Wednesday, March 28, 2012

മുടിഞ്ഞവന്റെ ഒടുക്കം

ഉദയസൂര്യന്റെ ചെങ്കതിരുകള്‍ പാറിവീഴുന്ന ഇടവഴിയിലൂടെ മാലതിയമ്മ പ്രാഞ്ചി പ്രാഞ്ചി നടന്നു..കുട്ടിയ്ക്കലെ ശശാങ്കന്റെ അമ്മയുടെ അമ്മയാണവര്‍. . ശശാങ്കന്‍ 32 വയസ്സുള്ള ഒരു ഗജ പോക്രിയാണു. പത്തു പതിനെട്ട് അടിപിടി കേസുകള്‍ നിലവിലുള്ള, ഇടയ്ക്കിടയ്ക്ക് തറവാട്ടീ പോകുന്നതുപോലെ ജയിലീപോകുന്ന ഒരു അറുവഷളന്‍. ആരുമായും മുട്ടുന്നതിനു ശശാങ്കനു യാതൊരു പേടീയുമില്ല.നാട്ടുകാര്‍ക്കെല്ലാം ആശാനെ സ്വല്‍പ്പം പേടിയാണു താനും.ഒന്നു പറഞ്ഞ് രണ്ടാമത്തേതിനു തല്ലുന്ന സ്വഭാവം..പണകളില്‍ നില്‍ക്കുന്ന വാഴക്കുലകളും അടയ്ക്കയുമൊക്കെ അവനു തോന്നിയതുപോലെ അടത്തുകൊണ്ട് പോയി വില്‍ക്കും.ആരു ചോദിക്കാന്‍. കുട്ടിയ്ക്കല്‍ തറവാട്ടില്‍ ഇതേ പോലൊരു പോക്കണം കെട്ടവനുണ്ടായിപ്പോയല്ലോയെന്നോര്‍ത്ത് പലരും മൂക്കത്ത് വിരല്‍ വച്ചിട്ടുണ്ട്. അത്രയ്ക്ക് നാട്ടില്‍ നല്ല പേരുണ്ടായിരുന്ന തറവാടായിരുന്നു അത്.
മകന്റെ ജനനശേഷം ആറുകൊല്ലമായപ്പോള്‍ ശശാങ്കന്റെ അച്ഛന്‍ മരിച്ചു. അമ്പലത്തീന്നു മടങ്ങുന്ന വഴി വിഷം തീണ്ടി..വളര്‍ന്നു വലുതായി ശശാങ്ക വിക്രിയകളാരംഭിച്ചപ്പോള്‍ മനസ്സു ചത്ത് ആ അമ്മയും..പിന്നെയുള്ളത് മാലതിയമ്മയാണ്. ശശാങ്കന്‍ മഹാ പോക്രിയാണെങ്കിലും മാലതിയമ്മയ്ക്ക് അവനെ വല്യ കാര്യാണ്..ശശാങ്കനുമതേ..അവന്‍ അല്‍പ്പമെങ്കിലും ബഹുമാനവും സ്നേഹവും ഒരാള്‍ക്ക് കൊടുക്കുന്നുണ്ടെങ്കില്‍ അത് മാലതിയമ്മയ്ക്ക് മാത്രമാണ്.

വയസ്സറുപത്തേഴേ ആയുള്ളുവെങ്കിലും ഒരു 80 കാരിയുടെ ശാരീരികവൈഷമ്യങ്ങളാണവരനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആറേഴുമാസം മുന്നേ ശിവന്റമ്പലത്തില്‍ തൊഴുതേച്ച് മടങ്ങുന്ന വഴി പാടവരമ്പത്തൂന്ന്‍ ഒന്ന്‍ കാലുമടങ്ങി വീണു.കാലില്‍ ചെറിയ ഒരു പൊട്ടലുണ്ടായി.പ്രായത്തിന്റേതാവാം അതങ്ങട്ട് കൂട്ടിയോജിക്കാതായതുമൂലം ഒരു ചെറിയ ഓപ്പറേഷന്‍ നടത്തി ഇപ്പോള്‍ കമ്പിയിട്ടിരിക്കുവാണ്.നടത്തില്‍ അതിന്റെ സ്വാധീനക്കുറവ് നന്നായിട്ടുണ്ട്.

"എങ്ങട്ടാ മാലതിയമ്മേ അമ്പലത്തിലേയ്ക്കാ". മുറുക്കാന്‍ നീട്ടിതുപ്പിക്കൊണ്ട് എതിരേ വന്ന കുറുപ്പ് ചോദിച്ചു.

"അതേ കുറുപ്പേ..ന്റെ ശശാങ്കന്റെ പേരിലൊരു പൊങ്കാലയിടാമെന്ന്‍ നേര്‍ന്നിട്ട് രണ്ടീസമായി. കാലു മേലാത്തോണ്ടാ വരാമ്പറ്റാണ്ടായേ..മ്മ്ട രമണീട മോളു ചന്ദ്രിക സഹായിക്കാന്‍ വരും. ഇന്നത് നടത്തീട്ടേള്ളൂ മറ്റെന്തും"

"ന്റെ മാലതിയമ്മേ...ങ്ങളാണാ ചെക്കനെ താന്തോന്നിയാക്കി നടത്തിപ്പിക്കണത്..നിങ്ങള് പറഞ്ഞാലവന്‍ കേക്കൂല്ലേ"

"ആമ്പിള്ളാരാവുമ്പം ഇച്ചിരി തെമ്മാടിത്തരോക്കെ വേണ്ടേന്റെ കുറുപ്പേ..

"ഹും..ഇതിച്ചിരിയൊന്നുമല്ല..നാട്ടുകാരെല്ലാരും കൂടി കരുതിയിരിക്കുവാണ്.താമസിയാതെ തീരുമാനമാവും"

അമ്പലത്തിലേയ്ക്ക് നടക്കുന്ന മാലതിയമ്മയെ നോക്കി ഒച്ച കുറച്ചു പറഞ്ഞിട്ട് കുറുപ്പ് കവലയിലേയ്ക്ക് നടന്നു.കള്ളതെമ്മാടി.ആറ്റുനോറ്റ് തന്റെ മകനൊരു ചെറിയ സൈക്കിളു മെടിച്ചു കൊടുത്തതാ. കൊച്ചനോടിച്ചുവന്നപ്പം കാലേലൊന്നു മുട്ടിയെന്നും പറഞ്ഞ് ആ സൈക്കിളും ചവിട്ടിയൊടിച്ചു തന്റെ മോന്റെ ചെവി വലിച്ചുതിരുമ്മിപറിക്കേം ചെയ്തു. കൊച്ചു കുട്ട്യാന്നുള്ള വിചാരമെങ്കിലുമുണ്ടായോ..രണ്ടീസമാ കൊച്ചിന്റെ ചെവി നീരുവന്നൂതി ചൊവന്നു തടിച്ചിരുന്നത്.ചെറ്റ...

ത്ഫൂ.....

അരിശം തീരാതെ വായില്‍ കിടന്ന വെറ്റില മുഴുവന്‍ കുറുപ്പ് നീട്ടിത്തുപ്പി...

ശാന്തമ്പാറ ചന്ത കൂടുന്നത് കാലത്ത് 8 മണിയോടെയാണ്.10 മണിക്കുള്ളില്‍ അവിടത്തെ ചന്ത പിരിയുകയും കച്ചവടക്കാര്‍ ബാക്കി സാധനങ്ങളുമായി മേലേ ചന്തയിലേയ്ക്ക് പോവുകയും ചെയ്യും.നാട്ടിലുള്ള കപ്പയും വാഴക്കുലകളും ചക്കയും മാങ്ങയും പച്ചക്കറികളും അങ്ങിനെയങ്ങിനെയുള്ള എല്ലാ ചെറുകിട സാധനങ്ങളും വില്‍ക്കുന്നയിടമാണ് ശാന്തമ്പാറ ചന്ത. ചന്തയുടെ നടത്തിപ്പ് ലേലത്തിനെടുത്തിരിക്കുന്നത് അതിനടുത്തുതന്നെ താമസിക്കുന്ന വിശ്വംഭരനാണ്. പിരിവെല്ലാം കൃത്യമായി പിരിച്ചെടുക്കുവാന്‍ ഒരു തടിമിടുക്കുള്ള ആളിനെ തിരഞ്ഞ് വിശ്വംഭരനെങ്ങും പോകേണ്ടി വന്നില്ല..ആദ്യമൊക്കെ ശശാങ്കന്‍ കൃത്യമായി ജോലി ചെയ്തു.പിന്നെപിന്നെ അവന്‍ തന്റെ തനിനിറം പുറത്തെടുത്തു. കച്ചവടക്കാരില്‍ നിന്നും ബലമായി ശശാങ്കന്‍ അവന്റെ വീതമെന്നു പറഞ്ഞ് പിരിവാരംഭിച്ചു.എതിര്‍ത്ത കച്ചവടക്കാര്‍ക്കും എന്തിനു വിശ്വംഭരനും നല്ല തല്ലു കിട്ടിയതു മാത്രം മിച്ചം.ശശാങ്കനെ ഭയന്ന്‍ ചില കച്ചവടക്കാര്‍ ശാന്തമ്പാറ ചന്തേല കച്ചവടം തന്നെയൊഴിവാക്കി.

"ദേ കാലന്‍ വരണൂ..ഇവനെ കെട്ടിയെടുക്കാന്‍ ആരൂല്ലാണ്ടായല്ലോ ന്റെ തമ്പുരാനേ"

മേലേക്ക് മിഴികളെറിഞ്ഞുകൊണ്ട് പച്ചക്കറിക്കച്ചവടക്കാരി ലതിക 50 രൂപയെടുത്ത് കയ്യില്‍ പിടിച്ചു.ശശാങ്കന്റെ പിരിവ് തുടങ്ങിക്കഴിഞ്ഞിരുന്നു. എന്തു വിറ്റാലും വിറ്റില്ലേലും അവനുള്ള പണം അവനു കിട്ടണം.മരച്ചീനിക്കടക്കാരന്‍ ദാമുവില്‍ നിന്നും ആരംഭിച്ച്, തൈരുകാരി ഭാര്‍ഗ്ഗവി,ചീരയും പയറുമൊക്കെ വിക്കുന്ന വല്‍സല, മുറുക്കാന്‍ ഐറ്റംസ് വില്‍ക്കുന്ന വിജയമ്മ, തേങ്ങാക്കച്ചവടക്കാരന്‍ ഭാനു,ചീപ്പ് സോപ്പ് കണ്ണാടി കരിവള കച്ചവടക്കാരന്‍ പ്രകാശന്‍ എന്നിവരെക്കടന്ന്‍ ശശാങ്കന്‍ ലതിക നീട്ടിയ പണം തട്ടിപ്പറിച്ചുകൊണ്ട് ഇറച്ചിക്കാരന്‍ സുലൈമാന്റെ കടയുടെ മുന്നിലെത്തി. ശശാങ്കനെക്കാളും രണ്ടിരട്ടി തടിമിടുക്കുള്ള ആളാണ് സുലൈമാന്‍.അതു കൊണ്ട് തന്നെ അവിടെ ശശാങ്കന്‍ ചെറിയ ഒരു മയമൊക്കെ കാട്ടും. ശല്യമൊഴിഞ്ഞുപോട്ടേന്ന്‍ കരുതി സുലൈമാന്‍ പൈസ കൊടുക്കാറുണ്ട്.

"നീ പിന്നെ വന്നേ ശശാങ്കാ. ഇപ്പ ചില്ലറയില്ല "

സുലൈമാന്റെ പറച്ചില്‍ കേട്ട് ശശാങ്കന്‍ മീന്‍കാരുടെ അടുത്തേയ്ക്ക് ചെന്നു. കാദറും സുന്ദരനും തങ്ങളുടെ പതിവ് എടുത്തു നീട്ടി. എന്നാല്‍ അന്നാദ്യമായി കച്ചവടത്തിനു വന്ന ലാസര്‍ ശശാങ്കനെ മൈന്‍ഡ് ചെയ്യാതെയിരുന്നു. മുമ്പ് മീന്‍ കച്ചവടം ചെയ്തു കൊണ്ടിരുന്ന കുഞ്ഞിപ്പോക്കറിന്റെ മോനാണു ലാസര്‍. അപ്പന്‍ കിടപ്പിലായതുകൊണ്ട് പുതുതായി വന്നതാണ്.അല്‍പ്പസമയം നോക്കി നിന്ന ശശാങ്കന്‍ ലാസറിന്റെ മീങ്കൊട്ട ഒറ്റച്ചവിട്ടിനു ദൂരെത്തെറിപ്പിച്ചു. മത്തികള്‍ നാലുപാടും ചിതറി.ചാടിയെഴുന്നേറ്റ ലാസര്‍ ശശാങ്കന്റെ നെഞ്ചിന്‍ കൂടു നോക്കി ഒരു ചവിട്ടുകൊടുത്തു.ചിതറിക്കിടന്ന മീനിന്റെ മേലേയ്ക്ക് വെട്ടിയിട്ടപോലെ വീണ ശശാങ്കനു തറയിലിട്ട് രണ്ട് ചവിട്ട് കൂടി ലാസര്‍ നല്‍കി.ഉരുണ്ടുപിരണ്ടെഴുന്നേറ്റ ശശാങ്കന്‍ സുലൈമാന്റെ കടയിലിരുന്ന ഇറച്ചിക്കത്ത് കടന്നെടുത്ത് ലാസറിനു നേരേ കുതിച്ചു.

പിന്നീടവിടെ നടന്നത് ഒരു കലാശക്കൊട്ടുതന്നെയായിരുന്നു.കാദറും സുന്ദരനും പ്രകാശനും സുലൈമാനുമെല്ലാം അവിടേയ്ക്ക് കുതിച്ചെത്തി.എല്ലാവരോടും ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാനാവാതെ തല്ലുകൊണ്ട് കുഴങ്ങിയ ശശാങ്കന്‍ കാദറിനെ തള്ളിയിട്ടിട്ട് ഒരു വശത്തേയ്ക്കോടി.എന്നാല്‍ ചന്തയിലുള്ള എല്ലാവരേയും ആവേശം ഒരുമിച്ചു ബാധിച്ചതിനാല്‍ ശശാങ്കനു രക്ഷപ്പെടാനായില്ല.ഭാനുവിന്റെ അടിയേറ്റു തറയില്‍ വീണ ശശാങ്കനെ പച്ചക്കറികച്ചവടക്കാരി ലതിക ഒരു ചേനയെടുത്ത് എറിഞ്ഞിട്ട് കാറിത്തുപ്പുകകൂടി ചെയ്തു.അടിയുമിടിയുമേറ്റ് ശശാങ്കന്റെ ശരീരത്തിലെ അസ്ഥികള്‍ മുഴുവന്‍ നുറുങ്ങി.ആദ്യമൊക്കെ അലറുകയും അമറുകയും ചെയ്ത ശശാങ്കന്‍ പിന്നീട് ഒച്ചകുറഞ്ഞരീതിയില്‍ മോങ്ങിക്കൊണ്ടിരുന്നു. തല്ലിക്കൊതിതീര്‍ന്ന എല്ലാവരും മാറിയപ്പോഴേയ്ക്കും ശശാങ്കന്‍ തൊണ്ണൂറ്റൊമ്പതുശതമാനം പരലോകയാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചന്തയിലേയ്ക്ക് കയറിയ കുറുപ്പ് കണ്ടത് അടിയേറ്റ് തറയില്‍ ചുരുണ്ടുകിടക്കുന്ന ശശാങ്കനെയാണു.ചുറ്റും നില്‍ക്കുന്നവരെ ഒന്നു നോക്കിയിട്ട് കുറുപ്പ് പകയോടെ ശശാങ്കനെ ഒന്നു നോക്കി.തന്റെ മകന്റെ നിര്‍ത്താതെയുള്ള കരച്ചിലും ഒടിഞ്ഞ സൈക്കിളും മനസ്സിലോടിയെത്തിയതും നായീന്റമോനേയെന്നു വിളിച്ചുകൊണ്ട് കുറുപ്പ് ശശാങ്കന്റെ നെഞ്ചില്‍ ഒരു ചവിട്ട് കൊടുത്തു.നിമിഷങ്ങള്‍ക്ക് മുമ്പ് യാത്രയായിരുന്ന ശശാങ്കനു ആ ചവിട്ടിന്റെ വേദന അറിയേണ്ടി വന്നില്ല എന്നുള്ളതാനു പരമാര്‍ത്ഥം.

ചന്തയിലടി നടക്കുന്നു എന്നാരോ വിളിച്ചു പറഞ്ഞതുമൂലം സ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് കണ്ടത് അവസാന ചവിട്ടുരംഗമാണ്. ചുറ്റുപാടും വീക്ഷിച്ച അവര്‍ക്ക് ഒന്നാം പ്രതി ആരായിരുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല.ഈ സമയം ശശാങ്കന്റെ ദീര്‍ഘായുസ്സിനു വേണ്ടിയിട്ട പൊങ്കാല നേദിച്ച് വാങ്ങിയിട്ട് മാലതിയമ്മ പോറ്റിയ്ക്ക് ദക്ഷിണയും കൊടുത്ത് ചന്ദ്രികയുമൊത്ത് വീട്ടിലേയ്ക്ക് മടങ്ങാനാരംഭിച്ചിരുന്നു..

ശ്രീക്കുട്ടന്‍

15 comments:

 1. ഒരു ചലച്ചിത്രരംഗം പോലെ മനോഹരം.വാളെടുത്തവന്‍ വാളാല്‍ എന്നാ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന സംഭവ പരമ്പരകള്‍

  ReplyDelete
 2. ശ്രീകുട്ടാ.. നല്ല കഥ. ഒരു നാട്ടിൻ പുറം ടച്ച് ശ്രീകുട്ടന്റെ എല്ലാ കഥകളിലും കാണാവുന്ന സവിശേഷതയാണ്‌. അഭിനന്ദനങ്ങൾ..

  ReplyDelete
 3. കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു... ഭാവുകങ്ങൾ

  ReplyDelete
 4. ഗ്രാമീണ പശ്ചാത്തലത്തില്‍ പറഞ്ഞ ശശാങ്കന്റെ കഥ കണ്ടു മനസ്സില്‍ പതിഞ്ഞ ചില സിനിമ രംഗങ്ങളിലൂടെ കൂട്ടി കൊണ്ടുപോയി. പണിയെടുക്കാതെ മേയാന്‍ ഇറങ്ങുന്ന ശശാങ്കനെ പോലുള്ളവരുടെ അന്ത്യം ഈ വിധം തന്നെ ആവണം എന്ന് നന്മയുള്ള ഏതു മനസ്സും കാംഷിക്കും. കഥ നന്നായി

  ReplyDelete
 5. ശശാങ്കനെ പോലെയുള്ളവര്‍ ഇങ്ങനെയുള്ള അന്ത്യമേ അര്‍ഹിക്കുന്നുള്ളൂ ...കഥ നന്നായി ശ്രീക്കുട്ടാ ...

  ReplyDelete
 6. പ്രീയപ്പെട്ടവരേ,

  കഥ വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാപേര്‍ക്കും നന്ദി...

  ReplyDelete
 7. കൊള്ളാം... നല്ല കഥ

  ReplyDelete
 8. ഏതു വിധത്തിലായാലും ഗുണ്ടകളുടെ എല്ലാം ഗതി അവസാനം ഇതുതന്നെ.

  ReplyDelete
 9. വാളെടുത്തവൻ വാളാൽ. നല്ല ഒരു തിരക്കഥ വായിച്ചിരിക്കുന്ന പ്രതീതി. അപ്പൊ കുട്ടേട്ടൻ ചോദിക്കും 'നീയെവിടുന്നാടാ അതിന് തിരക്കഥ വായിച്ചിരിക്ക്ണേ' ന്ന്. ശരിയാ ഞാൻ വായിച്ചിട്ടില്ല. പക്ഷെ ഒരു സിനിമ കാണുന്ന പോലെ മനോഹരമായിരുന്നുീതിലെ രംഗങ്ങൾ എന്ന് ഉദ്ദേശിച്ചതാ. 'ഗോളാന്തരവാർത്തയിൽ' ശ്രീനിവാസൻ വരുന്ന രംഗം ഓർത്ത് പോയി. എന്തായാലും ഗ്രാമത്തിന്റെ മനോഹാര്യതയുമായി ഒരു നല്ല കുട്ടേട്ടൻ പൊസ്റ്റ്. ആശംസകൾ.

  ReplyDelete
 10. സുഖവും രസവുമുള്ള വായന. എങ്കിലും ഒരു ചോദ്യം. കേരളത്തില്‍ എവിടെ എങ്കിലും ഇപ്പോള്‍ ഒരു ശശാങ്കന്‍ കാണുമോ? (ഉണ്ടെങ്കിലെ കഥ എഴുതാവൂ എന്നല്ല, എന്നാലും കിടക്കട്ടെ ഒരു ചോദ്യം)

  ReplyDelete
 11. വായിക്കുന്നവരെക്കൊണ്ട് ഒരേ രീതിയില്‍ അഭിപ്രായം പറയിക്കുക ഒരു കഴിവാണ് ശ്രീ ഭായ്‌.

  വായിച്ചുവന്നപ്പോള്‍ ഉള്ളില്‍ തോന്നിയത് മുന്‍പ്‌ കലാഭവന്‍ മണിയോ മറ്റോ അഭിനയിച്ച ഒരു സിനിമയാണ്. അത് പറയാന്‍ വന്നപ്പോള്‍ ആദ്യ കമന്റിലും പിന്നീട് വന്ന ചില കമന്റിലും അതേ അഭിപ്രായം കണ്ടു.

  പ്രമേയത്തിലെ പുതുമയല്ല, അവതരണം കൊണ്ടാണ് ഇക്കഥ ശ്രദ്ധേയമാകുന്നത്.

  ReplyDelete
 12. ജെഫു പറഞ്ഞപോലെ ഗ്രാമീണജീവിതത്തിന്റെ സ്പര്‍ശം എഴുത്തുകളിലൊക്കെ കാണുന്നുണ്ട്....

  പരിചിതമായ ജീവിതപരിസരങ്ങളില്‍ നിന്നും സൂക്ഷ്മനിരീക്ഷണ പാടവത്തോടെയാണ് ശ്രീക്കുട്ടന്‍ കഥ മെനഞ്ഞെടുക്കുന്നത്.

  നല്ല കഥക്ക് അഭിനന്ദനങ്ങൾ.....

  ReplyDelete
 13. ഒരു വെട്ടിച്ചിറ സൈമനെ ആണ് പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലേക്ക് ഓടി വന്നത് എഴുത്ത് നന്നായിരിക്കുന്നു ആശംസകള്‍ ശ്രീകുട്ടാ

  ReplyDelete