Thursday, March 17, 2011

ഇരകള്‍

കത്തിത്തീരാറായ സിഗററ്റ് ഒരിക്കല്‍ക്കൂടി ചുണ്ടോടുചേര്‍ത്ത് പരമാ​വധി പുക ഉള്ളിലേക്ക് വലിച്ചുകയറ്റിയിട്ട് സിഗററ്റുകുറ്റി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞശേഷം ഡ്രൈവര്‍ തന്റെ ശരീരമൊന്നിളക്കിയിട്ട് സീറ്റില്‍ അമര്‍ന്നിരുന്നു. ഡീസല്‍ ആട്ടോയിലെ പുകക്കുഴലില്‍ നിന്നും വരുന്നതുപോലെ പുകയുടെ ചുരുളുകള്‍ അയാളുടെ മൂക്കില്‍നിന്നും വായില്‍നിന്നും അന്തരീക്ഷത്തിലേക്ക് പറന്നിറങ്ങി. ബസ്സിനുള്ളില്‍ ബസ്സില്‍ ഏകദേശം യാത്രക്കാര്‍ ബിറഞ്ഞുകഴിഞ്ഞു. തലതിരിച്ചു ബസ്സിനുള്ളിലേയ്ക്കു ഒന്നു നോക്കിയിട്ട് അയാള്‍ അക്ഷമയോടെ ഒന്നുരണ്ടുവട്ടം ഹോണ്‍ മുഴക്കി. പുറത്ത് ആരോടോ സംസാരിച്ചുകൊണ്ടുനിന്ന കണ്ടക്ടര്‍ വായില്‍ക്കിടന്ന മുറുക്കാന്‍ ഒരിക്കല്‍ക്കൂടി ചവച്ചു പതംവരുത്തി ഒന്നു നീട്ടിത്തുപ്പിയിട്ട് ബസ്സിലേയ്ക്കു കയറി ഡോര്‍ അടച്ചശേഷം നീട്ടിയൊരു വിസിലടിച്ചു. ബസ്സ് പതിയെ സ്റ്റാന്‍ഡില്‍നിന്നു നീങ്ങുവാന്‍ തുടങ്ങിയതും പെട്ടന്ന്‍ ഡോറിലാരോ തട്ടുന്ന ഒച്ചകേട്ട കണ്ടക്ടര്‍ വിസിലടിച്ചു. ഈര്‍ഷ്യയോടെ ബ്രേക്ക് ചവിട്ടിയ ഡ്രൈവര്‍ തലതിരിച്ചു കണ്ടക്ടറുടെ ഭാഗത്തേയ്ക്ക് നോക്കി. ചാടിക്കയറിയ യുവാവിനെ ഒന്നു നോക്കിയിട്ട് കണ്ടക്ടര്‍ നീട്ടി വിസിലടിച്ചതോടെ ബസ്സ് പതിയെ അതിന്റെ വേഗത കൈവരിക്കാനാരംഭിച്ചുകൊണ്ട് തന്റെ ലക്ഷ്യസ്ഥാനം തേടി പ്രയാണമാരംഭിച്ചു.

തന്റെയടുത്ത് വന്നിരുന്ന ചെറുപ്പക്കാരനെ സുധാകരന്‍ ഒന്നു പാളിനോക്കി. മെലിഞ്ഞ ദേഹം. ഒരു മുപ്പതു വയസ്സിനപ്പുറം തോന്നിക്കില്ല. സാമന്യം വളര്‍ന്നുകിടക്കുന്ന തലമുടിയും താടിയും. കരുവാളിച്ച മുഖം. ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്ന അയാളുടെ നെറ്റിയില്‍ വിയര്‍പ്പുമണികള്‍ തങ്ങി നില്‍ക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കൂട് സൌകര്യമായ സീറ്റിനടിയിലായി വച്ചിട്ട് കൈവിരല്‍ കൊണ്ട് നെറ്റിയിലെ വിയര്‍പ്പു വടിച്ചെടുത്തു ഉടുത്തിരുന്ന മുഷിഞ്ഞ മുണ്ടില്‍ തുടച്ചിട്ട് സീറ്റിലേക്കു ചാരിയിരുന്ന അയാളെ നോക്കി ഒരു സുധാകരന്‍ ഒരു പുഞ്ചിരി സമ്മാനിച്ചു.

"എന്താ പേര്?"

അതുകേട്ട് അലക്ഷ്യമായി സുധാകരനെ ഒന്നു നോക്കിയിട്ട് ചെറുപ്പക്കാരന്‍ എവിടെയ്ക്കെന്നില്ലാതെ ദൃഷ്ടി പായിച്ചുകൊണ്ട് ചാരിയിരുന്നു. ഇച്ഛാഭംഗത്തോടെ തലയൊന്നു വെട്ടിച്ചിട്ട് സുധാകരന്‍ തന്റെ സീറ്റിലേക്കുമമര്‍ന്നു. ബസ്സ് നല്ല വേഗത്തില്‍ പായുകയാണ്. പുറത്തുനിന്നുള്ള ശീതക്കാറ്റില്‍ വിറയനുഭവപ്പെട്ട സുധാകരന്‍ വിന്‍ഡോ ഷട്ടര്‍ ഇട്ടശേഷം കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് ചെറുപ്പക്കാരനെ നോക്കി. പാറിപ്പറക്കുന്ന തലമുടി ഒരു കൈകൊണ്ട് മാടിയൊതുക്കിയിട്ട് നിര്‍വികാരനെപ്പോലെയിരിക്കുന്ന അയാളെക്കുറിച്ച് എന്തെങ്കിലുമറിയണമെന്ന്‍ സുധാകരനു കലശലായ ആഗ്രഹം പൊട്ടിമുളച്ചു. എന്തായാലും മൂന്നാലുമണിക്കൂറുള്ള യാത്രയില്‍ എന്തേലും മിണ്ടിപ്പറഞ്ഞിരിക്കാമല്ലോ. ഉറക്കമൊട്ടു വരുന്നതുമില്ല.

"ഞാന്‍ സുധാകരന്‍. പട്ടണത്തിലെ ഒരു കടയിലാ ജോലി. കുറച്ചു ദിവസായി നാട്ടീപ്പോണമെന്ന്‍ വിചാരിക്കുന്നു. ഇന്നാ ഒന്നു തരപ്പെട്ടത്. എന്തുചെയ്യാം. പെണ്ണുമ്പിള്ളേം മക്കളേം ഒക്കെ കൂടെ താമസിപ്പിക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല. ഈ കിട്ടുന്ന നക്കാപ്പിച്ചകൊണ്ടെന്തോ ചെയ്യാനാ? പിന്നെ രണ്ടു പശൂം പത്തുപതിനഞ്ച് കോഴീം ആടും ഒള്ളതിനെ കളഞ്ഞിട്ട് എന്റടുത്തുവന്നു നിന്നാ രമണിയ്ക്കും ഒരു മനസ്സമാധാനമുണ്ടാവില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പം ഞാന്‍ ഒരു ഒരാഴ്ചത്തെ അവധി മേടിച്ചു വീട്ടീപ്പോവും. എന്നാലല്ലേ ഒരു രസമൊള്ളു."

കുലുങ്ങിച്ചിരിച്ചുകൊണ്ട് സുധാകരന്‍ ചെറുപ്പക്കാരന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അയാളാകട്ടെ അതൊന്നും ശ്രദ്ധിക്കാത്തമട്ടിലിരുന്നതേയുള്ളു.

"എന്റെ മൂത്തമോളുണ്ടല്ലോ സുജ. അവള്‍ക്ക് പാട്ടെന്നുവച്ചാ ജീവനാ. ടീവീലു പാട്ടുപരിപാടികളു വരുമ്പം അവളുടെ ഒരു ചാട്ടം കാണണം. കൊതിയായിപ്പോവും. പിന്നെ രണ്ടാമത്തത് ആണാ. രണ്ടുവയസ്സേ ഒള്ളങ്കിലെന്താ ഒരു പതിനഞ്ചിന്റെ കുരുത്തക്കേടാണവന്റെ കയ്യിലു. ഹൊ രണ്ടിനേം ഒരുമിച്ചു മേയ്ക്കുന്ന രമണിയെ സമ്മതിക്കണം"

ഒച്ചയോടെ പറഞ്ഞിട്ട് മകന്റെ ഏതോ കുസൃതിത്തരം ആലോചിച്ചെടുത്തിട്ടെന്നപോലെ സുധാകരന്‍ ഉറക്കെച്ചിരിച്ചു.

"അല്ല സംസാരത്തിനിടയ്ക്കു നിങ്ങടെ ചോദിക്കുവാന്‍ മറന്നു. എന്താ പേര്?"

"ജയദേവന്‍"

ചെറുപ്പക്കാരന്‍ ഇഷ്ടമില്ലാത്തവണ്ണം പറഞ്ഞു.

"നാട്ടീപ്പോവായിരിക്കും"

"അതെ"

"എവിടെയാ ജോലി. സര്‍ക്കാറിലാണോ അതോ പ്രൈവറ്റിലോ?"

സുധാകരന്‍ വാതോരാതെ ചെറുപ്പക്കാരനോട് സംസാരിച്ചുകൊണ്ടിരുന്നു. തന്റെ മോളുടേയും മോന്റേയും കുസൃതികളുടെ കഥകള്‍ പറഞ്ഞിട്ട് അയാള്‍ കുലുങ്ങിച്ചിരിച്ചുകൊണ്ടിരുന്നു. മയക്കത്തിലേക്ക് വീണ പലരും സുധാകരന്റെ ചിരിയും ബഹളവും കേട്ട് തലതിരിച്ചു ഈര്‍ഷ്യയോടെ നോക്കുന്നുണ്ടായിരുന്നു.

"അല്ല ഞാനിത്രേം ഒക്കെ പറഞ്ഞില്ല നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?"

"ഒരുത്തനെ വെട്ടിക്കൊന്നതിനു കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലിലായിരുന്നു ഞാന്‍. ഇന്നു ഉച്ചകഴിഞ്ഞാണ് പുറത്തിറങ്ങിയത്. കല്യാണം കഴിഞ്ഞു മൂന്നാമത്തെ മാസമായിരുന്നു കൊലപാതകകേസില്‍ പെട്ടത്. ജയിലില്‍ കിടക്കുമ്പോഴാ എനിക്കൊരു മോന്‍ ജനിച്ച കാര്യം ഞാനറിഞ്ഞത്. രണ്ടുമൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ കുഞ്ഞിനേയും കളഞ്ഞിട്ട് ആരുടെ ഒപ്പമോ പോയി. മോനിപ്പം എന്റെ അമ്മേടെ കൂടെയുണ്ട്. അവരുടെ അടുത്തേക്ക് പോകുവാണ്. എന്താ ഇത്രേം മതിയോ. അതോ ഇനീം വല്ലോമറിയണോ"

ക്രോധം നിഴലിക്കുന്ന മുഖഭാവത്തോടെ തന്നെനോക്കിയിരിക്കുന്ന ചെറുപ്പക്കാരനെ അവിശ്വസനീയതയോടെ നോക്കിക്കൊണ്ട് സുധാകരന്‍ അല്‍പ്പ സമയം മിണ്ടാതിരുന്നു. സമചിത്തതകൈവരിച്ചശേഷം അയാള്‍ തന്റെ ബാഗില്‍ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് കുറച്ചുകുടിച്ചിട്ട് നാലുപാടും നോക്കി. ബസ്സിലുള്ള മിക്കപേരും നല്ല ഉറക്കമാണു. ചെറുപ്പക്കാരനാവട്ടെ ഓടിമറയുന്ന മരങ്ങളേയും കെട്ടിടങ്ങളേയും നോക്കിയിരിക്കുന്നു. സീറ്റിലേയ്ക്കു ചാരിയിരുന്ന സുധാകരന്റെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അതെല്ലാം അടക്കിക്കൊണ്ട് നിശ്ശബ്ദനായി അയാള്‍ കണ്ണടച്ചിരുന്നു.

തനിക്കിറങ്ങാനുള്ള സഥലമെത്തിയപ്പോ‍ സുധാകരന്‍ തന്റെ ബാഗുമായെഴുന്നേറ്റു. സീറ്റില്‍ ചാരിയിരുന്നു മയങ്ങുന്ന ചെറുപ്പക്കാരനെ ഒന്നുപാളി നോക്കിയിട്ട് അയാള്‍ പുറത്തേയ്ക്കിറങ്ങി.
ആ ചെറുപ്പക്കാരനോടു പലതും ചോദിക്കമ്മെന്നുണ്ടായിരുന്നെങ്കിലും ഏതോ ഒരദൃശ്യശക്തി അയാളെ അതില്‍നിന്നു തടഞ്ഞു. പിന്നീടെപ്പോഴെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ ചെറുപ്പക്കാരനോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയണമെന്ന്‍ മനസ്സില്‍ കരുതിക്കൊണ്ട് സുധാകരന്‍ തന്റെ പ്രീയപ്പെട്ടവരുടെയടുത്തെത്തുവാന്‍ വെമ്പുന്ന മനസ്സുമായി ഓട്ടോറിക്ഷയില്‍ കയറിയിരുന്നു.

മൂന്നു ദിവസങ്ങള്‍ക്കുശേഷം രാവിലെ ഉമ്മറത്ത് ചൂടുചായയും കുടിച്ചുകൊണ്ട് പത്രപാരായണമാരംഭിച്ച സുധാകരന്റെ കണ്ണില്‍ മൂന്നാമത്തെ പേജിലായി കണ്ട ഒരു വാര്‍ത്ത തറഞ്ഞുനിന്നു. യുവാവിനെ ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നായിരുന്നു ആ വാര്‍ത്ത. പൂര്‍വ്വവൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നും എട്ടൊമ്പതുകൊല്ലങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട ബ്ലെയിഡ് സുനിലിന്റെ കൊലപാതകത്തിലെ പ്രധാനപ്രതിയായിരുന്ന യുവാവിനെ സുനിലിന്റെ തന്നെ സംഘാഗങ്ങളാണ് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നുണ്ടായിരുന്നു. വാര്‍ത്തയോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തില്‍ സുധാകരന്‍ സൂക്ഷിച്ചുനോക്കിക്കൊണ്ടിരുന്നു. മൂന്നുദിവസം മുന്നേ തന്റെയൊപ്പം ബസ്സില്‍ യാത്രചെയ്ത മെലിഞ്ഞ ചെറുപ്പക്കാരന്റെ നിര്‍വ്വികാരമായ മുഖമായിരുന്നു ആ ചിത്രത്തിനും.

6 comments:

 1. ചെയ്യുന്നതാരായാലും എന്തായാലും അതിന്റെ ഫലം അനുഭവിച്ചേ മതിയാവൂ..

  ReplyDelete
 2. വാളെടുത്തവന്‍ വാളാലെ.

  ReplyDelete
 3. വാളെടുത്തവൻ വാളാൽ..
  അവതരശൈലി സൂപ്പർ
  ആശംസകൾ

  ReplyDelete
 4. ശ്രീക്കുട്ടന്റെ എഴുത്ത് അസ്സലായി ..അനുഭവിപ്പിച്ചു ,.നീര്‍വികാരനെ പോലെ എന്ന് പറയേണ്ട ..പോലെ അല്ലായിരുന്നല്ലോ ..ശരിക്കും നിര്‍വികാരതയല്ലായിരുന്നോ അയാളുടെ മുഖമുദ്ര !

  ReplyDelete
 5. റാംജി സാബ്,

  നന്ദീട്ടോ,

  കമ്പര്‍,

  താങ്ക്യൂ....താങ്ക്യൂ...

  രമേശേട്ടാ,

  വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  ReplyDelete
 6. ഒരുപാട് പറഞ്ഞ കഥ..കെട്ടുറപ്പുള്ള ശൈലിയിലൂടെ നന്നായി അവതരിപ്പിച്ചു.

  ReplyDelete