Sunday, July 10, 2011

പട്ടാപ്പകലിലെ പീഡനം

പതിവുപോലെ ഷാപ്പില്‍ നിന്നും ഒരു അരയും പിടിപ്പിച്ചു ചെറുതായി ആടിക്കൊണ്ട് കുമാരന്‍ വീട്ടിലേയ്ക്കു തിരിച്ചു. അല്ലെങ്കിലും ജോലിയൊക്കെ കഴിഞ്ഞു ഒരരയടിച്ചില്ലെങ്കില്‍ കുമാരനൊരു എന്തോ പോലെയാണു. വീട്ടിലെത്തി നല്ലതുപോലെ ആഹാരവും കഴിച്ചിട്ട് ഒരുറക്കം.പിന്നെ വൈകുന്നേരമുണര്‍ന്നു വീണ്ടും ഷാപ്പിലേയ്ക്കു. ആശാന്റെ മുടക്കമില്ലാത്ത പതിവാണതു. വയലു മുറിച്ചുകടന്നു വീട്ടിലേയ്ക്കു തിരിയുന്നിടത്തെത്തിയപ്പോഴാണു കുമാരനതു കണ്ടതു.താഴെ പണയില്‍ ഒരാള്‍ എന്തോ ചെയ്യുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനയിലെ രാഘവനാണ്. ഇവനീ സമയത്തെന്തു പണയില്‍ എന്തു ചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനടക്കുവാന്‍ തുടങ്ങിയ കുമാരനൊരു നിമിഷം നിന്നു. സംശയത്തോടെ താഴേക്കു നോക്കിയ ഒരിക്കല്‍ കൂടി നോക്കിയ കുമാരന്‍ ഒന്നു ഞെട്ടി. രാഘവനുമുമ്പില്‍ തറയിലായികിടക്കുന്നതു ഒരു പെണ്‍കുട്ടിയല്ലേ. അതേ തന്നെ .അപ്പോള്‍ രാഘവന്‍..കുടിച്ച കള്ളുമുഴുവന്‍ ഒരു നിമിഷം കൊണ്ട് ആവിയായിപോയി. പെട്ടന്നുതന്നെ ധൈര്യം സംഭരിച്ച കുമാരന്‍ ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ...പട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഗം ചെയ്തു കൊല്ലുന്നേ...."

ഒച്ചകേട്ട രാഘവന്‍ തലയുയര്‍ത്തിനോക്കി. വലിയവായില്‍ അലറിവിളിക്കുന്ന കുമാരനെകണ്ട് രാഘവനാകെ അന്തം വിട്ടു.

കുമാരന്റെ നിലവിളികേട്ട് കുറച്ചപ്പുറത്തെ വാഴപ്പണയില്‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേരും വയല്‍ വരമ്പെ പോവുകയായിരുന്ന പ്രസന്നനും മറ്റുമൊക്കെ ഓടിവന്നു.

"എന്താ കുമാരാ എന്താ പ്രശ്നം"

"ദേ അതു കണ്ടോ". കുമാരന്‍ ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നോക്കിയ അവരും ഞെട്ടി. തറയില്‍ കിടക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടി. ആകെ പരിഭ്രമിച്ചു നില്‍ക്കുന്ന രാഘവന്‍. താഴേക്കോടിയിറങ്ങിയ അവര്‍ കണ്ടതു പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെയാണു. രാഘവന്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പുതന്നെ അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നു രണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം തന്നെ രാഘവനു നേരെ തിരിഞ്ഞു. അടികൊണ്ടവശനായ രാഘവന്‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കയ്യിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാ പിന്നെ ഈ നായിന്റെ മോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."

ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. ഈ സമയമെല്ലാം തറയില്‍ ശബ്ദം നഷ്ടപ്പെട്ട് തളര്‍ന്നു ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു രാഘവന്‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തി.ജീപ്പില്‍ നിന്നുമിറങ്ങിയ എസ്.ഐ ഒന്നു രംഗനിരീക്ഷണം നടത്തിക്കൊണ്ട് ഒരൊച്ചവച്ചു.ആള്‍ക്കാരെല്ലാം ഭയപ്പാടോടെ അല്‍പ്പം ദൂരേയ്ക്ക് മാറിനിന്നു.ആള്‍ക്കൂട്ടത്തില്‍ നിന്നും ഒന്നുരണ്ടുപേരെ വിളിച്ച് എസ് ഐ എന്തെല്ലാമോ ചോദിച്ചു.ഒരു പോലീസുകാരന്‍ മുന്നോട്ട് ചെന്ന്‍ രാഘവന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുയര്‍ത്തി.കഷ്ടപ്പെട്ടെഴുന്നേറ്റ് രാഘവന്‍ ഒരു തെങ്ങില്‍ ചാരിനിന്നു.അയാളുടെ മുഖമാകെ തിണര്‍ത്ത് നീരുവന്നു തുടങ്ങിയിരുന്നു.ചെന്നിയിലൂടെ ചെറുതായി ചോര കിനിഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്.

"ആരാടാ ഇവനെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍ നിന്നോടൊക്കെപ്പറഞ്ഞത്.പിന്നെ ഞങ്ങളെന്തൂ..നാടാ ഒള്ളത്"

നാവില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് എസ് ഐ ഉച്ചത്തില്‍ അലറി.ആള്‍ക്കാര്‍ ഭയപ്പാടോടെ പിന്നോക്കം വലിഞ്ഞു.രാഘവനുനേരെ തിരിഞ്ഞ എസ് ഐ കയ്യിലിരുന്ന ലാത്തികൊണ്ട് അവന്റെ മുഖം മെല്ലെയുയര്‍ത്താന്‍ ശ്രമിച്ചു.നിറഞ്ഞുതൂവിയ കണ്ണുകളുമായി രഘവന്‍ ദയനീയമായി ബദ്ധപ്പെട്ട് എസ് ഐ യെ നോക്കി.

"കൊച്ചുപിള്ളാരെത്തന്നെ പീഡിപ്പിക്കണമല്ലേടാ നായീന്റെ മോനേ.." പറയുകയും കയ്യിലിരുന്ന ലാത്തിവച്ച് രാഘവ്ന്റെ വാരിയെല്ലില്‍ ശക്തിയായൊരു കുത്തു കുത്തുകയും ചെയ്തു.അലറിക്കരഞ്ഞുകൊണ്ട് കുത്തിയിരുന്ന രാഘവനെ രണ്ടുപോലീസുകാര്‍ ചേര്‍ന്ന്‍ തൂക്കിയെടുത്ത് ജീപ്പിനുള്ളിലേയ്ക്കെറിഞ്ഞു.ശബ്ദം നഷ്ടപ്പെട്ട അയാള്‍ അതിനുള്ളില്‍ ചുരുണ്ടുകൂടിക്കിടന്നു.പോലീസ് ജീപ്പ് പുകപറത്തി പാഞ്ഞകന്നപ്പോള്‍ കൂട്ടം കൂടി നിന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലവഴിയ്ക്കായി പിരിഞ്ഞു.....

പറമ്പുകിളച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടപ്പന്‍ കേട്ട വിവരം വിശ്വസിക്കാനാവാത്തവണ്ണം ഒരു നിമിഷം തന്റെ മുമ്പില്‍ നില്‍ക്കുന്ന കുമാരനെ മിഴിച്ചുനോക്കി.അടുത്തനിമിഷം കയ്യിലിരുന്ന തൂമ്പാ വലിച്ചെറിഞ്ഞിട്ട് ഒരു നിലവിളിയോടെ കുട്ടപ്പന്‍ മുന്നോട്ട് കുതിച്ചു.കൂടെ കുമാരനും.വഴിയില്‍ വച്ച് മകളെ ആശുപത്രിയില്‍ കൊണ്ടോയിരിക്കുവാന്നറിഞ്ഞ് കുട്ടപ്പന്‍ ജംഗ്ഷനില്‍ നിന്നും ഒരോട്ടോപിടിച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു.വണ്ടിയിലിരിക്കുമ്പോള്‍ കുട്ടപ്പന്‍ ഒരു കൊച്ചുകുഞ്ഞിനെക്കണക്കെ കരയുന്നുണ്ടായിരുന്നു.കുമാരനാകട്ടെ അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ആശുപത്രിമുമ്പില്‍ ആട്ടോയില്‍ നിന്നും ചാടിയിറങ്ങിയ കുട്ടപ്പന്‍ അകത്തേയ്ക്കു കുതിച്ചു.ഒരു മുറിക്കുമുമ്പില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഭാര്യയെക്കണ്ട് അയാള്‍ കുഴഞ്ഞവിടെയിരുന്നു.കുട്ടപ്പനെക്കണ്ട അവര്‍ ഉച്ചത്തില്‍ നിലവിളിക്കാനാരംഭിച്ചു.കൂടെയുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ആ‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...അയാളുടെ മനസ്സില്‍ എന്തെല്ലാമോ വികാരവിചാരങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്‍ വാതില്‍ തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പേടിക്കാനൊന്നുമില്ല. കുട്ടിയെ ഒരു പാമ്പ് കടിച്ചതാ.അല്ലാതെ ആരും ഒന്നും ചെയ്തിട്ടൊന്നുമില്ല.പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. നല്ല വെഷമുള്ളയിനമാണു കടിച്ചതു.എന്തായാലും രണ്ടുദിവസമിവിടെ കിടക്കട്ടെ.പെട്ടന്ന്‍ പോയി ഈ മരുന്നുകള്‍ മേടിച്ചുകൊണ്ട് വരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നു മയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ അയാള്‍ പിന്‍ കൈകൊണ്ട് തുടച്ചശേഷമയാള്‍ മരുന്നുവാങ്ങിക്കൊണ്ടു വരാനായി മുറിക്കുപുറത്തേയ്ക്കിറങ്ങി. ആകാംഷാപൂര്‍വ്വം മുറിക്കുപുറത്തു നിന്നവരോട് അയാള്‍ കാര്യം പറഞ്ഞു.

"ഹൊ പഗവാനേ കാത്തു കൊച്ചിനെ.ഒരല്‍പ്പം താമസിച്ചുപോയിരുന്നെങ്കി എന്താകുമായിരുന്നു "

"ആ രാഘോന്‍ വെറുതേ തല്ലുമേടിച്ചതുതന്നെ മിച്ചം.ഇനിയിപ്പം അവനെയെറക്കണ്ടേ.പോലീസുകാരിപ്പോ അവനെ ബാക്കി വച്ചിട്ടുണ്ടാവുമോ ആവോ"

മുറിക്കുപുറത്തടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ കുമാരന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി പുകയാഞ്ഞൊന്നെടുത്തു.

ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പ് മുറിയില്‍ പോലീസുകാരുടെ ചോദ്യംചെയ്യലും തുടര്‍ന്നുള്ള ക്രൂരമര്‍ദ്ദനങ്ങളുമേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു രാഘവന്‍. പാടത്തെ ജോലിക്കിടയില്‍ ഒരല്‍പ്പം വല്ലതും കഴിക്കാമെന്നുവച്ച് വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടതും കാലില്‍ നിന്നും ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറി വിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ രാഘവന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

19 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇവിടെ വരച്ചു കാട്ടിയത് തീര്‍ച്ചയായും സമകാലിക മായ വിഷയമാണ് .
    "കാള പ്രസവിക്കുന്നതിനു മുന്‍പേ കയറെടുക്കുന്നവര്‍"

    ഓഫ്‌ ടോപിക് :
    പിന്നെ നീ ഭാഗ്യമുല്ലവനാ ശ്രീകുട്ടാ.. ആദ്യ കമെന്റ് എന്റെ വകയാ..
    ""ദൈവമേ...
    ഈ പോസ്റ്റിലെ അവസാന കമെന്റും ഇത് തന്നെയാക്കല്ലേ...""

    ReplyDelete
  3. നന്മ ചെയ്യാനും ഇനി പേടിക്കണം എന്ന് വന്നാല്‍ അതുമൊരു സാമൂഹ്യ ദുരന്തമാണ് എഴുത്ത് നന്നായി ..

    ReplyDelete
  4. ഉപകാരം ചെയ്യണമെങ്കില്‍ പോലും നാട്ടിലെ സദാചാരക്കമ്മിറ്റിക്കാരുടെ ചീട്ടു വേണമെന്ന് മനസിലായില്ലേ ..:)
    നാട്ടിലുണ്ടായ ഒരു സംഭവം പറയാം ..സുഗതന്‍ കവലയില്‍ ബസില്‍ വന്നിറങ്ങിയപ്പോള്‍ ഒരുത്തനെ സുഗതന്റെ ചിറ്റപ്പന്‍ ഗോപി അടക്കം അയല്‍ വാസികള്‍ നാലഞ്ചു പേര്‍ കിടത്തിയും നിര്‍ത്തിയും ഇടിക്കുന്നു ..എന്തോ വലിയ സംഭവം ആണെന്ന് കരുതിയ സുഗതനും വന്ന പാടെ മറ്റുള്ളവര്‍ പെരുമാറുന്ന ആളിന്റെ നെഞ്ചിനു തന്നെ ഒരു തൊഴിവച്ചു കൊടുത്തു,,,സുഗതനെ ചിലര്‍ ചേര്‍ന്ന് തടസപ്പെടുത്തുകയും ബോധം ഇല്ലാതെ കിടന്ന അയാളെ മറ്റു ചിലര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ട് പോവുകയും ചെയ്തു ..
    ഗോപി ചിറ്റപ്പന്‍ സുഗതനോട് ചോദിച്ചു "എന്തിനാടാ മഹാപാപീ കറണ്ട്‌ അടിച്ചു ശ്വാസം കിട്ടാതെ കിടന്ന ആ പാവത്തിനെ തൊഴിച്ചത് ?"
    "അല്ല എല്ലാവരും ഇടിക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ കരുതി അവന്‍ വല്ല കള്ളനും ആയിരിക്കുമെന്ന് !!അതാണ്‌ കിട്ടിയ പാടെ ഞാനും ഒന്ന് കൊടുത്തത് "സുഗതന്റെ മറുപടി കേട്ട് ചിറ്റപ്പന്‍ തലയില്‍ കൈവച്ചു പോയി ..

    ReplyDelete
  5. ശ്രീകുട്ട വളരെ നന്നായി പറഞ്ഞു വിഷയം.. കാര്യമറിയാതെ എന്തൊക്കെയോ കാട്ടിക്കോടൂനവരെ ശരിക്കും വരച്ചു കാണിച്ചു.. ആശംസകള്‍..

    ReplyDelete
  6. നല്ലൊരു വിഷയം വെത്യസ്ത രീതിയില്‍ അവതരപ്പിച്ചു ശ്രീ കുട്ടാ അഭിനന്ദനങ്ങള്‍

    ReplyDelete
  7. പാവം രാഘവന്‍..കാര്യമറിയാതെ പ്രശ്നത്തില്‍ ഇടപെട്ടു രംഗം വഷളാക്കുന്നവര്‍ക്ക് ഇതൊരു പാഠം ആയിരിക്കട്ടെ..പ്രസക്തമായ വിഷയം നന്നായി അവതരിപ്പിച്ചു.

    ReplyDelete
  8. ഇപ്പോഴത്തെ പല വാര്‍ത്തകളും ഈ ബ്ലോഗിന് സമാനമാണ്.സമകാലിക പ്രസക്തമായ വിഷയം.......നന്മ ചെയ്യാനും പേടിക്കണ്ട അവസ്ഥ..............നല്ല അവതരണം.....അഭിനന്ദനങള്‍....

    ReplyDelete
  9. നല്ല പോസ്റ്റ്‌ !!

    ReplyDelete
  10. രാഘവനു നേരിട്ട ദുര്യോഗത്തില്‍ അനുശോചനം രേഖപ്പെടുത്താനെത്തിയ എല്ല നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചുകൊള്ളുന്നു.

    ReplyDelete
  11. ഈ ഷാപ്പിലെ പാമ്പ് കടിച്ചതാ പ്രശ്നമായത്...

    ReplyDelete
  12. ഞങ്ങടെ നാട്ടില്‍ ബസ്സ് കുത്തിയപ്പോള്‍ ഡ്രൈവറാണെന്ന് കരുതി ഒരു പാവം യാത്രക്കാരനെ പൊതിരെയിട്ടു തല്ലി
    പാവം ഒരു കാക്കി കളര്‍ കുപ്പായമിട്ടതാണ് പ്രശ്നമായത്..
    ഒരുത്തനും നന്നാവൂല...

    ലേ ശ്രീക്കുട്ടാ..

    ReplyDelete
  13. ഓരോന്ന് കിട്ടാന്‍ നോക്കിയിരിക്കും പലരും കൈത്തരിപ്പ്‌ തീര്‍ക്കാന്‍. സമരക്കാര്‍ ബസ്സിനു കല്ലെറിയുന്നത് കാണുമ്പോള്‍ ആഗ്രഹം മൂത്ത് കൂട്ടത്തില്‍ പോയി എറിയുന്നവരെ കണ്ടിട്ടുണ്ട്.

    @ Ismail Chemmad : മൂന്നു സ്മൈലി.

    ReplyDelete
  14. പാവം..ഒരു മിണ്ടാപ്രാണി കണക്കെ..
    നന്നായി പറഞ്ഞു ട്ടൊ...നല്ല അവതരണം...ആശംസകള്‍.

    ReplyDelete
  15. ഞാന്‍ പോയി രാഘവനെ ഇറക്കിയിട്ട്‌ വരാം, പാവം

    മനോഹരം ഭായി
    (കുറുപ്പിന്റെ കണക്കു പുസ്തകം)

    ReplyDelete
  16. അവതരണം നന്നായിട്ടുണ്ട്...നന്മ നേരുന്നു..

    ReplyDelete