Thursday, February 24, 2011

രാത്രിഞ്ചരന്‍

മതില് വഴി താഴേക്കൂര്‍ന്നിറങ്ങിയിട്ട് അയാള്‍ ഒരല്‍പ്പസമയം അനങ്ങാതെ അവിടെതന്നെയിരുന്നു.നാലുപാടും സൂക്ഷിച്ചുനോക്കി.പരിപൂര്‍ണ്ണനിശ്ശബ്ദത മാത്രം.സമയം അര്‍ധരാത്രികഴിഞ്ഞിരിക്കുന്നു.വിളറിയ ചന്ദ്രന്‍ ചെറുപ്രകാശം പൊഴിച്ചുകൊണ്ട് അകാശത്ത് നാണംകുണുങ്ങി നില്‍ക്കുന്നു.എന്തായാലും സാഹചര്യം അനുകൂലമാണു.ആകെയുള്ള ഭയം ആ തടിയന്‍ പട്ടി വരുമോന്നായിരുന്നു.പക്ഷേ അതിന്റെ അനക്കമൊന്നും കേള്‍ക്കാനില്ല.തീറ്റിയൊക്കെക്കഴിഞ്ഞു നല്ല ഒറക്കത്തിലായിരിക്കും.അതു തനിക്കു ഭാഗ്യമായി.കയ്യിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ചയാള്‍ മുഖമൊന്നു മൂടിക്കെട്ടി.ഒരൊച്ചയുമുണ്ടാക്കാതെ മെല്ലെ അടിവച്ചടിവച്ച് അടുക്കളവാതിലിന്റെ ഭാഗത്തെത്തിച്ചേര്‍ന്നു.ഇടുപ്പില്‍ നിന്നും ഒരു കത്തിയെടുത്ത് അല്‍പ്പസമയം പരിശ്രമിച്ചപ്പോള്‍ വാതില്‍ തുറന്നു.നാലുപാടും ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയിട്ട് കുഴപ്പമൊന്നുമില്ലെന്നുറപ്പുവരുത്തി മെല്ലെ അകത്തുകടന്ന അയാള്‍ വാതില്‍ ചേര്‍ത്തുചാരി.

ഭാഗ്യത്തിനു അടുക്കളയില്‍ നിന്നും ഹാളിലേയ്ക്കുള്ള വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല.ശ്രദ്ധാപൂര്‍വ്വം ഓരോ അടിയും മുന്നോട്ട് വച്ച് അയാള്‍ ഹാളിലേയ്ക്കു പ്രവേശിച്ചു.ഒരു ചെറിയ ബല്‍ബ് കത്തിക്കിടപ്പുണ്ട്.അതിന്റെ അരണ്ടപ്രകാശത്തില്‍ അയാള്‍ അവിടമാകെയൊന്നു കണ്ണോടിച്ചു.എല്ലാം നല്ല വിലകൂടിയ വിദേശനിര്‍മ്മിതസാധനങ്ങള്‍.ഷോകേയ്സിനടുത്തിരിക്കുന്ന ഒരു പ്രതിമ അയാളെ വല്ലാതെയാകര്‍ഷിച്ചു.ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അത് മനോഹരമായി പ്രകാശം പൊഴിക്കുന്നുണ്ടായിരുന്നു.പോകുമ്പോള്‍ എടുക്കാം.ആദ്യം സ്വര്‍ണ്ണമൊക്കെയെവിടെയാണെന്നു നോക്കാം.എന്തായാലും തന്റെ പ്രയത്നം പാഴാവില്ല.താന്‍ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു അവര്‍ ശരീരം നിറയെ സ്വര്‍ണ്ണവുമണിഞ്ഞ് പോകുന്നത്.അവരുടെ കൂടെയുള്ള പെണ്‍കുട്ടി വലുതായൊന്നും അണിഞ്ഞുകാണാറില്ല.അതെല്ലാം ഇവിടെതന്നെ കാണാതിരിക്കില്ലല്ലോ.അല്ലേലും ഇവരെപ്പോലുള്ളവരില്ലെങ്കില്‍ തന്നെപ്പോലുള്ളവരെങ്ങിനെ ജീവിക്കും.ചിന്തകള്‍ക്കു വിരാമമിട്ട് അയാള്‍ ആദ്യം കണ്ട മുറിയുടെ നേരെ മെല്ലെ നടന്നു.


വാതിലിനടുത്തെത്തിയ അയാള്‍ ഒന്നുകൂടി തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ട് ഡോറിന്റെ പിടിയില്‍ കൈവച്ചു.ഭാഗ്യം അതും തുറന്നുതന്നെയായിരുന്നു.തനിയ്ക്കിന്നു അധികം ബുദ്ധിമുട്ടേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്ത് അയാള്‍ വളരെ സന്തോഷിച്ചു.പതിയെ തല അകത്തേയ്ക്കിട്ട് അയാള്‍ ഒന്നു ശ്രദ്ധിച്ചു.ആരും റൂമിലിള്ള ലക്ഷണമില്ല.തള്ളയും മോളും ചിലപ്പോള്‍ മുകളിലത്തെ മുറിയിലായിരിക്കും.മുറിയ്ക്കുള്ളില്‍ ഒരു ടേബില്‍ ലാമ്പ് കത്തിക്കിടക്കുന്നുണ്ടായിരുന്നു.ആരുമില്ലാത്ത മുറിയില്‍ ലൈറ്റിട്ടിരി‍ക്കുന്നതെന്തിനായിരിക്കും.മുറിയില്‍ സിഗററ്റിന്റെ മണവും മദ്യത്തിന്റെ മണവും തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു.ടേബിളിനുമുകളിലിരിക്കുന്ന വാച്ചും..അയാള്‍ ആകെ ചിന്താകുഴപ്പത്തിലായി.തന്റെ അറിവില്‍ ഇവിടെ ആണുങ്ങളൊന്നുമില്ല.വിശ്വനാഥന്‍ പിള്ള ടൂറിലാണു.പിന്നെയാരായിരിക്കും.ഇനി വല്ല ബന്ധുക്കളാരെങ്കിലും. ആരെങ്കിലുമാവട്ടെ.ചിന്തിക്കുവാന്‍ സമയമില്ല.തന്റെ ജോലി തീര്‍ത്ത് എത്രയും പെട്ടന്ന്‍ സ്ഥലം കാലിയാക്കണം.

ആദ്യമേ തന്നെ ആ വാച്ചെടുത്ത് കീശയില്‍ വച്ചിട്ടയാള്‍ ഒച്ചയുണ്ടാക്കാതെ മേസവലിപ്പു തുറന്ന്‍ പരിശോധനയാരംഭിച്ചു.കാര്യമായിട്ടൊന്നുമില്ല.പത്തുരണ്ടായിരം രൂപ അതിനുള്ളില്‍ നിന്നും കിട്ടി.ഇനിയപ്പോള്‍ അലമാരയ്ക്കുള്ളിലായിരിക്കും.നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടപ്പെട്ടിരുന്ന അലമാര നാണത്തോടെ അയാള്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടു.ഇതിനേക്കാള്‍ ഗംഭീരപൂട്ടുള്ളത് നിഷ്പ്രയാസം തുറന്നിട്ടുള്ള അയാള്‍ക്ക് ആ അലമാര തുറക്കാന്‍ രണ്ടു നിമിഷം പോലും വേണ്ടിവന്നില്ല.ശ്രദ്ധാപൂര്‍വ്വം അതിനകം പരിശോധിച്ച അയാള്‍ അലമാരയ്ക്കുള്ളിലുണ്ടായിരുന്ന ചെറിയ അറയും തുറന്ന്‍ അതിനുള്ളിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവുമെല്ലാമെടുത്ത് കയ്യില്‍ കരുതിയിരുന്ന ചെറിയ ബാഗില്‍ നിക്ഷേപിച്ചു.രണ്ടുമൂന്നു പെര്‍ഫ്യൂം ബോട്ടിലുകള്‍ കൂടി അയാളെടുത്തു.ഇരിയ്ക്കട്ടെ.സാവധാന്മ് ഒച്ച കേള്‍പ്പിക്കാതെ അലമാരയടച്ചിട്ട് അയാള്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി വാതിലും ചാരി.എന്തായാലും ഇന്നത്തെ കോളു കലക്കന്‍ തന്നെ.ആവശ്യമുള്ളത്ര കിട്ടി.മുകളില്‍ കൂടി ഒന്നു കയറണോ എന്നയാളൊന്നു ശങ്കിച്ചു.വേണ്ട.കള്ളനാണെങ്കിലും അത്രയ്ക്ക് ആര്‍ത്തി പാടില്ല.

ആദ്യം കണ്ടുവച്ച ഗ്ലാസ് പ്രതിമയെടുത്ത് അടുക്കളഭാഗത്തേയ്ക്കു നടന്ന അയാള്‍ ഒരുനിമിഷം അറച്ചുനിന്നു.എന്തോ ഒരു ശബ്ദമുയര്‍ന്നതുപോലെ.ഒരു അമര്‍ത്തിയ നിലവിളിയായിരുന്നുവോ അത്.അയാള്‍ ഒരു നിമിഷം കാതുകൂര്‍പ്പിച്ചുശ്രദ്ധിച്ചു.ഒന്നുമില്ല.ഹേയ് തനിയ്ക്കുതോന്നിയതാവണം.തലവെട്ടിച്ചുകൊണ്ട് മുന്നോട്ടുനടന്ന അയാള്‍ ഇത്തവണ ആ ശബ്ദം കൂടുതല്‍ വ്യക്തതയോടെ കേട്ടു.തീര്‍ച്ചയായും ആരോ കരയുന്നുണ്ട്.മുകളിലത്തെ നിലയില്‍ നിന്നാണെന്നു തോന്നുന്നു.ഒന്നു നോക്കണോ.അതോ കിട്ടിയതും കൊണ്ട് രക്ഷപ്പെടണോ.മനസ്സിനുള്ളിലൊരു ചാഞ്ചാട്ടം.എന്തായലും ഒന്നു നോക്കാമെന്നുറപ്പിച്ച് അയാള്‍ മെല്ലെ കോണിപ്പടി കയറാന്‍ തുടങ്ങി.മുകളിലാദ്യം കാണുന്ന മുറിക്കുള്ളില്‍ നിന്നാണെന്നു തോന്നുന്നു ഒച്ച.ചെറുതായി തുറന്നുകിടക്കുന്ന വാതിലില്‍ കൂടി പ്രകാശം പുറത്തേയ്ക്കു വരുന്നുണ്ട്.അയാള്‍ ഒരു വശത്തായി കാണുന്ന ജനാലയില്‍ കൂടി മുറിയ്ക്കുള്ളിലേയ്ക്കു നോക്കി.തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലയാള്‍ക്ക്.കട്ടിലില്‍ കിടന്നു പിടയുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്കമരാന്‍ വെമ്പുന്ന ആളിനെ അവള്‍ കാലുയര്‍ത്തിയും മറ്റും പ്രതിരോധിക്കുന്നുണ്ട്.പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിപ്പിടിക്കുവാനും അവളുടെ വായില്‍ പൊത്തിപ്പിടിക്കുവാനും പാടുപെട്ടുകൊണ്ടിരിക്കുന്ന സ്ത്രീയെ അവിശ്വസനീയതയോടെ അയാള്‍ നോക്കിനിന്നു.ദൈവമേ ആ കുട്ടിയുടെ അമ്മയല്ലേയത്.പെണ്‍കുട്ടിയുടെ എതിര്‍പ്പുകള്‍ക്ക് ശക്തികുറയുകയും അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിയുന്നതും നോക്കിനില്‍ക്കാനാവാതെന്നവണ്ണം അയാള്‍ മുഖം തിരിച്ചു.

എന്തു ചെയ്യണമെന്നറിയാതെ അയാളാകെ ചിന്താകുഴപ്പത്തിലായി.താനെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തനിയ്ക്കുമാപത്തായിതീരുമല്ലോ.പക്ഷേ ആ കുട്ടിയുടെ നിസ്സഹായമായ നിലവിളി അയാളുടെ കാതിനെ പൊള്ളിച്ചു.മറ്റെല്ലാം മറന്ന്‍ വാതില്‍ തള്ളിത്തുറന്ന്‍ അകത്തേയ്ക്കു പാഞ്ഞുകയറിയ അയാള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നയാളെ കട്ടിലില്‍ നിന്നും ചവിട്ടിമറിച്ചു.അന്തം വിട്ടു തലയുയര്‍ത്തിയ സ്ത്രീയുടെ മുഖമടച്ച് ഒരടിയും കൊടുത്തു. ബോധരഹിതയായിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ അയാളൊരു തുണി വലിച്ചിട്ടു.ആദ്യത്തെ ഞെട്ടലില്‍ നിന്നുമുണര്‍ന്ന മറ്റേയുവാവ് അയാളെ ആക്രമിക്കാനടുത്തു. രണ്ടുപേരും തമ്മില്‍ നല്ലരീതിയില്‍ പിടിവലിയായി.കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ആഭരണങ്ങളും പണവും മുറിയിലാകെ ചിതറിവീണു.ആദ്യം പകച്ചുനിന്ന പെണ്‍കുട്ടിയുടെ അമ്മ മുറിയിലുണ്ടായിരുന്ന എമെര്‍ജെന്‍സി ലൈറ്റെടുത്ത് അയാളുടെ തലയില്‍ ആഞ്ഞടിച്ചു.കണ്ണുകളിലിരുട്ട് കയറുന്നതായിട്ടനുഭവപ്പെട്ട അയാള്‍ ആകെ തരിച്ചുനിന്നു. ഈ സമയം അയാളെ മറ്റേ യുവാവ് തള്ളി താഴെയിട്ടു.തലയിലൂടെ പൊട്ടിയൊഴുകിയരക്തം അയാളുടെ മുഖത്ത് ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട് തറയില്‍ പരക്കാന്‍ തുടങ്ങി.കനപ്പെട്ട കണ്ണുകള്‍ അടഞ്ഞുതുടങ്ങി.അയാളുടെ ബോധം നശിക്കാനാരംഭിച്ചു.

"ഈ കള്ളന്‍ വന്നത് നന്നായീന്നാ എനിക്കു തോന്നുന്നത്" കട്ടിലിലേയ്ക്കിരുന്നുകൊണ്ട് യുവാവ് പറഞ്ഞു.

"എനിയ്ക്കെന്തോ പേടി തോന്നുന്നു" അയാളുടെ അടുത്തിരുന്നുകൊണ്ട് സ്ത്രീ തറയില്‍ക്കിടക്കുന്നയാളിനെ സൂക്ഷിച്ചുനോക്കി.

"നമ്മുടെ ബന്ധം പെണ്ണറിഞ്ഞെന്നും അവളത് അച്ഛനെവിളിച്ചറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും,അവളെ ഒരു പാഠം പഠിപ്പിക്കണമെന്നും നീയല്ലെ പറഞ്ഞത്.ഞാനും ഒന്നു കൊതിച്ചിരിക്കുവായിരുന്നു.എത്ര നാളായി നോട്ടമിട്ടിട്ട്.എന്തായാലും നിന്റെ മോളൊന്നുമല്ലല്ലോ.പിന്നെന്താ.ഇവളു ഇല്ലാണ്ടാവുന്നതു തന്നെയാണു നിനക്കും നല്ലതു.അങ്ങേര്‍ക്ക് എത്ര കോടിയുടെ സ്വത്തുണ്ടെന്ന്‍ നിനക്കറിയില്ലേ. നീ പോയി ഒരു കുപ്പി വെള്ളമെടുത്തോണ്ടുവാ.ഇവളുടെ ചാവ് ഈ കെടക്കണവന്റെ തലയില്‍ തന്നെ.അല്ലെങ്കില്‍ ഇന്നുതന്നെ ഈ കള്ളന്‍ വരുമായിരുന്നോ.ഭാഗ്യം നമ്മുടെ കൂടെത്തന്നെടീ.ഞാനെന്തായാലും ചെയ്ത ജോലി പൂര്‍ത്തിയാക്കട്ടെ.ചാവുന്നതിനുമുമ്പ് അവളും സുഖമൊന്നറിയട്ടെടീ"

കട്ടിലില്‍ ആലോചിച്ചിരുന്ന അവരെ തള്ളിയുന്തി താഴേയ്ക്കു വിട്ടിട്ടയാള്‍ ഒരു വിടലചിരിയോടെ കട്ടിലിനുനേരെ നടക്കുന്നത് അടഞ്ഞടഞ്ഞുപോകുന്ന കണ്ണുകളിലൂടെ വേദനയോടെ അയാള്‍ കണ്ടു.ഒരമര്‍ത്തിയ ശബ്ദം അയാളുടെ കാതിലേയ്ക്കൊഴുകിയെത്തി.ഒന്നും ചെയ്യാനാവാതെ അയാള്‍ അതിനെല്ലാം മൂകസാക്ഷിയായി ആ തറയില്‍ മരവിച്ചു കിടന്നു.

ശ്രീക്കുട്ടന്‍

Wednesday, February 16, 2011

അപരിചിതനായൊരാള്‍

മെല്ലെയെഴുന്നേറ്റു സാരിയെല്ലാം നേരെയാക്കി മുടിയൊക്കെ മാടിയൊതുക്കിക്കൊണ്ട് സുജാത വിളക്കുകാലിനുനേരെ നടന്നു.വെട്ടത്തിനടുത്തെത്തിയപ്പോള്‍ നെറ്റിയുലുരുണ്ടുകൂടിയ വിയര്‍പ്പുമണികള്‍ വലതുകൈകൊണ്ട് വടിച്ചുകളഞ്ഞിട്ട് ഇടതുകയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ട് നിവര്‍ത്തിനോക്കി.വെറും അമ്പതുരൂപാ മാത്രം.ഇരുട്ടിന്റെ മറവില്‍ കാര്യം കണ്ടിട്ട് നായീന്റെമോന്‍ പറഞ്ഞ കാശുതരാതെ പറ്റിച്ചിരിക്കുന്നു.നല്ല വെട്ടമില്ലാതിരുന്നതുകൊണ്ട് തനിയ്ക്കു മനസ്സിലാക്കാനും കഴിഞ്ഞില്ല. വീട്ടീന്നിറങ്ങുമ്പോഴെ നശിച്ച തള്ളയുടെ പ്രാക്ക് കേട്ടോണ്ടല്ലേ ഇറങ്ങിയത്.ഇരുട്ടിലേയ്ക്കു നോക്കി വായില്‍ വന്ന മുഴുവന്‍ തെറിയും വിളിച്ചിട്ട് സുജാത റോഡിന്റെ ഓരം ചേര്‍ന്നു നടന്നു.ഭാഗ്യമുണ്ടെങ്കില്‍ ഏതെങ്കിലും വണ്ടികിട്ടും.അല്ലെങ്കില്‍ രാവിലെ വരുന്ന ബസ്സ് തന്നെ ശരണം.നേരം വെളുക്കാന്‍ ഇനിയും ഒന്നുരണ്ടുമണിക്കൂറുകള്‍ കൂടിയുണ്ടെന്നു തോന്നുന്നു.ആ സമയത്ത് ഒറ്റയ്ക്കങ്ങിനെ നടക്കുവാന്‍ അവള്‍ക്കൊരു ഭയവും തോന്നിയില്ല.അല്ലെങ്കില്‍ തന്നെ പകലിനേക്കാല്‍ രാത്രിയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലായിരുന്നല്ലോ സുജാതയും.

ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോള്‍ പതിവില്ലാതെ സുജാതയുടെ മനസ്സു കലുഷിതമായിരുന്നു.കിഴവിത്തള്ളയ്ക്ക് നല്ല സുഖമില്ലാത്തതാണു.വലിവ് ഒരല്‍പ്പം കൂടുതലാണു.യഥാര്‍ഥത്തില്‍ അവര്‍ തനിയ്ക്കാരാണ്. ആരുമല്ല.മുമ്പിതേപോലൊരു രാത്രിയില്‍ തനിയ്ക്ക് റോഡുവക്കില്‍ നിന്നും കിട്ടിയൊരു മുതല്‍.തണുത്ത് വിറച്ച് ചുരുണ്ടുകൂടിക്കിടക്കുന്നതു കണ്ടിട്ട് കളഞ്ഞിട്ടുപോകാന്‍ കഴിഞ്ഞില്ല.ആര് എന്ത് എന്നൊന്നും നോക്കിയില്ല.കൂട്ടിക്കൊണ്ടുപോയി.ആഹാരവും മറ്റുമൊക്കെ കൊടുത്ത് കൂടെകൂട്ടി.അവരിന്നേവരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല.താനൊട്ട് ചോദിച്ചിട്ടുമില്ല.ഏതോ ഒരുത്തി പ്രസവിച്ച് മാലിന്യകൂമ്പാരങ്ങളിലേയ്ക്കു വലിച്ചെറിഞ്ഞ തനിയ്ക്കും ആരെങ്കിലും വേണ്ടേ.ആരുമാരും നിയന്ത്രിക്കാനില്ലാതെ എങ്ങിനെയൊക്കെയോ വളര്‍ന്ന് പലരും പറഞ്ഞതുപോലൊക്കെ ചെയ്തുകൊടുത്ത് വയറുമാത്രം നിറച്ചിരുന്ന തനിയ്ക്ക് സത്യത്തില്‍ കിഴവി ഒരാശ്വാസമായിരുന്നു.അവര്‍ വന്നശേഷമാണു താന്‍ തന്റെ വില മനസ്സിലാക്കുന്നത്.കാശ് പേശി വാങ്ങുന്നതിനും മറ്റും ശീലിച്ചത്.കൊറേച്ചേ കൊറേച്ചേ കാശു കൂട്ടിവച്ച് ഒരു സ്വര്‍ണ്ണ മാല മേടിച്ചു.പക്ഷേ അതു താന്‍ ഡ്യൂട്ടിയ്ക്കിറങ്ങുമ്പോള്‍ ഇടാറില്ല.ഏവനെങ്കിലും അടിച്ചോണ്ടുപോയാലോ.പിന്നെ കിട്ടുന്ന കാശില്‍ ഒരു പങ്ക് തന്റെ പെട്ടിയില്‍ സൂക്ഷിച്ചു വയ്ക്കുന്നുമുണ്ട്.താനൊരു വേള കിടപ്പിലായിപ്പോയാലെന്തു ചെയ്യും.മുമ്പ് പലദിവസവും ആലോചിച്ചിട്ടുള്ളതാണ് ഈ തൊഴിലു നിര്‍ത്തണമെന്നു.സത്യത്തില്‍ മടുത്തിരിയ്ക്കുന്നു.മനസ്സുമാത്രമല്ല ശരീരവും.താന്‍ നന്നായി എന്നു പറഞ്ഞാള്‍ ആരു വിശ്വസിക്കും.താന്‍ ചെലവിനുകൊടുത്ത് കൂടെതാമസിക്കുന്ന കിഴവിത്തള്ളപോലും വിശ്വസിക്കില്ല.പിന്നല്ലേ ബാക്കിയുള്ളവര്‍.

ചിന്തിച്ചു ചിന്തിച്ചു അവള്‍ ഒരു വെയിറ്റിംഗ്ഷെഡ്ഡിനു മുമ്പിലെത്തി.നേരം വെളുക്കാനിനിയും സമയമുണ്ട്.അവിടുണ്ടായിരുന്ന സിമന്റ് ബെഞ്ചിലിരിക്കുമ്പോള്‍ അവള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.കുറച്ചുസമയം കൂടി കഴിയുമ്പോള്‍ ആദ്യത്തെ വണ്ടി വരും.അങ്ങു ചെന്നിട്ടുവേണം കെഴവിയെ ഒന്നു ആശുപത്രീക്കൊണ്ടുപോവാന്‍.പെട്ടന്നവള്‍ ഒന്നു ചെവി വട്ടം പിടിച്ചു.എന്തോ ഒച്ച കേട്ടതുപോലെ.തോന്നിയതായിരിക്കുമെന്നു കരുതിയവള്‍ ബസ്സ് വരാനുള്ള ദിശയിലേയ്ക്കു അക്ഷമയോടെ നോക്കിയിരുന്നു.വീണ്ടുമാ ശബ്ദം.അവള്‍ ചുറ്റും നോക്കി.ഒരു ഞരക്കം കേട്ടതുപോലെ.സിമന്റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റ് അവള്‍ നാലുപാടും നോക്കി.അല്‍പ്പസമയം സൂക്ഷിച്ചുനോക്കിയപ്പോള്‍ വെയിറ്റിംഗ്ഷെഡിനു അല്‍പ്പമകലെ റോഡില്‍നിന്നും കുറച്ചുമാറി ആരോ കിടക്കുന്നതവള്‍ കണ്ടു.ഒന്നു സംശയിച്ചു നിന്നശേഷം സുജാത അതിനടുത്തേയ്ക്ക് ചെന്നു കുനിഞ്ഞുനോക്കി.ഒരു ചെറുപ്പക്കാരനാണ്.ചെന്നിയില്‍ക്കൂടി ചോരയൊഴുകുന്നുണ്ട്.മാത്രമല്ല വയറിന്റെ ഒരു വശത്തും മുഴുവന്‍ ചോര പുരണ്ടിരിയ്ക്കുന്നു.ഒന്നുകിള്‍ ആരോ ഉപദ്രവിച്ചത്.അല്ലെങ്കില്‍ വണ്ടിയോ മറ്റോ ഇടിച്ചിട്ടിട്ട് കടന്നത്.എന്തായാലും വല്യ പരിക്കല്ല.ചാവത്തൊന്നുമില്ല.നേരം വെളുക്കുമ്പം ആരെങ്കിലും ആശൂത്രീലെത്തിച്ചോളും.ആവശ്യമില്ലാത്ത പുലിവാലെന്തിനെന്നു പിറുപിറുത്തുകൊണ്ട് അവള്‍ തിരിഞ്ഞു നടന്നു.

"അമ്മേ..വെള്ളം....

ആ ഞരക്കം അവളെ പിന്നോട്ടുവലിച്ചു.അയാളെ അങ്ങിനെ ഉപേക്ഷിച്ചുപോകുവാന്‍ മനസ്സ് മടിയ്ക്കുന്നതുപോലെ.തിരിച്ചുവന്ന സുജാത അയാളെ ഒരിക്കല്‍ക്കൂടി നോക്കി.ചുറ്റുപാടും നോക്കിയ അവള്‍ ഒരു ഒഴിഞ്ഞമദ്യക്കുപ്പി കണ്ടെത്തുകയും അതെടുത്തുകൊണ്ടുപോയി മുമ്പിലായിക്കണ്ട പൈപ്പില്‍ നിന്നും വെള്ളം നിറച്ചെടുത്തുകൊണ്ടുവന്നു അയാളുടെ തല താങ്ങിയുയര്‍ത്തിയിട്ട് വായിലേയ്ക്കു കുപ്പി ചരിച്ചുകൊടുക്കുകയും ചെയ്തു.അര്‍ദ്ധബോധാവസ്ഥയിലും അയാള്‍ ആ വെള്ളം മുഴുവന്‍ മടമടാന്നു കുടിച്ചു.അവള്‍ അയാളുടെ ചിറിയൊന്നു തുടച്ചിട്ട് തല പഴയതുപോലെ വച്ചിട്ട് തിരിച്ചുനടന്നു.ഒരു വെളിച്ചം കണ്ട അവള്‍ തിരിഞ്ഞുനോക്കി.ഏതോ വണ്ടി വരുന്നതാണു.അവള്‍ റോഡിലേയ്ക്കു കയറിനിന്നു കൈകാണിച്ചു.ഒരു ടെമ്പോയാണു.അവളുടെ അടുത്ത് വണ്ടിനിര്‍ത്തിയിട്ട് ചെറുപ്പക്കാരനായ ഡ്രൈവര്‍ തല പുറത്തേയ്ക്കിട്ടു.

"അനിയാ ടൌണിലോട്ടാണെങ്കി എന്നേം കൂടൊന്നു കൊണ്ടുപോകാമോ.പൈസ തരാം".

അവനവളെ ആപാദചൂഡമൊന്നുനോക്കിയശേഷം കയറിക്കൊള്ളാന്‍ പറഞ്ഞു.ടെമ്പോയിലേയ്ക്ക് കയറുമ്പോള്‍ പെട്ടന്ന് സുജാതയ്ക്ക് മുറിവേറ്റുകിടക്കുന്ന ചെറുപ്പക്കാരനെ ഓര്‍മ്മ വന്നു.

"അനിയാ ഒരു കാര്യം പറഞ്ഞോട്ടേ.ദേ അവിടെ ഒരാളു കിടക്കുന്നുണ്ട്.മേലുകുറച്ചു മുറിഞ്ഞിട്ടുമൊണ്ട്.അയാളെക്കൂടി ഒന്നുകൊണ്ടുപോകാമോ"

തന്നെത്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുനില്‍ക്കുന്ന അവളെ നോക്കിയിട്ട് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വണ്ടിയില്‍ നിന്നും ചെറുപ്പക്കാരന്‍ പുറത്തിറങ്ങി അവളോടൊപ്പം നടന്നു മുറിവേറ്റുകിടക്കുന്ന ചെറുപ്പക്കാരന്റെയടുത്തേയ്ക്കു ചെന്നു.രണ്ടുപേരും കൂടി അയാളെ താങ്ങിയെടുത്ത് വണ്ടിയില്‍കേറ്റി.യാത്രയില്‍ തന്റെ മടിയില്‍ തലവയ്ച്ചുകിടക്കുന്ന ചെറുപ്പക്കാരനെ സുജാത വെറുതേ നോക്കിയിരുന്നു.ആകര്‍ഷണീയമല്ലെങ്കിലും തെറ്റില്ലാത്ത ഭംഗിയുള്ള മുഖം.നല്ല കട്ടി മീശയും താടിയും.അവള്‍ കയ്യിലുണ്ടായിരുന്ന തൂവാലകൊണ്ട് അയാളുടെ മുഖത്തെ രക്തം തുടച്ചു.വലിയ മുറിവൊന്നുമില്ല.നേരം പരപരാവെളുക്കുന്നതേയുള്ളു.

"ഒക്കുമെങ്കില്‍ വഴിയ്ക്കുള്ള ഏതെങ്കിലും ഒരു ആശുപത്രിയുടെ മുമ്പിലിറക്കിത്തന്നാല്‍ വളരെ ഉപകാരം".യാത്രയില്‍ സുജാത ഡ്രൈവറോടു പറഞ്ഞു.അവനാകട്ടെ ഒന്നും പറയാതെ ഏതോ മൂളിപ്പാട്ടും പാടിക്കൊണ്ടിരുന്നു.വണ്ടി നിര്‍ത്തി അവന്‍ പുറത്തേയ്ക്കിറങ്ങി.തല പുറത്തേയ്ക്കിട്ടുനോക്കിയ സുജാത ആശുപ്ത്രീടെ ബോര്‍ഡു കണ്ടു. രണ്ടുപേരും കൂടി മുറിവേറ്റുകിടന്ന ചെറുപ്പക്കാരനെ വണ്ടിയില്‍ നിന്നും താഴെയിറക്കി താങ്ങിപ്പിടിച്ചു അകത്തേയ്ക്കുകയറി.ഉറക്കച്ചടവോടെയിരുന്ന സെക്യൂരിറ്റിക്കാരന്‍ പോയി ഒരു വീല്‍ചെയറെടുത്തുകൊണ്ടുവന്ന് അയാളെ അതിലിരുത്തിയശേഷം അകത്ത് നഴ്സിനെ വിളിയ്ക്കാനായിപ്പോയി.സുജാത കയ്യിലുണ്ടായിരുന്ന പഴ്സില്‍ നിന്നും 150 രൂപായെടുത്ത് ചെറുപ്പക്കാരനുനേരെ നീട്ടി.എന്നാള്‍ ഒരു ചെറുചിരിയോടെ അതു നിരസിച്ചുകൊണ്ടവന്‍ പുറത്തേയ്ക്കിറങ്ങി വണ്ടിയില്‍ കയറി വേഗമോടിച്ചുപോയി.അതിശയഭാവത്തോടെ അല്‍പ്പനേരം നിന്ന സുജാതയെ ഉണര്‍ത്തിയത് നഴ്സിന്റെ വിളിയായിരുന്നു.അവള്‍ തിടുക്കത്തിലവിടേയ്ക്കു നടന്നു.

-----------------------------------------------------------------------------------------------
ഒരു ചെറുപ്പക്കാരനേം താങ്ങിപ്പിടിച്ചു കയറിവരുന്ന സുജാതയെ കിഴവിത്തള്ള മിഴിച്ചുനോക്കിയിരുന്നു.അയാളെ താങ്ങിപ്പിടിച്ച് അകത്ത് തടിക്കട്ടിലില്‍ കിടത്തിയിട്ട് സുജാത ചായ്പ്പില്‍കടന്ന് കുടത്തില്‍ നിന്നും ഒരു മൊന്ത പച്ചവെള്ളമെടുത്ത് കുറച്ചധികം കുടിച്ചിട്ട് ബാക്കിയ്ക്ക് മുഖമൊന്നു കഴുകി.എവിടേയ്ക്കോ തുറിച്ചുനോക്കിയിരിയ്ക്കുന്ന കിഴവിത്തള്ളയുടെ അടുത്ത് ചെന്ന് അവള്‍ മരുന്നുപൊതിയേല്‍പ്പിച്ചു.ഒന്നും മിണ്ടാതെ അതു വാങ്ങിയിട്ട് കിഴവി വീണ്ടുമായിരിപ്പിരുന്നു.കട്ടിലില്‍ കിടക്കുന്ന ചെറുപ്പക്കാരനെ നോക്കി നില്‍ക്കുമ്പോള്‍ അവളുടെ മനസ്സില്‍ എന്തൊക്കെയോ അലയടിക്കുന്നുണ്ടായിരുന്നു.തനിയ്ക്കെന്താണുപറ്റിയത്.ആരാണിയാള്‍.താനെന്തിനാണിങ്ങോട്ടിയാളെ കൊണ്ടുവന്നത്.ചോദ്യങ്ങള്‍ ചെവിയില്‍ മുഴങ്ങുന്നു.ഉത്തരമില്ല.അവളൊരു ചിരിയോടെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുടിയൊന്നു മാടിയൊതുക്കി.ഒരാഴചയോളം സുജാത എങ്ങും പോയില്ല.മുറിവെല്ലാം ഒരു വിധമുണങ്ങിയ അയാള്‍ ഇപ്പോള്‍ എഴുന്നേറ്റിരിക്കുകയും ചെറുതായി നടക്കുകയും ചെയ്യും.അയാള്‍ക്കായി സിഗററ്റും മറ്റും അവള്‍ വാങ്ങിക്കൊടുത്തു.അത്രയും ദിവസമായിട്ടും അയാളുടെ പേരെന്തെന്നുപോലും അവള്‍ ചോദിച്ചില്ല.അയാളൊട്ടു പറഞ്ഞതുമില്ല.കിഴവിത്തള്ള മാത്രം എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് മുഖം വീര്‍പ്പിച്ചു പുറത്ത് തന്നെ കുത്തിയിരുന്നു.

"എനിയ്ക്കൊരു 100 രൂപ വേണം"

അധികാരസ്വരത്തിലുള്ള ആ അവശ്യം കേട്ട സുജാത ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് തന്റെ പെട്ടിതുറന്നു അതിനകത്ത് സൂക്ഷിച്ചിരുന്നതില്‍ നിന്നും 200 രൂപയെടുത്ത് അയാള്‍‍ക്കു നീട്ടി.കാശുവാങ്ങി പോക്കറ്റിലിട്ടുകൊണ്ട് അയാള്‍ പുറത്തേയ്ക്കിറങ്ങി.രണ്ടുമൂന്നുമണിക്കൂറുകള്‍ കഴിഞ്ഞു തിരിച്ചുവന്ന അയാളുടെ കയ്യില്‍ കുറച്ചു മീനുമുണ്ടായിരുന്നു.കൂടെ കള്ളിന്റെ നാറ്റവും.സുജാതയെ മീനേല്‍പ്പിച്ചിട്ട് ഷര്‍ട്ടൂരി അയയില്‍ തൂക്കിയിട്ട് ഒരു ബീഡിയ്ക്കു തീപിടിപ്പിച്ചുകൊണ്ടയാള്‍ തിണ്ണയിലിരുന്നു.ഏതോ ഒരു മായികപ്രപഞ്ചത്തിലെന്നപോലെ സുജാത മീന്‍ വെട്ടിക്കഴുകി അതു വയ്ക്കാനാരംഭിച്ചു.

ഭക്ഷണമെല്ലാം കഴിഞ്ഞ് രാത്രിയുടെ ഇരുട്ടില്‍ സുജാത അന്നാദ്യമായി അയാളുടെ മാറില്‍ തലചായ്ച്ചുകിടന്നു.അവള്‍ ഏതോ മായാലോകത്തിലായിരുന്നു.എന്താണു തനിയ്ക്കു പറ്റിയിരിക്കുന്നത്.തന്നിലെ സ്ത്രീത്വം ഇന്നാണു പൂര്‍ണ്ണത നേടിയത്.എത്രയോ പേര്‍ തന്റെ ജീവിതത്തില്‍ മിന്നിമറഞ്ഞിരിക്കുന്നു.പക്ഷേ..ഇതു..തനിയ്ക്കൊരിക്കലും കിട്ടില്ലെന്നു കരുതിയത് നേടിയിരിക്കുന്നു.അവള്‍ നിറഞ്ഞ സംതൃപതിയോടെ അയാളെ കൈകളാല്‍ വരിഞ്ഞുമുറുക്കിക്കിടന്നു.തന്നെ തഴുകുന്ന ആ കൈകളില്‍ അവള്‍ തെരുതെരെ ഉമ്മവച്ചു.അറിയാതെയറിയാതെ നിദ്രയവളെ പ്രാപിച്ചുകൊണ്ടിരുന്നു.കുറച്ചുസമയം കഴിഞ്ഞ് അയാളെഴുന്നേറ്റ് അവളുടെ പെട്ടി പരിശോധിക്കുന്നതും ഉണ്ടായിരുന്ന പണവും പിന്നെയാ സ്വര്‍ണ്ണമാലയുമെടുത്ത് ഇരുളിലേയ്ക്കു മറയുന്നതും തനിയ്ക്കു ലഭിച്ച ഭാഗ്യത്തില്‍ മതിമറന്ന് മധുരസ്വപ്നങ്ങള്‍ കണ്ട് സുഖസുഷുപ്തിയിലാണ്ടുകിടക്കുകയായിരുന്ന അവളറിയുന്നുണ്ടായിരുന്നില്ല.

ശ്രീക്കുട്ടന്‍

Sunday, February 13, 2011

ചോരയുടെ രുചി

ഒരു സിഗററ്റ് കൂടി കത്തിച്ച് പുകയൂതിപ്പറത്തിക്കൊണ്ട് അയാള്‍ കടലിലേയ്ക്കു നോക്കിയാപ്പാറമേലിരുന്നു.സമയം ആറു കഴിഞ്ഞിരിക്കുന്നു.അര്‍ക്കന്‍ അന്നത്തെ തന്റെ ജോലി പൂര്‍ത്തിയാക്കി സമുദ്രത്തിന്റെ മടിത്തട്ടില്‍ തലചായ്ക്കാനായി അരയും തലയും മുറുക്കുന്നു.അന്തരീക്ഷമാകെ ഒരു ചുവപ്പ് ബാധിച്ചതുപോലെ.ചെറിയ തണുപ്പ് തുടങ്ങിയിട്ടുണ്ട്.അസ്തമനത്തിന്റെ സൌന്ദര്യം നുകരുവാനെത്തിയ ചിലര്‍ അവിടവിടെ ചിതറിയതുപോലെയിരിക്കുന്നു.എന്തായാലും കുറച്ചകലെയായി ഈ പാറമേലിരിക്കുന്നതുകൊണ്ട് താനാരുടേയും ശ്രദ്ധയില്‍പ്പെടില്ല.എന്നാള്‍ തനിക്കെല്ലാപേരെയും കാണുവാനും കഴിയും.അല്ലെങ്കിലും ഇരകള്‍ക്കുവേണ്ടി കാത്തിരിക്കുമ്പോള്‍ താന്‍ എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയില്‍ പ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്.അതുകൊണ്ടുതന്നെ താനിപ്പോഴും സ്വതന്ത്രനായി നിര്‍ഭയനായി നടക്കുന്നു.അയാള്‍ക്ക് ഒന്നുറക്കെച്ചിരിക്കണമെന്നു തോന്നി.

കൈകള്‍ കൊരുത്തുപിടിച്ചു പാറക്കൂട്ടങ്ങളുടെ ഭാഗത്തേയ്ക്കു നടന്നുവരുന്ന ഒരു ചെറുപ്പക്കാരനിലും ചെറുപ്പക്കാരിയിലും അയാളുടെ കണ്ണുടക്കി.മങ്ങിത്തുടങ്ങുന്ന വെളിച്ചത്തിലും ആ പെണ്‍കുട്ടിയുടെ സൌന്ദര്യം അയാളുടെ മനസ്സില്‍ ചില ഓളങ്ങളുണ്ടാക്കി.ഒരു പാറയില്‍ ചാഞ്ഞുനിന്നുകൊണ്ട് ചെറുപ്പക്കാരന്‍ യുവതിയുടെ കവിളില്‍ അമര്‍ത്തി ചുംബിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലെവിടെയോ അമര്‍ത്തിക്കിടത്തിയിരുന്ന എന്തെല്ലാമോ പൊട്ടിയെഴുന്നേല്‍ക്കുന്നതുപോലെ.അയാള്‍ തന്റെ കൈകള്‍ പാറപ്പുറത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് ദൃഷ്ടികള്‍ മറ്റൊരിടത്തേയ്ക്കു തിരിച്ചു. കടിഞ്ഞാണ്‍ നഷ്ടപ്പെട്ടൊരു കുതിരയെപ്പോലെ അയാളുടെ മനസ്സ് പിടച്ചുകൊണ്ടിരുന്നു.ച്ഛേ..തനിയ്ക്കിന്നെന്തു പറ്റിയിരിക്കുന്നു..ഇന്നേവരെയില്ലാതിരുന്നൊരു ചാഞ്ചാട്ടം.കയ്യിലിരുന്നെരിയുന്ന സിഗററ്റിലേയ്ക്കു നോക്കിയ അയാള്‍ അതണയാറായിരിക്കുന്നുവെന്നുകണ്ട് അവസാനത്തെപ്പുക ആഞ്ഞെടുത്തു.ഒരു സിഗററ്റിന്റെ അവസാനപുക ഒരു പെണ്‍കുട്ടിയുടേ ആദ്യചുംബനം പോലെയാണെന്നു പറയുന്നതെത്ര ശരിയാണു.ഏതോ അനിര്‍വചനീയമായ ഒരു സുഖലഹരിയിലെന്നവണ്ണം അയാള്‍ മിഴികളൊന്നടച്ചു.

പാറക്കൂട്ടത്തിനടുത്തേയ്ക്കുവന്ന മിഥുനങ്ങള്‍ എന്തു ചെയ്യുകയായിരിക്കും.ജിജ്ഞാസകൊണ്ടെന്നവണ്ണം അയാള്‍ പാറമുകളില്‍ നിന്നും താഴേയ്ക്കു നോക്കി.ഇരുട്ട് എല്ലാം മറയ്ക്കുന്നു.അവിടെ ആരുമുള്ള ലക്ഷണമില്ല.ഒരു വേള പോയിരിക്കും.നന്നായി.തന്റെ ഏകാഗ്രത നഷ്ടപ്പെടുത്താന്‍ വന്ന ശവങ്ങള്‍.മുഷിച്ചിലോടെ പിറുപിറുത്തുകൊണ്ട് അയാള്‍ വാച്ചു നോക്കി.സമയം ഏഴു കഴിഞ്ഞിരിക്കുന്നു.അല്‍പ്പസമയത്തിനുള്ളില്‍ തന്റെ ഇരയെത്തും.മൂന്നാലുദിവസമായിരിക്കുന്നു നല്ലൊരു സന്തോഷമുള്ള കാര്യം ചെയ്തിട്ടു.പ്രാണവേദനയുടെ ഞരക്കവും പിടച്ചിലും കാണുവാന്‍ ശരീരവും മനസ്സും കൊതിയ്ക്കുന്നു.ചുടുചോര ചീറ്റുന്നതു കാണുവാന്‍ എന്തൊരു രസമാണു.താനെപ്പോഴാണു ചോരയുടെ മണമിഷ്ടപ്പെട്ടുതുടങ്ങിയതു.അന്നു തറയിലൊഴുകിപ്പരക്കുന്ന ചോരയില്‍ പിടഞ്ഞുകൊണ്ടിരുന്ന അമ്മയെ നോക്കി മുറിയുടെ ഒരു മൂലയില്‍ കുന്തിച്ചിരുന്ന തനിയ്ക്ക് കരയുവാന്‍ പോലും കഴിഞ്ഞില്ലായിരുന്നു.വിയര്‍ത്ത ശരീരവുമായി പകച്ചു ചുറ്റും നോക്കുന്ന അച്ഛന്‍ തന്നെ അപ്പോള്‍ കണ്ടിരുന്നെങ്കില്‍ താനും...പിന്നീട് എപ്പോഴോ എതോ സമയത്ത് പുറത്തേയ്ക്കുള്ള വാതിലില്‍ കൂടി ഇരുട്ടിലേയ്ക്കെടുത്തു ചാടി ഓടുകയല്ലായിരുന്നൊ.അതേ ശരിക്കും ഇരുട്ടിലേയ്ക്കു.എത്തിപ്പെട്ടതെവിടെയായിരുന്നു.അറിയില്ല.ഇരുട്ടിന്റെ ലോകത്തായിരുന്നുവെന്നു മാത്രമറിയാം.പിന്നീട് ഇത്രയും നാളിനുള്ളില്‍ എത്രയെത്ര രോദനങ്ങല്‍ കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു.പിടയുന്ന ശരീരങ്ങള്‍ നോക്കിക്കൊണ്ടിരിക്കുവാനും ഒഴുകിപ്പരക്കുന്ന ചോരയില്‍ കൈതൊട്ടതിന്റെ ചൂടറിയാനും എന്തുത്സാഹമായിരുന്നു തനിയ്ക്കു.ഒരു കൃത്യം ഒറ്റയ്ക്കു ചെയ്യാനാവുമെന്നുറപ്പായപ്പോള്‍ ആദ്യമായേറ്റെടുത്തത് സ്വന്തം ജോലി തന്നെയായിരുന്നു.തന്റെ കാലില്‍ പിടിച്ചു കേഴുന്ന അച്ഛന്റെ രൂപത്തോട് യാതൊരു ദാക്ഷിണ്യവും കാട്ടിയില്ല.വടിവാള്‍ പച്ചമാംസത്തില്‍ ആഴ്ന്നിറങ്ങിയപ്പോള്‍ ഉയര്‍ന്നുപൊങ്ങിയത് അലര്‍ച്ചയോടൊപ്പം പച്ചച്ചോരയുമായിരുന്നു.മുഖത്ത് തെറിച്ച ഒരു തുള്ളി രുചിച്ചു നോക്കിയിട്ട് പിടയുന്ന ആ മുഖത്തേയ്ക്ക് കാറിത്തുപ്പി.വൃത്തികെട്ട രുചി.

ചിന്തകളെ തകര്‍ത്തുകൊണ്ട് മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അയാള്‍ പെട്ടന്ന് അതെടുത്തോണാക്കി.

"അതേ..ഞാനിവിടെതന്നെയുണ്ട്..ശരി..എല്ലാം പറഞ്ഞപോലെ.."

ഒരു ചെറുചിരിയോടെ മൊബൈല്‍ ഓഫ് ചെയ്തിട്ടയാള്‍ മറ്റൊരു സിഗററ്റിനു തീപിടിപ്പിച്ചു.അടുത്തതിനുള്ള നേരമായിരിക്കുന്നു.അങ്ങകാശത്ത് വിളറി നില്‍ക്കുന്ന ചന്ദ്രനെ നോക്കിയപ്പോള്‍ അയാള്‍ക്കു ചിരിപൊട്ടി.പാവം തന്നെ പേടിച്ചിട്ടെന്നവണ്ണം ചെറുപ്രകാശം മാത്രം പൊഴിക്കുന്നു.ആരുടേയോ സംസാരം കേട്ടപോലെ.തനിയ്ക്കുള്ള ഇരയേയും കൊണ്ടു വന്നതാവണം.മങ്ങിയ വെളിച്ചത്തില്‍ ഒരാള്‍ അവന്റെ അടുത്തേയ്ക്കു വന്നു.സുഹൃത്താണു.

"ദേ നല്ല പിടുത്തമാണു.ആ പാറപ്പുറത്തിരുത്തിയിട്ടൊണ്ട് മണ്ടന്‍ കൊണാപ്പനെ.ചാവാനായി കൂടെ വന്ന ..ന്‍"

വായില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് സുഹൃത്ത് അരയില്‍ നിന്നും ഒരു മദ്യക്കുപ്പിയെടുത്ത് അടപ്പ് കടിച്ചുതുറന്നുകൊണ്ട് വായിലേയ്ക്ക് കമിഴ്ത്തിയിട്ട് പാറമേലിരുന്നു.

"അളിയാ തന്നെക്കാള്‍ കൂടുതല്‍ ആരെയും വളരാനനുവദിക്കരുത്.അതു നമ്മെ കൊല്ലുന്നതിനു തുല്യമാണു"

പറഞ്ഞുകൊണ്ട് അവന്‍ പാറമേല്‍ മലര്‍ന്നുകിടന്നു ചെറുതായി ശബ്ദമില്ലാതെ ചിരിച്ചു.ഒരു നിമിഷം അവനെ നോക്കി നിന്നിട്ട് അയാള്‍ തലയൊന്നാട്ടിയിട്ട് തന്റെ ഇരയുടെ അടുത്തേയ്ക്കു നടന്നു.എന്തിനാണീ കൊല എന്നുപോലും തനിയ്ക്കറിയില്ല.അല്ലെങ്കിലും ആവശ്യമില്ലാത്തതൊന്നും താന്‍ തിരക്കാറുമില്ല.ഏറ്റെടുക്കുന്നതൊന്നും പിഴച്ച ചരിത്രവുമില്ല.മങ്ങിയ വെളിച്ചത്തില്‍ പാറമേലിരിയ്ക്കുന്ന രൂപം ലക്ഷ്യമാക്കി അയാള്‍ നടന്നു. അന്തരീക്ഷത്തിനാകെ ഒരു മുറുക്കം വന്നതുപോലെ.പ്രതിയോഗിയുടെ അടുത്തെത്തി ഒരു നിമിഷം നിന്നിട്ട് അയാള്‍ ഇടുപ്പില്‍ നിന്നും തന്റെ ആയുധമെടുത്തു.തലകുമ്പിട്ടിരുന്ന രൂപം പെട്ടന്ന് എഴുന്നേറ്റു നിവര്‍ന്നു നിന്നു.ആ കയ്യില്‍ ഒരു ആയുധം പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു.പെട്ടന്നു തനിയ്ക്കു കുറ്റും ചില അനക്കങ്ങള്‍ ഉടലെടുത്തതയാളറിഞ്ഞു.താനകപ്പെട്ടിരിയ്ക്കുന്നു.അല്‍പം മുമ്പു തന്റെ സുഹൃത്ത് പറഞ്ഞ വാചകം അയാളുടെ മന‍സ്സിലേയ്ക്കോടിയെത്തി.അപ്പോള്‍ എല്ലാം കരുതിക്കൂട്ടിയാണു.അല്ലെങ്കിലും അവന്‍ കൂട്ടിക്കൊണ്ടുവരുന്ന ഒരുത്തനെ തീര്‍ക്കാന്‍ തന്നെ സമീപിച്ചപ്പോഴെങ്കിലും ...മനസ്സു പതറാതെ അയാല്‍ തനെ കയ്യിലെ ആയുധത്തില്‍ പിടിമുറുക്കി.നാലഞ്ചു വാളുകള്‍ ഒരേ സമയമാണു അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ട് ഉയര്‍ന്നുതാഴ്ന്നത്.ഒരു മഴ്വില്ലിന്റെ രൂപത്തില്‍ രക്തത്തുള്ളികള്‍ ചീറ്റിത്തെറിച്ചു.അലര്‍ച്ചകള്‍..അതുമുയരുകയാണു.ഒരഞ്ചുമിനിട്ടിനുശേഷം എല്ലാമൊന്നുശാന്തമായപ്പോള്‍ പാറമേല്‍ കിടന്നിരുന്നവന്‍ മെല്ലെയെഴുന്നേറ്റു അവിടേയ്ക്കുവന്നു.മൂന്നുപേര്‍ തറയില്‍ കിടപ്പുണ്ട്.നീണ്ടുനിവര്‍ന്നുകിടക്കുന്ന പാറമേല്‍ കമിഴ്ന്നുകിടന്ന രൂപത്തെ അവന്‍ കാലുകള്‍ കൊണ്ടു മലര്‍ത്തിയിട്ടു.തന്നെ തന്നെ തുറുച്ചുനോക്കുന്ന കണ്ണുകളെ നോക്കി ഒരു പരിഹാസചിരി ചിരിച്ചിട്ട് അവന്‍ താഴേയ്ക്കു നടന്നു.പാറയില്‍കൂടി ഒലിച്ചിറങ്ങിവന്ന രക്തം പകുതി അറ്റുപോയ ചുണ്ടിലൂടെ അയാളുടെ വായ്ക്കുള്ളിലേയ്ക്കു കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു..ഇന്നു ഞാന്‍ നാളെ നീ എന്ന ലോകതത്വത്തിനു കീഴടങ്ങി ആ ജന്മമൊടുങ്ങിയിരുന്നതിനാലയാള്‍ക്ക് സ്വന്തം രക്തത്തിന്റെ രുചിയറിയുവാന്‍ കഴിഞ്ഞില്ല.

ശ്രീക്കുട്ടന്‍

Wednesday, February 9, 2011

മകന്‍..? ഭര്‍ത്താവ്..? പെണ്‍ കോന്തന്‍...?

മകന്‍ / ഭര്‍ത്താവ്

നിവര്‍ത്തിയിട്ടിരിക്കുന്ന സാരിയിലേക്കു ഒരിക്കല്‍ക്കൂടി ദേവന്‍ നോക്കി. നല്ല ഒന്നാന്തരം കളര്‍. രാജിക്ക് ഇത് നന്നായിച്ചേരും. പക്ഷേ വിലയാണു പ്രശ്നം. കൈയിലുള്ള കാശുകൊണ്ട് അതുവാങ്ങിയാല്‍പ്പിന്നെ ബാക്കികാര്യങ്ങള്‍ക്കെന്തു ചെയ്യും/.രാജിയ്ക്കു മേടിക്കുമ്പോള്‍ ദിവ്യയ്ക്ക് ഒരു ചുരിദാറിന്റെ തുണിയെങ്കിലും വാങ്ങിയില്ലെങ്കില്‍ പിന്നെ അതുമതി സ്വൈര്യം നഷ്ടപ്പെടാന്‍. ഒന്നാമതേ പെണ്ണുകെട്ടിയതോടെ പെങ്ങളും അമ്മയുമൊന്നും വേണ്ടാതായി എന്നാണു അമ്മയുടെ കുറ്റപ്പെടുത്തല്‍. രാജിയാണെങ്കില്‍ അമ്മയോടെ തറുതലമാത്രമേ പറയത്തൊള്ളു. അമ്മ ഒന്നു പറഞ്ഞാല്‍ അവള്‍ രണ്‍റ്റുപറയും. പിന്നെ അത് ലോകമഹായുദ്ധമാകും. അമ്മയ്ക്കാണേല്‍ പ്രായമായി അതുകൊണ്ട് എന്തേലും പറഞ്ഞാല്‍ നീയതു കാര്യമായെടുക്കണ്ട എന്നു എത്ര പ്രാവശ്യം താന്‍ രാജിയോട് പറഞ്ഞിരിക്കുന്നു. ഒരുപയോഗവുമില്ലെന്നുമാത്രം. താനെപ്പോഴും അമ്മേടേം പെങ്ങടേം സൈഡിലെ നില്‍ക്കൂ അവളെ സ്നേഹിക്കുവാന്‍ ആരുമില്ലെന്നാണവളുടെ അവളുടെ പരാതി. എന്തു ചെയ്യാനാണ്. കല്യാണം കഴിഞ്ഞെന്നുവച്ച് അമ്മയേം പെങ്ങളേം അകറ്റിനിറുത്താന്‍ പറ്റുവോ? അമ്മയ്ക്കും പെങ്ങള്‍ക്കും താന്‍ മാത്രമല്ലേയുള്ളു. ആകെയുള്ള പെങ്ങള്‍ക്ക് താനല്ലാതെ ആരാണു ഡ്രസ്സും മറ്റുമൊക്കെ മേടിച്ചുകൊടുക്കുക. ഭാഗ്യത്തിനു അവള്‍ സാരിയുടുക്കണ പ്രായമായിട്ടില്ല.

"നല്ല സാരിയാണുസാര്‍.എടുക്കട്ടെ?"

സെയില്‍സ്ഗേളിന്റെ ശബ്ദമാണു ദേവനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.മുഖംനിറയെ ചിരിയുമായി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ നോക്കിയപ്പോള്‍ ദേവന്‍ ഒന്നും മിണ്ടാതെ തലയാട്ടി.അവള്‍ എടുത്തുവച്ച തുണികളെല്ലാം ദേവന്‍ ഒരിക്കല്‍ക്കൂടി എടുത്തുനോക്കി. അമ്മയ്ക്കു മുണ്ടും നേര്യതും ദിവ്യയ്ക്കു ചുരിദാറിന്റെ തുണിയും രാജിയ്ക്ക് സാരിയും.ധാരാളം.

"ഇതിന്റെ ബില്ലെടുക്കു"

ദേവന്‍ പറഞ്ഞതുകേട്ട് സെയില്‍സ് ഗേള്‍ അതെല്ലാമെടുത്തുകൊണ്ട് കാഷ്യറുടെ അടുത്തേക്കുപോയി.ചിന്താഭാരത്തോടെ പോക്കറ്റില്‍ ഒന്നു തടവിക്കൊണ്ട് ദേവനും അങ്ങോട്ടുനടന്നു.ഒന്നാം തീയതിതന്നെ ശമ്പളം കിട്ടുമെന്നു പറഞ്ഞിട്ടെന്തുകാര്യം.രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കുവാന്‍ താന്‍ കിടന്നു പെടാപ്പാടുപെടുന്നത് ആരറിയുന്നു. വീട്ടുചിലവും ദിവ്യയുടെ ഫീസും കറണ്ടുബില്ലും ബാങ്കിലെ കടവും ഇതൊക്കെപോരാഞ്ഞിട്ട് ചിട്ടികളും. ഹൊ ദൈവമേ ആലോചിച്ചാല്‍ തന്നെ ഭ്രാന്തെടുക്കുന്നു. എത്രനാളായി രാജിയോടു പറയുന്നു അവള്‍ക്കൊരു സാരി വാങ്ങിക്കൊടുക്കാമെന്നു. ഇപ്രാവശ്യം എന്തായാലും അതങ്ങ് നടത്താന്തന്നെ തീരുമാനിച്ചു.പിന്നെ വാങ്ങുമ്പോള്‍ അവള്‍ക്കുമാത്രം പറ്റില്ലല്ലോ.രാജീവന്‍ കുറച്ചു കാശുതന്നു സഹായിച്ചതുകൊണ്ട് കാര്യം നടന്നു.കാഷ്യര്‍ നീട്ടിയ ബില്ല് വാങ്ങിനോക്കിയിട്ട് ദേവന്‍ പഴ്സില്‍നിന്നു കാശെടുത്തുകൊടുത്തു. പ്ലാസ്റ്റിക കവറുകളിലാക്കിയ തുണിയുമായി അവന്‍ പുറത്തേയ്ക്കിറങ്ങി. എന്തായാലും ഇന്നു എല്ലാ പ്രശ്നങ്ങള്‍ക്കും അവധി നല്‍കുകതന്നെ. പതിവില്ലാതെ അവന്റെ മുഖത്തൊരു മന്ദഹാസം പൊട്ടിവിടര്‍ന്നു. ചുണ്ടിലൊരു മൂളിപാട്ടും.നേരേ തൊട്ടടുത്തുള്ള മാര്‍ക്കറ്റില്‍ കയറിയ അവന്‍ നല്ല കുറച്ചു മീന്‍ വാങ്ങി. അടുത്തുതന്നെയുള്ള കടയില്‍നിന്നു വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങി ഒരോട്ടോ പിടിച്ചു വീട്ടിലേയ്ക്കു തിരിച്ചു.

റോഡിലെ കുഴികളിലും മറ്റും വീണ് ആടിയുലഞ്ഞ് യാത്രചെയ്യവേ ദേവന്‍ എന്തെല്ലാമോ മനസ്സില്‍ കണക്കുകൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എത്ര തന്നെ ചിന്തിക്കേണ്ടെന്നു കരുതിയിട്ടും ചിലവുകളുടെ കണക്കുകള്‍ അവന്റെയുള്ളില്‍ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കണ്മുന്നില്‍ പാലുകാരനും പത്രക്കാരനും സ്റ്റേഷനറിക്കടക്കാരനും ഇന്‍സ്റ്റാല്‍മെന്റുകാരനും എല്ലാം കൈനീട്ടിനില്‍ക്കുന്നു.എല്ലാപേരും ക്ഷമിയ്ക്കുക.ഈ മാസം പകുതിവീതമേ തരാനുള്ളു.അടുത്ത മാസം ബാക്കികൂടി ചേര്‍ത്തുനല്‍‍കാം.പണത്തിനു പണം തന്നെ വേണ്ടേ.ചുമ്മാതാണോ ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലിക്കാരായിപോകുന്നത്.

വീട്ടിനുമുമ്പില്‍ ഇറങ്ങി റിക്ഷാക്കാരനു കാശെടുത്തുകൊടുത്തിട്ട് പഴ്സില്‍ അവശേഷിച്ചിരിക്കുന്ന രൂപ വെറുതേയവന്‍ എണ്ണി നോക്കി. രണ്ടായിരം തികച്ചില്ല.ഒരു മാസത്തെ വീട്ടു ചിലവുകള്‍ക്ക് എവിടെ തികയാനാണിത്. വരുന്നതുപോലെ വരട്ടെ.കവറുകളെടുത്ത് പിടിച്ചുകൊണ്ട് അവന്‍ വീട്ടിലേയ്ക്കുള്ള ഒതുക്കുകല്ലുകള്‍ കയറി. ഒരൊച്ചയുമനക്കവുമൊന്നും കേള്‍ക്കുന്നില്ല.എന്തുപറ്റി.തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറിയപ്പോള്‍ ദേവന് എന്തോ വല്ലായ്മ അനുഭവപ്പെട്ടുതുടങ്ങി.ഒരു മൂലയിലായി കസേരയില്‍ മുഖവും വീര്‍പ്പിച്ചിരിക്കുന്ന അമ്മ. ചുമരില്‍ ചാരിയിരുന്ന്‍ ദിവ്യ എന്തോ വായിക്കുന്നു. മുറിയിലേക്കു പാളി നോക്കിയ അവന്‍ കണ്ടത് കമിഴ്ന്ന് കട്ടിലില്‍ കിടക്കുന്ന രാജിയെയാണു. നശിച്ചു.ഇന്നത്തെ ദിവസവും തകര്‍ന്നു.അമ്മയും അവളും കൂടി ഉരസിക്കാണും.അതിന്റെ ബാക്കി പത്രമാണിതെല്ലാം.

"എടീ ദിവ്യേ.ഈ മീന്‍ നന്നായിട്ടൊന്നു വച്ചേ നീ. പിന്നെ ഈ ഡ്രെസ്സ് നിനക്കുള്ളതാ.കൊള്ളാമെന്നു നോക്ക്".

ചുറിദാറിന്റെ കവറും മീനും എടുത്ത് ദേവന്‍ പെങ്ങളുടെ കൈയില്‍ക്കൊടുത്തു. ഡ്രസ്സ് കവര്‍ തുറന്നുനോക്കിയ ദിവ്യയുടെ മുഖത്തൊരു സന്തോഷം വിടര്‍ന്നു. ഒന്നുരണ്ടുനിമിഷം അതില്‍ത്തലോടിനിന്നിട്ടവള്‍ ആ കവര്‍ കസേരയില്‍ വച്ചിട്ട് മീന്‍ കവറുമായി അടുക്കളയിലേയ്ക്കു പോയി.

"അമ്മേ. ഇതുകൊള്ളാവോന്ന്‍ നോക്കിയേ"

മുഖത്ത് പ്രസന്നതവരുത്തിക്കൊണ്ട് ദേവന്‍ അമ്മയുടെ നേരേ തുണിക്കവര്‍ നീട്ടി.രൂക്ഷമായ ഒരു നോട്ടമായിരുന്നു അതിന്റെ മറുപടി. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ ആ പൊതി മേശപ്പുറത്ത് വച്ചിട്ട് അവന്‍ തന്റെ മുറിയിലേയ്ക്കു കയറി. കൈയിലിരുന്ന സാരിയുടെ പൊതി കട്ടിലിലേക്കിട്ടിട്ട് ഷര്‍ട്ടൂരി അയയില്‍ തൂക്കിയശേഷം ഒന്നുരണ്ടുനിമിഷം എന്തോ ചിന്തിച്ചെന്നവണ്ണം നിന്നു.  എന്നിട്ട് നടന്നുചെന്ന്‍ വാതില്‍ അടച്ചശേഷം തിരിയെവന്നു കട്ടിലിലേയ്ക്കിരുന്നു.കമിഴ്ന്നുകിടക്കുന്ന ഭാര്യയെ ബലം പ്രയോഗിച്ചവന്‍ മലര്‍ത്തിക്കിടത്തി.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് എന്തോ പറയാനായി ശ്രമിച്ച അവളുടെ വായ കൈകൊണ്ട് പൊത്തിയിട്ടവന്‍ കുനിഞ്ഞവളുടെ നെറ്റിയില്‍ ഒരുമ്മ നല്‍കി.


"എവിടെയോകിടന്നതും വാങ്ങിച്ചോണ്ടുവന്നിരിക്കുന്നു അവന്‍.ആരുടേങ്കിലും വെട്ടത്തുടുക്കുവാന്‍ കൊള്ളാവുന്ന ഒന്നാണോയിത്. അതെങ്ങിനെ കാശുകൊടുത്താലല്ലേ നല്ല സാധനം കിട്ടൂ. വെലകൂടിയതെല്ലാം അവക്ക് മേടിച്ചു കൊടുത്താമതി. ഇങ്ങിനെയൊരുപെണ്‍കോന്തന്‍. അതെങ്ങിനെ മന്ത്രം പറഞ്ഞ് മയക്കിയെടുത്തിരിക്കുകയല്ലേ. എന്റെ ഈശ്വരമ്മാരെ ഇങ്ങിനെയൊരു പെണ്‍കോന്തനായിപ്പോയല്ലോ എന്റെ ആണ്‍തരി. എനിക്കും പെണ്ണിനും ആരാണുള്ളത്"

ചാരിയിട്ടിരിയ്ക്കുന്ന വാതിലില്‍ക്കൂടി കടന്നുവരുന്ന പതമ്പറച്ചിലുകളും പ്രാക്കും കരച്ചിലുമൊന്നും ശ്രദ്ധിക്കാതെ ദേവന്‍ തന്റെ ഭാര്യയുടേ കണ്ണീരണിഞ്ഞ കവിളില്‍ അമര്‍ത്തി ചുംബിച്ചു. ഉപ്പുരസം അവന്റെ നാവില്‍ പടര്‍ന്നു.എന്തെല്ലാമോ പറയുവാനായി വെമ്പല്‍കൊണ്ട അവളെ അവന്‍ തന്റെ ഇരുകരങ്ങള്‍കൊണ്ടും മുറുക്കെഒപ്പുണര്‍ന്നു ശരീരത്തോടമര്‍ത്തിക്കിടന്നു. അവളുടെ കൈകളും അവനെച്ചുറ്റിവരിഞ്ഞു.

കുറച്ചുസമയങ്ങള്‍ക്കുശേഷം രാജി സാരിയെടുത്തശേഷം ദിവ്യയെക്കാണിക്കാനായി നടുത്തളത്തിലേക്കു ചെന്നു. കട്ടിലില്‍ക്കമിഴ്ന്നുകിടന്ന ദേവന്റെ ചെവിയിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ ബോംബ്പൊട്ടലും വെടിയൊച്ചകളും മുഴങ്ങിക്കേട്ടു. കുറച്ചുസമയം ആ കിടപ്പുകിടന്നിട്ട് അവന്‍ സിഗററ്റുപായ്ക്കറ്റും തീപ്പെട്ടിയുമെടുത്ത് മുറ്റത്തേയ്ക്കിറങ്ങി ഒതുക്കുകല്ലിലിരുന്നു സാവധാനം സിഗററ്റൊന്നു കത്തിച്ചുവലിക്കാനാരംഭിച്ചു.  അമ്മായിയമ്മ മരുമകള്‍ യുദ്ധത്തില്‍ നിക്ഷ്പക്ഷതപാലിച്ചുകൊണ്ട് നാത്തൂന്‍ ദിവ്യ റ്റീവിയുടേ വോളിയം കൂട്ടിവച്ച് തുടര്‍സീരിയലിന്റെ എപ്പിസോഡില്‍മുഴുകി.

അന്ന്‍ ആ വീട്ടില്‍ അത്താഴം ലാവിഷായിക്കഴിച്ചത് കണ്ടന്‍പൂച്ച മാത്രമായിരുന്നു.അവനു തിന്നാന്‍ നല്ല ഒന്നാന്തരം മീന്‍ അടുക്കളയിലുണ്ടായിരുന്നു.

ശ്രീ....

Monday, February 7, 2011

ആദരാഞ്ജലികള്‍

ഒരുപാടുപേര്‍ രോഷവും അമര്‍ഷവുമെല്ലാം പ്രകടിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും അനുശോചനങ്ങളറിയിക്കുകയും ഹര്‍ത്താലാചരിക്കുകയുമൊക്കെ ചെയ്തു കഴിഞ്ഞിരിക്കുന്നു.മൃഗ തുല്യമായ ഒരുവനാല്‍ അതിക്രൂരമായപമാനിയ്ക്കപ്പെടുകയും ഒടുവില്‍ മരണ്ത്തിനു കീഴടങ്ങേണ്ടിവരുകയും ചെയ്ത പ്രീയ സോദരീ..നിന്റെ പേരുച്ചരിയ്ക്കുവാന്‍ പോലും അര്‍ഹതയില്ലാത്ത,തലയുയര്‍ത്തിനില്‍ക്കുവാന്‍ ഒട്ടും തന്നെ യോഗ്യതയില്ലാത്ത ആണ്‍ വര്‍ഗ്ഗത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഞാനും മാപ്പു ചോദിക്കുന്നു.നീ ജീവനും മാനവും രക്ഷിയ്ക്കുവാനായി ഉറക്കെ നിലവിളിച്ചപ്പോള്‍ അത് കേട്ടിട്ടും കേട്ട ഭാവം നടിയ്ക്കാതിരുന്ന ഞാനുല്‍പ്പെടുന്ന നപുംസകങ്ങളായ സഹോദരമ്മാരെ നീ ശപിയ്ക്കരുതേ.നമ്മുടെ നേര്‍ക്കുവരുമ്പോള്‍ മാത്രം പ്രതികരിയ്ക്കുകയും മറ്റൊരാള്‍ക്കു സംഭവിയ്ക്കുമ്പോള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുകയും ചെയ്യുന്നത് നമ്മുടെ രക്തത്തിലലിഞ്ഞുചേര്‍ന്നുപോയതാണു.നീയൊരിയ്ക്കലും കരുതണ്ട നിന്നെ കാശാപ്പുചെയ്ത ആ ജന്തുവിനു എന്തെങ്കിലും ശിക്ഷ കിട്ടുമെന്നു.ഇവിടത്തെ നിയമം അതിനുള്ള നട്ടെല്ല് കാട്ടാറില്ല.അങ്ങെനെയുണ്ടായിരുന്നുവെങ്കില്‍ ഇതേപോലുള്ള ആയിരക്കണക്കിനു ഗോവിന്ദച്ചാമിമാര്‍ നൂറുകണക്കിനു കേസുകളില്‍ പ്രതികളാണെന്നു വന്നിട്ടും മിടുക്കമ്മാരായി തുറിച്ച കണ്ണുകളുമായി കയ്യും വീശി നടക്കില്ലല്ലോ.ഒടുവില്‍ നല്ല കാശുകൊടുത്ത് ഏതെങ്കിലും മിടുക്കമ്മാരായ വക്കീലിന്റെ സഹായത്താല്‍ പുല്ലുപോലെ ഗോവിന്ദചാമിമാര്‍ പുറത്തുവന്നു നടുനിവര്‍ത്തിട്ട് അടുത്ത ഇരയെ തേടിപോകും. കുറച്ചുദിവസത്തെ ചര്‍ച്ചകളിലും മറ്റും നിറഞ്ഞു നിന്നശേഷം ഞങ്ങളതെല്ലാം മറക്കും സോദരീ.അപ്പോഴേയ്ക്കും പുതിയ പുതിയ ഇരകള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടാവും.വീണ്ടും കണ്ണുനീരുകള്‍...നിലവിളികള്‍....ചര്‍ച്ചകള്‍..അനുശോചനങ്ങള്‍..എല്ലാം മുറയ്ക്കു നടക്കും....നീ രോഷം കൊണ്ടിട്ടു കാര്യമില്ല.ഇതേപോലെ ഒരു നാട്ടില്‍ ജനിച്ചുപോയ ഗതികേടോര്‍ത്ത് നിന്റെ ആത്മാവ് പരലോകത്തിരുന്നു കാറിത്തുപ്പുന്നത് മുഖത്ത് പതിയ്ക്കാതിരിക്കുവാനായി ഞാന്‍ എന്റെ തല കുനിയ്ക്കുന്നു.

പ്രീയ സോദരീ യോഗ്യതയില്ലെങ്കില്‍ പോലും ഞാന്‍ നിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു...

ശ്രീക്കുട്ടന്‍