Tuesday, March 29, 2011

പെണ്ണഴക്

നിമയുടെ മുഖത്തൊരു മന്ദസ്മിതം വിരിഞ്ഞു.സ്ത്രീസഹജമായ ലജ്ജയാല്‍ അവള്‍ ഒന്നു ചൂളി.അതെ അവന്‍ തന്നെ തന്നെയാണു നോക്കുന്നത്.കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് അവന്റെ നോട്ടം തന്റെ നേരെ തന്നെ.അല്ലെങ്കിലും ആരും നോക്കിപ്പോകുന്ന രൂപലാവണ്യത്തിനുടമയാണല്ലോ താന്‍.മാത്രമല്ല ഇന്നു താനണിഞ്ഞിരിക്കുന്ന പുതിയ ഡ്രെസ്സില്‍ താനൊരു മാലാഖപോലെയായിരിക്കുന്നുവെന്നു മമ്മിയും പറഞ്ഞതാണല്ലോ.ഇന്നു കോളേജില്‍ ചെല്ലുമ്പോള്‍ തന്റെ ഡ്രെസ്സുകണ്ട് നിഷയും നാന്‍സിയും വിജിയുമെല്ലാം കണ്ണും തള്ളി നിന്നുപോകും.തന്റെ ഡ്രെസ്സിന്റെ വിലകേട്ട് അവളുമാര് അന്തം വിടും.തന്റെ അടുത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന പെണ്‍കുട്ടികളും മറ്റും കൊതിയോടെ തന്റെ ഡ്രെസ്സിലേയ്ക്കു തന്നെ നോക്കുന്നത് കണ്ട് നിമ അല്‍പ്പം അഹങ്കാരത്തോടെ തലയുയര്‍ത്തിനിന്നു.ഇടയ്ക്ക് അറിയാതെന്നവണ്ണം തലതിരിച്ചുനോക്കിയപ്പോള്‍ യുവാവ് തന്നെതന്നെ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുന്നതു കണ്ടപ്പോള്‍ അവളുടെ ഉള്ളില്‍ ചിരി തോന്നി. ബസ്സ് വന്നു നിന്നപ്പോല്‍ തിക്കിത്തിരക്കി നിമയും അതിനുള്ളില്‍ കയറിപ്പറ്റി.ബസ്സിനുള്ളിലെ തിരക്കില്‍ ശരീരങ്ങളോട് മുട്ടിയുരുമ്മി നില്‍ക്കുമ്പോള്‍ സീറ്റുകളിലിരിക്കുന്ന പലരും അവളണിഞ്ഞിരിയ്ക്കുന്ന നേര്‍ത്ത ഡ്രെസ്സിനുള്ളിലൂടെ തെളിഞ്ഞുകാണുന്ന ശരീരത്തിന്റെ നിമ്ന്നോന്നതങ്ങളെ ആര്‍ത്തിയോടെ കണ്ണുകളാല്‍ ഭോഗിയ്ക്കുന്നത് അവളുടെ ശ്രദ്ധയില്‍ പെട്ടില്ല.

"ഇന്നത്തെ പെമ്പിള്ളാരുടെ ഓരോ രീതികളേ .ശിവ ശിവാ എന്തെല്ലാം കാണണം".

സീറ്റിലിരുന്ന വല്യമ്മച്ചി തന്റെ അടുത്തിരുന്ന പേരക്കുട്ടിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് മെല്ലെ മന്ത്രിച്ചു.പേരക്കുട്ടിയാകട്ടെ ആ ഡ്രെസ്സിന്റെ മനോഹാരിതയില്‍ മുഴുകി അച്ഛനോടതേപോലൊന്നു തനിയ്ക്കും മേടിച്ചുതരണമെന്നു വിചാരിച്ചുകൊണ്ട് അതിനെ തന്നെ നോക്കിക്കൊണ്ടിരുന്നു.

ശ്രീക്കുട്ടന്‍

Saturday, March 26, 2011

"മനസ്സാക്ഷി നഷ്ടപ്പെട്ടവര്‍"

ഒരലര്‍ച്ചയോടെ ബസ്സ് ബ്രേക്കിട്ട്നിന്നപ്പോള്‍ അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.തന്റെ ചിന്താമണ്ഡലത്തെയാകെ താറുമാറിക്കൊക്കൊണ്ട് ബസ്സ് നിര്‍ത്തിയ ഡ്രൈവറെ കൊല്ലുവാനുള്ള ദേക്ഷ്യത്തോടെ അയാള്‍ നോക്കി.അയാള്‍ നശിപ്പിച്ചത് താന്‍ എത്രയോ ദിവസങ്ങളായി മനസ്സിന്റെ ആലയിലിട്ടൊരുക്കിയെടുത്തുകൊണ്ടിരുന്ന സൃഷ്ടിയെയാണു.അതിന്റെ അവസാനമടുക്കാറായപ്പോഴാണു നാശം പിടിയ്ക്കാന്‍...

തല പുറത്തേയ്ക്കെത്തിച്ചുനോക്കിയ അയാള്‍ കുറച്ചു മുമ്പിലായി ഒരാള്‍ക്കൂട്ടം കണ്ടു.വല്ല ആക്സിഡന്റുമായിരിക്കാം.അയാള്‍ പെട്ടന്ന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു.മുഷിഞ്ഞ സഞ്ചി തോളിലേയ്ക്കു വലിച്ചിട്ടിട്ട് ആള്‍ക്കൂട്ടത്തിനുനേരെ അയാളും ചെന്നു.ആള്‍ക്കാരെ വകഞ്ഞുമാറ്റിചെന്ന അയാള്‍ കണ്ടത് ദാരുണമായ കാഴ്ചയായിരുന്നു.നിറയെ ചോരയില്‍ കുളിച്ച ഒരു ചെറുപ്പക്കാരന്‍ വേദനയാള്‍ അലമുറയിടുന്നു.മറ്റൊരുവന്‍ കമിഴ്ന്നുകിടപ്പുണ്ട്.അവന്റെ ചുറ്റും ചോര തളം കെട്ടികിടപ്പുണ്ട്.തൊട്ടടുത്തുതന്നെ ചിന്നഭിന്നമായ ഒരു ബൈക്കും കിടക്കുന്നു.ഇടയ്ക്കിടയ്ക്ക് തലയൊന്നു പൊക്കി ചെറുപ്പക്കാരന്‍ ദയനീയമായി കൂടി നില്‍ക്കുന്നവരെ നോക്കുന്നുണ്ട്.എല്ലാപേരും ചുറ്റും കൂടിനിന്ന്‍ എന്തെല്ലാമോ പിറുപിറുക്കുന്നതല്ലാതെ ആരും ഒരു വണ്ടിവിളിയ്ക്കാനോ അവരെ ആശ്പത്രിയിലെത്തിക്കാനോ ശ്രമിക്കുന്നില്ല.കഥാകാരന്‍ അത്ഭുതത്തോടെ ചുറ്റും നില്‍ക്കുന്നവരെ നോക്കി.ഇത്രയ്ക്കു മനുഷ്യത്വം നഷ്ടപ്പെട്ടുപോയവരോ സമൂഹം.
അപകടത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന ചെറുപ്പക്കാരെ അയാള്‍ ദേക്ഷ്യത്തോടെ നോക്കി.ഏതെങ്കിലും ഒരാളെങ്കിലും ആ ചെറുപ്പക്കാരെ സഹായിക്കുവാന്‍ മുന്നോട്ടു വന്നെങ്കിലെന്നു അയാളാത്മാര്‍ഥമായുമാഗ്രഹിച്ചുപോയി.നിരവധി വണ്ടികള്‍ അതിനടുത്തുകൂടി കടന്നുപോകുന്നുണ്ടായിരുന്നു.

ചെറുപ്പക്കാരന്റെ രോദനം അമര്‍ത്തിയ ശബ്ദമായി മാറുന്നതും ശരീരത്തിന്റെ പിടച്ചില്‍ നേര്‍ത്തുവരുന്നതും വേദനയോടെ കണ്ടുകൊണ്ട് അയാള്‍ അവിടെ തന്നെ നിന്നു.കുറച്ചുകഴിഞ്ഞ് എവിടെനിന്നോ ഒരു പോലീസ് വണ്ടി നിന്നതും മറ്റുള്ളവര്‍ക്കൊപ്പം കഥാകാരനും ദൂരേയ്ക്കു നടന്നുമാറി.അല്‍പ്പമകലെമാറിനിന്നുകൊണ്ട് കാഴ്ചകള്‍ വീക്ഷിച്ചുകൊണ്ടുനിന്നപ്പോള്‍ കഥാകാരന്റെയുള്ളില്‍ പുതിയ സൃഷ്ടിയുടെ വേദനയും ഒപ്പം തന്നെ അതിന്റെ പേരും തെളിഞ്ഞുവന്നു.അതിങ്ങിനെയായിരുന്നു.

"മനസ്സാക്ഷി നഷ്ടപ്പെട്ടവര്‍"


ശ്രീക്കുട്ടന്‍

Wednesday, March 23, 2011

എങ്ങിനെ ഞാന്‍ മരിയ്ക്കും ???

ആര്‍ത്തലച്ചുകൊണ്ട് താഴേയ്ക്കു പതിയ്ക്കുന്ന വെള്ളത്തിന്റെ ഹുങ്കാരശബ്ദം അയാളുടെ കാതുകളില്‍ അലയടിച്ചുകൊണ്ടിരുന്നു.എന്തായാലും തന്റെ മരണം ഇവിടെതന്നെയായിക്കോട്ടെ.പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ അലതല്ലിയൊഴുകിവരുന്ന വെള്ളത്തിനെ അയാള്‍ സാകൂതം നോക്കി നിന്നു. അനുപമസൌന്ദര്യത്തിനുടമയായൊരു നഗ്നസുന്ദരിയെപ്പോലെ കുണുങ്ങിക്കുണുങ്ങിവരുന്നവള്‍ വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോള്‍ ഭയാനകരൂപം പ്രാപിച്ച് ഒരു രക്തരക്ഷസ്സിനെപ്പോലെ ആര്‍ത്തട്ടഹസിച്ചുകൊണ്ട് അങ്ങ് താഴേയ്ക്കു പതിക്കുന്ന കാഴ്ച മനസ്സിനെ ഉലയ്ക്കുന്നില്ലേ.ജുബ്ബക്കുള്ളില്‍ നിന്നും ഒരു മദ്യക്കുപ്പി പുറത്തെടുത്ത് അടപ്പ് തുറന്ന്‍ വായിലേക്കയാള്‍ അതു കമിഴ്ത്തി.അന്നനാളമെരിച്ചുകൊണ്ടുപോയ ദ്രാവകത്തിന്റെ കാഠിന്യം കൊണ്ടാവാം അയാളുടെ മുഖമൊന്നു ചുളിഞ്ഞു. കൈക്കുമ്പിളില്‍ കുറച്ചുവെള്ളം കോരികുടിച്ചുകൊണ്ട് അയാള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തേയ്ക്കു നടന്നു.വെള്ളം താഴേയ്ക്കു പതിയ്ക്കുന്ന വല്ലാത്ത ശബ്ദം....

പാറക്കൂട്ടത്തിന്റെ വിളുമ്പിലെത്തിയ അയാളുടെ കാലുകള്‍ ഒരു നിമിഷം നിശ്ചലമായി.താഴേക്കയാള്‍ ദൃഷ്ടിപായിച്ചു.അന്തരീക്ഷത്തിലാവരണം തീര്‍ത്തുകൊണ്ട് നീരാവിപടലം.മറ്റൊന്നും തെന്നെ കാണാനില്ല.അയാള്‍ പെട്ടന്ന്‍ പുറകിലേയ്ക്കു മാറി.

ഒരു പാറയിലിരുന്നശേഷം അയാള്‍ വീണ്ടും ബാക്കിയുണ്ടായിരുന്ന മദ്യം വായിലേക്കൊഴിച്ചു.താനീ വെള്ളച്ചാട്ടത്തില്‍ ചാടി ജീവിതമവസാനിപ്പിച്ചാള്‍ ഒരു വേള ആരുമതറിയുകയില്ല.അഥവാ അറിഞ്ഞാല്‍ തന്നെ തന്റെ ശവം പോലും കണ്ടുകിട്ടിയെന്നും വരില്ല.തന്റെ മരണം എല്ലാപേരുമറിയണം.പ്രത്യേകിച്ചും അവള്‍.ആ വഞ്ചകി.തന്റെ സ്നേഹത്തെ നിഷ്ക്കരുണം പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചുപോയവള്‍.തന്റെ ചേതനയറ്റ ശരീരം കണ്ടവള്‍ ഞെട്ടണം.ഇനിയുള്ള കാലം മുഴുവന്‍ അവളുടെ ഉറക്കം നഷ്ടപ്പെടണം.അതിനു കുറച്ചുകൂടി ഭയാനകമായ രീതിയില്‍ താന്‍ മരിക്കണം.അതിനു മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കുക തന്നെ വേണം.

തിരിഞ്ഞു നടക്കുമ്പോള്‍ അയാളുടെ മനസ്സാകെ പ്രക്ഷുബ്ദമായിരുന്നു.മുമ്പ് വിഷം കഴിക്കാന്‍ ശ്രമിച്ചതും പിന്നീട് തൂങ്ങിച്ചാവാനൊരുങ്ങിയതും എല്ലാം അയാളുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു.മറ്റെന്തെല്ലാം താന്‍ ശ്രമിച്ചുനോക്കിയിരിക്കുന്നു.എന്തുകൊണ്ടാണ് എല്ലാത്തവണയും താന്‍ അവസാനനിമിഷം പിന്മാറുന്നത്.മരണം തന്റെ പടിവാതില്‍ക്കലെത്തുമ്പോള്‍ അവളുടെ മുഖമോര്‍മ്മവരുന്നതുകൊണ്ടായിരിക്കുമോ. എപ്പോഴെങ്കിലും അവള്‍ തന്റെ സ്നേഹം തിരിച്ചറിയുമെന്ന്‍ താന്‍ വിശ്വസിക്കുന്നില്ലേ.പക്ഷേ ഓരോദിനം കൊഴിഞ്ഞുപോകുന്തോറും തന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താവുകയാണല്ലോ.എന്തായാലും ഇനി വയ്യ.എത്രയും പെട്ടന്ന്‍ തന്റെയീ ജന്മമവസാനിപ്പിച്ചേ മതിയാകൂ.നടന്നുനടന്ന്‍ റയില്‍പാളത്തിനടുത്തെത്തിയ അയാള്‍ ഒരു നിമിഷം നിന്നു.അതേ ഒരു മാര്‍ഗ്ഗം തന്റെ മുമ്പില്‍ തെളിഞ്ഞുവന്നിരിക്കുന്നു.നാളെ താന്‍ അതു ചെയ്തിരിക്കും.പാഞ്ഞുവരുന്ന തീവണ്ടിയ്ക്കു മുമ്പില്‍ താന്‍ എടുത്തുചാടിയിരിക്കും.ആ കറുത്ത പെരുമ്പാമ്പ് തന്റെ ശരീരത്തെ ആയിരം കഷണങ്ങളായ് ചിതറിത്തെറുപ്പിക്കും.ചോരയില്‍ കുളിച്ചുചിതറിക്കിടക്കുന്ന തന്റെ ശരീരം നോക്കി പ്രജ്ഞയറ്റുനില്‍ക്കുന്നവരില്‍ അവളുമുണ്ടാകും.താനതുകണ്ട് സന്തോഷിക്കും.നാളെ വൈകുന്നതിനകം താന്‍ വടക്കുനിന്നുവരുന്ന എക്സ്പ്രസ്സിനിരയായിരിക്കും.

ആവേശത്തോടെ തന്റെ മുമ്പിലുള്ള റയില്‍ പാളങ്ങളിലേയ്ക്കു നോക്കിയിട്ട് അയാള്‍ അതുമുറിച്ചുകടന്ന്‍ മുമ്പോട്ട് നടന്നു. കട്ടിലില്‍ നീണ്ടുനിവര്‍ന്ന്‍ കിടക്കുമ്പോള്‍ അയാളുടെ മുഖം പ്രസന്നമായിരുന്നു.തന്റെ അവസാനരാത്രി.. ചിരിച്ചുകൊണ്ടയാള്‍ കണ്ണുകള്‍ പൂട്ടി.രാവിലെ ഉണര്‍ന്നെഴുന്നേറ്റ അയാള്‍ വേഗം കുളിയും മറ്റുമൊക്കെ കഴിച്ച് പുറത്തേയ്ക്കിറങ്ങി.പതിവുപോലെ ആ ബസ്സ്റ്റോപ്പിന്റെ ഓരത്തായി പോയി മറഞ്ഞുനിന്നു.മരിയ്ക്കുന്നതിനുമുമ്പ് ആ മുഖമൊരിക്കല്‍ക്കൂടി കാണണമെന്ന ഉത്ക്കടമായ ആഗ്രഹം.അല്‍പ്പസമയം കഴിഞ്ഞ് അവള്‍ വരുന്നത് കണ്ട അയാള്‍ ഒന്നുകൂടി പതുങ്ങിനിന്നു.തന്റെ സ്നേഹം അനുഭവിക്കുവാന്‍ യോഗമില്ലാത്തവള്‍.നീ നാളെകള്‍ മുഴുവന്‍ നെടുവീര്‍പ്പിടുന്നതതിനെക്കുറിച്ചോര്‍ത്തായിരിക്കുമെന്നു മനസ്സില്‍ പറഞ്ഞുകൊണ്ടയാള്‍ അവള്‍ ബസ്സുകയറിപോകുന്നതുവരെ അവിടെ നിന്നു.പിന്നെ അലസമായി വിജനമായ റയില്വേട്രാക്കിന്റെ ഭാഗത്തേയ്ക്കു നടന്നു.പകലിനു ചൂടുപിടിച്ചുതുടങ്ങിയിരിക്കുന്നു.റയില്‍ പാളത്തിനടുത്ത് നിന്ന അയാളുടെ കണ്ണുകള്‍ ട്രയിന്‍ വരുന്ന ദിശയിലേയ്ക്കു നീങ്ങി.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ അതിന്റെ ചൂളം വിളി കേള്‍ക്കാനാരംഭിച്ചു.ചുറ്റുപാടും ഒരിക്കല്‍ക്കൂടി നോക്കിയിട്ട് ആരുമില്ലെന്നുറപ്പുവരുത്തി അയാള്‍ പാളത്തിന്റെ മധ്യഭാഗത്തായി കയറിനിന്നു.തന്നെ പുണരാനായി ഇഴഞ്ഞുവരുന്ന കറുത്ത സത്വത്തെ നേരിടാനാവാതെ അയാള്‍ തന്റെ മിഴികള്‍ പൂട്ടി.ഒരു ഹുങ്കാരശബ്ദത്തോടെ ട്രയിന്‍ അലറിപ്പാഞ്ഞു കടന്നുപോയി.ഒരലര്‍ച്ച അയാളില്‍ നിന്നുമുയര്‍ന്നു.

എല്ലാമൊന്നു ശാന്തമായപ്പോള്‍ അയാളറിഞ്ഞു.തന്നെത്തൊടാതെ പെരുമ്പാമ്പിഴഞ്ഞുപോയിരിക്കുന്നു.രക്തമോ മാംസമോ ഒന്നും ചിതറിയിട്ടില്ല.പക്ഷേ തന്റെ അടുത്തെത്തിയ മരണത്തില്‍ നിന്നും രക്ഷ്പ്പെടാനായി വെപ്രാളത്തില്‍ പാളത്തിന്റെ മറുപുറത്തേയ്ക്കു ചാടിയപ്പോള്‍ മെറ്റലിലോ മറ്റോ കൊണ്ട് കാലുകുറച്ചു മുറിഞ്ഞിരിക്കുന്നു.അപ്പോള്‍ പതിവുപോലെ താന്‍ ഇപ്പോഴും മരണത്തെ പറ്റിച്ചിരിക്കുന്നു.അപ്പോഴിനിയടുത്തതായിട്ടെന്തുചെയ്യും.ചിന്താമഗ്നനായി റയില്‍പ്പാളത്തിനടുത്തിരുന്ന അയാള്‍ വേദനയനുഭവപ്പെട്ടപ്പോല്‍ കാലിലെ മുറിവിലേയ്ക്കു നോക്കി.അതില്‍ നിന്നും ചെറുതായി കിനിയുന്ന രക്തത്തുള്ളികള്‍ കണ്ടപ്പോള്‍ അയാള്‍ക്ക് മോഹാലസ്യം വരുന്നതുപോലെ തോന്നി. മുറിവ് പഴുക്കാതിരിക്കുന്നതിനു ഇഞ്ചക്ഷനെടുക്കാനായി ആശുപത്രി ലക്ഷ്യമാക്കി അയാള്‍ വേഗത്തില്‍ നടന്നു.


ശ്രീക്കുട്ടന്‍

Thursday, March 17, 2011

ഇരകള്‍

കത്തിത്തീരാറായ സിഗററ്റ് ഒരിക്കല്‍ക്കൂടി ചുണ്ടോടുചേര്‍ത്ത് പരമാ​വധി പുക ഉള്ളിലേക്ക് വലിച്ചുകയറ്റിയിട്ട് സിഗററ്റുകുറ്റി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞശേഷം ഡ്രൈവര്‍ തന്റെ ശരീരമൊന്നിളക്കിയിട്ട് സീറ്റില്‍ അമര്‍ന്നിരുന്നു. ഡീസല്‍ ആട്ടോയിലെ പുകക്കുഴലില്‍ നിന്നും വരുന്നതുപോലെ പുകയുടെ ചുരുളുകള്‍ അയാളുടെ മൂക്കില്‍നിന്നും വായില്‍നിന്നും അന്തരീക്ഷത്തിലേക്ക് പറന്നിറങ്ങി. ബസ്സിനുള്ളില്‍ ബസ്സില്‍ ഏകദേശം യാത്രക്കാര്‍ ബിറഞ്ഞുകഴിഞ്ഞു. തലതിരിച്ചു ബസ്സിനുള്ളിലേയ്ക്കു ഒന്നു നോക്കിയിട്ട് അയാള്‍ അക്ഷമയോടെ ഒന്നുരണ്ടുവട്ടം ഹോണ്‍ മുഴക്കി. പുറത്ത് ആരോടോ സംസാരിച്ചുകൊണ്ടുനിന്ന കണ്ടക്ടര്‍ വായില്‍ക്കിടന്ന മുറുക്കാന്‍ ഒരിക്കല്‍ക്കൂടി ചവച്ചു പതംവരുത്തി ഒന്നു നീട്ടിത്തുപ്പിയിട്ട് ബസ്സിലേയ്ക്കു കയറി ഡോര്‍ അടച്ചശേഷം നീട്ടിയൊരു വിസിലടിച്ചു. ബസ്സ് പതിയെ സ്റ്റാന്‍ഡില്‍നിന്നു നീങ്ങുവാന്‍ തുടങ്ങിയതും പെട്ടന്ന്‍ ഡോറിലാരോ തട്ടുന്ന ഒച്ചകേട്ട കണ്ടക്ടര്‍ വിസിലടിച്ചു. ഈര്‍ഷ്യയോടെ ബ്രേക്ക് ചവിട്ടിയ ഡ്രൈവര്‍ തലതിരിച്ചു കണ്ടക്ടറുടെ ഭാഗത്തേയ്ക്ക് നോക്കി. ചാടിക്കയറിയ യുവാവിനെ ഒന്നു നോക്കിയിട്ട് കണ്ടക്ടര്‍ നീട്ടി വിസിലടിച്ചതോടെ ബസ്സ് പതിയെ അതിന്റെ വേഗത കൈവരിക്കാനാരംഭിച്ചുകൊണ്ട് തന്റെ ലക്ഷ്യസ്ഥാനം തേടി പ്രയാണമാരംഭിച്ചു.

തന്റെയടുത്ത് വന്നിരുന്ന ചെറുപ്പക്കാരനെ സുധാകരന്‍ ഒന്നു പാളിനോക്കി. മെലിഞ്ഞ ദേഹം. ഒരു മുപ്പതു വയസ്സിനപ്പുറം തോന്നിക്കില്ല. സാമന്യം വളര്‍ന്നുകിടക്കുന്ന തലമുടിയും താടിയും. കരുവാളിച്ച മുഖം. ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്ന അയാളുടെ നെറ്റിയില്‍ വിയര്‍പ്പുമണികള്‍ തങ്ങി നില്‍ക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കൂട് സൌകര്യമായ സീറ്റിനടിയിലായി വച്ചിട്ട് കൈവിരല്‍ കൊണ്ട് നെറ്റിയിലെ വിയര്‍പ്പു വടിച്ചെടുത്തു ഉടുത്തിരുന്ന മുഷിഞ്ഞ മുണ്ടില്‍ തുടച്ചിട്ട് സീറ്റിലേക്കു ചാരിയിരുന്ന അയാളെ നോക്കി ഒരു സുധാകരന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു.

"എന്താ പേര്?"

അതുകേട്ട് അലക്ഷ്യമായി സുധാകരനെ ഒന്നു നോക്കിയിട്ട് ചെറുപ്പക്കാരന്‍ എവിടെയ്ക്കെന്നില്ലാതെ ദൃഷ്ടി പായിച്ചുകൊണ്ട് ചാരിയിരുന്നു. ഇച്ഛാഭംഗത്തോടെ തലയൊന്നു വെട്ടിച്ചിട്ട് സുധാകരന്‍ തന്റെ സീറ്റിലേക്കുമമര്‍ന്നു. ബസ്സ് നല്ല വേഗത്തില്‍ പായുകയാണ്. പുറത്തുനിന്നുള്ള ശീതക്കാറ്റില്‍ വിറയനുഭവപ്പെട്ട സുധാകരന്‍ വിന്‍ഡോ ഷട്ടര്‍ ഇട്ടശേഷം കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് ചെറുപ്പക്കാരനെ നോക്കി. പാറിപ്പറക്കുന്ന തലമുടി ഒരു കൈകൊണ്ട് മാടിയൊതുക്കിയിട്ട് നിര്‍വികാരനെപ്പോലെയിരിക്കുന്ന അയാളെക്കുറിച്ച് എന്തെങ്കിലുമറിയണമെന്ന്‍ സുധാകരനു കലശലായ ആഗ്രഹം പൊട്ടിമുളച്ചു. എന്തായാലും മൂന്നാലുമണിക്കൂറുള്ള യാത്രയില്‍ എന്തേലും മിണ്ടിപ്പറഞ്ഞിരിക്കാമല്ലോ. ഉറക്കമൊട്ടു വരുന്നതുമില്ല.

"ഞാന്‍ സുധാകരന്‍. പട്ടണത്തിലെ ഒരു കടയിലാ ജോലി. കുറച്ചു ദിവസായി നാട്ടീപ്പോണമെന്ന്‍ വിചാരിക്കുന്നു. ഇന്നാ ഒന്നു തരപ്പെട്ടത്. എന്തുചെയ്യാം. പെണ്ണുമ്പിള്ളേം മക്കളേം ഒക്കെ കൂടെ താമസിപ്പിക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല. ഈ കിട്ടുന്ന നക്കാപ്പിച്ചകൊണ്ടെന്തോ ചെയ്യാനാ? പിന്നെ രണ്ടു പശൂം പത്തുപതിനഞ്ച് കോഴീം ആടും ഒള്ളതിനെ കളഞ്ഞിട്ട് എന്റടുത്തുവന്നു നിന്നാ രമണിയ്ക്കും ഒരു മനസ്സമാധാനമുണ്ടാവില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പം ഞാന്‍ ഒരു ഒരാഴ്ചത്തെ അവധി മേടിച്ചു വീട്ടീപ്പോവും. എന്നാലല്ലേ ഒരു രസമൊള്ളു."

കുലുങ്ങിച്ചിരിച്ചുകൊണ്ട് സുധാകരന്‍ ചെറുപ്പക്കാരന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അയാളാകട്ടെ അതൊന്നും ശ്രദ്ധിക്കാത്തമട്ടിലിരുന്നതേയുള്ളു.

"എന്റെ മൂത്തമോളുണ്ടല്ലോ സുജ. അവള്‍ക്ക് പാട്ടെന്നുവച്ചാ ജീവനാ. ടീവീലു പാട്ടുപരിപാടികളു വരുമ്പം അവളുടെ ഒരു ചാട്ടം കാണണം. കൊതിയായിപ്പോവും. പിന്നെ രണ്ടാമത്തത് ആണാ. രണ്ടുവയസ്സേ ഒള്ളങ്കിലെന്താ ഒരു പതിനഞ്ചിന്റെ കുരുത്തക്കേടാണവന്റെ കയ്യിലു. ഹൊ രണ്ടിനേം ഒരുമിച്ചു മേയ്ക്കുന്ന രമണിയെ സമ്മതിക്കണം"

ഒച്ചയോടെ പറഞ്ഞിട്ട് മകന്റെ ഏതോ കുസൃതിത്തരം ആലോചിച്ചെടുത്തിട്ടെന്നപോലെ സുധാകരന്‍ ഉറക്കെച്ചിരിച്ചു.

"അല്ല സംസാരത്തിനിടയ്ക്കു നിങ്ങടെ ചോദിക്കുവാന്‍ മറന്നു. എന്താ പേര്?"

"ജയദേവന്‍"

ചെറുപ്പക്കാരന്‍ ഇഷ്ടമില്ലാത്തവണ്ണം പറഞ്ഞു.

"നാട്ടീപ്പോവായിരിക്കും"

"അതെ"

"എവിടെയാ ജോലി. സര്‍ക്കാറിലാണോ അതോ പ്രൈവറ്റിലോ?"

സുധാകരന്‍ വാതോരാതെ ചെറുപ്പക്കാരനോട് സംസാരിച്ചുകൊണ്ടിരുന്നു. തന്റെ മോളുടേയും മോന്റേയും കുസൃതികളുടെ കഥകള്‍ പറഞ്ഞിട്ട് അയാള്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്നു. മയക്കത്തിലേക്ക് വീണ പലരും സുധാകരന്റെ ചിരിയും ബഹളവും കേട്ട് തലതിരിച്ചു ഈര്‍ഷ്യയോടെ നോക്കുന്നുണ്ടായിരുന്നു.

"അല്ല ഞാനിത്രേം ഒക്കെ പറഞ്ഞില്ല നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?"

"ഒരുത്തനെ വെട്ടിക്കൊന്നതിനു കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലിലായിരുന്നു ഞാന്‍. ഇന്നു ഉച്ചകഴിഞ്ഞാണ് പുറത്തിറങ്ങിയത്. കല്യാണം കഴിഞ്ഞു മൂന്നാമത്തെ മാസമായിരുന്നു കൊലപാതകകേസില്‍ പെട്ടത്. ജയിലില്‍ കിടക്കുമ്പോഴാ എനിക്കൊരു മോന്‍ ജനിച്ച കാര്യം ഞാനറിഞ്ഞത്. രണ്ടുമൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ കുഞ്ഞിനേയും കളഞ്ഞിട്ട് ആരുടെ ഒപ്പമോ പോയി. മോനിപ്പം എന്റെ അമ്മേടെ കൂടെയുണ്ട്. അവരുടെ അടുത്തേക്ക് പോകുവാണ്. എന്താ ഇത്രേം മതിയോ. അതോ ഇനീം വല്ലോമറിയണോ"

ക്രോധം നിഴലിക്കുന്ന മുഖഭാവത്തോടെ തന്നെനോക്കിയിരിക്കുന്ന ചെറുപ്പക്കാരനെ അവിശ്വസനീയതയോടെ നോക്കിക്കൊണ്ട് സുധാകരന്‍ അല്‍പ്പ സമയം മിണ്ടാതിരുന്നു. സമചിത്തതകൈവരിച്ചശേഷം അയാള്‍ തന്റെ ബാഗില്‍ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് കുറച്ചുകുടിച്ചിട്ട് നാലുപാടും നോക്കി. ബസ്സിലുള്ള മിക്കപേരും നല്ല ഉറക്കമാണു. ചെറുപ്പക്കാരനാവട്ടെ ഓടിമറയുന്ന മരങ്ങളേയും കെട്ടിടങ്ങളേയും നോക്കിയിരിക്കുന്നു. സീറ്റിലേയ്ക്കു ചാരിയിരുന്ന സുധാകരന്റെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അതെല്ലാം അടക്കിക്കൊണ്ട് നിശ്ശബ്ദനായി അയാള്‍ കണ്ണടച്ചിരുന്നു.

തനിക്കിറങ്ങാനുള്ള സഥലമെത്തിയപ്പോ‍ സുധാകരന്‍ തന്റെ ബാഗുമായെഴുന്നേറ്റു. സീറ്റില്‍ ചാരിയിരുന്നു മയങ്ങുന്ന ചെറുപ്പക്കാരനെ ഒന്നുപാളി നോക്കിയിട്ട് അയാള്‍ പുറത്തേയ്ക്കിറങ്ങി.
ആ ചെറുപ്പക്കാരനോടു പലതും ചോദിക്കമ്മെന്നുണ്ടായിരുന്നെങ്കിലും ഏതോ ഒരദൃശ്യശക്തി അയാളെ അതില്‍നിന്നു തടഞ്ഞു. പിന്നീടെപ്പോഴെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ ചെറുപ്പക്കാരനോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയണമെന്ന്‍ മനസ്സില്‍ കരുതിക്കൊണ്ട് സുധാകരന്‍ തന്റെ പ്രീയപ്പെട്ടവരുടെയടുത്തെത്തുവാന്‍ വെമ്പുന്ന മനസ്സുമായി ഓട്ടോറിക്ഷയില്‍ കയറിയിരുന്നു.

മൂന്നു ദിവസങ്ങള്‍ക്കുശേഷം രാവിലെ ഉമ്മറത്ത് ചൂടുചായയും കുടിച്ചുകൊണ്ട് പത്രപാരായണമാരംഭിച്ച സുധാകരന്റെ കണ്ണില്‍ മൂന്നാമത്തെ പേജിലായി കണ്ട ഒരു വാര്‍ത്ത തറഞ്ഞുനിന്നു. യുവാവിനെ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നായിരുന്നു ആ വാര്‍ത്ത. പൂര്‍വ്വവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും എട്ടൊമ്പതുകൊല്ലങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട ബ്ലെയിഡ് സുനിലിന്റെ കൊലപാതകത്തിലെ പ്രധാനപ്രതിയായിരുന്ന യുവാവിനെ സുനിലിന്റെ തന്നെ സംഘാഗങ്ങളാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തില്‍ സുധാകരന്‍ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു. മൂന്നുദിവസം മുന്നേ തന്റെയൊപ്പം ബസ്സില്‍ യാത്രചെയ്ത മെലിഞ്ഞ ചെറുപ്പക്കാരന്റെ നിര്‍വ്വികാരമായ മുഖമായിരുന്നു ആ ചിത്രത്തിനും.

Tuesday, March 15, 2011

പൊണ്ണത്തടി എന്തുകൊണ്ട് ? ? ?

തന്റെ മുമ്പിലിരിക്കുന്ന പൊണ്ണത്തടിയനായ കുട്ടപ്പനെ നോക്കി കയ്യിലിരുന്ന പേപ്പര്‍വെയിറ്റ് കറക്കിക്കൊണ്ട് ഡോക്ടര്‍ ഗൌരവത്തില്‍ പറഞ്ഞു.

"എന്തായാലും ഈ മരുന്നൊന്നു കഴിച്ചു നോക്കൂ.പിന്നെ ഭക്ഷണരീതിയിലും ചില വ്യത്യാസങ്ങള്‍ വരുത്തണം.രാവിലെ മാക്സിമം രണ്ട് ഇഡ്ഡലിയോ ഒരു ചെറു ദോശയോ കഴിക്കാം.ഉച്ചയ്ക്ക് ഒരു തവിച്ചോറുമാത്രം.രാത്രിയില്‍ ഒരു രണ്ടു ചപ്പാത്തി.അതോടെ തടി കുറഞ്ഞു നല്ല വ്യത്യാസം ഉണ്ടാകും"

"ഇതെല്ലാം ആഹാരത്തിനുമുമ്പാണോ അതിനു ശേഷമാണോ ഡോക്ടര്‍ കഴിക്കേണ്ടത്" കുട്ടപ്പന്റെ ചോദ്യം കേട്ട പേപ്പര്‍വെയിറ്റ് പൊടിഞ്ഞു നിലത്തുവീണു.


സമ്പാദകന്‍ : ശ്രീക്കുട്ടന്‍

Sunday, March 13, 2011

ക്രിക്കറ്റ് ഈസ് ദ ബെസ്റ്റ് ഗെയിം

"എവനിന്തോന്നടിയാണടിയ്ക്കുന്നത്.തേഡ്മാനിലേയ്ക്ക് ചെറുതായി കട്ടുചെയ്താപ്പോരായിരുന്നോ ആ ബാള്.ച്ഛേ..."

അവജ്ഞനയോടെ പറഞ്ഞിട്ട് ശരിയല്ലേ എന്നമട്ടില്‍ സുഷാദ് എന്നെ നോക്കി.

"ശരിതന്നളിയാ.അവനു നേരാം വണ്ണം കളിയ്ക്കാനറിയില്ല"

തേഡ്മാനേത് വാഴയ്ക്കയേതെന്നറിയില്ലെങ്കിലും ഞാന്‍ അവനെനോക്കി യെസ് വച്ചു.അല്ലെങ്കിത്തന്നെ ക്രിക്കറ്റിനെക്കുറിച്ച് എന്തേലും ചുണ്ണാമ്പെനിക്കറിയാമോ. അവമ്മാരുടെ മുമ്പില്‍ മാനം കെടണ്ടെന്നുകരുതി പത്രത്തിലുവായിച്ചതൊക്കെ മനസ്സിവച്ചോണ്ട് എന്തെങ്കിലുമൊക്കെ തട്ടിവിടുമെന്നല്ലാതെ.വയറ്റിലാണെങ്കില്‍ അല്‍പ്പം മുമ്പ് കഴിച്ച മൂലവെട്ടി കരണം കുത്തിമറിയുന്നു.കണ്ണുകള്‍ ചെറുതായി അടഞ്ഞടഞ്ഞുപോകുന്നുണ്ട്.സഞ്ജുവും സിന്തിലും രാജേഷും ലികേഷുമൊക്കെ കയ്യടിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഞാന്‍ മിഴികള്‍ തുറന്നുപിടിച്ച് ഗ്രൌണ്ടിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

എം ആര്‍ ഏസിക്കാരും എം ആര്‍ റ്റീവിക്കാരും തമ്മിലുള്ള വാശിയേറിയ മത്സരമാണു നടന്നുകൊണ്ടിരിയ്ക്കുന്നത്.മുമ്പ് ആറേഴുപ്രാവശ്യം ഏറ്റുമുട്ടിയതില്‍ ഒരു പ്രാവശ്യം മാത്രമാണു നമ്മള്‍(എം ആര്‍ ഏസി)വിജയിച്ചത്.ഓരോപ്രാവശ്യവും തോറ്റ ശേഷം അടുത്ത മാച്ചിനു ബെറ്റ് വച്ചിട്ടാണ് ഞങ്ങള്‍ കളം വിടുന്നത്.
അവമ്മാര്‍ ഞങ്ങളുടെ കാശുകൊണ്ട് ബേക്കറിയില്‍ നിന്നും പഫ്സും ഡ്രിംഗ്സുമൊക്കെ വാങ്ങിക്കഴിച്ച് സിഗററ്റ് വലിച്ച് പുക ഊതിപ്പറത്തുമ്പോള്‍ സത്യത്തില്‍ അപമാനഭാരത്താല്‍ നമ്മുടെ തല കുനിഞ്ഞിരിയ്ക്കും.അതുകൊണ്ടുതന്നെ ഇന്ന്‍ നമ്മുടെ ടീം മരിച്ചുകളിക്കുകയാണ്.

"ദേ കെടക്കണ് കോപ്പ്"

സുഷാദലറിവിളിച്ചു.ബിജുകുമാര്‍ ഔട്ട് ആയിരിക്കുന്നു.അങ്ങിനെ നമ്മുടെ ക്യാപ്റ്റന്റെ വിക്കറ്റും വീണിരിയ്ക്കുന്നു.ഇന്ത്യന്‍ ടീമിനെപ്പോലെയാണു നമ്മുടെ ടീമിന്റേം അവസ്ഥ.ആദ്യം ഒരുത്തന്‍ വഴി കാണിച്ചുകൊടുത്താ മതി.ബാക്കിയുള്ളവര്‍ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ വരിവരിയായി പുറകേ വന്നുകൊള്ളും.അടുത്ത ബാറ്റ്സ്മാനായി ലൂക്കോസ് ഇറങ്ങി.ഞങ്ങളവനെ ആര്‍പ്പുവിളികളോടെ യാത്രയാക്കി.

"സ്ലോ ബാളായിരുന്നളിയാ.ടൈമിംഗ് കിട്ടിയില്ല"

ബാറ്റ് കറക്കിക്കൊണ്ട് ബിജുകുമാര്‍ ഞങ്ങളുടെ ഇടയിലിരുന്നു.സുഷാദവനെ കൊല്ലാനുള്ള ദേക്ഷ്യത്തില്‍ നോക്കി.

"അളിയാ സിന്തിലേ ഇനിയെത്രകൂടി വേണോടാ".അന്തരീക്ഷത്തിനയവു വരുത്താനായി ഞാന്‍ സ്കോര്‍ വിളിച്ചു ചോദിച്ചു.

"49 കൂടി വേണമളിയാ"

ആയിക്കോട്ടെ സന്തോഷം.ലൂക്കോസില്‍ കൂടിയേ ഇനി പ്രതീക്ഷയുള്ളു.ബാക്കിയുള്ളവരൊക്കെ അശുക്കളാണ്.സുഷാദും പറച്ചിലില്‍ കേമനാണ്.അവന്‍ ഇന്നേവരെ പത്തു റണ്‍സ് തികച്ചെടുത്തിട്ടില്ല.സിന്തിലും ഷിബുവുമൊക്കെ ബൌളര്‍മാരാണല്ലോ.

"അളിയാ അടിച്ചുപൊളിയ്ക്കെടാ.അങ്ങിനെയങ്ങിനെ"

ലൂക്കോച്ചന്‍ ഒരു ഫോറടിച്ചതിന്റെ ആവേശത്തില്‍ റോമേഷിന്റെ അട്ടഹാസമാണു.അടുത്ത ബാള്‍ തട്ടിയിട്ടിട്ട് ലൂക്കോസ് ഇറങ്ങിയോടി.മറുപുറത്തുനിന്ന ലെജാദാസ് ബാറ്റിംഗ് എന്‍ഡിലേയ്ക്കും.ബാള്‍ ഫീല്‍ഡ് ചെയ്ത സുരേഷിന്റെ ത്രോ കുറ്റി തെറിപ്പിച്ചപ്പോള്‍ ലെജയുടെ ബാറ്റ് ക്രീസിനുള്ളിലുണ്ടായിരുന്നു.എം ആര്‍ റ്റീവിക്കാരുടെ അതി ശക്തമായ അപ്പീലില്‍ ആമ്പയറായി നിന്ന മിസ്റ്റര്‍ തടിയന്‍ നിസ്സാം കൈവിരലുയര്‍ത്തി ഔട്ട് പറഞ്ഞു.എന്നാള്‍ താന്‍ ഔട്ടല്ലെന്നു ലെജാദാസ് ശക്തമായി വാദിച്ചു.
റിവ്യൂ സിസ്റ്റമോ റ്റീവി റീപ്ലേയോ നിലവിലില്ലാതിരുന്നിട്ടും ബാറ്റ് എയറിലായിരുന്നു എന്ന്‍ സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കിയ നിസ്സാം ഔട്ട് തന്നെ വിധിച്ചു.ക്ലാസ്സിലെത്തുമ്പം യൂണിഫോം തലവഴിമൂടിയിട്ടിട്ട് (സ്ഫടികം മോഡല്‍)അവനെ ഇടിച്ചുപഞ്ചറാക്കാന്‍ ഞങ്ങളും അപ്പോള്‍‍ത്തന്നെ തീരുമാനിച്ചു. അടുത്തതായിറങ്ങിയ ഷിബു മടങ്ങിവന്നത് പോയതിനേക്കാള്‍ വേഗതയിലായിരുന്നു.

അതേ ഈ മത്സരവും ഞങ്ങള്‍ തോല്‍ക്കുവാന്‍ പോകുകയാണു.ഇനി ബാറ്റ് ചെയ്യാനുള്ളതു സുഷാദും ഞാനും മാത്രമാണ്.ആരു പോകണം എന്നതിനെക്കുറിച്ച് ഒരു തര്‍ക്കമുണ്ടായി.ജീവന്‍ പോയാല്‍ ഞാനിറങ്ങുമോ.ഒടുവില്‍ സുഷാദ് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു.ബാറ്റും കയ്യിലേന്തി അതൊന്നു വട്ടത്തില്‍ കറക്കി നാലുപാടും ഒന്നു നോക്കി ഒരു യോദ്ധാവിനെപ്പോലെ ക്രീസില്‍ ചെന്ന അവന്‍ ഒന്നുരണ്ട് വട്ടം ഒന്നു ചാടുകയും മറ്റുമൊക്കെ ചെയ്തിട്ട് പശുവിനെ കെട്ടാന്‍ കുറ്റിയടിക്കുന്നതുപോലെ തറയില്‍ ബാറ്റ് വച്ച് അടിച്ചുകൊണ്ടു നിന്നു.ബൌള്‍ ചെയ്തുകൊണ്ടിരുന്ന കുമാര്‍ ഒരു ചിരിയോടെ തന്റെ അടുത്ത ഇരയെ നോക്കിയിട്ട് നല്ല ഒന്നാന്തരം വേഗതയില്‍ ഒരു പന്തെറിഞ്ഞു.എന്താണു സംഭവിക്കുന്നതെന്നു ആര്‍ക്കും ആദ്യം മനസ്സിലായില്ല.കുറച്ചു പൊടിയുയര്‍ന്നുപൊങ്ങിയത് മാത്രമറിയാം.അതൊന്നടങ്ങിയപ്പോല്‍ കണ്ടത് വെട്ടിയിട്ടതുപോലെ ക്രീസില്‍ കിടക്കുന്ന സുഷാദിനെയാണു.കുമാറിന്റെ മൂളിപ്പറന്നുവന്ന പന്ത് കൊണ്ടത് സുഷാദിന്റെ വയറിമ്മേലായിരുന്നു.അല്‍പ്പം മുമ്പ് കഴിച്ച മൂലവെട്ടിപോലും ആവിയായിപ്പോയെന്നാണു പിന്നീട് ബോധം വന്നപ്പോള്‍ അവന്‍ പറഞ്ഞത്.

അങ്ങിനെ എന്റെ ടീമിനെ വിജയിപ്പിക്കാനുള്ള ചരിത്രപരമായ നിയോഗം എന്നില്‍ വന്നു ചേര്‍ന്നു.ഉറച്ച കാല്വെയ്പ്പുകളോടെ ഞാന്‍ പുറമേ അക്ഷോഭ്യനായി ബാറ്റിംഗ് എന്‍ഡില്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു.എന്റെ ഉള്ളം പിടയുന്നത് ആരറിയുന്നു.അക്ഷരാഭ്യാസമില്ലാത്തവന്റെ മുമ്പില്‍ രാമായണം കൊണ്ടുവച്ചിട്ട് അതു മുഴുവന്‍ ഉറക്കെ വായിക്കാന്‍ പറഞ്ഞാലെന്തോ ചെയ്യും.ലൂക്കോച്ചന്‍ എന്റെ അടുത്തുവന്ന്‍ പേടിയ്ക്കാതെ ബാള്‍ ഫെയ്സ് ചെയ്യാനൊക്കെപ്പറഞ്ഞ് പോയി.എന്റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.ആ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കുമാറിന്റെ കൈകള്‍ അന്തരീക്ഷത്തിലുയരുന്നതും ഒരു സാധനം എനിക്കുനേരെ പാഞ്ഞുവരുന്നതും ഞാന്‍ കണ്ടു.ദയനീയമായി കണ്ണുകള്‍ അടച്ചുകൊണ്ട് വരുന്നതുപോലെ വരട്ടെ എന്നു സര്‍വ്വദൈവങ്ങളേയും വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ട് ബാറ്റ് വീശി.

ബാക്കിയെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിട്ടു തന്നിരിയ്ക്കുന്നു പൊന്നേ...................................

ശ്രീക്കുട്ടന്‍

Wednesday, March 9, 2011

ഓപ്പറേഷന്‍:സുനന്ദാസ് മാര്യേജ് ഇന്‍ മിഡ്നൈറ്റ്

ഒന്നു മൂത്രമൊഴിക്കാനായി പുറത്തേയ്ക്കിറങ്ങിയതായിരുന്നു ഭവാനിയമ്മ.മറപ്പുരയുടെ വശത്തായി ചെന്നിരുന്ന അവര്‍ അവിചാരിതമായി കണ്ട ആ കാഴ്ചയില്‍ ഒന്നു ഞെട്ടി ചാടിയെഴുന്നേറ്റു.സുലോചനയുടെ വീട്ടിന്റെ മുറ്റത്തു നിന്നും റോഡിലേയ്ക്കുള്ള വഴിയേ ഒരാള്‍ പമ്മിപ്പമ്മി ഇറങ്ങി വരുന്നു. നാലുപാടും സൂക്ഷിച്ചുനോക്കിക്കൊണ്ട് തോര്‍ത്തുമുണ്ട് തലയില്‍ ചുറ്റിയിട്ട് പെട്ടന്നു തന്നെ അയാള്‍ റോഡിലേയ്ക്കിറങ്ങി താഴേയ്ക്കു നടന്നു മറഞ്ഞു.വിശ്വസിക്കാനാവാതെ ഭവാനിയമ്മ സുലോചനയുടെ വീട്ടിനു നേര്‍ക്കു സൂക്ഷിച്ചുനോക്കി.അരണ്ട നിലാവെളിച്ചത്തില്‍ വീട്ടിനകത്തേയ്ക്കു കയറിപ്പോകുന്നത് സുനന്ദതന്നെയാണെന്നു അവര്‍ക്കു മനസ്സിലായി.എന്നിരുന്നാലും ഈ പെണ്ണിനെക്കുറിച്ച് ഇങ്ങിനെയൊന്നുമല്ലല്ലോ കരുതിയിരുന്നതെന്നു ചിന്തിച്ചുകൊണ്ട് അവര്‍ ഒരു നെടുനിശ്വാസമിട്ടുകൊണ്ട് വീട്ടിനുള്ളിലേയ്ക്കു കയറി.നേരമൊന്നുവെളുത്തെങ്കില്‍ എന്നവര്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു.കമലയോടും വിജയമ്മയോടും സുജാതയോടും നളിനിയോടും എല്ലാം ഈകാര്യം ഒന്നു പറയാനായി അവരുടെ നാവു തരിച്ചുകൊണ്ടിരുന്നു.പായയില്‍ കിടക്കുമ്പോള്‍ തൊട്ടടുത്തു കിടന്നുറങ്ങുന്ന മകളെ അവരൊരുനിമിഷം പാളി നോക്കി.സുനന്ദയുടെ അതേ പ്രായമാണവള്‍ക്കും.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവര്‍ കോഴി കൂവുന്ന ഒച്ച കേട്ട് എഴുന്നേറ്റ് കട്ടന്‍ ചായയ്ക്കു വെള്ളം വച്ചു.

"എടീ നളിന്യേ ഒന്നിവിടം വരെ വന്നേ.ഒരു കാര്യം സംസാരിക്കാനൊണ്ട്"

രാവിലെ ജോലിയെല്ലാമൊന്നൊതുക്കിയിട്ട് ഭവാനിയമ്മ വേലിയ്ക്കല്‍ ചെന്നു നിന്നുകൊണ്ട് പാത്രം കഴുകിക്കൊണ്ടിരിയ്ക്കുകയായിരുന്ന നളിനിയെ വിളിച്ചു.തൊട്ടയല്‍പക്കമാണു.

"എന്തുവാ ചേച്ചീ..പ്രത്യേകിച്ചു"

കയ്യിലെ വെള്ളം ഉടുത്തിരുന്ന കൈലിയില്‍ തുടച്ചുകൊണ്ട് അവരെഴുന്നേറ്റ് വേലിക്കരികിലേയ്ക്കു ചെന്നു.

"നീയിങ്ങ് വാടീ.കാര്യം രഹസ്യമാ"

ആകാംഷയോടെ വേലികടന്ന്‍ നളിനി ഭവാനിയമ്മയുടെ അടുത്തേയ്ക്കു ചെന്നു.തന്റെ ചെവിയില്‍ രഹസ്യമായി ഭവാനിയമ്മ പറഞ്ഞ കാര്യം കേട്ട് നളിനി വാപൊളിച്ചുനിന്നു.

"ഒള്ളതാന്നോ ചേച്ചീ.എവളാളുകൊള്ളാമല്ലോ"

"ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതല്ലേ.അല്ലെങ്കിത്തന്നെ ഞാനെന്തിനാ കള്ളം പറേണത്.പക്ഷേ ആളാരാണെന്നറിയില്ല."

ഭവാനിയമ്മ ഇടുപ്പില്‍ കൈകുത്തിക്കൊണ്ട് തിണ്ണയിലേയ്ക്കു സാവധാനമിരുന്നു.

"ഞാന്‍ പോയി പിള്ളാര്‍ക്ക് കൊണ്ടുപോവാനായിട്ടെന്തേലുമൊണ്ടാക്കട്ടെ.പിന്നീട് നമുക്ക് സംസാരിക്കാം"

ഋതിപ്പെട്ട് നളിനി വീട്ടിലേയ്ക്കുപോയി.അല്‍പ്പനേരമായിരുപ്പിരുന്നിട്ട് ഭവാനിയമ്മ അടുക്കളയിലേയ്ക്കു കയറിപ്പോയി.

അന്നു ഉച്ചകഴിഞ്ഞ് ഭവാനിയമ്മയുടെ വീട്ടില്‍ ഒരു ആലോചനായോഗം കൂടി.അതില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സുനന്ദയുടെ ഈ എടവാട് അവസാനിപ്പിക്കണമെന്നു ഒന്നിയൂന്നിപ്പറഞ്ഞു.ആളാരായിരിക്കമെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരൂഹവുമില്ലാതിരുന്നതുകൊണ്ട് പെണ്ണുങ്ങള്‍ പലരേം കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു.ചര്‍ച്ചയാകെ ബഹളമയമാകുന്നുവെന്നുകണ്ടപ്പോള്‍ കൂട്ടത്തില്‍ അല്‍പ്പം കാര്യവിവരമുള്ള സുജാത എല്ലാവരോടുമായി ഇങ്ങിനെ പറഞ്ഞു.

"നമ്മള് കിടന്ന്‍ ചുമ്മാതെ സംസാരിച്ചുകൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല.എന്തായാലും ഈപ്പരിപാടി ഈ തടത്തില്‍പ്പറമ്പ് ഏരിയായില്‍ നടക്കാന്‍ നമ്മള്‍ സമ്മതിക്കേല.നമ്മുടേം പെമ്മക്കള് വളര്‍ന്നുവരുവല്ലേ.ആണുങ്ങളാരെങ്കിലുമറിഞ്ഞാപ്പിന്നെ പറയേം വേണ്ട.അതുകൊണ്ട് സുനന്ദയെ വിളിച്ച് സംസാരിച്ച് ഇതിനൊരു തീരുമാനമൊണ്ടാക്കണം.ഒന്നാമത് തന്തേം തള്ളേമില്ലാത്ത പെണ്ണ്‍.ആ അമ്മുമ്മത്തള്ളേണെങ്കി ഇന്നോ നാളേന്നും പറഞ്ഞിരിക്കുന്നു."

എല്ലാവരും അത് സമ്മതിക്കുകയും സുനന്ദയെ വിളിച്ചുകൊണ്ടുവരുവാനായി സുമ പോകുകയും ചെയ്തു.അല്‍പ്പസമയം കഴിഞ്ഞ് സുമയോടൊപ്പം സുനന്ദ പ്രത്യക്ഷപ്പെട്ടു.കൂട്ടംകൂടിയിരിക്കുന്ന സ്ഥലത്തെ പ്രധാന മഹിളാമണികളെക്കണ്ട് അവളൊന്നമ്പരന്നു.കൂട്ടത്തില്‍ പ്രായം ചെന്ന ഭവാനിയമ്മ സുനന്ദയെ മാറ്റിനിര്‍ത്തി കാര്യം ചോദിച്ചു.ആദ്യം ശക്തിയുക്തം എല്ലാം അവള്‍ നിഷേധിച്ചെങ്കിലും ഒടുവില്‍ എല്ലാം സമ്മതിച്ചെന്നമട്ടില്‍ അവള്‍ തലകുനിച്ചുനിന്നു.

"ആളാരാണെന്നു പറയെടി" വിജയമ്മ ഒച്ചയെടുത്തു.

"പറമ്പിത്തൊടീലെ ബാലന്‍ ചേട്ടന്‍".തലകുനിച്ചുനിന്നുകൊണ്ട് സുനന്ദ പറഞ്ഞു.

"നെനക്ക് മറ്റാരേം കിട്ടീല്ലേടി.ആ കള്ളും കുടിച്ചുനടക്കണോന മാത്രമേ കണ്ടൊള്ളോ".അവജ്ഞ്ഞയോടെ നളിനി ചിറികോട്ടി.

"അവന്‍ നിന്നെ കെട്ടുവോടി.അതോ കാര്യം കണ്ടേച്ചു മൂടും തട്ടിപ്പൂവ്വോ".ഭവാനിയമ്മ ചോദിച്ചു.അതിനുത്തരം പറയാതെ അവള്‍ തലകുനിച്ചുനിന്നു. അല്‍പ്പനേരം മഹിളകള്‍ കുശുകുശുത്തശേഷം അവര്‍ സുനന്ദയോടു ഇപ്രകാരം പറഞ്ഞു.

"എന്തായാലും ഈപ്പരിപാടി തൊടരണതത്ര നല്ലതല്ല.ഒരു കാര്യം ചെയ്യ് ഇനി അവന്‍ വരുന്ന ദെവസം എന്നാണെന്നു ഞങ്ങളെ നേരത്തേ അറിയിക്ക്. ബാക്കി നമ്മള് നോക്കിക്കൊള്ളാം".

അല്‍പ്പമൊന്നാലോചിച്ചിട്ട് സുനന്ദ തലയാട്ടി.

-------------------------------------------------------------------------------------

അന്നു തടത്തിപ്പറമ്പിലെ പെണ്ണുങ്ങള്‍ ശരിക്കും ആവേശത്തിലായിരുന്നു.നളിനിയില്‍ നിന്നും കാര്യമറിഞ്ഞ കുമാരനും നാണുവും പ്രകാശും വേലായുധനുമെല്ലാം തയ്യാറെടുപ്പുകള്‍ നടത്തി കാത്തിരുന്നു.ഭവാനിയമ്മയുടെ വീട്ടിനുള്ളില്‍ അവര്‍ കാത്തിരുന്നു.കുറച്ചുപേര്‍ സുലോചനയുടെ വീടിന്റെ താഴെയായി പതുങ്ങിയിരുന്നു.ആകാശത്തില്‍ എല്ലാത്തിനും സാക്ഷിയായി അമ്പിളിയമ്മാച്ചന്‍ വിളറിനില്‍പ്പുണ്ടായിരുന്നു.തനിക്കായി കാത്തിരിയ്ക്കുന്ന കെണിയറിയാതെ ബാലനവര്‍കള്‍ ഒരുതൊണ്ണൂറുമടിച്ച് തലയില്‍ തോര്‍ത്തും ചുറ്റി പമ്മിപ്പമ്മി സുനന്ദയുടെ മുറിയില്‍ മെല്ലെ രണ്ടുതട്ടുതട്ടി. അര്‍ദ്ധരാത്രി പത്രണ്ടുകഴിഞ്ഞുള്ള ആ ശുഭമുഹൂര്‍ത്തത്തില്‍ വാതില്‍തുറന്ന സുനന്ദയെ ആക്രാന്തത്തോടെ നോക്കിക്കൊണ്ട് ബാലന്‍ മുറിയിലേയ്ക്കു കയറി.വാതിലടച്ചു തഴുതിട്ടിട്ട് ലജ്ജാഭാവത്തില്‍ നില്‍ക്കുന്ന കാമുകിയുടെ കവിളില്‍ മെല്ലെയൊന്നു തോണ്ടിയിട്ട് ബാലന്‍ തന്റെ ഷര്‍‍ട്ടൂരി അയയില്‍ തൂക്കി.തുടയിലൊന്നു മാന്തിക്കൊണ്ട് അവളേയും കെട്ടിപ്പിടിച്ചവന്‍ കട്ടിലിലേയ്ക്കു മറിഞ്ഞു.

"ഓടിവരണേ.......ഓടിവരണേ...."

രാവിന്റെ നിശ്ശബ്ദതയില്‍ മുന്‍ കൂട്ടി പറഞ്ഞുവച്ചിരുന്ന സുനന്ദയുടെ നിലവിളി ഉച്ചത്തില്‍ മുഴങ്ങി.ഓപ്പറേഷന്‍ സുനന്ദാസ് മാര്യേജില്‍ പങ്കെടുക്കാനായി കച്ചയും മുറുക്കിയിരുന്ന സോല്‍ജിയേഴ്സ് നിമിഷങ്ങള്‍ക്കുള്ളില്‍ ആ മുറിയുടെ മുമ്പില്‍ തടിച്ചുകൂടി.അടിച്ച മരുന്ന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ആവിയായിപ്പോയപ്പോള്‍ ബാലന്‍ എന്തു ചെയ്യണമെന്നറിയാതെ ആകെ ഒന്നു പരിഭ്രമിച്ചു.എന്റെ മുണ്ടെവിടേടീ വഞ്ചകീയെന്നലറണമെന്നുണ്ടായിരുന്നെങ്കിലും ആ മുറിയില്‍ നിന്നും എങ്ങിനെയെങ്കിലും ഒന്നു രക്ഷപ്പെടാനായുള്ള വെപ്രാളത്തില്‍ ബാലന്തിനു മുതിര്‍ന്നില്ല.വാതിലു തൊറക്കെടീ എന്നുള്ള അലര്‍ച്ച കൂടുതല്‍ ശക്തിപ്രാപിച്ചപ്പോള്‍ നിഷ്ക്കളങ്കയായ ഒരു ബാലികയെപ്പോലെ സുനന്ദ ചെന്നു വാതില്‍ തുറന്നു.അകത്തേയ്ക്കിരച്ചുകയറിയ പട്ടാളക്കാര്‍ മുറിയില്‍ ബാലനെക്കാണാതെ അമ്പരന്നു.ആളെവിടേടിയെന്നു ഭവാനിയമ്മ കണ്ണുകള്‍കൊണ്ട് സുനന്ദയോടുചോദിച്ചു.നാണത്തോടെ സുനന്ദ കണ്ണുകള്‍കൊണ്ടാഗ്യം കാട്ടിയ ഭാഗത്തേയ്ക്കു നോക്കിയ അവര്‍ ലജ്ജയാലൊന്നു കണ്ണുപൂട്ടി.ജട്ടീധാരിയായ ബാലന്‍ വീടിന്റെ കഴുക്കോലില്‍ കാലുകള്‍ പിണച്ചു ഒരു വവ്വാലിനെപ്പോലെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

സ്ത്രീകള്‍ ചിരിച്ചുകൊണ്ട് പുറത്തേയ്ക്കിറങ്ങുകയും ബാലനു കഴുക്കോലില്‍ നിന്നും പിടിവിട്ട് താഴേക്കിറങ്ങുവാനും മുണ്ടും ഷര്‍ട്ടും ധരിയ്ക്കുവാനും ആണുങ്ങള്‍ സഹായം ചെയ്തുകൊടുക്കകയും ചെയ്തതോടെ ഓപ്പറേഷന്‍ അതിന്റെ ക്ലൈമാക്സിനെ സമീപിച്ചു.ആള്‍ക്കൂട്ടത്തിനു നടുവില്‍ മറ്റു ഗത്യന്തരമില്ലാതെ ആ അര്‍ദ്ധരാത്രിയില്‍ മുന്‍ കൂട്ടി റെഡിയാക്കിവച്ചിരുന്ന തുളസിമാല സുനന്ദയുടെ കഴുത്തിലണിയിക്കാന്‍ ബാലന്‍ തയ്യാറായി.സുനന്ദയുടെ തന്നെ കഴുത്തില്‍ ഉണ്ടായിരുന്ന ഒരു പവന്റെ മാലയെടുത്ത് ബാലന്‍ അവളുടെ കഴുത്തില്‍ ഒന്നുകൂടികെട്ടി.ഭവാനിയമ്മയും വിജയമ്മയും കൂടി‍ ചെറുതായി കുരവയിട്ടു. ചുറ്റും കൂടി നിന്നവര്‍ മുറ്റത്തുനിന്ന പൂക്കളേതൊക്കൊയോ പറിച്ച് അവരുടെ നേരെയെറിഞ്ഞു.വിവാഹശേഷം ഭവാനിയമ്മയുടെ വീട്ടില്‍ നിന്നും എല്ലാപേര്‍ക്കും കട്ടന്‍ ചായയും ബ്രിട്ടാനിയ ബിസ്ക്കറ്റ് ഈരണ്ട് പീസും വിതരണം ചെയ്യപ്പെട്ടു.നവദമ്പതികളെ മണിയറയ്ക്കുള്ളില്‍ കയട്ടി വാതിലടപ്പിച്ചിട്ട് ഓപ്പറേഷന്‍ സക്സസ്സായ സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞുപോയി.നവവധുവിന്റെ ലജ്ജയോടെ കട്ടിലിലിരിയ്ക്കുന്ന സുനന്ദയെ ഒന്നു മാടിനോക്കിയിട്ട് ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ബാലന്‍ തന്റെ ആദ്യ(?)രാത്രിയെ വരവേള്‍ക്കുവാന്‍ തയ്യാറായി.

ശുഭം

ശ്രീക്കുട്ടന്‍

Monday, March 7, 2011

അയാളുടെ മകള്‍

"എടീ നിര്‍മ്മലേ.നീയിതെന്തോ ചെയ്യുവാണവടി.ദേ ഇവളു കാട്ടുന്നതു നീ കാണുന്നുണ്ടോ"

രമേശ് അകത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.

"ഒരഞ്ചുമിനിട്ട്കൂടി.ഈ പാത്രങ്ങളും കൂടി ഒന്നു കഴുകിവയ്ക്കട്ടെ.പ്ലീസ്"

പുറത്തേയ്ക്കൊഴുകി വന്ന ശബ്ദം കേട്ട് രമേശിനു ദേക്ഷ്യം വന്നു.മുറിയിലാകെ ഓടിനടക്കുകയാണു മീനാക്ഷി.തെറിച്ചു തെറിച്ചുള്ള ആ ഓട്ടം നോക്കിയിരുന്നപ്പോള്‍ രമേശിനു പേടി തോന്നി.എവിടെയെങ്കിലും തട്ടിത്തടഞ്ഞുവീഴുമോ.എങ്കില്‍ ഇന്നിനി ഉറങ്ങുകയും വേണ്ട.തറയിലാണെങ്കില്‍ താനെഴുതിയതുമുഴുവന്‍ ചിതറിക്കിടക്കുന്നു.മേശവലിപ്പില്‍ പിടിച്ചു വലിച്ചു മീനാക്ഷി തള്ളിതാഴെയിട്ടതാണു.ഒന്നു ബാത് റൂമില്‍ പോയിട്ട് വന്ന സമയത്തിനുള്ളില്‍ മകള്‍ ചെയ്ത പണി.തറയില്‍ കിടന്ന പെപ്പറുകള്‍ അടുക്കിപ്പെറുക്കി വച്ചിട്ട് രമേശന്‍ കസേരയിലേയ്ക്കു വീണ്ടുമമര്‍ന്നു.

"ച്ചാ..."

രമേശ് തലതിരിച്ചുനോക്കി. മീനാക്ഷി ഷര്‍ട്ടില്‍പിടിച്ചുവലിച്ചിട്ട് ചിരിച്ചുകൊണ്ട് ഓടിപ്പോയി കട്ടിലിന്റെ വശത്ത് ഒളിച്ചു.ഇന്നെങ്കിലും കഥ പൂര്‍ത്തിയാക്കാമെന്നുവച്ചതാണ്.നടക്കില്ല.എഴുത്തു മാറ്റിവച്ചു പേപ്പറുകള്‍ ഒതുക്കിവച്ചുകൊണ്ട് അവന്‍ മകളുടെ നേരെ കൈനീട്ടി. മീനാക്ഷി അവനെ നോക്കി മുഖമൊന്നു വക്രിച്ചുകാട്ടിയിട്ട് ഇടുപ്പില്‍ കൈകുത്തി ഒരു പ്രത്യേക പോസില്‍ നിന്നു.

"മോളു വന്നേ"

വാത്സല്യം കിനിയുന്ന ശബ്ദത്തില്‍ അയാള്‍ വിളിച്ചു.അവള്‍ ചിരിച്ചുകൊണ്ട് തല വിലങ്ങനെയാട്ടി.കസേരയില്‍ നിന്നുമെഴുന്നേറ്റ രമേശന്‍ അവളുടെ നേരെ ചെന്നു.

അവളാകട്ടെ ചിരിച്ചുകൊണ്ട് കട്ടിലിന്റെ മറുപുറത്തേയ്ക്കോടി.കുസൃതിക്കുടുക്കയായ മകളെപിടികൂടി അന്തരീക്ഷത്തില്‍ ഒരു കറക്കം കറക്കിയിട്ട് അയാള്‍ അവളേയും കൊണ്ടു കട്ടിലില്‍ ചെന്നിരുന്നു.തലയിണയെടുത്ത് ചാരിവച്ചുകൊണ്ട് രമേശ് ചുമരിനോടു ചേര്‍ന്നിരുന്നു.മകളാകട്ടെ കട്ടിലില്‍ കിടന്നു കുത്തിമറിയാനും മറ്റും തുടങ്ങി.ഭംഗിയായി വിരിച്ചിട്ടിരുന്ന വിരിപ്പ് വികൃതകോലത്തിലായി.നിര്‍മ്മല വന്നു ഇനി ദേക്ഷ്യപ്പെടുകയേയുള്ളു.ശരിക്കും മനസ്സിലാകാത്ത ഭാഷയില്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ട് തുള്ളിമറിയുന്ന മകളെ ഒരു കൈകൊണ്ട് ചേര്‍ത്തുപിടിച്ചുകൊണ്ട് അയാള്‍ വിരിപ്പ് നേരെയാക്കാന്‍ ശ്രമിച്ചു.പെട്ടന്ന്‍ ശരീരത്തിലൊരു നനവനുഭവപ്പെട്ട രമേശന്‍ ഒന്നു ഞെട്ടി.മകള്‍ കാര്യം സാധിച്ചിരിക്കുന്നു.തന്റെ പുറത്തുമാത്രമല്ല കിടക്കയിലും വിരിപ്പിലുമായി പുണ്യാഹം ഒഴുകിപ്പരക്കുന്നു.

"നിര്‍മ്മലേ..ദേ ഇവള്‍ കാര്യം പറ്റിച്ചിരിക്കുന്നു.നീയൊന്നുവന്നേ"

ഷര്‍ട്ടില്‍ കൈകൊണ്ടു തട്ടിയിട്ട് അയാള്‍ അകത്തേയ്ക്കു നോക്കി വീണ്ടും വിളിച്ചു.മീനാക്ഷിയാകട്ടെ വിരല്‍കടിച്ചുകൊണ്ടു നില്‍ക്കുകയാണു.അവളുടെ മുഖത്തൊരു കള്ളലക്ഷണമില്ലേ.

"മോളൂ.അച്ഛനെ നീ കുളിപ്പിച്ചോടാ"

മുറിയ്ക്കകത്തേയ്ക്കുവന്ന നിര്‍മ്മല ഒന്നു ചിരിച്ചുകൊണ്ട് മകളെ വാരിയെടുത്തു.ഷര്‍ട്ട് മാറിക്കൊണ്ടിരുന്ന രമേശിനുനേരെ അവള്‍ കുസൃതിയോടെ നോക്കി.അവനു ദേക്ഷ്യം വരുന്നുണ്ടായിരുന്നു.

"എന്താ നിമ്മിയിത്.കിടക്കുന്നതിനുമുമ്പേ മോളെക്കൊണ്ട് മൂത്രമൊഴിപ്പിക്കണം എന്നു ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ.ദേ അവള്‍ ചെയ്തതുകണ്ടോ.ഷര്‍ട്ടും ബെഡ്ഷീറ്റും എല്ലാം നാ​ശമാക്കി"

"സാരമില്ല കഥാകാരാ.ഞാന്‍ നന്നായി കഴുകിത്തരാം.അവള്‍ കൊച്ചല്ലേ.അവള്‍ക്കറിയാമോ"മകളുടെ കവിളില്‍ ഒരുമ്മ കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു

"ക്ഷമിച്ചിരിക്കുന്നു പൊന്നേ.നീ കഴുകിത്തന്നാല്‍ മതി.എന്റെ പൊന്നുമോള്‍ ഇനിയും അച്ഛന്റെ മേത്തു മുള്ളിക്കോ കേട്ടോ"

മകളുടെ കവിളില്‍ അരുമയായൊന്നു നുള്ളിക്കൊണ്ട് രമേശന്‍ നിര്‍മ്മലയുടെ ശരീരത്തിനോടു ചേര്‍ന്നു നിന്നു.

"സമയമൊരുപാടായി"കുസൃതിച്ചിരിയോടെ മെല്ലെയവളുടെ കാതില്‍ മന്ത്രിച്ചശേഷം അയാള്‍ കട്ടിലില്‍ വന്നിരുന്നു.കൂടെ നിര്‍മ്മലയും.രമേശിന്റെ കൈകള്‍ നിര്‍മ്മലയുടെ കഴുത്തിലൂടെയിഴഞ്ഞു.അവള്‍ കണ്ണുകള്‍കൊണ്ട് അയാളെ വിലക്കിയിട്ട് മകളെ പാട്ടുപാടിയുറക്കാനാരംഭിച്ചു.മകളുടെ ശരീരത്ത് ഒരു കൈ ചുറ്റിക്കൊണ്ട് ആ പാട്ടില്‍ അയാളും ലയിച്ചിരുന്നു.അല്‍പ്പസമയത്തിനകം പാട്ടിന്റെ ഒഴുക്കു നിലയ്ക്കുകയും തന്റെ കവിളില്‍ നിര്‍മ്മലയുടെ കൈകള്‍ തഴുകുന്നതും അയാളറിഞ്ഞു. ഇന്ദ്രിയങ്ങളാകെയുണര്‍ന്നെഴുന്നേറ്റൊരനുഭൂതിയോടെ അയാള്‍ പാതിയടഞ്ഞുപോയ കണ്ണുകള്‍ തുറക്കാതെ തന്റെ പ്രിയതമയുടെ സുഗന്ധം നിറഞ്ഞ സമൃദ്ധമായ മുടിയിഴകള്‍ക്കുള്ളിലേയ്ക്ക് മുഖം പൂഴ്ത്തി.

"എന്താ ഇന്നുറക്കമൊന്നുമില്ലേ"

ശബ്ദം കേട്ട് രമേശന്‍ കണ്ണുകള്‍ തുറന്നു നോക്കി.മുന്നില്‍ നില്‍ക്കുന്ന നിര്‍മ്മലയെ അവന്‍ പകച്ചുനോക്കി.എവിടെ തന്റെ മകള്‍.ഇത്രയും നേരം താന്‍ ....ആകെ പ്രജ്ഞ്ഞ നശിച്ചതുപോലെ അയാള്‍ തലയിണയില്‍ ദേഹമമര്‍ത്തി ചുമരില്‍ ചാരിയിരുന്നു.ബോബുചെയ്ത് മുടിയിഴകള്‍ ഒന്നു മാടിയൊതുക്കിയിട്ട് കണ്ണാടിയില്‍ ഒന്നു ചാഞ്ഞും ചരിഞ്ഞും നോക്കി ശരീരഭംഗി ആസ്വദിച്ചിട്ട് മേശവലിപ്പുതുറന്ന്‍ ഏതോ ടാബ്ലറ്റെടുത്ത് വായിലിട്ട് അല്‍പ്പം വെള്ളവും കുടിച്ചിട്ട് കട്ടിലിനുനേര്‍ക്കു നടന്നുവരുന്ന രൂപമാരുടേതാണു.എപ്പോഴോ തന്റെ ശരീരത്തില്‍ തഴുകിയ കൈകളെ വെറുപ്പോടെ തട്ടിനീക്കിയിട്ട് അയാള്‍ കട്ടിലിനോരം ചേര്‍ന്നുകിടന്നു.ഉറക്കമയാളെ അനുഗ്രഹിക്കുന്നുണ്ടായിരുന്നില്ല.മുറിയിലാകെ ഒരു കുഞ്ഞിന്റെ പൊട്ടിച്ചിരിയും ബഹളവും കരച്ചിലും നിറഞ്ഞുനില്ക്കുന്നതായി അയാള്‍ക്ക് തോന്നി.അതില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ കൈകള്‍‍ വച്ച് അയാള്‍ ചെവി പൊത്തിപ്പിടിച്ചു.


ശ്രീക്കുട്ടന്‍

Wednesday, March 2, 2011

മറക്കാനാവാത്തൊരു ഗൃഹപ്രവേശം

തങ്കമണിചേച്ചിയുടെ കടയില്‍ നിന്നും ഒരു വില്‍സു കടം മേടിച്ചു അതും കൊളുത്തി വലിച്ചുകൊണ്ടിരുന്നപ്പോഴാണു ഉദയന്‍ മാനത്തുനിന്നെങ്ങാണ്ടെന്നപോലെ എന്റെ മുമ്പില്‍ പൊട്ടിവീണത്.അവനെ കണ്ടപ്പോള്‍ തന്നെ കരണക്കുറ്റിയ്ക്ക് ഒന്നു കൊടുക്കാനാണെനിക്കു തോന്നിയത്.അല്ലെങ്കിലും എന്നെ പറഞ്ഞാല്‍ മതി.അവനുമായി ഒരുമിച്ചു വാഴയിലവെട്ടി കൊടുത്തു പൈസ ഒപ്പിക്കാമെന്നു കരുതിയ എനിക്കതു തന്നെ കിട്ടണം.ഉദയനുമൊരുമിച്ചു പണകളില്‍ കയറി വാഴയിലകള്‍ വെട്ടുന്നത് കണ്ടപ്പോഴേ തൊടിയിലെ ജയേച്ചി പറഞ്ഞതാണു ഇതു വെറുതേയാവുമെന്നും ഉദയന്‍ വലിപ്പിക്കുമെന്നും. താന്‍ കേട്ടില്ല.എന്നിട്ട് നൂറോളം ഇലകള്‍ വെട്ടി ഭംഗിയായി കെട്ടിപ്പൊതിഞ്ഞിട്ട് അതു ആറ്റിങ്ങള്‍ കൊണ്ടുകൊടുത്തിട്ട് പൈസയുമായി ദേ ഇപ്പം വരാം എന്നു പറഞ്ഞുപോയവനാണു ഒരാഴ്ച കഴിഞ്ഞ് ഇളിച്ചുകൊണ്ട് തന്റെ മുമ്പില്‍ നില്‍ക്കുന്നത്.അന്നു ഉടുത്തിരുന്ന കൈലിയിലും ഷര്‍ട്ടിലും മുഴുവന്‍ വാഴക്കറയാക്കിയെന്നും പറഞ്ഞ് അമ്മയുടെ ചീത്ത ശരിക്കും കിട്ടിയതും പോരാഞ്ഞു ചോദിക്കാതെ വാഴയില വെട്ടിയതിനു ഭാസ്ക്കരന്‍ മാമനില്‍ നിന്നും നല്ലത് കിട്ടിയതാണു.മനസ്സിലുരുണ്ടുകൂടിയ ദേക്ഷ്യം മുഖത്തുകാട്ടാതെ ഞാന്‍ വിദൂരതയിലേയ്ക്കു നോക്കി പുകയൂതിപ്പറത്തിവിട്ടു.

"അളിയോ, നീയിതെവിടെയാണു.ഒരാഴ്ചയായല്ലോ കണ്ടിട്ട്"

എന്റെ അടുത്ത് വന്നിരുന്നിട്ട് തോളിലൊന്നു തട്ടിക്കൊണ്ട് ഉദയന്‍ ചോദിച്ചു.ഞാനവനെ ദഹിപ്പിക്കനെന്നവണ്ണം ഒരു നോട്ടം നോക്കി.അവനാകട്ടെ അതു ശ്രദ്ധിക്കാതെ പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു ചുണ്ടില്‍ വച്ചിട്ട് തീപ്പട്ടിയില്ലെന്ന മട്ടില്‍ എന്നെ നോക്കിക്കൊണ്ട് കൈ നീട്ടി.ഞാന്‍ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അവന്റെ നേരെ നീട്ടി.ബീഡിയെടുത്ത് പോക്കറ്റിലിട്ടിട്ട് അവന്‍ മനോഹരമായി ആ സിഗററ്റ് വലിച്ചു പുകവിടുന്നതുകണ്ട ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.ആ സിഗററ്റിന്റെ കുറ്റിപോലും എനിക്കിനി കിട്ടില്ല.മുമ്പ് പലപ്രാവശ്യം ഫലപ്രഥമായി നടപ്പാക്കിയിട്ടുള്ള ഐറ്റം അവന്‍ വീണ്ടും അവതരിപ്പിച്ചു.അത്ര തന്നെ.കടമായിട്ടാണെങ്കിലും ആശിച്ചുമേടിച്ച സിഗററ്റ് അവന്‍ ആസ്വദിച്ചുവലിയ്ക്കുന്നത് ഞാന്‍ വേദനയോടെ നോക്കി നിന്നു.ചായയൊഴിച്ചുകൊണ്ടിരുന്ന തങ്കമണിച്ചേച്ചിയുടെ ചിരി എന്റെ കാതിലൊഴുകിയെത്തി.


"അളിയാ അവിചാരിതമായി എനിയ്ക്ക് ഒരിടം വരെ പോകേണ്ടിവന്നു.അതോണ്ടല്ലേ അന്ന്‍ എനിക്കു വരമ്പറ്റാതായിപ്പോയത്.അന്നത്തെ പൈസ എന്റെ കയ്യിലൊണ്ട്.നീ വാ നമുക്കൊന്നു ആറ്റിങ്ങലുവരെ പോയേച്ചു വരാം"

ഉദയന്‍ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.ഞാനവനെ ചോദ്യഭാവത്തിലൊന്നു നോക്കി.കുടിച്ച വെള്ളത്തിവിശ്വസിക്കാന്‍ പറ്റാത്ത സാധനമാണു.അടുത്ത പറ്റിക്കലിനായി കോപ്പുകൂട്ടുകയാണെങ്കിലോ.

"നീ പേടിക്കണ്ടളിയാ.ദേ പൈസ കണ്ടോ ആവശ്യത്തിനൊണ്ട്.നമുക്കൊരു തൊണ്ണൂറടിച്ചിട്ടുവരാം".

പോക്കറ്റില്‍ നിന്നും കുറച്ചു പണമെടുത്തവന്‍ എന്നെക്കാണിച്ചു.ഞാനെന്നിട്ടും ചിന്താകുഴപ്പത്തിലായി.മനസ്സില്‍ ഒരു വടം വലി നടക്കുന്നു.കയ്യിലാണെങ്കില്‍ ഒരു സിഗററ്റ് വാങ്ങാനുള്ള കാശുപോലുമില്ല.പോകണോ അതോ വേണ്ടയോ.ഒരു തൊണ്ണൂറടിയ്ക്കണമെന്ന്‍ ആശയുണ്ട്.പക്ഷേ ഉദയനൊപ്പമായാല്‍ അതു തൊണ്ണൂറടിയുമിടിയുമായി മാറാനും മതി.ആകെ പേരിനുണ്ടായിരുന്ന കാമുകിയോട് ഒരല്‍പ്പം പിണങ്ങിയിരിക്കുന്നതിന്റെ വിഷമമെങ്കിലും മാറട്ടെ എന്നു കരുതി ഒടുവില്‍ ഞാന്‍ ഉദയനുമൊപ്പം പോകാന്‍ തന്നെ തീരുമാനിച്ചു.

"അവനവന്‍ കുഴിക്കുന്ന......ഗാനം അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നുവോ.ആദ്യം വന്ന ടെമ്പോ ട്രാക്സില്‍ കയറി നേരെ ആറ്റിങ്ങലേയ്ക്കുവിട്ടു.സമയം അഞ്ചാകാന്‍ പോകുന്നു.സൂര്യാബാറിന്റെ കവാടത്തിലേയ്ക്കു കയറുന്നതിനുമുമ്പ് ഞാന്‍ പരിസരമൊന്നു കണ്ണോടിച്ചു.ഏലാപ്പുറത്തുള്ളതോ പരിചയമുള്ളതോ ആയ ആരെങ്കിലും ഉണ്ടാവുമോ...ഭഗവാനെ കാത്തോളണേ.നിറയെ ബീഡിസിഗററ്റ്പുകയും അരണ്ടവെളിച്ചവും വൃത്തികെട്ട മണവും എല്ലാം നിറഞ്ഞ ബാറിനകത്തെ ഹാളില്‍ ഒരു ഒഴിഞ്ഞ മൂലയിലായി കിടന്ന മേശക്കരികില്‍ കസേരനീക്കിയിട്ട് ഞങ്ങളിരുന്നു.തലനിവര്‍ത്തി നാലുപാടും നോക്കിയ ഉദയന്‍ വെയിറ്റര്‍മാരെ ഒന്നും കാണാത്തതുമൂലം എന്നോടവിടെയിരിക്കാന്‍ കൈകൊണ്ടാംഗ്യം കാട്ടിയിട്ട് പതിയെ എഴുന്നേറ്റ് കൌണ്ടറിനു നേരെ നടന്നു.

ചുറ്റും നിന്നുയരുന്ന ശബ്ദകോലാഹലങ്ങളിലൊന്നും താല്‍പ്പര്യമില്ലാതെ ആ മനമ്മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഞാന്‍ പകച്ചിരുന്നു.അല്‍പസമയത്തിനുള്ളില്‍ കടുത്ത കളറിലുള്ള ചരക്ക് നിറച്ച ഒരു കോര്‍ട്ടര്‍കുപ്പിയും പിന്നെ ഒരു ചെറിയ പായ്ക്കറ്റ് കപ്പലണ്ടിയുമായി ഉദയനെത്തി.എന്റെ മുമ്പില് വച്ചു രണ്ടു ഗ്ലാസ്സിലുമായി അരവീതമൊഴിച്ചു വെള്ളവും ചേര്‍ത്തു ഒരെണ്ണം അവനെടുത്തിട്ട് മറ്റേത് എനിക്കുനേരെ നീട്ടി.ഗ്ലാസ്സെടുത്ത് ചുണ്ടോടടുപ്പിച്ചപ്പോള്‍ രൂക്ഷമായൊരു മണം എന്റെ നാസാരന്ദ്രങ്ങളെ മരവിപ്പിച്ചു.കണ്ണുകള്‍ ഇറുക്കെപ്പൂട്ടിക്കൊണ്ട് ഒറ്റവലിയ്ക്ക് ആ ദ്രാവകം ഞാനെന്റെ അന്നനാളത്തിലേയ്ക്കു പായിച്ചു.എവിടെയെല്ലാമോ കത്തിയെരിച്ചുകൊണ്ട് യാത്രചെയ്യുന്ന അതിന്റെ തീവ്രത കുറയ്ക്കുവാനായി ഞാന്‍ കുറച്ചു പച്ചവെള്ളം കൂടി കുടിച്ചു.ഞാനൊരു പ്രൊഫഷണല്‍ കുടിക്കാരനല്ലായിരുന്നല്ലോ.ഉദയനാകട്ടെ കുറച്ചുകുടിച്ചിട്ട് ബാക്കി മേശമേള്‍ വച്ചിട്ട് പോക്കറ്റില്‍ നിന്നും ബീഡിയെടുത്ത് ഒരെണ്ണം കൊളുത്തിവലിച്ചു.എന്റെ തലയാകെ കനം വയ്ക്കുന്നതുപോലെ.ഒരു ബീഡി വാങ്ങി ഞാനും കത്തിച്ചു.കുപ്പിയിലുണ്ടായിരുന്ന ബാക്കിയില്‍ കുറച്ചു ഞാന്‍ എന്റെ ഗ്ലാസ്സിലൊഴിച്ചു സമം വെള്ളം ചേര്‍ത്തു അതും വിഴുങ്ങി.

"കളിവീടുറങ്ങിയല്ലോ......

മന്ദീഭവിച്ചിരുന്ന ഞാന്‍ തലയൊന്നുയര്‍ത്തി.ഉദയന്‍ പാട്ടാരംഭിച്ചതാണ്.വയറ്റില്‍ ചെന്ന സാധനത്തിന്റെ വീര്യമാവാം എന്നിലെ പാട്ടുകാരന്‍ സടകുടഞ്ഞെഴുന്നേറ്റു. ഉച്ചത്തില്‍ പാടുന്ന ഉദയനൊപ്പം ഞാനും ചേര്‍ന്നു.അടുത്ത മേശമേല്‍ വിഷാദമഗ്നനായിരുന്ന താടിക്കാരന്‍ ഞങ്ങളുടെ നേരെ തിരിഞ്ഞു. ഉദയന്‍ എന്നെ നോക്കി ഒന്നു കണ്ണിറുക്കി.എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ലെങ്കിലും ഞാന്‍ ഫോമിലേക്കുയര്‍ന്നു.കളിവീടു തീര്‍ന്നതും അനിയത്തിപ്രാവ്.പിന്നെ മറ്റൊന്നു.പാട്ടിനൊത്ത് ഉദയന്‍ മേശമേല്‍ താളവുമിടുന്നുണ്ടായിരുന്നു.അല്‍പ്പസമയത്തിനുള്ളില്‍ ഞങ്ങളുടെ മേശയ്ക്കുചുറ്റും ഒരു സഹൃദയ സദസ്സ് കൂടിക്കഴിഞ്ഞിരുന്നു.ഇതിനെടയ്ക്ക് സാധനം മേടിയ്ക്കാനെഴുന്നേറ്റ ഉദയനെ അവിടെതന്നെ പിടിച്ചിരുത്തിയിട്ട് ആരോ പോയി ഒരു കുപ്പിയെടുത്തുകൊണ്ടുവന്നിരുന്നു. നല്ല ചൂടു പൊറോട്ടയും ബീഫ് ഫ്രൈയ്യുമെല്ലാം മേശമേല്‍ നിരന്നു.

എപ്പോഴോ എല്ലാം മതിയാക്കി.കനം തൂങ്ങുന്ന മിഴികളുയര്‍ത്തി ഞാന്‍ നാലുപാടും നോക്കി.തിരക്കിനൊരു കുറവുമില്ല.അടുത്ത ടേബിളിനടുത്തിരിയ്ക്കുന്ന ഉദയനെ ഞാന്‍ തോണ്ടിവിളിച്ചു.എനിക്കെങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതി.കുടിച്ചുകൊണ്ടിരുന്നത് ഫിനിഷാക്കി ഉദയനുമെഴുന്നേറ്റു.ആടിയാടി രണ്ടും കൂടി പുറത്തേയ്ക്കിറങ്ങി.നേരം നന്നായിട്ടിരുട്ടിയിരിക്കുന്നു.ഇനി ബസ്സു കിട്ടുമോ ആവോ.മാര്‍ക്കറ്റ് റോഡുവഴി ബസ്സ്റ്റാന്‍ഡിലേയ്ക്കു നടക്കുമ്പോള്‍ എന്റെ കാലുകള്‍ ശരിക്കും ആടുന്നുണ്ടായിരുന്നു.

"അളിയാ.നമുക്ക് ഓട്ടേലു പോവാമെടാ"

"അതിനു കാഷെവിടെയളിയാ" അര്‍ദ്ധബോധത്തില്‍ എന്റെ ചോദ്യം.

"അതിനൊക്കെ വഴിയൊണ്ട്.അളിയന്‍ വാ"

എന്റെ കൈപിടിച്ചുകൊണ്ട് ഉദയന്‍ മീന്‍ വില്‍ക്കുന്ന സ്ത്രീകളിരിക്കുന്ന ഭാഗത്തേയ്ക്കു നടന്നു.നിരവധിപേര്‍ മീന്‍ വാങ്ങാനും മറ്റുമായി നില്‍ക്കുന്നുണ്ട്.നല്ല മുഴുത്ത ചൂരമീന്‍ വില്‍ക്കുന്ന ഒരുത്തിയുടെ മുമ്പില്‍ ചെന്നുനിന്ന ഉദയന്‍ ഒരു വലിയ മീന്‍ തൊട്ടിട്ട് അതിനെത്ര രൂപയാണെന്ന്‍ ചോദിച്ചു.ഉദയനെക്കണ്ട അവളുടെ മുഖത്ത് അവജ്ഞ്ഞ നിറഞ്ഞു.

"ഇരുന്നൂറുരൂപ"

മുറുക്കാന്‍ ചവച്ചുകൊണ്ട് അവള്‍ പറഞ്ഞു.ഉദയനാ മീന്റെ വാലില്‍ പിടിച്ച് തൂക്കിയെടുത്തിട്ട് വെറും അമ്പത് രൂപാ എന്നുറക്കെ വിളിച്ചുപറഞ്ഞു.പെട്ടന്നുതന്നെ ഒരാള്‍ 50 രൂപാ കൊടുത്ത് ആ മീന്‍ വാങ്ങിയിട്ട് നടന്നു മറഞ്ഞു. അന്തംവിട്ടിരിയ്ക്കുന്ന മീങ്കാരിയെ ശ്രദ്ധിക്കാതെ രൂപാ പോക്കറ്റില്‍ തിരുകിയിട്ട് ഉദയന്‍ തെറ്റില്ലാത്ത മറ്റൊരു മീനെടുത്തു.ആദ്യത്തെ അമ്പരപ്പില്‍ നിന്നും മുകതയായ അവള്‍ ചാടിയെഴുന്നേറ്റ് ഉച്ചത്തില്‍ അലറിവിളിച്ചു.ബഹളം കേട്ട് അവിടേയ്ക്കു വന്ന യൂണിയനില്‍പെട്ട ഒരാള്‍ അവളോട് കാര്യമെന്താണെന്നന്വോഷിച്ചു.

"എന്റെ പൊന്നണ്ണാ.200 രൂവായ്ക്കൊള്ള മീനാണീ നായിന്റെമോനെടുത്ത് 50 രൂവയ്ക്കൊരുത്തനുകൊടുത്തത്.എന്നിട്ട് കാശും തന്നില്ല.ഒന്നു ചോയിക്കണ്ണാ"


രംഗത്തിന്റെ സ്വഭാവം മാറുന്നത് ഭയപ്പാടോടെ ഞാന്‍ കണ്ടുനിന്നു.ഉദയനുനേരെ തിരിഞ്ഞ യൂണിയന്‍കാരന്‍ തന്റെ പരുപരുത്ത കയ്യൊന്നുയര്‍ത്തുന്നതും വെട്ടിയിട്ട വാഴപോലെ ഉദയന്‍ അവിടെ കെട്ടിക്കിടന്ന മീന്‍ വെള്ളത്തിലേയ്ക്കു മറിയുന്നതും ഉദയന്റെ കയ്യിലിരുന്ന മുഴുത്ത മീന്‍ പറന്നുവന്നു എന്റെ കന്നത്തില്‍തന്നെയടിച്ചതും
എല്ലാം വളരെ പെട്ടന്നായിരുന്നു.അല്‍പ്പസമയത്തിനകമവിടെയെത്തിയ പോലീസ് ജീപ്പിനുള്ളിലേയ്ക്കു ഉദയനെ എടുത്തെറിയുകയായിരുന്നു.കൂടെ എന്നെയും.

"ഒരു ദെവസം പോലുമായില്ലല്ലോടാ ഇവിടുന്നെറങ്ങീട്ട്..പൂ..#..$.. നേ."

പോലീസുകാരന്റെ ചീത്തവിളിയും ഉയര്‍ന്നു താഴുന്ന ചൂരലും ചന്തിയില്‍ കൈപൊത്തിക്കൊണ്ടുള്ള ഉദയന്റെ നിലവിളിയുമെല്ലാം കാണുകയും കേള്‍‍ക്കുകയും ചെയ്ത് വിറച്ചു കൊണ്ട്ഞാന്‍ നിന്നു.

"മോട്ടേന്നുവിരിഞ്ഞില്ലല്ലോടാ.അതിനുമുമ്പേ കള്ളുകുടീം മോട്ടിക്കലും പിടിച്ചുപറിയുമാണല്ലേ.നല്ല കൂട്ടും...... ..**..###..$$

കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ചുകൊണ്ട് ഒരു തടിയന്‍ ചൂരലുമായി എന്റെ നേരെ വരുന്ന കാക്കിക്കാരനെ നേരിടാനാവാതെ ഞാന്‍ കണ്ണുകള്‍ പൂട്ടി.പിന്നെയൊന്നും ഞാനറിഞ്ഞില്ല.ബോധം വന്നപ്പോള്‍ ചന്തിയിലും മറ്റും അസഹ്യമായ വേദനയനുഭവപ്പെട്ടു.ഷര്‍ട്ടും കൈലിയുമൊന്നുമില്ല. ആകെ ഒരു ജട്ടിമാത്രം ധരിച്ചിട്ട് സിമന്റുതറയില്‍ കിടക്കുവാണു.എന്റെ തൊട്ടടുത്ത് ഈ ഭൂലോകവുമായി ഒരു ബന്ധവുമില്ലാത്തതുപോലെ ജട്ടീധാരിയായി ഉദയനും‍ ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്നുണ്ടായിരുന്നു.എന്റെ ആദ്യ ലോക്കപ്പ്പ്രവേശനത്തിന്റെ നീറ്റലില്‍ എന്നെത്തന്നെ ശപിച്ചുകൊണ്ട് ഞാനിരുന്നു.‍

"അവനവന്‍ കുരുക്കന്ന കുരുക്കഴി........"

ദുര്‍ഗന്ധം വമിയ്ക്കുന്ന ലോക്കപ്പുമുറിയിലെ നിശ്ശബ്ദതയില്‍ ആ ഗാനം മുഴങ്ങുന്നുണ്ടായിരുന്നുവെന്നു തോന്നുന്നു.


ശ്രീക്കുട്ടന്‍