Thursday, April 12, 2012

വാത്സല്യം - ഒരാസ്വാദനശ്രമം

ഇതൊരു ശ്രമം മാത്രമാണ്. ഇന്നത്തെക്കാലത്ത് ഈ ചിത്രത്തിനു ചിലപ്പോള്‍ നമ്മുടെ ആസ്വാദനതലത്തില്‍ യാതൊരു സ്ഥാനവുമുണ്ടായിരിക്കില്ല. എന്നിരുന്നാലും മനസ്സിനെ സ്പര്‍ശിച്ച ഒരു സിനിമയെന്ന അല്ല ജീവിതമെന്ന്‍ തോന്നിയതുകൊണ്ട് ഈ സാഹസത്തിനു മുതിരുന്നു...


മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വിജയചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു 1993 കാലഘട്ടം..ആകാശദൂത്, ദേവാസുരം, ഏകലവ്യന്‍, വാത്സല്യം,കാബൂളിവാല, മണിചിത്രത്താഴ്, മേലേപ്പറമ്പില്‍ ആണ്‍ വീട്..അങ്ങിനെയങ്ങിനെ നിരവധി എണ്ണം. പല ചിത്രങ്ങളും തിയേറ്ററുകള്‍ നിറഞ്ഞോടി.കലാപരമായും വാണിജ്യപരമായും മികച്ച വിജയങ്ങളായിരുന്നു മിക്ക സിനിമയും..ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടുന്ന ഒന്നാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച വാത്സല്യമെന്ന ചിത്രം. ആദ്യകാലങ്ങളില്‍ കൊടും വില്ലനായും പിന്നീട് പക്കാ കൊമേഡിയനായും ഇപ്പോള്‍ നിത്യതയിലാണ്ട് വിശ്രമിക്കുകയും ചെയ്യുന്ന ശ്രീ കൊച്ചിന്‍ ഹനീഫയായിരുന്നു ഈ ചലച്ചിത്രവിസ്മയത്തിന്റെ സംവിധാന ചുക്കാന്‍ പിടിച്ചത്. ലോഹിതദാസ് എന്ന അനുഗ്രഹീത കഥാകാരന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്നുവീണ ഈ ചിത്രം മലയാളികള്‍ നെഞ്ചോടടക്കിപ്പിടിച്ചു എന്നുള്ളതാണ് വാസ്തവം.അക്കൊല്ലത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്ക്കാരം മമ്മൂട്ടിയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിനു ലഭിക്കുകയുണ്ടാ​യി.

കഥാസാരം

മേലേടത്ത് തറവാട്ടിലെ കാരണവരാണ് രാഘവന്‍ നായര്‍.ഭാര്യ മാലതിയും രണ്ട് കുട്ടികളും അനുജന്‍ വിജയകുമാരന്‍ നായരും പിന്നെയൊരനുജത്തി സുധയും അമ്മ ജാനകിയമ്മയും അടങ്ങുന്ന പേരുകേട്ട വലിയൊരു തറവാട്. എപ്പോഴും ബീഡിവലിച്ച് ചുമച്ച് ചുമച്ചിരിക്കുന്ന വല്യമ്മാവന്‍ കുഞ്ഞന്‍ നായരും അയാളുടെ മകള്‍ നളിനിയും ആ വീട്ടില്‍ തന്നെ താമസം. രാഘവന്‍ നായരുടെ അനുജന്‍ വക്കീലിനു പഠിക്കുവാണ്. നളിനിയെ വിജയനെക്കൊണ്ട് കല്യാണം കഴിപ്പിക്കണമെന്നത് രാഘവന്‍ നായര്‍ക്കൊപ്പം ആ വീട്ടിലെ മറ്റെല്ലാവര്‍ക്കും ഗൂഡമായൊരാഗ്രഹമുണ്ട്.രാഘവന്‍ നായരുടെ പ്രധാനജോലി കൃഷി തന്നെ. പാടത്തുനിന്നും വൈകിട്ട് വന്ന്‍ കുളിയൊക്കെക്കഴിഞ്ഞ് അല്‍പ്പം രാമായണമൊക്കെ വായിച്ച് മക്കളോട് വര്‍ത്തമാനമൊക്കെപ്പറഞ്ഞ് അവിരാമമൊഴുകുന്ന പുഴപോലൊരു ജീവിതം.രാഘവന്‍ നായര്‍ക്ക് ചേര്‍ന്ന ഭാര്യതന്നെയായിരുന്നു മാലതിയും.ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുന്ന സ്നേഹത്തിന്റെ നിറകുടമായ നാട്ടുമ്പുറത്തുകാരി.

അനുജന്‍ വക്കീല്‍ പരീക്ഷ പാസ്സായ ദിനം രാഘവന്‍ നായരുടെ സന്തോഷം സീമാതീതമായിരുന്നു.നഗരത്തിലെ പ്രശസ്തനായ വക്കീലിന്റെ ജൂനിയറായി അവനെ ചേര്‍ക്കുമ്പോള്‍ രാഘവന്‍ നായര്‍ ശരിക്കും സന്തോഷിച്ചു.വരാനുള്ളസന്താപങ്ങളൊന്നുമോര്‍ക്കാതെയുള്ള നിറഞ്ഞ സന്തോഷം.

പട്ടണത്തില്‍ താമസിച്ച് വക്കീല്‍ ജോലികളുമായി നീങ്ങവേ വിജയന്‍ സീനിയര്‍ വക്കീലിന്റെ മകളുമായി അടുക്കുകയും ആ വിവാഹക്കാര്യം രാഘവന്‍ നായരുടെ മുന്നിലെത്തുകയും ചെയ്യുന്നു. രാഘവന്‍ നായര്‍ എന്ന മനുഷ്യനാദ്യമായി തകര്‍ന്നുതുടങ്ങുന്ന നിമിഷം.മനസ്സിന്റെ കോണിലുണ്ടായിരുന്ന വിജയനും നളിനിയുമായുള്ള കല്യാണം രാഘവന്‍ നായര്‍ കുഴിച്ചുമൂടി.അല്ലെങ്കിലും സഹോദരങ്ങള്‍ക്ക് ഇഷ്ടകരമല്ലാത്ത ഒന്നും ചെയ്യുവാന്‍ തക്ക മനസ്സുള്ള ആളായിരുന്നില്ല നായര്‍.

പട്ടണവാസിയായ പരിഷ്ക്കാരിഭാര്യയ്ക്ക് മേലേടത്തു വീട്ടിലെ രീതികളോടൊക്കെ തികഞ്ഞ പുശ്ഛമായിരുന്നു. പാടത്ത് പണികഴിഞ്ഞ് വിയര്‍പ്പും ചളിയുമായി ആഹാരം കഴിക്കാന്‍ വന്നിരിക്കുന്ന രാഘവന്‍ നായരെക്കണ്ട ദേക്ഷ്യത്തില്‍ അവര്‍ അറപ്പോടെ എഴുന്നേറ്റുപോകുന്നുണ്ട്. പതിയെപ്പതിയെ ആ കുടുംബത്തില്‍ തനിക്കുള്ള കാരണവര്‍ സ്ഥാനം നഷ്ടമാകുന്നത് രാഘവന്‍ നായര്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. സ്വന്തം വീടില്‍ താന്‍ അന്യനായിക്കൊണ്ടിരിക്കുന്നതറിഞ്ഞ ആ ശുദ്ധഹൃദയനൊപ്പം മേലേടത്ത് തറവാട്ടിലെ മറ്റുപലരും തേങ്ങി. ഒടുവില്‍ തറവാട് ഭാഗം വയ്ക്കുക എന്ന കര്‍മ്മവുമെത്തി.

വീടുവിട്ട് മക്കളും ഭാര്യയുമായി രാഘവന്‍ നായര്‍ ദൂരെയൊരു സ്ഥലത്തേയ്ക്ക് പോകുന്നു. ആളൊഴിഞ്ഞ തറവാട്ടിലെ ശൂന്യതയില്‍ വിജയന്‍ തിരിച്ചറിയുകയായിരുന്നു തന്റെ വല്യേട്ടന്റെ വിലയെന്തായിരുന്നുവെന്ന്‍. ഏട്ടനെ തിരക്കിയിറങ്ങുന്ന അവന്‍ കാണുന്നത് രാഘവന്‍ നായര്‍ പുതിയ സ്ഥലത്ത് മണ്ണിനോട് പടവെട്ടിത്തുടങ്ങുന്നതാണ്..

ഹൃദയെത്തെ തൊടുന്ന മൂന്നു ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. താമരക്കണ്ണനുറങ്ങേണം എന്ന ഗാനം മൂളാത്തവര്‍ ആരും തന്നെയില്ലായിരുന്നുവെന്ന്‍ നിസ്സംശയം പറയാം. ഇന്നും കുട്ടികളെയുറക്കുവാന്‍ പറ്റിയ ഒന്നാന്തരം താരാട്ടുപാട്ടുതന്നെയാണത്...



അതുപോലെ അലയും കാറ്റിന്‍ ഹൃദയം എന്ന ഗാനം..ആ പാട്ടുസീന്‍ ഹൃദയവേദനയോടുകൂടി മാത്രമേ കണ്ടു തീര്‍ക്കാനാവൂ..



ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗം രാഘവന്‍ നായരും കുടുംബവും വീടുവിട്ടിറങ്ങുന്ന സീനാണു.കരഞ്ഞുകൊണ്ട് പുറകിലേയ്ക്ക് നോക്കി നടക്കുമ്പോള്‍ കല്ലുതട്ടി ഒന്നായുന്ന മാലതി രാഘവന്‍ നായരുടെ തോളില്‍ അമര്‍ത്തിപ്പിടിക്കുന്ന സീന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്നതുപോലെ അനുഭവവേദ്യമായിരുന്നു.ഒരു രാഘവന്‍ നായര്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നുവെങ്കില്‍ അയാള്‍ക്ക് മാലതിയെന്ന ഭാര്യയുണ്ടായിരുന്നുവെങ്കില്‍ അവര്‍ക്കൊരിക്കലും വാത്സല്യത്തിലെ രാഘവന്‍ നായരും മാലതിയുമായി ജീവിക്കുവാനാകുമായിരുന്നില്ല. അതെ പകര്‍ത്താനാവാത്തത്ര അസുലഭദൃഡമായ ജീവിതം..അതായിരുന്നു രാഘവന്‍ നായരുടേത്..

ശ്രീക്കുട്ടന്‍

18 comments:

  1. പ്രീയരേ,

    ഒന്നു ചുമ്മാ ശ്രമിച്ചുനോക്കുവാണു..നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുവാന്‍ മറക്കരുത്...

    ReplyDelete
  2. നല്ലൊരു സിനിമയാണ്,

    നന്നായി വിവരിച്ചു.... ഇഷ്ടായി
    ആശംസകൾ

    ReplyDelete
  3. ശ്രമല്ലേ.. ക്ഷമിച്ചിരിക്കുന്നു. :) ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന ഒരു സിനിമതന്നെയാനത്. വിവരണം നാന്നായിട്ടുണ്ട് ശ്രീകുട്ടാ..

    ReplyDelete
  4. ശ്രമമല്ലേ കൂട്ടേട്ടാ, നന്നായിട്ടുണ്ട്. ഞാൻ നമ്മുടെ കൊചിൻ ഹനീഫയുടെ സംവിധാന മികവിൽ അന്തിച്ച് പോയ സിനിമയാണ് അത്. ഇത്രയ്ക്കും മനോഹരമായ ഒരു സംവിധാന സംരംഭം കൊച്ചിൻ ഹനീഫയിൽ നിന്നുണ്ടായി എന്നത് അഭിനന്ദനാർഹം തന്നെ. നല്ല ശ്രമം കുട്ടേട്ടാ. ആശംസകൾ.

    ReplyDelete
  5. എന്തുവാടെയിത്!
    പഴയതൊക്കെ പൊടിതട്ടിയെടുക്കുന്ന സൂക്കേട് നിനക്കുമുണ്ടോ?
    അത്തരത്തില്‍ ഞാന്‍ ഇന്നും അത്ഭുതത്തോടെ കാണുന്ന ഒരു സിനിമയാണ് "ദശരഥം"
    ഇരുത്തം വന്ന അഭിനേതാക്കള്‍, അന്നത്തെ ആളുകള്‍ക്ക് ചിന്തിക്കാവുന്നതിന് അപ്പുറമുള്ള ലോഹിതദാസ് തിരക്കഥ, സംവിധാനമികവ്, എല്ലാം എല്ലാം ഒരു ഓസ്കര്‍ ചിത്രത്തോട് കിടപിടിക്കുന്നതാണ്.

    ReplyDelete
  6. ഷാജു, ജെഫു, മണ്ടൂസന്‍,

    എല്ലാവര്‍ക്കും നന്ദി..സിനിമയെക്കുറിച്ചൊക്കെ നിരൂപിക്കുവാന്‍ നമ്മളാരാ..അല്ലേലും മലയാളസിനിമകളെക്കുറിച്ച്..ഹൊ എന്നാ പാടാണെന്നേ..വല്ല ലാറ്റിനമേരിക്കനോ കൊറിയനോ ഒക്കെ ആണെങ്കില്‍ ഈസിയായി...സാരമില്ല..ഇത്തവണത്തേയ്ക്ക് ക്ഷമിച്ചേക്കുക..

    ജോസ്,

    ഇതൊരാരംഭമാണു മച്ചാ..ചില ചൈനീസ് സിനിമകളെക്കുറിച്ച് ഉടനേ പ്രതീക്ഷിക്കാം..പിന്നെ ദശരഥം ക്ലാസ്സ് സിനിമ തന്നെയായിരുന്നു..

    ReplyDelete
  7. എത്ര കണ്ടാലും മതിവരാത്ത സിനിമ..
    നന്നായി വിവരിച്ചു..

    ReplyDelete
  8. ഒന്നു ചുമ്മാ ശ്രമിച്ചുനോക്കുവാണു..നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുവാന്‍ മറക്കരുത്...

    ശ്രമം ഒട്ടും പരാജയപ്പെട്ടിട്ടില്ല. ശ്രീക്കുട്ടന് സിനിമാ പഠനം എഴുതാനാവും എന്നു തെളിയിച്ചിരിക്കുന്നു. വാത്സല്യം മനസ്സില്‍ തട്ടുന്ന ഒരുപാട് ദൃശ്യങ്ങളിലൂടെ കോര്‍ത്തിണക്കിയ ഒരു സിനിമയായിരുന്നു. മമ്മൂട്ടി മികച്ച അഭിനയവും കാഴ്ചവെച്ചു...

    നല്ല വായന... ഒപ്പം മരന്നുപോയ ഒരു ദൃശ്യാനുഭവത്തെ മനസ്സിലേക്കു കൊണ്ടു വന്നു

    ReplyDelete
  9. സൂപ്പര്‍ മച്ചാ ..
    ഇതില്‍ സിദ്ധീക്കിന്റെ ഭാര്യയായി അഭിനയിച്ച നടിക്ക് ഓക്കാനം വരുമ്പോള്‍ ഗര്‍ഭം ആണെന്ന് സംശയിച്ചു എല്ലാവരും സന്തോഷിക്കുന്നനിമിഷത്തില്‍, നിങ്ങളുടെ ഏട്ടനു ഒന്ന് കുളിച്ചിട്ടു വന്നൂടെ എന്ന് ചോദിക്കുന്ന സീനുണ്ട്. രാഘവന്‍ നായരുടെ മുഖത്ത് മിന്നുന്ന ഭാവമുണ്ട് അപ്പോള്‍,.....
    ഇത്തരം മനോഹരമായ പല സീനുകളും ആ സിനിമയില്‍ ഉണ്ട്.
    ആസ്വാദനം തകര്‍ത്ത്.
    (അടുത്തത്‌ ചൈനാ ടൌണ്‍ ആകട്ടെ )

    ReplyDelete
  10. എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഓണ്‍ ഒന്നാണിത്...ആസ്വാദനം നന്നായിരിക്കുന്നു.....

    ReplyDelete
  11. നന്നായിട്ടുണ്ട് ..പൂളൂസേ...അല്പ്ം കൂടി ആകാമായിരുന്നു..ട്ടോ...പൂളൂസ് ടച്ച് ഇതിൽ വന്നില്ല..

    ReplyDelete
  12. ഇത് നന്നായിട്ടുണ്ട് മാഷെ... താങ്കളുടെ ഇതുവരെ ഞാൻ വായിച്ചിട്ടുള്ള പോസ്റ്റുകളിൽ എനിക്ക് ഇഷ്ടപ്പെട്ടത്... നല്ല അവതരണം, വാത്സല്യമെന്ന സിനിമാ ആദ്യമായി കണ്ട ആ ദിവസത്തിലേക്ക് എന്നെ കൊണ്ട് പോയി.. അതിലുപരി ഇത്രയും നല്ല ഒരു സിനിമയെ വിലയിരുത്താൻ കാണിച്ച ശ്രമത്തിന് അഭിനന്ദനങ്ങൾ

    ReplyDelete
  13. നല്ല ശ്രമം ശ്രീക്കുട്ടാ.
    മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു ആ ചിത്രത്തിൽ. പിന്നെ ആ തരാട്ട്പാട്ട് ആർക്ക് മറക്കാനാവും!

    ReplyDelete
  14. എനിയ്ക്കും വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് 'വാത്സല്യം'

    ഈ അവലോകനം നന്നായി, മാഷേ...

    ReplyDelete
  15. പ്രീയപ്പെട്ടവരേ,

    എല്ലാവര്‍ക്കും നന്ദി...ഈ പ്രോത്സാഹനം ഇത്തരം ഭ്രാന്തുകള്‍ തുടരുവാന്‍ എന്നെ പ്രാപ്തനാക്കിയേക്കാം

    ReplyDelete
  16. ശ്രമം പരാജയമല്ല.
    വാത്സല്യം ഇഷ്ടപ്പെടാത്തവര്‍ കാണില്ല എന്നാണു എനിക്ക് തോന്നിയത്‌.
    തുടരുക.

    ReplyDelete
  17. കഥ മാത്രമല്ല അല്ലെ...ഇപ്പരിവാടിയും നടക്കുമല്ലെ?ശ്രമം പാളിയില്ല എന്നു തോന്നുന്നു....

    ReplyDelete
  18. മലയാള സിനിമയില്‍ കുടുംബ കഥകള്‍ അന്യം വന്നു കൊണ്ടിരിക്കുകയാണല്ലോ.. നല്ല സിനിമകളുടെ ശ്രേണിയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സിനിമ തന്നെ നിരൂപണം നടത്താന്‍ തെരഞ്ഞെടുത്തതിനു അഭിനന്ദനങള്‍

    ReplyDelete