Wednesday, March 2, 2011

മറക്കാനാവാത്തൊരു ഗൃഹപ്രവേശം

തങ്കമണിചേച്ചിയുടെ കടയില്‍ നിന്നും ഒരു വില്‍സു കടം മേടിച്ചു അതും കൊളുത്തി വലിച്ചുകൊണ്ടിരുന്നപ്പോഴാണു ഉദയന്‍ മാനത്തുനിന്നെങ്ങാണ്ടെന്നപോലെ എന്റെ മുമ്പില്‍ പൊട്ടിവീണത്.അവനെ കണ്ടപ്പോള്‍ തന്നെ കരണക്കുറ്റിയ്ക്ക് ഒന്നു കൊടുക്കാനാണെനിക്കു തോന്നിയത്.അല്ലെങ്കിലും എന്നെ പറഞ്ഞാല്‍ മതി.അവനുമായി ഒരുമിച്ചു വാഴയിലവെട്ടി കൊടുത്തു പൈസ ഒപ്പിക്കാമെന്നു കരുതിയ എനിക്കതു തന്നെ കിട്ടണം.ഉദയനുമൊരുമിച്ചു പണകളില്‍ കയറി വാഴയിലകള്‍ വെട്ടുന്നത് കണ്ടപ്പോഴേ തൊടിയിലെ ജയേച്ചി പറഞ്ഞതാണു ഇതു വെറുതേയാവുമെന്നും ഉദയന്‍ വലിപ്പിക്കുമെന്നും. താന്‍ കേട്ടില്ല.എന്നിട്ട് നൂറോളം ഇലകള്‍ വെട്ടി ഭംഗിയായി കെട്ടിപ്പൊതിഞ്ഞിട്ട് അതു ആറ്റിങ്ങള്‍ കൊണ്ടുകൊടുത്തിട്ട് പൈസയുമായി ദേ ഇപ്പം വരാം എന്നു പറഞ്ഞുപോയവനാണു ഒരാഴ്ച കഴിഞ്ഞ് ഇളിച്ചുകൊണ്ട് തന്റെ മുമ്പില്‍ നില്‍ക്കുന്നത്.അന്നു ഉടുത്തിരുന്ന കൈലിയിലും ഷര്‍ട്ടിലും മുഴുവന്‍ വാഴക്കറയാക്കിയെന്നും പറഞ്ഞ് അമ്മയുടെ ചീത്ത ശരിക്കും കിട്ടിയതും പോരാഞ്ഞു ചോദിക്കാതെ വാഴയില വെട്ടിയതിനു ഭാസ്ക്കരന്‍ മാമനില്‍ നിന്നും നല്ലത് കിട്ടിയതാണു.മനസ്സിലുരുണ്ടുകൂടിയ ദേക്ഷ്യം മുഖത്തുകാട്ടാതെ ഞാന്‍ വിദൂരതയിലേയ്ക്കു നോക്കി പുകയൂതിപ്പറത്തിവിട്ടു.

"അളിയോ, നീയിതെവിടെയാണു.ഒരാഴ്ചയായല്ലോ കണ്ടിട്ട്"

എന്റെ അടുത്ത് വന്നിരുന്നിട്ട് തോളിലൊന്നു തട്ടിക്കൊണ്ട് ഉദയന്‍ ചോദിച്ചു.ഞാനവനെ ദഹിപ്പിക്കനെന്നവണ്ണം ഒരു നോട്ടം നോക്കി.അവനാകട്ടെ അതു ശ്രദ്ധിക്കാതെ പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു ചുണ്ടില്‍ വച്ചിട്ട് തീപ്പട്ടിയില്ലെന്ന മട്ടില്‍ എന്നെ നോക്കിക്കൊണ്ട് കൈ നീട്ടി.ഞാന്‍ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അവന്റെ നേരെ നീട്ടി.ബീഡിയെടുത്ത് പോക്കറ്റിലിട്ടിട്ട് അവന്‍ മനോഹരമായി ആ സിഗററ്റ് വലിച്ചു പുകവിടുന്നതുകണ്ട ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു.ആ സിഗററ്റിന്റെ കുറ്റിപോലും എനിക്കിനി കിട്ടില്ല.മുമ്പ് പലപ്രാവശ്യം ഫലപ്രഥമായി നടപ്പാക്കിയിട്ടുള്ള ഐറ്റം അവന്‍ വീണ്ടും അവതരിപ്പിച്ചു.അത്ര തന്നെ.കടമായിട്ടാണെങ്കിലും ആശിച്ചുമേടിച്ച സിഗററ്റ് അവന്‍ ആസ്വദിച്ചുവലിയ്ക്കുന്നത് ഞാന്‍ വേദനയോടെ നോക്കി നിന്നു.ചായയൊഴിച്ചുകൊണ്ടിരുന്ന തങ്കമണിച്ചേച്ചിയുടെ ചിരി എന്റെ കാതിലൊഴുകിയെത്തി.


"അളിയാ അവിചാരിതമായി എനിയ്ക്ക് ഒരിടം വരെ പോകേണ്ടിവന്നു.അതോണ്ടല്ലേ അന്ന്‍ എനിക്കു വരമ്പറ്റാതായിപ്പോയത്.അന്നത്തെ പൈസ എന്റെ കയ്യിലൊണ്ട്.നീ വാ നമുക്കൊന്നു ആറ്റിങ്ങലുവരെ പോയേച്ചു വരാം"

ഉദയന്‍ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.ഞാനവനെ ചോദ്യഭാവത്തിലൊന്നു നോക്കി.കുടിച്ച വെള്ളത്തിവിശ്വസിക്കാന്‍ പറ്റാത്ത സാധനമാണു.അടുത്ത പറ്റിക്കലിനായി കോപ്പുകൂട്ടുകയാണെങ്കിലോ.

"നീ പേടിക്കണ്ടളിയാ.ദേ പൈസ കണ്ടോ ആവശ്യത്തിനൊണ്ട്.നമുക്കൊരു തൊണ്ണൂറടിച്ചിട്ടുവരാം".

പോക്കറ്റില്‍ നിന്നും കുറച്ചു പണമെടുത്തവന്‍ എന്നെക്കാണിച്ചു.ഞാനെന്നിട്ടും ചിന്താകുഴപ്പത്തിലായി.മനസ്സില്‍ ഒരു വടം വലി നടക്കുന്നു.കയ്യിലാണെങ്കില്‍ ഒരു സിഗററ്റ് വാങ്ങാനുള്ള കാശുപോലുമില്ല.പോകണോ അതോ വേണ്ടയോ.ഒരു തൊണ്ണൂറടിയ്ക്കണമെന്ന്‍ ആശയുണ്ട്.പക്ഷേ ഉദയനൊപ്പമായാല്‍ അതു തൊണ്ണൂറടിയുമിടിയുമായി മാറാനും മതി.ആകെ പേരിനുണ്ടായിരുന്ന കാമുകിയോട് ഒരല്‍പ്പം പിണങ്ങിയിരിക്കുന്നതിന്റെ വിഷമമെങ്കിലും മാറട്ടെ എന്നു കരുതി ഒടുവില്‍ ഞാന്‍ ഉദയനുമൊപ്പം പോകാന്‍ തന്നെ തീരുമാനിച്ചു.

"അവനവന്‍ കുഴിക്കുന്ന......ഗാനം അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നുവോ.



ആദ്യം വന്ന ടെമ്പോ ട്രാക്സില്‍ കയറി നേരെ ആറ്റിങ്ങലേയ്ക്കുവിട്ടു.സമയം അഞ്ചാകാന്‍ പോകുന്നു.സൂര്യാബാറിന്റെ കവാടത്തിലേയ്ക്കു കയറുന്നതിനുമുമ്പ് ഞാന്‍ പരിസരമൊന്നു കണ്ണോടിച്ചു.ഏലാപ്പുറത്തുള്ളതോ പരിചയമുള്ളതോ ആയ ആരെങ്കിലും ഉണ്ടാവുമോ...ഭഗവാനെ കാത്തോളണേ.നിറയെ ബീഡിസിഗററ്റ്പുകയും അരണ്ടവെളിച്ചവും വൃത്തികെട്ട മണവും എല്ലാം നിറഞ്ഞ ബാറിനകത്തെ ഹാളില്‍ ഒരു ഒഴിഞ്ഞ മൂലയിലായി കിടന്ന മേശക്കരികില്‍ കസേരനീക്കിയിട്ട് ഞങ്ങളിരുന്നു.തലനിവര്‍ത്തി നാലുപാടും നോക്കിയ ഉദയന്‍ വെയിറ്റര്‍മാരെ ഒന്നും കാണാത്തതുമൂലം എന്നോടവിടെയിരിക്കാന്‍ കൈകൊണ്ടാംഗ്യം കാട്ടിയിട്ട് പതിയെ എഴുന്നേറ്റ് കൌണ്ടറിനു നേരെ നടന്നു.

ചുറ്റും നിന്നുയരുന്ന ശബ്ദകോലാഹലങ്ങളിലൊന്നും താല്‍പ്പര്യമില്ലാതെ ആ മനമ്മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഞാന്‍ പകച്ചിരുന്നു.അല്‍പസമയത്തിനുള്ളില്‍ കടുത്ത കളറിലുള്ള ചരക്ക് നിറച്ച ഒരു കോര്‍ട്ടര്‍കുപ്പിയും പിന്നെ ഒരു ചെറിയ പായ്ക്കറ്റ് കപ്പലണ്ടിയുമായി ഉദയനെത്തി.എന്റെ മുമ്പില് വച്ചു രണ്ടു ഗ്ലാസ്സിലുമായി അരവീതമൊഴിച്ചു വെള്ളവും ചേര്‍ത്തു ഒരെണ്ണം അവനെടുത്തിട്ട് മറ്റേത് എനിക്കുനേരെ നീട്ടി.ഗ്ലാസ്സെടുത്ത് ചുണ്ടോടടുപ്പിച്ചപ്പോള്‍ രൂക്ഷമായൊരു മണം എന്റെ നാസാരന്ദ്രങ്ങളെ മരവിപ്പിച്ചു.കണ്ണുകള്‍ ഇറുക്കെപ്പൂട്ടിക്കൊണ്ട് ഒറ്റവലിയ്ക്ക് ആ ദ്രാവകം ഞാനെന്റെ അന്നനാളത്തിലേയ്ക്കു പായിച്ചു.എവിടെയെല്ലാമോ കത്തിയെരിച്ചുകൊണ്ട് യാത്രചെയ്യുന്ന അതിന്റെ തീവ്രത കുറയ്ക്കുവാനായി ഞാന്‍ കുറച്ചു പച്ചവെള്ളം കൂടി കുടിച്ചു.ഞാനൊരു പ്രൊഫഷണല്‍ കുടിക്കാരനല്ലായിരുന്നല്ലോ.ഉദയനാകട്ടെ കുറച്ചുകുടിച്ചിട്ട് ബാക്കി മേശമേള്‍ വച്ചിട്ട് പോക്കറ്റില്‍ നിന്നും ബീഡിയെടുത്ത് ഒരെണ്ണം കൊളുത്തിവലിച്ചു.എന്റെ തലയാകെ കനം വയ്ക്കുന്നതുപോലെ.ഒരു ബീഡി വാങ്ങി ഞാനും കത്തിച്ചു.കുപ്പിയിലുണ്ടായിരുന്ന ബാക്കിയില്‍ കുറച്ചു ഞാന്‍ എന്റെ ഗ്ലാസ്സിലൊഴിച്ചു സമം വെള്ളം ചേര്‍ത്തു അതും വിഴുങ്ങി.

"കളിവീടുറങ്ങിയല്ലോ......

മന്ദീഭവിച്ചിരുന്ന ഞാന്‍ തലയൊന്നുയര്‍ത്തി.ഉദയന്‍ പാട്ടാരംഭിച്ചതാണ്.വയറ്റില്‍ ചെന്ന സാധനത്തിന്റെ വീര്യമാവാം എന്നിലെ പാട്ടുകാരന്‍ സടകുടഞ്ഞെഴുന്നേറ്റു. ഉച്ചത്തില്‍ പാടുന്ന ഉദയനൊപ്പം ഞാനും ചേര്‍ന്നു.അടുത്ത മേശമേല്‍ വിഷാദമഗ്നനായിരുന്ന താടിക്കാരന്‍ ഞങ്ങളുടെ നേരെ തിരിഞ്ഞു. ഉദയന്‍ എന്നെ നോക്കി ഒന്നു കണ്ണിറുക്കി.എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ലെങ്കിലും ഞാന്‍ ഫോമിലേക്കുയര്‍ന്നു.കളിവീടു തീര്‍ന്നതും അനിയത്തിപ്രാവ്.പിന്നെ മറ്റൊന്നു.പാട്ടിനൊത്ത് ഉദയന്‍ മേശമേല്‍ താളവുമിടുന്നുണ്ടായിരുന്നു.അല്‍പ്പസമയത്തിനുള്ളില്‍ ഞങ്ങളുടെ മേശയ്ക്കുചുറ്റും ഒരു സഹൃദയ സദസ്സ് കൂടിക്കഴിഞ്ഞിരുന്നു.ഇതിനെടയ്ക്ക് സാധനം മേടിയ്ക്കാനെഴുന്നേറ്റ ഉദയനെ അവിടെതന്നെ പിടിച്ചിരുത്തിയിട്ട് ആരോ പോയി ഒരു കുപ്പിയെടുത്തുകൊണ്ടുവന്നിരുന്നു. നല്ല ചൂടു പൊറോട്ടയും ബീഫ് ഫ്രൈയ്യുമെല്ലാം മേശമേല്‍ നിരന്നു.

എപ്പോഴോ എല്ലാം മതിയാക്കി.കനം തൂങ്ങുന്ന മിഴികളുയര്‍ത്തി ഞാന്‍ നാലുപാടും നോക്കി.തിരക്കിനൊരു കുറവുമില്ല.അടുത്ത ടേബിളിനടുത്തിരിയ്ക്കുന്ന ഉദയനെ ഞാന്‍ തോണ്ടിവിളിച്ചു.എനിക്കെങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതി.കുടിച്ചുകൊണ്ടിരുന്നത് ഫിനിഷാക്കി ഉദയനുമെഴുന്നേറ്റു.ആടിയാടി രണ്ടും കൂടി പുറത്തേയ്ക്കിറങ്ങി.നേരം നന്നായിട്ടിരുട്ടിയിരിക്കുന്നു.ഇനി ബസ്സു കിട്ടുമോ ആവോ.മാര്‍ക്കറ്റ് റോഡുവഴി ബസ്സ്റ്റാന്‍ഡിലേയ്ക്കു നടക്കുമ്പോള്‍ എന്റെ കാലുകള്‍ ശരിക്കും ആടുന്നുണ്ടായിരുന്നു.

"അളിയാ.നമുക്ക് ഓട്ടേലു പോവാമെടാ"

"അതിനു കാഷെവിടെയളിയാ" അര്‍ദ്ധബോധത്തില്‍ എന്റെ ചോദ്യം.

"അതിനൊക്കെ വഴിയൊണ്ട്.അളിയന്‍ വാ"

എന്റെ കൈപിടിച്ചുകൊണ്ട് ഉദയന്‍ മീന്‍ വില്‍ക്കുന്ന സ്ത്രീകളിരിക്കുന്ന ഭാഗത്തേയ്ക്കു നടന്നു.നിരവധിപേര്‍ മീന്‍ വാങ്ങാനും മറ്റുമായി നില്‍ക്കുന്നുണ്ട്.നല്ല മുഴുത്ത ചൂരമീന്‍ വില്‍ക്കുന്ന ഒരുത്തിയുടെ മുമ്പില്‍ ചെന്നുനിന്ന ഉദയന്‍ ഒരു വലിയ മീന്‍ തൊട്ടിട്ട് അതിനെത്ര രൂപയാണെന്ന്‍ ചോദിച്ചു.ഉദയനെക്കണ്ട അവളുടെ മുഖത്ത് അവജ്ഞ്ഞ നിറഞ്ഞു.

"ഇരുന്നൂറുരൂപ"

മുറുക്കാന്‍ ചവച്ചുകൊണ്ട് അവള്‍ പറഞ്ഞു.ഉദയനാ മീന്റെ വാലില്‍ പിടിച്ച് തൂക്കിയെടുത്തിട്ട് വെറും അമ്പത് രൂപാ എന്നുറക്കെ വിളിച്ചുപറഞ്ഞു.പെട്ടന്നുതന്നെ ഒരാള്‍ 50 രൂപാ കൊടുത്ത് ആ മീന്‍ വാങ്ങിയിട്ട് നടന്നു മറഞ്ഞു. അന്തംവിട്ടിരിയ്ക്കുന്ന മീങ്കാരിയെ ശ്രദ്ധിക്കാതെ രൂപാ പോക്കറ്റില്‍ തിരുകിയിട്ട് ഉദയന്‍ തെറ്റില്ലാത്ത മറ്റൊരു മീനെടുത്തു.ആദ്യത്തെ അമ്പരപ്പില്‍ നിന്നും മുകതയായ അവള്‍ ചാടിയെഴുന്നേറ്റ് ഉച്ചത്തില്‍ അലറിവിളിച്ചു.ബഹളം കേട്ട് അവിടേയ്ക്കു വന്ന യൂണിയനില്‍പെട്ട ഒരാള്‍ അവളോട് കാര്യമെന്താണെന്നന്വോഷിച്ചു.

"എന്റെ പൊന്നണ്ണാ.200 രൂവായ്ക്കൊള്ള മീനാണീ നായിന്റെമോനെടുത്ത് 50 രൂവയ്ക്കൊരുത്തനുകൊടുത്തത്.എന്നിട്ട് കാശും തന്നില്ല.ഒന്നു ചോയിക്കണ്ണാ"


രംഗത്തിന്റെ സ്വഭാവം മാറുന്നത് ഭയപ്പാടോടെ ഞാന്‍ കണ്ടുനിന്നു.ഉദയനുനേരെ തിരിഞ്ഞ യൂണിയന്‍കാരന്‍ തന്റെ പരുപരുത്ത കയ്യൊന്നുയര്‍ത്തുന്നതും വെട്ടിയിട്ട വാഴപോലെ ഉദയന്‍ അവിടെ കെട്ടിക്കിടന്ന മീന്‍ വെള്ളത്തിലേയ്ക്കു മറിയുന്നതും ഉദയന്റെ കയ്യിലിരുന്ന മുഴുത്ത മീന്‍ പറന്നുവന്നു എന്റെ കന്നത്തില്‍തന്നെയടിച്ചതും
എല്ലാം വളരെ പെട്ടന്നായിരുന്നു.അല്‍പ്പസമയത്തിനകമവിടെയെത്തിയ പോലീസ് ജീപ്പിനുള്ളിലേയ്ക്കു ഉദയനെ എടുത്തെറിയുകയായിരുന്നു.കൂടെ എന്നെയും.

"ഒരു ദെവസം പോലുമായില്ലല്ലോടാ ഇവിടുന്നെറങ്ങീട്ട്..പൂ..#..$.. നേ."

പോലീസുകാരന്റെ ചീത്തവിളിയും ഉയര്‍ന്നു താഴുന്ന ചൂരലും ചന്തിയില്‍ കൈപൊത്തിക്കൊണ്ടുള്ള ഉദയന്റെ നിലവിളിയുമെല്ലാം കാണുകയും കേള്‍‍ക്കുകയും ചെയ്ത് വിറച്ചു കൊണ്ട്ഞാന്‍ നിന്നു.

"മോട്ടേന്നുവിരിഞ്ഞില്ലല്ലോടാ.അതിനുമുമ്പേ കള്ളുകുടീം മോട്ടിക്കലും പിടിച്ചുപറിയുമാണല്ലേ.നല്ല കൂട്ടും...... ..**..###..$$

കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ചുകൊണ്ട് ഒരു തടിയന്‍ ചൂരലുമായി എന്റെ നേരെ വരുന്ന കാക്കിക്കാരനെ നേരിടാനാവാതെ ഞാന്‍ കണ്ണുകള്‍ പൂട്ടി.പിന്നെയൊന്നും ഞാനറിഞ്ഞില്ല.ബോധം വന്നപ്പോള്‍ ചന്തിയിലും മറ്റും അസഹ്യമായ വേദനയനുഭവപ്പെട്ടു.ഷര്‍ട്ടും കൈലിയുമൊന്നുമില്ല. ആകെ ഒരു ജട്ടിമാത്രം ധരിച്ചിട്ട് സിമന്റുതറയില്‍ കിടക്കുവാണു.എന്റെ തൊട്ടടുത്ത് ഈ ഭൂലോകവുമായി ഒരു ബന്ധവുമില്ലാത്തതുപോലെ ജട്ടീധാരിയായി ഉദയനും‍ ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്നുണ്ടായിരുന്നു.എന്റെ ആദ്യ ലോക്കപ്പ്പ്രവേശനത്തിന്റെ നീറ്റലില്‍ എന്നെത്തന്നെ ശപിച്ചുകൊണ്ട് ഞാനിരുന്നു.‍

"അവനവന്‍ കുരുക്കന്ന കുരുക്കഴി........"

ദുര്‍ഗന്ധം വമിയ്ക്കുന്ന ലോക്കപ്പുമുറിയിലെ നിശ്ശബ്ദതയില്‍ ആ ഗാനം മുഴങ്ങുന്നുണ്ടായിരുന്നുവെന്നു തോന്നുന്നു.


ശ്രീക്കുട്ടന്‍

9 comments:

  1. ഭാവന മരവിച്ചിരിക്കുന്നതുകൊണ്ടും എഴുതുവാന്‍ വിഷയങ്ങള്‍കിട്ടാതിരിയ്ക്കുന്നതുകൊണ്ടും ഒരു പഴയ സംഭവം അല്‍പ്പം പൊടിതട്ടിയെടുക്കുന്നു.ഇതില്‍ പറഞ്ഞിരിയ്ക്കുന്നത് ഒരു 90 ശതമാനവും പച്ചപ്പരമാര്‍ത്ഥമാണു.ബാക്കിയുള്ളവ മേമ്പൊടിയ്ക്കു ചേര്‍‍ത്തതും

    ReplyDelete
  2. നല്ല അനുഫവം .....

    ReplyDelete
  3. നല്ലൊരു അവതരണം... ആശംസകള്‍ !

    ReplyDelete
  4. അവനവന്‍ കുഴിക്കുന്ന

    ReplyDelete
  5. ബെസ്റ്റ് കൂട്ടുകാരന്‍ തന്നെ!

    ReplyDelete
  6. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട .. പക്ഷെ!!!!!! നന്നായി അവതരിപ്പിച്ചു കയ്യിലിരിപ്പു മോശമാണങ്കിലും..

    ReplyDelete
  7. എഴുത്ത് നല്ല രസമായിരിക്കുന്നു.. ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.

    ReplyDelete