Saturday, April 28, 2012

ഇല പൊഴിയും കാലം

പൊഴിഞ്ഞുവീണുകിടക്കുന്ന മാവിലകളും മാമ്പൂക്കളും ചവിട്ടി നടക്കുമ്പോള്‍ ഹരിക്ക് എന്തെല്ലാമോ തോന്നുന്നുണ്ടായിരുന്നു. 11 വര്‍ഷങ്ങളാകുന്നു. ഇവിടേയ്ക്ക് വരില്ലായെന്ന്‍ കരുതിയതാണ്. പക്ഷേ...ചിലതങ്ങിനെയാണ്. നമ്മളെത്ര തന്നെ വേണ്ടെന്ന്‍ വച്ചാലും കാന്തികാകര്‍ഷണം പോലെ നമ്മെ അവ വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. നിറഞ്ഞ താടിരോമങ്ങളില്‍ മെല്ലെയൊന്നു തടവിയിട്ട് അവന്‍ ആ സിമന്റ് ബഞ്ചിലിരുന്നു.വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍മ്മകള്‍ അവന്റെയുള്ളില്‍ കുതിച്ച് പാഞ്ഞെത്തുന്നുണ്ടായിരുന്നു. കാറ്റടിച്ച് തന്റെ മുഖത്തും മറ്റും വീഴുന്ന മാമ്പൂക്കള്‍ ഒരു പ്രത്യേക സുഗന്ധം പരത്തുന്നു.അന്തരീക്ഷമാകെ ആ മണം തങ്ങി നില്‍ക്കുകയാണ്. ലഹരിപിടിപ്പിക്കുന്ന ഗന്ധം. ഒരു സിഗററ്റ് വലിക്കണമെന്ന്‍ ഹരിക്ക് തോന്നി. ജുബ്ബയുടെ കീശയില്‍ നിന്നും പായ്ക്കറ്റെടുത്ത് ഒരു സിഗററ്റ് തീപ്പിടിപ്പിച്ച് ചുണ്ടില്‍ വച്ചു. ശ്വാസനാളത്തിനുള്ളിലേയ്ക്ക് സുഖദമായ അനുഭൂതി പടര്‍ത്തിക്കൊണ്ട് സിഗററ്റ് പുക പ്രയാണം തുടങ്ങുകയും പിന്നീടത് മൂക്കിലൂടെയും വായിലൂടെയുമായി പുറത്തേയ്ക്ക് പാറിപ്പറക്കുകയും ചെയ്തു..

"നിന്നോടൊരായിരം വട്ടം പറഞ്ഞിട്ടില്ലേടാ ശരീരം ചീത്തയാക്കാനെക്കൊണ്ട് ഈ കുന്ത്രാണ്ടം വലിച്ചു കേറ്റരുതെന്ന്‍.അതെങ്ങിനാ കണ്ണൊന്ന്‍ തെറ്റുവാന്നു നോക്കിയിരിക്കുവല്ലേ വലിക്കാനായിട്ട്"

ഇടുപ്പില്‍ കൈകള്‍ കുത്തിക്കൊണ്ട് ഒരു പ്രത്യേക പോസില്‍ നില്‍ക്കുന്ന വിജിയെ നോക്കി ഹരിയൊന്നു ചിരിച്ചു..

"എടീ പെണ്ണേ. വലിയും കുടിയുമൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടൊള്ളതാ."

"ഹോ വല്യ ആണു വന്നേക്കണു.ഡാ ചെക്കാ മീശയൊരല്‍പ്പം കറുത്തുവെന്ന്‍ കരുതി വല്യ ആണാണെന്നൊന്നും കരുതിയേക്കല്ലേ.ഈ വലിച്ചു കേറ്റണതെന്താന്നു പിടിയുണ്ടല്ലോ അല്ലേ..വെഷമാ നിറഞ്ഞ വെഷം..കൊതിതീരും മുമ്പേ അങ്ങ് വിളിപ്പിക്കുന്ന വിഷം. നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദനയറിയൂ"

"എന്റമ്മച്ചീ..അതിനെടയ്ക്ക് സെന്റിയായി. ദേ കിടക്കണ് സിഗററ്റ്..എന്റെ ദൈവം തമ്പുരാനേ സ്വസ്ഥമായി രണ്ട് പുകയെടുത്ത് ആത്മാവിനുശാന്തികൊടുക്കാമെന്ന്‍ കരുതിയാലും ഇതിന്റെയൊക്കെ രൂപത്തിലങ്ങ് എടങ്ങേറുകളെയയക്കുമല്ലോ"

കയ്യിലിരുന്ന സിഗററ്റ് തറയിലേയ്ക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഹരി ബെഞ്ചില്‍ നിന്നുമെഴുന്നേറ്റു.

"ഹരീ ദയന്‍ എത്തിയില്ലേ ഇന്ന്‍"

"വരാറാകുന്നതേയുള്ളെടീ പൊട്ടിക്കാളീ.എല്ലാ പെണ്‍കുട്ടികളേം ഉത്തരവാദിത്വത്തോടെ ബസ്സ് കയറ്റിയയച്ചുകൊണ്ടിപ്പോള്‍ നില്‍ക്കുകയാവുമവന്‍..പഞ്ചാരക്കുട്ടന്‍"

"പോടാ എന്റെ അഭിപ്രായത്തില് ‍ഈ കോളേജിലെ ഏറ്റവും മര്യാദക്കാരനായ ചെക്കന്‍ ദയനാണ്.പിന്നെ അവനിച്ചിരി സൌന്ദര്യാരാധന കൂടുതലായിപ്പോയി അത്രമാത്രം.അതൊരു തെറ്റാണോ..ആമ്പിള്ളേരായാ ഇച്ചിരി പഞ്ചാരയൊക്കെയില്ലേ പിന്നെ എന്തിനുകൊള്ളാം"

"ങ്..ഹാ..ദേ വരുന്നൂ..പറഞ്ഞു നാവെടുത്തില്ല.നൂറായുസ്സാ ചെക്കനു"

തോളിലെ ബാഗ് ഒതുക്കിയിട്ടുകൊണ്ട് തങ്ങളുടെ നേരെ വരുന്ന ദയനെ നോക്കി ഹരി ഒരു ചെറിയ ചൂളമടിച്ചു.

"മച്ചാ കൊഞ്ചം ലേറ്റായിപ്പോയി മന്നിച്ചിട്.എതാവത് സാപ്പിടലാമാ"

"സറി അണ്ണാച്ചീ.ക്യാന്റീനിലേയ്ക്ക് ചലോ ചലോ..ചലോ ചലോ.. "

പൊട്ടിച്ചിരിയോടെ പറഞ്ഞുകൊണ്ട് വിജി എഴുന്നേറ്റു.മൂവരും ക്യാന്റീനിലേയ്ക്ക് നടന്നു.

"ഹാ..ശൂ......വല്ലാത്തൊരൊച്ചയോടെ ഹരി കയ്യിലിരുന്ന സിഗററ്റ്കുറ്റി താഴേക്കിട്ടു.കത്തിയെരിഞ്ഞ് തീരാറായ സിഗററ്റിന്റെ ചൂട് കയ്യിലടിച്ചതായിരുന്നു കാരണം. വിജിയുടെ പൊട്ടിച്ചിരി അന്തരീക്ഷത്തില്‍ മുഴങ്ങുന്നതായി ഹരിക്ക് തോന്നി.ബഹളങ്ങളെല്ലാമൊഴിഞ്ഞ മൈതാനം ശവപ്പറമ്പുപോലെ നീണ്ടുനിവര്‍ന്ന്‍ കിടക്കുന്നു.ബെഞ്ചില്‍ നിന്നെഴുന്നേറ്റ ഹരി ക്യാന്റീനിലേയ്ക്ക് നടന്നു. ഒഴിഞ്ഞ കസേരയിലൊന്നിലിരുന്ന അവന്‍ ഒരു ചായ പറഞ്ഞു. തൊട്ടടുത്ത കസേരകളിലിരുന്ന്‍ കലപിലാ വര്‍ത്തമാനം പറയുന്നത് ദയനും വിജിയുമല്ലേ.കണ്ണുകള്‍ ഒന്ന്‍ ചിമ്മിയടച്ച് ഹരി ഒരിക്കല്‍ കൂടി നോക്കി.ശൂന്യമായ കസേരകള്‍ മാത്രം അവ്ന്റെ കണ്ണിലുടക്കി.ചായ മൊത്തിക്കുടിച്ചിട്ട് വീണ്ടുമൊരു സിഗററ്റ് പുകച്ചുകൊണ്ട് അവന്‍ പുറത്തേയ്ക്കിറങ്ങി വീണ്ടും മാഞ്ചുവട്ടിലേയ്ക്ക് നടന്നു.

സിമന്റ് ബഞ്ചിലിരുന്ന്‍ പുകയൂതിവിട്ടുകൊണ്ട് ഹരി വാച്ചിലേയ്ക്ക് നോക്കി.അവര്‍ വരാമെന്ന്‍ പറഞ്ഞിരുന്ന സമയം ആകുന്നു. വീണ്ടും ഓര്‍മ്മകള്‍ ഒഴുകിപ്പരക്കുകയാണു. വിജിയോടുള്ള സൌഹൃദം വെറുമൊരു സൌഹൃദമല്ലായിരുന്നുവെന്ന്‍ താനെപ്പോഴാണു തിരിച്ചറിഞ്ഞത്. ഒരുപക്ഷേ തറവാട്ടിലേയ്ക്കെന്നു പറഞ്ഞ് പോയവള്‍ ഒരാഴ്ചകഴിഞ്ഞിട്ടും മടങ്ങിവരാതിരുന്നപ്പോഴാണോ.ഒന്നു ഫോണ്‍ പോലും ചെയ്യാതെ ഒരാഴ്ച. ഒടുവില്‍ ഒരു ക്ഷമാപണവും പറഞ്ഞ് കവിളിലരുമയായൊന്നു തലോടി ക്യാന്റീനിലേയ്ക്ക് നടക്കുമ്പോള്‍ മനസ്സ് ചെറുതായല്ല തുള്ളിക്കളിച്ചുകൊണ്ടിരുന്നത്.അവളുടെ സാമീപ്യം താന്‍ അത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതൊരു യാഥാര്‍ത്യം തന്നെയായിരുന്നു.

ഒരു ദിവസം മഴയത്ത് ദയനോടൊപ്പം ഒരു കുടക്കീഴില്‍ നനഞ്ഞുമുട്ടിയുരുമ്മിവരുന്ന വിജിയെക്കണ്ടപ്പോള്‍ സത്യത്തില്‍ പെരുവിരലില്‍ നിന്നും വിറച്ചുകയറിവന്നതാണ്. തനിക്കായുള്ളവള്‍ മറ്റൊരുവനോടൊട്ടിയുരുമ്മി. ദയനെ താനൊന്ന്‍ സൂക്ഷിച്ചു നോക്കിയെങ്കിലും അവന്‍ ചിരിച്ചുകൊണ്ട് നിന്നു. അവളോട് പറയണമെന്ന്‍ എത്രയാവര്‍ത്തി വിചാരിച്ചിരിക്കുന്നു. എത്ര പ്രാ​വശ്യം പറയാനുള്ള വാചകങ്ങള്‍ സ്വയം പറഞ്ഞ് റിഹേഴ്സലെടുത്തിരിക്കുന്നു. ചിലപ്പോളവള്‍ വെറും ചങ്ങാതിമാരായിട്ടു മാത്രമാണ് തന്നെയും ദയനേയും കണ്ടിരിക്കുന്നതെങ്കില്‍..ഹൊ ഓര്‍ക്കാന്‍ കൂടി വയ്യാ. അവളുടെ വര്‍ത്തമാനത്തില്‍ ലയിച്ചു കണ്ണടച്ചിരിക്കും.

"എന്താടാ ഹരീ..പകലുള്ള സ്വപ്നം കാണല്‍ ഇപ്പോഴുമുണ്ടോ നിനക്ക്"

ഒച്ചകേട്ട് കണ്ണുതുറന്ന്‍ ഹരി മിഴിച്ചുനോക്കി. സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ മുന്നില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന രൂപം അവന്റെ കാഴ്ചയ്ക്ക് വ്യക്തമായി..ദൈവമേ ദയന്‍..നല്ലതുപോലെ തടിച്ചിരിക്കുന്നു. ഹരി പെട്ടന്ന്‍ ബെഞ്ചില്‍ നിന്നും ചാടിയെഴുന്നേറ്റു. കെട്ടിപ്പിടുത്തവും പരിഭവം പറച്ചിലുമൊക്കെക്കഴിഞ്ഞപ്പോഴാണു ദയന്റെ തൊട്ടടുത്ത് നില്‍ക്കുന്ന കുട്ടിയേയും യുവതിയേയും ഹരി കണ്ടത്.

"പരിചയപ്പെടുത്താന്‍ മറന്നു..ദിസ് ഈസ് മൈ വാമഭാഗം രജനീ ദയന്‍ ആന്‍ഡ് ദിസ് ചോട്ടൂ ഈസ് മൈ ഡിയര്‍ സണ്‍ പ്രണവ് ദയന്‍"

ദയന്‍ ഭര്യയേയും മകനേയും പരിചയപ്പെടുത്തിയപ്പോള്‍ ഹരി അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു. മനസ്സിലാകെയൊരു ചിന്താകുഴപ്പം. അപ്പോള്‍ വിജി?

"ഹരീ നീയിപ്പോള്‍ വിജിയെക്കുറിച്ചല്ലേ ആലോചിച്ചത്"

ദയന്റെ ഒച്ചകുറഞ്ഞ ചോദ്യം ഹരിയെ ഉണര്‍ത്തി. അവന്‍ ദയനെ സൂക്ഷിച്ചൊന്നു നോക്കി.

"നീ കരുതയത് ഞാനും വിജിയും തമ്മില്‍ കല്യാണം കഴിച്ചു എന്നല്ലേ. അവള് നല്ല ഒരു ഡോക്ടര്‍ ചെക്കനെ കെട്ടി രണ്ട് മക്കളുമായി സസുഖം കഴിയുന്നു. പക്ഷേ എനിക്കറിയാമായിരുന്നു ഹരീ നിനക്കവളെ ഇഷ്ടമായിരുന്നെന്ന്‍. നിനക്കത് തുറന്നുപറയുവാനുള്ള ധൈര്യമില്ലായിരുന്നു. പറഞ്ഞിരുന്നെങ്കിലും കാര്യമില്ലായിരുന്നു. അവള്‍ നല്ല രണ്ട് ചങ്ങാതിമാരായി മാത്രമേ നമ്മളെ കണ്ടിരുന്നുള്ളൂ. ഒരിക്കലും സൌഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുന്ന ഒന്നല്ലെന്നായിരുന്നവളുടെ പക്ഷം.നീ എന്നെ തെറ്റിദ്ധരിച്ചു. സത്യത്തില്‍ എനിക്ക് വിജിയോട് ഒരിക്കലും മറ്റൊരു രീതിയിലുള്ള അടുപ്പം തോന്നിയിട്ടില്ല.ഒരു എടാ വാടാ കൂട്ടുകാരന്‍ അല്ലെങ്കില്‍ കൂട്ടുകാരി. അതു മാത്രമായിരുന്നു. നീ എല്ലാവരേയുമുപേക്ഷിച്ച് നാടുവിട്ട് പോയില്ലേ. നീയവളെ പ്രണയിച്ചിരുന്നുവെന്ന്‍ ഞാന്‍ അവളോട് പറഞ്ഞു. അന്നവള്‍ ഒരുപാട് നേരം പൊട്ടിച്ചിരിച്ചു.സത്യത്തില്‍ പിന്നീടൊരിക്കലും അവള്‍ നിന്നെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല"

ഹരിക്ക് താന്‍ സ്വയം ചെറുതാവുന്നതായിതോന്നി. പോക്കറ്റില്‍ നിന്നും വീണ്ടുമൊരു സിഗററ്റെടുത്തവന്‍ ബദ്ധപ്പെട്ട് കത്തിച്ചു.

"ഹരീ..നീയെവിടെയാണെന്ന്‍ കണ്ടെത്തുവാന്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് സത്യത്തില്‍ നീയെവിടെയാണെന്ന്‍ ഞാന്‍ മനസിലാക്കിയത്. നിന്നെ ഒന്നു കാണുവാനായാണ് ഞാന്‍ ആ കത്തെഴുതിയത്. വിജിക്കും നിന്നെ കാണണമെന്നും സംസാരിക്കണമെന്നും എഴുതിയിരുന്നത് സത്യത്തില്‍ കളവാണ്. നിന്നെക്കുറിച്ച് ഞാനവളോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് മനസ്സില്‍ കള്ളത്തരം സൂക്ഷിച്ച് അഭിനയിച്ചുകൊണ്ടിരുന്ന ഒരാള്‍ എന്റെ ചങ്ങാതിയായിരുന്നു എന്ന്‍ പറയുവാന്‍ പോലും എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു"

ഹരി ദയനീയമായ മുഖഭാവത്തോടെ ദയനെ നോക്കി.

"നീ വിഷമിക്കണ്ട. ഞാന്‍ എല്ലാം തുറന്നുപറഞ്ഞെന്നേയുള്ളൂ. നീയെപ്പോഴും എന്റെ നല്ല കൂട്ടുകാരന്‍ തന്നെയായിരിക്കും"

ഹരിയുടെ തോളത്ത് തട്ടി ദയന്‍ പറഞ്ഞു.മുഖത്ത് ഒരു ചിരിഭാവം വരുത്തിക്കൊണ്ട് ഹരി മാഞ്ചുവട്ടില്‍ നില്‍ക്കുന്ന ദയന്റെ മകന്റെയടുത്തേയ്ക്ക് നടന്നു. അവനെ വാരിയെടുത്തുകൊണ്ട് ദയന്റടുത്തുവന്ന ഹരി ദയനേയും കൂട്ടി കാന്റീനിലേയ്ക്ക് നടന്നു. എല്ലായ്പ്പോഴും അവര്‍ ഇരിക്കാറുണ്ടായിരുന്ന ചുമരിനടുത്തുള്ള സീറ്റില്‍ ഹരിയും ദയനും അവന്റെ ഭാര്യയുമിരുന്നു. ചായ മൊത്തിക്കുടിച്ചുകൊണ്ട് ഹരി മെല്ലെപറഞ്ഞു. രജനിയാവട്ടെ ചൂടുപാല്‍ മെല്ലെ തണുപ്പിച്ച് മകനു കൊടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

"ദയാ സത്യത്തില്‍ ഞാന്‍ വിഡ്ഡിയായിരുന്നു. സൌഹൃദത്തില്‍ മായം കലര്‍ത്താന്‍ ശ്രമിച്ച പമ്പരവിഡ്ഡി.ഇപ്പോള്‍ എനിക്ക് എന്നോടുതന്നെ പുശ്ചം തോന്നുന്നു. വിജി വരാതിരുന്നതു തന്നെ നല്ലത്. അവളുടെ ചോദ്യങ്ങള്‍ ചിലപ്പോള്‍ എന്നെ കൊല്ലുവാന്‍ തക്ക പ്രഹരശേഷിയുള്ളതായിരുന്നേനെ..ഞാനിപ്പോള്‍ എന്നെ തിരിച്ചറിയുന്നു. നിന്നെയെങ്കിലും കണ്ടുമുട്ടാന്‍ കഴിഞ്ഞല്ലോ. പിന്നെ ഞാന്‍ നാടുവിട്ടുപോയതിനു പ്രധാനമായും മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അതൊന്നും ഇവിടെ പറയുന്നില്ല. എന്നെങ്കിലും നീ വിജിയോട് പറയണം ഞാന്‍ ക്ഷമ ചോദിച്ചിരുന്നുവെന്ന്‍."

ശബ്ദം മെല്ലെ ഇടറിയപ്പോള്‍ ഹരി ഒന്നു നിര്‍ത്തി.

ദയന്‍ കസേരയില്‍ നിന്നും മുന്നോട്ടാഞ്ഞ് ഹരിയുടെ ചുമലില്‍ ശക്തിയായി കൈകൊണ്ടൊന്നമര്‍ത്തി.

മകനേയും തോളിലേറ്റിയിരുത്തി ഭാര്യയോടൊപ്പം കാറിനടുത്തേയ്ക്ക് നടക്കുന്ന ദയനെ ഹരി അസൂയയോടെ നോക്കി നിന്നു. അപ്പോഴും പൊഴിഞ്ഞുകൊണ്ടിരുന്ന മാമ്പൂക്കള്‍ അവനെ ശിരസ്സിലും മറ്റും തങ്ങിനിന്നിരുന്നു. അല്‍പ്പനേരം കഴിഞ്ഞ് തറയില്‍ കിടക്കുന്ന ഇലകളിലും മാമ്പൂക്കളിലും ചവിട്ടി അവനും യാത്രയാരംഭിച്ചു. ഇനിയൊരു മടക്കമില്ലാത്ത യാത്ര.......

ശ്രീക്കുട്ടന്‍

22 comments:

  1. ശ്രീക്കുട്ടാ,
    ലളിതമായ മനോവിചാരം കഥയായി അവതരിപ്പിച്ചത് ഇഷ്ടമായി,എങ്കിലും തഴക്കം വന്ന ഒരു എഴുത്തുകാരനില്‍ നിന്ന് ഇത്തിരി കൂടി പ്രതീക്ഷിച്ചു, അതിനാല്‍ എന്തെങ്കിലും ഒരു ട്വിസ്റ്റ്‌,ആകസ്മികത ഒക്കെ മേമ്പൊടി ചേര്‍ത്തു രചനകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ഇനിയും ശ്രദ്ധിക്കണം എന്നൊരു സ്നേഹോപദേശവും ഉണ്ട്,

    ആശംസകളോടെ, പ്രിയ സുഹൃത്ത്,
    ജോസെലെറ്റ്‌

    ReplyDelete
  2. സിമ്പിള്‍ കഥ... നന്നായി പറഞ്ഞു...
    എഴുത്തു തുടരുക..

    ഭാവുകങ്ങള്‍..

    ReplyDelete
  3. ജോസേ,

    അഭിപ്രായത്തിനു നന്ദി..സത്യത്തില്‍ ലളിതമായി പറയുന്നതാണ് എനിക്കിഷ്ടം. ഇത് മറ്റൊരാവശ്യത്തിനുവേണ്ടിയെഴുതിയതാണ്..അടുത്ത തവണ ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കാം ട്ടോ..

    കാദൂ,

    താങ്ക്സ്..വരവിനും വായന്യ്ക്കും..

    ReplyDelete
  4. സൌഹൃദങ്ങള്‍ പല തരത്തില്‍. ഒരാള്‍ നമ്മോട് കാണിക്കുന്ന സൌഹൃദം ഏതു വിധം എന്നറിയാതെ നമ്മുടെ ഭാവനകളുടെ ലോകത്ത് അതുമിതും കേട്ടിപടുത്തു കൊണ്ടിരുന്നാല്‍ ചിലപ്പോള്‍ ഇങ്ങിനെയൊക്കെ സംഭവിച്ചേക്കാം!!! ശ്രീകുട്ടന്‍ പുളൂസ് വായിക്കുമ്പോള്‍ തൊട്ടു മുന്നില്‍ ഇരുന്നു താന്കള്‍ ഈ എഴുതി വെച്ച കാര്യങ്ങള്‍ പറയുന്ന ഒരു ഫീല്‍ ആണ്. അത്രയ്ക് ലളിതം ആണ് ഈ എഴുത്ത് ..

    എഴുത്ത് തുടരുക

    ReplyDelete
  5. അവളെയോര്‍ത്ത് കുടിച്ച കള്ളും നനഞ്ഞ മഴയും വേസ്റ്റ് ല്ലേ ? നല്ല കഥ

    ReplyDelete
  6. FRIENDSHIP OFTEN ENDS IN LOVE, BUT LOVE NEVER ENDS IN FRIENDSHIP എന്ന് കേട്ടിട്ടില്ലേ..

    ഹമ്പട പുളുസൂ.... ലളിതമായ ആഖ്യാനം...

    ReplyDelete
  7. കൊള്ളാം , നല്ല രസായി വായിച്ചു
    ആശംസകൾ

    ReplyDelete
  8. @ വേണുവേട്ടന്‍,സുമേഷ്,റാഷിദ്,ആചാര്യന്‍,ഷാജു അത്താണിയ്ക്കല്‍...

    എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  9. അതിശയോക്തി ഒന്നും ഇല്ലാതെ സിമ്പിളായി പറഞ്ഞു. ശ്രീകുട്ടാ വീണ്ടും മാമ്പൂക്കളുടെ അകമ്പടി..

    ReplyDelete
  10. ലളിതമായ വായനാനുഭവം, നല്ല ശൈലി..കഥ ഇഷ്ടപ്പെട്ടു ശ്രീ

    ReplyDelete
  11. സിമ്പിള്‍ ആയി അവതരിപ്പിച്ചു....ആസ്വദിച്ചു...
    ആശംസകള്‍...

    ReplyDelete
  12. ലളിതമായി നേര്‍രേഖയില്‍ കഥ പറഞ്ഞതുകൊണ്ട് ഏകാഗ്രമായ ഒരു വായന കിട്ടി. ആരും പറയാത്ത കഥകള്‍ ആര്‍ക്കും പറയാനാവില്ല എന്നു കേട്ടിട്ടുണ്ട്. പക്ഷേ കഥയുടെ ചേരുവകളിലെ മാറ്റത്തിലൂടെ വൈവിധ്യം സൃഷ്ടിക്കാനാവും എന്നു തോന്നുന്നു.... ഇനിയും പുതിയ കഥാതന്തുക്കളും വിഷയ പരിസരവും തേടുക...

    നല്ല വായനാനുഭവം,

    ReplyDelete
  13. ഒരു മൃദു ശബ്ദത്തില്‍ കഥ കേട്ട പ്രതീതി. നന്നായിരിക്കുന്നു. കഥയുടെ ആദ്യഭാഗത്തും അവസാന ഭാഗത്തും സൂചിപ്പിച്ച മാവും , ഇലകളും മാമ്പൂക്കളും ഒരു വ്യക്തത തന്നില്ല..കോളെജിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ കൂടി എവിടെയാണ് കഥാപരിസരം എന്നത് ഒന്നും കൂടി നല്ല രീതിയില്‍ പറഞ്ഞു തരാമായിരുന്നു.

    ReplyDelete
  14. വേണു ചേട്ടന്‍ പറഞ്ഞത്‌ തന്നെയാണ്‌ ശരി,,, നമ്മള്‍ പലതും ഊഹിച്ച്‌ കൂട്ടും... ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌... പ്രത്യേകിച്ചും എതിര്‍ലിംഗത്തില്‍ പെട്ട ഒരാളോട്‌ ഉണ്‌ടാകുന്ന സൌഹൃദങ്ങള്‍,...

    ReplyDelete
  15. ലളിതമായ കഥാവതരണം !നല്ല ഫീല്‍ ഉണ്ടായിരുന്നു കഥയ്ക്ക ...കൊള്ളാം !ആശംസകള്‍ കൂടെ പ്രാര്‍ത്ഥനയും

    ReplyDelete
  16. പ്രീയപ്പെട്ടവരേ,

    വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി കേട്ടോ...

    ReplyDelete
  17. നന്നായിരിക്കുന്നു.

    ReplyDelete
  18. പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലേല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല....... മിക്കവരുടെയും അവസ്ഥ ഇതാണ്...എന്റെയും....ഹഹഹ..ലളിതമായ വിവരണം.....ആശംസകള്‍....

    ReplyDelete
  19. കഥ വളരെ നന്നായി ശ്രീകുട്ടാ വളരെ നല്ലരീതിയില്‍ അവതരിപ്പിച്ചു എന്നതാണ് ഇതിലെ മികവു ആശംസകള്‍

    ReplyDelete
  20. പറഞ്ഞ് കേട്ട,പാടിപ്പഴകിയ കഥയാണെങ്കിലും നല്ല രീതിയിൽ അവതരിപ്പിച്ചു കുട്ടേട്ടൻ. അതിലെ നിർമ്മലമായ ആ അവതരണരീതിയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. വളരെ നല്ല രീതിയിൽ പറഞ്ഞ ആ മനോവിചാരങ്ങൾ അസ്സലായി കുട്ടേട്ടാ. കോളേജ് കാലഘട്ടത്തിന്റെ പ്രണയ കാര്യങ്ങൾ നിറഞ്ഞ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ സഹായിച്ചു ഈ എഴുത്ത്. ആശംസകൾ കുട്ടേട്ടാ.

    ReplyDelete
  21. നല്ല രീതിയില്‍ അവതരിപ്പിച്ചു. ഓര്‍മ്മകള്‍ ഉണര്‍ത്തിയ പോസ്റ്റ്‌. സൌന്ദര്യ ആരാധനയും സൌഹൃദവും പ്രണവും കൂടിക്കലര്‍ന്ന ഒരവസ്ഥയിലൂടെ കടന്നു പോകുന്ന നാളുകള്‍.

    ReplyDelete