Tuesday, November 15, 2011

മണിക്കുട്ടന്റമ്മമ്മയും നാഗദൈവങ്ങളും

ഇടവഴിയിലൂടെ അല്‍പ്പം ഉച്ചത്തില്‍ പാട്ടും പാടി വരുന്ന കുമാരനോടായി നാണിയമ്മ വിളിച്ചു ചോദിച്ചു.

"മോനേ കുമാരാ, അമ്പലത്തിന്റടുത്തെങ്ങാനും ന്റെ മണിയെക്കണ്ടാര്‍ന്നോ നീ"

"ഞാങ്കണ്ടില്ലമ്മച്ചി..ഇന്ന്‍ അമ്പലത്തിന്റടുത്തേയ്ക്ക് പൂവ്വാമ്പറ്റീല്ല.സൊല്‍പ്പം പണീണ്ടാരുന്നു.ഇപ്പോ തീര്‍ന്നേയുള്ളൂ.ഇനിയൊന്നു കുളിച്ചേച്ച് എറങ്ങാന്നു വച്ചു"

പാട്ടു നിര്‍ത്തി വേലിക്കല്‍ നിന്നുകൊണ്ട് കുമാരന്‍ പറഞ്ഞത് കേട്ട് നാണിയമ്മ നിരാശാഭാവത്തില്‍ തിണ്ണയിലേയ്ക്കിരുന്നു.മുറുക്കാന്‍ ഇടിച്ചുകൊണ്ടിരുന്ന പങ്കജാക്ഷിയമ്മ തലയൊന്നുയര്‍ത്തി നോക്കീട്ട് വീണ്ടും മുറുക്കാനിടി തുടര്‍ന്നു.

"ച്ചെക്കനോട് നൂറോട്ടം പറഞ്ഞിട്ടൊള്ളതാ സന്ധ്യ കഴിഞ്ഞാ പൊറത്തെങ്ങും കറങ്ങിചുറ്റിയടിച്ചു നടക്കരുതെന്ന്‍.ആ തൊടീമ്മലൊക്കെ നല്ല എനങ്ങളെഴഞ്ഞുനടക്കുന്നിടമാ.ഇപ്പളും ചെറിയ കുട്ട്യാന്നല്ലേ അവന്റെ ജാരം.ന്റെ പങ്കീ ആ തൊടീലെ ശാരദേട അസത്തുപിടിച്ച ചെക്കനുമായാ ഇപ്പള് കൂട്ട്.പറഞ്ഞുപറഞ്ഞ് ഞാന്‍ മടുത്ത്.ഇനിയൊരു രണ്ടുമാസം ന്റെ തൊണ്ടേല വെള്ളം വറ്റണ്ത് തന്നെ മെച്ചം .സ്കൂളു തൊറന്നാ അത്രേം സമയം സമാധാനോണ്ടാവും"

ഇടിച്ചു പാകമാക്കിയ മുറുക്കാന്‍ കുറച്ചെടുത്ത് വായുടെ കോണിലായി തിരുകികേറ്റീട്ട് കുറച്ച് നാണിയമ്മയ്ക്ക് നീട്ടിക്കൊണ്ട് പങ്കിയമ്മ ആകെയുള്ള രണ്ടുമൂന്ന്‍ പല്ലുകള്‍ മുഴുവന്‍ തൊറന്നു കാട്ടുന്ന ഒരു ചിരിചിരിച്ചു.

"നെനക്ക് പ്രാന്താണ്.അവനിപ്പം വല്യ ചെക്കനായില്ലേ. കൊറച്ചു നേരം കൂട്ടുകാരോട് കളിച്ച് വര്‍ത്താനം പറഞ്ഞൊക്കെയിരുന്നെന്നു വരും.അല്ലെങ്കി തന്നെ സമയോന്താ പാതിരാത്രിയായോ.സന്ധ്യമയങ്ങാന്‍ പോവുന്നതല്ലേയുള്ളൂ"

" അവനെ ഒരല്‍പ്പ സമയം കാണാണ്ടിരുന്നാ നിക്ക് ആകെ ഒരു വെപ്രാളോം പരവേശവുമൊക്കെയാ പങ്ക്യേ..അങ്ങത്ത പറഞ്ഞേക്കണത് അവനിപ്പം കണ്ടകശനിയാന്നാ..എന്റെ കയ്യിലേയ്ക്ക് സുമതി പെറ്റിട്ടുതന്നേച്ച് പോയതല്ലേ.നാഗരൊന്നും കനിഞ്ഞീല.എത്രയെത്ര ഊട്ടും പഴോമൊക്കെ നല്‍കീതാ..ആ നാഗര് ന്റെ സുമതീനെ അങ്ങ് എടുത്തില്ലേ"

നിറഞ്ഞ കണ്ണുകള്‍ മുണ്ടിന്റെ കോന്തലകൊണ്ട് നാണിയമ്മ അമര്‍ത്തിത്തൊടച്ചു

"അവക്കത്രേ ആയുസ്സൊണ്ടാര്‍ന്നൊള്ളൂ.അങ്ങനെയങ്ങ് സമാനിക്കണം.ഒടേതമ്പുരാന്‍ തലേലെഴുതിവച്ചിരിക്കണപോലല്ലേ വരൂ."

പങ്കിയമ്മ മുകളിലേയ്ക്ക് മിഴികളെറിഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി..

"എന്തായാലും ഇത്തവണത്തേം മാടന്‍ നടയിലെ ആയില്യമൂട്ടിന് ഒരു സര്‍പ്പ ഊട്ട് നടത്തണം.അവനെടയ്ക്കെടയ്ക്ക് രാത്രി പാമ്പിനെക്കണ്ടെന്നും പറഞ്ഞ് ഒറക്കത്തീ എന്തോക്കെയോ പറയുന്നൊണ്ട്. അങ്ങത്തയും അതാ പറഞ്ഞത്.നാഗരാജാവിന്റെ ദൃഷ്ടിദോഷമുണ്ടത്രേ..പിന്നെ മുരുകന്റമ്പലത്തിലെ കാവടിയുമൊന്നെടുപ്പിക്കണം.ദോഷങ്ങളെല്ലാമൊന്നൊഴിഞ്ഞുപോട്ടേ.എന്റെ കുട്ടിയ്ക്ക് ഒരാപത്തും വരുത്താതെ കാത്തോളണേ നാഗരേ"

കണ്ണുകളടച്ച് കൈകള്‍ കൂപ്പിക്കൊണ്ട് നാണിയമ്മയും പ്രാര്‍ഥനയിലാണ്ടു..

ഇടവഴിയിലെ അനക്കം കേട്ട് ഇരുവരും തലയുയര്‍ത്തിനോക്കി..മണിക്കുട്ടന്‍ ഓടിവരുന്ന ഒച്ചയാണ്.

"അല്ല ഇതാര് മങ്കിയമ്മുമ്മയോ.ഇന്നത്തെ പുളുകളൊക്കെ പറഞ്ഞുതീര്‍ത്തൊ" ഇറയത്തേയ്ക്കിരുന്നുകൊണ്ട് മണിക്കുട്ടന്‍ പങ്കിയമ്മയെ നോക്കി ഒരു ചിരിചിരിച്ചു.

"ഡാ ചെക്കാ നീ വലുതായീന്നൊന്നും ഞാന്നോക്കത്തില്ല ട്ടാ.അടിച്ചു ചന്തിപൊളിക്കും ഞാന്‍..

"മണ്യേ നീയിത്രേം നേരം എവിടാര്‍ന്നു.ഞാമ്പറഞ്ഞിട്ടില്ലേ സന്ധ്യക്ക് വെളക്ക് കൊളുത്തുന്നേനുമുമ്പേ വീ​ട്ടീക്കേറണമെന്ന്‍. ആ എടവഴീലും മറ്റുമൊക്കെ നല്ല ഊരണകളുള്ളതാ.അത് കടിച്ചാ പിന്നെ വല്ല രക്ഷയുണ്ടാവോ"

നാണിയമ്മ അല്‍പ്പം ചൂടായി

"ന്റെ അമ്മമ്മേ..അതിനു സന്ധ്യയായില്ലല്ലോ.സമയം ദേ ഏഴാവാന്‍ പോകുന്നതേയുള്ളൂ.കള്ളനും പോലീസും കളിച്ചോണ്ടു നിന്നത് തീരാതെ വരാമ്പറ്റോ.പിന്നെ എന്നെ ഒരു പാമ്പും കടിക്കത്തില്ലാന്നേ..എന്നെ കടിക്കാന്‍ വരണതിനെ ഞാനടിച്ചു ചമ്മന്തിയാക്കും"

"ന്റെ കുട്ട്യേ. അങ്ങിനൊന്നും പറേരുത്.പാപാ അതൊക്കെ..നാഗങ്ങള്‍ ദൈവങ്ങളാ.അവരെ ഉപദ്രവിച്ചാലുണ്ടല്ലോ വല്യ ആപത്തുണ്ടാവും ങ്ഹാ..മതി മതി പെട്ടന്ന്‍ പോയി കാലും മൊകോമൊക്കെ കഴുകിയേച്ചു വന്ന്‍ നാമം ജപിയ്ക്ക്.ഞാനാ ചായയൊന്നു ചൂടാക്കാം." പതിയെ എഴുന്നേറ്റ നാണിയമ്മ മെല്ലെ അടുക്കളയിലേയ്ക്ക് പോയി.

"അപ്പോ ഞാനെറങ്ങുവാ നാണ്യേ. ആ കാലന്‍ വരാറായി.നേരത്തേയെങ്ങാനും കെട്ടിയെടുത്തിട്ട്ന്നെയവിടെ കാ​ണാണ്ടിരുന്നായിനിയതു മതി" മുറ്റത്തേയ്ക്കിറങ്ങിയ പങ്കിയമ്മ അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് പതിയ തൊട്ടടുത്തുള്ള തന്റെ വീട്ടിലേയ്ക്കു നടന്നു...

---------------------------------------------------------------------------------------------

മാടന്‍ കാവിലെ സര്‍പ്പദൈവങ്ങള്‍ക്ക് മുമ്പില്‍ കൂപ്പുകൈകളോടെ നിന്ന നാണിയമ്മയുടെ മനസ്സില്‍ പ്രാര്‍ഥനകള്‍ ഇടതടവില്ലാതെ നടക്കുകയായിരുന്നു.

തന്റെ മണിക്കുട്ടന് ആപത്തൊന്നും വരുത്തല്ലേ നാഗദൈവങ്ങളേ....

ഊട്ട് കഴിഞ്ഞ് മഞ്ഞളില്‍ കുളിച്ചുനില്‍ക്കുന്ന നാഗപ്രതിഷ്ടയില്‍ നിന്നും ഭയഭക്തിയോടെ കുറച്ച് മഞ്ഞല്‍പ്പൊടിയെടുത്ത് അവര്‍ മണിക്കുട്ടന്റെ നെറ്റിയില്‍ പൂശി.അവനെക്കൊണ്ട് നാഗപ്രതിഷ്ട തൊട്ട് തൊഴീപ്പിച്ചിട്ട് അവര്‍ കുറച്ചു ചില്ലറനാണയങ്ങള്‍ കാണിയ്ക്കവഞ്ചിയിലിട്ടു..
------------------------------------------------------------------------------------------------
"നാണ്യേ..ആ ശാരദെട ചെക്കന്‍ ഒരു പാമ്പിനെ തല്ലിക്കൊന്നൂന്ന്‍. മ്മട ഉണ്ണീമൊണ്ടാര്‍ന്നത്രേ കൂടെ.ചത്ത പാമ്പിനേമെടുത്ത് കമ്പിന്റെ തുമ്പത്ത് കുത്തീട്ട് കത്തിച്ചു.നിനക്കൊന്ന്‍ അവനോട് പറഞ്ഞൂടേ..നാഗങ്ങള്‍ ദൈവങ്ങളാ.അവരൊണ്ടല്ലോ..ന്റെ നാഗരാജാവേ.."

ഒരു വിറയലോടെ പങ്കിയമ്മ കൈകള്‍ മേലേക്കുയര്‍ത്തികൂപ്പി

"നാഗരാജാവേ..ന്റെ കുട്ട്യേ കാത്തൊളണേ.അവനറിയാണ്ടു ചെയ്തതാരിക്കും. ഞാന്‍ ഒരു ചുറ്റുവിളക്ക് നടത്തിയേക്കാവേ" നാണിയമ്മയും കൈകള്‍ കൂപ്പി.

"നമ്മുടെ എടവഴീല് ഒരു കരിമൂക്കന്‍ ചുറ്റിനടക്കുന്നുണ്ടെന്ന്‍ എന്റവിടുത്ത കാലന്‍ പറേണത് കേട്ടു.നമ്മട വേലിക്കടുത്ത് ഇന്നാള് ഒരു പടോം ഞാന്‍ കണ്ടു.സാധനം കൂടിയ എനമാ.മണിയോട് പറഞ്ഞേക്ക് ഒരുപാട് നേരമാവുന്നത് വരെ അവിടൊന്നും കളിച്ചുനിക്കണ്ടാന്ന്‍. ആ കരിമൂക്കന് എന്റവിടത്തെ കാലനെ ഒന്നു കടിച്ചുകൂടേ നാഗരാജാവേ.ഞാന്‍ വേണോങ്കി ഒരു നൂറും പാലും നടത്തിയേക്കാവേ"

"പങ്കീ അറം പറ്റണതൊന്നും പറയാതെ..നാഗരാജാവിനോട് കളിക്കണ്ടാട്ടോ"

"മടുത്തു നാണ്യേ..ഇങ്ങനെ കെടക്കണതിലും ഭേദം അങ്ങ് ചാവുന്നത് തന്ന്യാ"

അന്നുരാത്രിയില്‍ നാണിയമ്മയുടെ ഒറക്കത്തില്‍ മുഴുവന്‍ ഫണം വിടര്‍ത്തിയാടുന്ന ഒരു കരിമൂര്‍ഖനുണ്ടായിരുന്നു.മണിക്കുട്ടനേം ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ അവരുടെ മന‍സ്സില്‍ പേരറിയാത്ത എല്ലാ ദൈവങ്ങളോടുമുള്ള പ്രാര്‍ഥനകള്‍ മാത്രമായിരുന്നു...രാവിലെ തന്നെ ഉണര്‍ന്ന നാണിയമ്മ ധാരാളം വെളുത്തുള്ളി ചതച്ച് അതിന്റെ നീര് മുറ്റത്തും ഇടവഴിയിലും പിന്നെ വീടിനു ചുറ്റുമെല്ലാം തളിച്ചു.മാത്രമല്ല മാടന്‍ നടയില്‍ പോയി ചന്ദനതിരിയും പാക്കും വെറ്റയുമൊക്കെ വാങ്ങി വയ്ക്കുകയും അല്‍പ്പനേരം പുള്ളുവന്‍ പാട്ട് കേട്ടുനിന്നശേഷം നാഗപ്രതിഷ്ടയിലെ മഞ്ഞല്‍ ധാരാളം വാരിയെടുത്തുകൊണ്ടു വന്ന്‍ അതു വീട്ടിനു ചുറ്റുമായും ഇടവഴിയിലുമൊക്കെ വിതറിയിട്ടു.ഇതൊന്നും തന്നെ വേലിയ്ക്കടുത്ത് നില്‍ക്കുന്ന വല്യ മാവിന്റെ ചുവട്ടിലായുള്ള മാളത്തില്‍ ചുരുണ്ടുകൂടിയിരുന്ന സാധനത്തിനെ പേടിപ്പെടുത്തിയില്ല.

എന്തോ സാധനമെടുക്കാനായി പുറത്തേയ്ക്കിറങ്ങിയ നാണിയമ്മ വടക്കുവശത്തുകൂടിയെഴഞ്ഞുപോകുന്ന കരിവീട്ടിനിറമുള്ള സാധനത്തിനെക്കണ്ടൊന്നു ഞെട്ടി. എന്റെ നാഗരേയെന്നുവിളികൊണ്ടവര്‍ നെഞ്ചത്തു കൈവച്ചു.മണിക്കുട്ടന്‍ എപ്പൊഴും ഓടിച്ചാടി നടക്കുന്നിടമാണല്ലോ..തന്റെ മകളെ അന്യായമായി കൊന്നതും പോരാഞ്ഞാണോ ഇപ്പോള്‍ വീണ്ടും..അവര്‍ നാലുപാടുമൊന്ന്‍ നോക്കി..തിണ്ണയില്‍ ചാരിവച്ചിരിക്കുന്ന വിറകുകഷണത്തിലൊരെണ്ണമെടുത്തവര്‍ ഓടിച്ചെന്ന്‍ ആ പാമ്പിന്റെ തലയില്‍ ആവതുശക്തിയെടുത്തടിച്ചു.അടികൊണ്ട പാമ്പ് വല്ലാതൊന്നു പുളഞ്ഞു.നാഗങ്ങള്‍ ദൈവങ്ങളാണെന്ന ചിന്തയൊക്കെ അപ്പോള്‍ നാണിയമ്മയുടെ മനസ്സില്‍ നിന്നും പൊയ്പ്പോയിരുന്നു..മാടന്‍ നടയിലപ്പോഴും പുള്ളുവന്‍ പാട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു..

"ആട് പാമ്പേ..ആടാട് പാമ്പേ...

ശ്രീക്കുട്ടന്‍

15 comments:

 1. അസ്വസ്ഥതപ്പെടുത്തിയൊരു സ്വപ്നത്തിന്റെ ബാക്കിപത്രം..

  ReplyDelete
 2. കഥ കൊള്ളം. പഴയ വിശ്വാസങ്ങള്‍, അങ്ങനെ അങ്ങ് തള്ളിപറയാന്‍ പറ്റില്ല.
  നാഗം, അത് ഒരു ശക്തി തന്നെ... പക്ഷേ....!!!

  ReplyDelete
 3. കഥ ഇഷ്ട്ടപ്പെട്ടു ..!

  ReplyDelete
 4. ഒരു പഴ വിശ്വാസം അല്ലേ.........
  നല്ല രീതിയില്‍ വിവരിച്ചു കൊള്ളാം

  ReplyDelete
 5. നാഗംദൈവം,രക്ഷസ്അതൊക്കെ പ്രപഞ്ചത്തില്‍ കാണുന്ന അദ്ര്ശ്യശക്ത്തിയാ,അതുപോലെ സ്വപ്നത്തില്‍ നാഗങ്ങളെകണ്ടാല്‍ നമുക്ക് ശത്രുക്കള്‍ ഉണ്ടെന്നുസുചനതരുന്നു,ഇനീ യാഥാര്‍ത്ത്യത്തിലേക്ക് പാമ്പ് ഒരിക്കലുംവെറുതെ ഇങ്ങോട്ട്‌ആക്രമിക്കില്ല,അതിനെ ചുമ്മാ കൊല്ലാനുംപാടില്ല,അതും ഭുമിയുടെ ഒരവകാഷിയാണ് ........ഇനീ കഥയിലേക്ക്‌ വരാം ഇതില്‍ ഉള്‍പ്പെടുത്തിയ ഗ്രാമീണഭാഷ കൊള്ളാം അത് മനസ്സിലാക്കാന്‍ മുന്ന് തവണ വായിച്ചു.അവതരണ ശലിയും ഇഷ്ട്ടപെട്ടു ആശംസകള്‍ ......

  ReplyDelete
 6. കഥയില്‍ പാമ്പിനെപോലെ ഒരു ഇഴച്ചില്‍ അനുഭവപ്പെട്ടു. എന്തോ.. ശ്രീകുട്ടന്റെ മറ്റു കഥകളെപ്പോലെ ഒരു വായനാസുഖം നല്‍കിയില്ല. ആശംസകള്‍

  ReplyDelete
 7. നല്ല ഭാഷ...നന്നായി എഴുതി.. അത് തന്നെയാണ് ഈ എഴുത്തിന്റെ വിജയം..

  ആശംസകള്‍..

  ReplyDelete
 8. Very good post. Enjoyed your writing style. Congrats.

  ReplyDelete
 9. സംഭാഷണങ്ങൾ നല്ല പോലെ അവതരിപ്പിച്ചു.നാട്ടിൻപുറത്തെ വർത്തമാന ശൈലി ശരിക്കും കൊണ്ടുവന്നു. അഭിനന്ദനങ്ങൾ.. ശ്രീകുട്ടാ ക്ലൈമാക്സ് ഇതിനും വലുതായിരുന്നു ഞാൻ പ്രതീക്ഷിച്ചത്...

  ReplyDelete
 10. ഇഷ്ടപ്പെട്ടു.
  നാട്ടില്‍ പുറത്തെ ഒരു വീടിന്റെ വരാന്തയില്‍ കാറ്റേറ്റിരിക്കുന്ന ഒരു അനുഭവം തന്നു. നന്ദി.

  ReplyDelete
 11. ഇഷ്ടപ്പെട്ടു.
  നാട്ടില്‍ പുറത്തെ ഒരു വീടിന്റെ വരാന്തയില്‍ കാറ്റേറ്റിരിക്കുന്ന ഒരു അനുഭവം തന്നു. നന്ദി.

  ReplyDelete
 12. കഥ മാത്രമല്ല , ബ്ലോഗും മോഞ്ചായിട്ടുണ്ട്

  ReplyDelete
 13. കൊണ്ട് നനടന്നതും നീയെ ചാപ്പാ കൊണ്ട് പോയി കൊന്നതും നീയെ ചാപ്പാ
  എന്നുപറഞ്ഞ പോലെ ആയല്ലോ ശ്രീ കുട്ടാ

  ReplyDelete
 14. വായിക്കുകയും അഭിപ്രായമറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി....

  ReplyDelete