Wednesday, January 19, 2011

എന്റെ രാജകുമാരി

എന്റെ രാജകുമാരി


താന്‍ കാണുന്നത് ശരിയ്ക്കും ഒരു ദേവതയെയാണെന്നൊരു നിമിഷം ശ്യാമിനു തോന്നിപ്പോയി. ആ വെളുത്ത ഡ്രെസ്സ് അരുണയ്ക്ക് വളരെ യോജിക്കുന്നുണ്ട്.വര്‍ഷയോട് എന്തെല്ലാമോ പറഞ്ഞുചിരിച്ചുകൊണ്ട് സ്കൂളിലേയ്ക്കു കയറുന്ന അരുണയെ പ്രകാശേട്ടന്റെ തട്ടുകടയ്ക്കു വശത്തായി മറഞ്ഞുനിന്നുകൊണ്ട് ശ്യാം കൊതിയോടെ നോക്കിനിന്നു.ഇടയ്ക്കൊരുവേള അവള്‍ തിരിഞ്ഞുനോക്കിയതും വെപ്രാളത്തോടെ അവന്‍ പെട്ടന്ന് പുറകിലേയ്ക്കുമാറിക്കളഞ്ഞു.എത്ര നാളുകളായി താന്‍ അവളുടെ പുറകേ നടക്കുന്നുിത്രയും സുന്ദരനായ ഒരു ചെക്കന്‍ പുറകേ നടന്നിട്ടും അവള്‍ അല്‍പ്പം പോലും മൈന്‍ഡ് ചെയ്യുന്നില്ലല്ലോ.തന്റെ വീട്ടിനടുത്ത് താമസിക്കുന്നതുകൊണ്ട് നേരിട്ട് സംസാരിക്കുവാന്‍ ഒരു പേടിയുണ്ട്.അവളെങ്ങാനും അഛനോടു പറഞ്ഞാല്‍...അവള്‍ക്ക് തന്നെക്കുറിച്ച് എന്തായിരിക്കും അഭിപ്രായം.താന്‍ ഒളിച്ചുനിന്നു നോക്കുന്നത് അവള്‍ കണ്ടുകാണുമോ...ഹേയ്..അതിനുമുമ്പേ താന്‍ ഒളിച്ചില്ലേ..കണ്ടുകാണില്ല.

സ്വയം പറഞ്ഞു സമാധാനിച്ചുകൊണ്ടവന്‍ ബസ്റ്റോപ്പിലേയ്ക്കു നടന്നു.ബിനോജ് ചിരിച്ചുകൊണ്ടവിടെ നില്‍പ്പൊണ്ട്.അവനു ചിരിച്ചാല്‍ മതിയല്ലോ.എങ്ങിനെയെങ്കിലും അരുണയുടെ ഇഷ്ടം പിടിച്ചുപറ്റാനായി താന്‍ ‍പെടാപ്പാടുപെടുന്നത് അവനുണ്ടോ മനസ്സിലാക്കുന്നു.

"എന്തളിയാ.ഇന്നെങ്കിലും അവളു നിന്നെയൊന്നു നോക്കിയോ.അതു പതിവുപോലെ ഒറ്റക്കമ്പി നാദം തന്നെയായിരുന്നോ". ചുണ്ടുകള്‍ വക്രിച്ചുകൊണ്ട് ബിനോ ശ്യാമിനോടു ചോദിച്ചു.

"നീ നോക്കിക്കോ.ഒരു ദിവസം ഞാനവളുമായി നിന്റെ മുമ്പില്‍ വരും.ഞങ്ങളു രണ്ടുപേരും ചുറ്റിയടിച്ചിട്ട് ബേക്കറിയിലൊക്കെ കയറി ഐസ്ക്രീമും മറ്റും കഴിക്കുന്നത് കണ്ട് നീ കണ്ണുതള്ളും".

"അതേയതെ.തള്ളിയതു തന്നെമെന്തു നല്ല നടക്കാത്ത സ്വപ്നങ്ങള്‍.ഇപ്പോത്തന്നെ സമയം കഴിഞ്ഞു.ഫസ്റ്റ് പിര്യേഡ് തുമ്പിയാണു.കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് ഇന്നു തരുമെന്നാണു തോന്നുന്നത്.ഇന്നാ തുമ്പി എന്തെല്ലാം കാട്ടുമോ ആവോ". ആവലാതിപ്പെട്ടുകൊണ്ട് അവന്‍ ബസ്സു വരുന്നുണ്ടോ എന്നു നോക്കി നിന്നു.

ബസ്സിലെ തിരക്കില്‍ ആടിയുലഞ്ഞുനില്‍ക്കുമ്പോഴും ശ്യാമിന്റെ മനസ്സില്‍ അരുണയുടെ രൂപം മാത്രമായിരുന്നു.വര്‍ഷയുടെ സഹായം തേടിയാലോയെന്നു പലപ്പോഴും ആലോചിച്ചതാണ്.പക്ഷേ അതു ശരിയാവില്ല.അനുജത്തിയാണെന്നൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.തനിയ്ക്കെങ്ങിനെ അച്ഛന്റെ കയ്യില്‍ നിന്നും പെട വാങ്ങിത്തരാമെന്നു തലപുകച്ചാലോചിച്ചുകൊണ്ടാണവള്‍ നടക്കുന്നതു തന്നെ.ഈ കൊല്ലം എസ് എസ് എല്‍ സി പാസ്സായില്ലെങ്കില്‍ തന്നെ കൊന്ന് തോലുരിച്ചെടുക്കുമെന്നു അച്ഛന്റെ വാര്‍ണിംഗുള്ളതാണ്.എങ്ങിനെയെങ്കിലും പാസ്സായേ പറ്റൂ.പക്ഷേ പുസ്തകം തുറന്നാലുടനെ അരുണയുടെ മുഖമങ്ങിനെ തെളിയുകയല്ലേ.അവളുടെ സുന്ദരമായ ചിരി തന്നെ ഒരു ഹര്‍ഷോന്മാദത്തിലാഴ്ത്തുമ്പോള്‍ എങ്ങിനെ പഠിക്കുവാനാണ്.വൈകിട്ട് ചിലപ്പോള്‍ വര്‍ഷയുമൊരുമിച്ചവള്‍ വീട്ടിലെത്തുമ്പോള്‍ തന്റെ ചങ്കു പിടയ്ക്കുന്നതവളറിയുന്നുണ്ടാവുമോ.ചിലപ്പോള്‍ അവള്‍ തന്നെ നോക്കി ഒന്നു പുഞ്ചിരിക്കാറുണ്ട്.അതാണ് തന്റെ പ്രതീക്ഷയും.

ബസ്സില്‍ നിന്നുമിറങ്ങി പാരലല്‍ കോളേജിലേയ്ക്കു നടക്കുമ്പോള്‍ ഒരു അണ്ണനും ചേച്ചിയും മുട്ടിയുരുമ്മി വര്‍ത്തമാനം പറഞ്ഞുകൊണ്ട് നടക്കുന്നതുകണ്ടപ്പോള്‍ ശ്യാം കൊതിയോടെ അവരെ നോക്കി നിന്നു.അവനില്‍ നിന്നും ഒരു നെടുവീര്‍പ്പിന്റെ ശബ്ദമുയര്‍ന്നു.

"എന്റളിയാ എന്തിനാടാ നോക്കി കൊതിപെടുന്നത്.നീ ധൈര്യമായിട്ടവളോടു പറ.നിനക്കവളെയിഷ്ടമാണെന്നു.എനിക്കു തോന്നുന്നത്.അവള്‍ക്കു നിന്നെ ഇഷ്ടമാണെന്നാണ്.പിന്നെ നീ ഒന്നും പറയാത്തതുകൊണ്ട് അവള്‍ അകലം നടിയ്ക്കുന്നതാണ്"

ശ്യാമിനൊപ്പം നടന്നെത്തിക്കൊണ്ട് ബിനോ പറഞ്ഞു.

"നിനക്കറിയില്ലെടാ.അവളെങ്ങാനും ആരോടെങ്കിലും പറഞ്ഞാല്‍.എന്തിനു വര്‍ഷയൊട്ടറിഞ്ഞാലും മതി.പിന്നത്തെ കാര്യം പറയണ്ട.മാനം പോകുന്നതുമാത്രമല്ല അച്ഛെനെന്നെ തല്ലിക്കൊല്ലും."

"പേടിച്ചുതൂറി.എടാ കൊറച്ചൊക്കെ ധൈര്യം വേണം.നീ ആദ്യം അവളോട് പേടികൂടാതെ കാര്യം പറ.അവള്‍ക്കിഷ്ടമില്ലെങ്കില്‍ തുറന്നു പറയണമെന്നും മേലില്‍ ഒരു ശല്യവും നിന്റെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നും പറയണം.മാത്രമല്ല ഇക്കാര്യം മറ്റാരുമറിയരുതെന്നും പറയണം.ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം"

"സംഭവമൊക്കെ ശരിതന്നെ.പക്ഷേ അവളോടെങ്ങിനെ എവിടെ വച്ചു പറയും".ശ്യാമിന്റെ ശബ്ദത്തില്‍ ചെറിയ പതര്‍ച്ച വന്നു

"എടാ കോപ്പേ നിന്റെ അനുജത്തിയുടെ അടുത്ത കൂട്ടുകാരിയല്ലേയവള്‍.എപ്പോഴെങ്കിലും നിന്റെ വീട്ടിലവള്‍ വരുമല്ലോ.അപ്പോള്‍ പറയണം".

രണ്ടുപേരും സംസാരിച്ചുകൊണ്ട് കോളേജിനകത്തേയ്ക്കു കയറി.മുഷിപ്പിക്കുന്ന ക്ലാസ്സിലിരിക്കുമ്പോള്‍ ശ്യാമിന്റെ മനസ്സില്‍ അരുണയോടെങ്ങിനെ സംസാരിച്ചുതുടങ്ങുമെന്നതിനെക്കുറിച്ചുള്ള പ്ലാനുകള്‍ വികസിക്കുകയായിരുന്നു.തുമ്പി ടെസ്റ്റ് പേപ്പറിന്റെ റിസള്‍ട്ട് നള്‍കിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ശ്യാമായിരുന്നു ഏറ്റവും കുറച്ച് മാര്‍ക്കു വാങ്ങിയത്.അതിനവനു നല്ലതല്ല് കിട്ടുകയും ചെയ്തു.പക്ഷേ അന്നെന്തോ അവന് അടിയുടെ വേദന അനുഭവപ്പെട്ടില്ല.ക്ലാസ്സുകഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടിനടുത്തെ മൈതാനത്തില്‍ കൊറച്ചുനേരം ക്രിക്കറ്റൊക്കെക്കളിച്ച് വീട്ടിലെത്തിയ അവന്‍ കണ്ടത് അരുണയും വര്‍ഷയും കൂടിയിരുന്നു വര്‍ത്തമാനം പറയുന്നതാണ്.അവന്റെ മെലാകെ ഒരു തരിപ്പു പടര്‍ന്നുകയറി.വീട്ടില്‍ അച്ഛനുമമ്മയുമുള്ള ലക്ഷണമില്ല.

"എടീ അമ്മയെന്ത്യേ"

വലിയ ഗൌരവത്തിലവന്‍ വര്‍ഷയോട് വിളിച്ചു ചോദിച്ചു.

"അമ്മ താഴെത്തൊടിയിലെ രമച്ചേച്ചിയുടെ കല്യാണത്തിനു പോയിരിക്കുവാ"

ഭാഗ്യം.ദൈവമായി തനിയ്ക്കൊരു അവസരമൊരുക്കിത്തരുകയാണല്ലോ.

"വര്‍ഷേ നീയെനിയ്ക്കിച്ചിരി ചായയിട്ടുതന്നേ".വാതില്‍ക്കല്‍ നിന്നുകൊണ്ടവന്‍ പറഞ്ഞു.അരുണ ഏതോ മാസിക മറിച്ചുനോക്കിക്കൊണ്ടിരിക്കുവാണു.എന്തോ പിറുപിറുത്തുകൊണ്ട് വര്‍ഷ അടുക്കളയിലേയ്ക്കു പോയി.താന്‍ ആഗ്രഹിച്ച നിമിഷം ഇതാ വന്നിരിക്കുന്നു.അവന്‍ മെല്ലെ ആ മുറിയിലേയ്ക്കു കയറി.ശരീരത്തിനു ചെറിയ വിറയലനുഭവപ്പെടുന്നുണ്ടോ.അവനൊന്നു മുരടനക്കി.തലയുയര്‍ത്തി അരുണ അവനെ ചോദ്യഭാവത്തില്‍ നോക്കി.എന്തോ പറയുവാനായി അവന്റെ നാവ് തുടിച്ചു.പക്ഷേ വാക്കുകള്‍ പുറത്തുവരാതെയവന്‍ നിസ്സഹായനെപ്പോലെ നിന്നു.

"എന്താ ശ്യാം.എന്നോടെന്തെങ്കിലും പറയാനുണ്ടോ"

അവന്റെയാ നില്‍പ്പും ഭാവവുമൊക്കെ ശ്രദ്ധിച്ച അരുണ സാവധാനം ചോദിച്ചു.

"അതു പിന്നെ..ഞാന്‍..എനിയ്ക്ക്.." വാക്കുകള്‍ കിട്ടാതെ അവന്‍ പതറി

"എന്തായാലും പറയൂ ശ്യാം" അവന്റെ നേരെ നോക്കിക്കൊണ്ട് അരുണ കസേരയില്‍നിന്നെഴുന്നേറ്റു.
ഒരുനിമിഷം അറച്ചുനിന്ന അവന്‍ നടന്നുചെന്ന് മേശമേലിരുന്ന വെള്ളമെടുത്ത് കുടിച്ചിട്ട് അരുണയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.ആ കണ്ണുകളില്‍ രണ്ടു നക്ഷ്ത്രങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു.

"ഞാന്‍... എനിയ്ക്കു ....ഞാനെന്തെങ്കിലും മോശമായി അരുണയോടു കാട്ടിയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.ഇനിയങ്ങിനെയൊന്നുമുണ്ടാവില്ല".എങ്ങിനെയോ പറഞ്ഞൊപ്പിച്ചിട്ടവന്‍ ഒരു നിമിഷം തലകുനിച്ചു നിന്നു.അന്തം വിട്ടു നില്‍ക്കുന്ന അരുണയെ ഒന്നു പാളിനോക്കിയിട്ടവനന്‍‍ പെട്ടന്ന് മുറിയില്‍ നിന്നും പുറത്തുകടന്നു.വാതില്ക്കല്‍ ഒന്നും മനസ്സിലാവാതെ നില്‍ക്കുന്ന വര്‍ഷയെ നേരിടാതെ തലയും കുനിച്ചവന്‍ തന്റെ മുറിയില്‍ കയറി വാതിലടച്ചു.കട്ടിലില്‍ നീണ്ടുനിവര്‍ന്നുകിടക്കുമ്പോള്‍ അവനുതന്നെയറിയില്ലായിരുന്നു താനെന്താണു കാട്ടിയതെന്നു.

"എന്താണളിയാ ഒരു വല്ലായ്മപോലെ"

പിറ്റേന്നു രാവിലെ ക്ലാസ്സില്‍ വച്ചു ബിനോ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞവനൊഴിഞ്ഞുമാറി.അവന്റെ മനസ്സാകെ കലുഷിതമായിരുന്നു.ക്ലാസ്സില്‍ നടക്കുന്നതൊന്നും അവന്റെ മനസ്സില്‍ പതിയുന്നുണ്ടായിരുന്നില്ല.മനസ്സെവിടെയോ കൈമോശം വന്നുപോയിരിക്കുന്നു.

"ഈ ചെക്കനെന്നാ പറ്റി.ഒന്നും തിന്നേം വേണ്ടേ"

രാത്രി അത്താഴം കഴിച്ചെന്നു വരുത്തി അവനെഴുന്നേറ്റപ്പോള്‍ അമ്മ അത്ഭുതം കൂറി.വര്‍ഷ ഒന്നും മിണ്ടാതെ ആഹാരം കഴിച്ചുകൊണ്ടിരുന്നു.ആരോ മുറിയിലേയ്ക്കു കയറിയതായി തോന്നിയ ശ്യാം കട്ടിലില്‍ കിടന്നുകൊണ്ട് തലതിരിച്ചു നോക്കി.വര്‍ഷയാണ്.അവനടുത്തേയ്ക്കു നടന്നുവന്ന അവള്‍ ഒരു നിമിഷം അവനെത്തന്നെ നോക്കിനിന്നശേഷം കയ്യില്‍ ഒത്തുക്കിപ്പിടിച്ചിരുന്ന കടലാസുകഷണം അവന്റെ കയ്യില്‍ പിടിപ്പിച്ചിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയി.ചാടിയെഴുന്നേറ്റ ശ്യാം ടേബില്‍ ലാമ്പ് ഓണ്‍ ചെയ്തു ആ കടലാസുകഷണം നിവര്‍ത്തി വായിച്ചു....

ഒന്നല്ല ഒരായിരം പ്രാവശ്യം..........


ശ്രീക്കുട്ടന്‍

8 comments:

  1. പ്രീഡിഗ്രീ കാലഘട്ടത്തിലെ ഒരു ചെറിയ നോവിനെ അല്‍പ്പം മസാലയൊക്കെപ്പുരട്ടിയെടുത്തത്.എഴുതുവാന്‍ മറ്റെന്തെങ്കിലും വേണ്ടേ..ക്ഷമിച്ചേയ്ക്കുക..

    ReplyDelete
  2. "അവന്‍ കണ്ടത് അരുണയും ശ്യാമയും കൂടിയിരുന്നു വര്‍ത്തമാനം പറയുന്നതാണ്."
    ഇവിടെ എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് മണക്കുന്നു...


    ആ കടലാസില്‍ എഴുതിയത് എന്താണെന്നു കൂടി എഴുതാമായിരുന്നു...

    ReplyDelete
  3. അമ്പട പുളൂസ്!!!!

    എന്നിട്ട് അവസാ‍നം കഥയെന്തായി!?

    ReplyDelete
  4. കൊള്ളാം, നന്നായി അവതരിപ്പിച്ചു

    ReplyDelete
  5. ആ കുറിപ്പില്‍ എന്താ എന്നും കൂടി പറഞ്ഞു പോ അളിയാ.വെറുതെ ടെന്‍ഷനാക്കല്ലേ ??


    എഴുത്ത് രസമുണ്ട്

    ReplyDelete
  6. റിയാസിക്കാ,

    അവിടെ മിസ്റ്റേക്കൊന്നുമില്ല.അവളുടെ അമ്മയും കൂടി കല്യാണത്തിനു പോയിരുന്നു.വീട്ടിനടുത്തുതന്നെയായിരുന്നു അവരുടേയും വീട്.പിന്നെ കടലാസില്‍ എഴുതിയിരുന്നത്......

    ജയേട്ടാ,

    ഒന്നും പറയാതിരിക്കുവാണ് ഭേദം

    നൌഷു,

    നന്ദിയുണ്ട് വയനയ്ക്കും അഭിപ്രായത്തിനും

    ഫൈസു,

    ഒന്നും പറയണ്ട.അതൊരു ദുരന്ത ലവ്സ്റ്റോറിയായിരുന്നു....

    ReplyDelete
  7. വീട്ടിലെത്തിയ അവന്‍ കണ്ടത് അരുണയും ശ്യാമയും കൂടിയിരുന്നു വര്‍ത്തമാനം പറയുന്നതാണ്.

    ഇതില്‍ എന്തോ തെറ്റ് ഇല്ലേ? ഒന്നുകൂടി നോക്കൂ... കഥ ഒരുപാട് വലിച്ചു നീട്ടിയ പോലെ തോന്നി.
    പിന്നെ ആറ്റിങ്ങല്‍ ആണ് സ്ഥലം എന്ന് അറിഞ്ഞത് ഇന്നാണ്. ഞാന്‍ ചിറയിന്‍കീഴ്‌ ആണ്.

    ReplyDelete
  8. ആളവന്താന്‍.

    സത്യത്തില്‍ ഞാനിപ്പോഴാണിതു ശ്രദ്ധിക്കുന്നത്.അരുണയും വര്‍ഷയും കൂടിയിരുന്നു സംസാരിക്കുന്നത് എന്നായിരുന്നെഴുതേണ്ടിയിരുന്നത്.അരുണയുടെ വീട് വര്‍ഷയുടെ തൊട്ടടുത്തായിരുന്നു.അന്നു കല്യാണത്തിനു രണ്ടുപേരുടേയും അമ്മമാര്‍ ഒരുമിച്ചാണുപോയത്.അതുകൊണ്ടാണ് അരുണ അവിടെ വന്നിരുന്നത്.തെറ്റു മനസ്സിലാക്കിച്ചതിനു നന്ദി.ഇപ്പോള്‍ തന്നെ തിരുത്താം.

    ചിറയിങ്കീഴ് എവിടെയാണു വീട്.അവിടെയൊക്കെ മുഴുവനും അറിയില്ല.ഞാന്‍ ഏലാപ്പുറത്താണു താമസിക്കുന്നത്.അറിയാമോ അവിടം.കൊല്ലമ്പുഴ വഴി വക്കം കടയ്ക്കാവൂര്‍ പോകുന്ന റൂട്ട്.

    ReplyDelete