Saturday, July 2, 2011

ശനിയുടെ അപഹാരം

ശനിയുടെ അപഹാരം

വര്‍ഷം 1986 സെപ്തംബറിലെ കലക്കനൊരു പ്രഭാതം. തോട്ടുവരമ്പിലൂടെ ഒരു ചോറ്റുപാത്രവും തൂക്കി ചുണ്ടത്തൊരു മൂളിപ്പാട്ടും ഫിറ്റു ചെയ്തു മന്ദം നടന്നുവരുകയാണ് നമ്മുടെ സുന്ദരകോമളനായ എട്ടുവയസ്സുകാരന്‍  കഥാനായകന്‍. വയലില്‍ പുല്ലുമേഞ്ഞുകൊണ്ടിരുന്ന പൂവാലിപ്പയ്യിനേയും മറ്റുമൊക്കെ നോക്കി പാട്ടും പാടിവരവേ പശുവിന്റെ കയര്‍ കെട്ടാനായി വരമ്പിന്റെ വശത്തായടിച്ചുതാഴ്ത്തിയിരുന്ന കുറ്റി അവന്‍ ശ്രദ്ധിച്ചതേയില്ല. കഥാനായകന്റെ പാട്ടിന്റെ ഗുണം കൊണ്ടോ അതോ മറ്റെന്തെങ്കിലും അജ്ഞാതകാരണങ്ങളാലോ പശു ഒന്നു വെകിളിപിടിച്ചു ചാടുകയും ആ ഭയത്തില്‍ ഒന്നു ഞെട്ടിയ നമ്മുടെ നായകന്‍ കുറ്റിയില്‍ കാല്‍ തട്ടി തലയും കുത്തി തൊട്ടിനുള്ളില്‍ വീഴുകയും ചെയ്തു. വീഴ്ചയില്‍ ചോറ്റുപാത്രത്തിന്റെ മൂടി തെറിച്ചുപോയതുകൊണ്ടുതന്നെ അതിനുള്ളിലുണ്ടായിരുന്ന സ്പെഷ്യല്‍ മട്ടണ്‍ കറി ചുറ്റും ചിതറിവീണു. കുറച്ച് കഥാനായകന്റെ മുഖത്തും വീണു. കഠിനമായ എരിവനുഭവപ്പെട്ട നായകന്‍ ഒന്നു പിടഞ്ഞതുകൊണ്ടുകൂടിയാവാം ഇടതുകൈ സുന്ദരമായൊന്നൊടിഞ്ഞുകൊടുത്തു. അങ്ങിനെ നമ്മുടെ നായകന്റെ ഒഫീഷ്യല്‍ ജീവിതത്തിലെ ഫസ്റ്റ് തിരുമുറിവ് സംഭവിച്ചു.

കൈയിലെ പ്ലാസ്റ്റര്‍ ഒരുമാസത്തിനുശേഷമെടുത്ത് അല്‍പ്പം വിശ്രമമൊക്കെ കഴിഞ്ഞ് നായകന്‍ പതിവുദിനചര്യകളുമായി വിലസവേ ആറേഴുമാസങ്ങള്‍ക്ക് ശേഷം ഒരുവൈകുന്നേരമാണത് സംഭവിച്ചത്. നമ്മുടെ കഥാനായകന്റെ കുഞ്ഞുപെങ്ങള്‍ക്ക് പനികൂടി ബോധം ഏതാണ്ടു നശിച്ച അവസ്ഥയാവുകയും അമ്മയും അമ്മുമ്മയും ഒക്കെ അലമുറയിടാനാരംഭിക്കുകയും ചെയ്തു. ആരോ ഒരു വണ്ടിവിളിച്ചുകൊണ്ടുവരുവാനായി ഓടി. അടുത്തുള്ള ഒരു പറമ്പില്‍ സമപ്രായക്കാരുമായി കളിച്ചുകൊണ്ടിരുന്ന നായകന്‍ വീട്ടിലെ നിലവിളികേട്ട് ഓടുകയും അല്‍പ്പം പൊക്കമുള്ള ഒരു കയ്യാല ചാടിയിറങ്ങുവാന്‍ ശ്രമിക്കവേ തല്ലിയലച്ചു താഴെ വീഴുകയും ചെയ്തു. ആറുമാസം മുന്നേ ഒടിഞ്ഞ അതേ ഇടതുകൈ ഒരിക്കല്‍ക്കൂടി മനോഹരമായൊടിഞ്ഞുകൊടുത്തു. അനുജത്തീനേം നായകനേം ഒരേ വണ്ടിയില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. ഒരു വണ്ടിക്കൂലി ലാഭം . നായകന്റെ രണ്ടാം തിരുമുറിവും അങ്ങിനെ ഭംഗിയായി.

ഒന്നൊന്നരമാസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍വച്ചു പ്ലാസ്റ്റര്‍ വെട്ടിയപ്പോളാണ് കൈയുടെ ഷേപ്പില്‍ ഒരു രൂപാന്തിരണം വന്നിരിക്കുന്നത് മനസ്സിലായത്.വീണ്ടും ഡോക്ടര്‍ സാറിനെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്
പ്ലാസ്റ്ററിടുന്നതിനുമുമ്പ് ഒടിഞ്ഞ കൈ ശരിയാം വണ്ണം പിടിച്ചുവയ്ക്കാതിരുന്നതുകൊണ്ടാണ് കൈയ്ക്ക് വളവുണ്ടായതെന്നും അതു മാറുവാന്‍ വേണ്ടി ഒരിക്കല്‍കൂടി ഒടിച്ചു പ്ലാസ്റ്ററിട്ടാല്‍ മതിയെന്നുമായിരുന്നു. ആ പറച്ചില്‍ കേട്ടതും  നായകന്‍ ജീവനും കൊണ്ട് പറപറന്നു. വളവെങ്കില്‍ വളവ്. എന്തായാലും ഇനിയൊരൊടിവു കൂടി താങ്ങാന്‍ വയ്യേ എന്ന നിലവിളിയോടെയായിരുന്നു ആ പാച്ചില്‍.

വീട്ടിനടുത്തുള്ള ജനാര്‍ദ്ധനന്‍ മാമന്റെ പുരയിടത്തിലെ വലിയ പറങ്കിമാവില്‍ തൂങ്ങിക്കിടക്കുന്ന ഫാഷന്‍ ഫ്രൂട്ട് പഴത്തില്‍ നോക്കി കൊതിയൂറിനിന്ന നായകന്‍ ചുറ്റുപാടുമൊന്ന്‍ സൂക്ഷിച്ചുനോക്കി. ഭാഗ്യം പരിസരത്തെങ്ങുമാരുമില്ല. പതിയെ അള്ളിപ്പിടിച്ച് അവനാ വലിയ മാവില്‍ കയറാനാരംഭിച്ചു.ഒന്നുരണ്ടു പഴങ്ങള്‍ പറിച്ചപ്പോഴാണു മുകളിലത്തെ കൊമ്പില്‍ നാലഞ്ചെണ്ണം പഴുത്ത് തൂങ്ങിക്കിടക്കുന്നതവന്‍ കണ്ടത്. സമയമായാല്‍ പിന്നെന്തോചെയ്യും. അതു പറിക്കാനായി വീണ്ടും മുകളിലേയ്ക്കുകയറിയതുമാത്രമേ അവനോര്‍മ്മയുണ്ടായിരുന്നുള്ളു. കാലുവഴുതി താഴേക്ക് പോന്നപ്പോഴേ അവന്റെ ബോധം പോയിരുന്നു. കുറെനേരം കഴിഞ്ഞ് കണ്ണുതുറക്കുമ്പോള്‍ ആകാശം നോക്കി തറയില്‍ മലര്‍ന്നുകിടക്കുകയായിരുന്നു. നിലവിളിക്കണമെന്നുണ്ട്. പക്ഷേ നാവനങ്ങുന്നില്ല. ഒരു അരമണിക്കൂര്‍ എങ്കിലും ആ കിടപ്പ് കിടന്നിട്ട് എങ്ങിനെയൊക്കെയോ എഴുന്നേറ്റു വേച്ചുവേച്ചു വീട്ടിലെത്തിച്ചേര്‍ന്നു. കറിക്കായി എന്തോ അരിഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മുമ്പിലെത്തിയപ്പ്പോഴേക്കും ബോധം കെട്ടുവീണുപോയിരുന്നു. ഒന്നൊരമാസം ആയുര്‍വേദചികിത്സയും തടവും കിഴിയിടലും ഒക്കെയായി ജോളിയായിരുന്നു. എന്തായാലും നായ്കന്റെ ഇടതുകൈ രാശിയുള്ള ഒന്നുതന്നെയായിരുന്നു. ഇക്കുറി കൈക്കുഴയിലെ എല്ല് പെര്‍മനന്റായി തിരിഞ്ഞുപോയിരുന്നു. അതോടെ ഇടതുകൈയുടെ കാര്യത്തില്‍ ഏകദേശം ഒരു തീരുമാനമായിക്കഴിഞ്ഞു.

എസ് എസ് എല്‍ സിയുടെ ഓണപ്പരീക്ഷയുടെ തുടക്കദിവസം. ട്യൂഷന്‍ സെന്ററില്‍ ക്ലാസ്സ് തുടങ്ങുന്നത് 8 മണിയ്ക്കാണ്.7 53 ആയി. രാജയോഗം ഉച്ചിയില്‍ നില്ക്കുന്ന കഥാനായകന്‍ പെട്ടന്ന്‍ റെഡിയായി. ചങ്ങാതി മേടിച്ചിട്ട് വീട്ടില്‍ വച്ചു മറന്നുപോയ നോട്ട് ബുക്ക് അപ്പോള്‍ ത്തന്നെ കിട്ടണമെന്ന്‍ അവനൊരു ഭൂതോധയമുണ്ടാവുകയും ചങ്ങാതിയെ പറഞ്ഞിളക്കി അവന്റെ മടലു സൈക്കിളില്‍ കയറി അവന്റെ വീട്ടിലേയ്ക്ക് അതിവേഗം യാത്രതുടങ്ങിയതും എല്ലാം നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. നല്ലൊരിറക്കത്തില്‍ വച്ച് സൈക്കില്‍ ഒരു ഗട്ടറില്‍ വീണപ്പോള്‍ അതതിന്റെ തനിക്കൊണം കാണിച്ചു രണ്ടു പാര്‍ട്ടായി വിഭജിച്ചു മാറി സൈക്കിളിന്റെ ഒരു ഭാഗവും ചങ്ങാതിയും സിനിമയിലും മറ്റുമൊക്കെ കാണിക്കുന്നതുപോലെ പറന്നുപോയി ഒരു മതിലിലിടിച്ചു തറയില്‍ ചുരുണ്ടുകൂടിവീണു. മുന്‍ വശത്തെ ബാര്‍കമ്പിയിലിരുന്ന നായകനും ഒരു വീലും കൂടി അഞ്ചെട്ട് കറക്കവും ഉരുളലുമൊക്കെയായി റോഡിന്റെ വശത്തായിട്ടിറക്കിയിട്ടിരുന്ന പാറമേല്‍ സാക്ഷ്ടാഗം നമസ്ക്കരിച്ചെന്നവണ്ണം ചെന്നു വീണു. ഭാഗ്യത്തിനു നായകന്‍ ദിവംഗതനായില്ല. കൃത്യം ഒരു ദിവസം കഴിഞ്ഞ് ബോധം വീഴുമ്പോള്‍ മെഡിക്കല്‍ക്കോളേജില്‍ കിടക്കുകയായിരുന്നിഷ്ടന്‍. അതും അന്യഗ്രഹജീവികളെപ്പോലെ ശരീരത്തിന്റെ മിക്കഭാഗത്തും പഞ്ഞിയൊക്കെയായി. മുഖത്തിന്റെ വലതുവശത്ത് നല്ലൊരു ശതമാനം തൊലിയും ഒപ്പം മാംസവും അപ്രത്യക്ഷമായിരുന്നു. നെഞ്ചില്‍ വളരെ ആഴത്തിലുഌഅ മുറിവില്‍ പതിനാലോളം തുന്നിക്കെട്ടലുകള്‍ ഉണ്ടായിരുന്നു. മറ്റു പലമുറിവുകള്‍ യഥേഷ്ടവും. ആ കിടപ്പ് മൂന്നുമാസം നീണ്ടു. അവന്റെ ഏറ്റവും മികച്ച തിരുമുറിവുകളിലൊന്നായിരുന്നത്.

എസ് എസ് എല്‍ സി റിസല്‍ട്ട് വരുന്നതിന്റെ തലേദിവസം നമ്മുടെ നായകനും രണ്ടുമൂന്നു കൂട്ടുകാരും കൂടിചേര്‍ന്ന്‍ വടകയ്ക്കെടുത്ത സൈക്കിളില്‍ കുറച്ചകലെയുള്ള ദേവീക്ഷേത്രത്തില്‍ തൊഴാനായിപ്പോയി. നായകന്‍ കൂട്ടുകാരനൊപ്പം സൈക്കിളിന്റെ ബാക്ക് സീറ്റില്‍ മുറുക്കെപ്പിടിച്ചിരിക്കുവാണ്. ചില സുന്ദരലലനാമണികള്‍ അടിവച്ചടിവച്ച് പോകുന്നത് കണ്ട് ഹാളിളകിയ നായകന്‍ സൈക്കില്‍ ബലമായി നിര്‍ത്തിപ്പിക്കുകയും കൂട്ടുകാരനെ പിന്‍സീറ്റിലേയ്ക്ക് തട്ടിയിട്ട് ഗമയില്‍ പെണ്മണിമാരുടെ മുന്നിലൂടെ സൈക്കില്‍ ചവിട്ടിപ്പോവുകയും ചെയ്തു. സമയം കൃത്യമായിരുന്നതുകൊണ്ട് നടുറോഡില്‍ തന്നെ വീണു. വീഴ്ചയില്‍ വലതുകൈ ഒന്നു തറയില്‍ കുത്തിയതുകൊണ്ട് മുഖത്തിനു പരിക്ക് പറ്റിയില്ല. പക്ഷേ പിറ്റേന്ന്‍ കാലത്ത് കൈക്കുഴയ്ക്ക് ചുറ്റും നീരുവന്ന്‍ വീര്‍ത്തപ്പോല്‍ വേദനസഹിക്കാനാവാതെ അമ്മയോട് കാര്യം പറയുകയും വിദഗ്ദ ചെക്കപ്പിനെത്തുടര്‍ന്ന്‍ പ്ലാസ്റ്ററിടേണ്ടി വരികയും ചെയ്തു. വീണ്ടും....

പ്രീഡിഗ്രിയൊക്കെക്കഴിഞ്ഞൊരു നാള്‍. ജൂനിയര്‍ പിള്ളാര്‍ ക്രിക്കറ്റ് കളിക്കുന്നതുകണ്ടങ്ങിനെ നില്‍ക്കുകയാണ് നമ്മുടെ ചുള്ളന്‍. ഫീല്‍ഡ് ചെയ്തുകൊണ്ടിരുന്ന ചെക്കമ്മാരിലൊരുവനെ അവന്റെയമ്മ വിളിച്ചപ്പോള്‍ ബാക്കിയുള്ളവരുടെ നിര്‍ബന്ധം മൂലം അവനും ഫീള്‍ഡ് ചെയ്യാനിറങ്ങി. ബാറ്റ്സ്മാനടിച്ചുപറത്തിയ പന്ത് അവന്റെ നേരെവന്നപ്പോള്‍ തവളയെപ്പിടിക്കാനെന്നവണ്ണം അവന്‍ കൈകള്‍ നീട്ടി. പാഞ്ഞുവന്ന പന്ത് ഒരു ദാക്ഷിണ്യവും കാട്ടാതെ അവന്റെ വിരലുകള്‍ക്കിടയില്‍ വന്നുകയറി. ഒരു നിമിഷത്തെ തരിപ്പിനുശേഷം ലോകം തകര്‍ന്നുപോകുന്ന തരത്തിലവനൊന്നലറി. ഒരു വിരല്‍ ആ ജോയിന്റില്‍ നിന്നും വിട്ട് തൂങ്ങിക്കിടക്കുകയാണ്. കൈ കീറി ചോരയും ഒഴുകുന്നുണ്ട്. പതിവുപോലെ വണ്ടിപിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോവുകയും അവര്‍ കുറേയേറെപരിശ്രമിച്ച് വിരല്‍ പഴയസ്ഥിതിയിലാക്കുകയും ചെയ്തു. ഒന്നുരണ്ടാഴ്ചയോളം  കൈ കെട്ടിതൂക്കിയിട്ട് നടക്കേണ്ടിവന്നു എന്നതായിരുന്നു ആസംഭവം കൊണ്ടുണ്ടായ ഗുണം

വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടിക്കൂടിവന്നപ്പോള്‍ മറ്റെല്ലാം മറന്നവന്‍ മേസ്തിരിപ്പണിയ്ക്ക് പോകാനാരംഭിച്ചു. അങ്ങിനെയൊരുദിവസം ഒരു പുതിയ വീടിന്റെ തേയ്പ്പുപണി ആരംഭിക്കുകയാണ്. വളരെ വലിയ വീട്. ആദ്യം അതിന്റെ സീലിങ് പണി ചെയ്തുകൊണ്ടിരിക്കുകയാണ്. ബദ്ധശ്രദ്ധനായി തന്റെ പണിയില്‍ മുഴുകിയിരുന്ന നായകന്‍ താന്‍ ചവിട്ടിനില്‍ക്കുന്ന പലകയില്‍ കശ്മലനായ മറ്റൊരുവന്‍ ഒരു ചട്ടി കുമ്മായവുമായി വന്നുകയറിയത് അറിഞ്ഞില്ല.അറിഞ്ഞുവന്നപ്പോഴേയ്ക്കും ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആ വീഴ്ചയില്‍ വാരിയെല്ലൊരെണ്ണം പൊട്ടുകയും ഇടതുകയ്യുടെ പകുതിഭാഗത്തെ തൊലി മുഴുവനായി ഉരിഞ്ഞുപോവുകയും കാല്‍മുട്ടിന്റെ ചിരട്ടയ്ക്ക് ഒരു ചെറിയ സ്ഥലം മാറ്റം കിട്ടുകയും ചെയ്തു. ആശുപത്രി വിട്ടശേഷം ആറുമാസക്കാലം ആയുര്‍വേദചികിത്സയും മറ്റും നടത്തിയാണ് കാല്‍മുട്ട് വേദന മാറ്റിയെടുക്കാനായത്. അല്ലെങ്കിലും അനുഭവിക്കാനുള്ളത് അനുഭവിക്കാതെ പറ്റുമോ.

ഒരു ചെറിയ ജലദോഷമായിട്ടായിരുന്നു അടുത്ത ഐറ്റം വന്നത്. ആ ജലദോഷം കടുത്ത് ഉമിനീര്‍ഗ്രന്ഥിയില്‍ വീക്കമുണ്ടായി അതു പഴുത്ത് ഒരുതുള്ളിവെള്ളം പോലും ഇറക്കാനാകാതെ കൊടിയ വേദന സഹിച്ച് ഒരു പ്രൈവറ്റ് ആശുപത്രിയില്‍ വലിയൊരു ഓപ്പറേഷന്‍ നടത്തി. ഒരുമാസം ഒരേ കിടപ്പായിരുന്നു. ആദ്യം ചെയ്ത ഓപ്പറേഷന്‍ അത്ര സൂപ്പര്‍ ആയിരുന്നതുകൊണ്ട് തന്നെ ഒന്നരമാസം കഴിഞ്ഞപ്പോള്‍ അസുഖം പൂര്‍വ്വാധികം ശക്തിയായി തിരിച്ചുവരുകയും രണ്ടാമതൊരിക്കല്‍ കൂടി ഓപ്പറേഷനു വിധേയമാകേണ്ടിവരുകയും ചെയ്തു. കഴുത്തില്‍ നല്ലൊരു കല സമ്മാനിച്ചുകൊണ്ട് ആ ഓര്‍മ്മ ഇപ്പോഴും അവിടെത്തന്നെയുണ്ട്. ജനിച്ചപ്പോള്‍ തന്നെ പിന്‍ കഴുത്തിലുണ്ടായിരുന്ന രണ്ടുമൂന്ന്‍ ചെറിയ കറുത്ത ഉണ്ണികള്‍ അല്‍പ്പം അശ്രീകരമായിത്തോന്നിയതുമൂലം ഒരു ഡോക്ടറെക്കൊണ്ട് അതങ്ങ് ചെത്തിക്കളയിപ്പിച്ചു. അത് നല്ല കലക്കനൊരു അനുഭവമായിരുന്നു. ആ ഭാഗം മുഴുവന്‍ സെപ്റ്റിക്കായി ഏകദേശം ഒരു മാസത്തില്‍ കൂടുതലാണ് ഷര്‍ട്ടുപോലും ഇടാനാകാതെ വീട്ടിനുള്ളില്‍ തന്നെ നായകനു കഴിഞ്ഞുകൂടേണ്ടിവന്നത്.

പ്രീയപ്പെട്ടവരെ ദീര്‍ഘിപ്പിക്കുന്നില്ല. ഇതിനിടയില്‍ ചിക്കന്‍ പോക്സ് വന്നതും മൂന്നുനാലു പല്ലുകള്‍ പറിക്കേണ്ടിവന്നതും ചെറിയ ചില ജലദോഷവും പനികളും തലവേദനയും ഒക്കെ മാറ്റിവച്ചാല്‍ ഇപ്പോള്‍ കുറച്ചുകാലമായി നമ്മുടെ നായകനെ ശനിയൊഴിഞ്ഞു നില്‍ക്കുകയാണെന്നു പറയാം. ഏഴെട്ടുകൊല്ലം മുന്നേ ഒരു വിവാഹം കഴിച്ചതല്ലാതെ മറ്റു മേജര്‍ അപകടങ്ങളെന്തെങ്കിലുമുണ്ടാകാതെ വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരേക്കറുപറമ്പുവാങ്ങി അതില്‍ ഇരുനിലവീട് വയ്ക്കേണ്ടത്ര കാശ വൈദ്യമ്മാര്‍ക്കും ആശുപത്രിക്കാര്‍ക്കുമായിക്കൊടുത്ത മഹാനാണ് നമ്മുടെ കഥാനായകന്‍. അനുഭവിച്ച് ചീട്ട് കീറിയ നമ്മുടെ നായകന്റെ ആയുരാരോഗ്യസൌഖ്യത്തിനായി നിങ്ങളേവരും പ്രാര്‍ത്ഥിക്കണമെന്ന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്.

ശ്രീക്കുട്ടന്‍

17 comments:

  1. ഒരാളനുഭവിക്കുന്നതിനും ഒരു പരിധിയൊക്കെയില്ലേ...

    ReplyDelete
  2. ethengilum accident nadannitt varshangalaayi....appo enth prarthikendath?udAn adutha apkadam varaano...ayyo enikk vayya......may stay healthy and wealthy.....

    ReplyDelete
  3. ഹ ഹ ഹ .. ചിരിച്ച്‌ ചിരിച്ച്‌ ശ്വാസം മുട്ടിപ്പോയി.. നുമ്മടെ നായകനെ കുറിച്ച് വായിച്ചപ്പോള്‍ ഓര്‍മ്മവന്നത് കിലുക്കം സിനിമയിലെ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ "നിശ്ചലിനെ" ആണ്. കയ്യും, കാലും ഒടിഞ്ഞു ഹോസ്പിറ്റലില്‍ തൂങ്ങി കിടക്കുന്ന കഥാനായകന് തീര്‍ച്ചയായും ശനിയുടെ അപഹാരം തന്നെയാണ്.
    ഇതിനെ ടൈറ്റില്‍ "കഥയല്ലിത് ജീവിതം" എന്നായിരുന്നു എങ്കില്‍ കൂടുതല്‍ നന്നായേനെ. :)

    ഓ.ടോ : ഷേക്ക്‌സായിദ്‌ റോഡിന്റെ അരികിലൂടെ പോകുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചോണെ നായകാ. ഇനി ശനി അപഹരിച്ചാല്‍ നിലത്തുനിന്നു വാരിയെടുക്കേണ്ടി വരും..:)

    ReplyDelete
  4. ഇതിനാനല്ലേ ശ്രീ കുട്ടന്റെ (?) മൂന്നാം തിരു മുറിവ് എന്ന് പറയുന്നത് ..
    ഏതായാലും നായകനായാലും ബ്ലോഗ്ഗെരായാലും ആയുരാരോഗ്യ സൌക്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .

    ReplyDelete
  5. ഇനിയും ഒടിവുകൾ ഏറ്റ് വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.. ഒരൊ വീഴ്ചകളും പൂർവ്വാധികം മനോഹരം.. :)

    ReplyDelete
  6. അന്ന് ജൂനിയര്‍ ഹോര്‍ലിക്സ് ഇല്ലായിരുന്നു അല്ലേ ഇനിക്ക് മനസ്സിലായി
    നല്ല കഥ പാവം നായകന്‍ എന്തൊക്കെ അനുഭവിച്ചു

    ReplyDelete
  7. ചിരിച്ചു പണ്ടാരടങ്ങി ഇവന്റെ ദേഹത്ത് ഒടി മൂര്‍ത്തി കേറിയതാ

    ReplyDelete
  8. സത്യമായും നിങ്ങളൊക്കെ പ്രാര്‍ത്ഥിച്ചത് നായകനു നല്ലതുവരാനോ അതോ വീണ്ടും ഒടിഞ്ഞുമടങ്ങിപ്പണ്ടാരമടങ്ങിക്കിടക്കുവാനോ...

    വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും വേണ്ടി ഗംഭീര നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...

    ReplyDelete
  9. ചിരിപ്പിച്ചു..പാവം നമ്മുടെ നായകന്‍..പിന്നെ കണ്ടക ശനി കൊണ്ടേ പോവുള്ളൂ.

    ReplyDelete
  10. കയ്യിലിരുപ്പും നന്നാകില്ല
    കയ്യും നന്നാകില്ല

    ReplyDelete
  11. ഇത്രയൊക്കെ ആയിട്ടും കഥാനായകന്‍ തട്ടിപ്പോയില്ലല്ലോ? മഹാഭാഗ്യം!!!

    ReplyDelete
  12. ഇതിപ്പോ എന്താ പറയാ...
    വായിച്ചു ചിരിച്ചെങ്കിലും ശരിക്കും ഒരാളുടെ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചാല്‍ എന്താവും എന്ന് ചിന്തിച്ചുപോയി.

    ReplyDelete
  13. ഇതിലും വലുതെന്തോ വരാനിരുന്നതാ.... ഇങ്ങനെ തീര്‍ന്നൂന്ന്‍ കരുതി സമാധാനിക്കാം .. :)

    ReplyDelete
  14. എന്താ പറയാ ഞാന്‍ ?ചിരിയും വരുന്നുണ്ട് അന്നേരം നിന്റെ അവസ്ഥ ആലോചിച്ചു വിഷമവും ഉണ്ട്.ഇനിയെങ്കിലും ഒരല്പം ശ്രദ്ധയോടെ ജീവിക്കൂ .ഈശ്വരന്‍ ഇനി എല്ലോടിക്കാന്‍ ഉള്ള അവസ്ഥ വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  15. നായകന് ഒരെല്ല് കൂടുതലുണ്ടോ എന്നൊരു സംശയം...!?വായിച്ചു വേദനിച്ചു രസിച്ചു

    ReplyDelete
  16. അപ്പൊ കഴിഞ്ഞയാഴ്ച വലത്തേ കൈക്ക് വേദന എന്ന് പറഞ്ഞത് എത്രാമത്തെ തിരുമുറിവായിരുന്നു? ഏതായാലും കഥാനായകന് ആയുരാരോഗ്യസൌഖ്യം നേരുന്നു...

    ReplyDelete