Sunday, March 13, 2011

ക്രിക്കറ്റ് ഈസ് ദ ബെസ്റ്റ് ഗെയിം

"എവനിന്തോന്നടിയാണടിയ്ക്കുന്നത്.തേഡ്മാനിലേയ്ക്ക് ചെറുതായി കട്ടുചെയ്താപ്പോരായിരുന്നോ ആ ബാള്.ച്ഛേ..."

അവജ്ഞനയോടെ പറഞ്ഞിട്ട് ശരിയല്ലേ എന്നമട്ടില്‍ സുഷാദ് എന്നെ നോക്കി.

"ശരിതന്നളിയാ.അവനു നേരാം വണ്ണം കളിയ്ക്കാനറിയില്ല"

തേഡ്മാനേത് വാഴയ്ക്കയേതെന്നറിയില്ലെങ്കിലും ഞാന്‍ അവനെനോക്കി യെസ് വച്ചു.അല്ലെങ്കിത്തന്നെ ക്രിക്കറ്റിനെക്കുറിച്ച് എന്തേലും ചുണ്ണാമ്പെനിക്കറിയാമോ. അവമ്മാരുടെ മുമ്പില്‍ മാനം കെടണ്ടെന്നുകരുതി പത്രത്തിലുവായിച്ചതൊക്കെ മനസ്സിവച്ചോണ്ട് എന്തെങ്കിലുമൊക്കെ തട്ടിവിടുമെന്നല്ലാതെ.വയറ്റിലാണെങ്കില്‍ അല്‍പ്പം മുമ്പ് കഴിച്ച മൂലവെട്ടി കരണം കുത്തിമറിയുന്നു.കണ്ണുകള്‍ ചെറുതായി അടഞ്ഞടഞ്ഞുപോകുന്നുണ്ട്.സഞ്ജുവും സിന്തിലും രാജേഷും ലികേഷുമൊക്കെ കയ്യടിച്ച് ടീമിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഞാന്‍ മിഴികള്‍ തുറന്നുപിടിച്ച് ഗ്രൌണ്ടിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

എം ആര്‍ ഏസിക്കാരും എം ആര്‍ റ്റീവിക്കാരും തമ്മിലുള്ള വാശിയേറിയ മത്സരമാണു നടന്നുകൊണ്ടിരിയ്ക്കുന്നത്.മുമ്പ് ആറേഴുപ്രാവശ്യം ഏറ്റുമുട്ടിയതില്‍ ഒരു പ്രാവശ്യം മാത്രമാണു നമ്മള്‍(എം ആര്‍ ഏസി)വിജയിച്ചത്.ഓരോപ്രാവശ്യവും തോറ്റ ശേഷം അടുത്ത മാച്ചിനു ബെറ്റ് വച്ചിട്ടാണ് ഞങ്ങള്‍ കളം വിടുന്നത്.
അവമ്മാര്‍ ഞങ്ങളുടെ കാശുകൊണ്ട് ബേക്കറിയില്‍ നിന്നും പഫ്സും ഡ്രിംഗ്സുമൊക്കെ വാങ്ങിക്കഴിച്ച് സിഗററ്റ് വലിച്ച് പുക ഊതിപ്പറത്തുമ്പോള്‍ സത്യത്തില്‍ അപമാനഭാരത്താല്‍ നമ്മുടെ തല കുനിഞ്ഞിരിയ്ക്കും.അതുകൊണ്ടുതന്നെ ഇന്ന്‍ നമ്മുടെ ടീം മരിച്ചുകളിക്കുകയാണ്.

"ദേ കെടക്കണ് കോപ്പ്"

സുഷാദലറിവിളിച്ചു.ബിജുകുമാര്‍ ഔട്ട് ആയിരിക്കുന്നു.അങ്ങിനെ നമ്മുടെ ക്യാപ്റ്റന്റെ വിക്കറ്റും വീണിരിയ്ക്കുന്നു.ഇന്ത്യന്‍ ടീമിനെപ്പോലെയാണു നമ്മുടെ ടീമിന്റേം അവസ്ഥ.ആദ്യം ഒരുത്തന്‍ വഴി കാണിച്ചുകൊടുത്താ മതി.ബാക്കിയുള്ളവര്‍ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ വരിവരിയായി പുറകേ വന്നുകൊള്ളും.അടുത്ത ബാറ്റ്സ്മാനായി ലൂക്കോസ് ഇറങ്ങി.ഞങ്ങളവനെ ആര്‍പ്പുവിളികളോടെ യാത്രയാക്കി.

"സ്ലോ ബാളായിരുന്നളിയാ.ടൈമിംഗ് കിട്ടിയില്ല"

ബാറ്റ് കറക്കിക്കൊണ്ട് ബിജുകുമാര്‍ ഞങ്ങളുടെ ഇടയിലിരുന്നു.സുഷാദവനെ കൊല്ലാനുള്ള ദേക്ഷ്യത്തില്‍ നോക്കി.

"അളിയാ സിന്തിലേ ഇനിയെത്രകൂടി വേണോടാ".അന്തരീക്ഷത്തിനയവു വരുത്താനായി ഞാന്‍ സ്കോര്‍ വിളിച്ചു ചോദിച്ചു.

"49 കൂടി വേണമളിയാ"

ആയിക്കോട്ടെ സന്തോഷം.ലൂക്കോസില്‍ കൂടിയേ ഇനി പ്രതീക്ഷയുള്ളു.ബാക്കിയുള്ളവരൊക്കെ അശുക്കളാണ്.സുഷാദും പറച്ചിലില്‍ കേമനാണ്.അവന്‍ ഇന്നേവരെ പത്തു റണ്‍സ് തികച്ചെടുത്തിട്ടില്ല.സിന്തിലും ഷിബുവുമൊക്കെ ബൌളര്‍മാരാണല്ലോ.

"അളിയാ അടിച്ചുപൊളിയ്ക്കെടാ.അങ്ങിനെയങ്ങിനെ"

ലൂക്കോച്ചന്‍ ഒരു ഫോറടിച്ചതിന്റെ ആവേശത്തില്‍ റോമേഷിന്റെ അട്ടഹാസമാണു.അടുത്ത ബാള്‍ തട്ടിയിട്ടിട്ട് ലൂക്കോസ് ഇറങ്ങിയോടി.മറുപുറത്തുനിന്ന ലെജാദാസ് ബാറ്റിംഗ് എന്‍ഡിലേയ്ക്കും.ബാള്‍ ഫീല്‍ഡ് ചെയ്ത സുരേഷിന്റെ ത്രോ കുറ്റി തെറിപ്പിച്ചപ്പോള്‍ ലെജയുടെ ബാറ്റ് ക്രീസിനുള്ളിലുണ്ടായിരുന്നു.എം ആര്‍ റ്റീവിക്കാരുടെ അതി ശക്തമായ അപ്പീലില്‍ ആമ്പയറായി നിന്ന മിസ്റ്റര്‍ തടിയന്‍ നിസ്സാം കൈവിരലുയര്‍ത്തി ഔട്ട് പറഞ്ഞു.എന്നാള്‍ താന്‍ ഔട്ടല്ലെന്നു ലെജാദാസ് ശക്തമായി വാദിച്ചു.
റിവ്യൂ സിസ്റ്റമോ റ്റീവി റീപ്ലേയോ നിലവിലില്ലാതിരുന്നിട്ടും ബാറ്റ് എയറിലായിരുന്നു എന്ന്‍ സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കിയ നിസ്സാം ഔട്ട് തന്നെ വിധിച്ചു.ക്ലാസ്സിലെത്തുമ്പം യൂണിഫോം തലവഴിമൂടിയിട്ടിട്ട് (സ്ഫടികം മോഡല്‍)അവനെ ഇടിച്ചുപഞ്ചറാക്കാന്‍ ഞങ്ങളും അപ്പോള്‍‍ത്തന്നെ തീരുമാനിച്ചു. അടുത്തതായിറങ്ങിയ ഷിബു മടങ്ങിവന്നത് പോയതിനേക്കാള്‍ വേഗതയിലായിരുന്നു.

അതേ ഈ മത്സരവും ഞങ്ങള്‍ തോല്‍ക്കുവാന്‍ പോകുകയാണു.ഇനി ബാറ്റ് ചെയ്യാനുള്ളതു സുഷാദും ഞാനും മാത്രമാണ്.ആരു പോകണം എന്നതിനെക്കുറിച്ച് ഒരു തര്‍ക്കമുണ്ടായി.ജീവന്‍ പോയാല്‍ ഞാനിറങ്ങുമോ.ഒടുവില്‍ സുഷാദ് ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു.ബാറ്റും കയ്യിലേന്തി അതൊന്നു വട്ടത്തില്‍ കറക്കി നാലുപാടും ഒന്നു നോക്കി ഒരു യോദ്ധാവിനെപ്പോലെ ക്രീസില്‍ ചെന്ന അവന്‍ ഒന്നുരണ്ട് വട്ടം ഒന്നു ചാടുകയും മറ്റുമൊക്കെ ചെയ്തിട്ട് പശുവിനെ കെട്ടാന്‍ കുറ്റിയടിക്കുന്നതുപോലെ തറയില്‍ ബാറ്റ് വച്ച് അടിച്ചുകൊണ്ടു നിന്നു.ബൌള്‍ ചെയ്തുകൊണ്ടിരുന്ന കുമാര്‍ ഒരു ചിരിയോടെ തന്റെ അടുത്ത ഇരയെ നോക്കിയിട്ട് നല്ല ഒന്നാന്തരം വേഗതയില്‍ ഒരു പന്തെറിഞ്ഞു.എന്താണു സംഭവിക്കുന്നതെന്നു ആര്‍ക്കും ആദ്യം മനസ്സിലായില്ല.കുറച്ചു പൊടിയുയര്‍ന്നുപൊങ്ങിയത് മാത്രമറിയാം.അതൊന്നടങ്ങിയപ്പോല്‍ കണ്ടത് വെട്ടിയിട്ടതുപോലെ ക്രീസില്‍ കിടക്കുന്ന സുഷാദിനെയാണു.കുമാറിന്റെ മൂളിപ്പറന്നുവന്ന പന്ത് കൊണ്ടത് സുഷാദിന്റെ വയറിമ്മേലായിരുന്നു.അല്‍പ്പം മുമ്പ് കഴിച്ച മൂലവെട്ടിപോലും ആവിയായിപ്പോയെന്നാണു പിന്നീട് ബോധം വന്നപ്പോള്‍ അവന്‍ പറഞ്ഞത്.

അങ്ങിനെ എന്റെ ടീമിനെ വിജയിപ്പിക്കാനുള്ള ചരിത്രപരമായ നിയോഗം എന്നില്‍ വന്നു ചേര്‍ന്നു.ഉറച്ച കാല്വെയ്പ്പുകളോടെ ഞാന്‍ പുറമേ അക്ഷോഭ്യനായി ബാറ്റിംഗ് എന്‍ഡില്‍ തലയുയര്‍ത്തിപ്പിടിച്ചു നിന്നു.എന്റെ ഉള്ളം പിടയുന്നത് ആരറിയുന്നു.അക്ഷരാഭ്യാസമില്ലാത്തവന്റെ മുമ്പില്‍ രാമായണം കൊണ്ടുവച്ചിട്ട് അതു മുഴുവന്‍ ഉറക്കെ വായിക്കാന്‍ പറഞ്ഞാലെന്തോ ചെയ്യും.ലൂക്കോച്ചന്‍ എന്റെ അടുത്തുവന്ന്‍ പേടിയ്ക്കാതെ ബാള്‍ ഫെയ്സ് ചെയ്യാനൊക്കെപ്പറഞ്ഞ് പോയി.എന്റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.ആ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ കുമാറിന്റെ കൈകള്‍ അന്തരീക്ഷത്തിലുയരുന്നതും ഒരു സാധനം എനിക്കുനേരെ പാഞ്ഞുവരുന്നതും ഞാന്‍ കണ്ടു.ദയനീയമായി കണ്ണുകള്‍ അടച്ചുകൊണ്ട് വരുന്നതുപോലെ വരട്ടെ എന്നു സര്‍വ്വദൈവങ്ങളേയും വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ട് ബാറ്റ് വീശി.

ബാക്കിയെല്ലാം നിങ്ങളുടെ ഭാവനയ്ക്കു വിട്ടു തന്നിരിയ്ക്കുന്നു പൊന്നേ...................................

ശ്രീക്കുട്ടന്‍

6 comments:

  1. ക്രിക്കറ്റില്‍ എനിക്ക് വലിയ പിടി പാടായത് കൊണ്ട് തല്‍ക്കാലം ഞാനൊന്നും പറയുന്നില്ല ..

    ReplyDelete
  2. സിക്സോ..ഫോറൊ..അതോ ഔട്ടോ...
    ബാക്കീം കൂടി പറഞ്ഞിട്ട് പോ..

    ReplyDelete
  3. രമേശേട്ടാ,

    എന്തേലും ഒന്നു പറഞ്ഞുകൂടായിരുന്നോ

    ഹൈനാ,

    അത്രയ്ക്കു വേണമായിരുന്നോ

    കമ്പര്‍,

    ആ നഗ്ന സത്യം പറയാനുള്ള ശേഷിയെനിക്കില്ല....

    ReplyDelete
  4. സില്ലീ പോയിന്റ്
    സ്ലിപ്പ്
    ടീപ് കവർ
    ആന്റ് , വട്ടത്തിലുള്ള മൈതാനം.
    എനിക്കറിയാം ക്രിക്ക (റ്റ്)

    ReplyDelete
  5. ഹ ഹ ഹ ഇത്രേം പറഞ്ഞാല്‍ പോരെ.... രമേശ്‌ പറഞ്ഞ പോലെ എനിക്കീ ക്രിക്കറ്റ് കളി എന്നാല്‍ കിരുകിന്റെ അങ്ങേ അറ്റം എന്നാണു.. :))

    ReplyDelete