Sunday, January 30, 2011

തെറ്റുകാരന്‍

സമയം ആറുകഴിഞ്ഞിരിക്കുന്നു.മിക്സ്ചറും ഒഴിഞ്ഞ പെപ്സിബോട്ടിലുകളും സിഗററ്റുകുറ്റികളും മറ്റും തറയിലാകെ ചിതറിക്കിടക്കുവാണു.തലകുമ്പിട്ടിരുന്ന മഹി മെല്ലെ തലയൊന്നുയര്‍ത്തി നാലുപാടുമൊന്നു നോക്കി.സുനിലിന്റെ കട്ടിലില്‍ അവനൊപ്പം ഒടിഞ്ഞുകുത്തി ദിനേശും ദീപുവും കിടന്നുറങ്ങുന്നു.ഓമനക്കുട്ടന്‍ മുറിയുടെ മൂലയില്‍ കിടപ്പുണ്ട്.ഭദ്രേട്ടനും നല്ല ഉറക്കമാണ്.ബാത് റൂമിനുള്ളില്‍ നിന്നും നല്ല ഒച്ച കേള്‍ക്കുന്നു.വിശാലായിരിക്കും.കയ്യെത്തി അവന്‍ മദ്യക്കുപ്പിയെടുത്ത് അടുത്തിരുന്ന ഗ്ലാസ്സില്‍ അരഗ്ലാസ്സൊഴിച്ചു.അതോടെയെടുത്തവന്‍ തന്റെ വായിലേയ്ക്കു ചരിച്ചു.ഇന്ന് എത്ര കുടിച്ചുവെന്ന് തനിയ്ക്കുതന്നെയോര്‍മ്മയില്ല.താനൊരിയ്ക്കലും ഇങ്ങിനെ കുടിച്ചിട്ടില്ല.പക്ഷേ..ഇന്നു..

തന്റെ ഉള്ളം കത്തുന്നതാരുമറിയണ്ട. സത്യം അതെന്നായാലും പുറത്തുവരും എന്നു പറയുന്നതെത്ര ശരിയാണു.അല്ലെങ്കില്‍ താന്‍ ഈ മുറിയിലേയ്ക്കു താമസം മാറിവരാനും ദിനേശൊക്കെ ഇന്നു പാര്‍ട്ടിയ്ക്കായി ഈ റൂമില്‍ വരാനും ആ സത്യം താനറിയാനുമിടവരുമോ.ഇല്ല.ദൈവം തന്റെയൊപ്പമാണു.അതുകൊണ്ടാണ് ഈ സത്യം ഇപ്പോഴെങ്കിലും താനറിഞ്ഞത്.പക്ഷേ തനിയ്ക്കതിന്റെ മുഴുവന്‍ വിശദാംശങ്ങളുമറിയണം.എന്നിട്ടുവേണം....പല്ലിറുമ്മിക്കൊണ്ടവന്‍ വീണ്ടും ഗ്ലാസ്സ് നിറച്ചു.

"അളിയോ ഇങ്ങനെ കുടിച്ചാ കൂമ്പ് വാടിപ്പോകും.ആ പെണ്ണ് പിന്നെന്തോ ചെയ്യും".ബാത് റൂമില്‍ നിന്നും ഇറങ്ങിവന്ന വിശാല്‍ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവനടുത്തിരുന്ന് ഒരു സിഗററ്റെടുത്ത് തീ പിടിപ്പിച്ചു.

"വാടണെങ്കി അങ്ങു വാടട്ടേടാ"ഗ്ലാസ്സ് കയ്യിലെടുത്തുകൊണ്ട് മഹി ചുണ്ടൊന്നു കോട്ടി.

"എന്തു പറ്റിയളിയാ.കല്യാണം കഴിഞ്ഞിട്ട് നാലുമാസം പോലുമായില്ലല്ലോ.അപ്പോഴേയ്ക്കും വെറുത്താ.എന്നാലും നീ ആ കല്യാണസീഡി ഒന്നു കൊണ്ടുവരാതിരുന്നത് മോശമായിപ്പോയി കേട്ടോ.നിന്റെ ആളിനെ നമുക്കും കൂടിയൊന്നു കാണാമായിരുന്നു.". ഒരു ഗ്ലാസ്സെടുത്ത് വിശാലും ഒരെണ്ണമൊഴിച്ചു.

"ഈ ദിനെശാളെങ്ങിനെയാണു"

സിഗററ്റ് പുക ഊതിപ്പറത്തിക്കൊണ്ട് മഹി അവനോടു ചോദിച്ചു.

"ആള് ജഗ തരികിടയാ.അവന്‍ ഒപ്പിച്ചെടുക്കാത്ത പെണ്ണുങ്ങളു ചുരുക്കമാ.വയസ്സു ഇരുപത്തൊന്നേ ആയൊള്ളെങ്കിലും മുപ്പതിന്റെ അനുഭവജ്ഞാനമുണ്ടവന്.അവന്‍ പറയണ ഓരോ കാര്യം കേട്ടാ സത്യമായും പൊന്നളിയാ നിയന്ത്രണം വിട്ടുപോകും.എത്രയാ ഒരു ദെവസം അവനു വരുന്ന കാളുകള്‍.എല്ലാം പെണ്ണുങ്ങളുടേതാ.അല്ല നീയെന്താ അങ്ങിനെ ചോദിച്ചത്"

"ഹേയ് ഒന്നുമില്ല.ഇന്നു കള്ളുകുടിച്ചുകൊണ്ടിരുന്നപ്പം അവന്‍ ഒരു പ്രാഭാകരന്‍ മാഷിന്റെ മോളെക്കുറിച്ചുപറഞ്ഞില്ലേ.അതു സത്യമാണോന്നറിയാനാ".നിര്‍വികാരനായിപറഞ്ഞുകൊണ്ട് മഹി തന്റെ ഗ്ലാസ്സെടുത്തു.

"എന്താ അളിയാ നിനക്കറിയാവുന്ന വല്ലോരുമാണോ"

"ഹേയ് എന്റെ നാട്ടിലൊള്ള ഒരു കൂട്ടുകാരനു വേണ്ടി ആ പെണ്ണിനെ ആലോചിച്ചിരുന്നു.വല്ല കൊഴപ്പം പിടിച്ചതുവല്ലത്മാണെങ്കില്‍ അവനോട് ഒന്നു പറഞ്ഞേക്കാമെന്നു കരുതി.അത്രേയൊള്ളു"

"എനിക്കത്രക്കറിയില്ല.ചെലപ്പം പുല്ലനെ വിശ്വസിക്കാന്‍ പറ്റത്തില്ല.നല്ല മുട്ടന്‍ നൊണയും പറഞ്ഞെന്നിരിക്കും.എന്തായാലും അവനോട് ചോദിച്ചു ക്ലിയറാക്കാം".തന്റെ ഗ്ലാസ്സു കാലിയാക്കിയിട്ട് വിശാല്‍ മെല്ലെ ചെന്ന് ദിനേശിനെ കുലുക്കിയുണര്‍ത്താന്‍ തുടങ്ങി.അല്‍പ്പസമയത്തെ പരിശ്രമത്തിനുശേഷം അവനുണര്‍ന്നു.

"എടാ എഴുന്നേറ്റുവാടാ.കള്ള് ബാക്കിയിരിക്കുന്നതുകണ്ടില്ലേ.അതടിച്ചു തീര്‍ക്കണ്ടേ.മറ്റവമ്മാരൊന്നും എഴുന്നേല്‍ക്കുന്നില്ല".തലയും കുമ്പിട്ടിരുന്ന ദിനേശിനെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് വിശാല്‍ മഹിയുടെ അടുത്തേയ്ക്കു വന്നു.തറയിലിരുന്ന ദിനേശ് കുറച്ചു മിക്സ്ചറെടുത്ത് വായിലിട്ടു ചവച്ചു.

"നീയിന്നു ഉച്ചയ്ക്കു പറഞ്ഞില്ലേ.ഒരു നിഷയുടെ കാര്യം അതു സത്യമാണോടാ.അതോ പുളുവോ. ഒരു ഗ്ലാസ്സില്‍ മദ്യമൊഴിച്ചു അതവന്റെ നേരെനീട്ടിക്കൊണ്ട് വിശാല്‍‍ ചോദിച്ചു.ഒരുനിമിഷം അവനെയൊന്നു നോക്കിയതിനുശേഷം ആ ഗ്ലാസ്സുവാങ്ങി കാലിയാക്കി ചിറിയുമൊന്നു തുടച്ചിട്ട് ഒരു സിഗററ്റെടുത്ത് കൊളുത്തി പുക പറത്തിക്കൊണ്ട് ദിനേഷ് പറഞ്ഞു.

"കൊള്ളാം. സത്യമാണോന്നോ.ഞാനെത്ര പ്രാവശ്യം....മാഷിന്റെ വീട്ടിനടുത്തല്ലേ എന്റെ വീട്. പത്താം ക്ലാസ്സില്‍ മാഷിന്റെ ട്യൂഷനായിരുന്നല്ലോ.മാഷില്ലാത്തപ്പം മകളും..ഹൊ അതൊരു ടൈം..എന്നെക്കൊണ്ടെന്തെല്ലാം ചെയ്യിച്ചിരിക്കുന്നു.പാവം മാഷ്.ഇതെല്ലാമറിഞ്ഞിരുന്നെങ്കില്‍ എന്നെ തല്ലിക്കൊന്നേനെ.ഇപ്പം അവളുടെ കല്യാണമൊക്കെ കഴിഞ്ഞെന്നു പറയണകേട്ടു.അവളാള് ശരിയല്ല. കഴിഞ്ഞയാഴ്ച എന്നെ വിളിച്ചായിരുന്നു.ഞാന്‍ പിന്നെ തിരിച്ചുവിളിയ്ക്കാനൊന്നും പോയില്ല.നമുക്കെവിടെ സമയം"..കുലുങ്ങിച്ചിരിച്ചുകൊണ്ടവന്‍ മിക്സ്ചര്‍ ചവച്ചുകൊണ്ടിരുന്നു.

തലകുമ്പിട്ടു കേട്ടുകൊണ്ടിരുന്ന മഹിയുടെ കണ്ണുകളില്‍ തീയെരിയുകയായിരുന്നു.കയ്യെത്തി ദിനേശിന്റെ കഴുത്തു ഞെരിയ്ക്കുവാന്‍ അവന്‍ കൊതിച്ചു.വീണ്ടും ദിനേശ് വിവരിച്ചുകൊണ്ടിരിയ്ക്കുന്നത് കേള്‍ക്കുവാന്‍ നില്‍ക്കാതെ അവന്‍ പുറത്തേയ്ക്കിറങ്ങി.എരിഞ്ഞുതീരാറായ സിഗററ്റ് വലിച്ചെറിഞ്ഞിട്ടവന്‍ പ്രക്ഷുബ്ദമായ മനസ്സുമായി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു.

രാത്രി ഉറക്കം വരാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.മൊബൈല്‍ ചിലയ്ക്കുന്നതുകേട്ട് അവന്‍ അതെടുത്തുനോക്കി.നിഷയാണ്.അവളോട് എന്തെല്ലാമോ ചോദിച്ചകൂട്ടത്തില്‍ ദിനേശിനെയറിയാമോയെന്നു വെറുതേയവനൊന്നു ചോദിച്ചു.അറിയാമെന്നവള്‍ ചിരിച്ചുകൊണ്ടു പറഞ്ഞപ്പോള്‍ അവന്‍ മൊബൈല്‍ ഓഫ് ചെയ്തിട്ടു കട്ടിലിന്റെ ചുവട്ടിലേയ്ക്കെറിഞ്ഞു.ആകെ ഭ്രാന്തെടുത്ത രീതിയില്‍ അവന്‍ പുറത്തേയ്ക്കിറങ്ങി.സിഗററ്റുകള്‍ പലതും പുകച്ചുതള്ളി കുറേയേറെ നേരത്തിനുശേഷം അവനൊരു തീരുമാനത്തിലെത്തി

------------------------------------------------------------------------------------

"അല്ല ഇത്ര പെട്ടന്ന് നാട്ടീപ്പോവാന്‍ എന്താകാര്യം.ആര്‍ക്കെങ്കിലും വല്ല അസുഖമോ മറ്റോ"

പെട്ടി റെഡിയാക്കിക്കൊണ്ടിരുന്ന മഹിയോടായി വിശാല്‍ ചോദിച്ചു.റൂമിലുള്ളവരെല്ലാം ഒന്നും മനസ്സിലാകാതെ മിണ്ടാതെ നിന്നു.

"അതേ.രണ്ടുദെവസം മുമ്പ് വീട്ടിവിളിച്ചപ്പോ അമ്മയ്ക്ക് നല്ല സുഖമില്ലെന്നു പറഞ്ഞായിരുന്നു.ഇന്നു കാലത്ത് ഫോണ്‍ വന്നു.ഇത്തിരി സീരിയസാണെന്ന്.അപ്പോ തന്നെ ടിക്കറ്റു ബുക്കുചെയ്തു.ഞാരൊഴാചയ്ക്കുള്ളില്‍ വരും" ഞാന്‍ വരട്ടെ.പെട്ടിയുമെടുത്ത് പുറത്തേയ്ക്കിറങ്ങിയ മഹിയുടെ കൂടെ വിശാലും ചെന്നു.

"അളിയാ കാശ് വല്ലതും വേണമെങ്കില്‍ ഞാന്‍ .."

"വേണ്ടടാ.എന്റെ കയ്യിലൊണ്ട്.അപ്പോ വന്നിട്ടു കാണാം".ടാക്സിയില്‍ കയറിമറയുന്ന ചങ്ങാതിയെ നോക്കി അല്‍പ്പസമയം നിന്നിട്ട് ചിന്താഭാവത്തില്‍ അവന്‍ അകത്തേയ്ക്കു നടന്നു.

-------------------------------------------------------------------------------------

"അളിയാ ഓടിവന്നേടാ.ദേ ഇതൊന്നു നോക്കിയേ"

ഹാളില്‍ നിന്നും ദീപുവിന്റെ ഉറക്കെയുള്ള വിളികേട്ടു പാചകം ചെയ്തുകൊണ്ടുനിന്ന വിശാലും ദിനേശും കൂടി ഓടിവന്നു.കണ്ണുമിഴിച്ച് റ്റീവിയില്‍ നോക്കിക്കൊണ്ടുനില്‍ക്കുന്ന ദീപുവിനെ ഒന്നു നോക്കിയിട്ടവര്‍ റ്റീവിയുടെ നേരെ നോക്കി.അതില്‍ കാണിച്ചുകൊണ്ടിരുന്ന ദൃശ്യം കണ്ട് അവര്‍ സ്തംഭിച്ചുപോയി.വിലങ്ങണിഞ്ഞകൈകളുമായി പോലീസ് ജീപ്പിലേയ്ക്കു കയറുന്ന ഒരു യുവാവിനേയും ചോരയില്‍ കുളിച്ചുകിടക്കുന്ന ഒരു പെണ്‍കുട്ടിയുടെ ശവശരീരദൃശ്യങ്ങളുമാണ് ഫ്ലാഷ്ന്യൂസായി കാണിച്ചുകൊണ്ടിരുന്നത്.

"അവിഹിതബന്ധമാരോപിച്ച് സ്വന്തം ഭാര്യയായ നിഷയെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു മഹിന്ദ്രന്‍.കഴിഞ്ഞദിവസമാണിയാള്‍ ഗല്‍ഫില്‍ നിന്നും.....

വാര്‍ത്തവായനക്കാരന്റെ വാക്കുകള്‍ അവരുടെ കാതുകളില്‍ പതിയ്ക്കുന്നുണ്ടായിരുന്നില്ല.വിശാല്‍ തളര്‍ന്നു കട്ടിലിലേയ്ക്കിരുന്നു.അടുക്കളയിലേയ്ക്കു വന്ന ദിനേശിന്റെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു.ഏതോ അപിശപ്ത നിമിഷത്തില്‍ താന്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാവാന്‍ വേണ്ടിയുണ്ടാക്കിപ്പറഞ്ഞ കള്ളത്തരംമൂലം....ഈശ്വരാ..ചോരയില്‍ കുളിച്ചുകിടക്കുന്ന ഒരു രൂപത്തിന്റെ കണ്ണുകളില്‍ നിന്നും പുറപ്പെട്ടുവരുന്ന തീജ്ജ്വാലയില്‍ താന്‍ ദഹിയ്ക്കുവാന്‍ പോവുകയാണോ..ഒരത്താണികിട്ടുന്നതിനുവേണ്ടി അവന്‍ അലമാരയിലിരുന്ന മദ്യക്കുപ്പിയെടുത്ത് അതേപോലെ വായിലേയ്ക്കു കമിഴ്ത്തി.അന്നനാളവും കുടലുമെല്ലാം കത്തിയെരിഞ്ഞുകൊണ്ട് ആ ദ്രാവകം അവന്റെയുള്ളിലേയ്ക്കാഴ്ന്നിറങ്ങി..

ശ്രീക്കുട്ടന്‍

9 comments:

 1. ആരാണു തെറ്റുകാരന്‍.എനിയ്ക്കറിയില്ല.വെറുമൊരു നുണ തകര്‍ത്തെതാരെയൊക്കെയാണു.... അതുമെനിയ്ക്കറിയില്ല

  ReplyDelete
 2. ഒന്നറിയാം..മദ്യം മനസ്സിനെ തെറ്റിലേക്ക് മാത്രമേ നയിക്കൂ..

  ReplyDelete
 3. തീര്‍ച്ചയായും സംഭവിക്കാവുന്നത്. നന്നായി എഴുതി.

  ReplyDelete
 4. സര്‍വ്വം മദ്യമയം..
  മദ്യത്തിന്റെ ഓരോ കളികളേ.

  ReplyDelete
 5. കൊള്ളാം...ആളവന്താന്‍ പറഞ്ഞത് പോലെ സംഭവിക്കാവുന്ന കാര്യങ്ങള്‍

  ReplyDelete
 6. മദ്യം കഴിചില്ലെങ്കിലും ഇതുപോലെ പറഞ്ഞു നടക്കുന്നവരെ നേരിട്ടെണിക്കറിയാം...

  ReplyDelete
 7. ശ്രീക്കുട്ടാ. ഒരുപാടായി ഈ വഴിയൊക്കെ.
  നല്ല ഒരു വിഷയം, നന്നായി പറഞ്ഞു.
  ഇത്തരം നുണയന്‍മാര്‍ക്കെതിരെ നാം തിരിയേണ്ടിയിരിക്കുന്നു.
  പ്രത്യേകിച്ചും പ്രവാസികള്‍ ഇവരെ മനസിലാക്കി ഓടിക്കുകയാണ് വേണ്ടത്.
  എത്ര കുടുംബങ്ങളാണ് ഇവരുടെ വിടുവായിത്തം കൊണ്ട് നശിച്ചത്.
  കഷ്ടം.

  ReplyDelete