Thursday, September 6, 2012

എന്റെ കൈ..എന്റെ വേദന..എന്റെ പണം..

ഞാന്‍ മുന്നേ പറഞ്ഞിരുന്നില്ലായിരുന്നോ എന്റെ കയ്യുടെ വേദനയുടെ കാര്യം. അതിന്റെ ഒരു മനോഹരവിവരണമാണ് ഞാന്‍ നിങ്ങള്‍ക്കായി പ്രസന്റ് ചെയ്യുന്നത്. ഇതിലിപ്പം എന്താ ഇത്ര ബല്യ കാര്യമെന്ന്‍ ചിലരെങ്കിലും സംശയിച്ചേക്കാം. സംഗതി ഒരു ഹൊറര്‍ കഥപോലെ ഭീകരമാണ്. വഴിയേ അതു മന‍സ്സിലാവും. മൊത്തം വായിച്ചു തീര്‍ന്നിട്ട് ഭഗ്നാശന്മാരായിരിക്കാതെ എന്നെ ഒന്നാശസിപ്പിക്കുകയെങ്കിലും ചെയ്യണം കഠിനഹൃദയരേ,

ഒരു മൂന്നുനാലു മാസം മുന്നേയാണു ഞാന്‍ ആ നഗ്നസത്യം മനസ്സിലാക്കിയത്. വലതുകയ്യില്‍ ഒരു ചെറിയ കൊളുത്തിപ്പിടി ഉണ്ടോ. ആദ്യമൊന്നും മൈന്‍ഡ് ചെയ്തില്ല. ഓരോ ദിവസം കഴിയുന്തോറും സംഗതി വെടക്കായിത്തൊടങ്ങിയതോടെ ഡീപ് ഹീറ്റ് മൂവ് തുടങ്ങിയ വേദനസംഹാരികള്‍ പ്രയോഗിക്കുവാന്‍ ആരംഭിച്ചു. അതെല്ലാം നാണിച്ചുപോയതുതന്നെ മിച്ചം.

"കമ്പ്യൂട്ടറിമ്മേ കളി ഇച്ചിരിക്കൂടിയാക്കിക്കോടാ കൈ വേദന അപ്പം പറപറക്കും"

പരിഹാസച്ചിരിയോടെ പറഞ്ഞ സഹമുറിയന് ഒരു രൂക്ഷനോട്ടം നല്‍കിയിട്ട് ഞാന്‍ വീണ്ടും സ്റ്റാറ്റസ്സുകള്‍ ടൈപ്പാനും കമന്റുകള്‍ ചെയ്യാനും നടന്നു. എന്തു പറയാനാ. ഓരോ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വരുന്നതല്ലാതെ ഒരു കുറവുമില്ല.സഹികെട്ട് ആദ്യം ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയി. ഒരു അറബിസ്ത്രീയായിരുന്നു ഡോക്ടര്‍. അവരോട് എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ എന്റെ പ്രശ്നമവതരിപ്പിച്ചു. ഇപ്പം ശര്യാക്കിത്തരാമെന്ന ഭാവത്തില്‍ അവര്‍ എന്തെല്ലാമോ കുറിച്ചുതന്നു. മസില്‍ പെയിനാണു പേടി വേണ്ട കുട്ട്യേ എന്ന പറച്ചിലോടെ. ഭക്ത്യാദരപൂര്‍വ്വം ഫാര്‍മസിസ്റ്റ് തന്ന ഗുളികകളും ഒരു വലിയ ബാമും മേടിച്ച് അദ്ദ്യേം പറഞ്ഞ നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ച് ഞാന്‍ ആ ഐറ്റംസെല്ലാം കൃത്യമായി സാപ്പിടുകയും ബാം കയ്യില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്തു. എന്തെങ്കിലും ഉപയോഗമുണ്ടായോ..ശിവ..ശിവ....

രണ്ടുദിവസം കഴിഞ്ഞ് ആ ബാം എന്റെയൊരു സുഹൃത്ത് കാണുകയും അളിയാ നീയീ വാതത്തിനുള്ള മരുന്നെന്നാത്തിനാടാ ഇടുന്നതെന്ന്‍ ചോദിക്കുകയും ചെയ്തപ്പോള്‍ എന്റെ മനസ്സിലെന്തായിരുന്നു. കര്‍ത്താവീശോമിശിഹായേ. 33.50 ദിര്‍ഹംസ് കൊടുത്ത് മേടിച്ച സാധനം വാതത്തിനൊള്ളതാത്രേ. ആ കവറേലെഴുതിയിരിക്കുന്ന മണികിണിയൊക്കെ നന്നായൊന്നു വായിച്ചുനോക്കിയപ്പോള്‍ എനിക്കെന്നെത്തന്നെയൊന്നു തല്ലാന്‍ തോന്നി. കണ്ട്രി ഫെല്ലോ...

രാവിലെ ഓഫീസില്‍ വന്നിട്ട് പണിയാരംഭിച്ചപ്പോള്‍ ഒരു രക്ഷയുമില്ല. കൈ കുത്തിപ്പൊളിക്കുന്ന വേദന്‍. അസഹ്യമായതോടെ ബോസിന്റെ പെര്‍മിഷന്‍ മേടിച്ച് ഞാന്‍ ഇവിടത്തെ ഒരു വല്യ ഹോസ്പിറ്റലില്‍ പോയി. എമര്‍ജെന്‍സി വിഭാഗത്തില്‍ കാണിച്ചു. കൈ വേദന കാരണം രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലാന്നേ. ഭഗവാനേ എന്തൊരു പരീക്ഷണം. അവിടേം ഡാക്കിട്ടര്‍ അറബി തന്നെ. ഞാന്‍ വീണ്ടും ഒന്നേന്ന്‍ എന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. കൈ ഒന്നു പിടിച്ചു നോക്കിയിട്ട് എല്ലാം ശരിയാക്കിത്തരാമെന്ന ഭാവത്തില്‍ ഒരു തടിമാടന്‍ പേപ്പറില്‍ എന്തെല്ലാമോ എഴുതിയെന്റെ കയ്യില്‍ തന്നിട്ട് മരുന്നു വയ്ക്കുന്ന സ്ഥലത്തേയ്ക്ക് ചെല്ലാന്‍ മൊഴിഞ്ഞു. ഞാനാ പേപ്പര്‍ ഒന്നു വായിക്കാന്‍ ശ്രമിച്ചുനോക്കി. ദൈവം തമ്പുരാന്‍‍ പോലും സുല്ലിട്ടുപോകുംെന്തു പുണ്ണാക്കിനാണീ ഡോക്ടര്‍മാര്‍ ആദിവാസിഭാഷയിലെഴുതുന്നതെന്ന്‍ പണ്ടുമുതലേ എന്റെയുള്ളില്‍ കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സംശയമാണു. ഇവമ്മാരൊന്നും വൃത്തിയായി എഴുതാന്‍ കൂടി പഠിച്ചിട്ടില്ലേ. എന്തായാലും എഴുതിയിരിക്കുന്നത് ഇങ്ക്രീസ്സാണ്. എ എന്ന അക്ഷരം ഞാന്‍ അല്‍പ്പം വ്യക്തതയോടെ കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

മെയില്‍ നഴ്സ് എന്റെ കയ്യില്‍ നിന്നും പേപ്പര്‍ വാങ്ങിനോക്കി. ഇടത്തോട്ടും വലത്തോട്ടും തലയൊന്നു വെട്ടിച്ചുനോക്കി. ആശാനെന്തു പിടികിട്ടിയോ ആവോ. ഒരു ചെക്കനാണു. എന്നെപ്പിടിച്ച് ടേബ്ബിളിലിരുത്തി മടിയിലായി ഒരു വലിയ പ്ലാസ്റ്റിക് പേപ്പര്‍ വിരിച്ചു. വീണ്ടും ആ പേപ്പര്‍ എടുത്ത് ചാഞ്ഞും ചരിഞ്ഞും നോക്കുന്നു. ഈ സമയം ഒരു പ്രായമുള്ള മെയില്‍ നഴ്സ് അവിടേയ്ക്ക് വന്നു. എന്തൊക്കെയോ പിറുപിറുക്കലുകള്‍ക്ക് ശേഷം എന്റടുത്തേയ്ക്ക് വന്ന്‍ വലതുകൈ ഉയര്‍ത്തിപ്പിടിക്കുവാന്‍ പറഞ്ഞിട്ട്‍ കൊറേയേറെ പഞ്ഞിയും മറ്റുമൊക്കെയെടുത്ത് ചുറ്റിവരിയാന്‍ തുടങ്ങി. കഥയറിയാതെ കണ്ണുമിഴിച്ചിരുന്ന എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് വലതുകൈ പത്തുമിനിട്ടിനുള്ളില്‍ നല്ല കലക്കനായി പ്ലാസ്റ്ററിട്ടുതന്നു. ഭംഗിക്കായി ഒരു ഐറ്റം കൂടിതന്നു. കഴുത്തില്‍ കൂടി കൈ കെട്ടിത്തൂക്കിയിടുവാന്‍. അതിന്റെ പേരെന്തു പുണ്ണാക്കാണോയെന്തോ. പത്തുദിവസം ഇട്ടേക്കണമത്രേ. ഫാര്‍മസിയില്‍ നിന്നും ബാക്കി മരുന്നുകൂടി മേടിച്ചിട്ട് ബില്ല്‍ കൊടുക്കാനായി നോക്കിയപ്പോള്‍ കണ്ണിന് ഓപ്പറേഷന്‍ ഉടന്‍ തന്നെ വേണ്ടിവരുമെന്നെനിക്ക് മനസ്സിലായി.

നല്ല തടിവടിയായി ഓഫീസില്‍ വന്നിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയവന്‍ നാലുമണിക്കൂര്‍ കഴിഞ്ഞ് അവശരൂപത്തില്‍ കൈ മുഴുവന്‍ പ്ലാസ്റ്ററൊക്കെയിട്ടുവന്നത് കണ്ട് എന്റെ സഹപ്രവര്‍ത്തകര്‍ ഞെട്ടി. വിശദീകരിച്ചുവിശദീകരിച്ചു എന്റെ ഊപ്പാടെളകി എന്നു പറഞ്ഞാല്‍ മതിയല്ലോ. പുറത്തെവിടെയോ പഞ്ചാരയടിച്ചു നിന്ന സേഫ്റ്റിമാനേജര്‍ എന്നെക്കണ്ടതും ഒരു നിമിഷം വായും പൊളിച്ചുനിന്നിട്ട് എന്നെ മീറ്റിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ച് ക്വസ്റ്റ്യന്‍ ചെയ്തു. അങ്ങേരേം പണ്ടാരമടക്കി വൈകിട്ട് വരെ എങ്ങിനെയെങ്കിലും ഇരുന്നശേഷം വീട്ടിലേയ്ക്ക്. റൂമിലുള്ളവരേയും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കുവാന്‍ പെടാപാടുപെട്ടു. ഇതിനിടയ്ക്ക് കഷ്ടപ്പെട്ട് ഇടതുകൈകൊണ്ട് എന്റെ അസുഖവൃത്താന്തം ഫേസ്ബുക്ക് മാലോകരെയറിയിക്കാനും ഞാന്‍ മറന്നില്ല എന്നുകൂടി ഈ അവസരത്തില്‍ ഞാനോര്‍മ്മിക്കുകയാണ്..

കുട്ടിക്കാലത്ത് ഇടതു കൈ മൂന്നുവട്ടം ഒടിഞ്ഞുപ്ലാസ്റ്റര്‍ തൂക്കിയിട്ടുനടന്നതിനുശേഷം വീണ്ടുമൊരു പ്ലാസ്റ്റര്‍ പരീക്ഷണമാണു. കുളിക്കുമ്പോഴും മറ്റുമൊക്കെ കൈ നനയാതെ നോക്കുന്നത്ര ബുദ്ധിമുട്ട് മറ്റൊന്നില്ല. കടിച്ചുപിടിച്ചു രണ്ടു ദിവസം നടന്നു. ഒരു രക്ഷയുമില്ല. മൂന്നാം ദിനം രാവിലെ ഉറക്കമെഴുന്നേറ്റുള്ള ആദ്യ പണി പ്ലാസ്റ്റര്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. ആ കുന്ത്രാണ്ടമിളക്കിക്കളഞ്ഞപ്പോള്‍ എന്തൊരാസ്വാസം. ഒരു ദിവസം അങ്ങിനെ നടന്നു. പിന്നെ ബര്‍ദുബൈയിലുള്ള ഒരു പ്രമുഖഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്റെ അപ്പോയിന്റ്മെന്റ് നേടി അദ്ദ്യേത്തെ സന്ധിച്ചു. രെജിസ്ട്രേഷന്‍ ചടങ്ങൊക്കെ ഭംഗിയാക്കിയിട്ട് മുറിയിലേയ്ക്ക് കയറിയ എന്നെ ചിരിയോടുകൂടി സ്വീകരിച്ചിരുത്തി. മലയാളി ഡോക്ടര്‍ ആണു. എന്റെ പ്രശ്നങ്ങള്‍ ഒക്കെ വിവരിച്ചപ്പോള്‍ അത് എന്തുകൊണ്ടായിരിക്കാമെന്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. എന്തെല്ലാമോ വച്ച് കൈപ്പത്തിയും മറ്റുമൊക്കെ പരിശോദിച്ച് ഒരു കൊട്ടുവടിപോലുള്ള സാധനം കൊണ്ട് ഒന്നുരണ്ട് തട്ടും മുട്ടുമൊക്കെ തന്നു.

"ഞരമ്പില്‍ ചെറിയ നീര്‍ക്കെട്ടുണ്ടാവുകയും അത് അല്‍പ്പം വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് കൈ വേദനയുണ്ടായത്. ഈ മരുന്നൊക്കെ കൃത്യമായി കഴിക്കുക. എല്ലാം ഭേദമാവും. എന്തായാലും ഒരാഴ്ചകഴിഞ്ഞെന്നെ വന്നൊന്നുകാണണം"

സ്നേഹത്തോടെ ഡോക്ടര്‍ പറഞ്ഞതുകേട്ട് ഞാന്‍ തലകുലുക്കി സമ്മതിക്കുകയും അസുഖം എത്രയും പെട്ടന്ന്‍ ഭേദമാകുമല്ലോ എന്നാശ്വസിച്ച് റിസപ്ഷനിലേക്ക് ചെന്ന്‍ അവിടിരുന്ന ചെല്ലക്കിളി പറഞ്ഞ കാശ് അടച്ചശേഷം പിന്നെ ഫാര്‍മസിയിലേക്ക് ചെന്ന്‍ ഗുളികകളൊക്കെ മേടിച്ചു. നാലിനം ഉരുപ്പടികള്‍. ഒപ്പം ഒരു കുറിപ്പടിയും. കഴിക്കേണ്ടവിധം ഒക്കെ ചോദിച്ചറിഞ്ഞ് അതിന്റേയും വെലകൊടുത്ത് റൂമിലേയ്ക്ക് മടങ്ങി. കിറുകൃത്യമായി ആ ഗുളികകള്‍ ഒക്കെ ഒരാഴ്ച ഞാന്‍ വിഴുങ്ങി..

വേദന്‍ കുറഞ്ഞോ. നഹീ നഹീ. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ ഡോക്ടറെ കാണാനായി വീണ്ടും പോയി. വേദന കുറവില്ലെന്ന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കുറച്ചു ഗുളികകള്‍ കൂടി എഴുതി. സംഗതി പഴയ ഐറ്റം തന്നെ.

പേടിക്കാനൊന്നുമില്ല ഇതുകൂടികഴിക്കുമ്പോള്‍ എല്ലാം ശരിയാകും എന്നുപറഞ്ഞതുകേട്ട് ഞാന്‍ വീണ്ടും പഴയ അതേ പരിപാടികള്‍ ആവര്‍ത്തിച്ചു.

വേദന കുറഞ്ഞോ..ഇനിയുമെന്നോട് ആരെങ്കിലും ആ ചോദ്യം ചോദിച്ചാല്‍ സത്യമായും ഞാന്‍ അവനെ തെറിയില്‍ കുളിപ്പിക്കും.

കമ്പൂട്ടറിന്റെ മുന്നിലിരുന്ന്‍ കൈകുടയുന്ന എന്നെക്കണ്ട് എന്റെ മുന്നിലിരിക്കുന്ന ശ്രീലങ്കന്‍ ബൂട്ടി ഭേദമായില്ലേ എന്നെന്നോടു ചോദിച്ചു.
​‍
എവിടേ ഭേദമാകന്‍ കൊച്ചേ...ദുഃഖസാന്ദ്രമായ മുഖത്തോടെ നോം പറഞ്ഞു

നീ നിന്റെയാ ടാബ്ലറ്റ്സ് ഒക്കെ ഒന്നുകാട്ടിയേ.

വീണ്ടും അവളുടെ കിളിമൊഴി. എന്റെ ബാഗിലിരുന്ന ഗുളികകളെല്ലാം ഞാനവള്‍ക്കെടുത്തു കാട്ടിക്കൊടുത്തു. ഒന്നൊന്നായി അവള്‍ അതെടുത്ത് പരിശോദിച്ചിട്ട് കമ്പൂട്ടറില്‍ അതിന്റെ പേര് സെര്‍ച്ച് ചെയ്ത് തകര്‍ത്തു പരിശോധിക്കാന്‍ ആരംഭിച്ചു. ഇതിനെക്കുറിച്ചൊക്കെ കുറച്ച് അറ്റവും മൂലയും അറിയാവുന്നവളാണെന്ന്‍ തോന്നുന്നു. ഞാനിട്ട മമ്മൂട്ടിയെക്കുറിച്ചുള്ള സ്റ്റാറ്റസ്സില്‍ ആരെങ്കിലും കമന്റിടുന്നുവോ ലൈക്കടിക്കുന്നുവോ എന്ന്‍ നോക്കി കണ്ണുമിഴിച്ചുകൊണ്ടിരുന്ന എന്നോടായവള്‍ താഴെപ്പറയുന്നപ്രകാരം പറഞ്ഞു.

ഇതില്‍ ഒരു ഗുളിക ശ്വാസകോശ ഇന്‍ഫെക്ഷനു നല്‍കുന്നതാണു. ഒരെണ്ണം അള്‍സറിന്‍ ഉള്ളതും മൂന്നാമതായുള്ള ടാബ്ലറ്റ് നിനക്കുള്ള അസുഖത്തിനുള്ളതു തന്നെ. നാലാമതായുള്ളതും മൂന്നാമതുള്ളതും സെയിം സാധനം. രണ്ടു കമ്പനിയുടേതാണെന്നേയുള്ളൂ..

കുരങ്ങന്‍ ഇഞ്ചികടിച്ചാല്‍ എങ്ങിനിരിക്കും. അതായിരുന്നു അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലുണ്ടായ ഭാവം. അവളു പറഞ്ഞതു ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്റെ സകല കണ്ട്രോളും പോയീന്നുപറഞ്ഞാല്‍ മതീല്ലോ. മനുഷ്യന്‍ കള്ളുകുടിയമ്മാരായി മാറുന്നതില്‍ ഒരു തെറ്റുമില്ലെന്നു എനിക്ക് ബോധ്യമാകുന്നു. എന്റെ നെപ്പോളിയന്‍ ദൈവങ്ങളേ എന്നെ നീ കാത്തോളണേ..എന്റെ കയ്യും....

പ്ലാസ്റ്ററിട്ട കയ്യുടെ ഒരു മനോഹരചിത്രം ഇടണമെന്നാഗ്രഹമുണ്ടാര്‍ന്നു. പക്ഷേ...നിങ്ങള്‍ ക്ഷമിക്കുക...എന്റെ ഒരു ചങ്ങാതിച്ചിയുടെ അഭിപ്രായം ശിരസ്സാവഹിച്ച് ചെറുനാരങ്ങാ ചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് ആ വെള്ളത്തില്‍ കയ്യും മുക്കിയിരിക്കാന്‍ പോകുവാണു..ശിവനേ..കാത്തോളണേ...

ഹതഭാഗ്യനായ
ശ്രീക്കുട്ടന്‍

24 comments:

  1. മോനേ ഹതഭാഗ്യാ... നീ കുറേ കഷ്ടപെട്ടല്ലേ... ഇപ്പൊ വേദന കുറവുണ്ടോ?... ഹി..ഹി...

    ഒരു പാരഗ്രാഫ് രണ്ടുപ്രാവശ്യം എഴുതിയിട്ടുണ്ടല്ലോ... നെപ്പോളിയന്‍ പണി പറ്റിച്ചതാണോ?

    ReplyDelete
    Replies
    1. പറ്റിച്ചളിയാ..പറ്റിച്ചു..മാറ്റിയിട്ടുണ്ട്.. ഇനിയും എന്തേലുമൊണ്ടെങ്കില്‍ നോര്‍മലാകുമ്പോള്‍ നാളെ തിരുത്താം...

      Delete

  2. കൈ വയ്യെങ്കിലും , നന്നായെഴുതിയല്ലോ ശ്രീക്കുട്ടാ..!വൈയ്യായ്ക വയ്കാതെ മാറാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
    വേദന മാറും വരെ നെപ്പോളിയന്‍ കാക്കുമാറാകട്ടെ..!

    ReplyDelete
  3. ഒരുപാട് ഡോക്റ്റര്‍മാരെ കാണാന്‍ പോകുന്നത് നമ്മുടെയൊക്കെ ഒരു ശീലമായിപ്പോയി.ആരെയും വിശ്വാസമില്ല:).ഡോക്ടര്‍ തരുന്ന മരുന്ന് എന്താണെന്ന് മെഡിക്കല്‍ ഷോപ്പില്‍ ചോദിക്കുകേം ചെയ്യും.എല്ലാ മരുന്നിന്റെയും ഒപ്പം ഈ അള്‍സറിന്റെ മരുന്നും കിട്ടും. അള്‍സര്‍ ഇല്ലാത്തതുകൊണ്ട് അത് വേണ്ടാന്നൊരു തീരുമാനം സ്വയം എടുക്കും. തന്ന മരുന്ന് വയര്‍ എരിച്ചില്‍ ഉണ്ടാക്കി തുടങ്ങുമ്പോള്‍ അതും നിര്‍ത്തും.(കുറെ ഡോക്റ്റര്‍മാര്‍ നമ്മളെയൊക്കെ ഇങ്ങനെയാക്കി എന്ന് പറയുന്നതാവും ശരി.:) )

    ReplyDelete
  4. ഹ ഹ... ഇനിപ്പം മരുന്നു വാങ്യാ നെറ്റിൽ സെർച്ചിയ ശേഷം കഴിക്കുന്നതാ നല്ലതല്ലിയോ..??
    എന്തായി നാരങ്ങ വല്ലതും ഏശുന്നുണ്ടോ..??

    ReplyDelete
  5. കൈ വേദനയും മരുന്നുകളും വായിച്ചെടുക്കുമ്പോള്‍ കൈവേദനയെ കുറിച്ചുള്ള വിഷമത്തിനിടയിലും എനിക്ക് ചില സ്ഥലങ്ങളില്‍ എല്ലാം ചിരി പൊട്ടി പോയി. എന്നോട് ക്ഷമിക്കൂ ...

    താങ്കളുടെ വിഷമസന്ധിയുടെ ഈ വിവരണം ചിലയിടത്തെങ്കിലും ചിരിപ്പിക്കുന്നു എന്നതാണ് സത്യം.

    സുഖമായോ ഇപ്പോള്‍ ? വേഗം സുഖം പ്രാപിക്കൂ

    ReplyDelete
  6. എന്‍റെ ശ്രീ നിനക്കിപ്പോ രാജയോഗം ആണ് മകനെ ... :) ആ വയ്യാത്ത കയ്യും വെച്ച് ഇടുന്ന പോസ്റ്റിനും സ്റ്റാസിനും കംമെന്റ്സിനും വല്ല കുറവുമുണ്ടോ? :)നിന്നെ ഓര്‍ത്തു ഞാന്‍ അഭിമാനിക്കുന്നു . അതെ അവസാനം പറഞ്ഞതിന്റെ കൂടെ മുതിര കിഴി കൂടി പരീക്ഷിക്കണം ട്ടാ (മുതിര നല്ലോണം ചൂടാക്കി ഒരു തുണിയില്‍ കിഴി കെട്ടി വേദനയുള്ളിടത് വെയ്ക്കണം ) ഇതും കൂടി ഫലം കണ്ടിലെന്കില്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്ന തെറികള്‍ മെസെജു ആയി അയക്കാന്‍ അപേക്ഷ .സസ്നേഹം ചങ്ങാതിച്ചി ആമീ.... :)

    ReplyDelete
  7. ശ്രീ, വേഗം സുഖമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,നെപോളിയന്റെ പുറകെ പോണോ ? :) എന്തായാലും ഈ ഡോക്ടര്‍മാരെ എങ്ങനെയാ വിശ്വസ്സികുന്നെ ? അടുത്ത തവണ പോകാന്‍ ഇച്ചിരി പേടിക്കും,എന്റെ അഭിപ്രായത്തില്‍ കുറച്ചു ദിവസം കൈക്ക് റസ്റ്റ്‌ കൊടുകണം കേട്ടോ,സ്റ്റാറ്റസ് ഒക്കെ പിന്നെയും അപ്ഡേറ്റ് ചെയ്യാല്ലോ,കൈ സൂക്ഷിക്കൂ ശ്രീ ,എല്ലാ പ്രര്തനശംസകളും നേരുന്നു !!!

    ReplyDelete
  8. എനിക്ക് വേണ്ടി ഒരു നിമിഷം മൌനമാചരിച്ച എല്ലാവര്‍ക്കും പെരുത്ത് നന്ദി...

    ReplyDelete
  9. കൈവേദന സുഖമാവട്ടെ എത്രയും വേഗം ,ഇല്ലെങ്കില്‍ നാടിലേക്ക് കയറി വന്നു ഏതെന്കിലും മര്‍മ്മാണിയെക്കൊണ്ട് ഒന്ന് തിരുമ്മിച്ചേ ,ശടെന്നു മാറും..

    ReplyDelete
  10. എന്റെ കൈ..എന്റെ വേദന..എന്റെ പണം..ഹാ വേദനയ്ക്കിടയിലും ചിരിതൂകുന്ന ഭാഗ്യവാനേ നമോവാകം :))

    ReplyDelete
  11. ശ്രീക്കുട്ടാ, വേഗം സുഖമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,

    ReplyDelete
  12. ഹും കയ്യിന്റെ മുകളിൽ തണ്ടയിൽ ഉള്ളിൽ വേധന ഉണ്ടെങ്കിൽ അത് നല്ല ഒരു ഡോക്ടരേ കാണണം

    ReplyDelete
  13. ശ്രീ... നല്ലൊരു മര്‍മ്മവൈദ്യനെയാണു കാണേണ്ടത്. കുറച്ചു ദിവസം അവധിയെടുത്തു നാട്ടിലേക്കു വാ... എല്ലാം ശരിയാകും... വേദനയിലും തമാശയ്ക്കു വക കണ്ടെത്തുന്ന ആ കഴിവ് സമ്മതിച്ചിരിക്കുന്നു...

    ReplyDelete
  14. നാട്ടില്‍ വന്നു ഡോക്ടറെ കാണൂ.

    ReplyDelete
  15. ശ്രീ നാട്ടില്‍ വന്നു ഡോക്ടറെ കാണ്... വെച്ചോണ്ട് ഇരിക്കണ്ട.... പിന്നെ നാട്ടില്‍ വന്നു കണ്ടാലും പ്രിസ്ക്രിപ്ഷന്‍ വേറെ ആരെ എങ്കിലും കാട്ടി ഒന്ന് ചെക്ക്‌ ചെയ്യിക്കണം. കാരണം നാട്ടിലുമിപോള്‍ ബിസിനസ്‌ ആണ് നോട്ടം... വേഗം അസുഖം മാറട്ടെ....

    ReplyDelete
  16. പ്രീയരേ,

    എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  17. ഹ..ഹ ...ഇത് കലക്കി...എന്നിട്ടും ശ്രീയുടെ എഴുത്ത് തളരുന്നില്ലല്ലോ..അദ്ദാണ്...കൈയ്യുടെ അസുഖം ഒക്കെ പെട്ടെന്ന് മാറാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നര്‍മം കലക്കി ട്ടോ.അവസാന ഭാഗം സൂപ്പര്‍...,.. ആ സമയത്ത് ഒരു കൊലപാതകി ആയില്ല ല്ലോ എന്നോര്‍ത്തു ആശ്വസിക്കാം ...ഹ ഹ..

    ReplyDelete
  18. ഇതും സത്യസന്തമായ മറ്റൊരു പുളു അല്ലല്ലോ? കൈ വേദന വേഗം മാറട്ടെ

    ReplyDelete
    Replies
    1. പുളുവോ ..കണ്ണീച്ചോരയില്ലാതെ ഇങ്ങിനെ ചോദിക്കരുത് കേട്ടാ...

      Delete
  19. കൈ വേദന എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

    ReplyDelete
  20. അവിടെ കോട്ടയ്ക്കലോ അതു പോലെയുളള ആയുര്‍വേദ ആശുപത്രികളില്ലേ.. (ഇവിടെ മസ്കറ്റിലുണ്ട്, അതു കൊണ്ട് അവിടെയും ഉണ്ടാവുമെന്നാണ് പ്രതീക്ഷ) .. അവിടെ പോയി ഒന്ന് കാണിക്ക് , അതാണ് ആരോഗ്യത്തിന് നല്ലത്.. കുറച്ച് കുഴമ്പൊക്കെ പുരട്ടി ചൂടും പിടിച്ച് കഴിഞ്ഞാലിതൊക്കെ പമ്പ കടക്കില്ലേ.. ( മാറിയില്ലെങ്കില്‍ ചീത്ത വിളിക്കരുതേ.. വേദന പോയാല്‍ മണിയോര്‍ഡര്‍ അയച്ച് വിവരങ്ങളറിയിച്ചാല്‍ മതി.. )

    ReplyDelete
  21. പ്ലാസ്ടര്‍ ഇട്ട ഡോക്ടറെ ഒന്ന് കയ്യ് വെച്ച് നോക്ക്, അസുഖം പമ്പ കടക്കും..

    ReplyDelete
  22. കൈവേദന പെട്ടെന്ന് സുഖാവട്ടെ...

    ReplyDelete