Sunday, November 27, 2011

തലയുയര്‍ത്തിപ്പിടിച്ച് പുളുസൂ....

അങ്ങിനെ വര്‍ഷം രണ്ടായിരിക്കണൂ ഈ പരിപാടി തൊടങ്ങീട്ട്..അതേന്നേ.2009 നവംബറിലാണ് ഈ പുളുസുവിന്റെ ജനനം.തെറ്റിദ്ധരിക്കണ്ട എന്റെ ബ്ലോഗ്.. എന്റമ്മച്ചീ..എനിക്ക് തന്നെ വിശ്വസിക്കാന്‍ മേലാ..ഈ രണ്ടുവര്‍ഷത്തിനെടയ്ക്ക് എന്തെല്ലാമോ ചവറുകളെഴുതി.മിയ്ക്കതും വായനക്കാര്‍ ചവിട്ടിക്കൂട്ടി എറിയേണ്ടിടത്തെറിഞ്ഞു..ചിലതെല്ലാം തികച്ചു പത്തുപതിനഞ്ചു പേര്‍ വായിച്ച് അവരുടെ അഭിപ്രായമറിയിച്ചു.ആ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് എന്റെ എഴുത്തിനെ ഒന്നു നവീകരിക്കുവാന്‍ ഞാന്‍ ചില ശ്രമങ്ങളെല്ലാം നടത്തിനോക്കിയെങ്കിലും എന്താവാന്‍...ചെമ്മീന്‍ ചാടിയാല്‍ എവിടെ വരെ..അതന്നെ...

പിന്നെ ഒരു പ്രധാനകാര്യം പറയാനുള്ളത് ഈ ബൂലോകത്ത് കുറേയേറെ നല്ല ചങ്ങാതിമാരെ കിട്ടിയെന്നതാണ്. മാത്രമല്ല ഉപയോഗപ്രഥമായ പല കാര്യങ്ങളും അവരില്‍ നിന്നും പഠിക്കാനുമായി.പക്ഷേ അതെല്ലാം പ്രാവര്‍ത്തികമാക്കാന്‍..ഞാന്‍ നേരത്തേ പറഞ്ഞല്ലോ..ചെമ്മീന്‍....

എന്നെത്തന്നെ ഞെട്ടിപ്പിച്ചുകൊണ്ട് നൂറില്‍ കൂടുതല്‍ ആള്‍ക്കാര്‍ എന്റെ പുളൂസ് കേള്‍ക്കുവാന്‍ ഫോളോ ചെയ്യുന്നുണ്ട്.എങ്ങിനെയത് സംഭവിച്ചു എന്ന്‍ എനിക്കിപ്പോഴും അത്രയ്ക്കങ്ങട്ട് പിടികിട്ടിയിട്ടില്ലാ. ചില സത്യങ്ങള്‍ കെട്ടുകഥയേക്കാല്‍ അവിശ്വസനീയമായിരിക്കുമെന്ന്‍ മമ്മൂട്ടി പണ്ട് പറഞ്ഞിട്ടുണ്ട്.പിന്നെ കാര്യമെന്താണെന്നുവച്ചാല്‍ ചുക്കേത് ചുണ്ണാമ്പേത് എന്നറിയാതിരുന്ന ഒരു സമയത്ത് ഞാന്‍ മറ്റെല്ലാവരേം പോലെ സാഹിത്യലോകത്തിനു ചില അമൂല്യ സംഭാവനകള്‍ നല്‍കാം എന്ന ഗൂഡലക്ഷ്യത്തോടെ എടിപിടീന്ന്‍ ഒരു ബ്ലോഗങ്ങാരംഭിച്ചപ്പോള്‍ പറ്റിയൊരു തലക്കെട്ടോ മറ്റോ നല്‍കാന്‍ മറന്നുപോയി. അലസമായ മടിമൂലം അതങ്ങിനെ തന്നെ തുടര്‍ന്നു. പിന്നീട് ഒരു ദൈവവിളിയുണ്ടായതുപോലെ ബ്ലോഗിന്റെ യൂ ആര്‍ എല്‍ ഒക്കെ ഒന്നു മാറ്റി എന്റെ പ്രീയചങ്ങാതി ജെഫുവിനെകൊണ്ട് തലക്കെട്ട് ഫോട്ടോയൊക്കെ ഒന്നു ചെയ്ഞ്ചിച്ച് സംഗതിയൊന്നു മിനുക്കിയെറക്കിയപ്പോള്‍ എന്തു പറ്റിയെന്നുവച്ചാല്‍ മുമ്പ് പതിവായി വന്നുകൊണ്ടിരുന്ന നാലും മൂന്നും ഏഴ് ആള്‍ക്കാരും കൂടി വരാതായി.ദിനേന കാക്കത്തൊള്ളായിരം പോസ്റ്റുകള്‍ ഇറങ്ങുന്നതിനിടയ്ക്ക് എന്റെ പുതിയ പുളു റിലീസായോ എന്ന്‍ തപ്പിപ്പിടിക്കുവാന്‍ ആര്‍ക്കെവിടെ സമയം. യൂ ആര്‍ എല്‍ മാറ്റിയതുമൂലം ഡാഷ്ബോര്‍ഡില്‍ സംഗതികള്‍ ചെല്ലുന്നില്ലല്ലോ.പിന്നെ പൊതുവേ മറ്റുള്ളവര്‍ക്ക് മെയിലൊക്കെയയച്ചു ശല്യപ്പെടുത്തി തെറി ഇരന്നുവാങ്ങുവാനൊട്ട് കഴിവുമില്ലാ എന്നു കൂട്ടിയ്ക്കോ..ചുരുക്കിപ്പറഞ്ഞാ കുളത്തില്‍ വീണു കുളമായി എന്നു പറഞ്ഞാല്‍ മതി

പക്ഷേ ഇനിയത് പോരാ എന്ന്‍ ഞാന്‍ മനസ്സിലാക്കുന്നു.എന്റെ പ്രീയ ആരാധകരുടെ നിരന്തരമുള്ള അഭ്യര്‍ഥന മാനിച്ച് ഇനി ഒരു കുഞ്ഞ് പോസ്റ്റിട്ടാലും ഈ ഭൂലോകത്തുള്ള സകലമാന ബ്ലോഗര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും അതിന്റെ ലിങ്ക് മെയിലായിട്ടയച്ച് ഞാന്‍ ഒരു കലക്ക് കലക്കും..കളി എന്നോടോ..

മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം എന്താണെന്നുവച്ചാല്‍ ഈ രണ്ടുവര്‍ഷത്തിനുള്ളില്‍ ഞാനെഴുതുന്ന പുളൂസിന് മാക്സിമം പത്തിനകത്ത് കമന്റുകള്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്. ആദ്യമൊക്കെയത് ഒന്ന്‍ പിന്നെ കുറച്ചുകഴിഞ്ഞ് രണ്ടോ മൂന്നോ പിന്നെപിന്നെ വര്‍ദ്ധിച്ച് ഒരു എട്ട് ഒമ്പത് അങ്ങനെ കട്ടയ്ക്കിടിച്ചുനില്‍ക്കുവായിരുന്നു .പക്ഷേ ലോകാവസാനം സംഭവിക്കുവാന്‍
പോകുന്നതുപോലെ ഈ പോസ്റ്റിനു ഒരു പതിനഞ്ച് കമന്റുകള്‍ വന്നു.എനിക്ക് പ്രാന്തായതാണോ അതോ വായനക്കാര്‍ക്ക് പ്രാന്തായതാണോ എന്നു ഞാന്‍ സംശയിക്കാതിരുന്നില്ല.പിന്നെ താല്‍ക്കാലിക പ്രതിഭാസം എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു.
എന്നാല്‍ എന്റെ സകലമാന പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞുകൊണ്ട് ദേ ഇതിനു പതിനഞ്ചില്‍ കൂടുതലും പിന്നെ ഇതിന് ഇരുപത്തെട്ടോളവും കമന്റുകള്‍ വന്നു..ഞാന്‍ എഴുത്തുതന്നെ നിര്‍ത്തിയാലോന്നാലോചിച്ചതാണ്. കാരണം ഒരഹങ്കാരിയാകുവാന്‍ എനിക്കൊട്ടും ആഗ്രഹമില്ല.അതന്നെ...എന്റെ പ്രാര്‍ഥന കേട്ടു എന്നാണു തോന്നുന്നത്..അതിനുശേഷമുള്ള ഉരുപ്പടികള്‍ കൊറച്ചു താഴേയ്ക്ക് പോയിട്ടുണ്ട്..ഈ ടെമ്പോ നിലനിര്‍ത്തിക്കൊണ്ട് പോകാനാണു പാട്...ഒരെഴുത്തുകാരന്‍ എന്തെല്ലാം സഹിക്കണം എന്നു നോക്കിയേ...

എന്തൊക്കെയോ നടക്കുവാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്..ഒരു എല്‍ ഐ സി പോളിസി പോലും എടുത്തിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കുള്ള സങ്കടം സഹിക്കാനാവാത്തതാണ്..

ആരെയെങ്കിലും ഒന്നു ചൊറിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ചിലപ്പോളൊക്കെ ആത്മാര്‍ഥമായിട്ടുമാഗ്രഹിച്ചുപോയിട്ടുണ്ട്..വേറൊന്നിനുമല്ല.ചുമ്മാതെ പത്താള്‍ക്കാര്‍ കൂടുതലറിയുമല്ലോ.പക്ഷേ ദുര്‍ബലമായ എന്റെ ശരീരവും മനസ്സും അതിന്റെ മറുപടി താങ്ങില്ല എന്ന നഗ്നസത്യത്തിനുമുമ്പില്‍ ഞാന്‍ സ്വയം പിന്‍വാങ്ങിപ്പതുങ്ങിയിരിക്കുകയാണ്.എന്നുകരുതി ഞാന്‍ പേടിച്ചൊളിച്ചിരിക്കുകയാണെന്നൊന്നും അതിനര്‍ഥമില്ല...

ഇനിയെത്രനാള്‍ കൂടി ഈ പറ്റീരുപരിപാടിയുമായി തുടരാനാവുമെന്ന്‍ എനിക്ക് ഉറപ്പില്ല..ആകെ വല്ലപ്പോഴും മാത്രം മിനുങ്ങുന്ന ബള്‍ബുപോലുള്ള എന്റെ തലച്ചോറിലെ ചിന്താസരണിയ്ക്ക് മണ്ഡരി ബാധിച്ച എല്ലാ ലക്ഷണവും കാണുന്നുണ്ട്..ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും കള്ളക്കഥയൊണ്ടാക്കി ഇനിയും പിടിച്ചു നില്‍ക്കാനാവുമെന്ന്‍ തോന്നുന്നില്ല.കഴിയുന്നിടത്തോളം സകലമാനപേരേം ദ്രോഹിച്ചുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമെന്ന്‍ മാത്രമേ ദുഖാര്‍ത്തരായ എന്റെ പ്രീയ ആരാധകരോട് ഈയവസരത്തില്‍ എനിക്ക് പറയാനുള്ളൂ..ഞാന്‍ ഇനിയും ഇതേപോലെ വിളങ്ങിത്തിളങ്ങി നില്‍‍ക്കണമെങ്കില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എനിക്ക് കമന്റായി അയച്ചുതരണം...അതിനു പ്രത്യേകിച്ച് ഫോര്‍മാറ്റൊന്നുമില്ല...പൈസാചിലവും...

എന്റെ പോസ്റ്റുകള്‍ പരമാവധി വായിക്കുകയും കമന്റിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാപേര്‍ക്കും നല്ല ഗതിവരുത്താവാനും അഭിവൃദ്ധിയുണ്ടാകുവാനും വേണ്ടി വിഖ്യാതമാന്ത്രികന്‍ സ്റ്റൌസ്വാമി ജപിച്ചുതന്ന ചില മാരകമന്ത്രങ്ങള്‍ അടങ്ങിയ തകിടുകള്‍ എന്റെ ബ്ലോഗിന്റെ നാലുമൂലയിലും സ്ഥാപിച്ചിട്ടുണ്ട് എന്ന സത്യം കൂടി ഈയവസരത്തില്‍ എല്ലാപേരെയുമറിയിച്ചുകൊള്ളുന്നു..

ഈ തകിടുകള്‍ നിങ്ങള്‍ക്കും വേണമെന്നുണ്ടെങ്കില്‍ 250 രൂപാ മണിയോര്‍ഡറായി അയച്ചുതന്ന്‍ ആദ്യം രസീത് കൈപ്പറ്റുക..സാധനം മെയിലില്‍ നിങ്ങള്‍ക്ക് കിട്ടിയിരിക്കും.ഞാനുമൊന്ന്‍ പച്ചപിടിക്കട്ടെന്നേ..നിങ്ങള്‍ക്കാര്‍ക്കെങ്കിലും താല്‍പ്പര്യമുണ്ടോ ആവോ...ആരെങ്കിലും മെയില്‍ വഴി ചോദിക്കുകയാണെങ്കില്‍ ഡീറ്റയില്‍സ് തരാം...

പിന്നെ ഒരു ബൂലോകത്ത് ഒരു മണിചെയിന്‍ പദ്ധതി തുടങ്ങാനുള്ള ഐഡിയ എന്റെ തലയിലുദിക്കുന്നുണ്ട്.എന്റെ ശ്രീക്കുട്ടാ. നീയിതൊന്നെന്നെയറിയിച്ചില്ലല്ലോടാ എന്ന്‍ ആരും പരാതി പറയരുത്.എനിക്കത്രേ പറയാനുള്ളൂ... ഇതിലെല്ലാം ഭാഗഭാക്കാവുവാന്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കുവാന്‍ മറക്കണ്ട..

ഈ ബ്ലോഗിന്റെ രണ്ടാം വാര്‍ഷിക മഹാമഹത്തില്‍ എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കുവാന്‍ ഒന്നേയുള്ളൂ...കഴിയുന്നതും എന്റെ ബ്ലോഗ് വായിക്കുക..പ്രചരിപ്പിക്കുക...ചേതമില്ലാത്ത ഒരുപകാരമല്ലേ...

ഈ കാലത്തിനിടയ്ക്ക് ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ ഏതേലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പൊറുക്കണം..സോറി..ക്ഷമിക്കണം....

നന്ദി നമസ്ക്കാരം...

അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ..നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും നമുക്ക് കാണാം...

നിങ്ങളുടെ സ്വന്തം..

ശ്രീക്കുട്ടന്‍

Tuesday, November 22, 2011

ഭാര്യയ്ക്കൊരു കത്ത്

എന്റെ പ്രീയപ്പെട്ടവള്‍ക്ക്, നിനക്കു സുഖമാണെന്നു വിശ്വസിക്കുന്നു.ആഹാരമെല്ലാം നന്നായി കഴിക്കുന്നുണ്ടല്ലോ അല്ലേ..അല്ല അതിനു കൊറവൊന്നും വരുത്തത്തില്ലാന്നു എനിക്ക് നന്നായറിയാം..

ഐഡിയാ സ്റ്റാര്‍ സിംഗര്‍ കണ്ട് ഇപ്പൊഴും എസ്.എം.എസ്സ് അയക്കുന്നുണ്ടാവും എന്നു വിശ്വസിക്കുന്നു.അതിനു ഒരു മുടക്കവും വരുത്തരുത്.അഥവാ മൊബൈലില്‍ ബാലന്‍സ് തികയാതെ വന്നാല്‍ പതിവുപോലെ അപ്പച്ചിയുടെ കയ്യില്‍ നിന്നോ മറ്റോ കാശ മേടിച്ച് അഡ്ജസ്റ്റ് ചെയ്യുക.ശമ്പളം കിട്ടിയാലുടന്‍ ഞാന്‍ അയച്ചുതരാം..പന്നെ ആരും ഔട്ട് ആകാതിരിക്കാനായി അമ്പലത്തിലും മറ്റും വലിയ നേര്‍ച്ചകളൊന്നും നേര്‍ന്നേക്കരുത്.എനിക്കു പണ്ടത്തെപോലെ ഉരുളാനും കാവടിയെടുക്കാനും പട്ടിണി കിടക്കാനുമൊന്നും വയ്യ പൊന്നേ.ഒന്നാമത് അടുത്തമാസം ലീവ് ആവുകയാ..ആകെയുള്ളത് മുപ്പതുദെവസം മാത്രമാണു.

പിന്നെ സീരിയലുകള്‍ എല്ലാം തന്നെ വിടാതെ കാണുന്നുണ്ടെന്നു വിശ്വസിക്കുന്നു.നീ അതൊന്നും‍‍ കണ്ട് കരഞ്ഞ് തളരരുത് ട്ടോ.നീ സങ്കടപ്പെടുന്നത് എനിക്കു സഹിക്കാന്‍ പറ്റില്ല.അതോണ്ടാ.

മാനസപുത്രിയും പാരിജാതവും ഏതുവരെയായി.സോഫി പ്രസവിച്ചോ.രണ്ടുമൂന്നുകൊല്ലമായല്ലോ ഗര്‍ഭിണിയായിട്ട്.അതുകൊണ്ട് ചോദിച്ചതാ.പിന്നെ ദേവീമാഹാത്മ്യവും,അല്‍ഫോണ്‍സാമ്മയും കാണാന്‍ മറക്കരുത്.അല്ല നീ മറക്കില്ല എന്നെനിക്കറിയാം.അയ്യപ്പന്‍ പുലിപ്പാലു കറന്നെടുത്തുകൊണ്ട് വന്നുകാണുമെന്നു കരുതുന്നു.ഇല്ലെങ്കില്‍ പേടിക്കേണ്ട അടുത്ത സീസണില്‍ എന്തായാലും കൊണ്ടുവന്നിരിക്കും. പിന്നെ ഇതിനെടെക്ക് എപ്പോഴെങ്കിലും സമയം കിട്ടുമെങ്കില്‍ അല്‍പ്പം പുസ്തകം വായിക്കണം.ബി.എ അവസാനവര്‍ഷമല്ലെ.പരീക്ഷ എഴുതേണ്ടേ.അല്ല എഴുതിയില്ലെങ്കിലും കുഴപ്പമില്ല.എന്തിനാ പേപ്പര്‍ നോക്കുന്ന സാറമ്മാരെകൊണ്ട് ചിരിപ്പിക്കുന്നത്.എനിക്കിപ്പോഴും അത്ഭുതമാണ്.നീ 10 ജയിച്ചോ. പിന്നെ ഏതുവഴിക്കു ഡിഗ്രിക്കു......പോട്ടെ.എനിക്കു നീ കത്തയക്കുമോ.എനിക്കു മിസ്സ്കാള്‍ അടിക്കാന്‍ മറക്കരുതു കേട്ടോ.പിന്നെ ഞാന്‍ ഇത്ര ദൂരെയായതുകൊണ്ടും നിനക്ക് എന്നെ ഉപദ്രവിക്കാന്‍ കഴിയില്ല എന്നതുകൊണ്ടും ധൈര്യത്തോടുകൂടി താഴെപ്പറയുന്ന കാര്യങ്ങള്‍ എഴുതുന്നു.

1. എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് എന്റെ ഫോട്ടോയില്‍ ഒരുമ്മയെങ്കിലും വയ്ക്കണം.അതെനിക്കിവിടെ കിട്ടിക്കൊള്ളും.

2. മറക്കാതെ എന്നും എനിക്കു രാവിലെ 6 മണിയ്ക്കും രാത്രി 9 മണിയ്ക്കും മിസ്സ്കാളടിക്കണം.

3. രണ്ടു ദിവസത്തിലൊരിക്കലെങ്കിലും മെസ്സേജയക്കണം.

4. രാത്രികിടക്കുമ്പോള്‍ എന്നെ മാത്രമേ ഓര്‍ക്കാവു.

5. സ്വപ്നം കാണുന്നത് എന്നെ മാത്രമായിരിക്കണം.

6. ആഴ്ചയിലൊരിക്കലെങ്കിലും എന്നെ വിളിക്കണം.ഇല്ലെങ്കില്‍ ഞാന്‍ വിളിക്കാം.

7. എന്റെ കണ്ട്രോളു പോകുന്നവിധത്തില്‍ സംസാരിക്കരുത്.

8. എന്നെ വിഷമിപ്പിക്കുന്ന വാര്‍ത്തകള്‍ ഒന്നും വിളിച്ചറിയിക്കരുത്.

9. എനിക്കു നല്ല കറികളും ചോറും വച്ചു തരണം. ഞാനിതേവരെ വലുതായൊന്നും പഠിച്ചില്ല.

10. പിന്നെ അവസാനമായി പണ്ടത്തെപ്പോലെ എന്നെ ഒന്നും ചെയ്യില്ലെന്നു(അടി, പിച്ച്, മാന്ത്,നുള്ളല്‍,തെറിവിളി)എനിക്കുറപ്പ് തരണം. ഇതൊന്നും നീ അനുസരിക്കില്ലെങ്കില്‍ ഞാന്‍ ദുബായില്‍ നിന്നും നാട്ടിലേക്കു വരില്ല. വല്ല തമിഴ്നാട്ടിലും പോയി ചുമടെടുത്തു ജീവിക്കും.ആഹാ കളി എന്നോടോ...

സ്നേഹപൂര്‍വ്വംനിന്റെ വിനീതവിധേയനായ..........
ഹസ്..

Thursday, November 17, 2011

നാട്ടിന്‍പുറം

"എടീ ജാനു നീയറിഞ്ഞില്ലേ നമ്മുടെ ശാന്തയുടെ മോളെ കാണാനില്ലെന്നു.ഇന്നലെ എന്തോ പരീക്ഷ എഴുതാനെന്നും പറഞ്ഞു പോയതാ.ഇന്നിതേവരെ വന്നിട്ടില്ലാത്രേ.സമയമിത്രേമായില്ലേ..

"ഹമ്മേ ഒള്ളതാണോ ചേച്ചി.ആരുടെ കൂടെയെങ്കിലും പോയതായിരിക്കും. ഒറപ്പ്.എന്തായാലും അവളുടെ അഹങ്കാരം ഇതോടെ തീരുമല്ലോ.അല്ലെങ്കിലും ചാന്തയ്ക്കിതുതന്നെ വരണം.എന്തായിരുന്നു പൊങ്ങല്.തറേവയ്ക്കാതെ കൊണ്ടു നടന്നതല്ലേ അനുപവിയ്ക്കട്ട്".

"ആ പെണ്ണിനു മ്മട സരോജിനീട മോനുമായിട്ടെന്തോ ചുറ്റിക്കളിയുണ്ടായിരുന്നു.ഞാന്‍ പലപ്പോഴും കണ്ടിട്ടൊണ്ടെന്നേ.രണ്ടും കൂടി ഒരുമിച്ചു സംസാരിച്ചും ചിരിച്ചും വരുന്നത്".

"ഹും കണ്ടാപ്പറയ്യോ.ഒരു പഞ്ചപ്പാവം.കയ്യിലിരുപ്പ് ആര്‍ക്കറിയാം.ആട്ടെ ആ ചെക്കനിവിടൊണ്ടോ"

"അതല്ലേ രസം അവനിന്നലെ ഒരു കൂട്ടുകാരന്റെ വീട്ടിപ്പോണെന്നും പറഞ്ഞുപോയത്രേ.രണ്ടുംകൂടെ വച്ചുനോക്കുമ്പം എനിയ്ക്കു തോന്നുന്നത് അവര് കുടുംബം തൊടങ്ങിക്കാണുമെന്നാ"

"ഹൊ.ഒന്നിനെ എറക്കിവിടണകാര്യം അങ്ങിനെ ചാന്തയ്ക്കു ലാഭമായി.ഇനിയൊന്നുണ്ടല്ലോ.ഒരു ചുന്ദരിക്കോത.അവളും വല്ലവനേം നോക്കിവച്ചിട്ടുണ്ടാവും."

"നമ്മുടെ പഞ്ചായത്തുമെംബറും മറ്റു രണ്ടുമൂന്നുപേരും കൂടി പട്ടണത്തില്‍ തെരക്കാനെന്നും പറഞ്ഞ് പോയിട്ടുണ്ട്."

"ഹോ എന്റെ ചേച്ചി ഇനി തെരക്കിപ്പോവാത്ത കൊറവേയുള്ളു. കൊറച്ചുദിവസം കഴിയുമ്പം അവരു തിരിച്ചുവരും.അത്ര തന്നെ"

"എടി ജാനു നിന്റെ മോള് ഇപ്പോഴും തയ്യലു പഠിയ്ക്കാന്‍ പോകുന്നുണ്ടോ.ഒരു കണ്ണു വച്ചോ.ഇപ്പോഴത്തെ പുള്ളേരെയൊന്നും വിശ്വസിക്കന്‍ പറ്റില്ല".

"അതെന്താ വസന്തേച്ചി അതിന്റെടയ്ക്കൊരു കുത്ത്.എന്റെ മോളെ ഞാന്‍ മര്യാദയ്ക്കാ വളര്‍ത്തുന്നത്".

"നീ പെണങ്ങാതെടീ ഞാന്‍ ചുമ്മാ പറഞ്ഞതാ.നീ വാ നമുക്ക് ചാന്തയുടെ വീടുവരെ ഒന്നു പോകാം.അല്ലെങ്കി അവളെന്തുവിചാരിയ്ക്കും"

"ഓ ഞാനില്ല.എനിക്കു കൊറച്ചു പണിയുണ്ട്.കൊറച്ചുകഴിഞ്ഞ് ഒന്നു പോവാം.ഇപ്പം ചേച്ചിപോയേച്ചുവാ"

.................................................................................................................

"നീ വെഷമിയ്ക്കണ്ട ചാന്തേ.അവള് വരും. എന്തായാലും നമ്മുടെ മെംബറും മറ്റുമൊക്കെ തെരക്കിപ്പോയിരിക്കുവല്ലേ.അവരു വരട്ടെ ആദ്യം.എന്താണുണ്ടായതെന്ന്‍ നമുക്കറിയില്ലല്ലോ"

"എന്നാലും വസന്തേച്ചീ എനിക്കൊരു സമാധാനോമില്ല.ഞാനിനിയെങ്ങിനെ ആള്‍ക്കാരുടെ മൊകത്ത് നോക്കും.എന്നാലും അവള്" ശാന്ത മൂക്ക് പിഴിഞ്ഞ് കളഞ്ഞിട്ട് കൈലിയുടെ കോന്തലകൊണ്ട് മുഖം തുടച്ച് കരച്ചില്‍ തുടര്‍ന്നു.

"അവളെവിടെ പോവാനാ.പരീക്ഷകഴിഞ്ഞിട്ട് വണ്ടികിട്ടിക്കാണത്തില്ല.പട്ടണത്തിലല്ല്യോ.ഇനിയിപ്പം അവിടെ ഏതേലും കൂട്ടുകാരുടെ വീട്ടിലെങ്ങാനും കിടന്നേച്ച് രാവിലെയുള്ള വണ്ടിപിടിച്ച് ഇങ്ങുവരും. അതൊന്നും നീ കാര്യമാക്കണ്ട.എന്തായാലും മെംബറും മറ്റും പോയിരിക്കയല്ലേ .അവരു മടങ്ങി വരട്ടെ എന്നിട്ടു തീരുമാനിക്കാം.നീ വെഷമിച്ചിരിക്കാതെ വല്ലതും കുടിയ്ക്കാന്‍ നോക്ക്.എന്നാപ്പിന്നെ ഞാനെറങ്ങുവാണ്.പെണ്ണു മാത്രമേയുള്ളൂ.അതിയാന്‍ രാവിലെ പണിക്കെറങ്ങിപ്പോയശേഷം ഒള്ള സമയത്തിനെടയ്ക്കാ ഞാനോടിവന്നേ.ഞാന്‍ പിന്നെ വരാം"

കരഞ്ഞുകൊണ്ടിരിക്കുന്ന ശാന്തയുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചിട്ട് വസന്ത പുറത്തേയ്ക്കിറങ്ങി.

...........................................................................................................................


"അല്ല ഇതാരു ജാനുവോ.നീ ഈ രാവിലെ ഇതെവിടെപോയിട്ട് വരേണ്".

"ഒന്നും പറയണ്ട ശാരദേ.നമ്മുടെ ചാന്തേട വീടുവരെ ഒന്നുപോയി.അവട മോള് ഇന്നലെ എന്തോ പരീക്ഷയെഴുതാനെന്നും പറഞ്ഞ് പോയിട്ട് ഇതേവരെ വന്നില്ലാന്ന്‍.ആരാന്റെകൂടെ ഒളിച്ചോടിയെന്നൊക്കെ ചെലവമ്മാരു പറയുന്നുണ്ട്. അല്ലേലും ആള്‍ക്കാരക്ക് എന്താ പറയാന്‍ വയ്യാത്തേ..അലവലാതികള്‍ ..ത്ഫൂ".

"ങ്ഹേ..സത്യമാണോ.ശ്ശോ കഷ്ടമായിപ്പോയല്ലോ.ആ കൊച്ച് ഒത്തിരി നല്ല കൂട്ടത്തിലാണെന്നാണല്ലോ കരുതിയിരുന്നത്.എന്നിട്ട്.."

"ഇപ്പഴത്തെ പുള്ളെരെപ്പറ്റി ഒന്നും വലിയ കിനാവുകാണണ്ട.തരം കിട്ടിയാ വേലിചാടും. ഹൊ സംസാരിച്ചു നിക്കാന്‍ സമയമില്ല.രാവിലെ വീട്ടീന്നെറങ്ങിയതാ.പെണ്ണിനിന്നു

ക്ലാസ്സൊണ്ട്".

.........................................................................................................................

"അല്ല മെംബറേ.എന്തായി പെണ്ണിന്റെ വല്ല വെവരോം കിട്ടിയാ"

"ഒന്നും പറയണ്ടെന്റെ വസന്തേ. പെണ്ണ്‍ ആശൂത്രിയില്‍ കെടക്കുവാ.ഇന്നലെ പരീ​ക്ഷകഴിഞ്ഞു ബസ്റ്റാന്‍ഡിലേയ്ക്ക് വരുന്ന വഴി ഒരു കാരവളുടെ മേത്തുമുട്ടി.ചെറിയ പരിക്കേയുള്ളുവെങ്കിലും ബോധം വീണത് പാതിരാത്രിയാ.പേടിച്ചിട്ടായിരിക്കും.രണ്ടീസം അവിടെ കെടക്കേണ്ടിവരൂന്നാ ഡോക്ടര്‍ പറഞ്ഞത്.ഞാന്‍ ശാന്തയെ അറിയിക്കട്ടേ.അവളു പേടിച്ചിരിക്കുവായിരിക്കും.ആശുപത്രീല് നമ്മുടെ കുമാരന്‍ നിക്കുവാ. എവളു ചെന്നേച്ചുവേണം അവനു മടങ്ങിവരാന്‍".

"ഹൊ മഹാഭാഗ്യം.വല്യ ആപത്തൊന്നും പറ്റീലല്ലോ.എന്നാലും ഈ നാട്ടുകാരുടെ ഒരു കാര്യം.അതിനെടയ്ക്കു എന്തെല്ലാം പറഞ്ഞൊണ്ടാക്കി.ആ സരോജിനീട മോന്റോടൊപ്പം ഒളിച്ചൊടിയെന്നോ നാടുവിട്ടെന്നോ.ഒന്നും പറയണ്ട.ഞാനപ്പോഴേ പറഞ്ഞതാ.ആ കൊച്ച് അങ്ങിനെയുള്ളവളല്ല.ചാന്ത നല്ല അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്തുന്നതാണെന്നൊക്കെ.ആരു കേക്കാന്‍.എന്നാപ്പിന്നെ ഞാനങ്ങോട്ട് ചെല്ലട്ടെ മെംബറേ.രാവിലെ വീട്ടീന്നെറങ്ങിയതാ.ഇനി ചെന്നേച്ചു വേണം വല്ലോം വച്ചൊണ്ടാക്കാന്‍"

"ശരി വസന്തേ.അങ്ങനായാവട്ടെ"
.......................................................................................

"ജാനൂ എടീ ജാനൂ". വസന്ത കയ്യാലയ്ക്കല്‍ നിന്ന്‍ ജാനുവിനെ വിളിച്ചു.

"എന്നാ ചേച്ചീ"

"ആ പെണ്ണിനെ വണ്ടിയോ മറ്റോ മുട്ടിയതാത്രേ.ആശൂത്രീക്കെടപ്പൊണ്ട്.എന്നാലും കൃത്യമായി അവടമേത്ത് തന്നെ വണ്ടി മുട്ടിയല്ലോന്നാ ഞാനാലോചിക്കണത്"

"ചാന്തയ്ക്ക് വീണ്ടും രണ്ടെണ്ണത്തിനുള്ള വക കണ്ടെത്തണണം"

ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ജാനു വീട്ടിനകത്തേയ്ക്ക് പോയീ..വസന്ത തന്റെ വീട്ടിലേയ്ക്കും.

"എടീ മായേ. ഈ നശിച്ചവളെവിടെപ്പോയികെടക്കേണു രാവിലെ.ഇന്നു ക്ലാസ്സൊണ്ടെന്നു പറഞ്ഞതല്ലേ.എന്നിട്ടു രാവിലെ തന്നെ തെണ്ടാന്‍ പോയോ.അയ്യോ ഇതെന്താ ഈ അലമാര

തൊറന്നുകെടക്കണത്.ങ്ഹേ.ഇതിലിരുന്ന സ്വര്‍ണ്ണോം പണവുമൊക്കെ.ചതിച്ചോ ദൈവമേ"

പ്തോം....വെട്ടിയിട്ടപോലെ ജാനു നിലത്തേയ്ക്കുവീണു. വീട്ടിലേയ്ക്ക് നടന്ന വസന്ത ഒച്ചേം ബഹളോം കേട്ട് ജാനുവിന്റെ വീട്ടിലേയ്ക്കോടി വന്നു..

മേശപ്പുറത്തപ്പോഴും ഒരു കഷണം കടലാസ് വായിക്കപ്പെടുന്നതിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.


ശുഭം

ശ്രീക്കുട്ടന്‍

Tuesday, November 15, 2011

മണിക്കുട്ടന്റമ്മമ്മയും നാഗദൈവങ്ങളും

ഇടവഴിയിലൂടെ അല്‍പ്പം ഉച്ചത്തില്‍ പാട്ടും പാടി വരുന്ന കുമാരനോടായി നാണിയമ്മ വിളിച്ചു ചോദിച്ചു.

"മോനേ കുമാരാ, അമ്പലത്തിന്റടുത്തെങ്ങാനും ന്റെ മണിയെക്കണ്ടാര്‍ന്നോ നീ"

"ഞാങ്കണ്ടില്ലമ്മച്ചി..ഇന്ന്‍ അമ്പലത്തിന്റടുത്തേയ്ക്ക് പൂവ്വാമ്പറ്റീല്ല.സൊല്‍പ്പം പണീണ്ടാരുന്നു.ഇപ്പോ തീര്‍ന്നേയുള്ളൂ.ഇനിയൊന്നു കുളിച്ചേച്ച് എറങ്ങാന്നു വച്ചു"

പാട്ടു നിര്‍ത്തി വേലിക്കല്‍ നിന്നുകൊണ്ട് കുമാരന്‍ പറഞ്ഞത് കേട്ട് നാണിയമ്മ നിരാശാഭാവത്തില്‍ തിണ്ണയിലേയ്ക്കിരുന്നു.മുറുക്കാന്‍ ഇടിച്ചുകൊണ്ടിരുന്ന പങ്കജാക്ഷിയമ്മ തലയൊന്നുയര്‍ത്തി നോക്കീട്ട് വീണ്ടും മുറുക്കാനിടി തുടര്‍ന്നു.

"ച്ചെക്കനോട് നൂറോട്ടം പറഞ്ഞിട്ടൊള്ളതാ സന്ധ്യ കഴിഞ്ഞാ പൊറത്തെങ്ങും കറങ്ങിചുറ്റിയടിച്ചു നടക്കരുതെന്ന്‍.ആ തൊടീമ്മലൊക്കെ നല്ല എനങ്ങളെഴഞ്ഞുനടക്കുന്നിടമാ.ഇപ്പളും ചെറിയ കുട്ട്യാന്നല്ലേ അവന്റെ ജാരം.ന്റെ പങ്കീ ആ തൊടീലെ ശാരദേട അസത്തുപിടിച്ച ചെക്കനുമായാ ഇപ്പള് കൂട്ട്.പറഞ്ഞുപറഞ്ഞ് ഞാന്‍ മടുത്ത്.ഇനിയൊരു രണ്ടുമാസം ന്റെ തൊണ്ടേല വെള്ളം വറ്റണ്ത് തന്നെ മെച്ചം .സ്കൂളു തൊറന്നാ അത്രേം സമയം സമാധാനോണ്ടാവും"

ഇടിച്ചു പാകമാക്കിയ മുറുക്കാന്‍ കുറച്ചെടുത്ത് വായുടെ കോണിലായി തിരുകികേറ്റീട്ട് കുറച്ച് നാണിയമ്മയ്ക്ക് നീട്ടിക്കൊണ്ട് പങ്കിയമ്മ ആകെയുള്ള രണ്ടുമൂന്ന്‍ പല്ലുകള്‍ മുഴുവന്‍ തൊറന്നു കാട്ടുന്ന ഒരു ചിരിചിരിച്ചു.

"നെനക്ക് പ്രാന്താണ്.അവനിപ്പം വല്യ ചെക്കനായില്ലേ. കൊറച്ചു നേരം കൂട്ടുകാരോട് കളിച്ച് വര്‍ത്താനം പറഞ്ഞൊക്കെയിരുന്നെന്നു വരും.അല്ലെങ്കി തന്നെ സമയോന്താ പാതിരാത്രിയായോ.സന്ധ്യമയങ്ങാന്‍ പോവുന്നതല്ലേയുള്ളൂ"

" അവനെ ഒരല്‍പ്പ സമയം കാണാണ്ടിരുന്നാ നിക്ക് ആകെ ഒരു വെപ്രാളോം പരവേശവുമൊക്കെയാ പങ്ക്യേ..അങ്ങത്ത പറഞ്ഞേക്കണത് അവനിപ്പം കണ്ടകശനിയാന്നാ..എന്റെ കയ്യിലേയ്ക്ക് സുമതി പെറ്റിട്ടുതന്നേച്ച് പോയതല്ലേ.നാഗരൊന്നും കനിഞ്ഞീല.എത്രയെത്ര ഊട്ടും പഴോമൊക്കെ നല്‍കീതാ..ആ നാഗര് ന്റെ സുമതീനെ അങ്ങ് എടുത്തില്ലേ"

നിറഞ്ഞ കണ്ണുകള്‍ മുണ്ടിന്റെ കോന്തലകൊണ്ട് നാണിയമ്മ അമര്‍ത്തിത്തൊടച്ചു

"അവക്കത്രേ ആയുസ്സൊണ്ടാര്‍ന്നൊള്ളൂ.അങ്ങനെയങ്ങ് സമാനിക്കണം.ഒടേതമ്പുരാന്‍ തലേലെഴുതിവച്ചിരിക്കണപോലല്ലേ വരൂ."

പങ്കിയമ്മ മുകളിലേയ്ക്ക് മിഴികളെറിഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി..

"എന്തായാലും ഇത്തവണത്തേം മാടന്‍ നടയിലെ ആയില്യമൂട്ടിന് ഒരു സര്‍പ്പ ഊട്ട് നടത്തണം.അവനെടയ്ക്കെടയ്ക്ക് രാത്രി പാമ്പിനെക്കണ്ടെന്നും പറഞ്ഞ് ഒറക്കത്തീ എന്തോക്കെയോ പറയുന്നൊണ്ട്. അങ്ങത്തയും അതാ പറഞ്ഞത്.നാഗരാജാവിന്റെ ദൃഷ്ടിദോഷമുണ്ടത്രേ..പിന്നെ മുരുകന്റമ്പലത്തിലെ കാവടിയുമൊന്നെടുപ്പിക്കണം.ദോഷങ്ങളെല്ലാമൊന്നൊഴിഞ്ഞുപോട്ടേ.എന്റെ കുട്ടിയ്ക്ക് ഒരാപത്തും വരുത്താതെ കാത്തോളണേ നാഗരേ"

കണ്ണുകളടച്ച് കൈകള്‍ കൂപ്പിക്കൊണ്ട് നാണിയമ്മയും പ്രാര്‍ഥനയിലാണ്ടു..

ഇടവഴിയിലെ അനക്കം കേട്ട് ഇരുവരും തലയുയര്‍ത്തിനോക്കി..മണിക്കുട്ടന്‍ ഓടിവരുന്ന ഒച്ചയാണ്.

"അല്ല ഇതാര് മങ്കിയമ്മുമ്മയോ.ഇന്നത്തെ പുളുകളൊക്കെ പറഞ്ഞുതീര്‍ത്തൊ" ഇറയത്തേയ്ക്കിരുന്നുകൊണ്ട് മണിക്കുട്ടന്‍ പങ്കിയമ്മയെ നോക്കി ഒരു ചിരിചിരിച്ചു.

"ഡാ ചെക്കാ നീ വലുതായീന്നൊന്നും ഞാന്നോക്കത്തില്ല ട്ടാ.അടിച്ചു ചന്തിപൊളിക്കും ഞാന്‍..

"മണ്യേ നീയിത്രേം നേരം എവിടാര്‍ന്നു.ഞാമ്പറഞ്ഞിട്ടില്ലേ സന്ധ്യക്ക് വെളക്ക് കൊളുത്തുന്നേനുമുമ്പേ വീ​ട്ടീക്കേറണമെന്ന്‍. ആ എടവഴീലും മറ്റുമൊക്കെ നല്ല ഊരണകളുള്ളതാ.അത് കടിച്ചാ പിന്നെ വല്ല രക്ഷയുണ്ടാവോ"

നാണിയമ്മ അല്‍പ്പം ചൂടായി

"ന്റെ അമ്മമ്മേ..അതിനു സന്ധ്യയായില്ലല്ലോ.സമയം ദേ ഏഴാവാന്‍ പോകുന്നതേയുള്ളൂ.കള്ളനും പോലീസും കളിച്ചോണ്ടു നിന്നത് തീരാതെ വരാമ്പറ്റോ.പിന്നെ എന്നെ ഒരു പാമ്പും കടിക്കത്തില്ലാന്നേ..എന്നെ കടിക്കാന്‍ വരണതിനെ ഞാനടിച്ചു ചമ്മന്തിയാക്കും"

"ന്റെ കുട്ട്യേ. അങ്ങിനൊന്നും പറേരുത്.പാപാ അതൊക്കെ..നാഗങ്ങള്‍ ദൈവങ്ങളാ.അവരെ ഉപദ്രവിച്ചാലുണ്ടല്ലോ വല്യ ആപത്തുണ്ടാവും ങ്ഹാ..മതി മതി പെട്ടന്ന്‍ പോയി കാലും മൊകോമൊക്കെ കഴുകിയേച്ചു വന്ന്‍ നാമം ജപിയ്ക്ക്.ഞാനാ ചായയൊന്നു ചൂടാക്കാം." പതിയെ എഴുന്നേറ്റ നാണിയമ്മ മെല്ലെ അടുക്കളയിലേയ്ക്ക് പോയി.

"അപ്പോ ഞാനെറങ്ങുവാ നാണ്യേ. ആ കാലന്‍ വരാറായി.നേരത്തേയെങ്ങാനും കെട്ടിയെടുത്തിട്ട്ന്നെയവിടെ കാ​ണാണ്ടിരുന്നായിനിയതു മതി" മുറ്റത്തേയ്ക്കിറങ്ങിയ പങ്കിയമ്മ അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് പതിയ തൊട്ടടുത്തുള്ള തന്റെ വീട്ടിലേയ്ക്കു നടന്നു...

---------------------------------------------------------------------------------------------

മാടന്‍ കാവിലെ സര്‍പ്പദൈവങ്ങള്‍ക്ക് മുമ്പില്‍ കൂപ്പുകൈകളോടെ നിന്ന നാണിയമ്മയുടെ മനസ്സില്‍ പ്രാര്‍ഥനകള്‍ ഇടതടവില്ലാതെ നടക്കുകയായിരുന്നു.

തന്റെ മണിക്കുട്ടന് ആപത്തൊന്നും വരുത്തല്ലേ നാഗദൈവങ്ങളേ....

ഊട്ട് കഴിഞ്ഞ് മഞ്ഞളില്‍ കുളിച്ചുനില്‍ക്കുന്ന നാഗപ്രതിഷ്ടയില്‍ നിന്നും ഭയഭക്തിയോടെ കുറച്ച് മഞ്ഞല്‍പ്പൊടിയെടുത്ത് അവര്‍ മണിക്കുട്ടന്റെ നെറ്റിയില്‍ പൂശി.അവനെക്കൊണ്ട് നാഗപ്രതിഷ്ട തൊട്ട് തൊഴീപ്പിച്ചിട്ട് അവര്‍ കുറച്ചു ചില്ലറനാണയങ്ങള്‍ കാണിയ്ക്കവഞ്ചിയിലിട്ടു..
------------------------------------------------------------------------------------------------
"നാണ്യേ..ആ ശാരദെട ചെക്കന്‍ ഒരു പാമ്പിനെ തല്ലിക്കൊന്നൂന്ന്‍. മ്മട ഉണ്ണീമൊണ്ടാര്‍ന്നത്രേ കൂടെ.ചത്ത പാമ്പിനേമെടുത്ത് കമ്പിന്റെ തുമ്പത്ത് കുത്തീട്ട് കത്തിച്ചു.നിനക്കൊന്ന്‍ അവനോട് പറഞ്ഞൂടേ..നാഗങ്ങള്‍ ദൈവങ്ങളാ.അവരൊണ്ടല്ലോ..ന്റെ നാഗരാജാവേ.."

ഒരു വിറയലോടെ പങ്കിയമ്മ കൈകള്‍ മേലേക്കുയര്‍ത്തികൂപ്പി

"നാഗരാജാവേ..ന്റെ കുട്ട്യേ കാത്തൊളണേ.അവനറിയാണ്ടു ചെയ്തതാരിക്കും. ഞാന്‍ ഒരു ചുറ്റുവിളക്ക് നടത്തിയേക്കാവേ" നാണിയമ്മയും കൈകള്‍ കൂപ്പി.

"നമ്മുടെ എടവഴീല് ഒരു കരിമൂക്കന്‍ ചുറ്റിനടക്കുന്നുണ്ടെന്ന്‍ എന്റവിടുത്ത കാലന്‍ പറേണത് കേട്ടു.നമ്മട വേലിക്കടുത്ത് ഇന്നാള് ഒരു പടോം ഞാന്‍ കണ്ടു.സാധനം കൂടിയ എനമാ.മണിയോട് പറഞ്ഞേക്ക് ഒരുപാട് നേരമാവുന്നത് വരെ അവിടൊന്നും കളിച്ചുനിക്കണ്ടാന്ന്‍. ആ കരിമൂക്കന് എന്റവിടത്തെ കാലനെ ഒന്നു കടിച്ചുകൂടേ നാഗരാജാവേ.ഞാന്‍ വേണോങ്കി ഒരു നൂറും പാലും നടത്തിയേക്കാവേ"

"പങ്കീ അറം പറ്റണതൊന്നും പറയാതെ..നാഗരാജാവിനോട് കളിക്കണ്ടാട്ടോ"

"മടുത്തു നാണ്യേ..ഇങ്ങനെ കെടക്കണതിലും ഭേദം അങ്ങ് ചാവുന്നത് തന്ന്യാ"

അന്നുരാത്രിയില്‍ നാണിയമ്മയുടെ ഒറക്കത്തില്‍ മുഴുവന്‍ ഫണം വിടര്‍ത്തിയാടുന്ന ഒരു കരിമൂര്‍ഖനുണ്ടായിരുന്നു.മണിക്കുട്ടനേം ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ അവരുടെ മന‍സ്സില്‍ പേരറിയാത്ത എല്ലാ ദൈവങ്ങളോടുമുള്ള പ്രാര്‍ഥനകള്‍ മാത്രമായിരുന്നു...രാവിലെ തന്നെ ഉണര്‍ന്ന നാണിയമ്മ ധാരാളം വെളുത്തുള്ളി ചതച്ച് അതിന്റെ നീര് മുറ്റത്തും ഇടവഴിയിലും പിന്നെ വീടിനു ചുറ്റുമെല്ലാം തളിച്ചു.മാത്രമല്ല മാടന്‍ നടയില്‍ പോയി ചന്ദനതിരിയും പാക്കും വെറ്റയുമൊക്കെ വാങ്ങി വയ്ക്കുകയും അല്‍പ്പനേരം പുള്ളുവന്‍ പാട്ട് കേട്ടുനിന്നശേഷം നാഗപ്രതിഷ്ടയിലെ മഞ്ഞല്‍ ധാരാളം വാരിയെടുത്തുകൊണ്ടു വന്ന്‍ അതു വീട്ടിനു ചുറ്റുമായും ഇടവഴിയിലുമൊക്കെ വിതറിയിട്ടു.ഇതൊന്നും തന്നെ വേലിയ്ക്കടുത്ത് നില്‍ക്കുന്ന വല്യ മാവിന്റെ ചുവട്ടിലായുള്ള മാളത്തില്‍ ചുരുണ്ടുകൂടിയിരുന്ന സാധനത്തിനെ പേടിപ്പെടുത്തിയില്ല.

എന്തോ സാധനമെടുക്കാനായി പുറത്തേയ്ക്കിറങ്ങിയ നാണിയമ്മ വടക്കുവശത്തുകൂടിയെഴഞ്ഞുപോകുന്ന കരിവീട്ടിനിറമുള്ള സാധനത്തിനെക്കണ്ടൊന്നു ഞെട്ടി. എന്റെ നാഗരേയെന്നുവിളികൊണ്ടവര്‍ നെഞ്ചത്തു കൈവച്ചു.മണിക്കുട്ടന്‍ എപ്പൊഴും ഓടിച്ചാടി നടക്കുന്നിടമാണല്ലോ..തന്റെ മകളെ അന്യായമായി കൊന്നതും പോരാഞ്ഞാണോ ഇപ്പോള്‍ വീണ്ടും..അവര്‍ നാലുപാടുമൊന്ന്‍ നോക്കി..തിണ്ണയില്‍ ചാരിവച്ചിരിക്കുന്ന വിറകുകഷണത്തിലൊരെണ്ണമെടുത്തവര്‍ ഓടിച്ചെന്ന്‍ ആ പാമ്പിന്റെ തലയില്‍ ആവതുശക്തിയെടുത്തടിച്ചു.അടികൊണ്ട പാമ്പ് വല്ലാതൊന്നു പുളഞ്ഞു.നാഗങ്ങള്‍ ദൈവങ്ങളാണെന്ന ചിന്തയൊക്കെ അപ്പോള്‍ നാണിയമ്മയുടെ മനസ്സില്‍ നിന്നും പൊയ്പ്പോയിരുന്നു..മാടന്‍ നടയിലപ്പോഴും പുള്ളുവന്‍ പാട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു..

"ആട് പാമ്പേ..ആടാട് പാമ്പേ...

ശ്രീക്കുട്ടന്‍

Thursday, November 10, 2011

നവംബറിന്റെ സമ്മാനം

കണ്ണാടിയില്‍ നോക്കി മുഖം മിനുക്കിക്കൊണ്ട് നിന്ന കഥാനായകന്‍ ശരിക്കുമൊന്ന്‍ ഞെട്ടി.വലതുവശത്തെ ചെവിയുടെ മുകളിലായി തലമുടിയില്‍ ഒരു വെള്ള വര..ഭഗവാനേ..നരച്ചോ അതിനിടയ്ക്ക്..വയസ്സാണെങ്കില്‍ ആകെ ഇരുപത്തൊമ്പതാകുന്നതേയുള്ളൂ..കല്യാണം പോലും കഴിച്ചിട്ടില്ല.അതിനുമുമ്പേ വയസ്സനാവുകയെന്നു വച്ചാല്‍..

തന്റെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ശ്രദ്ധയുണ്ടോ.അല്ലെങ്കില്‍ അവരൊന്നാലോചിക്കണം. ചെക്കനു വയസ്സ് പത്തിരുപത്തൊമ്പതായി.ഇനി ഒരു കല്യാണമൊക്കെ കഴിപ്പിച്ച് ഒരിടത്ത് പിടിച്ചുകെട്ടാം..ചുമ്മാതിങ്ങനെ കളിച്ചുനടക്കില്ലല്ലോ..അതിനെവിടെ സമയം.അങ്ങോട്ട് പറഞ്ഞ് നടത്തിപ്പിക്കുക എന്നത് ഒരു സുഖമുള്ള ഏര്‍പ്പാടല്ല. എന്നിരുന്നാലും താനെത്ര സൂചനകള്‍ നല്‍കി. ഒരു രക്ഷയുമില്ല. ഇനി വല്ലവളേം വളച്ചൊടിച്ച് വിളിച്ചിറക്കിക്കൊണ്ടു വരാമെന്നുവച്ചാള്‍ പിന്നെ വല്ല തമിഴ്നാട്ടിലോട്ടേക്കെങ്ങാനും ഒളിച്ചൊടുന്നതായിരിക്കുമുത്തമം.അല്ലെങ്കിലും താന്‍ വിളിച്ചാലേവളെങ്കിലും വരണ്ടെ..അതും ഒരു മെയിന്‍ പ്രശ്നമാണ്.അല്ലെങ്കില്‍ എത്ര പെണ്‍കുട്ടികളെ ആത്മാര്‍ത്ഥമായി താന്‍ സ്നേഹിച്ചതാണ്.രാജിയോ, സോളിയോ, ആഷയോ, ബിന്ദുവോ ആരെങ്കിലും തന്റെ പ്രേമം തിരിച്ചറിഞ്ഞുവോ..എവിടെ...അല്ലെങ്കിലും അവളുമാര്‍ക്കൊന്നും തന്റെ പരിശുദ്ധസ്നേഹം അനുഭവിക്കാനുള്ള യോഗ്യതയില്ല.ഹല്ല പിന്നെ.ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ മറ്റെന്തും.അവന്‍ മൊബൈലെടുത്ത് വീട്ടിലെ നമ്പര്‍ ഞെക്കി..മണിയടിക്കുന്നുണ്ട്..

ഫോണ്‍ ചെവിയോടടുപ്പിച്ച് വര്‍ത്തമാനം പൂര്‍ത്തിയാക്കിയപ്പോള്‍ അവന്റെ മുഖം ആയിരം വാട്ട് ബല്‍ബുപോലെ തിളങ്ങുന്നുണ്ടായിരുന്നു.

"എന്താ അളിയാ മുഖത്തൊരു തിളക്കം" സിഗററ്റ് വലിച്ചുകൊണ്ട് നിന്ന സഹമുറിയന്‍ ജോബിയുടെ ചോദ്യം അവന്‍ ശ്രദ്ധിച്ചില്ല.അമ്മയുടെ വാക്കുകള്‍ മാത്രമായിരുന്നവന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നത്.

"എടാ നെനക്ക് വയസ്സെത്രയായീന്നാ വിചാരം.നിന്റെ പ്രായത്തിലൊള്ള എല്ലാരും കെട്ടി കുഞ്ഞുങ്ങളായി.ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അടുത്ത മാസത്തിലെങ്കിലും നീ നാട്ടീ വാ.എനിക്കും വയ്യാ.നിന്റച്ഛനും മാമനും കൂടി നിനക്കു വേണ്ടി തകര്‍ത്ത് പെണ്ണു കാണുന്നുണ്ട്.ഒന്നുരണ്ടെണ്ണം കൊള്ളാമെന്നു തോന്നുന്നു.നീ കൂടി കണ്ടിട്ട് തീരുമാനിക്കാം.ഈ വരവില്‍ ഒക്കുമെങ്കി അതങ്ങ് നടത്തണം"

ഹമ്മേ..ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.ഇനിയൊരു നിമിഷമമാന്തിച്ചുകൂടാ.വൈകുന്നേരം റൂമില്‍ അതിഗംഭീരപാര്‍ട്ടിയൊക്കെ കഴിഞ്ഞ് പാതിരാത്രി മത്തുപിടിച്ച തലയുമായി കിടന്നുറങ്ങവേ അവന്റെ കനവില്‍ മുഴുവന്‍ അതിസുന്ദരമായ ഒരു മുഖം നിറഞ്ഞുനിന്നിരുന്നു. നീണ്ടിടതൂര്‍ന്ന തലമുടിയില്‍ അവന്റെ കൈവിരലുകള്‍ പരതിനടന്നു.പിറ്റേന്നുതന്നെ ലീവ് ആപ്ലിക്കേഷനൊക്കെപൂരിപ്പിച്ച് കൊടുത്തിട്ട് അവധിദിനവും പ്രതീക്ഷിച്ച് കാത്തിരുപ്പാരംഭിച്ചു.ഒടുവില്‍ ആ ദിനം വന്നെത്തി.മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നമണ്ണില്‍ കലുകുത്തിയപ്പോള്‍ അവന്റെ മനസ്സില്‍ ഒരു കോരിത്തരിപ്പുണ്ടായി...അച്ഛനമ്മമാരുടേയും അനന്തിരവമ്മാരുടേയും ആകാംഷാനിര്‍ഭരമായ കാത്തുനില്‍പ്പിന് വിരാമമിട്ട് ലഗേജുകളുമായി അവന്‍ പുറത്തേയ്ക്കിറങ്ങി.കണ്ണുനിറഞ്ഞ സുഖാന്യോഷണങ്ങളും മറ്റുമൊക്കെക്കഴിഞ്ഞ് വീട്ടിലേക്ക്...വണ്ടിയിറങ്ങി നിറഞ്ഞുവിളഞ്ഞുനില്‍ക്കുന്ന നെല്‍മണികളുടെ ഇടയിലൂടെ നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷമലയടിക്കുന്നുണ്ടായിരുന്നു...

ഞായറാഴ്ചയായതും അവന്റെ മനസ്സ് പെരുമ്പറകൊട്ടാന്‍ തുടങ്ങി.ദൈവമേ.ജീവിതത്തിലെ ആദ്യ പെണ്ണുകാണല്‍.അച്ഛന്റേയും മാമന്റേയും പിന്നൊരു കൂട്ടുകാരന്റേയുമൊപ്പം ആ വീടിനുമുമ്പില്‍ വണ്ടിയിറങ്ങുമ്പോള്‍ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.കസേരയില്‍ അമര്‍ന്നിരിക്കുമ്പോള്‍ തലയുയര്‍ത്തി ആരെയും നോക്കാനുള്ള ശക്തിയില്ലാത്തതുപോലെ. അച്ഛനും മാമനുമൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്റെ നേരെ നീട്ടപ്പെട്ട ചായക്കപ്പ് മെല്ലെ വാങ്ങുമ്പോള്‍ ആ മുഖമവനൊന്നു കണ്ടു.കുറച്ചു സമയത്തെ സംസാരശേഷം അറിയിക്കാമെന്ന്‍ പറഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ അവന് ചെറിയ നിരാശ അനുഭവപ്പെടുന്നുണ്ടായിരുന്നു.പെണ്ണിനെ നേരാം വണ്ണമൊന്നു കണ്ടതുമില്ല..ആദ്യ പെണ്ണുകാണല്‍ മഹാമഹം കഴിഞ്ഞതുതന്നെ മിച്ചം.

"വണ്ടി നേരെ തോന്നയ്ക്കലിലേയ്ക്ക് പോട്ടേ"

കാറില്‍ ഞെളിഞ്ഞിരുന്നുകൊണ്ട് അച്ഛന്‍ ഉത്തരവിട്ടു.അച്ഛന്റെ നാടാണ് തോന്നയ്ക്കല്‍.അതെ സംശയമൊന്നും വേണ്ടാ.തോന്നയ്ക്കല്‍ പഞ്ചായത്തിലെ സകല അരീം പെറുക്കിയെടുത്ത അതേ തോന്നയ്ക്കല്‍. എന്തെല്ലാമോ കാരണങ്ങളാല്‍ വളരെ ചെറുപ്പത്തിലേ തന്നെ അച്ഛന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുപോയതിനാല്‍‍ അവരാരുമായും ഒരടുപ്പവുമുണ്ടായിരുന്നില്ല. ചെറിയ മങ്ങിയ ഒരോര്‍മ്മമാത്രം.മഴ ചനുപിനെ പെയ്യുന്നുണ്ട്.കാര്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു.മഴയത്ത് കാറില്‍ നിന്നുമിറങ്ങി ആ വീടിന്റെ നേരെ നടക്കുമ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന അച്ഛമ്മയെ അവന്‍ തിരിച്ചറിഞ്ഞു.ശുഷ്ക്കിച്ച കൈകളാലവരവനെ കെട്ടിപ്പിടിച്ചു.ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അവനും വല്ലാണ്ടായി.അകത്ത് കസേരയില്‍ എല്ലാപേരുമിരുന്നു. അവനാകട്ടെ എല്ലായിടവുമൊന്ന്‍ സൂക്ഷിച്ചുനോക്കി.വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ അവനൊരുമിന്നായം പോലെ കണ്ടു.നീണ്ടിടതൂര്‍ന്ന മുടിയിഴകളും.

അപ്പച്ചിമാരുടെ പരിഭവം പറച്ചിലുകളും കുശലം ചോദിക്കലുകളും തകൃതിയായി നടന്നു.പത്തിരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക്ശേഷം ബന്ധങ്ങളുടെ തീവ്രതയില്‍ അവനകപ്പെടുകയാണ്.

"ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കാതെ പെണ്ണിനെ വിളിയെടീ രാധാമണീ"

അച്ഛന്‍ സഹോദരിയോടായി പറഞ്ഞു. ഇത്തവണ തലയുയര്‍ത്തിനോക്കുവാന്‍ അവന് വലിയ സങ്കോചം അനുഭവപ്പെട്ടില്ല.തന്റെ നേരെ നീട്ടിയ ചായക്കപ്പ് വാങ്ങവേ അവളെയാകമാനമൊന്നു നോക്കി.കുഴപ്പമില്ല.സ്വപ്നത്തില്‍ കാണാറുണ്ടായിരുന്ന രൂപമല്ലെങ്കിലും ഇവള്‍ തന്നെ ഇനി തന്നെ സഹിക്കേണ്ടവള്‍.മനസ്സിലുറപ്പിച്ചാണ് അവിടുന്നിറങ്ങിയത്.

വീട്ടിലെത്തി വിശേഷങ്ങളൊക്കെപ്പറഞ്ഞപ്പോള്‍ അമ്മ ചെറിയൊരിഷ്ടക്കേടൊക്കെ കാട്ടിയെങ്കിലും പിന്നീട് പച്ചക്കൊടികാട്ടി.പിന്നീടെല്ലാം തകൃതിയായിട്ടായിരുന്നു നീങ്ങിയത്.വിവാഹനിശ്ചയം കഴിഞ്ഞതോടെ നമ്മുടെ നായകന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‍ പറഞ്ഞാല്‍ മതിയല്ലോ.അച്ഛനോടെങ്ങിനെ ചോദിക്കും ഭാവിമരുമകളുടെ ഫോണ്‍ നമ്പര്‍ ഒന്നൊപ്പിച്ചുതരാന്‍.അപ്പച്ചിയോടും ചോദിക്കുവാന്‍ മടി.ഒടുവില്‍ പെങ്ങള്‍ സഹായത്തിനെത്തി.നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ നമ്പര്‍ വാങ്ങിത്തന്നു.രാത്രി 9 മണിയായപ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ ഒരു പെഗ്ഗ് റമ്മിന്റെ ധൈര്യത്തോടെ അവളെ വിളിച്ചു.ഭാഗ്യം അവള്‍ തന്നെയാണെടുത്തത്.എന്തെല്ലാമാണ് അന്നു സംസാരിച്ചതെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.

പിന്നീട് രാത്രികള്‍ മതിയാവാതെ വന്നു.റീചാര്‍ജ്ജ് കൂപ്പണുകളുടെ അവശിഷ്ടങ്ങള്‍ അവന്റെ കട്ടിലിനടിയില്‍ കുമിഞ്ഞുകൂടി.പലപ്പോഴും പുലര്‍ച്ചെയാണുറങ്ങുന്നത് തന്നെ.ഇതിനിടയില്‍ ഒരു ദിവസം മറ്റാരുമറിയാതെ അവളുമൊരുമിച്ച് ഒന്നു കറങ്ങുകയും ചെയ്തു.അങ്ങിനെ കൃത്യം പതിനഞ്ചു ദിവസങ്ങള്‍ക്ക്ശേഷം ആ സുന്ദരദിനം സമാഗതമായി.കൃത്യമായിപ്പറഞ്ഞാല്‍ 2008 നവംബര്‍ 10 ആം തീയതി തിങ്കളാഴ്ച രാവിലെ 9.55 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പത്തെണ്ണൂറാള്‍ക്കാരെ സാക്ഷിയാക്കി മഹാദേവക്ഷേത്രസന്നിധിയില്‍ വച്ച് അവനവളുടെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തം ജീവിതത്തോട് ചേര്‍ത്തുപിടിച്ചു..


ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും അവന്റെയുള്ളിലെ സ്നേഹത്തിന്റെ ഉറവയ്ക്കൊരു കുറവുമുണ്ടായിരുന്നില്ല.ആ സ്നേഹം തികച്ചും അര്‍ഹിച്ചിരുന്നതവള്‍ തന്നെയായിരുന്നു.അതെ. ഇന്നേയ്ക്ക് കൃത്യം മൂന്നുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു അവന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്, അവന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,അവനൊരു കൂട്ടാകുവാന്‍ വേണ്ടി അവനവളെ കൈപിടിച്ചു ചേര്‍ത്തിരുത്തിയത്.അതെ അവന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ മൂന്നാം വാര്‍ഷികദിനമാണിന്ന്‍...

ഈക്കഥയിലെ അവന്‍ എന്നത്"ഈയുള്ളവന്‍" തന്നെയാണെന്ന്‍ എല്ലാപേരെയും അറിയിച്ചുകൊള്ളുന്നു...

അങ്ങിനെ എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.മൂന്നുവര്‍ഷമായി ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ഒരുരുപ്പടികൂടിയുണ്ട്.പേരു ശ്രീഹരി എന്നാണു..ദേ ആശാന്റെ ചിരിക്കും മുഖം....ശ്രീക്കുട്ടന്‍