Wednesday, January 26, 2011

ഭാഗ്യഹീനന്‍

"അവന്റമ്മേടൊരു മൊവൈല്.ഓരോ ദെവസോം ഉന്തിതള്ളിക്കൊണ്ടുപോകാന്‍ മനുഷ്യനിവിടെ പെടാപ്പാടുപെടുന്നു. കാള പോലെ വളര്‍ന്നല്ലോ.വല്ല ജോലിയ്ക്കും പോയി എന്തേലും കൊണ്ടുത്തരണമെന്നെങ്ങാനും വല്ല ചിന്തയുമുണ്ടോന്നു നോക്കിയേ.അതെങിനെ ആരെ പൊളെന്നെങ്കിലും തിന്നാനൊള്ളതൊണ്ടാക്കാനൊരുത്തനിവിടുണ്ടല്ലോ.ഒരു പെണ്ണാണെങ്കി പേടിപ്പിക്കുന്നതുപോലെ വളര്‍ന്നു നിക്കുന്നു.അതിന്റെയെടേലാ മൂവായിരം മൊടക്കി അവനു മൊവൈലുണ്ടാക്കാന്‍"

ദേക്ഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് സുരേന്ദ്രന്‍ തന്റെ ഷര്‍ട്ടൂരി ചുമരിലെ കൊളുത്തില്‍ തൂക്കിയിട്ട് അയയില്‍ നിന്നും ഒരു തോര്‍ത്തെടുത്ത് പുറത്തും കഴുത്തിലും മുഖത്തുമൊക്കെയുണ്ടായിരുന്ന വിയര്‍പ്പു തുടച്ചു.ദേവകി കൊണ്ടുക്കൊടുത്ത തണുത്തവെള്ളം മടമടാ കുടിച്ചിട്ട് അയാള്‍ പലകപ്പുറത്തുനിന്നും ഒരു ബീഡി തപ്പിയെടുത്ത് തീപ്പറ്റിച്ചുകൊണ്ട് ഇറയത്തെ കൈവരിയില്‍ കയറിയിരുന്നു.

"അതിനിപ്പം നിങ്ങളിങ്ങനെ കിടന്നു ബഹളം വയ്ക്കണതെന്തിനാ.അവനൊരു മൊബൈലു വേണോന്നല്ലെ പറഞ്ഞൊള്ളു.അമ്പിളിയമ്മാവനെ വേണോന്നൊന്നും പറഞ്ഞില്ലല്ലോ.ഇപ്പം നാട്ടിലൊള്ള മുഴുവന്‍ ചെക്കമ്മാരെകയ്യിലും ആ കുന്ത്രാണ്ടമൊണ്ട്.അവന്‍ പിന്നെ വേറാരോടു ചോദിയ്ക്കും"

"നീ എന്റെ കയ്യീന്നു മേടിയ്ക്കും.എടീ അവനു വയസ്സു പത്തുപതിനെട്ടായി.പത്താം ക്ലാസ്സിലു രണ്ടുവട്ടം കുത്തി.എന്തോ ആയി.ഫീസടച്ച വകേല് എന്റെ പണം പോയതു മെച്ചം.ആ പൈസയൊണ്ടാര്‍ന്നെങ്കി പെണ്ണിനൊരു വളയെങ്കിലും മേടിയ്ക്കാമാരുന്നു.അല്ല അറിയാമ്മേലാഞ്ഞീട്ടു ചോദിക്കുവാ.അവനെന്തെങ്കിലും ഒക്കണ പണിയ്ക്കുപോയാലെന്താ.അവന്റെ കാര്യോം നടക്കും വീട്ടിലും വല്ലോം തരത്തില്ലേ.എന്നും ചൊമടെടുക്കാന്‍ എന്നെക്കൊണ്ടാവ്വൊ."

ഉച്ചത്തില്‍ ഒന്നു ചുമച്ചുകൊണ്ട് സുരേന്ദ്രന്‍ തന്റെ ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി.വാതില്‍‍പ്പടിയില്‍ ചാരി നിന്ന ദേവകൊന്നും പറയാതെ ഭര്‍ത്താവിനെ തന്നെ നോക്കി നിന്നു.

"എടീ നീ അവനെ സ്നേഹത്തോടെ കാര്യങ്ങളൊക്കെയൊന്നു പറഞ്ഞുമനസ്സിലാക്കിക്ക്.ആദ്യം ആ പെണ്ണിനെ ആരുടെയെങ്കിലും കൂടെ മാന്യമായിട്ടൊന്നെറക്കിവിടട്ടെ.അതിന്നുശേഷമാവട്ടെ"

വിദൂരതയിലേയ്ക്കു നോക്കിക്കൊണ്ട് അയാള്‍ ബീഡി ആഞ്ഞുവലിച്ചു.

അല്‍പ്പനേരം ആ നില്‍പ്പുനിന്നിട്ട് ദേവകി അടുക്കളയിലേയ്ക്കു നടന്നു.വാര്‍ത്തിട്ടിരുന്ന അരിപ്പാത്രം നിവര്‍ത്തിവച്ചിട്ടവര്‍ മീങ്കറിയ്ക്ക് അരയ്ക്കുവാനാരംഭിച്ചു.

"ഞാനരയ്ക്കാമമ്മേ".പാത്രം കഴുകിക്കൊണ്ടുനിന്ന സുനിത പറഞ്ഞു.

"നീയാ പാവയ്ക്കാ ഒന്നു വട്ടം വെട്ടിയേ.ഇതു ഞാനരച്ചോളാം.ചെക്കന്‍ പാവയ്ക്കാതോരനെന്നു വച്ചാ ചാവും"

അവര്‍ തന്റെ ജോലി തുടര്‍ന്നു.ഒരു മൂളിപ്പാട്ടോടെ സുനിത സഞ്ചിയില്‍ നിന്നും ഒന്നു രണ്ടു പാവയ്ക്കയെടുത്ത് കഴുകിയിട്ട് പിച്ചാത്തിയുമെടുത്ത് റ്റീ വിയുടെ മുമ്പില്‍ ചെന്നിരുന്ന് സീരിയല്‍ കണ്ടുകൊണ്ട് അതരിയുവാനാരംഭിച്ചു.

രാത്രി അത്താഴം കഴിക്കുമ്പോള്‍ സുരേന്ദ്രന്‍ മൂകനായിരുന്നു.ഇടയ്ക്കയാള്‍ ചുമരിലെ വാച്ചിലേയ്ക്കു നോക്കി.സമയം പത്തുകഴിഞ്ഞിരിയ്ക്കുന്നു.

"അവന്റെ കൂട്ടുകാരന്റെ ബന്ധുവിന്റെ കല്യാണത്തിനു പോവൂന്നു പറഞ്ഞിരുന്നു"

അയാളുടെ മുഖത്തുനോക്കാതെ പറഞ്ഞിട്ട് ദേവകി കുറച്ചുചോറുകൂടി ആ പാത്രത്തിലേയ്ക്കിട്ടു.അമര്‍ത്തിയൊരു മൂളലോടെ സുരേന്ദ്രന്‍ ചോറുണ്ടെഴുന്നേറ്റു.കുറച്ചുനേരം ഒരു ബീഡിവലിച്ചുകൊണ്ടുലാത്തിയശേഷം അയാള്‍ തന്റെ കിടക്കിയില്‍ മെല്ലെ അഭയം പ്രാപിച്ചു.പാത്രമെല്ലാം കഴുകിവച്ചു വാതിലടച്ചു ദേവകീം വന്നു കിടന്നു

"നിങ്ങളെന്താ ഒറങ്ങീല്ലേ".അയാളുടെ മാറില്‍ കൈവച്ചുകൊണ്ട് ദേവകി കുറച്ചുകൂടി ചേര്‍ന്നുകിടന്നു.

"എനിയ്ക്കൊരെത്തും പിടീം കിട്ടണില്ല ദേവകീ.പെണ്ണിനെ ഒന്നു മാന്യമായിട്ടെറക്കിവിടാമ്പറ്റണേയെന്നാ ആകെയുള്ള പ്രാര്‍ഥന.ഒരു കല്യാണോക്കെ നടത്തണോങ്കി എന്തോരം കാശു വേണമെന്നാ.പിന്നെ പൊന്നും ബാക്കിയൊള്ളതെല്ലാം.ഹൊ..ആ പിള്ളേച്ചന്‍ ഒരാലോചനേട കാര്യം പറഞ്ഞു.കേട്ടിട്ടു കൊള്ളാന്നു തോന്നുന്നു.ഒരിരുപത്തഞ്ചു പവന്‍ കൊടുക്കേണ്ടിവരും.കാര്യമൊക്കെ ശരിയാവുകേണങ്കി ഒരാറുമാസത്തിനുള്ളി നടത്തണം.അവനും കൂടി വല്ലതിനും പോയി വല്ലതും തന്നിരുന്നെങ്കി.."

"നിങ്ങളൊന്നു സമാധാനിക്ക്.ഇപ്പം അവടെ കാതിലും കയ്യിലുമൊക്കെയായി ഒരു ഏഴെട്ടു പവനുണ്ടല്ലോ.എന്റ പഴയതെല്ലാം കൂടി ഒരാറേഴുവരും. ബാക്കി നമുക്കൊണ്ടാക്കാം.പിന്നെ ചെക്കന്റെ കാര്യം.അവന്‍ കൊച്ചല്ലേ.ഉത്തരവാദിത്വബോധോക്കെ താനേ വന്നോളും.നിങ്ങളെപ്പോഴും അവന്റെ നേരെ ചാടിക്കടിച്ചിട്ടൊരു കാര്യോല്ല.അവന്റെ സമയമിപ്പോ മോശമാന്നു പണിയ്ക്കരുപറഞ്ഞതോര്‍മ്മയില്ലേ"

"ഹൂം..'

ഒന്നു മൂളിക്കൊണ്ടയാള്‍ ചരിഞ്ഞുകിടന്നു.സാവധാനം ഉറങ്ങാനാരംഭിച്ചു.

-----------------------------------------------------------------------------------
"ദേ ഇങ്ങോട്ടൊന്നു നോക്കിയേ.ഇതുകണ്ടോ"

വിളികേട്ടു തിരിഞ്ഞുനോക്കിയ സുരേന്ദ്രന്‍ കണ്ടത് കയ്യില്‍ ഒരുപിടി നോട്ടുകളുമായി ചിരിച്ചുകൊണ്ടു നിക്കണ ഭാര്യയെയാണു.

"ഇതെവിടുന്നാടീ ഇത്രേം രൂപ"

അതിശയത്തോടെ അയാള്‍ ചോദിച്ചു.

"നിങ്ങളല്ലേ എപ്പോഴും അവനെ കുറ്റം പറേന്നത്.അവന്‍ ജോലി ചെയ്തുണ്ടാക്കീതാ.അച്ഛനെയേപ്പിക്കുവാന്‍ പറഞ്ഞിട്ട് അവന്‍ പിന്നേം പണിയ്ക്കു പോയി.ഹൊ ഇപ്പോ എന്റെ കൊച്ചു ശരിയ്ക്കും കഷ്ടപ്പെടനൊണ്ട്.ഇനി സുനിതേടെ കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങിക്കുമെന്നു പറഞ്ഞിട്ടാ അവന്‍ പോയേക്കണ"

"ഇത്രേം രൂപ ഒറ്റയടിയ്ക്കു കിട്ടുന്ന എന്നാ ജോലിയാ അവനു". അയാള്‍ ആലോചനയോടെ ഭാര്യയോടു ചോദിച്ചു.

"എന്റെ മനുഷ്യേനെ.ഇപ്പം ഏതു ജോലിയ്ക്കാ നല്ല പൈസയില്ലാത്തെ.എന്തായാലും അവനാരേം കൊന്നിട്ടുണ്ടാവില്ല" പിറുപിറുത്തുകൊണ്ടവര്‍ ആ പണം അലമാരിയില്‍ വച്ചുപൂട്ടി.

-------------------------------------------------------------------------------------

"എന്റെ ദൈവമെ എന്നാലുമവളീ ചതി ചെയ്തല്ലോ.അവക്കെങ്ങിനെയിതു ചെയ്യാന്‍ തോന്നി.അവക്കിഷ്ടമില്ലെങ്കി അതു പറഞ്ഞാപ്പോരായിരുന്നോ."

അകത്തെ മുറിയില്‍ അലമുറയിട്ടു കരഞ്ഞുകൊണ്ടിരിയ്ക്കുന്ന ദേവകിയെ ഒന്നു ദയനീയമായി നോക്കിയിട്ട് സുരേന്ദ്രന്‍ി ഇറയത്തെ കസേരയില്‍ അമര്‍ന്നിരുന്നു.അയാളുടെ മിഴികളില്‍ നീര്‍മണികള്‍ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.അവിടുത്തെ വിളിയും ഒച്ചയും മറ്റും കേട്ട് അയല്‍ പക്കത്തുള്ള ആള്‍ക്കാര്‍ ഓടിക്കൂടിക്കൊണ്ടിരുന്ന്നു.

"എന്നാലും പൂച്ചേനെക്കണക്കിരുന്നിട്ട് ആ പെണ്ണ് ഒടുക്കമിങ്ങനെ കാട്ടീലോ"

"പോയപോക്കിനു മുഴുവന്‍ സ്വര്‍ണ്ണോം പണോം ഒക്കെ എടുത്തോണ്ടു പോയത്രേ"

"ഇനി ഏവന്റെ കൂടേണ് പോയതെന്ന് പിന്നേ അറിയാമ്പറ്റൂ.ഒരു കത്തെഴുതി വച്ചിട്ടൊണ്ടത്രേ"

"ആ പാവം സുരേന്ദ്രന്‍ എത്ര കഷ്ടപ്പെട്ടതാ. അവനിതെങിനെ സഹിക്കും"

പുറത്ത് സംസാരിക്കുന്നതും അടക്കം പറയുന്നതുമൊന്നും അയാളുടെ കാതില്‍ വീഴുന്നുണ്ടായിരുന്നില്ല.ആരൊക്കെയോ വന്നു ആശ്വാസവാക്കുകള്‍ പറയുന്നുണ്ടായിരുന്നു.മരവിച്ച മനസ്സുമായി ആ കസേരയില്‍ കുറച്ചുസമയം കിടന്ന അയാള്‍ എഴുന്നേറ്റു തന്റെ മുറിയില്‍ കയറി കതകടച്ചിട്ട് കട്ടിലില്‍ നിവര്‍ന്നുകിടന്നു.അപ്പോഴും അടുത്തമുറിയില്‍ നിന്നും ദേവകിയുടെ കരച്ചിലുയര്‍ന്നുകൊണ്ടിരുന്നു.

------------------------------------------------------------------------------------

കടയുടെ മുമ്പില്‍ ഒരു പോലീസ് ജീപ്പു വന്നു നിന്നപ്പോള്‍ ദിവാകരനാകെയൊന്നു പരിഭ്രമിച്ചു.വായിച്ചുകൊണ്ടിരുന്ന മംഗളം വാരിക ഒതുക്കിവച്ചിട്ടയാള്‍ ഭവ്യതയോടെ നിന്നു.

"ഒരു സിഗററ്റിങ്ങെടുത്തേ.പിന്നെ ഈ സുമെഷെന്നു പറയുന്നവന്റെ വീടിവിടെയെവിടെയാ"

ജീപ്പില്‍ നിന്നുമിറങ്ങിവന്ന ഒരു പോലീസുകാരന്‍ കാശെടുത്തു നീട്ടിക്കൊണ്ട് ദിവാകരനോടു ചോദിച്ചു.

സിഗററ്റെടുത്തു നല്‍കിയിട്ട് ദിവാകരന്‍ കടയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിവന്നിട്ട് സുരേന്ദ്രന്റെ വീട്ടിലേയ്ക്കുള്ള വഴി പോലീസുകാരനു ചൂണ്ടിക്കാട്ടിക്കൊടുത്തു.തന്റെ കന്മുമ്പില്‍ നിന്നും പോലീസ് ജീപ്പ് മറയുന്നതുവരെ നോക്കി നിന്നിട്ട് കടയിലേയ്ക്കുകയറിയ ദിവാകരന്‍ ആകെ ചിന്താകുലനായിരുന്നു.

വഴിയരുകില്‍ ജീപ്പൊതൊക്കിയിട്ടിട്ട് പോലീസുകാര്‍ സുരേന്ദ്രന്റെ വീട്ടിലേയ്ക്കു നടന്നു.വീട്ടിനടുത്തെത്തിയപ്പൊത്തന്നെ ഉച്ചത്തിലുള്ള നിലവിളികേട്ട് അവരൊരു നിമിഷം ശങ്കിച്ചുനിന്നു.പിന്നെ പതിയെ അവിടേയ്ക്കു കയറി.പോലീസിനെക്കണ്ട നാട്ടുകാര്‍ ഒതുങ്ങി നിന്നു.ജനലഴികളില്‍ പിടിച്ച് ഒരു ഭ്രാന്തിയെപ്പോലെ അലമുറയിടുന്ന ദേവകിയെ ഒരു നിമിഷം നോക്കിയിട്ടവര്‍ മുറിയ്ക്കുള്ളിലേയ്ക്കു നോക്കി.എല്ലാ അപമാനത്തില്‍ നിന്നും മുക്തിനേടിക്കൊണ്ട് കണ്ണും തുറിച്ച് തൂങ്ങിയാടുന്ന സുരേന്ദ്രനെ ഒരു നിമിഷം നോക്കിയിട്ട് വന്ന കാര്യം മറന്നതുപോലെ പോലീസുകാര്‍ അനന്തരനടപടികളാരംഭിച്ചു.


ശ്രീക്കുട്ടന്‍

10 comments:

  1. കരുണാമയനായ ദൈവവും പിന്നെ ആര്‍ക്കും പഴിപറയാവുന്ന നശിച്ച വിധിയും കൂടി ചിലര്‍ക്കായിട്ടൊരുക്കിവച്ചിരിക്കുന്നത് സങ്കടപ്പെരുങ്കടലായിരിക്കും

    ReplyDelete
  2. കഥ കൊള്ളാം. പോലീസുകാരെന്തിനു വന്നു എന്നൊരു ചോദ്യം വായനക്കാരിലുണ്ടാവും. ഒരുപാട്‌ ഊഹാപോഹങ്ങള്‍ക്ക്‌ സ്കോപ്പുണ്ട്‌. പിന്നെ മനുഷ്യന്‍ വിധിയെന്നു പറയുന്ന പലതും അവനവന്‍ തന്നെ കുഴി തോണ്ടിയെടുക്കുന്നതാണ്‌ എന്നാണ്‌ എണ്റ്റെ വിശ്വാസം. ഒരു പക്ഷെ ഈശ്വര വിശ്വാസി ആയതു കൊണ്ടാവാം

    ReplyDelete
  3. കൊള്ളാം. ഒരു ടെലിഫിലിം പോലുണ്ട്. പിന്നെ അവസാനം ആസാദ്‌ പറഞ്ഞ ആ ഒരു സംശയം എനിക്കും തോന്നി.

    ReplyDelete
  4. ആസാദ്,

    ആളവന്താന്‍,

    വായനയ്ക്കും അഭിപ്രായത്തിനും നന്ദി.അവസാനം ഇങ്ങിനെയാക്കണമെന്നല്ല ഉദ്ദേശിച്ചത്.എഴുതിവന്നപ്പോള്‍ ആയിപ്പോയി.പിന്നെ എന്തൊ ഒരു അലസതയും കടന്നുകൂടി.

    ReplyDelete
  5. വിഷയം പഴയതാണെങ്കിലും കഥ അവതരിപ്പിച്ചത് കൊള്ളാം.
    അവസാന ഭാഗം ഒരു അപൂര്‍ണത ഫീല്‍ ചെയ്തു...
    കുറച്ച് കൂടി വിശദമാക്കാമായിരുന്നു.

    ReplyDelete
  6. മക്കളെ സംശയമില്ലാതെ അവര്‍ക്ക്‌ സപ്പോര്‍ട്ട് ചെയ്യുന്നത് മിക്കവാറും അമ്മമാര്‍ തന്നെയാണെന്നാണ് കണ്ടുവരുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ ഒരു കണ്ണ് മക്കളുടെ പിന്നാലെ ഉണ്ടാകുന്നത് നല്ലതാണ്.
    അവസാനം പോലീസ്‌ എത്തിയത്‌ ശ്രീക്കുട്ടന്‍ പറഞ്ഞത്‌ പോലെ അലസത തന്നെയാണ്.

    ReplyDelete
  7. അതെ,റിയാസ് പറഞ്ഞത് പോലെത്തന്നെ ഒടുക്കം ഒരപൂർണ്ണത.എങ്കിലും കൊള്ളാം.

    ReplyDelete
  8. എനിക്കിഷ്ട്ടപ്പെട്ടു....

    ReplyDelete
  9. ഇത്രയൊക്കെയേ ഉള്ളൂ...

    ReplyDelete
  10. പറയാതിരുന്ന കാര്യങ്ങള്‍ കഥയ്ക്കു ഭംഗി കൂട്ടുന്നു എന്നാണെനിക്കു തോന്നുന്നത്.

    ReplyDelete