Wednesday, April 27, 2011

ഒരു വിനോദയാത്ര അഥവാ ഒരു ദുരന്തഗാഥ

1995 മേയ് മാസം 20 നു രാവിലെ 7 40 നു ഞങ്ങള്‍ ആ സാഹസികയാത്ര ആരംഭിച്ചു.7 ദിവസം നീണ്ടുനില്‍ക്കുന്ന ഞങ്ങളുടെ സ്റ്റഡി കം ടൂര്‍ പ്രോഗ്രാം.ഞങ്ങളുടെ പ്രീയപ്പെട്ട ജമാല്‍ സാറും പിന്നെ ഇലക്ട്രോണിക്സിലെ തടിയന്‍ സാറും(സോറി പേരോര്‍മ്മയില്ല)പിന്നെ ഞാനും സുഷാദും റോമേഷും ലൂക്കോസും ബിജുകുമാറും രതീഷും നിസാമും ലികേഷും അരുണും വട്ടിയൂര്‍ക്കാവ് ഷിബുവും സജിയും സാബുവും പിന്നെ പേരോര്‍മ്മയില്ലാത്ത കുറേപ്പേരും.എല്ലാപേരും കൂടി 51 പേരുണ്ടായിരുന്നു.

സ്റ്റഡി ടൂറിന്റെ ഭാഗമായി കൊല്ലത്തുള്ള ഒരു ഇലക്ട്രോണിക്സ് മീറ്ററുണ്ടാക്കുന്ന കമ്പനിയാണ് ആദ്യം സന്ദര്‍ശിച്ചത്.അവിടെ മീറ്ററുണ്ടാക്കുന്നതിന്റെ വിവിധഘട്ടങ്ങളെക്കുറിച്ചു ഞങ്ങളുടെ ഗൈഡ് പറഞ്ഞുതരുന്നത് കേട്ടുകൊണ്ടും ചുറ്റുമുള്ളതെല്ലാം കണ്ടുകൊണ്ടും കുറച്ചു സമയം ചിലവഴിച്ചു.കയറുന്നതിനു മുമ്പ് തന്നെ ജമാല്‍ സാര്‍ കര്‍ശ്ശനനിര്‍ദ്ദേശം തന്നിരുന്നു.അറിയാതെ പോലും ഒന്നും അടിച്ചുമാറ്റിക്കളയരുതെന്നു.ഇലക്ട്രിക് മീറ്ററുണ്ടാക്കുന്നിടത്തുനിന്നും എന്തടിച്ചുമാറ്റാന്‍.സൂചിയും പല്‍ചക്രങ്ങളുമൊക്കെയോ...സാറൊരു മണ്ടന്‍ തന്നെ..

അവിടെ നിന്നും ഒരു പതിനൊന്നോടെ യാത്രയായി.ഉച്ചയ്ക്ക് കൊച്ചിയുടെ വിരിമാറില്‍‍ വിശ്രമം.ഞാനും സുഷാദുമൊക്കെ തൊട്ടടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ കയറി അല്‍പ്പം ഫുഡ്ഡടിച്ചു.ജീവന്‍ നിലനിര്‍ത്തണമല്ലോ.അല്‍പ്പം വായിനോക്കി നടക്കുമ്പോഴാണു ഞങ്ങള്‍ക്കു മുമ്പേ അതായത് തലേദിവസം ടൂറിനുപോയ ഫിറ്റര്‍ സെക്ഷനിലെ ചില അംഗങ്ങളെ കണ്ടുമുട്ടിയത്.തലേദിവസി അവരുടെ കൂട്ടത്തിലുള്ള ആരോ ചിലര്‍ ഒരു പാവം പെണ്‍കുട്ടിയോട് എന്തോ നിസ്സാരമായ കമന്റ് പറഞ്ഞതിനു കശ്മലമ്മാരായ പോലീസുകാര്‍ അവമ്മാരെ പൊക്കി അകത്തിട്ടത്രേ. ഇന്നാണത്രേ വിട്ടയച്ചത്.ഭാഗ്യത്തിനു മനസ്സാക്ഷിയുള്ള പോലീസുകാരായിരുന്നതുകൊണ്ട് തല്ലിയില്ലത്രേ.എന്തായാലും രണ്ടുപേരും ബസ്സില്‍ തന്നെ കിടപ്പാണെന്നാണറിഞ്ഞത്.

ഒരു നാലുമണിയോടുകൂടി ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഗുരുവായൂരില്‍ തങ്ങാമെന്നാണു കരുതുന്നത്.മഴ ചെറുതായി ചാറുന്നുണ്ട്.ബസ്സിനുള്ളില്‍ ഒരു വശത്ത് പാട്ടും കൂത്തുമൊക്കെ പൊടിപൊടിയ്ക്കുന്നു.ബാക് സീറ്റില്‍ ചീട്ടുകളി നടക്കുകയാണു.ജമാല്‍സാറും കൂടെ കൂടിയിട്ടുണ്ട്.വട്ടിയൂര്‍ക്കാവ് കള്ളക്കളി കളിച്ചെന്നും പറഞ്ഞ് ബഹളം നടക്കുന്നുണ്ട്.പുറത്തെ മഴയിലേയ്ക്കു മിഴികള്‍ പായിച്ചു ഞാനിരുന്നു.അവളെ ഒരാഴ്ച കാണാതെയെങ്ങിനെകഴിയും എന്നതായിരുന്നു എന്റെ മനോവിചാരം.ഇതിനിടയില്‍ ഒരു കൂതറ സിനിമ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു.ഇക്കിളി സിനിമയൊന്നുമില്ലേടെയെന്ന്‍ ഏതോ കുരുത്തം കെട്ടവന്‍ വിളിച്ചു ചോദിക്കുന്നതും കേട്ടു.ഒരു സിഗററ്റ് വലിയ്ക്കണമെന്ന്‍ എനിയ്ക്കാഗ്രഹമുണ്ടായിരുന്നു.പക്ഷേ...

രാത്രി ഒമ്പതുമണിയോടെ ഞങ്ങള്‍ ഗുരുവായൂരിലെത്തിച്ചേര്‍ന്നു.സാധനങ്ങളെല്ലാം മുറിയില്‍ വച്ചിട്ട് ഞാനും സുഷാദും നിസാമും പിന്നെ ലൂക്കോസും കൂടി പുറത്തേയ്ക്കിറങ്ങി.ബസ്റ്റാന്‍ഡിനടുത്തെ ഒരു കൊച്ചു തട്ടുകടയില്‍ നിന്നും നല്ല ചൂടുകഞ്ഞിയും പയറും പപ്പടവും വയറുനിറയെ കഴിച്ച് ഓരോ സിഗററ്റും വലിച്ച് മുറിയിലേയ്ക്കു മടങ്ങവേ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ക്കിടയില്‍ നിന്നും ചില സ്ത്രീരൂപങ്ങള്‍ ഞങ്ങളെ കൈകാട്ടി വിളിയ്ക്കുന്നതു കണ്ടു.ഭക്തിയുടെ പൂങ്കാവനത്തില്‍ നടക്കുന്ന മാംസവ്യാപാരത്തിന്റെ അവസാന കണ്ണിയിലുള്ളവര്‍.അവരെയവഗണിച്ചുമുമ്പോട്ട് നടന്നപ്പോള്‍ തട്ടുകടയ്ക്കടുത്ത് ബീഡിയും വലിച്ചു നിന്നിരുന്ന ഒരാള്‍ ഞങ്ങളെ സമീപിച്ച് നല്ല കുട്ടികളുണ്ട് വരുന്നോ എന്നൊക്കെ ചോദിച്ചു.ഞങ്ങള്‍ പെട്ടന്നു തന്നെ സ്ഥലം കാലിയാക്കി.മുറിയിലെ ബഹളത്തിലും മറ്റും ഒരു പോള കണ്ണടയ്ക്കാന്‍ പറ്റിയില്ല.ഉറങ്ങി എന്നു പറയാതിരിക്കുകയാവും ഭേദം.

പുലര്‍ച്ചെ തന്നെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. സുഖദമായ പുലര്‍കാലത്തിന്റെ ആലസ്യത്തില്‍ മയങ്ങി ഞാനും പതിയെ ഉറക്കത്തിലേയ്ക്കു വഴുതിവീണു.ചുമലില്‍ കുലുക്കി സുഷാദാണെന്നെയുണര്‍ത്തിയത്. നീലഗിരിയെത്തിയിരിക്കുന്നു.കാപ്പിയോ മറ്റോ കുടിയ്ക്കാനായി അരമണിയ്ക്കൂറുണ്ടെന്ന്‍ ജമാല്‍ സാര്‍ വിളിച്ചുപറഞ്ഞു.ഞങ്ങള്‍ ബസ്സില്‍ നിന്നുമിറങ്ങി.നിരനിരയായ ചെറുകടകള്‍.ഏറ്റവും കൂടുതലുള്ളത് ബ്രാന്‍ഡിക്കടകള്‍ തന്നെ.ഞാന്‍ കല്ലുവിനെ(സുഷാദ്)ഒന്നു നോക്കി.അവന്‍ കണ്ണടച്ചുകാട്ടിയിട്ട് മുമ്പോട്ട് നടന്നു.ഞാനും.ഒരു പെട്ടിക്കടയില്‍ നിന്നും ഒരു പായ്ക്കറ്റ് വില്‍സും മേടിച്ചിട്ട് നാലുപാടും നോക്കി ഒരു ബ്രാന്‍ഡിക്കടയില്‍ ഞങ്ങള്‍ പെട്ടന്നു കയറി.അതിനകത്തുതന്നെ കുടിയ്ക്കാനുള്ള സൌകര്യമൊരുക്കിയിട്ടുണ്ട്.ഒരു ക്വാര്‍ട്ടര്‍ ബാഗ്പൈപ്പറും വാങ്ങി ഞാനും കല്ലുവും കൂടി കടയുടെ പുറകുവശത്തേയ്ക്കു നടന്നു.അവിടെ കൈവരിയോടു ചേര്‍ന്നുനിന്ന്‍ ഒരു പൈന്റുകുപ്പി പൊട്ടിച്ച് അത് ഒരു തടിയന്‍ ഗ്ലാസ്സിലൊഴിച്ച് വെള്ളം പോലും ചേര്‍ക്കാതെ വിഴുങ്ങിയശേഷം കാലിക്കുപ്പി പുറത്തേയ്ക്കു വലിച്ചെറിഞ്ഞിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയ വയസ്സനെ ഞാന്‍ കണ്ണുമിഴിച്ചു നോക്കി നിന്നു.ഞങ്ങള്‍ വാങ്ങിയ കൊക്കോകോളയും ബ്രാന്‍ഡിയും കൂടി മിക്സ് ചെയ്തിട്ട് ഓരോ സിഗററ്റും കത്തിച്ച് അതു മെല്ലെ വിഴുങ്ങി.വിശപ്പിന്റെ അലകള്‍ നക്കിതോര്‍ത്തിക്കൊണ്ടിരുന്ന അന്നനാളത്തിലൂടെ ഒരെരിച്ചിലുസമ്മാനിച്ചുകൊണ്ടതിറങ്ങിപ്പോയി.നല്ല മൂഡ് തോന്നിയതിനാല്‍ ഒരെണ്ണം കൂടി വാങ്ങി.അതില്‍ നിന്നും അല്‍പ്പം കഴിച്ചിട്ട് ബാക്കി കൊക്കോകോളക്കുപ്പിയിലൊഴിച്ച് മിക്സ് ചെയ്തിട്ട് ഞങ്ങള്‍ പുറത്തേയ്ക്കിറങ്ങി.

ബസ്സിനുള്ളില്‍ കയറി ഒരു കവിളുകൊക്കോകോള കൂടി കുടിച്ചതോടെ എന്റെ കണ്ട്രോല്‍ പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.ഞാന്‍ തൊട്റ്റടുത്തിരുന്ന ശ്രീകുമാറിന്റെ തോളിലേയ്ക്കു തലവച്ചിരുന്നു.അല്‍പ്പ സമയത്തിനകം ബസ്സിന്റെ പ്ലാറ്റ്ഫോര്‍മില്‍ നീണ്ടുനിവര്‍ന്നുകിടന്ന്‍ കല്ലു കൂര്‍ക്കംവലിച്ചുറക്കമാരംഭിച്ചു. ഞങ്ങളുടെ അടുത്തുവന്നു നോക്കിയ ജമാല്‍ സാര്‍ മൂക്കും ചുളിപ്പിച്ചുകൊണ്ട് ദേക്ഷ്യപ്പെട്ട് പോയതായി നോര്‍മ്മലായപ്പോള്‍ ചിലര്‍ പറയുന്നതുകേട്ടു.ഈ സമയം ബ്രാന്‍ഡിക്കടയിലെ അണ്ണാച്ചി ഞങ്ങളെ തിരക്കി ബസ്സിലെത്തിച്ചേര്‍ന്നു.കോട്ടറുവാങ്ങീട്ട് കാശുകൊടുക്കാതെ രണ്ടുപേര്‍ വന്നെന്നും അയാക്ക് പൈസകിട്ടിയേ പറ്റൂ എന്നും ബഹളം വയ്ക്കുന്നത് അര്‍ദ്ധമയക്കത്തില്‍ എന്റെ കാതില്‍ കേള്‍ക്കാമായിരുന്നു.ഒടുവില്‍ ഒരു ചെറു തെറിവിളിച്ചുകൊണ്ട് സാര്‍ പോക്കറ്റില്‍ നിന്നും കാശെടുത്ത് തമിഴനു കൊടുത്തു.സീറ്റുകളില്‍ മയങ്ങിമയങ്ങിയിരിക്കുന്ന കുരുത്തം കെട്ടവമ്മാരെ എല്ലാമൊന്നു രൂക്ഷമായി ഒരിക്കല്‍ കൂടി നോക്കിക്കൊണ്ട് സാര്‍ തന്റെ സ്സീറ്റില്‍ പോയിരുന്നു.ബോധമില്ലാത്ത ഞങ്ങളേയും വഹിച്ചുകൊണ്ട് ആ ബസ്സ് വൃന്ദാവന്‍ ഗാര്‍ഡന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.അടിയുടെ പൊടിപൂരം ഞങ്ങള്‍ക്കായി കാത്തുവച്ചുകൊണ്ട് ഞങ്ങളേയും കാത്ത് അ ഉദ്യാനസുന്ദരി അലസമയക്കത്തിലാണ്ടുകിടക്കുന്നുണ്ടായിരുന്നു


തുടരും......

ശ്രീക്കുട്ടന്‍

Sunday, April 24, 2011

വിതച്ചതിന്റെ ബാക്കി..

ട്രയിനിന്റെ കടകടാശബ്ദമൊന്നുമറിയാതെ ചാരിയിരുന്നുറങ്ങുന്ന സുധീപിനെ അശ്വതി കൊതിയോടെ നോക്കിക്കൊണ്ടിരുന്നു.അവനെയുണര്‍ത്താതെയവള്‍ ആ കൈവിരലുകളില്‍ അരുമയായി തലോടി.പുറത്തുനിന്നടിയ്ക്കുന്ന കാറ്റില്‍ അവളുടെ മുടിയിഴകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു.ഇനിയും എത്ര സമയമെടുക്കുമോ ആവോ പട്ടണത്തിലെത്താന്‍.ഒരു ചെറുനെടുവീര്‍പ്പിട്ടുകൊണ്ട് സീറ്റിലേയ്ക്കു ചാരിയിരുന്ന അശ്വതി തന്റെ മിഴികളടച്ചു.

ആലോചിക്കുമ്പോള്‍ തനിയ്ക്കു തന്നെ അത്ഭുതം തോന്നുന്നു.അല്ലെങ്കില്‍ പ്രീയപ്പെട്ട അച്ഛനുമമ്മയേയും പിന്നെ അരുണേട്ടനേയുമൊക്കെ വിട്ട് നാലുമാസം മുമ്പ് മാത്രം തന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്ന ഒരാളിനൊപ്പം ഇറങ്ങിപ്പുറപ്പെടുവാന്‍ താന്‍ തയ്യാറാകുമായിരുന്നോ.തന്നെ കാണാതെ അച്ഛന്‍ വല്ലാണ്ടു വിഷമിക്കുന്നുണ്ടാവും.ഇപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞില്ലേ.തന്നെ കണ്ടെത്താനാവാതെ തളര്‍ന്ന അച്ഛന്‍ സ്കൂളിന്റെ മുറ്റത്തുള്ള മരച്ചോട്ടിനുള്ളില്‍ നില്‍ക്കുന്നത് അവള്‍ ഭാവനയില്‍ കണ്ടു. താന്‍ ക്രൂരയായിപ്പോയോ.ഇനി തനിയ്ക്ക് സുജയോടും വിദ്യയോടുമൊപ്പമൊന്നും കൂട്ടുകൂടാനാവില്ല.പുഴയില്‍ കുളിക്കുവാനോ ഏട്ടനോടൊപ്പം സൈക്കില്‍ ചവിട്ടുവാനോ കാവിലെ ഉത്സവം കാണുവാനോ കഴിയില്ല.ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നനവണിഞ്ഞു.

സുധീപിനെ എപ്പോഴാണാദ്യം കണ്ടത്.അവളൊന്നോര്‍ത്തുനോക്കി.നിമയുടെ ചേട്ടന്റെ കല്യാണത്തിനു പട്ടണത്തില്‍ പോയപ്പോളാണാദ്യം അവനെ കാണുന്നത്.കല്യാണത്തിരക്കിനിടയില്‍ എപ്പോഴേ രണ്ടുകണ്ണുകള്‍ തന്റെ ചുറ്റും പാറിവീഴുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോള്‍ എന്തായിരുന്നു മനസ്സില്‍. ഒന്നുരണ്ടു പ്രാവശ്യം മിഴിയിണകള്‍ കൂട്ടിമുട്ടിയപ്പോള്‍ സഹജമായൊരു ലജ്ജ തന്റെ മുഖത്ത് വിരിഞ്ഞതവന്‍ കണ്ടുപിടിച്ചിരുന്നു.ഒടുവിള്‍ എല്ലാവരും പിരിയാറാവുന്ന നേരത്ത് സൂത്രത്തില്‍ തന്റെയടുത്ത് വന്നു പേരു ചോദിച്ചതും പിന്നെ
രണ്ടു ദിവസങ്ങള്‍ക്കു ശേഷം തന്റെ സ്കൂളിന്റെ മുമ്പില്‍ വന്നു നിന്ന്‍ തന്നെ അത്ഭുതപ്പെടുത്തിയതും അവള്‍ ഓര്‍ത്തെടുത്തു.അവന്റെ നോട്ടം തന്റെ ഉള്ളിലെവിടെയൊക്കെയോ കൊളുത്തിവലിയ്ക്കുവാന്‍ പോന്നതായിരുന്നില്ലേ.അല്ലെങ്കില്‍ തന്നെ ആ ആകര്‍ഷകമായ പെരുമാറ്റത്തിലും സംസാരത്തിലും മനം മയക്കുന്ന ചിരിയിലുമെല്ലാം താനെപ്പോഴേ കുടുങ്ങിപ്പോയിരുന്നു.

മയക്കത്തില്‍ നിന്നുമുണര്‍ന്ന സുധീപ് അവളെ നോക്കി ഹൃദ്യമായൊന്നു ചിരിച്ചു.കയ്യെത്തി അവളെ തന്റടുത്തേയ്ക്ക് ചേര്‍ത്തിരുത്തിയിട്ട് അവന്‍ അവളുടെ തലമുടിയില്‍ മെല്ലെ തഴുകി.അവളാകട്ടെ അവനെ പറ്റിചേര്‍ന്നിരുന്നു.

ഒരു വല്ലാത്ത ഒച്ചയോടെ തീവണ്ടി കിതച്ചുകൊണ്ട് നിന്നു.ബാഗുമെടുത്ത് സുധീപിന്റെ കൈപിടിച്ചവള്‍ പുറത്തേയ്ക്കിറങ്ങി.പ്ലാറ്റ്ഫോം നിറഞ്ഞൊഴുകുന്ന പുരുഷാരത്തെ അവള്‍ അതിശയത്തോടെ നോക്കി നിന്നു. അവളുടെ കയ്യും പിടിച്ച് സുധീപ് ആ ആള്‍ക്കൂട്ടത്തിലേയ്ക്കു ചേര്‍ന്നു.പുറത്തിറങ്ങിയ അവന്‍ ഒരു ടാക്സി വിളിച്ച് ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞു.നഗരത്തിന്റെ തിരക്കിലൂടെ ഊളിയിട്ട് അവരേയും വഹിച്ച് ആ ടാക്സി ലക്ഷ്യസ്ഥാനത്തേയ്ക്കു പാഞ്ഞു.ഒരു ഇടുങ്ങിയ തെരുവിലാണാ യാത്ര അവസാനിച്ചത്.

"കയറിവാ.ഞാന്‍ പറഞ്ഞിട്ടില്ലേ.സുശീലാമ്മായിയെക്കുറിച്ച്.അവര്‍ക്ക് ഞാനൊരു മോനെപ്പോലെയാ. നിന്റെ കാര്യം പറഞ്ഞപ്പോള്‍ അമ്മായിയാ പറഞ്ഞത് നിന്നെ ഇങ്ങു കൂട്ടിക്കൊണ്ട് വരുവാന്‍.അവര്‍ക്കും ഒരു കൂട്ടാവുമല്ലോ"

മുകളിലത്തെ നിലയിലേയ്ക്കുള്ള പടികള്‍ കയറുമ്പോള്‍ സുധീപ് അശ്വതിയോടായി പറഞ്ഞു.അവളാകട്ടെ നേര്‍ത്തൊരു പരിഭ്രമത്തോടെ പടവുകള്‍ കയറി.സുധീപിന്റെ അമ്മായിയുടെ ചോദ്യങ്ങള്‍ക്കെല്ലാമവള്‍ എന്തെല്ലാമോ മറുപടികള്‍ കൊടുത്തു.അവള്‍ക്ക് ചെറിയ പരിഭ്രമമുണ്ടായിരുന്നു.തെരുവില്‍ വച്ച് തന്റെ കാലില്‍ പറ്റിയ ചെളി കഴുകിക്കളയാനായി അവള്‍ ബാത്റൂമിലേയ്ക്കു കയറി.സുധീപും അമ്മായിയും തങ്ങളുടെ സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. കാലും മുഖവുമൊക്കെയൊന്നു വൃത്തിയാക്കി ബാത്റൂമില്‍ നിന്നും പുറത്തിറങ്ങിവന്ന അശ്വതി സോഫയിലേയ്ക്കിരുന്നു.ഒരിക്കലും കഴുകിയാലും കഴുകിയാലും തീരാത്തത്ര ചെളിപുരളുവാനുള്ള ദേഹവുമായി.

ശ്രീക്കുട്ടന്‍

Thursday, April 21, 2011

രണ്ടു പ്രശ്നോത്തരികള്‍

കൂട്ടുകാരെ,

ഇന്നത്തെ ദിവസം വളരെയേറെ മുഷിപ്പന്‍ ദിവസമായി എനിക്കനുഭവപ്പെട്ടതുകൊണ്ടും പുതുതായി എന്തെങ്കിലും എഴുതുന്നതിനായി എന്റെ മരിച്ചുമരവിച്ചുകിടക്കുന്ന ഭാവന മടിപിടിയ്ക്കുന്നതുകൊണ്ടും മുമ്പ് ആരില്‍ നിന്നോ കേട്ടിട്ടുള്ള രണ്ടു പ്രശ്നോത്തരികള്‍ നിങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കുന്നു.ദയവുചെയ്ത് എന്നെപ്പോലെ മുഷിഞ്ഞിരിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവന്ന്‍ ഈ പ്രശ്നോത്തരിയുടെ ഉത്തരം കണ്ടെത്തി തന്നാല്‍ ഉപകാരമായിരിക്കും.ആദ്യമേ പറയാം ഇത് എന്റെ സ്വന്തമല്ല.അതുകൊണ്ട് തന്നെ ഇതിന്റെ അവകാശവും എനിക്കു വേണ്ട.

1. ഏഴു കള്ളമ്മാര്‍ സമ്പന്നമ്മാര്‍ താമസിക്കുന്ന ഒരിടത്തൊരുമിച്ചുകൂടി.മോഷണമെല്ലാം കഴിഞ്ഞ് ഇന്ന സ്ഥലത്ത് ഒത്തുകൂടണമെന്നും അന്നു രാത്രി മോഷ്ടിക്കുന്നതെന്തു തന്നെയായാലും അതു എല്ലാപേരും തുല്യമായി വീതിച്ചെടുക്കണമെന്നും തീര്‍ച്ചയാക്കിയിട്ട് അവരേഴുപേരും നാലുപാടുമായി മറഞ്ഞു.അതിലൊരു കള്ളനു ഒരു വീട്ടില്‍ നിന്നും വളരെയേറെ സ്വര്‍ണ്ണനാണയങ്ങള്‍ കിട്ടി.താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച മുതല്‍ മറ്റാര്‍ക്കും കൊടുക്കണ്ട എന്നു കരുതി ആ കള്ളന്‍ തടിതപ്പാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു കള്ളന്‍ അവിടെയെത്തി.സ്വര്‍ണ്ണനാണയം കണ്ടപ്പോള്‍ അവനും അതിലവകാശമുന്നയിച്ചു.രണ്ടുപേരും അല്‍പ്പനേരം തര്‍ക്കിച്ചശേഷം അതു രണ്ടായി പങ്കുവയ്ക്കാന്‍ തീരുമാനിച്ചു.എന്നാല്‍ രണ്ടായി പകുത്തപ്പോള്‍ ഒരു നാണയം ബാക്കി വന്നു.അപ്പോള്‍ ആ ഒരു നാണയത്തിനായി അവര്‍ തര്‍ക്കമാരംഭിച്ചു.ഈ സമയം മൂന്നാമത്തെ കള്ളനും എത്തിച്ചേര്‍ന്നു.തുടര്‍ന്ന്‍ സ്വര്‍ണ്ണനാണയങ്ങള്‍ മൂന്നായി വീതിച്ചു.അപ്പോഴും ഒരെണ്ണം ബാക്കിവന്നു.പ്രശ്നമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.പിന്നീട് നാലാമനും അഞ്ചാമനും ആറാമനും വരുകയും നാണയങ്ങള്‍ വീതിച്ചപ്പോഴെല്ലാം കൃത്യമായി ഒരെണ്ണം ബാക്കി വരികയും ചെയ്തുകൊണ്ടിരുന്നു.ഒടുവില്‍ ഏഴാമന്‍ വന്നുചേര്‍ന്നപ്പോള്‍ വീണ്ടുമൊരിക്കല്‍ക്കൂടി പങ്കുവയ്ക്കുകയും അപ്പോള്‍ എല്ലാ പേര്‍ക്കും കൃത്യ എണ്ണം കിട്ടുകയും ചെയ്തു.അങ്ങിനെയെങ്കില്‍ മൊത്തം എത്ര സ്വര്‍ണ്ണനാണയങ്ങളാണുണ്ടായിരുന്നത്? എത്രവീതമാണ് ഓരോരുത്തര്‍ക്കും കിട്ടിയത്?



2. ഒരാള്‍ ആയിരം രൂപയ്ക്ക് ചില്ലറ മാറുന്നതിനായി ഒരു വ്യാപാരിയെ സമീപിച്ചു.വ്യാപാരി ആയിരം രൂപയ്ക്ക് തുല്യമായ ഒരു രൂപാനാണയങ്ങള്‍ പത്തു കിഴികളിലായി കെട്ടി അത് അയാള്‍ക്ക് കൊടുത്തു. മാത്രമല്ല ആര് ആയിരം രൂപയ്ക്കകത്തുള്ള എത്ര തുക ചോദിച്ചാലും കിഴിതുറന്ന്‍ എണ്ണി നോക്കാതെ തന്നെ നല്‍കാമെന്നു പറയുകയും ചെയ്തു.അതില്‍ വിശ്വാസം വരാതിരുന്ന ആള്‍ വ്യാപാരിയോട് 273 രൂപ തനിയ്ക്കു വേണമെന്നു പറഞ്ഞു. വ്യാപാരിയാവട്ടെ ഒരു നിമിഷം പോലും കളയാതെ രണ്ടുമൂന്നു കിഴികള്‍ എടുത്ത് അയാള്‍ക്ക് നീട്ടി.കിഴി തുറന്ന്‍ നാണയങ്ങള്‍ എണ്ണിനോക്കിയപ്പോള്‍ അത് കൃത്യം തുകയുള്ളതായിക്കണ്ട അയാള്‍ അതിശയിച്ചുപോയി. ഓരോ കിഴിയിലും എത്രവീതം നാണയങ്ങള്‍ വച്ചാലാണു ഇപ്രകാരം കിഴി തുറന്നു നോക്കാതെ കൃത്യതുക നല്‍കാനാവുക?


"ചുമ്മാ ജോലിയൊന്നുമില്ലാത്തതുകൊണ്ടാണീ പരിപാടികള്‍.എന്നെങ്കിലും ഒരു ദിവസം എന്റെ മേല്‍ ബോസ്സിന്റെ പിടിവീഴും.അപ്പോള്‍ സംഭവം എല്ലാം നിന്നുകൊള്ളും.അങ്ങിനെ പിടിവീഴാതെ എന്റെ ചാത്തമ്മാര്‍ എന്നെ കാത്തുകൊള്ളും എന്നു ഞാന്‍ വിശ്വസിച്ചോട്ടെ.ഹെന്റെ ചാത്തമ്മാരേ.."

സമ്പാദനം : ശ്രീക്കുട്ടന്‍

Tuesday, April 19, 2011

വരനും ആത്മാര്‍ഥസ്നേഹിതമ്മാരും

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണിത്.

വരന്‍ താലിചാര്‍ത്തുന്നതിനുമുമ്പ് വരന്റെ കൂട്ടുകാര്‍ വധുവിന്റെ കഴുത്തില്‍ മാലയിടുകയും അതിനെ വധുവിന്റെ ബന്ധുക്കള്‍ എതിര്‍ക്കുകയും ചെയ്തതിനെതുടര്‍ന്ന്‍ നടന്ന കൂട്ടത്തല്ലിനും പോലീസ് ലാത്തിച്ചാര്‍ജ്ജിനും ശേഷം വധുവും കൂട്ടരും പോലീസ് സ്റ്റേഷനില്‍ വച്ച് വിവാഹമോചനം നേടി.ഏരമംഗലം എന്ന സ്ഥലത്താണത്രേ ഈ സംഭവം നടന്നത്.ഒരു പെണ്‍കുട്ടിയെ ഇപ്രകാരം വിഡ്ഡിവേഷം കെട്ടിച്ചതിന് ആ വരനും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥസ്നേഹിതമ്മാര്‍ക്കും അഭിനന്ദനങ്ങള്‍..നിങ്ങളാണാണുങ്ങള്‍..ത്ഫൂ.....ഇനിയും ഇതേപോലെ സാമൂഹ്യപ്രതിബദ്ധതയുള്ള കാര്യങ്ങള്‍ ചെയ്ത് നിങ്ങളുടെ നാടിനേയും നാട്ടുകാരേയും പ്രശസ്തിയുടെ പരകോടിയിലെത്തിക്കുവാന്‍ തയ്യാറാകണമെന്ന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു...

പത്രവാര്‍ത്ത താഴെ ചേര്‍ക്കുന്നു.






ശ്രീക്കുട്ടന്‍

Sunday, April 10, 2011

മിന്നുവിനൊരു പാവക്കുട്ടി

"എന്റെ പുതിയ ടീഷര്‍ട്ട് കാണുന്നില്ലല്ലോ വിജയേട്ടാ?"

റൂമിനകത്തുനിന്നു രാജേഷിന്റെ ഒച്ചയുയര്‍ന്നപ്പോള്‍‍ വിജയനു സത്യത്തില്‍ ദേഷ്യമാണു തോന്നിയത്.എത്രനേരമായി താന്‍ റെഡിയായിനില്‍ക്കുന്നു. പോയിവന്നിട്ടുവേണം കുമാറിന്റെ താമസസ്ഥലത്തുവരെയൊന്നുപോകാന്‍. അവന്റെ കൊച്ചിനെന്തെല്ലാമോ സാധനം വാങ്ങിവച്ചിട്ടുണ്ട്.അതൊന്നെടുക്കണം.നാളെ പിന്നെ പെട്ടികെട്ടലും പാര്‍ട്ടിയും ഒക്കെക്കൂടി നിന്നുതിരിയാന്‍ സമയം കിട്ടില്ല.

"എടാ രാജേഷേ ഇതെന്തൊരൊരുക്കമാടാ.ഏതെങ്കിലുമൊരു ഷര്‍ട്ടെടുത്തിട്ടോണ്ട് നീ ഒന്നുവന്നേ.നമ്മള്‍ നിനക്കു പെണ്ണു കാണാനല്ല പോകുന്നത്. എനിക്കു കുറച്ച് സാധനം മേടിയ്ക്കാനാ.എനിക്ക് വേറൊരു സ്ഥലത്തുകൂടി പോകാനുള്ളതാ"

റൂമിലേയ്ക്ക് നോക്കി വിജയന്‍ വിളിച്ചുപറഞ്ഞു.

"സോറി വിജയേട്ടാ ഞാന്‍ അല്‍പ്പം താമസിച്ചുപോയി"

മുഖത്ത് എന്തോ ക്രീം തേച്ചുപിടിപ്പിച്ചുകൊണ്ട് പുറത്തേയ്ക്കുവന്ന രാജേഷ് മുറിപൂട്ടി താക്കോല്‍ പുറത്ത് തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയ്ക്കുള്ളില്‍ വച്ചിട്ട് വിജയനൊപ്പം പുറത്തേയ്ക്കുനടന്നു. ശ്രദ്ധാപൂര്‍വ്വം റോഡുമുറിച്ചുകടന്ന അവര്‍ ബസ്റ്റോപ്പ് ലക്ഷ്യമാക്കി വേഗംനടന്നു.

"എന്താടായിത്.നന്നായിട്ട് മുഖം തൊടയ്ക്ക്.സ്പ്രേ തീര്‍ന്നുപോയായിരുന്നോ.കൊറച്ചുകൂടി അടിക്കാതിരുന്നതെന്താ?"

"എന്റെ ചേട്ടാ ഈ സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ ചിലപ്പോള്‍ നല്ല ഒന്നാന്തരം പെമ്പിള്ളാരു വരും.അവരു സാധനം വാങ്ങാനായിട്ടു മാത്രമല്ല വരുന്നത് എന്നെപ്പോലുള്ള നല്ല സുന്ദരക്കുട്ടപ്പമ്മാരായ ചുള്ളമ്മാരെ കാണുന്നതിനും കൂടിയാ.അവരുടെ ശ്രദ്ധ കിട്ടണമെങ്കില്‍ അല്‍പ്പസ്വല്‍പ്പം ഒരുങ്ങിയൊക്കെത്തന്നെപോണം.നിങ്ങളു പെണ്ണും കെട്ടി ദേ ഇപ്പോ ഒരു കൊച്ചിന്റെ അച്ഛനുമായതുകൊണ്ട് ആരേം നോക്കേംപിടിയ്ക്കേം വേണ്ട.അതുപോലാണോ ഒരു ബാച്ചിലറായ ഞാന്‍.എങ്ങിനെയെങ്കിലും ഒന്നിനെ വളച്ചെടുക്കാന്‍ ഇവിടെ പെടാപ്പാടുപെടുവാ"

"ഈക്കണക്കിനു നീ ശരിയ്ക്കും പാടുപെടും.പിന്നെ ആരെ വളയ്ക്കാന്‍ ശ്രമിച്ചാലും ശരി അതെല്ലാം ഒരു എന്റടുത്തൂന്ന്‍ ഒരു പത്തിരുന്നൂറു മീറ്റര്‍ മാറിനിന്നിട്ടു മതി.എന്റെ കൊച്ചിനെ ഒന്നു കാണണമെന്ന്‍ ഒരാഗ്രഹമുണ്ട്.ആറേഴുവര്‍ഷം കഴിഞ്ഞ് ഒന്നാറ്റുനോറ്റുകിട്ടിയതാ"

"ഓ ഈ ചേട്ടന്റെ ഒരു തമാശ.ദേ ബസ്സു വരുന്നു"

ബസ്സിലിരിക്കുമ്പോള്‍ വിജയന്‍ ആലോചനയോടെ കണ്ണുകള്‍ പൂട്ടി.നാളെ ഒരു രാത്രികൂടിക്കഴിഞ്ഞാല്‍ താന്‍ തന്റെ വീട്ടില്‍.ചിലപ്പോല്‍ തന്നെക്കാണുമ്പോള്‍ സുമ കരയുമായിരിക്കും.മിന്നുമോള്‍ തന്നെ തിരിച്ചറിയുമോ ആവോ?.എവിടെ !അതിനു അവള്‍ തന്നെക്കണ്ടിട്ടില്ലല്ലോ.ആറേഴുവര്‍ഷം സങ്കടപ്പെട്ടതിനു ശേഷം ഭഗവതി തനിയ്ക്കും സുമയ്ക്കും തന്ന നിധിയാണവള്‍.പല്ലില്ലാത്ത മോണകാട്ടി ഒരു കുഞ്ഞുമുഖം തന്നെ നോക്കിച്ചിരിയ്ക്കുന്നത് ചെറുമയക്കത്തില്‍ വിജയന്‍ സ്വപ്നം കണ്ടു.

"ഇനിയെന്തൊക്കെ വാങ്ങാനുണ്ട് ചേട്ടാ?".

ഹൈപ്പര്‍മാര്‍ക്കറ്റിനുള്ളിലൂടെ ട്രോളിയും തള്ളിനീക്കി കൂടെനടക്കുമ്പോള്‍ രാജേഷ് ചോദിച്ചു.

"അമ്മയ്ക്കൊരു നല്ല ബ്ലാങ്കെറ്റ് മേടിയ്ക്കണം.പിന്നെ ഒരു ഫ്ലാസ്ക്ക്.ആശുപത്രീലൊക്കെ പോകുന്നതല്ലേ.പിന്നെ സുമയ്ക്കൊരു സാരിയും വാങ്ങണം.മോള്‍ക്കുള്ളതെല്ലാം വാങ്ങിക്കഴിഞ്ഞതാ.വാങ്ങിച്ച തുണിയൊക്കെ കറക്റ്റായിരിക്കുമോ ആവോ"

"ദേ ഇതു മിന്നുമോള്‍ക്ക് എന്റെ വക. ദേ ഇവിടെ കൈ തൊട്ടു ഞെക്കിയാല്‍ പാവ ഡാന്‍സുകളിയ്ക്കും"

രാജേഷ് ആ പാവയെ തറയില്‍നിറുത്തിയിട്ട് അതിന്റെ സ്വിച്ചില്‍ അമര്‍ത്തിയപ്പോള്‍ മനൊഹരമായ സംഗീതത്തിനൊപ്പം ആ പാവ ഡാന്‍സ് കളിക്കാനാരംഭിച്ചു. അതണിഞ്ഞിരിക്കുന്ന ഡ്രസ്സുകള്‍ക്കിടയില്‍ ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ ഡ്രസ്സിന്റെ കളര്‍ അനുനിമിഷം മാറുന്നു. വിജയനു അതു ശരിക്കും ഇഷ്ടമായി. ഇരുവരുംകൂടി കുറച്ചുനേരം കൂടി ആ മാര്‍ക്കറ്റിനുള്ളില്‍ക്കറങ്ങി വാങ്ങാനുള്ളതെല്ലാം വാങ്ങിച്ചു എന്നുറപ്പുവരുത്തിയശേഷം നേരേ സാധനമെല്ലാം കൌണ്ടറില്‍കൊണ്ടുപോയി ബില്ലടച്ചിട്ട് ട്രോളിയുമായി പുറത്തേയ്ക്കിറങ്ങി ടാക്സി കാത്തുനില്‍പ്പാരംഭിച്ചു.

ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്നു പുറത്തേയ്ക്കിറങ്ങിവരുന്ന സുന്ദരിമാരിലായിരുന്നു രാജേഷിന്റെ കണ്ണുകള്‍.അവന്റെ മുഖത്തുപ്രകടമാകുന്ന ഭാവവ്യത്യാസങ്ങള്‍ നോക്കിനിന്നപ്പോള്‍ വിജയനു ചിരിവന്നു.ഒരല്‍പ്പം ഇളക്കമുണ്ടെങ്കിലും നല്ല ചെക്കനാണ്.ദുശ്ശീലങ്ങളൊന്നുമില്ല.കിട്ടുന്ന ശമ്പളത്തില്‍ ക്രീമുകളും സ്പ്രേകളുമൊക്കെ വാങ്ങാനായി ഒരു ചെറിയ തുക മാറ്റിവച്ചിട്ട് ബാക്കി മുഴുവന്‍ വീട്ടിലേയ്ക്കയച്ചുകൊടുക്കും. കടം കയറിമുടിഞ്ഞ ഒരുവലിയ കുടുംബത്തിന്റെ പ്രതീക്ഷയാണവന്‍.തന്റെ ചേച്ചിമാരുടെ കല്യാണം കഴിഞ്ഞിട്ടുവേണം ഒരു സുന്ദരിപ്പെണ്ണിനെയൊക്കെകെട്ടി ജീവിതം അടിച്ചുപൊളിക്കേണ്ടതെന്നാണ് അവന്‍ പറയുന്നത്.ഏതെങ്കിലും ഒരു പണക്കാരിപ്പെണ്ണിനെ കെട്ടിയാല്‍ വീട്ടിലെ ബാധ്യതയൊക്കെ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണവന്‍.

"എടാ മതിയെടാ വായിനോക്കിയത്.ഏവളെങ്കിലുമൊരുത്തി ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കിലും വേണ്ടായിരുന്നു"

"എന്റെ ചേട്ടാ ആ വെളുത്ത മിഡിയിട്ട കൊച്ച് എന്നെ നോക്കുന്നുണ്ട്.നല്ല കാശുകാരിക്കൊച്ചാണെന്നു തോന്നുന്നു"

ആവേശത്തോടെ രാജേഷ് പറഞ്ഞു.

"ഉവ്വുവ്വ്.അവളുടെ അച്ഛനും നിന്നെ നോക്കുന്നുണ്ട്"

ചിരിയോടെ പറഞ്ഞിട്ട് വിജയന്‍ നോക്കിയപ്പോള്‍ ദൂരെനിന്നു ഒരു ടാക്സി വരുന്നതുകണ്ടു.

"ഏടാ വാ ദേ ടാക്സി വരുന്നു"

രാജേഷിനെ വിളിച്ചുകൊണ്ട് വിജയന്‍ ട്രോളിയും നീക്കി റോഡിലേയ്ക്കിറങ്ങി. യാത്രക്കാരെ ശ്രദ്ധിച്ച ടാക്സിഡ്രൈവര്‍ പെട്ടന്നു വേഗത കുറച്ച് ട്രാക്ക് ചെയ്ഞ്ചുചെയ്തു അവരുടെ അടുത്തേയ്ക്കു തിരിഞ്ഞതും പുറകേ നല്ല വേഗതയില്‍ വരുകയായിരുന്ന ഒരു ടാങ്കര്‍ ലോറി ടാക്സിയുടെ പുറകില്‍ ശക്തിയായിടിച്ചതും ഒരുമിച്ചായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുയര്‍ന്ന ടാക്സി അന്തരീക്ഷത്തിലൊരുമൂളല്‍ സൃഷ്ടിച്ചുകൊണ്ട് വിജയനും രാജേഷും നിന്ന സ്ഥലത്തു വന്നുപതിച്ചു. അമര്‍ത്തൊയൊരാര്‍ത്തനാദം ഉയര്‍ന്നുപൊങ്ങി.ഹൈപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍നിന്നു റോഡരികില്‍ നില്‍ന്നിരുന്നവരുമായ കുറേ ആളുകള്‍‍ അവിടേയ്ക്കോടിക്കൂടി. ചിതറിക്കിടക്കുന്ന സാധങ്ങള്‍ക്കും വാഹനാവിശിഷ്ടങ്ങള്‍ക്കുമിടയില്‍നിന്നു കൈകുത്തിയെഴുന്നേല്‍ക്കാന്‍ വിജയനൊരു ശ്രമം നടത്തിയെങ്കിലും മുഖം കുത്തി അയാള്‍ റോഡിലേക്കുതന്നെ വീണു. തന്റെ തൊട്ടടുത്തു അനക്കമില്ലാതെ കമിഴ്ന്നുകിടക്കുന്ന രാജേഷിനെ അയാള്‍ അവ്യക്തമായിക്കണ്ടു. അവന്റെ തലയ്ക്കുചുറ്റും ചോരതളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പതിയെപ്പതിയെ  അടഞ്ഞടഞ്ഞുപോകുന്ന കണ്ണുകളിലൂടെ തന്റെ മുമ്പില്‍ കിടക്കുന്ന പാവയെ വിജയന്‍ നോക്കി.ചോരയില്‍ കുളിച്ച ആ പാവ തറയില്‍ കിടന്നനങ്ങുന്നുണ്ടായിരുന്നു.

ശ്രീ