നിങ്ങളിങ്ങോട്ടൊന്നു വന്നേ മനുഷ്യാ.ചാണകമൊക്കെ പിന്നെ വാരാം" ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് സുലോചന ചായയ്ക്കു വെള്ളം വച്ചു.

അടുക്കളയിലേയ്ക്കു കടന്ന വിജയന്‍ അവിടെക്കിടന്ന വനിതാമാസികയെടുത്ത് മറിച്ചുനോക്കിക്കോണ്ടു നിന്നു.

"എന്തിനാ വന്നകാലേല്‍ തന്നെ നിക്കുന്നത്.മോനിങ്ങോട്ടിരുന്നേ"

അടുത്തുകിടന്ന കസേര തോര്‍ത്തെടുത്ത് നന്നായി തുടച്ചിട്ട് വിജയനിരിക്കാനായി സുലോചന നീക്കിയിട്ടുകൊടുത്തു.കയ്യിലിരുന്ന മാസികകൊണ്ട് ഒരിക്കല്‍ക്കൂടി പൊടിതട്ടിയശേഷം വിജയന്‍ മെല്ലെ കസേരയിലിരുന്നു.


"ആര് വന്നെന്നാടി വിളിച്ചുകൂവിയത്.ആ ജോലിയൊന്നു തീര്‍ക്കമെന്നു വച്ചാ നീ സമ്മതിക്കത്തില്ലല്ലേ"

പൈപ്പിന്ന്‍ കാലും കയ്യും മുഖവുമൊക്കെയൊന്നു കഴുകിവൃത്തിയാക്കിക്കൊണ്ട് തങ്കപ്പന്‍ നായര്‍ അകത്തേയ്ക്കു വന്നു.കസേരയില്‍ അമര്‍ന്നിരിക്കുന്ന ചെറുപ്പക്കാരനെ ആദ്യമൊന്നു പകച്ചു നോക്കിയെങ്കിലും പിന്നീട് ആ മുഖത്ത് അത്ഭുതം വിടര്‍ന്നു.

"എടാ വിജയാ. നീ... നീ ആളങ്ങ് വല്ലാണ്ട് മാറിപ്പോയല്ലോടാ.എവിടാരുന്നു കഴിഞ്ഞ നാലഞ്ചുകൊല്ലക്കാലം"

"അവനിപ്പം പഴയ വിജയനൊന്നുമല്ല. കോടീശ്വരനായ വിജയന്‍ മൊതലാളിയാ.എന്തായാലും നമ്മളെയൊന്നും മറക്കാതെ അവന്‍ മടങ്ങി വന്നല്ലോ.അതു മതി.ഈ കൈ കൊണ്ട് ഞാന്‍ എന്തോരം ചോറു കൊടുത്തിട്ടൊള്ളതാ.എന്റെ സ്വന്തം മോനെപ്പോലെയല്ലാരുന്നോ ഞാനവനെ നോക്കിയിരുന്നത്. മക്കളീ ചായ കുടിക്ക്" കയ്യിലിരുന്ന ചായ വിജയനു നീട്ടിക്കൊണ്ട് സുലോചനേച്ചി മൂക്കു തുടച്ചു.

"അന്നു നാടുവിട്ടുപോയ ഞാന്‍ കൊറേയേറെയലഞ്ഞു അമ്മാവാ.വലിയ പഠിപ്പൊന്നുമില്ലാത്ത എനിക്കു എന്തു ജോലി കിട്ടാനാ.ചെയ്യാത്ത ജോലികള്‍ കൊറവാ.അങ്ങനെയിരിക്കേ എനിക്കൊരു ലോട്ടറിയടിച്ചതുപോലെ കൊറേ കാശു കളഞ്ഞുകിട്ടി. ആ കാശുകൊണ്ട് ഞാനൊരു കൊച്ചു ബിസിനസ്സാരംഭിച്ചു. പിന്നെ എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.നാലഞ്ചു കൊല്ലം കൊണ്ട് ഞാന്‍ ഒരു വല്യ കോടീശ്വരനായി മാറി.ആരുമില്ലാത്തവാനാണെന്ന തോന്നലുണ്ടായപ്പോള്‍ ഞാന്‍ അമ്മാവനേം അമ്മാവിയേമോര്‍മ്മിച്ചു.ഒടനെ നിങ്ങളെക്കാണണമെന്നു കരുതി വന്നതാ.അല്ലെലും ഒരു വല്യ പണക്കാരനായി മാത്രമേ ഈ നാട്ടില്‍ കാലു കുത്താവുവെന്ന്‍ എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയന്‍ ചായ കുടിച്ചു തീര്‍ത്തുകൊണ്ട് ഗ്ലാസ്സ് അമ്മയിക്കു നേരെ നീട്ടി.

"ഇനിയെന്താ നിന്റെ പരിപാടി" ആകാംഷയോടെ സുലോചന അവനോടു ചോദിച്ചു.

"പ്രത്യേകിച്ചൊന്നുമില്ല.നമ്മുടെ അമ്പലത്തിന്റെ കിഴക്കു വശത്തായി പണിഞ്ഞിട്ടിരിക്കുന്ന വീട് എനിക്കൊള്ളതാണ്.ഇവിടെയാര്‍ക്കുമറിയാതെ ഞാന്‍ വാങ്ങിയതാണത്.അവിടെ കൊറച്ചു ദെവസം താമസിക്കണം.പിന്നെ ...." വിജയന്‍ പറഞ്ഞു നിര്‍ത്തി.

"ങ്ഹേ...ആ വീട് നിനക്കുള്ളതാണോ.ഹമ്മോ.അതൊരു കൊട്ടാരം തന്നെയാണല്ലോ.ഇവിടെയെല്ലാരും പറഞ്ഞത് അതൊരു ലണ്ടന്‍കാരന്റേതാണെന്നാ. എന്തായാലും ഇനിയൊരു കല്യാണമൊക്കെക്കഴിച്ച് ഇവിടെയങ്ങ് കൂടിയാ മതി നീ. എന്തിനാ കണ്ട നാട്ടില്‍ കിടന്ന്‍ കഷ്ടപ്പെടണത്.ഞങ്ങളൊക്കെയില്ലേ നിനക്ക്.പിന്നെ രാജി ഇപ്പോ വരും തയ്യലു പഠിക്കുവാന്‍ പോയിരിക്കുവാ.വീട്ടീ ചുമ്മാതിരുന്നു മുഷിയണ്ടല്ലോന്നു കരുതി വിടുന്നതാ".തോളില്‍ കിടന്ന തോര്‍ത്തെടുത്തു മുഖമെല്ലാമൊന്നു തുടച്ചുകൊണ്ട് സുലോചനേച്ചി തങ്കപ്പഞ്ചേട്ടനേയുമൊന്നു നോക്കി യിട്ട് വിജയനോടായി പറഞ്ഞു.

"രാജിയുടെ കല്യാണം കഴിഞ്ഞില്ലേ ഇതേവരെ". വിജയന്‍ കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നു.

"ഇല്ല മോനേ. നടക്കേണ്ടതല്ലേ നടക്കൂ". ഒരാത്മഗതം പോലെ അവര്‍ പറഞ്ഞു.

"ശരിയമ്മായി എന്നാല്‍ ഞാനിറങ്ങുന്നു.വീടിന്റെ ഒരല്‍പ്പം പെയിന്റിംഗ് പണി തീരാനുണ്ട്.ഞാന്‍ നാളെ വരാം" വിജയന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി.

"മോന്‍ വൈകിട്ടിങ്ങ് വാ.രാത്രി ഇവിടുന്ന്‍ ചോറുണ്ണാം.ഞാന്‍ മോനിഷ്ടപ്പെട്ട മുരിങ്ങയ്ക്കാത്തോരനും മത്തിപൊരിച്ചതുമെല്ലാം തയ്യാറാക്കിവയ്ക്കാം. പായസം കൂടി വയ്ക്കാം. പണ്ടേ നീയൊരു പായസക്കൊതിയനാണല്ലോ"അമ്മായി ഒന്നു കുലുങ്ങിച്ചിരിച്ചു.

"ശരിയമ്മായി" കൈവീശിക്കാണിച്ചിട്ട് വിജയന്‍ കാറില്‍ കയ്യറി യാത്രയായി.

"എന്റെ മനുഷ്യേനെ നിങ്ങള് കണ്ടോ.നമ്മുടെ ഭാഗ്യത്തിനാ അവന്‍ ഇതേവരെ കല്യാണം കഴിക്കാതിരുന്നത്.രാജിമോളെ അവനു പണ്ടേ ജീവനല്ലായിരുന്നൊ.നമുക്കെത്രയും പെട്ടന്ന്‍ അതങ്ങ് നടത്തിക്കൊടുക്കണം.അവന്‍ ഇപ്പോ കോടീശ്വരനാ.വൈകിട്ട് അവന്‍ വരുമ്പം നിങ്ങളൊന്നവനോടു പറയണമിക്കാര്യം"

"ഏടീ സുലൂ അത് ഞാനെങ്ങിനാ പറയുന്നത്.മുമ്പ് രാജീടെ കാര്യത്തിന് ഞാനവനെ തല്ലീട്ടൊള്ളതാ.പിന്നെ ഇപ്പോ.പണ്ടത്തെയൊക്കെ അവന്‍ മറന്നുകാണുമോ". തങ്കപ്പന്‍ നായര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

"ഒന്നു പോ മനുഷ്യേനെ.നിങ്ങക്കു പറ്റൂല്ലെങ്കി ഞാന്‍ പറയും.ഒന്നുമില്ലെലും അവന്റെ മൊറപ്പെണ്ണല്ലേ രാജി. മുമ്പ് വേലേം കൂലീമില്ലാതെ കയ്യില്‍ പത്തു നയാപൈസയില്ലാതെ തെക്കുവടക്കു നടന്ന അവന് പെണ്ണിനെപ്പിടിച്ചു കൊടുക്കാന്‍ പറ്റുമായിരുന്നോ.എല്ലാവരും ചെയ്യുന്നതുപോലെയേ നമളും ചെയ്തുള്ളു.അതുകൊണ്ടെന്താ അവനിപ്പം വല്യ പണക്കാരനായില്ലേ.

സംഭാഷണമങ്ങിനെ തുടര്‍ന്നുകൊണ്ടിരുന്നു.

------------------------------------------------------------------------------------

വൈകുന്നേരത്തെ പാര്‍ട്ടിയൊക്കെക്കഴിഞ്ഞ് ആല്‍ക്കാരൊന്നൊന്നായി പിരിഞ്ഞു തീര്‍ന്നപ്പോള്‍ സമയം പതിനൊന്നരയായി.വിജയന്‍ മെല്ലെ മണിയറയിലെയ്ക്കു കടന്നു.ഉറക്കച്ചടവോടെ കട്ടിലിലിരുന്ന രാജി പെട്ടന്ന്‍ പിടഞ്ഞെഴുന്നേറ്റു.കട്ടിലിലേയ്ക്കിരുന്ന വിജയന്റെ നേരെ അവള്‍ നാണിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന പാല്‍ഗ്ലാസ്സെടുത്തു നീട്ടി.അതു വാങ്ങി പകുതി കുടിച്ചശേഷം അവനത് രാജിയ്ക്കു നേരെ നീട്ടി. അവളതല്‍പ്പം കുടിച്ചിട്ട് മേശമേല്‍ വച്ചു.

"എന്റെ സ്വപ്നമായിരുന്നു.നിന്നെ വിവാഹം കഴിയ്ക്കുക എന്നത്.അതിനുവേണ്ടിയാണു ഞാന്‍ സമ്പാദിച്ചത്.ഞാന്‍ വരുന്നതിനുള്ളില്‍ നിന്റെ വിവാഹമെങ്ങാനും നടക്കുമോയെന്നു പേടിയുണ്ടായിരുന്നുവെനിക്കു. നിനക്കു വന്ന ഒന്നു രണ്ടു ആലോചനകള്‍ നാനാളെവച്ച് മുടക്കുകയും ചെയ്തു. വല്യ പണക്കാരനായി വരുന്ന എനിക്ക് നിന്നെ ത്തരുവാന്‍ അമ്മാവനുമമ്മായിയും ഒരു മടിയും കാണിയ്ക്കില്ല എന്ന്‍ എനിക്കു നന്നായറിയാമായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയനവളുടെ കണ്ണുകളിലേയ്ക്കു നോക്കി.നാണം കലര്‍ന്ന ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി.അവളുടെ കൈയ്യില്‍പിടിച്ചവന്‍ മെല്ലെയവളെ കട്ടിലിലേയ്ക്കിരുത്തി.വിറയാര്‍ന്ന കൈകളാലവളെ ചേര്‍ത്തുപിടിച്ചു ചിരിച്ചുകൊണ്ട് കട്ടിലിലേയ്ക്കവന്‍ മറിഞ്ഞു. വെപ്രാളത്തില്‍ മേശയുടെ വക്കിലിരുന്ന പാല്‍ഗ്ലാസ്സില്‍ കൈതട്ടി അത് താഴെവീണുടഞ്ഞു തകര്‍ന്നു.

"ത്ഛില്‍....

ഒച്ചകേട്ടു കണ്ണു തുറന്ന വിജയന്‍ കണ്ടത് ദേക്ഷ്യം കൊണ്ട് ചുവന്നുകലങ്ങിയ കണ്ണുകളുമായി വിറച്ചുതുള്ളി നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെയാണു. ഭഗവാനേ അതിനെടയ്ക്കു സമയമായോ.ക്ഷീണം കാരണം ഒന്നു കിടന്നുപോയതാണു. നല്ലതുപോലെയുറങ്ങിപ്പോയി.ഒരാന്തലോടെ അവന്‍ ചാടിയേഴുന്നേറ്റു. മെസ്തിരി വാരിയെറിഞ്ഞ കുമ്മായം പുറത്താകെ പറ്റിയിരിക്കുന്നു. അവനതും തൂത്തുകൊണ്ട് ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ കൊണ്ട് നാലുപാടുമൊന്നു നോക്കി.

"പോത്തുപോലെകിടന്നുറങ്ങാനാണെങ്കി വീട്ടിക്കെടന്നാപ്പോരേ.എന്തിനാണിങ്ങോട്ടെഴുന്നള്ളണത്.പണിയ്ക്കു വന്നിട്ടവന്റമ്മേടൊരൊറക്കോം ചിരീം.പോയി കുമ്മായം കൂട്ടെടാ #..Ø…¥…§…€..." നാവിലുവന്ന ഒരു മുട്ടന്‍ തെറി വിളിച്ചിട്ട് ദേക്ഷ്യപ്പെട്ടു നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെ നോക്കാതെ വിജയന്‍ കുമ്മായം കൂട്ടുന്നതിനായി പണിസ്ഥലത്തേയ്ക്കു നടന്നു.

ശുഭം

ശ്രീക്കുട്ടന്‍

Sunday, October 10, 2010

സിനിമാനടി

തോറ്റുപോകുന്നവര്‍

നെടുനീളന്‍ ഡയലോഗ് പറഞ്ഞുകൊണ്ട് അരങ്ങത്ത് തകര്‍ത്തഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും‍ രമണിയുടെ മനസ്സ് തികച്ചുമശാന്തമായിരുന്നു. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഡയലോഗ് പറയുന്നതില്‍ കല്ലുകടികളുണ്ടായിക്കൊണ്ടിരുന്നു. അഭിനയത്തിനിടയ്ക്ക് ഒന്നുരണ്ടുവട്ടം വിശ്വനാഥന്‍ തന്നെ രൂക്ഷമായി നോക്കുന്നതവള്‍ ശ്രദ്ധിച്ചു. നാടകം നടക്കുമ്പോള്‍‍ ഒരു ചെറിയതെറ്റു വരുത്തിയാല്പ്പോലും മടക്കയാത്രയില്‍ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്നയാളാണ് വിശ്വന്‍. അത് എത്ര ലിയ നടനായാലും നടിയായാലും ശരിതന്നെ. അതുകൊണ്ടുതന്നെ പരമാവധി എല്ലാപേരും ശ്രദ്ധിച്ചാണഭിനയിക്കുന്നത്. രമണിയുടെ പ്രകടനത്തില്‍ പലപ്പോഴും ഇടര്‍ച്ചയുണ്ടായത് മറ്റു നടീനടന്മാരും ശ്രദ്ധിച്ചിരുന്നു. നാടകംകഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ വിശ്വനാഥന്റെ പൊട്ടിത്തെറി എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ പതിവിനു വിപരീതമായി വിശ്വനാഥന്‍ അന്ന്‍ മൌനിയായിരുന്നു. എല്ലാപേര്‍ക്കും തികച്ചും പുതുമയുള്ള ഒരു കാര്യമായിരുന്നത്.രാത്രി രണ്ടരമണികഴിഞ്ഞിരിക്കുന്നു. ബസ്സിനുള്ളിലെ ഒട്ടുമിക്കപേരും ഉറക്കത്തിലേയ്ക്കു വഴുതിവീണുകഴിഞ്ഞു. നാരായണേട്ടന്‍ സൈഡ്സീറ്റില്‍ ചാരിയിരുന്ന്‍ കൂര്‍ക്കംവലിയ്ക്കുകയാണ്. വിശ്വന്‍ തലതിരിച്ച് രമണി ഇരിക്കുന്ന ഭാഗത്തേയ്ക്കൊന്നു പാളിനോക്കി. അവളുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നതായി വിശ്വനു തോന്നി. കരയുകയായിരുന്നോ അവള്‍. അതിനു താനൊന്നും പറഞ്ഞില്ലല്ലോ. നാടകത്തിനിടയ്ക്ക് തെറ്റുവരുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ല. നാടകത്തില്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് വേണ്ടത്. എന്നാല്‍ മാത്രമേ കാണികള്‍ക്ക് നാടകം അനുഭവവേദ്യമാകൂ. കൃത്രിമമായ അഭിനയംകൊണ്ട് നാടകം വിജയിപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് തന്റെ ട്രൂപ്പില്‍ സഹകരിക്കുന്നവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കുവാന്‍ താന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇത്തവണത്തെ നാടകം നല്ല വിജയമാണ്. മിക്കദിവസവും ഒന്നുംരണ്ടും കളികളുണ്ട്. ബാധ്യതകളെല്ലാം ഇക്കൊല്ലം ഒന്നൊതുക്കാമെന്നു കരുതുകയാണ്.

വിശ്വനാഥന്‍ ഒരിയ്ക്കല്‍ക്കൂടി തലതിരിച്ച് രമണിയെനോക്കിയപ്പോള്‍ സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കുന്നതാണയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്‍. എന്തോ കുഴപ്പമുണ്ട്. സാധാരണയായി ഒരു പിഴവുപോലും വരുത്തുന്നവളല്ല രമണി. അസാധ്യമായ അഭിനയസിദ്ധിയുള്ള കലാകാരിയുമാണ്. അതുകൊണ്ടുമാത്രമാണ് താന്‍ ക്ഷമിച്ചത്. മാത്രമല്ല തന്റെ മനസ്സിനുള്ളിലെവിടെയോ അവളോടൊരു നനുത്ത സ്നേഹവും ഉറങ്ങിക്കിടക്കുന്നുണ്ട്. പക്ഷേ ഇന്നേവരെ അതൊന്നു പ്രകടിപ്പിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല. പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ് അവളോട് തന്റെ ഇഷ്ടം അറിയിക്കണമെന്ന്‍.നാടകവും കലയും മറ്റുമെന്നൊക്കെപ്പറഞ്ഞ് താന്‍ തന്റെ നല്ല പ്രായം തൊലച്ചുകളഞ്ഞു. കലയോടുള്ള ഭ്രാന്ത്മൂലം ജീവിതത്തിലെ പലസുഖങ്ങളും നഷ്ടപ്പെടുത്തിക്കളഞ്ഞു. ഒരു കൂട്ട് വേണമെന്ന്‍ ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. തന്റെ ട്രൂപ്പില്‍ നാലുവര്‍ഷം മുമ്പാണു രമണി ചേര്‍ന്നത്. അറിഞ്ഞിടത്തോളം പത്താം ക്ലാസ്സിലോ മറ്റോ പഠിയ്ക്കുന്ന ഒരു മകള്‍ മാത്രമെ രമണിയ്ക്കുള്ളു. ഭര്‍ത്താവിനെക്കുറിച്ചൊന്നും ആര്‍ക്കുമറിയില്ല. അതേക്കുറിച്ചാരെങ്കിലും ചോദിച്ചാല്‍ ഉടനനേയവള്‍ വിഷയം മാറ്റിക്കളയും. അതെന്തോ ആയിക്കൊള്ളട്ടെ. അവള്‍ക്കു സമ്മതമാണെങ്കില്‍ അവളെ വിവാഹം ചെയ്യാന്‍ താനൊരുക്കമാണ്. എന്തായാലും അധികം താമസിയാതെതന്നെ അവളോട് തന്റെ ഇഷ്ടമറിയിക്കണം. സൈഡ് ഗ്ലാസ്സ് അല്‍പ്പം താഴ്ത്തിവച്ച് അയാളൊരു സിഗറെറ്റെടുത്തുകൊളുത്തി.

പുറത്തുനിന്നടിയ്ക്കുന്ന തണുത്ത കാറ്റില്‍നിന്നും രക്ഷപ്പെടാനെന്നവണ്ണം രമണി തന്റെ സാരിത്തലപ്പുകൊണ്ട് തലമൂടി. അവള്‍ ബസ്സിനുള്ളിലേയ്ക്കൊന്നു പാളിനോക്കി. എല്ലാപേരും നല്ല ഉറക്കമാണ്. വിശ്വന്‍ സാര്‍ മാത്രം ഉറങ്ങിയിട്ടില്ല. പുകച്ചുരുളുകള്‍ പുറത്തേയ്ക്ക് പറത്തിവിട്ടുകൊണ്ട് സീറ്റില്‍ ചാരിയിരിക്കുകയാണ് സാര്‍. ഇടയ്ക്ക് തന്നെ നോക്കുന്നത് താന്‍ കണ്ടതാണ്. ഇന്നു നാടകത്തിനിടയ്ക്ക് ചിലയിടത്തൊക്കെ പതറിപ്പോയതിന് കണക്കിനു കേള്‍ക്കുമെന്നു കരുതിയതാണ്. ഭാഗ്യം ഒന്നും പറഞ്ഞില്ല. എങ്ങിനെ പതറാതിരിയ്ക്കും. മനസ്സു ശരിയാണെങ്കില്‍ മാത്രമല്ലേ അഭിനയവും ശരിയാകൂ. തന്റെ മകള്‍ മുതിര്‍ന്ന കുട്ടിയായിരിക്കുന്നു. അവള്‍ക്ക് സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയായിരിക്കുന്നു. പക്ഷേ താനെങ്ങിനെയവളെ അവളുടെ ഇഷ്ടത്തിനു വിടും. തനിക്കു സംഭവിച്ചതാവര്‍ത്തിക്കുവാന്‍ അവളെ താനനുവദിക്കത്തില്ല. ബസ്സ് നിന്നതറിഞ്ഞ് അവള്‍ മിഴികള്‍തുറന്നു. തനിയ്ക്കിറങ്ങേണ്ടയിടമായിരിക്കുന്നു. ബാഗുമായി അവള്‍ പുറത്തേയ്ക്കിറങ്ങി. വീട്ടിലേയ്ക്കു കുറച്ചുദൂരമുണ്ട്. നല്ല കട്ടപിടിച്ച ഇരുട്ട്.

"നടന്നുകൊള്ളൂ. നല്ല ഇരുട്ടല്ലേ. ഒറ്റയ്ക്കു പോകണ്ട. ഞാന്‍ കൊണ്ടാക്കിത്തരാം"

വണ്ടിയില്‍നിന്നിറങ്ങിയിട്ട് ഒരു സിഗററ്റെടുത്ത് കത്തിച്ചുപുകവിട്ടുകൊണ്ട് വിശ്വനാഥന്‍ രമണിയോടു പറഞ്ഞു.

ഇരുട്ട് കട്ടപിടിച്ച വഴിയില്‍ക്കൂടി നടക്കുമ്പോള്‍ രണ്ടുപേരും നിശബ്ധരായിരുന്നു. തന്റെ മനസ്സുപിടയുന്നത് വിശ്വനറിയുന്നുണ്ടായിരുന്നു. കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറയുന്ന അയാള്‍ അപ്പോള്‍ അവളോട് സംസാരിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ കുഴങ്ങി. എരിയുന്ന സിഗററ്റിന്റെ വെളിച്ചത്തില്‍ രമണിയുടെ മുഖത്തേയ്ക്കയാളൊന്ന്‍ പാളിനോക്കി. അവള്‍ തലകുനിച്ച് നടക്കുകയാണു.

"സാര്‍ പൊയ്ക്കൊള്ളൂ. ഇനി ഞാന്‍ പൊയ്ക്കോളാം"

വീടിന്റെ അടുത്തെത്തിയപ്പോള്‍ രമണി വിശ്വനാഥനോടായി പറഞ്ഞു.

തല മെല്ലെയൊന്നാട്ടിയ അയാള്‍ രമണി അവളുടെ പുരയിടത്തിലേയ്ക്കു കയറുന്നതു നോക്കിനിന്നു. അല്‍പ്പസമയം കൂടി ആ നില്‍പ്പു നിന്ന വിശ്വനാഥന്‍ തിരിഞ്ഞുനടന്നു.

---------------------
തന്റെ വീട്ടിലേയ്ക്ക് കയറിവരുന്ന രമണിയെക്കണ്ട് വിശ്വനാഥന്‍ ആദ്യമൊന്നമ്പരന്നു. അവളുടെ മുഖമാകെ കരഞ്ഞുകലങ്ങിയിരിക്കുകയായിരുന്നു.

"സാറെന്നെയൊന്നു സഹായിക്കണം. എനിക്കു മറ്റാരുമില്ല സഹായം ചോദിക്കുവാനായി. എന്റെ അശ്വതി മോളെ ഇന്നലെമുതല്‍ കാണാനില്ല. സാറൊന്നു തിരക്കണം.പോലീസിലൊക്കെ അറിയിച്ചാപ്പിന്നെ അവളുടെ ഭാവി."

കരച്ചിലോടെതലയില്‍ കൈവച്ചുകൊണ്ടവള്‍ വീടിന്റെ തിണ്ണയിലേയ്ക്കിരുന്നു.

വലിച്ചുകൊണ്ടിരുന്ന സിഗററ്റ് കളഞ്ഞിട്ട് അയാള്‍ കസേരയില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"എന്താ രമണീ നീയീപ്പറയുന്നത്. മോളെ കാണ്മാനില്ലെന്നോ. അവളിതെവിടെപ്പോകാനാ. വല്ല കൂട്ടുകാരികളുടേയും വീട്ടില്‍ പോയതായിരിക്കും. നീയൊന്നു സമാധാനിക്ക്.ഞാനൊന്നു തിരക്കിനോക്കട്ടെ.അവളുടെ കൂട്ടുകാരികളുടെ വിലാസമോ മറ്റൊ കൈയിലുണ്ടോ."

"എതോ സിനിമയിലേയ്ക്കവളെ സെലക്ട് ചെയ്തിട്ടുണ്ടെന്നും അതിനു പോകണമെന്നുമൊക്കെപ്പറഞ്ഞ് കുറേദിവസായി വല്യ ബഹളമായിരുന്നു. എന്നാല്‍ ഞാനതിനു സമ്മതിച്ചില്ല. മുന്‍പ് എനിക്കുണ്ടായ ദുരന്തം അവള്‍‍ക്കുണ്ടാവരുതെന്ന്‍ ഞാനാഗ്രഹിച്ചതൊരു തെറ്റാണോ. സിനിമ എന്ന മായയ്ക്കുവേണ്ടി ഒരിക്കല്‍ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തിയ ഒരു പെണ്ണാണു ഞാന്‍. എല്ലാം നഷ്ടമായതുതന്നെ മിച്ചം. വയറിനുള്ളില്‍ ഒരു ജീവന്‍ മാത്രം നേടാനായി. ആരുടേതാണെന്നുപോലും ശരിയ്ക്കും നിശ്ചയമില്ലാത്തൊരു ജീവന്‍. അവിടെനിന്നു എന്നെ തിരിച്ചറിയാത്ത ഒരിടത്തെത്തി പ്രസവിച്ച് അവളെ ശരിക്കും കഷ്ടപ്പെട്ട് പത്തുപതിനേഴ് വയസ്സുവരെ വളര്‍ത്തി. ഇപ്പോള്‍ അവളും ഞാന്‍ പോയ അതേവഴിയെതന്നെ പോകുമ്പോള്‍ എനിക്കു പേടിയാകുന്നു. എന്നെ ഷായിക്കാന്‍ മറ്റാരുമില്ല"

കൈകൂപ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന രമണിയെ സ്തബ്ധനായി വിശ്വനാഥന്‍ നോക്കിനിന്നു. തന്റെയുള്ളിലുണ്ടായിരുന്ന ഒരു സൌധം ഇടിഞ്ഞുപൊളിഞ്ഞു തരിപ്പണമായതയാളറിയുന്നുണ്ടായിരുന്നു.

"രമണി പേടിയ്ക്കേണ്ട. എവിടെയുണ്ടെങ്കിലും അശ്വതിയുമായി ഞാന്‍ വരും. സിനിമയിലഭിനയിക്കാനെന്നും പറഞ്ഞല്ലേ നിന്നോടവള്‍ വഴക്കിട്ട് പോയത്. അടുത്ത പട്ടണത്തില്‍ ഒരു സിനിമാഷൂട്ടിംഗ് നടക്കുന്നുണ്ട്.ഞാനൊന്നു തിരക്കിയിട്ടുവരാം. അവള്‍ അവിടെയുണ്ടാകും.പേടിക്കണ്ട"

അവളെ സമാധാനിപ്പിച്ചു പറഞ്ഞയിച്ചിട്ട് പെട്ടന്നുതന്നെ ഡ്രെസ്സൊക്കെ മാറ്റി അയാള്‍ പുറത്തേയ്ക്കു നടന്നു.

ആ വലിയപട്ടണത്തില്‍ ആ സിനിമയുടെ ലൊക്കേഷന്‍ കണ്ടുപിടിയ്ക്കുവാന്‍ വിശ്വനാഥന് വലുതായി ബുദ്ധിമുട്ടേണ്ടിവന്നില്ല.ഷൂട്ടിംഗ്സ്ഥലത്ത് നിറച്ചും ആള്‍ക്കാരായിരുന്നു.ആ തിരക്കില്‍ അയാള്‍ അവിടെയെല്ലാം ചുറ്റിനടന്നു സെറ്റിലുള്ളവര്‍ക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഒരു മധ്യവയ്സ്ക്കനുമായി പതിയെ ചങ്ങാത്തംകൂടി. വൈകിട്ട് ചായകുടിസമയത്ത് അല്‍പ്പം ഇടവേളകിട്ടിയപ്പോള്‍ പതിയെ അയാളുമായി സംസാരിക്കുവാനാരംഭിച്ചു.എങ്ങിനേയും അശ്വതിയെക്കുറിച്ചുള്ള എന്തേലും വിവരം കിട്ടുമോന്നു നോക്കണമല്ലോ.

"എന്റെ ഒരു പരിചയത്തിലുള്ള നല്ല ഒരു പെണ്ണൊണ്ട്.നല്ല വല്ല ചാന്‍സുമൊപ്പിക്കുവാന്‍ പറ്റുമോ അണ്ണാ."

"എന്റെ പൊന്നമോനേ ഞാനീ ചോറാ തിന്നുന്നത്. പറയാന്‍ പാടില്ലാത്തതാ.എന്നാലും പറഞ്ഞുപോവാ.എന്തേലും നിവര്‍ത്തിയൊണ്ടേ ഇപ്പണിയ്ക്ക് പെങ്കുട്ട്യോളെ വിടരുത്. ഓരോ ദിവസവും അഭിനയിക്കണോന്നും പറഞ്ഞ് എത്രയെത്ര പിള്ളാരാ വന്നുചേരുന്നതെന്നറിയാവോ. ആയിരത്തില്‍ ഒന്നിനോ രണ്ടിനോ വല്ലതും ആകാന്‍ പറ്റും ബാക്കിയൊക്കെ പറയാതിരിക്കുന്നതാ ഭേദം. ഇന്നലയോ മെനിഞ്ഞാന്നോ മറ്റൊ അഭിനയിക്കാനെന്നും പറഞ്ഞ് ഒരെണ്ണം വന്നിട്ടൊണ്ടായിരുന്നു. ആ ബ്രോക്കര്‍ ചെക്കന്‍ കൊണ്ടുവന്നതാ. എന്തു ചെയ്താലും കൊഴപ്പമില്ല തനിക്കു ഒരുപാടുപേരറിയുന്ന സിനിമാ നടിയായാമതീന്നാ ആ പെണ്ണ് പറയുന്നതത്രേ. പ്രശസ്തീം പണോം ഒക്കെ കിട്ട്യാമതി. എന്തെങ്കിലും കൊച്ചുവേഷം ചെലപ്പോള്‍ കൊടുക്കും. പക്ഷേ അതിനുപകരമായി. ഒന്നു നീട്ടിത്തുപ്പിയിട്ട് അയാള്‍ ഗ്ലാസ്സുമായെഴുന്നേറ്റു.

ഹൃദയത്തില്‍ മുള്ളുവേലികൊണ്ട് വരഞ്ഞതുപോലുള്ള നോവുമായി വിശ്വനാഥന്‍ തറയില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"ചേട്ടാ ആ പെണ്ണിന്റെ പേരെന്താണ്"

"രേവതീന്നോ അശ്വതീന്നൊ മറ്റോ ആ ലൈറ്റ്ബോയ് ചെക്കന്‍ പറേണകേട്ടു".

പിറുപിറുത്തുകൊണ്ടയാള്‍ അടുക്കളയിലേയ്ക്കുനടന്നു. തളര്‍ന്ന ശരീരവും മനസ്സുമായി വിശ്വനാഥന്‍ ആ പരിസരത്തുതന്നെ കറങ്ങിചുറ്റി. സന്ധ്യയാകാറായിട്ടും അയാള്‍ക്ക് അശ്വതിയെ ഒന്നു കാണാന്‍ സാധിച്ചില്ല. ഒരുവേള അവള്‍ അവിടെ നിന്നു മറ്റെവിടെയെങ്കിലും പോയോ ആവോ. എന്തായാലും തിരക്കുകതന്നെ. ഇരുട്ട് കനക്കുംമുന്നേ അയാള്‍ തന്റെ സ്ഥലത്തേയ്ക്കുള്ള ബസ്സില്‍ക്കയറി. തിരികെയുള്ള യാത്രയില്‍ വിശ്വനാഥന്‍ ആകെ അസ്വസ്ഥനായിരുന്നു. തന്റെ മകളേയും പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിയ്ക്കുന്ന രണ്ട് കണ്ണുകളോട് എന്തു കള്ളം പറയുമെന്നോര്‍ത്ത് അയാളുടെയുള്ളം പിടഞ്ഞുകൊണ്ടിരുന്നു.

ശ്രീ...‍