Saturday, January 26, 2013

മഹാഭാരതം - ഭാഗം 3മഹാഭാരത കഥ ഒന്നു ചുരുക്കിപ്പറയുവാനായാണു ശ്രമിച്ചത്. പല പല കാര്യങ്ങളും വിട്ടുപോയിട്ടുണ്ടാവാം. എന്നിരുന്നാലും മനസ്സിലെ ഒരാഗ്രഹം. അതുകൊണ്ട് ഈ സാഹസത്തിനിറങ്ങിയതാണ്. ഈ ലേഖനത്തിന്റെ മുന്‍ ഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണു.

1. മഹാഭാരതം ഭാഗം - 1

2. മഹാഭാരതം ഭാഗം - 2


ദുര്യോധനന്റെ അഭ്യർത്ഥനയിൽ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളില്‍ സരസ്വതി നദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തില്‍ വച്ച് അഞ്ചോളം തലമുറകളിലെ  ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്ക ആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടയും നാമാവശേഷമായ ആ മഹായുദ്ധം അങ്ങിനെ ആരംഭിച്ചു.

യുദ്ധത്തിന്റെ ഒന്നാം ദിനം കൌരവസേനാധിപനായിരുന്ന ഭീഷ്മരെ ആദ്യമായി നേരിട്ടത് അര്‍ജ്ജുനപുത്രനായ അഭിമന്യുവായിരുന്നു. ഏറ്റവും പ്രായം കൂടിയവനും, കുറഞ്ഞവനും തമ്മിലാണ് ആദ്യ പോരാട്ടം തുടങ്ങിയത്. കൃതവർമ്മാവും, ശല്യരും ഭീഷ്മരെ സഹായിക്കാൻ എത്തി. അഭിമന്യു ക്ഷീണിക്കുന്നതു മനസ്സിലാക്കി മാതുലന്മാരായ ഉത്തരനും, ശ്വേതനും (വിരാടപുത്രന്മാർ) സഹായത്തിനെത്തി. യുദ്ധത്തിനൊടുവിൽ ശല്യർ ഉത്തരനേയും, ഭീഷ്മർ ശ്വേതനേയും വധിച്ചു. ഒന്നാം ദിവസത്തെ യുദ്ധത്തിൽ പാണ്ഡവസേനക്ക് കനത്തനാശം സംഭവിച്ചു.

രണ്ടാം ദിവസത്തെ യുദ്ധത്തില്‍ ഭീക്ഷ്മര്‍ അർജ്ജുനനുമായി ഏറ്റുമുട്ടി. അർജ്ജുനന്റെ പാശുപതാസ്ത്രത്തിന്റെ ശക്തിയിൽ കൗരവസേനക്ക് നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു. കുരുക്ഷേത്രത്തിന്റെ മറ്റൊരു വശത്ത് ദ്രോണരും ധൃഷ്ടദ്യുമ്നനും തമ്മിൽ ഉഗ്രപോരാട്ടം ആരംഭിച്ചു. പലപ്രാവശ്യം ദ്രോണർ പാഞ്ചാലപുത്രന്റെ വില്ലു മുറിച്ചു. അവശനായ ധൃഷ്ടദ്യുമ്നനെ ഭീമൻ തന്റെ രഥത്തിലേറ്റി രക്ഷപെടുത്തി. ഇതുമനസ്സിലാക്കി അവിടെ എത്തിച്ചേർന്ന് ദുര്യോധനൻ കലിംഗസേനയെ ഭീമനു നേരെ പ്രയോഗിച്ചു. ഭീമൻ ഒന്നൊഴിയാതെ എല്ലാ കലിംഗ പടയാളികളെയും രണ്ടാം ദിവസത്തെ യുദ്ധത്തിൽ കൊന്നൊടുക്കി. കൗരവപടയുടെ തിരിച്ചോട്ടം തടയുവാൻ ഭീഷ്മർ അവിടെ എത്തിയെങ്കിലും സാത്യകിയുടെ ബാണമേറ്റ് അദ്ദേഹത്തിന്റെ തേരാളി കൊല്ലപ്പെട്ടു. സാരഥിയില്ലാതെ ഭീഷ്മർ യുദ്ധക്കളത്തിൽ നിന്നും മാറിക്കളഞ്ഞു. ഭീമപുത്രനായ ഘടോത്ക്കചനും നകുല-സഹദേവന്മാരും ഏറ്റവും പുറകിലായി ധർമ്മപുത്രരും അവിടെ എത്തുകയും കൗരവരുടെ പല സൈന്യവ്യൂഹങ്ങളേയും ഇല്ലാതാക്കുകയും ചെയ്തു.

രണ്ടാം ദിവസം നേരിട്ട പരാജയഭാരത്താല്‍ വര്‍ദ്ധിത വീര്യത്തോടെ കൌരവപക്ഷം മൂന്നാം ദിനം യുദ്ധം നടത്തി. ഇരു കൂട്ടര്‍ക്കും കനത്ത സൈനികനാശമാണന്നേദിവസമുണ്ടായത്.

നാലാം ദിവസം ഭീമസേനനും, അഭിമന്യുവും ഇരുവശങ്ങളിലൂടെ കൗരവസേനയെ തകർത്തു മുന്നേറി. ഭീമനെ എതിരിടാൻ ദുര്യോധനൻ, അവന്റെ പതിമൂന്നനുജന്മാരേയും, ആയിരക്കണക്കിനു മത്തഗജങ്ങളേയും അവന്റെ നേർക്കയച്ചു. ക്രൂദ്ധനായ ഭീമൻ ഗദയുമായി തേരിൽ നിന്നും പുറത്തിറങ്ങി മുഴുവൻ ആനകളേയും, ദുര്യോധനന്റെ പതിമൂന്നനുജന്മാരെയും കൊന്നു. അനുജന്മാർ മരിച്ചതു കണ്ട് ദുര്യോധനൻ ഭീമനു നേർക്ക് പാഞ്ഞടുത്തെങ്കിലും കൂടുതൽ എതിർത്തു നിൽക്കാനാവാതെ യുദ്ധഭൂമിയിൽ നിന്നും അവൻ മാറിക്കളഞ്ഞു. ഇതിനിടയിൽ ഭീമനെ സഹായിക്കാനെത്തിയ പുത്രനായ ഘടോത്ക്കചനും നിരവധിപേരെ കൊന്നു. അന്നേ ദിവസം കുരുക്ഷേത്രയിലെ മറ്റൊരുവശത്ത് സ്വാലനും ധൃഷ്ടദ്യുമ്നനും തമ്മിൽ ഏറ്റുമുട്ടുകയും, സ്വാലനെ വധിക്കുകയും ചെയ്തു. അതിനുശേഷം ധൃഷ്ടദ്യുമ്നനോട് യുദ്ധം ചെയ്ത മാദ്രേശന്റെ അനുജന്മാരെയും അവൻ കൊന്നുകളഞ്ഞു. കനത്ത ആള്‍ നാശത്താല്‍ ഖിന്നനായ ധുര്യോധനന്‍ സേനാധിപതിയായിരുന്ന ഭീക്ഷ്മരെ ആക്ഷേപിക്കുകയുണ്ടായി.

അഞ്ചും ആറും ഏഴും ദിവസങ്ങളിലും നാശനഷ്ടങ്ങളുടെ തോതെടുക്കുമ്പോള്‍ കൌരവസേനയ്ക്കായിരുന്നു കനത്ത നഷ്ടമുണ്ടായിക്കൊണ്ടിരുന്നത്.എട്ടാം ദിവസം കനത്ത യുദ്ധമാണ് നടന്നത്. സകല കാര്യവും മുന്‍ കൂട്ടിക്കാണുന്ന കൃഷ്ണന്‍ അന്ന്‍ അര്‍ജ്ജുനനു നാഗകന്യജയില്‍ ജനിച്ച ഇരാവാനെ യുദ്ധരംഗത്ത് ഇടപെടുവാന്‍ നിര്‍ദ്ദേശിപ്പിക്കുകയും വില്ലാളിവീരനായ ഇരാവന്‍ നിരവധി പേരെ കാലപുരിക്കയക്കുകയും ചെയ്തു. ഭീമസേനന്‍ കൌരവരിലെ എട്ടുപേരെക്കൂടി അന്നു കൊലപ്പെടുത്തി. അന്നു വൈകുന്നേരമായപ്പോഴേയ്ക്കും എട്ടോളം അക്ഷൌഹിണിപ്പടകളുടെ സര്‍വ്വനാശത്തോടൊപ്പം ഇരാവനും മരിച്ചു വീഴുകയുണ്ടായി.

ഒന്‍പതാം ദിനം നടന്ന കടുത്ത യുദ്ധത്തില്‍ ഭീക്ഷ്മരുടെ ആയുധങ്ങളേറ്റ് അര്‍ജ്ജുനന്‍ മോഹാലസ്യപ്പെട്ട് വീഴുകയുണ്ടായി. ഭീക്ഷ്മര്‍ സേനാനായകനായിരിക്കുന്നിടത്തോളം കാലം വിജയം അകലെയായിരിക്കുമെന്ന്‍ അറിയാമായിരുന്ന കൃഷ്ണന്‍ പാണ്ഡവരെ അന്നു സൂര്യാസ്തമയത്തോടടുത്ത് യുദ്ധം നിര്‍ത്തിയപ്പോള്‍ പടകുടീരത്തില്‍ ചെന്ന്‍ ഭീക്ഷ്മരുടെ സഹായമഭ്യര്‍ത്ഥിക്കുവാന്‍ അയക്കുകയുണ്ടായി.അടുത്ത ദിവസം യുദ്ധം തുടങ്ങുമ്പോള്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യുവാന്‍ ഭീക്ഷ്മര്‍ പാണ്ഡവരെ ഉപദേശിച്ചു. അതിന്‍ പ്രകാരം പത്താംദിനം ശിഗണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധമാരംഭിക്കുകയും ശിഖണ്ഡിയെ കണ്ടമാത്രയിൽ ഭീഷ്മർ യുദ്ധം നിര്‍ത്തുകയും ഈ തക്കത്തിനു അര്‍ജ്ജുനന്‍ ഭീക്ഷ്മരെ അത്രങ്ങളാല്‍ എയ്തു നിറച്ച് ഒരു ശരശയ്യയിലെന്നപോലെ കിടത്തുകയും ചെയ്തു.


ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിച്ചു. തുടർന്നുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. ഈ സമയത്താണു കര്‍ണ്ണന്‍ യുദ്ധമുഖത്തെത്തുന്നത്. പതിനൊന്നാം ദിവസവും പന്ത്രണ്ടാം ദിവസവും യുധിഷ്ടിരനെ ജീവനോടെ പിടികൂടുന്നതിനായി ദ്രോണരുടെ നേതൃത്വത്തില്‍ കടുത്ത ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ കൃഷ്ണാര്‍ജ്ജുനന്മാരുടെ സമയോചിതമായ ഇടപെടലിനാല്‍ അവരുടെ ഉദ്ദേശ്യം നടക്കാതെ പോയി. അന്ത്രണ്ടാം ദിവസവും കൌരവസേനയ്ക്ക് കനത്ത നാശമുണ്ടായതോടെ അന്നു വൈകിട്ട് ധുര്യോധനാധികളും ദ്രോണരുമൊക്കെ കൂടി ചേര്‍ന്ന്‍ ആലോചിച്ചു പതിമൂന്നാം ദിനം പത്മവ്യൂഹം ചമച്ച് യുദ്ധമാരംഭിച്ചു. യുദ്ധമുഖത്തുനിന്നും അര്‍ജ്ജുനനെ ദൂരേയ്ക്ക് വേര്‍പെടുത്തി ദ്രോണര്‍ പാണ്ഡവസേനയെ നശിപ്പിച്ചു മുന്നേറാനാരംഭിച്ചു. അപകടാവസ്ഥ മനസ്സിലായ യുധിഷ്ടിരന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജ്ജുനപുത്രന്‍ അഭിമന്യു ചക്രവ്യൂഹം ഭേദിച്ചു ദ്രോണരോടെതിരിടാനാരംഭിച്ചു. സഹായികളായി നകുലസഹദേവന്മാരുമെത്തി. എന്നാല്‍ ജയദ്രഥന്‍ ഇവരെ സമര്‍ത്ഥമായി പ്രതിരോധിക്കുകയും അഭിമന്യു ചക്രവ്യൂഹത്തിനകത്ത് പെടുകയും ചെയ്തു. നാലുചുറ്റും വളഞ്ഞു നിന്ന്‍ കൌരവാധികളും ദ്രൊണരും ഒക്കെ അഭിമന്യുവിനോട് പോരാടി. നിരവധി പ്രമുഖരെ അഭിമന്യു കാലപുരിക്കയച്ചെങ്കിലും കൗരവ പ്രമുഖന്മാരെല്ലാവരും ചേർന്ന് ബാലനായ അഭിമന്യുവിനെ ചതിപ്രയോഗത്തിൽ കൊന്നു കളഞ്ഞു. തന്റെ പുത്രനെ കൊന്ന ജയദ്രഥന്റെ ശിരസ്സ് നാളെ സൂര്യാസ്തമയത്തിനു മുൻപു എയ്തുവീഴ്തുമെന്നും, അല്ലെങ്കിൽ ഗാണ്ഢീവത്തോടെ അഗ്നിയിൽ ചാടിമരിക്കുമെന്നും അര്‍ജ്ജുനന്‍ ശപഥം എടുത്തു.

പതിനാലാം ദിനത്തെ യുദ്ധവും അതിഭീകരമായി ആരംഭിച്ചു.കൗരവർ കമലവ്യൂഹവും അതിനുള്ളിൽ സൂചിവ്യൂഹവും ചമച്ച് (ഇരട്ടവ്യൂഹങ്ങൾ) ജയദ്രഥനെ അതിനുള്ളിൽ നിർത്തി. ജയദ്രഥനു ചുറ്റും ശല്യരും, കർണ്ണനും, അശ്വത്ഥാമാവും, കൃപാചാര്യരും കാവൽ നിന്നു. അതിനു മുൻപിലായി ഭൂരിശ്രവസ്സും, വൃക്ഷസേനനും സൂചിവ്യൂഹത്തിന്റെ പ്രവേശനഭാഗത്ത് കൃതവർമ്മാവും ജയദ്രഥനെ രക്ഷിക്കാൻ നിലയുറപ്പിച്ചു. അതിനു പുറത്ത് കമലവ്യൂഹം ചമച്ച് ദുര്യോധനനും, ദുശ്ശാസനനും ആരെയും ഉള്ളിൽ കടക്കാതിരിക്കാൻ അതിശക്തമായി കാവൽ നിന്നു. ഏറ്റവും പുറത്ത് ദ്രോണാചാര്യരും നിലയുറപ്പിച്ചു. ജയദ്രഥനെ ഇന്ന് സൂര്യാസ്തമയം വരെ രക്ഷിക്കുമ്പോൾ അർജ്ജുനൻ സ്വയം മരിച്ചു കൊള്ളുമെന്നുള്ള അർജ്ജുനശപഥം അവരെ കൂടുതൽ രക്ഷോമുഖന്മാരായി പ്രവർത്തിക്കുവാൻ കാരണമാക്കി.അർജ്ജുനന്റെ ലക്ഷ്യം ജയദ്രഥവധം മാത്രമായിരുന്നു. യുദ്ധഭൂമിയിൽ മുഴുവനും തിരഞ്ഞിട്ടും ജയദ്രഥനെ കണ്ടെത്താൻ പാർത്ഥനായില്ല. അവസാനം ജയദ്രഥൻ പത്മവ്യൂഹത്തിനുള്ളിലാണെന്നു മനസ്സിലാക്കി, ഭീമനും അർജ്ജുനനും ചേർന്ന് പത്മവ്യൂഹം തകർത്തു അകത്തുകടക്കാൻ ശ്രമിച്ചു. ധർമ്മപുത്രരുടെ നിർദ്ദേശത്തെത്തുടന്ന് സാത്യകിയും യുദ്ധക്കളത്തിൽ അർജ്ജുനനെ സഹായിക്കാൻ ഇതിനോടകം എത്തിച്ചേർന്നു. ദ്രോണരും, ദുര്യോധനനും, ദുശ്ശാസനനും ചേർന്ന് ഇവരെ അതിശക്തമായി എതിർത്തു. ഈ സമയം കൃഷ്ണൻ തന്റെ സുദർശന ചക്രത്താൽ സൂര്യബിംബത്തെ മറയ്ക്കുകയും സൂര്യാസ്തമയമായി എന്നു തെറ്റിധരിച്ച് ഏവരും യുദ്ധം മതിയാക്കി. കൗരവർ അർജ്ജുനന്റെ ആത്മാഹുതി കാണുവാൻ കൂട്ടത്തോടെ ഒത്തുകൂടി. അവസാനം ജയദ്രഥനും പുറത്തുവന്നു എന്നു മനസ്സിലാക്കിയപ്പോൾ കൃഷ്ണൻ സൂര്യന്റെ മറമാറ്റി സുദർശനത്തെ തിരിച്ചെടുത്തു. സമയം ഒട്ടുപാഴാക്കാതെ അർജ്ജുനനോട് അമ്പ് എയ്ത് ജയദ്രഥനെ നിഗ്രഹിക്കുകയും ചെയ്തു.

പതിനാലാംദിവസമാണു രാത്രിയുദ്ധമാരംഭിച്ചത്. യുദ്ധത്തില്‍ ഇരുഭാഗത്തേയും പ്രമുഖരും അസംഖ്യം സൈന്യവും കാലപുരിപൂകി. പതിനഞ്ചാം ദിനം യുദ്ധത്തില്‍ ദ്രോണര്‍ കൂടുതല്‍ അപകടകാരിയായി മാറി. ദ്രോണരുടെ മുന്നേറ്റത്തില്‍ ചകിതനായ യുധിഷ്ടിരന്‍ ആകെ ഭയപ്പെട്ടു. ഈ സമയം മുന്‍ കൂട്ടി നിശ്ചയിച്ചിരുന്നതുപോലെ പാണ്ഡവസൈന്യം അശ്വത്ഥാത്മാവ് കൊല്ലപ്പെട്ടു എന്നുറക്കെവിളിച്ചുകൂവാനാരംഭിച്ചു. തന്റെ പ്രീയപ്പുത്രന്റെ മരണവാര്‍ത്ത കേട്ട് തളര്‍ന്ന ദ്രോണര്‍ സത്യവാനായ യുധിഷ്ടിരനോട് കേട്ട വാര്‍ത്ത സത്യമാണോയെന്നന്യോഷിച്ചു. ഗുരോ! അശ്വത്ഥാമാവ് കഴുത്തറുത്ത് കൊല്ലപ്പെട്ടിരിക്കുന്നു എന്ന്‍ യുധിഷ്ടിരന്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അശ്വത്ഥാമാവ് എന്ന ആന എന്നുകൂടിപ്പറഞ്ഞു.ധർമ്മപുത്രർ ഒരിക്കലും കളവുപറയില്ല എന്നു നന്നായി അറിയാമായിരുന്ന ദ്രോണർ സങ്കടത്തോടെ നിൽക്കുമ്പോൾ ധൃഷ്ടദ്യുമ്നൻ ഓടിയടുത്തു, തന്റെ വാളിനാൽ ദ്രോണരുടെ തലയറുത്തു താഴെയിട്ടു.


ദ്രോണരുടെ മരണത്തെത്തുടർന്ന് പതിനാറാം ദിവസം രാവിലെ സൂര്യോദയത്തെ തുടർന്ന് ദുര്യോധനൻ സൂര്യപുത്രനെ സർവ്വസേനാധിപതിയായി കുംഭാഭിഷേകം ചെയ്തു. തുടർന്നുള്ള രണ്ടു ദിവസങ്ങൾ കർണ്ണനായിരുന്നു കൗരവസേനയ്ക്കു നേതൃത്വം നൽകിയത്.കർണ്ണൻ സേനാധിപതിയായിട്ടും കൗരവസേനയ്ക്കു വലിയപ്രയോജനം ഒന്നും വന്നില്ല. നകുലനും, സഹദേവനും ചേർന്ന് വംഗസേനയേയും, ഗാന്ധാരസേനയേയും തകർത്തു.

പതിനേഴാം ദിവസം ഭീമനും ദുശ്ശാസനനും കൂടി ഏറ്റുമുട്ടി. അതിഘോരമായ യുദ്ധത്തിനൊടുവില്‍ ദുശ്ശാസനനെ ഭീമന്‍ കൊന്നു. മാത്രമല്ല ദുര്യോധനന്റെ എഴുപത്തിഏഴ് അനുജന്മാരെയും കൊന്നൊടുക്കി.മദ്ധ്യാഹ്നശേഷം കർണ്ണനും അർജ്ജുനനും നേരിട്ട് ഏറ്റുമുട്ടി.മൊരുവേള കര്‍ണ്ണന്റെ ആയുധപ്രയോഗത്താല്‍ അര്‍ജ്ജുനനു ജീവഹാനി സംഭവിക്കും എന്ന ഘട്ടത്തില്‍ കൃഷ്ണന്‍ തന്റെ പെരുവിരലാല്‍ രഥം പൂഴിയില്‍ പൂഴ്ത്തുകവരെയുണ്ടായി. ഗുരുശാപം മൂലം അസ്ത്രപ്രയോഗം മറന്നു നിന്ന കര്‍ണ്ണനെ അര്‍ജ്ജുനന്‍ വധിക്കുക തന്നെ ചെയ്തു.കർണ്ണന്റെ മരണത്തെത്തുടർന്ന് ദുര്യോധനൻ പതിനെട്ടാംനാൾ രാവിലെ ശല്യരെ സർവ്വസേനാധിപതിയായി സ്ഥാനാഭിഷേകം ചെയ്തു. യുദ്ധത്തില്‍ യുധിഷ്ടിരനാല്‍ ശല്യര്‍ വധിക്കപ്പെട്ടു. സഹദേവനാല്‍ ശകുനിയും കൊല്ലപ്പെട്ടു.ഓടിപ്പോയ കൗരവപ്പടയെ അശ്വത്ഥാമാവും, കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് വീണ്ടും യുദ്ധഭൂമിയിലേക്ക് കൊണ്ടുവന്നു.അതിഭീകരമായ ഈ യുദ്ധത്തിൽ കൗരവപ്പട മുഴുവനും തകർന്നുപോയി. ആരോടു പറയാതെയാണ് യുദ്ധഭൂമി വിട്ട ധുര്യോധനന്‍ ദ്വൈപായനഹ്രദം എന്ന തടാകത്തില്‍ മുങ്ങിയിരിപ്പായി. എന്നാല്‍ അവിടേയെത്തിയ യുധിഷ്ടിരന്റെയും മറ്റും പരിഹാസവാക്കുകള്‍ കേട്ട തടാകത്തില്‍ നിന്നും കയറിവന്ന ധുര്യോധനന്‍ ഭീമസേനനുമായി ഗദായുദ്ധമാരംഭിക്കുകയും വളരെ നേരം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ ഭീമന്റെ അതിശക്തമായുള്ള ഗദാപ്രഹരമേറ്റ് തുടയെല്ലു പൊട്ടി ദുര്യോധനൻ വീണു.

വിവരങ്ങൾ അറിഞ്ഞ അശ്വത്ഥാമാവ് സ്യമന്തപഞ്ചകത്തിൽ എത്തിച്ചേർന്നു ദുര്യോധനനെ കണ്ടു. പാണ്ഡവരേയും അവരുടെ പുത്രന്മാരേയും, ധൃഷ്ടദ്യുമ്നനേയും എന്നുവേണ്ട സർവ്വമാന ആൾക്കാരെയും ഈ രാത്രിയിൽ തന്നെ കൊല്ലുമെന്നു അശ്വത്ഥാമാവ് ദുര്യോധനനു വാക്കുകൊടുത്തു. അതിനെത്തുടർന്ന് കൃപാചാര്യരുടെ നിർദ്ദേശത്താൽ ദുര്യോധനൻ കിടന്നകിടപ്പിൽ തന്നെ അശ്വത്ഥാമാവിനെ കൗരവസേനാധിപതിയായി വാഴിച്ചു. അന്നു രാത്രി യുദ്ധവിജയത്താല്‍ മതിമറന്നുറങ്ങിക്കിടക്കുകയായിരുന്ന പാണ്ഡവ സൈനികകൂടാരങ്ങളില്‍ കയറിയ അശ്വത്ഥാമാവ് സകലമാനമാൾക്കാരെയും നിർദ്ദയം കൊന്നൊടുക്കി. പകുതി ജീവനോടെ പുറത്തേക്ക് ഓടിയിറങ്ങിയവരെ പുറത്തുകാവൽ നിന്നിരുന്ന കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് കൊന്നു. യുദ്ധാനന്തരം ആകെയവശേഷിച്ചിരുന്ന പാഞ്ചാലിപുത്രന്മാരുല്‍പ്പെടെ എല്ലാവരും കൊല്ലപ്പെട്ടു.കുരുക്ഷേത്രയിലെ പടകുടീരത്തിൽ ഉറങ്ങിക്കിടന്ന എല്ലാവരേയും കൊന്നൊടുക്കിയ അശ്വത്ഥാമാവിനു പാണ്ഡവരെ അവിടെ കണ്ടെത്താനായില്ല. മൂന്നുപേരും വീണ്ടും പല തവണ പാണ്ഡവർക്കായി അവിടെ തിരച്ചിൽ നടത്തിയെങ്കിലും കാണാഞ്ഞതിനാൽ അവസാനം ആ കുടീരങ്ങൾ മുഴുവനും അവർ തീയിട്ടു നശിപ്പിച്ചു. പാണ്ഡവർ അവിടെ ഒളിച്ചിരുപ്പുണ്ടെങ്കിൽ തീയിൽ വെന്തു മരിച്ചോളും എന്നുകരുതിയാണ് പടകുടീരങ്ങൾക്ക് തീയിട്ടത്. അതിനുശേഷം ഈ സന്തോഷ വാർത്ത അറിയിക്കുവാൻ മൂന്നുപേരും ആ രാത്രിയിൽ തന്നെ ദുര്യോധനനികിടത്തിൽ ചെന്നു ചേർന്നു. സൂര്യോദയത്തിനു മുൻപു തന്നെ തിരിച്ചെത്തിയ മൂന്നുപേരും അവിടെ നടന്ന വിവരങ്ങൾ ദുര്യോധനനെ വിശദമായി അറിയിച്ചു. പാണ്ഡവരും ശേഷിച്ച മറ്റുള്ളവരും മരിച്ചുവെന്ന് കേട്ട് സന്തുഷ്ടനായ ദുര്യോധനൻ അശ്വത്ഥാമാവിനെ പ്രശംസിക്കാനും മടിച്ചില്ല. കുറച്ചുനാഴികകൾക്കു ശേഷം സുര്യോദയത്തിനു മുൻപായി ദുര്യോധനനും മരിച്ചു.

കോപാക്രാന്തനായ ഭീമൻ അശ്വത്ഥാമാവിനെ വധിക്കാൻ പുറപ്പെട്ടു. കൃഷ്‌ണൻ അർജ്ജുനനുമൊത്ത് ഭീമനു പുറകെ യാത്രതിരിച്ചു. അശ്വത്ഥാമാവിനെ കണ്ടുമുട്ടിയ ഭീമൻ അവനെ യുദ്ധത്തിനു വിളിക്കുകയും ഗംഗയിൽ കുളിച്ചുകൊണ്ടിരുന്ന അശ്വത്ഥാമാവ് ഭീമന്റെ വെല്ലുവിളി സ്വീകരിച്ച്‌ പുറത്ത്‌ വരികയും ഒരു പുൽക്കൊടി പറിച്ചെടുത്ത്‌ പാണ്ഡവകുലത്തെ മുഴുവനോടെ നശിപ്പിക്കാൻ കഴിവുള്ള ബ്രഹ്മാസ്‌ത്രം പ്രയോഗിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ എത്തിച്ചേർന്ന അർജ്ജുനനും മറ്റുപോംവഴികളില്ലാത്തതിനാൽ ബ്രഹ്മാസ്‌ത്രം പ്രയോഗിച്ചു. പക്ഷേ, ഈ രണ്ടു ബ്രഹ്മാസ്‌ത്രങ്ങളും കൂട്ടിമുട്ടിയാൽ ലോകം നശിക്കും എന്ന്‌ മനസ്സിലാക്കിയ കൃഷ്‌ണൻ, ബ്രഹ്മാസ്‌ത്രത്തെ തിരിച്ചുവിളിക്കാൻ ഇരുവരോടും നിർദേശിച്ചു. അർജ്ജുനൻ തന്റെ ബ്രഹ്മാസ്‌ത്രം പിൻവലിച്ചെങ്കിലും അശ്വത്ഥാമാവ് കൂട്ടാക്കിയില്ല. അതിനെതുടർന്ന് ദുരന്തം ഒഴിവായെങ്കിലും കൃഷ്‌ണൻ അശ്വത്ഥാമാവിനെ ശപിച്ചു. ദ്രൗപദിയുടെ ആഗ്രഹപൂർത്തിക്കായി ഭീമൻ അശ്വത്ഥാമാവിന്റെ ശിരസ്സിലെ ചൂഡാരത്നം ശിരസ്സു നൂഴ്ന്ന് എടുത്തു, പാഞ്ചാലിക്കു സമ്മാനിച്ചു. അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം അവന്റെ ആഗ്രഹപ്രകാരം ഗർഭിണിയായ ഉത്തരയുടെ വയറ്റിൽ പതിക്കുകയും ഗർഭസ്ഥശിശു മരണപ്പെടുകയും ചെയ്തു. കൃഷ്ണശാപം മൂലം ദേഹമാസകലം ചൊറിച്ചിലും മറ്റു ത്വക്‌ രോഗങ്ങളുമായി ചിരഞ്ജീവിയായ അശ്വത്ഥാമാവ്‌ യാത്ര തുടർന്നു.


പതിനെട്ടുനാൾ നീണ്ടുനിന്ന കുരുക്ഷേത്രയുദ്ധത്തെ അതിജീവിച്ചത് പന്ത്രണ്ടുപേർ മാത്രമായിരുന്നു. പാണ്ഡവപക്ഷത്ത് കൃഷ്ണനും, സാത്യകിയും, യുയുത്സുവും, പാണ്ഡവർ അഞ്ചുപേരുമായി എട്ടുപേർ മാത്രമായിരുന്നു കൗരവപക്ഷത്ത് നാലുപേർ മാത്രമാണ് പതിനൊന്ന് അക്ഷൗഹിണിപടയിൽ അവശേഷിച്ചത്. കൃപിയിൽ ദ്രോണർക്കു ജനിച്ച അശ്വത്ഥാമാവും, കൃപാചാര്യരും യുദ്ധത്തിൽ അവശേഷിച്ചിരുന്നു. ഇവർ രണ്ടുപേരും സപ്ത ചിരഞ്ജീവികളിൽ ഉൾപ്പെട്ടവരായിരുന്നതിനാൽ ഇരുവരയേയും മരണം തൊട്ടില്ല. ഇവരെ കൂടാതെ കൃതവർമ്മാവും, വൃഷകേതുവും യുദ്ധത്തിൽ മരിക്കാതെ അവശേഷിച്ചിരുന്നു.

തന്റെ നൂറു പുത്രന്മാരും, പുത്രിഭർത്താവും, അവരുടെ മക്കളും, സഹോദരനും എന്നുവേണ്ട സർവ്വ ബന്ധുജനങ്ങളും മരിച്ചതറിഞ്ഞ ഗാന്ധാരി കുരുക്ഷേത്ര യുദ്ധഭൂമി സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.തന്റെ നൂറു മക്കളുടെയും ദാരുണമരണം നേരിട്ടുകണ്ടു ആ മാതാവ് മൂന്നുപതിറ്റാണ്ടുകൾക്കുശേഷം നീയും നിന്റെ കുലവും തമ്മിൽ തല്ലിമരിക്കാനിടവരട്ടെ, നിനക്കും അതുമൂലം നാശം സംഭവിക്കട്ടെയെന്ന്‍ കൃഷ്ണനെ ശപിച്ചു. എല്ലാം കഴിഞ്ഞ് ഗാന്ധാരിയും ധൃതരാഷ്ട്രരും വനവാസത്തിനായി പുറപ്പെട്ടു. ഒപ്പം കുന്തിയും കൂടി. യുദ്ധം കഴിഞ്ഞ് 12 ആം നാള്‍ യുധിഷ്ടിരന്‍ ആചാര്യമര്യാദകളനുസരിച്ച് ഹസ്തിനപുരത്തിന്റെ രാജ്യഭാരം ഏറ്റെടുത്തു. അശ്വമേധയാഗവും മറ്റുമൊക്കെ നടത്തി  36 വർഷങ്ങൾ ചന്ദ്രവംശത്തിന്റെ ചക്രവർത്തിയായി രാജഭരണം നടത്തി.അതിനുശേഷം പൗത്രനായ പരീക്ഷിത്തിനെ രാജാവായി അഭിഷേകം നടത്തി പാണ്ഡവർ വനവാസം സ്വീകരിച്ചു.അചിരേണ കാലഗതിപൂകുകയും സ്വര്‍ഗാരോഹിതരാവുകയും ചെയ്തു.
യാഥാര്‍ത്ഥ്യം പരിശോധിക്കുകയാണെങ്കില്‍ പലപ്പോഴും പാണ്ഡവര്‍ പരാജിതരാകേണ്ടുന്ന പല ഘട്ടങ്ങളിലും അവരെ സഹായിച്ചിട്ടുള്ളത് കൃഷ്ണനാണെന്ന്‍ കാണാം. അല്‍പ്പം പക്ഷപാതിത്വത്തോടുകൂടിത്തന്നെ. അഭിമന്യുവിന്റെ മരണവും കൃഷ്ണന്റെ നാടകമായിരുന്നു. ഇരാവനും ഘടോത്ക്കജനും ഒടുവില്‍ പാണ്ഡവരും പാഞ്ചാലിയുമൊഴിച്ചുള്ള സകലമാനപേരുടെ മരണവും. കൃഷ്ണോപദേശമില്ലെങ്കില്‍ ഒരിക്കലും ഭീഷ്മരെ വീഴ്ത്താനാകുമായിരുന്നില്ല,ദ്രൊണരെ വധിക്കാനാവുമായിരുന്നില്ല, കര്‍ണ്ണനേയും കൊല്ലുവാനാകുമായിരുന്നില്ല.ധുര്യോധനനും വീഴില്ലായിരുന്നു. ഒരുവേള ഗാന്ധാരി പറയുന്നതുപോലെ കൃഷ്ണന്‍ വിചാരിച്ചിരുന്നുവെങ്കില്‍ കുരുക്ഷേത്രയുദ്ധം സംഭവിക്കില്ലായിരുന്നു. എന്നാല്‍ വിധിയുടെ അലംഘനീയതപോലെ അല്ലെങ്കില്‍ ധര്‍മ്മത്തിന്റെ സംരക്ഷണാര്‍ത്ഥമെന്നുപറയുന്നതുപോലെ സംഭവിക്കേണ്ടുന്ന ഒന്നു തന്നെയായിരുന്നിരിക്കണം മഹാഭാരതയുദ്ധം. കൃഷ്ണന്‍ അതിനൊരു നിമിത്തമായി നിന്നുവെന്നു മാത്രം..

ശ്രീക്കുട്ടന്‍8 comments:

 1. മഹാഭാരതം മഹായുദ്ധത്തിന്മ്റ്റെയും കഥയാണല്ലേ?

  ReplyDelete
 2. ആശംസകൾ ഞാൻ വീണ്ടും വരാം

  ReplyDelete
 3. വീണ്ടും വരാം ആശംസകള്

  ReplyDelete
 4. ഈ ശ്രമത്തിനു ആദ്യമേ അഭിനന്ദനങ്ങള്‍ ശ്രീകുട്ടാ.. വായിക്കാനും സുഖമുള്ള അവതരണം..

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. അർജ്ജുനപുത്രന്മാരായ ഘടോത്ക്കചനും നകുല-സഹദേവന്മാരും ?? തെറ്റ് സംഭവിച്ചോ ? ഘടോല്‍ക്കചന്‍ ഭീമന്റെ പുത്രനല്ലേ ?
  മാര്‍ഗമല്ല ലക്ഷ്യമായിരുന്നു പ്രധാനം അതിനു വേണ്ടി എല്ലാമെല്ലാം കാറ്റില്‍ പറത്തി.
  മഹാഭാരതം പറയുന്ന പോലെയാണ് ഈ ലോകവും അതില്‍ കാണുന്നത് എവിടെയും കാണാം അതില്‍ കാണാത്തതോ എവിടെയും കാണാനും കഴിയില്ല.

  ReplyDelete
  Replies

  1. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി കാത്തി. മാറ്റിയിട്ടുണ്ട്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

   Delete
 7. കൊള്ളാമല്ലോ. കുറെ കഷടപ്പെട്ടു കാണുമല്ലോ . ആശംസകള്‍ @PRAVAAHINY

  ReplyDelete