Wednesday, March 28, 2012

മുടിഞ്ഞവന്റെ ഒടുക്കം

ഉദയസൂര്യന്റെ ചെങ്കതിരുകള്‍ പാറിവീഴുന്ന ഇടവഴിയിലൂടെ മാലതിയമ്മ പ്രാഞ്ചി പ്രാഞ്ചി നടന്നു..കുട്ടിയ്ക്കലെ ശശാങ്കന്റെ അമ്മയുടെ അമ്മയാണവര്‍. . ശശാങ്കന്‍ 32 വയസ്സുള്ള ഒരു ഗജ പോക്രിയാണു. പത്തു പതിനെട്ട് അടിപിടി കേസുകള്‍ നിലവിലുള്ള, ഇടയ്ക്കിടയ്ക്ക് തറവാട്ടീ പോകുന്നതുപോലെ ജയിലീപോകുന്ന ഒരു അറുവഷളന്‍. ആരുമായും മുട്ടുന്നതിനു ശശാങ്കനു യാതൊരു പേടീയുമില്ല.നാട്ടുകാര്‍ക്കെല്ലാം ആശാനെ സ്വല്‍പ്പം പേടിയാണു താനും.ഒന്നു പറഞ്ഞ് രണ്ടാമത്തേതിനു തല്ലുന്ന സ്വഭാവം..പണകളില്‍ നില്‍ക്കുന്ന വാഴക്കുലകളും അടയ്ക്കയുമൊക്കെ അവനു തോന്നിയതുപോലെ അടത്തുകൊണ്ട് പോയി വില്‍ക്കും.ആരു ചോദിക്കാന്‍. കുട്ടിയ്ക്കല്‍ തറവാട്ടില്‍ ഇതേ പോലൊരു പോക്കണം കെട്ടവനുണ്ടായിപ്പോയല്ലോയെന്നോര്‍ത്ത് പലരും മൂക്കത്ത് വിരല്‍ വച്ചിട്ടുണ്ട്. അത്രയ്ക്ക് നാട്ടില്‍ നല്ല പേരുണ്ടായിരുന്ന തറവാടായിരുന്നു അത്.
മകന്റെ ജനനശേഷം ആറുകൊല്ലമായപ്പോള്‍ ശശാങ്കന്റെ അച്ഛന്‍ മരിച്ചു. അമ്പലത്തീന്നു മടങ്ങുന്ന വഴി വിഷം തീണ്ടി..വളര്‍ന്നു വലുതായി ശശാങ്ക വിക്രിയകളാരംഭിച്ചപ്പോള്‍ മനസ്സു ചത്ത് ആ അമ്മയും..പിന്നെയുള്ളത് മാലതിയമ്മയാണ്. ശശാങ്കന്‍ മഹാ പോക്രിയാണെങ്കിലും മാലതിയമ്മയ്ക്ക് അവനെ വല്യ കാര്യാണ്..ശശാങ്കനുമതേ..അവന്‍ അല്‍പ്പമെങ്കിലും ബഹുമാനവും സ്നേഹവും ഒരാള്‍ക്ക് കൊടുക്കുന്നുണ്ടെങ്കില്‍ അത് മാലതിയമ്മയ്ക്ക് മാത്രമാണ്.

വയസ്സറുപത്തേഴേ ആയുള്ളുവെങ്കിലും ഒരു 80 കാരിയുടെ ശാരീരികവൈഷമ്യങ്ങളാണവരനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആറേഴുമാസം മുന്നേ ശിവന്റമ്പലത്തില്‍ തൊഴുതേച്ച് മടങ്ങുന്ന വഴി പാടവരമ്പത്തൂന്ന്‍ ഒന്ന്‍ കാലുമടങ്ങി വീണു.കാലില്‍ ചെറിയ ഒരു പൊട്ടലുണ്ടായി.പ്രായത്തിന്റേതാവാം അതങ്ങട്ട് കൂട്ടിയോജിക്കാതായതുമൂലം ഒരു ചെറിയ ഓപ്പറേഷന്‍ നടത്തി ഇപ്പോള്‍ കമ്പിയിട്ടിരിക്കുവാണ്.നടത്തില്‍ അതിന്റെ സ്വാധീനക്കുറവ് നന്നായിട്ടുണ്ട്.

"എങ്ങട്ടാ മാലതിയമ്മേ അമ്പലത്തിലേയ്ക്കാ". മുറുക്കാന്‍ നീട്ടിതുപ്പിക്കൊണ്ട് എതിരേ വന്ന കുറുപ്പ് ചോദിച്ചു.

"അതേ കുറുപ്പേ..ന്റെ ശശാങ്കന്റെ പേരിലൊരു പൊങ്കാലയിടാമെന്ന്‍ നേര്‍ന്നിട്ട് രണ്ടീസമായി. കാലു മേലാത്തോണ്ടാ വരാമ്പറ്റാണ്ടായേ..മ്മ്ട രമണീട മോളു ചന്ദ്രിക സഹായിക്കാന്‍ വരും. ഇന്നത് നടത്തീട്ടേള്ളൂ മറ്റെന്തും"

"ന്റെ മാലതിയമ്മേ...ങ്ങളാണാ ചെക്കനെ താന്തോന്നിയാക്കി നടത്തിപ്പിക്കണത്..നിങ്ങള് പറഞ്ഞാലവന്‍ കേക്കൂല്ലേ"

"ആമ്പിള്ളാരാവുമ്പം ഇച്ചിരി തെമ്മാടിത്തരോക്കെ വേണ്ടേന്റെ കുറുപ്പേ..

"ഹും..ഇതിച്ചിരിയൊന്നുമല്ല..നാട്ടുകാരെല്ലാരും കൂടി കരുതിയിരിക്കുവാണ്.താമസിയാതെ തീരുമാനമാവും"

അമ്പലത്തിലേയ്ക്ക് നടക്കുന്ന മാലതിയമ്മയെ നോക്കി ഒച്ച കുറച്ചു പറഞ്ഞിട്ട് കുറുപ്പ് കവലയിലേയ്ക്ക് നടന്നു.കള്ളതെമ്മാടി.ആറ്റുനോറ്റ് തന്റെ മകനൊരു ചെറിയ സൈക്കിളു മെടിച്ചു കൊടുത്തതാ. കൊച്ചനോടിച്ചുവന്നപ്പം കാലേലൊന്നു മുട്ടിയെന്നും പറഞ്ഞ് ആ സൈക്കിളും ചവിട്ടിയൊടിച്ചു തന്റെ മോന്റെ ചെവി വലിച്ചുതിരുമ്മിപറിക്കേം ചെയ്തു. കൊച്ചു കുട്ട്യാന്നുള്ള വിചാരമെങ്കിലുമുണ്ടായോ..രണ്ടീസമാ കൊച്ചിന്റെ ചെവി നീരുവന്നൂതി ചൊവന്നു തടിച്ചിരുന്നത്.ചെറ്റ...

ത്ഫൂ.....

അരിശം തീരാതെ വായില്‍ കിടന്ന വെറ്റില മുഴുവന്‍ കുറുപ്പ് നീട്ടിത്തുപ്പി...

ശാന്തമ്പാറ ചന്ത കൂടുന്നത് കാലത്ത് 8 മണിയോടെയാണ്.10 മണിക്കുള്ളില്‍ അവിടത്തെ ചന്ത പിരിയുകയും കച്ചവടക്കാര്‍ ബാക്കി സാധനങ്ങളുമായി മേലേ ചന്തയിലേയ്ക്ക് പോവുകയും ചെയ്യും.നാട്ടിലുള്ള കപ്പയും വാഴക്കുലകളും ചക്കയും മാങ്ങയും പച്ചക്കറികളും അങ്ങിനെയങ്ങിനെയുള്ള എല്ലാ ചെറുകിട സാധനങ്ങളും വില്‍ക്കുന്നയിടമാണ് ശാന്തമ്പാറ ചന്ത. ചന്തയുടെ നടത്തിപ്പ് ലേലത്തിനെടുത്തിരിക്കുന്നത് അതിനടുത്തുതന്നെ താമസിക്കുന്ന വിശ്വംഭരനാണ്. പിരിവെല്ലാം കൃത്യമായി പിരിച്ചെടുക്കുവാന്‍ ഒരു തടിമിടുക്കുള്ള ആളിനെ തിരഞ്ഞ് വിശ്വംഭരനെങ്ങും പോകേണ്ടി വന്നില്ല..ആദ്യമൊക്കെ ശശാങ്കന്‍ കൃത്യമായി ജോലി ചെയ്തു.പിന്നെപിന്നെ അവന്‍ തന്റെ തനിനിറം പുറത്തെടുത്തു. കച്ചവടക്കാരില്‍ നിന്നും ബലമായി ശശാങ്കന്‍ അവന്റെ വീതമെന്നു പറഞ്ഞ് പിരിവാരംഭിച്ചു.എതിര്‍ത്ത കച്ചവടക്കാര്‍ക്കും എന്തിനു വിശ്വംഭരനും നല്ല തല്ലു കിട്ടിയതു മാത്രം മിച്ചം.ശശാങ്കനെ ഭയന്ന്‍ ചില കച്ചവടക്കാര്‍ ശാന്തമ്പാറ ചന്തേല കച്ചവടം തന്നെയൊഴിവാക്കി.

"ദേ കാലന്‍ വരണൂ..ഇവനെ കെട്ടിയെടുക്കാന്‍ ആരൂല്ലാണ്ടായല്ലോ ന്റെ തമ്പുരാനേ"

മേലേക്ക് മിഴികളെറിഞ്ഞുകൊണ്ട് പച്ചക്കറിക്കച്ചവടക്കാരി ലതിക 50 രൂപയെടുത്ത് കയ്യില്‍ പിടിച്ചു.ശശാങ്കന്റെ പിരിവ് തുടങ്ങിക്കഴിഞ്ഞിരുന്നു. എന്തു വിറ്റാലും വിറ്റില്ലേലും അവനുള്ള പണം അവനു കിട്ടണം.മരച്ചീനിക്കടക്കാരന്‍ ദാമുവില്‍ നിന്നും ആരംഭിച്ച്, തൈരുകാരി ഭാര്‍ഗ്ഗവി,ചീരയും പയറുമൊക്കെ വിക്കുന്ന വല്‍സല, മുറുക്കാന്‍ ഐറ്റംസ് വില്‍ക്കുന്ന വിജയമ്മ, തേങ്ങാക്കച്ചവടക്കാരന്‍ ഭാനു,ചീപ്പ് സോപ്പ് കണ്ണാടി കരിവള കച്ചവടക്കാരന്‍ പ്രകാശന്‍ എന്നിവരെക്കടന്ന്‍ ശശാങ്കന്‍ ലതിക നീട്ടിയ പണം തട്ടിപ്പറിച്ചുകൊണ്ട് ഇറച്ചിക്കാരന്‍ സുലൈമാന്റെ കടയുടെ മുന്നിലെത്തി. ശശാങ്കനെക്കാളും രണ്ടിരട്ടി തടിമിടുക്കുള്ള ആളാണ് സുലൈമാന്‍.അതു കൊണ്ട് തന്നെ അവിടെ ശശാങ്കന്‍ ചെറിയ ഒരു മയമൊക്കെ കാട്ടും. ശല്യമൊഴിഞ്ഞുപോട്ടേന്ന്‍ കരുതി സുലൈമാന്‍ പൈസ കൊടുക്കാറുണ്ട്.

"നീ പിന്നെ വന്നേ ശശാങ്കാ. ഇപ്പ ചില്ലറയില്ല "

സുലൈമാന്റെ പറച്ചില്‍ കേട്ട് ശശാങ്കന്‍ മീന്‍കാരുടെ അടുത്തേയ്ക്ക് ചെന്നു. കാദറും സുന്ദരനും തങ്ങളുടെ പതിവ് എടുത്തു നീട്ടി. എന്നാല്‍ അന്നാദ്യമായി കച്ചവടത്തിനു വന്ന ലാസര്‍ ശശാങ്കനെ മൈന്‍ഡ് ചെയ്യാതെയിരുന്നു. മുമ്പ് മീന്‍ കച്ചവടം ചെയ്തു കൊണ്ടിരുന്ന കുഞ്ഞിപ്പോക്കറിന്റെ മോനാണു ലാസര്‍. അപ്പന്‍ കിടപ്പിലായതുകൊണ്ട് പുതുതായി വന്നതാണ്.അല്‍പ്പസമയം നോക്കി നിന്ന ശശാങ്കന്‍ ലാസറിന്റെ മീങ്കൊട്ട ഒറ്റച്ചവിട്ടിനു ദൂരെത്തെറിപ്പിച്ചു. മത്തികള്‍ നാലുപാടും ചിതറി.ചാടിയെഴുന്നേറ്റ ലാസര്‍ ശശാങ്കന്റെ നെഞ്ചിന്‍ കൂടു നോക്കി ഒരു ചവിട്ടുകൊടുത്തു.ചിതറിക്കിടന്ന മീനിന്റെ മേലേയ്ക്ക് വെട്ടിയിട്ടപോലെ വീണ ശശാങ്കനു തറയിലിട്ട് രണ്ട് ചവിട്ട് കൂടി ലാസര്‍ നല്‍കി.ഉരുണ്ടുപിരണ്ടെഴുന്നേറ്റ ശശാങ്കന്‍ സുലൈമാന്റെ കടയിലിരുന്ന ഇറച്ചിക്കത്ത് കടന്നെടുത്ത് ലാസറിനു നേരേ കുതിച്ചു.

പിന്നീടവിടെ നടന്നത് ഒരു കലാശക്കൊട്ടുതന്നെയായിരുന്നു.കാദറും സുന്ദരനും പ്രകാശനും സുലൈമാനുമെല്ലാം അവിടേയ്ക്ക് കുതിച്ചെത്തി.എല്ലാവരോടും ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാനാവാതെ തല്ലുകൊണ്ട് കുഴങ്ങിയ ശശാങ്കന്‍ കാദറിനെ തള്ളിയിട്ടിട്ട് ഒരു വശത്തേയ്ക്കോടി.എന്നാല്‍ ചന്തയിലുള്ള എല്ലാവരേയും ആവേശം ഒരുമിച്ചു ബാധിച്ചതിനാല്‍ ശശാങ്കനു രക്ഷപ്പെടാനായില്ല.ഭാനുവിന്റെ അടിയേറ്റു തറയില്‍ വീണ ശശാങ്കനെ പച്ചക്കറികച്ചവടക്കാരി ലതിക ഒരു ചേനയെടുത്ത് എറിഞ്ഞിട്ട് കാറിത്തുപ്പുകകൂടി ചെയ്തു.അടിയുമിടിയുമേറ്റ് ശശാങ്കന്റെ ശരീരത്തിലെ അസ്ഥികള്‍ മുഴുവന്‍ നുറുങ്ങി.ആദ്യമൊക്കെ അലറുകയും അമറുകയും ചെയ്ത ശശാങ്കന്‍ പിന്നീട് ഒച്ചകുറഞ്ഞരീതിയില്‍ മോങ്ങിക്കൊണ്ടിരുന്നു. തല്ലിക്കൊതിതീര്‍ന്ന എല്ലാവരും മാറിയപ്പോഴേയ്ക്കും ശശാങ്കന്‍ തൊണ്ണൂറ്റൊമ്പതുശതമാനം പരലോകയാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചന്തയിലേയ്ക്ക് കയറിയ കുറുപ്പ് കണ്ടത് അടിയേറ്റ് തറയില്‍ ചുരുണ്ടുകിടക്കുന്ന ശശാങ്കനെയാണു.ചുറ്റും നില്‍ക്കുന്നവരെ ഒന്നു നോക്കിയിട്ട് കുറുപ്പ് പകയോടെ ശശാങ്കനെ ഒന്നു നോക്കി.തന്റെ മകന്റെ നിര്‍ത്താതെയുള്ള കരച്ചിലും ഒടിഞ്ഞ സൈക്കിളും മനസ്സിലോടിയെത്തിയതും നായീന്റമോനേയെന്നു വിളിച്ചുകൊണ്ട് കുറുപ്പ് ശശാങ്കന്റെ നെഞ്ചില്‍ ഒരു ചവിട്ട് കൊടുത്തു.നിമിഷങ്ങള്‍ക്ക് മുമ്പ് യാത്രയായിരുന്ന ശശാങ്കനു ആ ചവിട്ടിന്റെ വേദന അറിയേണ്ടി വന്നില്ല എന്നുള്ളതാനു പരമാര്‍ത്ഥം.

ചന്തയിലടി നടക്കുന്നു എന്നാരോ വിളിച്ചു പറഞ്ഞതുമൂലം സ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് കണ്ടത് അവസാന ചവിട്ടുരംഗമാണ്. ചുറ്റുപാടും വീക്ഷിച്ച അവര്‍ക്ക് ഒന്നാം പ്രതി ആരായിരുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല.ഈ സമയം ശശാങ്കന്റെ ദീര്‍ഘായുസ്സിനു വേണ്ടിയിട്ട പൊങ്കാല നേദിച്ച് വാങ്ങിയിട്ട് മാലതിയമ്മ പോറ്റിയ്ക്ക് ദക്ഷിണയും കൊടുത്ത് ചന്ദ്രികയുമൊത്ത് വീട്ടിലേയ്ക്ക് മടങ്ങാനാരംഭിച്ചിരുന്നു..

ശ്രീക്കുട്ടന്‍

Thursday, March 22, 2012

എന്റെ ഗ്രാമം

എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ ഏലാപ്പുറത്തെക്കുറിച്ച്..

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങള്‍ പട്ടണത്തില്‍ നിന്നും ഏകദേശം നാലരകിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോകുമ്പോല്‍ വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായ സ്ഥലം.അതായിരുന്നു ഏലാപ്പുറം എന്ന കൊച്ചു ഗ്രാമം.അതെ ഞാന്‍ ജനിച്ചുവളര്‍ന്ന സ്ഥലം തന്നെ.ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുന്നൂറു വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചേറു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.

ഏലാപ്പുറത്തിന്റെ ഹൃദയഭാഗമായ പ്രധാനജംഗ്ഷനില്‍ ബ്രിട്ടീഷുകാരുടെ കാലത്തുപണിതതുപോലുള്ള മൂന്നുനാലുമുറിക്കടകളുണ്ട്. മണ്ണുകുഴച്ചുവച്ചുണ്ടാക്കിയതാണത്.എപ്പോഴാണതു നിലം പൊത്തുന്നതെന്നു പറയാനാകില്ല.ഒന്നാമത്‍ അശോകണ്ണന്റെ ചായക്കടയാണു.പുള്ളിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.വെറുതെ ഒരു രസത്തിനും സമയമ്പോക്കിനുമായിട്ടാണ് നടത്തുന്നതെന്നാണ് പറച്ചില്‍.പിന്നെയുള്ളത് ബാര്‍ബര്‍ ഷോപ്പ്.നമ്മുടെ ബാലകൃഷ്ണന്റെ പറുദീസ. പണ്ടത്തെ മദാലസ നടിമാരുടെ അര്‍ദ്ധനഗ്നചിത്രങ്ങളുമായി ബാര്‍ബര്‍ഷോപ്പിനെ അലങ്കരിക്കുന്ന മാറാലപിടിച്ച ചുമരുകള്‍.ഒരു കണ്ണാടിയും പിന്നെ കുറച്ചു സാധനങ്ങളും തീര്‍ന്നു.അത്ര തന്നെ.ബാര്‍ബര്‍ ബാലനെ പോലെ കറങ്ങുന്ന ഒരു കസേരയും ആധുനികതയുമൊന്നും വേണമെന്ന്‍ ബാലകൃഷ്ണനാഗ്രഹമില്ല.ഒള്ളതുകൊണ്ടോണം പോലെ.അതണിഷ്ടന്റെ ലൈന്‍.അടുത്തകട ശശിയണ്ണന്റേതാണു.ഒരു മിനി ഫാന്‍സിസ്റ്റോര്‍ .അവിടെ മോഷണം തുടര്‍ക്കഥയായപ്പോള്‍ പുള്ളിക്കാരന്‍ കട മതിയാക്കുകയും ഇപ്പോള്‍ പുതുതായി പണിത അടച്ചുറപ്പുള്ള ഷോറൂമിലേക്കു കട മാറ്റുകയും ചെയ്തു. പിന്നെ ആകെ നല്ല കച്ചവടമുള്ളതു വിക്രമന്‍ ചേട്ടന്റെ റ്റീ സ്റ്റാളിലാണു.വീട്ടില്‍ നിന്നും രാവിലെ ചായകുടിച്ചിട്ടിറങ്ങുന്നവരും പുള്ളിക്കാരന്റെ ഒരു ചായ കുടിക്കുവാന്‍ മറക്കാറില്ല. അല്‍പ്പം മാറി ആനന്ദന മാമന്റെ മുറുക്കാന്‍ കട, സരോജിനിഅമ്മയുടെ സ്റ്റേഷനറിക്കട, ഒരു റേഷന്‍ കട, മില്‍മയുടെ ഒരു ബൂത്ത് എന്നിവയുണ്ട്.മറന്നുപോയി.പുതുതായി ഒരു സര്‍വീസ് സഹകരണ സംഘവും തുറന്നിട്ടുണ്ട്.

റോഡിനെതിര്‍വശത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.നാലോ അഞ്ചൊ ക്ലാസ്സുകളുള്ളതില്‍ വളരെകുറച്ചു മാത്രം കുട്ടികള്‍.അടുത്തകാലം വരെ സാമൂഹ്യവിരുദ്ധരുടെ പ്രധാന താവളമായിരുന്ന ഈ സ്കൂള്‍ ഇപ്പോള്‍ വലിയ ചുറ്റുമതിലൊക്കെകെട്ടി പാച്ചുവര്‍ക്കുകളും മറ്റുമൊക്കെ ചെയ്ത് പെയിന്റടിച്ച് കുട്ടപ്പനാക്കി ഇംഗ്ലീഷ് മീഡിയം സ്കൂളാക്കിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ കുട്ടികലുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഏലാപ്പുറത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഭാഗമാണു പഞ്ചായത്തുവെയിറ്റിംഗ് ഷെഡ്.രാവിലെ മുതല്‍ സ്കൂളിലും കോളേജിലും പോകാന്‍ വരുന്ന എല്ലാ പെണ്‍കൊടിമാരേയും ഉത്തരവാദിത്വത്തൊടുകൂടി യാത്രയയപ്പിക്കുന്നതിനായി ചുള്ളന്മാരുടെ ഒരു പ്രത്യേക ടീം തന്നെയുണ്ട്.അവര്‍ വളരെ രാവിലെ തന്നെ താന്താങ്ങളുടെ ഏരിയയില്‍ നിലയുറപ്പിക്കും.എല്ലാ പെണ്മണിമാരെയും യാത്ര അയച്ചശേഷം വൈകുന്നേരത്തെ സ്വീകരണത്തിനുള്ള തയ്യാറെടുപ്പുകളില്‍ മുഴുകും.(അവശ കാമുകന്മാരേ നിങ്ങളെന്നോടു ക്ഷമിക്കണം കേട്ടൊ.എഴുതുമ്പോള്‍ എല്ലാമെഴുതണമല്ലോ.അതുകൊണ്ടാ.ആരെങ്കിലും ഇതു വായിച്ചിട്ട് ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എനിക്കു പണി തരരുതു.പ്ലീസ്).

ജംഗ്ഷനില്‍ നിന്നും ഒരു പത്തുമിനിട്ട് നടന്നാല്‍ മാറുവീട് ശിവപാര്‍വ്വതിക്ഷേത്രത്തിലെത്താം.ഈ അമ്പലത്തിലേയ്ക്ക് വരുവാനായി എല്ലാവരുടേയും ശ്രമഫലമായി വയലില്‍കൂടി ഒരു റോഡ് നിര്‍മ്മിക്കുകയുണ്ടായി.അതുകൊണ്ട് തന്നെ വണ്ടിയിപ്പോള്‍ അമ്പലമുറ്റം വരെ എത്തും.മുന്‍പ് ശോചനീയാവസ്ഥയിലായിരുന്ന ഈ അമ്പലം ഇപ്പോള്‍ കുടുംബക്കാരെല്ലാപേരും കൂടി ചേര്‍ന്നു പുതുക്കിപ്പണിതു ഒരു വലിയ അമ്പലമാക്കി മാറ്റി.ധാരാളം ആള്‍ക്കാര്‍ ഇപ്പോള്‍ ഇവിടെയെത്തുന്നുണ്ട്.കുംഭമാസത്തിലെ പുണര്‍തം നാളിലാണിവിടത്തെ ഉത്സവം.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് എല്ലാ ദിവസവും വിവിധങ്ങളായ പരിപാടികളുണ്ടായിരിക്കും. അഞ്ചാംദിവസം രാവിലെ സമൂഹപൊങ്കാലയും ഉച്ചക്കു സമൂഹസദ്യയുമുണ്ടായിരിക്കും. വൈകിട്ട് ഉറിയടി,ബാലികമാരുടെ താലപ്പൊലി,എഴുന്നള്ളത്ത്, തെയ്യം, ചെണ്ടമേളം എന്നിവയോടുകൂടി വിപുലമായ ഘോഷയാത്രയും,പിന്നെ രാത്രി കലാപരിപാടികളും പരിപടികളെല്ലാം നടത്തുവാനായി വിശാലമായ പാടമുണ്ടല്ലോ.

ക്ഷേത്രം പുരോഗമിച്ചതോടുകൂടി അതിനടുത്തായി ചില കടകള്‍ ഉണ്ടായിട്ടുണ്ട്.നമ്മുടെ ഡ്രൈവര്‍ ബാബുവണ്ണന്റെ ചായക്കടയാണൊന്ന്‍.പുള്ളി ഡ്രൈവറൊന്നുമല്ല. ചിലകുരുത്തംകെട്ടപിള്ളേര്‍ ഇട്ട വട്ടപ്പേരാണത്.സംഭവമെന്താണെന്നു വച്ചാല്‍ ചീട്ടുകളിക്കാരനായ ബാബുവണ്ണന്‍ വണ്ടിയുടെ സ്റ്റിയറിംഗ് പിടിക്കുന്നതുപോലെ ഒരിടത്തു നിന്നും ചീട്ടെടുത്ത് മറുവശത്ത് വച്ച് എപ്പോഴും കളിച്ചുകൊണ്ടിരിക്കും.പിന്നെ പേരു വീഴാന്‍ പറയണോ.ഇത്രയും രുചികരമായി എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്ന മറ്റാരും ഏലാപ്പുറത്തില്ല. അതുകൊണ്ട് തന്നെ പുള്ളിക്കാരനു നല്ല കച്ചവടവുമുണ്ട്.

അടുത്തത് പൊടിയണ്ണന്റെ കുഞ്ഞുസ്റ്റേഷനറിക്കടയാണു.പേരുപോലെതന്നെ ആളൊരു പൊടിയാണു.കഷ്ടിച്ചു നാലടിമാത്രമേയുള്ളു പൊക്കം.അതിന്റെ ഒരു അഹംഭാവവും ആശാനില്ല.ഏലാപ്പുറത്തെ മിനുങ്ങല്‍ ടീംസിന്റെ പ്രധാനി എന്നു വേണമെങ്കില്‍ പറയാം. ദിവസവും എത്രയെത്ര സോഡകളാന് തീരുന്നത്. പിന്നെയൊന്നുള്ളതു പ്രസാദണ്ണന്റെ ശില്‍പ്പശാല.ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളുണ്ടാക്കുന്ന കക്ഷിക്ക് എപ്പോഴും തിരക്കാണു.മാത്രമല്ല കല്യാണവീടുകളിലേയ്ക്കും മറ്റുമൊക്കെ ലൈറ്റ്സ് ആന്‍ഡ് സൌണ്ട്സ് സപ്ലൈ ചെയ്യുന്ന പരിപാടിയുമാശാനുണ്ട്.

വയലിനു കുറുകേയുള്ള തോട്ടില്‍ ഒരു കൊച്ചുപാലമുണ്ട്.അതിനിവിടെ പ്രധാനപ്പെട്ടസ്ഥാനമാണുള്ളത്.വൈകുന്നേരങ്ങളില്‍ ചെറുപ്പക്കാരുടെ ഇരിപ്പിടമാണവിടെ.അവിടെ തന്നെയിരിക്കുവാന്‍ പ്രത്യേക കാരണമുണ്ട്. അമ്പലത്തില്‍ തൊഴാനായും മറ്റും വരുന്ന ലലനാമണികള്‍ വരമ്പ് ക്രോസ്സ് ചെയ്ത് അമ്പലവഴിയിലേയ്ക്ക് കയറുന്നത് ഈ പാലത്തിലൂടെയാണു.പഞ്ചാരക്കുട്ടമ്മാരും പഞ്ചാരയടിക്കുവാന്‍ മിനക്കെടുന്നവരും പിന്നെ വേറെവിടെ പോയിരിക്കും.വകുന്നേരങ്ങളില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞ് തണുത്ത കാറ്റേറ്റങ്ങിനെയിരിക്കുവാന്‍ എന്തു രസമാണ്.ഇരു കരകളിലും നിറയെ കായ്ക്കുന്ന തെങ്ങുകള്‍.സന്ധ്യ മയങ്ങിയാല്‍ സീരിയലും ചിത്രഗീതവും കണ്ണുമിഴിച്ച് നോക്കിക്കൊണ്ടിരിക്കുന്ന വീട്ടുകാര്‍ രാവിലെ വെട്ടം വീഴുമ്പോഴാണു പണയില്‍ നിന്ന അല്ലെങ്കില്‍ മുറ്റത്തു നിന്ന തെങ്ങിലുണ്ടായിരുന്ന കരിക്കുകള്‍ മുഴുവന്‍ ഉരുപ്പടികള്‍ കൊണ്ടുപോയതറിയുക.എല്ലാം സ്വന്തക്കാരും ബന്ധക്കാരുമൊക്കെയായതിനാല്‍ കൊറച്ചു കണ്ണുപൊട്ടുന്ന ചീത്തവിളിയില്‍ കാര്യങ്ങള്‍ പര്യവസാനിക്കും.കരിക്കെത്രത്തോളമടക്കുന്നുവോ അത്രയ്ക്ക് വീണ്ടും പിടിയ്ക്കും എന്നൊരാത്മഗതവുമുണ്ടാകും.

ചില ദിവസങ്ങളില്‍ ഒരു കുപ്പിയൊക്കെ പൊട്ടും.അന്നു പിന്നെ പാട്ടും കൂത്തും ഒന്നും പറയണ്ട. രാത്രിയില്‍ ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങും. വയല്‍ക്കാറ്റേറ്റുറങ്ങാനെന്തു സുഖമാണെന്നോ.രാവിലെ പാല്‍ സൊസൈറ്റിയില്‍ പോകാന്‍ വരുന്ന ശങ്കരന്‍ മാമന്‍ എല്ലാത്തിനേം തട്ടിയെഴുന്നേല്‍പ്പിക്കും..ഈ ശങ്കരന്‍ മാമന്റെ വീട്ടിലുണ്ടായിരുന്ന നല്ല സിമ്പ്ലക്കുട്ടമ്മാരായ രണ്ടു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ട് വന്ന്‍ കറിവച്ചും ചുട്ടും തിന്നതിന്റെ ഒരു ചൊരുക്കും കാണിക്കാറില്ല ആശാന്‍.. ആരാണ് അത് ചെയ്തതെന്ന്‍ മാമനു നന്നായറിയാം.

സ്കൂളടപ്പ് സമയങ്ങളിലാണ് യഥാര്‍ത്ഥത്തില്‍ ഗ്രാമത്തിലുത്സവം. ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍. എടാ ശ്രീയേ, രജനിയേ, കുമാറേ..വീടുകളില്‍ നിന്നും അമ്മമാരുടെ നീട്ടിയുള്ള വിളിയൊച്ചകള്‍ കാതുകളിലിപ്പോഴും മുഴങ്ങുന്നു.സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലിയാണാ നീട്ടിവിളി. പ്രവാസത്തിന്റെ ഈ നാളുകളില്‍ എത്ര രാത്രികളില്‍ ഞാനാ വിളി കേട്ടിരിക്കുന്നു. അറിയാണ്ടുണര്‍ന്നുപോയിട്ട് ആ ഓര്‍മ്മകളിലൂളിയിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിരിക്കുന്നു.കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മണലിനെ നോക്കി നില്‍ക്കുമ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ തീവ്രതയും വേദനയും ഞാനറിയുന്നു.

മൂന്നുവര്‍ഷം കഴിഞ്ഞ് ആദ്യ അവധിക്കായി നാട്ടില്‍ പോയ ഞാന്‍ നടുങ്ങിപ്പോയി..വയലേലകള്‍ നിറഞ്ഞ ഏലാപ്പുറമെവിടെ. ഇനി സ്ഥലം മാറി ഞാന്‍ മറ്റെവിടെയെങ്കിലുമാണോ ചെന്നിറങ്ങിയത്.തൊണ്ണൂറു ശതമാനം വയലുകളും നികത്തി തെങ്ങും കപ്പയും വാഴയുമൊക്കെ വച്ചിരിക്കുന്നു.വെറും രണ്ടോ മൂന്നോ വയലുകളില്‍ മാത്രം ന്നെല്‍കൃഷി ചെയ്തിരിക്കുന്നു. ബാക്കിയുള്ളവ തരിശായും കിടക്കുന്നു.മൂന്നുവര്‍ഷം കൊണ്ട് വന്ന അവിശ്വസനീയമായ മാറ്റം.കൊയ്ത്തിനാളില്ലാത്തതും വളരെയേറെ അധികരിച്ച കൃഷിച്ചിലവും എല്ലാവരെയും മാറ്റിചിന്തിപ്പിച്ചിരിക്കുന്നു.നിറയെ കവുങ്ങുകളും തെങ്ങുകളും നിന്ന പണകളില്‍ പോലും റബ്ബര്‍ തൈകള്‍ തളിരിട്ട് നില്‍ക്കുന്നു..കുലകുലയായ നെല്‍ക്കതിരുകളും തെങ്ങുകളും കവുങ്ങുകളും ചെടികളും മറ്റുമൊക്കെ നിറഞ്ഞുവിലസിയിരുന്ന എന്റെ പ്രീയപ്പെട്ട ഗ്രാമം ഓര്‍മ്മമാത്രമാവുകയാണ്.ഇനിയത്തെ അവധിക്കായി ഞാന്‍ ചെല്ലുമ്പോള്‍ ആ വയലുകളും കൂടി ചരമമടഞ്ഞിട്ടുണ്ടാവും. ഇനിയൊരു നാള്‍ ചിലപ്പോളെന്റെ മകന്‍ എന്നോട് ചോദിച്ചേക്കാം..

"ച്ഛാ ഈ വയലെന്ന്‍ വച്ചാലെന്താ"

ശ്രീക്കുട്ടന്‍

Tuesday, March 13, 2012

പൊരിച്ച തവളക്കാലും കപ്പ പുഴുങ്ങിയതും സൊല്‍പ്പം മറ്റവനും..

മഴക്കാലം ആരംഭിച്ചുതുടങ്ങിയിട്ടുള്ള ഒരു ഘോരരാത്രിയിലായിരുന്നു അത് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്.ഞങ്ങളെന്നുവച്ചാല്‍ ഞാനും എന്റെ അപ്പച്ചിയുടെ മകന്‍ ദീപുവും കൂട്ടുകാര‍മ്മാരായ അജിത്തും ജലീലും ഒരുമിച്ച്.കുറച്ച് തവളകളെപ്പിടിച്ച് പൊരിച്ചു ശാപ്പിടുക.മാത്രമല്ല തൊട്ടടുത്ത പുരയിടത്തില്‍ നല്ല മരച്ചീനി വിളഞ്ഞുകിടപ്പുണ്ട്.അതും കൊറച്ചടിച്ചുമാറ്റി ഒരു രണ്ടുകുല കരിക്കുമൊക്കെ സംഘടിപ്പിച്ച് പൊരിച്ചതവളക്കാലും പിന്നെ ഓള്‍ഡ് അഡ്മിറലില്‍ന്റെ ഒരു ഫുള്ളുമൊക്കെയായി ഒരുഗ്രന്‍ സപ്പര്‍ പാര്‍ട്ടി. വൈകുന്നേരം വീട്ടിനടുത്തുള്ള കരിങ്കല്‍ക്കെട്ടില്‍ സൊറപറഞ്ഞിരുന്നപ്പോഴാണ് ഇങ്ങിനെയൊരാശയം മനസ്സിലുദിച്ചത്.പക്ഷേ മെയിന്‍ പ്രശ്നം തവളകളെ എങ്ങിനെ പിടിയ്ക്കുമെന്നുള്ളതായിരുന്നു.ഞങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ ആരും അത്ര എക്സ്പര്‍ട്ടല്ല.പിന്നെന്തു ചെയ്യും.കൂലങ്കഷമായി ചിന്തിച്ചു തലപുണ്ണാക്കിയിരുന്നപ്പോഴാണ് അജിത്ത് ശ്രീമാന്‍ മോഹന്‍ജി അവര്‍കളുടെ പേര് സജസ്റ്റ് ചെയ്തത്.ഏലാപുറത്തെ ഒരു സംഭവം തന്നെയാണ് മോഹന്‍ജി.ഒരു രണ്ടുമൂന്നു ബഡായിക്കഥയെങ്കിലും ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരുറക്കവും വരാത്തൊരു നിഷ്ക്കളങ്കന്‍.പണ്ട് രാത്രി കാട്ടില് വ്ച്ച് ഒരു നരിമടയില്‍ കഴിച്ചുകൂട്ടേണ്ടി വന്നതും രാവിലെ ഉണര്‍ന്നു നോക്കിയപ്പോള്‍ പുലി അടുത്തുകിടന്നുറങ്ങുന്നതു കണ്ട് ആദ്യമൊന്നു ഭയന്നെങ്കിലും പുലിയെ ഉണര്‍ത്താതെ ജീവനും കൊണ്ട് രക്ഷപെട്ടതുമായ മോഹന്‍ജീയുടെ മാസ്റ്റര്‍പീസ് കഥ ഒരു അമ്പത് പ്രാവശ്യമെങ്കിലും ഞങ്ങള്‍ കേട്ടിട്ടുണ്ട്.മീനിനേയും തവളകളേയുമൊക്കെ പിടിയ്ക്കാനുള്ള ആശാന്റെ കഴിവ് അപാരം തന്നെയാണു.

"അങ്ങേരു മതിയണ്ണാ, തവളേം പിടിക്കാം കൊറച്ചു പുളു കേള്‍ക്കേം ചെയ്യാം സമയോം പോകും"

ജലീല്‍ അടിവരയിട്ടു പറഞ്ഞതോടെ അതു ഫിക്സ് ചെയ്തു. മോഹനന്‍ ജിയുടെ സമ്മതം വാങ്ങാനായി ഞാന്‍ മെല്ലെ ചീട്ടുകളി ഗോദയിലേയ്ക്കു നടന്നു.സ്ഥലത്തെ ഏക ചായക്കടയായ ഉണ്ണീസ് തട്ടുകടയുടെ അടുത്താണാ ചീട്ടുകളിഗോദ.വയല്‍ക്കരയില്‍ പുതിതായി ഒരു ചായക്കടപൊന്തിയപ്പോള്‍ കളിക്കരെല്ലാവരും വല്യ ഹാപ്പിയായി.ചീട്ടുകളിയുടെ രസം കളഞ്ഞിട്ട് ചായകുടിയ്ക്കാനായി ജംഗ്ഷനിലുള്ള കടവരെപോകണ്ടല്ലോ.പക്ഷേ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല.ഉണ്ണിപ്പിള്ളയുടെ കര്‍ക്കശനിലപാടുകളും സമയത്ത് കടതുറക്കാതിരിക്കുന്നതുമെല്ലാം കളിക്കാര്‍ക്ക് അത്ര പിടിച്ചില്ല.ആദ്യ ദിവസങ്ങളില്‍ ബേക്കറിയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നിരുന്ന പഫ്സും സ്വീറ്റ്നയും മറ്റുമെല്ലാം കുറച്ചു സമയം കൊണ്ട് വിറ്റുപോയിരുന്നെങ്കില്‍ പിന്നെ പിന്നെ അതു ഒന്നു രണ്ടുദിവസം വീതം ഉറക്കമൊഴിയാനാരംഭിച്ചു.ആയിടയ്ക്കൊരു ദിവസം ദുഷ്ടനായ സ്ഥലം എസ് ഐയുടെ നേതൃത്വത്തില്‍ ചീട്ടുകളിക്കാരെപിടിയ്ക്കാനായി ഒരു ചിന്ന റെയ്ഡ് നടക്കുകയുണ്ടായി.ചീട്ടുകളിക്കാരെ ഒന്നും പിടിയ്ക്കുവാന്‍ പോലീസിനു കഴിഞ്ഞില്ല.പോലീസിന്റെ വെട്ടം കണ്ടപ്പോഴെ കളിക്കാരെല്ലാപേരും സ്കൂട്ടായിരുന്നു.ചിതറിക്കിടക്കുന്ന ചീട്ടുകള്‍ നോക്കിനിന്ന എസ് ഐ കലിയടക്കാനാവാതെ ഉണ്ണിപ്പിള്ളയെ ഒന്നു കുടഞ്ഞു.ഇനി കടയുടെ അടുത്ത് ഏവനെങ്കിലും കളിക്കുകയാണെങ്കി ആദ്യം പൊക്കുന്നത് നിന്നെയായിരിക്കുമെന്നുള്ള പൊലീസ് ഭീഷണിയില്‍ ഭയന്ന ഉണ്ണിപിള്ള ചീട്ടുകളിക്കാരുമായിടയുകയും കടയുടെയടുത്ത് കളിക്കാന്‍ പറ്റില്ല എന്നു തീര്‍ത്തുപറയുകയും ചെയ്തു.ഫലമോ പഫ്സും ബണ്ണുമെല്ലാം ഉറക്കമൊഴിയുന്ന ദിവസങ്ങളുടെ എണ്ണം കൂടുകയും ചീട്ടുകളി തൊട്ടടുത്ത പണയില്‍ നിര്‍ബാധം തുടരുകയും ചെയ്തു.

കയ്യിലുണ്ടായിരുന്ന കാശ് മനോഹരമായി കളിച്ചു തോറ്റു തൊപ്പിയിട്ടിട്ട് ബാക്കിയുള്ളവര്‍ക്ക് കളി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുന്ന മോഹന്‍ജിയെ വിളിച്ചു ഞാന്‍ മടിച്ചു മടിച്ചു കാര്യം പറഞ്ഞു.ആദ്യം ആശാന്‍ കേട്ടഭാവം നടിച്ചില്ലെങ്കിലും ഓള്‍ഡ് അഡ്മിറലിന്റെ കാര്യമവതരിപ്പിച്ചപ്പോള്‍ ആ മുഖമൊന്നു തെളിയുകയും അന്നു രാത്രിയിലേക്കു തന്നെ പ്രോഗ്രാം ഫിക്സു ചെയ്യുകയും ചെയ്തു.ഞാന്‍ സന്തോഷത്തോടെ വീട്ടിലേയ്ക്കു മടങ്ങി.

സന്ധ്യായപ്പോഴേയ്ക്കും വീണ്ടും ചെറുതായി മഴ പൊടിയാനാരംഭിച്ചു.ഞങ്ങളെല്ലാപേരും അക്ഷമരായി മോഹന്‍ജിയെ കാത്തിരിക്കുവാണു.ആദ്യമേ തന്നെ വീട്ടില്‍ നിന്നും പെര്‍മിഷന്‍ വാങ്ങിയിരുന്നു.എട്ടുമണി കഴിഞ്ഞപ്പോള്‍ ഒരു കാജാബീഡിയും കൊളുത്തി പുകയൂതി വലിച്ചു വിട്ടുകൊണ്ട് നേതാവും കൂടെ അദ്ദേഹത്തിനെ അരുമ അളിയന്‍ സുശീലനും രംഗപ്രവേശം ചെയ്തു.

"മഴയാണല്ലടേ.തണുപ്പത്ത് പോണോ" തിണ്ണയിലേയ്ക്കു കയറിക്കൊണ്ട് മോഹന്‍ജി ഒരു ചോദ്യം

എല്ലാപേരുടേയും മുഖമൊന്നു വാടി.ജലീല്‍ പതിയെ ഫുള്ളിന്റെ ബോട്ടിലെടുത്ത് കൈവരിയില്‍ വച്ചു.ഗ്ലാസ്സിലേയ്ക്ക് കുറച്ചൊഴിച്ചു മുന്നോട്ടു നീക്കി വച്ചു.അതെടുത്ത് ഒറ്റവലിയ്ക്കകത്താക്കി കിറിയുമൊന്നു തുടച്ചിട്ട് ആശാന്‍ ബീഡിവലി പുനരാരംഭിച്ചു.ഞങ്ങളും ചെറുതായി ഓരോന്നു പിടിപ്പിച്ചു.അജിത്ത് കയ്യില്‍ കരുതിയിരുന്ന ഏലക്കായ എല്ലാപേര്‍ക്കും ഓരോന്നു തന്നു.അതും ചവച്ചുകൊണ്ട് ഞങ്ങള്‍ നേതാവിനെ നോക്കി.ആശാന്‍ മൂന്നാമത്തേതും വിഴുങ്ങിയിട്ട് പെട്ടന്ന്‍ റെഡിയായി പുറത്തേയ്ക്കിറങ്ങി.സാധനമെല്ലാമെടുത്ത് ഒതുക്കി വച്ച് ഞങ്ങള്‍ തലയില്‍ ഓരോ തോര്‍ത്തുമിട്ട് വയലിലേയ്ക്കു നടന്നു.

ടോര്‍ച്ച് അടിയ്ക്കുന്നത് സുശീലനാണ്.പുതുമഴപെയ്തതുകൊണ്ടാവണം കീഴ്ഭാഗത്തുള്ള ചിറയില്‍ നിന്നും തോടുവഴി ധാരാളം മീനുകള്‍ കയറിയിട്ടൊണ്ട്.തവളകളുടെ സംഗീതാത്മകമായ കരച്ചില്‍ എല്ലായിടത്തും മുഴങ്ങുന്നു.വയലില്‍ പല ഭാഗത്തും മീന്‍പിടിയ്ക്കുന്നവരുടേയും തവളകളെപിടിയ്ക്കാന്‍ വന്നവരുടേയും കലകലപ്പും കേള്‍ക്കാം.

ആശാന്‍ നേരെ താഴെഭാഗത്തേയ്ക്കു വച്ചടിച്ചു.ധാരാളം വെള്ളം കയറി ചെളിയും മറ്റും നിറഞ്ഞുകിടക്കുന്ന വരമ്പിലൂടെ ഒരു സര്‍ക്കസ്സ് അഭ്യാസ്സികളെപ്പോലെ ഞങ്ങള്‍ നടന്നു നീങ്ങി

..പ്ധും.."

"എന്റമ്മോ"

അലര്‍ച്ച കേട്ട് എല്ലാപേരും ഞെട്ടിതിരിഞ്ഞു നോക്കി. ദീപു വയലിലെ വെള്ളത്തില്‍ കിടക്കുന്നു.പെട്ടന്ന് മോഹന്‍ജി വയലിലിറങ്ങി അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു.കാലില്‍ നീര്‍ക്കോലി തട്ടിയപ്പം പേടിച്ചു ചാടിയതാണ്. എന്തു ചെയ്യാന്‍. പിന്നെ മോഹന്‍ജിയും അളിയനും കൂടി വിദഗ്ധമായി തവളകളെ പിടിയ്ക്കുവാന്‍ തുടങ്ങി.ബുദ്ധിയില്ലാത്ത തവളകള്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കണ്ണും മിഴിച്ചു നോക്കിയിരിക്കുമ്പോള്‍ ആശാന്‍ നിഷ്പ്രയാസം അവറ്റകളെ ചാക്കിനകത്ത് പിടിച്ചിട്ടുകൊണ്ടിരുന്നു.പെട്ടന്ന് സുശീലന്‍ ടോര്‍ച്ച് അജിത്തിന്റെ കയ്യില്‍ കൊടുത്തിട്ട് കയ്യിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെള്ളത്തില്‍ ആഞ്ഞൊന്നു വെട്ടിയിട്ട് പെട്ടന്ന് ആ ഭാഗത്ത് കൈകള്‍ കൊണ്ട് പരതുവാന്‍ തുടങ്ങി.ഒന്നും മനസ്സിലാകാതെ മിഴിച്ചുനോക്കി നിന്ന ഞങ്ങള്‍ കണ്ടത് വെള്ളത്തില്‍ നിന്നും ഒരു തടിയന്‍ മീനിനെ പൊക്കിയെടുക്കുന്നതാണു.വെട്ടേറ്റു അതിന്റെ തല അറ്റു തൂങ്ങിയിരുന്നു.എന്തിനേറെ പറയുന്നു ഒന്നൊന്നര മണിക്കൂറിനുള്ളില്‍ രണ്ടു പേരും കൂടി പത്തു നാല്‍പ്പത് തവളകളേയും അഞ്ചാറു മീനുകളേയും പിടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ചന്നം പിന്നം പെയ്യുന്ന മഴയില്‍ നനഞ്ഞു തണുപ്പടിച്ചു കുതിര്‍ന്നു നിന്ന ഞങ്ങള്‍ വീട്ടിലേയ്ക്കു തിരിച്ചു.വഴിക്കു വച്ചു മോഹന്‍ജിയും സുശീലനും ജലീലും കൂടി തവളകളുടെ കാലെല്ലാം വെട്ടിയെടുത്തു വൃത്തിയാക്കി മീനിനേയും റെഡിയാക്കി തോട്ടിലെ വെള്ളത്തില്‍ നന്നായി കഴുകിയിട്ട് ഒരു പ്ലാസ്റ്റിക് കവറിനുള്ളിലിട്ടു.അതും പിടിച്ച് നടക്കവേ ആശാന്‍ പണ്ട് ഒരു വല്യ ആറ്റുവാള മീനെപ്പിടിച്ച കഥ പൊടിപ്പും തൊങ്ങലും വച്ചു പറയാനാരംഭിച്ചിരുന്നു.കഥ പറഞ്ഞുതീരുന്നതിനുമുമ്പ് വീടെത്തിയതിനാല്‍ മുഴുവന്‍ സഹിക്കേണ്ടിവന്നില്ല.

എല്ലാപേരും ഒറക്കമായിക്കഴിഞ്ഞു.ഞങ്ങള്‍ ഒച്ചയുണ്ടാക്കാതെ ചായ്പ്പിലേയ്ക്കു കയറി.ഒളിച്ചുവച്ചിരുന്ന മരുന്നെടുത്ത് അല്‍പ്പം വീതം എല്ലാപേരും സേവിച്ചു.പിന്നെ പെട്ടന്നു തന്നെ പാചകത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു.ദീപുവും ഞാനും കൂടി ഒച്ചയുണ്ടാക്കാതെ അടുക്കളയില്‍ കയറി മൊളകും മല്ലിയും എണ്ണയും മറ്റു സാധനങ്ങളും എടുത്ത് ചായ്പ്പില്‍ വന്നു. ഞാന്‍ മസാല മിക്സു ചെയ്യാന്‍ തുടങ്ങി.എല്ലാത്തിനും മേല്‍നോട്ടം വഹിച്ചുകൊണ്ടിരുന്ന മോഹന്‍ജി ചെറുതായി ആടുന്നുണ്ടായിരുന്നു.മരച്ചീനി അടിച്ചുമാറ്റാനായി പോയിരുന്ന സുശീലനും ജലീലും അജിത്തും കൂടി ഈ സമയം ഒരു കൂട നിറയെ സാധനവുമായി വന്നു ചേര്‍ന്നു.അതു പൊളിച്ചു വൃത്തിയാക്കി അടുപ്പില്‍ വച്ചിട്ട് തവളക്കാല്‍ പൊരിക്കാനാരംഭിച്ചു.ചീനിച്ചട്ടിയില്‍ എണ്ണയൊഴിച്ചപ്പോള്‍ മോഹന്‍ജി നോക്കിയിട്ടു പറഞ്ഞു.


"എണ്ണ കൊറച്ചുകൂടി വേണം,എന്നാലേ നന്നായി മൊരിയൂ"

ഞാന്‍ ദീപുവിനെ ഒന്നു നോക്കി.അവന്‍ അടുക്കളയില്‍ പോയി നോക്കിയിട്ട് വെറും കയ്യുമായി വന്നു.എണ്ണയില്ല.അപ്പച്ചിയോടു ചോദിച്ചാള്‍ ചീത്ത ഒറപ്പാണ്.ധൈര്യം സംഭരിച്ച് ഞാന്‍ മെല്ലെ അപ്പയുടെ വാതിലില്‍ പേരുവിളിച്ചുകൊണ്ട് മുട്ടി.

"എന്തുവേണമെടാ". അകത്തുനിന്നും നീരസത്തോടെയുള്ള ശബ്ദം.

"അപ്പച്ചി എണ്ണ തീര്‍ന്നുപോയി കൊറച്ചുകിട്ടിയിരുന്നെങ്കില്‍" അടഞ്ഞ വാതിലിനു മുമ്പില്‍ ഭവ്യതയോടെ നിന്നുകൊണ്ട് ഞാന്‍ പറഞ്ഞു.

"ദേ അകത്തെ പെരയില്‍ ഭരണിയിലൊണ്ട്.പാത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിവച്ചില്ലേലൊണ്ടല്ലോ..ങ്ഹാ...ഞാന്‍ ഒന്നും പറയുന്നില്ല"

ആശ്വാസത്തോടെ ഞാന്‍ ചായ്പ്പില്‍ വന്നിട്ട് ദീപുവിനേം കൂട്ടി അകത്തെ മുറിയില്‍ എണ്ണയെടുക്കാനായി കയറി.അരണ്ടവെളിച്ചത്തില്‍ തപ്പി തപ്പി ഭരണിയില്‍ കയ്യിട്ട് കയ്യിലുണ്ടായിരുന്ന കുപ്പിയില്‍ എണ്ണ നിറച്ചും മുക്കിയെടുത്തു.തിരികെ വന്ന് ചീനിച്ചട്ടിയില്‍ തിളച്ചുമറിയുന്ന എണ്ണയില്‍ കിടന്നു പുളയുന്ന തവളക്കാലുകളേയും നോക്കി നിന്നു.

"എണ്ണ കൊറവാടാ കൊറച്ചുകൂടിയൊഴിച്ചുകൊടുക്ക്"

മോഹന്‍ജിയാണ്.ഞാന്‍ പകുതിയോളം എണ്ണ ചട്ടിയിലേയ്ക്കു ചരിച്ചു.ഒരഞ്ചുമിനിട്ടിനുള്ളില്‍ ആ എണ്ണ അപ്രത്യക്ഷമായി.കുപ്പിയിലുണ്ടായിരുന്ന എണ്ണയില്‍ കൊറച്ചുകൂടി ഒഴിച്ചിട്ട് ഞാന്‍ തീയല്‍പ്പം കൊറച്ചു.അടുത്ത പുരയിടത്തില്‍ കണ്ടുവച്ചിരുന്ന കരിക്കിടാനായി ഈ സമയം അജിത്തും സുശീലനും ജലീലും പോയിരുന്നു.അല്‍പ്പം കഴിഞ്ഞ് മോഹന്‍ജിയും എഴുന്നേറ്റു പോയി. ചട്ടിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന എണ്ണ എവിടേയ്ക്കുപോകുന്നു എന്നോര്‍ത്തു വണ്ടറടിച്ചു ഞാന്‍ ഏകനായി തവളപൊരിക്കല്‍ യജ്ഞം തൊടര്‍ന്നുകൊണ്ടിരുന്നു.അടിച്ച അറുപതും കൂടിയായപ്പോള്‍ ആകെ ഒരു വെളിവുകേടു തന്നെ.കുറേ സമയം കഴിഞ്ഞപ്പോള്‍ തീയെല്ലാമണച്ചു ഞാന്‍ പാത്രമെല്ലാം റെഡിയാക്കി വച്ചു.കപ്പയും തയ്യാറായിരുന്നു.സമയം ഒരു മണിയാവാന്‍ പോകുന്നു.ഒരു കുല കരിക്കുമായി തിരിച്ചു വന്നു ജലീലും അജിത്തും സാധനം താഴെവച്ചിട്ട് ചിരിയോടു ചിരി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഏന്തി വലിഞ്ഞ് മോഹന്‍ജിയും സുശീലനുമെത്തി.സംഭവമെന്താണെന്നു വച്ചാല്‍ സുശീലനടത്തിട്ട കരിക്ക് ഇരുട്ടത്ത് കൈലി നിവര്‍ത്തി പിടിയ്ക്കുന്നതിനിടയില്‍ സ്ഥാനം തെറ്റി മോഹന്‍ജിയുടെ വലതു കാലിമ്മേല്‍ വീണു.അപ്പോള്‍ തുടങ്ങിയ ചീത്തവിളിയാണ്.

കുപ്പിയില്‍ ഒരല്‍പ്പം ബാക്കിയുണ്ടായിരുന്നത് ആശാനു കൊടുത്തു.മൊളകുപൊടിയില്‍ എണ്ണയൊഴിച്ചു ഒരു ടച്ചിംഗ്സുണ്ടാക്കി തീറ്റയാരംഭിച്ചു.ദീപുവിന്റെ അനിയത്തിമാര്‍ക്കായി ഒരു നാലഞ്ച്ചു കാലു പൊരിച്ചത് ഞാനാദ്യമേ മാറ്റി വച്ചിരുന്നു.തവളക്കാലില്‍ ആദ്യം കടിച്ച ജലീല്‍ എന്നെയൊന്നു നോക്കി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ദീപുവും അജിത്തും ആ ദയനീയമായ നോട്ടം എനിക്കു നേരെ നീട്ടി.ഞാനും ഒരെണ്ണമെടുത്തു കടിച്ചു.ഹമ്മേ കൊടലുവരെ മറിഞ്ഞുപോകുന്ന തരത്തിലൊള്ള ഉപ്പ്.

"ഞാനപ്പഴേ പറഞ്ഞതാ ഇങ്ങേരെക്കൊണ്ട് ഉപ്പിടീക്കണ്ടന്ന്.എത്ര പാടുപെട്ടുണ്ടാക്കിയ സാധനമാണ്"

അരിശത്തോടെ എന്റെ നേരെ കൈചൂണ്ടിക്കൊണ്ട് അജിത്ത് ചിണുങ്ങി.

"ങ്ഹാ സാരമില്ല കരിക്കും കപ്പയും എല്ലാം കൂടിയാവുമ്പോള്‍ കൊഴപ്പമുണ്ടാവില്ല".

മോഹന്‍ജിയുടെ വാക്ക് എനിക്ക് ആശ്വാസമേകി.ഒടുവില്‍ രണ്ടരമണിയോടെ എല്ലാം അവസാനിപ്പിച്ച് പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി ഞങ്ങള്‍ നിദ്ര പൂകി.

രാവിലെ പത്തു മണിയ്ക്കുറക്കമുണര്‍ന്ന് ഞാന്‍ ഒരു ചായകുടിയ്ക്കാനായി വായും കഴുകി അടുക്കളയിലേയ്ക്കു ചെന്നു.


"നീ എന്തിനാടാ ഈ എണ്ണക്കുപ്പിയില്‍ വെള്ളമൊഴിച്ചുവച്ചത്".കണ്ണുകള്‍ രണ്ടുമുരുട്ടിക്കൊണ്ട് അപ്പച്ചി നില്‍ക്കുന്നു.

"ഹേയ് ഞാനൊഴിച്ചില്ല"

"പിന്നിതെന്താ"

കുപ്പിയെടുത്ത് ഉയര്‍ത്തിക്കൊണ്ടാണടുത്ത ചോദ്യം.ശരിയാണു.എണ്ണക്കുപ്പിയില്‍ വെള്ളമുണ്ട്.കുമിളകള്‍ നില്‍ക്കുന്നു.ഇനി ഇന്നലെ രാത്രി ഭരണിയില്‍ നിന്നുമെടുത്തപ്പോഴെങ്ങാനും.പെട്ടന്നെന്റെ തലച്ചോറൊന്നു മിന്നിയണഞ്ഞു.അകത്തെ മുറിയിലേയ്ക്കു കയറിയ ഞാന്‍ ലൈറ്റിട്ടു നോക്കി.എന്റെ ഊഹം ശരിതന്നെ.രണ്ടു ഭരണികള്‍.വിറയ്ക്കുന്ന കൈകളാല്‍ രാത്രി ഞാന്‍ എണ്ണമുക്കിയെടുത്ത വലിയ ഭരണിയുടെ മൂടി പൊക്കി അതിനകത്തേയ്ക്കു നോക്കി.പണ്ടെങ്ങാണ്ടോ മറ്റോ നാട്ടുമാങ്ങയിട്ടുവച്ചിരുന്ന അതിനകത്തുണ്ടായിരുന്ന നാറ്റം എന്റെ മൂക്കില്‍ തുളഞ്ഞുകയറി.ആ ഉപ്പുവെള്ളത്തില്‍ പുഴുക്കള്‍ നുരയ്ക്കുന്നുണ്ടോ എന്നൊരു സംശയം.അടിവയറ്റില്‍ നിന്നും എന്തോ ഒന്നു മുകളിലേയ്ക്കു ഇരച്ചുവരുന്നു.വായും പൊത്തിപ്പിടിച്ചു പുറത്തേയ്ക്കോടിയ ഞാന്‍ പണ്ടു കുടിച്ച പാല്‍ക്കഞ്ഞിവരെ ശര്‍ദ്ധിച്ചുതള്ളി മക്കളെ.........

അന്നു വൈകുന്നേരം ഈ സംഭവം അറിഞ്ഞ ജലീലിനു വാളുവച്ചു സഹികെട്ട് ആശുപത്രിയില്‍ അഭയം പ്രാപിക്കേണ്ടിവന്നു.ദീപുവും അജിത്തും രണ്ടുമൂന്നുറൌണ്ട് വച്ചു സംതൃപ്തിയടഞ്ഞു.കരിക്കുവീണ് കാല്‍പ്പാദം നീരു വന്നൂതിയിരുന്നതുമൂലം രണ്ടുമൂന്നുദിവസം കഴിഞ്ഞുമാത്രം പുറത്തേയ്ക്കിറങ്ങിയ മോഹന്‍ജി എന്നെ രഹസ്യമായി മാറ്റി നിര്‍ത്തി വിളിച്ച തെറികള്‍.... ... ഹൊ...എന്റമ്മേ......

ശ്രീക്കുട്ടന്‍