Wednesday, February 16, 2011

അപരിചിതനായൊരാള്‍

മെല്ലെയെഴുന്നേറ്റു സാരിയെല്ലാം നേരെയാക്കി മുടിയൊക്കെ മാടിയൊതുക്കിക്കൊണ്ട് സുജാത വിളക്കുകാലിനുനേരെ നടന്നു.വെട്ടത്തിനടുത്തെത്തിയപ്പോള്‍ നെറ്റിയുലുരുണ്ടുകൂടിയ വിയര്‍പ്പുമണികള്‍ വലതുകൈകൊണ്ട് വടിച്ചുകളഞ്ഞിട്ട് ഇടതുകയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ട് നിവര്‍ത്തിനോക്കി.വെറും അമ്പതുരൂപാ മാത്രം.ഇരുട്ടിന്റെ മറവില്‍ കാര്യം കണ്ടിട്ട് നായീന്റെമോന്‍ പറഞ്ഞ കാശുതരാതെ പറ്റിച്ചിരിക്കുന്നു.നല്ല വെട്ടമില്ലാതിരുന്നതുകൊണ്ട് തനിയ്ക്കു മനസ്സിലാക്കാനും കഴിഞ്ഞില്ല. വീട്ടീന്നിറങ്ങുമ്പോഴെ നശിച്ച തള്ളയുടെ പ്രാക്ക് കേട്ടോണ്ടല്ലേ ഇറങ്ങിയത്.ഇരുട്ടിലേയ്ക്കു നോക്കി വായില്‍ വന്ന മുഴുവന്‍ തെറിയും വിളിച്ചിട്ട് സുജാത റോഡിന്റെ ഓരം ചേര്‍ന്നു നടന്നു.ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും വണ്ടികിട്ടും.അല്ലെങ്കില്‍ രാവിലെ വരുന്ന ബസ്സ് തന്നെ ശരണം.നേരം വെളുക്കാന്‍ ഇനിയും ഒന്നുരണ്ടുമണിക്കൂറുകള്‍ കൂടിയുണ്ടെന്നു തോന്നുന്നു.ആ സമയത്ത് ഒറ്റയ്ക്കങ്ങിനെ നടക്കുവാന്‍ അവള്‍ക്കൊരു ഭയവും തോന്നിയില്ല.അല്ലെങ്കില്‍ തന്നെ പകലിനേക്കാല്‍ രാത്രിയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലായിരുന്നല്ലോ സുജാതയും.

ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ പതിവില്ലാതെ സുജാതയുടെ മനസ്സു കലുഷിതമായിരുന്നു.കിഴവിത്തള്ളയ്ക്ക് നല്ല സുഖമില്ലാത്തതാണു.വലിവ് ഒരല്‍പ്പം കൂടുതലാണു.യഥാര്‍ഥത്തില്‍ അവര്‍ തനിയ്ക്കാരാണ്. ആരുമല്ല.മുമ്പിതേപോലൊരു രാത്രിയില്‍ തനിയ്ക്ക് റോഡുവക്കില്‍ നിന്നും കിട്ടിയൊരു മുതല്‍.തണുത്ത് വിറച്ച് ചുരുണ്ടുകൂടിക്കിടക്കുന്നതു കണ്ടിട്ട് കളഞ്ഞിട്ടുപോകാന്‍ കഴിഞ്ഞില്ല.ആര് എന്ത് എന്നൊന്നും നോക്കിയില്ല.കൂട്ടിക്കൊണ്ടുപോയി.ആഹാരവും മറ്റുമൊക്കെ കൊടുത്ത് കൂടെകൂട്ടി.അവരിന്നേവരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല.താനൊട്ട് ചോദിച്ചിട്ടുമില്ല.ഏതോ ഒരുത്തി പ്രസവിച്ച് മാലിന്യകൂമ്പാരങ്ങളിലേയ്ക്കു വലിച്ചെറിഞ്ഞ തനിയ്ക്കും ആരെങ്കിലും വേണ്ടേ.ആരുമാരും നിയന്ത്രിക്കാനില്ലാതെ എങ്ങിനെയൊക്കെയോ വളര്‍ന്ന് പലരും പറഞ്ഞതുപോലൊക്കെ ചെയ്തുകൊടുത്ത് വയറുമാത്രം നിറച്ചിരുന്ന തനിയ്ക്ക് സത്യത്തില്‍ കിഴവി ഒരാശ്വാസമായിരുന്നു.അവര്‍ വന്നശേഷമാണു താന്‍ തന്റെ വില മനസ്സിലാക്കുന്നത്.കാശ് പേശി വാങ്ങുന്നതിനും മറ്റും ശീലിച്ചത്.കൊറേച്ചേ കൊറേച്ചേ കാശു കൂട്ടിവച്ച് ഒരു സ്വര്‍ണ്ണ മാല മേടിച്ചു.പക്ഷേ അതു താന്‍ ഡ്യൂട്ടിയ്ക്കിറങ്ങുമ്പോള്‍ ഇടാറില്ല.ഏവനെങ്കിലും അടിച്ചോണ്ടുപോയാലോ.പിന്നെ കിട്ടുന്ന കാശില്‍ ഒരു പങ്ക് തന്റെ പെട്ടിയില്‍ സൂക്ഷിച്ചു വയ്ക്കുന്നുമുണ്ട്.താനൊരു വേള കിടപ്പിലായിപ്പോയാലെന്തു ചെയ്യും.മുമ്പ് പലദിവസവും ആലോചിച്ചിട്ടുള്ളതാണ് ഈ തൊഴിലു നിര്‍ത്തണമെന്നു.സത്യത്തില്‍ മടുത്തിരിയ്ക്കുന്നു.മനസ്സുമാത്രമല്ല ശരീരവും.താന്‍ നന്നായി എന്നു പറഞ്ഞാള്‍ ആരു വിശ്വസിക്കും.താന്‍ ചെലവിനുകൊടുത്ത് കൂടെതാമസിക്കുന്ന കിഴവിത്തള്ളപോലും വിശ്വസിക്കില്ല.പിന്നല്ലേ ബാക്കിയുള്ളവര്‍.

ചിന്തിച്ചു ചിന്തിച്ചു അവള്‍ ഒരു വെയിറ്റിംഗ്ഷെഡ്ഡിനു മുമ്പിലെത്തി.നേരം വെളുക്കാനിനിയും സമയമുണ്ട്.അവിടുണ്ടായിരുന്ന സിമന്റ് ബെഞ്ചിലിരിക്കുമ്പോള്‍ അവള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.കുറച്ചുസമയം കൂടി കഴിയുമ്പോള്‍ ആദ്യത്തെ വണ്ടി വരും.അങ്ങു ചെന്നിട്ടുവേണം കെഴവിയെ ഒന്നു ആശുപത്രീക്കൊണ്ടുപോവാന്‍.പെട്ടന്നവള്‍ ഒന്നു ചെവി വട്ടം പിടിച്ചു.എന്തോ ഒച്ച കേട്ടതുപോലെ.തോന്നിയതായിരിക്കുമെന്നു കരുതിയവള്‍ ബസ്സ് വരാനുള്ള ദിശയിലേയ്ക്കു അക്ഷമയോടെ നോക്കിയിരുന്നു.വീണ്ടുമാ ശബ്ദം.അവള്‍ ചുറ്റും നോക്കി.ഒരു ഞരക്കം കേട്ടതുപോലെ.സിമന്റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റ് അവള്‍ നാലുപാടും നോക്കി.അല്‍പ്പസമയം സൂക്ഷിച്ചുനോക്കിയപ്പോള്‍ വെയിറ്റിംഗ്ഷെഡിനു അല്‍പ്പമകലെ റോഡില്‍നിന്നും കുറച്ചുമാറി ആരോ കിടക്കുന്നതവള്‍ കണ്ടു.ഒന്നു സംശയിച്ചു നിന്നശേഷം സുജാത അതിനടുത്തേയ്ക്ക് ചെന്നു കുനിഞ്ഞുനോക്കി.ഒരു ചെറുപ്പക്കാരനാണ്.ചെന്നിയില്‍ക്കൂടി ചോരയൊഴുകുന്നുണ്ട്.മാത്രമല്ല വയറിന്റെ ഒരു വശത്തും മുഴുവന്‍ ചോര പുരണ്ടിരിയ്ക്കുന്നു.ഒന്നുകിള്‍ ആരോ ഉപദ്രവിച്ചത്.അല്ലെങ്കില്‍ വണ്ടിയോ മറ്റോ ഇടിച്ചിട്ടിട്ട് കടന്നത്.എന്തായാലും വല്യ പരിക്കല്ല.ചാവത്തൊന്നുമില്ല.നേരം വെളുക്കുമ്പം ആരെങ്കിലും ആശൂത്രീലെത്തിച്ചോളും.ആവശ്യമില്ലാത്ത പുലിവാലെന്തിനെന്നു പിറുപിറുത്തുകൊണ്ട് അവള്‍ തിരിഞ്ഞു നടന്നു.

"അമ്മേ..വെള്ളം....

ആ ഞരക്കം അവളെ പിന്നോട്ടുവലിച്ചു.അയാളെ അങ്ങിനെ ഉപേക്ഷിച്ചുപോകുവാന്‍ മനസ്സ് മടിയ്ക്കുന്നതുപോലെ.തിരിച്ചുവന്ന സുജാത അയാളെ ഒരിക്കല്‍ക്കൂടി നോക്കി.ചുറ്റുപാടും നോക്കിയ അവള്‍ ഒരു ഒഴിഞ്ഞമദ്യക്കുപ്പി കണ്ടെത്തുകയും അതെടുത്തുകൊണ്ടുപോയി മുമ്പിലായിക്കണ്ട പൈപ്പില്‍ നിന്നും വെള്ളം നിറച്ചെടുത്തുകൊണ്ടുവന്നു അയാളുടെ തല താങ്ങിയുയര്‍ത്തിയിട്ട് വായിലേയ്ക്കു കുപ്പി ചരിച്ചുകൊടുക്കുകയും ചെയ്തു.അര്‍ദ്ധബോധാവസ്ഥയിലും അയാള്‍ ആ വെള്ളം മുഴുവന്‍ മടമടാന്നു കുടിച്ചു.അവള്‍ അയാളുടെ ചിറിയൊന്നു തുടച്ചിട്ട് തല പഴയതുപോലെ വച്ചിട്ട് തിരിച്ചുനടന്നു.ഒരു വെളിച്ചം കണ്ട അവള്‍ തിരിഞ്ഞുനോക്കി.ഏതോ വണ്ടി വരുന്നതാണു.അവള്‍ റോഡിലേയ്ക്കു കയറിനിന്നു കൈകാണിച്ചു.ഒരു ടെമ്പോയാണു.അവളുടെ അടുത്ത് വണ്ടിനിര്‍ത്തിയിട്ട് ചെറുപ്പക്കാരനായ ഡ്രൈവര്‍ തല പുറത്തേയ്ക്കിട്ടു.

"അനിയാ ടൌണിലോട്ടാണെങ്കി എന്നേം കൂടൊന്നു കൊണ്ടുപോകാമോ.പൈസ തരാം".

അവനവളെ ആപാദചൂഡമൊന്നുനോക്കിയശേഷം കയറിക്കൊള്ളാന്‍ പറഞ്ഞു.ടെമ്പോയിലേയ്ക്ക് കയറുമ്പോള്‍ പെട്ടന്ന് സുജാതയ്ക്ക് മുറിവേറ്റുകിടക്കുന്ന ചെറുപ്പക്കാരനെ ഓര്‍മ്മ വന്നു.

"അനിയാ ഒരു കാര്യം പറഞ്ഞോട്ടേ.ദേ അവിടെ ഒരാളു കിടക്കുന്നുണ്ട്.മേലുകുറച്ചു മുറിഞ്ഞിട്ടുമൊണ്ട്.അയാളെക്കൂടി ഒന്നുകൊണ്ടുപോകാമോ"

തന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുനില്‍ക്കുന്ന അവളെ നോക്കിയിട്ട് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വണ്ടിയില്‍ നിന്നും ചെറുപ്പക്കാരന്‍ പുറത്തിറങ്ങി അവളോടൊപ്പം നടന്നു മുറിവേറ്റുകിടക്കുന്ന ചെറുപ്പക്കാരന്റെയടുത്തേയ്ക്കു ചെന്നു.രണ്ടുപേരും കൂടി അയാളെ താങ്ങിയെടുത്ത് വണ്ടിയില്‍കേറ്റി.യാത്രയില്‍ തന്റെ മടിയില്‍ തലവയ്ച്ചുകിടക്കുന്ന ചെറുപ്പക്കാരനെ സുജാത വെറുതേ നോക്കിയിരുന്നു.ആകര്‍ഷണീയമല്ലെങ്കിലും തെറ്റില്ലാത്ത ഭംഗിയുള്ള മുഖം.നല്ല കട്ടി മീശയും താടിയും.അവള്‍ കയ്യിലുണ്ടായിരുന്ന തൂവാലകൊണ്ട് അയാളുടെ മുഖത്തെ രക്തം തുടച്ചു.വലിയ മുറിവൊന്നുമില്ല.നേരം പരപരാവെളുക്കുന്നതേയുള്ളു.

"ഒക്കുമെങ്കില്‍ വഴിയ്ക്കുള്ള ഏതെങ്കിലും ഒരു ആശുപത്രിയുടെ മുമ്പിലിറക്കിത്തന്നാല്‍ വളരെ ഉപകാരം".യാത്രയില്‍ സുജാത ഡ്രൈവറോടു പറഞ്ഞു.അവനാകട്ടെ ഒന്നും പറയാതെ ഏതോ മൂളിപ്പാട്ടും പാടിക്കൊണ്ടിരുന്നു.വണ്ടി നിര്‍ത്തി അവന്‍ പുറത്തേയ്ക്കിറങ്ങി.തല പുറത്തേയ്ക്കിട്ടുനോക്കിയ സുജാത ആശുപ്ത്രീടെ ബോര്‍ഡു കണ്ടു. രണ്ടുപേരും കൂടി മുറിവേറ്റുകിടന്ന ചെറുപ്പക്കാരനെ വണ്ടിയില്‍ നിന്നും താഴെയിറക്കി താങ്ങിപ്പിടിച്ചു അകത്തേയ്ക്കുകയറി.ഉറക്കച്ചടവോടെയിരുന്ന സെക്യൂരിറ്റിക്കാരന്‍ പോയി ഒരു വീല്‍ചെയറെടുത്തുകൊണ്ടുവന്ന് അയാളെ അതിലിരുത്തിയശേഷം അകത്ത് നഴ്സിനെ വിളിയ്ക്കാനായിപ്പോയി.സുജാത കയ്യിലുണ്ടായിരുന്ന പഴ്സില്‍ നിന്നും 150 രൂപായെടുത്ത് ചെറുപ്പക്കാരനുനേരെ നീട്ടി.എന്നാള്‍ ഒരു ചെറുചിരിയോടെ അതു നിരസിച്ചുകൊണ്ടവന്‍ പുറത്തേയ്ക്കിറങ്ങി വണ്ടിയില്‍ കയറി വേഗമോടിച്ചുപോയി.അതിശയഭാവത്തോടെ അല്‍പ്പനേരം നിന്ന സുജാതയെ ഉണര്‍ത്തിയത് നഴ്സിന്റെ വിളിയായിരുന്നു.അവള്‍ തിടുക്കത്തിലവിടേയ്ക്കു നടന്നു.

-----------------------------------------------------------------------------------------------
ഒരു ചെറുപ്പക്കാരനേം താങ്ങിപ്പിടിച്ചു കയറിവരുന്ന സുജാതയെ കിഴവിത്തള്ള മിഴിച്ചുനോക്കിയിരുന്നു.അയാളെ താങ്ങിപ്പിടിച്ച് അകത്ത് തടിക്കട്ടിലില്‍ കിടത്തിയിട്ട് സുജാത ചായ്പ്പില്‍കടന്ന് കുടത്തില്‍ നിന്നും ഒരു മൊന്ത പച്ചവെള്ളമെടുത്ത് കുറച്ചധികം കുടിച്ചിട്ട് ബാക്കിയ്ക്ക് മുഖമൊന്നു കഴുകി.എവിടേയ്ക്കോ തുറിച്ചുനോക്കിയിരിയ്ക്കുന്ന കിഴവിത്തള്ളയുടെ അടുത്ത് ചെന്ന് അവള്‍ മരുന്നുപൊതിയേല്‍പ്പിച്ചു.ഒന്നും മിണ്ടാതെ അതു വാങ്ങിയിട്ട് കിഴവി വീണ്ടുമായിരിപ്പിരുന്നു.കട്ടിലില്‍ കിടക്കുന്ന ചെറുപ്പക്കാരനെ നോക്കി നില്‍ക്കുമ്പോള്‍ അവളുടെ മനസ്സില്‍ എന്തൊക്കെയോ അലയടിക്കുന്നുണ്ടായിരുന്നു.തനിയ്ക്കെന്താണുപറ്റിയത്.ആരാണിയാള്‍.താനെന്തിനാണിങ്ങോട്ടിയാളെ കൊണ്ടുവന്നത്.ചോദ്യങ്ങള്‍ ചെവിയില്‍ മുഴങ്ങുന്നു.ഉത്തരമില്ല.അവളൊരു ചിരിയോടെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുടിയൊന്നു മാടിയൊതുക്കി.ഒരാഴചയോളം സുജാത എങ്ങും പോയില്ല.മുറിവെല്ലാം ഒരു വിധമുണങ്ങിയ അയാള്‍ ഇപ്പോള്‍ എഴുന്നേറ്റിരിക്കുകയും ചെറുതായി നടക്കുകയും ചെയ്യും.അയാള്‍ക്കായി സിഗററ്റും മറ്റും അവള്‍ വാങ്ങിക്കൊടുത്തു.അത്രയും ദിവസമായിട്ടും അയാളുടെ പേരെന്തെന്നുപോലും അവള്‍ ചോദിച്ചില്ല.അയാളൊട്ടു പറഞ്ഞതുമില്ല.കിഴവിത്തള്ള മാത്രം എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് മുഖം വീര്‍പ്പിച്ചു പുറത്ത് തന്നെ കുത്തിയിരുന്നു.

"എനിയ്ക്കൊരു 100 രൂപ വേണം"

അധികാരസ്വരത്തിലുള്ള ആ അവശ്യം കേട്ട സുജാത ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് തന്റെ പെട്ടിതുറന്നു അതിനകത്ത് സൂക്ഷിച്ചിരുന്നതില്‍ നിന്നും 200 രൂപയെടുത്ത് അയാള്‍‍ക്കു നീട്ടി.കാശുവാങ്ങി പോക്കറ്റിലിട്ടുകൊണ്ട് അയാള്‍ പുറത്തേയ്ക്കിറങ്ങി.രണ്ടുമൂന്നുമണിക്കൂറുകള്‍ കഴിഞ്ഞു തിരിച്ചുവന്ന അയാളുടെ കയ്യില്‍ കുറച്ചു മീനുമുണ്ടായിരുന്നു.കൂടെ കള്ളിന്റെ നാറ്റവും.സുജാതയെ മീനേല്‍പ്പിച്ചിട്ട് ഷര്‍ട്ടൂരി അയയില്‍ തൂക്കിയിട്ട് ഒരു ബീഡിയ്ക്കു തീപിടിപ്പിച്ചുകൊണ്ടയാള്‍ തിണ്ണയിലിരുന്നു.ഏതോ ഒരു മായികപ്രപഞ്ചത്തിലെന്നപോലെ സുജാത മീന്‍ വെട്ടിക്കഴുകി അതു വയ്ക്കാനാരംഭിച്ചു.

ഭക്ഷണമെല്ലാം കഴിഞ്ഞ് രാത്രിയുടെ ഇരുട്ടില്‍ സുജാത അന്നാദ്യമായി അയാളുടെ മാറില്‍ തലചായ്ച്ചുകിടന്നു.അവള്‍ ഏതോ മായാലോകത്തിലായിരുന്നു.എന്താണു തനിയ്ക്കു പറ്റിയിരിക്കുന്നത്.തന്നിലെ സ്ത്രീത്വം ഇന്നാണു പൂര്‍ണ്ണത നേടിയത്.എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ മിന്നിമറഞ്ഞിരിക്കുന്നു.പക്ഷേ..ഇതു..തനിയ്ക്കൊരിക്കലും കിട്ടില്ലെന്നു കരുതിയത് നേടിയിരിക്കുന്നു.അവള്‍ നിറഞ്ഞ സംതൃപതിയോടെ അയാളെ കൈകളാല്‍ വരിഞ്ഞുമുറുക്കിക്കിടന്നു.തന്നെ തഴുകുന്ന ആ കൈകളില്‍ അവള്‍ തെരുതെരെ ഉമ്മവച്ചു.അറിയാതെയറിയാതെ നിദ്രയവളെ പ്രാപിച്ചുകൊണ്ടിരുന്നു.കുറച്ചുസമയം കഴിഞ്ഞ് അയാളെഴുന്നേറ്റ് അവളുടെ പെട്ടി പരിശോധിക്കുന്നതും ഉണ്ടായിരുന്ന പണവും പിന്നെയാ സ്വര്‍ണ്ണമാലയുമെടുത്ത് ഇരുളിലേയ്ക്കു മറയുന്നതും തനിയ്ക്കു ലഭിച്ച ഭാഗ്യത്തില്‍ മതിമറന്ന് മധുരസ്വപ്നങ്ങള്‍ കണ്ട് സുഖസുഷുപ്തിയിലാണ്ടുകിടക്കുകയായിരുന്ന അവളറിയുന്നുണ്ടായിരുന്നില്ല.

ശ്രീക്കുട്ടന്‍

6 comments:

 1. ചില കാര്യങ്ങള്‍ സ്വപ്നം കാണുവാന്‍ പോലും അര്‍ഹതയില്ലാത്ത ചിലരുണ്ട്. ആരോടും ഒരു കടപ്പാടും തോന്നാത്ത ആര്‍ക്കും വേണ്ടാത്ത ജന്മങ്ങള്‍.എന്നാലര്‍ഹതയില്ലാത്തതവരാശിച്ചാലോ.......

  ReplyDelete
 2. സ്നേഹം ആശിക്കുന്നത് അര്‍ഹതയില്ലാത്തതല്ലല്ലോ.പാവം.

  men give love to get sex.woman give sex to get love.

  ReplyDelete
 3. തരക്കേടില്ല ശ്രീ..എഴുതിപ്പഴകിയ ആശയം പക്ഷെ പ്രസക്തി നശിക്കുന്നില്ല .....സസ്നേഹം

  ReplyDelete
 4. തുടക്കത്തിലെ ആ വായനാ സുഖം അവസാന ഭാഗത്ത്(കഥ പറഞ്ഞ് നിര്‍ത്തിയത്)കിട്ടിയില്ല...

  ReplyDelete