Monday, August 29, 2011

ഉത്സവ സമാപന ദിനം

"അപ്പോള്‍ ഇത്തവണയും കുറുപ്പ് ചേട്ടന്‍ തന്നല്ലേ ഉത്സവക്കമ്മറ്റി പ്രസിഡന്റ്". ചായ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടപ്പന്‍ നാണുവിനോടായി ചോദിച്ചു.

പിന്നല്ലാതേ. കുമാരന്‍ നായര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തലകുത്തിനിന്ന്‍ ശ്രമിക്കേല്ലേ. പക്ഷേ കമ്മറ്റിക്കാരുടെ സപ്പോര്‍ട്ട് കൂടുതലും കുറുപ്പിനാ. ഇത്തവണ ഉത്സവത്തിന് എന്തെങ്കിലുമൊക്കെ നടക്കും. നായരും കൂട്ടരും അല്‍പ്പം വാശിയിലാണെന്നു തോന്നുന്നു.". എണ്ണയില്‍ കിടക്കുന്ന പരിപ്പുവടകളിളക്കിക്കൊണ്ട് നാണു പറഞ്ഞു.

"ഹൊ എന്തു നടക്കാന്‍. പഴയതുപോലെ ഗംഭീരമായിട്ട് ഉത്സവം നടക്കും. അത്ര തന്നെ. പിരിവെന്നാണു തൊടങ്ങുന്നതെന്നു വല്ലോമറിയാവോ. ചുമ്മാ ചെലവെങ്കിലും നടക്കൂല്ലോ"

"എടാ കുട്ടപ്പാ.പിരിവിനായിട്ട് നടക്കാതെ നെനക്കു വല്ല ജോലിക്കും പൊയ്ക്കൂടേടാ".

"നാണുവേട്ടാ പണ്ടത്തെപ്പോലെ മേലാഞ്ഞിട്ടല്ലേ. പന്ന പോലീസുകാരമ്മാരിടിച്ചതിന്റെ വാട്ടം ഇപ്പോഴുമുണ്ട്.പാറ്റന്‍ ടാങ്കിന്റെ ഒച്ചേലാ ചൊമയ്ക്കണതുതന്നെ. ഉത്സവത്തിനു നാണുവേട്ടനു നല്ല കച്ചോടം കാണുമല്ലോ. എന്നെക്കൂടി നിര്‍ത്തുമോ"

"ചുമ്മാതല്ലല്ലോ.പൈസാ വച്ചു ചീട്ടു കളിച്ചിട്ടല്ലേ. പിന്നെ ഞാനിങ്ങനെയെങ്കിലും ജീവിക്കണത് നെനക്കൊട്ടും പിടിക്കണില്ലല്ലേ. രണ്ടുകൊല്ലം മുമ്പ് നിന്നെക്കൂടെ നിര്‍ത്തിയതിന്റെ ക്ഷീണം മാറിവരുന്നതേയുള്ളു"

"അതു ചേട്ടാ അന്നൊരബദ്ധം പറ്റിയതല്ലേ. ചായ ചൂടില്ലെന്നും പറഞ്ഞെന്റെ തന്തക്കു വിളിച്ചാ ഞാന്‍ പിന്നെന്തോ ചെയ്യണം. എനിക്കു ദേക്ഷ്യം വന്നപ്പം ഞാനവന്റെ ചെപ്പക്കൊന്നു കൊടുത്തു. അതിനവന്‍ ആളിനെകൂട്ടി വന്ന്‍ കടതല്ലിപ്പൊളിച്ചതും ചേട്ടനെ തച്ചതും എന്റെ കുറ്റമാണോ.എനിക്കും പൂരെക്കിട്ടിയല്ലോ അന്ന്‍ "

"ഹേയ് നിന്റെ കുറ്റമേയല്ല. എന്റെ മാത്രം കുറ്റമാണ്.പണിയൊന്നുമില്ലാതെ തെണ്ടി നടക്കണകണ്ടപ്പം പിടിച്ചു കടയില്‍ നിര്‍ത്തിയത് എന്റെ തെറ്റു തന്നെയാണു"

"എന്റെ പൊന്നു ചേട്ടാ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇത്തവണ ഞാന്‍ ഒരു കുഴപ്പവുമൊണ്ടാക്കില്ല. അമ്മച്ചിയാണെ സത്യം.എന്നെക്കൂടി നിര്‍ത്തണം. ഇത്തവണത്തെ കച്ചവടം നമുക്കു പൊടിപൊടിക്കണം".

"ങ..ഹാ നമുക്കാലോചിക്കാം. നീ പോയി ഒരു കൊടം വെള്ളം കോരിക്കൊണ്ടു വാ" ഒരു തടിയന്‍ കുടമെടുത്ത് കുട്ടപ്പന് കൊടുത്തിട്ട് നാണുനായര്‍ അടുപ്പില്‍ നിന്നും എണ്ണപ്പാത്രമിറക്കിവച്ചു.

കുട്ടപ്പനാളു പാവമാണ്. ബന്ധുക്കളായിട്ട് ഒരു അമ്മുമ്മ മാത്രമേയുള്ളു. കയ്യിലിരുപ്പിന്റെ ഗുണംകൊണ്ട് ഇടക്കിടയ്ക്ക് നല്ലത് കിട്ടാറുണ്ട്. നിസ്സാരകാര്യങ്ങള്‍ പോലും കുട്ടപ്പന്റെ മുമ്പിലെത്തിയാല്‍ ഒരു കര്‍ഫ്യൂ പ്രഘ്യാപിക്കുന്ന അളവിലാക്കി മാറ്റാന്‍ വല്ലാത്ത കഴിവാണാശാനു.

ഉത്സവത്തിന് കൊടിയേറിയതോടെ നാണുനായരുടെ ടീ സ്റ്റാളില്‍ തിരക്കു കൂടി. ചായകൊടുക്കുവാനും എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിനും പൈസ മേടിക്കുന്നതിനും എല്ലാം സമയം കിട്ടാതായതോടെ നായര്‍ എന്തെങ്കിലും വരട്ടെ എന്നുകരുതി കുട്ടപ്പനെ തന്റെ അസ്സിസ്റ്റന്റായി നിയമിച്ചു. പണ്ടുകിട്ടിയതിന്റെ വേദന ഇപ്പോഴും മാറാത്തതുകൊണ്ട് നിയമനത്തിനുമുമ്പു തന്നെ കുട്ടപ്പനായി ഒണ്‍ അവര്‍ ക്ലാസ്സെടുത്തിരുന്നു നാണുനായര്‍. ആശാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ച അരുമശിഷ്യന്‍ പറന്നു പറന്നു പണിയെടുത്തുകൊണ്ടിരുന്നു.

"സുമതിയേ നാളെമൊതല്‍ ഒരു രണ്ടുലിറ്റര്‍ പാലുകൂടി വേണ്ടിവരും കേട്ടോ" വൈകിട്ട് പാലുമായി പാല്‍ക്കാരി സുമതി വന്നപ്പോ നാണുനായര്‍ പറഞ്ഞു.

"എന്റെ നാണ്വേട്ടാ കറവ കൊറവാണു.ഇതു തന്നെ പാടാണ്.അതോണ്ട് സൊസൈറ്റീന്ന്‍ മേടിക്കണം". മേത്തിട്ടിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പുതൊടച്ചുകൊണ്ട് സുമതി പറഞ്ഞു.

"എന്താ സുമതി അതിനെടയ്ക്കു നിന്റെ കറവ വറ്റിയോ" കയ്യിലിരുന്ന ചായഗ്ലാസ്സ് ചുണ്ടോടു ചേര്‍ത്തുകൊണ്ട് സുമതിയെതന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ ചോദിച്ചു.

"ത്..ഫാ നാറീ..."

സുമതിയുടെ ആട്ടില്‍ ആ കടയുടെ മേല്‍ക്കൂര മുഴുവന്‍ തകര്‍ന്നു നിലം പൊത്തിയതായി നാണുനായര്‍ക്കു തോന്നി.
ആട്ടിന്റെ ശക്തിയില്‍ വിറച്ചുപോയ കുട്ടപ്പന്റെ കയ്യില്‍ നിന്നും ചായഗ്ലാസ്സ് തറയില്‍ വീണു തരിപ്പണമായി.

ചവിട്ടിക്കുലുക്കി സുമതി നടന്നുപോയപ്പോള്‍ നാണുനായര്‍ കുട്ടപ്പനെ അതിരൂക്ഷമായൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ കുട്ടപ്പന്‍ കുനിഞ്ഞ് തറയില്‍ ചിതറിക്കിടന്ന ഗ്ലാസ്സ് കഷണങ്ങള്‍ കടലാസില്‍ പെറുക്കിയെടുത്തു.

ഉത്സവം കൊഴുക്കുകയായിരുന്നു. ഇതിനിടക്കു ഉത്സവകമ്മിറ്റിപ്രസിഡന്റ് കുറുപ്പും കുമാരന്നായരും തമ്മില്‍ ചില്ലറ വാഗ്വാദങ്ങളൊക്കെയുണ്ടായി. ഭൂരിപക്ഷപിന്തുണയുള്ള കുറുപ്പിനെ നേരിട്ടൊന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാമായിരുന്ന കുമാരന്നായര്‍ ഉത്സവം തീരുന്നതിനിടയ്ക്കു ഒരു പണി കൊടുപ്പിക്കുന്നതിനായി ഒന്നുരണ്ടുപേരെ രഹസ്യമായി എടപാടു ചെയ്തു. ഫേമസ് കൊട്ടേഷന്‍ താരങ്ങളായ കവടി സുജി, എരപ്പന്‍ പ്രകാശന്‍ എന്നിവര്‍ സസന്തോഷം ആ കൊട്ടേഷനേറ്റെടുത്തു.

"കൂടുതലൊന്നും ചെയ്യണ്ട. മറ്റന്നാള്‍ തീരുവടിയാണ്. എഴുന്നള്ളത്തും മറ്റും അമ്പലത്തില്‍ കേറുന്ന സമയത്ത് നിങ്ങളതൊന്നു കലക്കണം. അത്രേയുള്ളു.കുറുപ്പിന്റെ അഹങ്കാരം അതോടെ തീര്‍ന്നുകൊള്ളും. എനിക്കതു മതി. പിന്നൊരു കാര്യം ഞാനാണിതു ചെയ്യിപ്പിച്ചതെന്നു ഒരു ഈച്ചക്കുഞ്ഞുപോലുമറിയരുതു." മടിയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്ത് നീട്ടിക്കൊണ്ട് കുമാരന്നായര്‍ പ്രകാശനെ നോക്കി.

"നിങ്ങ ധൈര്യമായിപ്പോവീന്‍. ഇതു ഞങ്ങളേറ്റു". പണം വാങ്ങി മടിയില്‍ വച്ചിട്ട് പ്രകാശന്‍ മറുകയ്യിലിരുന്ന കത്തികൊണ്ട് മുഖമൊന്നു ചൊറിഞ്ഞു.

എടാ കുട്ടപ്പാ നീ പെണ്ണുങ്ങളേം വായിനോക്കി നിക്കാതെ വല്ലതും ചെയ്യടാ".

കടയിലെ തിരക്കില്‍ പരവേശപ്പെട്ടു നാണു നായര്‍ കുട്ടപ്പനോടായി പറഞ്ഞു. സമയം സന്ധ്യയാവാറായി. താലപ്പൊലിയേന്തിയ ബാലികമാരും അവരുടെ കൂടെയുള്ള അംഗനമാരും പിന്നെ ചെണ്ടമേളവും തെയ്യവും ആനയും എല്ലാമായി എഴുന്നള്ളത്ത് അമ്പലത്തിനു മുമ്പിലെത്താറായി. എല്ലാത്തിന്റേയും മുമ്പന്തിയില്‍ തന്നെ പ്രസിഡന്റ് കുറുപ്പും പരിവാരങ്ങളും ഉണ്ടായിരുന്നു. അല്‍പ്പം അകലെയായി മാറി നിന്ന കുമാരന്നായര്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.‍ നാണുനായരുടെ ചായക്കടയുടെ കോലായില്‍ നില്‍ക്കുന്ന സുജിയേയും പ്രകാശനേയും കണ്ട കുമാരന്‍ നായര്‍ കണ്ണുകൊണ്ടവരോടു കാര്യമന്യോഷിച്ചു. പ്രകാശന്‍ തന്റെ കയ്യില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന നാടന്‍ ബോംബ് നായരെക്കാട്ടി എല്ലാം ശരിയാ​ണെന്ന ഭാവത്തില്‍ കണ്ണടച്ചുകാട്ടി. നായര്‍ കുറച്ചുകൂടി ഒതുങ്ങിനിന്നു.

താലപ്പൊലിയുടെ കൂടെ വരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ തന്റെ ലവര്‍ രമയെക്കണ്ടതും കുട്ടപ്പന്റെ മനസ്സില്‍ നൂറു കതിനകള്‍ ഒരുമിച്ചു പൊട്ടി. അവളുടെ ശ്രദ്ധയാകര്‍ഷിക്കാനായി കുട്ടപ്പന്‍ കടയില്‍ നിന്നും ഋതിപ്പെട്ട് പുറത്തേയ്ക്കിറങ്ങിയതും തറയില്‍ കിടന്ന പഴത്തൊലിയില്‍ തെന്നി മുന്നിലേയ്ക്ക് തെറിച്ചതും ഒരുമിച്ചായിരുന്നു.അവന്റെ കൈതട്ടി പപ്പുകുറുപ്പിന്റെ കയ്യിലിരുന്ന ചൂടു ചായ മുമ്പില്‍‍ നിന്ന പ്രകാശന്റെ കഴുത്തിലേയ്ക്ക് വീണു. ചൂടുചായ പുറത്തുവീണ പ്രകാശന്‍ അലറിക്കൊണ്ട് ഒന്നു കുതിച്ചുപൊങ്ങി. ആ വെപ്രാളത്തില്‍ കയ്യിലിരുന്ന പൊതി എവിടേയ്ക്കോ തെറിച്ചുപോയി. ചെണ്ടമേളത്തിന്റെ ബഹളത്തിലും ആര്‍പ്പുവിളിയിലും ഇതൊന്നുമറിയാതെ എഴുന്നള്ളത്ത് മുമ്പോട്ടു നീങ്ങി. പെട്ടന്നാണതുണ്ടായത്. ആ പ്രദേശം മുഴുവന്‍ കിടുങ്ങിവിറക്കുന്നതരത്തില്‍ ഒരു ഹുങ്കാരശബ്ദത്തോടെ നാണുനായരുടെ ചായക്കടയുടെ ഒരു ഭാഗം ആകാശത്തേക്കുയര്‍ന്നു ചിതറി.ആ ഭാഗം മുഴുവന്‍ പുകകൊണ്ടു മൂടി. ആകെ അന്തം വിട്ട ആള്‍ക്കാര്‍ നാലുപാടും ഓടി. എങ്ങും നിലവിളികളും അലര്‍ച്ചയും പരിഭ്രാന്തരായി ഓടുന്നവര്‍ം മാത്രം.പരക്കം പാഞ്ഞ ആനയുടെ പുറത്തുനിന്നും വീഴാതിരിക്കുവന്‍ പോറ്റി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിനകം പുകയെല്ലാമടങ്ങുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തപ്പോള്‍.....

പ്രകാശന്റെ കയ്യില്‍ നിന്നും തെറിച്ചുപോയ നാടന്‍ബോംബ് വന്നുവീണത് നാണുനായരുടെ സ്റ്റൊവ്വിനടുത്തായിട്ടായിരുന്നു. അല്‍പ്പസമയത്തിനകം അതതിന്റെ തനിക്കൊണം കാണിച്ചതു മൂലം ചായക്കടയുടെ ചെറിയൊരവശിഷ്ടം ബാക്കിയുണ്ടായിരുന്നു. തിരിച്ചറിയാന്‍ വയ്യാത്തവിധം രൂപം മാറിപ്പോയ നാണുനായര്‍, പകുതി പാകമായ പരുവത്തില്‍ കുട്ടപ്പന്‍, പ്രകാശന്‍, പിന്നെ വേറെ രണ്ട്മൂന്ന്‍ മാന്യമഹാജനങ്ങള്‍, ആനപ്പുറത്തു നിന്നും വീണ് കാലിന്റെ കുഴതിരിഞ്ഞ രൂപത്തില്‍ പോറ്റി തുടങ്ങിയവരേയും വഹിച്ചുകൊണ്ടുള്ള വാഹനം ആശുപത്രിയിലേയ്ക്കു കുതിച്ചു പാഞ്ഞു. ആനയുടെ ചവിട്ടുകൊള്ളാതിരിക്കുവന്‍ വേണ്ടി പലവഴിക്കോടിയവകയില്‍ കല്ലുവെട്ടുകുഴിയില്‍ വീണു കാലൊടിഞ്ഞ കുമാരന്‍ നായരുടെ ബോധം അപ്പോഴും വന്നിരുന്നില്ല. കടയുടെ ഒരു സൈഡിലായി നിന്നിരുന്ന കവടി സുജി ഓടിയവഴിയില്‍ പുല്ലുകള്‍ പിന്നീടൊരിക്കലും മുളച്ചില്ല. പലവഴിക്കോടിയ ചെണ്ടക്കാരും തെയ്യക്കാരും വഴിയറിയാതെ എവിടെയൊക്കെയോ ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു.

ആകെക്കൂടി നോക്കിയാല്‍ ഉത്സവസമാപനം കൊളത്തില്‍ വീണു കൊളമായതുപോലെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ..

ശ്രീക്കുട്ടന്‍

Tuesday, August 23, 2011

ഒരിന്ത്യന്‍ ഇംഗ്ലീഷ് വീരഗാഥ

അങ്ങിനെ ആ ചടങ്ങങ്ങട്ട് കഴിഞ്ഞു.കോടിക്കണക്കിനാരാധാകരുടെ പ്രാര്‍ഥനകളും നെടുവീര്‍പ്പുകളും പാഴായില്ല.നാലാം ടെസ്റ്റിലും ഇന്ത്യക്കാര്‍ ഇംഗ്ലണ്ടുകാരെ ഒരു പാഠം പഠിപ്പിച്ചു.ക്രിക്കറ്റ് ദൈവം തന്റെ നൂറാം സെഞ്ചുറിയെങ്ങാനുമടിച്ചിരുന്നെങ്കില്‍ പത്രക്കാരായ പത്രക്കാരും മറ്റുള്ളവരുമെല്ലാം കൂടി അതു മാത്രം പൊക്കിപ്പിടിച്ച് ഇന്ത്യന്‍ ടീമിന്റെ കഠിനപ്രയത്നം കണ്ടില്ലെന്നു നടിക്കുമായിരുന്നു.സത്യത്തില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റ്സ്മ്മാമ്മാരെ വെള്ളം കുടിപ്പിക്കുകയാണു ചെയ്തത്. എല്ലാ ബോളുകളും ബാറ്റ്സ്മാമ്മാരുടെ ബാറ്റിലേയ്ക്ക് തന്നെ കൃത്യമായി എറിഞ്ഞെത്തിച്ചുകൊടുത്തതുമൂലം ഒരൊറ്റ ഇംഗ്ലീഷ് ബാറ്റ്സ്മാമ്മാര്‍ക്കും വിശ്രമമെന്തെന്നറിയാന്‍ പറ്റിയില്ല.അതുവഴി അവരെ ശാരീരികമായി തളര്‍ത്തുകയായിരുന്നു ഇന്ത്യന്‍ ലക്ഷ്യം.അക്കാര്യത്തില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ നൂറുശതമാനം വിജയിച്ചു എന്നുവേണം പറയാന്‍.

ആദ്യ രണ്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ടിനെ രണ്ടാമിന്നിംഗ്സ് ബാറ്റു ചെയ്യാനനുവദിച്ച ഇന്ത്യ അടുത്ത രണ്ടു ടെസ്റ്റുകളില്‍ അവര്‍ക്കാ അവസരം നിഷേധിച്ചു.അങ്ങിനെ മിടുക്കമ്മാരാകണ്ട എന്ന്‍ ധോണിയും കൂട്ടരും കരുതിയതില്‍ ഒരു തെറ്റുമില്ല.രണ്ടാമിന്നിംഗ്സില്‍ കൂടി ബാറ്റു ചെയ്ത് കൊറച്ചുകൂടി റണ്‍സ് എടുക്കാമെന്നു കരുതിയ ബെല്ലും പീറ്റേര്‍സണുമൊക്കെ സത്യത്തില്‍ നാണം കെട്ടു പോകുകയായിരുന്നു.നമ്മളാരാ പുള്ളികള്‍.മൂന്നുനാലുശതകത്തോളം നമ്മളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന വെള്ളക്കാരോടുള്ള എല്ലാ വാശിയും പ്രകടമാക്കുന്നതരത്തിലുള്ളതായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാമ്മാരുടെ പ്രകടനവും.ഇംഗ്ലീഷ് ബൌളര്‍മാരുടെ പന്തുകളെ ലവലേശം ഭയപ്പെടാതെ ആദ്യ പന്തുകളില്‍ തന്നെ ഔട്ടാവാന്‍ ഓരോരുത്തരും പരസ്പ്പരം മത്സരിക്കുകയായിരുന്നു.തങ്ങള്‍ക്ക്നേരെ കൂടുതല്‍ പന്തുകളെറിഞ്ഞ് കാണികളുടെ കയ്യടികള്‍ നേടാതെ ബൌളര്‍മാരെ തടയുക എന്ന കര്‍ത്തവ്യം ധോണിയും കൂട്ടരും ഭംഗിയായി നിര്‍വ്വഹിച്ചു.

നാലു ടെസ്റ്റ് മത്സരങ്ങളും തോറ്റമ്പി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്കെത്തി.ഒന്നാണോ വലുത് മൂന്നാണോ വലുതെന്ന്‍ ബുദ്ധിയുള്ളവര്‍ ആലോചിച്ചു കണ്ടെത്തുക.ഇന്ത്യന്‍ ബാറ്റ്സമ്മാമ്മാരും ബൌളര്‍മാരുമെല്ലാം വളരെയേറെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാല്‍പ്പതാമതും അന്‍പതാമതുമൊക്കെയെത്തി.ഇംഗ്ലീഷ് പര്യടനം ഒട്ടും തന്നെ കടുപ്പമുള്ളതായിരുന്നില്ലെന്ന്‍ നമ്മുടെ ഗോപുക്കുട്ടന്‍ പറഞ്ഞത് ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കണം.പത്തുനാല്‍പ്പതുകൊല്ലത്തിനുശേഷം ഒരു സമ്പൂര്‍ണ്ണതോല് വി നേടാനായതില്‍ ധോണിയ്ക്കും കൂട്ടര്‍ക്കും അഭിമാനിക്കാം.ആ ടീമിലുണ്ടായിരുന്ന എല്ലാ അംഗങ്ങള്‍ക്കും എത്രയും പെട്ടന്ന്‍ ഭാരതരത്ന കൊടുപ്പിക്കാനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ശ്രമം തുടങ്ങേണ്ടതാണു.മാത്രമല്ല ഇംഗ്ലണ്ടില്‍ നിന്നും മടങ്ങിവരുന്ന ടീമംഗങ്ങളെ ഒരു വീരോചിതമായി താലപ്പൊലിയും ബാന്റുമേളവുമൊക്കെയായി സ്വീകരിച്ച് ഒരു നഗരപ്രദക്ഷിണം നടത്തിക്കുവാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവണം...

സത്യത്തില്‍ ഈ മത്സരങ്ങളില്‍ ഇന്ത്യ തോറ്റു എന്നത് ചുമ്മാ പറയുന്നതാണ്.ഇന്ത്യന്‍ ബാറ്റ്സ്മ്മമ്മാരും ഇംഗ്ലീഷ് ബൌളര്‍മാരും തമ്മിലുള്ള അന്തര്‍ധാര സജീവമല്ലാതായിരുന്നതുമൂലം റാഡിക്കലായുള്ള ഒരു മാറ്റം മാത്രമാണുണ്ടായത്.കണക്കുകളില്‍ തോറ്റെങ്കിലും സാങ്കേതികമായി ഇന്ത്യ ജയിച്ചു എന്നുവേണം പറയാന്‍.ഇനി ഏകദിനപരമ്പര കൂടിയുണ്ട്.അതില്‍ കാണിച്ചുകൊടുക്കാം.....

സംഭവബഹുലമായ നാലുമത്സരങ്ങളുടെ വിവരങ്ങള്‍

ലോര്‍ഡ്സില്‍ വച്ച് ജൂലായ് 21 നാരംഭിച്ച ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 474 ഉം രണ്ടാമിന്നിംഗ്സില്‍ 269 ഉം റണ്‍സാണെടുത്തത്.ഇന്ത്യയാവട്ടെ ആദ്യ ഇന്നിംഗ്സില്‍ 286 ഉം രണ്ടാമിന്നിംഗ്സില്‍ 261 ഉം റണ്‍സെടുത്തു.മത്സരത്തില്‍ ഇംഗ്ലണ്ട് 196 റണ്‍സിനു വിജയിച്ചു.

നോട്ടിംഹാമില്‍ ജൂലായ് 29നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് യഥാക്രമം 221 ഉം 541 ഉം റണ്‍സെടുത്തു. ഇന്ത്യക്കാവട്ടെ 288 ഉം 158 ഉം റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.ഫലമോ ഇന്ത്യടെ തോല്‍വി 319 റണ്‍സിനു.

ബര്‍മ്മിംഹാമില്‍ ആഗസ്റ്റ് 10 നാരംഭിച്ച മൂന്നാം ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 210 റണ്‍സിനു എല്ലാപേരും പുറത്തായി.മറുപടി ബാറ്റിംഗാരംഭിച്ച ഇംഗ്ലണ്ട് 710 റണ്‍സിന്റെ ഒരു മല തന്നെയാണിന്ത്യക്കു മുമ്പില്‍ വച്ചത്.തോല്‍വി ടെസ്റ്റ്ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തുമെന്ന്‍ അറിയാമായിരുന്നിട്ടും അതിനു പുല്ലുവിലപോലും കൊടുക്കാതെ ഇന്ത്യന്‍ ബാറ്റ്സ്മാമ്മാര്‍ വരിവരിയായി പവലിയനിലേയ്ക്ക് മടങ്ങുവാന്‍ മത്സരിച്ചു.244 റണ്‍സിനു ആള്‍ ഔട്ടായ ഇന്ത്യ ഒരിന്നിംഗ്സിനും 242 റണ്‍സിന്റേയും കനത്ത തോല്‍വി ഇരന്നുവാങ്ങി തങ്ങളുടെ ഒന്നാം സ്ഥാനമെന്ന കിരീടം ഇംഗ്ലീഷുകാരുടെ തലയില്‍ ചാര്‍ത്തിക്കൊടുത്തു.

ഓവലില്‍ ആഗസ്റ്റ് 18 നാരംഭിച്ച നാലാം ടെസ്റ്റില്‍ എങ്ങിനെയെങ്കിലും ജയിച്ചു പരാജയഭാരം കുറയ്ക്കുമെന്ന്‍ കരുതിയ അരാധക കോടികളെ അമ്പേ നിരാശരാക്കിക്കൊണ്ട് ഇന്ത്യ ഇന്നിംഗ്സിനും 8 റണ്‍സിനും ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങി സമ്പൂര്‍ണ്ണ പരാജയം രുചിച്ചു.ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 591 റണ്‍സിനെതിരെ പൊരുതിയ ഇന്ത്യ രണ്ടിന്നിംഗ്സിലും കൂടി 583 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.അങ്ങിനെ പവനായി ശവമായി.തങ്ങള്‍ക്കു കിട്ടിയ ഒന്നാം സ്ഥാനം രാജകീയപ്രൌഡിയോടെതന്നെ ഇംഗ്ലീഷുകാര്‍ ആഘോഷിക്കുകയും ചെയ്തു.

ഈ സമ്പൂര്‍ണ്ണ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും കളിക്കാരുടേയും കണ്ണു തുറപ്പിക്കണം.പണത്തിനുവേണ്ടി മാത്രമല്ല രാജ്യത്തിനുവേണ്ടിക്കൂടിയാവണം കളിക്കേണ്ടതെന്ന്‍ നമ്മുടെ താരങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഇതിലും വമ്പന്‍ അടികള്‍ ഇനിയുമുണ്ടാകും.എത്രയും പെട്ടന്ന്‍ നമുക്ക് നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനിടയാവട്ടെയെന്നു പ്രാര്‍ഥിച്ചുകൊണ്ട്

ശ്രീക്കുട്ടന്‍
Thursday, August 11, 2011

വസന്തത്തിലേയ്ക്കൊരു തീവണ്ടി

വസന്തത്തിലേയ്ക്കൊരു തീവണ്ടി


തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്നുകൊണ്ട് നന്ദന്‍ നാലുപാടും ഒന്നു കണ്ണോടിച്ചു.ഒഴുകുകയാണ് പുരുഷാരം. ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ സമയമില്ല.ഈ കൂട്ടത്തില്‍ തന്നെ അറിയാവുന്ന ആരെങ്കിലും ഉണ്ടാവുമോ ആവോ? .തന്റെ നാട്ടില്‍നിന്നുമെത്രയോ അകലെയാണീ പട്ടണം.തന്നെ വഴക്കുപറയാനോ അടിയ്ക്കാനോ എന്തായാലും ഇവിടെയാരും വരത്തില്ല. ഇനി വേണം സ്വാതന്ത്ര്യത്തിന്റെ കാറ്റൊന്ന്‍ ശരിക്കാസ്വദിക്കാന്‍.
മനസ്സില്‍ എന്തെല്ലാമോ ആലോചിച്ചുകൊണ്ട് നന്ദന്‍ തന്റെ സീറ്റിനടുത്തേയ്ക്ക് തിരിച്ചുചെന്നു. സീറ്റിനടിയില്‍നിന്നു ഒരു ചെറിയ ബാഗ് വലിച്ചെടുത്തു തോളിലിട്ടുകൊണ്ട് ആ ജനക്കൂട്ടത്തിനിടയിലേയ്ക്കവന്‍ മെല്ലെയൂര്‍ന്നിറങ്ങി. തിക്കിത്തിരക്കി എങ്ങിനെയെങ്കിലും പുറത്ത് കടന്നശേഷം റോഡിന്റെ ഓരം ചേര്‍ന്നുനടന്നു. ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പവും ഉച്ചത്തിലുള്ള ഹോണടിയും അവനെ ചെറുതായി അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. മുന്നില്‍ക്കണ്ട ഹോട്ടലില്‍ക്കയറി വയറുനിറയെ ആഹാരം കഴിച്ചശേഷം പണം  കൊടുത്തിട്ട് അവന്‍ പുറത്തേയ്ക്കിറങ്ങി. ആള്‍ക്കൂട്ടത്തിലൊരുവനായി നാലുപാടും നോക്കിക്കൊണ്ട് മുന്നോട്ട് നടന്ന നന്ദന്‍ ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിടങ്ങളെ അത്ഭുതത്തോടെ നോക്കി. എന്തു വലിയ കെട്ടിടങ്ങളാണ്! ചില കെട്ടിടങ്ങളിലെ ഗ്ലാസ്സുകളില്‍ തട്ടുന്ന വെളിച്ചം സ്വര്‍ണ്ണനിറം സൃഷ്ടിക്കുന്നതുപോലെ.പട്ടണമെന്നത് ഒരു മായാലോകം തന്നെ.

കാഴ്ചകള്‍ കണ്ടുകണ്ട് അവനങ്ങിനെ നടന്നുകൊണ്ടിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ നഗരത്തിന്റെ തിരക്കു വര്‍ദ്ധിച്ചു. രാത്രി കച്ചവടക്കാര്‍ പാതയോരങ്ങളില്‍നിന്നു മെല്ലെ പിന്‍വാങ്ങിത്തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുട്ട് കനത്തപ്പോഴാണ് എവിടെയാണോന്നു തലചായ്ക്കുക എന്ന ചിന്ത അവനെ അലട്ടിയത് .സമയം കടന്നുപോകുന്തോറും അവന്റെ മനസ്സില്‍ ഒരു ചെറിയ ഭീതി ഉടലെടുത്തുതുടങ്ങി.ഇത്രവല്യ പട്ടണത്തില്‍ ആദ്യമായി, അതും ഒറ്റയ്ക്ക്. ഒരന്തമില്ലാതെ അവന്‍ നടന്നുകൊണ്ടിരുന്നു.റോഡരികില്‍നിന്ന ചിലര്‍ അവനെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു.ഭയംകൊണ്ട് വല്ലാണ്ടു ചൂളിപ്പോയ അവന്‍ അവരുടെ മുമ്പില്‍നിന്നു പെട്ടന്ന്‍ നടന്നുമറഞ്ഞു.കുറേദൂരം നടന്നപ്പോള്‍ പഴയവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു സ്ഥലത്തെത്തി. ആരുമുള്ള ലക്ഷണമെങ്ങുമില്ല. ഇന്നിവിടെയെവിടെയെങ്കിലും കിടക്കാമെന്നുകരുതി അവന്‍ അവിടെക്കണ്ട ഒരു പൊളിഞ്ഞ ബസ്സിനുള്ളില് കയറി പൊടിപിടിച്ചുമറിഞ്ഞുകിടന്ന ഒരു സീറ്റ് നെരെയാക്കി വച്ചിട്ട് അതില്‍ മെല്ലെ ചാരിക്കിടന്നു. പുറത്ത് മങ്ങിക്കത്തിക്കൊണ്ടിരിക്കുന്ന തെരുവുവിളക്കില്‍നിന്ന്‍ അരിച്ചരിച്ചെത്തുന്ന വെളിച്ചത്തില്‍ അല്‍പ്പനേരം ചുറ്റുപാടും കണ്ണോടിച്ചുകിടന്നെങ്കിലും പിന്നീട് ക്ഷീണവും മറ്റും കൊണ്ട് അവനന്നല്ല ഉറക്കമായി.

"എന്റെ മോനെവിടെയാണോ ആവോ?.അവനെന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ.ഈശ്വരാ എന്റെ കുഞ്ഞിനെ ഒരാപത്തും കൂടാതെ നീയെനിക്കു തിരിച്ചുതരണേ".

സുജാത അലമുറയിട്ടു കരയുകയാണ്.നാലഞ്ചു സ്ത്രീകളും മറ്റും അവളെ ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്. സുജാതയുടെ അടുത്തായി തറയില്‍ ഒരെട്ടുവയസ്സുകാരി തളര്‍ന്നുകിടന്നുറങ്ങുന്നുണ്ടായിരുന്നു.അവളുടെ കുഞ്ഞുമുഖത്ത് കണ്ണീരുണങ്ങിപ്പിടിച്ച പാടുകളുണ്ട്.ഹാളിലൊരുവശത്തായി കസേരയില്‍ എല്ലാം തളര്‍ന്നവനെപ്പോലെ മാധവന്‍ ഇരിപ്പുണ്ട്.ആ മുഖത്ത് അതികഠിനമായ സങ്കടം അലയടിക്കുന്നുണ്ടായിരുന്നു.ഉമ്മറത്ത് ഒന്നു രണ്ട്പേര്‍ എന്തെല്ലാമോ പറഞ്ഞുകൊണ്ട് നില്‍ക്കുന്നു.

"മാധവാ.എന്തായാലും പോലീസിലറിയിച്ചിട്ടുണ്ടല്ലോ.അവര്‍ നിന്റെ മോനെവിടെയുണ്ടെങ്കിലും നാളെകണ്ടുപിടിച്ചുകൊണ്ടത്തരും.അല്ലെങ്കില്‍ അവന്‍ തന്നെ നാളെ ഇങ്ങു മടങ്ങിവരും.സമയമൊരുപാടായല്ലോ.നിങ്ങള്‍ കിടക്ക്.രാവിലെയാവട്ടെ.ഒരു വഴിയുണ്ടാവാണ്ടിരിക്കില്ല"

"എന്നാലും അവന്‍ പോയില്ലേ വിജയേട്ടാ.തെറ്റുകാട്ടിയാ ഒന്നു വഴക്കുപറയാനും കൂടി പറ്റില്ലാന്നു വന്നാല്‍ "

തന്നെ സമാധാനിപ്പിക്കാന്‍ നോക്കിയ വിജയന്റെ കൈപിടിച്ച് മാധവന്‍ ഉച്ചത്തില്‍ കരഞ്ഞു.ശബ്ദമില്ലാതെ.

"അച്ഛാ... ആരും കരയണ്ട.. ഞാനിവിടെത്തന്നെയുണ്ട്"

വീട്ടിനുള്ളില്‍ അതേവരെ മറ്റാരും കാണാതെ ഒളിച്ചിരുന്ന നന്ദന്‍ പെട്ടന്ന്‍ മുന്നോട്ടു വന്നു.എല്ലാപേരും അവിശ്വസനീയതയോടെ അവനെ നോക്കി.ഒരുനിമിഷം അന്ധാളിച്ചുനിന്ന അവന്റെ അമ്മ പാഞ്ഞുവന്ന്‍ നന്ദനെ കെട്ടിപ്പിടിച്ച് നെറ്റിയിലും മുഖത്തുമെല്ലാം തുരുതുരാ ഉമ്മവയ്ച്ചിട്ട് ചെറിയൊരു ദേക്ഷ്യത്തോടെ അവന്റെ പുറകുവശത്ത് നാലഞ്ചടിയടിച്ചു.അവനാകട്ടെ അമ്മയോട് കൂടുതല്‍ ചേര്‍ന്നു നിന്നു.കസേരയില്‍നിന്നു മെല്ലെയെഴുന്നേറ്റുവന്ന മാധവന്‍ അവന്റെ ശിരസ്സില്‍ അരുമയായി തലോടിക്കൊണ്ട് അവനേയും ചേര്‍ത്തുപിടിച്ചവിടെ നിന്നു.

"ച്ചീ എണീക്കടാ കൊച്ചുകഴുവേറി..ആരാടാ നീ?"

അമ്മയും അച്ഛനും അനുജത്തിയുമെല്ലാം അവന്റെ ചിന്തകളില്‍ നിന്നും പെട്ടന്ന്‍ അപ്രത്യക്ഷമാകുകയും കണ്ടാല്‍ത്തന്നെ പേടിപ്പെടുത്തുന്ന ഒരു മുഖം അവന്റെ കണ്ണുകള്‍ക്കുള്ളില്‍ നിറയുകയും ചെയ്തു.ബീഡിയും വലിച്ചുപുകപറത്തി നില്‍ക്കുന്ന അയാളെ നോക്കിയപ്പോള്‍ നന്ദനു പേടി തോന്നി.അവന്‍ സീറ്റില്‍നിന്നു പിടഞ്ഞെഴുന്നേറ്റു.

"നീ എവിടെയുള്ളതാടാ?"

തലകുനിച്ചുനിന്ന അവന്റെ തല പിടിച്ചു ഉയര്‍ത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.നന്ദനാകട്ടെ ഒന്നും പറയാതെ ബാഗും തെരുപ്പിടിച്ച് തലകുനിച്ചു നിന്നു.എന്തോ മനസ്സിലായതുപോലെ അയാള്‍ ഒരു വല്ലാത്ത മൂളല്‍ മൂളിയശേഷം മറ്റൊരു സീറ്റിലിരുന്നു.

"വീട്ടീന്ന്‍ ചാടിപ്പോന്നതാണല്ലേ.തിന്നാനും കുടിക്കാനുമൊക്കെയൊള്ളടത്തെയാണെന്നു തോന്നുന്നല്ലോടാ.സാരമില്ല.നീയെന്തായാലും നല്ലയിടത്തുതന്നെയാണെത്തിയത്.ഹ..ഹാ"

അയാള്‍ ഉച്ചത്തില്‍ ചിരിച്ചശേഷം ട്രൌസറിന്റെ പോക്കറ്റില്‍നിന്നു ഒരു കുപ്പി പുറത്തേയ്ക്കെടുത്തു, നിറമുള്ള ആ ദ്രാവകം തൊണ്ടയിലേയ്ക്കു കമിഴ്ത്തി. അയാളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ ഭയപ്പാടോടെ നോക്കിക്കൊണ്ട് നന്ദന്‍ സീറ്റിലൊതുങ്ങിയിരുന്നു.മുന്നോട്ട് വന്ന അയാള്‍ അവന്റെ കവിളുകളിള്‍ പിടിച്ചിട്ട് ആ ദ്രാവകം കുറച്ചവന്റെ വായിലേക്കൊഴിച്ചു.ആകെയൊരസ്വസ്ഥതയനുഭവപ്പെട്ട നന്ദന്‍ അതു തുപ്പിക്കളയുവാന്‍ ശ്രമിച്ചെങ്കിലും അവനതിനു കഴിഞ്ഞില്ല.തലയ്ക്കാകെ ഒരു മന്ദതയനുഭവപ്പെട്ട അവന്റെ കണ്ണുകള്‍ കൂമ്പിതുടങ്ങുമ്പോള്‍ ഒരു വൃത്തികെട്ട മുഖം തന്റെ നേരെ താഴ്ന്നുവരുന്നത്‌ അവ്യക്തമായവന്‍ കണ്ടു.ശരീരത്തിലൂടെ ഒരു പാമ്പിഴയുന്നതുപോലെ.
...............................................................................................

തീവണ്ടിയുടെ കൂവല്‍ കേട്ടാണ് ഉറക്കത്തില്‍നിന്നു നന്ദനുണര്‍ന്നത്.വളര്‍ന്നു നില്‍ക്കുന്ന കുറ്റിത്താടിരോമങ്ങളെ മെല്ലെതഴുകിക്കൊണ്ടവന്‍ കീശയില്‍നിന്നു ഒരു ബീഡി പുറത്തെടുത്തു കത്തിച്ചു. പുക ഉള്ളിലേയ്ക്കാഞ്ഞുവലിച്ചുകയറ്റിയപ്പോള്‍ ആ മുഖം പ്രത്യേകരീതിയില്‍ ഒന്നുകോടി.കഞ്ചാവിന്റെ ലഹരിയില്‍ അവന്‍ ആ ബഞ്ചില്‍ മയങ്ങിയിരുന്നു.മുത്തുവണ്ണന്‍ ചാരായോം കുടിച്ച് എവിടേലും മറിഞ്ഞുകാണും.ആ ശല്യം ഇന്നിനിയുണ്ടാവില്ല.ഷെഡ്ഡിലേയ്ക്ക് പോകണമോയെന്നവനൊരുനിമിഷം ആലോചിച്ചു.പിന്നീടതുവേണ്ടന്നുവച്ചിട്ടവന്‍ ബഞ്ചിലേയ്ക്കു കിടന്നു.കഞ്ചാവിന്റെ സുഖലഹരിയില്‍ ഉറക്കമവനെ വീണ്ടും മെല്ലെപ്പൊതിയാന്‍ തുടങ്ങി.

എന്തോ ഒച്ച കേട്ടാണ് നന്ദനുണര്‍ന്നത്.തറയില്‍നിന്നു ഒരു സ്കൂള്‍ ബാഗ് വലിച്ചെടുത്ത് തോളിലിട്ട് നടക്കാന്‍ തുടങ്ങുന്ന ഒരു ചെക്കനെ കണ്ട അവനൊന്നു ഞെട്ടി.എട്ടുപത്തുകൊല്ലം മുമ്പൊരു രാത്രിയില്‍ ഇതേപോലെ വന്നിറങ്ങി അഴുക്കുചാലുകളില്‍നിന്നും അഴുക്കുചാലുകളിലേയ്ക്ക് മുങ്ങാം കുഴിയിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു ചെക്കന്റെ രൂപം അവന്റെയുള്ളില്‍ പെട്ടന്ന്‍ മിന്നിത്തെളിഞ്ഞു.ചാടിയെഴുന്നേറ്റ നന്ദന്‍ പെട്ടന്ന്‍ ചെന്ന്‍ ആ പയ്യന്റെ തോളില്‍ പിടിച്ചു നിര്‍ത്തി.പന്ത്രണ്ടോ പതിമൂന്നോ വയസ്സു തോന്നിക്കുന്ന ആ മുഖത്ത് ഭയപ്പാടുണ്ടായിരുന്നു.അവനോട് ഒരു കാര്യവും ചോദിയ്ക്കുവാന്‍ നന്ദനു തോന്നിയില്ല.സംഭവിച്ചതെല്ലാം തന്റെ കണ്മുന്നില്‍ ഒരു തിരശ്ശീലയിലെന്നവണ്ണം നന്ദന്‍ കാണുന്നുണ്ടായിരുന്നു.എത്രയോ കാലമായി മനസ്സിലെവിടെയോ ഒളിപ്പിച്ചിരുന്ന സങ്കടത്തിന്റെ രണ്ടു കൊച്ചരുവികള്‍ പളുങ്കുകളായവന്റെ കണ്ണില്‍ നിറഞ്ഞു.തന്റെയടുത്ത് ആ കുട്ടിയെ പിടിച്ചിരുത്തിയിട്ട് നന്ദന്‍ അവനോട് വിവരങ്ങളെല്ലാം മെല്ലെ ചോദിച്ചറിഞ്ഞു. അങ്ങകലെനിന്നു പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞുവരുന്ന ട്രെയിനിനെ നോക്കിക്കൊണ്ട് നന്ദന്‍ ആ കുട്ടിയെ എഴുന്നേല്‍പ്പിച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു.

"എന്റെ കുട്ടീ.നിന്റെ ജീവിതത്തിലെ പ്രകാശമാനമായ സന്തോഷദിനങ്ങളിലേയ്ക്ക് മടങ്ങിപ്പോകുവാനായി ദൈവമയച്ചുതരുന്നതാണാ വണ്ടി.ഈ വഴിയിലൂടെ മറ്റൊരു വണ്ടി കടന്നുവരാനില്ല.അവസാനത്തെ തീവണ്ടിയാണത്.നിനക്കുവേണ്ടി കണ്ണീരൊഴുക്കുന്ന പ്രീയപ്പെട്ടവരുടെ അടുക്കലേയ്ക്ക് നീ മടങ്ങിപോകണം. ഇല്ലെങ്കില്‍ നാളെ പുലരുമ്പോള്‍ ചിലപ്പൊള്‍ ഈ പട്ടണത്തിന്റെ അഴുക്കുചാലുകളില്‍ എരിഞ്ഞടങ്ങാന്‍ ഒരാള്‍കൂടിയായിപ്പോവും. അതിലേയ്ക്ക് വീണാല്‍ പിന്നെ മോചനമുണ്ടാവില്ല"

തന്റെ മുമ്പില്‍നിന്നു ഒരു ദൈവദൂതനെപ്പോലെ സംസാരിക്കുന്ന യുവാവിനെ ആ കുട്ടി അത്ഭുതത്തോടെ നോക്കിനിന്നു.എപ്പൊഴും തല്ലുകയും ദേക്ഷ്യപ്പെടുകയും ചെയ്യുന്ന അമ്മ ഇപ്പോള്‍ തന്നെക്കാണാതെ കരഞ്ഞു സങ്കടപ്പെട്ടുകൊണ്ടിരിക്കുകയായിരിക്കുമെന്നവനു തോന്നി. വീട്ടിലേയ്ക്ക് തിരിച്ചുപോകണമെന്ന്‍ അവനും ആഗ്രഹം തുടങ്ങിയിരുന്നു. കൂവിവിളിച്ച് സ്റ്റേഷനില്‍ കിതച്ചുവന്നു നിന്ന ട്രെയിനിലേയ്ക്ക് നന്ദന്‍ ആ കുട്ടിയെ നിര്‍ബന്ധിച്ച് കയറ്റി.അവനെ ഒരു സീറ്റിലിരുത്തിയിട്ട് നന്ദന്‍ പുറത്തേയ്ക്കിറങ്ങി.എത്രയോ നാളുകള്‍ക്ക്ശേഷം ആദ്യമായി അവന്റെ മുഖത്ത് മനസ്സുനിറഞ്ഞ ഒരു ചിരി പ്രത്യക്ഷപ്പെട്ടു.സന്തോഷം ആ മുഖമാകെയലയടിക്കുന്നുണ്ടായിരുന്നു.ഒരു ബീഡികൂടിയെടുത്ത് ചുണ്ടില്‍വച്ചിട്ട് തീപ്പെട്ടിയെടുത്തു.എന്തുകൊണ്ടോ കത്തിച്ച കൊള്ളി ദൂരേയ്ക്കെറിഞ്ഞിട്ടവന്‍ നാലുപാടും നോക്കി. മരിച്ചു മരവിച്ചതുപോലെയുള്ള അന്തരീക്ഷം. രാത്രിയുടെ നിശ്ശബദതയെ തകര്‍ത്തുകൊണ്ട് ഒരു ചൂളം വിളിയോടെ ട്രയിന്‍ മെല്ലെ നീങ്ങിത്തുടങ്ങി. പതിയെ അതിന്റെ വേഗത കൈവരിക്കുവാന്‍ തുടങ്ങി. എന്തൊ ഓര്‍ത്തിട്ടെന്നവണ്ണം കൈയിലിരുന്ന ബീഡി വലിച്ചെറിഞ്ഞിട്ട് നന്ദന്‍ പെട്ടന്ന്‍ നീങ്ങിത്തുടങ്ങിയ ട്രയിനിന്റെ പിന്നാലെ ഓടാനാരംഭിച്ചു, നഷ്ടപ്പെടുത്തിയൊരു ജീവിതവസന്തം തിരിച്ചുപിടിയ്ക്കാനായെന്നവണ്ണം.

ആരുടെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്കാണാ രാത്രി വണ്ടി ചൂളം മുഴക്കി കുതിച്ചുപായുന്നത്?


ശ്രീക്കുട്ടന്‍