Thursday, May 19, 2011

വ്യഭിചാരിണി - റീമേക്ക്

അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിക്കൊണ്ട് അവള്‍ പായില്‍ നിന്നും എഴുന്നേറ്റു. അടുത്തുതന്നെ കിടന്ന ബ്ലൌസും പാവാടയും എടുത്തയാള്‍ക്കു പുറം തിരിഞ്ഞുനിന്നത് ധരിച്ചു. തറയില്‍ നിന്നും സാരിയെടുത്ത് ചുറ്റിയിട്ട് അയാളെതന്നെ നോക്കിക്കൊണ്ട് അല്‍പ്പനേരം നിന്നു.

"എന്താടീ നിക്കണത്.കാശൊക്കെ തന്നതല്ലേ".പരുക്കന്‍ ഒച്ചയില്‍ മുക്രയിട്ടുകൊണ്ടയാള്‍ ചോദിച്ചിട്ട് പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

"ഇന്നാ പിടിച്ചോ .ശല്യം എത്ര കൊടുത്താലും ആക്രാന്തം തീരില്ല.സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതല്ലേ".വെറുപ്പോടെ പറഞ്ഞിട്ടയാള്‍ ഒരു ഇരുപത് രൂപാ നോട്ടെടുത്ത് ചുരുട്ടിയവളുടെ നേര്‍ക്കിട്ടുകൊടുത്തു.

തറയില്‍ കിടന്ന ആ നോട്ടേടുത്ത് നിവര്‍ത്തി ചുളിവ് മാറ്റിയശേഷം ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി തലമുടി മാടിയൊതുക്കിയശേഷം അവള്‍ ആ കുടുസ്സു മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയിട്ട് വേഗം വീട്ടിലേയ്ക്കു നടന്നു.

എഴുതിയിടത്തോളം ഒരാവര്‍ത്തികൂടി വായിച്ചു നോക്കിയിട്ട് അയാള്‍ അല്‍പ്പനേരം ചിന്തിച്ചിരുന്നു. തന്റെ ഈ കഥ ഏതു രീതിയില്‍ തുടരണമെന്നാലോചിച്ചു അയാള്‍ കട്ടിലിലേയ്ക്കു ചാഞ്ഞുകിടന്നു കണ്ണുകളടച്ചു.

തന്റെ കഥയിലെ നായിക വ്യഭിചാരിണിയായതിനു ഒരു വ്യക്തമായ കാരണം അവതരിപ്പിക്കണം.ഒന്നുകില്‍ അവളെ ആരെങ്കിലും വഞ്ചിച്ച് ഉപേക്ഷിച്ചതുമൂലം ജീവിക്കാനൊരു മാര്‍ഗ്ഗവുമില്ലാതെ ഈ തൊഴിലിലേയ്ക്കിറങ്ങിയതാണെന്നെഴുതിയാലോ.അതോ അമിതമായ കാമാസക്തിമൂലം അവള്‍ തന്നെ സ്വയം തിരഞ്ഞെടുത്തതാണീ വഴിയെന്നാക്കിയാലോ.ഒരു നിശ്ചയമില്ലാതെ അയാള്‍ കുഴങ്ങി. ഒരു സിഗററ്റ് പുകച്ചുതള്ളിയശേഷം അയാള്‍ കിടക്കയില്‍ നിവര്‍ന്നിരുന്നിട്ട് രണ്ടും കല്‍പ്പിച്ച് തന്റെ കഥ തുടരാനാരംഭിച്ചു.കഥയുടെ അവസാനമാകുമ്പോള്‍ എല്ലാം തനിയെ വ്യക്തമാകുമെന്നയാള്‍ക്കുറപ്പുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള ഇടറോഡിലൂടെ നടക്കുമ്പോള്‍ വഴിയരുകിലെ ചായക്കടയില്‍ നിന്നും തന്റെ മോള്‍ക്കായി മേടിച്ച എണ്ണപ്പലഹാരം അവള്‍ പൊതിഞ്ഞു ഭദ്രമായി കയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു.ഇരുട്ട് വീണ ദുര്‍ഗന്ധപൂരിതമായ ആ വഴിയില്‍ കൂടി നടക്കുമ്പോള്‍ അവള്‍ക്കൊട്ടും പേടി തോന്നുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും ഇപ്പോ​ള്‍ മറ്റെന്തിനേക്കാളും അധികം ഇരുട്ടിനെ ഇഷ്ടപ്പെടുന്നവളാണല്ലോ അവള്‍. ഇരുട്ടത്ത് തന്നെത്തിരക്കിവരുന്ന ആള്‍ക്കാരെ അവള്‍ വല്ലാതെയിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.അവര്‍ തരുന്ന മുഷിഞ്ഞ നോട്ടുകള്‍ക്ക് മറ്റെന്തിനേക്കാളുമവള്‍ വില കല്‍പ്പിച്ചിരുന്നു. വിശപ്പ് കെടുത്തുന്ന എന്തിനേയും ആരാധിക്കുവാന്‍ അവള്‍ പഠിച്ചുകഴിഞ്ഞിരുന്നു.

തന്റെ കയ്യില്‍ ആരോ കയറിപിടിച്ചെന്നു മനസ്സിലാക്കിയ അവള്‍ ഒന്നു നിന്നു. വീടെത്താറാവുന്നു.താന്‍ കൊണ്ടുവരുന്ന പലഹാരവും കാത്ത് ഉറങ്ങാതെ കാത്തിരിയ്ക്കുന്ന ഒരേഴുവയസ്സുകാരിയും പിന്നെയൊരു കിളവിയും അവളുടെ മനോമുകുരത്തില്‍ ഒന്നു മിന്നിമറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ പിടിച്ചു വലിയ്ക്കുന്ന ധാതാവിനെ പെണക്കുന്നതെങ്ങനെ.അവന്‍ തരുന്ന നോട്ടില്‍ എന്തെല്ലാം നടത്താനുള്ളതാ. തല്‍ക്കാലം മകളൊന്നു വിശന്നു കരയട്ടെ.അല്ലേലും ഇപ്പോഴേ വിശപ്പിന്റെ വിളിയറിഞ്ഞുവളരുന്നതാണു നല്ലത്. ചിന്തകള്‍ മാറ്റിവച്ച് അവള്‍ ആ രൂപത്തിനൊപ്പം ഇരുട്ടിലേയ്ക്കു നടന്നു.

രാത്രിയുടെ ഇരുളില്‍ വീണ്ടും തുണികള്‍ അഴിഞ്ഞുവീണു. സീല്‍ക്കാരങ്ങളും അപശബ്ദങ്ങളും മറ്റുമുയര്‍ന്നുകൊണ്ടിരുന്നു.ഒരാളില്‍ നിന്നും പലയാളുകള്‍ രംഗം കയ്യടക്കി.അവളുടെ എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല.തന്റെ ശരീരത്തില്‍ കരിനാഗത്തെപ്പോലെയിഴയുന്ന കൈകള്‍ തട്ടിമാറ്റാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഒടുവില്‍ എപ്പോഴോ ബോധം വരുമ്പോള്‍ തനിക്ക് എഴുന്നേറ്റു നില്‍ക്കാനുള്ള ത്രാണിപോലുമില്ലെന്നവള്‍ക്കു മനസ്സിലായി. ആ പരിസരത്തെങ്ങും ഒരു മനുഷ്യജീവിയുള്ള ലക്ഷണമുണ്ടായിരുന്നില്ല.രാത്രി വളരെയേറെ കനത്തിരുന്നു.തന്റെ മാറില്‍ കിടന്ന വിയര്‍ത്തു കുതിര്‍ന്ന നൂറിന്റെ നോട്ടെടുത്തവള്‍ ഭദ്രമായി വച്ചശേഷം ഒരു വിധത്തില്‍ എഴുന്നേറ്റിരുന്നു. ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങള്‍ വാരിയണിഞ്ഞ് മകള്‍ക്കായി വാങ്ങിവച്ചിരുന്ന പലഹാരപ്പൊതിയെടുത്തു. അതിനുള്ളില്‍ കടിച്ചുപറിച്ചുതിന്നതിന്റെ ബാക്കിയായ ഒരു ചെറുകഷ്ണം മാത്രമാണുണ്ടായിരുന്നത്. മനസ്സില്‍ ഒരു നൂറായിരം ചീത്തകള്‍ വിളിച്ചശേഷം അവള്‍ വേച്ചുവേച്ചു തന്റെ വീട്ടിലേയ്ക്കു നടന്നു.


അകലെ നിന്നെയവള്‍ കണ്ടു.ദാരിദ്ര്യം പിടിച്ചതുപോലെ തൂങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെട്ടം.ആ ചെറ്റമാടത്തിന്റെ വാതില്‍ ചേര്‍ത്തടച്ചശേഷം മണ്‍കുടത്തിലൊണ്ടായിരുന്ന കുറച്ചു വെള്ളമെടുത്തവള്‍ മടമടാ കുടിച്ചു.അരണ്ടചിമ്മിനിവെട്ടത്തില്‍ മുഷിഞ്ഞ തുണിയും പുതച്ചുകിടന്നുറങ്ങുന്ന തന്റെ മകളെയും വയസ്സിതള്ളയേയും നോക്കിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു നീര്‍മണിയുരുണ്ടുകൂടി.പാവം വിശന്നു തളര്‍ന്നുറങ്ങുകയാണ്.ഉറങ്ങട്ടെ അവളെങ്കിലും.പായുടെ കോണിലായി മകളേയും ചേര്‍ത്തുപിടിച്ചുകിടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഈശ്വരാ തന്റെ മകളെങ്കിലും ഈ അഴുക്കുചാലില്‍ വീഴ്ത്താതെ വളര്‍ത്താന്‍ കഴിയണേ...

രാവിലെ ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ ഇടിച്ചുനുറുക്കിയതുപോലെയുള്ള വേദന. ചെറിയ ഒരു പനിയുണ്ടെന്നു തോന്നുന്നു.കിളവിത്തള്ളയുണ്ടാക്കിയ കാപ്പിവെള്ളം കുടിച്ചിട്ട് ഉച്ചവരെ മൂടിപ്പുതച്ചുകിടന്നു. ഇതിനിടയില്‍ തള്ളപോയി കൊറച്ച് അരിയും മറ്റും മേടിച്ചുകൊണ്ട് വന്ന്‍ കഞ്ഞിവയ്ക്കുവാന്‍ തുടങ്ങിയിരുന്നു.ചെറ്റവാതിലില്‍ ആരോ തട്ടുന്നത്കേട്ടു മയക്കത്തില്‍ നിന്നുമുണര്‍ന്നവള്‍ ‍വാതില്‍ തുറന്നു.മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വാസുവിനെ അവള്‍ വെറുപ്പോടെ നോക്കി.

"പെട്ടന്നൊന്ന്‍ റെഡിയാവ്.നല്ലൊരു കോളൊത്തുവന്നിട്ടൊണ്ട്.ദേ വണ്ടിയൊണ്ട്.ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരാം.നല്ല കാശുകിട്ടുമെടീ".ചിരിച്ചുകൊണ്ട് തന്നെ വാസു അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

"എനിക്കിന്നു മേലാ വാസുവേട്ടാ. ഒരു പനീട കോള്"

"എടീ പെണ്ണേ സ്മയം കളയാതെ വരാന്‍ നോക്കടീ.പത്തു കാശുകിട്ടാനൊള്ള വഴിവന്നപ്പം അവക്കടെയൊരു പനി"

ഒരുനിമിഷമൊന്നാലോചിച്ചുനിന്നെങ്കിലും പച്ചനോട്ടുകളുടെ രൂപം മനസ്സില്‍ നിറഞ്ഞപ്പോള്‍ ശരീരത്തിന്റെ വേദനയെല്ലാം മറന്നവള്‍ വേഷം മാറുവാനായി അകത്തേയ്ക്കു പോയി.പെട്ടന്നു തന്നെ സാരി മാറ്റി ഒരല്‍പ്പം പൌഡറൊക്കെയിട്ട് തലമുടിയൊന്നു കോതിക്കെട്ടിയിട്ട് അവള്‍ പുറത്തേയ്ക്കിറങ്ങി.

"അല്ല നിന്റെ മോളങ്ങു വലിയ പെണ്ണാവാറായല്ലോടീ.ഒരു മൂന്നാലു കൊല്ലം കൂടിക്കഴിഞ്ഞാപ്പിന്നെ നിനക്കു റെസ്റ്റെടുക്കാം.കാശു കൊറേയൊണ്ടാക്കും നീ.നമ്മളെ മറന്നുകളയല്ലപ്പോള്‍." ഇറയത്തേയ്ക്കു വന്ന അവളുടെ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു വിടലച്ചിരിയോടെ വാസു പറഞ്ഞു. അവന്റെ കൈകള്‍ ആ കുഞ്ഞുശരീരത്തില്‍ തഴുകിക്കൊണ്ടിരുന്നു.

"ത്ഫ..ഇനി ഒരിക്കള്‍ക്കൂടി ഇതേപോലുള്ള ചെറ്റവര്‍ത്തമാനം പറഞ്ഞാലുണ്ടല്ലോ" വിറച്ചുതുള്ളി ഒരു ഭദ്രകാളിയെപ്പോലെ നില്‍ക്കുന്ന അവളെ വാസു ഒരല്‍പ്പം പേടിയോടെ നോക്കി.

"ഛേയ് നീ പെണങ്ങാതെടീ ഞാനൊരു തമാശപറഞ്ഞതല്ലേ. പെട്ടന്നു വാ.വണ്ടി വെയിറ്റ് ചെയ്യുന്നു." വാസു പെട്ടന്നു തന്നെ പുറത്തേയ്ക്കിറങ്ങി.അയാളോടൊപ്പം നടന്ന്‍ തന്റെയമ്മ പോകുന്നത് നോക്കി ഇറയത്തുതന്നെ മകള്‍ നില്‍പ്പുണ്ടായിരുന്നു.

വാസു നീട്ടിയ ചോക്ലേറ്റ് പൊതി വാങ്ങുമ്പോള്‍ ആ കുഞ്ഞുമുഖം ആഹ്ലാദം കൊണ്ടു നിറഞ്ഞു.എത്ര നാളായി അമ്മയോടു പറയുന്നതാണു.വാസു ചുറ്റുപാടുമൊന്നു നോക്കി. ആരുമില്ല. കിളവിത്തള്ള പുറകുവശത്ത് എന്തോ വേവിക്കുന്ന തിരക്കിലാണു. സന്ധ്യ മയങ്ങുന്നതേയുള്ളൂ.അവളുടെ അമ്മ വരാനെന്തായാലും ഒരുപാടിരുട്ടും. വാസു അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. അവന്റെ കൈകള്‍ തന്റെ കുഞ്ഞുശരീരത്തില്‍ ഇഴഞ്ഞുതുടങ്ങിയത് ചോക്ലേറ്റ് തിന്നുന്ന തിരക്കില്‍ അവള്‍ അറിഞ്ഞില്ല. മണ്ണെണ്ണ വിളക്ക് അപ്പോഴും തൂങ്ങി തൂങ്ങി കത്തിക്കൊണ്ടിരുന്നു.

എപ്പോഴോ വേദനിച്ചുകരയാന്‍ തുടങ്ങിയ അവളുടെ വായ് വാസുവിന്റെ കരങ്ങളാല്‍ ബന്ധിക്കപ്പെട്ടു.ഒടുവില്‍ പാപത്തിന്റെ ശമ്പളമെന്നോണം തന്റെ കുഞ്ഞുകയ്യില്‍ പിടിപ്പിച്ച ഒരമ്പതുരൂപനോട്ട് നിവര്‍ത്തിനോക്കിയിട്ട് ഒന്നും മനസ്സിലാകാതെ കുറച്ചുനേരമിരുന്ന അവള്‍ അതമ്മയ്ക്കു നല്‍കുവാനായി മാറ്റിവച്ചശേഷം ഒരു പുതിയ ചോക്ലേറ്റെടുത്തു തിന്നുവാനാരംഭിച്ചു. മുറിയിലാരുമുണ്ടായിരുന്നില്ലപ്പോള്‍.ഒരു പുതിയ വ്യഭിചാരിണികൂടി ജനിച്ചകഥയറിയാതെ അവളുടെ അമ്മ തന്റെ മുഖത്തിനുനേരെ വരുന്ന ഒരു ജോഡി ചുണ്ടുകളെ നേരിടാനെന്നവണ്ണം തന്റെ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുകയായിരുന്നപ്പോള്‍...

കയ്യിലിരുന്ന പേപ്പറും പേനയും കട്ടിലില്‍ വച്ചിട്ട് അയാള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.എഴുതി പൂര്‍ത്തിയാക്കിയ കഥ അയാള്‍ ഒരാവര്‍ത്തികൂടി വായിച്ചു നോക്കി.കൊള്ളം നന്നായിരിക്കുന്നു. ഒരു ബീഡി കൊളുത്തിക്കൊണ്ടയാള്‍ കട്ടിലില്‍ ചാരിയിരുന്നു.ഇനി പറ്റിയൊരു പേരുകൂടിയിടണം

"നാശം പിടിയ്ക്കാന്‍.ചുമ്മാ വെളക്കു കത്തിച്ചുവച്ചിരുന്നുകൊള്ളും.മണ്ണെണ്ണ ഫ്രീയായിട്ടുകിട്ടുന്നതല്ലേ.എന്തിനിങ്ങനെ കെടത്തീക്കണ്. ബാക്കിയൊള്ളോര്‍ക്കുപദ്രവത്തിനായി". പരുഷമായ ശാപവാക്കുകള്‍ കേട്ട് അയാള്‍ തലയുയര്‍ത്തിനോക്കി. ഭാര്യയാണു.കണ്ണാടിയുടെ മുമ്പില്‍ നിന്നും ഒരുങ്ങുകയാണവള്‍. സമയം ഒമ്പതുമണി കഴിഞ്ഞിരിക്കുന്നല്ലോ.കുട്ടപ്പന്‍ വണ്ടീം കൊണ്ടു വന്നുകാണും.

"ഞാനൊരു കഥയെഴുതുവാരുന്നെടീ.എനിക്കും സമയം പോണ്ടേ "

"ഓ..പിന്നേ..കഥ എഴുതാത്ത കൊറവും കൂടിയേയൊള്ളു.അതുമതിയല്ലോ വയറുവീക്കാന്‍.കണ്ടവന്റെ കയ്യും കാലുമൊടിക്കാന്‍ നടന്ന്‍ നടന്ന്‍ ഒടുവീ കട്ടിലീന്നെണീക്കാന്‍ പറ്റാത്തവിധത്തിലായില്ലേ. എന്നാ ചത്തുതൊലയോ അതുമില്ല.ഇനിയെത്ര നാളുകൂടി എന്റെ ഭഗവാനേ.അല്ലേലും ചെയ്തിട്ടൊള്ളതിനൊക്കെ അനുഭവിക്കാണ്ട് എവിടെപ്പൂവ്വാന്‍" അവള്‍ നിര്‍ത്തണ ഭാവമില്ല.

കണ്ണാടിയില്‍ നോക്കി മുഖത്ത് പൌഡര്‍ തേച്ചുപിടിപ്പിക്കുന്ന ഭാര്യയെ അയാള്‍ ചരിഞ്ഞു നോക്കി.അണിഞ്ഞൊരുങ്ങി പുറത്തേയ്ക്കിറങ്ങാന്‍ തൊടങ്ങുന്ന അവളോടായി അയാള്‍ പറഞ്ഞു.

"അമ്മിണീ രാവിലെ വരുമ്പം ഒരരക്കുപ്പി സാധനം കൊണ്ടുവരാന്‍ മറക്കരുത്.എത്ര നാളായെടീ. പിന്നെ കൊറച്ചുപേപ്പര്‍ കൂടി മേടിച്ചോ.ബീഡിയുടെ കാര്യവും മറക്കണ്ട. അതും തീരാറായി"

ചവിട്ടിത്തുള്ളി പുറത്തേയ്ക്കിറങ്ങിപ്പോകുന്ന ഭാര്യയോടു പറഞ്ഞശേഷം അയാള്‍ തന്റെ കഥയെടുത്ത് ഭദ്രമായി മേശക്കുള്ളില്‍ വച്ചു.അയാളുടെ പ്രസിദ്ധീകരിക്കാത്ത കഥാശ്രേണിയിലേയ്ക്കു മറ്റൊന്നുകൂടി.....

ശ്രീക്കുട്ടന്‍

18 comments:

  1. ഞാന്‍ മുമ്പെഴുതിയ ഒരു കഥയാണിത്.ഇപ്പോള്‍ രണ്ടാംഭാഗമൊരുക്കന്നതും പുനഃസൃഷ്ടിക്കുന്നതുമൊക്കെയാണല്ലോ ഫാഷന്‍.കാലത്തിനനുസരിച്ച് നമ്മളും മാറണ്ടേ.പഴയ കഥയില്‍ ചില ചെറിയ തിരുത്തലുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ.ആദ്യം പോസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ മാത്രമേ നാലഞ്ചു പ്രാവശ്യം കണ്ടായിരുന്നുള്ളു..വല്ലതും സംഭവിക്കുമോയെന്നു നോക്കട്ടെ....‍

    ReplyDelete
  2. അപ്പോ മരുന്ന് കയ്യിലുണ്ടല്ലേ... നന്നായിട്ടുണ്ട് ട്ടോ... കഥയ്ക്ക് ഒരു പഴക്കം തോന്നുന്നുണ്ട്. എണ്‍പതുകളിലെ ഒരു കഥ വായിച്ച പോലെ. 'ഒരു ജോഡി ചുണ്ടുകള്‍' അത് വേണ്ടായിരുന്നു എന്നൊരു തോന്നല്‍..

    ആശംസകള്‍..

    ReplyDelete
  3. ശ്രീക്കുട്ടന്‍, കഥ ഇഷ്ടമായി. ഇത് റീമിക്സ് കാലമല്ലേ..... അപ്പോള്‍ ചില പുതുമകളുമായി വീണ്ടും പോസ്റ്റുന്നത് കൊണ്ട് കുഴപ്പമില്ല.

    "ആദ്യം പോസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ മാത്രമേ നാലഞ്ചു പ്രാവശ്യം കണ്ടായിരുന്നുള്ളു."
    അതിഷ്ടമായി....... നിര്‍മ്മാണോം വിതരണോം എല്ലാം നമ്മള്‍ തന്നെയല്ലേ.....അപ്പോള്‍ ഇതൊകെ സംഭവിക്കും.....

    ReplyDelete
  4. ഈ ജനുസ്സില്‍ പെടുന്ന പ്രമേയങ്ങള്‍ക്ക് തീക്ഷ്ണത എന്നും കൂടും. നല്ല റീഡബിലിറ്റി ഉണ്ടായിരുന്നു ഉടനീളം.

    പക്ഷെ എഴുതപ്പെട്ട കഥയും കഥയെഴുതിയ കഥാപാത്രവും തമ്മിലുള്ള ഒരു പൊരുത്തക്കേട് നിലനില്‍ക്കുന്നു. കാരണം ദാരിദ്ര്യവും കഷ്ടപ്പാടുംകൊണ്ട് വ്യഭിചാരത്തിന്റെ അഴുക്കുകളിലേക്ക് സ്വയം എടുത്തെറിപ്പെടുന്ന ഒരു സ്ത്രീയേയും അവളുടെ പ്രായപൂര്‍ത്തിയാകാത്ത മകളേയും അവിഷ്‌ക്കരിക്കുന്ന എഴുത്തുകാരന്റെ അന്തസംഘര്‍ഷങ്ങളെ ലാഘവബുദ്ധിയോടെയാണ് ഈ കഥയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒരു കാലത്ത് ഗുണ്ടയായിരുന്ന ഇപ്പോള്‍ ശേഷി നഷ്ടപ്പെട്ട് കിടപ്പിലായ ഈ കഥാപാത്രം ഭാര്യടെ അപഥസഞ്ചാരങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതായി ചിത്രീകരിച്ചത് കഥയിലെ ട്വിസ്റ്റിനുവേണ്ടി ശ്രമിച്ചപ്പോള്‍ സംഭവിച്ചുപോയ ഒരു അബദ്ധം മാത്രമാണ്. അതെ..... അങ്ങിനെയാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  5. കഥകളും അ നുഭവങ്ങളും എല്ലാം വേഗം വേഗം എഴുതി തീര്‍ക്കല്ലേ ശ്രീക്കുട്ടാ ..:)

    ReplyDelete
  6. വെറുതെ 'നന്നായി' എന്ന് മാത്രം പറഞ്ഞു പോകാന്‍ പറ്റാത്ത കഥ.

    ReplyDelete
  7. ആദ്യം പ്രസിദ്ധീകരിച്ചപ്പോള്‍ ഇതെങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോയി എന്നാണ് ഞാന്‍ ആലോചിക്കുന്നത്.ഈ കഥ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ ആയിരുന്നു.ഭംഗിവാക്കല്ല. കാരണം ലക്ഷണയുക്തമായ ഒരു നല്ല കഥക്കു വേണ്ട എല്ലാ ഘടകങ്ങളും ഇവിടെ ഉണ്ട്.അതു ചേര്‍ക്കേണ്ട പാകത്തില്‍ ചേര്‍ത്തിട്ടുമുണ്ട്.കഥയുടെ ആദ്യപാദം ശരിക്കും നന്നായി.നന്നായി വരച്ചു.ശ്രീക്കുട്ടന്‍ തുടര്‍ന്നും എഴുതുക.

    ReplyDelete
  8. ശ്രീകുട്ടാ.. റീമേക്കും, ഡബ്ബിങ്ങും ഒക്കെ ആയി പുതിയ "കഥകള്‍" അങ്ങനെ പോരട്ടേ.. ഈ കഥ വായിച്ചപ്പോള്‍ നീ എഴുതി തെളിഞ്ഞു എന്ന് പറയാതെ വയ്യ... :) കൊള്ളാം...

    ReplyDelete
  9. നല്ല രസായി എഴുതി. നല്ല കഥ.

    ReplyDelete
  10. കഥ ഡവലപ്പ് ചെയ്തുവന്ന രീതി വളരെ നന്നായി. പക്ഷേ, ചില ഭാഗങ്ങൾ റിയലിസ്റ്റിക് അല്ല. ഉദാഹരണമായി, വാസു ബലാൽക്കാരമായി റേപ്പ് ചെയ്ത കുട്ടി അമ്പത് രൂപ നിവർത്തിനോക്കിയിട്ട് ചോക്ലേറ്റ് തിന്നാൻ ആരംഭിച്ചു എന്ന്. പിന്നെ, കഥ ആരംഭിക്കുമ്പോൾ നായകൻ ഒരു വ്യഭിചാരിണിക്കൊപ്പമാണ്. കഥയുടെ അവസാനം പറയുന്നു കട്ടിലീന്നെണീക്കാന്‍ പറ്റാത്തവിധത്തിൽ അയാളെ ആൾക്കാർ ചവിട്ടിക്കൂട്ടിയതാണെന്ന്... കട്ടിലീന്നെഴുന്നേക്കാൻ സാധിച്ചില്ലെങ്കിലും, വേശ്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ മാ‍ത്രം ആരോഗ്യം അയാൾക്ക് ഉണ്ടായിരുന്നോ? ഇത്തരം ലോജിക്കൽ മിസ്റ്റേക്കുകൾ ഒഴിവാക്കാൻ ശ്രമിക്കുക.

    ReplyDelete
  11. Sreekutta,
    Very nice narration,
    Twist ishtayi.
    Ithu vare kanatha oru reethi..
    Veendum varam sree

    ReplyDelete
  12. @ ഷബീര്‍,

    വളരെ നന്ദിയുണ്ട് കേട്ടോ.പിന്നെ ഇപ്പോള്‍ നിനക്ക് മനസ്സിലായില്ലെ ഞാന്‍ ആരാനെന്ന്‍..ഹ..ഹാ

    @ ഹാഷിക്,

    വായിച്ച അഭിപ്രായമറിയിച്ചതിനു നന്ദി.ഇനിയും വരണം.

    @ സന്തോഷ് പല്ലശ്ശന,

    വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.ഈ കഥയിലെ എഴുത്തുകാരന്‍ ഒരിക്കലും സംതൃപ്തിയ്ക്ക് വേണ്ടി എഴുതുന്ന ഒരാളല്ല.സമയം പോക്കിനു വേണ്ടി മാത്രം എഴുതുന്നയാളാണ്.അതുകൊണ്ട് തന്നെ എന്തെഴുതിയാലും അതില്‍ അയാള്‍ മുഴുകാറുമില്ല.

    @ അഭി, രമേശേട്ടന്‍, തിരൂര്‍,

    വളരെ നന്ദി

    @ പ്രദീപ് കുമാര്‍,

    ആദ്യമിത് ആരും ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് ഒരിക്കള്‍ക്കൂടി ചെയ്തത്.എന്തായാലും താങ്കള്‍ക്കിഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം

    @ ശ്രീജിത്,ആളവന്താന്‍,

    ഇനിയും ഇതേപോലെ വരണം കേട്ടോ

    @ ബൈജൂസ്,

    താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.തുടക്കത്തിലെ ഭാഗം കട്ടിലില്‍ കിടക്കുന്ന എഴുത്തുകാരന്‍ എഴുതിയ കഥയുടെ ആരംഭമാണ്.ഒരിക്കള്‍കൂടി ഒന്നു വായിച്ചു നോക്കുമോ......പ്ലീസ്...

    ReplyDelete
  13. നല്ല ഒരു കഥ..അഭിനന്ദനങ്ങള്‍ ....

    കുട്ടിയുടെ കാര്യം എഴുതിയിരിക്കുന്ന ഭാഗം വായിക്കെണ്ടായിരുന്നു എന്ന് പിന്നീട് തോന്നി..

    വെറുതെ...നിങ്ങള്‍ മനസ്സ് വേദനിപ്പിച്ചല്ലോ മാഷെ..

    ReplyDelete
  14. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളിക്ക് നീങ്ങുന്നു എങ്കിലും പലപ്പോഴും കേട്ടത് പോലെ ഒരു ഫീല്‍ വരുന്നുണ്ട് വായനയില്‍. എഴുത്ത്‌ മുന്നേറുന്നുണ്ട്.
    ആശംസകള്‍.

    ReplyDelete
  15. മലയാളത്തിലെ ഇപ്പോഴുത്തെ റീമേക്കുകളെകാള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  16. വായിച്ചൂ.....ആശംസകൾ

    ReplyDelete