Tuesday, September 18, 2012

ചില ചിതറിയ ചിന്തകള്‍


നന്നാവുകയെന്നത് :

ആര്‍ക്കും ആരെയും മാറ്റിമറിക്കാനാവില്ല എന്നു ഞാന്‍ കരുതുന്നു. മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് ഒരുവന്റെ ആവശ്യമായി വരുമ്പോള്‍ അവന്‍ സ്വയം മാറാന്‍ ആരംഭിക്കും. ഇല്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന തിരിച്ചറിവാണവനെയതിനു പ്രേരിപ്പിക്കുന്നത്. നമുക്കൊരാളെ നന്നാക്കുവാന്‍ കഴിയുമോ. ഇല്ല എന്നാണെനിക്ക് തോന്നുന്നത്. ശ്രമിക്കാം എന്നു മാത്രം. നന്നാവണം എന്നത് ഒരോ വ്യക്തിയുടേയും ഉള്ളില്‍ ഉടലെടുക്കേണ്ട വികാരമാണു. ആ തീപ്പൊരി ഒന്നാളിക്കത്തിക്കുവാന്‍ ചിലപ്പോള്‍ പുറത്തുനിന്നൊരാള്‍ക്ക് സാധിച്ചേക്കാം. ഒരാള്‍ നന്നാവുകയാണെങ്കില്‍ താന്‍ മൂലമാണവന്‍ നന്നായെന്ന്‍ ചിലര്‍ മേനിപറയും. മറിച്ചവന്‍ ചീത്തയായി മാറുകയാണെങ്കില്‍ അവന്റെ സ്വഭാവം ശരിയല്ല എന്നലസമായി പറഞ്ഞു കയ്യൊഴിയും.

സ്റ്റാറ്റസ്സുകള്‍ :

പലപ്പോഴും കണ്ടിട്ടുള്ള ഒരു രസകരമായ വസ്തുതയെന്താണെന്നു വച്ചാല്‍ വളരെ ഗൌരവതരമായ വായന അര്‍ഹിക്കുന്ന അല്ലെങ്കില്‍ ചര്‍ച്ച നടക്കേണ്ടുന്ന ഒരു സ്റ്റാറ്റസ്സ് അല്ലെങ്കില്‍ പോസ്റ്റ് ഒരാളിട്ടുവെന്ന്‍ വയ്ക്കുക. ചിലപ്പോള്‍ അത് ഈച്ചയടിച്ചവിടെത്തന്നെകിടന്ന്‍ ഏതെങ്കിലും രണ്ടോമൂന്നോപേരുടെ അഭിപ്രായങ്ങളോടെ മരണമടയും. പ്രസ്തുത പോസ്റ്റിട്ടത് ഒരു ആണ്‍പ്രൊഫൈല്‍ ആണെന്ന ഒറ്റക്കാരണമാണീ വിചിത്രമായ വസ്തുതയ്ക്ക് കാരണം. നേരേ മറിച്ച് ഒരു സ്ത്രീനാമധാരി (സുന്ദരമായ ഒരു പ്രൊഫൈല്‍ചിത്രം(സ്വന്തം ഫോട്ടോ അല്ലെങ്കില്‍ ഏതെങ്കിലും സിനിമാതാരം) കൂടിയായില്‍ ഭേഷായി) എന്തെങ്കിലും ഒന്നെഴുതിയിട്ടുവെന്ന്‍ വയ്ക്കുക. അത് ചിലപ്പോള്‍ ഞാനിന്നു കപ്പ തിന്നു അല്ലെങ്കില്‍ രസത്തിനുപ്പിടാന്‍ മറന്നുപോയി എന്നെങ്ങാനുമായിരിക്കും.പിന്നെത്തെ പുകില്‍ പറയാതിരിക്കുന്നതായിരിക്കും ഭേദം. ശര്‍ക്കരയില്‍ പോലും ഇത്രയ്ക്ക് ഈച്ച പൊതിയാറില്ല. മികച്ച രീതിയില്‍ എഴുതുന്ന സ്ത്രീകള്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അവരെ ആക്ഷേപിക്കാനുമല്ലിത്. പൊതുവേ കാണുന്ന ഒരു പ്രവണതയെ സൂചിപ്പിച്ചുവെന്നത് മാത്രം. അന്തര്‍ദ്ദേശീയവും സാര്‍വ്വലൌകികവുമായ കാര്യങ്ങള്‍ കുത്തിപ്പിടിച്ചിരുന്ന്‍ ടൈപ്പി കൈകഴച്ച് അതാരെങ്കിലും ലൈക്കുന്നോ കമന്റുന്നോ എന്നു നോക്കി കണ്ണുകഴച്ചിരിക്കുന്നവര്‍ക്കൊക്കെ ഇതൊരു പാഠമായിരിക്കട്ടെ.

ജാതിക്കോമരങ്ങള്‍ :

പണ്ട് കേരളത്തില്‍ ഉച്ചനീചത്വങ്ങളും കടുത്ത ജാതിസമ്പ്രദായങ്ങളും ആരാധനാസ്വാതന്ത്ര്യത്തിന്റെ തടച്ചിലുകളും പുലഭ്യം പറച്ചിലുകളും ജാതിവിളികളും വഴിതടയലുകളും ഒക്കെ നിറഞ്ഞ് നടമാടിയിരുന്നു. പട്ടിയും പൂച്ചയും നടക്കുകയും പെടുക്കുകയും ചെയ്യുന്ന വഴികളില്‍ കൂടിപ്പോലും മനുഷ്യനു നടക്കുവാന്‍ പോലും പാടില്ലാതിരുന്ന നാട്. ജാതിയില്‍ താഴന്നവനെന്ന കാരണത്താല്‍ തീണ്ടാപ്പാടകലെക്കണ്ടാല്‍ പോലും കുളിക്കാന്‍ വെമ്പുന്ന ദുഷിച്ച മനസ്ഥിതിക്കുടമകളായവര്‍ മദിച്ചിരുന്ന നാട്. ശരിക്കുമൊരു ഭ്രാന്താലയം. മാറ്റങ്ങള്‍ എന്നത് അനിവാര്യമായിരുന്നതുകൊണ്ട് അതെല്ലാം പൊളിച്ചെഴുതപ്പെട്ടു. എന്നാല്‍ പഴയ ആനത്തഴമ്പിന്റെ വടുക്കള്‍ പൃഷ്ടത്തിലും മനസ്സിലും ഒക്കെ ഒട്ടിപ്പിടിച്ചിരിക്കുന്ന ചില ജന്മങ്ങള്‍ ഇപ്പോഴുമുണ്ട്. പൂര്‍വ്വികര്‍ ചെയ്തിരുന്ന ഹുങ്കിന്റെ ബാക്കിപത്രമെന്നോണം മനസ്സ് കിടന്ന്‍ തിളയ്ക്കുന്നവര്‍. ഇനിയൊരു നൂറു ജന്മങ്ങള്‍ മരിച്ചു ജനിച്ച് ഉയര്‍ത്ത് വന്നാലും മനസ്ഥിതി മാറാത്തവര്‍. ഇക്കൂട്ടരെയോര്‍ത്ത് സഹതപിക്കയല്ലാതെ മറ്റെന്തുചെയ്യുവാന്‍...

നീര്‍ക്കുമിളകള്‍ :

എന്നില്‍ നിറയുന്നത് മുഴുവന്‍ സങ്കടങ്ങളാണ്.എന്തുകൊണ്ടാണെനിക്ക് മാത്രം ഈവ്വിധം സങ്കടങ്ങള്‍ ഒഴിയാതെ പിന്തുടരുന്നു എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അസ്വസ്ഥനാകാറുണ്ട്. പലപ്പോഴും ആലോചിച്ചാലോചിച്ച് മിഴികള്‍ നിറഞ്ഞിട്ടുമുണ്ട്. എന്നിട്ടുമെന്തുകൊണ്ടോ ആ സങ്കടങ്ങള്‍ ചിലപ്പോഴെങ്കിലും ഞാനിഷ്ടപ്പെടുന്നുണ്ട്. എന്തുകൊണ്ടായിരിക്കാമത്. ഒരുവേള എന്നെ സന്തോഷവാനാക്കുന്നത് ആ സങ്കടങ്ങളെ നേരിടണമെന്നുള്ള വാശിയായിരിക്കുമോ. ആവണം. ചില സങ്കടങ്ങള്‍ നമ്മെ ചെറുത്ത് നില്‍ക്കുവാന്‍ പ്രേരിപ്പിക്കും. വാശിയോടെ പടവെട്ടുവാന്‍ പ്രാപ്തനാക്കും. എന്നില്‍ ഇടയ്ക്കെങ്കിലും സങ്കടങ്ങളല്ലാത്ത സന്തോഷത്തിന്റെ തരികള്‍ കുമിളകള്‍ പോലെ മുളച്ചു പൊന്താറുണ്ട്. പക്ഷേ കുമിളകള്‍ക്കെന്തായുസ്സ്. സങ്കടങ്ങളുടെ അങ്ങേയറ്റത്ത് സന്തോഷമാണെന്ന്‍ ആരോ പറഞ്ഞിട്ടുണ്ട്..

മദ്യപാനം :

ഓണമോ ക്രിസ്മസ്സോ അതുപോലുള്ള ഏതെങ്കിലും ആഘോഷവേളകളോ ഒക്കെയുണ്ടായാല്‍ മലയാളികള്‍ ആദ്യം തിരക്കുന്നത് "സാധനം" അവൈലബില്‍ അല്ലേയെന്നാണ്. വീട്ടില്‍ അരിമേടിച്ചില്ലേലും കുഞ്ഞുങ്ങള്‍ക്ക് തുണിയെടുത്തില്ലെങ്കിലും ഇരുനൂറുരൂപയ്ക്ക് കിളയ്ക്കുന്നവനും ആ കിട്ടിയതും കൊണ്ടപ്പോള്‍ തന്നെ പോയി മര്യാദയ്ക്ക് ക്യൂവില്‍ നിന്ന്‍ "സാധനം" മേടിച്ചിരിക്കും. ഒരോ വര്‍ഷവും വില്‍പ്പനക്കണക്കിലുണ്ടാകുന്ന കോടികളുടെ കിലുക്കം ആരെയും അമ്പരിപ്പിക്കുന്നതാണ്. മദ്യപാനത്തിനെതിരേ ബോധവത്ക്കരണം നടത്തുന്നു എന്നൊക്കെ കൊട്ടിഘോഷിച്ചിട്ട് ഓരോ അരകിലോമീറ്റര്‍ ചുറ്റളവിലും പുതിയ വില്‍പ്പനശാലകള്‍ തുറന്ന്‍ ഭരണാധികാരികള്‍ മാതൃകകളാകുന്നു. നല്ലോരോണമായിട്ട് ഒരുനേരമെങ്കിലും മനസ്സമാധാനത്തോടെ ഒരുപിടി വറ്റുകഴിക്കാമെന്ന്‍ കരുതുന്ന എത്രയെങ്കിലും കുടുംബങ്ങളിലെ മനസ്സുകളെ കണ്ണീരിലാഴ്ത്തി ആ ചോറും കറികളും മണ്ണില്‍ ചിതറിക്കിടക്കുന്നതും കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കുഞ്ഞുമനസ്സുകളിലെ ദയനീയ ചിന്തകളും ചോദിച്ച പണം കൊടുക്കാത്തതിനു മകന്റെ കയ്യാല്‍ തലമണ്ട പൊട്ടിപ്പൊളിഞ്ഞ് മുഖം മുഴുവന്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന അമ്മമാരുടെ സങ്കടങ്ങളും വഴിയരുകില്‍ കുടിച്ചു കുന്തം മറിഞ്ഞ് തുണിയും കോണാനുമില്ലാതെ കിടക്കുന്ന മകനേയും ഭര്‍ത്താവിനേയും കൊച്ചുമകനേയും ഒക്കെ കണ്ട് വേദനിക്കുന്നവരേയും കാണുവാന്‍ ഒരു കണ്ണുകളും തുറന്നുപിടിക്കപ്പെടുന്നില്ല. കോടികളുടെ കിലുക്കം. അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ്. ആ കിലുക്കമാവര്‍ത്തിക്കുവാനായി പ്രദേശം തിരിച്ച് വിലപ്പനയിലെ റിക്കാര്‍ഡുകള്‍ അക്കമിട്ട് എല്ലാ മാധ്യമങ്ങളില്‍ കൂടിയും അവര്‍ പ്രചരിപ്പിക്കും. ഒരു കോടതിയും ഇത്തരം ചെയ്തികള്‍ നിയന്ത്രിക്കുവാന്‍ തുനിയുന്നില്ല എന്നത് സങ്കടകരമാണ്. ഈ സാമൂഹിക ദുരന്തത്തില്‍ ഞാന്‍ ഇനി പങ്കാളിയാവില്ല എന്ന്‍ ഓരോ മലയാളിയും മനസ്സില്‍ തൊട്ട് പ്രതിജ്ഞയെടുക്കണം. നമുക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരുടെ മിഴികളൊപ്പുന്നതാവട്ടെ നമ്മുടെ പ്രവര്‍ത്തികള്‍.

ഇന്നിന്റെ രാഷ്ട്രീയം :

ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ അവര്‍ക്ക് കിട്ടൂ എന്നത് കൃത്യമായ ഒരു പറച്ചില്‍ തന്നെയാണു. നമ്മുടെ നാടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി സ്വന്തം രാജ്യത്തെ വെട്ടിമുറിച്ച് കഷണം കഷണം വച്ച് ലേലം വിളിച്ചു വില്‍ക്കുന്ന യാതൊരുളുപ്പുമില്ലാതെ രാഷ്ട്രീയനപുംസകങ്ങളാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ശാപം. ജനങ്ങളുടെ ആശയും അഭിലാഷവും പ്രതീക്ഷയുമെന്നൊക്കെ വാഴ്ത്തിപ്പാടി അഭിനവ ഗാന്ധി കളിച്ചവരും പട്ടിണി നാടകം നടത്തിയവരും ഒക്കെ അതെല്ലാം പാഴ്വേലയായിരുന്നുവെന്ന്‍ തിരിച്ചറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുവാന്‍ അരയും തലയും മുറുക്കുന്നു. നന്മകള്‍ ഉണ്ടാകുമെന്ന്‍ പ്രതീക്ഷിച്ച് മഴയും വെയിലും വകവയ്ക്കാതെ ഇവര്‍ക്കൊക്കെ വേണ്ടി തൊണ്ടപൊട്ടുമാറുച്ചത്തില്‍ സിന്ദാബാദ് വിളിച്ചു നടന്നവര്‍ കഥയറിയാതെ മിഴിച്ചും നില്‍ക്കുന്നു. ലക്ഷം ലക്ഷം കോടികളുടെ വില്‍പ്പനകളും കൈമാറ്റങ്ങളുമൊന്നും പരിചിതമല്ലാത്തവരും അനുഭവിച്ചിട്ടില്ലാത്തവരും വായ പൊളിച്ചു നിന്നില്ലങ്കിലേ അത്ഭുതമുള്ളൂ. വയലുകളും മലകളും നദികളും കുന്നുകളും ഒക്കെ വില്‍പ്പനയ്ക്ക് വയ്ക്കുക വഴി വരും തലമുറയെ എങ്ങിനെ ജീവിക്കും എന്ന യാഥാര്‍ത്ഥ്യപകപ്പിലേയ്ക്ക് തള്ളിവിടുവാന്‍ മടിയൊന്നുമില്ലാത്ത ജനസേവകര്‍. രാഷ്ട്രീയം എന്നത് സുഖസൌകര്യങ്ങളുടെ കൊടുമുടി എന്ന രീതിയിലേയ്ക്ക് വളര്‍ന്നുകഴിഞ്ഞു. ഇന്നു നാലുപേര്‍ ചേര്‍ന്നുപോലും പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ മടിക്കാത്തത് ഈ പരിധിയില്ലാത്ത സുഖസൌകര്യങ്ങളുടെ പ്രഭ കണ്ടുതന്നെയാണു. ജനാധിപത്യം എന്ന സംവിധാനം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ അതിനു പറ്റിയൊരു ബദല്‍ മുന്നോട്ട് വയ്ക്കാനില്ല. ഇനിയഥവാ അതിനൊരു ശ്രമമുണ്ടായാലും ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖസൌകര്യങ്ങള്‍ വേണ്ടന്ന്‍ വയ്ക്കുവാന്‍ ഇന്നിന്റെ ഭരണാധികാരികള്‍ തയ്യാറാകുമോ. ഒരിക്കലുമില്ല. അസമത്വം എന്നത് എന്നും തുടര്‍ന്നുകൊണ്ടിരിക്കും...

പീഡനം :

അറിഞ്ഞു തുണിയുരിഞ്ഞു ആയിരം പേരുടെ കൂടെക്കിടന്നുമറിഞ്ഞവളും പിടിക്കപ്പെട്ടാല്‍ പറയുന്ന ഒന്നാണ് അവനെന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്‍. എത്രയെത്ര ജീവിതങ്ങളാണീ വാക്കില്‍ കുരുങ്ങി സമൂഹത്തിന്റെ മുന്നില്‍ തലകുനിക്കപ്പെട്ടും അപമാനിതരായും കഴിയുന്നത്. ഒരാണിനോട് പെണ്ണിന് എന്തേലും വൈരാഗ്യമുണ്ടേല്‍ അവനെ കുടുക്കാന്‍ മറ്റൊരു വഴിയും തിരഞ്ഞുപോകേണ്ട കാര്യമില്ല. നാലാള്‍ കേള്‍ക്കെ‍ എന്നെ പീഡിപ്പിച്ചേ എന്നുറക്കെയൊന്നു വിളിച്ചുപറഞ്ഞാല്‍ മതി. ഉത്സവങ്ങള്‍ പോലെ ആഘോഷിക്കുന്നതാണിന്നത്തെക്കാലത്തെ ഓരോ പീഡനങ്ങളും. അനവധിയനവധി വാര്‍ത്തകളും അനുഭവങ്ങളുമൊക്കെ കന്മുന്നിലുണ്ടായാലും അറിഞ്ഞാലും അനുഭവിച്ചാലും ശരി പിന്നേം പിന്നേം പീഡനക്കാരുടെ കൈകളിലേയ്ക്ക് ചെന്നുകയറുന്ന തരുണീമണികള്‍ ഇനിയെങ്കിലും എന്നെ പീഡിപ്പിച്ചേ എന്നുള്ള പല്ലവി ഒഴിവാക്കണം. ആ വാക്ക് നാറി നാശകോശമായിപ്പോയിക്കഴിഞ്ഞു. മികച്ച മറ്റെന്തെങ്കിലും വാക്കു പകരം കണ്ടെത്തുന്നതാണുചിതം.

പ്രവാസി :

സ്വന്തം നാട്ടില്‍ കുനിഞ്ഞൊരു കരിയിലയെടുക്കുന്നതുപോലും അറപ്പായവന്‍ ഗള്‍ഫില്‍ വന്നു കക്കൂസും കഴുകാന്‍ തയ്യാറാവും. ഒരു മടിയുമില്ല. പൊരിവെയിലത്ത് വിയര്‍ത്തുകുളിച്ച് സിമന്റ് ചുമക്കാനും താബൂക്ക് കെട്ടാനും ഒരു മടിയുമില്ല.എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന എണ്ണൂറോ ആയിരമോ ദിര്‍ഹംസില്‍ നിന്നും നാമമാത്രചിലവ് ഭക്ഷണത്തിനായിട്ടുപയോഗിച്ച് ബാക്കിയുള്ളവ നാട്ടിലേയ്ക്കയച്ചുകൊടുക്കും. അത് ചിലപ്പോള്‍ ഗള്‍ഫിലേയ്ക്ക് വരാന്‍ വേണ്ടി ഏജന്റിനു കൊടുത്ത ലക്ഷത്തിന്റെ പലിശകൊടുക്കാന്‍ പോലും തികയത്തില്ലായിരിക്കും. മൂന്നുനാലുവര്‍ഷം നരകിച്ച് എങ്ങിനെയെങ്കിലും ആ കടം അവന്‍ ചിലപ്പോള്‍ വീട്ടിയെന്നിരിക്കും. പിന്നെ ഒന്നു നാട്ടില്‍ പോയി വരുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലെത്തുന്നു. ഈ അവിദഗദ്ധതൊഴിലാളികള്‍ സത്യത്തില്‍ പ്രവാസത്തിന്റെ സങ്കടങ്ങളാണ്. അവര്‍ക്ക് നഷ്ടപ്പെടലുകള്‍ മാത്രമേയുള്ളൂ. സ്വന്തം നാട്ടില്‍ ഇതിനേക്കാല്‍ മെച്ചമായ ശമ്പളവും ജീവിതസാഹചര്യവും നിലനില്‍ക്കുമ്പോഴാണീ അന്യദേശപലായനം എന്നത് വിചിത്രമായ വസ്തുതയാണു.നാട്ടില്‍ കൂലിപ്പണിക്കാരനുപോലും ദിവസക്കൂലി 500 രൂപായ്ക്ക് മേലാണു. ഒരു കൂലിപ്പണിക്കാരനു മാസത്തില്‍ ഇരുപത് ദിവസം പണിയുണ്ടെന്ന്‍ വയ്ക്കുക. 10000 രൂപയായി.കള്ളു കുടിച്ചും അര്‍മ്മാദിച്ചും നടക്കാത്ത ഒരുവനാണെങ്കില്‍ ചിലവും മറ്റുമൊക്കെക്കഴിഞ്ഞ് മിനിമം ഒരു 2000 രൂപയെങ്കിലും മിച്ചം വയ്ക്കാം. അപ്പോള്‍ മാസം മുഴുവന്‍ പണിയുള്ള ഒരാളാണെങ്കിലോ. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്.

സൌഹൃദം :

നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുകയെന്നത് അല്ലെങ്കില്‍ ഉണ്ടാവുകയെന്നത് ഒരു സൌഭാഗ്യമാണു. ഇന്ന്‍ വന്‍കരയുടെ ഏതെല്ലാമോ കോണുകളിലിരുന്ന്‍ ഒരൊറ്റ ക്ലിക്കിലൂടെ നൂറായിരം സൌഹൃദങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് ഉണ്ടാകുവാന്‍ ആര്‍ക്കും സാധിക്കും. സത്യത്തില്‍ ഇത്തരം സൌഹൃദങ്ങള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ. നമ്മെ അറിയുന്നവനായിരിക്കണം നമ്മുടെ യഥാര്‍ത്ഥ ചങ്ങാതി. ഒരാളിനോട് സംസാരിച്ചുതുടങ്ങുമ്പോള്‍ തന്നെ തീരുമാനിക്കാനാവും ഈ സംസാരം തുടരണോ വേണ്ടയോ എന്ന്‍. നല്ല സൌഹൃദങ്ങള്‍ എന്നത് നന്മയുടെ പര്യായങ്ങളാണ്. നമ്മെ തിരിച്ചറിയുന്നവനും നമ്മെ സഹായിക്കുവാന്‍ മടികാട്ടാത്തവനും നമ്മെ മനസ്സിലാക്കുന്നവനും വിശ്വസിക്കുന്നവനും ആയിരിക്കണം നമുക്ക് ചങ്ങാതിയായി വരേണ്ടത്. ഈപ്പറഞ്ഞതെല്ലാം ആ ചങ്ങാതിയോടും അനുവര്‍ത്തിച്ചാല്‍ മാത്രമേ സൌഹൃദം എന്ന പദം കൊണ്ട് അര്‍ത്ഥമുള്ളൂ. നമ്മുടെ ചിന്തകളുമായി യോജിച്ചുപോകാത്ത ഒരാളുമായുള്ള ചങ്ങാത്തത്തില്‍ യാതൊരുവിധ ആത്മാര്‍ത്ഥതയുമുണ്ടാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ട് മനസ്സില്‍ പല്ലുഞെരിക്കുന്ന ടൈപ്പിലുള്ള പേരിനൊരു ചങ്ങാത്തം.

എന്റെ മനസ്സിലെ ചില ചിതറിയ ചിന്തകളാണിവിടെ കുറിച്ചിരിക്കുന്നത്. പലര്‍ക്കും യോജിപ്പും വിയോജിപ്പും ഉണ്ടാകുമെന്നറിയാം. എന്നിരുന്നാലും.....

ശ്രീക്കുട്ടന്‍

25 comments:

  1. പലപ്പോഴായി എവിടെയൊക്കെയോ വരച്ചുകുത്തിയിട്ട ചിന്തകള്‍ ഒന്നടുക്കിപ്പെറുക്കിവയ്ക്കുവാനൊരു ശ്രമം കൂടി. എല്ലാം എന്റേതുമാത്രമായ ഭ്രാന്തുകള്‍.....

    ReplyDelete
  2. ആദ്യത്തെ തോന്നലിനോട് ഭാഗിഗമായി യോജിക്കുന്നു
    രണ്ടാമത്തേത് ഒരു നഗ്നസത്യം എന്ത് ചെയ്യാം??
    മൂന്നാമത്തേത് വാസ്തവം.
    നാലാമത്തെ അഭിപ്രായത്തില്‍ പറയുന്ന മനോഭാവം എനിക്കും പലപ്പോഴും ഉണ്ടാകാറുണ്ട്
    മദ്യപാനത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനോട് ഐക്യദാര്‍ഢ്യം
    രാഷ്ട്രീയം എന്നും സമാധാനമില്ലായ്മ മാത്രം നല്‍കുന്നു
    സൌഹൃദത്തെ പക്ഷെ ഞാന്‍ കൂടുതല്‍ തുറന്ന മനസ്സോടെ കാണുന്നു. എന്റെ ചിന്തകളുമായി യോജിച്ചു പോകാത്തവരെങ്കിലും കുറെ നല്ല സുഹൃത്തുക്കള്‍ എനിക്കുണ്ട്

    :)

    ReplyDelete
  3. കുറച്ചു നല്ല കാര്യങ്ങള്‍ കൂടി പങ്കുവയ്ക്കാമായിരുന്നു പുളൂസ്. ഋനാത്മകമായ കാര്യങ്ങള്‍ മാത്രം നോക്കി നന്ടന്നാല്‍ അതേ കാണൂ. നമുക്ക് ചുറ്റും എന്നത്തേയും പോലെ ഇന്നും നന്മകളുണ്ട് തിന്മകളുള്ളത് പോലെ തന്നെ. ഒരുപക്ഷേ തിന്മകളുടെ തോതും രീതികളും വര്‍ധിച്ചിട്ടുണ്ടാകാം അത്ര തന്നെ നന്മകളുടെ തോതും രീതിയും വര്‍ധിച്ചിട്ടുണ്ട്.
    പലപ്പോഴായി കുത്തിക്കുറിച്ച ഈ ആശങ്കകള്‍ പങ്കുവച്ച പോലെ തന്നെ ശ്രീ കുത്തിക്കുറിച്ച രസകരവും അതേ സമയം ചിന്തനീയവുമായ ശകലങ്ങളും പങ്കുവക്കണം. ആശംസകള്‍

    ReplyDelete
    Replies
    1. ആരിഫിക്കാ, വായനയ്ക്ക് നന്ദി. ഒരു രസത്തിനു പലപ്പോഴായി പറഞ്ഞിട്ടുള്ളവ ഒന്നു അടുക്കിപ്പെറുക്കിയതാണു. വീണ്ടും വായിക്കപ്പെട്ടെങ്കില്‍ എന്നു തോന്നിയവ മാത്രമേ ഇതില്‍ ഉള്‍ക്കൊള്ളിച്ചുള്ളൂ. ഇനിയൊരാവര്‍ത്തി ഇതേപോലൊരു സാഹസത്തിനു മുതിരുകയാണെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ പറഞ്ഞത് എന്റെ മനസ്സിലുണ്ടാകും.

      Delete
  4. പെൺ പ്രൊഫൈലുകൾക്ക് കമാന്റ് കിട്ടുന്നുണ്ട് പക്ഷെ ഇപ്പൊ വലിയ മാറ്റം വന്നിട്ടുണ്ട് അതിൽ എന്നാണ് ഞാൻ മനസിലാക്കുന്നത്, കാമ്പില്ലാത്ത വാക്കുകളേ ഇപ്പൊ പലരും നിരിൽത്സാഹപെടുത്തുന്നത് തന്നെ കാണുന്നുണ്ട്, പിന്നെ നല്ല പോസ്റ്റുകൾ ആര് ഇട്ടാലും ഇപ്പൊ കാമാന്റും കിട്ടുന്നുണ്ട്,

    നല്ല ചിന്തകൾ

    ReplyDelete
  5. നിന്‍റെ ചിന്തകള്‍ നിന്റേതു മാത്രം ശ്രീ .അതിനാല്‍ തന്നെ പൂര്‍ണമായും യോജിക്കാന്‍ ആകില്ല എനിക്ക്.maayaam type cheyyan akunnilla sree .kshamikkoo .detayi comment vazhiye parayaam

    ReplyDelete
    Replies
    1. അനാമികാ,

      എന്റെ ചിന്തകള്‍ എന്റേതു മാത്രമാണു. ആ ചിന്തകള്‍ ഞാനാരെയും അടിച്ചേല്‍പ്പിക്കുന്നില്ല. യോജിക്കുന്നവര്‍ക്ക് യോജിക്കാം അല്ലാത്തവര്‍ക്ക് വിയോജിക്കാം.

      Delete
  6. പലരും മുകളില്‍ പറഞ്ഞതുപോലെ യോജിപ്പും വിയോജിപ്പും ഉണ്ട്. പറഞ്ഞതിലുള്ള വ്യക്തതയെ അഭിനന്ദിക്കുന്നു.

    ReplyDelete
  7. എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍ മദ്യപാനം ഒരു സാമൂഹിക വിപത്ത് ആകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മദ്യം സുലഭമായി ലഭിക്കുന്ന പല സ്ഥലങ്ങളിലും ഇതുപോലെ പ്രശ്നങ്ങള്‍ ഇല്ലാത്തതു എന്തുകൊണ്ടാണ്? നമ്മുടെ നാട്ടില്‍ മദ്യപാനം ഒരു വലിയ തെറ്റായി കണക്കാക്കുന്നു. അത് അടിച്ചേല്‍പ്പിക്കുന്നു. ഒരു ജനതയുടെ മുന്‍പില്‍ ഇത് തെറ്റാണു നീ ഇത് ഒരിക്കലും ചെയ്യരുത് എന്ന് പറഞ്ഞാല്‍ അവര്‍ അതെ ചെയൂ. നമ്മള്‍ കുറച്ചുകൂടി ലിബറല്‍ ആവണം. ആദ്യ സമയത്ത് മദ്യത്തിന്‍റെ ഉപയോഗം കൂടുമെങ്കിലും പിന്നീട് അത് കുറയും. ഇത് എന്റെ ഒരു നിരീഷണം ആണ്, ശേരിയല്ലായിരിക്കാം. അഭിപ്രായം അറിയിക്കുമല്ലോ.

    ReplyDelete
    Replies
    1. മദ്യപാനം ഒരു തെറ്റല്ല എന്ന കാഴ്ചപ്പാടോടെ നോക്കിയാല്‍ മാറാവുന്ന ഒന്നല്ല ഇന്ന്‍ നാം നേരിടുന്നത്. സത്യത്തില്‍ കേരളീയരുടെ മദ്യപാനാസക്തി വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഒരു രോഗതീവ്രമായ മാനസികനിലയാണിന്നുള്ളത്. പത്തുപന്ത്രണ്ട് വയസ്സുള്ള കുട്ടികള്‍ പോലും ഇന്ന്‍ കണ്ണും കറങ്ങി നടക്കുവാന്‍ മടിയേതും കാട്ടുന്നില്ല. അവര്‍ക്ക് അതൊരു മോശം കാര്യമാണെന്ന്‍ ചിന്ത പോലുമില്ല. വളരെ അടിയന്തിരമായി ചികിത്സ ആരംഭിക്കേണ്ട ഒരു സാമൂഹിക വിഷയമാണീ അനിയന്ത്രിത മദ്യപാനാസക്തി. അവ മൂലം ഉണങ്ങാത്ത കണ്ണീര്‍ച്ചാലുകള്‍ നമുക്ക് കാണാതിരുന്നുകൂട. കോടികളുടെ കണക്കുകള്‍ മാറ്റിവച്ച് ജനനന്മ എന്നൊന്ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം.

      Delete
  8. ചിന്തിക്കാന്‍ മറന്നു പോയ ചിന്തകള്‍...

    ReplyDelete

  9. ശ്രീകുട്ടാ ... ഒരിക്കല്‍ കുത്തിക്കുറിച്ച ഇത്തരം കമന്റുകള്‍ വീണ്ടും തിരുത്തണമെന്ന് തോന്നിയിട്ടുണ്ടോ വല്ലപ്പോഴും. അത് അതിന്റെ തീക്ഷണ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയോ അല്ലെങ്കില്‍ അതിലെ ഭാഗങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയോ.
    ഒരു ക്യാരക്ടരെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കായിരുന്നില്ലേ

    ReplyDelete
    Replies
    1. ജെഫു ചെറിയ ചില തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. നീ പറഞ്ഞ കാര്യം ആലോചിക്കാതിരുന്നില്ല. ആ രീതി അവലംബിക്കുകയാണെങ്കില്‍ എഴുത്തിന്റെ രീതിയും ഘടനയുമെല്ലാം മാറ്റേണ്ടിവരും..മടി..അതന്നേ..

      Delete
  10. മറ്റൊരു കേരളകഫെ നന്നായിട്ടുണ്ട് പല ചിന്തകള്‍ ഒരുമിച്ചപ്പോള്‍ എന്റെ ചിന്താമണ്ഡലങ്ങളിലും ഉദിച്ചവയെ ചിലയിടത്തു കാണാനായി.

    ReplyDelete
  11. ജീവിതം തീവ്ര വ്രതമാക്കിയോന്‍ എന്ന വരി ഓര്‍മ്മ വന്നു ..ശ്രീമോനെ കലക്കി കയ്യില്‍ തന്നു മണ്ടയില്‍ നിന്നും ഉടലെടുത്ത ചിന്താചികയലിനു നൂറുമാര്‍ക്കു തുടരുക
    --

    ReplyDelete
  12. ആദ്യതെതിനു ഒന്നും പറയാനില്ല..ആദ്യം നന്നാവാന്‍ നോക്കട്ടെ !എന്നിട്ട് പറയാം !

    സത്യം !പെണ്ണുങ്ങള്‍ക്ക്‌ കിട്ടുന്ന പ്രാധാന്യം പലപ്പോഴും അസൂയയോടെ നോക്കിയിട്ടുണ്ട്..കൂഴച്ചക്ക = ഫ്രൂട്ട് സലാഡ് !

    ജാതി...ഒരു സെന്‍സിറ്റീവ് വിഷയം..അഭിപ്രായം ഇല്ല..

    മദ്യപാനത്തെ പറ്റി മദ്യത്തിനു അടിമയാകതിരിക്കുക...ആവശ്യം അനാവശ്യമാകുമ്പോള്‍ പ്രശ്നമാകും!

    ഇന്നത്തെ രാഷ്ട്രീയത്തോട് വെറുപ്പാണ്..

    പീഡനം...യോജിക്കുന്നു..

    പ്രവാസി..വിയോജിപ്പ്...സ്വന്തം നാട്ടില്‍ പതിനായിരം കിട്ടിയാലും ചിലവായിപ്പോകും...സ്ഥിരമായി വരുമാനം ഉണ്ടാകാന്‍, ഹര്‍ത്താല്‍, ബന്ദ്‌, മരണം, കല്യാണം എന്നിവര്‍ സമ്മതിക്കില്ല. പനിക്കുപോയലല്ലേ പൈസ കിട്ടു..പിന്നെ എന്തും ചെയ്യും എന്നത് നാട്ടില്‍ നടക്കില്ല...ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ചിലതൊക്കെ നോക്കിയാലെ പറ്റു മാഷെ..


    സൗഹൃദം...യോജിക്കുന്നു...നല്ല ഒരു ചങ്ങാതിയെ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമാണ്..ഇന്നത്തെ കാലത്ത്..

    പൊതുവേ നല്ല പോസ്റ്റ്‌..നല്ല ചിന്തകള്‍..അഭിനന്ദനങ്ങള്‍..



    ReplyDelete
  13. ചിലതിനോടൊക്കെ യോജിക്കുന്നു.

    ReplyDelete
  14. അന്റെ ഓരോ ഹലാക്കിലെ ചിന്തകള്‍... പെണ്‍പിള്ളാര്ക്ക് കമന്റ് കൂടുതല്‍ കിട്ടാനുള്ള കാരണം ആണ്‍പിള്ളേരാ...

    ReplyDelete
  15. ഈ വിഷയത്തില്‍ ഒക്കെ യുള്ള താങ്കളുടെ കാഴ്ച്ചപാടുകളോട് ഒരു പരിധി വരെ ഞാന്‍ യോജിക്കുന്നു

    ReplyDelete
  16. വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊള്ളുന്നു. പ്രത്യേകം പ്രത്യേകം പേരെടുത്ത് നന്ദി പറയാത്തതില്‍ മുഷിവൊന്നും ആര്‍ക്കും തോന്നരുത് കേട്ടോ..

    ReplyDelete
  17. ഈ ചിന്തകളില്‍ പകുതിയോളം എന്റെതുമാണ് ...

    ReplyDelete
  18. ഇത്തരം സുപ്രധാന വിഷയങ്ങളിലുള്ള താങ്കളുടെ നിരീക്ഷണം ഇവിടെ പങ്കു വെച്ചത് അഭിനന്ദനാര്‍ഹമാണ്. എല്ലാം അനുകൂലിക്ക്‌ുന്നില്ല. എങ്കിലും ഭൂരിഭാഗവും ഒരു പരിധി വരെ യോജിക്കാന്‍ പറ്റിയവ തന്നെയാണ്.

    ReplyDelete
  19. ശ്രീക്കുട്ടാ,
    നിന്റെ പല കുറിപ്പുകളും ഫേസ്ബുക്ക് സ്റാറ്റസില്‍ വായിച്ചവയാണ്. പലതിനോടും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന്റെ വിവിധാവസ്ഥകള്‍ കുറിച്ചവയെല്ലാം നന്നായി. പ്രത്യേകിച്ച് മദ്യപാനം, പ്രവാസം ഇന്നിന്റെ രാഷ്ട്രീയം തുടങ്ങിയവ!

    പിന്നെ ജെഫ്ഫുവിന്റെ അഭിപ്രായം പരിഗണിക്കാവുന്നതാണ്. ഒന്ന് ശ്രമിക്കുക!!
    ആശംസകളോടെ
    സുഹൃത്ത്,
    ജോസെലെറ്റ്

    ReplyDelete
  20. Congrats, Sreekuttaa...

    Your thoughts..........I think it is quite right.
    You are telling truth openly.

    Wish you all the best.

    ReplyDelete
  21. നന്നാവണം എന്നത് ഒരോ വ്യക്തിയുടേയും ഉള്ളില്‍ ഉടലെടുക്കേണ്ട വികാരമാണു.

    ഈ ഒരൊറ്റ വാചകം അതിനിടയ്ക്കുണ്ടാവുമ്പോ,മറ്റുള്ളവ വേണ്ടാ ന്ന് തോന്നുന്നു. കുട്ടേട്ടൻ ആ ഒന്നാം പാരയില് എഴുതിയത് എല്ലാം ഈ വാചകത്തിൽ അടങ്ങിയിരിക്കുന്നു.

    രണ്ടാമത്തെ കാര്യത്തിൽ വല്ല്യേ സംഭവമൊന്നുമുള്ളതായി തോന്നീല്ല,കാരണം, ഓപ്പോസിറ്റ് പോൾസ് അട്രാക്ട്സ് ഈച്ച് അദർ ന്ന് പറയാം. കാരണം വിരുദ്ധധ്രുവങ്ങൾ പരസ്പരം ആകർഷിക്കുന്നു. അത് പ്രപഞ്ച നിയമം. അല്ലാതെ ഇതിലൊക്കെ എന്തോന്ന് പാഠം.?


    മൂന്നാമത്തതിനോട് പരിപൂർണ്ണമായി ഞാൻ യോജിക്കുന്നു. കേരളം ഒരു ഭ്രാന്താമ്യമാവുന്നു.!


    സങ്കടങ്ങളുടെ അങ്ങേയറ്റത്ത് സന്തോഷമാണെന്ന്‍ ആരോ പറഞ്ഞിട്ടുണ്ട്. ആരു പറഞ്ഞതാണേലും അത് പരിപൂർണ്ണമായി വിശ്വസിക്കുക. ആ വിശ്വാസം നമ്മെ ആ സന്തോഷത്തിലെത്തിക്കും.!


    ഒരു കോടതിയും ഇത്തരം ചെയ്തികള്‍ നിയന്ത്രിക്കുവാന്‍ തുനിയുന്നില്ല എന്നത് സങ്കടകരമാണ്. ഈ സാമൂഹിക ദുരന്തത്തില്‍ ഞാന്‍ ഇനി പങ്കാളിയാവില്ല എന്ന്‍ ഓരോ മലയാളിയും മനസ്സില്‍ തൊട്ട് പ്രതിജ്ഞയെടുക്കണം. നമുക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരുടെ മിഴികളൊപ്പുന്നതാവട്ടെ നമ്മുടെ പ്രവര്‍ത്തികൾ. പരിപൂർണ്ണമായി ദ്നേഹത്തോടെ,ആദരവോടെ യോജിക്കുന്നു.


    'ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ അവര്‍ക്ക് കിട്ടൂ' എന്നത് കൃത്യമായ ഒരു പറച്ചില്‍ തന്നെയാണു.
    ഈ കാര്യത്തിൽ പിന്നീട് വിശദീകരിച്ചതെല്ലാം വെറും വേയ്സ്റ്റ്. കാരണം കുട്ടേട്ടൻ ഈ നാലു വരികളിലല്ല,നാനൂറ് വരികളിലൂടെ പറയേണ്ടത്ര കാര്യങ്ങൾ ആ ആദ്യ വാചകത്തിലുണ്ട്.


    ഈ കാര്യത്തിൽ പ്രതികരണമില്ല.

    ഇതിൽ എനിക്കൊന്നും അറിയാത്ത കാര്യങ്ങൾ, പ്രവാസിയുടെ മാനസിക നിലകൾ.


    നമ്മെ തിരിച്ചറിയുന്നവനും നമ്മെ സഹായിക്കുവാന്‍ മടികാട്ടാത്തവനും നമ്മെ മനസ്സിലാക്കുന്നവനും വിശ്വസിക്കുന്നവനും ആയിരിക്കണം നമുക്ക് ചങ്ങാതിയായി വരേണ്ടത്. ഈപ്പറഞ്ഞതെല്ലാം ആ ചങ്ങാതിയോടും അനുവര്‍ത്തിച്ചാല്‍ മാത്രമേ സൌഹൃദം എന്ന പദം കൊണ്ട് അര്‍ത്ഥമുള്ളൂ. നമ്മുടെ ചിന്തകളുമായി യോജിച്ചുപോകാത്ത ഒരാളുമായുള്ള ചങ്ങാത്തത്തില്‍ യാതൊരുവിധ ആത്മാര്‍ത്ഥതയുമുണ്ടാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.
    നല്ല കാര്യങ്ങൾ തന്നെയാ കുട്ടേട്ടൻ ഈ സൗഹൃദത്തിൽ പറഞ്ഞിരിക്കുന്നത്. എന്റെ മനസ്സിനെ വല്ലാതാകർഷിക്കുന്ന പദമാണത്, 'സൗഹൃദം.

    നല്ല കസറിയ ചിന്തകൾ കുട്ടേട്ടാ. ആശംസകൾ.

    ReplyDelete