Saturday, February 4, 2012

മീശക്കുറുപ്പിന്റെ വിളയാട്ടങ്ങള്‍

"ഏതു കഴ്വര്‍ട മോനാടാ കട തുറന്നു വച്ചിരിക്കുന്നത്."

ബസ്സില്‍ നിന്നും ഇറങ്ങിയപാടേ അഴിഞ്ഞമുണ്ട് കൈയ്യില്‍പിടിച്ചു കൊണ്ട് ഒരലര്‍ച്ചയായിരുന്നു മീശക്കുറുപ്പ്.
ഏലാപ്പുറത്തെ പ്രധാനകുടിയനും പേരിനു ഒരു ചെറിയ ഗുണ്ടയുമാണ് കുറുപ്പ്.വയസ്സു 45 ആയി.അഞ്ചരയടിപൊക്കം, കൊമ്പന്‍ മീശ,സദാ ചുവന്നുകലങ്ങിക്കിടക്കുന്ന കണ്ണുകള്‍,നെറ്റിയില്‍ ഒരു മുറിവിന്റെ പാട്,ശരീരം മാത്രം പെന്‍സില്‍ കനത്തിലും.അതാണു കുറുപ്പ്.വടിവേലുവിന്റെ ചിലസിനിമകളിലെ മീശപോലെ ഫിറ്റു ചെയ്തിരിക്കുന്ന മീശ ആശാന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്. അതിന്റെ ബെയ്സിലാണു മീശക്കുറുപ്പ് എന്ന പേരു തന്നെ വന്നത്. എന്തു ചെയ്യാന്‍ തുടങ്ങുമ്പോഴും ആശാന്‍ മീശയിലൊന്നു തലോടും.നെറ്റിയിലെ പാട് പണ്ടൊരു ഗുണ്ടയുമായി ഏറ്റുമുട്ടിയപ്പോള്‍ പറ്റിയതാണെന്നാനു കുറുപ്പണ്ണന്‍ ഇടക്കിടെ പറയുമെങ്കിലും ശാന്തേടത്തി തവികൊണ്ട് വീക്കിയപ്പോള്‍ സംഭവിച്ചതാണാ മുറിവെന്നു ചില അസൂയാലുക്കള്‍ പറയുന്നുണ്ട്.ആരും തന്നെ ഒന്നും ചെയ്യാന്‍ ധൈര്യപ്പെടില്ലെന്നു കുറുപ്പിനു നന്നായറിയാം.കാരണം ഒറ്റ അടിക്കു തന്നെ ചിലപ്പോള്‍ ജീവന്‍ പോകും.കൊലപാതകത്തിനു സമാധാനം പറയണ്ടേ.അതുകൊണ്ട് തന്നെ ആരൊടും കേറി മുട്ടുന്നതില്‍ ആശാനു ഒരു മടിയുമില്ല. നാട്ടിലുള്ള മുഴുവന്‍ ആളുകളും തന്നെ അനുസരിച്ചുകൊള്ളണമെന്നതാണു കുറുപ്പിന്റെ കല്‍പ്പന.പുള്ളിക്കാരനു ഭൂമിമലയാളത്തില്‍ ഭയമുള്ളതു സ്വന്തം കെട്ടിയവളെ മാത്രമാണു. ശാന്തേടത്തി ഒന്നു തറപ്പിച്ചുനോക്കിയാല്‍ മീശ ഒരു എലിയായി മാറും.

മിക്ക ദിവസവും അല്‍പ്പം നാടനടിച്ചിട്ട് കുറുപ്പ് ജംഗ്ഷനില്‍ എല്ലാപേരെയും ഒന്നു ഭരിക്കാറുണ്ട്.പ്രധാനമായും ചായക്കട നടത്തുന്ന അമ്മിണിയേടത്തിയേയും ബാര്‍ബര്‍ സുശീലനെയും ശരിക്കു ചീത്ത വിളിക്കും.കടത്തിനു ചായ തരാന്‍ ഇനി പറ്റത്തില്ലെന്നു അമ്മിണിയേടത്തി തറപ്പിച്ചുപറഞ്ഞതോടെയാണു അവര്‍ കുറുപ്പിന്റെ ഹിറ്റ്ലിസ്റ്റില്‍ പെട്ടത്.ഒരിക്കല്‍ ഷേവുചെയ്തുകൊണ്ടിരുന്നപ്പോള്‍ കൊമ്പന്മീശയുടെ അറ്റം പോയെന്നും പറഞ്ഞ് സുശീലന്റെ സാധനങ്ങളെല്ലാം കുറുപ്പ് തവിടുപൊടിയാക്കി. അന്നു രാത്രി ഇരുട്ടത്ത് ആരോ മീശയുടെ ഒരു കൈ അടിച്ചൊടിച്ചു.അതു ചെയ്യിപ്പിച്ചത് സുശീലനാണെന്നു തറപ്പിച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് കുറുപ്പ് സുശീലനെ വെറുതെ വിടാത്തത്.ഭരണം അസഹനീയമാവുമ്പോള്‍ ആരെങ്കിലും ശാന്തേടത്തിയെ വിവരമറിയിക്കും. ചേടത്തിയുടെ നിഴല്‍ ദൂരെ കാണുമ്പോഴെ മീശച്ചേട്ടന്‍ മറുവഴിയിലൂടെ അപ്രത്യക്ഷനായിരിക്കും.

നാട്ടിലെ അടയ്ക്ക,കപ്പ,കുരുമുളകു,മാങ്ങ ചക്ക എന്നുവേണ്ട എന്തു സാധനവും വാങ്ങി കുറുപ്പ് മറുകച്ചവടം ചെയ്തിരിക്കും.ആശാന്റെ പാര്‍ട്ട്ണര്‍ ഒരാളുണ്ട്.സുഗതന്‍. .ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ടെന്നപോലെ ആശാനൊത്ത ശിക്ഷ്യന്‍. ഇടയ്ക്കിടയ്ക്ക് രണ്ടുപേരും തമ്മീത്തെറ്റും.പിണക്കം മാറി ഇണങ്ങിക്കഴിഞ്ഞാപ്പിന്നെ അതിന്റെ വാട്ടം തീര്‍ക്കാനായി കൊല്ലമ്പുഴഷാപ്പിലേയ്ക്ക് ഇരുവരും കൂടിയൊരു പോക്കുണ്ട്.തലേന്ന്‍ ലളിതചേച്ചിയുടെ പണയില്‍ നിന്നും അടയ്ക്കാ മൊത്തവിലപറഞ്ഞെടുത്ത് അത് കച്ചോടമാക്കിമടങ്ങിയുള്ള വരവാണു രംഗം.

തറയില്‍ കാലുറപ്പിക്കാന്‍ പറ്റുന്നില്ലെങ്കിലും മീശയുടെ ശിഷ്യന്‍ സ്നേഹത്തോടെ അണ്ണനോട് ഇപ്രകാരം പറഞ്ഞു.

"അണ്ണന്‍ വന്നേ നമുക്കു വീട്ടീപ്പോവാം".

"ത്ഫൂ പട്ടിക്കഴുവെറി ആരാടാ നിന്റെ അണ്ണന്‍."

"അണ്ണാ പോലീസ് വരും.നമുക്ക് പോവാം.ഇന്നാള് ഒന്നു കിട്ടീത് ഓര്‍മ്മയുണ്ടല്ലോ.."

രണ്ടുമൂന്നാഴ്ചമുന്നേ ഇതേപോലെ ഭരണം നടത്തിക്കൊണ്ടിരുന്നപ്പം അതുവഴി വന്ന എസ് ഐ കൈവീശി ഒന്നു കൊടുത്തു കുറുപ്പിനു. ആ ഒറ്റയടിയില്‍ ഒരാഴ്ചയാണ് മീശ മര്യാദക്കാരനായിപ്പോയത്.സുഗതന്‍ പോലീസ് ജീപ്പ് കണ്ടപ്പോഴേ വയല്‍ വാരം പറപറന്നിരുന്നു.ആടിയാടി നിന്നുകൊണ്ട് കുറുപ്പ് ആ രംഗം ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.അറിയാതെ കവിളില്‍ തലോടിപ്പോയ മീശ തലയൊന്നു വെട്ടിച്ചിട്ട് പറഞ്ഞു.

"ഞാന്‍ വരുന്നില്ല.നീ പൊയ്ക്കോ"

"ങ്ഹാ..ഞാന്‍ പോണ്.നിങ്ങള് വരുന്നില്ലെങ്കി വേണ്ടാ" വളരെ പണിപ്പെട്ട് ഒരു ബീഡി കത്തിച്ചിട്ട് റോഡളന്നുകൊണ്ട് വീട്ടിലേയ്ക്കുള്ള ഘോഷയാത്രയാരംഭിച്ചു.

കീരിക്കാ​ടന്‍ ജോസ് നോക്കുന്നതുപോലെ എല്ലാപേരെയും ഒന്നു നോക്കിക്കൊണ്ട് വാസു ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചിട്ട് അമ്മിണിയേടത്തിയോടു പറഞ്ഞു.

"എടീ അമ്മിണി ഒന്നു തീപ്പെട്ടി തന്നേ പിന്നെ നിന്റെ ഒരുവാട്ടവെള്ള ചായയും"

"ദേ എന്റെ തനിക്കൊണം താനറിയും.പറഞ്ഞേക്കാം.തനിക്കിവിടെ ചായയുമില്ല ഒരു കോപ്പുമില്ല."

"ഇല്ലെങ്കി വേണ്ട നിന്നെ പിന്നെ ഞാന്‍ എടുത്തോളാം".

"താന്‍ കൊറെ ഒലത്തും.കൊറെ ചാരായോം കുടിച്ചേച്ചുവന്ന്‍ ഭരിക്കുന്നു. ദേ എല്ലാവരോടും കാട്ടണതുപോലെ എന്റടുത്തു വന്നാല്‍ തെളച്ചവെള്ളം ഞാന്‍ മോന്തയ്ക്കൊഴിച്ചുതരും."

ഒരു മൊന്ത ചൂടുവെള്ളവുമായി അമ്മിണി പുറത്തേയ്ക്കിറങ്ങി.

നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒന്നു കാറിത്തുപ്പിയശേഷം വാസു റോഡിന്റെ മധ്യത്തിലേക്കു കേറിനിന്നു ട്രാഫിക്ക് നിയന്ത്രിക്കാനാരംഭിച്ചു.

ആ സമയത്താണു പുതിയ എസ് ഐ ഇടിയന്‍ വാസുവും നാലഞ്ചുപോലീസുകാരും അതുവഴി വന്നതു. പോലീസ് ജീപ്പ് വരുന്നതുകണ്ടിട്ട് കുറുപ്പ് മാറിയതൊന്നുമില്ല.എത്ര പോലീസ് ജീപ്പ് ആശാന്‍ കണ്ടിരിക്കുന്നു.

ജീപ്പുനിര്‍ത്തിപുറത്തിറങ്ങിയ ഇടിയന്‍ വാസു ചോദ്യമൊന്നും ചോദിച്ചില്ല.ദൂരവച്ചേ തന്നെ അദ്ദേഹം കുറുപ്പിന്റെ പ്രകടനങ്ങള്‍ കാണുകയായിരുന്നല്ലോ. ആദ്യ പൊട്ടിപ്പിനുതന്നെ മീശ ഭൂതലസ്ഥനായി. രണ്ട് പോലീസുകാര്‍ ആ ബോഡി മനോഹരമായി ചുമന്നെടുത്ത് ജീപ്പില്‍ വച്ചു.പിന്നെ മെല്ലെ പ്രയാണമാരംഭിച്ചു.

വല്യമ്മയുടെ വീട്ടില്‍ പോയിരുന്ന ശാന്തേച്ചി തിരിച്ചുവന്ന‍പ്പോഴാണു കണവനെ പോലീസുകൊണ്ടുപോയ വാര്‍ത്തയറിയുന്നത്.കാലനു രണ്ടു കിട്ടിയാലേ മര്യാദ പഠിക്കൂ എന്നൊക്കെ പിറുപിറുത്തുകൊണ്ടിരുന്നെങ്കിലും കുറച്ചുകഴിഞ്ഞ് പതീസ്നേഹത്താല്‍ അവര്‍ അയല്‍വാസിയായ കുമാരന്‍ നായരോട് കാര്യം പറയുകയും മനസ്സില്ലാമനസ്സോടെ നായര്‍ പോലീസ് സ്റ്റേഷനിലേക്കു തിരിക്കുകയും ചെയ്തു.

മുമ്പ് രണ്ടുമൂന്നുതവണ സ്റ്റേഷനില്‍ പോയിട്ടുള്ളതുകൊണ്ട് കുമാരന്‍ നായര്‍ക്ക് ഒന്നുരണ്ട് പോലീസുകാരെയൊക്കെപ്പരിചയമുണ്ട്.

"സാര്‍ ആ കുറുപ്പിനെ കൊണ്ടുപോകാന്‍ വന്നതാണു.ഇച്ചിരി കള്ളുകുടിക്കുമെന്നേയുള്ളു.ആള് പാവമാണ് കേസൊന്നുമാക്കരുത് . ഇനി ഒരു കുഴപ്പമൊന്നുമുണ്ടാക്കാതെ ഞങ്ങള്‍ നോക്കിക്കൊള്ളാം." വളരെ ഭവ്യതയോടുകൂടി കുമാരേട്ടന്‍ പരിചയക്കാരനായ പോലീസുകാരന്‍ കുട്ടന്‍പിള്ളയോടു പറഞ്ഞു.

"ഹൊ ഞാനും കാത്തിരിക്കുകയായിരുന്നു.ആരെങ്കിലും ഒന്നു വരാന്‍ വേണ്ടി. കൊണ്ടുപൊയ്ക്കോ കൊണ്ടുപൊയ്ക്കോ.പോകുന്നതിനുമുമ്പ് ആ ജീപ്പും ലോക്കപ്പും നല്ലോണം കഴുകിവൃത്തിയാക്കിയാക്കണം.ജീപ്പില്‍കിടന്ന്‍ എസ് ഐയുടെ പൊറത്തൂടെ ശര്‍ദ്ധിച്ചതും പോരാഞ്ഞു ലോക്കപ്പില്‍ കിടന്ന്‍ കാര്യം സാധിക്കുകയും ചെയ്തു. രണ്ട് കൊടുക്കാമെന്നു വച്ചാതന്നെ ചത്തുപോവത്തില്ലേ.ഇതെല്ലാം കാണിച്ചിട്ട് അതിനകത്ത് കെടന്ന്‍ എസ് ഐ യെ തെറിവിളിക്കുവാ.ഇങ്ങേരെ എവിടെയെങ്കിലും കൊണ്ടുത്തട്ടാന്‍ പറഞ്ഞിട്ട് എസ് ഐ ദേ ഇപ്പം പോയതേയുള്ളൂ."

"എവിടടാ കഴ്വറീ..ദോശേം ബുള്‍സൈയും എത്ര സമയമായെടാ പറഞ്ഞിട്ട്"

ലോക്കപ്പിനു പുറത്തായി ചുരുണ്ടുകിടന്നുകൊണ്ട് മീശക്കുറുപ്പ് ഓര്‍ഡര്‍ വീണ്ടും പുതുക്കി...

"മര്യാദയ്ക്ക് ഈ #..*..## നെ ഇവിടുന്നെടുത്തോണ്ട് പൊയ്ക്കോ.അതിനുമുന്നേ ആദ്യം ആ ജീപ്പും പിന്നെ ലോക്കപ്പും വൃത്തിയാക്കാന്‍ മറക്കണ്ട. പെട്ടന്നാവണം.എസ്.ഐ ഇപ്പം വരും.ഇവിടെ ചൂലില്ല. ഡെറ്റോളും.ആ ഫ്രണ്ടിലുള്ള കടയില്‍ ഡെറ്റോളും ചൂലും കാണും. ങ്ഹാ..വരുമ്പോള്‍ ഒരു പായ്ക്കറ്റ് വില്‍സുകൂടിമേടിച്ചോ.ഒരു മുറുക്കാനും മറക്കണ്ട"

കുട്ടന്‍ പിള്ള പറഞ്ഞതുകേട്ട് തലചൊറിഞ്ഞു എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് കുമാരന്‍ നായര്‍ തൊട്ടുമുന്നിലുള്ള കടയിലേയ്ക്ക് നടക്കുമ്പോള്‍ മീശയുടെ ഓര്‍ഡര്‍ വീണ്ടും അകത്തുനിന്നും മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു.

ശുഭം...

ശ്രീക്കുട്ടന്‍

13 comments:

 1. ആര്‍ക്കുവേണമെങ്കിലും വായിക്കാം അഭിപ്രായം പറയാം..യാതൊരു മടിയും കൂടാതെ ആരംഭിച്ചുകൊള്ളൂ...

  ReplyDelete
 2. Meesakurup kollaam..inium ezhuthuka..

  ReplyDelete
 3. പോരട്ടങ്ങനെ കുറുപ്പ് ചരിതങ്ങള്‍ ക്ലൈമാക്സ് ഒന്നുകൂടെ കൊഴി പ്പിക്കായിരുന്നു ട്ടോ

  ReplyDelete
 4. ഹ ഹ .. ഇത് പോലെ ഉള്ള മീശ കുറുപ്പന്മാര്‍ നാട്ടിന്‍ പുറങ്ങളില്‍ ഇപ്പഴും ഉണ്ട് ! :)

  ReplyDelete
 5. മീശക്കുറുപ്പ്...
  പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു രൂപം മനസ്സില്‍ വരുന്നു...
  സങ്ങതി രസാരിക്കണ്... :)

  ReplyDelete
 6. പാവം കുമാരന്‍ നായര്‍ .... :)

  ReplyDelete
 7. മീശക്കുറുപ്പിനെ ഇഷ്ടപ്പെട്ടു.
  ഇനി പോലീസ്‌ ഈ സാഹസത്തിനു മുതിരില്ല അല്ലെ..?

  ReplyDelete
 8. മീശ കുറുപ്പ് കൊള്ളാം..
  തെല്ലോളം പള്ളയില്‍ ചെന്നാല്‍ ....ഇത്തരം കുറുപ്പുമാര്‍ തന്നെ രാജാക്കള്‍..

  ReplyDelete
 9. ശുദ്ധനാടൻ അടിക്കണമെങ്കിൽ അല്ല കേൾക്കണമെങ്കിൽ പുളുസുവിനെ തന്നെ കാണണം..:) നന്നായി സ്രീകുട്ടാ. അവസാനം ഒന്നു കൂടി പഞ്ചായിരുന്നു..:)

  ReplyDelete
 10. രസിച്ചു വായിച്ചു ശ്രീക്കുട്ടാ ...

  നല്ല ഒന്നാം തരം നാടന്‍ പുളൂസു....
  ഇത്തരം കഥാ പാത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും ഒരെണ്ണം കാണും ...
  എന്റെ നാട്ടില്‍ ഒരു മീശ കേശവന്‍ ആണ് താരം. കുറുപ്പിന്റെ മറ്റൊരു അവതാരം ആയതിനാല്‍ വായിക്കുമ്പോള്‍ മുഴുവന്‍ കേശവന്‍ ആയിരുന്നു മനസ്സില്‍ ..

  ReplyDelete
 11. പല കുരുപ്പന്മാരെയും ഇങ്ങനെ കണ്ടിട്ടുണ്ട് നാട്ടില്‍ ....ഇത് കൊള്ളാം ഒരു മീഷക്കുരുപ്പിന്റെ പടം കൂടി വെക്കായിരുന്നു ഹ്മ്മ

  ReplyDelete
 12. കൊള്ളാം..എങ്കിലും കൊമ്പൻ പറഞ്ഞതുപോലെ, അവസാനം കൊഴുപ്പിക്കാമായിരുന്നു

  ReplyDelete
 13. നിന്നെ പിന്നെ കണ്ടോളാമെന്നു പറഞ്ഞുകൊണ്ട് തറയില്‍ ഒന്നു കാറിത്തുപ്പിയശേഷം വാസു റോഡിന്റെ മധ്യത്തിലേക്കു കേറിനിന്നു ട്രാഫിക്ക് നിയന്ത്രിക്കാനാരംഭിച്ചു.

  ഈ രംഗം ആലോചിച്ച് എനിക്ക് ചിരിയടക്കാനാവുന്നില്ല. ൈതൊക്കെയല്ലേ ഓർമ്മകൾ! രസാവുന്നുണ്ട്, കാത്തിരിക്കുന്നു, അടുത്ത ഓർമ്മക്കായി. ധൃതി വേണ്ട. ആശംസകൾ.

  ReplyDelete