Saturday, March 26, 2011

"മനസ്സാക്ഷി നഷ്ടപ്പെട്ടവര്‍"

ഒരലര്‍ച്ചയോടെ ബസ്സ് ബ്രേക്കിട്ട്നിന്നപ്പോള്‍ അയാള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.തന്റെ ചിന്താമണ്ഡലത്തെയാകെ താറുമാറിക്കൊക്കൊണ്ട് ബസ്സ് നിര്‍ത്തിയ ഡ്രൈവറെ കൊല്ലുവാനുള്ള ദേക്ഷ്യത്തോടെ അയാള്‍ നോക്കി.അയാള്‍ നശിപ്പിച്ചത് താന്‍ എത്രയോ ദിവസങ്ങളായി മനസ്സിന്റെ ആലയിലിട്ടൊരുക്കിയെടുത്തുകൊണ്ടിരുന്ന സൃഷ്ടിയെയാണു.അതിന്റെ അവസാനമടുക്കാറായപ്പോഴാണു നാശം പിടിയ്ക്കാന്‍...

തല പുറത്തേയ്ക്കെത്തിച്ചുനോക്കിയ അയാള്‍ കുറച്ചു മുമ്പിലായി ഒരാള്‍ക്കൂട്ടം കണ്ടു.വല്ല ആക്സിഡന്റുമായിരിക്കാം.അയാള്‍ പെട്ടന്ന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു.മുഷിഞ്ഞ സഞ്ചി തോളിലേയ്ക്കു വലിച്ചിട്ടിട്ട് ആള്‍ക്കൂട്ടത്തിനുനേരെ അയാളും ചെന്നു.ആള്‍ക്കാരെ വകഞ്ഞുമാറ്റിചെന്ന അയാള്‍ കണ്ടത് ദാരുണമായ കാഴ്ചയായിരുന്നു.നിറയെ ചോരയില്‍ കുളിച്ച ഒരു ചെറുപ്പക്കാരന്‍ വേദനയാള്‍ അലമുറയിടുന്നു.മറ്റൊരുവന്‍ കമിഴ്ന്നുകിടപ്പുണ്ട്.അവന്റെ ചുറ്റും ചോര തളം കെട്ടികിടപ്പുണ്ട്.തൊട്ടടുത്തുതന്നെ ചിന്നഭിന്നമായ ഒരു ബൈക്കും കിടക്കുന്നു.ഇടയ്ക്കിടയ്ക്ക് തലയൊന്നു പൊക്കി ചെറുപ്പക്കാരന്‍ ദയനീയമായി കൂടി നില്‍ക്കുന്നവരെ നോക്കുന്നുണ്ട്.എല്ലാപേരും ചുറ്റും കൂടിനിന്ന്‍ എന്തെല്ലാമോ പിറുപിറുക്കുന്നതല്ലാതെ ആരും ഒരു വണ്ടിവിളിയ്ക്കാനോ അവരെ ആശ്പത്രിയിലെത്തിക്കാനോ ശ്രമിക്കുന്നില്ല.കഥാകാരന്‍ അത്ഭുതത്തോടെ ചുറ്റും നില്‍ക്കുന്നവരെ നോക്കി.ഇത്രയ്ക്കു മനുഷ്യത്വം നഷ്ടപ്പെട്ടുപോയവരോ സമൂഹം.
അപകടത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന ചെറുപ്പക്കാരെ അയാള്‍ ദേക്ഷ്യത്തോടെ നോക്കി.ഏതെങ്കിലും ഒരാളെങ്കിലും ആ ചെറുപ്പക്കാരെ സഹായിക്കുവാന്‍ മുന്നോട്ടു വന്നെങ്കിലെന്നു അയാളാത്മാര്‍ഥമായുമാഗ്രഹിച്ചുപോയി.നിരവധി വണ്ടികള്‍ അതിനടുത്തുകൂടി കടന്നുപോകുന്നുണ്ടായിരുന്നു.

ചെറുപ്പക്കാരന്റെ രോദനം അമര്‍ത്തിയ ശബ്ദമായി മാറുന്നതും ശരീരത്തിന്റെ പിടച്ചില്‍ നേര്‍ത്തുവരുന്നതും വേദനയോടെ കണ്ടുകൊണ്ട് അയാള്‍ അവിടെ തന്നെ നിന്നു.കുറച്ചുകഴിഞ്ഞ് എവിടെനിന്നോ ഒരു പോലീസ് വണ്ടി നിന്നതും മറ്റുള്ളവര്‍ക്കൊപ്പം കഥാകാരനും ദൂരേയ്ക്കു നടന്നുമാറി.അല്‍പ്പമകലെമാറിനിന്നുകൊണ്ട് കാഴ്ചകള്‍ വീക്ഷിച്ചുകൊണ്ടുനിന്നപ്പോള്‍ കഥാകാരന്റെയുള്ളില്‍ പുതിയ സൃഷ്ടിയുടെ വേദനയും ഒപ്പം തന്നെ അതിന്റെ പേരും തെളിഞ്ഞുവന്നു.അതിങ്ങിനെയായിരുന്നു.

"മനസ്സാക്ഷി നഷ്ടപ്പെട്ടവര്‍"


ശ്രീക്കുട്ടന്‍

3 comments:

  1. മനസാക്ഷി ഇല്ലാത്ത കഥാകാരന്‍ ...
    തിരിഞ്ഞു നോക്കേണ്ട നിന്നെതന്നെയാണ് നിന്നെ പറഞ്ഞത്

    ReplyDelete