Saturday, December 28, 2013

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

ആദ്യഭാഗം വായിക്കണമെന്നുണ്ടെങ്കില്‍ താഴെയുള്ള ലിങ്കില്‍ നോക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939-45) - ഭാഗം 1

ഇറ്റലി 

ഒന്നാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ പക്ഷത്തുനിന്ന തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുകയോ, മുതലുകള്‍ ലഭിക്കുകയോ ചെയ്തില്ലെന്നും തങ്ങള്‍ മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെടുകയുമായിരുന്നു എന്ന തോന്നല്‍ ഇറ്റലിയില്‍ ശക്തമായി ഉണ്ടാവുകയും ഒരു അസംതൃപ്ത രാജ്യവും ജനങ്ങളുമായ് ഇറ്റലി രൂപാന്തിരപ്പെടുകയും ചെയ്തു. ഇറ്റലിയില് ആണ്  ഫാസിസം എന്ന വാക്ക് ഉണ്ടാകുന്നത്. ദേശീയവാദത്തിൽ അധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ്‌ ഫാസിസം. ഫാസിസ്റ്റുകൾ ഒരു രാജ്യത്തിന്റെ ഭരണസം‌വിധാനത്തെയും സാമ്പത്തികസം‌വിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നു. ഫാസിസം എന്നാ ആശയം എത്ര ഭീകരം ആണെന്ന്‍ ഇന്ന്‍ എല്ലാവര്‍ക്കുമറിയാം. ഫാസിസമെന്ന ആശയത്തിനായി ആയുധവുമെടുത്തു കൊല്ലാനും ചാവാനും ഇറങ്ങിയിരിക്കുന്നവരാണ് നവലോകം നേരിടുന്ന ഏറ്റവും പ്രധാന ഭീഷണികളിലൊന്ന്‍. ഇറ്റലിയില്‍ പടര്‍ന്നുപിടിച്ച അസന്തുഷ്ടിയുടെ ഉപോത്ബലകമായി ബനിറ്റോ മുസ്സോളിനി എന്ന നേതാവ് ശക്തനായി മാറി. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ എങ്ങിനെയോ അതേപോലെ ഇറ്റലിയില്‍ മുസ്സോളിനിയും മുന്നേറി. മുസ്സോളിനി മൂലം തന്നെയായിരുന്നു ഇറ്റാലിയന്‍ ജനതയും രണ്ടാം ലോകമഹായുദ്ധത്തിലേക്കെടുത്തെറിയപ്പെട്ടത്.

ബനിറ്റോ മുസ്സോളിനി

ഒരു സാധാ കുടുംബത്തില്‍ ജനിച്ച മുസ്സോളിനി ഇറ്റലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ആളാണ്.ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്‌. മുസ്സൊളിനി വളര്‍ത്തിയെടുത്ത പ്രത്യേക സേനാവിഭാഗം കരിങ്കുപ്പായക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. യുവാക്കള്‍ക്കിടയില്‍ തീവ്ര ദേശീയ ബോധം വളര്‍ത്തുക, കായിക പരിശീലനം നല്കുക, ഡെമോക്രാറ്റ്, കമ്മ്യൂണിസ്റ്റ്,സോഷ്യലിസ്റ്റ് ഇവരെയൊക്കെ ഇല്ലായ്മ ചെയ്യുക എന്നതൊക്കെയായിരുന്നു കരിങ്കുപ്പായക്കാരുടെ പ്രധാന ജോലി. ജര്‍മ്മനിയില്‍‍ ഹിറ്റ്ലര്‍ക്കെന്നപോലെ ഇറ്റലിയില്‍ മുസ്സോളിനിക്കും വീര പരിവേഷമാണുണ്ടായിരുന്നത്.ഇറ്റലിയുടെ രക്ഷകൻ ആയി മുസ്സോളിനി കരുതപ്പെട്ടു. ശക്തമായൊരു നാവികസേനയാണു ഇറ്റലിക്കുണ്ടായിരുന്നത്.

ഇറ്റാലിയന്‍ സാമ്പത്തികസ്ഥിതി സുരക്ഷിതമാക്കാനായ് നിരവധി പ്രവര്‍ത്തനങ്ങള്‍ മുസ്സോളിനി കൈക്കൊണ്ടു. അതോടൊപ്പം തന്നെ രാജ്യത്തിന്റെ സൈനികശക്തി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. 1935 ൽ മുസ്സോളിനി അബിസീനിയക്കെതിരേ ആക്രമണം നടത്തി. 7 മാസത്തെ യുദ്ധത്തെ തുടര്‍ന്ന്‍ അബിസീനിയ, സോമാലി ലാന്റ്, എറിത്രിയ എന്നിവ കൂട്ടി ചേർത്ത് ഒരു ഇറ്റാലിയൻ ഈസ്റ്റ് ആഫ്രിക്ക യൂണിയന്‍ രൂപികരിച്ചു. ഒരു പുതിയ റോമാ സാമ്രാജ്യം സ്ഥാപിച്ചു അതിന്റെ നേതാവാകാമെന്നു മുസ്സോളിനി മോഹിച്ചു. ഇതിനെ തുടര്‍ന്നാണ് മുസ്സോളിനി കൂടുതൽ ആക്രമണം ഹിറ്റ്ലറിന്റെ ഒപ്പം ചേര്‍ന്ന്‍ സംഘടിപ്പിച്ചത്. ആദ്യ യുദ്ധം പൂര്‍ണ്ണമായും കരിങ്കുപ്പായക്കാരുടെ പിന്തുണയോടു കൂടി ആയിരുന്നു. മൂന്നര ലക്ഷം വരുന്ന സൈന്യം അബിസീനിയ പിടിക്കാൻ പുറപ്പെട്ടു. അൻപതിനായിരം വരുന്ന അബിസീനിയൻ സേനക്ക് പെട്ടന്ന് സംഘടിക്കാൻ കഴിഞ്ഞില്ല. അമ്പും വില്ലും വരെ ഉപയോഗിച്ചാണ് അബിസീനിയ ഇറ്റലിക്കെതിരേ പൊരുതിയത്. എന്നാല്‍ ബദാഗ്ലിയോ നയിച്ച ഇറ്റാലിയൻ സേന അബീസീനിയ കീഴടക്കുകയുണ്ടായി. ഈ വിജയം മുസ്സോളിനിക്ക് ഒരു ലഹരി ആയി മാറി. ലോകം കീഴടക്കാന് ഉള്ള മോഹം അയാളില്‍ വലുതല്ലാത്തരീതിയില്‍ പ്രകടമായി. ഒരു ജനതയെ മുഴുവന്‍ നരകത്തിലേക്ക് തള്ളിവിട്ട മഹായുദ്ധത്തില്‍ പങ്കാളിയുമാക്കി മാറ്റി.


മുസ്സോളിനി റോമന്‍ സല്യൂട്ട് സ്വീകരിക്കുന്നു. ക്രൂരമായ പല പ്രവര്‍ത്തികളും ദൈവ വിശ്വാസികള് എതിര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നതുകൊണ്ട് പള്ളിയെ നിശബ്ദമാക്കുവാനായി മുസ്സോളിനി നല്‍കിയ പോപ്പിന്റെ ആസ്ഥാനമായ ഇന്നത്തെ വത്തിക്കാൻ.  


ജപ്പാന്‍


രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്ലറിന്റെ നാസികളെക്കാളും കൊടിയ ക്രൂരത കാഴ്ചവച്ചത് ഉദയസൂര്യന്റെ നാട്ടുകാരായ ജപ്പാനായിരുന്നു. അതുപോലെ തന്നെ ഏറ്റവും വലിയ ദുരന്തം നേരിട്ട രാജ്യവും ജപ്പാന്‍ തന്നെ ആയിരുന്നു. ചക്രവര്‍ത്തി ഭരണത്തിന്‍ കീഴിലായിരുന്ന ജപ്പാന്‍ ഒന്നാം ലോക മഹാ യുദ്ധത്തില്‍ സഖ്യകക്ഷിള്‍ക്കൊപ്പമാണ് പോരാടിയത്. എന്നാല്‍ യുദ്ധാനന്തരം ജപ്പാന്‍ ഒരു തീവ്ര ദേശീയവാദ രാഷ്ട്രം ആയി മാറുകയായിരുന്നു. ക്രമാതീതമായുയര്‍ന്ന ജനസംഖ്യ മൂലം സമീപ ഭാവിയില്‍ തന്നെ രാജ്യത്ത് വലിയ വിഭവ കമ്മിയും തൊഴിലില്ലായ്മയും വരും എന്ന്‍ മനസ്സിലാക്കിയ ഭരണനേതൃത്വം അതിനൊരു പോംവഴിയെന്നോണം കണ്ടത് ചൈനയെ ആക്രമിച്ചുകീഴടക്കുക എന്നതായിരുന്നു. അവിടത്തെ മനുഷ്യശേഷിയെ ഉപയോഗപ്പെടുത്താമെന്നും സമ്പത്ത് സ്വന്തം രാജ്യ നിര്‍മ്മാണത്തിനായുപയോഗിക്കാമെന്നും ജപ്പാന്‍ കണക്കുകൂട്ടി.

ഹിരോഹിതോ ചക്രവര്‍ത്തി

ജപ്പാന്‍ ചക്രവര്‍ത്തിഭരണത്തിന്‍ കീഴിലായിരുന്നുണ്ടായിരുന്നത്. ചക്രവര്‍ത്തി ദൈവത്തിന്റെ പ്രതി പുരുഷനാണെന്ന് ജപ്പാന്‍കാര്‍ ഉറച്ചു വിശ്വസിച്ചു. ചക്രവര്‍ത്തിക്ക് വേണ്ടി കൊല്ലാനും ചാകാനും ഒരാള്‍ക്കും മടി ഇല്ലാത്ത അവസ്ഥയിലേക്ക് ജപ്പാനിലെ ജനങ്ങളെ അന്നത്തെ നേതാക്കള്‍ വളര്‍ത്തിയെടുത്തിരുന്നു. ഷിന്ടോ മതമായിരുന്നു ജപ്പാനില്‍ അധികവും. മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് അവര്‍ ചക്രവര്‍ത്തിയെ ദൈവത്തിന്റെ പ്രതി പുരുഷനായിക്കണ്ടത്. ഭരണം നടത്തിയിരുന്നത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും ആയിരുന്നു. ജപ്പാന് അവകാശ പെട്ട പ്രദേശമാണ് "ചൈന" ഈ ഒരു ചിന്ത ഓരോ ജപ്പാന്‍കാരനും ഉളളിലുണ്ടായിരുന്നു. അഥവാ അങ്ങിനെ ഉണ്ടാക്കിയെടുക്കുവാന്‍ അന്നത്തെ ഭരണ കൂടത്തിനു കഴിഞ്ഞു. ഇതിനായി പാഠ്യ പദ്ധതി പോലും അവര് തിരുത്തി. ഈ ലക്ഷ്യത്തോടെ ജപ്പാനില് അവര്‍ ഉയര്‍ത്തി  പിടിച്ച പ്രതീകമായിരുന്നു തങ്ങളുടെ പുരാതനമായ രാജവംശവും അതിലെ ഇപ്പോളത്തെ ചക്രവര്‍ത്തിയും.

ജപ്പാന്റെ മിക്ക നീക്കങ്ങളും പാശ്ചാത്യ ലോകം സംശയദൃഷ്ടിയോടെയാണ് നോക്കികണ്ടത്. ജപ്പാനെ വിലക്കാന് ശ്രമിച്ച ലീഗ് ഓഫ് നേഷന് എന്ന സംഘടനയില് നിന്ന് ജപ്പാന്‍ രാജി വച്ച് പുറത്തു പോയി. ഒന്നാം ലോകമഹായുദ്ധശേഷം വീണ്ടുമൊരു യുദ്ധമാവര്‍ത്തിക്കരുതെന്ന്‍ കരുതി സൃഷ്ടിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് എന്ന കൂട്ടായ്മയ്ക്ക് സത്യത്തില്‍ ജപ്പാനെയോ ജര്‍മ്മനിയേയോ എന്തിന് വേറെ ഏതെങ്കിലുമൊരു രാജ്യത്തേയോ നിലക്കുനിര്‍ത്താനുള്ള കഴിവില്ലാതിരുന്നു എന്നതാണ് വാസ്തവം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ജപ്പാന്‍ ഏഷ്യ പിടിച്ചടക്കാന് 1937-ല് ഇറങ്ങി. ആദ്യം ചൈന, തുടര്‍ന്ന്‍ അവിടുത്തെ വിഭവങ്ങള് ഉപയോഗിച്ച് ഇന്ത്യയും കീഴടക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

റേപ്പ് ഓഫ് നാന്‍ജിംഗ്
നാന്‍ജിംഗ് കൂട്ട കൊലയില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ട്ടങ്ങള്‍ 

ചൈനയുടേ മുന്‍ തലസ്ഥാനമായിരുന്ന നാന്‍ജിംഗ് ആക്രമിച്ച ജപ്പാന്‍ സമാനതകളില്ലാത്ത കൊടും ക്രൂരതകളാണ് അവിടെ നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂരതകള്‍- ബലാത്സംഗങ്ങള് നടന്ന പ്രദേശമാണിത്. സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ ലോകത്ത് തന്നെ മറ്റെവിടെയെങ്കിലും പിന്നീട് നാന്‍ജിംഗ് പോലെയൊന്നാവര്‍ത്തിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട ആയിരക്കണക്കിനു സ്ത്രീകള്‍ ദാരുണമായും പൈശാചികമായും ഇവിടെ കൊല്ലപ്പെട്ടു. ആവശ്യം കഴിഞ്ഞശേഷം പല സ്ത്രീകളുടേയും സ്തനങ്ങള്‍ വെട്ടിമാറ്റിയാണവരെ ചോര വാര്‍ത്തുകൊലപ്പെടുത്തിയത്. അതുപോലെ തന്നെ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരുടെ തല വെട്ടുക എന്നതും ജപ്പാന്‍ കാര്‍ ഒരു ഹരം പോലെയാണു നടത്തിയത്.  ഇതിനെല്ലാം ജപ്പാനിലെ മാധ്യമങ്ങള് വലിയ വീര പരിവേഷമാണ് അക്കാലത്ത് നല്കിയത്. ലോകത്തിനു ജപ്പാന് എന്താണെന്നും അവരെ തടയേണ്ടതിന്റെ ആവശ്യം എന്താണെന്നും നാന്‍ജിംഗ് ലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്നാണ് ബ്രിട്ടനും സഖ്യകക്ഷികളും ജപ്പാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന് തീരുമാനിക്കുന്നത്.


"Contest to kill 100 people using a sword" എന്ന ഒരു മത്സരം തന്നെ ജാപ്പനീസ് മീഡിയ അക്കാലത്ത് കൊണ്ടാടിയിരുന്നു. ആദ്യം നൂറു തല വെട്ടുന്നവന്‍ വിജയി.
ഒരു ജനറലും സംഘവും വെട്ടി എടുത്ത തലകള്‍ ഭംഗി ആയി അടക്കി വച്ച പോസ് ചെയ്യുന്ന  ചിത്രമാണ് തൊട്ടടുത്ത്‌.

പഴയ ജപ്പാന്റ്റെ ക്രൂരതകൾ അറിഞ്ഞാൽ അവരുടെ സ്വന്തം ആളുകൾ പോലും സ്വയം വെറുത്തു പോകും. ജപ്പാനില്‍ നടന്ന ആറ്റം ബോംബ് ആക്രമണത്തെ ഒരുകൂട്ടം ആളുകൾ ഇപ്പോഴും ന്യായീകരിക്കുന്നതിന്റെ പ്രധാനകാരണം ഇതാണ്. രണ്ടാം ലോകമഹായുദ്ധത്തില് നാസികള്ക്ക്  തുല്യം നില്ക്കുന്ന അതി പൈശാചിക നടപടികള് ആണ് ജപ്പാന് കീഴടക്കിയ ഇടങ്ങളില് നടത്തിയത്. പക്ഷെ അവിടെ ആറ്റംബോംബ് വീണതിന്റെ ആനുകൂല്യത്തില് അവര്‍ക്ക് കിട്ടിയ സഹതാപം അവരുടെ ക്രൂരതകള്‍ക്കൊരു പുകമറയായി വര്‍ത്തിച്ചു. എല്ലാം ഹിറ്റ്ലറുടെ തലയില് മാത്രം വച്ചുകെട്ടപ്പെട്ടു.


ലോക യുദ്ധത്തിനു മുന്‍പുള്ള സാമ്രാജ്യങ്ങളും അതിര്‍ത്തികളും 

വെഴ്സായ്സ് ഉടമ്പടിപ്രകാരം കോളനിരാഷ്ട്രങ്ങളും അളവല്ലാത്ത സമ്പത്തും ഒക്കെ നഷ്ടമായ ജര്‍മ്മനിയും ജപ്പാനും ഒക്കെ അവ തിരിച്ചുപിടിക്കുന്നതിനായുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചപ്പോള്‍ അവയെ എതിര്‍ക്കുവാനായ് സര്‍വ്വരാഷ്ട്രസഖ്യമോ മറ്റു ലോകരാജ്യങ്ങളോ ശ്രമിക്കുകയുണ്ടായില്ല. ജപ്പാന്‍ മഞ്ചൂറിയ ആക്രമിച്ചതും ഇറ്റലി അബിസീനിയ കീഴടക്കിയതും ജര്‍മ്മനി റൈന്‍ പ്രദേശം പിടിച്ചടക്കിയതുമൊക്കെ ഇപ്രകാരമായിരുന്നു. റഷ്യന്‍ വിപ്ലവാന്തരം ഒരു വലിയ ശക്തിയായുര്‍ന്ന വന്ന സോവിയറ്റ് റഷ്യയെ ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങള്‍ സംശയക്കണ്ണോടുകൂടിയാണു നോക്കിക്കണ്ടത്. അവര്‍ ആദ്യകാലങ്ങളില്‍ ജര്‍മ്മനിയോടും ഇറ്റലിയോടുമൊക്കെ ഒരു പ്രീണന നയം കൈക്കൊള്ളുകയും ചെയ്തു. മൂണിക് ഉടമ്പടിപ്രകാരം സുഡറ്റന്‍ ലാന്‍ഡിന്റെ കൈവശാവകാശം ജര്‍മ്മനിക്ക് നല്‍കിയെങ്കിലും  ചെക്കോസ്ലോവാക്യയെ പൂര്‍ണ്ണമായും ജര്‍മ്മനി വിഴുങ്ങിയതോടെയാണ് അപകടം മനസ്സിലാക്കിയ ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ജര്‍മ്മനിക്കെതിരേയാകുകയും ഒരു യുദ്ധത്തിനുള്ള അന്തരീക്ഷം സംജാതമായി എന്ന്‍ തിരിച്ചറിയുകയു ചെയ്തത്.

സോവിയറ്റ് റഷ്യയെ വര്‍ഗ്ഗശത്രുവായി കരുതിയിരുന്നെങ്കിലും ജര്‍മ്മനി അവരുമായി ഒരു അനാക്രമണ സന്ധി 1939 ല്‍ ഒപ്പുവയ്ക്കുകയുണ്ടായി. ഈ സന്ധിപ്രകാരം പരസ്പ്പരം ആക്രമിക്കില്ലെന്നും പോളണ്ടിനെ പങ്കിട്ടെടുക്കാമെന്ന്‍ തീരുമാനിക്കുകയും ചെയ്തു. പില്‍ക്കാലത്ത് റഷ്യയില്‍ നിന്നുണ്ടായേക്കാവുന്ന എതിര്‍പ്പിനെ ഈ സന്ധിയിലൂടെ സമര്‍‍ത്ഥമായി ഹിറ്റ്ലര്‍ മൂടിക്കെട്ടി. ജര്‍മ്മനി ഇറ്റലിയുമായി ഒരു പരസ്പ്പരസഹകരണ ധാരണയുണ്ടാക്കി. റോം ബെര്‍ലിന്‍ അച്ചുതണ്ട് എന്നറിയപ്പെട്ട ഈ സഖ്യത്തില്‍ ജപ്പാനും കൂടി ചേര്‍ന്നതോടെ റോം - ബര്‍ലിന്‍ -ടോക്യോ എന്ന അച്ചുതണ്ടുശക്തികള്‍ എന്ന മഹാസഖ്യം നിലവില്‍ വന്നു. കാര്യങ്ങളുടെ പോക്ക് സുഖകരമല്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടണും ഫ്രാന്‍സും ചൈനയും ചേര്‍ന്ന്‍ അച്ചുതണ്ട് ശക്തികള്‍ക്കെതിരായി പുതിയൊരു സഖ്യമുണ്ടാക്കുകയും അത് സഖ്യകക്ഷികള്‍ എന്നറിയപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയനും അമേരിക്കയും ഒക്കെ ഇതില്‍ പിന്നീട് ചേരുകയാണുണ്ടായത്.

1939 ല്‍ റഷ്യയുമായി അനാക്രമണ സന്ധി ഒപ്പുവച്ചശേഷം ഹിറ്റ്ലര്‍ പോളണ്ടിനുനേരെ തിരിഞ്ഞു. പ്രഷ്യയേയും ജര്‍മ്മനിയേയും തമ്മില്‍ വേര്‍തിരിക്കുന്ന പോളിഷ് ഇടനാഴിയുടെ മേല്‍ ഹിറ്റ്ലര്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ പോളണ്ട് ഇതിനെ എതിര്‍ത്തു. തങ്ങളുടെ റേഡിയോ സ്റ്റേഷന്‍ പോളണ്ട് ആക്രമിച്ചു എന്ന്‍ പറഞ്ഞുകൊണ്ട് ജര്‍മ്മനി 1939 സെപ്തംബര്‍ 1 ആം തീയതി പോളണ്ടിനെതിരേ ശക്തമായ ആക്രമണം ആരംഭിച്ചു. പോളണ്ടിന്റെ സഹായത്തിനായ് ബ്രിട്ടണും ഫ്രാന്‍സും എത്തുകയും അവര്‍ ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ലോകം കണ്ട ഏറ്റവും വലിയ യുദ്ധത്തിനായി അങ്ങനെ രംഗമൊരുങ്ങി.

മൂന്നാം ഭാഗം വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

(തുടരും....)
ശ്രീക്കുട്ടന്‍

Saturday, December 21, 2013

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1


ഈ എഴുത്തിന്റെ കാരണഭൂതര്‍ പാലാരിവട്ടം ശശി, സച്ചിന്‍ കെ എസ് എന്നിവരാണു. പാലാരിവട്ടം ശശിയുടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് പോസ്റ്റും അതിന്റെ കമന്റുകളും ഭംഗിയായ് അടുക്കിപ്പെറുക്കിവച്ച് സച്ചിന്‍ കെ എസ് ഒരു പിഡി എഫ് ഫയല്‍ ഉണ്ടാക്കുകയുണ്ടായി. അംഗങ്ങളുടെ കമന്റുകളുടെ രീതിയിലുണ്ടായിരുന്ന ആ പിഡി എഫ് ഫയലിനെ ഒന്ന്‍ മാറ്റിയെടുത്ത് അല്‍പ്പം കുറച്ച് വിവരങ്ങള്‍ ഗൂഗിളില്‍ നിന്നും പിന്നെ ചില സുഹൃത്തുക്കളില്‍ നിന്നും ചില വാചകങ്ങള്‍ സ്വന്തമായിട്ടും എഴുതിയതാണിത്. ചിത്രങ്ങള്‍ എല്ലാം കടം കൊണ്ടതു തന്നെ. സര്‍വ്വ വിനാശകാരിയായ് മാറിയ രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ച് ആര്‍ക്കെങ്കിലും കൂടുതലായി അറിയാമെങ്കില്‍ ദയവു ചെയ്ത് പങ്കുവയ്ക്കുക.  

രണ്ടാം ലോകമഹായുദ്ധം (1939 -1945)

നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ മഹായുദ്ധത്തിൽ 72 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ അധികം പേര്‍ അംഗഭംഗം നേരിട്ടവരായി. എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി പരസ്പ്പരം പോരടിച്ചു. സര്‍വ്വവിനാശകാരിയായ അണുബോംബ് വര്‍ഷിക്കപ്പെട്ട് ജപ്പാന്‍ എന്ന രാജ്യം ഒരു കുരുതിക്കളമായ് മാറി. അമേരിക്ക എന്ന ലോകശക്തന്‍ പിറവികൊണ്ടു. ഹിറ്റ്ലര്‍, മുസ്സോളിനി തുടങ്ങിയ ഏകാധിപത്യസ്വേച്ഛാദിപതികള്‍ കൊല്ലപ്പെട്ടു. പല രാജ്യങ്ങളും സാമ്പത്തികമായ് തകര്‍ന്നടിഞ്ഞു. പുതിയ സാമ്പത്തിക ശക്തികള് ഉദയം ചെയ്തു. എണ്ണിയാലൊടുങ്ങാത്ത പുതിയ പുതിയ ആയുധങ്ങള്‍ കണ്ടെത്തി. ചുരുക്കിപ്പറഞ്ഞാല്‍ ലോകഗതിയെ സമൂലപരിവര്‍ത്തനം നടത്തിയ ഒരു മഹാപ്രളയമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ഈ മഹായുദ്ധത്തിനുണ്ടായ കാരണങ്ങള്‍ എന്തായിരുന്നു? അല്ലെങ്കില് എങ്ങിനെയാണു ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഈ മഹാമാരിയിലേക്ക് വലിച്ചിഴക്കപ്പെട്ടത്? ആരായിരുന്നു ഇതിനുത്തരവാദികള്‍? ഒരന്വോഷണം.

ഒന്നാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നു തരിപ്പണമായ ജര്‍മ്മനി 20 വര്‍ഷം കൊണ്ട് ഒരു മഹാശക്തിയായ് പുനരവതാരമെടുക്കുകയും ഹിറ്റ്ലര്‍ എന്ന അവരുടെ സ്വേച്ഛാതിപതിയായ നേതാവിന്റെ ചെയ്തികളാലുമാണ് ലോകത്തെ മുഴുവന്‍ ദുരിതത്തിന്റെ കയത്തിലേയ്ക്ക് തള്ളിവിട്ട രണ്ടാം ലോകമഹായുദ്ധമെന്ന മഹാമാരി സംഭവിക്കുവാനിടയായത്. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മറ്റൊരു മഹായുദ്ധത്തിനുള്ള മണിമുഴക്കം പലയിടത്തുനിന്നും ഉയര്‍ന്നുകേട്ടിരുന്നു. അതുകൊണ്ട് തന്നെ പല രാജ്യങ്ങളും തങ്ങളുടെ സ്ഥിതി അപകടം കൂടാതെ സംരക്ഷിക്കുന്നതിനായ് മറ്റു പ്രബല രാജ്യങ്ങളുമായ് സഖ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ ഉത്സാഹിച്ചിരുന്നു. ഇപ്രകാരം യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും പരസ്പ്പരം സഖ്യങ്ങളിലേര്‍പ്പെടുകയും ഏതെങ്കിലും ഒരു കാരണവശാല്‍ ഒരു രാജ്യം മറ്റൊരു രാജ്യത്തെ കടന്നാക്രമിച്ചാല്‍ ആ രാജ്യത്തെ സഹായിക്കുവാന്‍ ബാധ്യസ്ഥരായി മാറുകയും ചെയ്തു. ഇപ്രകാരം പരസ്പ്പരമുള്ള സഖ്യങ്ങള്‍ ഒരു ചങ്ങലപോലെ ഒട്ടുമിക്ക രാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ചു.

1939 സെപ്തംബര്‍ 1 നു ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടെയാണ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ രണ്ടാം ലോകമഹായുദ്ധം ഔദ്യോഗികമായ് ആരംഭിക്കുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ലോകരാജ്യങ്ങള്‍ മുമ്പുണ്ടാക്കപ്പെട്ട സഖ്യങ്ങളനുസരിച്ച് രണ്ട് ചേരിയായ് തിരിയപ്പെട്ടു.  സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളുമായിരുന്നു ഈ രണ്ട് ചേരികള്‍.

ബ്രിട്ടണ്‍, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക എന്നിവരായിരുന്നു സഖ്യകക്ഷികളിലെ പ്രബലര്‍.
ജര്‍മ്മനി, ജപ്പന്‍, ഇറ്റലി എന്നിവര്‍ അച്ചുതണ്ട് ശക്തികളും.

ലോകത്തെ മുഴുവന്‍ ഒരു മഹായുദ്ധത്തിലേയ്ക്ക് തള്ളിവിടപ്പെട്ടതിന്റെ കാരണങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാന ഉത്തരവാദികള്‍ മൂന്നു രാജ്യങ്ങളും അവയുടെ നേതാക്കളുമായിരുന്നു. അവ ജര്‍മ്മനി- ഹിറ്റ്ലര്‍, ഇറ്റലി - മുസ്സോളിനി , ജപ്പാന്‍ - ഹിരോഹിതോ ചക്രവര്‍ത്തി എന്നിവരായിരുന്നു.

ജര്‍മ്മനി


കൂടുതലും യൂറോപ്യന്‍ വന്‍ കര കേന്ദ്രമാക്കി നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളോട് പരാജയപ്പെട്ട ജർമ്മനിക്ക് കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 1919 ല്‍ പാരീസില്‍ വച്ച് ഒപ്പിട്ട വെഴ്സായ്സ് ഉടമ്പടിപ്രകാരം ഒന്നാം ലോകമഹായുദ്ധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ ജര്‍മ്മനിയും കൂട്ടുരാജ്യങ്ങളുമാണെന്ന്‍ സ്ഥാപിക്കപ്പെട്ടു. ഉടമ്പടിപ്രകാരം ജര്‍മ്മനി ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചു നല്‍കാനും സമ്പൂര്‍ണ്ണ നിരായുധീകരണം നടപ്പിലാക്കുവാനും സഖ്യകക്ഷികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ ബാധ്യസ്ഥരായി തീരുകയും ചെയ്തു. ലക്ഷക്കണക്കിന് ജര്‍മ്മന്‍ പടയാളികളും ജനങ്ങളും മരിച്ചുവീഴുകയും സാമ്പത്തികമായ് താറുമാറാവുകയും ലോകരാജ്യങ്ങളുടെ മുന്നില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടിവരികയും ചെയ്ത ജര്‍മ്മനിയുടെ ഗതികേടാണ് ലോകത്തെ വീണ്ടുമൊരു മഹായുദ്ധത്തിലേയ്ക്ക് തള്ളിവിടാനിടയാക്കിയത്. കനത്ത നാശനഷ്ടങ്ങളും അപമാനവും സഹിക്കേണ്ടിവന്ന ജര്‍മ്മന്‍ ജനതയ്ക്കുള്ളില്‍ ഒരസംതൃപ്തി പുകയുന്നതിനിടയിലാണ് യുദ്ധം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം സാക്ഷാല്‍ അഡോല്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസി പാര്‍ട്ടി ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത്. തികച്ച് പത്തുവര്‍ഷമെടുക്കുന്നതിനുമുന്നേ തന്നെ ജര്‍മ്മനിയെ ലോകത്തിലെ എണ്ണം പറഞ്ഞ ഒരു ശക്തിയായ് ഹിറ്റ്ലര്‍ മാറ്റിയെടുത്തു.

അഡോള്‍ഫ് ഹിറ്റ്ലര്‍

രണ്ടാം ലോകമഹായുദ്ധം എന്ന്‍ കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മയില്‍ ഏറ്റവും മുന്‍ നിരയിലെത്തുന്ന പേര് അഡോള്‍ഫ് ഹിറ്റ്ലറിന്റേതാണ്. ജര്‍മ്മനിയെ എങ്ങനെയാണു ഒരു ലോകശക്തിയും റഷ്യ,ബ്രിട്ടന്,അമേരിക്ക എന്നീ വന്‍ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തക്ക കഴിവുമുള്ളതാക്കി വളര്‍ത്തിയത് എന്നത് കൊതുകകരമാണ്. ഹിറ്റ്ലര്‍ ശരിക്കും ഒരു ജർമ്മൻ പൌരനല്ലായിരുന്നു. ആസ്ട്രിയായിൽ ആണ് ഹിറ്റ്ലര്‍ ജനിച്ചത്. യാതനകള്‍ നിറഞ്ഞ ബാല്യം. അമ്മയോട് മാത്രമാണ് അടുപ്പം ഉണ്ടായിരുന്നത്. അച്ഛന് ക്രൂരനും മുരടനും ആയിരുന്നു. ഒരു ചിത്രകാരന് ആവാനാഗ്രഹിച്ച ഹിറ്റ്ലര്‍ പക്ഷെ പട്ടാളക്കാരനായി  തീരുകയാണുണ്ടായത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ നിരയില്‍ ഒരു സൈനികനായി സേവനമനുഷ്ടിച്ച ഹിറ്റ്ലര്‍ തന്റെ രാജ്യത്തിനു നേരിട്ട പരാജയത്തില്‍ ദുഃഖിതനായിരുന്നു. യുദ്ധത്തിൽ പങ്കെടുത്തു കഴിഞ്ഞു ഒരു ജോലിയൊന്നുമില്ലാതെ കുറെക്കാലം നടന്ന ഹിറ്റ്ലര്‍ പട്ടാളത്തിന്റെ പ്രസ് ആൻഡ് ന്യൂസ് ബ്യൂറോയിൽ ചേർന്നു. അവിടെ വെച്ച് തന്റെ പ്രസംഗ വൈദഗ്ധ്യവും ജൂത വിരോധവും കാരണം പതുക്കെ ഉയരാൻ തുടങ്ങുകയും, പൊതു പ്രസംഗങ്ങൾ നടത്താനും തുടങ്ങി.തുടര്‍ന്ന്‍ ഇന്റലിജെന്സ് ഓഫീസറായി നിയമിക്കപ്പെട്ട ഹിറ്റ്ലര്‍ ജർമ്മൻ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അതിന്റെ സ്ഥാപകരിൽ ഒരാള് ആയ ടെക്സലറുടെ ജൂത, കമ്യൂണിസ്റ്റ് വിരോധവും തീവ്ര ദേശീയതയും ഹിറ്റ്ലറെ വല്ലാതെ ആകര്‍ഷിച്ചു. താമസിയാതെ ഹിറ്റ്ലര്‍ പാര്‍ട്ടിയുടെ ചീഫ് പ്രോപ്പഗാണ്ട ഓഫീസർ ആയിമാറി. പാര്‍ട്ടിയുടെ പേര് മാറ്റി നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വര്‍ക്കേഴ്സ് പാര്‍ട്ടി (നാസി) എന്നാക്കി.  ഹിറ്റ്ലര്‍ തന്നെയാണ് സ്വസ്തിക പാര്‍ട്ടിയുടെ ചിഹ്നമാക്കിയതും.


1923 ല്‍ ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ ഒരു പട്ടാള അട്ടിമറി ശ്രമം ജര്‍മ്മനിയില്‍ നടക്കുകയുണ്ടായി. എന്നാല്‍ ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്ലര്‍ തടവറയ്ക്കുള്ളിലായി. ആ തടവുകാലത്തിനിടയിലാണ് ഹിറ്റ്ലര്‍ തന്റെ പ്രസിദ്ധമായ മെയിന്‍ കാംഫ്(എന്റെ പോരാട്ടങ്ങള്‍) എന്ന ആത്മകഥയെഴുതുന്നത്. ജയിലലടയ്ക്കപ്പെട്ട സമയത്തുതന്നെ ഹിറ്റലര്‍ക്ക് സാമാന്യം നല്ല ജനപിന്തുണയുണ്ടായിരുന്നു. ചടുലമായ പ്രഭാഷണങ്ങളിലൂടെയും ജര്‍മ്മന്‍ ദേശീയതയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഹിറ്റ്ലര്‍ ആരാധ്യനായ് മാറുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മോചിതനായ ഹിറ്റലര്‍ തന്റെ പ്രഭാഷണങ്ങളിലൂടെ ജര്‍മ്മന്‍ ജനതയുടെ നേതാവായ് വളര്‍ന്നു.നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി എന്ന നാസി പാര്‍ട്ടിയെ പരമാവധി ശക്തിപ്പെടുത്തിയ ഹിറ്റ്ലര്‍ രാജ്യത്തിന്റെ സാമ്പത്തികവും സൈനികവുമായ പോരായ്മകള്‍ ഇല്ലാതാക്കുവാന്‍ കഠിനശ്രമങ്ങളാരംഭിച്ചു.

ജർമ്മൻ ദേശീയത,കമ്യൂണിസ്റ്റ് വിരുദ്ധത,ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹിറ്റ്ലർ തന്റെ ജനപ്രീതി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. യൂറോപ്യൻ വർകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജർമ്മൻ ജനതക്ക് വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യം അദ്ദേഹത്തിന്റെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു. 20 വർഷം മുൻപ് വെഴ്സായ്സ് ഉടമ്പടിയിൽക്കൂടി ലോകത്തിനു മുൻപിൽ നിന്നും നേരിട്ട നാണക്കേടിൽ നിന്ന് മോചനം നേടാനും, ലോകത്തിൽ ശുദ്ധരക്തത്തിന്‌ ഏക ഉടമകളെന്ന് ഹിറ്റ്ലർ അവകാശപ്പെട്ടിരുന്ന ആര്യന്മാരുടെ സമ്പൂർണാധിപത്യത്തിനുമായി ഹിറ്റ്ലറുടെ ജർമ്മനി ഒരുങ്ങുകയായിരുന്നു.


ഹിറ്റ്ലര്‍ നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു. മരണശേഷം ഹിറ്റ്ലറുടെ ചിത്രങ്ങള്‍ വന്‍ വിലയ്ക്കാണ് ലേലത്തില്‍ പോയത്. ഹിറ്റ്ലര്‍ വരച്ച ഒരു ചിത്രം. 

സോഷ്യൽ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരും ചില ധനിക ജൂതകച്ചവടക്കാരും ചേര്‍ന്ന്‍ ഒന്നാം ലോകമഹായുദ്ധസമയത്തും മറ്റും നടത്തിയ കൈക്കൂലിയുടെയും കൊള്ളലാഭത്തിന്റെയും വിവരങ്ങൾമാടങ്ങിയ ഒരു കുംഭകോണവാര്‍ത്ത (ബാര്‍മത് കുംഭകോണം) ഈ സമയത്ത് പുറത്തുവന്നു. അന്ധമായ ജൂതവിരോധം വച്ചുപുലര്‍ത്തിയിരുന്ന ഹിറ്റ്ലര്‍ ഈ അവസരം ശരിക്കും മുതലെടുത്തു. യുദ്ധത്തിന്റെ ഇടയിൽ പോലും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളും ജൂതന്മാരും എന്ന് പ്രചരിപ്പിക്കാൻ ഹിറ്റ്ലറെ ഇത് സഹായിച്ചു.

ഇതോടെ നാസി പാര്‍ട്ടിയുടെ വളര്‍ച്ച ത്വരിതവേഗത്തിലായി എങ്കിലും തിരഞ്ഞെടുപ്പുകളിൽ കാര്യമായ പ്രകടനം കാഴ്ച വെക്കാൻ അവര്‍ക്ക് കഴിഞ്ഞില്ല. താമസിയാതെ നാസി പാര്‍ട്ടിക്കാരും കമ്മ്യൂണിസ്ടുകളും തമ്മിലുള്ള ലഹളകള്‍ സ്ഥിരമായി ഉണ്ടാകാൻ തുടങ്ങി. അതോടെ നാസികൾക്ക് പല പല എതിര്‍പ്പുകളും സർക്കാരിൽ നിന്നും നേരിട്ട് തുടങ്ങി. എങ്കിലും പാര്‍ട്ടിയുടെ ജന സമ്മതി വളര്‍ന്നു കൊണ്ടിരുന്നു. ഹിറ്റ്ലറെ ഒരു രക്ഷകൻ ആയി ജനങ്ങള്‍ കാണാൻ തുടങ്ങി. പതുക്കെ പതുക്കെ നാസികള്‍ ജൂതന്മാരെ പരസ്യമായി ആക്രമിക്കാൻ തുടങ്ങി. ചില കൊലപാതകങ്ങൾ കാരണം പല നാസി പാര്‍ട്ടി നേതാക്കളുടെയും പരസ്യ പ്രസംഗം നിരോധിച്ചെങ്കിലും ഗീബല്സിനെപ്പോലെയുള്ളവരുടെ പ്രസംഗങ്ങൾ റിക്കോര്‍ഡ് ചെയ്തു ആള്‍ക്കാരെ കേള്‍പ്പിക്കാൻ തുടങ്ങി. ഹിറ്റ്ലര്‍ യൂത്ത്, എസ എസ എന്നിവ ബാൻ ചെയ്യപ്പെട്ടു. പക്ഷെ അധികം കഴിയുന്നതിനു മുന്‍പ് നിരോധനം പിന്‍വലിക്കപ്പെട്ടു. ഭരണ കക്ഷിയിൽ പോലും നാസികളുടെ തീവ്ര ദേശീയതയും ജൂത വിരോധവും ഉളവാക്കാൻ കഴിഞ്ഞത് കൊണ്ടായിരുന്നു അത്. തിരഞ്ഞെടുപ്പുകളിൽ നാസി പാര്‍ട്ടി ശക്തി കാണിക്കാൻ തുടങ്ങുകയും ഒരു കൂട്ട് കക്ഷി സംവിധാനത്തിലൂടെ ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ ചാൻസലർ ആകുകയും ചെയ്തു.

കൂട്ട് കക്ഷി ഭരണത്തിൽ സംതൃപ്തനല്ലാതിരുന്ന ഹിറ്റ്ലർ ഗവണ്മെന്റ് പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ സമയത്താണ് കുപ്രസിദ്ധമായ പാര്‍ലമെന്റ് മന്ദിരം കത്തിക്കൽ നടന്നത്. ഹിറ്റ്ലറുടെ ആൾക്കാർ പാര്‍ലമെന്റ് മന്ദിരം കത്തിക്കുകയും അതിന്റെ ഉത്തരവാദിത്വം കമ്മ്യൂണിസ്ടുകളുടെ തലയിലിടുകയുമാണുണ്ടായത്. ഇതിനെ തുടർന്ന് കമ്മ്യൂണിസ്റ്റുകൾ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തു. ജനങ്ങളിൽ കമ്യൂണിസ്റ്റ് വിരോധം കൂട്ടുകയും ഇത്തരം ദേശ ദ്രോഹികളിൽ നിന്നുള്ള രക്ഷക്ക് ശക്തനായ ഭരണാധികാരി ഹിറ്റ്ലർ മാത്രം എന്ന ചിന്തക്ക് ആക്കം കൂട്ടുകയും ചെയ്തു. പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ലാതെ തന്നെ ചാൻസലർ ആയ ഹിറ്റ്ലറിനു നിയമങ്ങള് പാസാക്കാനുള്ള അധികാരം കിട്ടുന്നതിനായ് പുതിയൊരു ആക്റ്റ് കൊണ്ടു വന്നു. ഈ നിയമത്തിന്റെ മറപറ്റി പ്രതിപക്ഷ പാര്‍ട്ടികളിലെ ഒട്ടുമിക്കപേരെയും തടവിലടച്ചു. കൂടുതല്‍ അധികാരം കിട്ടിയ ഹിറ്റ്ലര്‍ തന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. കമ്യൂണിറ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു.ട്രേഡ് യൂണിയനുകൾ പിരിച്ചുവിടപ്പെട്ടു. കമ്മ്യൂണിസ്റ്റ് ജൂത ആശയങ്ങള്‍ അടങ്ങിയ മുഴുവന്‍ പുസ്തകങ്ങളും ചുട്ടെരിക്കപ്പെട്ടു. ഒന്നൊന്നായ് ചെറു രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം നിരോധിപ്പിച്ചു. വിമത ശബ്ദം ഉയര്‍ത്തിയ കുറേപ്പേരെ തിരഞ്ഞു പിടിച്ചു വെടി വെച്ച് കൊല്ലുകയും ചെയ്തു. പ്രസിഡന്റിന്റെ മരണശേഷം മുഴുവന്‍ അധികാരങ്ങളും ചാന്‍സലറായ ഹിറ്റ്ലറില്‍ വന്നു ചേരുമെന്ന തരത്തില്‍ പുതിയൊരു നിയമം പാസ്സാക്കപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെ പ്രസിഡന്റ് മരണമടയുകയുണ്ടായി. അദ്ദേഹത്തെ കൊന്നതാണെന്നും പറയുന്നു.


ദേശ ദ്രോഹബന്ധം ആരോപിച്ചു കമ്മുണിസ്റ്റ്, ജൂത ആശയങ്ങള്‍  ഉള്ള പുസ്തകങ്ങള്‍ കത്തിക്കുന്ന നാസികള്‍.


പട്ടാളക്കാരുടെ രാജ്യത്തോട് കൂറ് കാട്ടും എന്നുള്ള പ്രതിജ്ഞയെ മാറ്റി ഹിറ്റലറിനോദ് കൂറ് കാണിക്കും എന്നാക്കിമാറ്റിപ്പിച്ചു. യുദ്ധത്തിനായി തയ്യാറെടുക്കാൻ പറഞ്ഞതിനെ എതിര്‍ത്ത  പ്രതിരോധ മന്ത്രിയെ രാജി വയ്പ്പിച്ചു. പല കമാന്‍ഡര്‍ മാരെയും പുറത്താക്കി. സൈന്യത്തിൽ ഒരു ശുദ്ധീകരണം ആരംഭിക്കുകയും നാസി താല്പര്യങ്ങൾ പുലര്‍ത്താത്ത ഓഫീസര്‍മാരെ ഒഴിവാക്കുകയും ചെയ്തു. എന്തായാലും ചുരുങ്ങിയ നാളുകള്‍‍ കൊണ്ട് ജര്‍മ്മനിയെ തന്നെ മാറ്റി മറിച്ചു. ഇതിനൊക്കെ പ്രധാനമായും പണം കണ്ടെത്തിയത് ദേശ വിരുദ്ധർ എന്ന് മുദ്ര കുത്തിയവരുടെ സ്വത്തുക്കൾ കണ്ടു കെട്ടിയാണ്. തൊഴിലില്ലായ്മ ഒറ്റയടിക്ക് അറുപതു ലക്ഷത്തിൽ നിന്നും പത്തു ലക്ഷമായി കുറഞ്ഞു.

                                              ഹിറ്റ്ലറെ അഭിസംബോധന ചെയ്യുന്ന നാസി പട്ടാളം 

വെഴ്സായ്സ് ഉടമ്പടിപ്രകാരം ഉണ്ടായിരുന്ന നിരായുധീകരണ വ്യവസ്ഥയെ കാറ്റില്‍ പറത്തിക്കൊണ്ട് ഹിറ്റ്ലര്‍ വീണ്ടും വായൂ സേന രൂപവത്ക്കരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലുഫ്റ്റ് വാഫെ എന്ന ജര്‍മ്മന്‍ വായു സേന പൂര്‍വ്വാധികം ഭംഗി ആയി പുനസംഘടിക്കപ്പെട്ടു. ഏറ്റവും പുതിയ ടെക്നോളജി ഒത്തു ചേര്‍ന്ന ഇവ അന്ന് നിലവിലുണ്ടായിരുന്ന ഏതൊരു വ്യോമ സേനയെക്കാളും മികച്ചു നില്ക്കുന്ന ഒന്നായിരുന്നു. ധാരാളമായി ആയുധങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ടു. തോക്കുകളും ടാങ്കുകളും എന്ന് വേണ്ട ജര്‍മ്മന്‍ നിര്‍മ്മിത വസ്തുക്കളെല്ലാം മേന്മയുടെയും സാങ്കേതിക തികവിന്റെയും ഉദാഹരണങ്ങളായിരുന്നു.ഇതിനെ തുടർന്ന് ജര്‍മ്മനി ലീഗ് ഓഫ് നേഷനിൽ നിന്നും പുറത്തു വന്നു. പക്ഷെ ഈ ആയുധ സംഭരണം ജർമ്മൻ സാമ്പത്തികസ്ഥിതിയെ ബാധിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് ഒരു ചതുര് വത്സര പദ്ധതി കൊണ്ട് വരപ്പെട്ടു. ജൂത-കമ്യൂണിസ്റ്റ് ശക്തികള്‍ക്കെതിരെ ജർമ്മൻ ദേശീയത എന്നതായിരുന്നു ഇതിന്റെ നയം. ഹിറ്റ്ലറിന്റെ ആദ്യ താല്പര്യം ഒരു ജർമ്മൻ ബ്രിട്ടണ്‍ സഖ്യത്തിനായിരുന്നെങ്കിലും ആ താല്പര്യം ഉപേക്ഷിക്കുകയും, ഇറ്റലിയോടും ജപ്പാനോടും ചേര്ന്ന് ആക്സിസ് പവേഴ്സ് എന്ന സഖ്യം രൂപവൽക്കരിക്കുകയും ചെയ്തു. ജര്‍മ്മനിയുടെ ധന സ്ഥിതി മോശമാവുകയാല്‍ ഓസ്ട്രിയയേയും ചെക്കൊസ്ലാവാക്യയേയും ആക്രമിച്ചു കീഴടക്കി അവിടുത്തെ സമ്പത്ത് എടുക്കാം എന്ന് ഹിറ്റലര്‍ തീരുമാനിച്ചു.

ജൂത വിരോധം കാണിക്കുന്ന ജര്‍മ്മനിയിലെ  ഒരു പോസ്റ്റര്‍. 

ജര്‍മ്മനിയില്‍ ജൂത വിരോധം കേവലം ഹിറ്റ്ലർ മാത്രം കൊണ്ട് വന്നതല്ല. പൊതുവിൽ യൂറോപ്പിനു ജൂതരോട് പ്രതിപത്തി ഇല്ലായിരുന്നു. വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും പലിശക്കാരുമൊക്കെയായ ജൂതരെ എല്ലാവരും വെറുത്തിരുന്നു. ജര്‍മ്മന്‍ ജനതയ്ക്കുണ്ടായിരുന്ന   ജൂത വിരോധം ഹിറ്റ്ലർ ആളിക്കത്തിച്ചു. അത് കൊണ്ട് തന്നെ ജൂതർ കൂടുതലും കമ്മ്യൂണിസ്റ്റു ചേരിയില്‍ അഭയം പ്രാപിച്ചു. അതോടെ ജർമ്മനിയിൽ വളര്‍ന്നു വന്നിരുന്ന ദേശിയ ബോധം ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഒരു ചുഴലിയുടെ രൂപം പ്രാപിക്കുകയായിരുന്നു.

രണ്ടാം ഭാഗം വായിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

(തുടരും..)


ശ്രീക്കുട്ടന്‍Sunday, November 17, 2013

ആതി

ഏകദേശം രണ്ടര കിലോമീറ്ററോളം നീളത്തില്‍ നീണ്ട് നിവര്‍ന്നുകിടക്കുന്ന വയലേലകള്‍. വയലിന്റെ ഇരുകരകളിലുമായി നൂറുകണക്കിനു കുടുംബങ്ങള്‍. ഒട്ടുമുക്കാല്‍ പേരും ദരിദ്രര്‍. എന്നാല്‍ മുഴുപ്പട്ടിണിക്കാരെന്നും പറഞ്ഞുകൂടാ. വയലില്‍ പണിയെടുക്കുന്നവരും കൂലിപ്പണിക്ക് പോകുന്നവരും പശുവിനെ വളര്‍ത്തുന്നവരും ഒക്കെയായി കഴിയുകയാണവര്‍. വയലിനെ രണ്ടായി പകുത്തുകൊണ്ട് ഒരു കൊച്ചു തോടൊഴുകുന്നുണ്ട്. നല്ല വേനല്‍കാലത്തുമാത്രം വെള്ളം വറ്റിപ്പോകും. അല്ലാത്തപ്പോഴെല്ലാം വെള്ളമുണ്ടാകും. വര്‍ഷകാലത്ത് തോട് കുലം കുത്തിയൊഴുകും. കരയിലുള്ള ഒട്ടുമിക്ക ആള്‍ക്കാരുടേയും കുളിയും നനയും തുണിയലക്കലും ഒക്കെ ഈ തോട്ടില്‍ നിന്നു തന്നെ. വയലുകള്‍ ആരംഭിക്കുന്ന തെക്കു മുകള്‍ ഭാഗത്ത് ഒരിക്കലും വറ്റാത്ത ഉറവയുള്ള ഒരു കുളമുണ്ട്. പുറമ്പോക്ക് ഭൂമിയിലാണാ കുളം. അതില്‍ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ് ആദ്യമൊരു അരുതോടായും പിന്നെ ചെറുതോടായും മാറി വയലേലകള്‍ക്ക് നടുവിലൂടെ ഒഴുകി അങ്ങ് താഴെയുള്ള ഒരു വലിയ ചിറയില്‍ ചെന്നു ചേരുന്നത്. നാലഞ്ചേക്കര്‍ വിസ്തൃതിയില്‍ കിടക്കുകയാണീ ചിറ. ഇതിലെ വെള്ളം വീണ്ടും താഴേക്കൊഴുകി ഒരു നദിയില്‍ ചെന്നു ചേരുന്നു.

ഈ ചിറയില്‍ ധാരാളം മീനുകള്‍ ഉണ്ട്. നദിയില്‍ നിന്നും ഒഴുക്കിനെതിരേ നീന്തിക്കയറിവന്ന്‍ ചിറയില്‍ കുടിയേറിപാര്‍ത്തവരാണിവര്‍. മഴക്കാലത്ത് തോട്ടിലൂടെ വെള്ളം കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുമ്പോള്‍ ചിറയില്‍ നിന്നും മീനുകള്‍ തോട്ടിലൂടെ മുകളിലേക്ക് കയറിവരും. രാത്രിയില്‍ ടോര്‍ച്ചുകളും പന്തങ്ങളും ഒക്കെയായി കാത്തിരിക്കുന്ന കരക്കാരുടെ കൈകളിലെത്തിച്ചേരാനായാണാ യാത്ര. ക്രോം ക്രോം വിളിക്കുന്ന മാക്കുക്കുണ്ടമ്മാരും ചീവീടുകളും പിന്നെ പേരറിയാത്ത നിരവധി ഒച്ചകളും വിളികളുമൊക്കെയായി അന്തരീക്ഷം മുഖരിതമാകും. ഓരോ മഴക്കാലവും നാട്ടുകാര്‍ക്ക് ഉത്സവങ്ങള്‍ പോലാണ്.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകള്‍ നിറയെ ആദ്യം ഹരിതനിറവും പിന്നെ പഴുത്തുലഞ്ഞ സ്വര്‍ണ്ണവര്‍ണ്ണവും ആയി നില്‍ക്കുന്നത് കാഴ്ചയ്ക്ക് തന്നെ എത്ര ഹൃദ്യമായിരുന്നു. തന്നെ പ്രതീക്ഷിച്ച് വിത്തിറക്കി പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെ നോക്കിയിരിക്കുന്നവര്‍ക്ക് അധ്വാനത്തിന്റെ പതിഫലമെന്നോണം കതിര്‍ക്കുലകള്‍ ധാരാളമായി വിളയിച്ചു മറിയിച്ചുകൊടുക്കുന്ന ഭൂമി. ആള്‍ക്കാരിഷ്ടപ്പെട്ടിരുന്നു അവളെ. പരിപാലിച്ചിരുന്നു അവളെ. പുലര്‍ച്ചെ അമ്പലത്തിലെ സുപ്രഭാത കീര്‍ത്തനം മുഴങ്ങുന്നതിനുമുന്നേ വയലുകളില്‍ കൊയ്ത്തുകാരുടെ കലപില ഉയരുമായിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായ് കിട്ടിയ നെല്ലുമായി അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ വയലില്‍ അരിച്ചുപെറുക്കാനിറങ്ങും. കൊയ്ത്ത് സമയത്ത് പൊഴിഞ്ഞടര്‍ന്നുവീണ നെല്‍ക്കതിര്‍ക്കുലകള്‍ പെറുക്കിയെടുക്കാനാണാ പരതല്‍. പിന്നെ ദിനങ്ങള്‍ പലതുകഴിയുമ്പോള്‍ ഉണങ്ങിവരണ്ട് കളിസ്ഥലമായി മാറും അവിടം. കുട്ടികളുടെ സാമ്രാജ്യം.

മണല്‍നാടുകളില്‍ വിയര്‍പ്പൊഴുക്കി കീശനിറയെ കാശുമായി വന്ന ഒരാള്‍ പാടത്തു നിന്നും ചെളിയും പുരണ്ട് കയറിവന്ന പിതാവിനെ മുഖം ചുളിപ്പിച്ചുനോക്കി. കഷ്ടപ്പെടുന്ന കാശ് കൊണ്ട് വയലില്‍ തള്ളുന്നതില്‍ അമര്‍ഷം പൂണ്ടു. കാശത്രയുമിറക്കിയിട്ട് എന്തു ലാഭമാണുണ്ടാകുന്നതെന്ന്‍ പറഞ്ഞ് ദേക്ഷ്യപ്പെട്ടു. വീണ്ടും മണല്‍ക്കാടിലേക്ക് പോകുന്നതിനുമുന്നേ ആദ്യമായി വയലുകളിലൊന്നിനെ മണ്ണിട്ട് പകുതി നികത്തി അവളുടെ മാറില്‍ മുറിവേല്‍പ്പിച്ചു. അധ്വാനിച്ച് നടുവൊടിഞ്ഞ് സമ്പാദിച്ചവന്‍ സ്വന്തം നാട്ടിലെ അധ്വാനത്തിന് വില കല്‍പ്പിച്ചില്ല. അതൊരു തുടക്കമായിരുന്നു. മുറിവുകള്‍ കൂടിക്കൂടി വന്നു. പച്ചപ്പിന്റെ വ്യാസം കുറയാനാരംഭിച്ചു. മണല്‍ഭൂവില്‍ നിന്നുള്ള ധനമൊഴുക്ക് കൂടിയപ്പോള്‍ വയലില്‍ നിന്നും ശരീരത്തില്‍ ചെളിപറ്റുന്നത് വൃത്തികേടായി പലര്‍ക്കുമനുഭവപ്പെട്ട് തുടങ്ങി. ചാലുകീറാതെയും വിത വിതയ്ക്കാതെയും മണ് വെട്ടി വീഴാതെയും വയലുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. കളകള്‍ നിറഞ്ഞ് തരിശുകളായി മരിക്കാന്‍ തുടങ്ങിയ വയലുകല്‍ ആര്‍ത്തു നിലവിളിച്ചുകൊണ്ടിരുന്നു. ശബ്ദമില്ലാത്ത അവയുടെ നിലവിളികള്‍ ആരുകേള്‍ക്കാന്‍. തവളകലുടേയും ചീവീടുകളുടേയും ശബ്ദങ്ങള്‍ പതിയെപതിയെ ഇല്ലാതായിത്തുടങ്ങി. പുറമ്പോക്കി ഭൂമി ആരോ സ്വന്താമാക്കുകയും ആ കുളം മണ്ണിട്ട് മൂടുകയും ചെയ്തതൊടെ തോടിന്റെ ശവക്കുഴിയും തോണ്ടപ്പെട്ടു. കലങ്ങിമറിഞ്ഞുവരുന്ന വെള്ളത്തില്‍ നീന്തിക്കയറിവരാനാകാതെ മീനുകള്‍ സങ്കടപ്പെട്ടു. കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമായി അവിടേ വാഴയും തെങ്ങും മരിച്ചീനിയുമൊക്കെ നില്‍ക്കുന്നതുകണ്ട കുട്ടികളും സങ്കടപ്പെട്ടു. ഒടുവില്‍ അവയുമൊക്കെ അപ്രത്യക്ഷമായി റബ്ബര്‍ തൈകള്‍ നിറയാന്‍ തുടങ്ങി. ഒരിക്കലും വറ്റാതിരുന്ന കിണറുകളില്‍ പലതും ഉണങ്ങിവരണ്ടു. അപൂര്‍വ്വം ചില കിണറുകളില്‍ ഉണ്ടായിരുന്ന വെള്ളത്തിനായി ആള്‍ക്കാര്‍ ആ വീട്ടുകാരോട് യാചിച്ചു ക്യൂ നിന്നു. വല്ലപ്പോഴും മാത്രം പൈപ്പിലൂടെ വരുന്ന പൊടിയും അഴുക്കും നിറഞ്ഞ വെള്ളം പിടിക്കാനായി ഉന്തും തള്ളും വഴക്കുമായി. കുത്തരിച്ചോറുണ്ണുക എന്നത് സങ്കല്‍പ്പം മാത്രമായി. പാവം പഴമനസ്സുകള്‍ മാത്രം മരണമടഞ്ഞ വയലേലകള്‍ക്ക് മുന്നില്‍ "ആധി"യെരിയുന്ന മനസ്സുമായി ഇനിയെന്തെന്ന ചോദ്യവുമായി നിന്നു. ഇരുകൂട്ടരും കരയുകയായിരുന്നു. ആര്‍ത്തലച്ച് ഒച്ചയൊട്ടുമില്ലാതെ.......

വികസനമെന്ന പേരിട്ട് ഒരു സംസ്കൃതിയെ മൊത്തം ഉന്മൂലനാശനം ചെയ്യുന്ന നവസംസ്ക്കാരത്തിന്റെ പിണിയാളുകളും അവയുടെ ബലിയാടുകളും ചേര്‍ന്നതാണ് "ആതി". വന്‍ കിട കയ്യേറ്റങ്ങള്‍ എപ്രകാരം ഒരു വലിയ വിഭാഗം ജനങ്ങളെ വഴിയാധാരമാക്കുന്നുവെന്ന്‍ ആതി തുറന്നുകാട്ടുന്നു. സമൃദ്ധവും ശുദ്ധവുമായ ജലത്തില്‍ തങ്ങളുടേ അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തി സന്തോഷസമേതം ജീവിച്ചിരുന്ന ഒരു ജനവിഭാഗം. കഥാരാവുകളും സ്വന്തം ആചാരാനുഷ്ടാനങ്ങളും വിശ്വാസപ്രമാണങ്ങളുമായി അവരങ്ങിനെ കഴിയുകയാണ്. പരസ്പ്പരം ബഹുമാനിച്ച് അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി. നഗരകാപഠ്യങ്ങളൊന്നും അലോസരപ്പെടുത്താതെ മീന്‍ പിടുത്തവും കൃഷിയും ഒക്കെയായി കഴിയുന്ന അവര്‍ക്ക് അതിമോഹങ്ങള്‍ ഇല്ലായിരുന്നു. തെളിനീരാര്‍ന്ന ജലദേവത അവരുടെ ഇടയില്‍ വസിച്ചിരുന്നു. ഏതൊരു പൊയ്കയും അശുദ്ധമാക്കാന്‍ ഒരു ചെളിത്തുണ്ട് മതിയാവുമെന്ന്‍ പറയുന്നതുപോലെ ഒരുനാള്‍ കുമാരന്‍ ആതിയില്‍ അവതരിക്കുകയാണ്. പാരമ്പര്യകൃഷിയും മറ്റുമൊക്കെ കെട്ടിപ്പിടിച്ചിരുന്ന്‍ ജീവിതം തുലയ്ക്കുന്നതില്‍ അമര്‍ഷം പൂണ്ട് അതിരുകാണാ ആകാശം വെട്ടിപ്പിടിക്കുവാന്‍ ആതിയില്‍ നിന്നും ഒരിക്കല്‍ ഓടിപ്പോയ അതേ കുമാരന്‍. ഇന്ന്‍ അവന്‍ മടങ്ങിവന്നിരിക്കുന്നത് സര്‍വ്വശക്തനായാണ്. ആതിയുടെ നാശവും ആതിവാസികളുടെ "ആധിയും" അവിടെ തുടങ്ങുന്നു.

ആതിയുടെ സ്വത്ത് ജലമായിരുന്നു. ആതിവാസികള്‍ക്ക് സര്‍വ്വവും നല്‍കുന്ന ജലം. ആതി പറയുന്നത് ഒരു ജലയുദ്ധവും. മുമ്പ ആതിവാസി ആയിരുന്ന, ഇപ്പോള്‍ മുതലാളിയായിതീര്‍ന്ന കുമാരന്‍ ആദ്യം കൈവയ്ക്കുന്നതും ജലത്തെതന്നെയാണ്. ആതിയെ സമ്പന്നമാക്കിയിരുന്ന ജലപ്രയാണത്തിനു തടയിട്ട്കൊണ്ട് അവര്‍ കൃഷിചെയ്തിരുന്ന ഒരു വലിയ പാടശേഖരം അതിന്റെ ഉടമയില്‍ നിന്നും വിലകൊടുത്തുവാങ്ങി അത് മണ്ണിട്ട് നികത്തുന്നു. തന്റെ ഒഴുക്ക് നഷ്ടപ്പെടുത്തിയിടത്ത് വന്ന്‍ തലതല്ലിക്കരയുന്ന ജലത്തെക്കണ്ട് കണ്ണ്‍ നിറഞ്ഞന്തം വിട്ടിരിക്കുന്ന കുഞ്ഞിമാതുവിനെപ്പോലെ വായനക്കാരനും അന്തം വിട്ടുപോകും. പഴഞ്ചന്‍ രീതികള്‍ പിന്തുടരുന്ന ആതിയെ സ്വര്‍ഗ്ഗസമാനമായ നഗരമാക്കിമാറ്റുവാനാണ് കുമാരന്‍ അവതരിച്ചിരിക്കുന്നത്. ആതിയിലെ ജനങ്ങളെ രണ്ടായി വിഭജിക്കുവാനും അവരില്‍ പകുതിയെ ഒപ്പം നിര്‍ത്തുവാനും കഴിയുന്നിടത്ത് കുമാരന്‍ വിജയം തുടങ്ങുകയാണ്. നഗരമാലിന്യങ്ങളുടെ ശ്മശാനഭൂമിയായ് ആതി മാറുവാന്‍ സമയമേതുമെടുക്കുന്നില്ല. ആതിയിലെ ജലത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്, കണ്ടല്‍ക്കാടുകളെ നശിപ്പിച്ചുകൊണ്ട്, മീനുകളുടെ ആവസവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് വികസനം വരികയാണ്. പണമുള്ളവ്നൊപ്പം മാത്രം നില്‍ക്കുന്ന ഭരണനിയമവ്യവസ്ഥകളുടേ സഹായത്തൊടെ. എതിര്‍പ്പിന്റെ സ്വരമായ് വരുന്ന ദിനകരന്മാരൊക്കെ സത്യത്തില്‍ ആര്‍ക്കും വേണ്ടാത്തവരാണ്. ആസന്നമരണമടഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്കുപോലും വേണ്ടാത്തവര്‍. അവള്‍ സര്‍വ്വം സഹിക്കാന്‍ ശീലിച്ചിരി‍ക്കുന്നു.

വളരെ വലിയ വായനയും ചര്‍ച്ചയും ആകേണ്ടുന്ന ഒന്നാണ് ശ്രീമതി സാറാ ജോസെഫ് എഴുതിയ ഈ നോവല്‍. അനിയന്ത്രിതമായ രീതിയില്‍ നമ്മുടെ പരിസ്ഥിതിയേയും ജൈവവിവിധ്യങ്ങളേയും കൊള്ളയടിക്കുകയും ഒരു സംസ്കൃതിയെ മുഴുവന്‍ നാശോന്മുഖമാക്കിതീര്‍ക്കുകയും ചെയ്യുന്ന വികസനം എന്താണു നമ്മുടെ നാടിനു സമ്മാനിക്കുന്നത്. ഹരിതവര്‍ണ്ണം നിറഞ്ഞു നിന്നിരുന്ന, കാറ്റും മഴയും സുലഭമായിരുന്ന, തെളിനീരൊഴുക്കിയൊഴുകിയിരുന്ന എണ്ണമറ്റ നദികള്‍ ഉണ്ടായിരുന്ന, കണ്ണെത്താദൂരത്തോളം വയലേലകള്‍ നിറഞ്ഞുനിന്നിരുന്ന, തുമ്പയും തെച്ചിയും തൊട്ടാവാടിയും ശലഭങ്ങളും മിന്നാമിനുങ്ങുകളും ഒക്കെ ഉണ്ടായിരുന്ന തൊടികളും ഒക്കെ ഇന്നെവിടെയാണ്. ഏതു പാതാളദേശത്തേക്കാണിവര്‍ എന്നെന്നേയ്ക്കുമായെന്നവണ്ണം അപ്രത്യക്ഷമായത്. മലിനമല്ലാത്ത ഒരു ജലാശയം നമുക്കിന്ന്‍ കണ്ടെത്തുവാന്‍ കഴിയില്ല. എവിടെനോക്കിയാലും ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ മാത്രം. ഇതാണോ വിഭാവനം ചെയ്യപ്പെട്ട വികസനം. ഹരിത നിബിഡഭൂമിയെ കോണ്‍ഗ്രീറ്റ് കാടുകളായി രൂപാന്തിരപ്പെടുത്തുന്ന വികസനം.


ആതി ഒരടയാളപ്പെടുത്തലാണ്. സമീപഭാവിയില്‍ തന്നെ വരാന്‍ പോകുന്ന ഒരു ജലയുദ്ധത്തിന്റെ അടയാളപ്പെടുത്തല്‍.

ഭൂമി എല്ലാം സഹിക്കുവാനും പൊറുക്കുവാനും പഠിച്ചിരിക്കുന്നു. അവള്‍ക്കറിയാം ദുരമൂത്തവര്‍ കെട്ടിപ്പൊക്കിയുയര്‍ത്തുന്ന മണിമാളികകളുടെ ആയുസ്സെത്രയാണെന്ന്‍. തന്നോട് ചെയ്യുന്നതിന്റെ ഫലമനുഭവിപ്പിക്കാതെ അവള്‍ ആരെയും വിടുമെന്ന്‍ പ്രതീക്ഷിക്കുകയേ വേണ്ട. നാലുവശവും വെള്ളം നിറഞ്ഞ ഭൂമിയില്‍ നിന്നുകൊണ്ട് ഒരു തുള്ളി ശുദ്ധവെള്ളം കുടിയ്ക്കുവാനായി കേണുവിളിക്കുന്നവരുടെ തലമുറകളുടെ ദയനീയത ഓര്‍ത്തവള്‍ പൊട്ടിച്ചിരിക്കും. ഒടുവില്‍ വെള്ളം കുടിയ്ക്കാനാവാതെ തൊണ്ടപൊട്ടി മരിച്ച് മാസംവും മലവും പ്ലാസ്റ്റിക്കും ചപ്പുചവറുകളും നിറഞ്ഞ് കറുത്ത് കൊഴുത്തു അസഹ്യനാറ്റവും പ്രസരിപ്പിച്ച് കുത്തിയൊഴുകി നടക്കുന്നവളുടെ മടിത്തട്ടില്‍ പുതഞ്ഞ് കമിഴ്ന്നും മലര്‍ന്നും കിടക്കുന്നവരെ അമ്മാനമാടി അവള്‍ രസിക്കും. പ്രതികാരദാഹിയെപ്പോലെ

ആതി വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സു വിങ്ങിപ്പോയി. ആതിദേശക്കാരുടെ സങ്കടം എന്റേതുകൂടിയല്ലേ. ഈ എഴുത്തില്‍ ആദ്യമെഴുതിയിട്ടിരിക്കുന്നത് എന്റെ സ്വന്തം ഗ്രാമവും അതിന്റെ ഇന്നത്തെ അവസ്ഥയുമാണ്. ആരോ പറഞ്ഞിട്ടുള്ളതുപോലെ അവസാനത്തെ മരവും മുറിച്ചുനീക്കിയിട്ട്, അവസാനകൃഷിഭൂമിയും മണ്ണിട്ടുമൂടിയിട്ട്, അവസാനതുള്ളിവെള്ളവും മലിനമാക്കിതീര്‍ത്തിട്ട് മനുഷ്യന്‍ മനസ്സിലാക്കും. പച്ചനോട്ടുകെട്ടുകള്‍ തിന്നുതീര്‍ത്താല്‍ മാത്രം വയറുനിറയത്തില്ലെന്ന്‍..ആതി എന്റെ സങ്കടമാണ്..എല്ലാവരുടേയും സങ്കടമാണ്..വരാനുള്ള തലമുറയ്ക്കായ് കരുതിവച്ചിരിക്കുന്ന ദുരന്തത്തിന്റെ പതിപ്പാണ്. നാം ഇനിയെങ്കിലും ഉണരണം..ഇല്ലെങ്കില്‍..........

ശ്രീക്കുട്ടന്‍


Wednesday, November 13, 2013

അസംതൃപ്തനായ ഒരു മനുഷ്യന്‍

അയാള്‍ ശ്രദ്ധാപൂര്‍വ്വം തന്റെ മോബൈലിലെ വീഡിയോ വീക്ഷിച്ചുകൊണ്ടിരുന്നു. ആ വീഡിയോ തീര്‍ന്നതും ഇയര്‍ഫോണ്‍ ശരിക്കും ചെവിയിലുറപ്പിച്ചുവച്ചിട്ട് അയാള്‍ ഒരിക്കല്‍‍ക്കൂടി അത് പ്ലേ ചെയ്തു. എത്ര കണ്ടിട്ടും മതിവരാത്തതുപോലെ. ഏതോ രാജ്യത്ത് ഒരുകൂട്ടമാള്‍ക്കാര്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലുന്ന വീഡിയോ ആയിരുന്നുവത്. ചോരയില്‍ കുളിച്ച് ദയനീയതയോടെ ജീവനുവേണ്ടിയാചിക്കുന്ന ആ സ്ത്രീയുടെ അവസ്ഥ അയാളുടെ മനസ്സില്‍ ആനന്ദം നിറച്ചു. അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോള്‍ ബസ്സിലുള്ള യാത്രക്കാരില്‍ മിക്കപേരും തന്നെ തന്നെ അത്ഭുതഭാവത്തോടേ നോക്കിയിരിക്കുന്നതാണു കണ്ടത്. ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ സൂക്ഷിച്ച് തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ മൊബൈല്‍ ഓഫ് ചെയ്ത് പോക്കറ്റില്‍ വച്ചിട്ട് വീണ്ടും ചിന്തയില്‍ മുഴുകി. ആ വീഡിയോ ദൃശ്യം അയാളെ സങ്കടപ്പെടുത്തിക്കൊണ്ടിരുന്നു. ആ ആള്‍ക്കൂട്ടത്തിലൊരാളാവാന്‍ താനവിടെയുണ്ടായില്ലല്ലോ എന്നോര്‍ത്ത് അയാളുടെ മനസ്സു വല്ലാതെ വേദനിച്ചു.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല. എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്. തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വംശീയകലാപത്തില്‍ ദാരുണമായികൊല്ലപ്പെട്ട ആയിരക്കണക്കിനാള്‍‍ക്കാരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ആ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല. കൈകാലുകള്‍ വെട്ടിമുറിക്കപ്പെട്ട, തലയുമുടലും വേര്‍പെട്ട് കിടക്കുന്ന, ശരീരമാകെ വെട്ടിപ്പൊളിക്കപ്പെട്ടുകിടക്കുന്ന,കത്തിക്കരിഞ്ഞതും ചിതറിത്തെറിച്ചതുമായ ശവശരീരങ്ങള്‍. അവ കാണുന്നത് തന്നെ എന്തു സുഖകരം.
വീട്ടില്‍ കറിവയ്ക്കുന്നതിനായി കോഴികളേയും മറ്റും കൊല്ലുമ്പോള്‍ താന്‍ സാകൂതത്തോടെ നോക്കി നില്‍ക്കാറുണ്ടിപ്പോഴും. അവറ്റകളുടെ തല കത്രിക്കുമ്പോള്‍ പൂക്കുറ്റിപോലെ ചിതറുന്ന ചോര കാണുവാന്‍ എന്തു രസമാണു. അടുത്തെവിടെയെങ്കിലും എന്തേലും അപകടമോ മറ്റൊ ഉണ്ടാവുകയാണെങ്കില്‍ താനതൊന്നും മിസ്സാക്കാറില്ലല്ലെങ്കില്‍ തന്നെ മനസ്സിനു സുഖം തരുന്ന കാഴ്ചകള്‍ എന്തിനൊഴിവാക്കണം.

"ആ വീക്കിലിയൊന്നു തരുമോ?".

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ ശരീരത്തില്‍ തട്ടിവിളിച്ചപ്പോളാണ് അയാള്‍ ചിന്തയില്‍ നിന്നുമുണര്‍ന്നത്. ഈര്‍ഷ്യയോടെ അയാള്‍ മാഗസിന്‍ ചെറുപ്പക്കാരനു നല്‍കിയിട്ട് വെറുതേ ബസ്സിനുള്ളില്‍ ഒന്നു കണ്ണോടിച്ചു. മാഗസിന്‍ മറിച്ചുനോക്കിയ ചെറുപ്പക്കാരന്‍ പെട്ടന്ന്‍ അസ്വസ്ഥതയോടെ അതടച്ചിട്ട് അയാള്‍ക്ക് തന്നെ തിരിച്ചുനല്‍കി. തന്റെ സീറ്റിലേയ്ക്ക് ചാരിയിരുന്ന്‍ നെടുവീര്‍പ്പിടുന്ന യുവാവിനെ അവജ്ഞയോടെ നോക്കിയിട്ട് അയാള്‍ തന്റെ മനോരാജ്യങ്ങളില്‍ വീണ്ടും മുഴുകാനാരംഭിച്ചു.

അല്‍പ്പസമയം അങ്ങിനെയിരുന്നിട്ട് അയാള്‍ വീ​ണ്ടുമൊന്ന്‍ ചുറ്റും കണ്ണോടിച്ചു. ബസ്സില്‍ സാമാന്യം തെറ്റില്ലാത്ത തിരക്കുണ്ട്. തന്റെ രണ്ടു സീറ്റ് മുമ്പിലായി കമ്പിയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയെ അയാള്‍ സൂക്ഷിച്ചുനോക്കി. എന്തോ കുഴപ്പമുള്ളതുപോലെയവള്‍ അസ്വസ്ഥതപ്പെട്ട് നിന്നു തിരിയുകയും മറ്റും ചെയ്യുന്നുണ്ട്. ഒന്നുകൂടി നോക്കിയപ്പോഴാണ് അസ്വസ്ഥതയുടെ കാരണക്കാരന്‍ അവളുടെ പുറകിലായി നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നയാള്‍ക്കു മനസ്സിലായതു. തിരക്കിനിടയിലും പണിയൊപ്പിക്കുകയാണവന്‍. അയാള്‍ സാകൂതം അവിടേയ്ക്കു തന്നെ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ പെണ്‍കുട്ടി സഹികെട്ട് തിരിഞ്ഞ് ആ ചെറുപ്പക്കാരന്റെ കരണത്തടിയ്ക്കുന്നതും ബസ്സിലുള്ള മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യുന്നതും എല്ലാം അയാള്‍ തന്റെ ഭാവനയില്‍ കണ്ടു. നല്ല ഒരു കാഴചയ്ക്കായി തന്റെ മനസ്സ് പിടയ്ക്കുന്നത് അയാളറിയുന്നുണ്ടായിരുന്നു. ഇനിയെന്തു സംഭവിക്കുമെന്ന്‍ മനസ്സിലോര്‍ത്ത് കണ്ണിമയ്ക്കാതെയവിടേയ്ക്ക് തന്നെ നോക്കിയിരുന്ന അയാളെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട് ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയിറങ്ങിപ്പോയി. ആരെയോ മനസ്സില്‍ പ്രാകിക്കൊണ്ട് അയാള്‍ സീറ്റിലേയ്ക്ക് ചാരിക്കിടന്നു ദേക്ഷ്യത്തോടെ കണ്ണുകള്‍ പൂട്ടി.

"അയ്യോ എന്റെ കുഞ്ഞിന്റെ കഴുത്തിക്കിടന്ന മാല കാണുന്നില്ലേ".
ഒരു സ്ത്രീയുടെ നിലവിളിശബ്ദമാണ് അയാളെ വീണ്ടും മയക്കത്തില്‍ നിന്നുമുണര്‍ത്തിയത്. വലതുവശത്തെ സീറ്റിലിരിയ്ക്കുന്ന സ്ത്രീയാണു കരയുന്നത്. ഡ്രൈവര്‍ ബസ്സ് ഒരു വശത്തായി ഒതുക്കി നിര്‍ത്തി.

"ഇത്രനേരവും അത് കഴുത്തില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോ ആരോ അത് പൊട്ടിച്ചെടുത്തതാ. ഞാനിനി എന്തോ ചെയ്യും"

സ്ത്രീ അലമുറ തുടര്‍ന്നുകൊണ്ടിരുന്നു. ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

"ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവിടെ ചെല്ലുമ്പോള്‍ സാധനം താനെ കിട്ടും"

പ്രായമായൊരാള്‍ നിര്‍ദ്ദേശിച്ചു.

"ആരെങ്കിലും ആ കുട്ടിയുടെ മാലയെടുത്തിട്ടുണ്ടെങ്കില്‍ മാന്യമായി അത് തിരിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കു വിടും".

കണ്ടകട്ര്‍ തന്റെ നിലപാടു വ്യക്തമാക്കി.

"ദേ ഒരു തമിഴത്തി. അവളായിരിക്കും എടുത്തത്".

കൈചൂണ്ടിക്കൊണ്ട് മുന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവര്‍ക്കൊപ്പം അയാളും അവിടേയ്ക്കു നോക്കി. ഒരു ആറേഴുവയസ്സുവരുന്ന പെണ്‍കുട്ടിയും അതിന്റെ തള്ളയുമാണെന്നു തോന്നുന്നു. കീറിപ്പറിഞ്ഞ കരിപുരണ്ട രൂപത്തില്‍ രണ്ടെണ്ണം. പിച്ചക്കാരാണെന്നു വ്യക്തം. മുമ്പത്തെ സ്റ്റോപ്പില്‍ നിന്നോ മറ്റോ കയറിയതാണു.

"മോട്ടിയ്ക്കാനായി മാത്രം വണ്ടീക്കേറിക്കൊള്ളും.മര്യാദയ്ക്കു മാലയെടുക്കടീ".

ഒരു മധ്യവയസ്ക്കന്‍ ഇടപെട്ടുകഴിഞ്ഞു.

"അയ്യാ ഞാങ്കെ ഏടുക്കലൈ. നമ്മ അന്ത മാതിരിയാളല്ലൈ"

തമിഴത്തി തന്നെ തുറിച്ചുനോക്കുന്ന മുഖങ്ങളെ നോക്കി ഭയപ്പാടോടെ പറഞ്ഞു.

"കള്ളം പറയുന്നോടീ നായീന്റമോളേ"

പറച്ചിലും ഒറ്റ അടിയുമായിരുന്നയാള്‍. അയ്യോയെന്നലറിക്കൊണ്ട് ആ സ്ത്രീ തന്റെ കരണം പൊത്തിപ്പിടിച്ചു. വീണ്ടും ചില കൈകള്‍ തന്റെ അമ്മയുടെ നേരെ ഉയരുന്നതുകണ്ട കൊച്ചുപെണ്‍കുട്ടി വലിയവായില്‍ നിലവിളിക്കാനാരംഭിച്ചു.

"വേണ്ട ആരുമിനി അവളെ തല്ലണ്ട. ബസ്സ് ഇനി മറ്റെങ്ങും നിര്‍ത്താതെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ. അവരു കണ്ടുപിടിച്ചുകൊള്ളും"

ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധയായ സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു. ആള്‍ക്കാര്‍ പിറുപിറുത്തുകൊണ്ട് അവളുടെ ചുറ്റും നിന്നും മാറി. ഡ്രൈവര്‍ വണ്ടി മുമ്പോട്ടേടുത്തു. എല്ലാം നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് രസം കയറി. അടിയേറ്റു തിണര്‍ത്ത കവിളും പൊത്തിപ്പിടിച്ച് തന്റെ മകളേയും ചേര്‍ത്തുപിടിച്ചു കരയുന്ന പിച്ചക്കാരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ സംതൃപ്തി നുരയുകയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നുമൊരുവന്‍ തന്റെ പോക്കറ്റില്‍ നിന്നും കയ്യെടുത്ത് സീറ്റിന്റെ അരികുവശത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നത് അയാളപ്പോഴാണു ശ്രദ്ധിച്ചത്. അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം ആശ്വാസത്തോടെ അവന്‍ കയ്യെടുത്ത് മുഖം കര്‍ച്ചീഫുകൊണ്ട് തുടച്ചിട്ട് അല്‍പ്പം ആശ്വാസം പൂണ്ടവനായി നിലയുറപ്പിച്ചു.

"ദേ മാ​ലയല്ലേ ആ കിടക്കുന്നത്".

ആരോ പറയുന്നതും കുനിഞ്ഞ് സീറ്റിനടിയില്‍ നിന്നും ഒരു മാലയെടുക്കുന്നതും മാല നഷ്ടപ്പെട്ട സ്ത്രീ ആശ്വാസത്തോടെ അത് മേടിയ്ക്കുന്നതും അയാള്‍ നിര്‍വികാരതയോടെ നോക്കിക്കണ്ടു. പേടിച്ചരണ്ടു നില്‍ക്കുന്ന തമിഴത്തിയും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനേയും ചിലര്‍ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. പോലീസുകാരുടെ ചൂരല്‍ കൊണ്ടുള്ള അടിയേറ്റുപുളയുന്ന തമിഴത്തിയുടെ രൂപം കാണാനാകാത്ത നിരാശയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ആരോടൊക്കെയോയുള്ള ദേക്ഷ്യം തീര്‍ക്കാനെന്നവണ്ണം ചേര്‍ത്തടച്ചു വീണ്ടും സീറ്റിലേയ്ക്ക് ചാരിയിരുന്നു.

(റീ പോസ്റ്റ്)

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

ശ്രീക്കുട്ടന്‍

Thursday, October 31, 2013

ത്രിമൂര്‍ത്തികള്‍


ഹിന്ദുപുരാണങ്ങളനുസരിച്ച് സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ആണു ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവർ പരാമർശിക്കപ്പെടാറുണ്ട്.

മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ 'തപസ്സുചെയ്തു ശക്തിനേടി സൃഷ്ടികർമത്തിലേർപ്പെടുക' എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.

ബ്രഹ്മാവ്:

ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍യി ബ്രഹ്മാവിനെ കണക്കാക്കുന്നു. പഞ്ചമുഖനായിരുന്ന ബ്രഹ്മദേവന്‍ പിന്നീട് നാന്മുഖനായി മാറുകയാണുണ്ടായത്. ഒരിക്കല്‍ ബ്രഹ്മദേവന്‍ ശതരൂപ എന്ന ഒരതിസുന്ദരിയായ സ്ത്രീയെ സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ സൌന്ദര്യത്തില്‍ മയങ്ങിപ്പോയ ബ്രഹ്മാവ് അവരെ തന്നെ നോക്കിയിരിപ്പായി. ഇതുകണ്ട് സരസ്വതീദേവി ശതരൂപയെ ഒരുവശത്തേയ്ക്ക് മാറ്റിനിര്‍ത്തി. അപ്പോള്‍ ബ്രഹ്മദേവന്റെ തലയുടെ ഇടതുവശത്ത് ഒരു മുഖം കൂടി ഉടലെടുത്തു. അതുകണ്ട ദേവി വലതുവശത്തായി ശതരൂപയെ മാറ്റിയിരുത്തി.അപ്പോള്‍ വലതുഭാഗത്തും ഒരു മുഖമാവിര്‍ഭവിച്ചു. ഇപ്രകാരം പുറകുവശത്തു നീങ്ങിയിരുത്തിയപ്പോള്‍ പുറകിലും  മുഖമുണ്ടാവുകയും ദേക്ഷ്യം വന്ന ദേവി തലക്കുമുകളിലേക്കു ശതരൂപയെ മാറ്റിയപ്പോള്‍ മുകളിലേക്ക് നോക്കിയും ഒരു മുഖമാവിര്‍ഭവിച്ചു. ആകാശത്തേയ്ക്ക് നോക്കിയുള്ള മുഖം ഒരിക്കല്‍ അസത്യപ്രസ്താവന നടത്തിയതിന്റെ ദേക്ഷ്യത്തില്‍ പരമശിവന്‍ കൈകൊണ്ട് നുള്ളിക്കളയുകയുണ്ടായി. അതോടെ പഞ്ചമുഖനായ ബ്രഹ്മാവ് നാന്മുഖനായി മാറി.

ബ്രഹ്മപുരാണം അനുസരിച്ച് ബ്രഹ്മാവ് മനുവിന്റെ സൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. ബ്രഹ്മാവിന്റെ പത്നിയായി സങ്കല്പിച്ചുവരുന്നത് വിദ്യയുടെ ദേവതയായി കരുതുന്ന സരസ്വതി ദേവിയെയാണ്. സരസ്വതിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബ്ദത്തിന്റേയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.

പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയംഭൂവാണ്. വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്.

നാലുയുഗങ്ങള്‍ ഉള്ളതില്‍ കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷവും, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവ് പലപ്പോഴും വരങ്ങളും അനുഗ്രഹങ്ങളും നിര്‍ലോഭം നല്‍കുമായിരുന്നു. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി ബലവാന്മാരായിതീര്‍ന്ന്‍ മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്. ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു,ത്രിപുരന്മാര്‍, മഹിഷാസുരന്‍ തുടങ്ങിയ അസുരന്മാര്‍ ബ്രഹ്മദേവനില്‍ നിന്നും വരങ്ങള്‍ വാങ്ങി വളരെയധികം ബുദ്ധിമുട്ടുകള്‍ മാലോകര്‍ക്കും ദേവഗണങ്ങള്‍ക്കുമുണ്ടാക്കുകയും അവരെയൊക്കെ വിഷ്ണുമഹേശ്വരന്മാര്‍ ഇടപെട്ട് ഇല്ലാതാക്കുകയും ചെയ്തു.

ത്രിമൂര്‍ത്തികളില്‍ ആര്‍ക്കാണു കൂടുതല്‍ മഹത്വമെന്നതിനെക്കുറിച്ച് ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ഒരു തര്‍ക്കമുടലെടുത്തപ്പോള്‍ മധ്യസ്ഥനായി നിന്ന ശിവന്‍ ഒരു ശിവലിംഗം കാട്ടിയിട്ട് ബ്രഹ്മാവിനോട് അതിന്റെ മുകള്‍ഭാഗം കണ്ടുവരാനും വിഷ്ണുവിനോട് കീഴ്ഭാഗം കണ്ടെത്താനും ആവശ്യപ്പെട്ടു.യാത്ര ചെയ്തു ക്ഷീണിതരായതല്ലാതെ ഇവര്‍ക്ക് ശിവലിംഗത്തിന്റെ ആദിയുമന്തവും കണ്ടെത്താനായില്ല. എന്നാല്‍ ബ്രഹ്മാവ് തന്റെ യാത്രയ്ക്കിടയില്‍ താഴേക്കുവന്ന ഒരു കൈതപ്പൂവിനെ കൂട്ടുപിടിച്ച് താന്‍ ശിവതത്ത്വത്തിന്റെ ശിരസ്സില്‍ നിന്ന് എടുത്ത കൈതപ്പൂവാണ് അതെന്നു പറഞ്ഞ് അസത്യ പ്രസ്താവന ചെയ്തതില്‍ കുപിതനായ പരമശിവന്‍ ബ്രഹ്മദേവന്റെ ഒരു ശിരസ്സ് കൈകൊണ്ടു നുള്ളിക്കളയുകയും ബ്രഹ്മദേവനെ ആരും തന്നെ ആരാധിക്കാതായിപ്പോകട്ടെ എന്നു ശപിക്കുകയും ചെയ്തു. മാത്രമല്ല അസത്യം പറയാന്‍ കൂട്ടുനിന്ന കൈതപ്പൂവിനെ ഒരിക്കലും പൂജയ്ക്കായി ഉപയോഗിക്കാതെയായിപ്പോട്ടെയെന്നും ശപിച്ചു. ഈ ശാപഫലമായി ആണ് ബ്രഹ്മദേവനു ആരാധനാലയങ്ങള്‍ ഇല്ലാതായതും കൈതപ്പൂവിനെ ഒരു ക്ഷേത്രത്തിലും പൂജയ്ക്കെടുക്കാതായതും. ഭാരതത്തില്‍ ബ്രഹ്മാവിന് ആരാധനാക്ഷേത്രങ്ങള്‍ വലുതായൊന്നുമില്ല. രാജസ്ഥാനിലെ പുഷ്ക്കര്‍ ക്ഷേത്രം ബ്രഹ്മദേവനെ പ്രധാനമായും ആരാധിക്കുന്നതാണ്.

വിഷ്ണു:

ത്രിമൂര്‍ത്തികളില്‍ രണ്ടാമനായ വിഷ്ണുവിനു പരിപാലനധര്‍മ്മമാണുള്ളത്. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയാണു വിഷ്ണുവിന്റെ പത്നി. വൈകുണ്ട്ഠത്തില്‍ ശംഖുചക്രഗദാധാരിയായ് അനന്തന്റെ പുറത്താണ് വിഷ്ണു വസിക്കുന്നത്.സുദര്‍ശനമെന്ന ചക്രമാണു വിഷ്ണുവിന്റെ ആയുധം.  മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും പൊട്ടിമുളച്ച താമരയിലാണ് ബ്രഹ്മാവ് സ്ഥിതിചെയ്യുന്നത്.  ഭക്തദാസനാണ് മഹാവിഷ്ണു. തപസ്സ് എത്രതന്നെ അനുഷ്ഠിച്ചാലും ഭക്തനല്ലെങ്കില്‍ പ്രത്യക്ഷനാകാന്‍ വിമുഖനത്രേ വിഷ്ണു. ഭക്തന്‍ ആവശ്യപ്പെടാതെതന്നെ മുമ്പില്‍ പ്രത്യക്ഷനാവുകയും അനുഗ്രഹം നല്കുകയും ചെയ്യുന്നു. അംബരീഷന്റെ കഥ ഇതിനുദാഹരണമാണ്. ദുഷ്ടനിഗ്രഹം ചെയ്തു ശിഷ്ടരെ രക്ഷിച്ച് പ്രപഞ്ചത്തിന്റെ സംരക്ഷണം നടത്തുന്നത് മഹാവിഷ്ണുവാണ്. അതിനുവേണ്ടി ഭൂമിയില്‍ എല്ലായുഗത്തിലും ഒന്നോ അതിലധികമോ അവതാരം മഹാവിഷ്ണു നടത്തിയിട്ടുണ്ട്.

മഹാവിഷ്ണുവിന്റെ എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. ദശാവതാരങ്ങള്‍ യഥാക്രമം


1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

എന്നിവരായിരുന്നു. അവതാരങ്ങളില്‍ ശ്രീരാമനും ശ്രീകൃഷ്ണനും ആയിരുന്നു ഏറ്റവും പ്രസിദ്ധര്‍. പല ആപത്ഘട്ടങ്ങളിലും ദേവന്മാര്‍ക്കും ഭൂലോകര്‍ക്കും രക്ഷകനായി നിന്നിട്ടുള്ളത് മഹാവിഷ്ണുവാണ്. പാലാഴിമഥനസമയത്ത് അമൃതകലശം അസുരന്മാര്‍ കൈക്കലാക്കിയപ്പോള്‍ മഹാവിഷ്ണു മോഹിനീരൂപം സ്വീകരിച്ച് അസുരന്മാരെ കബളിപ്പിച്ച് അമൃത് തിരിച്ചെടുത്ത് ദേവന്മാര്‍ക്കു നല്കി. മഹാവിഷ്ണുവിന്റെ മോഹിനീരൂപം കാണുന്നതിന് പരമശിവന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മോഹിനീരൂപം കണ്ട പരമശിവന്‍ കാമാന്ധനായി മോഹിനിയെ അനുഗമിക്കുകയും തുടര്‍ന്ന് പരമശിവന്റെ തേജസ്സില്‍നിന്ന് ശാസ്താവ് ജനിക്കുകയും ചെയ്ത കഥ പ്രസിദ്ധമാണ്. ഭസ്മാസുരനില്‍ നിന്നും രക്ഷപ്പെടുവാനായി പരക്കം പാഞ്ഞ മഹേശ്വരനെ രക്ഷിച്ചതും സ്ത്രീവേഷത്തിലെത്തിയ മഹാവിഷ്ണുവായിരുന്നു. അംശാവതാരങ്ങളേയും കൂടി പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ത്രിമൂര്‍ത്തി വിഷ്ണുവാണെന്ന്‍ കാണാം. പ്രസിദ്ധമായ വിഷ്ണുക്ഷേത്രങ്ങള്‍ ധാരാളമുണ്ട്.

പ്രധാനപ്പെട്ട വിഷ്ണുക്ഷേത്രങ്ങള്‍

1. ബദരീനാഥ ക്ഷേത്രം - ഉത്തരാഖണ്ഡ്
2. തിരുപ്പതി - ആന്ദ്രാപ്രദേശ്
3. പത്മനാഭസ്വാമിക്ഷേത്രം - കേരളം
4. കുംഭകോണം - തമിഴ്നാട്
5. വിഷ്ണുപദമന്ദിര്‍ - ഗയ

ത്രിമൂര്‍ത്തികളില്‍ കൂടുതല്‍ മഹത്വം ആര്‍ക്കാണെന്നു പരീക്ഷിക്കുന്നതിന് മഹര്‍ഷിമാര്‍ ഒരിക്കല്‍ ഭൃഗുമഹര്‍ഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹര്‍ഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹര്‍ഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹര്‍ഷി പരമശിവന്‍ പാര്‍വതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാര്‍വതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹര്‍ഷി പോയത്. മഹര്‍ഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ താന്‍ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹര്‍ഷി നെഞ്ചില്‍ ചവുട്ടി. പെട്ടെന്നുണര്‍ന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ശ്രീവത്സം എന്ന പേരില്‍ അറിയപ്പെടുന്നത്.

പരമശിവന്‍:

സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശിവനാണു ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍. ഹിമവത്പുത്രിയായ പാര്‍വതിയാണു ശിവപത്നി. സകലദേവന്മാരുടേയും ദേവനായാണു മഹേശ്വരന്‍ അറിയപ്പെടുന്നത്. മൂന്നു കണ്ണുകള്‍, തലയിലെ ജഡയില്‍ ചന്ദ്രനേയും ഗംഗയേയും വഹിക്കുന്നു. കഴുത്തില്‍ നാഗങ്ങളെ ആഭരണമായി ധരിക്കുന്നു, പുലിത്തോലാണു വേഷം. ശരീരത്തിലെപ്പോഴും ഭസ്മാദികള്‍ പൂശിയിരിക്കും. പ്രധാന ആയുധമായ ത്രിശ്ശൂലവും കയ്യിലെപ്പോഴുമുണ്ടാക്കും. അസംഖ്യം ഭൂതഗണങ്ങളോടൊപ്പം കൈലാസത്തിലാണു ശിവന്‍ വസിക്കുന്നത്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവന്‍ എപ്പോഴും അല്‍പ്പം ഭയപ്പെടുത്തുന്ന രൂപഭാവാദികളോടെ നിലകൊള്ളുന്നത്.

ഒരു ക്ഷിപ്രപ്രസാദിയായ ദൈവമല്ല പരമശിവന്‍. എന്നാല്‍ അസുരന്മാര്‍ പലപ്പോഴും അതികഠിനമായ തപസ്സനുഷ്ടിച്ച് ശിവനില്‍ നിന്നും മഹത്തായ പല വരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഭസ്മാസുരകഥ ഇതിനുദാഹരണമാണ്. താന്‍ ആരുടെ തലയില്‍ കൈകൊണ്ടു സ്പര്‍ശിക്കുന്നുവോ അയാള്‍ ഉടനെ ഭസ്മമാകണം എന്നതായിരുന്നു പരമശിവനോട് അസുരന്‍ ചോദിച്ച വരം. വരം ലഭിച്ചപ്പോള്‍ അസുരന്‍ അത് പരീക്ഷിക്കുവാന്‍ പരമശിവന്റെ തലയില്‍ സ്പര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഭയചകിതനായി ഓടിയ പരമശിവനെ രക്ഷിക്കാന്‍ മഹാവിഷ്ണു ഒരു മോഹിനിയുടെ വേഷത്തിലെത്തുകയും അസുരനെ മയക്കി നൃത്തം ചെയ്യുന്ന ചേഷ്ടകള്‍ കാട്ടി അവന്റെ കഥ അവനെക്കൊണ്ട് തന്നെ കഴിപ്പിക്കുകയും ചെയ്യുകയാണുണ്ടായത്.

ശിവന്‍ ക്ഷിപ്രകോപിയായിരുന്നു. ആദ്യപത്നിയായ സതീദേവി ദക്ഷസദസ്സില്‍ അപമാനിതയായതുമൂലം അത്മഹത്യ ചെയ്തപ്പോള്‍ കോപാക്രാന്തനായ ശിവന്‍ ദക്ഷനുല്‍പ്പെട്ട സകല അസുരന്മാരെയും നശിപ്പിക്കുകയും തുടര്‍ന്ന്‍ മഹാസമാധിയിലെന്നവണ്ണം ധ്യാനനിരതനാകുകയും ചെയ്തു. ശിവന്റെ ധ്യാനം മൂലം അത്യധികമായ ചൂട് ആവിര്‍ഭവിക്കുകയും ലോകം നശിക്കുകയും ചെയ്യും എന്നു വന്ന ഘട്ടത്തില്‍ ദേവന്മാരെല്ലാവരും കൂടി കാമദേവനെക്കൊണ്ട് മലര്‍ബാണങ്ങളെയ്യിപ്പിച്ച് മഹേശ്വരന്റെ തപസ്സിളക്കിച്ചു. ശിവനെ പതിയായ് കിട്ടണമെന്ന ആഗ്രഹത്തില്‍ പൂജ ചെയ്തിരുന്ന ഹിമവത്പുത്രിയുടെ സാമീപ്യത്തിലായിരുന്നുവിതു നടന്നത്. ധ്യാനം വിട്ടുണര്‍ന്ന ശിവന്‍ കോപാക്രാന്തനായി തന്റെ ത്രിക്കണ്ണ്‍ തുറന്ന്‍ കാമദേവനെ ഭസ്മീകരിച്ചുകളഞ്ഞു. ഒടുവില്‍ കലിയടങ്ങിയ ശിവന്‍ പിന്നീട് ഉമയെ തന്റെ പത്നിയായി സ്വീകരിച്ചു.സുബ്രഹ്മണ്യന്‍, ഗണപതി എന്നീ രണ്ട് കുട്ടികളാണ് ശിവനും പാര്‍വ്വതിക്കുമായുള്ളത്. ശിവനു മോഹിനീരൂപിയായ വിഷ്ണുവിലുണ്ടായ കുഞ്ഞാണ് ശാസ്താവ്. സ്ത്രീപുരുഷബന്ധത്തിന്റെ ഏറ്റവും ഉത്തമമായ ഭാവമാണ ശിവനും ശക്തിയും ഉള്‍പ്പെടുന്ന അര്‍ദ്ധനാരീശ്വരരൂപം.

സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ശിവനെ ആള്‍ക്കാര്‍ വളരെയധികം ഭയപ്പെടുന്നുണ്ട്. രാജ്യമെങ്ങും ശിവനു വളരെയേറെ ആരാധനാലയങ്ങളുണ്ട്. കാശി വിശ്വനാഥക്ഷേത്രം ലോകപ്രസിദ്ധമാണു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങള്‍ മിക്കതും ശിവക്ഷേത്രങ്ങളാണ്. പ്രസിദ്ധങ്ങളായ 108 മഹാക്ഷേത്രങ്ങളാണു കേരളത്തിലുള്ളത്.അവ താഴെപ്പറയുന്നു.

1.തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
2.ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
3.രവീശ്വരം മഹാദേവക്ഷേത്രം
4.ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
5.ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം
6.മാതൂർ ശിവക്ഷേത്രം
7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം
8.മുണ്ടയൂർ ശിവക്ഷേത്രം
9.തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
10.ചൊവ്വല്ലൂർ ശിവക്ഷേത്രം
11.പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
12.തൃക്കുരട്ടി മഹാദേവക്ഷേത്രം
13.പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം
14.അവനൂർ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
15.കൊല്ലൂർ മൂകാംബിക ക്ഷേത്രം
16.തിരുമംഗലം മഹാദേവക്ഷേത്രം
17.തൃക്കാരിയൂർ മഹാദേവക്ഷേത്രം
18.കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
19.ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
20.അഷ്ടമംഗലം മഹാദേവക്ഷേത്രം
21.ഐരാണിക്കുളം മഹാദേവക്ഷേത്രം
22.കൈനൂർ മഹാദേവക്ഷേത്രം
23.ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
24.എറണാകുളം മഹാദേവക്ഷേത്രം
25.പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
26.അടാട്ട് മഹാദേവക്ഷേത്രം
27. നൽപ്പരപ്പിൽ മഹാദേവക്ഷേത്രം
28. ശാസ്തമംഗലം മഹാദേവക്ഷേത്രം
29. പാറാപറമ്പ് മഹാദേവക്ഷേത്രം
30. തൃക്കൂർ മഹാദേവക്ഷേത്രം
31. പനയൂർ പാലൂർ മഹാദേവക്ഷേത്രം
32. വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
33. വൈക്കം മഹാദേവക്ഷേത്രം
34. രാമേശ്വരം  മഹാദേവക്ഷേത്രം കൊല്ലം
35. രാമേശ്വരം രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
36. ഏറ്റുമാനൂർ മഹാദേവക്ഷേത്രം
37. എടക്കൊളം കാഞ്ഞിലശേരി മഹാദേവക്ഷേത്രം
38. ചെമ്മന്തിട്ട മഹാദേവക്ഷേത്രം
39. ആലുവ ശിവക്ഷേത്രം
40. തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
41. വേളോർവട്ടം മഹാദേവക്ഷേത്രം
42. കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
43. തൃക്കുന്ന് മഹാദേവക്ഷേത്രം)
44. ചെറുവത്തൂർ മഹാദേവക്ഷേത്രം
45. പൊങ്ങണം (മഹാദേവക്ഷേത്രം
46. തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
47. തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
48. തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
49. അവിട്ടത്തൂർ മഹാദേവക്ഷേത്രം
50. പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
51. ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
52. കാട്ടകമ്പാല മഹാദേവക്ഷേത്രം
53. പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
54. പേരകം മഹാദേവക്ഷേത്രം
55. ചക്കംകുളങ്ങര മഹാദേവക്ഷേത്രം
56. വീരാണിമംഗലം മഹാദേവക്ഷേത്രം
57. ചേരാനല്ലൂർ മഹാദേവക്ഷേത്രം
58. മണിയൂർ മഹാദേവക്ഷേത്രം
59. കോഴിക്കോട് തളിക്ഷേത്രം
60. കടുത്തുരുത്തി തളിക്ഷേത്രം
61. തകീഴ് തളി മഹാദേവക്ഷേത്രം
62. താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
63. കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
64. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
65. തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
66. പടനായർകുളങ്ങര മഹാദേവക്ഷേത്രം
67. തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
68. ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
69. കൊട്ടിയൂർ ശിവക്ഷേത്രം
70. തൃപ്പാളൂർ മഹാദേവക്ഷേത്രം
71. പെരുന്തട്ട മഹാദേവക്ഷേത്രം
72. തൃത്താല മഹാദേവക്ഷേത്രം
73. തിരുവാറ്റാ മഹാദേവക്ഷേത്രം
74. വാഴപ്പള്ളി മഹാക്ഷേത്രം
75. ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
76. അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
77. തിരുനക്കര ശിവക്ഷേത്രം
78. അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
79. പട്ടണക്കാട് മഹാദേവക്ഷേത്രം
80. ഉളിയന്നൂർ മഹാദേവക്ഷേത്രം
81. കിള്ളിക്കുറിശ്ശി മംഗലം മഹാദേവക്ഷേത്രം
82. പുത്തൂർ മഹാദേവക്ഷേത്രം
83. ചെങ്ങന്നൂർ മഹാദേവക്ഷേത്രം
84. സോമേശ്വരം മഹാദേവക്ഷേത്രം
85. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
86. കൊട്ടാരക്കര മഹാദേവക്ഷേത്രം
87. കണ്ടിയൂർ മഹാദേവക്ഷേത്രം
88. പാലയൂർ മഹാദേവക്ഷേത്രം
89. തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം
90. നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
91. മണ്ണൂർ മഹാദേവക്ഷേത്രം
92. തൃശ്ശിലേരി മഹാദേവക്ഷേത്രം
93. ശൃംഗപുരം മഹാദേവക്ഷേത്രം
94. കരിവെള്ളൂർ മഹാദേവക്ഷേത്രം
95. മമ്മിയൂർ മഹാദേവക്ഷേത്രം
96. പറമ്പുന്തളി മഹാദേവക്ഷേത്രം
97. തിരുനാവായ മഹാദേവക്ഷേത്രം
98. കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
99. നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
100.കോട്ടപ്പുറം മഹാദേവക്ഷേത്രം
101.മുതുവറ മഹാദേവക്ഷേത്രം
102.വെളപ്പായ മഹാദേവക്ഷേത്രം
103.കുന്നത്തളി ശിവക്ഷേത്രം
104.തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
105.പെരുവനം മഹാദേവക്ഷേത്രം
106.തിരുവാലൂർ മഹാദേവക്ഷേത്രം
107.ചിറയ്ക്കൽ മഹാദേവക്ഷേത്രം
108.കൊടുമ്പൂർ  മഹാദേവക്ഷേത്രം


ഇതൊന്നുമെന്റേതല്ല. ഈ കുറിപ്പുകള്‍ പണ്ടുവായിച്ചതും കേട്ടറിഞ്ഞതും പിന്നെ ഇന്റെര്‍നെറ്റില്‍ നിന്നും പരതിയെടുത്തതുമായ കുറേയേറേ കാര്യങ്ങളുടെ സംക്ഷിപ്തരൂപമാണു. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാവാം. അറിയാവുന്നവര്‍ തിരുത്തിത്തരുക...

ശ്രീക്കുട്ടന്‍..

Thursday, October 24, 2013

സുനന്ദയുടെ അമ്മ

"എടീ സുനന്ദേ എന്തൊരുറക്കമാടീയിത്. എത്രനെരംകൊണ്ട് വിളിക്കുന്നു. സമയമെത്രയായീന്ന്‍ വല്ല വിചാരോമൊണ്ടോ. ആ ചായപ്പാത്രമെടുത്ത് ഒരിത്തിരി വെള്ളമനത്തണോന്നോ അടുപ്പിലെന്തെങ്കിലും കേറ്റണമെന്നോ വല്ല ചിന്തയുമൊണ്ടോന്നു നോക്കിയേ. ഈ മൂധേവി നാളെയേതെങ്കിലും വീട്ടീച്ചെന്നുകേറുമ്പം അവര് എന്നെയായിരിക്കുമല്ലോ ദൈവമേ തെറിവിളിക്കുക"

പതിവുപോലെതന്നെ മാധവിയമ്മ ഒച്ചയെടുത്തുകൊണ്ട് പാത്രം തേച്ചുകഴുകല്‍ തുടര്‍ന്നു.

പുതച്ചിരുന്ന കൈലി എടുത്തുമാറ്റിയിട്ട് കൈകാലുകള്‍ ഒന്നു നിവര്‍ത്തിക്കൊണ്ട് സുനന്ദ പായില്‍ എഴുന്നേറ്റിരുന്നു.

"ഈ അമ്മച്ചിക്ക് എന്തിന്റെ കേടാ. ഒന്നൊറങ്ങാനും കൂടി സമ്മതിക്കുകേലല്ലോ. നേരം വെളുക്കും മുമ്പേ എണീറ്റിട്ട് കളക്ടറുദ്യോഗത്തിനൊന്നും പോകേണ്ടതല്ലല്ലോ. സുധാകരന്‍ സാറിന്റെ വീട്ടില് അടിച്ചുവാരാനും കഴുവാനായിട്ടും തന്നല്ലോ പോണത്"

ചായപ്പാത്രം കഴുകി വെള്ളമെടുക്കാനായി പുറത്തേയ്ക്കു വന്ന സുനന്ദ തലചൊറിഞ്ഞുകൊണ്ട് അമ്മയോടായ് പറഞ്ഞു.

"എന്താടീ ഒരു കൊറച്ചില് പോലെ. നിന്നെ ഇത്രേം വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ആ വീട്ടില് തൂത്തു തൊടച്ചിട്ടു തന്നാ. അല്ലാതെ മൂന്നാം വയസ്സില് നിന്നേം കളഞ്ഞേച്ച് എന്നേം വിട്ടു പോയ നിന്റെ തന്ത സുകുമാരന്‍ ആണോ ചെലവിനു തന്നുകൊണ്ടിരുന്നത്. മര്യാദയ്ക്കു പോയി ചായയിടെടീ. ഒരിച്ചിരി ചൂടുവെള്ളം കുടിച്ചേച്ചു വേണം പോകാന്‍. ഇന്ന് ഒത്തിരി നേരത്തേ ചെല്ലണമെന്ന്‍ സൌദാമിനി ചേച്ചി പറഞ്ഞിട്ടൊണ്ട്. അവിടുത്തെ കൊച്ചിനെ ഇന്നു കാണാനാരാണ്ടൊരുകൂട്ടര് വരുന്നുണ്ടത്രേ"

സുനന്ദയെ നോക്കി പറഞ്ഞിട്ട് അവര്‍ പാത്രം കഴുകല്‍ തുടര്‍ന്നു.

ചായ തിളപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സുനന്ദ അവളുടെ അച്ഛനെക്കുറിച്ചോര്‍ത്തു. ഇടയ്ക്കു ചിലപ്പോഴൊക്കെ അച്ഛന്‍ തന്നെ രഹസ്യമായി സ്കൂളില്‍ വന്നു കാണാറുണ്ട്. അമ്മയോട് ഇതേവരെയത് പറഞ്ഞിട്ടില്ല. പലപ്പോഴും പോകാന്‍ നേരം കയ്യില് കൊറച്ച് കാശുവച്ചുതരും. പക്ഷേ താനത് ഇതേവരെ മേടിച്ചിട്ടില്ല. തന്നേയും അമ്മയെയും ഉപേക്ഷിച്ചുപോയതെന്തിനാണെന്നു പലവുരു താന്‍ അച്ഛനോടു ചോദിക്കണമെന്നു കരുതിയിട്ടുണ്ട്. പക്ഷെ എന്തുകൊണ്ടോ തനിക്കതിനു കഴിഞ്ഞിട്ടില്ല. അച്ഛന്റെ മുഖത്ത് ചിലപ്പോഴൊക്കെ സങ്കടം വന്നു നിറയുന്നതുപോലെ തോന്നിയിട്ടുണ്ട്. എന്തിനായിരിക്കും അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയിട്ടുണ്ടാവുക?

"എടീ മൂധേവീ. നീ ഇതെന്നാ സ്വപ്നം കാണുവാ. ചായ തെളച്ചു കളയുന്നത് കണ്ടില്ലേ"

പാത്രങ്ങളുമായി അകത്തേയ്ക്കു വന്ന മാധവിയമ്മ സുനന്ദയെ ശകാരിച്ചിട്ട് പെട്ടന്ന്‍ ചായപ്പാത്രം വാങ്ങിവച്ചു.

"അമ്മേ ഞാനൊരു കാര്യം ചോദിച്ചാല്‍ അമ്മ മറുപടി പറയുമോ"

ഗ്ലാസ്സിലേയ്ക്കു പകര്‍ന്ന ചായയെടുത്തുകൊണ്ട് മാധവിയമ്മ മകളുടെ മുഖത്തേയ്ക്കു നോക്കി.

"എന്തുവാ ഇത്ര കാര്യായിട്ട് നെനക്കറിയേണ്ടത്?"

"അച്ഛന്‍ മടങ്ങിവന്നാല്‍ അമ്മ ഇനി ഈ വീട്ടില്‍ കേറ്റുമോ?"

ആ ചോദ്യം കേട്ട് ഒരു നിമിഷം അമ്പരന്നതുപോലെ നിന്ന മാധവിയമ്മ കയ്യിലെടുത്ത ചായഗ്ലാസ്സ് അതേപോലെ താഴെവച്ചിട്ട് അരയില്‍ ചുറ്റിയിരുന്ന മുഷിഞ്ഞ കൈലി ഉരിഞ്ഞെടുത്ത് അയയിലിട്ടിട്ട് മറ്റൊന്നെടുത്ത് അരയില്‍ ചുറ്റി. ചുമരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയില്‍ ഒന്ന് നോക്കി തലമുടി ഇടതുകൈകൊണ്ട് മാടിയൊതുക്കി.

"പറയമ്മേ. അച്ഛന്‍ വന്നാല്‍ അമ്മ വീട്ടില്‍ കേറ്റുമോ?".

"ഒരു കൊച്ചിനേമൊണ്ടാക്കി തന്ന്‍ അതൊന്ന്‍ പിച്ചവയ്ക്കാറാകും മുമ്പ് എല്ലാം കളഞ്ഞിട്ട് ഇവിടുന്ന്‍ പോയ മനുഷ്യനാണ്. ഞാനെന്തു തെറ്റു ചെയ്തിട്ടാ അങ്ങിനെ പോയത്?. ഒരു ജോലിയ്ക്കും പോകാതെ കള്ളും കുടിച്ച് ചീട്ടും കളിച്ചു മാത്രം നടന്ന അങ്ങേര് ഒരിക്കലും എന്നെ സ്നേഹത്തോടെയൊന്നു നോക്കീട്ടു കൂടിയില്ല. അറിയാവോ നെനക്ക്. ഒണ്ടാക്കിയിട്ട കൊച്ചും അതിന്റെ തള്ളേം വല്ലതും തിന്നോ കുടിച്ചോ എന്നൊന്നും അന്യോഷിക്കാന്‍ സമയമില്ലാതെ ഒണ്ടായിരുന്നതെല്ലാം വിറ്റുതൊലച്ച് ഒരു ദെവസം ഒന്നും പറയാതെ എറങ്ങിയെങ്ങോട്ടോ പോയി. ആ സാറിന്റെ വീട്ടിലെ അടുക്കളപ്പണി കിട്ടിയത്കൊണ്ട് പട്ടിണി കിടന്നു ചത്തില്ല."

മൂക്കുപിഴിഞ്ഞുകൊണ്ട് മാധവിയമ്മ തുടര്‍ന്നു.

"ഭര്‍ത്താവില്ലാതെ കൂട്ടിനാരുമില്ലാതെ ഒരു ചെറുപ്പക്കാരി ഒറ്റയ്ക്ക് കഴിയുന്നതില്‍ വിഷമം പൂണ്ട പല നല്ലവരും സഹായം നീട്ടിക്കൊണ്ട് വന്നിട്ടൊണ്ട്. എല്ലാം അതിജീവിച്ച് നിന്നെ പത്തുപതിനഞ്ച് വയസ്സുവരെ വളര്‍ത്താന്‍ ഞാന്‍ പെട്ട പാട്. അതെനിക്കേയറിയൂ. പത്തുപന്ത്രണ്ട് കൊള്ളം കണ്ട കൂത്തിച്ചികളുമായി നെരങ്ങിനടന്നിട്ട് ഇപ്പം ഒരു ഇല്ലാത്ത സ്നേഹോം പറഞ്ഞോണ്ട് വരാന്‍ അയാക്ക് എങ്ങിനെ കഴിയും. എനിക്ക് ഇത്രേം നാളില്ലാതിരുന്ന ഒരു ഭര്‍ത്താവിനെ ഇനി വേണ്ട. അങ്ങിനൊരാളില്ലാതെ തന്നെ നിന്നെ നോക്കാന്‍ പറ്റുമോന്ന്‍ ഞാനൊന്ന്‍ നോക്കട്ടെ". 

തലമുടി വാരിക്കെട്ടിക്കൊണ്ട് തോര്‍ത്തെടുത്തു തോളിലിട്ടിട്ട് മാധവിയമ്മ പുറത്തേയ്ക്കിറങ്ങി.

"പക്ഷേ എനിക്കെന്റെ അച്ഛനെ വേണം"

അകത്തു നിന്നും ഉറക്കെ സുനന്ദയുടെ വാക്കുകള്‍ കേട്ട മാധവിയമ്മ ഒരു നിമിഷം നിശ്ഛലമായി അവിടെ തറഞ്ഞു നിന്നു. പിന്നെ നിറഞ്ഞ മിഴികള്‍ കൈകളാല്‍ തുടച്ചുകൊണ്ട് അവര്‍ ഇടവഴിയിലൂടെ സുധാകരന്‍ സാറിന്റെ വീട്ടിലേയ്ക്ക് നടന്നു. ആ നടപ്പില്‍ അവരുടെ മനസാകെ കലുഷിതമായിരുന്നു. പാവം തന്റെ മകള്‍. പല കുത്തുവാക്കുകളും കേള്‍ക്കുന്നുണ്ടായിരിക്കും. അവള്‍ വല്യ കുട്ടിയായില്ലേ. എന്നിരുന്നാലും ആ മനുഷ്യന്‍ എന്തിനാണു തന്നെയും മകളേയും പെരുവഴിയില്‍ ഉപെക്ഷിച്ചുപോയത്. ഇനി ജീവിതത്തിലൊരിക്കലും ആ മുഖം തന്റെ കണ്മുമ്പില്‍ കാണാനിടവരുത്തരുതേ. മാടന്‍ നടയുടെ മുമ്പിലെത്തിയ മാധവി മനമുരുകി പ്രാര്‍ഥിച്ചു.

...................................................................................................................................................

തന്റെ കയ്യും പിടിച്ചു സ്നേഹത്തോടെ തന്നെ നോക്കുന്ന അച്ഛനെ സുനന്ദ ഒരു നിമിഷം ശ്രദ്ധിച്ചു. ആകെ കോലം കെട്ടപോലുണ്ട്. കഴിഞ്ഞ തവണ കണ്ടതിനെക്കാളും തളര്‍ന്നിരിക്കുന്നു.

"അച്ഛനെന്താ വീട്ടിലേയ്ക്കു വരാത്തത്?"

അയാള്‍ തന്റെ മകളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചുനോക്കി.

"അമ്മയ്ക്ക് സുഖമാണോ മോളേ?"

ആദ്യമായി അച്ഛന്‍ അമ്മയുടെ കാര്യം ചോദിച്ചപ്പോള്‍ സുനന്ദ ഒന്നമ്പരന്നു.

"അതെയച്ഛാ"

"അവള്‍ക്കെന്നോട് വല്യ വെറുപ്പായിരിക്കുമല്ലേ ഇപ്പോഴും. അല്ലെങ്കിലും ഞാനതര്‍ഹിക്കുന്നു. സാരമില്ല. എന്നെങ്കിലും നീ നിന്റമ്മയോടു പറയണം ഈ പാപി മാപ്പു ചോദിച്ചിരുന്നുവെന്നു. അമ്മയെ മോളൊരിക്കലും വിഷമിപ്പിക്കരുതു കേട്ടോ. അവള് പറയുന്നത് അനുസരിച്ച് നല്ല മിടുക്കിയായ് വളരണം. അവളു പാവമാണ്.അവളെ സങ്കടപ്പെടുത്തരുത്"

"ഇല്ലച്ഛാ. അച്ഛന്‍ വീട്ടിലേക്ക് വാ. അമ്മയ്ക്ക് വെറുപ്പൊന്നും കാണില്ല"


"മോളു ചെല്ല് ക്ലാസ്സു തൊടങ്ങാറായി."

അവളുടെ തലയില്‍ സ്നേഹപൂര്‍വ്വം തലോടിയിട്ട് അയാള്‍ പറഞ്ഞു. അവള്‍ സ്കൂളിനകത്തേയ്ക്കു നടന്നുപോകുന്നത് നോക്കി കുറേനേരം ആ നില്‍പ്പ് തുടര്‍ന്നിട്ട് അയാള്‍ പിന്തിരിഞ്ഞു നടന്നു.
..................................................................................
പതിവുപോലെ അമ്മയുടെ ശകാരം കേട്ടാണ് സുനന്ദ അന്നുമുണര്‍ന്നത്. സമയം ആറു മണി കഴിഞ്ഞിരിക്കുന്നു. മഴ ചെറുതായി പെയ്യുന്നുണ്ടെന്നു തോന്നുന്നു. പെട്ടന്നെഴുന്നേറ്റ അവള്‍ ചായപ്പാത്രത്തില്‍ വെള്ളമെടുത്ത് അടുപ്പത്തു വച്ചു. ചായ തയ്യാറാക്കി വാങ്ങിവച്ചപ്പോഴേയ്ക്കും മാധവിയമ്മ പാത്രങ്ങളെല്ലാം കഴുകിപ്പെറുക്കി അടുക്കളയിലേയ്ക്കു വന്നു. ഇന്നവര്‍ക്ക് കൊറച്ചു താമസിച്ചു പോയാല്‍ മതി. സുധാകരന്‍ സാറും കുടുംബവും ഉച്ചയാകുമ്പോഴേയ്ക്കെ എത്തുകയുള്ളൂ. പുറത്ത് മഴ ചെറുതായി ശക്തിപ്രാപിച്ചുത്തുടങ്ങിയിരുന്നു. ചായകുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണു മുറ്റത്താരുടേയോ ഒച്ച കേട്ടതുപോലെ തോന്നിയത്. ആരോ ഒന്നു വിളിച്ചതുപോലെ. 

"ഒന്നു പോയി നോക്കിയേടി ആരാണെന്ന്‍?" 

മാധവിയമ്മ മകളോടായി പറഞ്ഞു.

"എനിക്കു മേലാ. അമ്മ പോയി നോക്ക്. ഞാന്‍ ആദ്യം ഈ ചായയൊന്നു കുടിക്കട്ടെ".

ചുണ്ട് വക്രിച്ചുകാട്ടിക്കൊണ്ട് അവള്‍ ചായഗ്ലാസ് ചുണ്ടോടടുപ്പിച്ചു.

"എന്നോടായതുകൊണ്ട് കൊള്ളാം. നീ ഇതേപ്പോലെ കേറിച്ചെല്ലുന്നേടത്ത് കാട്ടിയാ അപ്പോ വിവരമറിയും"

ദേക്ഷ്യപ്പെട്ട് പറഞ്ഞുകൊണ്ട് മാധവിയമ്മ അടുക്കളയില്‍ നിന്നുമിറങ്ങി ഇറയത്തെയ്ക്കു പോയി.

"വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍ ഓര്‍മ്മകളേ ....."

ചായകുടിച്ചശേഷം സുനന്ദ തന്റെ ഇഷ്ടഗാനം പാടിക്കൊണ്ട് ചോറുവയ്ക്കാനായിട്ട് കലമെടുത്ത് കഴുകി അതില്‍ വെള്ളം നിറച്ച് അടുപ്പില്‍ വച്ചു തീകത്തിച്ചു. ഇറയത്തേയ്ക്ക് പോയ അമ്മയെ കുറേയേറെ നേരമായിട്ടും കാണാഞ്ഞതുകൊണ്ട് അവള്‍ പെട്ടന്ന്‍ ഇറയത്തേയ്ക്കു ചെന്നു. തന്റെ മുമ്പില്‍ കാണുന്ന കാഴ്ച കണ്ട സുനന്ദ അത്ഭുതസ്തബ്ധയായി ഒരു നിമിഷം വാതില്‍പ്പടിമേല്‍ തറഞ്ഞു നിന്നു. അവള്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇറയത്ത് ബെഞ്ചിലിരിക്കുന്ന അച്ഛന്റെ മടിയില്‍ തലവയ്ച്ച് മയങ്ങിയിരിക്കുന്ന അമ്മയെ അവള്‍ കണ്ണെടുക്കാതെ നോക്കി നിന്നു. അമ്മയുടെ കവിളുകളില്‍ കൂടി കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ശബ്ദമില്ലാതെ അമ്മ കരയുകയാണ്. അച്ഛന്റെ കൈകള്‍ അമ്മയെ ചേര്‍ത്തുപിടിച്ചിരിയ്ക്കുന്നു. അച്ഛനോടുള്ള എല്ലാ പിണക്കങ്ങളും ഒറ്റ നിമിഷം കൊണ്ട് മറന്നപോലെ അമ്മ ആ കൈകള്‍ക്കുള്ളിലേയ്ക്കു ചുരുണ്ടുകൂടിയിരിയ്ക്കുന്നു. ആ നിമിഷത്തിന്റെ സന്തോഷസാക്ഷിയെന്നോണം മഴ ശക്തിപ്രാപിച്ച് തിമിര്‍ത്തുപെയ്യുകയാണു. ഒന്നുരണ്ട് നിമിഷം കൂടി ആ നിലയില്‍ നിന്നശേഷം ആ സ്വര്‍ഗ്ഗത്തില്‍ നിന്നും ശബ്ദമുണ്ടാക്കാതെ സുനന്ദ മെല്ലെ അടുക്കളയിലേയ്ക്കു മടങ്ങി.


അടുപ്പിലെ തീ  ഊതിക്കത്തിയ്ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞിരുന്നു. അത് അടുപ്പിലെ പുക കണ്ണിലടിച്ചതുകൊണ്ടായിരുന്നില്ല. അടുപ്പില്‍ നന്നായി തീപിടിച്ചപ്പോള്‍ അവള്‍ അടുക്കളവാതില്‍ തുറന്ന്‍ പുറത്തെ മഴയിലേക്കിറങ്ങി. ഇറയത്തെ സന്തോഷത്തിന്റെ സാക്ഷികളായ മഴത്തുള്ളികളെ അവള്‍ തന്റെ മുഖത്തേയ്ക്കേറ്റി. ആ മഴത്തുള്ളികള്‍ക്കൊപ്പം അല്‍പ്പം ഉപ്പുരസവും കലര്‍ന്നൊഴുകിയിറങ്ങി ഭൂമിയിലേക്ക്........

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

ശ്രീക്കുട്ടന്‍

Tuesday, October 22, 2013

മൊഴികള്‍..മൊഴിമുത്തുകള്‍..

എന്തെഴുതുക എന്ന ചോദ്യം എന്നെ വല്ലാതെ വേട്ടയാടുന്നു. എന്തെഴുതിയാലും ആവര്‍ത്തനങ്ങള്‍ വന്നതിനെ കൊന്നു കുഴിച്ചുമൂടുന്നു. ഇപ്പോളീ കോറിയിട്ടിരിക്കുന്നത് പലപ്പോഴായി ചിതറിത്തെറിച്ചുപോയ ചില ചിന്തകളുടെ ബാക്കിപത്രമാണ്. അല്ലാതെ പുതുതായൊന്നു സൃഷ്ടിക്കുവാന്‍ മാത്രം നിറഞ്ഞുതുളുമ്പുന്നതല്ലയെന്റെ പേന....


1. പ്രണയത്തിന്റെ അവസാനത്തെ അറ്റമാണ് കുഞ്ഞുങ്ങള്‍. പ്രണയമവസാനിക്കുന്നതിന്റെ അടയാളങ്ങളും..

2. ആത്മാക്കള്‍ക്ക് വായുണ്ടായിരുന്നുവെങ്കില്‍ പല മക്കളുടേയും മുഖം തുപ്പല്‍ നിറഞ്ഞ കോളാമ്പിപ്പാത്രങ്ങളായേനേ.

3. ആരെയെങ്കിലും അപമാനിക്കണമെന്ന്‍ ആത്മാര്‍ത്ഥമായുമാഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ മരണശേഷം ഒരു പ്രതിമയുണ്ടാക്കി വഴിയരുകില്‍ എവിടെയെങ്കിലും സ്ഥാപിച്ചാല്‍ മതി.

4. ഒരു കഴുതയെ പിടിച്ചു കെട്ടിയിട്ട് തല്ലിച്ചതച്ച് അതിനെക്കൊണ്ട് താനൊരു കുതിരയാണെന്ന്‍ സമ്മതിപ്പിക്കുന്നതാണ് ചിലരോട് തര്‍ക്കിക്കുവാന്‍ നില്‍ക്കുന്നതിനേക്കാളും ഭേദം..

5. എഴുത്തിന്റെ ഭാഷയുടെ മനോഹാരിത മൂലം എഴുതിവച്ചിരിക്കുന്നത് ഹൃദയം കൊണ്ട് വായിക്കപ്പെടും. 

6. ലഹരി സിരകളില്‍ ഒഴുകുമ്പോഴാണു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാതായി മാറുന്നത്.

7. ചില കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും ഒക്കെ ഒരുപാടൊരുപാട് താമസിച്ചുപോയി എന്ന തോന്നലുണ്ടാക്കിപ്പിക്കാറുണ്ട്. കുറച്ചെങ്കിലും നേരത്തേയായിരുന്നെങ്കില്‍ എന്ന്‍ അറിയാതെ കൊതിച്ചുപോകുന്ന ചില     സന്ദര്‍ഭങ്ങളുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന്‍ പറയുന്നത് ഒരു കണക്കിനു നോക്കിയാല്‍ നിരാശയില്‍ നിന്നുമുദിച്ച വാചകമായി മാത്രം കാണാനാകുന്നതാണ്..

8. വേദന മറ്റുള്ളവര്‍ക്കൊപ്പം പങ്കുവയ്ക്കുന്നവര്‍ സത്യത്തില്‍ സാഡിസ്റ്റുകളാണ്. തന്റെ ദുഃഖം മറ്റൊരാള്‍ കൂടി അനുഭവിക്കുന്നതുകണ്ട് അകമേ സന്തോഷിച്ച് ചിരിച്ച് പുറമേ കരച്ചില്‍ നടിക്കുന്ന ക്രൂരര്‍..

9. ഓര്‍മ്മകളെ കുരുതികൊടുത്ത് ഭൂതകാലം സൌകര്യപൂര്‍വ്വം മറക്കുന്നവനാണ് മനുഷ്യന്‍

10.നോവെപ്പോഴും ഒറ്റയ്ക്കനുഭവിച്ചു തീര്‍ക്കുന്നതാണു നല്ലത്. നോവിന്റെ കാഠിന്യം കുറവായിരിക്കുമപ്പോള്‍. നമ്മുടെ സങ്കടം മറ്റൊരാളോട് കൂടി പങ്കുവയ്ക്കാമെന്ന്‍ കരുതുമ്പോള്‍ നോവിന്റെ കാഠിന്യമിരട്ടിക്കും. 

11.സത്യത്തില്‍ എല്ലാവരും "എന്റെ" എന്ന ഒറ്റവാക്കിനെ പ്രണയിക്കുന്നവരാണ്. നാം മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നു എന്നു പറയുന്നത് തീര്‍ച്ചയായും ഒരു ഭംഗി പറച്ചില്‍ മാത്രമാണ്. മറ്റൊരാള്‍ക്ക് വേണ്ടി ആര്‍ക്കും ജീവിക്കാനാവില്ല. 

12.പ്രണയവും കടലും ഒരേപോലെയാണു. രണ്ടിലും നിറയെ ചുഴികളും മലരുകളും വേലിയേറ്റവും വേലിയിറക്കവും തിരയിളക്കങ്ങളും.ഉപ്പുരസത്തിനും കുറവൊട്ടുമില്ലതന്നെ. മുങ്ങിമരിക്കുവാനും അത്യുത്തമം..

13.ജീവിതം ഒരു വിഡ്ഡിക്കളിയാണ്. സ്വയം കോമാളികളാകുന്ന വിഡ്ഡിക്കളി. നമ്മളൊക്കെ അതിലെ പ്രാധാന്യമില്ലാത്ത വിഡ്ഡിവേഷങ്ങള്‍.

14.ഒരാള്‍ മാനിക്കപ്പെടുന്നതും അവമതിക്കപ്പെടുന്നതും അവന്റെ പ്രവര്‍ത്തികള്‍ കൊണ്ടാണെന്ന്‍ പറയുന്നത് നൂറുശതമാനം സത്യമായ കാര്യം തന്നെയാണു. 

15.കുടുംബമെന്നത് ഒരുമയുടെ ചുമരുകളാല്‍ നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. 

16.പൊതുവേ നാം എപ്പോഴും തൊട്ടടുത്തവീട്ടിലെ താമസക്കാരുടെ ജീവിതനിലവാരത്തിനോട് മാത്രം മത്സരിക്കുവാന്‍ വ്യഗ്രതയുള്ളവരാണ്. നമുക്കെന്തുണ്ട് എന്നതിലല്ല നമ്മുടെ ഉത്ക്കണ്ഠ മറിച്ച് അയല്‍പക്കക്കാരനെന്താണില്ലാത്തതെന്ന്‍ ഓര്‍ത്താണ് നമ്മുടെ ബേജാര്‍. പുവര്‍ ഗയ്സ്

17.ചോദ്യങ്ങള്‍ നേരിടുകയും അവയ്ക്ക് ഉത്തരങ്ങള്‍ തേടിയലയുകയുമാണ് ഓരോ മനുഷ്യ ജന്മത്തിന്റേയും നിയോഗം. പലരും ചോദ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നത് ഉത്തരം കണ്ടെത്താനോ നല്‍കാനോ ഉള്ള പ്രയാസം കൊണ്ട് കൂടിയാണ്.

18.ഒരുവന്‍ സുഹൃത്തായതുകൊണ്ട് അല്ലെങ്കില്‍ അവനെന്ത് കരുതുമെന്ന്‍ വിചാരിച്ച് അവന്‍ പറയുന്ന ഒരു ശരികേടിനെ തട്ടിക്കേള്‍ക്കാതിരിക്കുന്ന്ത് നിങ്ങള്‍ നിങ്ങളോട് തന്നെ വഞ്ചന ചെയ്യുന്നതിനു തുല്യമാണ്. വീണ്ടും വീണ്ടും ശരികേടുകള്‍ ചെയ്യുവാന്‍ അത്തരക്കാരെ പ്രേരിപ്പിക്കുന്നതും നമ്മുടെ ഇത്തരം കുറ്റകരമായ മൌനങ്ങളാണ്.

19.ചിത്രങ്ങളായി ചുമരുകളില്‍ തൂങ്ങാനും ശിലകളായി അടച്ചുമൂടിയ മുറികള്‍ക്കുള്ളിലുമിരിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് ദൈവങ്ങള്‍

20.മറ്റുള്ളവരൊരിക്കലുമറിയാന്‍ പാടില്ലാത്ത രഹസ്യങ്ങളുടെ കാവള്‍ക്കാരനാകുവാനുള്ള ഏറ്റവും എളുപ്പവഴിയാകുന്നു മരണം.

21.സൌന്ദര്യമെന്നത് നോക്കിക്കാണുന്ന കണ്ണുകളുടെ തെളിമയ്ക്കുള്ളില്‍ കെട്ടിയിടപ്പെട്ടുപോയ ശാപം പേറുന്നൊരു വാക്കു മാത്രമാണ്.

22.എത്ര തന്നെ ഒഴിവാക്കിയെന്ന്‍ മേനിപറഞ്ഞാലും ശരി ഒരുവന്‍ പിന്തുടര്‍ന്ന്‍ ശീലങ്ങള്‍ ആയുസ്സൊടുങ്ങുന്നതുവരെ അവനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കും.

23.എല്ലാവരും ഏകമായി ചിന്തിക്കുകയാണെങ്കില്‍ ഈ ലോകത്തൊരു ചുക്കും സംഭവിക്കുകയില്ല. വിഭിന്നരീതിയില്‍ ആള്‍ക്കാര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ലോകം നിരന്തരം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നത്.

24.നമ്മുടെ ചില തീരുമാനങ്ങളെങ്കിലും തെറ്റായിരുന്നുവെന്ന്‍ മനസ്സിലാക്കുവാന്‍ നാം എത്രമാത്രം സമയക്കൂടുതലെടുക്കുന്നുവോ അത്രമാത്രം സങ്കീര്‍ണ്ണമായിരിക്കും ആ പ്രശ്നത്തിനുള്ള പരിഹാരമാര്‍ഗ്ഗം.

25.നഷ്ടപ്പെട്ടതിനെക്കുറിച്ചുമാത്രമോര്‍ത്ത് വിലപിച്ചു ജീവിതം തീര്‍ക്കുന്നവരെപ്പോലെ വിഡ്ഡികള്‍ ലോകത്തിലില്ല തന്നെ. നഷ്ടപ്പെടലുകളും അതിജീവനങ്ങളും നിറഞ്ഞതാണു ജീവിതമെന്ന സത്യം മനസ്സിലാക്കുക.

ശ്രീക്കുട്ടന്‍

Thursday, October 17, 2013

ലീല - ഒരു ചെറുവായന

വായനയ്ക്ക് ഏറ്റവും എളുപ്പവും സുഖകരവും കഥകളാണെന്നാണെനിക്ക് തോന്നുന്നത്. വളരെ വലിയൊരു കാര്യം ചുരുക്കം താളുകളിലായി പകര്‍ത്തിവയ്ക്കുന്നത് അല്‍പ്പം പണിപ്പെട്ട ഒന്നുതന്നെയാണ്. കഥയുടെ ആശയം മുഴുവന്‍ ചുരുക്കെഴുത്തിലേയ്ക്കൊതുക്കുമ്പോള്‍ വായനക്കാരെ മതിഭ്രമത്തിലാറാടിക്കുവാന്‍ കഥാകാരനു കഴിയും. പല കഥകളും വളരെ വലിയ വായനയും ചര്‍ച്ചയുമാകുന്നതും ചിലവ അവഗണനയുടെ ചവറ്റുകുട്ടയില്‍ പതിക്കുന്നതും ഈ ചുരുക്കെഴുത്തിന്റെ രീതിയുടെ അവലംബത്തില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ കൊണ്ടാണ്. ചില കഥകള്‍ വായിച്ചാല്‍ അറിയാതെ മനസ്സൊന്നു പിടഞ്ഞുപോകും. ചിലവ മനസ്സില്‍ നൂറു നൂറു ചോദ്യങ്ങളുയര്‍ത്തും.മറ്റു ചിലവയാകട്ടെ ചുണ്ടിലൊരു ചെറുപുഞ്ചിരിയുമുണര്‍ത്തും. മനസ്സിനെ സ്പര്‍ശിക്കാതെ കടന്നുപോകുന്നവയും ധാരാളം.

അല്‍പ്പം അവിശ്വസനീയതയോടെയും അമ്പരപ്പോടെയും മാത്രം വായിച്ചു തീര്‍ക്കാനാവുന്ന ഒന്നാണ് ഉണ്ണി ആര്‍ എഴുതിയ ലീല എന്ന കഥ. ഒരു വേള അടുത്തകാലത്ത് വായിച്ചതില്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയ ഒരു രചന.

ഈ കഥയിലെ ലീല നവകാലഘട്ടത്തിലെ ഉപഭോഗവസ്തുവായി മാത്രം കരുതപ്പെടുന്ന പെണ്‍ വര്‍ഗ്ഗത്തിന്റെ ഇളമുറപ്രതീകമാണ്. പ്രതികരണശേഷിയോ സ്വന്തം തീരുമാനങ്ങളോ ഇല്ലാത്ത ചൂണ്ടപ്പെടുന്ന വിരലിന്റെ ചലനത്തിനനുസരിച്ച് പാവകൂത്ത് നടത്തുന്നൊരു ജീവനുള്ള പാവ മാത്രമാണ് ലീല. സംരക്ഷിക്കേണ്ടവന്റെ കൈവിരലുകള്‍ തന്നെ ചലനനിയന്ത്രണോപാധിയാകുമ്പോള്‍ നിര്‍വ്വികാരമായിപ്പോകുന്ന ജന്മമായി ലീലയും മാറുന്നു. അതുകൊണ്ട് തന്നെ അവള്‍ക്ക് സംസാരഭാഷയും വശമില്ല. ദയനീയ നോട്ടങ്ങളും നിര്‍വ്വികാരചലനങ്ങളും അനുസരണയുടെ മൂര്‍ത്തിമദ്ഭാവവുമായി ഒരടിമപ്പെണ്ണിനെപ്പോലെ ലീല തന്റെ വേഷം കെട്ടിയാടുന്നു. സത്യത്തില്‍ ലീല എന്നത് വിളിപ്പേരുമാത്രമാണ്. ഈ കഥയിലെ ചെറിയ പെണ്‍കുട്ടിക്ക് കഥാനായകനായ കുട്ടിയപ്പന്‍ തന്നെ പകര്‍ന്ന്‍ നല്‍കിയതാണ് ലീല എന്ന പേര്. ലീല എന്ന വാക്കിനു പലവിധ അര്‍ത്ഥങ്ങളുണ്ടല്ലോ. കുട്ടിയപ്പനു തോന്നിയ വിനോദോപാധിയുടെ ബാക്കിപത്രമായിരുന്നതിനാല്‍ ലീല എന്ന പേര്‍ തികച്ചും ഉചിതം തന്നെ.

ലീലയിലേക്കെത്തുന്നതിനു അല്ലെങ്കില്‍ ലീലയുടെ ദുരന്തം പൂര്‍ണ്ണമായും വരച്ചു വയ്ക്കണമെങ്കില്‍ അത് കുട്ടിയപ്പനില്‍ നിന്നും ആരംഭിച്ചാല്‍ മാത്രമേ പറ്റുകയുള്ളൂ.

കുട്ടിയപ്പന്‍..

ഇത്രമാത്രം വിചിത്രമായ കാമനകള്‍ വച്ചുപുലര്‍ത്തുന്നൊരാള്‍ ഉണ്ടാകുമോ ആവോ! തീര്‍ച്ചയായും കുട്ടിയപ്പന്‍ അതിവൈചിത്ര്യങ്ങളുടെ ആകെത്തുകയായിരുന്നു. തന്തയുണ്ടാക്കിയിട്ടിരിക്കുന്ന സ്വത്ത് ചിലവാക്കി രസിക്കുന്ന കുട്ടിയപ്പന്റെ പല നടപടികളും ചിന്തകളും ആരിലും അത്ഭുതഭാവം ജനിപ്പിക്കുന്നതായിരുന്നു. ദിനവും കോണിപ്പടികയറി ചായയും കൊണ്ടു വരുന്ന ഏലിയാമ്മച്ചേടത്തിയെ നോക്കിയിരുന്നപ്പോള്‍ കുട്ടിയപ്പനു ഒരു രസം കയറുകയും നാളെ മുതല്‍ പുറത്ത് ജനലിനരികില്‍ ഒരു കോണി ചാരിവച്ച് അതുവഴി കയറി ചായ കൊണ്ടു തന്നാല്‍ മതിയെന്ന്‍ കുട്ടിയപ്പന്‍ ആജ്ഞാപിച്ചതിന്‍പടി പാവം ഏലിയാമ്മ കോണിയില്‍ പിടിച്ചുകയറി ചായ കൊണ്ടുകൊടുക്കാന്‍ ശ്രമിക്കുകയും നടുതല്ലിവീണ് ഒടിവും ചതവുമായി കിടക്കുകയും ചെയ്തതാണ് സമീപ ചരിത്രം. ഏലിയാമ്മചേടത്തി ശമ്പളത്തോടുകൂടിയുള്ള ബഡ് റെസ്റ്റിലാണെന്നാണ് കുട്ടിയപ്പന്റെ പക്ഷം.

സ്ത്രീകള്‍ വീക്ക്നെസ്സ് ആയ കുട്ടിയപ്പന്‍ ആ വിഷയത്തില്‍ ധാരാളം പണം പൊടിച്ചുകളയുന്നുണ്ട്. സ്ത്രീകളോടുള്ള കുട്ടിയപ്പന്റെ സമീപനവും വിചിത്രമായ രീതിയിലായിരുന്നു. ഒരുദിവസം ഒരു പെണ്ണിനെക്കൊണ്ട് വന്ന്‍ തുണിയഴിപ്പിച്ചുകളഞ്ഞ് ശരീരമാകെ എണ്ണതേച്ചു പിടിപ്പിച്ച ശേഷം പുലരും വരെ നൃത്തം ചെയ്യിപ്പിച്ച കുട്ടിയപ്പന്‍ പുലര്‍ച്ചെ ധാരാളം കാശൊക്കെ കൊടുത്തുവിടുന്നു‍. മറ്റൊരിക്കല്‍ കൊണ്ടുവന്ന പെണ്ണിന്റെ മുന്നില്‍ നീണ്ടുനിവര്‍ന്ന്‍ പുതച്ചുകിടന്നിട്ട് താന്‍ മരിച്ചുവെന്നും തന്റെ തലയ്ക്കലിരുന്ന്‍ കരയണമെന്നും കുട്ടിയപ്പന്‍ പറഞ്ഞതുകേട്ട് അലമുറയിട്ട് കരഞ്ഞ പെണ്ണിനും കാശു ധാരാളം നല്‍കിയിട്ടുണ്ട്. ഇപ്രകാരം ഭ്രാന്തന്‍ ചിന്തയുമായി നടക്കുന്ന കുട്ടിയപ്പന് ഒരു രാത്രിയില്‍ പുതുതായി പൊട്ടിമുളച്ച ചിന്താഗതിയായിരുന്നു ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ ചേര്‍ത്തുവച്ച് ഒരു ചെറിയ പെണ്‍ കുട്ടിയെ ഭോഗിക്കണമെന്നത്. കുട്ടിയപ്പന്റെ സന്തതസഹചാരിയായ പിള്ളേച്ചനുമൊത്ത് കുട്ടിയപ്പന്‍ ആ ആഗ്രഹം സാധിക്കുവാന്‍ വേണ്ടിയിറങ്ങുകയാണ്.

പലവഴികളിലും നടന്നലഞ്ഞ് ഒടുവില്‍ കുട്ടിയപ്പന്‍ ലീലയിലേയ്ക്കെത്തുന്നു. അല്ല ലീലയുടെ അച്ഛനായ തങ്കപ്പന്‍ നായരിലേയ്ക്ക്. നിങ്ങളുടെ മകളെ ഒരാനയുടെ കൊമ്പിനിടയില്‍ ചേര്‍ത്തുവച്ച് എനിക്കൊന്നു ഭോഗിക്കാന്‍ വേണമെന്ന്‍ കുട്ടിയപ്പന്‍ പറയുന്നത് കേട്ട് നിന്നിട്ട് അതൊക്കെ വല്യ അപകടം പിടിച്ച പണിയല്യോ എന്ന്‍ തിരിച്ചു ചോദിക്കുന്ന തങ്കപ്പന്‍ നായരിലേക്ക്. മദ്യത്തിനും പണത്തിനും വേണ്ടി ജനിപ്പിച്ച മകളെ മറ്റൊരുവന് വേഴ്ചക്കായി നല്‍കുവാന്‍ യാതൊരു മടിയുമില്ലാത്ത നവകാല പടപ്പായ ഒരച്ഛനിലേയ്ക്ക്. വിഷാദമൂകയായിരിക്കുന്ന പെണ്‍കുട്ടിയുമായി പോയി അവള്‍ക്ക് വേണ്ട വസ്ത്രങ്ങളൊക്കെ കുട്ടിയപ്പന്‍ വാങ്ങിനല്‍കുന്നുണ്ട്. വണ്ടിയില്‍ വച്ച് അവളുടെ പേരു ചോദിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നത് കണ്ട് കുട്ടിയപ്പന്‍ തന്നെ അവള്‍ക്ക് നല്‍കുന്ന പേരാണു ലീല.

പൂര്‍ണ്ണനഗ്നയായി ആനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ന്ന്‍ നില്‍ക്കുന്ന ലീലയെ ഒന്നുഴിഞ്ഞു നോക്കിയശേഷം നഗ്നനായ കുട്ടിയപ്പന്‍ അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അവളെ ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഊര്‍ത്തിയെടുത്ത് പിന്തിരിഞ്ഞ് നടക്കാന്‍ ആരംഭിക്കുമ്പോള്‍ സര്‍വ്വദുരിതങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിടനല്‍കുവാനെന്നവണ്ണം കരിവീരന്റെ തുമ്പിക്കൈ നീണ്ട് വന്ന്‍ ആ കൊച്ചുശരീരത്തെ ചുറ്റിയെടുത്തു കൊമ്പുകളാലൊന്ന്‍ മൂര്‍ച്ചനോക്കി തറയിലേക്കിട്ട് തന്റെ ശരീരഭാരം അവളിലേക്കിറക്കിവയ്ക്കുമ്പോള്‍ ലീല പൂര്‍ണ്ണമാകുന്നു.

വായനയിലും പുനര്‍വായനയിലും നിരവധി അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു കഥയാണു ലീല. ലീല സത്യത്തില്‍ ഒരു പ്രതീകമാണ്. ഇന്നിന്റെ കണ്ണുനീര്‍ജന്മങ്ങളുടെ നേര്‍ പ്രതീകം. ജനിപ്പിച്ചവനോ കൂടെ ജനിച്ചവനോ കൂട്ടുകാരനെന്നോ രക്തബന്ധങ്ങളെന്നോ ഒന്നും വേര്‍തിരിവില്ലാതെ ഒരേയൊരു കണ്ണോടുകൂടി മാത്രം പെണ്ണിനെ നോക്കുന്ന നവകാലഘട്ട പുരുഷജന്മങ്ങളുടെ പ്രതീകമാണ് തങ്കപ്പന്‍ നായര്‍ എന്ന അച്ഛന്‍. കുട്ടിയപ്പനെ ഈ ചേരിയില്‍ കൂട്ടാനാവുമോ എന്നത് സംശയമാണ്. അതിസങ്കീര്‍ണ്ണ മനസ്സുമായി നടക്കുന്ന കുട്ടിയപ്പനില്‍ മനുഷ്യഭാവം പലപ്പോഴും തെളിഞ്ഞുമിന്നുന്നുണ്ട്. ജീപ്പോടിച്ചുപോകവേ ബസ്സില്‍ നിന്നും തലപുറത്തേയ്ക്കിട്ടു നോക്കുന്ന കുഞ്ഞിനെയോര്‍ത്ത് കുട്ടിയപ്പന്‍ വല്ലാതെ ഉത്ക്കണ്ഠപ്പെടുന്നുണ്ട്. അതുപോലെ തന്നെ ലീലയോടും കുട്ടിയപ്പന്‍ ഇടപെടുന്നത്. മനസ്സിലുണര്‍ന്നൊരു വന്യകാമനയുടെ പൂര്‍ത്തീകരണത്തിനായി ആരും സഞ്ചരിക്കാത്തൊരു വഴിയിലൂടെ കുട്ടിയപ്പനൊന്നു പോയി നോക്കി. കുട്ടിയപ്പന്റെ സഹചാരിയായ പിള്ളേച്ചനും ഒരു പ്രതീകമാണ്. ലീലയുടെ അതേ പ്രായത്തിലുള്ള ഒരു മകള്‍ തനിക്കുമുണ്ടെന്ന്‍ ഇടയ്ക്കോര്‍ക്കുന്ന അയാള്‍ എന്നാല്‍ കുട്ടിയപ്പനെ പിന്തിരിപ്പിക്കുവാന്‍ കൂട്ടാക്കാതെ അയാള്‍ക്ക് വഴിപിന്തുടരുകയാണ് ചെയ്യുന്നത്.

അനിവാര്യമായ ദുരന്തമേറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ട ലീല മനസ്സില്‍ ഒരു കാരമുള്ളുപോലെ കുത്തിക്കയറിക്കൊണ്ടിരിക്കുന്നു. പ്രതിഷേധമോ സ്വയം രക്ഷയോ വശമില്ലാത്ത എത്രയെത്ര ലീലമാര്‍ നമ്മുടെ ചുറ്റും ജീവിച്ചൊടുങ്ങുന്നു. ലോകം നിലകൊള്ളുന്നത് തങ്കപ്പന്‍ നായര്‍മാര്‍ക്കും കുട്ടിയപ്പന്മാര്‍ക്കും മാത്രമായാണ്. ലീലമാര്‍ ആയിരക്കണക്കിനു പുതുതായി സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും..

(ഉണ്ണി ആറിന്റെ കഥകള്‍ എന്നപേരില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 25 ഓളം കഥകളില്‍ നിന്നും ഒരു കഥ. ഈ കഥ ലീല എന്നപേരില്‍ തന്നെ മലയാളത്തില്‍ ശ്രീ രഞ്ജിത്ത് സിനിമയാക്കുവാന്‍ പോകുന്നുവെന്ന്‍ പറയപ്പെടുന്നു)

ശ്രീക്കുട്ടന്‍

Tuesday, October 8, 2013

കൊടിയ പാപി

വീഴാതിരിക്കാനായി ഹര്‍ഷന്‍ മണ്‍ഭിത്തിയില്‍ തന്റെശരീരം താങ്ങിനിറു‍ത്തിയിട്ട് അഴിഞ്ഞുതുടങ്ങിയ ലുങ്കി ഉടുക്കുവാന്‍ ശ്രമിച്ചു. പലപ്രാവശ്യവും അതിനായി ശ്രമിച്ചു പരാജയപ്പെട്ട അവന്‍ ലുങ്കി തന്റെ കൈകൊണ്ട് വാരിപ്പിടിച്ചുകൊണ്ട് ആടിയാടി ഇടവഴിയിലൂടെ നടന്നു വീട്ടിന്റെ മുറ്റത്തേയ്ക്ക് കയറി. ഒരുപ്രാവശ്യം വീഴുവാനായി മുന്നോട്ടാഞ്ഞ അവന്‍ ശ്രമപ്പെട്ട് മുറ്റത്തുനിന്ന നെല്ലിമരത്തില്‍ പിടിച്ചപ്പോള്‍ ലുങ്കി പൂര്‍ണ്ണമായും അഴിഞ്ഞു തറയില്‍വീണു. കുറച്ചേറെനേരത്തെ ശ്രമഫലമായി ആ ലുങ്കി തപ്പിയെടുത്തു വീണ്ടുമരയില്‍ ചുറ്റിക്കൊണ്ടവന്‍ ഇറയത്തേയ്ക്കു കയറി. കത്തിയെരിയുന്ന ഉച്ചവെയിലും സിരകളെ ആവാഹിച്ചിരിക്കുന്ന ലഹരിയും ഒക്കെക്കൂടിയായപ്പോള്‍ പരിസരബോധം നഷ്ടപ്പെട്ടതുപോലെ അവന്‍ കണ്ണുകള്‍ മിഴിച്ച് എല്ലായിടവും ഒന്നു സൂക്ഷിച്ചുനോക്കി. കാഴ്ചകള്‍ കൃത്യമായി തെളിയുന്നില്ല. പുറത്തെങ്ങും ആരെയും കാണാഞ്ഞപ്പോള്‍ അവനു ചെറിയ സന്തോഷം തോന്നി. നാശം പിടിച്ച തള്ളയുടെ ചീത്തവിളി കേള്‍ക്കണ്ടല്ലോ. കാഴ്ചകള്‍ ആകെ മങ്ങിപ്പോകുന്നതുപോലെ. ബദ്ധപ്പെട്ട് കണ്‍പോളകള്‍ തുറന്നുപിടിച്ചവന്‍ വേച്ചുവേച്ച് തന്റെ മുറിയിലേക്കു കയറി. വിയര്‍ത്തു നാറിയ ഷര്‍ട്ടൂരി അയയില്‍ എറിഞ്ഞിട്ട് കട്ടിലിലേയ്ക്ക് മറിയാന്‍ ആഞ്ഞ അവന്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു. നേരെനില്‍ക്കാത്ത ശരീരത്തിന്റെ ഭാരം കട്ടിളപ്പടിയില്‍ ചാരിക്കൊണ്ടവന്‍ തന്റെ കട്ടിലിലേയ്ക്ക് തുറിച്ചുനോക്കി.

ലഹരി നുരഞ്ഞൊഴുകിക്കൊണ്ടിരുന്ന ഹര്‍ഷന് ആ കാഴ്ച വിശ്വസിക്കാനായില്ല. തന്റെ കിടക്കയില്‍ ആരോ ഒരു സ്ത്രീ കിടക്കുന്നുണ്ട്. ഒരു വശംചരിഞ്ഞ് മുഖം തലയിണയിലേക്ക് പൂഴ്ത്തിയുറങ്ങുകയാണ്. ഉടുത്തിരുന്ന വസ്ത്രം സ്ഥാനംമാറിക്കിടക്കുന്നതുമൂലം കാലുകളുടെ പകുതിയോളം പുറമേ കാണാമായിരുന്നു. ആ വെളുത്തുകൊഴുത്ത കാലുകളിലേക്കു നോക്കിയപ്പോള്‍ ശരീരത്തില്‍ മറ്റൊരു ലഹരികൂടി വ്യാപിക്കുന്നതായനുഭവപ്പെട്ട അവന്‍ നിയന്ത്രണം നഷ്ടപ്പെട്ട മനസ്സിനെ കയറൂരിവിട്ടുകൊണ്ട് പുറത്തേയ്ക്കൊന്നു ദൃഷ്ടി പായിച്ചു. ശേഷം ‍ ഉമിനീരിറക്കിക്കൊണ്ട് ആ രൂപത്തെ ഒന്നുകൂടി നോക്കി. തലയിണയില്‍ പൂഴ്ത്തിയിരിക്കുന്ന മുഖത്തിന്റെ ബാക്കി മറഞ്ഞുകിടക്കുന്ന ദാവണി അവനു മാറ്റുവാന്‍ തോന്നിയില്ല. നിയന്ത്രണം നഷ്ടപ്പെട്ട ചിന്തകള്‍ക്കും ബോധത്തിനും ആ രൂപത്തെ മനസ്സിലാക്കുവാന്‍ കഴിയുന്നുമില്ല. അല്ലെങ്കിലും അവന്റെ കണ്ണുകള്‍ ശരിക്കു പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലല്ലോ. പക്ഷേ അവന്റെ ശരീരത്തിനു ആ രൂപം എളുപ്പം മനസ്സിലായി. ശരീരമുഴുപ്പുകള്‍ വെളിപ്പെടുത്തിക്കൊണ്ടുകിടക്കുന്ന ആ രൂപമവനെ ഭ്രാന്തു പിടിപ്പിച്ചു. അവന്‍ ആ രൂപത്തിനു മീതേ തന്റെ ശരീരമമര്‍ത്തി. പിടഞ്ഞെഴുന്നേറ്റ് തന്നോട് എതിരിടാനൊരുങ്ങുന്ന കൈകളെ അവന്‍ തന്റെ ബലിഷ്ടമായ കൈകളാലമര്‍‍ത്തിപ്പിടിച്ചുകൊണ്ട് ദാവണിയാല്‍ മൂടിയ അവളുടെ മുഖത്തിനുനേരെ തന്റെ മുഖം പൂഴ്ത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ എതിര്‍പ്പുകളെല്ലാം തണുക്കുന്നതും രണ്ടുജോഡി കൈകള് തന്നെ വലയം ചെയ്യുന്നതും അവന്‍ അവ്യക്താമയൊരാനന്ദാനുഭൂതിയില്‍ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി അറിഞ്ഞ ഒരു അനുഭവത്തിന്റെ തീഷ്ണതയില്‍ മറ്റെല്ലാം മറന്നവന്‍ ആടിത്തിമര്‍ത്തു.

"എഴുന്നേറ്റുകുളിയ്ക്കെടാ നാറീ. കണ്ട കള്ളും ചാരായോം മോന്തീട്ടു വന്നു കെടന്നൊറങ്ങണ്. വീട്ടെച്ചെലവിനു വല്ലോം തരണോന്നൊണ്ടാന്ന്‍ നോക്കിയേ. കുടിച്ചു മുണ്ടും കോണാനുമില്ലാതെ കെടന്നൊറങ്ങാന്‍ തക്ക പ്രായം തന്നെ. അതെങ്ങനെ ആ തന്തേടയല്ലേ മോന്‍.എങ്ങിനെ നന്നാവാനാ?"‍

തള്ളയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും ചീത്ത വിളികളും കേട്ടാണ് ഹര്‍ഷന്‍ കണ്ണുതുറന്നത്. ആ കിടപ്പില്‍ത്തന്നെ കുറച്ചുനേരംകൂടി അവന്‍ കിടന്നു. സമയം സന്ധ്യകഴിഞ്ഞിരിക്കണം. അഴിഞ്ഞുപോയ കൈലി ശരീരത്തില്‍ മൂടിയിട്ടിരിക്കുകയാണ്. തള്ളയുടെ വേലയായിരിക്കും. കട്ടിലില്‍നിന്നെഴുന്നേറ്റ അവന്‍ കൈലിയെടുത്ത് അരയില്‍ ചുറ്റിയിട്ട് തലയിണയെടുത്ത് ചുമരില്‍ ചാരിവച്ച് അതിലേക്ക് ശരീരം ചേര്‍ത്തു. മേശപ്പുറത്തുനിന്നൊരു ബീഡിയെടുത്ത് ജന്നലിലിരുന്ന തീപ്പെട്ടി കൈയെത്തിയെടുത്ത് ബീഡികത്തിച്ചു പുകയുള്ളിലേക്കു വലിച്ചെടുത്തു. തലയ്ക്ക് കടുത്തഭാരംപോലെ. തലയുയര്‍ത്താനാകുന്നില്ല. പുകയൂതിപ്പറത്തിക്കൊണ്ടിരിക്കവേ പെട്ടന്നവന്റെയള്ളില്‍ ഉച്ചക്ക് സംഭവിച്ച കാര്യങ്ങള്‍ ചെറുതായി തെളിഞ്ഞുവന്നു. സംഭവിച്ചതെന്താണെന്ന് വ്യക്തമായോര്‍മ്മിച്ചെടുക്കുവാന്‍ കഴിയാതെ അവന്റെ ഉള്ളം കുഴങ്ങി. ആരായിരുന്നത്? കട്ടിലില്‍ നിന്നെഴുന്നേറ്റ അവന്‍ നെറ്റിയില്‍ ശക്തിയായി അമര്‍ത്തിപ്പിടിച്ചു. തലയാകെ പൊട്ടിപ്പിളരുന്നതുപോലെ. ഒന്നു കുളിച്ചാല്‍ ശരിയാവുമെന്ന്‍ ചിന്തിച്ച ഹര്‍ഷന്‍ തോര്‍ത്തുമെടുത്തു കിണറ്റിന്‍കരയിലേയ്ക്കു നടന്നു. തലവഴി തണുത്തവെള്ളം പലവട്ടം കോരിയൊഴിക്കുമ്പോഴും പകലത്തെ കാര്യമോര്‍ത്ത് അവന്റെ ഉള്ളം ചൂടുപിടിച്ചുകൊണ്ടിരുന്നു. ഒരു സ്വപ്നംപോലെ അവനെല്ലാം തോന്നി. ഈ നശിച്ച കള്ളുകുടിമൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇനിമുതല്‍ ഇതിനൊരു നിയന്ത്രണം വരുത്തിയേ മതിയാവൂ. തല തുവര്‍ത്തി വന്ന അവന്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന്‍ ചീര്‍പ്പെടുത്ത് തലകോതി.

"ഡാ നിനക്ക് കട്ടന്‍ ചായവേണോ?"

അടുക്കളവാതിലില്‍നിന്നു തല പുറത്തേയ്ക്കിട്ടുകൊണ്ട് വിജയ ഹര്‍ഷനോട് വിളിച്ചു ചോദിച്ചു.

"വേണ്ട ചേച്ചീ"

കണ്ണാടിയില്‍നിന്നു മുഖംമാറ്റാതെ ഹര്‍ഷന്‍ മറുപടി പറഞ്ഞു.

"ഹൊ..കട്ടന്‍ചായ കുടിക്കണ പൊന്നുമോന്‍. ഇച്ചിരി ചാരായം ഒണ്ടെങ്കില്‍ ഒഴിച്ചുകൊടടി. അവനതല്ലേ കുടിക്കൂ"

അവജ്ഞയോടെ പറയുന്ന അമ്മയെ ഒന്നു തറപ്പിച്ചുനോക്കിയിട്ട് അവന്‍ ഷര്‍ട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.

"കഴ്വേറീടമോന്‍ വീണ്ടും പോവേണ്. സമയം സന്ധ്യകഴിഞ്ഞു. പകലു മോന്തിയതു പോരായിരിക്കും. കുടിച്ചു കുന്തം മറിഞ്ഞിങ്ങു വന്നേക്ക് നീ. നെനക്കു ഞാന്‍ ചോറു കൊഴച്ചു വച്ചേക്കാം. നീയൊന്നും ഒരു കാലത്തും കൊണം പിടിയ്ക്കുകേലടാ"

തന്റെ പുറകില്‍ കേള്‍ക്കുന്ന ശാപവചനങ്ങള്‍ ശ്രദ്ധിക്കാതെ അവന്‍ കവലയിലേയ്ക്കു നടന്നു.

ആ നടത്തത്തിനിടയിലും അവനെ ചൂഴ്ന്നുനിന്നത് പകല്‍നടന്ന കാര്യങ്ങളായിരുന്നു. അമ്മയോ വല്യേച്ചിയോ ഒന്നുമറിയാതിരുന്നതെത്ര നന്നായി. ആരായിരിക്കുമവള്‍? സുമതിവല്യമ്മേടെ മോളായിരിക്കുമോ?. അവളല്ലേലും ഇടയ്ക്ക് ചില കണ്ണും കലാശവുമൊക്കെ കാട്ടാറുണ്ട്. എന്നാലും പകല്‍ അവളെന്തിനായിരിക്കും തന്റെ മുറിയില്‍ വന്നുകിടന്നിട്ടുണ്ടാവുക?. ഇനി നാണിചേച്ചിയായിരിക്കുമോ?. അവര്‍ ഇടക്ക് വീട്ടില്‍ വരാറുണ്ടെങ്കിലും തന്റെ മുറിയില്‍ക്കയറി കട്ടിലില്‍ കിടന്നുറങ്ങുമോ?. ആലോചിച്ചു ഭ്രാന്തെടുത്ത അവന്‍ മെല്ലെ കുട്ടപ്പന്റെ ഷാപ്പിലേയ്ക്കു നടന്നു. ഒരു കുപ്പി നാടനടിച്ചിട്ടും അവന്റെ വെപ്രാളമവസാനിച്ചില്ല. കുഴഞ്ഞുമറിഞ്ഞ ചിന്തകളുമായി കായല്‍ക്കരയിലേയ്ക്കു നടന്നു കുറേയേറെസമയം അവിടെ ആകാശവും നോക്കിക്കിടന്ന അവന്‍ പാതിരാവാവാറായപ്പോഴാണ് വീട്ടിലേയ്ക്കു തിരിച്ചു നടന്നത്. ഇരുള്‍മൂടിക്കിടക്കുന്ന വീട്ടിലെത്തിയപ്പോള്‍ ലൈറ്റിടാതെ അവന്‍ തീക്കൊള്ളിയുരച്ചുകൊണ്ട് തന്റെ മുറിയിലേക്കു കയറി. ഭാഗ്യം തള്ളയും ചേച്ചിയുമൊക്കെ നല്ല ഉറക്കമാണ്. ഒച്ചയുണ്ടാക്കാതെ അവന്‍ ഷര്‍ട്ടൂരി അയയിലിട്ടിട്ട് കതകുചാരിയശേഷം മെല്ലെ കട്ടിലില്‍ക്കിടന്നു. പകല്‍ കുറേയേറെ ഉറങ്ങിയതുകൊണ്ട് ഉറക്കം വരാതെ അവന്‍ തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥതപ്പെട്ടുകൊണ്ടിരുന്നു.  കണ്ണുമടച്ച് ഉറങ്ങാനുള്ള ശ്രമം പലവട്ടം നടത്തിയെങ്കിലും എന്തോ ഒന്നവന്റെ മനസ്സിനെ വേവലാതിപ്പെടുത്തിക്കൊണ്ടിരുന്നു. ഉറക്കത്തിന്റെ കരങ്ങള്‍ ഏതോ ഒരു സമയത്തവനെ അനുഗ്രഹിച്ചപ്പോള്‍ അവന്‍ പെട്ടന്നൊന്നു ഞെട്ടി. തന്റെ ശരീരത്തില്‍ ഒരു കൈ ഇഴയുന്നതുപോലെ. ശബ്ദം പുറത്തുവരാനാവാത്തവിധം അവന്‍ പരിഭ്രമിച്ചുപോയിരുന്നു. ആ കൈകള്‍ അവന്റെ മാറിലാകെ പരതിനടക്കുകയും അവന്റെ മുഖത്ത് തടവുകയും ചെയ്തുകൊണ്ടിരുന്നു. ശരീരമാകെ തളരുന്നതുപോലെ തോന്നിയ ഹര്‍ഷന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. തന്റെ മുഖത്തിനടുത്ത് ചൂടു നിശ്വാസം പതിയ്ക്കുന്നതറിഞ്ഞ അവനു ശ്വാസം മുട്ടുന്നതുപോലെ തോന്നി.

"ഉച്ചയ്ക്കത്തെ ആ ആവേശമൊക്കെ ഇപ്പോളെവിടെപ്പോയി?"

തന്റെ ചെവിക്കരുകില്‍ പതിച്ച ആ ശബ്ദം ഒരു ഗുഹാമുഖത്തുനിന്നു വരുന്നപോലെ അവനുതോന്നി.

ആ ശബ്ദം .....ചിരപരിചിതമായ..ആ ശബ്ദം..!!

ഒരു ഞെട്ടലോടെ അവന്‍ ആ കൈകള്‍ തട്ടിമാറ്റിയിട്ട് തീപ്പെട്ടിക്കോലുരച്ചു. മുറിയില്‍പ്പരന്ന ചെറുപ്രകാശത്തില്‍ തന്റെ കട്ടിലില്‍ തന്റെയടുത്ത് കിടക്കുന്ന അളിനെക്കണ്ടവന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. മദ്യത്തിന്റെ സകല ലഹരികളും ഒരു നിമിഷം കൊണ്ടാവിയായിപ്പോയതുപോലെ. കട്ടിലില്‍ മലര്‍ന്നുകിടക്കുന്ന രൂപത്തെ അവിശ്വസനീയതയോടെ ഒരു നിമിഷം നോക്കിയിരുന്നിട്ട് ഒരലര്‍ച്ചയോടെയവന്‍ തന്റെ മുഖം പൊത്തിക്കൊണ്ട് മുറിയില്‍നിന്നു പുറത്തേയ്ക്കിറങ്ങിയോടി. പിറ്റേന്ന് കായലരുകത്തുള്ള ചീലാന്തി മരത്തിന്റെ ഒരു ശാഖയില്‍ തൂങ്ങിയാടിക്കൊണ്ടിരുന്ന തണുത്തുതുടങ്ങിയ ആ ശരീരത്തിന്റെ മുഖത്ത് താനൊരു കൊടിയ പാപിയാണെന്നെഴുതിവച്ചിരുന്നു.

ശ്രീ