Tuesday, September 27, 2011

എന്റെ സത്യാന്വോഷണ പരീക്ഷണങ്ങള്‍

അമ്പിളി.എത്ര സുന്ദരിയായിരുന്നവള്‍.നല്ല കറുത്തിരുണ്ട നീളമുള്ള തലമുടിയില്‍ രാവിലെ ഒരു റോസാപ്പൂവും ചൂടി കയ്യിലൊരു വാട്ടര്‍ബോട്ടിലും പിന്നെയൊരു സ്കൂള്‍ ബാഗുമായി എന്റെ വീട്ടിനുമുമ്പിലെ പാടവരമ്പത്ത് എന്നെയും കാത്തുനില്‍ക്കുന്ന കൊച്ചുസുന്ദരി.തോട്ടുവരമ്പേ മിനിയും അജിയും അനിലും രജനിയും പിന്നെ വേറെയും കൂട്ടുകാരുമായി സ്കൂളിലേയ്ക്ക് പോകുമ്പോള്‍ എന്റെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് അമ്പിളിയുടെ മേലേയ്ക്ക് പാറിവീഴാറുണ്ടായിരുന്നു. ചിലപ്പോളെല്ലാം അവള്‍ എന്നെനോക്കി അതിമധുരമായി പുഞ്ചിരിക്കുമായിരുന്നു. അവളുടെ കവിളുകളില്‍ വിരിയുന്ന നുണക്കുഴികള്‍ ആരെയാണു കൊതിപ്പിക്കാത്തത്.എന്റെ കുട്ടിമനസ്സിലെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കിട്ടുവാന്‍ ഭാഗ്യമുണ്ടായത് അമ്പിളിക്കായിരുന്നെന്ന്‍ ചുരുക്കം..

അഞ്ചാം ക്ലാസ്സില്‍ വച്ച് അമ്പിളി സ്കൂള്‍ മാറി മറ്റൊരു സ്കൂളില്‍ ചേര്‍ന്നു.ആദ്യത്തെ കുറച്ചുദിവസം സങ്കടം തോന്നിയെങ്കിലും പ്രീയയുടെ സാമീപ്യം അത് മാറ്റിയെന്നു പറഞ്ഞാല്‍ മതിയല്ലോ.നന്നായി വെളുത്ത കൊലുന്നനെയുള്ള സുന്ദരിക്കോതയായിരുന്നു പ്രീയ.മാത്രമല്ല നന്നായി പഠിക്കുകയും പടം വരയ്ക്കുകയും ചെയ്യും.അവളുവരച്ച പടം കണ്ടിട്ട് ഒരു പുല്ലും തോന്നിയില്ലെങ്കിലും ഹാ എത്ര സുന്ദരമായ പടമെന്ന്‍ ചുമ്മാതെ ഞാനൊന്ന്‍ പറഞ്ഞു.പിറ്റേന്ന്‍ അവള്‍ വരച്ചുകൊണ്ട് വന്നത് എന്റെ ചിത്രമായിരുന്നു.ആ പടം കണ്ട് ഞാന്‍ ഞെട്ടിയെങ്കിലും അവളെ നോക്കി ഒരു ചിരി സമ്മാനിച്ചു.അവള്‍ തിരിച്ചും.എന്തിനേറെ പറയുന്നു അപ്പോള്‍ മുതല്‍ വിശുദ്ധ പ്രണയത്തിന്റെ രണ്ടാമധ്യായം തുടങ്ങുകയായിരുന്നു.

ഏഴാം ക്ലാസ്സുകഴിഞ്ഞ് ദൂരെയുള്ള ഹൈസ്കൂളിലേയ്ക്ക് മാറിയപ്പോള്‍ പ്രീയയും ഓര്‍മ്മയായി.പുതിയസ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ ക്ലാസ്സുകളിലായിരുന്നു. എന്നിരുന്നാലും ട്യൂഷന്‍ സെന്ററില്‍ ഒരേ ക്ലാസ്സില്‍ പെണ്മണിമാരോടൊപ്പം ഒന്നുരണ്ടുമണിക്കൂറുകള്‍ ചിലവഴിക്കുമ്പോള്‍ നഷ്ടബോധമനുഭവപ്പെടാറില്ലായിരുന്നു.ഫിസിക്സ് സാര്‍ ഒരു ചോദ്യം ചോദിച്ചപ്പോള്‍ ഒരു പാവം പെണ്‍കൊടിയെ ഞാന്‍ ഒന്നു സഹായിക്കുവാന്‍ ശ്രമിച്ചതുമൂലം സാറിന്റെ കയ്യിലിരുന്ന ചൂരലിന്റെ തലോടല്‍ മൂന്നാലുപ്രാവശ്യം എനിക്കനുഭവിക്കാന്‍ കഴിഞ്ഞതോടെ മറ്റൊരധ്യായം എന്റെ മുന്നില്‍ തുറക്കപ്പെട്ടു.സരിത അതായിരുന്നു അവളുടെ പേര്.കാണുവാന്‍ സുന്ദരി.എന്തേ ഞാന്‍ മുമ്പവളെ ശ്രദ്ധിച്ചില്ല എന്നെനിക്കറിയില്ല.

"ഇന്നലെ നല്ലോണം നൊന്തോ"

പിറ്റേന്നു ക്ലാസ്സില്‍ വച്ച് അവള്‍ എന്നോട് ചോദിച്ചപ്പോള്‍ ഹൊ ഇതൊക്കെ എന്തോന്നടി എന്ന നിസ്സരമട്ടില്‍ ഞാന്‍ കണ്ണടച്ചുകാണിച്ചു.ആ കണ്ണടി അവളുടെ ഹൃദയത്തിന്റെ പടിവാതിക്കലാണു പ്രതിഫലിച്ചത്.പിന്നീട് പലപ്പോഴും ക്ലാസ്സില്‍ എന്നെത്തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡിക്കണ്ണുകളുടെ സാമീപ്യം ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.എന്നിരുന്നാലും എന്നെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു ബന്ധമായി എന്തുകൊണ്ടോ അതു മാറിയില്ല.അതിനുകാരണം ട്യൂഷന്‍ സെന്ററില്‍ പുതുതായി വന്ന ആഷയെന്ന സുന്ദരിയായിരുന്നു.എന്റെ സ്കൂള്‍കാലഘട്ടത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരി.ചുരുണ്ടു നീണ്ട തലമുടിയില്‍ എന്നും തുളസിക്കതിര്‍ചൂടിയിരിക്കും.നെറ്റിയില്‍ ഒരു ചന്ദനക്കുറി.ചില ദിവസങ്ങളിലവളണിഞ്ഞുവരുന്ന പട്ടുപാവാടയുമുടുപ്പും അവളെ ഒരു ദേവതപോലെയാക്കിയിരുന്നു.ആഷയുടെ ശ്രദ്ധപിടിച്ചുപറ്റാനായി ക്ലാസ്സിലുള്ള ആണ്‍കുട്ടികള്‍ മത്സരിച്ചിരുന്നു.എന്നാല്‍ പഠിത്തം എന്ന ഒറ്റക്കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ആഷ എല്ലാവരെയും സന്താപത്തിലാഴ്ത്തി.

ആദ്യമായി എന്റെ മനസ്സിലെ പ്രണയം തുറന്നു പറയുന്നത് അവളോടായിരിക്കണമെന്ന്‍ ഞാന്‍ കരുതി.ഒരു വെള്ളിയാഴ്ചദിവസം ട്യൂഷന്‍ സെന്ററില്‍ രാവിലെ അധികമാരുമില്ലാതിരുന്ന സമയം ഞാനെന്റെ ഹൃദയത്തിന്റെ വാതിലുകള്‍ അവള്‍ക്കു മുന്നില്‍ മലര്‍ക്കെ തുറന്നിട്ടു.അവളാകട്ടെ നിഷക്കരുണം ആ വാതില്‍ വലിച്ചടച്ചു എന്നു മാത്രമല്ല പ്രിന്‍സിപ്പാള്‍ എന്ന കഠിനഹൃദയന്റെയടുത്ത് പരാതി നല്‍കുകയും ചെയ്തു.എല്ലാപേരുടേയും മുമ്പില്‍ വച്ച് കണക്കറ്റ് അപമാനിക്കപ്പെടുകയും ശിക്ഷയേറ്റുവാങ്ങേണ്‍റ്റിയും വന്ന ഒരു യുവകോമളന്റെ നൊന്ത ഹൃദയവേദന ആരുകാണാന്‍.പിറ്റേന്നുതന്നെ ആ ട്യൂഷന്‍ സെന്ററിനോടും നശിച്ച ഓര്‍മ്മകളോടും വിട ചൊല്ലി ഞാന്‍..

കോളേജിന്റെ പടിവാതിലില്‍ ഒരു നിമിഷം ഞാന്‍ അന്തിച്ചുനിന്നു.എവിടെതിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം സുന്ദരീസുന്ദരമ്മാരുടെ സമ്മേളനം മാത്രം.എല്ലായിടത്തും ജോടികളായി നീങ്ങുന്ന ചുള്ളമ്മാരും ചുള്ളത്തികളും.സ്വാതന്ത്ര്യത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെട്ട ആ കലാലയത്തില്‍ ഞാനും മുങ്ങാം കുഴിയിട്ടു.ആദ്യ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ കണ്ണുകള്‍ രണ്ടുജോഡിക്കണ്ണുകളുമായുടക്കി.ബിനി.അതായിരു‍ന്നവളുടെ നാമം.ഒരു സുന്ദരി.ഒന്നൊന്നരയാഴ്ച പുറകേ നടന്നിട്ടും രക്ഷയൊന്നുമില്ലെന്ന്‍ കണ്ട് ആ ഉദ്യമത്തില്‍ നിന്നും പിന്മാറി.അന്നൊരിക്കലാണവളെ ഞാന്‍ കണ്ടത്.കത്തിജ്വലിക്കുന്ന സൌന്ദര്യധാമം.ഒരു വാര‍സ്യാരുകുട്ടി.പഠിക്കുവാന്‍ അതിസമര്‍ഥ.മനം മയക്കുന്ന ചിരിക്കുടമ.എന്റെ കനവുകളില്‍ നിറസാന്നിധ്യമായി അവള്‍ വരുവാന്‍ തുടങ്ങി.ഓരോ ദിവസവും പെട്ടന്ന്‍ നേരം വെളുക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് കിടക്കുന്നതുതന്നെ.‍

കോളേജ് ഡേയില്‍ ഞാന്‍ കൂട്ടുകാരുടെ നിര്‍ബന്ധം മൂലം ഒരു പാട്ടുപാടി.മുന്നിലെ കസേരയില്‍ ശ്രദ്ധാപൂര്‍വ്വം പാട്ടുകേട്ടിരിക്കുന്ന അവളെ കണ്ടപ്പോള്‍ എന്റെ ഉത്സാഹം കൂടി.പാട്ടെല്ലാം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം സംസാരിച്ചുകൊണ്ടു നിന്ന എന്റെയടുത്ത് വന്ന്‍ അവള്‍ അഭിനന്ദനങ്ങളറിയിച്ചപ്പോള്‍ മറ്റു കൂട്ടുകാര്‍ എന്നെ അസൂയയോടെ നോക്കി.പിന്നീട് ക്ലാസ്സില്‍ വച്ചും മറ്റും പലപ്പോഴും അവളെന്നോട് സംസാരിക്കുമ്പോള്‍ ലോകം കീഴടക്കിയ ജേതാവിനെപ്പോലെ ഞാന്‍ അഹങ്കരിച്ചു.എനിക്കായി മാത്രം പിറന്നവളാണവളെന്ന്‍ ഞാന്‍ വിശ്വസിച്ചു.എല്ലാത്തിനോടും എനിക്കസൂയ തോന്നിത്തുടങ്ങി.അവളണിയുന്ന ഉടയാടകളോട് അവളെ തഴുകുന്ന കാറ്റിനോട് എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന തലയിണയോട് അവളെ നോക്കുന്ന കണ്ണുകളോട്.ഒടുവില്‍ ക്ലാസ്സവസാനിക്കുന്ന ദിനം എന്റെ ഓട്ടോഗ്രാഫില്‍ നന്നായി പഠിച്ചുയരങ്ങളിലെത്തണം എന്നു സ്വന്തം സഹോദരി എന്നവളെഴുതിയപ്പോള്‍ എന്റെ ഹൃദയം പൊടിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു.തോള്‍വികളേറ്റുവാങ്ങാന്‍ വീണ്ടുമൊരു ജന്മം.
വീട്ടിനടുത്തുള്ള സോണി എന്ന കോമളാംഗി ഇതിനിടയിലെപ്പോഴേ എന്റെ ബസ്സിനു കൈകാണിച്ചിരുന്നു.നഷ്ടബോധത്താല്‍ നീറിക്കൊണ്ടിരുന്ന ഞാന്‍ അവളില്‍ എന്റെ വിഷമങ്ങള്‍കാശ്വാസം കണ്ടെത്തുവാന്‍ തുടങ്ങി.തീകൊണ്ടുള്ള മറ്റൊരു തലചൊറിച്ചിലായിരുന്നുവത്.നാട്ടുകാരും വീട്ടുകാരുമെല്ലാമറിഞ്ഞ് കാര്യങ്ങളെല്ലാം ഏകദേശമൊരു തീരുമാനമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.നാട്ടില്‍ നിക്കാന്‍ വയ്യാതായ ഞാന്‍ ആറേഴുമാസം പലസ്ഥലങ്ങളിലായി അലഞ്ഞു നടന്നു.എല്ലാമൊന്ന്‍ ആറിത്തണുത്ത് ഡിസംബറിലെ ഒരു തണുപ്പുള്ള രാത്രിയില്‍ നാട്ടിലേയ്ക്കുള്ള തീവണ്ടിയാത്ര നടത്തുമ്പോള്‍ ഞാനൊരു ശപഥമെടുത്തിട്ടുണ്ടായിരുന്നു. ഇനി ജീവിതത്തില്‍ ഒരുപെണ്ണിനേം പ്രേമിക്കത്തില്ല.ഇനി അഥവാ പ്രേമിക്കുന്നെങ്കില്‍ അതൊരു പെണ്ണിനെ കെട്ടീട്ട് അവളെ മാത്രം..

ചെക്കനെ ഇനിയെവിടെയെങ്കിലും ഒന്നു പിടിച്ചുകെട്ടണമെന്നു വിചാരിച്ച വീട്ടുകാര്‍ കല്യാണാലോചനകള്‍ തുടങ്ങി.അങ്ങിനെ പെണ്ണുകാണല്‍ ആരംഭിച്ചു.ദോഷം പറയരുതല്ലോ.ആകെ രണ്ടു പെണ്ണുകാണല്‍ നടത്തി.അതും ഒരു ദിവസം.രണ്ടാമതുകണ്ട ഉരുപ്പടിയെ കെട്ടാമെന്നു കരുതി.എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന ഒരു രൂപമല്ലായിരുന്നുവെങ്കിലും ഒറ്റനോട്ടത്തില്‍ അവളെന്റെ ഹൃദയം കീഴടക്കിക്കളഞ്ഞു. ഒടുവില്‍ 2008 നവംബര്‍ 10 നു 9.45 നും 10 നുമിടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ എന്റെ വിവാഹമങ്ങട്ട് കഴിഞ്ഞു.ഇന്ന്‍ എന്റെ എല്ലാ സുഖത്തിലും സന്തോഷത്തിലും സന്താപത്തിലും ഇല്ലായ്മയിലും വല്ലായ്മയിലുമെല്ലാം കൂടെ നില്‍ക്കുന്ന എന്നെ ശരിക്കും മനസ്സിലാക്കുന്ന എന്റെ ശ്രീഹരിമോന്റെ അമ്മയായി എന്റെ ഹൃദയത്തിന്റെ മുഴുവനറകളിലും നിറഞ്ഞ് പരിലസിക്കുന്നവള്‍.എല്ലാപേര്‍ക്കുമായി വീതം വച്ചുകൊടുത്തുപോയ മനസ്സിലവശേഷിക്കുന്ന സ്നേഹം അവള്‍ക്കും കുഞ്ഞിനുമായി കോരിച്ചൊരിഞ്ഞുകൊണ്ട് ഞാനും ഇങ്ങിനെ കഴിയുന്നു.

ശ്രീക്കുട്ടന്‍

Thursday, September 22, 2011

മുക്കുവനും ഭൂതവും

വല വലിച്ചു കയറ്റുമ്പോള്‍ അയാളുടെ മനമാകെ തളര്‍ച്ചബാധിച്ചിരുന്നു.എത്ര നേരമായ് താന്‍ വലയെറിയുന്നു. ഒരു മാനത്തു കണ്ണിപോലും വലയില്‍ കുടുങ്ങിയില്ലല്ലോ.ഇന്നു ഏതു നശിച്ചവനെയാണാവോ കണി കണ്ടത്.നല്ല കോളുകിട്ടി മീനെല്ലാം വിറ്റ് മക്കള്‍ക്ക് ഓരോ ജോടി പുതിയ കുപ്പായം തുന്നിക്കാനുള്ള തുണിയെടുക്കണമെന്നൊക്കെ വിചാരിച്ചതാണ്.സമയവും സന്ധ്യയാകാറായി.ഇന്ന്‍ പട്ടിണി തന്നെ. മനസ്സില്‍ നിറഞ്ഞ വിഷമം മുഖത്തുവരുത്താതെ ശുഭപ്രതീക്ഷയോടെ അയാള്‍ വല വലിച്ച് കരയിലേയ്ക്ക് കയറ്റി.കഷ്ടം തന്നെ.ഒരു മീന്‍ പോലും കുടുങ്ങിയ ലക്ഷണമില്ല. നിരാശനായ മുക്കുവന്‍ വല മടക്കിയെടുക്കാനാരംഭിച്ചു.അപ്പോഴാണയാള്‍ അതു കണ്ടത്.വലയ്ക്കകത്ത് ഒരു ചെറിയ ചെപ്പുകുടം.മിടിക്കുന്ന ഹൃദയത്തോടെ അയാള്‍ ആ ചെപ്പുകുടമെടുത്ത് കുലുക്കി നോക്കി.അകത്തൊന്നുമുള്ള ലക്ഷണമില്ല.വളരെ പണിപ്പെട്ട് ആ ചെപ്പുകുടമടച്ചിരുന്ന കോര്‍ക്ക് അടപ്പ് അയാള്‍ ഊരിമാറ്റി.

"ഹ..ഹാ..ഹാ..ഹാ..

പെട്ടന്നവിടെയൊരു അലര്‍ച്ച മുഴങ്ങി. ആകെ ഭയന്നുപോയ മുക്കുവന്റെ കയ്യില്‍ നിന്നും ചെപ്പുകുടം താഴെവീണു.അതില്‍ നിന്നുമുയരുന്ന പുകച്ചുരുളുകളെ അയാള്‍ പേടിയോടെ നോക്കി നിന്നു.അല്‍പ്പ സമയം കൊണ്ട് ആ പുകച്ചുരുളുകള്‍ ഒരു ഭീമാകാരനായ ഭൂതത്തിന്റെ രൂപം കൈക്കൊണ്ടു.തന്നെ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടട്ടഹസിക്കുന്ന ഭൂതത്തെ മുക്കുവന്‍ ഭയത്തോടെ നോക്കി.

"ഹും..ഞാനിതാ നിന്നെ തിന്നുവാന്‍ പോകുന്നു"

"അല്ലയോ ഭൂതമേ.എന്നോട് കനിവുണ്ടാകേണമേ.ഞാനല്ലയോ നിന്നെ ആ കുടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്"

"ഇല്ല നിന്നെ ഞാന്‍ തിന്നാതെ വിടില്ല.നിനക്കറിയുമോ കഴിഞ്ഞ അഞൂറുകൊല്ലമായി ഞാന്‍ ആ കുടത്തിലടയ്ക്കപ്പെട്ട് കടലിനടിയില്‍ കിടക്കുകയായിരുന്നു.ആദ്യത്തെ നൂറുകൊല്ലമാവാറായപ്പോള്‍ ഞാനൊരു ശപഥമെടുത്തു.എന്നെ രക്ഷിക്കുന്നതാരായാലും അവനെ ഞാന്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ സമ്പന്നനാക്കുമെന്നു.എന്നാല്‍ എന്നെ രക്ഷിക്കാന്‍ ആരും വന്നില്ല.ഇരുനൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നവന് ഈ ഭൂമിയിലുള്ള മുഷുവന്‍ നിധികളും നല്‍കുമെന്ന്‍ ഞാന്‍ തീരുമാനിച്ചു.പിന്നെയും നൂറുകൊല്ലം കഴിഞ്ഞപ്പോള്‍ എന്നെ ആരെങ്കിലും രക്ഷിച്ചാല്‍ ഈ ഭൂലോകത്തുള്ള സകലമാന സുന്ദരികളേയും അവനു നല്‍കുമെന്ന്‍ ഞാന്‍ ഉറപ്പിച്ചു.നാനൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നവനെ ഈ ലോകത്തിന്റെ ചക്രവര്‍ത്തിയാക്കാമെന്നു കരുതി.പക്ഷേ ആരും വന്നില്ല.അഞ്ഞൂറാമത്തെ കൊല്ലമായപ്പോള്‍ എന്നെ രക്ഷിക്കുന്നതാരായാലും അവനെ അപ്പോള്‍ തന്നെ ഭക്ഷിക്കുമെന്ന്‍ ഞാന്‍ ഉഗ്രശപഥം ചെയ്തു.ഇപ്പോള്‍ നീ എന്നെ രക്ഷിച്ചിരിക്കുന്നു.ഹ..ഹാ "

തന്നെ നോക്കി അലറിച്ചിരിച്ചുകൊണ്ടടുക്കുന്ന ഭൂതത്തില്‍ നിന്നും രക്ഷപ്പെടാനൊരു വഴിയും കാണാതെ മുക്കുവന്‍ കുഴങ്ങി.ഒരടവു പ്രയോഗിക്കുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.

"അല്ലയോ ഭൂതമേ, ഇത്രയും ഭീമാകാരനായ അങ്ങ് എങ്ങിനെയാണ് ഈ ചെറിയ ചെപ്പുകുടത്തില്‍ കഴിഞ്ഞിരുന്നത്.എനിക്ക് വിശ്വസിക്കാനാകുന്നില്ല.എന്നെ തിന്നുന്നതിനു മുമ്പ് ഒരു പ്രാവശ്യം അങ്ങ് ഈ കുടത്തിനകത്ത് ഒന്നു കയറിക്കാണിച്ചുതരാമോ"

"എടാ മുക്കുവാ പണ്ടൊരു മണ്ടന്‍ ഭൂതത്തെ പറ്റിച്ച കഥയുമോര്‍മ്മിച്ച് എന്നെ പൊട്ടനാക്കാമെന്നു കരുതിയോ.നിന്നെ ഞാനിപ്പോള്‍ തിന്നും"

"അയ്യോ എന്നോട് കരുണ കാട്ടണേ.എന്നെ തിന്നല്ലേ". മുക്കുവന്‍ വലിയ വായില്‍ നിലവിളിക്കാനാരംഭിച്ചു.ചെറിയൊരു മനസ്സലിവു തോന്നിയ ഭൂതം ഇങ്ങിനെ പറഞ്ഞു.

"ഒരു കാര്യം ചെയ്യാം.നീ എന്നോട് കടുപ്പപ്പെട്ട മൂന്നു ചോദ്യങ്ങള്‍ ചോദിക്കുക.ഞാന്‍ ഏതിനെങ്കിലും ഒന്നിന് ഉത്തരം പറഞ്ഞില്ലെങ്കില്‍ നിന്നെ കൊല്ലില്ല എന്നു മാത്രമല്ല ഞാന്‍ നാലു നൂറ്റാണ്ടുകളിലും തീരുമാനിച്ച എല്ലാ സൌഭാഗ്യങ്ങളും നിനക്ക് തരും.ഞാന്‍ നിന്റെ അടിമയുമാകും.പക്ഷേ ഞാന്‍ എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞാല്‍ തീര്‍ച്ചയായും നിന്നെ കൊന്നുതിന്നും. സമ്മതമാണെങ്കില്‍ എന്നോട് മൂന്ന്‍ ചോദ്യങ്ങള്‍ ചോദിക്കുക"

ജീവന്‍ തിരിച്ചുപിടിക്കാനായി കിട്ടിയ കച്ചിതുരുമ്പാണ്.മുക്കുവന്‍ വളരെയാലോചിച്ച് ആദ്യത്തെ ചോദ്യം ചോദിച്ചു.

"കടലില്‍ എത്ര തിരകളുണ്ട്"

"ഹ..ഹാ ഇത്ര നിസ്സാരചോദ്യമാണോ എന്നോട് ചോദിക്കുന്നത്.ലക്ഷം കോടി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി പതിനാല് തിരകളുണ്ട്"

ഭൂതത്തിന്റെ മറുപടികേട്ട മുക്കുവന്‍ ഞെട്ടി.

"ആകാശത്തില്‍ മൊത്തം എത്ര നക്ഷത്രങ്ങളുണ്ട്"

"മുന്നൂറ്റിഅറുപത്തഞ്ച് കോടി തൊണ്ണൂറ്റേഴുലക്ഷത്തി ഇരുപത്തിയേഴായിരത്തിയറുനൂറെണ്ണം"

റെഡിമെയ്ഡ് പോലെ ഭൂതത്തിന്റെ മറുപടി പെട്ടന്നായിരുന്നു.

ശരീരമാസകലം തളര്‍ന്ന മുക്കുവന്‍ മണല്‍പ്പുറത്ത് മുട്ടുകാലില്‍ നിന്നു.ഈശ്വരാ ഒരു ചോദ്യത്തിലാണല്ലോ തന്റെ ജീവനിരിക്കുന്നത്.കുടിലില്‍ തന്നേയും കാത്തിരിക്കുന്ന ഭാര്യയുടേയും മക്കളുടേയും മുഖം ഒരു നിമിഷമോര്‍മ്മിച്ചശേഷം വിറയാര്‍ന്ന ശബ്ദത്തില്‍ മുക്കുവന്‍ മൂന്നാമത്തെ ചോദ്യം ചോദിച്ചു.

"ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്നു തീരും"

തുറിച്ച കണ്ണുകളുമായി ഭൂതം മുക്കുവനെ ഒരു നിമിഷം നോക്കി നിന്നു.തലമുടി ചൊറിഞ്ഞുകൊണ്ട് ആലോചനയോടെ ഭൂതം തെക്കുവടക്ക് കുറച്ചുനേരം നടന്നു.ഒടുവില്‍ പരാജയം സമ്മതിച്ച് ഭൂതം മുക്കുവന്റെ മുന്നില്‍ മുട്ടുകുത്തി.

"പ്രഭോ ഞാന്‍ ഇനി മുതല്‍ അങ്ങയുടെ അടിമ.എന്തു വേണമെന്ന്‍ കല്‍പ്പിച്ചാലും"

ശുഭം

ശ്രീക്കുട്ടന്‍

വാര്‍ത്തകള്‍..വാര്‍ത്തകള്‍...

ഇന്നത്തെ പത്രത്താളുകളില്‍ കണ്ട ചില രസകരമായ വാര്‍ത്തകള്‍

1. കൊലക്കേസ് പ്രതി സെന്‍ട്രല്‍ ജയില്‍ ചാടി...

ഹ..ഹാ..ജയിലിക്കിടക്കണ ആളിനു പിന്നെ ഇടുക്കീ ഡാമീന്നു ചാടാന്‍ പറ്റുമോ.

2. കേരളത്തിലെ വിവിധതരം പനികളുടെ പകര്‍ച്ചപ്രശ്നം മൂലം ആരോഗ്യമന്ത്രി ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചുവരുന്നു.

ഒരാള്‍ക്കുകൂടി എലിപ്പനിയോ പന്നിപ്പനിയോ തക്കാളിപ്പനിയോ പിടിപെടുമെന്ന്‍ ഉറപ്പായി.

3. ഏകദിന ക്രിക്കറ്റിനെക്കുറിച്ചുള്ള സച്ചിന്റെ ചില നിര്‍ദ്ദേശങ്ങള്‍ ഐ.സി.സി തള്ളി.

ഇനി ഇതിന്റെ പേരില്‍ ഒരു ഭാരത് ബന്ദെങ്ങാനും ആരെങ്കിലും പ്രഖ്യാപിച്ചുകളയുമോ എന്റെ തേവരേ....

4. 2 ജി സെപ്ക്ട്രം ഇടപാടില്‍ ലേലമൊഴിവാക്കിയത് ചിദംബരം കൂടിയറിഞ്ഞുകൊണ്ടാണെന്ന്‍ പ്രണബ് മുഖര്‍ജിയുടെ ഓഫീസ്.

പരിമിതമായ സ്ഥലസൌകര്യത്താല്‍ വീര്‍പ്പുമുട്ടുന്ന‍ തീഹാര്‍ ജയിലില്‍ ഒരു ബ്ലോക്കുകൂടി അടിയന്തിരമായി പണിയുക.എത്രയെത്ര മഹാമ്മാര്‍ ഇനിയും വരാനുള്ളതാ.

5. പ്രണയം സിനിമ അമിതാബ് ബച്ചനെ വച്ചുകൊണ്ട് ഹിന്ദിയില്‍ എടുക്കുവാന്‍ പോകുന്നു- ബ്ലെസ്സി.

മലയാളികളുടെ മുഴുവന്‍ തെറിവിളി കേട്ടതുപോരാഞ്ഞിട്ട് ഇനി ഹിന്ദിക്കാരുടേതുകൂടി കേള്‍ക്കണമായിരിക്കും.തലവിധി മാറ്റാനാവില്ലല്ലോ..


6. പറവൂര്‍ പീഡനക്കേസില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി.

ഇത് അഞ്ഞൂറിലും നില്‍ക്കുമെന്നു തോന്നുന്നില്ല.റിക്കോര്‍ഡ് ടീമുകാരെ വിളിക്കേണ്ടിവരും..

7. യുവാക്കള്‍ ഗാന്ധിയന്‍ രീതികള്‍ പിന്തുടരുന്നതുമൂലം പ്രതികരണശേഷി കുറവായവരായിപ്പോയെന്ന്‍ ജയരാജന്‍ സഖാവ്..

കഴിഞ്ഞയാഴ്ച ഗാന്ധിജിയെങ്ങാനും കേരളത്തില്‍ ഒന്നു വന്നെങ്കില്‍ പുള്ളിക്കാരന്‍ വല്ല ചന്ദ്രനിലോട്ടും താമസം മാറ്റിയേനെ.

8. പ്രധാനമന്ത്രിയാകാനില്ലെന്ന്‍ അദ്വാനി..

എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ...എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ...

9. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ റോല്‍ വിശുദ്ധ പാപിയുടേത് - വി.എസ് അച്യുതാനന്ദന്‍

അപ്പോള്‍ ആരാണു വിശുദ്ധ പുണ്യാളന്‍...

10. കൊച്ചിന്‍ കൊമ്പമ്മാര്‍ക്ക് കോടതിയിലും കൂച്ചുവിലങ്ങ്..

ഭഗവാനേ.എത്രയെത്ര പൊങ്കാലകളിട്ടതാ..എത്രയെത്ര ചരടുകള്‍ ജപിച്ചുകെട്ടിയതാ....


എന്റെ ലീലാവിലാസങ്ങള്‍....

ശ്രീക്കുട്ടന്‍

Saturday, September 17, 2011

ഓണാഘോഷപരിപാടികള്‍

"ഏലാപ്പുറം ബോയ്സ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികള്‍ കൃത്യം 9 മണിക്ക് തന്നെ മാറുവീട് ശിവപാര്‍വ്വതീക്ഷേത്രഗ്രൌണ്ടില്‍ വച്ച് ആരംഭിക്കുന്നതാണ്.പരിപാടികള്‍ ഗംഭീരവിജയമാകുന്നതിനായി സംഭാവനകള്‍ തരാമെന്നേറ്റിട്ടുള്ളവര്‍ ദയവായി എത്രയും പെട്ടന്നു തന്നെ അത് കമ്മറ്റിയാപ്പീസിലെത്തിച്ച് രസീത് വാങ്ങേണ്ടതാകുന്നു.മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ നല്‍കിയിട്ടുള്ളവര്‍ ഗ്രൌണ്ടിലേയ്ക്കെത്തുക"

ഒരിക്കല്‍ക്കൂടി നല്ല മുഴക്കത്തില്‍ അനൌണ്‍സ് കര്‍മ്മം നടത്തിയിട്ട് മൈക്ക് അശോകനു കൊടുത്ത് കൊണ്ട് ഓണാഘോഷക്കമ്മറ്റി സെക്രട്ടറി മണിയന്‍ ചരുവിള ക്ലബ്ബിലേയ്ക്ക് ചെന്നിട്ട് കസേരയിലേയ്ക്കമര്‍ന്നിരുന്നു.

"മണിയണ്ണാ.വടം വലിയ്ക്കുള്ള വടം ഇതേവരെ കൊണ്ടു വന്നിട്ടില്ല. ഇനിയിപ്പം എന്തോ ചെയ്യും"

തന്റെ മുമ്പില്‍ വന്നുനിന്ന്‍ തല ചൊറിഞ്ഞുകൊണ്ടു നില്‍ക്കുന്ന കുട്ടപ്പനെ നോക്കിയ മണിയന് അരിശം കയറി.

"എടാ നീയല്ലേ പറഞ്ഞത് പ്രകാശന്‍ പത്തു മണിക്കുമുമ്പേ വടോം കൊണ്ട് വരുമെന്ന്‍.എന്നിട്ട് ഇനി വലിക്കാനായി വടത്തിനു ഞാന്‍ എന്നാ ചെയ്യും.ഇന്നാ അന്റെ അരേലൊരു ചരടൊണ്ട്.അതഴിച്ചു വലിക്കെല്ലാവരും കൂടി". മണിയന്‍ എഴുന്നേറ്റ് തന്റെ മുണ്ടിന്റെ കോന്തലയൊന്നു പൊക്കി.

"അണ്ണാ അതു പിന്നെ പ്രകാശനും രാജൂമെല്ലാം കൂടി രാവിലെ തന്നെ ആ പണേലിരുന്ന്‍ അടിച്ച് വാളും വച്ചവിടെ കിടക്കുന്നു.ഒരു കാര്യം ചെയ്യാം. നമ്മുടെ ഒറയിറക്കുന്ന സുദേവന്റെ കയ്യില്‍ ഒരു വടമുണ്ട്.ഞാന്‍ പോയി അത് ഒപ്പിച്ചുകൊണ്ട് വരാം"

"നീ എന്തു പണ്ടാരമെങ്കിലും ചെയ്യ്"

തലയില്‍ കയ്യ് വച്ചുകൊണ്ട് മണിയന്‍ അല്‍പ്പനേരമതേയിരിപ്പിരുന്നു.തനിക്കീ പുലിവാലു പിടിക്കേണ്ട വല്ല കാര്യവുമൊണ്ടായിരുന്നോ.ചെക്കമ്മാരെല്ലാം കൂടി നിര്‍ബന്ധിച്ചപ്പോള്‍ താനൊന്നിളകിപ്പോയി.നല്ലോരോണമായി നമ്മുടെ ഗ്രാമത്തിലും അല്‍പ്പം ബഹളോം ഒച്ചേം ഒക്കെയൊണ്ടായിക്കോട്ടെയെന്നു താനും കരുതി.ആകെ പത്തായിരത്തഞ്ഞൂറു രൂപേല് എല്ലാം കൂടി തീരുമെന്ന്‍ കരുതീട്ടിപ്പം തന്നെ പൈസയെത്രയായി. ഇനി മൈക്ക് സെറ്റുകാര്‍ക്ക് കൊടുക്കണം, സമ്മാനം കൊടുക്കാനായി മേടിച്ച സാധനങ്ങളുടെ വില.വടം വലി ജേതാക്കള്‍ക്ക് കൊടുക്കാനുള്ള കുല വേടിച്ച വക..ഹമ്മേ ഓര്‍ക്കുമ്പം തന്നെ തല പെരുക്കുന്നു.പിരിവു തരാമെന്നേറ്റ ഒരൊറ്റ നാറികളും അതൊട്ടു തന്നിട്ടുമില്ല.ഇനിയെന്തോ ചെയ്യും.കഴുത്തില്‍കിടക്കുന്ന മാലയില്‍ തടവിക്കൊണ്ട് മണിയനാലോചനയില്‍ മുഴുകി.

"അതെ വാശിയേറിയ ഈ ഓട്ട മത്സരത്തില്‍ വിജയിച്ചത് മാധവണ്ണന്റെ പൊന്നോമനപുത്രന്‍ സുധിയാണ്.അടുത്തതായി കസേരകളി മത്സരമാണ്. ആ ഭാഗത്തു നില്‍ക്കുന്ന ആള്‍ക്കാരൊക്കെ ഒന്നു സൈഡൊതുങ്ങി നിന്നേ"

അശോകന്‍ തകര്‍ക്കുകയാണു. ക്ലബ്ബിലേയ്ക്ക് വന്ന മെമ്പര്‍ രാജേഷ് മണിയണ്ണന്റെ കാതില്‍ ഒരു സ്വകാര്യം പറഞ്ഞു.ഉടനെ തന്നെ രണ്ടുപേരും കൂടി കടയുടെ പുറകുവശത്തേയ്ക്ക് നടന്നു.ചിറിയും തുടച്ചുകൊണ്ട് ഒരു സിഗററ്റും പുകച്ച് മണിയന്‍ തിരിച്ചുവന്ന്‍ കസേരമേലിരുന്നു. കുന്നും പുറത്തെ ഗോപിയാശാന്‍ ആടിയാടിയവിടെ നില്‍പ്പുണ്ടായിരുന്നു.

"എടാ മണിയാ വടം വലിക്ക് എന്നേം കൂട്ടണം.ഇല്ലേലൊണ്ടല്ലോ എന്റെ തനിക്കൊണം ഞാന്‍ കാണിയ്ക്കും" കൊഴയുന്ന ശബ്ദത്തില്‍ പറഞ്ഞിട്ട് പോക്കറ്റില്‍ നിന്നും ഒരമ്പതുരൂപായെടുത്ത് ആശാന്‍ മണിയ്ക്ക് നേരെ നീട്ടി.സന്തോഷത്തോടെ മണിയന്‍ ആ കാശുവാങ്ങിയിട്ട് പെട്ടന്നൊരു രസീതെഴുതി.

"ഉച്ചയാവുമ്പൊഴേയ്ക്കും പിടുത്തം വിടും.ആരെയെങ്കിലും ഒരാളിനെക്കൂടികൂട്ടി ഒരരയെടുത്ത് വച്ചേക്ക്.ഞാന്‍ പോയി വല്ലോം കഴിച്ചേച്ചു വരാം".

അഴിഞ്ഞ കൈലിയുടുക്കുവാന്‍ പണിപ്പെട്ടുകൊണ്ട് ഗോപിയാശാന്‍ മെല്ലെ നടന്നു.എഴുതിയ രസീത് ചുരുട്ടിക്കൂട്ടിക്കളഞ്ഞിട്ട് മണിയന്‍ കസേരയിലിരുന്നു.

വടവുമായി വന്ന കുട്ടപ്പന്‍ വടം മേശപ്പുറത്തുവച്ചിട്ട് ശ്വാസം വലിച്ചെടുത്തു.

"എന്റെ പൊന്നുമണിയണ്ണാ.ആ സുദേവന്റെയൊരു ജാഡ. വൈകുന്നേരം നൂറുരൂപാ സഹിതം വടം തിരിച്ചേല്‍പ്പിച്ചോളാനാ കല്‍പ്പന"

"എന്റെ കുട്ടപ്പാ എന്തായാലും സാധനം കിട്ടിയല്ലോ.നീ പോയി പ്രഭാകരന്‍ മാമന്റെ കടയില്‍ നിന്നും ഒരു രണ്ടുമൂന്നു പായ്ക്കറ്റ് ബിസ്ക്കറ്റ് മേടിച്ചോണ്ടുവാ.ബിസ്ക്കറ്റ് കടി മത്സരത്തിനു വച്ചിരുന്ന ബിസ്ക്കറ്റൊക്കെ അവമ്മാരു കള്ളുകുടിക്ക് ടച്ചിംഗ്സായിട്ടെടുത്തുകളഞ്ഞു. ഭാഗ്യത്തിനു പഴക്കുല ഞാന്‍ വീട്ടിവച്ചതു നന്നായി.അല്ലേലതും തീര്‍ത്തനെ.ആ മുളയില്‍ കയറ്റത്തിന്റെ ഒരുക്കമെവിടെ വരെയായോ ആവോ"

മണിയന്‍ മെല്ലെയെഴുന്നേറ്റ് വീണ്ടും കടയുടെ പുറകു വശത്തേയ്ക്ക് നടന്നു.


കസേരകളി മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, പുന്നയ്ക്ക പെറുക്കല്‍, ചാക്കില്‍ കയറിയോട്ടം, ഓട്ടമത്സരം എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയാവുകയും മിക്കപേരും ഉണ്ണുവാനായി അവരവരുടെ വീടുകളിലേയ്ക്ക് പോവുകയും ചെയ്തു.

ഉച്ചയ്ക്കുശേഷം സിനിമാഗാനമത്സരമായിരുന്നാദ്യം.കര്‍ണ്ണഘടോരമായ ശബ്ദത്തില്‍ ഏലാപ്പുറത്തെ യേശുദാസ്മാരും ചിത്രമാരും തമിഴ് മലയാളം പാട്ടുകള്‍ തകര്‍ത്തുപാടി.മൂന്നുമണിയോടെ മുളയില്‍ കയറ്റ മത്സരമാരംഭിച്ചു.രാജീവ്, കൊച്ചൂട്ടന്‍,അശോകന്‍,വിനോദ്,തിലകന്‍,പ്രകാശ്,സുധിന്ദ്രന്‍,മഹേഷ് തുടങ്ങിയ പ്രജകള്‍ അരയും തലയും മുറുക്കി മത്സരരംഗത്തേയ്ക്ക് കടന്നു.500 രൂപയും തോര്‍ത്തും ആരെടുക്കും എന്ന ആകാംഷയില്‍ കാണികള്‍ ശ്രദ്ധാപൂര്‍വ്വം മത്സരം വീക്ഷിച്ചുകൊണ്ടിരുന്നു.ഒരുവേള രാജീവ് തോര്‍ത്തില്‍ പിടിച്ചു എന്ന തോന്നലുണ്ടാക്കിയതും ആശാനുടുത്തിരുന്ന തോര്‍ത്തഴിഞ്ഞ്പോയതുമൂലം ആ ശ്രമം പരാജയപ്പെട്ടു.ആര്‍പ്പുവിളികള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ മഹേഷ് എന്ന യുവപ്രജ ആ 500രൂപയും തോര്‍ത്തും സ്വന്തമാക്കി.മുളയില്‍ നിന്നും താഴെയിറങ്ങിയ ഉടനെ ആ പണവുമായി ഒരാള്‍ ബിവറെജിലേയ്ക്ക് പുറപ്പെട്ടു.

വിവാഹിതരും അവിവാഹിതരുമായുള്ള വടം വലി മത്സരമായിരുന്നടുത്തത്.വിജയികള്‍ക്കായുള്ള കൂറ്റന്‍ പഴക്കുല മത്സരം നടക്കുന്ന സ്ഥലത്തിനടുത്തായി കെട്ടിതൂക്കിയിട്ടുണ്ടായിരുന്നു. അടിച്ചു പാമ്പായി നില്‍ക്കുന്ന വിവാഹിതമ്മാരും അവിവാഹിതമ്മാരും രണ്ടായിപ്പിരിഞ്ഞ് വടത്തിന്റെ ഓരോ തലകളില്‍ പിടിച്ചു.റഫറിയായി നിന്നത് തങ്കപ്പണ്ണനായിരുന്നു.ആശാനു വിസിലൂതാനുള്ള കെല്‍പ്പ് പോലുമുണ്ടായിരുന്നില്ല എന്നതാണു സത്യം.വയലിന്റെ കുറുകേയുള്ള റോഡിലാണു മത്സരം നടക്കുന്നത്.സ്വന്തം കണവമ്മാരുടെ പ്രകടനം കാണാന്‍ എത്തിയ ശ്രീമതിമാരും മറ്റുള്ളവരും വയല് വരമ്പുകളിലും റോഡിന്റെ വശങ്ങളിലുമായി സ്ഥാനം പിടിച്ചു.വണ്‍, ടൂ, ത്രീ എന്നാരോ ഉച്ചത്തില്‍ പറഞ്ഞതും തങ്കപ്പണ്ണന്‍ വിസില്‍ ഊതിയതും വടം വലി ആരംഭിച്ചതുമെല്ലാം ഒറ്റയടിയ്ക്കായിരുന്നു.വിവാഹിതരും അവിവാഹിതരും ഒട്ടുംതന്നെ വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല.എന്നിരുന്നാലും അവിവാഹിതരുടെ ശക്തി വിവാഹിതര്‍ അറിയുക തന്നെ ചെയ്തു.അഠിശക്തിമായൊരു വലിയില്‍ വിവാഹിതര്‍ക്കടിതെറ്റുകയും പലരും മറിഞ്ഞുവീഴുകയും ചെയ്തു.വീണവരേയും വലിച്ചെഴച്ചുകൊണ്ട് അവിവാഹിതര്‍ വടവുമായി പാഞ്ഞു.തറയിലൂടെ വലിച്ചെഴച്ചതുമൂലം മുട്ടാകെ പൊട്ടിയൊലിച്ച ഗോപിയാശാനെ അപ്പോള്‍ തന്നെ ജാനകി ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോയി.


അങ്ങിനെ ഓണാഘോഷ പരിപാടികളെല്ലാം മംഗളമായവസാനിച്ചു.കണക്കുകള്‍ കൂട്ടിനോക്കിയ മണിയന്റെ കണ്ണുതള്ളി.പത്തയ്യായിരം രൂപയ്ക്കെവിടെപ്പോകാന്‍.ആരുതരും.മൈക്കുസെറ്റും മറ്റെല്ലാം കൊടുത്തിട്ട് മടങ്ങിവന്ന പുള്ളാര്‍ തലയും ചൊറിഞ്ഞ് മണിയന്റെ മുമ്പില്‍ നിന്നു.എന്തായാലും കടം തന്നെ.മണിയന്‍ പോക്കറ്റിലിരുന്ന നാനൂറു രൂപായെടുത്തൊരുത്തനെയേല്‍പ്പിച്ചു.അവനപ്പോള്‍ തന്നെ ചരക്കുവാങ്ങാനായിപ്പോയി.ആഘോഷം പാതിരാത്രി വരെ നീണ്ടു.അടിച്ചു പാമ്പായ ചെക്കമ്മാരൊക്കെ എഴുന്നേറ്റെങ്ങോ പോയി.നല്ല പിടുത്തമായ മണിയന്‍ ക്ലബ്ബില്‍ തന്നെ കിടന്നുറങ്ങി.

ആരുടെയോ വിളി കേട്ടാണു മണിയനുണര്‍ന്നത്.കണ്മുന്നില്‍ ദേക്ഷ്യം കൊണ്ടു വിറച്ചു നില്‍ക്കുന്ന പ്രഭാകരന്‍ പിള്ളയെക്കണ്ട മണിയന്‍ ഒന്നമ്പരന്നു.അവന്‍ പെട്ടന്ന്‍ ചാടിയെഴുന്നേറ്റു.

"എടാ നീ ചെക്കമ്മാര്‍ക്ക് കള്ളുമേടിച്ചുകൊടുക്കുമല്ലേ.എന്റെ പണയിലേയ്ക്കൊന്ന്‍ വന്നുനോക്ക്.ആന കേറിയതുപോലുണ്ട്.രണ്ടു കരിക്കടത്തുകുടിക്കുന്നതു ഞാന്‍ ക്ഷമിക്കും.പക്ഷേ എന്റെ വാഴ മുഴുവന്‍ ചവിട്ടിയൊടിച്ച്.മരിച്ചീനിയൊക്കെ വലിച്ചുപുഴുത്..നീ തന്നെ ഇതിനു സമാധാനം പറയണം"

തന്റെ മുന്നില്‍ നിന്നുമാക്രോശിക്കുന്ന പ്രഭാകരന്‍ പിള്ളയെ മണിയന്‍ ദയനീയമായി നോക്കി.ഈ സമയം കുട്ടപ്പന്‍ എവിടുന്നോ ഓടിവന്നു മണിയനെ മാറ്റി നിര്‍ത്തി രഹസ്യം പറഞ്ഞു.

"മണിയണ്ണാ.ഇന്നലെ അവമ്മാരാകെ കൊഴപ്പമുണ്ടാക്കി.രാത്രി വാസുപിള്ളയുടെ വീടിനു കല്ലെറിഞ്ഞു.സുമതിച്ചേച്ചീടെ തട്ടുകട മറിച്ച് വയലിലിട്ടു.റോഡിലു ആ പോസ്റ്റ് പിടിച്ചു കുറുകേയിട്ടു.ഏതോ വണ്ടിക്കാരെ അടിച്ചെന്നും പറയുന്നുണ്ട്.ഇപ്പോ എല്ലാം മുങ്ങിയിരിക്കുവാ.റോഡിലെല്ലാരും പറയുന്നത് അണ്ണനുമൊണ്ടായിരുന്നെന്നാ.ആ വാസുപിള്ള കേസുകൊടുത്തിട്ടൊണ്ട്.കൊഴപ്പമാവുമെന്നാ തോന്നുന്നത്"

മണിയന്‍ എന്തുചെയ്യണമെന്നറിയാതെ കുട്ടപ്പനെയൊന്നുനോക്കി.റോഡിലൂടെ ഒരു വണ്ടി വരുന്ന ഒച്ചകേട്ട് കുട്ടപ്പന്‍ എത്തിനോക്കി.

"അണ്ണാ പോലീസ്..ഓടിക്കോ"

അലര്‍ച്ചയും കുട്ടപ്പന്റെ ഓട്ടവും ഒരുമിച്ചായിരുന്നു..കടയ്ക്കുമുമ്പില്‍ വന്നുനിന്ന ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ പോലീസുകാര്‍ അകലെ എന്തോ മിന്നായം പോലെ മറയുന്നതു മാത്രം കണ്ടു.അറസ്റ്റു ചെയ്യാന്‍ പാകത്തില്‍ ഒരു ചെരിപ്പവിടെ കിടക്കുന്നുണ്ടായിരുന്നു...


ശ്രീക്കുട്ടന്‍.