Monday, August 27, 2012

ഓണാഘോഷപരിപാടികള്‍

"ഏലാപ്പുറം ബോയ്സ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികള്‍ കൃത്യം 9 മണിക്ക് തന്നെ മാറുവീട് ശിവപാര്‍വ്വതീക്ഷേത്രഗ്രൌണ്ടില്‍ വച്ച് ആരംഭിക്കുന്നതാണ്. പരിപാടികള്‍ ഗംഭീരവിജയമാകുന്നതിനായി സംഭാവനകള്‍ തരാമെന്നേറ്റിട്ടുള്ളവര്‍ ദയവായി എത്രയും പെട്ടന്നു തന്നെ അത് കമ്മറ്റിയാപ്പീസിലെത്തിച്ച് രസീത് വാങ്ങേണ്ടതാകുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ നല്‍കിയിട്ടുള്ളവര്‍ ഗ്രൌണ്ടിലേയ്ക്കെത്തുക"

ഒരിക്കല്‍ക്കൂടി നല്ല മുഴക്കത്തില്‍ അനൌണ്‍സ് കര്‍മ്മം നടത്തിയിട്ട് മൈക്ക് അശോകനു കൊടുത്ത് കൊണ്ട് ഓണാഘോഷക്കമ്മറ്റി സെക്രട്ടറി മണിയന്‍ ചരുവിള ക്ലബ്ബിലേയ്ക്ക് ചെന്നിട്ട് കസേരയിലേയ്ക്കമര്‍ന്നിരുന്നു.

"മണിയണ്ണാ വടം വലിയ്ക്കുള്ള വടം ഇതേവരെ കൊണ്ടു വന്നിട്ടില്ല. ഇനിയിപ്പം എന്തോ ചെയ്യും"
തന്റെ മുമ്പില്‍ വന്നുനിന്ന്‍ തല ചൊറിഞ്ഞുകൊണ്ടു നില്‍ക്കുന്ന കുട്ടപ്പനെ നോക്കിയ മണിയന് അരിശം കയറി.

"എടാ നീയല്ലേ പറഞ്ഞത് പ്രകാശന്‍ പത്തു മണിക്കുമുമ്പേ വടോം കൊണ്ട് വരുമെന്ന്‍. എന്നിട്ട് ഇനി വലിക്കാനായി വടത്തിനു ഞാന്‍ എന്നാ ചെയ്യും. ഇന്നാ അന്റെ അരേലൊരു ചരടൊണ്ട്. അതഴിച്ചു വലിക്കെല്ലാവരും കൂടി".

മണിയന്‍ എഴുന്നേറ്റ് തന്റെ മുണ്ടിന്റെ കോന്തലയൊന്നു പൊക്കി

"അണ്ണാ അതു പിന്നെ പ്രകാശനും രാജൂമെല്ലാം കൂടി രാവിലെ തന്നെ ആ പണേലിരുന്ന്‍ അടിച്ച് വാളും വച്ചവിടെ കിടക്കുന്നു. ഞാനെന്തു ചെയ്യാനാ. ഒരു കാര്യം ചെയ്യാം. നമ്മുടെ ഒറയിറക്കുന്ന സുദേവന്റെ കയ്യില്‍ ഒരു വടമുണ്ട്. ഞാന്‍ പോയി അത് ഒപ്പിച്ചുകൊണ്ട് വരാം"

"നീ എന്തു പണ്ടാരമെങ്കിലും ചെയ്യ്"

തലയില്‍ കയ്യ് വച്ചുകൊണ്ട് മണിയന്‍ അല്‍പ്പനേരമതേയിരിപ്പിരുന്നു. തനിക്കീ പുലിവാലു പിടിക്കേണ്ട വല്ല കാര്യവുമൊണ്ടായിരുന്നോ. ചെക്കമ്മാരെല്ലാം കൂടി നിര്‍ബന്ധിച്ചപ്പോള്‍ താനൊന്നിളകിപ്പോയി. നല്ലോരോണമായി നമ്മുടെ ഗ്രാമത്തിലും അല്‍പ്പം ബഹളോം ഒച്ചേം ഒക്കെയൊണ്ടായിക്കോട്ടെയെന്നു താനും കരുതി. ആകെ പത്തായിരത്തഞ്ഞൂറു രൂപേല് എല്ലാം കൂടി തീരുമെന്ന്‍ കരുതീട്ടിപ്പം തന്നെ പൈസയെത്രയായി. ഇനി മൈക്ക് സെറ്റുകാര്‍ക്ക് കൊടുക്കണം, സമ്മാനം കൊടുക്കാനായി മേടിച്ച സാധനങ്ങളുടെ വില. വടം വലി ജേതാക്കള്‍ക്ക് കൊടുക്കാനുള്ള കുല മേടിച്ച വക. ഓര്‍ക്കുമ്പം തന്നെ തല പെരുക്കുന്നു. പിരിവു തരാമെന്നേറ്റ ഒരൊറ്റ നാറികളും അതൊട്ടു തന്നിട്ടുമില്ല. ഇനിയെന്തോ ചെയ്യും. കഴുത്തില്‍കിടക്കുന്ന മാലയില്‍ തടവിക്കൊണ്ട് മണിയനാലോചനയില്‍ മുഴുകി.

"അതെ വാശിയേറിയ ഈ ഓട്ട മത്സരത്തില്‍ വിജയിച്ചത് മാധവണ്ണന്റെ പൊന്നോമനപുത്രന്‍ സുധിയാണ്. അടുത്തതായി കസേരകളി മത്സരമാണ്. ആ ഭാഗത്തു നില്‍ക്കുന്ന ആള്‍ക്കാരൊക്കെ ഒന്നു സൈഡൊതുങ്ങി നിന്നേ"

അശോകന്‍ തകര്‍ക്കുകയാണു. ക്ലബ്ബിലേയ്ക്ക് വന്ന മെമ്പര്‍ രാജേഷ് മണിയണ്ണന്റെ കാതില്‍ ഒരു സ്വകാര്യം പറഞ്ഞു. ഉടനെ തന്നെ രണ്ടുപേരും കൂടി കടയുടെ പുറകുവശത്തേയ്ക്ക് നടന്നു. ചിറിയും തുടച്ചുകൊണ്ട് ഒരു സിഗററ്റും പുകച്ച് മണിയന്‍ തിരിച്ചുവന്ന്‍ കസേരമേലിരുന്നു. കുന്നും പുറത്തെ ഗോപിയാശാന്‍ ആടിയാടിയവിടെ നില്‍പ്പുണ്ടായിരുന്നു.

"എടാ മണിയാ വടം വലിക്ക് എന്നേം കൂട്ടണം. ഇല്ലേലൊണ്ടല്ലോ എന്റെ തനിക്കൊണം ഞാന്‍ കാണിയ്ക്കും"

കൊഴയുന്ന ശബ്ദത്തില്‍ പറഞ്ഞിട്ട് പോക്കറ്റില്‍ നിന്നും ഒരമ്പതുരൂപായെടുത്ത് ആശാന്‍ മണിയ്ക്ക് നേരെ നീട്ടി. സന്തോഷത്തോടെ മണിയന്‍ ആ കാശുവാങ്ങിയിട്ട് പെട്ടന്നൊരു രസീതെഴുതി.

"ഉച്ചയാവുമ്പൊഴേയ്ക്കും പിടുത്തം വിടും. ആരെയെങ്കിലും ഒരാളിനെക്കൂടികൂട്ടി ഒരരയെടുത്ത് വച്ചേക്ക്. ഞാന്‍ പോയി വല്ലോം കഴിച്ചേച്ചു വരാം".

അഴിഞ്ഞ കൈലിയുടുക്കുവാന്‍ പണിപ്പെട്ടുകൊണ്ട് ഗോപിയാശാന്‍ മെല്ലെ നടന്നു. എഴുതിയ രസീത് ചുരുട്ടിക്കൂട്ടിക്കളഞ്ഞിട്ട് മണിയന്‍ കസേരയിലിരുന്നു.

വടവുമായി വന്ന കുട്ടപ്പന്‍ വടം മേശപ്പുറത്തുവച്ചിട്ട് ശ്വാസം വലിച്ചെടുത്തു.

"എന്റെ പൊന്നുമണിയണ്ണാ. ആ സുദേവന്റെയൊരു ജാഡ. വൈകുന്നേരം നൂറുരൂപാ സഹിതം വടം തിരിച്ചേല്‍പ്പിച്ചോളാനാ കല്‍പ്പന"

"എന്റെ കുട്ടപ്പാ എന്തായാലും സാധനം കിട്ടിയല്ലോ. നീ പോയി പ്രഭാകരന്‍ മാമന്റെ കടയില്‍ നിന്നും ഒരു രണ്ടുമൂന്നു പായ്ക്കറ്റ് ബിസ്ക്കറ്റ് മേടിച്ചോണ്ടുവാ. ബിസ്ക്കറ്റ് കടി മത്സരത്തിനു വച്ചിരുന്ന ബിസ്ക്കറ്റൊക്കെ അവമ്മാരു കള്ളുകുടിക്ക് ടച്ചിംഗ്സായിട്ടെടുത്തുകളഞ്ഞു. ഭാഗ്യത്തിനു പഴക്കുല ഞാന്‍ വീട്ടിവച്ചതു നന്നായി. അല്ലേലതും തീര്‍ത്തനെ. ആ മുളയില്‍ കയറ്റത്തിന്റെ ഒരുക്കമെവിടെ വരെയായോ ആവോ"

മണിയന്‍ മെല്ലെയെഴുന്നേറ്റ് വീണ്ടും കടയുടെ പുറകു വശത്തേയ്ക്ക് നടന്നു.

കസേരകളി മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, പുന്നയ്ക്ക പെറുക്കല്‍, ചാക്കില്‍ കയറിയോട്ടം, ഓട്ടമത്സരം എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയാവുകയും മിക്കപേരും ഉണ്ണുവാനായി അവരവരുടെ വീടുകളിലേയ്ക്ക് പോവുകയും ചെയ്തു.

ഉച്ചയ്ക്കുശേഷം സിനിമാഗാനമത്സരമായിരുന്നാദ്യം. കര്‍ണ്ണഘടോരമായ ശബ്ദത്തില്‍ ഏലാപ്പുറത്തെ യേശുദാസ്മാരും ചിത്രമാരും തമിഴ് മലയാളം പാട്ടുകള്‍ തകര്‍ത്തുപാടി. മൂന്നുമണിയോടെ മുളയില്‍ കയറ്റ മത്സരമാരംഭിച്ചു.

രാജീവ്, കൊച്ചൂട്ടന്‍,അശോകന്‍,വിനോദ്,തിലകന്‍,പ്രകാശ്,സുധിന്ദ്രന്‍,മഹേഷ് തുടങ്ങിയ പ്രജകള്‍ അരയും തലയും മുറുക്കി മത്സരരംഗത്തേയ്ക്ക് കടന്നു. 500 രൂപയും തോര്‍ത്തും ആരെടുക്കും എന്ന ആകാംഷയില്‍ കാണികള്‍ ശ്രദ്ധാപൂര്‍വ്വം മത്സരം വീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള രാജീവ് തോര്‍ത്തില്‍ പിടിച്ചു എന്ന തോന്നലുണ്ടാക്കിയതും ആശാനുടുത്തിരുന്ന തോര്‍ത്തഴിഞ്ഞ്പോയതുമൂലം ആ ശ്രമം പരാജയപ്പെട്ടു. ആര്‍പ്പുവിളികള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ മഹേഷ് എന്ന യുവപ്രജ ആ 500രൂപയും തോര്‍ത്തും സ്വന്തമാക്കി. മുളയില്‍ നിന്നും താഴെയിറങ്ങിയ ഉടനെ ആ പണവുമായി ഒരാള്‍ ബിവറെജിലേയ്ക്ക് പുറപ്പെട്ടു.

വിവാഹിതരും അവിവാഹിതരുമായുള്ള വടം വലി മത്സരമായിരുന്നടുത്തത്. വിജയികള്‍ക്കായുള്ള കൂറ്റന്‍ പഴക്കുല മത്സരം നടക്കുന്ന സ്ഥലത്തിനടുത്തായി കെട്ടിതൂക്കിയിട്ടുണ്ടായിരുന്നു. അടിച്ചു പാമ്പായി നില്‍ക്കുന്ന വിവാഹിതമ്മാരും അവിവാഹിതമ്മാരും രണ്ടായിപ്പിരിഞ്ഞ് വടത്തിന്റെ ഓരോ തലകളില്‍ പിടിച്ചു. റഫറിയായി നിന്നത് തങ്കപ്പണ്ണനായിരുന്നു. ആശാനു വിസിലൂതാനുള്ള കെല്‍പ്പ് പോലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. വയലിന്റെ കുറുകേയുള്ള റോഡിലാണു മത്സരം നടക്കുന്നത്. സ്വന്തം കണവമ്മാരുടെ പ്രകടനം കാണാന്‍ എത്തിയ ശ്രീമതിമാരും മറ്റുള്ളവരും വയല് വരമ്പുകളിലും റോഡിന്റെ വശങ്ങളിലുമായി സ്ഥാനം പിടിച്ചു. വണ്‍, ടൂ, ത്രീ എന്നാരോ ഉച്ചത്തില്‍ പറഞ്ഞതും തങ്കപ്പണ്ണന്‍ വിസില്‍ ഊതിയതും വടം വലി ആരംഭിച്ചതുമെല്ലാം ഒറ്റയടിയ്ക്കായിരുന്നു. വിവാഹിതരും അവിവാഹിതരും ഒട്ടുംതന്നെ വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. എന്നിരുന്നാലും അവിവാഹിതരുടെ ശക്തി വിവാഹിതര്‍ അറിയുക തന്നെ ചെയ്തു. അതിശക്തമായൊരു വലിയില്‍ വിവാഹിതര്‍ക്കടിതെറ്റുകയും പലരും മറിഞ്ഞുവീഴുകയും ചെയ്തു. വീണവരേയും വലിച്ചെഴച്ചുകൊണ്ട് അവിവാഹിതര്‍ വടവുമായി പാഞ്ഞു. തറയിലൂടെ വലിച്ചെഴച്ചതുമൂലം മുട്ടാകെ പൊട്ടിയൊലിച്ച ഗോപിയാശാനെ അപ്പോള്‍ തന്നെ ജാനകി ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോയി.

അങ്ങിനെ ഓണാഘോഷ പരിപാടികളെല്ലാം മംഗളമായവസാനിച്ചു.
കണക്കുകള്‍ കൂട്ടിനോക്കിയ മണിയന്റെ കണ്ണുതള്ളി. പത്തയ്യായിരം രൂപയ്ക്കെവിടെപ്പോകാന്‍. ആരുതരും. മൈക്കുസെറ്റും മറ്റെല്ലാം കൊടുത്തിട്ട് മടങ്ങിവന്ന പിള്ളേര്‍ തലയും ചൊറിഞ്ഞ് മണിയന്റെ മുമ്പില്‍ നിന്നു. എന്തായാലും കടം തന്നെ. മണിയന്‍ പോക്കറ്റിലിരുന്ന നാനൂറു രൂപായെടുത്തൊരുത്തനെയേല്‍പ്പിച്ചു. അവനപ്പോള്‍ തന്നെ ചരക്കുവാങ്ങാനായിപ്പോയി. ആഘോഷം പാതിരാത്രി വരെ നീണ്ടു. അടിച്ചു പാമ്പായ ചെക്കമ്മാരൊക്കെ എഴുന്നേറ്റെങ്ങോ പോയി. നല്ല പിടുത്തമായ മണിയന്‍ ക്ലബ്ബില്‍ തന്നെ കിടന്നുറങ്ങി.

ആരുടെയോ വിളി കേട്ടാണു മണിയനുണര്‍ന്നത്. കണ്മുന്നില്‍ ദേക്ഷ്യം കൊണ്ടു വിറച്ചു നില്‍ക്കുന്ന പ്രഭാകരന്‍ പിള്ളയെക്കണ്ട മണിയന്‍ ഒന്നമ്പരന്നു. അവന്‍ പെട്ടന്ന്‍ ചാടിയെഴുന്നേറ്റു.

"എടാ നീ ചെക്കമ്മാര്‍ക്ക് കള്ളുമേടിച്ചുകൊടുക്കുമല്ലേ. എന്റെ പണയിലേയ്ക്കൊന്ന്‍ വന്നുനോക്ക്. ആന കേറിയതുപോലുണ്ട്. രണ്ടു കരിക്കടത്തുകുടിക്കുന്നതു ഞാന്‍ ക്ഷമിക്കും. പക്ഷേ എന്റെ വാഴ മുഴുവന്‍ ചവിട്ടിയൊടിച്ച് മരിച്ചീനിയൊക്കെ വലിച്ചുപുഴുത് നീ തന്നെ ഇതിനു സമാധാനം പറയണം"

തന്റെ മുന്നില്‍ നിന്നുമാക്രോശിക്കുന്ന പ്രഭാകരന്‍ പിള്ളയെ മണിയന്‍ ദയനീയമായി നോക്കി. ഈ സമയം കുട്ടപ്പന്‍ എവിടുന്നോ ഓടിവന്നു മണിയനെ മാറ്റി നിര്‍ത്തി രഹസ്യം പറഞ്ഞു.

"മണിയണ്ണാ. ഇന്നലെ അവമ്മാരാകെ കൊഴപ്പമുണ്ടാക്കി. രാത്രി വാസുപിള്ളയുടെ വീടിനു കല്ലെറിഞ്ഞു. സുമതിച്ചേച്ചീടെ തട്ടുകട മറിച്ച് വയലിലിട്ടു. റോഡിന്റെ സൈഡില്‍ കിടന്ന ആ പോസ്റ്റ് പിടിച്ചു റോഡിനു കുറുകേയിട്ടു. ഏതോ വണ്ടിക്കാരെ അടിച്ചെന്നും പറയുന്നുണ്ട്. ഇപ്പോ എല്ലാം മുങ്ങിയിരിക്കുവാ. റോഡിലെല്ലാരും പറയുന്നത് അണ്ണനുമൊണ്ടായിരുന്നെന്നാ. ആ വാസുപിള്ള കേസുകൊടുത്തിട്ടൊണ്ട്. കൊഴപ്പമാവുമെന്നാ തോന്നുന്നത്"

മണിയന്‍ എന്തുചെയ്യണമെന്നറിയാതെ ദയനീയമായി കുട്ടപ്പനെയൊന്നുനോക്കി. റോഡിലൂടെ ഒരു വണ്ടി വരുന്ന ഒച്ചകേട്ട് കുട്ടപ്പന്‍ എത്തിനോക്കി.

"അണ്ണാ പോലീസ്..ഓടിക്കോ"

അലര്‍ച്ചയും കുട്ടപ്പന്റെ ഓട്ടവും ഒരുമിച്ചായിരുന്നു. കടയ്ക്കുമുമ്പില്‍ വന്നുനിന്ന ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ പോലീസുകാര്‍ അകലെ എന്തോ മിന്നായം പോലെ മറയുന്നതു മാത്രം കണ്ടു. അറസ്റ്റു ചെയ്യാന്‍ പാകത്തില്‍ ഒരു ജോഡി ചെരിപ്പവിടെ കിടക്കുന്നുണ്ടായിരുന്നു...

ശ്രീക്കുട്ടന്‍.

Friday, August 17, 2012

ആറമ്മുള വലിയ ബാലകൃഷ്ണന്‍


ആറമ്മുള വലിയ ബാലകൃഷ്ണനെക്കുറിച്ചുള്ള ഈ ചെറുകുറിപ്പിനു നിദാനം ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാല എന്ന കൃതിയാണു. ഇതിലെഴുതിയിരിക്കുന്നതിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും അദ്ദേഹത്തിന്റെ വാചകങ്ങള്‍ തന്നെ. തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന കരിവീരമ്മാരെ കാണുന്നതും ആസ്വദിക്കുന്നതും ഒക്കെ ഒരു ഹരമായതുകൊണ്ട് എഴുതിപ്പോയതാണ്. പലപ്പോഴും കേട്ടുകേള്‍വിയനുസരിച്ചുള്ളവ അതിശയോക്തിപരങ്ങളായിരിക്കും. എന്നിരുന്നാലും ഇതെല്ലാം സത്യമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം..

ഒരിക്കല്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് നടത്തിയ മുറജപത്തിനു സദ്യ വിളമ്പിയപ്പോള്‍ സദ്യക്കൊപ്പം വിളമ്പിയ എരിശ്ശേരി പാകം ചെയ്തത് പ്രസിദ്ധരായ ആറമ്മുള്ള സമൂഹക്കാര്‍ ആയിരുന്നു. മഹാരാജാവിന്റെ പ്രത്യേകക്ഷണപ്രകാരമാണു അവര്‍ മുറജപത്തില്‍ ദേഹണ്ഡക്കാരായെത്തിയത്. മുറജപമൊക്കെ സമംഗളം കഴിഞ്ഞപ്പോള്‍ മഹാരാജാവ് സന്തോഷിച്ച് ആറമ്മുള സമൂഹക്കാര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. സന്തോഷവാന്മാരായ സമൂഹക്കാര്‍ മഹാരാജാവിനോട് തങ്ങള്‍ക്ക് ആറമ്മുളയപ്പന് നടയ്ക്ക് വയ്ക്കുന്നതിനായി ഒരാനയെ തന്നാല്‍ വലിയ ഉപകാരമായിരിക്കും എന്നുണര്‍ത്തിച്ചു. അപ്പോള്‍ തന്നെ മഹാരാജാവ് ലായം കാര്യക്കാരെ തിരുമുമ്പില്‍ വരുത്തുകയും ആറമ്മുളസമൂഹക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന ഒരാനയെ നല്‍കണമെന്ന്‍ കല്‍പ്പിക്കുകയും ചെയ്തു. അപ്രകാരം അവരെല്ലം കൂടി ലായത്തിലെത്തുകയും അവിടെയുണ്ടായിരുന്ന ഒരാനയെ ചൂണ്ടിക്കാട്ടി അതിനെ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ കിട്ടിയ ആനയെ അവര്‍ കൊണ്ടുപോവുകയും കരക്കാരും മറ്റു പ്രമുഖരുമെല്ലാം ചേര്‍ന്നുകൊണ്ട് ആനയെ വലിയ ബാലകൃഷ്ണന്‍ എന്ന്‍ നാമകരണം ചെയ്ത് ആഘോഷപൂര്‍വ്വം നടയ്ക്കിരുത്തുകയും ചെയ്തു.അക്കാലത്ത് ആറമ്മുള ദേവസ്വം വകയായി കരക്കാരെല്ലാം കൂടി ചേര്‍ന്ന്‍ വിലയ്ക്ക് വാങ്ങി നടയ്ക്കിരുത്തിയ ബാലകൃഷ്ണന്‍ എന്നും പിന്നെ റാന്നി കര്‍ത്താവ് നടയ്ക്കിരുത്തിയ കുട്ടികൃഷ്ണന്‍ എന്നും പേരുള്ള രണ്ട് ആനകള്‍ കൂടിയുണ്ടായിരുന്നു. വലിയ ബാലകൃഷ്ണന്‍ ഇവരോടൊപ്പം ചേര്‍ന്നു. ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ ബാലകൃഷ്ണന്‍ തടിച്ചുകൊഴുത്ത് മുമ്പ് അവനെകണ്ടിട്ടുള്ളവ്ര്‍ പോലും തിരിച്ചറിയാന്‍ വയ്യാത്ത തരത്തില്‍ ദേഹപുഷ്ടിയും തലയെടുപ്പുമുള്ളവനുമായി തീര്‍ന്നു. വലിയ ബാലകൃഷ്ണന്റെ പ്രധാനപാപ്പാന്‍ കക്കുഴി നാരായണന്‍ നായര്‍ എന്ന ഒരാളായിരുന്നു. ബാലകൃഷ്ണനെ സ്വന്തം മകനെപ്പോലെ നോക്കുകയും മറ്റും ചെയ്തിരുന്ന നാരായണന്‍ നായരെ ബാലകൃഷ്ണനും വളരെയേറെ സ്നേഹിച്ചിരുന്നു.

ആറമ്മുളക്ഷേത്രത്തിനടുള്ള ആറ്റിലെ ഒരു കയത്തിലായിരുന്നു വലിയ ബാലകൃഷ്ണന്‍ മുങ്ങിക്കിടക്കുന്നത്. ദേവന്റെ നിക്ഷേപ മുതലുകള്‍ കിടക്കുന്നതും ആ കയത്തിലായിരുന്നു. അമ്പലത്തില്‍ ശീവേലിയ്ക്ക് പാണികൊട്ടുന്നതുകേട്ടാല്‍ ആരും വിളിക്കാതെ തന്നെ ബാലകൃഷ്ണന്‍ കയത്തില്‍ നിന്നും കയറിവരും. അമ്പലത്തിലെ എഴുന്നള്ളിപ്പിന്റേയും പ്രദക്ഷിണത്തിന്റേയുമൊക്കെ ചിട്ടവട്ടങ്ങള്‍ ബാലകൃഷ്ണനു മനപ്പാഠമായിരുന്നു.

വലിയ ബാലകൃഷ്ണനെക്കുറിച്ച് ജനങ്ങള്‍‍ക്ക് സീമാതീതമായ സ്നേഹവും വാത്സല്യവുമൊക്കെയുണ്ടായിരുന്നതുമൂലം അവനു ധാരാളം പഴക്കുലകളും മറ്റുമൊക്കെ കിട്ടുമായിരുന്നു. അവന്‍ അതിലോരോ ഓഹരി ചെറിയ ബാലകൃഷ്ണനും കുട്ടികൃഷ്ണനും മറക്കാതെ നല്‍കുമായിരുന്നു. മാത്രമല്ല വല്യ ബാലകൃഷ്ണന്റെ പാപ്പാനായിരുന്ന നാരായണന്‍ നായര്‍ക്കും ധാരാളം സമ്മാനങ്ങളും മറ്റും കിട്ടാറുണ്ടായിരുന്നു. ഇതില്‍ അസൂയാലുവായ ചെറിയ ബാലകൃഷ്ണന്റെ പാപ്പാനായ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെക്കൊണ്ട് ചില അക്രമങ്ങള്‍ കാട്ടുകയും അത് വലിയ ബാലകൃഷ്ണന്റെയും പാപ്പാനായിരുന്ന നാരായണന്‍ നായരുടേയും പിടലിക്കു വയ്ക്കുവാന്‍ നോക്കുകയും ചെയ്തു.പക്ഷേ സത്യാവ്സ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെടുകയും അയ്യപ്പന്‍ പിള്ള തന്നെ നാട്ടുകാരുടെ മുന്നില്‍ ഇളിഭ്യനാകുകയും പ്രായശ്ചിത്തം ചെയ്യേണ്ടിയും വന്നു.

വലിയ ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ പലരും പല ആഭിചാരപ്രയോഗങ്ങളും മറ്റുമൊക്കെ ചെയ്തിട്ടുണ്ട്. താമരശ്ശേരി നമ്പി ഒരിക്കല്‍ ഒരു വലിയ ഒരു കൂടോത്രം ചെയ്ത് വലിയ ബാലകൃഷ്ണന്‍ വരുന്ന വഴിയില്‍ സ്ഥാപിക്കുകയും എന്നാല്‍ ആ സ്ഥലത്തെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ എന്തുകൊണ്ടോ അവിടം കടന്നുപോകാതെ നില്‍ക്കുകയും ചെയ്തു. സംഗതിയറിഞ്ഞ ക്ഷേത്രത്തിലെ വെളിച്ചപ്പാട് തുള്ളിവരുകയും കൂടോത്രം തന്റെ ശൂലത്താല്‍ കുത്തിയെടുത്ത് കത്തിച്ചുകളയുകയും ചെയ്തു. ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ കൂടോത്രം ചെയ്ത താമരശ്ശേരി നമ്പി ആ ആണ്ടില്‍ തന്നെ വസൂരിരോഗം പിടിപെട്ട് മരിക്കുകയും ചെയ്തു.

ഒരിക്കല്‍ ഒരു മലയുടെ ചരിവിനു മുകളില്‍ നിന്നും വലിയബാലകൃഷ്ണനും താഴെനിന്നു ചെറിയ ബാലകൃഷ്ണനും കൂടി ഒരു വലിയ തടിപിടിച്ചുകൊണ്ട് നില്‍ക്കേ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെ ഒന്നടിച്ചു. ദേക്ഷ്യം കൊണ്ടന്ധനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍പിള്ളയുടെ കഥ അപ്പോള്‍ തന്നെ കഴിച്ചു. തടിപിടിച്ചിരുന്ന വലിയ ബാലകൃഷ്ണനു അയ്യപ്പന്‍ പിള്ളയെ രക്ഷിക്കാനുമായില്ല. അക്രമം ചെയ്യുന്നതൊന്നും വലിയ ബാലകൃഷ്ണനു ഇഷ്ടമായിരുന്നില്ല. അയ്യപ്പന്‍ പിള്ളയ്ക്ക്ശേഷം ചെറിയബാലകൃഷ്ണന്റെ പാപ്പാനായി വന്നത് അയ്യപ്പന്‍ പിള്ളയുടെ അനുജനായ പത്മനാഭന്‍ പിള്ളയായിരുന്നു. തന്റെ ജേഷ്ഠനെക്കൊന്ന ചെറിയ ബാലകൃഷ്ണനെ താമസിയാതെ വിഷമോ മറ്റോ കൊടുത്ത് അയാള്‍ കൊല്ലിച്ചു. താമസിയാതെ പ്രായാധിക്യം മൂലം വലിയ ബാലകൃഷ്ണന്റെ പാപ്പാനായ നാരായണന്‍ നായര്‍ മരിച്ചു. തുടര്‍ന്ന്‍ വലിയ ബാലകൃഷ്ണന്റെ പപ്പാനായി വന്നത് പത്മനാഭപിള്ളയായിരുന്നു. കൂടെ സഹായിയായി നാരായണന്‍ നായരുടെ അനന്തിരവനായ കൊച്ചുകൃഷ്ണനേം നിയമിച്ചു. തന്റെ പ്രീയപ്പെട്ടവരായിരുന്ന ചെറിയ ബാലകൃഷ്ണനും നാരായണന്‍ നായരും മരിച്ചുപോയതില്‍ വലിയ ബാലകൃഷ്ണന്‍ വളരെയേറെ നാള്‍ ഖിന്നനായിരുന്നു. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലല്ലോ.

പത്മനാഭപിള്ള അത്ര ശുദ്ധഹൃദയനൊന്നുമല്ലായിരുന്നു. വലിയബാലകൃഷ്ണനെക്കൊണ്ട് കഠിനമായി ജോലികള്‍ ചെയ്യിക്കുകയും മറ്റാരുമറിയാതെ ധാരാളം സമ്പാദിക്കുകയും ചെയ്തുകൊണ്ടിരുന്നു.ഒരിക്കള്‍ ഒരു വലിയ തടി വലിയ ബാലകൃഷ്ണനെക്കൊണ്ട് പിടിപ്പിച്ച വകയില്‍ പത്മനാഭപിള്ളയ്ക്ക് അല്‍പ്പം കൂടുതല്‍ പണവും മുണ്ടും നേര്യതുമൊക്കെ ലഭിക്കുകയുണ്ടായി. എന്നാല്‍ സഹായിയായി നിന്ന കൊച്ചുകൃഷ്ണനു ഒന്നും തന്നെ നല്‍കിയില്ല. അതില്‍ മനസ്താപം പൂണ്ട കൊച്ചുകൃഷ്ണന്‍ തന്റെ സങ്കടം ഭഗവാനോടെന്നോണം പറഞ്ഞു. ഇതുകേട്ട് സംഗതി മനസ്സിലായ ബാലകൃഷ്ണന്‍ ആ തടി വലിച്ചെടുത്ത് പഴയസ്ഥാനത്തുതന്നെ കൊണ്ടിട്ടു. പത്മനാഭപിള്ള പലതും പറഞ്ഞുനോക്കിയിട്ടും ബാലകൃഷ്ണന്‍ അനുസരിച്ചില്ല. മനസ്സില്‍ കോപം അധികരിച്ചെങ്കിലും ഒരു അവസരം കിട്ടുമ്പോള്‍ പകരം വീട്ടണമെന്ന്‍ മനസ്സിലുറപ്പിച്ച് പദ്മനാഭപിള്ള തല്‍ക്കാലമടങ്ങി.

ആറമ്മുളയ്ക്ക് സമീപം തന്നെ ആറ്റില്‍ കയ്പ്പുഴക്കയം എന്നൊരാഴമേറിയ കയമുണ്ട്. ഒരിക്കല്‍ അതിനടുത്ത് വച്ച് മലയില്‍ നിന്നും രണ്ട് വലിയ തടികള്‍ പിടിക്കുവാനായി പത്മനാഭപിള്ള വലിയബാലകൃഷ്ണനേം കൊണ്ടു പോയി. വളരെ കഷ്ടപ്പെട്ട് ഒരു തടി ബാലകൃഷ്ണന്‍ നിശ്ചിതസ്ഥാനത്തെത്തിച്ചു. രണ്ടാമത്തെ തടിപിടിക്കുന്ന സമയം പത്മനാഭപിള്ള തടിയുടെ വക്കയില്‍ കെട്ടിയിരുന്ന ചങ്ങല വലിയബാലകൃഷ്ണന്റെ കാലില്‍ ചേര്‍ത്ത് ബന്ധിച്ചു. അപ്പോള്‍ തന്നെ ഒരപകടം ബാലകൃഷ്ണനു മണത്തെങ്കിലും അവന്‍ തടിപിടിച്ച് യഥാസ്ഥാനത്തേയ്ക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ആ കയത്തിന്റെ അടുത്തെത്തിയതും പത്മനാഭപിള്ള ബാലകൃഷ്ണന്റെ മര്‍മ്മസ്ഥാനം നോക്കി ഒരടികൊടുത്തു. അസഹ്യമായ വേദനയാല്‍ പിടഞ്ഞ വലിയ ബാലകൃഷ്ണന്‍ ഒന്നു പിടഞ്ഞ് ആ കയത്തിലേയ്ക്ക് ചാടുകയും ചെയ്തു. കൂറ്റന്‍ തടിയുടെ കൂടെ ചങ്ങല കാലില്‍ ബന്ധിച്ചിരുന്നതുകൊണ്ട് ബാലകൃഷ്ണനു കയത്തില്‍ നിന്നും കയറാനാകാതെ നിസ്സഹായനാകേണ്ടിവന്നു. ആഴമേറിയ കയത്തില്‍ അകപ്പെട്ട അവന്‍ ശ്വാസം കിട്ടാനായി ബദ്ധപ്പെടുകയും തന്റെ നീളമെറിയ തുമ്പിക്കൈ വെള്ളത്തിനുമുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

വലിയ ബാലകൃഷ്ണന്റെ കഷ്ടസ്ഥിതി കണ്ട് രസിച്ചുകൊണ്ട് കരയ്ക്ക് നിന്ന പത്മനാഭപിള്ളയെ കാട്ടില്‍ നിന്നും പൊടുന്നനേ ഇറങ്ങിവന്ന ഒരു കാട്ടുപോത്ത് വെട്ടികുത്തി രണ്ടുകഷണമാക്കി മുറിച്ച് കയത്തിലേയ്ക്ക് തള്ളിയിട്ടിട്ട് കാട്ടിലേയ്ക്ക് തന്നെ പോയി. അധികം താമസിയാതെ തന്നെ ബാലകൃഷ്ണനു നേരിട്ട ദുര്യോഗം കരക്കാര്‍ മൊത്തമറിയുകയും അവരൊക്കെ തന്നെ കയത്തിനടുത്തേയ്ക്ക് കുതിച്ചെത്തുകയും ചെയ്തു. വലിയ ബാലകൃഷ്ണനെ കരയ്ക്ക് എങ്ങിനെയെങ്കിലും കയറ്റാനായി പലരും പല വിദ്യകളും നോക്കി. എന്നാല്‍ ആഴമേറിയ കയത്തില്‍ വളരെവലിയ തടിയോടൊപ്പം ബന്ധിക്കപ്പെട്ടുകിടന്നിരുന്ന ബാലകൃഷ്ണനെ രക്ഷിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പാഴാവുകയാണുണ്ടായത്. ബാലകൃഷ്ണന്റെ അപകടവൃത്താന്തമറിഞ്ഞ് അന്ന്‍ ആറമ്മുളദേശത്ത് കണ്ണീര്‍വാര്‍ക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല. സര്‍വ്വവിധയോഗ്യതകളും നിറഞ്ഞ ആ ഗജസ്രേഷ്ടന്‍ ഇന്നും എല്ലാവരുടേയും മന‍സ്സില്‍ ചിരപ്രതിഷ്ടപോലെ നിറഞ്ഞു നില്‍ക്കുന്നു...


ശ്രീക്കുട്ടന്‍

Wednesday, August 15, 2012

ആരാണത് ചെയ്തത്??

"എടീ നാരായണീ നെനക്കൊരു കാര്യമറിയണോ, ഇങ്ങടുത്തുവാ പരമ രഹസ്യമാ"

കയ്യിലിരുന്ന ഗ്ലാസ്സിലെ ചൂടന്‍ ചായ ഊതിയാറ്റിക്കൊണ്ട് രമണി അയല്‍ വക്കത്തെ നാരായണിയെ വിളിച്ചു.

"എന്റെ ചേച്ചീ ദേ പിള്ളാര്‍ക്കൊള്ള കാപ്പിയൊണ്ടാക്കിക്കൊണ്ടിരിക്കുവാ. ഒരഞ്ചുമിനിട്ടേ".

തലയൊന്നു പുറത്തേയ്ക്കു കാണിച്ചുകൊണ്ട് നാരായണി പറഞ്ഞു.

"ഇപ്പൊത്തന്നെ പോവാടീ. നീയിങ്ങുവന്നേ".

രമണിയുടെ നിര്‍ബന്ധം മൂലം എന്തോ പിറുപിറുത്തുകൊണ്ട് നാരായണി അവരുടെയടുത്തേയ്ക്കു ചെന്നു.

"എന്തുവാ ചേച്ചി ഇത്ര വല്യ രഹസ്യം".

"ഞാനിതു പറഞ്ഞതായിട്ട് നീ ആരോടും പറയരുതു കേട്ടാ. നമ്മുടെ താഴേലെ വിജയയില്ലെ. ആ ആട്ടക്കാരിതന്നെ. അവളുടെ വീട്ടി ഇന്നലെ രാത്രി ആരോ കള്ളന്‍ കേറിയെന്നോ അവളുകെടന്ന്‍ നെലവിളിച്ചപ്പം ഓടിക്കളഞ്ഞെന്നോ ഒക്കെ പറേണ്. ചെലപ്പം അവളു വിളിച്ചിട്ടു വന്നോനായിരിക്കും. ആരെങ്കിലും കണ്ടപ്പം പതിവ്രത ചമഞ്ഞതാരിക്കും. സത്യമാണോ കള്ളമാണോന്ന്‍ ആര്‍ക്കറിയാം".

"ഒള്ളതാണോ ചേച്ചി. എന്നാലും അവളാളു കൊള്ളാമല്ലോ. അവടെ നടപ്പും ഭാവോമൊക്കെ കണ്ടാ തറേലൊന്നുമല്ലെന്ന്‍ തോന്നും. അല്ല ആളാരാണെന്നു വല്ല പിടിം കിട്ടിയാ".

"എടീ നാരാണീ എനിക്കു തോന്നുന്നത് കള്ളനും കിള്ളനുമൊന്നുമല്ല നമ്മുടെ കറവക്കാരന്‍ നാണുനായരാണെന്നാ. അയാളെക്കാണുമ്പം അവക്ക് ഒത്തിരി എളക്കോം കുലുക്കോമൊക്കെയുള്ളതു ഞാന്‍ ശ്രദ്ധിച്ചിട്ടൊണ്ട്. രഹസ്യമായിട്ട് വിളിച്ചുകേറ്റീതായിരി‍ക്കും"

"ശരിയാ ചേച്ചീ. ഞാനും അത് കണ്ടിട്ടൊണ്ട്. ഹൊ എന്നാലും ഇതിത്തിരി കടുത്തുപോയി. മാപ്പിള നേരെത്തേ ചത്തുപോയെന്നും വച്ചു ആണുങ്ങളെ ചാക്കിട്ടുപിടിക്കാന്‍ ഓരോരുത്തികള് എറങ്ങിക്കൊള്ളും ത്ഫൂ....നമ്മടെയൊക്കെ വീട്ടിലും ആണുങ്ങളുള്ളതാണ്. എവളുമാര് ഇതേപ്പോലെ തൊടങ്ങിയാലെന്തു ചെയ്യും. പാവപ്പെട്ട ആണുങ്ങളെ വല്ലോം പറയാമ്പറ്റോ."

"അവടെ നോട്ടോം ചിരീം കണ്ട് മയങ്ങിപ്പോണ ആണുങ്ങളൊണ്ടാരിക്കും. പക്ഷേ എന്റെ കുമാരന്‍ ചേട്ടനെ അതിനു കിട്ടത്തില്ല. ഞാനല്ലാതെ മറ്റൊരു പെണ്ണിന്റെ മൊകത്തു അയാള് നോക്കത്തില്ല. അതു നെനക്കറിയ്യൊ".

"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്. അപ്പം എന്റെ കെട്ടിയോന്‍ പെണ്ണുങ്ങളേം നോക്കി നടക്കുവാണെന്നാണോ. എന്നെത്തന്നെ ഫുള്ള്‍ നോക്കീട്ടില്ല അതു ചേച്ചിക്കറിയോ ".

"എടീ ഞാന്‍ അങ്ങിനൊന്നും വിചാരിച്ചു പറഞ്ഞതല്ല. അവടെയൊരു മോളൊണ്ടല്ലോ ഒരു ശൃംഗാരിക്കോത. തള്ളേപ്പോലെ അവളും തൊടങ്ങാതിരുന്നാ മതിയാര്‍ന്നു. ചെലപ്പം അവളെക്കാണാനായി ഏവനെങ്കിലും വന്നതാവും. തള്ള കണ്ട് നെലവിളിച്ചതാവാനും വഴിയൊണ്ട്. നമുക്ക് ഒറപ്പിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ".

"അതു ശരിയാ ചേച്ചി. ചെലപ്പം അങ്ങനെയാവും. അല്ല കുമാരന്‍ ചേട്ടനെണീറ്റില്ലേ ഇതേവരെ".

"അതിയാനെപ്പോ എണീക്കുമെന്ന്‍ പറയാന്‍ പറ്റത്തില്ല. ആ ഉണ്ണീട കടേപ്പോയിക്കാണും. എണീറ്റൊടനെ ചായ കിട്ടീല്ലെങ്കി അയാക്കു പ്രാന്താ. ഞാനെണീറ്റപ്പം അല്‍പ്പം താമസിച്ചും പോയി"

"ങ്.ഹൂം. മനസ്സിലായി മനസ്സിലായി."

നാരായണി ഒരു വഷളന്‍ ചിരി ചിരിച്ചു.

"പോടി അവിടുന്ന്‍"

രമണിയുടെ മുഖത്ത് ലജ്ജയൊന്നു പരന്നു

"അയ്യോ എന്റെ ചേച്ചീ അടുപ്പത്തു ദോശകെടക്കുവാര്‍ന്നു. അതെന്തായായെന്തോ. പൊയ്ക്കളയല്ലേ ഞാനിതാ വരുന്നു ".

പറഞ്ഞുകൊണ്ട് നാരായണി അടുക്കളയിലേയ്ക്കോടി.

കരിഞ്ഞ ദോശ മാറ്റി പുതിയ മാവൊഴിച്ചശേഷം നാരായണി പെട്ടന്നു മടങ്ങിവന്നു. രണ്ടുംകൂടി വീണ്ടും നുണകളും പറഞ്ഞു നില്‍ക്കുന്നതിനിടയിലാണു രമണിയതു കണ്ടത്. നാലഞ്ച്പേര്‍ ചേര്‍ന്ന്‍ ഒരാളെ താങ്ങിക്കൊണ്ട് വരുന്നു.

"അതാരാടീ നാരാണീ".

രമണി ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നാരായണി സൂക്ഷിച്ചുനോക്കി. അപ്പോഴേയ്ക്കും അവര്‍ അടുത്തെത്തിയിരുന്നു. തലയില്‍ വലിയ ഒരു കെട്ടുകെട്ടിയിരിക്കുന്ന ആ രൂപത്തിലേയ്ക്കു സൂക്ഷിച്ചു നോക്കിയ രമണി ഒരലര്‍ച്ചയായിരുന്നു.

"എന്റെ കുമാരേട്ടാ.ഇതെന്തോ പറ്റി"

എന്നാല്‍ വാ തുറന്ന്‍ ഒരക്ഷരം സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല മിസ്റ്റര്‍ കുമാര്‍ജി. മുഖമാകെ നീരുവന്ന്‍ ഊതിയിരുന്ന ആശാനെ അകത്തേയ്ക്കു കിടത്തിയിട്ട് വന്നവരോടായി ആകാംഷയോടെ നാരായണി ചോദിച്ചു.


"എന്താ എന്തു പറ്റിയതാ. ആരേലുമൊന്ന്‍ പറ"

"അറിയില്ല നാരാണീ. ആ താഴെ പണയില്‍ വീണുകിടക്കുവായിരുന്നു. രാവിലെ വെളിക്കിരിക്കാന്‍ പോയ പരമനാ കണ്ടത്. നോക്കിയപ്പോ നമ്മുടെ കുമാരന്‍. ബോധമൊന്നുമില്ലാരു‍ന്നു. എന്തു പറ്റിയെന്നു ഇനി ബോധം ശരിയാവുമ്പോഴേ അറിയാമ്പറ്റൂ. എന്തായാലും ഫ്രണ്ടിലെ രണ്ട് പല്ലു പോയിട്ടൊണ്ട്. അതിലൊരു സംശയവുമില്ല. സാധനം അവിടെ തന്നെ കെടപ്പൊണ്ട്".

കൂട്ടത്തിലൊണ്ടായിരുന്ന ശിവന്‍ പറഞ്ഞു. അപ്പോഴും അകത്തു നിന്നും രമണിയുടെ അലമുറ മുഴങ്ങുന്നുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓരോരുത്തരായി അവിടേയ്ക്കു വന്നുകൊണ്ടിരുന്നു.

"എന്താ എന്താ പറ്റ്യേ".

നെലവിളികേട്ട് ഓടിവന്ന തൊട്ടടുത്ത വീട്ടിലെ രാധ ചോദിച്ചു.

"ഓ..ഒന്നുമറിയാമ്മേലെന്റെ രാധേ. രമണീട മാപ്പളേട തല പൊളിഞ്ഞിരിക്കുന്നു. ആരെക്കെയോ ചേര്‍ന്ന്‍ തല്ലിയതാണെന്നാണു തോന്നുന്നത്. മൂന്നാലു പല്ലും പോയത്രേ. എന്തായാലും വലിയ അക്രമമായിപ്പോയി. ഈ വീട്ടീകിടന്നുറൊങ്ങിയ മനുഷ്യനീ ഗതി വന്നല്ലോ എന്റെ മാടന്‍ നട അപ്പുപ്പാ"

താടിക്കു കയ്യ് കൊടുത്തുകൊണ്ട് നാരായണി പറഞ്ഞു.

"കുമാരന് ഇന്നാട്ടിലാരാ ശത്രുക്കള്‍.അല്ലെങ്കിലും ഇപ്പഴത്തെക്കാലമല്ലേ ഒന്നും പറയാന്‍ പറ്റില്ല"

ആത്മഗതമെന്നപോലെ രാധ പറഞ്ഞു.


വന്നവര്‍ വന്നവര്‍ കൂടി നിന്ന്‍ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടിരുന്നു. രമണി ഈ സമയം മുഴുവന്‍ നിര്‍ത്താതെ കരച്ചില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ പോയി സ്ഥലത്തെ പ്രധാന വൈദ്യശിരോമണിയായ കുട്ടപ്പന്‍ ചേട്ടനെ വിളിച്ചുകൊണ്ടു വന്നു. ആദ്യപരിശോദനയില്‍ തന്നെ സംഗതി വളരെ വലിയ സീരിയസ്സ് ഒന്നുമല്ല എന്ന്‍ വൈദ്യന്‍ പ്രഖ്യാപിച്ചു. ആശാന്റെ ചില പൊടിക്കൈകളും മറ്റും കൊണ്ട് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുമാരന്‍ മെല്ലെ കണ്ണു തുറന്നു. തലയിലെ മുറിവില്‍ വൈദ്യന്‍ ചില മരുന്നുകള്‍ വച്ചുകെട്ടി. മുഖം നീരുവന്നു വിങ്ങിയിരുന്നതിനാല്‍ കുമാരനു ഒരക്ഷരം സംസാരിക്കുവാന്‍ പറ്റുമായിരുന്നില്ല. കുറേ സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി.

"എന്റെ പൊന്നേ എന്തു പറ്റിയതാ​ണിത്. ആരാണിങ്ങനെ ചെയ്തതു. വല്ലാണ്ട് വയ്യെങ്കി നമുക്ക് ആശൂത്രീപ്പോകാം".

മൂക്കു പിഴിഞ്ഞുകൊണ്ട് രമണി ഹസ്സിനെ നോക്കിപ്പറഞ്ഞു.

തലേന്ന്‍ ഒരല്‍പ്പം അകത്താക്കിയതിന്റെ ധൈര്യത്തില്‍ രാത്രി രമണിയുറങ്ങിക്കഴിഞ്ഞ് തന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന വിജയേടെ വീട്ടിലൊന്നു കേറി മുട്ടിനോക്കാമെന്നു വച്ചതും വിജയയുടെ മകളുടെ മുമ്പിലറിയാതെ ചെന്നു പെട്ടതും അവള്‍ കയ്യിലിരുന്ന കിണ്ടിവച്ച് തന്റെ തലമണ്ട പൊളിച്ചതും ആളറിയാതിരിക്കാനായി പ്രാണരക്ഷാര്‍ദ്ധം പണ വഴി ഓടിയപ്പോള്‍ മുമ്പിലുണ്ടായിരുന്ന തെങ്ങില്‍ ചെന്നടിച്ചു പല്ലുകള്‍ കൊഴിഞ്ഞതും ബോധം കെട്ട് അവിടെ തന്നെ വീണതും മറ്റും തന്റെ ഭാര്യ അറിഞ്ഞാല്‍ ബാലന്‍സുള്ള പല്ലുകളും ഒടനെ കൊഴിയുമെന്നു ഉത്തമബോധ്യമുണ്ടായിരുന്ന മിസ്റ്റര്‍ കുമാര്‍ജി ആശുപത്രീലൊന്നും പോകാണ്ടായെന്നയര്‍ത്ഥത്തില്‍ തലയൊന്ന്‍ വിലങ്ങനെയാട്ടി. അതികഠിനമായ ഒരു വേദന മുഖത്തേയ്ക്ക് വ്യാപിച്ചതുപോലെ തോന്നിയ കുമാരന്‍ സ്വയം പഴിച്ചുകൊണ്ട് രണ്ടു കണ്ണുകളും ചേര്‍ത്തടച്ചു.


ശുഭം

ശ്രീക്കുട്ടന്‍

Tuesday, August 7, 2012

ലോക്കപ്പ്

അകത്തെവിടെയോ നിന്ന്‍ ഒരമര്‍ത്തിയ നിലവിളിശബ്ദം പുറത്തേയ്ക്കരിച്ചുവന്നു. വൃദ്ധയുടെ ശരീരത്തില്‍ കൂടി ഒരു വിറയല്‍ കടന്നുപോയി.അവര്‍ ദയനീയ ഭാവത്തോടെ അകത്തേയ്ക്ക് തലയെത്തിച്ചുനോക്കി. ഒന്നും തന്നെ കാണാനാവുന്നില്ല. അവിടെ നില്‍ക്കുന്ന പോലീസുകാരന്‍ തള്ളയെതന്നെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പുറത്തേയ്ക്കലയടിച്ചെത്തുന്ന ചീത്തവിളികളും എന്തൊക്കെയോ ഒച്ചകളും പിന്നെ കരച്ചിലുകളും കേട്ടുകേട്ട് വൃദ്ധയ്ക്ക് സമനിലതെറ്റുന്നതുപോലെ തോന്നി. എത്ര നേരമായവര്‍ ആ പോലീസ്സ്റ്റേഷന്‍ വരാന്തയില്‍ കാത്തുനില്‍ക്കുകയാണ്. പുറത്തുപോയിരിക്കുന്ന സര്‍ക്കിളേമ്മാന്‍ വരുവാനായുള്ള കാത്തുനില്‍പ്പാണത്..

"എന്നതാ തള്ളേ വേണ്ടത്"

തിണ്ണയിലേയ്ക്ക് വന്ന പോലീസുകാരന്റെ സ്വരമുയര്‍ന്നുകേട്ടപ്പോള്‍ വൃദ്ധ ഒരു ഞെട്ടലോടെ തലയുയര്‍ത്തി. നേരത്തേ അവിടെ നിന്ന പോലീസുകാരനല്ല. ദയനീയമായ ഭാവത്തില്‍ ആ പോലീസുകാരനെ നോക്കി നിന്ന അവരില്‍ നിന്നും ശബ്ദങ്ങള്‍ ഒന്നും പുറത്തുവന്നില്ല. ചുളിവു നിറഞ്ഞ കവിള്‍ത്തടങ്ങളിലൂടെ ചുടുകണ്ണുനീര്‍ മെല്ലെയൊലിച്ചിറങ്ങി.

"നിങ്ങളോടല്ലേ ചോദിച്ചേ. എന്താ വേണ്ടത്.നിങ്ങടെ ആരെയെങ്കിലും പിടിച്ചുകൊണ്ട് വന്നോയിവിടെ"

അക്ഷമപൂണ്ട പോലീസുകാരന്‍ വീണ്ടും ചോദിച്ചു.

"ന്റെ സുര"

അവരില്‍ നിന്നും ഒച്ചകുറഞ്ഞ അക്ഷരങ്ങള്‍ ചിതറിത്തെറിച്ചു. ഒരു കുപ്പിച്ചില്ലുടയുന്നതുപോലെ..

"അല്ല ഈ കെളവി ഇതേവരെ പോയില്ലേ. നിങ്ങളോടല്ലേ പറഞ്ഞത് ഇവിടെ നിങ്ങടെ ചെക്കനെ കൊണ്ടുവന്നില്ലാന്ന്‍. ഇനിയഥവാ പിടിച്ചെങ്കില്‍ തന്നെ സര്‍ക്കിളായിരിക്കും. ഇവിടെ കാത്തുനിന്നിട്ട് ഒരു കാര്യോമില്ല. സാറു ചെലപ്പോള്‍ രാത്രി വരും. ഇല്ലേല്‍ നാളെ കാലത്ത് നോക്കിയാ മതി. നിങ്ങളു പോയീട്ട് നാളെ വാ"

വരാന്തയിലേയ്ക്ക് വന്ന ഹെഡ് കോണ്‍സ്റ്റബില്‍ വിശ്വനാഥന്‍ പിള്ള തന്റെ വായില്‍ കിടന്ന മുറുക്കാന്‍ ഒന്നുകൂടി ചവച്ച് പുറത്തേയ്ക്ക് തുപ്പിയിട്ട് പങ്കജാക്ഷിയമ്മയോടായി പറഞ്ഞു.

"ഏമ്മാന്നേ. കവലേന്ന്‍ അവനെ പോലീസു പിടിച്ചോണ്ട് പോയെന്ന്‍ എല്ലാരും പറേണ്. അവന്‍ അടീം പിടീമൊന്നുമൊണ്ടാക്കണോനല്ല. എനിക്കാകെയവന്നേയൊള്ളൂ. അവനെയൊന്നും ചെയ്യല്ലേ മക്കളേ"

കൈകൂപ്പിപ്പറഞ്ഞുക്കൊണ്ടവര്‍ ആ പോലീസുകാരെ നോക്കിനിന്നു..

"നിങ്ങളിപ്പോ പോയിട്ട് നാളെരാവിലെ വാ. അവനെ പിടിച്ചെങ്കി സാര്‍ വരുമ്പം ഞാന്‍ പറയാം".

പാറാവുപോലീസുകാരനെ നോക്കി ഒന്നു കണ്ണടച്ചു ചിരിച്ചിട്ട് വിശ്വനാഥന്‍ പിള്ള പറഞ്ഞു.

"ദൈവങ്ങളേ ന്റെ സുരേനെ നീ കാത്തൊളണേ "

മുകളിലേയ്ക്ക് മിഴികളെറിഞ്ഞ് പ്രാര്‍ത്ഥിച്ചിട്ട് അവര്‍ ഒരു നിമിഷം കൂടി അവിടെ തറഞ്ഞു നിന്നു. പിന്നെ ഇടറിയ കാലുകളുമായി സ്റ്റേഷനു പുറത്തേയ്ക്കുള്ള വഴിയേ നടന്ന്‍ റോഡിലേക്കിറങ്ങി..

മുറുക്കാന്‍ മുഴുവന്‍ ചവച്ചശേഷം അത് പുറത്തേയ്ക്ക് നീട്ടിത്തുപ്പിയിട്ട് ഹെഡ് കോണ്‍സ്റ്റബില്‍ വിശ്വനാഥന്‍ പിള്ള ലോക്കപ്പിലേയ്ക്ക് ചെന്നു. നാറ്റം വഹിക്കുന്ന തറയില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന ചെറുപ്പക്കാരന്റെ വാരിയെല്ലിനിടയിലായി കയ്യിലിരുന്ന ലാത്തികൊണ്ട് അയാള്‍ ഒരു കുത്തുകൊടുത്തു. അസഹ്യമായ വേദനയാലെന്നവണ്ണം ആ ചെറുപ്പക്കാരന്‍ ഒന്നു പിടഞ്ഞശേഷം ചാടിപ്പിടഞ്ഞെഴുന്നേറ്റു. നീരുവന്നു വീര്‍ത്ത അവന്റെ കവിളുകളില്‍ കണ്ണുനീര്‍ ഉണങ്ങിപ്പിടിച്ച പാടുണ്ടായിരുന്നു.

"ഡാ മര്യാദയ്ക്ക് പറഞ്ഞോ. സുഗതന്‍ മൊതലാളീട വീട്ടീന്നു മോട്ടിച്ച സ്വര്‍ണ്ണം മുഴുവന്‍ എവിടാ കൊണ്ട് കൊടുത്തത്. മര്യാദയ്ക്ക് പറഞ്ഞാ ഇനീം കൊള്ളാതെ കഴിയാം.ഇല്ലെങ്കിലുണ്ടല്ലോ. "

പിള്ള ലാത്തി ചുഴറ്റിക്കൊണ്ട് പറയുന്നത് കേട്ട യുവാവ് വിറച്ചുകൊണ്ട് അയാളുടെ കാലുകളിലേയ്ക്ക് വീണു കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.

"എന്നെയിനി തല്ലല്ലേ സാറേ. തല്യാ ഞാന്‍ ചത്തുപോകും. എന്റമ്മച്ചിയാണേ ഞാന്‍ ഒന്നും മോട്ടിച്ചിട്ടില്ല"

"ത്ഫ..കഴുവര്‍ടമോനേ നെനക്ക് കിട്ടിയത് പോരല്ലേ. കൊണവതിയാരോം പറഞ്ഞോണ്ടിരുന്നോ. അറിയാല്ലോ. സാറിന്റെ വല്യ ദോസ്താ മൊതലാളി. സാറുവന്നാ നിന്നെ പച്ചയ്ക്ക് ഉരിയ്ക്കും.സാമാനം കലക്കും.അതിനുമുന്നേ സമ്മതിച്ചൊള്ള കാര്യം പറഞ്ഞാ നെനക്ക് കൊള്ളാം"

തന്റെ കാലേല്‍ കെട്ടിപ്പിടിച്ചുകരയുന്ന ചെറുപ്പക്കാരനെ കാലുകൊണ്ട് തള്ളിമാറ്റിയിട്ട് പിള്ള പുറത്തേയ്ക്കിറങ്ങി ലോക്കപ്പ് പൂട്ടി.

"എന്താടോ പിള്ളേ. അവന്‍ വല്ലോം പറഞ്ഞോ"

തലയിലിരുന്ന തൊപ്പി ഊരി മേശപ്പുറത്ത് വച്ചിട്ട് സി ഐ തന്റെ കസേരയില്‍ അമര്‍ന്നിരുന്നുകൊണ്ട് പിള്ളയോട് ചോദിച്ചു.

"ഇല്ല സാറേ. പി സി രാമകൃഷ്ണന്‍ ചെറുതായൊന്നു പേടിപ്പിച്ചപ്പോഴേ ചെക്കന്റെ ബോധം പോയി. കണ്ട കോളില്‍ അവനല്ലാന്നാണു തോന്നണേ. പിന്നെ ബാക്കി സാറുവന്നിട്ടാവാമെന്ന്‍ കരുതി"

തലചൊറിഞ്ഞുകൊണ്ട് പിള്ള നിന്നു.

"ങ്.ഹാ അവന്റെ ബോധക്കേട് ഞാന്‍ മാറ്റിക്കൊടുക്കാം"

ഷര്‍ട്ടൊന്ന്‍ പിടിച്ചിട്ടുകൊണ്ട് സര്‍ക്കില്‍ എഴുന്നേറ്റ് ലോക്കപ്പുമുറിയിലേയ്ക്ക് നടന്നു. നിമിഷങ്ങള്‍ക്കകം ചുമരുകളെ ഞെരിച്ചമര്‍ത്തിക്കൊണ്ടുള്ള അമര്‍ത്തിയ നിലവിളിശബ്ദം പുറത്തേയ്ക്കൊഴുകിയെത്തി. പിള്ളയൊരു സിഗററ്റ് കൊളുത്തിക്കൊണ്ട് സ്റ്റേഷനു പുറത്തേയ്ക്ക് വന്ന്‍ ഒതുങ്ങിനിന്ന്‍ പുകച്ചുതള്ളാനാരംഭിച്ചു.മണിയെട്ടാകാന്‍ പോകുന്നേയുള്ളൂ. ഒരു ചായകുടിയ്ക്കാമെന്ന്‍ കരുതി പിള്ള റോഡിലേയ്ക്കിറങ്ങി പൊന്നന്റെ കടയിലേക്ക് ചെന്നു.

"ഡാ നല്ല സ്ട്രോങ്ങ് ചായയൊന്നെടുത്തേ"

ബെഞ്ചിലേക്കിരുന്നുകൊണ്ട് പിള്ള കത്തിത്തീരാറായ സിഗററ്റ് ഒന്നുകൂടിയാഞ്ഞുവലിച്ചു. ഒരു ചുമകേട്ട് നോക്കിയ പിള്ള കണ്ടത് കടയുടെ മൂലയിലായി കൂനിപ്പിടിച്ചിരിക്കണ വൃദ്ധയെയാണു. സര്‍ക്കിളുവന്നത് അവരറിഞ്ഞില്ലാന്നു തോന്നുന്നു.

"അമ്മച്ചീ. നിങ്ങളു വീട്ടിപ്പോയീന്‍. നല്ല തണുപ്പൊണ്ട്. നിങ്ങട മോന്‍ കുറ്റമൊന്നും ചെയ്തില്ലെങ്കില്‍ അവനങ്ങ് വരും. സാറെപ്പോ വരുമെന്ന്‍ പറയാനാവില്ല"

വൃദ്ധയുടെ തോളില്‍ മെല്ലെപ്പിടിച്ചുകൊണ്ട് പിള്ള പറഞ്ഞു. തലയുയര്‍ത്തിനോക്കിയ വൃദ്ധ ഒന്നു തേങ്ങി.

"പൊന്നാ അമ്മച്ചിയ്ക്ക് നല്ല ഒരു ചായകൊടുക്ക്. എന്നിട്ട് ഒരാട്ടോയോ മറ്റൊ കിട്ടുമെങ്കില്‍ കേറ്റിവിട്. പൈസ എത്രാന്നു വച്ചാ ഞാന്‍ പിന്നെതരാം" പിള്ള ചയക്കടക്കാരനോടായി പറഞ്ഞു.

"വേണ്ട മക്കളേ. ഏമ്മാന്‍ വന്നിട്ട് എന്റെ സുരേനേം കൊണ്ട് ഞാന്‍ പൊക്കോളാം. അവനൊരു തെറ്റും ചെയ്യൂല്ല. ന്റെ സുര പാവാ"

വൃദ്ധ വിലങ്ങനെ തലയാട്ടിക്കൊണ്ട് വിതുമ്പലോടെ പറഞ്ഞു.

ഒന്നുരണ്ട് നിമിഷം വൃദ്ധയെ നോക്കിനിന്ന പിള്ളാ​‍ ആകെ അസ്വസ്ഥനെന്നവണ്ണം തലയൊന്നുവിലങ്ങിനെയാട്ടിയശേഷം സ്റ്റേഷനിലേയ്ക്ക് തിരിച്ചുനടന്നു.

"സാറേ സംഗതി കൊഴഞ്ഞെന്നാ തോന്നുന്നേ"

തറയില്‍ കിടക്കുന്ന യുവാവിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണ്ട് പി.സി സര്‍ക്കിളിനോടായിപ്പറഞ്ഞു. അയാളുടെ മുഖത്തും ചെറിയ പരിഭ്രമം അലയടിക്കുന്നുണ്ടായിരുന്നു.

"മെനക്കെടുത്തുകള്. രണ്ടടികൊള്ളാന്‍ ഒള്ള കോപ്പുപോലുമില്ലാത്തവനൊക്കെ മോട്ടിക്കാന്‍ നടന്ന്‍ ബാക്കിയൊള്ളോന് പണിയൊണ്ടാക്കി വയ്ക്കും. ഇനിയെന്തു ചെയ്യുമെടോ. ആ പിള്ള എവിടെപ്പോയി"

തല കുടഞ്ഞുകൊണ്ട് സര്‍ക്കില്‍ പോലീസുകാരനെ നോക്കി.

"പിള്ള ചായ കുടിക്കാന്‍ പോയി സാര്‍ "

"ങ്..ഹാ ഒരു കാര്യം ചെയ്യ് നല്ലോണം ഇരുട്ടിക്കഴീമ്പം ആ കുഴിയന്‍ പാറയുടെ അടുത്തെ കാടുപിടിച്ചുകിടക്കണ സ്ഥലമില്ലേ. അതിലെ ഏതേലും മരത്തില്‍ കെട്ടിത്തൂക്കിയേരേ. ആരു ചോദിച്ചാലും ഇവനെ ഇവിടെ കൊണ്ടുവന്നിട്ടില്ല. മനസ്സിലായല്ലോ. ഇല്ലെങ്കില്‍ എല്ലാവരും കുടുങ്ങും പറഞ്ഞില്ലാന്നുവേണ്ടാ. ആ പിള്ളയോടും കൂടി പറഞ്ഞോ. ഞാന്‍ പോണ്. എന്തെങ്കിലുമുണ്ടേലെന്നെ വിളിച്ചാ മതി.ദാ ഇതു വച്ചോ. വല്ലോം മേടിച്ചു തിന്നുകുടിച്ചേച്ചുപോയാമതി"

പോക്കറ്റില്‍ നിന്നും പേഴ്സെടുത്ത് കുറച്ച് നോട്ടുകളെടുത്ത് പോലീസുകാരന്റെ കയ്യില്‍ പിടിപ്പിച്ചിട്ട് സര്‍ക്കില്‍ പെട്ടന്ന്‍ പുറത്തേയ്ക്കിറങ്ങി ജീപ്പെടുത്തോടിച്ചുപോയി.

കുടിച്ച ചായയും വെള്ളവുമൊക്കെ ആവിയായിപ്പോയമട്ടില്‍ പിള്ള ആ ശവശരീരത്തിനുമുന്നില്‍ മിഴിച്ചുനിന്നു. ആ ശരീരം തന്റെ കാലില്‍ പിടിച്ച് അപ്പോഴും കരയുന്നതായി പിള്ളയ്ക്ക് തോന്നി. ശരീരം തളരുന്നതുപോലെ തോന്നിയ അയാള്‍ ലോക്കപ്പില്‍ നിന്നുമിറങ്ങി കസേരയിലേയ്ക്ക് കുഴഞ്ഞിരുന്നു. പുറത്ത് ചായക്കടയുടെ വരാന്തയില്‍ പ്രതീക്ഷാനിര്‍ഭരമായ മിഴികളുമായി കണ്ണുനട്ട് കാത്തിരിക്കുന്ന ഒരു വൃദ്ധയുടെ ദയനീയരൂപം അയാളുടെ ചിന്തകളെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നു. തന്റടുത്ത് വന്ന്‍ ചുമലില്‍ കൈവച്ച സഹപ്രവര്‍ത്തകനെ പിള്ള മിഴിച്ചുനോക്കി. അയാളുടെ മുഖത്തും നിര്‍വ്വികാരതയായിരുന്നോ.

റോഡിലൊന്നും ആരുമില്ലെന്നുറപ്പ് വരുത്തിയശേഷം തണുത്തുതുടങ്ങിയ യുവാവിന്റെ ശരീരം താങ്ങിയെടുത്ത് പോലീസ് ജീപ്പിനുള്ളില്‍ ഒതുക്കിവച്ചിട്ട് പിള്ളയും രണ്ടു പോലീസുകാരും കയറി. പതിയെ റോഡിലേയ്ക്ക് ജീപ്പിറങ്ങിയപ്പോള്‍ അറിയാതെ പിള്ളയുടെ മിഴികള്‍ പൊന്നന്റെ ചായക്കടയുടെ തിണ്ണയിലേയ്ക്ക് പാഞ്ഞു. മങ്ങിയ ഇരുട്ടില്‍ കൂനിപ്പിടിച്ചിരിക്കുന്ന ഒരു രൂപം. അത് കാണാനുള്ള ശക്തിയില്ലെന്നവണ്ണം പിള്ള മുഖം തിരിച്ചു. ആ സമയം നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം മേഘപാളികള്‍ക്കിടയിലേയ്ക്ക് മുഖം പൂഴ്ത്തി ഒരിരുട്ടും പടര്‍ന്നു.......

ശ്രീക്കുട്ടന്‍