Thursday, February 16, 2012

വിജയന്‍ മൊതലാളി

അയല്‍വക്കത്തെ വസുമതിചേച്ചിയുമായി തന്റെ വീട്ടിന്റെ ഗേറ്റിന്നുമുമ്പില്‍ പരദൂഷണവും പറഞ്ഞുനിന്ന സുലോചനാതങ്കപ്പന്‍ തങ്ങളുടെ തൊട്ടുമുന്‍പിലായി വന്നുനിന്ന ആ ആഡംബരക്കാറിലേയ്ക്കു സൂക്ഷിച്ചുനോക്കി. ഡ്രൈവര്‍സീറ്റില്‍ നിന്നും ചാടിയിറങ്ങിയ യുവാവ് കാറിന്റെ ബാക്ക് ഡോര്‍ തുറന്ന്‍ പിടിച്ച് ഭവ്യതയോടുകൂടി ഒതുങ്ങി നിന്നു. ബാക്ക്സീറ്റില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് ചുറ്റുപാടും ഒന്നു നോക്കിയിട്ട് സുലോചനേച്ചി നില്‍ക്കുന്നിടത്തേയ്ക്കു നടന്നു വന്നു. മനോഹരമായ കൂളിംഗ് ഗ്ലാസ്സും വച്ചു വിലകൂടിയ വാച്ചും ഡ്രെസ്സും മറ്റും അണിഞ്ഞ് തന്റെ നേരെ നടന്നടുക്കുന്ന ആ യുവാവിനെതന്നെ സുലോചന സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ട നല്ല മുഖപരിചയം.പക്ഷേ ഓര്‍മ്മ വരുന്നില്ലല്ലോ.വസുമതിചേച്ചിയും ആകെ അന്തം വിട്ടപോലെ നില്‍പ്പാണ്.

"ഹലോ സുലുവമ്മായി.എന്നെ മനസ്സിലായില്ലേ."

തന്റെ മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ യുവാവിനെ സുലോചന ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി.ദൈവമേ ഇത് പണ്ട് നാടുവിട്ടുപോയ വിജയനല്ലേ.തന്നെ. സംശയമൊന്നുമില്ല.വിജയന്‍ തന്നെ.

"എടാ വിജയാ നീ......."

അതിശയത്തോടെ വിളിച്ചുകൊണ്ട് സുലോചനേച്ചി അവന്റെ കയ്യില്‍ പിടിച്ചു.

"അതേ അമ്മായി ഞാന്‍ തന്നെ വിജയന്‍. പണ്ട് ജോലിയും കൂലിയുമൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന്‍ ആ പഴയ വിജയനല്ലിന്നു ഞാന്‍. ഒരു പാവം കോടീശ്വരന്‍. അതൊക്കെപ്പോട്ടെ.അമ്മവനും മറ്റും സുഖം തന്നെയല്ലേ". കഴുത്തില്‍ കിടന്ന വലിയ സ്വര്‍ണ്ണമാല ഒന്ങ്കാണത്തക്കവണ്ണം ഷര്‍ട്ടൊന്ന്‍ പിടിച്ചിട്ടിട്ട് കൂളിംഗ് ഗ്ലാസ്സെടുത്ത് അതിനെ അരുമയായൊന്നു തുടച്ചുകൊണ്ട് വിജയന്‍ മെല്ലെ പറഞ്ഞു.

"വന്നകാലില്‍ തന്നെ നിക്കാതെ നീ അകത്തേയ്ക്കു വന്നേ. വിശേഷമൊക്കെ വല്ലതും കുടിച്ചേച്ചു പറയാം.അപ്പം വസുവേടത്തി ഒരല്‍പ്പം തിരക്കുണ്ട്, നമുക്ക് പിന്നീട് വിശദമായി സംസാരിക്കാം.നീ വാ വിജയാ". വസുവേടത്തിയ്ക്ക് ടാറ്റ പറഞ്ഞുകൊണ്ട് സുലോചന വിജയന്റെ കൈപിടിച്ചു വീട്ടിലേയ്ക്കു നടന്നു.

"തങ്കേട്ടാ.ഇതാരാ വന്നിരിക്കുന്നതെന്നു നോക്കിയേ" സുലോചന തൊഴുത്തിലേയ്ക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.

"ആരാടി" ഒരൊച്ച തൊഴുത്തിനുള്ളില്‍ നിന്നും പുറത്തേയ്ക്കു വന്നു.

"നിങ്ങളിങ്ങോട്ടൊന്നു വന്നേ മനുഷ്യാ.ചാണകമൊക്കെ പിന്നെ വാരാം" ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിട്ട് സുലോചന ചായയ്ക്കു വെള്ളം വച്ചു.

അടുക്കളയിലേയ്ക്കു കടന്ന വിജയന്‍ അവിടെക്കിടന്ന വനിതാമാസികയെടുത്ത് മറിച്ചുനോക്കിക്കോണ്ടു നിന്നു.

"എന്തിനാ വന്നകാലേല്‍ തന്നെ നിക്കുന്നത്.മോനിങ്ങോട്ടിരുന്നേ"

അടുത്തുകിടന്ന കസേര തോര്‍ത്തെടുത്ത് നന്നായി തുടച്ചിട്ട് വിജയനിരിക്കാനായി സുലോചന നീക്കിയിട്ടുകൊടുത്തു.കയ്യിലിരുന്ന മാസികകൊണ്ട് ഒരിക്കല്‍ക്കൂടി പൊടിതട്ടിയശേഷം വിജയന്‍ മെല്ലെ കസേരയിലിരുന്നു.

"ആര് വന്നെന്നാടി വിളിച്ചുകൂവിയത്.ആ ജോലിയൊന്നു തീര്‍ക്കാമെന്നു വച്ചാ നീ സമ്മതിക്കത്തില്ലല്ലേ"

പൈപ്പിന്ന്‍ കാലും കയ്യും മുഖവുമൊക്കെയൊന്നു കഴുകിവൃത്തിയാക്കിക്കൊണ്ട് തങ്കപ്പന്‍ നായര്‍ അകത്തേയ്ക്കു വന്നു.കസേരയില്‍ അമര്‍ന്നിരിക്കുന്ന ചെറുപ്പക്കാരനെ ആദ്യമൊന്നു പകച്ചു നോക്കിയെങ്കിലും പിന്നീട് ആ മുഖത്ത് അത്ഭുതം വിടര്‍ന്നു.

"എടാ വിജയാ. നീ... നീ ആളങ്ങ് വല്ലാണ്ട് മാറിപ്പോയല്ലോടാ.എവിടാരുന്നു കഴിഞ്ഞ നാലഞ്ചുകൊല്ലക്കാലം"

"അവനിപ്പം പഴയ വിജയനൊന്നുമല്ല. കോടീശ്വരനായ വിജയന്‍ മൊതലാളിയാ.എന്തായാലും നമ്മളെയൊന്നും മറക്കാതെ അവന്‍ മടങ്ങി വന്നല്ലോ.അതു മതി.ഈ കൈ കൊണ്ട് ഞാന്‍ എന്തോരം ചോറു കൊടുത്തിട്ടൊള്ളതാ.എന്റെ സ്വന്തം മോനെപ്പോലെയല്ലാരുന്നോ ഞാനവനെ നോക്കിയിരുന്നത്. മക്കളീ ചായ കുടിക്ക്" കയ്യിലിരുന്ന ചായ വിജയനു നീട്ടിക്കൊണ്ട് സുലോചനേച്ചി മൂക്കു തുടച്ചു.

"അന്നു നാടുവിട്ടുപോയ ഞാന്‍ കൊറേയേറെയലഞ്ഞു അമ്മാവാ.വലിയ പഠിപ്പൊന്നുമില്ലാത്ത എനിക്കു എന്തു ജോലി കിട്ടാനാ.ചെയ്യാത്ത ജോലികള്‍ കൊറവാ.അങ്ങനെയിരിക്കേ എനിക്കൊരു ലോട്ടറിയടിച്ചതുപോലെ കൊറേ കാശു കളഞ്ഞുകിട്ടി. ആ കാശുകൊണ്ട് ഞാനൊരു കൊച്ചു ബിസിനസ്സാരംഭിച്ചു. പിന്നെ എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.നാലഞ്ചു കൊല്ലം കൊണ്ട് ഞാന്‍ ഒരു വല്യ കോടീശ്വരനായി മാറി.ആരുമില്ലാത്തവാനാണെന്ന തോന്നലുണ്ടായപ്പോള്‍ ഞാന്‍ അമ്മാവനേം അമ്മാവിയേമോര്‍മ്മിച്ചു.ഒടനെ നിങ്ങളെക്കാണണമെന്നു കരുതി വന്നതാ.അല്ലെലും ഒരു വല്യ പണക്കാരനായി മാത്രമേ ഈ നാട്ടില്‍ കാലു കുത്താവുവെന്ന്‍ എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയന്‍ ചായ കുടിച്ചു തീര്‍ത്തുകൊണ്ട് ഗ്ലാസ്സ് അമ്മയിക്കു നേരെ നീട്ടി.

"ഇനിയെന്താ നിന്റെ പരിപാടി" ആകാംഷയോടെ സുലോചന അവനോടു ചോദിച്ചു.

"പ്രത്യേകിച്ചൊന്നുമില്ല.നമ്മുടെ അമ്പലത്തിന്റെ കിഴക്കു വശത്തായി പണിഞ്ഞിട്ടിരിക്കുന്ന വീട് എനിക്കൊള്ളതാണ്.ഇവിടെയാര്‍ക്കുമറിയാതെ ഞാന്‍ വാങ്ങിയതാണത്.അവിടെ കൊറച്ചു ദെവസം താമസിക്കണം.പിന്നെ ...." വിജയന്‍ പറഞ്ഞു നിര്‍ത്തി.

"ങ്ഹേ...ആ വീട് നിനക്കുള്ളതാണോ.ഹമ്മോ.അതൊരു കൊട്ടാരം തന്നെയാണല്ലോ.ഇവിടെയെല്ലാരും പറഞ്ഞത് അതൊരു ലണ്ടന്‍കാരന്റേതാണെന്നാ. എന്തായാലും ഇനിയൊരു കല്യാണമൊക്കെക്കഴിച്ച് ഇവിടെയങ്ങ് കൂടിയാ മതി നീ. എന്തിനാ കണ്ട നാട്ടില്‍ കിടന്ന്‍ കഷ്ടപ്പെടണത്.ഞങ്ങളൊക്കെയില്ലേ നിനക്ക്.പിന്നെ രാജി ഇപ്പോ വരും തയ്യലു പഠിക്കുവാന്‍ പോയിരിക്കുവാ.വീട്ടീ ചുമ്മാതിരുന്നു മുഷിയണ്ടല്ലോന്നു കരുതി വിടുന്നതാ".തോളില്‍ കിടന്ന തോര്‍ത്തെടുത്തു മുഖമെല്ലാമൊന്നു തുടച്ചുകൊണ്ട് സുലോചനേച്ചി തങ്കപ്പഞ്ചേട്ടനേയുമൊന്നു നോക്കി യിട്ട് വിജയനോടായി പറഞ്ഞു.

"രാജിയുടെ കല്യാണം കഴിഞ്ഞില്ലേ ഇതേവരെ". വിജയന്‍ കസേരയില്‍ ഒന്നു നിവര്‍ന്നിരുന്നു.

"ഇല്ല മോനേ. നടക്കേണ്ടതല്ലേ നടക്കൂ". ഒരാത്മഗതം പോലെ അവര്‍ പറഞ്ഞു.

"ശരിയമ്മായി എന്നാല്‍ ഞാനിറങ്ങുന്നു.വീടിന്റെ ഒരല്‍പ്പം പെയിന്റിംഗ് പണി തീരാനുണ്ട്.ഞാന്‍ നാളെ വരാം" വിജയന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി.

"മോന്‍ വൈകിട്ടിങ്ങ് വാ.രാത്രി ഇവിടുന്ന്‍ ചോറുണ്ണാം.ഞാന്‍ മോനിഷ്ടപ്പെട്ട മുരിങ്ങയ്ക്കാത്തോരനും മത്തിപൊരിച്ചതുമെല്ലാം തയ്യാറാക്കിവയ്ക്കാം. പായസം കൂടി വയ്ക്കാം. പണ്ടേ നീയൊരു പായസക്കൊതിയനാണല്ലോ"അമ്മായി ഒന്നു കുലുങ്ങിച്ചിരിച്ചു.

"ശരിയമ്മായി" കൈവീശിക്കാണിച്ചിട്ട് വിജയന്‍ കാറില്‍ കയ്യറി യാത്രയായി.

"എന്റെ മനുഷ്യേനെ നിങ്ങള് കണ്ടോ.നമ്മുടെ ഭാഗ്യത്തിനാ അവന്‍ ഇതേവരെ കല്യാണം കഴിക്കാതിരുന്നത്.രാജിമോളെ അവനു പണ്ടേ ജീവനല്ലായിരുന്നൊ.നമുക്കെത്രയും പെട്ടന്ന്‍ അതങ്ങ് നടത്തിക്കൊടുക്കണം.അവന്‍ ഇപ്പോ കോടീശ്വരനാ.വൈകിട്ട് അവന്‍ വരുമ്പം നിങ്ങളൊന്നവനോടു പറയണമിക്കാര്യം"

"ഏടീ സുലൂ അത് ഞാനെങ്ങിനാ പറയുന്നത്.മുമ്പ് രാജീടെ കാര്യത്തിന് ഞാനവനെ തല്ലീട്ടൊള്ളതാ.പിന്നെ ഇപ്പോ.പണ്ടത്തെയൊക്കെ അവന്‍ മറന്നുകാണുമോ". തങ്കപ്പന്‍ നായര്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

"ഒന്നു പോ മനുഷ്യേനെ.നിങ്ങക്കു പറ്റൂല്ലെങ്കി ഞാന്‍ പറയും.ഒന്നുമില്ലെലും അവന്റെ മൊറപ്പെണ്ണല്ലേ രാജി. മുമ്പ് വേലേം കൂലീമില്ലാതെ കയ്യില്‍ പത്തു നയാപൈസയില്ലാതെ തെക്കുവടക്കു നടന്ന അവന് പെണ്ണിനെപ്പിടിച്ചു കൊടുക്കാന്‍ പറ്റുമായിരുന്നോ.എല്ലാവരും ചെയ്യുന്നതുപോലെയേ നമളും ചെയ്തുള്ളു.അതുകൊണ്ടെന്താ അവനിപ്പം വല്യ പണക്കാരനായില്ലേ.

സംഭാഷണമങ്ങിനെ തുടര്‍ന്നുകൊണ്ടിരുന്നു.

----------------------------------------------------------------------------------------------

വൈകുന്നേരത്തെ പാര്‍ട്ടിയൊക്കെക്കഴിഞ്ഞ് ആള്‍‍ക്കാരൊന്നൊന്നായി പിരിഞ്ഞു തീര്‍ന്നപ്പോള്‍ സമയം പതിനൊന്നരയായി.വിജയന്‍ മെല്ലെ മണിയറയിലെയ്ക്കു കടന്നു.ഉറക്കച്ചടവോടെ കട്ടിലിലിരുന്ന രാജി പെട്ടന്ന്‍ പിടഞ്ഞെഴുന്നേറ്റു.കട്ടിലിലേയ്ക്കിരുന്ന വിജയന്റെ നേരെ അവള്‍ നാണിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന പാല്‍ഗ്ലാസ്സെടുത്തു നീട്ടി.അതു വാങ്ങി പകുതി കുടിച്ചശേഷം അവനത് രാജിയ്ക്കു നേരെ നീട്ടി. അവളതല്‍പ്പം കുടിച്ചിട്ട് മേശമേല്‍ വച്ചു.

"എന്റെ സ്വപ്നമായിരുന്നു.നിന്നെ വിവാഹം കഴിയ്ക്കുക എന്നത്.അതിനുവേണ്ടിയാണു ഞാന്‍ സമ്പാദിച്ചത്.ഞാന്‍ വരുന്നതിനുള്ളില്‍ നിന്റെ വിവാഹമെങ്ങാനും നടക്കുമോയെന്നു പേടിയുണ്ടായിരുന്നുവെനിക്കു. നിനക്കു വന്ന ഒന്നു രണ്ടു ആലോചനകള്‍ ഞാനാളെവച്ച് മുടക്കുകയും ചെയ്തു. വല്യ പണക്കാരനായി വരുന്ന എനിക്ക് നിന്നെത്തരുവാന്‍ അമ്മാവനുമമ്മായിയും ഒരു മടിയും കാണിയ്ക്കില്ല എന്ന്‍ എനിക്കു നന്നായറിയാമായിരുന്നു". പറഞ്ഞു നിര്‍ത്തിയിട്ട് വിജയനവളുടെ കണ്ണുകളിലേയ്ക്കു നോക്കി.നാണം കലര്‍ന്ന ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി.അവളുടെ കൈയ്യില്‍പിടിച്ചവന്‍ മെല്ലെയവളെ കട്ടിലിലേയ്ക്കിരുത്തി.വിറയാര്‍ന്ന കൈകളാലവളെ ചേര്‍ത്തുപിടിച്ചു ചിരിച്ചുകൊണ്ട് കട്ടിലിലേയ്ക്കവന്‍ മറിഞ്ഞു. വെപ്രാളത്തില്‍ മേശയുടെ വക്കിലിരുന്ന പാല്‍ഗ്ലാസ്സില്‍ കൈതട്ടി അത് താഴെവീണുടഞ്ഞു തകര്‍ന്നു.

"ത്ഛില്‍....

ഒച്ചകേട്ടു കണ്ണു തുറന്ന വിജയന്‍ കണ്ടത് ദേക്ഷ്യം കൊണ്ട് ചുവന്നുകലങ്ങിയ കണ്ണുകളുമായി വിറച്ചുതുള്ളി നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെയാണു. ഭഗവാനേ അതിനെടയ്ക്കു സമയമായോ.ക്ഷീണം കാരണം ഒന്നു കിടന്നുപോയതാണു. നല്ലതുപോലെയുറങ്ങിപ്പോയി.ഒരാന്തലോടെ അവന്‍ ചാടിയേഴുന്നേറ്റു. മെസ്തിരി വാരിയെറിഞ്ഞ കുമ്മായം പുറത്താകെ പറ്റിയിരിക്കുന്നു. അവനതും തൂത്തുകൊണ്ട് ഉറക്കച്ചടവാര്‍ന്ന കണ്ണുകള്‍ കൊണ്ട് നാലുപാടുമൊന്നു നോക്കി.

"പോത്തുപോലെകിടന്നുറങ്ങാനാണെങ്കി വീട്ടിക്കെടന്നാപ്പോരേ.എന്തിനാണിങ്ങോട്ടെഴുന്നള്ളണത്.പണിയ്ക്കു വന്നിട്ടവന്റമ്മേടൊരൊറക്കോം ചിരീം.പോയി കുമ്മായം കൂട്ടെടാ #..Ø…¥…§…€..." നാവിലുവന്ന ഒരു മുട്ടന്‍ തെറി വിളിച്ചിട്ട് ദേക്ഷ്യപ്പെട്ടു നില്‍ക്കുന്ന മണിയന്‍ മേസ്തിരിയെ നോക്കാതെ വിജയന്‍ കുമ്മായം കൂട്ടുന്നതിനായി പണിസ്ഥലത്തേയ്ക്കു നടന്നു.

ശുഭം

ശ്രീക്കുട്ടന്‍

16 comments:

  1. മുമ്പെഴുതിയ ഒരു കഥയാണ്. ദൈവം സഹായിച്ച് ഇതും ഒരു മനുഷ്യരും തിരിഞ്ഞുനോക്കാതെ ഒരു മൂലയില്‍ തന്നെ കിടപ്പുണ്ടായിരുന്നു.ഇറാനൊക്കെ ആണവശേഷി വെളിപ്പെടുത്തിയിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഈ കഥ വായിക്കണമെന്നും എന്നെ വല്ലതും പറയണമെന്നു തോന്നുവാണെങ്കില്‍ഥാത് എന്തു രസമായിരിക്കും..സോ..എന്‍ജോയ്...ഹ..ഹാ...

    ReplyDelete
  2. ഞാൻ വായിച്ചു.. കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട് കെട്ടോ ഭായ്.ആദ്യ ഭാഗം വായിച്ച് പോയപ്പോൾ കരുതി അഴകിയ രാവണൻ പ്രചോദനമായിട്ടുണ്ടോ എന്ന്. അവസാനമാണ് മനസ്സിലായഹ്ത് സംഭവം സ്വപ്നമാണെന്ന്... വിഷയ ദാരിദ്ര്യം വിഷയ ദാരിദ്ര്യം തന്നെ പ്രശ്നം.. ഹിഹിഹി

    ReplyDelete
  3. സമ്പവം ഒരു സ്ക്രിപ്റ്റ് അക്കാം നമ്മുടെ ശ്രീനിവാസനെ അഭിനയിപ്പിക്കാനും പറ്റും,
    കൊള്ളാം നന്നായി എഴുതി

    ReplyDelete
  4. സ്വപ്നം കണ്ടെങ്കിലും സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാം.

    ReplyDelete
  5. കഥയെഴുതിയിരിക്കാതെ പോയി കുമ്മായം കൂട്ടടോ പുളുസൂ..!!

    നന്നായി
    ആദ്യഭാഗം ഒന്നൂടെ ശ്രദ്ധിക്കാരുന്നു.
    ആശംസകളോടെ..പുലരി

    ReplyDelete
  6. ഇനിയെങ്കിലും പണിക്കിടയില്‍ സ്വപ്നം കാണരുത്...

    ReplyDelete
  7. ഭഗവാനേ...വന്നുവന്ന്‍ ഒരു സ്വപ്നം കാണാനുള്ള സ്കോപ്പുകൂടിയിള്ളാണ്ടായെന്നു വച്ചാ മനുഷ്യന്‍ ചുറ്റിപ്പൊവത്തേയുള്ളൂ....

    ReplyDelete
  8. നോക്കിക്കോ.. വിജയനും ഒരു മുതലാളിയാകും..

    എല്ലാത്തിനും ഒരു നേരണ്ട്ന്നല്ലേ.., അല്ലേ ദാസാ...

    ReplyDelete
  9. കൊള്ളാം നന്നായി എഴുതി

    ReplyDelete
  10. കഷ്ടായി. മുഴുവനും സ്വപ്നമായിരുന്നു,അല്ലെ?

    ReplyDelete
  11. മണിയന്‍ മേസ്തിരിക്ക് വരാന്‍ കണ്ട സമയം....

    ReplyDelete
  12. അവസാനം വരെ പിടിച്ചിരുത്തി സ്വപനം ആയിരുന്നു അല്ലെ ഹാ എന്തൊക്കെ പ്രതീക്ഷിച്ചു എല്ലാം ആ മെസ്ത് രി തുലച്ചു

    ReplyDelete
  13. വീണ്ടും സ്വപ്നം...

    ReplyDelete
  14. അല്ലെങ്കിലും മേലുദ്യൊഗസ്ഥന്മാർ ഇങ്ങനെയാ. ഒന്നു സ്വസ്ഥമായി സ്വപ്നം കാണാൻ സമ്മതിക്കില്ല. നന്നായി ശ്രീകുട്ടാ..

    ReplyDelete
  15. ആ മണിയൻ മേസ്തിരിയെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ പച്ചയ്ക്ക് കത്തിക്കും. അല്ലപിന്നെ എന്തൂട്ടം രസായിട്ട് പോവായിരുന്നു സംഭവങ്ങൾ. അതിനിടയിലെ ഒരു വിളി. കൊള്ളാം കുട്ടേട്ടാ, നന്നായിട്ടുണ്ട്. അതൊരു സ്വപ്നമാക്കേണ്ടിയിരുന്നില്ല ട്ടോ, അല്ലാതെ പിന്നെന്തൂട്ട് കഥ അല്ലേ ? ആശംസകൾ.

    ReplyDelete
  16. ഹ ഹ ഹ അവസാനം അസ്സലായി >>>> ഒരിക്കലും ജോലിക്കിടയില്‍ സ്വപനം കാണരുതെന്ന് ഗുണപാഠം

    ReplyDelete